ചിത്രീകരണം: ശശി ഭാസ്​കരൻ

പൊയിലോത്ത് ഡെർബി

1. ടോണി

ചുരത്തിന്റെ ഇരുവശത്തും കാറ്റ് അജീർണ്ണം പിടിച്ച പോലെ വീശി കൊണ്ടിരുന്നു.ഉലഞ്ഞു നിവരുന്ന പച്ചോറ്റികളും പാലച്ചില്ലകളും, ഇടക്ക് പ്രത്യക്ഷപ്പെടുന്ന മിന്നൽ വെളിച്ചവും തെയ്യം കെട്ടിയാടുന്ന ചെരിവിലൂടെ വില്ലീസിന്റെ സി.ജെ സെവൻ ജീപ്പ് പതുക്കെ നീങ്ങി.ഇടതു ഭാഗത്ത് കൊല്ലിയിലേക്ക് കുറേശ്ശെയായി കോട ഇറങ്ങി തുടങ്ങിയിട്ടുണ്ട്.ഭാസ്‌കരേട്ടൻ ചെറുതായി ചുമച്ചു കൊണ്ട് കഴുത്തിൽ ചുറ്റിയ മഫ്‌ളർ നേരെയിട്ടു.ഇടക്ക് കാട്ടുപന്നികളെ കണ്ട് സ്റ്റിയറിംഗ് വലത്തോട്ടൊന്നു വെട്ടിച്ചപ്പോൾ വില്ലീസിന്റെ ഹൂറികെയ്ൻ ഡീസൽ എൻജിൻ ഭീകര ശബ്ദത്തിൽ മുരണ്ടു. ടയറിനടിയിൽ നിന്ന് തെറിച്ച ഒരു കരിങ്കൽചീള് ഫ്ർർർ എന്ന ശബ്ദത്തിൽ തൊട്ടപ്പുറത്തെ മരുതിന്റെ തൊലിയിൽ പോറലുണ്ടാക്കി ഇരുട്ടിൽ കാണാതായി.

‘ഇയിറ്റിങ്ങളെ ശല്ല്യം ബല്ലാണ്ട് കൂട്ടിറ്റ്ണ്ട്. ഈടെ പിന്നെ കാടായതോണ്ട് എല്ലാ ജാതി ജന്തുക്കളൂണ്ട്. കാസറോട്ടൊക്കെ എങ്ങനാപ്പാ.. ?'

ചാഴി സുധീഷ്, റീബോക്കിന്റെ ബാക്ക് പാക്ക് നെഞ്ചിലേക്ക് പറ്റിച്ചുവച്ച് എതിരെ സീറ്റിലിരുന്ന ടോണിക്ക് നേരെ ഒരു ചോദ്യമെറിഞ്ഞു. ചാഴിയുടെ മടിയിൽ കോസ്‌മോസിന്റെ ഒരു കിറ്റ് മാത്രമാണുണ്ടായിരുന്നത്.ഓവർകോട്ടിന്റെ കോളറിനിടയിലൂടെ തണുപ്പ് ശരീരത്തിലേക്ക് അധിനിവേശശ്രമം ആരംഭിച്ചിരുന്നു.ചാഴിയുടെ ചോദ്യം ഔപചാരികമായ പരിചയപ്പെടലിന് മുന്നോടിയായുള്ള മുഖവുര മാത്രമായിട്ടാണ് ടോണിക്ക് തോന്നിയത്.കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ മരവിച്ച ഇരുമ്പുബെഞ്ചിൽ കൊതുക് കടി സഹിച്ച് കാത്തിരുന്ന മണിക്കൂറുകളെ സ്മരിച്ചപ്പോൾ ടോണിക്ക് അരിശം പുകഞ്ഞു കയറി.അയാൾ ഒന്നും മിണ്ടാതെ പുറത്തെ കോടമഞ്ഞിലേക്ക് നോക്കിയിരുന്നു.

ഭാസ്‌കരേട്ടൻ ഒന്നു മുരടനക്കി തല ചെറുതായി ചരിച്ച് എന്തോ പറയാനാഞ്ഞു. ‘ഇങ്ങള് മുന്നോട്ട് നോക്കി വണ്ടി ചാലാക്കപ്പാ.. കോട എറങ്ങ്ന്ന് കണ്ടീനാ.. ഞങ്ങളെ കൊല്ലീല് വക്ക്വോ ഇങ്ങള്..'

സുധീഷ് അയാളുടെ സംസാരിക്കാനുള്ള സഹജമായ വാസനയെ തന്റെ ചിലമ്പുന്ന ശബ്ദം കൊണ്ട് അടക്കി നിർത്തി. മറുവശത്ത് മുളങ്കൂട്ടങ്ങളിൽ അറിയാതെ പെട്ടുപോയ ഒരു കാറ്റ് കുറുക്കന്മാർക്കൊപ്പം കുറച്ചുനേരം കൂക്കിവിളിച്ചു. റെയിൽവേ സ്റ്റേഷൻ തൊട്ട് അടിവാരം വരെ ഒന്നും മിണ്ടാതിരുന്ന രണ്ടുപേർ പൊടുന്നനെ സംസാരിച്ചു തുടങ്ങിയതിൽ എന്തോ ഒരു അസ്വഭാവികത ഉള്ളതായി ടോണിക്ക് തോന്നിയിരുന്നു. അത്രയും സമയം അവരുടെ പേശികളെ മുറുക്കത്തിലാക്കുകയും ഇന്ദ്രിയങ്ങളെ ജാഗരൂഗമാക്കുകയും ചെയ്ത അജ്ഞാതമായ ഒരു കാരണം പെട്ടന്ന്, അന്തരീക്ഷത്തിലെ പുകമഞ്ഞിൽ അലിഞ്ഞില്ലാതായ പോലെ ടോണിക്ക് അനുഭവപ്പെട്ടു.അതുവരെയും ആരോ പിന്നാലെ വരുന്നുണ്ടെന്ന തോന്നൽ ആ ജീപ്പിനുണ്ടായിരുന്നു. അമ്മട്ടിലായിരുന്നു അതിന്റെ സഞ്ചാരം. പക്ഷെ ഇപ്പോഴത് ഓഫ് റോഡിലെ വലിയ കുഴികൾക്കും പാറകൾക്കും അർഹിക്കുന്ന ബഹുമാനം കൊടുത്തു കൊണ്ടാണ് നീങ്ങുന്നത്.

‘അല്ലപ്പാ.. അഖിലേന്ത്യ കളിക്കാൻ പോയാല് ഇങ്ങളെ ഫെഡറേഷൻ വെലക്കൂലേ.. ?’
ചാഴി വിടാനുള്ള മട്ടില്ലായിരുന്നു.അവൻ ഒരു ബീഡി കത്തിച്ച്, കെട്ടിൽ നിന്ന് തലപൊക്കി നിന്ന മറ്റൊരെണ്ണം ടോണിയുടെ നേർക്ക് നീട്ടിക്കൊണ്ട് സംസാരം തുടർന്നു.

‘കഴിഞ്ഞൊല്ലം സതീശാട്ടന്റെ കൂടെ ഗോവേല് വന്നപ്പഴാന്ന് ആദ്യായിറ്റ് ഇങ്ങളെ കളി കാണ്ന്നഹ്. അന്ന് സാൽഗോക്കറിന്റെ ഗോള് ക്ലിയറ് ഓഫ്‌സൈഡ് അയ്ര്ന്ന്. ഇങ്ങള് റഫറ്യായിറ്റ് ചൊറയാക്കി പിന്നെ വാശിക്ക് ഹാട്രിക് അടിച്ചപ്പ തന്നെ, സതീശാട്ടൻ അട്ത്ത ടൂർണമെൻറിന് കൊണ്ടോരണംന്ന് ഒറപ്പിച്ചതാന്ന്. എന്ത് ജാതി കളിയാന്നപ്പാ.. അന്ന് ! '

ചാഴിയുടെ മൂക്കിൽ നിന്നും വായിൽ നിന്നും കട്ടിയുള്ള പുകച്ചുരുളുകൾ പന്തുകൾ പോലെ ഉരുണ്ടു പുറത്തേക്ക് വന്നു.കാറ്റ് അതിനെ മുകളിലേക്ക് ഡ്രിബിൾ ചെയ്തു കൊണ്ടു പോയി കോടയിറങ്ങിയ കൊല്ലിയിലേക്ക് നീട്ടിയടിച്ചു.

ഹെഡ്ക്വാട്ടേഴ്‌സിലേക്ക് വിളിപ്പിച്ചപ്പോൾ സ്‌പോർട്‌സ് ക്വാട്ടയിൽ കയറിവരോട് ഏമാൻമാർക്കുള്ള പതിവ് ചൊരുക്ക് തീർക്കാനാകുമെന്നാണ് കരുതിയത്. ചർച്ചിലിൽ നിന്ന് മതിയാക്കി പോരുമ്പോൾ പണ്ട് കേരളാപോലീസിനു കളിച്ചിരുന്ന ബാബുരാജ് അങ്ങനെ ചില മാമൂലുകളുള്ള കാര്യം വിശദമായി പറഞ്ഞു തന്നിരുന്നു. പക്ഷെ കാര്യങ്ങൾ വിചാരിച്ചതിൽ നിന്ന്​ തീർത്തും വിഭിന്നമായിട്ടാണ് സംഭവിച്ചത്. ബൂട്ടുകൾ മുപ്പത് ഡിഗ്രി കോണളവിൽ അകത്തി നിർത്തി അറ്റൻഷനിൽ നിന്ന് സല്യൂട്ട് കൊടുത്തപ്പോൾ സൂപ്രണ്ട് അത് ഗൗനിക്കാതെ, മേശവലിപ്പ് തുറന്ന് ഒരു വലിയ ബ്രൗൺകവർ പുറത്തേക്കെടുത്തിട്ടു.

‘ഹോം മിനിസ്റ്ററുടെ ഓഫീസിൽ നിന്നുള്ള കത്താണ്. അസോസിയേഷൻകാരുടെ വക വേറെ വന്നിട്ടുണ്ട്. താൻ തടിക്ക് തട്ടുകേടില്ലാതെ ഒരു അരമണിക്കൂർ കളിച്ചു കൊടുത്തിട്ട് ഇങ്ങോട്ട് പോര്. സംഭവം ഒരു ലോക്കൽ റൈവൽറീടെ ഹിസ്റ്ററി ഒക്കെയുണ്ട്. അതാണ് പാർട്ടിക്കും ഡിപാർട്‌മെൻറിനും ഒക്കെ ഒരു സ്‌പെഷ്യൽ ഇൻററസ്​റ്റ്​. സംഗതി തട്ടിയാൽ പിന്നെ, തനിക്ക് വല്ല സ്‌പെഷ്യൽ ബ്രാഞ്ചിലോ, അട്ടപ്പാടിയിലോ പോയി കിടക്കേണ്ടി വരും.സന്തോഷ് ട്രോഫി ഒക്കെ ഷോക്കേസിൽ ആയ സ്ഥിതിക്ക് ഇനി തന്നോടവർക്ക് സോഫ്റ്റ് കോർണർ കാണിക്കേണ്ട കാര്യവുമില്ലല്ലോ.'

വായിച്ചു തീരും വരെ സൂപ്രണ്ട് പറഞ്ഞുകൊണ്ടിരുന്നു. ടോണി മിണ്ടുന്നില്ലെന്ന് കണ്ടപ്പോൾ അയാളും കുറച്ചു നേരം മൗനിയായി. പിന്നെ തലയുയർത്തി അലസമായി പറഞ്ഞു, ‘എനിവേ.. മറ്റന്നാൾ അവർ കോൺടാക്റ്റ് ചെയ്യുന്നതിനനുസരിച്ച് പോകാൻ റെഡി ആയിരുന്നോ.ആ... പിന്നെ ഒരു നാലുദിവസത്തെ ലീവിന് എഴുതി കൊടുത്തേക്ക്.'

അന്വേഷിച്ചപ്പോൾ വയനാട് ജില്ലയോട് ചേർന്ന് കിടക്കുന്ന ഒരുൾഗ്രാമത്തിൽ, പണ്ടെന്നോ പരേതനായൊരു ജന്മിയുടെ സ്മരണാർത്ഥം സംഘടിപ്പിച്ചു വരുന്ന ടൂർണമെന്റാണെന്ന് വിവരം കിട്ടി. രാത്രി ഒമ്പത് മണിക്ക് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ എത്തി കാത്തിരിക്കാനുള്ള നിർദേശം ക്യാമ്പിലേക്ക് പരുക്കൻ ശബ്ദത്തിലുള്ള ഒരു എസ്.ടി.ഡി കോളിന്റെ രൂപത്തിലാണ് വന്നു കയറിയത്. സിവിൽ ഡ്രസ്സിൽ പുറപ്പെട്ട് ഇറങ്ങിയപ്പോൾ ഗെയ്റ്റിനടുത്ത് കാത്ത് നിന്ന സി.പി.ഒ നാരായണേട്ടൻ ചെവിയിൽ അടക്കം പറഞ്ഞു, ‘ടിഫിൻ ബോക്‌സിനകത്ത് സ്‌പെഷ്യല് വച്ചിട്ട്ണ്ട്!'

റെയിൽവേ സ്റ്റേഷനിൽ നാഗർകോവിലിന് പോകാനുള്ള ആളുകളുടെ തിരക്ക് ഒഴിഞ്ഞതോടെ അവിടവിടെയായി നാലഞ്ച് കൂലി പോർട്ടർമാർ മാത്രമായി. കൂട്ടികൊണ്ടുപോകാൻ വരുന്നവരുടെ പേരോ രൂപമോ വ്യക്തമല്ല. ഒരു സീക്രട്ട് ഓപ്പറേഷനിലെന്ന പോലെ ദുരൂഹമായ കൽപ്പനകളും നിർദേശങ്ങളും കൃത്യമായ ഇടവേളകളിൽ പിന്തുടർന്ന് വന്നുകൊണ്ടിരുന്നു. ആരും ഒന്നും വിട്ടുപറയുന്നില്ല. എന്നാലും കളിക്കാനുള്ള പോക്കാണല്ലോ എന്നോർത്ത് സമാധാനിച്ചു. മിനറൽ വാട്ടർ ബോട്ടിൽ പകുതി കാലിയായിരിക്കുന്നു. വാച്ചിൽ നോക്കി. സമയം പത്ത് നാൽപ്പത്. വിശപ്പ് വയറിനകത്ത് ഒരു വാംഅപ്പ് മാച്ച് കളിക്കാൻ പോകുന്ന ലാഘവത്തിൽ ഉരുണ്ടു കയറാൻ തുടങ്ങി. ടിഫിൻ ബോക്‌സ് തുറന്നപ്പോൾ വിശേഷിച്ചൊന്നുമില്ല. ചപ്പാത്തി അട്ടിയട്ടിയാക്കി വച്ചിരിക്കുന്നു. അരികിലുള്ള ചെറിയ പാത്രം പ്രയാസപ്പെട്ട് തുറന്നു നോക്കി. വെജിറ്റബിൾ കുറുമ. പക്ഷെ, ചപ്പാത്തി വലിയ കഷ്ണങ്ങളായി മുറിച്ചിടുന്നതിനിടയിലാണ് കൈയ്യിലുടക്കിയത്!ഞെട്ടി കൈ പിൻവലിച്ച് ആരും കണ്ടില്ലല്ലോ എന്ന് ചുറ്റുപാടും നോക്കി ഉറപ്പുവരുത്തി. ഡിപാർട്‌മെന്റിൽ അതിന് കരിന്തേളെന്നാണ് വിളിപ്പേര്. സർവ്വീസ് റിവോൾവറല്ല ! ലിവർ നീക്കി നോക്കി.ഫുള്ള്‌ലി ലോഡഡാണ്.അസ്വസ്ഥത പിരടിയിൽ ചുറ്റിപിടിക്കാൻ തുടങ്ങി.നാരയണേട്ടന്റെ സ്‌പെഷ്യൽ !

രാത്രി ഒരു മണിക്കാണ് ഭാസ്‌കരൻ എന്നു പേരുള്ള ഡ്രൈവറും ബോളിഷെവിക് പൊയിലോത്തിന്റെ ഭാരവാഹി എന്ന് സ്വയം പരിചയപ്പെടുത്തിയ ചാഴി സുധീഷും പ്രത്യക്ഷപ്പെട്ടത്. രണ്ടുപേരും അടുത്തു വന്ന് പരുക്കൻമട്ടിൽ സംസാരിച്ചു തുടങ്ങി. ജീപ്പിൽ കയറുന്നതു വരെയേ ആ സംഭാഷണം നീണ്ടു നിന്നുള്ളു. ഭാസ്‌കരേട്ടൻ അയാളുടെ ഓരോ ചലനത്തിനൊപ്പവും ചുറ്റിലും നിരീക്ഷിക്കുന്നുണ്ട്. അയാളുടെ നിൽപ്പിനും നടപ്പിനും കൃത്യമായ താളമുള്ളതു പോലെ തോന്നി. സ്ഥിരമായി ക്ലീൻഷേവ് ചെയ്യുന്ന ലക്ഷണം അയാളുടെ താടിയിൽ തെളിഞ്ഞു കിടന്നു. ജീപ്പ് ഓടി തുടങ്ങിയപ്പോൾ ലക്ഷ്യസ്ഥാനത്തെ കുറിച്ചുള്ള തന്റെ പരിമിതമായ അറിവിലേക്ക് രണ്ടു കാര്യങ്ങൾ കൂട്ടിചേർക്കപ്പെട്ടിരുന്നു. പോകുന്ന സ്ഥലം പൊയ്‌ലോത്ത്. കളിക്കാൻ പോകുന്ന ക്ലബിന്റെ പേര് ബോൾഷെവിക് പോയിലോത്ത്.

അതുവരെയുള്ള നിശബ്ദതയുടെ കഴുത്ത് നിഷ്‌കരുണം അറുത്തിട്ട് ഡ്രൈവർ ഭാസ്‌കരേട്ടൻ സംസാരിക്കാൻ തുടങ്ങി​; ‘കേട്ടോ സാറേ.. സാറിനിപ്പൊ ഞങ്ങളോട് ലേശം മുഷിച്ചിലുണ്ടാവും. അത് ഞങ്ങൾക്കറിയാഞ്ഞിട്ടല്ല. പക്ഷെ ഇതിപ്പ സാറിന്റെ ഒരു രക്ഷയെ കരുതിയിട്ടാണെന്ന് കൂട്ടിയാൽ മതി. ഈ സമയത്തല്ലാതെ ഇങ്ങനൊരു ആവശ്യത്തിന്, ഇങ്ങനെ ഒരാളേം കൊണ്ട് പൊയിലോത്ത് എത്തണമെങ്കിൽ അത് ഈ സമയത്തല്ലാതെ നടക്കില്ല.അവന്മാരുടെ അഞ്ചാറ് പോക്കറ്റുകൾ കടക്കാതെ നമ്മുക്കവിടെ എത്താൻ പാടാ സാറേ..! '

‘ഇങ്ങള് ബെറ്‌തേ മൂപ്പരേ ബേജാറാക്കര്.. ഭാസ്‌ക്കരേട്ടാ..'

ചാഴി ഇടക്ക് കയറി.
‘നീയൊന്ന് മീണ്ടാണ്ടിരിക്ക് സുധീഷേ.. ഒന്നില്ലേലും മൂപ്പരൊരു ഇൻസ്‌പെക്റ്ററല്ലേ.. കാര്യങ്ങളുടെ കിടപ്പുവശം അറിഞ്ഞിരിക്കണ്ടത് ഒരാവശ്യാന്ന്.'

ഭാസ്‌കരേട്ടൻ ചാഴിയെ തിരുത്തി, ‘പൊറത്ത്ന്ന് കളിക്കാരെ എറക്കാൻ എളമ്പിലാക്കലുകാര് സമ്മതിക്കൂല.. അങ്ങനെ ഇറങ്ങിയ കളിക്കാരൊന്നും പിന്നെ പന്ത് കളിച്ചിട്ടില്ല..!'

‘ഉപ്പൂറ്റിക്കും സന്ധിബന്ധങ്ങൾക്കും അല്ലേ വെട്ട്.. കെടക്കേന്ന് എണീറ്റിട്ട് ബേണ്ടേ കളിക്കാൻ..'

അതുവരെയുള്ള എല്ലാ ധാരണകളെയും അസ്ഥാനത്താക്കി കൊണ്ട് മനസ്സ് മറ്റുചില ചിത്രങ്ങൾ വരച്ചു തുടങ്ങി. ഒരാപത്തിന്റെ ചുവയുള്ള കാറ്റ് ചെന്നിയിൽ തട്ടി പിറുപിറുത്തു. ടോണിക്ക് അവരോട് കൂടുതലായി എന്തെങ്കിലും ഒക്കെ ചോദിക്കണമെന്നുണ്ടായിരുന്നു. അയാൾ പക്ഷെ പോക്കറ്റിൽ കൈയ്യിട്ട് റിവോൾവറിന്റെ സേഫ്റ്റി ലിവർ നീക്കിയിടുക മാത്രം ചെയ്തു.

‘സാറ് പേടിക്കാതിരി ഈ വളവ് തിരിഞ്ഞ് കേറിയാൽ പിന്നെ കഷ്ടിച്ച് ഒരു ഫർലോങ് പോയാൽ പൊയിലോത്ത് ടൗണായി'.

‘ടൗണെന്ന് പറയാൻ മാത്രൊന്നും ഇല്ലപ്പാ. നാലും മൂന്നും ഏഴ് പീട്യണ്ട്.നേരെ പോയാൽ വയനാട് പിടിക്കാം’, ചാഴി പറഞ്ഞു.

വളവ് തുടങ്ങുന്നിടത്ത്, ഒരു സ്ട്രീറ്റ് ലൈറ്റ് ദയനീയമാം വിധം, അരണ്ട മഞ്ഞ പ്രകാശം പൊഴിച്ചു നിൽപ്പുണ്ടായിരുന്നു. ജീപ്പ് സാവധാനം അതിനോടുത്ത് തുടങ്ങി. നിശബ്ദത ആ അനിശ്ചിതത്വത്തിന്റെ രക്തം പോലെ മലഞ്ചെരിവിനെ കവച്ചൊഴുകി. പെട്ടന്ന് ജീപ്പ് സഡൺ ബ്രേക്കിട്ടു. ഭാസ്‌കരേട്ടൻ ചാഴിയെ തിരിഞ്ഞു നോക്കി.
‘പുറത്തെറങ്ങരേ.. ', നിർദേശം തന്ന് അരയിൽ കൈവച്ച് അവൻ ഇരുട്ടിലേക്ക് ചാടിയിറങ്ങി. ഛ്‌ലീം എന്ന ശബ്ദത്തിൽ സ്ട്രീറ്റ് ലൈറ്റ് തകർന്ന് മഞ്ഞ വെളിച്ചം മാഞ്ഞുപോയി. ജീപ്പിന്റെ ഹെഡ്‌ലൈറ്റ് വെട്ടത്തിൽ അരക്കെട്ടിലെ ഉറുമി വലിച്ചെടുക്കുന്ന ചാഴിയെ കണ്ടു. ടോണി പോക്കറ്റിലെ റിവോൾവറിൽ പിടിമുറുക്കി ജീപ്പിൽ നിന്ന് പുറത്തേക്ക് ചാടി. ഇരുട്ടിൽ, പച്ചമാംസത്തിൽ ഇരുമ്പു കോറുന്ന ശബ്ദം.അലർച്ച. കൊലവിളികൾ..! കണങ്കാലിനു താഴെക്കൂടെ പൊള്ളുന്ന മട്ടിൽ എന്തോ പാഞ്ഞു പോയി. വേദനയിൽ റിവോൾവറിന്റെ കാഞ്ചിയിൽ വിരൽ അമർന്നു കൊണ്ടിരുന്നു. അലറിവിളിക്കുന്ന കാറ്റ് വെടിയൊച്ചകളെ വികൃതമാക്കി കൊണ്ട് അടിവാരത്തേക്ക് പറന്നു.

2. പൊയിലോത്ത് ദേശം

‘‘മനുഷ്യരെ കുറിച്ചുള്ള വേദനയിൽ നിന്നാണ് വിപ്ലവങ്ങൾ പിറവി കൊള്ളുന്നത്.''

നാണുചേകോന്റെ മസാലപീടികയുടെ മുകളിൽ, ഗുണ്ടർട്ട് അച്ചുകൂടത്തിന്റെ സൈഡിലൂടെ ചുറ്റിവളഞ്ഞ് കയറി പോകുന്ന മരഗോവണി അവസാനിച്ചിരുന്നത് മുകൾനിലയിലെ ഓടുമേഞ്ഞ പീടിക മാളിക മുറിയിലായിരുന്നു. അതായിരുന്നു പാർട്ടിയുടെയും പിൽക്കാലത്ത് ബോൾഷെവിക്കുകളുടെയും മട. കലാപ കാലത്ത് അവിടം കമ്യൂണിസ്റ്റ് പച്ചകൾ അടക്കി ഭരിച്ച പുറംമ്പോക്ക് ഭൂമിയായിരുന്നു. പ്രതിവിപ്ലവം സൃഷ്ടിക്കുന്ന പാണലുകളെ പ്രതിരോധിച്ച്, പേരറിയാത്ത സായിപ്പന്മാരുടെ കബന്ധങ്ങൾക്ക് മേലെ വേരുകൾ പടർത്തി കമ്യൂണിസ്റ്റ് പച്ചകൾ വളർന്നു പൊന്തകളായി. എന്നാൽ ചെങ്കല്ലിൽ പടുത്തൊരു പീടിക മാളിക ഏതെങ്കിലും കാലത്ത് തങ്ങളെ ഉന്മൂലനം ചെയ്യുമെന്ന് അവ ഒരിക്കലും കരുതിയിരുന്നില്ല.

അപ്പു മാസ്റ്റർ പീടികമാളിക മുറിയുടെ മട്ടുപ്പാവിൽ നിന്ന് ഇടവഴിയിലേക്ക് കണ്ണുതിരുമ്മി നോക്കി. പുലർച്ച നേരത്ത് സ്ഥിരമായി ഇടവഴി കേറി പോകുന്ന ഒരു കുറുക്കൻ മാസ്റ്ററെ കണ്ട് വാലാട്ടി അഭിവാദ്യം ചെയ്തു. പുകമഞ്ഞിൽ പെട്ട് അവ്യക്തമായ വായിൽ അതെന്തോ കടിച്ചു പിടിച്ചിരുന്നു. മാസ്റ്റർ ചിരട്ടയിൽ നിന്ന് ഒരു നുള്ള് ഉമ്മിക്കരി തോണ്ടിയെടുത്ത് ഗോവണിയിറങ്ങി. താഴെ ഗുണ്ടർട്ട് പ്രസ്സിന്റെ അച്ചുകൾ തിരക്കിട്ട് നിരത്തുന്ന ശബ്ദം.
മാസ്റ്റർ പടിഞ്ഞാറേക്ക് അലസമായി നോക്കി.
ദൂരെ തണ്ടാസ് കണ്ടത്തിൽ വിരേചനം കഴിഞ്ഞെഴുന്നേൽക്കുന്ന പലതരം ചന്തികൾ അയാളുടെ കണ്ണുകളിൽ തെല്ലുനേരം ഉടക്കി നിന്നു.
ചന്തികൾ നോക്കി മനുഷ്യരെ തിരിച്ചറിയുന്ന വിദ്യ അയാൾക്കിപ്പോൾ അറിയാം. കറുപ്പിൽ വെളുത്ത പാണ്ടുള്ളത് ചെല്ലനാണ്.
പീഞ്ഞപലക അടിച്ച പോലെ പതിഞ്ഞ ചന്തികളുടെ ഉടമ പെരിക്കാലൻ കീരനായിരുന്നു.
ചുണങ്ങു പൊറ്റകളുള്ള മഞ്ഞിച്ച പൃഷ്ഠം നായിടിയുടേത്.
സമൃദ്ധവും മാംസളവുമായ ചന്തികൾ അവിടെ വിരളമായിരുന്നു.
​അടിയാള ജനതയുടെ ദാരിദ്ര്യത്തിന്റെ അടയാളങ്ങളായി അവ എക്കാലവും ശോഷിച്ചു നിന്നു.

അപ്പു മാസ്റ്റർ ചുവന്ന തോർത്തു ചുറ്റി തോട്ടിലേക്ക് നടന്നു.
പൊയ്‌ലോത്ത് ദേശത്തെ രണ്ടായി പകുത്തൊഴുകുന്ന തോടിന്റെ കരയിലെ കൈതപൊന്തകളുടെ മറവിൽ നിന്നാണ് പെണ്ണുങ്ങൾ തിരുവാതിര കുളിച്ചത്. അടിയാളർ കലപ്പയും കൈക്കോട്ടും കഴുകിയത്. മാസ്റ്റർ തണുത്ത വെള്ളത്തിന്റെ ലഹരിയിൽ മതിവരുവോളം ആണ്ടു കിടന്നു. ചകിരിതുപ്പു കൊണ്ട് പുറം ഉരച്ച് തേക്കുമ്പോൾ ചെത്തുതൊഴിലാളി യൂണിയന്റെ കൺവെൻഷൻ സംഘടിപ്പിക്കുന്നതിനെ കുറിച്ച് അയാളോർത്തു. ചെത്തു തൊഴിലാളികളേയും കർഷകത്തൊഴിലാളികളേയും ചേർത്ത് ഒരു സംയുക്ത കൺവെൻഷനും അതിനോടനുബന്ധിച്ച് ഒരു പൊതുയോഗവുമാണ് പാർട്ടി തീരുമാനിച്ചിരിക്കുന്നത്. അതത്ര എളുപ്പമല്ലെന്ന് അയാൾക്കുറപ്പായിരുന്നു.

പൊയിലോത്ത് പാർട്ടി വേരുപിടിക്കും മുമ്പ് ആണായും പെണ്ണായും ദേശത്ത് ആകെയുള്ള കേഡറാണ് അപ്പുമാസ്റ്റർ. അടിവാരത്തുള്ള എയ്ഡഡ് സ്‌ക്കൂളിലാണ് അയാൾക്ക് ഉദ്യോഗമെങ്കിലും പാർട്ടി പൊറുതി ശരിയാക്കി കൊടുത്തത് പൊയിലോത്തെ പീടികമാളികമുറിയിലാണ്. അനുഭാവി ആയ ഒരു ചേട്ടന്റെ വകയായിരുന്നു ആ പീടിക എടുപ്പുകൾ. അയാൾ എസ്റ്റേറ്റ് വിറ്റ് കുടകിലേക്ക് താവളം മാറിയപ്പോൾ പീടികമുറികൾ പാർട്ടിയുടെ പേരിൽ തീറു കൊടുത്തു. എളമ്പിലാക്കലെ ജന്മിമാരുടെ പറമ്പുകൾ കവച്ചു വച്ചല്ലാതെ അരക്കാതം പിന്നിടാനാവാത്ത പൊയിലോത്ത് ദേശത്ത് പാർട്ടിക്ക് മേൽവിലാസം ഉണ്ടാകുന്നത് അങ്ങനെയാണ്. ‘കമ്മ്യൂണിസ്റ്റ് വൃണം' എന്നാണ് ആ സംഭവത്തെ പ്രതി അന്നത്തെ കാരണവർ പൂമുഖത്തേക്ക് നീട്ടി തുപ്പി കൊണ്ട് പ്രസ്താവിച്ചത്.

അപ്പു മാസ്റ്റർ കഷണ്ടിത്തലയിൽ ചൊറിഞ്ഞു കൊണ്ട് മുളയിലകൾ വീണു നിറഞ്ഞ ഇടവഴിയിലൂടെ നടന്നു. തലയ്ക്കു മുകളിൽ തൂങ്ങി നിന്നിരുന്ന തൂക്കണാംകുരുവി കൂടുകളിൽ നിന്നെല്ലാം കൺവെൻഷൻ കൺവെൻഷൻ എന്നാരോ ചിലച്ചു. ഇടത്തോട്ടു ചാടിയ ഒരു ചോരക്കണ്ണൻ ചെമ്പോത്ത് കൺവെൻഷൻ എന്ന് ഉഗ്രശബ്ദത്തിൽ മൂളി. ചീവീടുകളും അതേ ശബ്ദത്തിൽ അലമുറയിട്ടു. അപ്പുമാസ്റ്റർ ഇടവഴിയിൽ നിന്ന് ഗാഢമായി ചിന്തിച്ചു. സഖാവ് ഗോപാലനെയാണ് പൊതുയോഗത്തിൽ പ്രസംഗിക്കാൻ ജില്ലാകമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്. പക്ഷെ സ്റ്റേജ് കെട്ടാനും ആളുകൾക്ക് കൂടിയിരിക്കാനും പാകത്തിലുള്ള ഒരു തൊടി വേണം. പൊയിലോത്തുകാരെ മുഴുവൻ ഉൾക്കൊള്ളാൻ മാത്രം വിശാലമായ ഒന്ന്.കണ്ടങ്ങളെല്ലാം പൂട്ടിയിട്ടിരിക്കുന്നതിനാൽ അങ്ങോട്ടു നോക്കേണ്ട കാര്യമില്ല. ഒരു തൊടി വേണം.പൊയ്‌ലോത്തെ സകലജനങ്ങൾക്കും വന്നു കൂടിയിരിക്കാൻ പാകത്തിലുള്ള ഒന്ന്. അപ്പു മാസ്റ്റർ വേവലാതിപ്പെട്ടു. ആരോടും ചോദിക്കാനില്ല. ചോദിച്ചിട്ടൊട്ട് കാര്യവുമില്ല! ചെത്തു തൊഴിലാളികളായ കുറച്ച് യുവാക്കൾ രാത്രിയിൽ അയാൾ രഹസ്യമായി സംഘടിപ്പിക്കുന്ന സ്റ്റഡിക്ലാസുകൾ സ്ഥിരമായി അറ്റന്റ് ചെയ്തിരുന്നെങ്കിലും പകൽവെളിച്ചത്തിൽ അവർ അയാളോട് വ്യക്തമായ, അകലം പാലിച്ചു പോന്നിരുന്നു. ആളുകളുടെ, പ്രത്യേകിച്ച് എളമ്പിലാക്കൽ വക വയലുകളിലെ ചെറുമരുടെയും പുലയരുടെയും ഭയം മാറ്റിയെടുക്കാൻ ഒരു പൊതുയോഗം ആവശ്യമായിരുന്നു. പക്ഷെ അതിന്റെ നടത്തിപ്പിന് ഇപ്പോൾ വിശാലമായ ഒരു തൊടി അനിവാര്യമായിരിക്കുന്നു.

ഞായറാഴ്ച വൈകുന്നേരം പതിവുള്ള ഉച്ചമയക്കത്തിൽ നിന്ന് ഞെട്ടിയുണർന്ന അപ്പു മാസ്റ്റർ ധൃതിയിൽ ഷർട്ടെടുത്തിട്ടു. കക്ഷത്തും നെഞ്ചിലും കുട്ടിക്കൂറ വിതറി, കണ്ണട വച്ച് അയാൾ കോണിക്കൂടിൽ നിന്ന് പൊയിലോത്തെ വയലുകളെ കണ്ണുകൾ കൊണ്ട് ഒരുതവണ ഉഴിഞ്ഞിട്ടു. പിന്നെ ധൃതിയിൽ ഗോവണി ചാടിയിറങ്ങി നടന്നു. എളമ്പിലാക്കലെ മാധവൻ നായർ അപ്പോൾ കളത്തിലെ മെതി കണ്ടു നിൽക്കുകയായിരുന്നു. അസ്തമയ സൂര്യന്റെ പഴുത്ത ചാറ് പുരണ്ട ആകാശം കറ്റമെതിക്കുന്ന പെണ്ണുങ്ങളുടെ കണ്ണുകളിൽ പ്രതിഫലിച്ചു. അപ്പു മാസ്റ്റർ ജന്മിയുടെ പിന്നിൽ ചെന്നുനിന്ന് ചെറുതായി മുരടനക്കി. അയാൾ അലക്ഷ്യമായി ഒന്നു തിരിഞ്ഞു നോക്കിയെങ്കിലും കണ്ണുകൾ വീണ്ടും മെതിക്കുന്ന പെണ്ണുങ്ങളുടെ ബ്ലൗസുകൾക്കുള്ളിലേക്ക് തിരിച്ചുപോയി.കുറച്ചു നിമിഷങ്ങൾ അങ്ങനെ തന്നെ കടന്നു പോയി കാണണം.

‘സഖാവ് ഗോപാലൻ വരുന്നുണ്ട്, സ്റ്റേജ് കെട്ടാൻ ഒരു തൊടി വേണം ?'

അപ്പുമാസ്റ്റർ മുഖവുരയില്ലാതെ കാര്യം പറഞ്ഞു. വീണ്ടും നീണ്ട നിശബ്ദത. നായർ ഒന്നു മൂളിയതു പോലെ തോന്നി. അയാളുടെ ചെവിക്കുടയിലെ നരച്ച പഞ്ഞിരോമങ്ങൾ കാറ്റത്തിളകി. മാധവൻ നായർ തിരിഞ്ഞു നിന്ന് കോട്ടിലെ മുറുക്കാൻ ചണ്ടി വടിച്ചു കളഞ്ഞ് പടിഞ്ഞാറ് ഈച്ചയാർത്തു കിടക്കുന്ന തണ്ടാസ് കണ്ടത്തിലേക്ക് വിരൽചൂണ്ടി, ‘ആടെ കെട്ടിക്കോ..'

തിരിഞ്ഞു നടക്കുമ്പോൾ റാൻമൂളികളുടെ പരിഹാസം കലർന്ന പൊട്ടിച്ചിരികൾ മാസ്റ്ററെ പിന്തുടർന്നു. ▮

(തുടരും)


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.

Comments