ഞാൻ ചെല്ലുന്ന സമയം അച്ഛനറിയാം.
ബസിറങ്ങി, ഓട്ടോ പിടിച്ച് എത്തുമ്പോഴേയ്ക്കും അച്ഛൻ കുളിച്ചു റെഡിയായി നിൽപ്പുണ്ടാവും. ഓട്ടോ വരുന്ന ഒച്ച കേൾക്കുമ്പോൾ അച്ഛൻ വേഗം ഇറങ്ങി വരും. ഓട്ടോയിൽ നിന്ന് എന്റെ ബാഗും മറ്റും എടുക്കും. എന്നിട്ടു കാത്തു നിൽക്കും. എത്രയായി എന്നു ഞാൻ ചോദിക്കുന്നതും ഓട്ടോക്കാരൻ കാശു പറയുന്നതും മിണ്ടാതെ നിന്നു കേൾക്കും. നൂറ്റൻപത് കൃത്യമാണ്. സ്ഥിരം വരുന്നവരത് പറയും. ഓട്ടോക്കാരൻ അതുപറഞ്ഞാലും അച്ഛൻ കേറിയങ്ങു ചുമ്മാ തർക്കിക്കും. അപ്പോൾ ഞാനാ തർക്കം കേട്ടു നിൽക്കും. കാശു കുറയ്ക്കാൻ അച്ഛൻ എത്ര ശ്രമിച്ചിട്ടും നടക്കാതെ വരുമല്ലോ. തോൽക്കും എന്ന ആ ഘട്ടത്തിൽ അച്ഛൻ ഓട്ടോക്കാരനെ ഭീഷണിപ്പെടുത്തും; “ങ്ഹാ നീയിതും വാങ്ങിപ്പോവുകേല, ഇവിടന്ന്”.
അത്രവരെ എത്തുമ്പോൾ ഞാനയാൾ എത്രയാണോ പറഞ്ഞത് അത്രയും കൊടുത്ത് പറഞ്ഞുവിടും.
പിന്നെ ഞാനും അച്ഛനും വീട്ടിലേക്ക് കയറുകയായി. മിക്കവാറും ഇത് വെള്ളിയാഴ്ചകളായിരിക്കും. എനിക്ക് ചായയും വൈകീട്ടത്തെ കടിയും അച്ഛനുണ്ടാക്കി വെച്ചിട്ടുണ്ടാകും. ഇന്ന് അടയാണ്. പീരയും പഞ്ചസാരയും വെച്ചത്. അപ്പോഴേയ്ക്കും അച്ഛന് വിളി വന്നു. കോളെടുത്ത് അച്ഛൻ ഇത്തിരി ദേഷ്യം കാണിച്ചു; “കൊച്ചിങ്ങ് വന്നതല്ലേയുള്ളൂ”.
“ഞാൻ ഫോണിലോട്ട് ഇട്ടു തരാം, അച്ഛൻ ചെന്നിട്ട് നമ്പര് പറഞ്ഞാ മതി”, ഞാനച്ഛനോട് പറഞ്ഞു. അച്ഛൻ അപ്പോൾ തന്നെ ഏതോ ഫോണിൽ വിളിച്ചു. “കൊച്ചിന്റ കയ്യില് കാശായിട്ടില്ലെടാ… ഒരു നമ്പര് പറ”, പരിഹാരം അപ്പോൾ തന്നെ ഉണ്ടാക്കി.
ഞാൻ കുളിച്ചു വന്നപ്പോഴേക്കും ഒരു ഫോൺ നമ്പരെഴുതിയ കടലാസുമായി വന്നു. ഞാനത് ഗൂഗിൾപേയിൽ ടൈപ്പ് ചെയ്തു- കൃഷ്ണേന്ദു.
“കൃഷ്ണേന്ദുവാണോ അച്ഛാ”, ഞാൻ ചോദിച്ചു. പേരറിയില്ല. അച്ഛൻ വീണ്ടും വിളിച്ചു; “അവന്റെ മകളുടെ പേരാണ്”, അച്ഛൻ പറഞ്ഞു. ആ നമ്പരിലേക്ക് 500 രൂപയിട്ടു. കാശ് വീണതും വിളി വന്നു. അച്ഛനിറങ്ങി.
അച്ഛൻ പോയ ശേഷമാണ് ഞാൻ ഷഫീക്കിനെ വിളിച്ചത്. ഫോണെടുത്തതും അവൻ ചോദിച്ചു- “ഓട്ടോയ്ക്ക്…”
“160”, ഞാൻ പറഞ്ഞു.
“എന്നിട്ടച്ഛൻ അയാളുടെ കാല് വെട്ടിയില്ലേ”, അവൻ ചിരിച്ചു.
ഞാനും ചിരിച്ചു, “അച്ഛൻ നല്ല അട ഉണ്ടാക്കി വെച്ചിട്ടുണ്ടായിരുന്നു, പീരയും പഞ്ചസാരയും”.
“നീയന്നു പറഞ്ഞില്ലേ തുമ്പപ്പൂവും പീരയും വെച്ച അടയെക്കുറിച്ച്…”, ഷഫീക്ക് ഓർമ്മിപ്പിച്ചു.
നേരാണല്ലോ. ഓണമാണല്ലോ. തുമ്പപ്പൂ പറിക്കണം, ഞാനും ഓർത്തു.
അച്ഛന് ഓലകൊണ്ട് പമ്പരവും പന്തും വാച്ചും പീപ്പിയും പാമ്പും ഉണ്ടാക്കാനറിയാം, പൂക്കുടയുണ്ടാക്കുന്നത് പന്തുണ്ടാക്കുന്ന പോലെ തന്നെയാണ്. കൊച്ചുന്നാളിൽ അച്ഛനുണ്ടാക്കി തരുന്ന കൂടയിലാണ് പൂ പറിച്ചിരുന്നത്. നാളെ അച്ഛനെക്കൊണ്ട് അതുപൊലൊരു പൂക്കൂട ഉണ്ടാക്കിക്കണം, എന്നിട്ടതിൽ തുമ്പപ്പൂ പറിച്ചു നിറയ്ക്കണം… കളത്തിപ്പറമ്പിൽ നിറയെ പൂക്കൾ കിട്ടും. പോയി നോക്കണം. പച്ചപ്പൂക്കൂടയിൽ തുമ്പ തുളുമ്പി നിൽക്കുന്ന ആ ഫോട്ടോ ഷഫീക്കിന് അയച്ചു കൊടുക്കണം.
എന്നെപ്പറ്റി നാട്ടിൽ പരന്ന ഓരോന്നു കേട്ടാണ് അമ്മക്ക് നെഞ്ചു വേദന കൂടിയത്. എന്നെ പെറ്റവൾ എന്ന അരിശത്തോടെ അപ്പോഴെല്ലാം അച്ഛനും അമ്മയെ കണ്ടു. വെള്ളമടിച്ചില്ലെങ്കിൽ അമ്മയോട് ഒന്നും മിണ്ടില്ല. ടി.വിയുടെ മാത്രം ഒച്ച വീട്ടിലുണ്ടാകും. വെള്ളമടിച്ചാൽ പിന്നെ അമ്മയോട് വർത്താനം തുടങ്ങും. അടിക്കുകയൊന്നുമില്ല. ചന്ദ്രൻ മാമന്റെ കല്യാണത്തിന് രാജമ്മ മാമിയുടെ വീട്ടിൽ പോയതും അവിടെ വെച്ച് അമ്മയെ ആദ്യം കണ്ടതും സ്നേഹം കൂടിയതും കല്യാണം ആലോചിച്ചതും തുടങ്ങി, ഓരോന്ന് ഓർത്തോർത്ത് പറയും. കരയും. ഞാനായിരുന്നില്ല ആദ്യത്തേത്. അതൊരു ആങ്കൊച്ചായിരുന്നു. പ്രസവം കഴിഞ്ഞ് കുറച്ചു നാളേ ഉണ്ടായിരുന്നുള്ളു. പനി കൂടി. എനിക്കു ശേഷം ഒരു കൊച്ച് ഉണ്ടായതുമില്ല. നൊന്തെരിഞ്ഞാണ് അമ്മ പോയത്.

അമ്മയുടെ മരണം അറിയിച്ച് വിളി വന്നപ്പോൾ ഞാൻ ഷൂട്ടിലായിരുന്നു. തുണിയില്ലാതെ കിടക്കുകയായിരുന്നു. എന്റെ മുകളിൽ കിടക്കുകയായിരുന്ന ആർട്ടിസ്റ്റ് എന്റെ പൊക്കിളിൽ ഉമ്മ വെയ്ക്കുന്നതിന്റെ ക്ലോസപ്പാണ്. ഫ്രെയിമിൽ അവിടം മാത്രമേയുള്ളു. അപ്പോഴാണ് ഫോണിൽ വിളിച്ച്, ആരോ പറഞ്ഞത്, അമ്മ മരിച്ചുവെന്ന്. ഷൂട്ട് പൂർത്തിയാക്കി ഞാൻ രാത്രി വന്നപ്പോഴേയ്ക്കും ചടങ്ങുകളെല്ലാം കഴിഞ്ഞിരുന്നു. കാത്തു നിൽക്കേണ്ട ആരെങ്കിലുമാണ് ഞാനെന്ന് ആരും കരുതിയില്ല. കാലങ്ങൾക്കു ശേഷം തിരിഞ്ഞു കയറിയ ബന്ധുക്കളും നാട്ടുകാരും എന്നെക്കണ്ട് ഒഴിഞ്ഞൊഴിഞ്ഞു പോയി. അച്ഛനും കത്തുന്ന ചിതയും ഞാനും മാത്രമായി. പെട്ടെന്ന് മഴ ആർത്തലച്ചുവന്നു. ചിത കെട്ടു. വേലി മറച്ച പ്ലാസ്റ്റിക് ഷീറ്റെടുത്ത് ചിതയ്ക്കു മുകളിൽ പിടിച്ചു. പുക പൊന്തുന്നുണ്ട്. പുകയും പതിയെ താണു. അമ്മയുടെ മാംസത്തിന്റെ മണം. കെട്ട കനലുകൾക്കും പാതി കരിഞ്ഞ വിറകുകൾക്കുമിടയിൽ ജീവിച്ചു തീരാത്ത അമ്മ.
മഴ തോർന്നപ്പോൾ വിങ്ങിക്കരഞ്ഞ് അച്ഛൻ അടുക്കള ചായ്പ്പിൽ നിന്ന് അമ്മ പെറുക്കിക്കൂട്ടിവെച്ചിരുന്ന കമ്പും വിറകും കൊട്ടയിലാക്കി കൊണ്ടുവന്നു കെട്ട കനലുകൾക്കു മുകളിലിട്ടു. അയലത്തു നിന്നാരും വന്നില്ല. ചന്ദ്രൻ മാമനെല്ലാം അവിടെ എത്തി നോക്കി നിൽപ്പുണ്ട്. ഞാനങ്ങോട്ട് വേലി നൂണ്ടു. വൈക്കോൽ തുറുവുണ്ട് അവിടെ. ചോദിക്കാനൊന്നും നിന്നില്ല. നനവിനടിയിൽ നിന്ന് ഉണങ്ങിയ വൈക്കോൽ വലിച്ചെടുത്ത് ചിതയിൽ കൊണ്ടു വന്നിട്ടു. റേഷൻ മണ്ണെണ്ണ ഒഴിച്ചു. അച്ഛൻ ലൈറ്ററെടുത്തു തന്നു. ചിത ഞാൻ വീണ്ടും കത്തിച്ചു. അമ്മ നിന്നാളി.
പിന്നീട് ഞാൻ വീട്ടിലേക്ക് പോകാറുണ്ടായിരുന്നില്ല. തേങ്ങ പീര ചീനച്ചട്ടിയിൽ ചൂടാക്കി വെന്തെണ്ണ തേക്കുന്നത് അതോടെ നിന്നു. വെന്തമണം അമ്മയെ ഓർമ്മിപ്പിച്ചു. ചില രാത്രികളിൽ സ്വപ്നത്തിൽ വെന്തെണ്ണ മണത്തി ഞെട്ടിയുണർന്നു.
നാളേറെക്കഴിഞ്ഞ് എനിക്കൊരു കോൾ വന്നു. ട്രൂ കോളറിലത് ‘ട്രീസ ഫുഡ്സ്’ എന്നു കാണിച്ചു. അച്ഛനായിരുന്നു, കാണണമെന്നു പറഞ്ഞു. വൈറ്റില ഹബ്ബിൽ പോയി കാത്തു നിന്നു. അച്ഛൻ വന്നിറങ്ങി. ഞങ്ങൾ പരസ്പരം മിണ്ടാതെ ഓട്ടോയിൽ കയറി ഫ്ളാറ്റിലെത്തി. ഷഫീക്ക് ഉണ്ടായിരുന്നില്ല. മുറിയിൽ കൊണ്ടുപോയി അച്ഛന്റെ ബാഗ് വെച്ചു. അവന്റെ ഷർട്ടും പാന്റുമെല്ലാം മുറിയിലുണ്ട്, “ഷഫീക്കിന്റെ മുറിയാണ്”.
അച്ഛൻ കുളിച്ചശേഷം നന്നായി തുമ്മുന്നുണ്ടായിരുന്നു. വെള്ളം മാറിയതിന്റെയാകും. ഞാൻ രാസ്നാദി പൊടി കൊണ്ടു പോയി കൊടുത്തു. ഞാനും അച്ഛനും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചു. വൈകിട്ട് ഷഫീക്ക് വന്നപ്പോൾ ഒരു കുപ്പിയും കൊണ്ടാണ് വന്നത്. അവർ രണ്ടു പേരും ഇരുന്നു കുടിച്ചു. ഞാനവർക്കൊപ്പം വെറുതെ ഇരുന്നു. ഒന്നും മിണ്ടാതെ അവർ കുടിക്കുക മാത്രം ചെയ്തു. ഷഫീക്ക് കുറച്ചു കഴിഞ്ഞ് ഞങ്ങൾക്കിടയിൽ നിന്ന് എഴുന്നേറ്റു; “രാവിലെ ഇത്തിരി നേരത്തെ ഓഫീസിൽ പോകണം”.
അച്ഛൻ പിന്നെയും കുടിച്ചു. അവിടെത്തന്നെയിരുന്ന് ഉറക്കം തൂങ്ങി. നന്നായി കുഴഞ്ഞിട്ടുണ്ടായിരുന്നു. ഞാൻ പതിയെ താങ്ങി എന്റെ കട്ടിലിൽ കൊണ്ടുപോയി കിടത്തി.
രാവിലെ ഞാനെഴുന്നേറ്റപ്പോഴേയ്ക്കും അച്ഛൻ അടുക്കളയിലാണ്. ചായയുണ്ടാക്കി അച്ഛൻ മൂന്നു ഗ്ലാസുകളിലൊഴിച്ചു. “വേസ്റ്റ് എവിടെയാണ് കളയുന്നത്, മോട്ടറിന്റെ സ്വിച്ച് എവിടെയാണ്’’ പോലുള്ള ചോദ്യങ്ങൾ ഉണ്ടായതൊഴിച്ച് സംസാരമൊന്നും ഉണ്ടായിരുന്നില്ല. അന്നു രാത്രിയും ഷഫീക്ക് കുപ്പിയുമായി വന്നു. തലേന്നത്തെ പോലെ എല്ലാം.
“അച്ഛാ ഇന്നെനിക്ക് ജോലിയുണ്ട്”, രണ്ടാം ദിവസം രാവിലെ ഞാൻ പറഞ്ഞു. താക്കോൽ കൊടുത്ത് ഞാനിറങ്ങി, ‘‘പുറത്തു പോവണമെങ്കിൽ… ഇതിരിക്കട്ടെ”, കുറച്ചു കാശ് കൊടുത്തു. അച്ഛനത് വാങ്ങി. ഷൂട്ട് കഴിഞ്ഞ് നേരെ വീട്ടിലേക്ക് ഞാനെത്തി. പടി കയറുമ്പോൾ തന്നെ മീൻ കറിയുടെ മണമടിച്ചു. അച്ഛൻ വീടെല്ലാം ക്ലീൻ ചെയ്ത് കറിയൊക്കെ വെച്ച് കാത്തിരിക്കുകയായിരുന്നു. ചെന്നപടി ഞാൻ കുറേ ചോറുണ്ടു.
“ഞാൻ നാളെ പോകും”, അച്ഛൻ പറഞ്ഞു.
അന്നും ഷഫീക്കുമൊത്ത് കുടിച്ചു. കഴിഞ്ഞ ദിവസങ്ങളിലെ പോലെ ഞങ്ങൾ ഒന്നും മിണ്ടാതെ ഏറെ നേരം ഒന്നിച്ചിരുന്നു. പിറ്റേന്ന് ഷഫീക്കിന്റെ ബൈക്കിൽ കയറി അച്ഛൻ പോയി. ഞാൻ കുറച്ച് കാശ് അച്ഛന് കൊടുത്തു വിട്ടു. പുതിയ സിമ്മിട്ട ഒരു ഫോണും കൊടുത്തു.
ദിവസവും അച്ഛന്റെ കോളിലാണ് പിന്നെ എഴുന്നേൽക്കാറുള്ളത്. രാത്രി വൈകി ഷൂട്ടുള്ള ദിവസങ്ങളാണെന്നു പറഞ്ഞാൽ പിറ്റേന്നു വിളിക്കില്ല. “എഴുന്നേറ്റായിരുന്നോ…”, എന്നച്ഛനും
“ഇപ്പോൾ എഴുന്നേറ്റതേയുള്ളൂ”എന്നു ഞാനും പറയും.
“എന്നാ ശരി’’ എന്നച്ഛൻ പറയും. ഇതു തന്നെ കോളിന്റെ സ്വഭാവം.
ഒച്ച മാറിയിരുന്നാൽ, “എന്താ പനിയുണ്ടോ’’ എന്നു ചോദിക്കും.
“ആലുവയില് പോണം… നീ വരണം”, ഒരു ദിവസം പറഞ്ഞു. അമ്മയുടെ അസ്ഥിനിമജ്ജനത്തിനാണ്. ഞാൻ ആലുവയിൽ ചെന്നു. കടലാസിൽ പൊതിഞ്ഞ് ഒരു പ്ലാസ്റ്റിക് കവറിനുള്ളിലിട്ട ചില്ലുകുപ്പിയുമായി അച്ഛനും വന്നു. ഞാനും അച്ഛനും നദിയിലിറങ്ങി. പുഴയിൽ മുങ്ങി. അമ്മയുടെ തണുപ്പ് പോകാൻ മടിച്ച് അസ്ഥി കുപ്പിക്കഴുത്തിൽ തങ്ങിനിന്നു. നന്നായി കുടഞ്ഞപ്പോഴാണ് പോയത്.
എനിക്ക് കരച്ചിൽ വന്നു.
ഞാൻ നദിയിലേക്ക് മുങ്ങി. അടിമണ്ണിൽ അമ്മയെ പരതി. എന്റെ കയ്യിൽ ഒരസ്ഥി തടഞ്ഞു. ഞാനത് കയ്യിലൊളിപ്പിച്ച് നദിയിൽ നിന്നു കയറി. അച്ഛൻ ആദ്യം തന്നെ കയറി തല തോർത്തി നിൽപ്പുണ്ടായിരുന്നു.
ഞാനെന്തോ കയ്യിലൊളിപ്പിച്ചതു കണ്ട് അച്ഛൻ നോക്കി. ഞാൻ കൈ തുറന്നു. അച്ഛൻ അതെന്റെ കയ്യിൽ നിന്നു വാങ്ങി പുഴയിലേക്ക് നീട്ടിയെറിഞ്ഞു, “പിടിച്ചുവെക്കരുത്… അമ്മ ചെല്ലട്ടെ”.
ഞാൻ കരഞ്ഞു.

അച്ഛൻ എന്റെ തല തോർത്തി തന്നു. പുഴയ്ക്കു കുറുകെയുള്ള നടപ്പാലം കടന്ന് ഇപ്പുറത്തെത്തിയപ്പോൾ അച്ഛൻ പറഞ്ഞു, “നല്ല പൊറോട്ടയും ബീഫും കിട്ടും”.
ഭക്ഷണം കഴിച്ച് കൈകഴുകി കൊണ്ടിരിക്കുമ്പോൾ പിന്നിൽ നിന്ന് അച്ഛൻ പറഞ്ഞു, വീട്ടിൽ ചെന്നിട്ട് പോയാൽ മതിയെന്ന്. ബസിറങ്ങി, ഓട്ടോ കയറി വീട്ടിലെത്തി. അയലത്തെ എത്തിനോട്ടങ്ങൾക്കിടയിലൂടെ വീട്ടിലേക്ക് കയറി. ഉത്തരത്തിലെ കഴുക്കോലുകൾ ഒടിഞ്ഞ്, വീട് തന്നെ തല താഴ്ത്തി നിൽക്കുകയാണ്. നനഞ്ഞ എന്റെ ഉടുപ്പുകൾ പ്ലാസ്റ്റിക് കവറിൽ നിന്നെടുത്ത് അച്ഛൻ മുറ്റത്ത് വെയിലത്തിട്ടു. ബ്രായും പാന്റീസുമെല്ലാം, അമ്മ എങ്ങനെയാണോ വീടിട്ടത്, അതുപോലെ അടുക്കിവെച്ചിട്ടുണ്ട് ഓരോന്നും. സന്ധ്യയായപ്പോൾ ഞാനച്ഛനോട് ചോദിച്ചു, “കാശു വേണോ?” വേണ്ടന്നു പറഞ്ഞിട്ടും കൊടുത്തു.
അപ്പുറത്തെ കോഴി മുട്ടയിടാൻ കയറിയപ്പോൾ, വേലിക്കൽ നിന്ന് രാജമ്മ മാമി വിളിച്ചു പറഞ്ഞു, “അയ്നെ ഇങ്ങട്ട് ഓടിച്ചേക്ക്”.
ഞാനോടിച്ചു വിട്ടു. ഇട്ട മുട്ടയും എടുത്തു കൊടുത്തു. മാമി അതും വാങ്ങി മുഖത്തേക്കു പോലും നോക്കാതെ അങ്ങു പോയി. കുറേ വൈകാതെ അച്ഛൻ വന്നു. വരാന്തയിലിരുന്ന് ഏതൊക്കയോ പാട്ടുകൾ ഉറക്കെ പാടി. അയലത്തെല്ലാവരും കേൾക്കാനുള്ള ഒച്ചയിൽ. ഞാനത് തടഞ്ഞില്ല. അതുകേട്ട് ഉറങ്ങി. പിറ്റേന്ന് രാവിലെ അച്ഛൻ ചോദിച്ചു, “പാടത്ത് മീങ്കേറിയിട്ടുണ്ട്, കൊച്ച് വരണുണ്ടാ”
പാടം നിറയെ ആളുണ്ടായിരുന്നു.
അച്ഛനും ഇറങ്ങി വീശി. മീനിനെ ഓടിച്ചിട്ട് വീശി. അച്ഛൻ വല കുടയുമ്പോൾ പെറുക്കി ഞാൻ കുടത്തിലിട്ടു. അവരെല്ലാം അച്ഛനോട് മിണ്ടുന്നുണ്ടായിരുന്നു. ഞാനവിടെ ഉള്ളതുപോലും ആരും ശ്രദ്ധിക്കുന്നേയില്ല.
“ഞാൻ വീശട്ടെ…”, ദേഷ്യം വന്നപ്പോൾ ഞാനച്ഛനോട് ചോദിച്ചു. അച്ഛൻ വലകുടഞ്ഞ് എനിക്ക് തന്നു. പാവാട മുട്ടിനു മേൽ കേറ്റിക്കുത്തി ഞാൻ പാടത്തേക്കിറങ്ങി. നോട്ടങ്ങൾ വന്നെന്റെ തുടയിലും നെഞ്ചത്തും വീഴുന്നുണ്ട്. ആ ചങ്കിടിച്ച നോട്ടങ്ങൾ ഞാനെത്ര കണ്ടതാണ്. ഞാനൊരു ഷൂട്ടിലാണ് എന്നങ്ങു കരുതി. തുണി മാറിപ്പോകുന്നതോ, തൊലി കൂടുതൽ കൂടുതൽ ദൃശ്യമാകുന്നതോ ശ്രദ്ധിക്കാതെ വല വീശിയെറിഞ്ഞു. “എന്നാ നോക്കി നിക്കേണ്, കേറിപ്പോര്”, പെണ്ണുങ്ങൾ മക്കളേയും ഭർത്താക്കന്മാരേയും ആങ്ങളമാരെയും വിളിച്ച് കരയിൽ കയറ്റി. പാടത്ത് ഞാനും അച്ഛനും മാത്രമായി. എനിക്ക് ചിരിയാണ് വന്നത്. അച്ഛനും ചിരിച്ചു. ഒരു വലിയ തമാശ സംഭവിച്ചതു പോലെ ചിരിച്ചു.

കിട്ടിയതിൽ കറിവെക്കാനുള്ളതു ബാക്കി വെച്ച് അച്ഛൻ മാർക്കറ്റിൽ പോയി. അച്ഛൻ കുടിച്ച് വന്നിരുന്ന് ചിരിച്ചു, “കൊച്ചിങ്ങു വാ… നാലായിരത്തി നാന്നൂറ് കിട്ടി… ഇന്നാ ബാക്കി കൊച്ചെടുത്തോ…’’
ഞാനത് വാങ്ങി വെച്ചു. പിറ്റേന്ന് രാവിലെ ഇറങ്ങിയപ്പോൾ അതു മുഴുവനും അച്ഛനു തന്നെ കൊടുത്തു. എനിക്ക് ഓട്ടോ വിളിച്ചു തരാൻ അച്ഛന്റെ ഫോൺ തന്നിട്ടു പറഞ്ഞു, “ട്രീസാ ഫുഡ്സിൽ വിളി” ഞാനതിലേക്ക് വിളിച്ചു.
“ങ്ഹാ.. കമലാനാ… ഓട്ടോ വിടണോ…”, അപ്പുറത്തു നിന്നുള്ള സ്ത്രീ സ്വരം ചോദിച്ചു.
“അതെ…”- എന്റെ സ്വരം കേട്ടതും അപ്പുറത്തു നിന്ന് വലിയ സ്നേഹത്തോടെ ആ സ്ത്രീസ്വരം പറഞ്ഞു, “ഇപ്പോ തന്നെ വിടാം മോളേ…” അപ്രതീക്ഷിതമായ ആ സ്നേഹം താങ്ങാനാവാതെ എന്റെ കണ്ണ് നിറഞ്ഞു.
അച്ഛൻ വീണ്ടും എന്റടുത്ത് കുറച്ചു നാളുണ്ടായിരുന്നു. കണ്ണോപ്പറേഷൻ കഴിഞ്ഞ്. ഷഫീക്കാണ് ആ സമയം കൂടുതലും പകൽ സമയങ്ങളിലുണ്ടായിരുന്നത്. കണ്ണിൽ മരുന്ന് ഒഴിച്ചു കൊടുത്തതും ഭക്ഷണം ഉണ്ടാക്കി കൊടുത്തുമെല്ലാം. അച്ഛൻ ഒരിക്കൽ പോലും ഷഫീക്കിനോട് കൂടുതലായി ഒന്നും ചോദിച്ചില്ല.
അച്ഛനുള്ളപ്പോൾ ഞാൻ ലൈവിൽ ചെല്ലേണ്ട സമയങ്ങളുണ്ടായിരുന്നു. അപ്പോൾ ഷഫീക്ക് എന്റെ റൂമിൽ ക്യാമറയും ലൈറ്റും സെറ്റ് ചെയ്ത് പുറത്തിറങ്ങും. ഞാൻ വാതിൽ പുറത്തു നിന്നും പൂട്ടും. ലൈവിൽ പെർഫോമൻസ് കാണാൻ വരുന്നവർക്കായി കുറുകലും ഞരങ്ങലുമെല്ലാം വേണം. അച്ഛനത് കേൾക്കാതിരിക്കാൻ ഷഫീക്ക് ടി.വി ഉറക്കെ വെച്ചു. ലൈവിൽ ഉണ്ടായിരുന്നവർ ടിവിയുടെ വോയ്സ് കുറയ്ക്കാൻ പറഞ്ഞപ്പോൾ, ഞാനവരോട് നുണ കൊഞ്ചി, “ഹസ്ബൻഡാ…” ഭർത്താവ് വീട്ടിലുള്ളപ്പോഴാണ് ഇവളിങ്ങനെ തങ്ങളുടെ മുന്നിലിരിക്കുന്നത് എന്നത് അവരുടെ ആവേശം കൂട്ടി. “അങ്ങേർക്കറിയാമോ…”- ആരോ മൂർച്ഛ കൂട്ടി ചോദിച്ചു. ഞാനതിലും മൂർഛയോടെ പറഞ്ഞു, “യില്ല…”
പൊടി കയറാതിരിക്കാൻ മുഖത്തൊട്ടി നിൽക്കുന്ന കണ്ണടയും വെച്ചാണ് അച്ഛൻ പോയത്. അച്ഛൻ പോയിക്കഴിഞ്ഞാണ് അച്ഛൻ കൊണ്ടുവന്ന അച്ചപ്പത്തിന്റെയും ചക്കരപെരട്ടിയുടെയും പാക്ക് ഞാൻ കണ്ടത്- ട്രീസാ ഫുഡ്സ്. ട്രീസ എന്നായിരിക്കും അവരുടെ പേര്, ഞാനോർത്തു.
പിന്നീട് ഞാൻ ഷൂട്ടില്ലാത്ത സമയങ്ങളിലെല്ലാം വീട്ടിൽ പോകാൻ തുടങ്ങി. ചെരിവ് മാറ്റി മുകളിൽ മുറിയെടുത്തപ്പോൾ വീടിന്റെ തലയുയർന്നു. ഇടക്കെപ്പോഴോ ഞാൻ അച്ഛനോട് ഒരു കല്യാണം കഴിക്കാൻ പറഞ്ഞു.
“എന്തിന്…”, അച്ഛൻ ഒഴിഞ്ഞുമാറി.
ഞാൻ വീട്ടിലെത്തുന്ന ദിവസങ്ങളിൽ അച്ഛൻ വരാൻ വൈകിയാലർത്ഥം പൂസായെന്നാണ്. ഞാനപ്പോൾ അകത്തു നിന്ന് പൂട്ടി മുകളിലത്തെ മുറിയിൽ ഉറങ്ങും. അച്ഛൻ രാത്രി എപ്പോഴോ വന്നു കയറും. ചിലപ്പോൾ അച്ഛനെ കൊണ്ടുവന്നുവിടുന്ന ബൈക്കിന്റെയോ ഓട്ടോയുടെയോ ശബ്ദം കേട്ടുണരാറുണ്ട്. വാതിൽ തുറക്കുന്നതിന്റെയും അകത്തു കയറുന്നതിന്റെയും ലോക്ക് ചെയ്യുന്നതിന്റെയും ചിലപ്പോൾ ബൾബിന്റെ സ്വിച്ച് ഇടുന്നതിന്റെ വരെ ശബ്ദം കേൾക്കും. ബാത്ത്റൂമിലെ പൈപ്പ് തുറക്കുന്നതിന്റെയും അടക്കുന്നതിന്റെയുമെല്ലാം കേൾക്കും. പിന്നെ നിശബ്ദമാകും. അച്ഛൻ ഉറങ്ങി, ഞാൻ പാതിയുറക്കത്തിലറിയും.
ബൈക്ക് വന്ന് നിന്നു. വാതിൽ തുറന്നു. അകത്തു നിന്ന് പക്ഷെ അടച്ചില്ല. വന്ന ബൈക്ക് തിരിച്ചു പോയതുമില്ല. ഞാൻ ശ്രദ്ധിച്ചു. പെട്ടെന്നൊരു ശ്രദ്ധ എന്നിലിരച്ചു കയറി. ഞാൻ പെട്ടെന്ന് ഫോൺ തപ്പിയെടുത്ത് അച്ഛന്റെ നമ്പരിലേക്ക് വിളിച്ചു. ഫോൺ അടിക്കുന്നുണ്ട്, പക്ഷെ അത് വീട്ടിലല്ല. ഞാനുറപ്പിച്ചു, വീട്ടിൽ കയറിയിരിക്കുന്നത് മറ്റാരോ ആണ്. അതച്ഛനല്ല.
സ്വിച്ച് ഇടുന്ന ശബ്ദം ഞാൻ കേട്ടില്ല. പടികയറി വരുന്ന ശബ്ദം കേൾക്കാം. ഒരാൾ മാത്രമേയുള്ളു. അയാൾ വന്ന് എന്റെ വാതിലിൽ പതിയെ മുട്ടി. ഞാൻ ബാഗിൽ നിന്ന് പെപ്പർ സ്പ്രേ വേഗമെടുത്ത് വാതിലിനടുത്ത് ഭിത്തിയിൽ ചേർന്നു നിന്നു.
വാതിലിൽ ശബ്ദം കുറച്ച് മുട്ടിവിളിക്കുകയാണ്.
“തുറക്കാമോ… എനിക്കൊന്ന് കണ്ടാൽ മതി”, പുറത്തു നിന്നുള്ള ശബ്ദം പതുക്കെ പറഞ്ഞു. അതാവർത്തിച്ചു. ആർത്തിയാടെ ആവർത്തിച്ചു, “തുറക്കൂ”
“അച്ഛനെവിടെ?”, ഞാൻ തിരിച്ചു ചോദിച്ചു.
“എനിക്കറിയില്ല”, അയാൾ പറഞ്ഞു.
“അച്ഛനെ നിങ്ങൾ എന്തു ചെയ്തു?”, ഞാൻ ഭയമില്ലാത്ത ശബ്ദം വരുത്തി.
“ഇന്നെന്തായാലും വരില്ല, വാതിൽ തുറക്കു”, അയാൾ കെഞ്ചുകയാണ്.
“സെക്സ് ചെയ്യാനാണോ”, ഞാൻ ചാറ്റ് ബോക്സിൽ വരുന്ന ചോദ്യങ്ങളോടെന്ന വിധം പ്രകോപിതയാകാതെ ചോദിച്ചു.
“എനിക്കൊന്ന് കണ്ടാൽ മതി”, അയാൾ പിന്നെയും അതുതന്നെ പറഞ്ഞു.
“വെബ്സൈറ്റുണ്ട്. അതിൽ വരൂ”, ഞാൻ എന്റെ സൈറ്റ് ഐഡി പറഞ്ഞു, “എൻ ഡബിളീ എൽ ഐ”.
“ഞാൻ കാശ് തരാം”, അയാൾ പറഞ്ഞു.
“ഇഷ്ടമുള്ളവരോടു മാത്രമാണ് എനിക്ക് സെക്സ് ചെയ്യാനാവുക”, ഞാൻ ശാന്തമായാണ് പറഞ്ഞത്.
“വാതിലൊന്ന് തുറക്കു, രജനിക്ക് ഇഷ്ടപ്പെടും”, അയാൾ പ്രലോഭനത്തോടെ കേണു.
“എന്തിഷ്ടപ്പെടുമെന്നാണ്”, ഞാൻ, ചോദ്യമിട്ടു.
“പ്ലീസ്”, അയാളുടെ ശബ്ദം വിറയ്ക്കുന്നുണ്ട്.
ഞാൻ വാതിൽ തുറക്കുകയും അയാൾ അകത്തേക്കു വരുകയും അയാളുടെ വസ്ത്രങ്ങൾ ഉരിയുകയും നഗ്നനായി നിൽക്കുകയും ചെയ്യുന്നത് ഞാനോർത്തു. എന്നാൽപ്പിന്നെ കണ്ടേക്കാം എന്നു തോന്നി.
ഞാൻ വാതിൽ തുറന്നു.
ഇരുട്ടായിരുന്നു.
‘ലൈറ്റിടട്ടേ’, ഞാനനുവാദം ചോദിച്ചു.
വെളിച്ചം വന്നപ്പോൾ അയാൾ കൗപീനം അഴിക്കുകയായിരുന്നു. കുടവയറും കൊമ്പൻ മീശയും കീരിടവും മാലയും കമ്മലുമുള്ള ഒരാൾ.
“ശരിക്കും മാവേലിയാണോ”, എനിക്കൊരു സംശയം.
“അല്ല, ആർട്ടിസ്റ്റാ”, അയാൾ വേഗം പറഞ്ഞൊപ്പിച്ചു.

ഞാനും അയാൾക്കെതിരെ നിന്ന് നിക്കറും ബനിയനും അഴിച്ചു. അപ്പോഴും പെപ്പർ സ്പ്രേ എന്റെ കയ്യിൽ തന്നെ ഇരിപ്പുണ്ടായിരുന്നു. ഞാനത് ഒളിപ്പിച്ചു പിടിച്ചു. അയാളെന്നെ നോക്കുന്തോറും കിതയ്ക്കാൻ തുടങ്ങി. മൂക്കാകെ വിടരുകയും വലിച്ചുകേറ്റുന്ന ശ്വാസത്തിന്റെ അളവു കൂടുന്നതും ശബ്ദത്തിൽ നിന്നറിയാം.
“തൊട്ടോട്ടെ”, അയാൾ ചോദിച്ചു.
“വേണ്ട”, ഞാൻ പറഞ്ഞു.
അയാൾ അയാളെ തന്നെ തൊട്ടു. എന്നെ കൊതിപ്പിക്കാനാകണം, ഒരാൾക്ക് മറ്റൊരാളെ എത്രമാത്രം മൃദുവായി തലോടാമോ, അത്രയേറെ ലോലമായി അയാൾ അയാളെ തൊട്ടു. അയാൾ കാലുകൾ വിടർത്തി നിലത്തിരുന്നു. അതുപോലെ ഞാനും ഇരുന്നു. പെപ്പർ സ്പ്രേ തൊട്ടടുത്ത് നിലത്തു വെച്ചു.
കാണുകയാണയാൾ, കിതയ്ക്കുകയാണയാൾ. ജലമായി അയാൾ പുറത്തേക്കു ചാടും എന്നായപ്പോൾ അയാൾ ഊരിയെറിഞ്ഞ കൗപീനമെടുത്ത് അതിൽ നനവൊപ്പി. ഒരു തുള്ളി പോലും നിലത്തു വീഴാതെ, അവസാനത്തെ തുള്ളി വരുന്നതു വരെ അയാൾ കാത്തിരുന്നു.
“എത്രയാണ് തരേണ്ടത്…?”, അയാൾ ചോദിച്ചു.
“ഒന്നും വേണ്ട, വേഗം പോകൂ”, ഞാൻ ധൃതി കൂട്ടി.
മുണ്ടും ഷാളും വേഗം എടുത്തിട്ട്, കൗപീനം നനവോടെ ചുരുട്ടി മടിക്കുത്തിൽ വെച്ച്, കിരീടവുമെടുത്ത് അയാൾ മടങ്ങാൻ തുടങ്ങി. “എന്നെ രജനിക്ക് മനസിലായോ”, അയാൾ പോകും മുൻപ് ചോദിച്ചു. എനിക്ക് മനസിലായില്ലായിരുന്നു. അയാൾ പറയാൻ തുടങ്ങുകയാണ് എന്നറിഞ്ഞപ്പോൾ ഞാനത് തടഞ്ഞു ചിരിച്ചു, “മാവേലിയല്ലേ… ”
മാവേലി വേഗം ഇറങ്ങി. ഞാൻ മുറിയുടെ വാതിലടച്ചു. മുൻവാതിൽ അടയ്ക്കുന്നതിന്റെയും ബൈക്ക് സ്റ്റാട്ട് ചെയ്യുന്നതിന്റെയും ശബ്ദം ഞാൻ കേട്ടു. ആ ബൈക്ക് അകന്നു തുടങ്ങിയപ്പോൾ ബെഡിൽ വന്നു കിടന്നു.
ഉണർന്നപ്പോൾ തുണിയില്ലാതെ കിടക്കുകയാണ് ഞാൻ. ചൂടു വന്നപ്പോൾ ഉടുപ്പെല്ലാം ഞാൻ തന്നെ ഊരി എറിഞ്ഞതാകും എന്നാണ് ആദ്യം കരുതിയത്. നിലത്തു കിടന്ന നിക്കറും ബനിയനും എടുത്തിട്ടു. അപ്പോഴാണ് പെപ്പർ സ്പ്രേ നിലത്ത് ഇരിക്കുന്നത് കണ്ടത്. പെട്ടെന്ന് തലേന്നത്തെ സംഭവങ്ങൾ ഓർത്തെടുത്തു. വാതിൽ തുറക്കാൻ ഒരു പേടി. ഞാനച്ഛന്റെ ഫോണിൽ വിളിച്ചു. ഇപ്പോഴും സ്വിച്ചോഫാണ്. അച്ഛൻ രാവിലത്തേക്കുള്ള ഭക്ഷണം ഉണ്ടാക്കുന്നുണ്ടാകണം. വാതിൽ പതിയെ തുറന്നു, ഇനിയഥവാ അയാൾ ഇപ്പോഴും വാതിലിനു പുറത്തുണ്ടെങ്കിലോ, എന്നോർത്തതും പെപ്പർ സ്പ്രേ കയ്യിലില്ലെന്നു തിരിച്ചറിഞ്ഞതും ഒരേ നിമിഷമാണ്. വാതിലിനു പുറത്ത് ആരുമില്ലായിരുന്നു. അച്ഛായെന്നു വിളിച്ച് പടിയിറങ്ങി. പുറത്തേക്കുള്ള വാതിൽ പൂട്ടിയിരിക്കുകയാണ്. എന്റെ കയ്യിലുള്ള താക്കോലിന് അകത്തുനിന്നു തുറന്ന് വീടിന് പുറത്തേക്കിറങ്ങി.
ഇല്ല അച്ഛൻ ഇനിയും എത്തിയിട്ടില്ല.
ഞാൻ ഷഫീക്കിനെ വിളിച്ചു.
ഞാൻ സ്വപ്നം കണ്ടതാണ് എന്നാണ് അവൻ പറയുന്നത്. പെപ്പർ സ്പ്രേ നിലത്തിരുന്നത് ഞാനവനോട് പറഞ്ഞു. “സ്വപ്നത്തിനിടയ്ക്കാകും പെപ്പർ സ്പ്രേ എടുത്തതും നിലത്തുവെച്ചതും…” ഷഫീക്ക് വിശദീകരിച്ചു.
“എന്നിട്ടച്ഛൻ എവിടെ?”, അവനാണ് ചോദിച്ചത്.
ഞാൻ വരുമ്പോഴെല്ലാം, കള്ളു കുടിക്കാനുള്ള കാശ് കൊടുക്കുന്നതാണ്. അതും വാങ്ങി കുടിച്ച്, അച്ഛൻ തിരിച്ചെത്താറുള്ളതാണ്. രാവിലെ എനിക്കുള്ളത് ഉണ്ടാക്കി വെച്ച് വാതിലിൽ വന്ന് “കൊച്ചേ”എന്നു വിളിക്കാറുള്ളതാണ്.
തലേന്ന് ഗൂഗിൾ പേയിൽ കാശിട്ട നമ്പരിലേക്ക് ഞാൻ വിളിച്ചു. കൃഷ്ണേന്ദുവാണ് ഫോണെടുത്തത്. അവൾ അവളുടെ അച്ഛനു കൊടുത്തു. അച്ഛന്റെ കൂട്ടുകാരൻ എന്നെ സമാധാനിപ്പിച്ചു- “ഞങ്ങൾ ഒന്നിച്ചു പിരിഞ്ഞതാണല്ലോ… രാവിലെ കൊച്ചുണരും മുൻപേ എങ്ങോട്ടെങ്കിലും പോയതാകും”
“അച്ഛന്റെ ഫോണും സ്വിച്ചോഫാ ചേട്ടാ”, ഞാനയാളോട് പറഞ്ഞു.
ഞാൻ ഷഫീക്കിനെ വീണ്ടും വിളിച്ചു, “പൊലീസിൽ പറയണോ”
“നല്ല ഫിറ്റായിക്കാണും… എവിടെയെങ്കിലും കിടന്നുറങ്ങിക്കാണും”, അവനും സമാധാനിപ്പിക്കുകയാണ്.
“ഇല്ല ഷഫീക്ക്, ഇന്നലെ രാത്രി കണ്ടത് സ്വപ്നമല്ല. അത് നടന്നതാണ്… അച്ഛനെന്തോ… സംഭവിച്ചിട്ടുണ്ട്”.
“അയാളുടെ മുഖം നീ ഓർക്കുന്നുണ്ടോ”, ഷഫീക്ക് ചോദിച്ചു.
‘‘ഇല്ല, എനിക്കതൊന്നും ഓർമ്മയില്ല’’.
ഷഫീക്ക് ചോദിച്ചു, “ഞാൻ വരണോ?”
വേണ്ട, ഓണമായിട്ട് അവൻ കുഞ്ഞിനെ കാണാൻ പോയതാണ്.
“അച്ഛൻ വരും”- ഞാനവനെ സമാധാനിപ്പിച്ചു.
ഇനി അവൻ പറയുന്നതു പോലെ അച്ഛൻ രാവിലെ ഞാൻ ഉണരും മുൻപേ എങ്ങോട്ടെങ്കിലും പോയതാണോ… എനിക്ക് ഇഷ്ടമാണെന്നറിയാം, അടയുണ്ടാക്കാൻ തുമ്പപ്പൂ പറിക്കാനെങ്ങാനും പൊയ്ക്കാണുമോ… വെളുപ്പിനെ വിടർന്നാലുടൻ പറിക്കാൻ… തുമ്പയിലെ ഇത്തിരി മധുരം പൂമ്പാറ്റകൾ നുകരും മുൻപേ പറിച്ചെടുക്കാൻ… ഞാനതൊക്കെ ആലോചിച്ചു കുളിച്ചു. പുതിയ ചുരിദാർ എടുത്തിട്ടു. എന്നിട്ടും അച്ഛൻ വന്നില്ല. ഞാനച്ഛന്റെ ഫോണിലേക്ക് വിളിച്ചു. എടുക്കുന്നില്ല.
ഞാനപ്പോഴാണ് ട്രീസാ ഫുഡ്സ് എന്നോർത്തത്. അടുക്കളയിൽ ചെന്നു നോക്കി. വറകളിട്ട ബക്കറ്റ് തുറന്നു. അതിൽ ട്രീസയിലെ പാക്കറ്റുകളുണ്ട്. ഞാനതിലെ നമ്പരിലേക്ക് വിളിച്ചു. ഫോണെടുത്തതും അപ്പുറത്തു നിന്നും സ്ത്രീ പറഞ്ഞു, ഞാനൂഹിച്ചു ട്രീസയാണ്- “അച്ഛനിവിടുണ്ട്… മോളിങ്ങു പോര്, ഞാൻ ഓട്ടോ വിടാം”
ഓട്ടോറിക്ഷ വന്ന് ഹോണടിച്ചു. ഞാൻ ഓട്ടോയിൽ കയറി പോകുന്നത് വേലികളടക്കം എത്തി നോക്കി. ഷഫീക്കിനെ വിളിച്ചു കാര്യം പറഞ്ഞു. അവന്റെ മകൾക്ക് അവൻ ഫോൺ കൊടുത്തു. ഞാനവളോട് ഹാപ്പി ഓണം പറഞ്ഞു. അവൾ ഒന്നും പറഞ്ഞില്ല. ഫോൺ ഷഫീക്കിന് തിരിച്ചു കൊടുത്തു ചോദിച്ചു, “വാപ്പി ആരായിത്…” ഷഫീക്ക് എന്റെ പേര് അവൾക്കു പറഞ്ഞു കൊടുത്തു, “രജനി… രജനി” ഞാനപ്പോഴാണോർത്തത്; “മാവേലിക്ക് എന്റെ പേരറിയാമായിരുന്നു”.
ട്രീസാ ഫുഡ്സ് എന്നെഴുതിയ ഗേറ്റിനു മുന്നിൽ ഓട്ടോ നിന്നു. ഓട്ടോക്കാരൻ കാശ് വാങ്ങിയില്ല. വറുത്ത എണ്ണയുടെയും പലഹാരങ്ങളുടേയും മണം. ബെല്ലടിച്ചപ്പോൾ ഇറങ്ങി വന്ന അമ്മൂമ്മ പറഞ്ഞു, “പിന്നിലുണ്ട്”.
വീടിനു പിന്നിലേക്ക് ചെന്നപ്പോൾ, നദിയുടെ ശബ്ദം കേൾക്കാം. കല്ലു കെട്ടിയിട്ടുണ്ട്. ഞാൻപടിയിറങ്ങി ചെന്നപ്പോൾ ട്രീസ കുളിച്ചു കിടപ്പുണ്ട്.
“അച്ഛൻ”, അപരിചിതയോട് ചോദിച്ചു.
“അച്ഛൻ ഉറങ്ങുകയാണ്. ഉണർത്തണോ”, പരിചിതയോടുള്ള അടുപ്പം ട്രീസയുടെ മറുപടിയിൽ.
ഞാൻ നദിയിൽ നോക്കി. കണ്ടാൽ ഇറങ്ങാൻ തോന്നുന്ന നദി. ഓണക്കോടിയാണ് ഞാനുടുത്തിരിക്കുന്നത്.
“സാരമില്ല, അഴിച്ചുവെച്ചിട്ട് ഇറങ്ങിക്കോളു”, ട്രീസയും നദിയും വിളിച്ചു.
ഞാൻ ചുരിദാർ ഊരി മടക്കി വെച്ച്, ഷഡി ഒരു മരക്കൊമ്പിൽ ഞാത്തിയിട്ട് ഇറങ്ങി.
ഇളം ചൂടുള്ള നദി.
ട്രീസ പറഞ്ഞു, “അച്ഛൻ നന്നായി കുടിച്ചിട്ടുണ്ടായിരുന്നു. ഏതോ ഒരു മാവേലി ബൈക്കിൽ കൊണ്ടുവന്നാക്കി… വീട്ടിലേക്കു വീടാവുന്ന പരുവമായിരുന്നില്ല”.
മാവേലിയെന്ന് കേട്ട്, ഞാനൊന്നു ഞെട്ടി. സ്വപ്നം കണ്ടതാണെന്ന് ഷഫീക്ക് പറഞ്ഞത് അപ്പോൾ വെറുതെയാണ്. കുളിച്ചു കയറട്ടെ, അച്ഛന്റെ പോക്കറ്റിൽ താക്കോലുണ്ടോ എന്നു നോക്കാമല്ലോ.
“മോൾക്ക് നീന്താനറിയാമോ”, ട്രീസ ചോദിച്ചു. എനിക്കറിയാമായിരുന്നു. അച്ഛൻ കൈത്തണ്ടയിലിട്ട് പഠിപ്പിച്ചിട്ടുണ്ട്. ഞങ്ങൾ നീന്താൻ തുടങ്ങി. ട്രീസ എന്നെ എവിടേയ്ക്കോ കൊണ്ടു പോവുകയാണ്. ഇരുപുറവും തീരങ്ങളിൽ കൂടുതൽ പച്ചപ്പും വള്ളികളും പൂക്കളും പുഴിയിലേക്ക് ചാഞ്ഞു കിടക്കുന്നു. ഒരു വളവുതിരിഞ്ഞതും പുഴയാമ്പലുകൾ കൂറ്റൻ പൂക്കളമിട്ടിരിക്കുന്നതു കണ്ടു. അതിന്റെ മുകളിൽ കുറച്ചു കൊക്കുകളും. അതിൽ നിന്നൊരു പൂവ് പറിച്ച് കടിച്ചെടുത്ത് ട്രീസ തിരിച്ചുനീന്തി. ഞാനും ഒരു പൂ പറിച്ച് കടിച്ച് ട്രീസയ്ക്കൊപ്പം നീന്തിയെത്തി. കടവിലെത്തിയപ്പോൾ അച്ഛൻ അവിടെ ഇരിപ്പുണ്ടായിരുന്നു.

ഞങ്ങൾ രണ്ടും കരയിലേക്ക് കയറി. ട്രീസ ആദ്യവും ഞാൻ പിന്നാലെയും. ഞാൻ നദിയിൽ ഒന്നു കൂടി മുങ്ങി. നദിയുടെ മണലിൽ അറിയാതെ പരതി. കല്ലോ, എല്ലോ എന്തോ തടഞ്ഞു. ഞാനതെടുത്തു. ഞങ്ങൾ രണ്ടും അലക്കു കല്ലിൽ ആമ്പൽപ്പൂക്കൾ വെച്ചു. അച്ഛൻ തോർത്തെടുത്ത് നീട്ടി. ട്രീസ വാങ്ങി എനിക്കു തന്നു. നദി തന്നത് കയ്യിൽ ഒളിപ്പിച്ചാണ് തല തോർത്തിയത്. ഉടുപ്പുകൾ ഒന്നൊന്നായി എടുത്തിട്ടു. അതിനിടയിൽ അച്ഛനും കുളിച്ചു കയറി. ട്രീസ തോർത്ത് അച്ഛനു കൊടുത്തു.
അവരാദ്യവും ഞാൻ പിന്നാലെയും കടവിൽ നിന്ന് മേലേയ്ക്കു കയറി. കൈക്കുള്ളിൽ എന്തെന്ന് ഞാൻ തുറന്നു നോക്കി. പിന്നെ അച്ഛനോ ട്രീസയോ കാണാതെ അക്കല്ല് പുഴയിലേക്കു തന്നെ തിരിച്ചിട്ടു.
അടുക്കള വഴിയാണ് ട്രീസയുടെ വീടിന്റെ അകത്തേക്ക് കയറിയത്. ഞങ്ങൾ ഒന്നിച്ചിരുന്ന് ഓണസദ്യ ഉണ്ടു. പായസത്തിന്റെ മത്തിൽ അവിടവിടെയായി ഒന്നു മയങ്ങി, ശേഷം മറ്റൊരു ഓട്ടോയ്ക്ക് വീട്ടിലേക്ക് പുറപ്പെട്ടു. ഞാനച്ഛനോട് വീടിന്റെ താക്കോൽ എവിടെ എന്നു ചോദിച്ചതേയില്ല. ഓട്ടോക്കാരൻ കാശ് വാങ്ങിയില്ല, ട്രീസ തന്നോളുമെന്നു പറഞ്ഞു. ഞാൻ എന്റെ കയ്യിൽ താക്കോലുള്ളതായി ഭാവിച്ചതേയില്ല. വീട്ടിലേക്ക് കയറിയതും അച്ഛൻ ഷർട്ടിന്റെ പോക്കറ്റിൽ നോക്കി, താക്കോൽ പോക്കറ്റിലില്ല. പിന്നെ മുണ്ടു പൊക്കി, നിക്കറിന്റെ പോക്കറ്റിൽ നോക്കി. താക്കോൽ ആ പോക്കറ്റിൽ ഉണ്ടായിരുന്നു.
അച്ഛൻ പോക്കറ്റിൽ നിന്ന് താക്കോലെടുത്ത് വാതിൽ തുറന്നു, ഞാനും അച്ഛനും അകത്തേക്കു കയറി. ഞാൻ അച്ഛനോടു ചോദിച്ചു, “ഇന്നും കൃഷ്ണേന്ദുവിന്റെ നമ്പരിലേക്കു തന്നെ കാശിട്ടാൽ മാതിയോ അച്ഛാ”.
“വേണ്ട കൊച്ചേ… ഇന്നു ഞാൻ വേറൊരു നമ്പര് തരാം”, അച്ഛൻ പോക്കറ്റിൽ നിന്ന് ഫോണെടുത്ത് ആ നമ്പർ വേഗം കണ്ടെത്തി. ഞാനതിലേക്ക് അഞ്ഞൂറിട്ടു.