‘‘പ്ച്ഹാ, നല്ല സൊയമ്പൻ സാധനം. ഇതിന്റെ കൂടെ അച്ചാറിന് പകരം വല്ല എറച്ചിയും ആയിരുന്നെങ്കി ഒന്നൂടെ പൊളി ആയേന’’
ഒരു പെഗ് മദ്യം വായിലേക്കിറക്കി ചിറി തുടച്ച് ഷിബു അത് പറയുമ്പോൾ അടുത്ത പെഗ്ഗിന് വേണ്ടി ഗ്ലാസ്‌ നീട്ടിക്കൊണ്ട് ബിജു ഏറ്റു പിടിച്ചു.
‘‘അളിയാ എറച്ചി എന്ന് പറഞ്ഞാ സാധാ എറച്ചി ഒന്നുമല്ല വല്ല പന്നി എറച്ചിയും ആവണം. ഹോ നല്ല കിളു കിളാ ഇരിക്കും’’.

അവൻ കുളിര് കോരുന്ന പോലെ ഒന്ന് വെട്ടി വിറച്ചുകൊണ്ട് പറഞ്ഞവസാനിപ്പിക്കുമ്പോൾ തങ്ങൾ ഇരിക്കണ റബ്ബർ തോട്ടത്തിലെ ഷീറ്റ് ഉണക്കുന്ന വീടിന്റെ ചായ്‌പ്പിലേക്ക് ഇറങ്ങി നിന്ന് ബൾബ് ശരിയാക്കിക്കൊണ്ട് രായൻ പറഞ്ഞു,
‘‘എന്നാ പിന്നെ നെനക്ക് വരുമ്പോ കൊറച്ച് വാങ്ങിക്കൊണ്ട് വന്നൂടേർന്നാ?".

അവനെ നോക്കി പല്ല് കടിച്ചുകൊണ്ട് ബിജു മുരളുന്ന പോലെ പറഞ്ഞു, ‘‘ആകെ ദെവസം മുഴുവൻ വെയില് കൊണ്ട് തട്ടടിക്കുമ്പോ കിട്ടണത് ആയിരം രൂപേണ്. മാസത്തീ പത്ത് ദെവസം തെകച്ച് പണി കാണൂല. അത് കൊണ്ട് പിള്ളേര്ക്ക് കഞ്ഞി വാങ്ങി കൊടുക്കാൻ പറ്റണില്ല. അപ്പഴാണ് നെനക്ക് ചൂപ്പാൻ ഞാൻ എറച്ചി വാങ്ങാൻ പോണത്’’.

അവനെ നോക്കി ചിരിച്ച് അവർക്കിടയിലേക്ക് വന്നിരുന്നുകൊണ്ട് രായൻ പറഞ്ഞു, ‘‘നീയല്ലേ പുല്ലേ പന്നി എറച്ചി കൂട്ടി അടിച്ചാൽ കിളു കിളു എന്നും പറഞ്ഞ് ചാടിയത്. ഇപ്പോ എന്റെ കുറ്റം ആയാ’’.

അത്രേം നേരം മിണ്ടാണ്ടിരുന്ന കുട്ടൻ താടിയിൽ തടവി എന്തോ ആലോചിച്ചുകൊണ്ട് ചോദിച്ചു, "നെനക്കൊക്കെ പന്നി എറച്ചി വേണോ?"

മൂന്നാളും കണ്ണ് മിഴിച്ച് അവന്റടുത്തേക്ക് നോക്കിയപ്പോൾ കുട്ടൻ ഒരു കുഴഞ്ഞ ചിരിയോടെ തുടർന്നു, "നെനക്കൊക്കെ ധൈര്യം ഒണ്ടെങ്കി നമ്മക്ക് മറ്റന്നാ കാലത്ത് പന്നീം കൂട്ടി അടിക്കാം. അതും നല്ല കാട്ടുപന്നി."

ഒന്നും മനസ്സിലാകാതെ ഗ്ലാസിൽ ബാക്കിയിരുന്നതിനെയും വായിലേക്ക് കമിഴ്ത്തിക്കൊണ്ട് ബിജു അവന്റടുത്തേക്ക് നീങ്ങിയിരുന്നുകൊണ്ട് താല്പര്യത്തോടെ ചോദിച്ചു, "എങ്ങനാടാ… എങ്ങനാടാ?"

അവന്റെ കയ്യിൽ നിന്ന് ഗ്ലാസ്‌ തട്ടിവാങ്ങി അതിലേക്ക് വിരൽ വച്ചളന്ന് കുപ്പിയിൽ നിന്ന് മദ്യം ഒഴിച്ചുകൊണ്ട് കുട്ടൻ എല്ലാരുടേം മുഖത്തേക്ക് മാറി മാറി നോക്കിക്കൊണ്ട് ചോദിച്ചു, "നെനക്കൊക്കെ ധൈര്യം ഒണ്ടാ?"

കാര്യമെന്തെന്നറിയാതെ അസ്സഹനീയതയോടെ ബാക്കി മൂന്ന് പെരും ഒന്നിച്ച് ചോദിച്ചു, "ആദ്യം നീ കാര്യം പറ മൈരേ."

ഗ്ലാസിൽ നിന്ന് മദ്യം ഒറ്റയടിക്ക് വായിലേക്കൊഴിച്ച് 'ഗ്ഹാ!' എന്നാക്കി മുഖത്തേക്ക് ഗൗരവം വരുത്തിക്കൊണ്ട് കുട്ടൻ പറഞ്ഞു, "ഞാനെന്നും കാലത്ത് റബ്ബർ വെട്ടാൻ ദേണ്ട നമ്മള കുന്നിന്റെ മണ്ടേൽ ചെല്ലുമ്പം അങ്ങ് താഴെ എന്തരക്കെ അനക്കം കേക്കാം. ഒരു ദെവസം ഞാൻ നോക്കുമ്പം പാറക്കൂട്ടത്തിന്റെ താഴെ നെറയെ കാടും ചെളീം ഒക്കെ നെറഞ്ഞ് കെടക്കണടുത്ത് കൊറേ പന്നികൾ."

ഉടുത്തിരുന്ന കൈലി കാലിന്റെ ഇടയിലേക്ക് കുറച്ചൂടെ ചെരുകി വച്ചുകൊണ്ട് കൈ വായുവിൽ നീട്ടി ആംഗ്യം കാണിച്ചുകൊണ്ട് അവൻ തുടർന്നു, "ഓരോന്നും ദേ ഇത്തറ ഒണ്ട്. ഒരു പോത്ത്ക്കുട്ടിയെക്കാളും വലുത്. കിട്ടിയാ ഒരാഴ്ച്ച വച്ചടിക്കാം."

തുറിച്ചു വന്ന കണ്ണുകൾക്കൊപ്പം കുറെ തുപ്പൽ കുടിച്ചിറക്കിക്കൊണ്ട് ബിജു ചോദിച്ചു, "അളിയാ പന്നി ഒക്കെ റിസ്ക് അല്ലേ?"

മുഖത്തേക്ക് വന്ന പുച്ഛത്തോടെ കുട്ടൻ പറഞ്ഞു, "ഇതാ ഞാൻ പറഞ്ഞത് ധൈര്യം വേണമെന്ന്."

ഷിബു മുന്നിലേക്ക് നീങ്ങിയിരുന്നുകൊണ്ട് പറഞ്ഞു. "അളിയാ അവൻ ചോദിച്ചതും കാര്യമല്ലേ, തേറ്റയും കൊമ്പും ഒക്കെ ഒള്ള ഐറ്റം അല്ലേ പന്നികൾ. പള്ളേല് എങ്ങാനും വച്ച് കുത്തി തന്നാ അതോടെ തീർന്ന്."

അത് പറഞ്ഞ് മുഴുവിപ്പിക്കും മുന്നേ കൈ മുന്നോട്ട് നീട്ടിക്കൊണ്ട് കുട്ടൻ പറഞ്ഞു, "എടാ മണ്ടന്മാരെ, നമ്മളതിന് അതിന്റെ മുമ്പില് ഒന്നും എറങ്ങി നിക്കണ്ട. നമ്മളിപ്പോ നാല് പേരില്ലേ. നാളെ പകൽ മുഴുവൻ നിന്ന് അവിടെ അതിനെ പൂട്ടാൻ കൊറേ കെണികൾ ഒണ്ടാക്കണം. എന്നിട്ട് നോക്കി ഇരിക്കണം. അത് പെട്ടെന്ന് ഒറപ്പായതും വെട്ടിക്കൂട്ടി എറച്ചി മാത്രം എടുത്തോണ്ട് പോരണം. അത്രേ ഒള്ളൂ’’.

കുപ്പിയിൽ ഉണ്ടായിരുന്ന അവസാന തുള്ളിയും ഗ്ലാസ്സിലേക്ക് കമിഴ്ത്തിക്കൊണ്ട് രായൻ പറഞ്ഞു, ‘‘പറയാൻ എളുപ്പമാണ്. ചെന്ന് കേറുമ്പോ അറിയാം. വല്ലോരും അറിഞ്ഞാ കേസും ആവും’’.

അവന്റെ നേർക്ക് നോക്കിക്കൊണ്ട് കുട്ടൻ, ‘‘അതിന് നമ്മൾ നാലും അല്ലാതെ ആര് അറിയാൻ. ആ കാട്ടിലോട്ട് വെറവ് പറക്കാൻ പോലും ഒരുത്തരും പോവൂല. അതോണ്ട് നമ്മൾ പകൽ പോയി കെണി വച്ചാലും ഒരുത്തനും അറിയാൻ പോണില്ല. പിന്ന പന്നികൾ വരണത് രാത്രീല് ആവും അപ്പൊ അതിനെ ശബ്ദം പോലും കേപ്പിക്കാതെ വെട്ടണ കാര്യം ഞാനേറ്റ്. എന്തരായാലും ഇത്തിരി ശബ്ദം വന്നാലും ഈ റബ്ബർ തോട്ടങ്ങൾ കഴിഞ്ഞ് അങ്ങ് താഴെ ആളുകൾ താമസിക്കണ അടുത്തൊന്നും അതെത്തൂല’’.

സംശയഭാവത്തോടെ മുന്നോട്ട് ആഞ്ഞുകൊണ്ട് ഷിബു ചോദിച്ചു, ‘‘അപ്പൊ നമ്മളിത് വീട്ടിൽ കൊണ്ട് പോവുമ്പോ റപ്പർ വെട്ടാൻ വരണോർ കാണൂലെ’’.

പൊട്ടിച്ചിരിച്ചുകൊണ്ട് കുട്ടൻ പറഞ്ഞു, ‘‘അതിനാര് വീട്ടില് കൊണ്ട് പോണ്’’.

സംശയത്തോടെ ഷിബു, ‘‘പിന്ന?’’

ചിരിച്ചുകൊണ്ട് തന്നെ കുട്ടൻ തുടർന്നു, ‘‘വീട്ടില് കൊണ്ട് പോയാ അവിടെ ഒള്ള പെണ്ണുങ്ങള അടക്കം വിശ്വസിക്കാൻ പറ്റൂല. അതോണ്ട് നമ്മൾ വെട്ടി ചാക്കിലാക്കി പാറേല് കൂടെ കേറി ഞാൻ വെട്ടണ വെളേര മോളിൽ വരും. അവിടക്കൂട നേരെ ഇവിട കൊണ്ട് വന്ന് നമ്മക്ക് ഇതിനകത്തിട്ട് വയ്ക്കാം’’.

ഉടനെ ചിരിച്ചുകൊണ്ട് ബിജു പറഞ്ഞു, ‘‘ഓ ആരേലും ചോദിച്ചാലും ഷീറ്റ് ഒണക്കാൻ പൊക ഇടണത് അല്ലേ?’’

മടിയിൽ നിന്നൊരു ബീഡി എടുത്ത് ചുണ്ടത്ത് വച്ച് കത്തിച്ചുകൊണ്ട് കുട്ടൻ പറഞ്ഞു, ‘‘അങ്ങന പറഞ്ഞാലും ഇതിന വേവിക്കണ മണം വരൂലേ. അതോണ്ട് നാട്ടാര ബോധിപ്പിക്കാൻ എവിടുന്നേലും ഒരു കോഴിയ കൂട പിടിച്ചോണ്ട് വന്നാൽ മതി’’.

തറയിൽ നിന്ന് ഷർട്ട് കുടഞ്ഞെടുത്ത് തോളത്തേക്ക് ഇട്ടുകൊണ്ട് രായൻ തറയിൽ കൈ കുത്തി എഴുന്നേറ്റുകൊണ്ട് പറഞ്ഞു, ‘‘അളിയാ റിസ്ക് ആണ്. കേസ് ആവും. ഞാനില്ല ഇതിന്’’.

അവനെ പുച്ഛത്തോടെ ബാക്കി മൂന്ന് പേരും നോക്കിക്കൊണ്ടിരിക്കെ, ഷിബു പറഞ്ഞു, ‘‘നീ ഇല്ലേൽ വേണ്ട. അവസാനം പങ്കും ചോദിച്ചോണ്ട് വരല്ല്’’.

തറയിലേക്ക് ആഞ്ഞ് തുപ്പി ആടിത്തിരിഞ്ഞു നടന്നുകൊണ്ട് രായൻ വിളിച്ചു പറഞ്ഞു, ‘‘എനിക്ക് വേണ്ട നിന്റയൊക്കെ ഒണക്ക പങ്ക്’’.

‘പേടിത്തൊണ്ടൻ’ എന്ന് പറഞ്ഞുകൊണ്ട് ബിജു കുട്ടന്റെ നേരെ നോക്കി ചോദിച്ചു, "അപ്പൊ ഇനി എന്തരാണളിയാ നമ്മള പ്ലാൻ’’.

കുട്ടനും അവിടന്ന് എഴുന്നേറ്റുകൊണ്ട് പറഞ്ഞു, "ഇന്നിപ്പോ രാത്രി ആയില്ലേ. നാളെ പകൽ നമ്മക്ക് കൊറച്ച് സാധനങ്ങൾ ഒപ്പിക്കണം എന്നിട്ട് ഒരു ഉച്ച ഒക്കെ ആവുമ്പം കുടുക്കുകൾ ഇടണം. രാത്രീല് പോര്’’.

ബിജുവും ഷിബുവും കൂടി എഴുന്നേറ്റ് അവന്റെ തോളിൽ കയ്യിട്ടുകൊണ്ട് പറഞ്ഞു, "നമ്മൾ പൊളിക്കും. ബാ…"

അവർ മൂന്ന് പേരും കൂടെ പുറത്തേക്ക് ഇറങ്ങി ഉറക്കെ പാട്ട് പാടി നടക്കാൻ തുടങ്ങി.

"എന്താണ്ടാ ചോറ്?
ഞാൻ വെട്ടിക്കൂട്ടണതെല്ലാം ചോറ്.
എന്താണ്ടാ കൂറ്?
വെട്ടീട്ടും കീറീട്ടും പൊട്ടാത്തത് കൂറ്."

ഇരുട്ടിലാ പാട്ട് മാത്രം റബ്ബർ മരങ്ങൾക്കിടയിൽ വട്ടം ചുറ്റുമ്പോൾ കുന്നിനപ്പുറത്ത് കാടിനുള്ളിൽ ഇരുട്ടിൽ തിളങ്ങുന്ന പന്നിക്കണ്ണുകൾ.

രാവിലെ ബിജു അതിവേഗത്തിൽ കുട്ടന്റെ വീട്ടിലേക്ക് കയറിച്ചെന്ന് വിളിക്കാൻ തുടങ്ങി, "അളിയാ…അളിയാ…"

കതക് തുറന്ന് പുറത്തിറങ്ങിക്കൊണ്ട് കുട്ടൻ ചോദിച്ചു, "ആഹാ നീയാ…"

"ഓഹ് നമ്മക്ക് കാര്യങ്ങൾ സെറ്റ് ആക്കണ്ടേ അളിയാ?"

"ഓ ഡാ, ഞാൻ ദേ റെഡി ആയി. ഷിബു എവിടെ?"

"ഞാൻ ദേ ഇവിടെ ഒണ്ടേ’’, ആ ചോദ്യവും കേട്ടുകൊണ്ട് വന്ന ഷിബു കയ്യുയർത്തിപ്പിടിച്ചുകൊണ്ട് കുട്ടന്റെ വീടിന്റെ സിറ്റൗട്ടിലേക്ക് ചാടിക്കയറി. അവനെക്കൂടെ കണ്ടതും ഇട്ടിരിക്കുന്ന ഷർട്ടിന്റെ കൈ മുകളിലേക്ക് വേഗം തെറുത്ത് കയറ്റിക്കൊണ്ട് കുട്ടൻ ചോദിച്ചു, "രായൻ ഇല്ലെന്ന് ഒറപ്പാണാ?"

അത് കേട്ടതും പുച്ഛത്തോടെ മുഖം കോട്ടിക്കൊണ്ട് ബിജു പറഞ്ഞു, "ഞാൻ കാലത്ത് വിളിച്ചത് തന്ന. അപ്പൊ അവന് ഭയങ്കര ഗമ’’.

"അവൻ വരണില്ലെങ്കി വേണ്ടടെ നമ്മക്ക് പുവാം’’, അതും പറഞ്ഞ് ഷിബു കൈലി മടക്കിക്കുത്തി പുറത്തേക്കിറങ്ങി. അവന് പിറകേ മറ്റ് രണ്ട് പേരും. ബിജു ബൈക്ക് കിക്കറടിച്ച് സ്റ്റാർട്ട്‌ ചെയ്യുന്നതിനിടയിൽ തല ചരിച്ച് പുറകിലേക്ക് നോക്കിക്കൊണ്ട് കുട്ടനോട് ചോദിച്ചു, "ആദ്യം നമ്മൾ എങ്ങോട്ടാ അളിയാ?"

ഗിയർ വീഴുന്ന ശബ്ദത്തിനിടയിൽ ബിജുവിന്റെ തോളിൽ പിടിച്ച് ബൈക്കിലേക്ക് അമർന്നിരുന്നുകൊണ്ട് കുട്ടൻ പറഞ്ഞു, "ആദ്യം ഏതേലും ഓട്ടോ വർക്ഷോപ്പിലേക്ക് വിട്."
"അതെന്തരിന്?"
"കൊറേ ബ്രേക്ക് കേബിൾ ഒപ്പിക്കണം’’.
"വോക്കെ’’.

ബിജു ബൈക്ക് പറപ്പിച്ച് വിടുമ്പോൾ അവന് പുറകിലിരുന്ന് കുട്ടൻ മനസ്സിൽ ഓരോന്ന് കണക്ക് കൂട്ടിക്കൊണ്ട് മുന്നിലേക്ക് ആഞ്ഞിരുന്ന് ബിജുവിനോട് പറഞ്ഞു, "ഡാ നീ വണ്ടി ഒന്ന് സൈഡ് ആക്കിക്കേ’’.

വണ്ടി സൈഡിലേക്ക് ഒതുക്കിയതും പുറകേ വന്ന ഷിബുവും അവർക്കരികിലേക്ക് വണ്ടി ഒതുക്കി നിർത്തി.അവനെ നോക്കിക്കൊണ്ട് കുട്ടൻ പറഞ്ഞു, "ഡേയ് നമ്മള പാറ പൊട്ടിക്കാൻ പോണ തങ്കപ്പൻ മാമന്റ അടുത്ത് കൂടം കാണും. നീ പോയി അത് വാങ്ങിക്ക്. നാളെ ഉച്ചക്ക് തരാന്ന് പറ’’.

സംശയത്തോടെ ബിജു തിരിഞ്ഞു, "കൂടം ഒക്കെ എന്തിന്?"
അവന്റെ മുഖത്തേക്ക് നോക്കിക്കൊണ്ട് കുട്ടൻ പറഞ്ഞു, "ഈ പന്നിക്ക് അപാര തൊലിക്കട്ടി ആണെടാ. കൂടം കൊണ്ട് തലയ്ക്കടിച്ചാ കൊല്ലാൻ എളുപ്പോണ്’’.

ഷിബു കുട്ടന് നേരെ തിരിഞ്ഞുകൊണ്ട് ചോദിച്ചു, "മാമൻ എന്തരിനെന്ന് ചോദിച്ചാ എന്തര് പറയണം?"

"ഞാൻ വെട്ടണ വെളേല് റപ്പറിന്റെ എടേൽ കെടക്കണ കൊറച്ച് കല്ല് അടിച്ച് പൊട്ടിച്ച് കളയാനെന്ന് പറ."
"ഓ."
ഇരച്ചുകൊണ്ട് രണ്ട് ബൈക്കുകൾ രണ്ട് വഴിയിലേക്ക് തിരിഞ്ഞു.

കുറച്ചുനേരം കഴിഞ്ഞതും ഷിബുവിന്റെ ഫോണിലേക്ക് കുട്ടന്റെ കാൾ, "അളിയാ നിങ്ങളെവിട?"
"ഞങ്ങള് ദാണ്ട വിനോദിന്റെ വർക്ഷോപ്പിൽ ഒണ്ട്’’.
"ഓ അളിയാ. ഞാൻ ദാ വരണ്’’.

കാൾ കട്ടായി പത്ത് മിനുട്ട് കഴിഞ്ഞ് ഷിബു വർക്ക് ഷോപ്പിലേക്ക് എത്തുമ്പോൾ കുട്ടനും ബിജുവും ചേർന്ന് കുറേ കേബിളുകൾ ചുറ്റുകയായിരുന്നു. ഒന്നും മിണ്ടാതെ ഷിബുവും അതിനൊപ്പം ചേർന്ന് ചാക്കിലേക്ക് വാരിക്കയറ്റാൻ തുടങ്ങി. അതും കണ്ടോണ്ട് വന്ന വിനോദ് ചോദിച്ചു, "എന്തരിന് അണ്ണാ ഇത്രേം കേബിൾ?"

"ഓ വെട്ടണ വെളേല് ഞാൻ കൊറച്ച് കെഴങ്ങ് നട്ടടെ. ഫയങ്കര പന്നി ശല്യം. പന്നി കേറാതിരിക്കാൻ ചെറിയൊരു വേലി കെട്ടാനാണ്’’, കുട്ടൻ അതും പറഞ്ഞ് വിയർപ്പ് തുടച്ച് മറ്റ് രണ്ട് പേരിലേക്കും നോക്കുമ്പോൾ വിനോദ് പണിയാനുള്ള ഓട്ടോയിൽ കൈ വച്ചുകൊണ്ട് തുടർന്നു.
"നിങ്ങക്ക് പ്രാന്താ അണ്ണാ?"
"അതെന്തരെടെ അങ്ങനൊരു വർത്താനം?"
"അല്ലെങ്കി പിന്ന ആരെങ്കിലും റപ്പറിന്റെ എടേൽ കെഴങ്ങ് നടോ? വെയില് കിട്ടുമായിറ്റാണാ? അതും പന്നി ഒള്ള കുന്നിലും. നിങ്ങക്ക് ശരിക്കും വട്ടാണ്’’.

"ഓ ഡേ തന്ന…തന്ന… ഞാൻ പിഴുതോണ്ട് വരുമ്പോ രണ്ട് കെഴങ്ങ് തായെന്നും ചോയിച്ചോണ്ട് വരല്ല്’’.

"പിന്നേ നിങ്ങള കെഴങ്ങ് കിട്ടീട്ടല്ലേ എനിക്ക് വീട്ടില് അടുപ്പ് കത്തിക്കാൻ’’, അതും പറഞ്ഞ് ഒരാക്കി ചിരിയോടെ പണിഞ്ഞുകൊണ്ടിരുന്ന ഓട്ടോയുടെ ഓണർ പയ്യന്റെ നേരെ തിരിഞ്ഞുകൊണ്ട് വിനോദ് ചോദിച്ചു.

"ഡേയ് നിനക്ക് കെഴങ്ങ് വേണോടെ? ഇങ്ങേര് പന്നികൾക്ക് അന്നദാനം നടത്താൻ പോവേണ്. ചോയിച്ച് നോക്ക് ചെലപ്പോ കിട്ടും’’.

കേബിൾ വാരിക്കൂട്ടിയ ചാക്കിനേം തോളിലേക്ക് എടുത്തിട്ട് പുറത്തേക്ക് ഇറങ്ങിക്കൊണ്ട് കുട്ടൻ.
"ഡേയ് നീ വണ്ടി പണിഞ്ഞാ മതി കടേൽ വരണോര പണിയാൻ നിൽക്കണ്ട’’.
"ഓ ഉത്തരവ് രാജാവേ’’.

അവരുടെ സംഭാഷണം കേട്ട് ചിരിച്ചോണ്ട് വിനോദിന്റെ തോളിൽ തട്ടി "പോട്ടാടാ…" എന്നും പറഞ്ഞ് ബിജുവും പുറത്തേക്കിറങ്ങിയതും പുറകീന്ന് വിനോദ് വിളിച്ചു പറഞ്ഞു, "ബിജു അണ്ണാ ഇങ്ങേര കമ്പനി വിടണതാണ് നിങ്ങക്ക് നല്ലത്’’.

അത് കേട്ടതും മുന്നോട്ട് നീങ്ങിയ ഷിബുവിന്റെ ബൈക്കിന് പുറകിൽ ഇരുന്നുകൊണ്ട് കുട്ടൻ തിരിച്ചടിച്ചു, "തന്നടാ ഇവൻ പുതിയ കമ്പനി ഒണ്ടാക്കണുണ്ട് നാട്ടുകാർക്ക് പണി കൊടുക്കാൻ. അതില് ചെന്ന് ചേര്’’.

"നീ തൊടങ്ങെടാ വിനോദേ, നമ്മക്ക് തകർക്കാം’’, എന്നും പറഞ്ഞ് ബിജുവും ബൈക്ക് സ്റ്റാർട്ട് ചെയ്തിറങ്ങുമ്പോൾ വിനോദ് വീണ്ടും എന്തൊക്കെയോ പുറകീന്ന് വിളിച്ചു പറയുന്നുണ്ടായിരുന്നു.

ബൈക്ക് കുറച്ച് ദൂരം പോയതും കുട്ടൻ ഷിബുവിനോട് ചോദിച്ചു, "ഡേയ് നീ കൂടം എവിട വച്ചേക്കണത്?"
"സിനൂന്റെ വീട്ടില്’’.
"ആഹ് നന്നായി. പോണ വഴിക്ക് എടുത്തോണ്ട് പോവാം’’.
"ഇനി എന്തരെങ്കിലും എടുക്കാൻ ഒണ്ടാ?"
"കൊറച്ച് തേങ്ങ വേണം. അത് കൊഴപ്പോല്ല തോട്ടത്തീന്ന് പറക്കാം’’.
"ഓ അപ്പോ നേരെ തോട്ടത്തിലോട്ട് വിടട്ടാ?"
"ഓ പറപ്പിക്ക്…"
തോട്ടത്തീന്ന് അഞ്ചാറ് തേങ്ങയും പറക്കി ചാക്കുകളിലാക്കി കൂടവും പാരയും ചാക്കുകളുമായിട്ട് മൂവരും റബ്ബർ മരങ്ങൾക്കിടയിലൂടെ നടക്കുമ്പോൾ ഷിബു ചോദിച്ചു, "കേബിൾ എന്തരിന് അളിയാ?"

നാലുപാടും കണ്ണൊന്ന് ചുറ്റി ആരുമില്ലെന്ന് ഉറപ്പ് വരുത്തിക്കൊണ്ട് കുട്ടൻ പറഞ്ഞു, "തറേല് നമ്മക്കൊരു ചക്രവ്യൂഹം പണിയണം’’.
"ശേ, സംഭവം എന്തരാണ്?"

"നമ്മള് കെണി വയ്ക്കണില്ലേ അതിനെ കവർ ചെയ്ത് വട്ടത്തിന് മരങ്ങളെ ചേർത്ത് കെട്ടിക്കൊണ്ട് തറേന്ന് ഒരാറിഞ്ച് പൊക്കത്തിൽ ഈ കേബിൾ കെട്ടണം. അതിന്റെ പിറകിൽ കുഴികളും. അഥവാ കെണീല് കുരുങ്ങീലെങ്കി വെപ്രാളത്തിൽ ഇതോടുമ്പം നേരെ വലിച്ച് മുറുക്കി കെട്ടിയേക്കണ കേബിളിൽ തട്ടി തെറിച്ച് കുഴീലോട്ട്’’.

കുട്ടന്റെ തോളിൽ തട്ടിക്കൊണ്ട് ഷിബു, "തള്ളേ നീയൊരു കില്ലാഡി തന്ന’’.

പെട്ടെന്ന് സംശയത്തോടെ ബിജു ചോദിച്ചു, "അപ്പോ ഇതൊക്കെ കേറി വരുമ്പോ ആ കുഴീല് വീഴൂലെ?"

"അതിന് നമ്മള് അവിടെ മുഴുവൻ കുഴിക്കൂലാ. അവിടെ ചെല്ലുമ്പോ പന്നികൾ പോവേം വരേം ചെയ്യണ വഴികൾ മനസിലാവും. അതില് സ്ഥിരം പോണ വഴീര എടത് വശത്ത് നമ്മള് കുരുക്ക് വയ്ക്കേണെങ്കി അതിന്റെ നേരെ എതിരെ കുറച്ച് ദൂരം വിട്ട് കേബിൾ കെട്ടി കുഴി വെട്ടണം. കുരുക്ക് മുറുകിയാ നമ്മള് രക്ഷപ്പെട്ട്. വല്യ പാടില്ലാതെ പൊറത്തൂടെ കയറിട്ട് കുരുക്കി തല അടിച്ചു പൊട്ടിച്ച് കൊന്ന് കൊണ്ട് പോവാം. അഥവാ ഇനി കുരുക്കീന്ന് വിട്ട് പോയാൽ പന്നി എന്നല്ല ഏത് ജീവിയും ജീവൻ രക്ഷിക്കാനുള്ള വെപ്രാളത്തിൽ പെറകിലോട്ടെ ഓടൂ. അതായത് കുരുക്ക് വച്ചിരുന്നെന്റെ നേരെ എതിരെ. അപ്പോ നേരെ അടുത്ത കെണിയിലേക്ക്. എങ്ങനൊണ്ട്!"

പുറകിൽ അനക്കം ഒന്നും കേൾക്കാതെ കുട്ടൻ തിരിഞ്ഞ് നോക്കുമ്പോൾ ഓരോ വാക്കും ശ്രദ്ധിച്ച് കേട്ടുകൊണ്ടിരുന്ന ബിജുവും ഷിബുവും ഒരു നിമിഷം മുന്നോട്ട് നടക്കാൻ മറന്ന് അവിടെ തന്നെ സ്തംഭിച്ച് നിൽക്കുന്നു. ദേഷ്യം വന്ന് കുട്ടൻ വിളിച്ച് ചോദിച്ചു, "നീയൊന്നും വരണില്ലേടെ?"

പെട്ടെന്ന് സ്വബോധത്തിലേക്ക് വന്നുകൊണ്ട് രണ്ട് പേരും മുന്നോട്ട് ആഞ്ഞ് നടന്നു. അതിനിടയിൽ കുട്ടന്റെ നേരെ നോക്കിക്കൊണ്ട് ബിജു ചോദിച്ചു, "നീ കൊറേ പ്ലാൻ ചെയ്തിട്ടൊണ്ടല്ല’’.

ഒരു കുറ്റി ബീഡി വായിൽ വച്ച് കത്തിച്ച് ആഞ്ഞ് പുക വലിച്ചെടുത്തുകൊണ്ട് കുട്ടൻ ബിജുവിനെ നോക്കി, "കൊറേ നാളായി പ്ലാൻ ചെയ്യണതാടാ. ഇന്നെങ്കിലും നടത്തണം’’.

അത് കേട്ടതും കുട്ടന്റെ പുക കയറി ചുവന്ന് കലങ്ങിയ കണ്ണിലേക്ക് നോക്കി ഷിബു പാടി.

"പോര്… പോര്… കാട്ടിലേക്ക്
പോര് മുറുകും കാട്ടിലേക്ക്
ചോര ഉരുവും കാട്ടിലേക്ക്
പന്നിച്ചൂരുയരും കാട്ടിലേക്ക്…"

അവനൊപ്പം ചേർന്ന് പാടിക്കൊണ്ട് മൂവരും ഒന്നിച്ച് കുന്ന് കേറാൻ തുടങ്ങി. അവർക്കൊപ്പം കുന്ന് ആരെയോ കേൾപ്പിക്കാനെന്ന പോലെ പാട്ടേറ്റു പാടി. മര മുകളിൽ നിന്ന്, പാറക്കെട്ടുകളിൽ നിന്ന് പാട്ട് വെയിൽ തിളയ്ക്കുന്നതിനൊപ്പം വേഗം വച്ച് പന്നിച്ചൂര് മണക്കണ കാട്ടിലേക്ക് പടർന്നിറങ്ങി.

"പാറ കീറി ചോരയാറ്റി
പന്നിച്ചൂരുയരും കാട്ടിൽ നമ്മള്
വീറ് കാട്ടി പോരൊന്നിന്
തേര് തള്ളുന്നേ…
പോര് മുറുകുന്നേ…
ആഹാ…
കളമുണരുന്നേ…
പോർക്കളമുണരുന്നേ…"

രുട്ടിലേക്ക് വെളിച്ചം കടക്കാൻ തുടങ്ങുന്ന അത്രയും പുലർച്ചെ റബ്ബർ മരങ്ങൾക്കിടയിലൂടെ ഒരു നിഴൽ ഉരുണ്ടും പിടഞ്ഞും ഇഴഞ്ഞുമൊക്കെ വേഗത്തിൽ താഴേക്ക് താഴേക്ക് കുതിക്കുന്നു. തിരിഞ്ഞു നോക്കി തിരിഞ്ഞു നോക്കി ഓടുന്ന ആ വേഗതയിൽ ഭയത്തിന്റെ വിറയൽ. വഴികളിൽ കട്ട പിടിക്കുന്ന ചോരച്ചുവപ്പ്. എങ്ങനെയൊക്കെയോ ആ രൂപം രായന്റെ വീട്ടിലേക്ക്. പടിക്ക് മുന്നിൽ ഇടറി വീണ രൂപം ഇഴഞ്ഞ് ഇഴഞ്ഞ് വാതിൽക്കലേക്ക് നീങ്ങി. വിറയ്ക്കുന്ന കയ്യമർത്തി വാതിലിൽ ശക്തിയായി അടിക്കാൻ തുടങ്ങി.
നിർത്തലില്ലാതെ അടി.
വലിയ ശബ്ദം.

വാതിൽ തുറന്ന് പുറത്തിറങ്ങിയ രായൻ ഞെട്ടിപ്പോയി. ചോരയിൽ കുളിച്ച് ബിജു.

"ഡാ എന്താടാ…", അലറി വിളിച്ചു കൊണ്ട് രായൻ അവനെ കൈകളിൽ കോരിയെടുത്ത് മടിയിലേക്ക് കിടത്തി. കിതച്ചുകൊണ്ട് ബിജു എന്തൊക്കെയോ പറയാൻ ശ്രമിക്കുന്നുണ്ട്. കുന്നിലേക്ക് കൈ ചൂണ്ടുന്നുണ്ട്. ശബ്ദം മാത്രം പുറത്തേക്ക് വരുന്നില്ല. അകത്തേക്ക് നോക്കി ഉറക്കെ രായൻ വിളിച്ചു പറഞ്ഞു, "പാത്തൂ കൊറച്ച് വെള്ളം ഇങ്ങോട്ട് കൊണ്ട് വാടീ’’.

രായന്റെ ഒച്ചയിലെ പതർച്ച മനസ്സിലാക്കിയ പാത്തുമ്മ വെള്ളവുമായി ഓടി വരുമ്പോൾ രായൻ ഉടുത്തിരുന്ന മുണ്ട് കീറി ബിജുവിന്റെ തുടയിലെ രക്തം തുടച്ച് കളയുന്നു. പേടിച്ചരണ്ട പാത്തുവിന്റെ കയ്യിൽ നിന്ന് വെള്ളം വാങ്ങി ബിജുവിന്റെ വായിലേക്ക് കമഴ്ത്തി. കുറേ വെള്ളം കുടിച്ചതും പെട്ടെന്ന് കിതപ്പിനിടയിലൂടെ മണ്ടയ്ക്ക് കയറിയ വെള്ളം വലിയൊരു ചുമയോടെ മൂക്കിലൂടെയും വായിലൂടെയും പുറത്തേയ്ക്ക്. തലയിൽ പതിയെ തടവി ബാക്കിയുള്ള മുണ്ടിന്റെ ഭാഗം കൊണ്ട് അവന്റെ മുഖം തുടച്ചുകൊണ്ട് രായൻ ചോദിച്ചു, "എന്താടാ… എന്താ… എന്താ പറ്റിയത്?"

വീണ്ടും കുന്നിലേക്ക് ചൂണ്ടി. വിറച്ചുകൊണ്ട് അവൻ പറഞ്ഞു, "പന്നി… പന്നി… അവര്…അവര്…"
"ഡാ പതുക്കെ സമാധാനപ്പെട്. എന്താണെന്ന് തെളിച്ചു പറയ്’’.

രായന്റെ കയ്യിലിരുന്ന ബാക്കി വെള്ളം കൂടി പിടിച്ചു വാങ്ങി വലിച്ചു കുടിച്ച് കിതപ്പോടെ അവൻ പറഞ്ഞു, "ഞങ്ങൾ പന്നിയെ പിടിക്കാൻ പോയി’’.
"എന്നിട്ട്?"
"പകല് കെണി ഒക്കെ വച്ച് രാത്രീല് കാത്തിരുന്നു. രാത്രി കൊറേ ആയിട്ടും ഒന്നും കാണാനില്ല. അവസാനം പോകാം എന്ന് കരുതി എണീക്കുമ്പോൾ ദൂരെ ഒരു മുഴക്കം. ഞങ്ങൾ ഒരു മരത്തിന്റെ പുറകിൽ ആ ശബ്ദം ശ്രദ്ധിച്ച് ഒളിച്ചിരുന്ന്. എന്തോ ഓടി വരുന്ന ഒച്ച. ദൂരേന്ന് അത് അടുത്തടുത്ത് വരണ്. ഇരുട്ടിൽ ഒന്നും കൃത്യായിട്ട് കാണാൻ വയ്യ. അടുക്കുന്തോറും എനിക്ക് നല്ല പേടി തോന്നി. പരമാവധി മരത്തിൽ ചേർന്ന് ഞങ്ങളിരുന്നു. നോക്കുമ്പോൾ പന്നിക്കൂട്ടം." അത് പറഞ്ഞ് കഴിഞ്ഞതും അവന്റെ ശരീരമാകെ ഒന്ന് കിടുങ്ങി.

രായൻ അവനെ കൂടുതൽ ചേർത്ത് പിടിച്ചിട്ട് ചോദിച്ചു, "എന്നിട്ട്? എന്നിട്ടെന്താ പറ്റിയത്?"

കലങ്ങിയ കണ്ണുകൾ രായന്റെ മുഖത്തേക്ക് തുറക്കുമ്പോൾ അതിൽ നിറയേ ഭീതി. വിറയ്ക്കുന്ന ചുണ്ടുകൾ വീണ്ടുമനങ്ങാൻ തുടങ്ങി, "കൂറ്റൻ പന്നികൾ. ഞങ്ങൾ വിചാരിച്ചതിലുമൊക്കെ വളരെ വലുത്. ഒരു വലിയ പോത്തിനേക്കാൾ വലിപ്പം. പേടിച്ച് നെഞ്ചിടിക്കണ ശബ്ദം എനിക്ക് കേൾക്കായിരുന്ന്. അപ്പോ തന്നെ ഞാനും ഷിബുവും വേണ്ടെടാ പോവാന്ന് പറഞ്ഞ ആണ്. പക്ഷെ കുട്ടൻ സമ്മതിച്ചില്ല. എന്തായാലും വന്ന് ഇന്ന് നമ്മൾ ഒരെണ്ണത്തിനെ കൊണ്ട് പോവുമെന്ന് പറഞ്ഞോണ്ട് അവൻ ഇരുട്ടിൽ കൂട കെണി ഇരിക്കണ വശത്തേക് നടന്ന്. അവന്റെ പുറകേ ഷിബുവും. പേടിച്ചിട്ട് ഞാൻ അവിട തന്ന ഇരുന്ന്’’.

ഒന്ന് നിർത്തി പാത്രത്തിൽ വെള്ളം ഉണ്ടോന്ന് നോക്കിയിട്ട് ഇല്ലെന്ന് കണ്ടപ്പോ ഒരു കവിൾ തുപ്പൽ കുടിച്ചിറക്കിക്കൊണ്ട് അവൻ മുറുക്കെ കണ്ണടച്ചു, "ഓടി വന്ന പന്നികൾ അവിടെ എത്തിയതും പെട്ടെന്ന് നിന്ന്. നിരത്തി പൊളിച്ചിട്ടക്കണ തേങ്ങകൾ കണ്ടിട്ടും അവയെല്ലാം കൂടെ മണ്ണിൽ തന്നെ നോക്കി നിക്കേണ്. ഭയങ്കര നിശബ്ദത. ഒരു ജീവി പോലും ഒച്ച ഒണ്ടാക്കണില്ല. ചെറുതായി മൂളിക്കൊണ്ട് അവ അനങ്ങാൻ തൊടങ്ങി. മോന്ത കൊണ്ട് ഓരോന്നും തേങ്ങയിൽ തട്ടി നോക്കി തിന്നാൻ തുടങ്ങി. അങ്ങനെ ഓരോന്ന് ഓരോന്ന് ആയി മുന്നോട്ട് വന്നതും ഒരെണ്ണം കൃത്യം കെണിയിലെ തേങ്ങയിലേക്ക് തല വച്ചതും ഞാൻ കുട്ടന്റെ നേർക്ക് നോക്കുമ്പോൾ കുട്ടൻ വലിച്ച് കെട്ടിയ വള്ളിയിൽ ഒറ്റ വലി. പന്നിയുടെ തല കെണിക്ക് ഉള്ളിൽ. അത് ഭയങ്കരമായിട്ട് പെടയ്ക്കാൻ തൊടങ്ങി. അത് കണ്ടതും ബാക്കി ഒള്ളതും ചിതറി. ഏതൊക്കെയോ കമ്പിയിൽ തട്ടി കുഴിയിലേക്ക്. കൊറേ എണ്ണം വേറെങ്ങോട്ടൊക്കെയോ. അവിടെ കെണിയിൽ പെടയ്ക്കണ പന്നി മാത്രം.
അപ്പോ തന്നെ കുട്ടൻ കൂടവുമായി അതിന്റെ അടുത്തേക്ക് ചാടി എറങ്ങി. ഷിബു പന്നിയുടെ കാലിന്റെ എടയിലൂടെ കമ്പിയിട്ട് ചുറ്റി പിടിച്ച് തറയിൽ പതിച്ച് കിടത്തിയതും കുട്ടൻ കൂടം ആഞ്ഞ് വീശി ഒറ്റയടി. ഒരു വല്ലാത്ത മുരൾച്ച. അത് തീരും മുന്നേ വീണ്ടും അതേ ഭാഗത്ത്‌ ഒരടി. ചോര ചിതറി തെറിച്ച്. ഷിബുവിന്റേം കുട്ടന്റേം പെറം നെറയെ ചോര. മൂന്നാമത് വീണ്ടുമൊരു അടി കൂടി അടിച്ചതും അതിന്റെ അവസാനത്തെ പിടച്ചിലും നിന്ന്. അത്രേം നേരം പേടിച്ച് വെറച്ച് ഇരുന്ന എന്നെ നോക്കി കുട്ടനും ഷിബുവും കൂടെ ചിരിക്കാൻ തുടങ്ങി. ഞാനും ആശ്വാസത്തോടെ എണീറ്റ് അവര അടുത്തേക്ക് നടക്കാൻ തുടങ്ങിയതും എന്തോ ഒരു ശബ്ദം. ഒരു വല്ലാത്ത മുരൾച്ച.
ഞാൻ നോക്കി നിൽക്കേ ഒരു പടുകൂറ്റൻ പന്നി. നീണ്ടു വളർന്ന തേറ്റ പല്ലുകൾ. അതുവരെ കണ്ടതിനേക്കാൾ വലുത്, കുട്ടന്റെ പുറകിൽ. ഞെട്ടി നിക്കണ എന്റെ മുഖം കണ്ട് കുട്ടൻ തിരിഞ്ഞതും അതിന്റെ തേറ്റ കുട്ടന്റെ പള്ളയിലേക്ക് കുത്തിയിറക്കി. അവന്റെ കയ്യീന്ന് കൂടം തറയിലേക്ക് വീണതും ഒന്ന് ചാടി കറങ്ങി തേറ്റ വലിച്ചൂരി വീണ്ടുമവന്റെ പള്ളയിലേക്ക് കുത്തിയിറക്കി. അവനതിന്റെ മേലേക്ക് ചാഞ്ഞ് വീണതും അവനെ കുടഞ്ഞെറിഞ്ഞുകൊണ്ട് ചത്ത് കിടക്കണ പന്നിയുടെ മേലെ കൂടെ ചാടി ഞെട്ടി തറയിൽ വീണുപോയ ഷിബുവിന്റെ കഴുത്തിലേക്ക് ഒറ്റ കുത്ത്. ഭയങ്കരമായ ഒരു മുരൾച്ചയോടെ അത് തല വലിച്ചൂരി എന്റെ നേരെ നോക്കുമ്പോൾ ചോര ഒലിച്ച് ചൊവന്ന മോന്തയിൽ രണ്ട് ചൊവന്ന കണ്ണ്. മുരണ്ടുകൊണ്ടത് എന്റെ നേർക്ക് ചാടിയതും ഞാൻ ഓടി. അതെന്റെ പുറകേ. മണ്ണിൽ കൂടം കൊണ്ടടിക്കണ പോലത്തെ ശബ്ദം. ഭൂമി പിളർന്ന് പോണ പോലെ. നേരെ ഓടിക്കൊണ്ടിരുന്ന ഞാൻ പെട്ടെന്ന് വളഞ്ഞ് വശത്തേക്ക് ഒരു പാറയിലേക്ക് ചാടിക്കയറാനും എന്റെ കാലിനെ ഇടിച്ച് തെറിപ്പിച്ച് അത് വേഗത്തിൽ മുൻപോട്ട് പോയി. തെറിച്ച് വീണത് മോളിലത്തെ പാറയിൽ. അത്തറേം വേദനേലും എങ്ങനെങ്കിലും രക്ഷപ്പെടണോന്ന് മാത്രേ ഒള്ളായിരുന്ന്. തിരിഞ്ഞ് നോക്കുമ്പോ അത് തിരിഞ്ഞ് ഓടി വരണ്. പിന്നൊന്നും നോക്കീല എങ്ങനെ ഒക്കേ ആ പാറെന്ന് അടുത്ത പാറയിലേക്ക് ചാടി അവിടന്ന് മോളിലേക്ക് വലിഞ്ഞ് കേറി ഇപ്പറത്തെത്തി. കാൽ തറയിൽ ഊന്നണെന് മുമ്പേ ഉരുണ്ട് താഴേക്ക് വീണ്. ഭാഗ്യത്തിന് ഇപ്പറത്തോട്ട് തന്നായിരുന്ന്. അവിടന്ന് എങ്ങന ഒക്കേ ഓടി ഇങ്ങെത്തി’’.

അവൻ വിയർത്തൊലിച്ച് പറഞ്ഞ് അവസാനിപ്പിച്ചതും പാത്തുവിന്റെ കണ്ണുകൾ ഞെട്ടി പുറത്തേക്ക് വീഴും വിധം ഉന്തി നിക്കേയിരുന്ന്. രായൻ അപ്പോഴും സമനില വിടാതെ അവനെ ചുവരിലേക്ക് ചാരി ഇരുത്തിക്കൊണ്ട് ഫോണെടുത്ത് ആരെ ഒക്കെയോ വിളിക്കാൻ തുടങ്ങി. കൊറച്ച് കഴിഞ്ഞതും ഒരു ജീപ്പ് അവിടേക്ക് ഇരച്ചെത്തി. ജീപ്പിൽ നിന്ന് സിനുവും വിനോദും കൂടി ചാടിയിറങ്ങി. അവര് നാലാളും കൂടെ ബിജുവിനെ താങ്ങി എടുത്ത് വണ്ടിയിലേക്ക് കയറ്റി. സിനു വണ്ടി എടുക്കാൻ തുടങ്ങിയതും രായൻ മുൻപിലേക്ക് വന്ന് അവനോട് പറഞ്ഞു, "ആശുപത്രിയിൽ ചോദിച്ചാൽ റബ്ബർ വെട്ടാൻ പോയപ്പോൾ പന്നി കുത്തിയത് ആണെന്ന് പറഞ്ഞാൽ മതി കേട്ടാ’’.
"അപ്പോ അണ്ണാ നിങ്ങൾ വരണില്ലേ?"
"ഇല്ലെടാ ഞാൻ അവന്മാരെ പോയി നോക്കട്ടെ’’.
"ഞങ്ങളും വരട്ടാ’’.

"വേണ്ടാ. ഇപ്പോ ഇവനെ പെട്ടെന്ന് ആശുപത്രിയിൽ എത്തിക്ക് ഒരുപാട് ചോര പോയിട്ടൊണ്ട്. ഞാൻ വിളിക്കാം നിങ്ങളെ. പാത്തു നീയും കേറിക്കോ’’.

അയയിൽ കിടന്ന ഒരു തോർത്തെടുത്ത് നൈറ്റിയുടെ മേലേക്ക് ഇട്ടുകൊണ്ട് പാത്തു വണ്ടിയിലേക്ക് കയറി ഇരുന്നുകൊണ്ട് രായന്റെ നേരെ നോക്കി.

"അണ്ണാ ഒറ്റയ്ക്ക് പോണ്ട. കൂടെ ആരെങ്കിലും വിളിക്ക്’’.

അവൻ തലയാട്ടിയതും വണ്ടി ഇരമ്പിക്കൊണ്ട് മുന്നിലേക്ക് പാഞ്ഞു. അതിന് പുറകിലിരുന്ന് പാത്തു ഉറക്കെ വിളിച്ചു പറഞ്ഞു, "സൂക്ഷിക്കണേ അണ്ണാ…"

ജീപ്പ് പോയതും പാതി കീറിയ മുണ്ടിനെ അയയിലേക്ക് അഴിച്ചിട്ട് മറ്റൊന്നെടുത്ത് ചുറ്റി ടോർച്ചുമെടുത്ത് രായൻ വീടിന് പുറത്തേക്കിറങ്ങി. ടോർച്ച് തെളിച്ചതും വെളിച്ചം ചെന്ന് വീണത് വഴിയിൽ പറ്റിപ്പിടിച്ചിരിക്കുന്ന ചോരയിൽ. ടോർച്ച് മെല്ലെ ഉയർത്തി കുന്നിലേക്ക് വെട്ടം തെളിച്ചു. ഇരുട്ടിനുള്ളിൽ മാറുയർത്തി അട്ടഹസിക്കുന്ന രാക്ഷസരൂപം പോലെ കുന്ന്.

ഒരു നിമിഷം കണ്ണടച്ച് രായൻ തന്റെ കൈ തുടയിലേക്ക് നീട്ടി. തുടയിലൊരു നീണ്ട് കീറിയ പാടിന്റെ തഴമ്പ്. കണ്ണ് തുറന്ന് എന്തോ തീരുമാനിച്ചുറപ്പിച്ച പോലെ അവൻ കുന്നിലേക്ക് നടന്നു. പുല്ലുകൾ ചവിട്ടി ഞെരിച്ച് പാറക്കല്ലുകൾ ചാടിക്കയറി അവിടെ നിന്ന് പന്നിക്കാട്ടിലേക്ക് അവനൊരു യോദ്ധാവിനെപ്പോലെ നടന്നിറങ്ങി.

സൂര്യ വെളിച്ചം ചിതറി വീണ് തുടങ്ങുന്നതിനിടയിലും ടോർച്ച് തെളിച്ചവൻ ഓരോ ഇടവും പരിശോധിക്കാൻ തുടങ്ങി. പന്നിക്കാട് തുടങ്ങുന്നിടം വരെ ചോരയുണ്ട് വഴിയിൽ. ബിജുവിന്റെ കാലിൽ നിന്നിറ്റ് വീണ ചോര. പക്ഷെ ഇവിടെ കാടിനുള്ളിൽ ഒന്നുമില്ല. ചോരപ്പാട് കാണാനില്ല. കുത്ത് കൊണ്ട കുട്ടനോ, ഷിബുവോ കൂടം കൊണ്ടടിച്ച് കൊന്ന പന്നിയോ ഒന്നുമില്ല. കെണികളും കുഴിയും കമ്പികളുമൊക്കെ അവിടെ തന്നെയുണ്ട്. മറ്റൊന്നുമില്ല. ഒരു പോരാട്ടം നടന്നതിന്റെ യാതൊരു ലക്ഷണവുമില്ല. മണ്ണിനോ പുല്ലിനോ പോലും ഇളക്കമില്ല. രായൻ കുറച്ച് കൂടെ മുന്നിലേക്ക് പോയി നോക്കി.

ഇല്ല, ഒന്നുമില്ല.

അവരില്ലാതെ എങ്ങനെ തിരികെ പോകാനാണ്. ഒരു നിമിഷം രായൻ പിന്നിലേക്ക് തിരിഞ്ഞു നോക്കി. പുറകിൽ നേരം വെളുത്ത വെളിച്ചം. മുന്നിലേക്ക് നോക്കുമ്പോൾ ഇപ്പോഴും ഇരുട്ടാണ്. നിഗൂഢമായ ഇരുട്ട്. ടോർച്ചിൽ കൈ മുറുക്കി പിടിച്ച് അവൻ മുന്നിലേക്ക് നടന്നു. ഉള്ളിലേക്ക് പോവുന്തോറും ഇരുട്ട് കനം വച്ച് കനം വച്ച് വരുന്നു. മണ്ണിന്റെ ഈർപ്പം കുറഞ്ഞ് കുറഞ്ഞ് വരുന്നു. ചുറ്റും ഭയങ്കരമായ നിശബ്ദത. മേലേക്ക് നോക്കുമ്പോൾ ആകാശം കാണാനേ ഇല്ല. ചുറ്റിയും പിണഞ്ഞും മരത്തലപ്പുകൾ മാത്രം. പെട്ടെന്ന് അവൻ നിന്നു. എന്തോ ഒരു മുഴക്കം കേൾക്കുന്നു.

എവിടെ നിന്നാണത് വരുന്നത്?
ഭൂമിക്കിക്കടിയിൽ നിന്നോ?

ചുറ്റും വേഗത്തിൽ തല വെട്ടിച്ചു നോക്കിക്കൊണ്ട് അവൻ മുട്ടുകുത്തി മണ്ണിലേക്ക് ഇരുന്നു. പതുക്കെ മണ്ണിലേക്ക് ചെവി ചേർത്തതും ആ ശബ്ദം നിലച്ചു. അന്നേരം പുറകിലെന്തോ അനക്കം കേട്ടവൻ ഞെട്ടി തിരിഞ്ഞു നോക്കി. ഇല്ല ഒന്നുമില്ല.

പക്ഷെ എന്തോ പിന്നിലൂടെ പോയില്ലേ?

എന്താണ് നടക്കുന്നതെന്നറിയാതെ ടോർച്ച് മുന്നിലേക്ക് തെളിച്ചതും അവൻ ഞെട്ടിപ്പോയി. മുന്നിലൊരു പന്നിക്കൂട്ടം. ഏറ്റവും മുന്നിലൊരു പോത്തിനോളം വലിയ പന്നി. ബിജു പറഞ്ഞപ്പോൾ മനസ്സിൽ വന്നതിനേക്കാൾ ഭീമാകാരമായ ഒന്ന്.

പെരുവിരലിലൂടൊരു വിറയൽ ഉച്ചിയിലേക്ക് പാഞ്ഞു കയറി. അവ മുന്നിലേക്ക് നടക്കുന്നു.അവൻ ഒരടി പിന്നിലേക്ക് വച്ച് സൂക്ഷിച്ച് നോക്കി. അല്ല അവ നടക്കുകയല്ല, ഓടുകയാണ്. നിന്ന നിൽപ്പിൽ നിന്ന് ഓടാൻ തിരിഞ്ഞതും കാൽ വഴുക്കി കാടിനുള്ളിലെ മറ്റൊരു വശത്തേക്ക്. തട്ടിപ്പിടഞ്ഞ് എഴുന്നേറ്റ് ഒരോട്ടം. മുൻപിൽ ഇരുട്ട് മാത്രം. ഒന്നും കാണാൻ കഴിയുന്നില്ല. പിന്നാലെ അവയുടെ മുരൾച്ച കേൾക്കാം. ഹൃദയം പടപടാ ഇടിക്കുന്നു. കണ്ണിലേക്ക് ഇരുട്ട് തുളച്ച് കയറുന്നു.

ഇല്ല, തളരാൻ പറ്റില്ല. വീണുപോയാൽ അവ കുത്തിക്കീറും. കാലുകളുടെ വേഗത കൂടി. മണ്ണിൽ ഈർപ്പം കൂടിക്കൂടി വരുന്നു. കാലുകൾ താഴ്ന്ന് പോകുന്നുണ്ട്. തൊട്ട് പിന്നിലായ് പന്നിക്കൂട്ടമുണ്ട്. രക്ഷപ്പെടണം. കാലുകൾ വേഗത്തിൽ വെട്ടിതിരിച്ചവൻ ഒരു വശത്തേക്ക് തിരിഞ്ഞ് ചാടിയതും നിലയില്ലാതെ താഴേക്ക്. തിരിഞ്ഞും മറിഞ്ഞും താഴേക്ക് താഴേക്ക് ശരീരം പോകുന്നു. കണ്ണുകളിലേക്ക് ബോധത്തിലേക്ക് ഇരുട്ട് തുളച്ചു കയറി.

മുഴുവൻ ഇരുട്ട്.
മുഴുവൻ നിശ്ശബ്ദത.

നിശ്ശബ്ദത ഭേദിച്ച് കൊണ്ട് ചെറിയ മൂളലുകൾ. അവ വലുതായി വലുതായി തലയിലേക്ക് തുളച്ച് കയറുന്നു. ശരീരത്തിൽ എവിടെയൊക്കെയോ വല്ലാത്ത നീറ്റലുകൾ. രായൻ കണ്ണുകൾ തുറക്കാൻ ശ്രമിച്ചു.

ഇല്ല, കഴിയുന്നില്ല.

വിരലുകൾ കൊണ്ട് അയാൾ കണ്ണുകൾ കശക്കി. ചെളിയും രക്തവും കൂടിക്കുഴഞ്ഞ പാട പൊടിഞ്ഞിളകുമ്പോൾ കണ്ണുകൾ വലിച്ച് തുറന്നു. വല്ലാത്ത മങ്ങൽ. എന്തൊക്കെയോ മുന്നിലൂടെ പോകുന്നു. ഒന്നും തെളിച്ചമില്ല. വീണ്ടും വിരലുകൾ കൊണ്ട് കണ്ണ് കശക്കി തുറന്നപ്പോൾ കണ്ട കാഴ്ചയിൽ തൊണ്ടയിൽ നിന്ന് ഉച്ചിയിലേക്കൊരു എക്കൽ പാഞ്ഞു കയറി. ശ്വാസത്തിലാകെ ചോരയും ചെളിയും കട്ടപ്പിടിച്ച മണം.

തുറിച്ച് നോക്കുന്ന ചുവന്ന കണ്ണുകൾ, ഭയപ്പെടുത്തുന്ന മുരൾച്ചകൾ.
പന്നികൾ.

നിറയേ പന്നികൾ തന്നെ ചുറ്റി വളഞ്ഞ് നിൽക്കുന്നു. അത് കണ്ടതും അവൻ ഞെട്ടിപ്പിടഞ്ഞ് എഴുന്നേറ്റു. കാലുകളും കൈകളും അകത്തി പിടിച്ച് അവനൊരു പോരാട്ടത്തിനെന്ന പോലെ കണ്ണുകൾ കൂർപ്പിച്ചു.

ഇത്രയധികം പന്നികളോ.
ഭയം കൊണ്ടവന്റെ കാലുകളിലേക്ക് ഒരു വിറയൽ പടർന്നിറങ്ങി.

പകലാണോ രാത്രിയാണോയെന്ന് അറിയാൻ കഴിയാത്ത വിധം അന്തരീക്ഷം മുഴുവൻ ഒരിരുൾ മയം. ചുവട്ടിൽ കുഴഞ്ഞ് മറിഞ്ഞ ചെളി മണ്ണ്. മണ്ണിനും ആകാശത്തിനുമിടയിൽ ആഴ്ന്നിറങ്ങിയ പോലെ വേരുകൾ. അതങ്ങനെ നീണ്ടുയർന്ന് മുകളിലേക്ക് പോകുന്നു. ഇപ്പോൾ ഒന്നിന്റെയും തലപ്പ് കാണാനാവുന്നില്ല. ഓടി മാറാൻ ഒരു വഴി പോലുമില്ല.

പെട്ടെന്നവൻ കണ്ണുകൾ കൂർപ്പിച്ച് കാലുകളിലേക്കും കൈകളിലേക്കും ശക്തി സംഭരിച്ചു. പുറകിലേക്ക് രണ്ടടി മാറി മുന്നിലേക്ക് ഓടിക്കയറി ഏറ്റവും മുന്നിലായ് നിന്ന പന്നിയുടെ മുകളിലേക്ക് ഒറ്റ ചാട്ടം. അതിന് മുകളിൽ കയ്യൂന്നി പിടിച്ചുകൊണ്ട് വീണ്ടും ചാടാൻ തുനിഞ്ഞതും പന്നി ഒരനക്കം. നടു വെട്ടിച്ച് ഒറ്റക്കുടയൽ.

രായൻ വട്ടം കറങ്ങി മുകളിലേക്ക്. വായുവിൽ കറങ്ങി കറങ്ങി വേഗത്തിൽ താഴേക്ക്.

‘പതക്ക്’, മലർന്നടിച്ച് ചെളിയിലേക്ക്.
‘ആആാാഹ്…’
നടുപിളരുന്ന പോലൊരു വേദനയിൽ അവൻ അലറി വിളിച്ച് നോക്കുമ്പോൾ അടുത്തടുത്ത് വരുന്നൊരു മുരൾച്ച.

ഇരുണ്ട ആകാശത്തിന് കീഴെ നിന്ന് നടന്നടുത്ത് വരുന്ന പന്നിക്കൂട്ടം. അവൻ മണ്ണിലമർന്നിരുന്ന് ഉടുത്തിരുന്ന മുണ്ടഴിച്ച് കറക്കി കറക്കി കയർ പോലാക്കി നടന്നടുത്ത രണ്ട് പന്നികളുടെ കാലിന്റെ ഇടയിലൂടെ ചുറ്റിപ്പിടിച്ച് ഒറ്റ കറക്കൽ. രണ്ട് മൂന്നെണ്ണം നിലതെറ്റി താഴേക്ക്. സമയം പാഴാക്കാതെ അവനാ മുണ്ട് ചുഴറ്റി മറ്റൊരു പന്നിയുടെ കഴുത്തിലേക്ക് എറിയാനും പിന്നിൽ നിന്നൊരു തള്ളൽ കമിഴ്ന്ന് മണ്ണിലേക്ക്. മുഖമുയർത്തി നോക്കിയ അവൻ ഞെട്ടി. മുന്നിൽ തൊട്ട് തൊട്ടില്ലെന്ന പോലെ തെളിഞ്ഞ് കാണുന്ന കൂറ്റൻ തേറ്റകൾ.
നട്ടെല്ലിലൂടെ ഒരു മിന്നൽ പാഞ്ഞ് കയറുന്നു. ഹൃദയത്തിന്റെ പട പടായുള്ള ഇടി പുറത്തേക്ക് കേൾക്കാം.

വേദനയോടെയും ഭയത്തോടെയും അവൻ കണ്ണുകൾ മുറുക്കെയടച്ച് തുറന്നതും മുന്നിലെ പന്നിക്കൂട്ടം ഒരു വശത്തേക്കായ് വഴി മാറുന്നു. അതിന് നടുവിലൂടെ എന്തോ നാലുകാലിൽ നടന്ന് വരുന്നു.

എന്താണത്,
നായയോ,
കുരങ്ങനോ…
അവന്റെ കണ്ണുകൾ അത്ഭുതം കൊണ്ട് പുറത്തേക്ക് തെറിച്ച് വീഴാനെന്നവണ്ണം തുറിച്ച് വന്നു.
നാലുകാലിൽ അടുത്തേക്ക് വരുന്നത്…
അതൊരു മനുഷ്യനാണ്.

അവൻ അയാളെ തുറിച്ച് നോക്കി. പാതിയിലധികവും കീറിയടർന്ന കുപ്പായം കട്ട പിടിച്ച മണ്ണാൽ ഉടലിൽ ഒട്ടിപ്പിടിച്ചിരിക്കുന്നു. ദേഹം മുഴുക്കെ ചെളി. നീണ്ടുവളർന്ന മുടി പോലും ചെളിയിൽ ഒട്ടിപ്പിടിച്ചിരിക്കുന്നു. അവൻ തലയുയർത്തി അയാളുടെ കണ്ണുകളിലേക്ക് നോക്കി. കണ്ണുകളുടെ സ്ഥാനത്ത് രണ്ട് ഇരുണ്ട കുഴികൾ. അതിനുള്ളിൽ മങ്ങിയ വെള്ളപ്പാട പോലെ കണ്ണുകൾ. മണ്ണിലേക്ക് മാത്രം നോക്കി അയാൾ നടന്ന് വരുന്നു. ഒരു ക്ഷീണിച്ച പന്നിയെപ്പോലെ.

അടുത്തേക്ക് എത്തിയതും അയാൾ മണ്ണിൽ നിന്ന് മുഖമുയർത്താതെ നീണ്ടുവളർന്ന ഇരുണ്ട നഖങ്ങളോട് കൂടിയ വിരലുകൾ അവന്റെ നേരെ നീട്ടി പിന്തുടരാൻ ആംഗ്യം കാണിച്ച് തിരിഞ്ഞ് നടക്കാൻ തുടങ്ങി. എന്താണിവിടെ സംഭവിക്കണതെന്ന് മനസ്സിലാകാതെ ഉള്ളിലെ വിട്ടു മാറാത്ത വിറയലോടെ അവൻ അയാളുടെ പിന്നാലെ അയാളെപ്പോലെ നാലുകാലിൽ നടന്നു. അവർക്ക് പിറകേ പന്നിക്കൂട്ടവും.

നടന്നുപോകെ ഇരുളിൽ നിന്ന് പതിയെ പ്രകാശം തെളിഞ്ഞ് വരുന്നു. ഒരു ഗുഹയിൽ നിന്നെന്ന പോലെ പുറത്തേക്ക്. കനത്ത വെയിൽ. വെളിച്ചത്തിന്റെ കൂർത്ത കിരണങ്ങളിൽ പെട്ടെന്നവൻ കണ്ണുകളടച്ചു. പതിയെ കണ്ണ് തുറക്കുമ്പോൾ കപ്പയും ചേമ്പും കിഴങ്ങുകളും പടർന്ന് കിടക്കുന്ന വലിയൊരു നിലം. അതിന് ചുറ്റും കോട്ട കണക്കിന് മരങ്ങൾ. നിലത്തിൽ നിറയേ നാലുകാലിൽ കമ്പും കല്ലുമുപയോഗിച്ച് കുത്തിക്കിളയ്ക്കുന്ന മനുഷ്യര്. പ്രാകൃത മനുഷ്യരെപ്പോലെ. അല്ല പണിയെടുക്കുന്ന പന്നികളെപ്പോലെ.

മുന്നിൽ നടന്ന ആൾ പെട്ടെന്ന് നിന്ന് പിൻകാലുകൊണ്ട് ഒരു കൂർത്ത കല്ല് അവന്റെ അരികിലേക്ക് തോണ്ടിയെറിഞ്ഞു. പിന്നൊന്നും അറിയാത്ത ഭാവത്തിൽ അയാളും ആ നിലത്തിലേക്ക് നടന്നിറങ്ങി. ഒരു വശത്ത് നിന്ന് കുത്തിക്കിളയ്ക്കാൻ തുടങ്ങി. അതിന് പുറകേയൊരാൾ കുഴികളിൽ വേരും കമ്പും കുത്തി നിർത്തി പോകുന്നു. രായൻ എന്ത് ചെയ്യണമെന്നറിയാതെ മടിച്ച് നിന്നതും പിറകിലൂടെ ഒരു പന്നി അവനെ ഒരു തട്ട്. വേച്ച് വേച്ചവൻ നിലത്തിലേക്ക് തെറിച്ച് വീണു.

കല്ലുകൾ കൊണ്ട് മറ്റുള്ളവരെപ്പോലെ പണിയെടുക്കാനാണ് അവ തന്നോട് പറയുന്നതെന്ന് രായന് തോന്നി. അവൻ കല്ലുകൾ ഉയർത്തി സങ്കടത്താൽ ആഞ്ഞ് കുത്താൻ തുടങ്ങി. മണ്ണ് പൊടിഞ്ഞിളകുന്ന മണം. വെയിലിന്റെ കനത്ത പാളികൾക്ക് കീഴെ അവനും കിളച്ച് കിളച്ച് മുന്നോട്ട് നീങ്ങി. അവന് പുറകേയും ഒരുവൻ കമ്പും വേരും നട്ട് നട്ട് നീങ്ങുന്നു. ഉടലിലൂടെ വിയർപ്പൊലിച്ചിറങ്ങുമ്പോൾ മുറിവുകളിൽ നീറ്റൽ. ഉടലാകെ നീറ്റൽ. അന്നേരം അപ്പൻ പിള്ളാരെ മടിയിലിരുത്തി പാടിക്കൊടുക്കണ പാട്ട് അവന്റെ തലയ്ക്കുള്ളിൽ ഉയർന്ന് കേൾക്കാൻ തുടങ്ങി.

ഇടിച്ചു മാറ്റിയ മലകൾ കണ്ടോ?
അറുത്തെടുത്ത കാടുകൾ കണ്ടോ?
അറ്റുപോയ പുഴകൾ കണ്ടോ?
നിങ്ങൾ കണ്ടോ?
അവിടെ നിന്നും പോരുണരും
നീയടരും
നീ നടന്ന വഴികൾ മുഴുക്കേം
നീ തിരികെ നടക്കും…
നീ തിരികെ നടക്കും…
അക്കാണും മലയിൽ നിന്നും
അക്കാണും കാട്ടിൽ നിന്നും
അക്കാണും പുഴയിൽ നിന്നും
പോരുണരും…
നീയടരും…

അവന്റെ തലയിലാകെ പാട്ടിന്റെ മൂളൽ. അവൻ മുറുക്കെ ചെവികൾ പൊത്തിപ്പിടിച്ചിട്ടും അതവനെ വരിഞ്ഞ് മുറുക്കി.

വെയിൽ വെട്ടിത്തിളയ്ക്കുന്നു. തൊണ്ട വരണ്ടുണങ്ങുന്നു. ഒരിറ്റ് വെള്ളത്തിനായവൻ തലയുയർത്തി ചുറ്റും നോക്കി. തന്റെ പിറകേ വരുന്നവന്റെ നേരെ തിരിഞ്ഞ് സംസാരിക്കാൻ ഒരുങ്ങിയതും അവൻ തല വെട്ടിച്ച് തിരികെ നടക്കുന്നു. ഒരാൾ പോലും തന്നെ നോക്കുന്നില്ല. പരസ്പരം ഒന്നും മിണ്ടുന്നുമില്ല.

രായന് തലയാകെ പുളയാൻ തുടങ്ങി. കഴുത്തിലെ ഞരമ്പുകൾ പിടഞ്ഞു കയറുന്നു. കയ്യാകെ വിറയ്ക്കുന്നു. ഉമിനീര് കുടിച്ചിറക്കിയിട്ടും ദാഹം കൂടിക്കൂടി വരുന്നു. കൈ തലയിലേക്ക് താങ്ങി മണ്ണിലമർന്നിരുന്നു. നെഞ്ചിലെ പിടച്ചിൽ താഴ്ന്ന് താഴ്ന്ന് വരുന്നു.

പതിയെ തലയുയർത്തി നോക്കിയതും നിലമുഴുത് നിന്ന മനുഷ്യരൊക്കെ ഒരു വലിയ ചങ്ങല പോലെ വരിയായി മാറുന്നു. അതങ്ങനെ നാലുകാലിൽ നടന്ന് നടന്ന് കാടിനുള്ളിലേക്ക് കയറുന്നു.

ആകാംക്ഷയോടെയും ഭീതിയോടെയും അവർക്കരികിലേക്കവൻ നിരങ്ങി നീങ്ങി. ചരൽ കല്ലുകൾ പോറി മുട്ട് പൊട്ടിയൊലിക്കുന്നു. പെട്ടെന്നാണാ ആ ശബ്ദം ശ്രദ്ധിച്ചത്. അടുത്തെവിടെയോ വെള്ളമൊഴുകുന്ന ഒച്ച. അവൻ അത്യാർത്തിയോടെ ചെവി കൂർപ്പിച്ചു. കണ്ണുകൾ കൂടുതൽ തുറന്ന് പിടിച്ചു. അവർ നടന്നടുക്കുന്നടുത്തായി മുന്നിലൊരു അരുവി പാറക്കല്ലുകൾക്കിടയിലൂടെ ഒഴുകി പടരുന്നു.

അവന്റെ ഹൃദയം തെളിഞ്ഞു. നെഞ്ചിലാകെ ആശ്വാസത്തിന്റെ ഊർജ്ജം. വല്ലാത്തൊരു വെപ്രാളത്തോടെ ചാടിപ്പിടഞ്ഞ് എഴുന്നേറ്റ് ഒറ്റയോട്ടം. മറിഞ്ഞ് വീഴുമ്പോലെ അരുവിയരികിൽ വന്നിരുന്ന് ആർത്തിയോടെ വെള്ളത്തിലേക്ക് കൈകൾ രണ്ടും കൂട്ടിപ്പിടിച്ച് വെള്ളം കോരിയെടുക്കാനും പെട്ടെന്ന് പുറകിൽ നിന്നൊരു തള്ളൽ. നില കിട്ടാതെ രായൻ വെള്ളത്തിലേക്ക്.

വെള്ളത്തിൽ കമിഴ്ന്ന് വീണവൻ ശ്വാസം കിട്ടാതെ പിടഞ്ഞതും വെള്ളം മൂക്കിലേക്കും വായിലേക്കും ഇടിച്ചു കയറി. പിടഞ്ഞ് പിടഞ്ഞവൻ കൈകാലുകൾ ഇട്ടടിച്ച് തുമ്മിയും ചുമച്ചും എഴുന്നേറ്റ് മുന്നിലേക്ക് നോക്കിയതും ഒന്നുമറിയാത്ത ഭാവത്തിൽ മറ്റുള്ളവർ നാലുകാലിൽ മണ്ണിൽ അമർന്നിരുന്ന് മൃഗങ്ങളെപ്പോലെ വെള്ളം നക്കി കുടിക്കുന്നു. മണ്ടയ്ക്ക് വെള്ളം കയറി ചുവന്ന അവന്റെ കണ്ണുകൾ ദേഷ്യം കൊണ്ട് വീണ്ടും ചുവക്കാൻ തുടങ്ങി. ഉള്ളിൽ ആർത്തലച്ച് വരുന്ന ദേഷ്യത്തിലവൻ ശക്തിയിൽ കൈകൾ വെള്ളത്തിൽ കൂട്ടിയടിച്ച് കുറേ വെള്ളം കോരിക്കുടിച്ചുകൊണ്ട് മുന്നിലേക്ക് നടന്ന് വന്നതും മറ്റുള്ളവർ അവനെ തുറിച്ച് നോക്കുന്നു. അവൻ കരയിലേക്ക് കാലെടുത്ത് വയ്ക്കാൻ തുനിഞ്ഞതും ഒരുത്തൻ നാലുകാലിൽ അവന്റെ നേരെ ചാടിയതും ഒന്നിച്ചായിരുന്നു. ഒരു കല്ലിൽ പിടിച്ച് അവൻ വശത്തേക്ക് വെട്ടിയൊഴിഞ്ഞതും മറ്റവൻ വെള്ളത്തിലേക്ക് തെറിച്ച് വീണു.

അന്നേരം തന്നെ കരയിലേക്ക് രായൻ ചാടിക്കയറി. അവൻ ഉയർന്ന് നിന്നതും വീണ്ടും അവന്റെ നേരെ ഒരുത്തൻ ചീറി വരുന്നു. രണ്ടും കൽപ്പിച്ച് രായൻ തറയിൽ നിന്നൊരു കല്ലെടുത്ത് പാഞ്ഞു വരുന്നവന്റെ മുഖത്തേക്ക് ഒറ്റയടി. ‘ക്ടക്’. താടിയെല്ല് പൊട്ടി ചീറ്റുന്ന ചോരയോടവൻ മണ്ണിലേക്ക് മുഖമമർത്തി അലറാൻ തുടങ്ങി. പെട്ടെന്ന് ശബ്ദങ്ങളെല്ലാം നിലച്ചു. രായൻ നോക്കി നിൽക്കേ അവന് ചുറ്റുമവർ ഒരു വലിയ അർദ്ധ വൃത്താകൃതിയിലെ വളയം തീർത്തു. സൂക്ഷ്മതയോടെ രായൻ ഓരോ വശത്തേക്കും നോക്കി. മണ്ണിൽ കയ്യും കാലുമമർത്തി നിൽക്കുന്ന ചെന്നായ്ക്കളുടെ കൂട്ടം, അതോ പന്നികളുടെ കൂട്ടമോ ഇത്. ഇവരൊന്നും മനുഷ്യരല്ല! അവരുടെ ചത്ത കണ്ണുകൾ അവനിലേക്ക് ആഴ്ന്നിറങ്ങാൻ തുടങ്ങി.

രായൻ നോക്കി നിൽക്കേ അവനെ വളഞ്ഞവർ കൈകൾ കൊണ്ട് നിലത്തടിക്കാൻ തുടങ്ങി. അവിടെ വന്യമായൊരു താളം ഉയരുന്നു. മണ്ണിൽ നിന്ന് പൊടി ഉയരുന്നു. പതിയെ അവരുടെ നാവുകളിൽ നിന്ന് മൂളലുകൾ. അതൊരു വന്യമായ ശീലായി പരിണമിക്കുന്നു. ഒച്ച ഉയരുന്നു. കാടിനുള്ളിൽ വരികൾ മുഴങ്ങുന്നു.

അടി തടുത്ത്
കുടഞ്ഞൊഴിഞ്ഞ്
പട നടുവിലാട്…
ഇടി തൊടുത്ത
വിരലൊടിച്ച്
ചുടു ചോരയിലാട്…
ആടാട് ആട്
പട നടുവിലാട്
ചുടു ചോരയിലാട്…
ആടാടാടാടാട്…
ആടാടാടാടാട്…
പോരാടാട്…

വരികൾ മുഴങ്ങി നിൽക്കേ നാലുവശത്ത് നിന്നും നാലുപേര് അവന്റടുത്തേക്ക് ചീറിയടുത്തു. പന്നികൾ ചീറി വരുമ്പോലെ അവന്റെ തുടയിലേക്ക് ഇടിക്കുവാൻ വണ്ണമവർ പാഞ്ഞടുത്തതും അവൻ ഒഴിഞ്ഞ് മാറാൻ നോക്കിയെങ്കിലും ഇടത് വശത്ത് നിന്നവന്റെ ഇടിയിൽ നിലതെറ്റി കമിഴ്ന്നടിച്ച് വീണു. പെട്ടെന്ന് മറ്റുള്ളവർ അവന്റെ മേലേക്ക് ചാടി വീഴാനും. അവൻ പുറകിലേക്ക് ഉരുണ്ട് മാറി കൈകൾ തറയിലൂന്നി ചാടി എഴുന്നേറ്റ് കൈകൾ ആഞ്ഞ് വീശി ഒരുത്തനെ അടിച്ച് തറയിൽ വീഴ്ത്തി. അവനെ എഴുന്നേൽക്കാൻ അനുവദിക്കാതെ നടുവിലമർത്തി ചവിട്ടി മുന്നോട്ട് ആഞ്ഞതും മറുവശത്ത് നിന്നവന്റെ പിടലിയിലേക്ക് ഒരടി വീണു. പിടലിയിൽ കയ്യമർത്തി അവൻ നിവർന്ന് നോക്കാനും വന്യമായ ശീലുകൾ അടുത്തടുത്ത് വരുന്നു.

ആടാട് ആട്
പട നടുവിലാട്
ചുടു ചോരയിലാട്…
ആടാടാടാടാട്…
ആടാടാടാടാട്…
പോരാട്…. പോരാട്…

രായന്റെ കണ്ണുകളിലേക്ക് ഭയം പാഞ്ഞിറങ്ങി. ആ കൂട്ടമവന്റെ ശരീരം വളഞ്ഞ് പിടിച്ച് കമിഴ്ത്തി കിടത്തി. തോൾ വെട്ടിച്ചവൻ കുതറാൻ ശ്രമിച്ചിട്ടും അനങ്ങാൻ പറ്റുന്നില്ല. പെട്ടെന്ന് അവന്റെ രണ്ട് കാൽമുട്ടിലേക്കും ശക്തിയുള്ള അടികൾ.

‘ക്ടക്’
എല്ലുകൾ ഒടിയുന്ന ശബ്ദം.
“അമ്മാ…”
ഒരു നിലവിളി ആ ലോകം ഭേദിച്ചെന്ന പോലെ പുറത്തേക്ക്. നെഞ്ചിലേക്ക് തുളച്ചു കയറുന്ന നീറ്റൽ. കണ്ണുകളിലേക്ക് പാഞ്ഞിറങ്ങുന്ന കണ്ണീർ. അവൻ വേദന കൊണ്ട് പുളയാൻ തുടങ്ങി. ശീലുകൾ കെട്ടടങ്ങി. നാൽക്കാലികളായ മനുഷ്യര് അവിടെ നിന്ന് ഇഴഞ്ഞ് നീങ്ങി. രായന്റെ പിടയലിൽ മണ്ണിലേക്ക് കിനിഞ്ഞിറങ്ങുന്ന ചോര.

സൂര്യൻ കനലെറിഞ്ഞ് കനലെറിഞ്ഞ് പതിയെ താഴ്ന്നു. ഇരുട്ടിന്റെ കരിമ്പടവും പുതച്ച് രാവ്. മുക്കിയും മൂളിയും പിടഞ്ഞവൻ നോക്കുമ്പോൾ അവന്റെ രക്തം മണപ്പിച്ച് നടക്കുന്ന പന്നി കുഞ്ഞുങ്ങൾ. അറപ്പോടവൻ അവിടെ നിന്ന് ഇഴഞ്ഞ് മാറാൻ തുടങ്ങി. അവന്റെ ഭാവമാറ്റം കണ്ട് രസിച്ചിട്ടെന്നപോലെ അവ അവന്റടുത്തേക്ക് അടുത്തേക്ക് ചാടിയടുക്കാൻ തുടങ്ങി. എല്ലൊടിഞ്ഞ മുട്ട് തറയിലൂന്നി നാലുകാലിൽ അവൻ ഇഴയാൻ തുടങ്ങി. പന്നിക്കുഞ്ഞുങ്ങൾ അവനെ തട്ടിയും പതിയെ ഇടിച്ചും ഓടാൻ തുടങ്ങി. അതിലൊരെണ്ണം അവന്റെ ഒടിഞ്ഞ മുട്ടിൽ ചവിട്ടിയതും അവൻ അലറി നിലവിളിച്ചു, “എന്റമ്മാമ്മ്മാ…”

ചാടി പിടഞ്ഞവൻ ഒടിഞ്ഞ മുട്ട് തറയിലൂന്നി കൈകൾ മുന്നിലേക്ക് ആഞ്ഞെറിഞ്ഞ് നാലുകാലിൽ ഓടാൻ തുടങ്ങി. ഇഴഞ്ഞും ഉരുണ്ടും വീണുമൊക്കെ എങ്ങനെയൊക്കെയോ അവൻ നിലത്തിന് അരികിലെത്തിയതും പെട്ടെന്ന് പിന്നാലെ വന്ന കുഞ്ഞുങ്ങളൊക്കെയും നാലുവശത്തേക്കും ചിതറിയോടുന്നു. എന്തുപറ്റിയെന്നറിയാതെ അവൻ മുന്നോട്ട് നോക്കിയതും ഞെട്ടിപ്പോയി. മുന്നിൽ ഭീമാകാരനായൊരു പന്നി. നീണ്ട മൂക്കിന് താഴെ വായിൽ നിന്ന് മുകളിലേക്ക് വളർന്നു നിൽക്കുന്ന കൂറ്റൻ തേറ്റ പല്ലുകൾ. അതിൽ നിന്നിറ്റ് വീഴുന്ന എന്തോ ദ്രാവകം. ഇരുട്ടിനുള്ളിലും തിളങ്ങുന്ന ചുവന്ന കണ്ണുകൾ. ഒരിക്കൽക്കൂടി അതിനെ നോക്കാനാകാതെ അവൻ മണ്ണിലേക്ക് മുഖമമർത്തി കമിഴ്ന്ന് കിടന്നു.

അത് പതിയെ നടന്നടുക്കുന്ന ശബ്ദം. അടുത്തടുത്ത് വരുന്ന പന്നിച്ചൂര്. അത് പതിയെ അവന് മേലെയായി കയറി നിന്നു. അവന്റെ ഹൃദയം പടപടാ മിടിക്കാൻ തുടങ്ങി. മുതുകിലേക്ക് അമരുന്ന പന്നിരോമങ്ങൾ.

ചൂട്.
ഉടലിൽ പടരുന്ന പന്നിയുടെ ഉടലിന്റെ ചൂട്
പിൻകാലുകൾ കൊണ്ടത് അവന്റെ കാലുകൾ ഇരുവശത്തേക്ക് തട്ടിയകറ്റി.

അവന്റെ മനസ്സിലേക്ക് ഒരു കൊള്ളിയാൻ പാഞ്ഞ് കയറി. അത് കെടും മുന്നേ അവന്റെ പിന്നിലൂടെ ഒരു തീയുണ്ട ഉള്ളിലേക്ക് തുളച്ച് കയറി. ഒറ്റ കുത്തിൽ അവന്റെ മലദ്വാരത്തിലൂടെ പന്നി അതിന്റെ ലിംഗം കുത്തിക്കയറ്റി. അവന്റെ കണ്ണുകൾ തുറിച്ച് പുറത്തേക്കുന്തി.
വായിൽ നിന്ന് നുരയും പതയും.

അകത്തേക്ക് കയറ്റിയ അതേ വേഗതയിലത് പാതി പുറത്തേക്ക് വലിച്ച് ഉള്ളിലേക്ക് വീണ്ടുമൊരു തള്ളൽ. പൊട്ടിയ ഞരമ്പുകളിൽ നിന്ന് തെറിച്ച് വീഴുന്ന രക്തത്തുള്ളികൾ.

വേദന കൊണ്ട് പിടഞ്ഞവൻ ഇരുകൈകളും മണ്ണിലടിക്കാൻ തുടങ്ങി.

വല്ലാത്തൊരു മുരൾച്ചയോടെ പന്നി വീണ്ടും വീണ്ടും ഉള്ളിലേക്കും പുറത്തേക്കും തന്റെ അഗ്നിദണ്ഡ്കൾ കയറ്റുകയും ഇറക്കുകയും ചെയ്യുന്നത് തുടർന്നു. രായന്റെ സർവ്വ രോമാകൂപങ്ങളിൽ നിന്നും വിയർപ്പ് പൊട്ടിയൊലിക്കാൻ തുടങ്ങി. കണ്ണിലേക്ക് ഇരുട്ട് അരിച്ച് കയറുന്നു. കൈപ്പത്തികളിൽ നിന്ന് ഉടലാകെ തണുപ്പ് പടരുന്നു. മെല്ലെ കണ്ണടഞ്ഞ് പോകെ പിന്നിൽ നിന്ന് രക്തത്തിനൊപ്പം പുറത്തേക്ക് ഒലിക്കുന്ന കൊഴുത്ത ദ്രാവകത്തോടൊപ്പം അത് തന്റെ ലിംഗവും വലിച്ചൂരി അമറിക്കൊണ്ട് അവനിലേക്ക് അമർന്ന് വീണു.

കുറേ നേരം കഴിഞ്ഞ് ബോധം വരുമ്പോൾ അപ്പോഴും തുളച്ച് കയറുന്ന വേദനയിൽ രായൻ കണ്ണ് പാതി തുറന്ന് നോക്കി.
ഇരുട്ട്.
കട്ടപിടിച്ച ഇരുട്ട്.
നിശ്ശബ്ദത.
കാറ്റ് പോലും ചലിക്കാത്ത പോലെ നിശ്ശബ്ദത.

കൈകൾ കൊണ്ട് പൊട്ടിയൊലിച്ച പിറകിൽ അമർത്തി പിടിച്ചവൻ കണ്ണുകൾ മുറുക്കെയടച്ചു.
‘രക്ഷപ്പെടണം. എങ്ങനെയെങ്കിലും രക്ഷപ്പെടണം. ഇല്ലെങ്കിൽ ഇവയെല്ലാം കൂടെ തന്നെ ജീവനോടെ…ഹോ! ആലോചിക്കാനാകുന്നില്ല’.

ജീവന് വേണ്ടിയുള്ള വെപ്രാളത്തിനിടയിൽ എന്ത് വേദന. അവൻ ഒച്ചയുണ്ടാക്കാതെ പതിയെ ഇഴയാൻ തുടങ്ങി.
എങ്ങോട്ടാണ് പോകേണ്ടത്?
അറിയില്ല.
എങ്കിലും അവൻ ഇഴയാൻ തുടങ്ങി.

കണ്ണുകളിലെ മങ്ങൽ മാറിയിട്ടില്ല. വെളിച്ചം പോലും ഇറങ്ങി വരാൻ ഭയക്കുന്ന ഇരുൾ. ഒന്നും കാണാൻ വയ്യ. എങ്കിലുമവൻ ഇഴയുന്നു.
ഇഴഞ്ഞിഴഞ്ഞ്…
ഇഴഞ്ഞിഴഞ്ഞ്…

പെട്ടെന്ന് അവന്റെ കയ്യിലേക്ക് ഒരു മരത്തിന്റെ വേര് തട്ടി. അവന്റെ ഉള്ളിലൂടെ വന്ന നേരം ഓർമ വന്നു. താൻ വീണുപോയൊരു കുഴി. കണ്ണ് തുറക്കുമ്പോൾ തനിക്ക് ചുറ്റും ഉണ്ടായിരുന്ന ഭീമാകാരൻ വേരുകൾ. തല കാണാനാകാത്ത മരങ്ങൾ. അപ്പോൾ അതിന് മുകളിലെവിടെയോ ആണ് താൻ വന്ന കാടും ലോകവും. അവൻ പതിയെ വേരിലൂടെ പിടിച്ച് കയറാൻ തുടങ്ങി. ഓരോ കയറ്റത്തിലും ഒടിഞ്ഞ് തൂങ്ങിയ കാലുകളാൽ ബുദ്ധിമുട്ടവേ നെഞ്ച് അമർത്തി വേരുകളിലേക്ക് ചേർന്നും കൈകളിൽ മുഴുവൻ ഭാരവും വലിച്ച് തൂക്കിയും മുകളിലേക്ക് കയറാൻ തുടങ്ങി. അറ്റമില്ലാത്തത് പോലെ വേരുകൾ. എങ്കിലും പിന്മാറിയാൽ മരണത്തെക്കാൾ ഭീകരമെന്നോർത്ത് അവൻ മുകളിലേക്ക് മുകളിലേക്ക്.

കാലുകൾ കുഴയുന്നു. ഉടൽ മുഴുക്കെ വേദനിക്കുന്നു. ക്രമം തെറ്റിയ ശ്വാസഗതികളോടെ അവൻ ഒരു നിമിഷം നിന്നു.
‘ഇല്ല, തനിക്ക് കഴിയില്ല. കയറി വന്ന അത്രേം ആഴത്തിലേക്ക് കൈ വിട്ട് വീഴാം. മരിക്കാം.’

മനസ്സിലേക്ക് പാത്തുവിന്റെ ചിരി കടന്നുവന്നു. പിള്ളാരുടെ കെട്ടിപ്പിടുത്തത്തിന്റെ ചൂട് തോന്നുന്നു.

കുട്ടൻ, ഷിബു, ബിജു അവരുടെ പാട്ടുകൾ.

നിറഞ്ഞ കണ്ണുകൾ വലിച്ച് തുറന്നവൻ മുകളിലേക്ക് നോക്കി കൈ വിടുവിക്കാൻ തുനിഞ്ഞതും മുകളിലൊരു നീല കഷ്ണം. ആകാശത്തിന്റെ കഷ്ണം. അവൻ ഒന്നുകൂടെ കണ്ണടച്ച് തുറന്ന് നോക്കി, അതേ, ആകാശമാണ്.

വല്ലാത്തൊരു ആവേശത്തോടെ അവൻ മുകളിലേക്ക് വീണ്ടും വലിഞ്ഞ് കയറാൻ തുടങ്ങി. എട്ടടിയോളം മുകളിലേക്ക് കേറിയതും കീറി മാറിയ മണ്ണിന് മുകളിലേക്ക് അവൻ പിടിച്ചു കയറി. മണ്ണിലമർന്നിരുന്ന് ശ്വാസമെടുത്തവൻ താഴേക്ക് നോക്കി.

അഗാധമായ ഇരുട്ട്. കയറി വന്ന വേരുകൾ പോലും ഇരുട്ടിനുള്ളിൽ ഇഴുകി ചേർന്നിരിക്കുന്ന പോലെ.
മുകളിൽ,
മരത്തിന്റെ തലപ്പുകൾ.
അതിനും മീതെ ഇടയ്ക്കിടെ പൊട്ട് പോലെ ആകാശം.

സന്തോഷം കൊണ്ടവൻ ഇരുകൈകൾ കൊണ്ടും അവനെ തന്നെ മുറുക്കെ കെട്ടിപ്പിടിച്ചു. മണ്ണിൽ മുഖമമർത്തി ചുംബിച്ചു.
പെട്ടെന്ന് അവന്റെ ശ്വാസത്തിലേക്ക് ഒരു ഗന്ധം ഇരച്ചു കയറി.
പന്നിച്ചൂര്.
അവൻ ഞെട്ടിപ്പിടഞ്ഞ് ചുറ്റും നോക്കി.
കാതുകൾ കൂർപ്പിച്ചു.

ആ ഗന്ധം അടുത്തടുത്ത് വരുന്നു. അവൻ ഒടിഞ്ഞ കാലുകൾ തറയിലിട്ടിഴച്ച് ഓടാൻ തുടങ്ങി. നാലുകാലിൽ…
അടുത്തടുത്ത് വരുന്ന ഗന്ധം.
പെട്ടെന്നവൻ നിന്നു.
കൈകൾ മൂക്കോട് അടുപ്പിച്ചു.
ചൂര്.
പന്നിച്ചൂര്.
അത് വരുന്നത് തന്നിൽ നിന്നാണ്.
അവൻ കൈകൾ മണ്ണിലമർത്തി തുടയ്ക്കാൻ തുടങ്ങി. വീണ്ടും മണത്തു.
ഇല്ല, പോകുന്നില്ല.

വീണ്ടും വീണ്ടും തുടയ്‌ക്കേ പിന്നിൽ നിന്ന് ഒരു മുരൾച്ച. തിരിഞ്ഞ് നോക്കെ ഇരുട്ടിൽ ഓടി വരുന്ന തിളങ്ങുന്ന കണ്ണുകൾ. ഞെട്ടിപ്പിടഞ്ഞ് അവൻ ഓടാൻ തുടങ്ങി.

ഓടവേ അവന്റെ മൂക്കിലേക്ക് പന്നിച്ചൂര് തുളച്ച് കയറുന്നു. അവന്റെ കാലുകളിലേക്ക് കൈകളിലേക്ക് രോമങ്ങൾ വളർന്നിറങ്ങുന്നു. അവൻ തിരിഞ്ഞ് നോക്കി. പിറകേ ഓടിയടുക്കുന്ന തിളങ്ങുന്ന കണ്ണുകൾ. അവന്റെ കണ്ണുകളും ഇരുട്ടിൽ തിളങ്ങാൻ തുടങ്ങി. വായിൽ നിന്ന് ഇറ്റ് വീഴുന്ന നുരയ്‌ക്കൊപ്പം തേറ്റപ്പല്ലുകൾ മുകളിലേക്ക് വളർന്നു കയറുന്നു.

പിന്നിൽ ഓടിയടുക്കുന്ന പന്നികൾ.
മുന്നിലും ഇരുളിൽ പായുന്നൊരു കൂറ്റൻ പന്നി.

Comments