അർജുൻ അരവിന്ദ്

പോപ്പിലാസ്യം

തോമസ്

ഗരത്തിൽ തിരക്ക് കുറവായിരുന്നു.
ദിവസങ്ങളായി മഴ നിന്ന് പെയ്യുകയായിരുന്നതിനാൽ ആളുകൾ പുറത്തിറങ്ങാൻ മടിച്ചതായിരിക്കണം.

ഒഴിഞ്ഞു കിടക്കുന്ന തെരുവുകളും, നനഞ്ഞ റോഡുകളും, വഴിവിളക്കുകളുമുള്ള ഒരു ഛായാചിത്രത്തിനുള്ളിൽ അകപ്പെട്ടതുപോലെയാണ് തോമസിന് തോന്നിയത്. ആകെയൊരു മഞ്ഞ നിറം.

വർഷകാലങ്ങളിൽ കറുപ്പിന് ലഹരിയേറും. പുറത്ത് മഴയുടെ ശബ്ദം കേട്ടുകൊണ്ട് മെറ്റിൽഡയുടെ പൈപ്പ് വലിക്കുന്നതോർത്തപ്പോൾ തോമസിന്റെ സർവ്വകോശങ്ങളും ഒരുവേള ആനന്ദത്താൽ പിടഞ്ഞു.

മെറ്റിൽഡയുടെ മരുന്നുശാലയിലേക്കെത്തണമെങ്കിൽ കനാൽ മുറിച്ച് കടക്കണം. പാലത്തിന്റെ കൈവരിയിൽ വീണുകിടന്നിരുന്ന മഴത്തുള്ളികളെ തുടച്ചുകൊണ്ട് കാറ്റ് വീശിയതിന് പിന്നാലേ മഴ വീണ്ടും തുടർന്നു. കുട നിവർത്തി തോമസ് നടന്നു.

ലോകാവസാനത്തോളം മഴ നിന്ന് പെയ്താലും അത് മെറ്റിൽഡയെ ബാധിക്കാൻ പോന്നതായിരിക്കില്ലെന്നാണ് നടന്നുകൊണ്ടിരുന്നപ്പോൾ തോമസ് ചിന്തിച്ചത്. ആലോചിക്കാൻ രസമുള്ള കാര്യമാണ്. മഹാപ്രളയത്തിൽ ആടിയുലയുന്ന പേടകത്തിൽ അവശേഷിക്കുന്ന തന്റെ ഏതാനും പോപ്പിച്ചെടികളെയും മുറുകെപ്പിടിച്ചുകൊണ്ട് ഒരു മാലാഖയെ പോലെ മെറ്റിൽഡ. പ്രളയാനന്തരം പോപ്പിച്ചെടികൾ മാത്രം വളർന്ന് നിൽക്കുന്ന താഴ് വാരങ്ങൾ. അതിനെല്ലാം സൂക്ഷിപ്പുകാരിയായി വീണ്ടും മെറ്റിൽഡ.
മെറ്റിൽഡ ഒരു ദൈവമാണ്.

കറുത്ത കുടശ്ശീലക്ക് മീതെ മഴയുടെ താളം മുറുകിയപ്പോൾ ഇന്ന് മെറ്റിൽഡ പാടിയിരുന്നെങ്കിൽ എന്ന് തോമസ് ആഗ്രഹിച്ചു.

മെറ്റിൽഡയുടെ പാട്ടുകൾ തോമസിനിഷ്ടമാണ്. ഒരായിരം രാത്രികൾ ഉറങ്ങാതെ കറുപ്പിന്റെ ലഹരിയിൽ അത് കേട്ടിരിക്കാനും കഴിയും. വയലറ്റ് നിറങ്ങളിൽ പൂക്കൾ വിരിഞ്ഞു നിൽക്കുന്ന കുട്ടിക്കാലത്തെ കുറിച്ചാണ് അവർ പലപ്പോഴും പാടുക. ചിലപ്പോൾ കുന്നിൻപുറങ്ങളിൽ തുമ്പികളെ പിടിക്കാൻ പോയതിനെപ്പറ്റി. അതുമല്ലെങ്കിൽ ചിപ്പികൾ പെറുക്കാൻ കൂട്ടുകാരുമൊത്ത് കടൽത്തീരത്തേക്കോടിയതിനെ കുറിച്ച്. അങ്ങനെ ചില ഓർമ്മകൾ.

പാട്ടുകളുടെ അവസാനം, കറുപ്പിന്റെ പുകമറക്കപ്പുറം മെറ്റിൽഡയുടെ കുട്ടിക്കാലം ചുരുൾ നിവരുന്നത് കണ്ടുകൊണ്ട് ഓരോ തവണയും തോമസ് അബോധത്തിലേക്ക് വഴുതും. വീണ്ടും ഉണരുമ്പോൾ മെറ്റിൽഡ അടുത്ത കസ്റ്റമറുടെ പൈപ്പ് ഒരുക്കുകയായിരിക്കും. കുട്ടിയിൽ നിന്നും വളർന്ന് അവർ വീണ്ടുമൊരു മധ്യവയസ്കയായി മാറിയിരിക്കും. യാത്ര പറയാതെ തോമസ് ഇറങ്ങും.

കാറ്റിനൊപ്പം മഴ ചരിഞ്ഞുപെയ്ത് തന്റെ നീളൻ കുപ്പായത്തെ നനക്കാൻ തുടങ്ങിയപ്പോൾ തോമസ് അടുത്തുള്ള കടവരാന്തയിലേക്ക് കയറിനിന്നു. കനാലിൽ വെള്ളമുയർന്നിട്ടുണ്ട്. മഴ തുടരുകയാണെങ്കിൽ വൈകാതെ അത് പുറത്തേക്ക് കവിയും. കനാൽ പുറത്തേക്കൊഴുകിയാൽ മെറ്റിൽഡയുടെ അടുത്തെത്താൻ തനിക്ക് പുതിയ വഴി കണ്ടെത്തേണ്ടി വരും. മഴ നിൽക്കാനായി തോമസ് കുരിശുവരച്ചു.

ദുർഘടമായ ഈ രാത്രി മെറ്റിൽഡയുടെ മരുന്നുശാലയിൽ ആരും കാണില്ലെന്ന് തോമസ് ആഗ്രഹിച്ചു. അങ്ങനെയാണെങ്കിൽ കുറച്ചധികം നേരം തനിക്കവരോട് മാത്രമായി സംസാരിച്ചിരിക്കാം. കൂടുതൽ നേരം മെറ്റിൽഡയുടെ പാട്ടുകൾ കേൾക്കാം.

ഒരിക്കൽ കുട്ടിക്കാലം എന്നു പേരിട്ട തന്റെ പുതിയ പെയ്ൻറിങ് തോമസ് മെറ്റിൽഡക്ക് സമ്മാനിച്ചിരുന്നു. തുമ്പികളും, വയലറ്റ് നിറമുള്ള പൂക്കളും, കടൽച്ചിപ്പികളുമുള്ള ആ ചിത്രത്തെ അവർ കൗതുകത്തോടെ ചേർത്തുപിടിച്ചു. ഈ കുട്ടിക്കാലം നീ എന്റെ കയ്യിൽ നിന്നും മോഷ്ടിച്ചതല്ലേ എന്ന് മെറ്റിൽഡ തോമസിനോട് ചോദിച്ചു. ആണെന്നോ അല്ലെന്നോ തോമസ് മറുപടി പറഞ്ഞില്ല. മുൻവാതിൽ കടന്നുവരുന്നവർക്കെല്ലാം കാണാവുന്ന വിധം അവരത് ചുമരിൽ ആണിയടിച്ചുറപ്പിക്കാൻ തുടങ്ങിയപ്പോൾ തോമസിന് മെറ്റിൽഡയെ പിറകിൽ നിന്ന് കെട്ടിപ്പിടിക്കാനും, നിങ്ങളെ എനിക്കെന്തിഷ്ട്മാണെന്ന് ഉച്ചത്തിൽ വിളിച്ച് പറയാനും തോന്നിയിരുന്നു.


എന്നാൽ അൻപത് കഴിഞ്ഞ മെറ്റിൽഡ ഇരുപത്തേഴിൽ എത്തിനിൽക്കുന്ന തോമസിനെ ഒരു കുട്ടിയായി മാത്രമേ കണ്ടുള്ളൂ.

“എന്റെ മകനും ചിത്രങ്ങൾ വരക്കുമായിരുന്നു, നിന്നെപ്പോലെതന്നെ. മരിച്ചുപോയില്ലായിരുന്നെങ്കിൽ അവനും നിന്നെപ്പോലെ ഒരു ആർട്ടിസ്റ്റ് ആയേനെ. പക്ഷേ ഞാനവനൊരിക്കലും കറുപ്പ് കൊടുക്കില്ല കേട്ടോ.”

തോമസിന്റെ പൈപ്പൊരുക്കുന്നതിനിടയിൽ മെറ്റിൽഡ ഒരിക്കൽ പറഞ്ഞു. വർഷങ്ങളോളം ചാരവും വിയർപ്പും പറ്റി നിറം മാറിയ മെത്തയിൽ ആ ദിവസത്തിന്റെ ആദ്യത്തെ പുക വലിച്ചെടുത്ത് തോമസ് ചാഞ്ഞിരുന്നു.

ആ നഗരത്തിൽ ജീവിച്ചുമരിച്ച പലരുടേയും ഓർമകളേക്കാൾ പഴക്കമുള്ള ഒരൊറ്റമുറി കെട്ടിടമായിരുന്നു മെറ്റിൽഡയുടെ മരുന്നുശാല. കാലാന്തരത്തിൽ രൂപമാറ്റം വന്ന കെട്ടിടങ്ങൾക്ക് താഴെ ഭൂതകാലത്തിൽ നിന്നും വഴിതെറ്റിയെത്തിയ ഒരു സമയസഞ്ചാരിയെപ്പോലെ അതിന്റെ ക്ലാവ് പിടിച്ച ജാലകങ്ങൾ നഗരത്തെ നോക്കി പല്ലിളിച്ചുകിടന്നു. മഴക്ക് മുന്നേ കഴിഞ്ഞ വേനലിൽ അത് മുഴുവൻ പെയ്ൻറടിച്ച് പുതുക്കിയാലോ എന്ന് തോമസ് തിരക്കിയതാണ്. എന്നാൽ മെറ്റിൽഡ സമ്മതിച്ചില്ല.

“നിന്റെ സമയം വെറുതെ പാഴാവുകയേ ഉള്ളൂ. ജീവിതകാലം മുഴുവൻ ഇവിടെയിരുന്ന് പുകവലിക്കാമെന്ന് കരുതണ്ട. സർക്കാർ കറുപ്പ് നിരോധിക്കാൻ പോവുകയാണെന്നാണ് കേൾക്കുന്നത്. ഓപ്പിയം വിലക്കപ്പെട്ട കനിയാവാൻ പോവുകയാണ്. വിലക്കപ്പെട്ടത് വിൽക്കാൻ എന്തിനാണ് നിറം പിടിപ്പിച്ച ഒരു കട.”

കറുപ്പ് വിൽക്കാൻ കഴിയാതായാൽ മെറ്റിൽഡ എന്തു ചെയ്യുമെന്ന് തോമസ് ആലോചിച്ചു. ചിലപ്പോൾ ഒരു കാപ്പിക്കടക്കാരന് തന്റെ മരുന്നുശാല കൈമാറിയ ശേഷം അവർ മറ്റൊരു നഗരത്തിലേക്ക് പോയേക്കും. അല്ലെങ്കിൽ ഒരു ഗ്രാമത്തിലേക്ക്. അവിടെ അവർ കൃഷി ചെയ്ത് ജീവിക്കുമായിരിക്കും. അങ്ങനെ സംഭവിച്ചാൽ തലമുറകൾ കൈമാറിവന്ന പൈപ്പുകൾ ഉപയോഗശ്യൂന്യമാകും. ആരും കണ്ടെടുക്കാനില്ലാതെ അവ ദ്രവിച്ചു തീരും.

തോമസിനുള്ളിൽ ഒരാന്തൽ പുളച്ചു.

പുറത്ത് മഴ വീണ്ടും ശക്തമാവുകയാണ്.

“ജീവിതകാലം മുഴുവൻ ഇവിടെയിരുന്ന് പുകവലിക്കാമെന്ന് കരുതണ്ട”.

മെറ്റിൽഡയുടെ വാക്കുകൾ മഴയുടെ താളത്തോടൊപ്പം വീണ്ടും തോമസിന്റെ ഉള്ളിൽ കിടന്നലച്ചു.

സർക്കാർ ഓപ്പിയം നിരോധിച്ചാൽതന്നെ അവ കൈക്കലാക്കാൻ ഒരായിരം വഴികൾ തോമസിനറിയാം. എന്നാൽ മെറ്റിൽഡയെ കാണാതെ, മെറ്റിൽഡയുടെ പാട്ട് കേൾക്കാതെ, മെറ്റിൽഡയുടെ കറുപ്പ് വലിക്കാതെ, മെറ്റിൽഡയെ രഹസ്യമായി പ്രണയിക്കാതെ വരാനിരിക്കുന്ന ദിവസങ്ങളെ താനെങ്ങനെ അതിജീവിക്കുമെന്നോർത്തപ്പോൾ തോമസിന്റെ ക്ഷമ കെട്ടു.

മഴ വകവെക്കാതെ കടവരാന്തയിൽ നിന്നും ഇറങ്ങി മരുന്നുശാലയിലേക്ക് തിരിയുന്ന വഴിയിലൂടെ തോമസ് ധൃതിയിൽ നടന്നു. നടപ്പാതകളിലൊക്കെ വെള്ളം കയറിത്തുടങ്ങിയിരുന്നു. നഗരത്തെ മഴ വിഴുങ്ങാൻ തുടങ്ങുകയാണെന്ന് തോമസിന് തോന്നി. ഇന്നു രാത്രി തന്നെ തന്റെ പ്രണയം മെറ്റിൽഡയെ അറിയിക്കാമെന്ന് തോമസ് തീർച്ചപ്പെടുത്തി. പ്രളയം നഗരത്തെ മുക്കിക്കളഞ്ഞാൽ അതിനവസരം കിട്ടിയെന്ന് വരില്ല. ശേഷം മെറ്റിൽഡ സമ്മതിച്ചാൽ ഈ രാത്രി തന്നെ, പ്രളയത്തിനും നിരോധനത്തിനും മുന്നേയുള്ള ഈ രാത്രിയിൽ തന്നെ അവർക്കിരുവർക്കും ഒരുമിച്ച് നഗരം വിടാം.

നടപ്പാതയുടെ രണ്ടാമത്തെ വളവിനപ്പുറം മരുന്നുശാലയുടെ നീലവെളിച്ചം താഴെ കെട്ടിക്കിടന്ന വെള്ളത്തിൽ തട്ടി നിഴലിക്കുന്നത് ദൂരെ നിന്നേ തോമസ് ശ്രദ്ധിച്ചു.

കാലുകൾ നീട്ടിവെച്ച് നടന്നിടും ഇനിയും ഒരുപാട് ദൂരം മുന്നിൽ നീണ്ട് കിടക്കുന്നതുപോലെ.

പ്രിയപ്പെട്ട മെറ്റിൽഡ, മഴ നഗരത്തെ കഴുകിക്കളഞ്ഞ ഈ രാത്രി തന്നെ ഒരുമിക്കാനായി നമുക്ക് തിരഞ്ഞെടുക്കാം.

കാറ്റ് പിടിച്ച് പുറകോട്ടായുന്ന കുട തന്റെ ചലനങ്ങളെ പതുക്കെയാക്കിയപ്പോൾ അത് വലിച്ചെറിഞ്ഞ് തോമസ് മഴയിലൂടെ ഓടി. ഓട്ടത്തിനിടയിൽ മെറ്റിൽഡ എന്ന് തോമസ് ആർത്തുവിളിച്ചത് മഴയുടെ വലിയ ശബ്ദത്തിനിടയിൽപെട്ട് അമർന്നുപോയിരുന്നു.

നടപ്പാതയുടെ ഒന്നാം വളവ്.
നടപ്പാതയുടെ രണ്ടാം വളവ്.
മെറ്റിൽഡയുടെ മരുന്നുശാല.

അടഞ്ഞുകിടന്ന, തുരുമ്പ് കയറിയ, പഴയ ഇരുമ്പ് വാതിലിനു മുന്നിൽ നിന്ന് തോമസ് ശ്വാസമെടുക്കാൻ പാടുപെട്ടു. പിന്നെ കയ്യുയർത്തി അവശേഷിക്കുന്ന ശക്തിയിൽ വാതിലിൽ ആഞ്ഞുമുട്ടി. വർഷങ്ങളോളം അടഞ്ഞുകിടന്നതിനാൽ ദ്രവിച്ച ചില പാളികൾ ഇളകി താഴെ വീണു. തോമസ് വീണ്ടും മുട്ടി.

എത്ര തന്നെ മുട്ടിയാലും തുറക്കപ്പെടില്ലെന്നറിയാത്തവനെപ്പോലെ തോമസ് എന്ന വൃദ്ധൻ, അടുത്ത ദിവസം നഗരത്തെ മഴ മുഴുവനായും മുക്കിക്കളയുന്നതുവരെ ആ വാതിലിൽ അള്ളിപ്പിടിച്ചിരുന്നു.

മായ

മെറ്റിൽഡയുടെ മരുന്നുശാലയിൽ വച്ചാണ് ഞാൻ തോമസിനെ കണ്ടുമുട്ടുന്നത്. എനിക്ക് മുപ്പത് വയസ്സായിരുന്നപ്പോൾ. അന്ന് ഞാൻ കറുപ്പ് വലിക്കാറുണ്ടായിരുന്നു. കറുപ്പ് വലിക്കുന്നവർ മാത്രമേ അന്ന് മെറ്റിൽഡയുടെ മരുന്നുശാലയിലേക്കെത്തിയിരുന്നുള്ളൂ.

കൊടിയ ഭാരത്താൽ പലപ്പോഴും ഭൂമിയോളം താഴ്ന്ന് കിടന്നിരുന്ന ഞങ്ങളുടെ കണ്ണുകൾ അവിടെ വച്ച് നിരന്തരം കൂട്ടിമുട്ടി. തോമസ് ഒരാർട്ടിസ്റ്റായിരുന്നു. ഞാനന്ന് നഗരത്തിലെ പ്രശസ്തമായ ബ്ലഡ്മൂൺ നിശാക്ലബ്ബിലെ ഡാൻസറും. രാത്രി നൃത്തം ചെയ്തും, പകൽ ഓപ്പിയത്തിന്റെ സ്വപ്നശകലങ്ങൾക്കിടയിലൂടെ സഞ്ചരിച്ചും മാറ്റമൊന്നുമില്ലാതെ തുടരുകയായിരുന്ന എന്റെ ജീവിതത്തിൽ അഴിച്ചുപണികൾ നടത്തിയത് തോമസാണ്. അവനോടൊരിക്കൽ ഞാനത് പറഞ്ഞപ്പോൾ, പക്ഷേ അവനത് സമ്മതിച്ചുതന്നില്ല. ആർക്കും ആരെയും മാറ്റാൻ കഴിയില്ലെന്നാണ് തോമസ് പറഞ്ഞത്. അതങ്ങനെയല്ല എന്നുറപ്പുണ്ടായിട്ടും ഞാനവനോട് വാദിക്കാനൊന്നും നിന്നില്ല.

മെറ്റിൽഡയുടെ കറുപ്പ് നഗരത്തിന് പുറത്തും പലരുടേയും പ്രിയപ്പെട്ടതായിരുന്നു. ചില സന്ദർഭങ്ങളിൽ അവർ പാട്ടുകൾ പാടുമായിരുന്നു. വളരെ പതിഞ്ഞ ശബ്ദത്തിൽ. എനിക്കൊരിക്കലും ആ വരികളുടെ അർത്ഥം മനസ്സിലായിരുന്നില്ല. കുട്ടിക്കാലത്തെ ഓർമ്മകളാണ് മെറ്റിൽഡ പാടുന്നതെന്ന് തോമസാണ് പറഞ്ഞുതന്നത്. മെറ്റിൽഡയുടെ മരുന്നുശാലയിൽ തൂക്കിയിരുന്ന കുട്ടിക്കാലം എന്ന ചിത്രം തോമസായിരുന്നു വരച്ചത്. ഞാനും തോമസും പ്രണയത്തിലായിരിക്കെത്തന്നെ അവന് മെറ്റിൽഡയോടും പ്രേമമുള്ളതായി അന്നെനിക്ക് തോന്നിയിരുന്നു. പക്ഷേ ഞാനത് തോമസിനോടൊരിക്കലും ചോദിച്ചിരുന്നില്ല. കാരണം ഞങ്ങൾക്കിടയിൽ മെറ്റിൽഡ യാതൊരുവിധ നീക്കങ്ങളും നടത്താൻപോകുന്നിലെന്ന് എനിക്കുറപ്പായിരുന്നു.

സർക്കാർ കറുപ്പ് നിരോധിക്കാൻ പോവുകയാണെന്ന വാർത്ത പ്രചാരത്തിലായ നാളുകളിലാണ് ഞാനും തോമസും വിവാഹം കഴിക്കാൻ തീരുമാനിക്കുന്നത്. വിവാഹത്തിന് മുന്നേ അഫീമിന്റെ ലഹരിയിൽ നിന്നും മോചനം നേടാൻ ഞങ്ങൾ ആഗ്രഹിച്ചു.

മറ്റൊരു നഗരത്തിലെ ആശുപത്രിയിൽ ഡീ അഡിക്ഷൻ വിഭാഗത്തിൽ മൂന്ന് മാസം നീളുന്നതായിരുന്നു ചികിത്സ. ആശുപത്രിയിൽ നിന്നും പുറത്തിറങ്ങിയപ്പോൾ മൂന്ന് നൂറ്റാണ്ടുകൾ കഴിഞ്ഞതുപോലെയാണ് ഞങ്ങൾക്ക് തോന്നിയത്. ആ കാലത്തിനിടയിൽ ഓപ്പിയം വിലക്കപ്പെട്ടതായിക്കഴിഞ്ഞിരുന്നു. പഴയ ഇരുമ്പ് വാതിൽ ചേർത്തടച്ച്, മരുന്നുശാല ഉപേക്ഷിച്ച് മെറ്റിൽഡ നഗരം വിട്ടിരുന്നു. പിന്നീട് ഞാൻ മെറ്റിൽഡയെ കണ്ടതേയില്ല. അവരുടെ കടയും ആരും ഏറ്റെടുത്തില്ല.

വളരെയേറെ വർഷങ്ങൾക്ക് ശേഷം അപ്രതീക്ഷിതമായ മറ്റൊരു സന്ദർഭത്തിൽ വച്ചാണ് ഞാൻ മെറ്റിൽഡയെ വീണ്ടുമോർക്കുന്നത്. രണ്ട് പക്ഷാഘാതങ്ങളെ അതിജീവിച്ച് വീട്ടിൽ വിശ്രമത്തിൽ കഴിയുകയായിരുന്നു തോമസ് അക്കാലത്ത്. എനിക്കും വയസ്സായിരുന്നതിനാൽ തോമസിനെ ശ്രദ്ധിക്കാൻ അയാൻ ദൂരെയുള്ള നഗരത്തിൽ നിന്നും മടങ്ങിവന്നിരുന്നു.

ഏത് രോഗത്തോടും പ്രതികരിക്കാൻ ശേഷിയുള്ള ഒരു ആൻറിഡോട്ട് തോമസിന്റെ ഉള്ളിലുള്ളതായി എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ശരീരത്തിന്റെ ഏത് പീഡകളെയും അതിജീവിക്കാൻ അതാണ് തോമസിനെ സഹായിക്കുന്നത്. എന്നാൽ ഇത്തവണ പക്ഷാഘാതത്തിൽ നിന്നും തോമസ് തിരിച്ചെത്തിയത് ഏതാനും വർഷങ്ങളുടെ ഭാരം പിറകിലുപേക്ഷിച്ചായിരുന്നു.

കുറഞ്ഞ ദിവസങ്ങൾ കൊണ്ട്തന്നെ അയാന്റെ കൈകളിൽ താങ്ങി നടക്കാമെന്നായ ഒരു ദിവസം, ഒരു വൈകുന്നേരം, മറ്റെന്തോ സംസാരിക്കുന്നതിനിടയിൽ പെട്ടെന്ന് തോമസ് രഹസ്യമായി എന്റെ ചെവിയിൽ പറഞ്ഞു:

“മെറ്റിൽഡയുടെ മരുന്നുശാലയിലിരുന്ന് ഇനി പുകവലിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല. സർക്കാർ കറുപ്പ് നിരോധിക്കാൻ പോവുകയാണ്.”

ഒരു നിമിഷം എനിക്കൊന്നും മനസ്സിലായില്ല. മെറ്റിൽഡ ആരാണെന്നോർത്തെടുക്കാൻ മറ്റൊരു നിമിഷം കൂടിയെടുത്തു. അപ്പോൾ എന്റെ മുഖത്തുണ്ടായ ആശ്ചര്യം അയാൻ ശ്രദ്ധിക്കുന്നുണ്ടോ എന്ന് ഞാൻ ഒളിഞ്ഞുനോക്കി.

ഒരുപാട് മരുന്നുകൾ കഴിച്ചിരുന്നതിനാൽ ഓർമ്മകൾ കാലം തെറ്റി വന്നതായിരിക്കാമെന്ന് കരുതി ഞാനതവിടെ വിട്ടു. പരസഹായം കൂടാതെ തോമസിന് കാര്യങ്ങൾ ചെയ്യാമെന്നായപ്പോൾ അയാൻ തിരിച്ചുപോയി. പിന്നീട് കുഴപ്പമൊന്നും കണ്ടില്ല. അങ്ങനെയൊരു സംഭവം നടന്നതായി ഞാനും മറന്നു.

വീണ്ടും ഒന്നോ രണ്ടോ വർഷങ്ങൾ കടന്നുപോയി. വയസ്സുകാലത്തിന്റെ വിരസതയിൽ ഞാനും തോമസും കഴിഞ്ഞുകൂടി.

വൈകുന്നേരങ്ങളിൽ ഇടക്ക് തോമസ് നടക്കാനിറങ്ങുമായിരുന്നു. കാലുകളിൽ നീരായതിനാൽ ഞാൻ പഴയ ചില പുസ്തകങ്ങൾ മറിച്ച് മുറിയിൽതന്നെയിരിക്കും. ഒരു ദിവസം തോമസ് മടങ്ങിവന്നപ്പോൾ കൂടെ അടുത്ത ഫ്ലാറ്റിലെ ഷീലയുമുണ്ടായിരുന്നു. തോമസ് മുഖം കഴുകാൻ പോയപ്പോൾ ഷീലയാണ് പറഞ്ഞത് തോമസ് ഈയിടെയായി നഗരത്തിൽ പലരോടും ഓപ്പിയം അന്വേഷിച്ച് നടക്കുന്നുണ്ടെന്ന്. ഒരു കാലത്ത് ഞങ്ങൾ ഓപ്പിയം ഉപയോഗിച്ചിരുന്നത് ഷീലക്കറിയാമായിരുന്നു. എങ്കിലും അവൾ പറഞ്ഞത് വിശ്വസിക്കാൻ എനിക്ക് കഴിഞ്ഞില്ല. എന്നാൽ ആ ദിവസം രാത്രി അത്താഴത്തിനിടെ തോമസ് ഒരിക്കൽക്കൂടി പറഞ്ഞു:

“മെറ്റിൽഡ ചിലപ്പോൾ നഗരം വിട്ടേക്കാം. അതിന് മുന്നേ എനിക്കവരോട് ഒരു കാര്യം പറയാനുണ്ട്.”

എനിക്ക് കരയാനാണ് തോന്നിയത്. ഭക്ഷണം പകുതി കഴിച്ച് ഞാനെഴുന്നേറ്റു. ബാൽക്കണിയിൽ പോയി നിന്നപ്പോൾ കാറ്റിന് ചൂടുണ്ടായിരുന്നു. വേനലിന്റെ അവസാന ദിവസങ്ങളാണ്. വരാനിരിക്കുന്ന മഴക്കാലം ശക്തിയേറുമെന്ന് കഴിഞ്ഞ ദിവസം വാർത്തയിൽ പറഞ്ഞിരുന്നത് ഞാനോർത്തു. മഴ പെയ്തിരുന്നെങ്കിൽ നനയാമായിരുന്നെന്നെനിക്ക് തോന്നി.

മഴ പെയ്തുതുടങ്ങിയതിന്റെ രണ്ടാമത്തെ ദിവസമാണ് ഞാൻ അയാനെ വിളിച്ച് കാര്യങ്ങൾ പറയാൻ തീരുമാനിക്കുന്നത്. അപ്പോഴേക്കും തോമസിനെയോർത്ത് എനിക്ക് പേടി വന്നു തുടങ്ങിയിരുന്നു.

ഒരു രാത്രി ഭക്ഷണശേഷം കഴിക്കാറുള്ള മരുന്നുകൾ തോമസ് പാടെ ഒഴിവാക്കി. എഴുത്തുമേശയിൽ തുറക്കാതെ കിടന്ന മരുന്നുപാത്രം കണ്ട് ഞാൻ കാര്യം തിരക്കിയപ്പോൾ തോമസ് പറഞ്ഞു:

“ആ മരുന്നുകൾ ഇനി ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. ഏറ്റവും മികച്ച മറ്റൊരൌഷധം എൻറെ കയ്യിലുണ്ട്.”

വീണ്ടും മറ്റേതോ കാലത്തിലിരുന്ന് സംസാരിക്കുകയാണ് തോമസ് എന്നാണ് ഞാൻ കരുതിയത്. തോമസിനെ അയാളുടെ ലോകത്ത് വിട്ട് ഞാൻ കിടന്നു. പുറത്ത് മഴ പെയ്യുന്ന ശബ്ദം പതിഞ്ഞു കേൾക്കുന്നുണ്ടായിരുന്നു. മെറ്റിൽഡയുടെ മരുന്നുശാലയിൽ, പഴയ മെത്തയിലിരുന്ന് കറുപ്പ് വലിക്കുന്ന സ്വപ്നത്തിൽ നിന്നാണ് അന്ന് ഞാൻ ഉറക്കമുണർന്നത്. സ്വപ്നത്തിൻറെ അതിരുകൾ കടന്ന് കറുപ്പിന്റെ ഗന്ധം ഞങ്ങളുടെ മുറിയിലാകെ പരക്കുന്നതായി എനിക്ക് തോന്നി. ഞാനെഴുന്നേറ്റ് വെളിച്ചമിട്ടു. അത് വെറുമൊരു തോന്നലായിരുന്നില്ല. എനിക്ക് ചാരെ ചരിഞ്ഞ് കിടന്നിരുന്ന തോമസിന്റെ കൈകളിൽ അശ്രദ്ധമായി കിടന്ന പഴക്കമേറിയ ഒരു പൈപ്പ് അപ്പോൾ മാത്രമാണ് ഞാൻ ശ്രദ്ധിച്ചത്. അതിൻറെ ഫണലിൽ ഇനിയും ചാരമായിട്ടില്ലാത്ത കറുപ്പിൻറെ അവശേഷിപ്പുകൾ ഉണ്ടായിരുന്നു.

ഒരു നിമിഷം, എന്റെ സകല ചിന്തകളേയും കുടഞ്ഞുകളഞ്ഞ് ഫണലിൽ ബാക്കികിടന്നിരുന്ന കറുപ്പ് മുഴുവനായും വലിച്ചെടുക്കാൻ എനിക്കതിയായ ആഗ്രഹം തോന്നി. കറുപ്പിന്റെ സ്വപ്നശകലങ്ങൾക്കിടയിലൂടെ ഒഴുകി നടന്ന ഒരു കാലം പെട്ടന്നെന്നെ വശീകരിച്ചതുപോലെ. എന്നാൽ തോമസിന്റെ കൈകളിൽ നിന്നും പഴക്കമേറിയ പൈപ്പടർത്തി മാറ്റി മേശവലിപ്പിൽ വച്ചടച്ച് ഞാൻ കിടപ്പുമുറിയിൽ നിന്നും വേഗം പുറത്തിറങ്ങി. ഓപ്പിയത്തിന്റെ മത്തുപിടിപ്പിക്കുന്ന ഗന്ധം അപ്പോഴും ആ മുറിയിൽ തങ്ങിനിൽക്കുന്നുണ്ടായിരുന്നു. പുറത്ത് സോഫയിൽ നേരം പുലരാനായി ഞാൻ കാത്തിരുന്നു. പുലർച്ചെ അയാനെ വിളിച്ച് ഞാൻ കാര്യങ്ങൾ പറഞ്ഞു. മെറ്റിൽഡ ആരായിരുന്നെന്ന് അവൻ എന്നോട് ചോദിച്ചു. മെറ്റിൽഡയെക്കുറിച്ച് ഞാൻ പറഞ്ഞുതുടങ്ങി. പുറത്ത് അപ്പോഴും മഴ പെയ്യുകയായിരുന്നു.

മെറ്റിൽഡ

ഗരം വിടുന്നതിന് മുമ്പുള്ള അവസാന രാത്രിയിൽ, ആളുകളിലാതെ ഒഴിഞ്ഞുകിടന്ന തന്റെ മരുന്നുശാലയിൽ മെറ്റിൽഡ തനിച്ചിരുന്നു. നാളെ നഗരത്തിൽ നിന്നും പുറത്തേക്ക് പോകുന്ന ആദ്യത്തെ വണ്ടിയിൽ പുറപ്പെടാനുള്ളതാണ്.

കൂടുതലായൊന്നും എടുക്കാനുണ്ടായിരുന്നില്ല. ഇരുപതോളം വർഷങ്ങൾ കഴിഞ്ഞുകൂടിയിടത്തുനിന്നും മടങ്ങുമ്പോൾ കൊണ്ടുപോകാനായി തന്റെ പക്കൽ ഇത്രയും കുറച്ചേ ഉള്ളോ എന്നോർത്തപ്പോൾ മെറ്റിൽഡക്ക് കൗതുകം തോന്നി. ജീവിതം ലളിതമാണെന്നവർ വിചാരിച്ചു.

മടക്കിവച്ച ചില വസ്ത്രങ്ങൾ, കേടുപാടുകൾ പറ്റിയിട്ടില്ലാത്ത മൂന്ന് പൈപ്പുകൾ, പിന്നെ കടലാസ്സുകൾ ദ്രവിച്ച് തുടങ്ങിയ ‘കുബ്ലഖാൻ’ എന്ന കവിതയുടെ കയ്യെഴുത്തുപ്രതി. ഇത്രയും അടക്കിവച്ചിട്ടും തന്റെ തകരപ്പെട്ടിയിൽ സ്ഥലം ഒഴിഞ്ഞുകിടന്നു. ജീവിതത്തിന്റെ ഭാരമില്ലായ്മ ഒരിക്കൽക്കൂടി മെറ്റിൽഡക്കനുഭവപ്പെട്ടു.

മരിച്ചുപോകുന്നതിന് മുമ്പ് മമ്മയാണ് മെറ്റിൽഡക്ക് കുബ്ലഖാൻറെ കയ്യെഴുത്തുപ്രതിയും ഏതാനും പൈപ്പുകളും നൽകിയത്. മമ്മ നൽകിയതിൽ മൂന്ന് പൈപ്പുകൾ മാത്രമേ മെറ്റിൽഡക്ക് സംരക്ഷിക്കാൻ കഴിഞ്ഞുള്ളൂ. പലപ്പോഴായുള്ള ഉപയോഗത്തിനിടയിൽ ബാക്കിയുള്ളവ കേടുവന്നിരുന്നു. മമ്മക്ക് മെറ്റിൽഡയേക്കാൾ സൂക്ഷ്മതയോടെ പൈപ്പുകൾ കൈകാര്യം ചെയ്യാനറിയാമായിരുന്നു.

മെറ്റിൽഡയുടെ മുതുമുത്തശ്ശിയിൽ നിന്നും കൈമാറപ്പെട്ടു വന്നതാണ് കുബ്ലഖാൻ എന്ന കവിതയുടെ കയ്യെഴുത്തുപ്രതി. തന്റെ മുത്തശ്ശി നൽകിയ കറുപ്പിന്റെ വിചിത്രസ്വപ്നത്തിലിരുന്നാണ് കവി അതെഴുതിയതെന്ന് മമ്മ പറയാറുണ്ടായിരുന്നു. ആ ഒരു കവിത മാത്രമേ മെറ്റിൽഡക്കറിയാമായിരുന്നുള്ളൂ.

Weave a circle round him thrice,
And close your eyes with holy dread,
For he on honey-dew hath fed,
And drunk the milk of paradise.

കുട്ടിക്കാലത്ത്, വെയിൽ വീണുകിടന്നിരുന്ന കുന്നിൻപുറങ്ങളിൽ തുമ്പികളെ പിടിക്കാൻ പോയപ്പോൾ പാടിയിരുന്നത് മെറ്റിൽഡ ഓർത്തു. വളർന്നുവലുതായതിൽ മെറ്റിൽഡക്ക് ദുഃഖം തോന്നി.

ഒരുപാട് വർഷങ്ങൾ താമസിച്ച ഇടത്തെ ഉപേക്ഷിച്ച് പോകുമ്പോഴുണ്ടാകുന്ന വിഷാദം അവരെ തീണ്ടിയിരുന്നില്ല. ജീവിതത്തിലെ അനിശ്ചിതത്വങ്ങളെ കുറിച്ച് മമ്മ പലപ്പോഴായി പറയാറുണ്ടായിരുന്നു. അവിചാരിതമായ സന്ദർഭങ്ങളെ നേരിടാൻ മെറ്റിൽഡയെ മമ്മ തയ്യാറാക്കിയിരുന്നു.

എത്തിച്ചേരുന്ന പുതിയ സ്ഥലത്ത് താനും കുബ്ലഖാനെ പോലെ ഒരു കൊട്ടാരം പണിയുമെന്നും അവിടെ വിശ്രമജീവിതം ആസ്വദിക്കുമെന്നും മെറ്റിൽഡ വെറുതെ വിചാരിച്ചു.

പിറ്റേന്ന് പുലർച്ചെ പകലിന്റെ ആദ്യ വെളിച്ചമെത്തുന്നതിന് മുന്നേ മെറ്റിൽഡ തയ്യാറായി. അവസാനമായി മരുന്നുശാലയുടെ പഴയ ഇരുമ്പുവാതിൽ അടക്കുന്നതിനിടയിലാണ് ചുമരിൽ തൂങ്ങി കിടന്നിരുന്ന കുട്ടിക്കാലം എന്ന ചിത്രം കണ്ണിൽപ്പെടാതെ പോയത് മെറ്റിൽഡ ശ്രദ്ധിച്ചത്. കൂടെ കൊണ്ടുപോകാൻ അടുക്കിവച്ചവയുടെ കൂട്ടത്തിൽ അത് കൂടി എടുക്കാമായിരുന്നു എന്ന് മെറ്റിൽഡക്ക് തോന്നി. ആ നിമിഷം, ആ ഒരു നിമിഷം മാത്രം അവർ തോമസിനെക്കുറിച്ചോർത്തു. പിന്നെ കുട്ടിക്കാലം എന്ന തോമസിന്റെ പെയ്ൻറിങ് മരുന്നുശാലയിൽ തന്നെ ഉപേക്ഷിച്ച്, വാതിലടച്ച് പൂട്ടി, നഗരം വിടാനൊരുങ്ങുന്ന ആദ്യ വണ്ടിയിൽ കയറി ചാഞ്ഞിരുന്നു.

അയാൻ

ഗരത്തിൽ നിന്ന് പുറത്തേക്ക് പോകുന്ന അവസാനത്തെ വണ്ടി സ്റ്റേഷനിൽ നിർത്തിയിട്ടിരുന്നു. ട്രയിൻ ഗതാഗതം നിലക്കാൻ പോവുകയാണ്. നാളെ മുതൽ നഗരത്തിനകത്തേക്കോ പുറത്തേക്കോ തീവണ്ടികൾ ഓടുകയില്ല.

നനഞ്ഞ വസ്ത്രങ്ങളുടെ മണം മാത്രമുള്ള ബോഗിക്കുള്ളിൽ ഞാനും അമ്മയും ഒരു വിധം കയറിക്കൂടി. തിരക്കുണ്ടായിരുന്നു. പ്രായം പരിഗണിച്ച് യാത്രികരിലൊരാൾ എഴുന്നേറ്റപ്പോൾ അമ്മ അവിടെ ഇരുന്നു. ഞാൻ വാതിലിന്റെ ഓരം ചേർന്നുനിന്നു. അപ്പോഴും മഴ നനഞ്ഞ ശരീരങ്ങളുമായി പലരും വണ്ടിയിൽ കയറിക്കൂടാൻ തിരക്കുകൂട്ടുന്നുണ്ടായിരുന്നു.

രണ്ട് ദിവസം മുമ്പാണ് നഗരം വിട്ടുപോകാനുള്ള മുന്നറിയിപ്പ് വന്നത്. അമ്മ വിളിച്ചത് കാരണം അതിനു മുന്നേ ഞാൻ വീട്ടിലെത്തിയിരുന്നു. അച്ഛൻ വീണ്ടും കറുപ്പ് വലിക്കാൻ തുടങ്ങിയെന്ന് അമ്മ പറഞ്ഞപ്പോൾ ആദ്യം എനിക്ക് വിശ്വസിക്കാനായില്ല. എന്നാൽ ഫ്ലാറ്റിലെത്തി അച്ഛന്റെ കിടപ്പുമുറിയിൽ പ്രവേശിച്ചപ്പോൾ തന്നെ അപരിചിതമായ ഒരു ഗന്ധം എനിക്കനുഭവപ്പെട്ടു. ചരിഞ്ഞുകിടന്ന് മയങ്ങുകയായിരുന്നു അച്ഛൻ.

എൻറെ ജനനത്തിനും മുമ്പ്, കറുപ്പിന് വിലക്കില്ലാതിരുന്ന ഒരു കാലത്ത് അച്ഛനുമമ്മയും ഓപ്പിയം ഉപയോഗിച്ചിരുന്ന കാര്യം എനിക്കറിയാമായിരുന്നു. അച്ഛൻ തന്നെയാണ് എന്നോടത് പറഞ്ഞിട്ടുള്ളത്.

ഏറെ ചർച്ച ചെയ്യപ്പെട്ട ‘കറുപ്പ് വലിക്കുന്നവർ’ എന്ന അച്ഛന്റെ പെയ്ൻറിങ് പൂർത്തിയാക്കിയ നാളുകളിലായിരുന്നു അതെന്നാണ് എന്റെ ഓർമ്മ. ഒരിക്കൽക്കൂടി അച്ഛന്റെ ഫ്രെയിമുകളെല്ലാം സൂക്ഷിച്ചിരുന്ന മുറിയിൽ നിന്നും ഞാൻ ‘കറുപ്പ് വലിക്കുന്നവർ’ എന്ന ചിത്രം പുറത്തെടുത്തു.

അവസാനത്തെ അത്താഴത്തെ അനുകരിക്കും വിധം നീളൻ തീൻമേശയിലിരുന്ന് ചിലർ പുകവലിക്കുന്നു. മദ്ധ്യഭാഗത്ത് ക്രിസ്തുവിന് പകരം കൈകൾ ഇരുവശത്തേക്കും വിടർത്തി മുഖം മേൽപ്പോട്ടുയർത്തി ഒരു മധ്യവയസ്ക ധ്യാനിക്കുന്നു. അതായിരിക്കാം ഒരിക്കൽ അച്ഛൻ രഹസ്യമായി പ്രണയിച്ചിരുന്ന മെറ്റിൽഡ എന്നെനിക്ക് തോന്നി. അമ്മ ശ്രദ്ധിക്കുന്നതിന് മുന്നേ ഞാനാ പെയ്ൻറിങ് മുറിക്കുള്ളിൽതന്നെ വച്ച് വാതിലടച്ചു.

അച്ഛൻറെ കാര്യത്തിൽ എന്തു ചെയ്യണമെന്ന് എനിക്കറിയില്ലായിരുന്നു. ഓപ്പിയത്തിന്റെ ഉപയോഗം നിർത്താൻ ഈ പ്രായത്തിൽ അച്ഛനെ ഉപദേശിക്കുന്നത് അസംബദ്ധമാണെന്ന് എനിക്ക് തോന്നി. മറ്റൊരു കാലത്തിൽ ജീവിക്കുന്ന അച്ഛനൊപ്പം ഒറ്റക്ക് താമസിക്കാൻ പേടിയാണെന്ന് അമ്മ ആദ്യമേ തീർച്ചപ്പെടുത്തിയതിനാൽ ഇരുവരേയും ഞാൻ ജോലി ചെയ്യുന്ന നഗരത്തിലേക്ക് കൊണ്ടുപോകാമെന്നാണ് ആദ്യം കരുതിയത്. പഴയ ചുറ്റുപാടുകളിൽ നിന്നുള്ള മാറ്റം അച്ഛനെ തിരിച്ചുവരാൻ സഹായിക്കുമെന്ന് എനിക്ക് തോന്നി.

വീട്ടിൽ തിരിച്ചെത്തിയ ആദ്യദിവസംതന്നെ ഞാൻ കാര്യം അവതരിപ്പിച്ചു. അമ്മക്ക് സമ്മതമായിരുന്നു. അച്ഛൻ പക്ഷേ ഒന്നും പറഞ്ഞില്ല. അങ്ങനെയൊരു സംസാരം നടന്നിട്ടേ ഇല്ല എന്ന മട്ടിൽ ബാൽക്കണിയിൽ പോയി പുറത്ത് കനത്തു പെയ്യുന്ന മഴയിലേക്ക് നോക്കി നിന്നു.

അടുത്ത പകലും രാത്രിയും മഴ നിന്ന് പെയ്തു. അച്ഛനില്ലെങ്കിലും അമ്മ എന്നോടൊപ്പം വരാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയിരുന്നു. വീണ്ടും പല തവണ ഞാൻ നിർബന്ധിച്ചെങ്കിലും അച്ഛൻ വഴങ്ങിയില്ല. മഴയായതുകൊണ്ടു മാത്രം പുറത്തിറങ്ങാതെ അച്ഛൻ തന്റെ കട്ടിലിൽ കറുപ്പ് വലിച്ച് കിടന്നു.

തുടർന്ന് വന്ന ഒരു വൈകുന്നേരം നഗരം വിട്ട് പോകാനുള്ള അറിയിപ്പുകളുമായി സർക്കാരിന്റെ ഏതാനും വണ്ടികൾ നിരത്തിലൂടെ സൈറൺ മുഴക്കി കടന്നുപോയി. അനിശ്ചിതകാലത്തേക്ക് മഴ തുടരുമെന്ന് കാലാവസ്ഥാ പ്രവചനമുള്ളതിനാൽ നഗരത്തിൽ തുടരുന്നത് സുരക്ഷിതമായിരുന്നില്ല.

ഫ്ലാറ്റിലെ താഴത്തെ നിലയിൽ താമസിക്കുന്നവരെല്ലാം ആദ്യമേ ഒഴിഞ്ഞു തുടങ്ങിയിരുന്നു. അടുത്ത ദിവസം പുറത്തേക്ക് പോകുന്ന അവസാന വണ്ടിയിൽ യാത്ര തിരിക്കാമെന്ന് ഞാൻ കരുതി. മറ്റ് വഴികളില്ലാത്തതിനാൽ അച്ഛനും കൂടെ വരുമെന്നാണ് ഞാൻ വിചാരിച്ചത്.

എന്നാൽ അന്ന് രാത്രി ഉറക്കത്തിനിടെ അച്ചനെന്നെ വിളിച്ചുണർത്തി. പാതി ഉറക്കത്തിലായിരുന്നിട്ടും ആ സമയം അച്ഛൻ കൂടുതൽ ആരോഗ്യവാനായതുപോലെയും നഷ്ടപ്പെട്ട ശക്തി തിരിച്ചുവന്നതുപോലെയും എനിക്ക് തോന്നി. ഓപ്പിയത്തിൻറെ ലഹരിയിലായിരിക്കും അച്ഛൻ എന്നാണ് ഞാൻ കരുതിയത്.

കിടക്കയിൽ എനിക്ക് സമീപം വന്നിരുന്ന് ചുമലിൽ പതിയെ കൈ വച്ച് അച്ഛൻ പറഞ്ഞു:

“എന്നെ കാത്തിരുന്ന് വെറുതെ സമയം കളയരുത്. പോകുന്നതിന് മുന്നേ എനിക്ക് മെറ്റിൽഡയോട് ചിലത് പറയാനുണ്ട്. അത് പറയാതെ സ്വസ്ഥമായി മരിക്കാൻ കഴിയുമെന്നെനിക്ക് തോന്നുന്നില്ല.”

അച്ഛന്റെ ശബ്ദത്തിന് പഴയ മുഴക്കമുണ്ടായിരുന്നു.

“പക്ഷേ, അച്ഛാ.... മെറ്റിൽഡ..”
മുഴുവൻ പറഞ്ഞുതീർക്കാൻ അനുവദിക്കാതെ അച്ഛൻ എഴുന്നേറ്റു. മുറിക്ക് പുറത്തേക്ക് നടക്കുന്നതിനിടയിൽ ഒരിക്കൽക്കൂടി പറഞ്ഞു: “ഇതെന്റെ തീരുമാനമാണ്. എന്നെ കാത്ത് സമയം കളയരുത്.”

ഒന്നും പറയാൻ കഴിയാതെ ഞാൻ വെറുതെയിരുന്നു. ഫ്ലാറ്റിന്റെ വാതിൽ തുറന്ന് അച്ഛൻ പുറത്തേക്കിറങ്ങിയപ്പോൾ തിരിച്ചുവിളിക്കാൻ കഴിയാതെ എന്റെ ശബ്ദം അടഞ്ഞുപോയി. കനത്ത മഴയിലൂടെ കുട നിവർത്തി അച്ഛൻ നടന്നുപോകുന്നത് ജാലകത്തിലൂടെ ഞാൻ നോക്കിനിന്നു.

പിറ്റേന്ന് നഗരം വിടുന്ന അവസാനത്തെ വണ്ടിയിൽ കയറിക്കൂടാനായി ഞാനും അമ്മയും വീട് പൂട്ടിയിറങ്ങി.

Comments