ചിത്രീകരണം: ദേവപ്രകാശ്​

പ്രണയ വൈറസ്

പ്രണയ വൈറസ് വിധേയ ആയതിൽപ്പിന്നെ ഒന്നിനും ഏതിനും സമയം തികയുന്നില്ലായിരുന്നു ഹർഷയ്ക്ക്. പ്രൊജക്ട് സബ്മിറ്റ് ചെയ്യാനോ, അതിനുള്ള വസ്തുവഹകൾ വായിക്കാനോ എന്തിന് സ്വസ്ഥമായൊന്നിരിക്കാനോ അവൾക്ക് കഴിഞ്ഞിരുന്നില്ല. പ്രണയ വൈറസ് വിധേയ എന്ന പ്രയോഗം കൂട്ടുകാരി മായയുടെ സംഭാവനയാണ്.

വൈറസ് ബാധയേറ്റ് കുന്തം മറിഞ്ഞിരുന്നോ, ഒന്നും നടക്കില്ലെന്ന് ഇടയ്ക്കിടെ അവൾ ഹർഷയെ ഓർമ്മിപ്പിക്കും.
കോവിഡ് വന്ന് രണ്ടാഴ്ച ഒന്നും ചെയ്യാൻ കഴിയാതെ, മനസാന്നിധ്യം കിട്ടാതെ മുറിയിൽ കുത്തിയിരിക്കേണ്ടി വന്നതിൽപ്പിന്നെയാണ് അവൾ ആ വാക്ക് കണ്ടുപിടിച്ചത്.

രാത്രിയിൽ പെട്ടെന്ന് ശ്വാസം കിട്ടാതെ വലഞ്ഞപ്പോൾ മായയെ പിടിച്ച പിടിയാലേ അടുത്തുള്ള ഹോസ്പിറ്റലിൽ കൊണ്ടുപോയി ഓക്സിജൻ കൊടുപ്പിച്ചത് ഹർഷയാണ്. റൂം മേറ്റും സോൾമേറ്റുമായ ഹർഷയാണ് എല്ലാത്തിനും കൂടെ ഉണ്ടായിരുന്നത്. കോവിഡ് വന്നതിൽപ്പിന്നെ അവൾക്ക് വല്ലാത്ത ക്ഷീണമാണ്. എപ്പോഴും അവൾ മാസ്കിട്ട് ജാഗരൂകയായി നിന്നു, ഇടയ്ക്കിടെ കൈകളിൽ സാനിറ്റയിസർ പുരട്ടി. അവൾ സ്ഥിരോത്സാഹിയാണ്. എന്തെങ്കിലുമൊക്കെ ചെയ്തു കൊണ്ടേയിരിക്കും ഏതു നേരവും. മായയുടെ സ്വഭാവത്തിന് നേർ വിപരീതമാണ് ഹർഷയുടെത്. അവൾക്കെപ്പോഴും ആനന്ദമാണ്. കാര്യമായി എന്തെങ്കിലും ചെയ്യണം എന്നൊന്നുമില്ല. കാഴ്ചകളൊക്കെക്കണ്ട് ഒരു വൺ ഡേ ടൂർ കഴിയും പോലെ ജീവിതം തീരണം എന്നാണവളുടെ മോഹം. ഏതു നേരവും കൈയ്യിലൊതുക്കിപ്പിടിച്ച ഫോണിലേക്കു നോക്കിക്കൊണ്ടിരിക്കുമവൾ! ഫോണിൽ മെസേജുകൾ വന്നും പോയുമിരിക്കും. ഫോണിലേക്ക് നോക്കിക്കൊണ്ടിരിക്കൽ മഴത്തുള്ളികൾ തുരുതുരാ വീണു കൊണ്ടിരിക്കുന്ന പച്ചപ്പായലു തിളങ്ങുന്ന കുളത്തിലേക്കു നോക്കിക്കൊണ്ടിരിക്കും പോലെയാണ് അവൾക്ക്. വാക്കുകൾ കുളത്തിനാഴത്തിലേക്ക് പോയ് പതുങ്ങുന്ന കനമുള്ള ഒച്ചകൾ ! വീണ്ടും വീണ്ടും അവയുടെ പ്രതിധ്വനി കേട്ട് ഒറ്റയ്ക്കിരിക്കുമ്പോഴും അവൾ ആനന്ദിച്ചു.

ഇന്നും കൈയ്യിലെ ഫോണിലേക്കു തന്നെ നോക്കിക്കൊണ്ട് അവൾ ബസ്സ് സ്റ്റോപ്പിലെ തൂണും ചാരി നിന്നു. ചുറ്റിലുമുള്ളവരിൽ പത്തിലൊമ്പതും ഫോണിൽത്തന്നെ! ചുണ്ടിൽ ചെറിയൊരു ചിരിയുമായി ഫോണിൽ ധൃതിയിലെഴുതുന്ന അവളെ അടുത്തു നിന്ന മധ്യവയസ്കൻ സൂക്ഷിച്ചു നോക്കി. മാസ്കിസിനകത്തെ ഭാവവ്യത്യാസങ്ങൾ എന്തെന്നൊക്കെ ആളുകളിപ്പോൾ പഠിച്ചു പോയി.

"മിണ്ടാതിരിക്കുമ്പോഴും ഞാൻ നിന്നോടുമിണ്ടിക്കൊണ്ടിരിക്കുന്നു'

എന്ന് ടൈപ്പ് ചെയ്ത് കൂടെ രണ്ട് പച്ച ലൗ ചിഹ്നം കൂടി ഇട്ട് അവൾ മുഖം പൊക്കി. നേരെ മുമ്പിൽ അവളെത്തന്നെ നോക്കിക്കൊണ്ടിരിക്കുന്നു ഒരു വയസ്സൻ ! അവളുടെ ചുണ്ടിൽ വിടർന്ന ചിരി, മാസ്കിന്റെ വിടർച്ച ! തന്നോടാണെന്നോർത്ത് അയാളും ചിരിച്ചു. അവളുടെ കണ്ണിലെ തിളക്കം അയാളെ സന്തോഷിപ്പിച്ചിരിക്കണം. പെട്ടെന്ന് അയാളുടെ പോക്കറ്റിലെ ഫോൺമണിയടിച്ചു. നിറം മങ്ങിയ നോക്കിയ ഫോൺ കൈയ്യിലെടുത്ത് അയാൾ ധൃതിയിൽ ഹലോ പറഞ്ഞ് റോട്ടിൻ വക്കിലേക്കിറങ്ങി നിന്നു . "ഹലോ ഹലോ,.... ആശുപത്രിയിലെത്തിയോ?' ഒച്ച ഉയർത്തിച്ചോദിക്കുമ്പോൾ അയാളുടെ മുഖത്ത് വെപ്രാളം കാണാൻ ഉണ്ട്. വെള്ളത്തുള്ളി സ്ഫടിക ഗ്ലാസ്സിൽ വീഴും പോലുള്ള മെസേജ് ശബ്ദം കേട്ട് അവൾ ഫോണിലേക്ക് കണ്ണുപായിച്ചു.

Oho!
ശരിക്കും?
ങ്‌ ആ.. അവൾ തലയിൽ ശനി വലയമുള്ള ഇമോജി വിട്ടു. കണ്ടതായി നീല വര വന്നു. typing എന്ന് കാട്ടുന്നുണ്ട് അവൾ അതിലേക്കു തന്നെ നോക്കി നിന്നു. ഇടയ്ക്ക് മുന്നേ അയച്ച ഫോട്ടോസും മെസേജും സ്ക്രോൾ ചെയ്തു വായിച്ചു.

പെട്ടെന്ന് അവന്റെ മെസേജ് വന്നു.
"ഉംമ്‌മ്മ.....നിന്റെ മുടി മാറ്റിയിട്ട് കഴുത്തിൻ പിന്നിൽ!'

അവൾ ഓർക്കാപ്പുറത്ത് പുളഞ്ഞു പോയി. മുന്നിലേക്കെടുത്തിട്ടിരുന്ന മുടിയെടുത്ത് പിന്നിലേക്കിട്ടു. കണ്ണുകൾ പാതിയടഞ്ഞ നിലയിലാണ്. അവൾ ബസ് സ്സ്റ്റോപ്പിലെ ഇരിപ്പിടത്തിലിരുന്നു. ഫോൺ ബാഗിലേക്കിട്ടു.

ചെറുതായി കാറ്റു വീശുന്നുണ്ട്. മഴ പെയ്യാനുള്ള സാധ്യത ഇല്ലാതില്ല. അവൾ റോട്ടിലേക്ക് നോക്കിയിരുന്നു. കറുപ്പിൽ പിങ്കു പുള്ളിയുള്ള ലുങ്കി ചുറ്റിയ ഒരാൾ റോഡരികിൽ പോസ്റ്റിനോടു ചേർന്നിരുന്ന് മൂത്രമൊഴിക്കുന്നു. അയാൾക്കു പിന്നിൽ കാറുകളും ബൈക്കുകളും ഹോണടിച്ചും അടിക്കാതെയും കടന്നുപോകുന്നു. അവൾ കണ്ണുകൾ പോസ്റ്റിലേക്കുമാറ്റി. നിറയെ ഉള്ളിൽ കടും നിറമുള്ള വയലറ്റു പൂക്കൾ മുകളിലേക്കും താഴേക്കും താണും ചതഞ്ഞും വിരിഞ്ഞ കാട്ടുവള്ളികൾ ചുറ്റിച്ചുറ്റിപ്പോകുന്നു കരണ്ടു കമ്പിയിലേക്ക്. പൂക്കൾക്ക് മൂത്രത്തിന്റെ മണമായിരിക്കുമോ? ആൺ മൂത്ര മണമുള്ള പൂക്കൾ ശീതക്കാറ്റിൽ മെല്ലെ ഇളകുന്നത് നോക്കി അവൾ ഇരുന്നു. അടിവയറ്റിൽ ചെറുതായി വേദന തോന്നുന്നുണ്ട്. വള്ളിച്ചെടി വേരുപടലത്തോടെ വലിച്ചെടുക്കുമ്പോലത്തെ വേദന. ചുറ്റിലും ഇളകിപ്പരന്ന് ചിതറുന്നു. വേദന.... വേദന.. കാലുകൾക്കിടയിൽ പാഡിന്റെ ഈർപ്പം.

ഒരു കൂട്ടം അതിഥി തൊഴിലാളികൾ മഞ്ഞപ്പച്ച ടീഷർട്ടും ചുവന്നിറുകിയ ഷർട്ടുമൊക്കെയിട്ട് അന്യഭാഷയിൽ എന്തൊക്കെയോ കലപില പറഞ്ഞു കൊണ്ട് ബസ്‌ സ്റ്റോപ്പിലേക്ക് കയറി നിന്നു.

അവർക്ക പിന്നാലെ പത്തു പതിനൊന്നു നായ്ക്കൾ, ഒന്നിനും രണ്ടിനും പിറകിലായി വന്ന് ബസ്സ് സ്റ്റോപ്പിനു മുന്നിൽ കൂട്ടം കൂടി നിൽപ്പായി. ഹർഷ തനിക്കു മുന്നിലായി നിൽക്കുന്ന പുരുഷക്കാലുകൾക്കിടയിലെ വിടവിലൂടെ അവയെ സൂക്ഷ്മനിരീക്ഷണം നടത്തി. കാന്തത്തിൽ ഇരുമ്പുതരി പിടിക്കും പോലെ കറുപ്പും വെളുപ്പും പുള്ളിയുള്ളതും കഴുത്തിൽ പാതി മുറിഞ്ഞ പട്ടയുള്ളതും വാലുമുറിഞ്ഞവനും ചെവി ചെള്ളു തിങ്ങിത്തൂങ്ങുന്നവനും എല്ലാം ഒരൊറ്റ ബിന്ദുവിനു ചുറ്റുമാണ് വട്ടമിടുന്നതെന്നു മനസ്സിലായി. പുരുഷാരത്തിരക്കിനു നടുവിൽപ്പെട്ടു പോയ സാരിണി താണും ചെരിഞ്ഞു തലതാഴ്ത്തിയും വിമ്മിട്ടപ്പെട്ട് പുറത്തുകടക്കാൻ ശ്രമിക്കും പോലെ ഒരു പെൺപട്ടി ആൺവലയത്തിനു പുറത്തുകടക്കാൻ ശ്രമിക്കുന്നുണ്ട്. പേടിച്ച പെണ്ണിന്റെ മുന്നിലേക്കു കൂമ്പിയ ചുമലുകൾ പോലെ പെൺപട്ടിയുടെ പിൻകാലുകൾ രണ്ടും ചൂളി വളഞ്ഞു പോയിരിക്കുന്നു. ഭൂമിയെ നമിക്കും പോലെ ചന്തി താഴ്ത്തിപ്പിടിച്ചിരിക്കുന്നു. വാലു കാലുകൾക്കിടയിൽ തിരുകി ദേഹമപ്പാടെ ചുളിച്ച് കുഴങ്ങി നിൽക്കുന്ന പെണ്ണിന്റെ നേർ പിന്നിലുള്ളവൻ നിവർത്തിയ കത്തി പള്ളയ്ക്കു കയറ്റാനെന്നവണ്ണം മുൻകാലുകൾ പൊക്കി അവളുടെ പിന്നിലേക്കായുന്നു. ഒഴിഞ്ഞു മാറുമ്പോൾ നിലവിളി പോലൊരു ഞരക്കം അതിന്റെ വായിൽ നിന്ന് പുറപ്പെട്ടത് ആൺ പട്ടികളുടെ കൂട്ട അലർച്ചയിൽ മുങ്ങിപ്പോയി. കത്തി കയറ്റാൻ വന്നവനെ അങ്ങനെ നീ മാത്രം സുഖിക്കേണ്ടെന്ന് മറ്റുള്ളവർ വിരട്ടി ഓടിക്കാൻ ശ്രമിക്കുന്നു. പെൺപട്ടി പേടിച്ചരണ്ട് ചെറുതായി മൂത്രമൊഴിച്ചു പോയോയെന്ന് ഹർഷയ്ക്ക് വേവലാതിയായി. ചെറിയൊരു മൂത്രച്ചുഴി വിസ്താരം വെച്ചു വരുന്നൊരു വെള്ളക്കെട്ടാണ് താനെന്ന് പെട്ടെന്നവൾക്കു തോന്നി.

പൊക്കിൾച്ചുഴിയിൽ അതിന്റെ അസ്വസ്ഥത. മടിയിലെ ബാഗിനടിയിലേക്ക് താഴ്ത്തി പാഡുള്ളിടത്ത് കൈയ്യമർത്തി വെച്ചു അവൾ. വേദന... പൊട്ടാൻ പോകുന്ന നീർക്കുമിളയുട ത്രസിപ്പ് ! കാലുകൾ ഒന്നുകൂടി ചേർത്തു വെച്ചു. വീട്ടിലാണെങ്കിൽ എത്രനേരമെങ്കിലും ബാത് റൂമിലിരിക്കാം, വേദനയ്ക്കുമേൽ വെള്ളത്തിന്റെ തണുപ്പ് വീഴ്ത്തി അങ്ങനെ ഇരിക്കുമ്പോഴുള്ള ആശ്വാസം ഈ ബസ്സു കാത്തിരിപ്പിനിടയിൽ എങ്ങനെ ഉണ്ടാവാനാണ്? അവൾ ഫോണെടുത്ത് ഗൂഗിളിൽ സേർച്ച് ചെയ്തു. പബ്ലിക് ടോയ് റ്റ് എവിടെയാണ്? അഞ്ചു കി മീറ്റർ അപ്പുറം ! എങ്ങനെ എത്താനാണ്? ഹേയ്, പുരുഷന്മാരെ, നിങ്ങൾ ഒരു നിമിഷം കണ്ണടയ്ക്കൂ, ഞാനിതാ ഈ ചുമരിനപ്പുറം കുന്തിച്ചിരുന്ന് എന്റെ രക്തം നിറഞ്ഞ പാഡുള്ള ചുവന്ന ജെട്ടിയഴിച്ച് അതിദീർഘം മൂത്രമൊഴിക്കാൻ പോകുന്നു എന്ന് പറയാൻ കഴിയുമോ? കുഞ്ഞായിരിക്കുമ്പോൾ ഉറക്കത്തിന്റെ മൂർദ്ധന്യത്തിൽ മൂത്രം നിറഞ്ഞ് വയറ് വീർത്ത്, മൂത്രമൊഴിക്കാറായി എഴുന്നേൽക്ക്, എഴുന്നേൽക്ക് എന്ന് മനസ്സു പറയുമ്പോൾ പെട്ടെന്നൊരു സൂത്രം സംഭവിക്കും. നമ്മൾ സ്ഥിരം മൂത്രമൊഴിക്കാനിരിക്കുന്നിടത്ത് മൂത്രമൊഴിക്കാനിരിക്കുന്നതായി നമ്മൾ നമ്മളെക്കാണും. ആശ്വാസത്തിൽ മൂത്രക്കുഴലഴിച്ചിട്ട് ഒഴുകും ഉപ്പുവെള്ളത്തെ സർവ്വത്ര സ്വതന്തമാക്കും. ഉറക്കത്തിലെങ്കിലും എന്തൊരാശ്വാസം എന്ന് നമ്മൾ നിശ്വസിക്കും. പെട്ടെന്ന് കാലുകൾ നനയുന്നതായി തോന്നും. കിടക്കും വിരിയപ്പാടെ നനഞ്ഞ് മൂത്രച്ചൂടിൽ രാവിലെ വരെ നമ്മൾ ഉറങ്ങും. എന്നാലും എന്തൊരാശ്വാസമാണത്.

തലപൊക്കി റോഡിലേക്ക് നോക്കുമ്പോൾ കടവിൽ ഒരു പറ്റം താറാവുകൾ നീങ്ങു മ്പോലെ റോഡിലൂടെ പട്ടിക്കൂട്ടം മുന്നോട്ടുനീങ്ങിക്കൊണ്ടിരുന്നു. പട്ടിയായാലും ജീവിതത്തിൽ വ്യത്യാസമൊന്നുമില്ല. മനുഷ്യനേക്കാൾ കുറച്ചു കൂടി അക്ഷമയുള്ളവരും നാണമില്ലാത്തവരുമാണീപ്പട്ടിക്കൂട്ടം എന്നു തോന്നി ഹർഷയ്ക്ക്. അവൾ മടുപ്പോടെ റോഡിൽ ബസ്സു വരേണ്ട ദിക്കിലേക്കു നോക്കിക്കൊണ്ടിരുന്നു.

മഴ ചെറുതായി ചാറാൻ തുടങ്ങി.
മഴ വെള്ളം വീഴും പോലെ ചറുപിറന്നനെ അഞ്ചാറു മെസേജുകൾ ഒന്നിച്ചു വന്നതിന്റെ ഒച്ച ബാഗ് അവളെ കേൾപ്പിച്ചു. കാലുകൾ ഇളക്കാതെ അവൾ മടിയിൽ വെച്ച ബാഗ് തുറന്ന് ഫോണെടുത്തു.

തിരിച്ചു തരാതെ കിട്ടിയ ഉമ്മയുമായി മുങ്ങുന്നു.ഉം...ഉം...ഉം... താ താ ...ആം വെയ്റ്റിങ് .

അവന്റെ മെസേജ് വായിക്കുമ്പോൾ അവൾക്ക് വീണ്ടും ചിരി വന്നു. ഉമ്മ അങ്ങനെ വെറുതേ കൊടുത്ത് പാഴാക്കാനുള്ളതല്ലെന്ന് അവൾക്കറിയാം.
അവൾ ചിറകുകൾ ചേർത്തു വെച്ച പോലെ കൈകൾ ഇരുവശമുള്ള കെട്ടിപ്പിടിക്കുന്ന രണ്ട് ഇമോജി വിട്ടു.

മൂത്രമൊഴിക്കാൻ എവിടെപ്പോകും എന്ന ചിന്ത കാരണം അവൾക്ക് അവന്റെ റിപ്ളൈ നോക്കാൻ തോന്നിയില്ല. അടിവയറ് കനത്ത് വേദനിച്ചു. മെല്ലെ എഴുന്നേറ്റു. നടു വേദനിക്കുന്നുണ്ട്. ചാറ്റലിലേക്കിറങ്ങി റോഡിനപ്പുറം ഒറ്റപ്പെട്ടു കണ്ട വീട്ടിലേക്കവൾ നടന്നു. ശക്തിയിൽ നടന്നാൽ മൂത്രമൊഴിച്ചു പോകും എന്നു തോന്നി. മഴ നനഞ്ഞ് റോഡ് കടക്കുന്ന അവളെ ബസ് സ്റ്റോപ്പിലിരുന്ന് ആളുകൾ നിശബ്ദരായി നോക്കി. പിന്നെയവർ തലതാഴ്ത്തി.

വീടിന്റെ ഗേറ്റ് തുറന്നു, ഉമ്മറത്തിരുന്ന വൃദ്ധ മുഖം പൊക്കി.
"ഞാനൊന്ന് ബാത്റൂമിൽ പോയ്ക്കോട്ടെ?'

മഴ നനഞ്ഞ ഉടുപ്പിലേക്ക് സംശയത്തോടെ തുളച്ചു നോക്കി, മടിയിലിരുന്ന മാസ്ക് എടുത്ത് ധൃതിയിൽ മുഖത്തു വെച്ച് വിലങ്ങനെ തലയാട്ടി വൃദ്ധ. സ്റ്റെപ്പിൽക്കിടന്ന പൂച്ച ദയ നിറഞ്ഞ കണ്ണാ ലേ അവളെ നോക്കി. വെളുത്ത പുള്ളിയുള്ള കറുത്ത വാൽ മുകളിലേക്കാക്കി ഇളക്കി അതെന്തോ പറയാൻ ശ്രമിച്ചു. ഇമ്മാതിരി ക്രിട്ടിക്കൽ അവസ്ഥ അല്ലെങ്കിൽ "നീ വരുന്നോ, എന്റെ കൂടെ' എന്ന് കൈ നീട്ടിച്ചോദിച്ചേനെ അതിനോട് ! ഇതിപ്പം വല്ലാത്ത സിറ്റുവേഷനായിപ്പോയി. അവൾ ഗേറ്റ് തുറന്ന് പുറത്തിറങ്ങി.

മഴ ശക്തിയായി പെയ്യാൻ തുടങ്ങി. ഫോണിൽ കുളത്തിൽ കല്ലുവീഴും ശബ്ദത്തിൽ മെസേജുകൾ വരുന്നുണ്ട്. പ്രണയം വൈറസ് ആക്രമണം തന്നെ. മനസ്സിന് മാസ്ക് വെച്ചില്ലെങ്കിൽ മനസ്സാകെപ്പടരും. ശ്വാസം മുട്ടിച്ച് കൊല്ലും. അവൾ മുഖത്തെ മാസ്ക് ഒന്നു കൂടി അമർത്തിയിട്ടു. കമ്പിക്കാലിലെ വയലറ്റു പൂക്കൾ കുറേയെണ്ണം കൊഴിഞ്ഞു വീണു കിടക്കുന്നു. അതിനു മേൽ മഴ വീണു ചിതറുന്നു.

റോഡു സൈഡിൽ വീണു കിടക്കുന്ന വയലറ്റു പൂക്കൾക്കുമേൽ കാലെടുത്തു വെച്ചു. കണ്ണടച്ചു. നിശ്ചലം നിന്നു. മഴ അവൾക്കുമേൽ പെയ്തു. മൂർദ്ധാവിൽ, മുടിയിഴകൾക്കിടയിൽ, ചെവിപ്പിന്നിൽ, പിൻകഴുത്തിൽ, മുലകളിൽ ഊർന്നിറങ്ങിപ്പരന്നു മഴനീർ മുഴക്കങ്ങൾ. സാവധാനം കാലുകൾക്കിടയിലൂടെ ഇളം ചൂടുള്ള വെള്ളം ചുവപ്പു കലർന്ന് താഴോട്ടൊഴുകി.
​വയറ്റിൽ കനമൊഴിയും സുഖം! താഴെ മഴ നനയുന്ന പൂക്കൾ, ചുറ്റും മഴ.
മഴയ്ക്കപ്പുറം ബസ്സ്, ആളുകൾ , കലപില ഫോൺ റിങുകൾ...▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


സന്ധ്യ എൻ.പി.

കവി. ശ്വസിക്കുന്ന ശബ്​ദം മാത്രം,​ പെൺബുദ്ധൻ എന്നിവ കവിത സമാഹാരങ്ങൾ

Comments