പോത്ത്യൂണിസ്റ്റ്

‘‘നീ വെറും പോത്തിന്റെ സ്വഭാവം കാണിക്കരുത്.''

‘‘പോത്തിന്റെ സ്വഭാവത്തിന് എന്താണൊരു കുഴപ്പം?''

സുലൈമാൻ ചോദിച്ചു.

‘‘അത് ഒരു പാവം ജീവിയല്ലേ? അൽപം പുല്ലൊക്കെത്തിന്ന്, പിണ്ണാക്ക് കലക്കിയ വെള്ളമൊക്കെ കുടിച്ച്, വല്ല ചേറിലോ ചിറയിലോ അങ്ങനെ മുങ്ങിക്കിടക്കും. അതാരെയെങ്കിലും ചീത്ത വിളിക്കാറുണ്ടോ? അതാരെയെങ്കിലും കുന്നായ്മ കുത്താറുണ്ടോ? പിന്നേം എന്തിനാ ആ പാവത്തിന്റെ പേരില് പഴംചൊല്ലുകളുണ്ടാക്കണേ?''

സുലൈമാന്റെ തുപ്പൽ തെറിച്ച മുഖവുമായി തൊടിയിലെ സുബൈർ ഒരടി പുറകോട്ടുമാറി. അവന്റെ തല തട്ടി തകരഷീറ്റിട്ട ‘ഇന്ത്യൻ ക്ലബി'ന്റെ ബോർഡ് ആടി. അടുത്തുനിന്ന മത്തായി അത് പിടിച്ചുനിർത്തി.

‘ഇന്ത്യൻ ക്ലബ്' അന്നാട്ടിലെ തൊഴിൽരഹിതരുടെ കൂട്ടായ്മയാണ്. സുരേഷ് നായരും, രാജേഷും, പിന്നെ കശുവണ്ടി മുതലാളിയുടെ മകൻ കമ്യൂണിസ്റ്റായ തോമസും അതിൽ അംഗങ്ങളാണ്.

നാട്ടിൽ തൊഴിലെടുത്ത് ജീവിക്കുന്നവർക്കും സർക്കാർ ഉദ്യോഗസ്ഥർക്കും എതിരെ പരദൂഷണം, സ്‌കൂളിന്റെ സമീപമുള്ള പറമ്പിൽ ക്രിക്കറ്റ് കളി, പി.എസ്.സി പഠനം മുതലായവയാണ് തൊഴിൽരഹിതരുടെ പ്രധാന ‘തൊഴിൽ'.

പി.എസ്.സി പരീക്ഷ എഴുതിയെഴുതിത്തളർന്ന ഒരു പേനയും ഏജ്ഓവറായ ശരീരവുമായി ബാബു ആ ക്ലബിന്റെ രക്ഷാധികാരിയായി. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയും സത്യാന്വേഷണപരീക്ഷണങ്ങളും മുതൽ വേദഗ്രന്ഥങ്ങൾ വരെ അയാളുടെ മുന്നിലെ മേശക്കുമുകളിൽ ഉറക്കം തൂങ്ങി ഇരുന്നു.

ആ കൂട്ടത്തിൽ സുലൈമാൻ മാത്രമാണ് കുലംകുത്തിയായത്. സുലൈമാൻ ഒരു പോത്തിന്റെ മുതലാളിയായി. ഒ.ബി.സി റിസർവേഷൻ കിട്ടാൻ പാകത്തിൽ അതിന് ഒരു പേരുമിട്ടു - അബു.

‘അബൂ' എന്ന് സുലൈമാൻ നീട്ടിവിളിച്ചാൽ പോത്ത് അത് ചവച്ചുകൊണ്ടിരിക്കുന്ന പുല്ലിനെ വെറുതേ വിടും. എന്നിട്ട് തലയുയർത്തി ആ വിളികേട്ട ദിക്കിലേക്ക് ചെവികൾ കൂർപ്പിച്ചുപിടിച്ച് അനങ്ങാതെ നിൽക്കും.

സുലൈമാനെ കണ്ടുകഴിഞ്ഞാൽ അബു സന്തോഷം കൊണ്ട് ചിരിക്കും. ക്ലബ്ബിൽ നിന്ന് മടങ്ങിവരുമ്പോൾ സുലൈമാൻ കൈയിൽ കരുതുന്ന സുഖിയനെയോർത്ത് വായിൽ നിറയുന്ന വെള്ളം ഒന്നോ രണ്ടോ തുള്ളി ഒരു വശത്തുകൂടെ ഒലിച്ച് നിലത്ത് വീഴും. ആ സമയം തന്റെ പുറത്തൊക്കെ ഉണങ്ങിപ്പിടിച്ചിരിക്കുന്ന കൃഷ്ണൻനായരുടെ പറമ്പിലെ ചെളിയിൽ വന്നുപറ്റുന്ന ഈച്ചകളെ ആട്ടാൻ പോലും അബു മറക്കും. പലഹാരമൊന്നും വാങ്ങാൻ കൈയിൽ കാശില്ലാത്തദിവസം അജയൻ സഖാവിന്റെ അതിരിൽ നിൽക്കുന്ന കമ്മ്യൂണിസ്റ്റ്പച്ചയുടെ ഒരു കൊണ്ട സുലൈമാന്റെ കയ്യിലുണ്ടാകും. അബുവിന്റെ അടുത്തുചെന്ന് അതിന്റെ കറുത്ത വലിയ ശരീരത്തിന്റെ കൈപിടിപോലെ തോന്നിക്കുന്ന, പിന്നോട്ട് വളഞ്ഞ് പതിഞ്ഞിരിക്കുന്ന കൊമ്പുകളിൽ പിടിച്ച് വീതിയേറിയ കറുത്ത നെറ്റിയിൽ തലോടി സുലൈമാൻ സ്‌നേഹം പ്രകടിപ്പിക്കും. അബു തിരിച്ചും.

ഒരിക്കലും വിജയിക്കില്ലെന്നുറപ്പുള്ള ഡിഗ്രി മൂന്നാംവർഷ പരീക്ഷയുടെ പിറ്റേദിവസമാണ് സുലൈമാനും അബുവും കണ്ടുമുട്ടുന്നത്. ഏറെക്കാലം വളർന്നുനിന്ന് ചൊറിച്ചിലുണ്ടാക്കിയ താടി വടിച്ചുകളയുമ്പോൾ കിട്ടുന്ന സ്വാതന്ത്ര്യം പോലെ പരീക്ഷയൊക്കെ കഴിഞ്ഞ് സന്തോഷിച്ചുനിന്ന സുലൈമാൻ ഒരു അമറൽ കേട്ടാണ് തിരിഞ്ഞുനോക്കിയത്.

തന്റെ ഉപ്പ ബുഖാരിമാഷ് ഒരു പോത്തിനെയും പിടിച്ചുകൊണ്ട് തന്റെ മുന്നിലൂടെ, എന്നാൽ തന്നെ ഗൗനിക്കാതെ നെഞ്ചും വിരിച്ച് വീടിനു പിന്നിലേക്ക് നടന്നു പോകുന്നു. അത് തന്നോടുള്ള വെല്ലുവിളിയായി സുലൈമാന് തോന്നി. സുലൈമാൻ വീടിനകത്തേക്ക് കയറി തന്റെ മുറിയിലെ ജനൽപാളി ശബ്ദമുണ്ടാക്കാതെ അൽപം വിടർത്തി അതിനിടയിലൂടെ ഒളിഞ്ഞുനോക്കി. അപ്പോൾ കണ്ട കാഴ്ച്ച ഭീകരമായിരുന്നു. തന്റെ ഉപ്പ ആ പോത്തിന്റെ നെറ്റിയിലും പുറത്തും സ്‌നേഹത്തോടെ തലോടുന്നു. തന്നോടില്ലാത്ത സ്‌നേഹം അനുഭവിക്കുന്ന ആ വൃത്തികെട്ട ജീവിയെ സുലൈമാൻ ദേഷ്യത്തോടും സങ്കടത്തോടും കൂടി നോക്കിക്കണ്ടു.

ഇതൊന്നും പോരാത്തതിന് താൻ പോലും അറിയാതെ വീടിനു പിൻവശത്ത് അടുക്കളയുടെ വശത്തായി ഒരു തൊഴുത്തും കെട്ടിയിരിക്കുന്നു. മെടഞ്ഞ ഓലകൊണ്ട് മറച്ചതാണെങ്കിലും ആ തൊഴുത്തിനകവശം കണ്ടപ്പോൾ തന്റെ മുറിപോലെ സുലൈമാന് തോന്നി.

തന്റെ മുറിയിലുള്ളതെല്ലാം അതിനുള്ളിലുമുണ്ട്. വെള്ളം കുടിക്കാനുള്ള ജഗ്ഗിനു പകരം വലിയ ഒരു ചരുവം. കട്ടിലിനുപകരം രണ്ടറ്റത്തും തടിയുടെ അലകുകൾ പിടിപ്പിച്ച് അതിരുകൾ തിരിച്ച ഒരു ലയം. തടികൊണ്ടുള്ള തന്റെ പെൻസ്റ്റാൻഡ് പോലെ തോന്നിക്കുന്ന പുല്ലൂട്.

സുലൈമാന് ഏറ്റവും വിഷമം തോന്നിയത് അവിടെ തൂക്കിയിട്ടിരുന്ന ബൾബിന്റെ ആകൃതി കണ്ടാണ്. തന്റെ മുറിയിൽ കത്തുന്ന അതേതരം പിരിയൻ ബൾബ്. ഒരു വ്യത്യാസമേ ഉള്ളൂ. പുസ്തകങ്ങൾ മാത്രമില്ല. അത് ഉപ്പ മനഃപൂർവം വക്കാത്തതാകും, തന്നെ അവഹേളിക്കാൻ.
ഓരോ പരീക്ഷയുടെയും ഫലം വരുമ്പോൾ ബുഖാരിമാഷിന്റെ ശബ്ദം സുലൈമാന്റെ മുറിയുടെ താക്കോൽപ്പഴുതിലൂടെ നൂണ്ട് കയറിവന്ന് സുലൈമാനെ ചൊറിഞ്ഞ് ശല്യം ചെയ്യും.

‘‘ഓരോ ജോഡി പോത്തന്മാരെ വാങ്ങിത്തരും. നിനക്ക് അതൊക്കെയെ പറഞ്ഞിട്ടുള്ളൂ.''

അബ്ദുൽ ബുഖാരി അന്നാട്ടിലെ ബഹുമാന്യരായ വ്യക്തികളിൽ ഒരാളാണ്. വീടിനടുത്തുതന്നെയുള്ള പുല്ലൂർ ഗവർൺമെന്റ് സ്‌കൂളിലെ സംസ്‌കൃതം അദ്ധ്യാപകൻ. സുലൈമാന്റെ അഭിപ്രായത്തിൽ ‘നഃ സ്ത്രീ സ്വാതന്ത്ര്യം അർഹതി' എന്നത് വളച്ചൊടിച്ച കാപാലികൻ. തന്റെ ഉമ്മക്ക് അയാൾ ഒരിക്കലും സ്വാതന്ത്ര്യം കൊടുത്തിരുന്നില്ല. വീട്ടിൽ പഞ്ചസാര തീർന്നാൽ അയൽപക്കത്തെ ശാരദയുടെ പക്കൽനിന്ന് ഒരു ഗ്ലാസ് പഞ്ചസാര വാങ്ങാൻ, ആ പ്രദേശത്തെ പെണ്ണുങ്ങളെല്ലാം കൂടുന്ന അയൽക്കൂട്ടത്തിന് പോകാൻ, അങ്ങനെ ഒന്നിനും ഏറെനേരത്തെ വാഗ്വാദങ്ങൾക്ക് ഒടുവിലല്ലാതെ ഉമ്മക്ക് അനുവാദം കിട്ടിയിരുന്നില്ല.

പോത്ത് വീട്ടിൽ വന്ന ദിവസങ്ങളിലൊന്നും തന്നെ സുലൈമാൻ വീടിനു പിൻവശത്തേക്കേ പോയില്ല. രാത്രിയിൽ ഉറങ്ങാൻ കിടക്കുമ്പോൾ തന്റെ മുറിയുടെ ജനൽവിടവിലൂടെ ഒളികണ്ണിട്ട് നോക്കും. കൊമ്പും വാലും മുളച്ച ഇരുട്ടിന്റെ ഒരു വലിയ കഷണം തൊഴുത്തിൽ ഇറങ്ങിവന്നതുപോലെ സുലൈമാനു തോന്നും. ബുഖാരിമാഷ് രാവിലെയും വൈകുന്നേരവും സമയം കിട്ടുമ്പോഴൊക്കെയും പോത്തിനെ പരിപാലിച്ചു.

രാവിലെ സ്‌കൂളിൽ പോകുന്നതിനുമുൻപ് അതിനെ അടുത്തുള്ള കൃഷ്ണൻനായരുടെ പറമ്പിൽ അഴിച്ചുകെട്ടി. വൈകുന്നേരം വന്നാൽ അതിനെ അടുക്കളവശത്തുള്ള തെങ്ങിൽ കെട്ടി കുളിപ്പിക്കും. തന്റെ വകയായി ഓരോ പിടി പുല്ലു പറിച്ച് ബുഖാരിമാഷ് അതിന്റെ വായിൽ വെച്ചുകൊടുക്കും. എന്നിട്ട് തന്റെ അടച്ചിട്ട ജനലിലേക്ക് നോക്കുന്നത് സുലൈമാൻ ഉള്ളിൽ ഒളിഞ്ഞിരുന്ന് കാണും. അപ്പോൾ പോത്ത് ഇടയ്ക്കിടെ അമറും.

പോത്തിന്റെ ഓരോ വിളിയും തന്നെ കളിയാക്കിയാണോ എന്ന് സുലൈമാന് സംശയം തോന്നി. ഇതിനൊക്കെ പ്രതികാരമായാണ് അബ്ദുലിന്റെ ‘അ' യും ബുഖാരിയുടെ ‘ബു' വും ചേർത്ത് സുലൈമാൻ പോത്തിന് രഹസ്യമായി അബു എന്ന് പേരിട്ടത്.

അങ്ങനെയിരിക്കെയാണ് അത് സംഭവിച്ചത്. അബു ബുഖാരിമാഷിനെ കുത്തി. കുത്തെന്നുപറഞ്ഞാൽ ചില്ലറക്കുത്തൊന്നുമല്ല. ‘എന്റള്ളോ' എന്ന വിളി കേട്ട് ഓടിച്ചെന്ന സുലൈമാന്റെ ഉമ്മ കണ്ടത് പുല്ലൂടിനകത്ത് കാലുകൾ മുകളിലേക്കായി മലർന്ന് കിടക്കുന്ന ബുഖാരിമാഷിനെയാണ്. ഒരൽപ്പം വൈകിയാണെങ്കിലും സുലൈമാനും ഉമ്മയുടെ പിന്നിൽ നിന്ന് ആ കാഴ്ച്ച കാണാനെത്തി. ഉള്ളിൽ ഊറിച്ചിരിച്ചെങ്കിലും പുറത്തു കാട്ടിയില്ല. എന്നാൽ ചുണ്ടുകളുടെമേൽ കൈകൾ കൊണ്ട് തീർത്ത പ്രതിരോധത്തെ ഭേദിച്ച് പുറത്തുചാടിയ ചിരിയുടെ ഒരു ചെറിയ ഉണ്ടയെ ചുമയാക്കിമാറ്റി സുലൈമാൻ നിന്നു.

മാഷിന് വൈദ്യർ വിശ്രമം കൽപ്പിച്ചു. അയാളുടെ നടുവിൽ നിന്ന് താഴെ കാലുകളിലേക്കു പടർന്ന വേദനയാണ് സുലൈമാന് പിൽക്കാലത്ത് അബുവിനോട് ഉണ്ടായ സ്‌നേഹത്തിന്റെ തുടക്കം. അങ്ങനെ അബു സുലൈമാന് സ്വന്തമായി. അന്ന് പുല്ലൂർ സ്‌കൂളിലെ കുട്ടികൾ ദേശീയഗാനം പാടുന്നതും സുലൈമാൻ കേട്ടു.

പോത്തിനോടുള്ള സ്‌നേഹം പരസ്യമായി പ്രഖ്യാപിക്കാനും സുലൈമാൻ മറന്നില്ല. വൈകുന്നേരം ക്രിക്കറ്റ് കളിക്കാൻ പോകുമ്പോൾ അബുവിനെയും സുലൈമാൻ കൊണ്ടുപോകും. ആദ്യമൊക്കെ കളിയാക്കി പിന്തിരിപ്പിക്കാൻ നോക്കിയ നാട്ടുകാർക്ക് പിന്നെ ആ കാഴ്ച്ച ഒരു ശീലമായി. സുബൈർ എറിയുന്ന പന്ത് സുലൈമാൻ അടിച്ചുയർത്തുമ്പോൾ അബു അതിരിലെ കറുകയും പിന്നെ സ്‌കൂൾ മതിലിനു പിന്നിലെ സിനിമാപോസ്റ്ററും അകത്താക്കുകയായിരിക്കും.

സുലൈമാൻ കളിയിൽ പുറത്തായാൽ അബുവിനും വിഷമം തോന്നും. വായിലെ പുല്ല് ചവയ്ക്കാതെ അവൻ സുലൈമാനെ നോക്കും. തിരിച്ചും. എന്നിട്ട് രണ്ടുപേരുംകൂടി തലതാഴ്ത്തി വീട്ടിലേക്ക് മടങ്ങും. നാരായണൻചേട്ടന്റെ കടയിലെ സുഖിയനിലേക്ക് പോലും അബു അന്ന് നോക്കില്ല.

പോത്തുമായുള്ള സംസർഗ്ഗം കൊണ്ടാണോ എന്നറിയില്ലെങ്കിലും സുലൈമാന്റെ സംസാരത്തിൽ പ്രകടമായ മാറ്റം കണ്ടുതുടങ്ങിയിരുന്നു. ഒരിക്കൽ സുരേഷ് നായരാണ് അത് ആദ്യം കണ്ടുപിടിച്ചത്. ക്ലബ്ബിലെ പി. എസ്. സി. പഠനത്തിനിടെയുണ്ടായ ഒരു തർക്കത്തിലാണ് അത് പുറത്തുചാടിയത്. ഭരണഘടന രൂപീകരിച്ചപ്പോൾ ‘പ്രാതിനിധ്യ ജനാധിപത്യം' എന്നതാണ് ഉദ്ദേശിച്ചിരുന്നതെന്നും അത് പിന്നീട് അട്ടിമറിക്കപ്പെട്ടതാണ് എന്നുമായിരുന്നു തർക്കം. സുരേഷ് നായരും രാജേഷും സുലൈമാനും പങ്കെടുത്തു.

വിഷയത്തെപ്പറ്റി വലിയ ഗ്രാഹ്യമില്ലാത്തത്‌കൊണ്ട് സുബൈറും, കമ്മ്യൂണിസ്റ്റ്കാരനായ തോമസും മാറിനിന്നു.

‘‘അത് നിനക്കെങ്ങനെ അറിയാം എല്ലാവർക്കും പ്രാതിനിധ്യം ഉണ്ടെന്ന്?''

സുലൈമാൻ വിട്ടില്ല.

‘‘അതിനെയാണ് ജനാധിപത്യം എന്ന് വിളിക്കുന്നത്. എല്ലാർക്കും ഉണ്ടാവും,''

രാജേഷ് വാദിച്ചു.

‘‘ങ്ങും, എന്റെ വീട്ടിൽ പോലുമില്ല പ്രാതിനിധ്യം. പിന്നാണ് ജനാധിപത്യത്തിൽ. നിനക്കൊക്കെയറിയോ എന്റെ വീട്ടിൽ ഒരു പുതിയ തൊഴുത്ത് കെട്ടിയിട്ട് പോലും ഞാൻ അറിഞ്ഞില്ല. എന്റെ ഉപ്പ...''

പിന്നീടങ്ങോട്ട് സുലൈമാൻ പറഞ്ഞതൊന്നും അവർക്കാർക്കും മനസ്സിലായില്ല.

സുലൈമാന്റെ വായിൽ നിന്നു പുറപ്പെട്ട ശബ്ദം ഒരു പോത്തിന്റെ അമറൽ പോലെ തോന്നിച്ചു. അയാളുടെ മുഖവും ചുണ്ടുകളും വക്രിച്ചു. ചെവി കൂർത്തുവന്നു. പോത്ത് ചീറ്റുന്നപോലെ അയാൾ ചീറ്റി. ഇതെല്ലാം കണ്ടുന്നിന്ന തോമസ് മേശപ്പുറത്തിരുന്ന പൊടിപിടിച്ച കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ എടുത്ത് സുലൈമാന്റെ പുറത്തടിച്ചപ്പോഴാണ് ആ അലർച്ച നിന്നത്.

ഇതെല്ലാം കഴിഞ്ഞാൽ അവിടെ നടന്നതിനെപ്പറ്റിയൊന്നും യാതൊരു ബോധവും സുലൈമാന് ഉണ്ടാവില്ല. മടങ്ങുമ്പോൾ പതിവുപോലെ സുലൈമാൻ രണ്ടു സുഖിയൻ വാങ്ങി. ഒരെണ്ണം തനിക്കും മറ്റേത് അബുവിനും.

വീട്ടിലും ചിലപ്പോഴെല്ലാം ഉമ്മയോടുള്ള സംഭാഷണങ്ങൾക്കൊടുവിൽ പോത്തിന്റെ അമറൽ പോലുള്ള ശബ്ദം ഉയർന്നു കേൾക്കും. അതുകേട്ട് ബുഖാരിമാഷ് തിരിഞ്ഞുകിടക്കും. അബു തലയുയർത്തി അടുക്കളയുടെ ഭാഗത്തേക്ക് നോക്കും. എന്നിട്ട് വാലുകൊണ്ട് കാലിന്റെ വശങ്ങളിൽ വന്നിരിക്കുന്ന ഈച്ചയെ ആട്ടും.

കാര്യങ്ങൾ ഇങ്ങനെയൊക്കെ പോകുമ്പോഴാണ് നാട്ടിൽ ഇലക്ഷൻ പ്രഖ്യാപിച്ചത്. ജനാധിപത്യ വിശ്വാസികളായതുകൊണ്ട് ‘ഇന്ത്യൻ ക്ലബ്ബിൽ' ഇലക്ഷൻ തീരും വരെ ആളുകൾ കുറവാണ്. അതിലെ അംഗങ്ങൾ താന്താങ്ങൾ വിശ്വസിക്കുന്ന പാർട്ടിയുടെ ഓഫീസുകളിലും പുറത്തും പ്രചാരണത്തിനും പണപ്പിരിവിനും ഒക്കെയായി ഓട്ടമാവും. അങ്ങനെ വൈകുന്നേരത്തെ ക്രിക്കറ്റ്കളിയും മുടങ്ങിയതിനാൽ അബുവിന് മുഴുവൻ സമയവും സുലൈമാന്റെ പരിചരണം ലഭ്യമായി.

വീട്ടിൽ വോട്ടഭ്യർത്ഥനയുമായി വരുന്ന നേരിൽ കണ്ടാൽപോലും മിണ്ടാത്ത പാർട്ടിക്കാർ സുലൈമാനെയും അന്വേഷിച്ചു തുടങ്ങി. തൊഴുത്തിൽ പോത്തിനൊപ്പമാണെന്നു പറഞ്ഞാൽ അവരുടുത്തിരിക്കുന്ന വെളുത്ത അഴുക്കുപറ്റാത്ത മുണ്ടുകൾ മുട്ടൊപ്പം വലിച്ചുകയറ്റി അവർ കുശലങ്ങൾ ചോദിക്കാൻ തൊഴുത്തിലെത്തും. അതിൽ ഒരു പാർട്ടിക്കാർ അബുവിനോട് വരെ വോട്ട് ചോദിച്ചത്രേ! അബു വോട്ടില്ലെന്ന് അമറി.

ഇലക്ഷൻ കാലത്ത് അബുവിന് വയറുനിറയെ കഴിക്കാൻ കിട്ടി. ക്രിക്കറ്റ് കളിക്കുന്ന പറമ്പിൽ സമ്മേളനം കഴിഞ്ഞ് പാർട്ടിക്കാർ ഇട്ടിട്ടുപോയ നോട്ടീസുകൾ, വഴിയോരങ്ങളിൽ കിടന്നുകിട്ടുന്ന വാഗ്ദാനങ്ങളടങ്ങിയ പ്രകടനപത്രിക. അങ്ങനെ പലതും. നേരം പുലരുമ്പോൾ മുതൽ സന്ധ്യയാകുന്നതുവരെ തലങ്ങും വിലങ്ങും നടക്കുന്ന സമ്മേളനങ്ങളിലും അനൗൺസ്‌മെന്റ്കളിലും മുങ്ങി അബുവിന്റെയും സുലൈമാന്റെയും അമറലുകൾ അന്നാട്ടിൽ ആരും കേൾക്കാതെയായി. ഇലക്ഷന്റെ ആവേശത്തിൽ ബുഖാരിമാഷ്‌പോലും ഒരു ഊന്നുവടിയുടെ സഹായത്താൽ പുറത്തിറങ്ങി. അബു, മാഷിനെ ഏറുകണ്ണിട്ട് നോക്കിയിട്ട് ഒന്നുമറിയാത്തപോലെ പോസ്റ്ററും ചവച്ചു നിന്നു.

ഇലക്ഷന്റെ തലേദിവസം ആരവങ്ങളെല്ലാമൊടുങ്ങിയ ഒരു വൈകുന്നേരത്താണ് അത് സംഭവിച്ചത്. ഉമ്മയുടെ നിർദേശപ്രകാരം പഞ്ചസാരവാങ്ങാൻ റേഷൻകടയിൽ പോയ സുലൈമാൻ നീണ്ട ക്യൂ കാരണം മടങ്ങിയെത്താൻ വൈകി. ഈ നേരം നോക്കി കവലയിലെ പഞ്ചായത്ത് കിണറിനു സമീപം ഒട്ടോസ്റ്റാൻഡിന്റെ പലകക്കാലിൽ കെട്ടിയിരുന്ന അബു ആ രാജ്യദ്രോഹം ചെയ്തു.

സമീപത്ത് നിന്നിരുന്ന കൊടിമരങ്ങളിൽ നിന്നും കുറച്ചു താഴ്ന്നുപറന്നിരുന്ന ഒരു കൊടി ഒരു ടയറിൽ ചവിട്ടിനിന്ന് അവൻ പതിയെ അകത്താക്കി. ഇതെല്ലാം കണ്ടുകൊണ്ട് സമീപത്ത് നിന്നിരുന്ന ഏതാനും കോളേജ്പിള്ളേർ മൊബൈൽഫോണിൽ ആ കൃത്യത്തിന്റെ വിഡിയോ വരെ എടുത്തു.

അരി വാങ്ങി അബുവിനെയും കൂട്ടി വീട്ടിലേക്ക് പോകാൻ എത്തിയ സുലൈമാൻ കണ്ടത് തന്റെ പോത്തിന് ചുറ്റും കൂടി നിൽക്കുന്ന ഒരാൾക്കൂട്ടത്തെയാണ്.

‘‘അബൂ'' സുലൈമാൻ വിളിച്ചു.

‘‘നിന്റേതാണോ ഈ പോത്ത്?''

സുലൈമാൻ തലകുലുക്കി. പോത്ത് തലയുയർത്തി സുലൈമാനെ നോക്കി.

‘‘നിന്റെ പേരെന്താ?''

‘‘സുലൈമാൻ''

‘‘നമ്മടെ ബുഖാരിമാഷിന്റെ മോനാ'' മറ്റാരോ പറഞ്ഞു.

‘‘ഉം'' മുട്ടിനുതാഴെ കാലുകൾ കാട്ടിനടന്ന കൊമ്പൻമീശക്കാരനായ തടിയൻ മൂളി. എന്നിട്ട് അടുത്തുനിന്നിരുന്ന തന്റെ അനുയായിയെ നോക്കി. അയാൾ 'കാര്യം' മനസ്സിലായി എന്ന അർത്ഥത്തിൽ തലയാട്ടി.

‘‘നീ മനപ്പൂർവ്വമല്ലേ ഇതിനെ ഇവിടെ കെട്ടിയത്?''

അബുവും സുലൈമാനും തലകുനിച്ചു.

‘‘നിന്റെ പോത്തെന്താ മറ്റ് കൊടികളൊന്നും തിന്നാത്തത്?''

അബു മലർന്ന് മറ്റ് കൊടികളിലേക്ക് നോക്കി. അതെല്ലാം അങ്ങ് ഉയരത്തിൽ നിന്ന് താഴെ തങ്ങളെ നോക്കി പരസ്പരം കളിയാക്കിച്ചിരിക്കുന്നത് അവൻ കണ്ടു.

‘‘വകതിരിവില്ലാത്ത പോത്തല്ലേ വിട്ടുകളചേട്ടാ'' തോമസ് ഇടപെട്ടു.

ആ പറഞ്ഞത് തന്റെ നേതാവിനെയാണോ എന്ന് അനുയായി ഒരു നിമിഷം ശങ്കിച്ചു.

‘‘അങ്ങനെ വിട്ടുകളയാനൊന്നും പറ്റില്ല. രാജ്യത്തിന്റെ സംസ്‌കാരത്തെത്തന്നെ രൂപപ്പെടുത്തിയ ജീവിയാ.''

അതുകേട്ട് അബു അഭിമാനത്തോടെ ഒന്ന് മുരണ്ടു.

ചുറ്റിലും കൂടിനിന്നവർ തങ്ങളിൽ തങ്ങളിൽ നോക്കി.

‘‘ഇതെന്റെ ഉപ്പ വളർത്താൻ വാങ്ങിയ പോത്താ'' ഇതും പറഞ്ഞ് സുലൈമാൻ അബുവിന്റെ മുതുകത്ത് തടവി. പുറത്തുപറ്റിയത് ഈച്ചയാണെന്ന് കരുതി അബു വാലുകൊണ്ട് അതിനെ ആട്ടി.

അപ്പോഴേക്കും പോത്തിനെ ഏറ്റെടുക്കാൻ മറ്റു പാർട്ടിക്കാരും എത്തി. അവരൊക്കെ പാർട്ടിക്കൊടി തിന്ന പോത്തിന് നേരെയും ചുറ്റിലും നിൽക്കുന്നവരുടെ വോട്ടിനുനേരെയും വിരലുകൾ ചൂണ്ടി. അതുകണ്ട് സുലൈമാന്റെ ചുണ്ടുകൾ വക്രിച്ചു. മുഖം ചുളുങ്ങി. ചെവികൾ കൂർത്തുവന്നു. എല്ലാ ശബ്ദങ്ങൾക്കും മീതെ സുലൈമാൻ അമറി. ബുഖാരിമാഷിന്റെ ഊന്നുവടി പുറത്തുവീണപ്പോഴാണ് അത് നിലച്ചത്.

ഇടത് വശത്ത് മാഷും വലത് വശത്ത് പോത്തുമായി അച്ഛനമ്മമാരുടെ കൂടെ നടക്കുന്ന കുട്ടിയെപ്പോലെ സുലൈമാൻ വീട്ടിലേക്ക് നടന്നു. നടത്തത്തിനിടയിൽ നാരായണൻചേട്ടന്റെ കടയിൽ ചില്ലുകൂട്ടിലിരിക്കുന്ന സുഖിയൻ അബു ഏറുകണ്ണിട്ട് നോക്കി. കൊടി നശിപ്പിച്ചതിനെതിരെ ഉപരോധസമരത്തിന്റെ അറിയിപ്പും മൂന്നുപേരും കേട്ടു.

അബുവിന്റെ അമറൽ കേട്ടാണ് പിറ്റേന്ന് സുലൈമാൻ ഉണർന്നത്.

തൊഴുത്തിന്റെ വശത്തെ ജനലിലൂടെ നോക്കുമ്പോഴുണ്ട് ഒരു ചെറിയ ലോറി തൊഴുത്തിനടുത്ത് നിൽക്കുന്നു. അതിനു പിന്നിൽ ബുഖാരിമാഷ് അബുവിനെ തള്ളി വണ്ടിയിലേക്ക് കയറ്റുകയാണ്. ഒരു സഹായി വണ്ടിക്ക് മുകളിൽ നിന്ന് വലിക്കുന്നുമുണ്ട്. മടിച്ചിട്ടാണെങ്കിലും അബു പതിയെ വണ്ടിയിൽ കയറി ഒരു നിമിഷം സുലൈമാന്റെ മുറിയിലേക്ക് നോക്കി.

ആ മുറിക്കുള്ളിൽ നിന്ന് പുറത്തേക്ക് തിക്കിത്തിരക്കിവന്ന ഒരുകൂട്ടം അമറലുകളെ ബുഖാരിമാഷ് തലേദിവസം കീറിയ കൊടിയുടെ നിറമുള്ള ഒരു തോർത്തുകൊണ്ട് തന്റെ വിയർപ്പുതുള്ളികൾക്കൊപ്പം തട്ടിത്തെറിപ്പിച്ചു. സുലൈമാന്റെയും അബുവിന്റെയും അമർച്ചകൾ കൈകോർത്തുപിടിച്ച് അവിടെനിന്നും ഇറങ്ങി നാരായണൻചേട്ടന്റെ കടയിലെ ചില്ലുകൂടിനുമുന്നിലൂടെ ഉരുണ്ടുപോയി.

അന്നുരാത്രി, പുല്ലൂടിനുള്ളിൽനിന്ന് ഇത്തിരി പുല്ലും അടുത്തിരുന്ന ചരുവത്തിൽനിന്ന് അൽപം വെള്ളവും കുടിച്ച് പോത്തിന്റെ ചാണകത്തിനും മൂത്രത്തിനുമിടയിൽ സുലൈമാൻ സുഖമായി ഉറങ്ങി.

Comments