ആരൊക്കെ, എവിടെയൊക്കെ, എന്തൊക്കെ എഴുതിവെച്ചിരിക്കുന്നു.. അതെല്ലാം
തിലകൻസ് ലൈറ്റ് ആൻഡ് സൗണ്ട്സിന്റെ പുറംചുമരിലെ കരിയെഴുത്തുപോലെ വൈറലായോ..?
ചരിത്രത്തിൽ എത്രമാത്രം ചുമരെഴുത്തുകളുണ്ടായി.
അവയെല്ലാം അർഹിക്കുന്ന ഗൗരവത്തിൽ ചർച്ചചെയ്തോ?
പക്ഷേ, തിലകൻസിന്റെ ചുമരിൽ അജ്ഞാതർ എഴുതിയ 'പൊട്ടൻസ് മൈക്ക് 'കാണാൻ ആളുകൾ ആകാക്ഷയോടെ പരക്കംപായുന്നതെന്തേ ..?
ഇങ്ങനെയുള്ള ചോദ്യങ്ങളൊന്നും ആരും ആരോടും ചോദിച്ചില്ല. വാർത്ത കണ്ടവർക്കും കേട്ടവർക്കും രസംപിടിച്ചു. കരിയെഴുത്ത് ആദ്യം കണ്ട മെമ്പർ സുശീലൻ 'നുണച്ചിമുക്ക് നാട്ടുക്കൂട്ടം' വാട്സാപ്പ് ഗ്രൂപ്പിൽ സംഭവം അവതരിപ്പിച്ചതു മുതൽ നാട്ടുകാരിൽ കൗതുകം പിറന്നു. സംഭവസ്ഥലത്തേക്ക് കുതിക്കാൻ കൊതിപ്പിക്കുന്ന ചിറകുള്ള വാക്കുകൾ നുണച്ചിമുക്കിന്റെ അന്തരീക്ഷത്തിൽ ഉയർന്നു.
ഇന്നലെ രാത്രി അയാൾ ഗാന്ധിയെ സ്വപ്നം കണ്ടത്രേ. വെടിയേറ്റ് വീണുകിടക്കുന്നിടത്തേക്ക് ഒരു ചവിട്ടുകൂടി കിട്ടണമായിരുന്നുവെന്ന് പ്രസംഗിച്ചതിന് മാപ്പുപറഞ്ഞ് തടിയൂരിയ കക്ഷിയാണ്. സ്വപ്നത്തിൽ എന്തുകണ്ടു എന്ന ചോദ്യത്തിന് പ്രസക്തിയില്ല. സ്വപ്നത്തിനു ശേഷമുള്ള യാഥാർഥ്യം പറഞ്ഞ് അയാൾ ആളുകളെ പിടിച്ചിരുത്തി. രാവിലെ എണീറ്റപ്പോൾ, തിലകൻസിന്റെ ചുമരിൽ ചിരിച്ചുനിൽക്കുന്ന ഗാന്ധിയെ കാണണമെന്ന് വല്ലാത്ത പൂതി. കിടന്നകിടപ്പിൽ നിന്നും നേരെ എണീറ്റുപോയി ഗാന്ധിയെക്കണ്ടു. ഗാന്ധി ചിരിച്ചെങ്കിലും അതിനേക്കാൾ ചിരിപ്പിച്ചത്രേ അദ്ദേഹത്തെ തൊട്ടുകിടന്ന 'പൊട്ടൻസ് മൈക്ക്' എന്ന വാചകം. അപ്പോൾ തന്നെ അയാൾ അതിന്റെ ഫോട്ടോയെടുത്ത് "തിലകന്റെ ചുമരുപെറ്റു, പൊട്ടൻസ് മൈക്ക്'ന്ന് കുഞ്ഞിന്റെ പേര്" എന്ന അടിക്കുറിപ്പോടെ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു.
ചുമര് പെറുമോ?
അഥവാ പെറ്റാൽ കരിയെഴുത്തിനെയാണോ പെറുക..?
ചുമര് തൂറി, ഛർദ്ദിച്ചു എന്നൊക്കെയുള്ള പ്രയോഗങ്ങളല്ലേ കൂടുതൽ ഇണങ്ങുക എന്നൊന്നും ആരും ചോദിച്ചില്ല.
ചുമരിന്റെ പേറും, പൊട്ടന്റെ മൈക്കും നാട്ടുകാർ ആസ്വദിച്ചു. മഞ്ഞമുഖങ്ങൾ ചിരിച്ചുതെറിച്ചു. ചിലതിൽ നിന്ന് നീലത്തുള്ളികൾ വശങ്ങളിലേക്ക് തെറിച്ചു. ചിലത് താഴേക്ക് കുത്തനെ കണ്ണീരൊഴുക്കി. ഗ്രൂപ്പിലെ ഉന്തുംതള്ളും നിരീക്ഷിച്ച് സുശീലൻ മാറിനിന്നു. ഇഷ്ടപ്പെട്ട
കമന്റുകൾക്കും ഇമോജികൾക്കും തള്ളവിരലുയർത്തി പ്രോത്സാഹനം നൽകിയതല്ലാതെ 'കമ'ന്നൊരക്ഷരം അയാൾ മിണ്ടിയില്ല.
കുറച്ചുനേരത്തെ മൗനത്തിനുശേഷം ചെറിയൊരു കുറിപ്പുമായി അയാൾ വീണ്ടും ഗ്രൂപ്പിൽ തലയിട്ടു.
“കരിക്കട്ടകൊണ്ട് ചുമരുകളിൽ ശത്രുസംഹാരം നടത്തി നിർവൃതിയടഞ്ഞ അജ്ഞാത കലാസംഘങ്ങൾ ഒരു കാലത്ത് എല്ലായിടത്തുമുണ്ടായിരുന്നു. എതിർലിംഗക്കാരുടെ രഹസ്യാവയവങ്ങളെ കുറിച്ചുള്ള സങ്കൽപ്പചിന്തകൾ അന്നത്തെ കൗമാരക്കാരിൽ വളർത്തിവലുതാക്കുന്നതിൽ ഈ ചുമരെഴുത്തുകൾ നൽകിയ സംഭാവന ചെറുതല്ല. കരിയെഴുത്തുകളിൽ ചിലത് തത്വചിന്താപരമായ കവിതകളോ പ്രണയാർച്ചനകളോ ആയിരുന്നു. കരിയും ആരാന്റെ ചുമരുമുണ്ടെങ്കിൽ മോഹൻലാലിനെ വരച്ച് പ്രതിഭ തെളിയിക്കാൻ പലരും ശ്രമം നടത്തി. അവരെല്ലാം പബ്ലിസിറ്റിയും ലൈക്കും ആഗ്രഹിക്കാത്ത ചുമർചിത്രകാരന്മാരായിരുന്നു.”
ഗ്രൂപ്പ് പിന്നെയും സജീവമായി. കുറ്റക്കാരനാകേണ്ടിയിരുന്ന അജ്ഞാതൻ കലാകാരനായി.
കരിയെഴുത്തുകാരുടെ സുവർണകാലത്തേപ്പോലും അതിജീവിച്ച് നാൽപ്പതുവർഷക്കാലമായി നുണച്ചിമുക്കിൽ നിവർന്നുനിൽക്കുന്ന തിലകൻസ് ലൈറ്റ് ആൻഡ് സൗണ്ട്സിന്റെ പുറംചുമരിൽ 'പൊട്ടൻസ് മൈക്ക്' എന്നെഴുതിവെച്ച അജ്‍ഞാതൻ ആരാണ് ?
വൈകിയുണർന്ന ബുദ്ധിജീവികൾ എതിർപ്പ് പ്രകടിപ്പിച്ചു. അപ്പോൾ മാത്രമാണ് ചുമരിന്റെ ഉടമയെക്കുറിച്ച് ആളുകൾ ചിന്തിച്ചത്. തിലകനെവിടെ ? തിലകന്റെ ഭാഗത്തുനിന്നും പ്രതികരണമൊന്നും വരാത്തതും ചർച്ചയായി. മൂന്നാലു കമന്റുകൾ വന്നതിനുശേഷം ഗ്രൂപ്പംഗങ്ങളോട് സുശീലൻ ഒരു ക്ഷണം നടത്തി.
“പ്രിയമുള്ളവരേ,
എല്ലാവരും കവലയിലേക്ക് വരൂ..
നമ്മളാരും ഇരുട്ടിൽ പതുങ്ങിയിരുന്ന് ആരാന്റെ ചുമര് വൃത്തികേടാക്കുന്നവരല്ല.. കരിയെഴുത്തിനുപിന്നിലെ യാഥാർഥ്യം പുറത്തുകൊണ്ടുവരണം..”
തിരക്കുകൾ മാറ്റിവെച്ച് ആളുകൾ സംഭവസ്ഥലത്തേക്ക് വെച്ചുപിടിച്ചു.

ഓടുമേഞ്ഞ ഒറ്റമുറികെട്ടിടത്തിലാണ് തിലകന്റെ ലൈറ്റ് ആൻഡ് സൗണ്ട്സ് കട
പ്രവർത്തിക്കുന്നത്. ആംപ്ലിഫയറും സ്പീക്കറുമില്ലാതെ ഉച്ചത്തിൽ ശബ്ദിക്കുന്ന ചിത്രങ്ങൾ ആ പഴയ കെട്ടിടത്തെ ആകർഷകമാക്കുന്നു. തിലകൻസ് ലൈറ്റ് ആൻഡ് സൗണ്ട്സിന്റെ സ്ഥാപകനും നിലവിലെ പ്രൊപ്രൈറ്റർ തിലകന്റെ അച്ഛനുമായ സുരേന്ദ്രൻ വരച്ചത്. വടക്കുഭാഗത്തെ പുറംചുമരിൽ ഗാന്ധിജിയുടേയും നടൻ തിലകന്റേയും ചിത്രങ്ങൾ, തെക്കുഭാഗത്ത് സ്വാമി വിവേകാനന്ദൻ ആൾക്കൂട്ടത്തോട് പ്രസംഗിക്കുന്നു. പൊന്തക്കാട്ടിലേക്കു നോക്കുന്ന പുറകുവശത്ത് നുണച്ചിമുക്ക് കവലയുടെ പഴയചിത്രം. മുൻവശത്തെ ഷട്ടറിട്ടാൽ
കർട്ടൻ താഴ്ത്തിയ ഒരു വേദിയുടെ ചിത്രം..
തൊണ്ണൂറുകളിലെ മലയാളികൾ മമ്മൂട്ടിയും, മോഹൻലാലുമായി ക്ലബ്ബുകളിലും കുടുംബങ്ങളിലും കടവരാന്തകളിലും കളിസ്ഥലങ്ങളിലുമൊക്കെ തർക്കിച്ചും തമ്മിലടിച്ചും ആവേശപരവശരായപ്പോൾ സുരേന്ദ്രൻ എന്ന യുവാവ് നടൻ തിലകന്റെ കടുത്ത ആരാധകനായി ഒറ്റയാനായി. തിലകന്റേയും മക്കളുടേയും ശബ്ദം അയാൾക്ക് ലഹരിയായിരുന്നു.
ലൈറ്റ് ആൻഡ് സൗണ്ട് കട തുടങ്ങിയപ്പോൾ അതിനും മകൻ പിറന്നപ്പോൾ അവനും അയാൾ ഇഷ്ടനടന്റെ പേരിട്ടു. തിലകന്റെ ശബ്ദം അനുകരിച്ച് അയാൾ മൈക്ക് ടെസ്റ്റുചെയ്യുന്നത് കാണികൾക്ക് കൗതുകമായി. നാട്ടിലെ ചില സാമൂഹിക പ്രശ്നങ്ങളിൽ ഇടപെട്ടതോടെ അയാൾക്ക് ശത്രുക്കളുണ്ടായി. വയൽ നികത്തലിനെതിരെ അധികമാരും
സംസാരിക്കാത്ത അക്കാലത്തുതന്നെ അയാൾ വയൽ സംരക്ഷണത്തിനുവേണ്ടി ശബ്ദിച്ചു. ഒരു
ദിവസം പണി കഴിഞ്ഞ് വീട്ടിലേക്ക് നടക്കുമ്പോൾ പൊട്ടക്കിണറിൽ വീണുമരിച്ചു. ആരോ
തള്ളിയിട്ടതാണെന്ന സംശയം അന്ന് ചിലരൊക്കെ പറഞ്ഞെങ്കിലും 'പൊട്ടക്കിണറിൽ വീണുമരിച്ചു’ എന്നുമാത്രമാണ് ഇന്ന് അയാളെക്കുറിച്ചുള്ള അവസാന വാക്ക്.
ഗാന്ധിക്കും തിലകനുമിടയിലെ വാചകംനോക്കി കാണികൾ പിറുപിറുത്തു. ചേർന്നുനിന്നും ചിതറിമാറിയും അവർ ഊഹാപോഹങ്ങൾ പറത്തിവിട്ടു. ഊഹങ്ങളും പോഹങ്ങളും തിരിച്ചും മറിച്ചും ആവർത്തിച്ചു മടുത്ത് ചിലർ അവരവരുടെ തിരക്കുകളിലേക്ക് മടങ്ങി. സത്യാന്വേഷികളായ പത്തിരുപതാളുകൾ സുശീലന്റെ നേതൃത്വത്തിൽ ചുമരിനു മുന്നിൽ ഉറച്ചുനിന്നു. ആശംസയറിയിച്ചും ആശങ്കയറിയിച്ചും വന്നവർ വന്നവർ തിരിച്ചുപോയി.
2
സുധർമ്മന്റെ വരവോടുകൂടിയാണ് കരിയെഴുത്ത് വിഷയം ഒരു ജനകീയ പ്രശ്നമായത്. കൊളസ്ട്രോൾ പരിശോധന കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് അയാൾ ഗ്രൂപ്പിലെ മെസേജുകൾ കണ്ടത്. സുശീലൻ കീഴടക്കിയ ഗ്രൂപ്പിൽ പ്രതികരിക്കാൻ നിൽക്കാതെ അയാൾ സംഭവസ്ഥലത്ത് നേരിട്ടെത്തി. സുശീലനും സുധർമ്മനും പ്രഥമദൃഷ്ട്യ സുഹൃത്തുക്കളാണെന്ന് തോന്നാമെങ്കിലും അവർക്കിടയിൽ ഒരു അന്തർധാരയും ഇല്ലായിരുന്നു. തെരഞ്ഞെടുപ്പ്
അടുത്തതോടുകൂടി നാട്ടുകാരെ സ്വാധീനിക്കാനുള്ള തത്രപ്പാടിലാണ് രണ്ടുപേരും. ജനറൽ
സീറ്റിൽ രണ്ടുവോട്ടിനാണ് സുശീലൻ തമ്പാൻ മേസ്തിരിയെ തോൽപ്പിച്ചത്. ഇത്തവണ വനിതാ
സംവരണമാണ്. സുശീലന്റെ ഭാര്യയാണോ, സുധർമ്മന്റെ ഭാര്യയാണോ
സ്ഥാനാർഥി എന്ന തർക്കം പാർട്ടിക്കുള്ളിൽ പുരോഗമിച്ചുകൊണ്ടിരിക്കുന്നു.
“നിങ്ങളെനിക്ക് ഇന്നാട്ടിലെ എഴുത്തുകാരുടെ പേരുകൾ തരൂ,
ഞാൻ നിങ്ങൾക്ക് കരിയെഴുത്തുപ്രതികളെ തരാം ”
കരിയെഴുത്തിലേക്ക് വിരൽചൂണ്ടി സുധർമ്മൻ അലറിയപ്പോൾ സുശീലൻ മെമ്പർ അസ്വസ്ഥനായി. മഞ്ഞിച്ച താളുകൾ മറിച്ച്‍ അയാൾ ഓർമ്മകളെ കുടഞ്ഞെങ്കിലും രക്തം, സ്വാതന്ത്ര്യം എന്നീ വാക്കുകൾ കണ്ണിപൊട്ടി നിന്നതല്ലാതെ മറ്റൊന്നും തെളിഞ്ഞില്ല. തിലകന്റെ ചുമര് വൃത്തികേടാക്കിയ അജ്ഞാതനെ കണ്ടെത്തുമെന്ന് പ്രഖ്യാപിച്ച് അന്നേ ദിവസം അതിനുമാത്രമായി മാറ്റിവെച്ചവർ സുധർമ്മനെ ശ്രദ്ധയോടെ കേൾക്കുന്നു. വാക്കുകൾക്കൊപ്പം അയാളുടെ ഭാവങ്ങൾ മാറുന്നതും കൈകൾ വായുവിൽ ചലിക്കുന്നതുംനോക്കി സുശീലൻ ഉമിനീരിറക്കി.
“പ്രിയപ്പെട്ടവരേ,
നുണച്ചിമുക്കിന്റെ പേരുമാറ്റുന്ന കാര്യം ആലോചിക്കാൻ ഈ വോളിബോൾ കോർട്ടിൽ നമ്മൾ കമ്മിറ്റി കൂടിയത് ഇന്നലെയാണ്. ഇന്നുപുലർച്ചെ തിലകൻസ് ലൈറ്റ് ആൻഡ് സൗണ്ട്സിന്റെ പുറംചുമരിൽ കരിയെഴുത്ത് പ്രത്യക്ഷപ്പെട്ടു. പരസ്പരം തൊട്ടുകിടക്കുന്ന കോർട്ടും ചുമരും. നമ്മളെന്താണ് ഇതിൽ നിന്നും മനസിലാക്കേണ്ടത്. പേരുമാറ്റത്തെ പരസ്യമായി എതിർത്തവരില്ലെങ്കിലും സത്യപുരം എന്ന പേര് ഭൂരിപക്ഷം നേടിയപ്പോൾ തിലകൻസിന്റെ ചുമരിലെ ഗാന്ധിയെ നോക്കി പിറുപിറുത്തവരും തലകുനിച്ചുപിടിച്ചവരുമുണ്ട്, അവർ തന്നെയാണ് കരിയെഴുത്തുകേസിലെ പ്രതികൾ. ”
സുധർമ്മന്റെ പ്രസംഗംകേട്ട് ആളുകൾ കൈയ്യടിച്ചു. ഇതുവരേയും താൻ പറയുന്നതിനൊക്കെയും മുക്കുകയും മൂളുകയും ചെയ്തവർ സുധർമ്മന്റെ പിന്നിൽ അണിനിരക്കുന്നതുകണ്ട് സുശീലൻ നിരാശനായി. സുധർമ്മന്റെ വാദത്തെ എതിർക്കണം, തന്റെ വാദം സമർഥമായി അവതരിപ്പിച്ച് ജയിക്കണം.. പ്രകോപിതനായാൽ സുധർമ്മന് പിടിച്ചുനിൽക്കാനാവില്ല. ഉറഞ്ഞുതുള്ളിയ നാക്കിനോട് പൊരുതിതെറിച്ച വാക്കുകൾ അയാളെ പലപ്പോഴും നാണംകെടുത്തിയിട്ടുണ്ട്. സുശീലൻ ആൾക്കൂട്ടത്തിന് മധ്യത്തിലേക്ക് നീങ്ങിനിന്നു.
“പ്രിയമുള്ള സത്യാന്വേഷികളേ,
പൊട്ടൻസ് മൈക്ക്...
കേൾക്കാൻ സുഖമുള്ള വേറിട്ട പ്രയോഗം.
ശരിയാണ് പൊട്ടൻസ് മൈക്ക് എന്ന പ്രയോഗം ഏതോ സാഹിത്യകാരന്റേതാണെന്നേ സാധാരണക്കാരൻ ചിന്തിക്കുകയുള്ളു..”
സാധാരണക്കാരൻ എന്ന് ഉച്ചരിക്കുമ്പോൾ അയാളുടെ കണ്ണുകൾ സുധർമ്മനെ അടിമുടി അളന്നു. സുധർമ്മൻ ചൂളിപ്പോയി. സുശീലനോടുള്ള എതിർപ്പ് അയാളുടെ ഉള്ളിൽക്കിടന്ന് തിളച്ചു. കീഴ്ചുണ്ടും കവിളുകളും തുള്ളാൻതുടങ്ങി. ഇനി തന്റെ തൊണ്ടയിൽ നിന്നും പുറത്തുവരുന്ന വാക്കുകൾക്ക് പരാജയത്തിന്റെ വിറയുണ്ടാകും. ചുമരിലെ ഗാന്ധിയെ നോക്കിച്ചിരിച്ച് അയാൾ സുശീലന്റെ പ്രസ്താവനയെ അവഗണിച്ചു. ഗാന്ധിക്കും തിലകനുമിടയിലെ കരിയെഴുത്ത് അയാളോട് കൊഞ്ഞനംകുത്തി.

പൊട്ടൻസ് മൈക്ക് എന്നത് ഒരു അധിക്ഷേപമായി കാണേണ്ടതില്ലെന്നും തിലകം എന്ന വാക്കിന് പൊട്ട് എന്ന അർഥമാണെന്നും അങ്ങനെയെങ്കിൽ തിലകൻ എന്നതിനെ പൊട്ടൻ എന്ന് വ്യാഖ്യാനിക്കാമെന്നും സുശീലൻ മെമ്പർ ചിരിച്ചു. മഹാനായ നടൻ തിലകനെ അദ്ദേഹത്തിന്റെ കുട്ടിക്കാലത്ത് ഒരു മലയാളം അധ്യാപകൻ ഈ അർഥത്തിൽ നിരന്തരം പൊട്ടൻ എന്നു വിളിച്ചിരുന്നതായി നടൻ ഒരു അഭിമുഖത്തിൽ പറഞ്ഞതായും സുശീലൻ സാക്ഷ്യപ്പെടുത്തി.
“കോർട്ടിലെ പോസ്റ്റ് പിഴുതുകളയുക, വല പറിച്ചുകളയുക, കോർട്ടിൽ മലമൂത്രവിസർജനം നടത്തുക അങ്ങനെ ചില സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളാണ് കാട്ടിക്കൂട്ടിയതെങ്കിൽ യോഗതീരുമാനത്തോട് എതിർപ്പുള്ളവരാണ് പ്രതികളെന്ന് കരുതാമായിരുന്നു. ഇതുപക്ഷെ തിലകനോട് മാത്രമുള്ള എതിർപ്പാണ്. സത്യാഭിലാഷന്മാരുടെ കൗതുകവണ്ടിയുടെ വളയംതിരിച്ച് ചർച്ചയുടെ വഴിതെറ്റിക്കാൻ ആരും ശ്രമിക്കരുത് ”
അത്രയും പറഞ്ഞ് സുശീലൻ അവസാനിപ്പിച്ചു.
രാവിലത്തെ വെയിലിനെ പഴിച്ച് സത്യാന്വേഷികൾ ചുമരിന്റെ ചുവട്ടിൽ ചേർന്നും ചിതറിയും അജ്ഞാതന്റെ മുഖംതിരഞ്ഞു.
പക്ഷേ ആര്..?
ആർക്കാണ് തിലകനോട് ശത്രുത. തിലകന്റെ ഭാവിയും ഭൂതവും വർത്തമാനവും ചുമരിലും കോർട്ടിലും നിറഞ്ഞു. സത്യാന്വേഷികളുടെ മൂഡ് മാറി. തിലകന്റെ അജ്ഞാത ശത്രുക്കളോടുള്ള അമർഷവും നുരഞ്ഞുപൊന്തിയ പകയും കെട്ടടങ്ങി. സുശീലൻ മെമ്പർ അഭിമാനംകൊണ്ട് തുടുത്തു. ഒമ്പതാം വാർഡിലെ സ്ഥാനാർഥിയാരെന്ന് അയാൾ ഉറപ്പിച്ചു.
“ആരെങ്കിലും തിലകനെ വിളിച്ചിനോ”
സത്യാന്വേഷികളിൽ ആരോ ഒരാൾ ചോദിച്ചു. അപ്പോഴാണ് ആൾക്കൂട്ടം തിലകന്റെ അസാന്നിധ്യത്തെക്കുറിച്ച് ഓർത്തത്. സുശീലൻ കൈകൾ മുകളിലോട്ടുയർത്തി പരസ്പരം വിരലുകളൊടിച്ച് ശബ്ദമുണ്ടാക്കി.
“നമ്മളെന്തിന് അയാളെ വിളിക്കണം, വിവരമറിഞ്ഞ് അയാൾ നമ്മളോട് സഹായം
അഭ്യർഥിക്കേണ്ടതാണ്.. അതുപറഞ്ഞപ്പോഴാണ് ഞാനോർത്തത്, അയാൾ എന്തേ മറഞ്ഞിരിക്കുന്നു. ഇതിലെന്തോ ദുരൂഹതയുണ്ട്.”
സുശീലന്റെ ആശങ്കകേട്ട് സത്യാന്വേഷികൾ തലചൊറിഞ്ഞു.
“സുഗുണൻ പോലീസിനെ വിളിക്കാം, ദുരൂഹതകളുടെ ചുരുളഴിക്കാൻ സത്യപുരത്ത് അയാളെ കഴിഞ്ഞേ മറ്റാരുമുള്ളൂ..”
വെള്ളമുണ്ടും വെള്ളക്കുപ്പായവുമിട്ട ചെറുപ്പക്കാരനാണ് നിർദ്ദേശംവെച്ചത്. അയാളുടെ മുഖത്തേക്കുനോക്കി ആളുകൾ തള്ളവിരലുയർത്തി ചുണ്ടുവിടർത്തി.
3
'വിരമിച്ച പോലീസുകാരന്റെ ഗതി' എന്ന ദുർഗതി ഇന്നേവരെ സുഗുണനെ തൊട്ടിട്ടില്ല. നാട്ടുകാരുടെ 'സുഗുണൻ പോലീസേ' വിളി ഇപ്പോഴും തുടരുന്നു എന്നുമാത്രമല്ല
മാങ്ങ, തേങ്ങ, കോഴി തുടങ്ങിയ ചെറുകിട മോഷണങ്ങളും ഒളിച്ചുനോട്ടം-ഒളിസേവ-കൂടോത്രം തുടങ്ങിയ നിർഗുണ-നിരന്തര-നിർദോഷ കേസുകളുടെയും തുമ്പുതേടി ഓട്ടുമുക്കുകാർ ഇപ്പോഴും അയാളുടെ അടുത്തെത്തുന്നു. സംഭവസ്ഥലത്ത് ചെന്ന് അയാൾ സേതുരാമയ്യരാകും. കൈകൾ പിറകിൽ കെട്ടി ചുറ്റുപാടും നടക്കും. ആളുകളിൽ നിന്നും തെളിവെടുക്കും. പരദൂഷണക്കാരിൽനിന്നും ഊഹാപോഹങ്ങൾ സ്വീകരിക്കും. പിന്നെ രണ്ടുമൂന്നു ദിവസം കൂട്ടലും കുറയ്ക്കലും വരയ്ക്കലും മുറിക്കലും ആണ്. ചുരുട്ടിക്കൂട്ടിയ കടലാസുകളിലേക്കുനോക്കി ഗാഢമായ ചിന്തയിലിരിക്കുമ്പേോൾ ഭവാനി അടുത്തുചെന്ന് അയാളുടെ കട്ടിമീശയിൽ തടവി ആശ്വസിപ്പിക്കും. "ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെ എന്ന മട്ടിൽ ഏറ്റവും സാധ്യതയുള്ള ഒരാളുടെ പേര് തട്ടിവിട്ട് തടിയുര് മനുഷ്യാ” പക്ഷേ, അയാൾ അതിന് നിൽക്കില്ല. ഒരു അപരാധി രക്ഷപ്പെട്ടാൽ രക്ഷപ്പെടുത്തിയോനും ഗുണമുണ്ട്. നിരപരാധി ശിക്ഷിക്കപ്പെട്ടാൽ ചൂണ്ടിക്കാട്ടിയവന് പണി പിന്നാലെ വരും. പ്രതിയെ കുറിച്ച് സുചന കിട്ടിയാൽ സുഗുണൻ അത് സ്വയം പ്രഖ്യാപിക്കില്ല, അക്കാര്യം പരാതിക്കാരനെ അറിയിക്കുക മാത്രമാണ് ചെയ്യുന്നത്. ഒരു സൂചനയും കിട്ടിയില്ലെങ്കിൽ നേരെ ഗുരുവായൂർക്ക് വണ്ടി കയറും. പരാതിക്കാരന്റെ പേരിൽ കഴിപ്പിച്ച ശത്രുസംഹാരപൂജയുടെ പ്രസാദവുമായി തിരിച്ചെത്തി അയാളെ സമാധാനിപ്പിക്കും. ഒത്താൽ വണ്ടിക്കൂലിയും പൂജയുടെ ഫീസും അയാളിൽ നിന്നും തരപ്പെടുത്തും.
പക്ഷേ കഴിഞ്ഞ കുറച്ചു കാലങ്ങളായി ഒരു കേസുപോലും തെളിയുന്നില്ല. കള്ളന്മാർ തൊണ്ടിമുതലുമായി നേരെ സുഗുണനെ കാണാനെത്തും.. ഫിഫ്റ്റി-ഫിഫ്റ്റി..! 'ഓസിനു കിട്ടിയാൽ ആസിഡും കുടിക്കുന്ന പോലീസുകാരൻ' എന്ന ഏറെ പഴക്കമില്ലാത്ത ചൊല്ല് സുഗുണൻ പോലീസിനെ മാത്രം ഉദ്ദേശിച്ചാണെന്ന് കള്ളന്മാർ പരസ്പരം പറഞ്ഞു ചിരിച്ചു. സിബിഐക്കുള്ള കുങ്കുമം പോലും അയാൾ കൈക്കൂലിയായി സ്വീകരിച്ചു.
പിന്നെ ആരും സുഗണനെ സഹായത്തിനായി വിളിക്കാതായി.
നഷ്ടപ്രതാപം വീണ്ടെടുക്കാനുള്ള പദ്ധതികൾ ആലോചിച്ചുകൊണ്ട് വീട്ടുമുറ്റത്തെ ചെന്തങ്ങിന്റെ ചുവട്ടിൽ മൂത്രമൊഴിച്ചുകൊണ്ടുനിൽക്കുമ്പോൾ ഒരു കോളുമായി കള്ളന്റെ കോൾ വന്നു.
"ഹലോ സി ബി ഐ സാറേ, തിലകൻസ് ലൈറ്റ് ആൻഡ് സൗണ്ട്സിന്റെ പുറം ചുമരിൽ ആരോ പൊട്ടൻസ് മൈക്ക് എന്ന് കരിക്കട്ടയിൽ എഴുതിവെച്ചു.."
"ഞാൻ കള്ളന്മാരെ സഹായിക്കുന്നത് നിർത്തി.."
"അയ്യോ, ഞാനല്ല സാറേ, പ്രതി ആരാണെന്ന് ആർക്കും ഒരെത്തും പിടിയുമില്ല.. പത്തിരുപതാളുകൾ തിലകന്റെ ചുമരിന് മുന്നിൽ കൂട്ടംകൂടിയിട്ടുണ്ട്..”
മൂത്രം ഉറ്റിതീർന്നതൊന്നും ഓർക്കാതെ ചെന്തെങ്ങിലേക്ക് നീട്ടിപ്പിടിച്ച് അയാൾ തിലകന്റെ ശത്രുക്കളുടെ മുഖം തിരഞ്ഞു.
അടുക്കള വരാന്തയിലെ വാഷ് ബേസിന് അരികിൽ നിന്ന് പല്ലുതേക്കുകയായിരുന്ന ഭവാനിക്ക് ആ കാഴ്ച കണ്ട് കലികയറി..
"ഹേ മനുഷ്യാ, ബാക്കിയുള്ളോരുടെ മാനം കളയാനായി നിങ്ങളീ വയസാൻ കാലത്ത് എന്ത് വൃത്തികേട്..."
ഭവാനി മുഴുമിക്കുംമുമ്പേ സുഗുണൻ ചിന്തകൾ കുടഞ്ഞിട്ട് മുറ്റത്തേക്ക് വേഗത്തിൽ നടന്നു..
"നീയാ കറുപ്പ് പേന്റും വെള്ള ഷർട്ടും എടുത്തേ... പൂജാമുറീന്ന് കൊറച്ച് കുങ്കുമോം എടുത്തോ."
ഭാര്യയുടെ ചോദ്യങ്ങൾക്കൊന്നും അയാൾ മറുപടി പറഞ്ഞില്ല. യഥാർഥത്തിൽ അയാൾ അതൊന്നും കേട്ടില്ല. അയാളുടെ ചിന്തയിൽ തിലകനും തിലകൻസ് ലൈറ്റ് ആൻഡ് സൗണ്ട്സും മാത്രമായിരുന്നു. എങ്കിലും ഏതോ ഒരു നിമിഷത്തിലെ പ്രേരണയിൽ ഒരു മൂളിപ്പാട്ടും പാടി ഭാര്യയുടെ കവിളിൽ ഒരു നുള്ളും കൊടുത്താണ് അയാൾ വീട്ടിൽ നിന്നും ഇറങ്ങിയത്..
ആരായിരിക്കും അത് ചെയ്തത്..?
പന്തുകളിയും മൈക്കുസെറ്റും അൽപസ്വൽപം സാമൂഹ്യസേവനവുമായി ജീവിച്ചുപോകുന്ന തിലകന്റെ ശത്രുവാര്?
ഗിയറുകൾ മാറുമ്പോഴും വളവുകൾ തിരിയുമ്പോഴും അയാൾ തിലകന്റെ ശത്രുവിനെ തിരയുകയായിരുന്നു.
കഴിഞ്ഞ പത്തുവർഷത്തിനിടെ മുപ്പത്തൊമ്പതു തവണ രക്തം ദാനംചെയ്ത തിലകനെ പഞ്ചായത്ത് ആദരിച്ചത് അയാളോർത്തു. തീപ്പെട്ടിയിൽ കൊള്ളികൾ കുത്തിനിറച്ചപോലെ പഞ്ചായത്തുഹാളിൽ ആളുകൾ ഒട്ടിനിന്നത് അയാളുടെ ജനസമ്മതിയുടെ തെളിവാണ്. പലരുടേയും ഞരമ്പുകളിൽ തിലകന്റെ ഓ-പോസിറ്റീവ് രക്തം ഓടുന്നുണ്ടെന്ന് ആളുകൾ കളിയായും കാര്യമായും പറയാറുണ്ട്.
ശത്രുവിന്റെ വികാരം അസൂയ ആകാനെ തരമുള്ളൂ.

നുണച്ചിമുക്ക് കവലയിൽ വേറെ ലൈറ്റ് ആൻഡ് സൗണ്ട്സ് കടയില്ല.. അപ്പോൾ ബിസിനസ് സംബന്ധമായ അസൂയയല്ല. അന്വേഷണത്തിൽ ആ ഭാഗം അയാൾ അപ്പാടെ ഒഴിവാക്കി.
പിന്നെയാര്...?
തിലകന്റെ മറ്റൊരു മേഖല ഫുട്ബോളാണ്. അവിടെ ആയിരിക്കുമോ പ്രതി..
ഓട്ടുമുക്കിൽ രണ്ട് ഫുട്ബോൾ ക്ലബ്ബുകളാണ് ഉള്ളത്.
തിലകൻ ക്യാപ്റ്റനായ സ്റ്റാർ സ്ട്രൈക്കേഴ്സും ഓട്ടുമുക്കിലെ ഏറ്റവും പഴയ ക്ലബ്ബായ യങ്മെൻസും...
യങ്മെൻസിലെ ഏതെങ്കിലും കളിക്കാരോ ടീം മാനേജ്മെന്റോ ആയിരിക്കോ..
അവർക്കെന്തിന് അസൂയ തോന്നണം..?
കളിക്കളത്തിൽ യങ്മെൻസിനെക്കാളും വളരെ മികച്ചവരൊന്നും അല്ല സ്റ്റാർ സ്ട്രൈക്കേഴ്സ്.. പരസ്പരം ഏറ്റുമുട്ടിയപ്പോൾ ഇരുടീമുകളും തോറ്റിട്ടുമുണ്ട്, ജയിച്ചിട്ടുമുണ്ട്...
പെട്ടെന്ന് ഒരു മുഖം അയാളുടെ മനസ്സിൽ തെളിഞ്ഞു..
അതെ, യങ്മെൻസിന്റെ ഗോളി താരാനാഥ്.
താരാനാഥ് തന്നെ പ്രതി. കേരളോത്സവം ഫൈനലിൽ താരയെ മറികടന്ന് തിലകൻ നാലുതവണയാണ് വലകുലക്കിയത്.
ഇതുവരെയും തിലകന്റെ ഒരൊറ്റ പെനാൽട്ടി പോലും തടുത്തിടാൻ താരയ്ക്ക് കഴിഞ്ഞിട്ടില്ല.
ആ നിലയ്ക്ക് താരയിൽ പക നിറഞ്ഞിട്ടുണ്ടാകും.
ചിലത് മനസ്സിലുറപ്പിച്ചുകൊണ്ട് അയാൾ വണ്ടി ടോപ് ഗിയറിലാക്കി..
4
സുഗുണൻ സംഭവസ്ഥലത്ത് എത്തുമ്പോഴേക്കും കരിയെഴുത്ത് കേസിൽ അപ്രതീക്ഷിതമായ ഒരു ട്വിസ്റ്റ് നടന്നിരുന്നു.
'കള്ളൻ കപ്പലിൽ തന്നെ' എന്ന നിലയിലായി കാര്യങ്ങൾ. അച്ഛന്റെ പേരിൽ സഹതാപ തരംഗമുണ്ടാക്കാനും അതുവഴി ബിസിനസ് തൊട്ടടുത്ത ഗ്രാമത്തിലേക്ക് കൂടി വ്യാപിപ്പിക്കാനുമായി തിലകൻ നടത്തിയ നാടകമാണ് 'കരിയെഴുത്ത്' എന്നായി സംസാരം. ആൾക്കൂട്ടത്തിന്റെ നടുവിൽ നിൽക്കുന്ന മെമ്പർ സുശീലനിലാണ് എല്ലാ കണ്ണുകളും.
തന്നെ വിളിച്ച കള്ളൻ വെള്ളയും വെള്ളയുമിട്ട് ഏറ്റവും മുന്നിൽ നിൽക്കുന്നത് കണ്ട് സുഗുണൻ അയാളുടെ അടുത്തെത്തി.
'വൈകിപ്പോയി' എന്ന അർഥത്തിൽ കള്ളൻ കൈമലർത്തി.
മെമ്പർ മുരടനക്കി സംസാരിക്കാൻ തുടങ്ങി.
"പ്രിയപ്പെട്ടവരേ, തിലകൻ നമ്മുടെ നാടിനോട് ഇന്നേവരെ ദ്രോഹമൊന്നും ചെയ്തിട്ടില്ല.. തിലകന്റെ അച്ഛൻ ശബ്ദമാന്ത്രികൻ പരേതനായ സുരേന്ദ്രനും ഈ നാടിന്റെ അഭിമാനമായിരുന്നു. കളിക്കളത്തിൽ ചീറ്റപ്പുലിയെപ്പോലെ കുതിക്കുന്ന തിലകനും നമ്മുടെ മുത്താണ്.. പക്ഷേ..."
അത്രയും പറഞ്ഞ് അയാൾ എഴുതിത്തേഞ്ഞ് മലർന്നുകിടന്ന ഒരു കരിക്കട്ട കുനിഞ്ഞെടുത്തു..
"ഇയാൾ തകർക്കും, മാർക്ക് ആന്റണി മോഡൽ ആണ്. " കള്ളൻ ചിരിച്ചുകൊണ്ട് സുഗണന്റെ ചെവിയിൽ പറഞ്ഞു.
കള്ളന്റെ പാണ്ഡിത്യം ഓർത്ത് സുഗുണൻ കണ്ണുമിഴിച്ചു. പോലീസിലായിരിക്കുമ്പോൾ സഹപ്രവർത്തകർ പറയാറുള്ള കാര്യമാണത്. വിരമിച്ചതിന് ശേഷമാണ് അത്തരം ജീവിക്കുന്ന ഉദാഹരണങ്ങളെ അടുത്തറിഞ്ഞത്..
സുശീലൻ വീണ്ടും മുരടനക്കി പ്രസംഗം തുടർന്നു..
"ഇവിടെ എത്തിച്ചേർന്നവരിൽ കുറച്ചാളുകൾ മുന്നോട്ടുവെച്ച അഭിപ്രായമാണ്. അത് നിരാകരിക്കാനാകില്ല. ഈ മണിക്കൂറുകളിൽ നുണച്ചിമുക്കിലെ പ്രധാന കഥാപാത്രം ശ്രീമാൻ തിലകനാണ്.. പക്ഷേ സമയം പത്തര കഴിഞ്ഞിട്ടും അയാളെന്തേ കടം തുറക്കാത്തത്..?
ഫോൺ സ്വിച്ച് ഓഫാക്കി അയാൾ എവിടെയാണ് മറഞ്ഞിരിക്കുന്നത്..?
ഈ ചോദ്യം പ്രസക്തമാണ്. അന്വേഷിക്കാനായി വീട്ടിലേക്ക് പോയി തിരിച്ചുവന്നവർ പറഞ്ഞത് അയാളുടെ വീട് പൂട്ടിയിട്ടിരിക്കുന്നു എന്നാണ്. തീർച്ചയായും ഇത് വോട്ടർമാരെ, ക്ഷമിക്കണം ജനങ്ങളെ- അസ്വസ്ഥരാക്കുന്ന വിഷയമാണ്..
പക്ഷേ നമ്മൾ തിലകനെ ഒറ്റപ്പെടുത്താനോ തള്ളിപ്പറയാനോ പാടില്ല..
ഒറ്റയ്ക്ക് താമസിക്കുന്ന ആ ചെറുപ്പക്കാരന്റെ മാനസികാവസ്ഥ നമ്മൾ പരിഗണിക്കണം..
മറ്റൊരു പ്രധാനപ്പെട്ട കാര്യം കഴിഞ്ഞ കുറച്ചുദിവസങ്ങളായി അയാൾക്ക് ചർദ്ദിയാണ്. മരുന്നെടുത്തിട്ടും മാറാത്ത ചർദ്ദി. അയാളുടെ ചർദ്ദി ഒരു ശാരീരിക പ്രശ്നമല്ല, അത് ഒരു മാനസിക പ്രശ്നമാണ്.. മൈക്കുസെറ്റിന്റെ പണിക്കുപോയ ദിവസങ്ങളിൽ മാത്രം ഒന്നോ രണ്ടോ തവണ അയാൾ ചർദ്ദിക്കുന്നു. അതും നമ്മളൊക്കെ വിളിച്ചാൽ മാത്രം. അയാളുടെ മാനസിക പ്രശ്നവും ഈ കരിയെഴുത്തും തമ്മിൽ ബന്ധമുണ്ടെന്ന് നാം സംശയിക്കേണ്ടിയിരിക്കുന്നു. ഞാൻ വാക്കുകൾ ചുരുക്കുന്നു. നുണച്ചിമുക്കുകാരുടെ എല്ലാ പ്രയാസങ്ങളിലും ഞാൻ ഒപ്പമുണ്ടാകും എന്ന് ഉറപ്പുനൽകിക്കൊണ്ട് അവസാനിപ്പിക്കുന്നു.."
മെമ്പർ സുശിലന്റെ അപ്രതീക്ഷിതമായ നീക്കത്തിൽ പതറിപ്പോയെങ്കിലും പ്രതിപക്ഷ നേതാവ് തമ്പാൻ മേസ്തിരി ആ സമയമത്രയും തല പതിവിലും അധികം ഉയർത്തിപ്പിടിച്ചാണ് നിന്നത്. അടുത്തതായി സംസാരിക്കാനായി അയാൾ അൽപം മുന്നോട്ട് നീങ്ങിനിന്നു. പക്ഷേ ആ സമയം കള്ളൻ ഇടപെട്ടു.
"വിരമിച്ചുവെങ്കിലും നമ്മുടെ നാട്ടിൽ ഒരേയൊരു പോലീസുകാരനേയുള്ളൂ, അദ്ദേഹത്തിന്റെ അഭിപ്രായം കൂടി കേൾക്കാതെ ഈ കേസിൽ ഒരു തീർപ്പ് കൽപ്പിക്കുന്നത് ശരിയാണോ...?"
അപ്പറഞ്ഞത് ശരിയാണെന്ന അർഥത്തിൽ തലകൾ കുലുങ്ങി.
മറുത്തൊന്നും കേൾക്കാൻ നിൽക്കാതെ സുഗുണൻ ചുമരിനടുത്തേക്ക് നടന്നു. ചുമരിനോട് ചേർന്ന് അയാൾ നീളത്തിൽ നടന്നു. തേഞ്ഞുതീർന്ന കരിക്കട്ടകളിൽ ചിലതെടുത്ത് മണത്തുനോക്കി. ആൾക്കൂട്ടത്തിലൂടെ കണ്ണുകൾ പായിച്ചു. ആകാംക്ഷയോടെ വാപൊളിച്ചുനിൽക്കുന്ന താരാനാഥിന്റെ മുഖം കണ്ടപ്പോൾ സുഗുണന് ആവേശംമൂത്തു.

കുമ്മായച്ചുമരിന്റെ ചുവട്ടിൽ അയാൾ നായയേപ്പോലെ മണംപിടിച്ചുനിന്നു. നിലത്തുവീണുകിടന്ന കരിക്കട്ടകളിൽ ഒന്നെടുത്ത് മൂക്കിനോട് ചേർത്തുപിടിച്ച് ദീർഘമായി ശ്വസിച്ചു. കരിക്കട്ട ഉയർത്തിപ്പിടിച്ച് അയാൾ സംസാരിക്കാനായി മുരടനക്കിയപ്പോഴേക്കും കരിപറ്റിയ മൂക്കിൻത്തുമ്പുകണ്ട് ആൾക്കൂട്ടത്തിനു ചിരിപൊട്ടി. തമ്പാൻ മേസ്തിരിയാണ് ചിരിക്ക് തീകൊളുത്തുന്നത്. ആളുകൾ ചിരിനിർത്തുമ്പോൾ അയാൾ പിന്നെയും പിന്നെയും തന്നെ ചൂണ്ടിക്കാണിച്ച് ഓരോന്ന് പറഞ്ഞ് അവരെ ചിരിപ്പിക്കുകയാണ്. അയാൾക്ക് സങ്കടവും ദേഷ്യവും തോന്നി. രണ്ടുവർഷം മുമ്പുവരെ തന്റെ നിഴലുകണ്ടാൽപ്പോലും സാറേന്ന് വിളിച്ച് നെഞ്ചിൽ കൈവെച്ച് നടന്നവനാണ് ഈ ചിരി ചിരിക്കുന്നത്‍.
“സുഗുണൻ പോലീസ് പറയട്ടെ”
സുശീലനാണ്. കൈകൾ പിറകിൽകെട്ടി അയാൾ ആൾക്കൂട്ടത്തിനു മുന്നിൽ
നീണ്ടുനിവർന്നുനിൽക്കുന്നു.
“കൃത്യം നടത്തിയ അജ്ഞാതൻ തിലകനല്ല. നോക്കൂ ഈ ചുമരിന്റെ ചോട്ടിലൂടെ ഉറുമ്പുകൾ വരിവരിയായി പോകുന്നു. ഇവിടെ പ്രതി മൂത്രമൊഴിച്ചിട്ടുണ്ട്. ഷുഗറുള്ള ഒരാളുടെ മൂത്രമാണ് ഉറുമ്പുകളെ വരുത്തിച്ചത്. ഒന്ന്, പൂർണ്ണ ആരോഗ്യവാനായ തിലകന് പ്രമേഹമില്ല എന്നത് എനിക്ക് നേരിട്ട് അറിവുള്ള കാര്യമാണ്. രണ്ട്, സ്വന്തം കെട്ടിടത്തിന്റെ ചുമരിൽ ഉടമ തന്നെ മൂത്രമൊഴിക്കാനുള്ള സാധ്യതയും വളരെ കുറവാണ്.”
സുഗുണൻ വിനയത്തോടെ തലകുനിച്ചു. ആരുടെയെങ്കിലും നാവിൽ നിന്നും അഭിനന്ദന വാക്കുകൾ പുറപ്പെടുന്നതും കാത്ത് ഭുമിയോട് ചിരിച്ചുനിൽക്കവേ സുശീലന്റെ ശബ്ദം അയാളുടെ അഭിമാനത്തെ മുറിപ്പെടുത്തി.
“മൂത്രമൊഴിച്ചത് തിലകന് കൂട്ടുവന്ന ആരെങ്കിലും ആണെങ്കിലോ..”
അതുവരെ വാപൊളിച്ചുനിന്ന തലകളിൽ ചിലത് ഇളകി.
സുശീലൻ ചുമരിനടുത്തേക്ക് നീങ്ങിനിന്നു. “പ്രതികൾ എന്തെങ്കിലും ഒരു തെളിവ് അവശേഷിപ്പിച്ചുകാണും, എല്ലാവരും ആത്മാർഥമായി ശ്രമിച്ചാൽ നമുക്കത് കണ്ടുപിടിക്കാം.” സുശീലൻ ആ ഒറ്റമുറി കെട്ടിടത്തിനു ചുറ്റം തെളിവുപരതി നടക്കാൻ തുടങ്ങി. അയാളുടെ വാക്ക് തള്ളിക്കളയാൻ പറ്റാത്ത മറ്റുചിലരും ആ ഉദ്യമത്തിൽ പങ്കാളികളായി. മൂന്നാലുപേർ കെട്ടിടത്തിനു പിറകിലെ പൊന്തക്കാട്ടിലേക്ക് നടന്നു.
“കിട്ടിപ്പോയി, തെളിവ് കിട്ടിപ്പോയി” പൊന്തക്കാട്ടിലേക്കു പോയവർ
ആർത്തുവിളിച്ചു. ആളുകൾ പൊന്തക്കാടിന്റെ ഭാഗത്തേക്ക് പാഞ്ഞു. “ദേ, തിലകന്റെ ചർദ്ദിലാണ്” ഒരാൾ നിലത്തേക്ക് ചൂണ്ടി.
5
തോട്ടുവക്കിലെ പാറപ്പുറത്ത് മലർന്നുകിടന്ന് തിലകൻ കണ്ണുകളടച്ചു. പൊന്തക്കാടിൽ നിന്നോ
പൊട്ടക്കിണറ്റിൽ നിന്നോ ഒരിക്കൽ കൂടി അച്ഛൻ ഇറങ്ങിവരട്ടേ. വന്നാൽ കാലുപിടിച്ചു
പറയണം. മോനോട് സ്നേഹമുണ്ടെങ്കിൽ ഇനി ഉപദ്രവിക്കല്ലേന്ന് . കരിയെഴുത്തിനേക്കാളും
ചർദ്ദിയാണ് അയാളെ കൂടുതൽ വിഷമിപ്പിച്ചത്. രാവിലെ ഡോക്ടറെ കാണാൻ മെഡിക്കൽ
കോളേജിൽപോയതാണ്. കടയുടെ ചുമരിൽ ആരോ കരികൊണ്ട് എഴുതിയിരിക്കുന്നുവെന്ന്
കേട്ടപ്പോൾ തന്നെ മൊബൈൽ സ്വിച്ചോഫ് ചെയ്തു. ആളുകളുടെ ചോദ്യങ്ങൾക്കൊന്നും
ഉത്തരം കൊടുത്ത് തൃപ്തിപ്പെടുത്താനാവില്ല.
അന്ന്, അച്ഛനെ കണ്ടരാത്രിയിൽ മൈക്കുസെറ്റിന്റെ പണികഴിഞ്ഞ് വീട്ടിലേക്ക്
നടക്കുകയായിരുന്നു. പൊട്ടക്കിണറിന് അടുത്തെത്തിയപ്പോൾ അച്ഛനെ ഓർത്തുപോയി .
ഇടിമിന്നലുപോലെ അച്ഛൻ മുന്നിൽ വന്നുനിന്നത് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല.
“നുണകളെ ആംപ്ലിഫയറിലിട്ട് പെരുപ്പിച്ചുവിടുന്ന ജോലിയാണ് , ആമാശയത്തിന്
പിടിക്കില്ലെന്നു തോന്നുന്നവയെ ചവച്ചിറക്കരുത് .. ചർദ്ദിച്ചുകളയണം..” കനമുള്ള ശബ്ദം
കാതുകളിൽ വന്നലച്ചു. ഇരുട്ടിലെവിടിയൊക്കെയോ തട്ടിത്തെറിച്ച് അത് പ്രതിധ്വനിച്ചു.
അത്രയേ ഓർമ്മയുള്ളു. ബോധം വരുമ്പോഴേക്കും വെളിച്ചം വീണിരുന്നു.
പിറ്റേന്ന് രാവിലെ ഒരു സമുദായ സംഘടനയുടെ സ്നേഹവീടിന്റെ ഉദ്ഘാടനത്തിന്
സെറ്റുംകൊണ്ട് പോയി. സുശീലൻ മെമ്പറായിരുന്നു പ്രധാന നടത്തിപ്പുകാരൻ. ഉദ്ഘാടകനും
അയാളുതന്നെ..
നടൻ തിലകൻ ഓട്ടുമുക്കിൽ നാടകം കളിച്ചരാത്രിയിൽ തന്റെ വീട്ടിലാണ്
കിടന്നുറങ്ങിയതെന്ന് അയാൾ പ്രസംഗിച്ചത് ഉൾക്കൊള്ളാനായില്ല. ആ സംഭവങ്ങളൊക്കെ
അച്ഛൻ പണ്ടേ പറഞ്ഞുതന്നിരുന്നു. നമ്മുടെ വീട്ടിലാണ് ഉറങ്ങിയത്. പാട്ടും
പറച്ചിലുമൊക്കെയായി നല്ല രസായിരുന്നത്രേ..സദസ്സിൽ എല്ലാവരും സുശീലന്റെ വാക്കുകൾക്ക് തലകുലക്കി. കാണികൾ അയാളുടെ
വായിലേക്ക് നോക്കി കണ്ണുകൾ വിടർത്തി പുഞ്ചിരിച്ചു.
ആർക്കും ഒന്നും ഓർമ്മയില്ലേ.? മറന്നുപോയതോ അതോ കൂടുതൽ രസമുള്ള കഥ
വിശ്വസിക്കാൻ ഇഷ്ടപ്പെടുന്നതോ..? അയാൾ പറയുന്നതിലെ യുക്തിയില്ലായ്മ അറിഞ്ഞിട്ടും
കാണികൾ ചിരിച്ചുചിരിച്ചു മണ്ണുകപ്പുന്നു.
ഈ പരിപാടിക്ക് 'ശബ്ദവും വെളിച്ചവും നൽകുന്നത് തിലകൻസ് ലൈറ്റ് ആൻഡ് സൗണ്ട്സ്'
എന്ന് ഇടയ്ക്കിടെ അനൗൺസ് ചെയ്യുന്നു. അയാളുടെ കള്ളപ്പരിപാടിക്ക് താൻ ചൂട്ട് പിടിക്കുന്നു
എന്നൊരു ധ്വനി അതിൽ നിഴലിക്കുന്നില്ലേ.? അന്നുരാത്രി തല പുകച്ചു
കൊണ്ടിരിക്കുമ്പോഴാണ് ഛർദ്ദി തുടങ്ങിയത് .
കരിയെഴുത്തിന് പിന്നിൽ സുശീലൻ തന്നെയെന്ന് തിലകൻ ഉറപ്പിച്ചു. തന്നോട് ശത്രുതയുള്ള
മറ്റൊരു മുഖവും എത്രയാലോചിച്ചിട്ടും തെളിഞ്ഞുവന്നില്ല. ആ പ്രസംഗത്തിനു ശേഷം രണ്ടു
തവണ മൈക്കുസെറ്റിന് വിളിച്ചപ്പോഴും പോയില്ല. പോരാത്തതിന് ഭൂലോക കള്ളങ്ങൾ
വിളിച്ചുപറയാൻ തന്റെ മൈക്ക് തരില്ലെന്നും പറഞ്ഞുപോയി.
തോടിനുകുറുകെയിട്ട കമുകുപാലത്തിൽ ആരോ ഇരിക്കുന്നുണ്ടോ..?
അച്ഛൻ!
തിലകൻ പിടഞ്ഞെണീറ്റു.
ഇരുട്ടിൽ പതുങ്ങിനിൽക്കുന്ന പൊന്തക്കാടുകൾ, കെട്ടിപ്പിടിച്ചുറങ്ങുന്ന കൈതകൾ,
കപ്പകിളച്ചുമാറ്റി നഗ്നമായ കണ്ടം..
ഇല്ല ആരുമില്ല..
തോന്നലാണ് ..
കടയുടെ ചുമരിലെ ചിത്രത്തിൽ അച്ഛന്റെ ശ്വാസവും സ്പർശനവും ഉണ്ട്. ആ ചിത്രത്തിനൊട്
മുട്ടിയുരുമ്മി നിൽക്കാൻ തോന്നുന്നു. തിലകൻ എണീറ്റ് നടന്നു. ടൗണിലേക്കുള്ള കുന്നുകയറി
അയാൾ സുശീലന്റെ വീടിനുമുന്നിൽ നിന്നും തുടങ്ങുന്ന കോൺക്രീറ്റ്
റോഡിലേക്കെത്തിയപ്പോൾ അയാളുടെ കൊഴുത്ത പട്ടിയുടെ കുരവട്ടത്തിൽ
പെടാതിരിക്കാനായി മൊബൈൽ വെളിച്ചം കെടുത്തി. ഇരുട്ടിന്റെ കൈപിടിച്ച് അയാൾ
പതുങ്ങിനടന്നു.
കടയുടെ സമീപം ആളനക്കം കണ്ട് തിലകൻ മാവിനുപിറകിൽ മറഞ്ഞുനിന്നു.
മൂന്ന് മനുഷ്യരൂപങ്ങൾ കടയുടെ ചുമരുചേർന്ന് നിൽക്കുന്നു. അവർ ചുമരിൽ എഴുതുകയാണ് .
അപ്പോൾ ഇവരാണ് ആ അജ്ഞാതർ. സംഘത്തിൽ കൂടുതൽ ആളുകളുണ്ടാകുമോ. തിലകൻ
പരിസരം സസൂക്ഷ്മം നിരീക്ഷിച്ചു. ഇല്ല. മറ്റെവിടേയും ആളനക്കമില്ല...തിലകൻ കൂടുതൽ മുന്നോട്ടുനീങ്ങി ഒരു കുറ്റിച്ചെടിയുടെ മറവിൽ കുത്തിയിരുന്നു.
അയാൾ അജ്ഞാതരെ തിരിച്ചറിഞ്ഞു..
മെമ്പർ സുശീലൻ, സുധർമ്മൻ, സുഗുണൻ പോലീസ്..
ശത്രുക്കളായ മൂന്നുപേർ ഇരുട്ടിൽ ഒന്നാകുന്നു..
സുഗുണൻ പോലീസിനും സുധർമ്മനും തന്നോടെന്താണ് ശത്രുത..?
കരിയെഴുത്ത് ആദ്യമായി പ്രത്യക്ഷപ്പെട്ട ദിവസം ഇവരുതമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ
ഉണ്ടായിരുന്നതായി ആളുകൾ പറഞ്ഞിരുന്നു. ആളുകളുടെ കണ്ണും കാതും നാവുമാണോ സത്യം?
അതോ ഈ ഇരുട്ടോ..?
തിലകന്റെ കണ്ണുകൾ ചുവന്നുകുതിർന്നു. കലിയിളകിയ കാളയെപ്പോലെ അയാൾ മുക്രയിട്ടു.
വാളെടുത്ത വെളിച്ചപ്പാടിനെപ്പോലെ പൊന്തക്കാട് ഉറഞ്ഞുതുള്ളി. പേടിച്ചുവിറച്ച മെമ്പറും
പോലീസും സുധർമ്മനും റോഡിലേക്കിറങ്ങി പാഞ്ഞുപോയി.
ഓർക്കാപ്പുറത്ത് നെഞ്ചിൽപിടിച്ചുതള്ളിയ തടിച്ചകൈകളുടെ ഊക്കിൽ തിലകൻ
മലർന്നടിച്ചുവീണു. ഇരുട്ടുപുതച്ച രൂപത്തെ പ്രതിരോധിക്കാനായി അയാൾ നിലത്തുകിടന്നു
വട്ടംകറങ്ങി. തലയോളം മണ്ണുമുടിയ കാട്ടുകല്ലിൽ ചമ്രംപടിഞ്ഞിരുന്ന് അത് അയാളോട്
ചിരിച്ചു. നാടകക്കാരന്റേതുപോലെ കനംപിടിച്ച ശബ്ദം അതിന്റെ മുഖത്തുനിന്നും ഇരുട്ടിലൂടെ
ഒഴുകിവന്നു. "പൊട്ടക്കിണറ് കാണാൻ ഇറങ്ങിയതാണോ..."..

6
കരിമ്പാറയിൽ തോട്ടപൊട്ടിച്ചു മടുത്ത പണിക്കാർക്ക് വെള്ളം ചുരത്തിക്കൊടുക്കാനാകതെ
തോറ്റുപോയ കിണറിലേക്ക് വെളിച്ചമിറക്കാനാകാതെ വിഷമിച്ചുകിടന്ന ആകാശത്തിന്റെ
വെള്ളവൃത്തം നോക്കി തിലകൻ നെടുവീർപ്പിട്ടു. ഇപ്പോഴും അച്ഛന്റെ മുഖം വ്യക്തമല്ല. അച്ഛന്റെ
അടുത്തേക്ക് നീങ്ങിയിരിക്കണമെന്ന് തോന്നിയെങ്കിലും അയാൾക്ക് അനങ്ങാൻ കഴിഞ്ഞില്ല.
കാലുകൾ നീട്ടി കിണറിന്റെ ഭിത്തിചാരി അവർ മുഖാമുഖം ഇരുന്നു. നേർത്ത ഇരുട്ട്
അവർക്കിടയിൽ വിരിഞ്ഞിരുന്നു. മുകളറ്റത്തെ പടവിലൂടെ ഇഴഞ്ഞുനീങ്ങിയ പാമ്പ് ഇടയ്ക്കിടെ
തല നീട്ടി താഴേക്ക് നോക്കി.
അന്നു കണ്ടപ്പോഴും ഇരുട്ട് അച്ഛന്റെ മുഖത്തെ മറച്ചുപിടിച്ചിരുന്നെങ്കിലും നെഞ്ചിലെ പുഞ്ചിരി
ശബ്ദത്തിലുണ്ടായിരുന്നു. ഇന്നുപക്ഷേ അതില്ല.
“പന്തുമായി മുന്നേറുന്ന മിടുക്കനെ ഫൗള് കളിച്ച് വീഴ്ത്താൻ എതിരാളികൾ സംഘടിക്കും..
നുണയന്മാരേയും കള്ളന്മാരേയും തട്ടാതേയും മുട്ടാതേയും ശരിയുടെ വലയിൽ
പന്തെത്തിക്കാനാകില്ല...” കിണറിന്റെ ചുമരുകൾ അച്ഛന്റെ ശബ്ദത്തിന് കൂടുതൽ മുഴക്കം
നൽകി.“നമ്മൾ കള്ളന്മാരോടൊപ്പം ചേരണമെന്നാണോ അച്ഛൻ പറയുന്നത് ”
“അല്ല.. അവരോട് ഏറ്റുമുട്ടുന്ന രീതി മാറ്റണമെന്നാണ് .. നിലത്തുവീഴുന്ന ഓരോ തുള്ളി ചോരയ്ക്കും
പൂമരങ്ങളായി മുളച്ചുപൊന്താനുള്ള ശേഷിയുണ്ട് .. പക്ഷേ മണ്ണിന് പഴയ വളക്കൂറില്ല...
നുണയുടെ രാസ നിർമ്മാണശാലയിൽ പടച്ചുവിടുന്നവ ഭൂരിപക്ഷത്തിന് സ്വീകാര്യമായ
ശരികളായി മാറുന്ന രസതന്ത്രം. - നമ്മളതിനെ ഖണ്ഡിച്ചാൽ അവ വിഘടിച്ച് വിഘടിച്ച്
വ്യാപിക്കും. പ്രതിരോധിച്ചാൽ സംയോജിച്ച് സംയോജിച്ച് വലിയൊരു കൂനയായി മാറും..”
“മനസ്സിലാകുന്നുണ്ട്. ചുമരിലെ കരിയെഴുത്ത് മായ്ക്കുന്തോറും അവർ എഴുതിക്കൊണ്ടുമിരിക്കും.
ക്യാമറവെച്ചാൽ ക്യാമറയില്ലാത്ത ചുമരുകളിൽ 'പൊട്ടൻസ് മൈക്ക് ' ജനിക്കും.”
“അതെ, വിദ്യകൊണ്ട് പ്രബുദ്ധരാകുക, സംഘടിച്ച് ശക്തരാകുക..
ആരേയാണ് സംഘടിപ്പിക്കേണ്ടത് .?
നാട്ടുരാജാക്കന്മാരേയും പ്രമാണിമാരേയും കൂടെക്കൂട്ടി സമരത്തിനുപോയവർ
തോറ്റുമടങ്ങുകയാണുണ്ടായത് ..
പക്ഷേ ഇവരുടെ രസതന്ത്രത്തിന്റെ പൊള്ളലേറ്റവർ ധാരാളമുണ്ട് , അവരെയാണ് യുദ്ധത്തിൽ
അണിനിരത്തേണ്ടത്...”
തിലകൻ മുകളിലേക്ക് നോക്കി. കിണറിലേക്ക് കൂടുതൽ വെളിച്ചം അരിച്ചിറങ്ങുന്നുണ്ട്. അവൻ
സന്തോഷത്തോടെ അച്ഛൻ ഇരുന്ന ഭാഗത്തേക്ക് നോക്കി. അവിടെ ഇരുട്ടിന് പകരം
വെളിച്ചമായിരുന്നെങ്കിലും ആ വെളിച്ചത്തിൽ അച്ഛൻ ഇല്ലായിരുന്നു. വെള്ളമൊഴുകുന്ന
ശബ്ദംകേട്ട് തിലകൻ ഭിത്തിയിൽ ചെവിചേർത്തു. ഉള്ളിലെവിടെയോ ഉറവപൊട്ടി.
മെല്ലെമെല്ലെ ഒഴുക്കിന്റെ ശബ്ദം അടുത്തടുത്ത് വരുന്നു. നാലുപാടും ചുമരിളകുന്നു. ഭിത്തിപൊട്ടി
കുത്തിയൊലിക്കുമോ ? ജലപ്രവാഹത്തിന് മുമ്പേ ചീറ്റിയ വായുപ്രവാഹം അയാളെ കിണറിന്
മുകളിലേക്ക് വലിച്ചെറിഞ്ഞു. പൊന്തക്കാട്ടിലെ മൺമെത്തയിൽ മലർന്നുകിടന്ന് അയാൾ
കണ്ണുകളടച്ചു ചിരിച്ചു. ഭൂമികുലുക്കത്തിൽ നടുങ്ങിയ സുശീലന്റെ കൊഴുത്തപട്ടി നിർത്താതെ
കുരച്ചു.
