അമൽദാസ് സി.

പ്രാണികളുടെ കല്ലറ

‘പച്ച. കടുത്ത പച്ചനിറം മാത്രം. പുല്ലും പായലും കുറ്റിച്ചെടികളും തിങ്ങിനിൽക്കുന്നു. ഈർപ്പം കെട്ടിക്കിടക്കുന്ന അന്തരീക്ഷത്തിൽ വിചിത്രമായൊരു ശബ്ദം കേൾക്കാം. ആരോ വളരെ ബുദ്ധിമുട്ടി ജീവശ്വാസം എടുക്കുന്ന പോലെ. തൂങ്ങിക്കിടക്കുന്ന പായൽക്കെട്ടുകൾ വകഞ്ഞുമാറ്റി മുന്നോട്ടു പോകും തോറും ആ ശബ്ദം അടുത്തുവന്നു. നീട്ടിവെച്ച കാൽ എവിടെയോ വഴുതി മുന്നിലേക്ക് വീണുപോയി. ദേഹമാകെ ചളിയും അഴുക്കും പുരണ്ട് എഴുന്നേറ്റപ്പോൾ ആ ശബ്ദം തൊട്ടുമുന്നിൽ നിന്ന് വരുന്നതാണെന്ന് തോന്നി. കണ്ണ് മഞ്ഞളിക്കുന്ന ആ പച്ചപ്പിനൊടുവിൽ വിറയ്ക്കുന്ന ഒരു രൂപം തെളിഞ്ഞുവന്നു. പിൻതിരിഞ്ഞു നിൽക്കുന്ന ഭീമാകാരനായൊരു പ്രാണി പൃഷ്ഠം നിലത്തുരയ്ക്കുകയാണ്… ഒരു കൊഴുത്ത ദ്രാവകം ആ ശരീരത്തിൽ നിന്നും പുറത്തേക്ക് വരുന്നു. വികൃതമായൊരു ശബ്ദം അത് പുറപ്പെടുവിക്കുന്നുമുണ്ട്. പിന്നെ വീണ്ടും പിൻഭാഗം നിലത്തുരയ്ക്കുന്നു. നിലത്ത് പടർന്ന ആ സ്രവം കാലിൽ വന്ന് സ്പർശിച്ചപ്പോൾ ചുട്ടുപൊള്ളുന്ന പോലെ തോന്നി. പെട്ടെന്ന് ആ രൂപം തിരിഞ്ഞുനിന്നു.’

ഞെട്ടിയുണർന്ന കാവ്യ താൻ കണ്ട ദുഃസ്വപ്നം വിവരിക്കുകയായിരുന്നു. അവൾ ശ്വാസമെടുക്കാൻ വളരെയേറെ ബുദ്ധിമുട്ടുന്നുണ്ട്. പ്രാണിയെ തെളിഞ്ഞുകണ്ട രംഗം ബദ്ധപ്പെട്ടുകൊണ്ടാണെങ്കിലും അവൾ ആവർത്തിച്ചുകൊണ്ടിരുന്നു. ഓരോ തവണ അത് പറഞ്ഞു തീരുമ്പോഴും നിറഞ്ഞ വയറുമായി അവളെന്റെ നെഞ്ചിലേക്ക് ചാഞ്ഞുവീഴും.

‘എനിക്ക് പേടിയാവുന്നു’.
‘ഇറ്റ്സ് ഓക്കേ. വെറുമൊരു ദുഃസ്വപ്നമല്ലേ?, പേടിക്കണ്ട’.
‘അല്ല. ഇതിനു മുൻപും എത്രയോ ദുഃസ്വപ്നങ്ങൾ കണ്ടിരിക്കുന്നു. ഇതത് പോലല്ല.’
‘ഏയ്. നീ പേടിക്കാതെ. കിടന്നുറങ്ങാൻ നോക്കൂ.’

അവിശ്വസനീയതയോടെ അവളെന്നെ നോക്കി. ഞാൻ തലയാട്ടി.

വെയിലിന് നല്ല പോലെ ചൂട് പിടിച്ച നേരത്തായിരുന്നു ഉണർന്നത്. തൊട്ടടുത്ത് കാവ്യയില്ല. ബാൽക്കണി ഭാഗത്ത് വന്നു നോക്കിയപ്പോൾ പുറത്തേക്ക് നോക്കിനിൽക്കുകയാണ്.

‘നിന്റെ കഴുത്തിന് സൈഡിൽ എന്ത് പറ്റി?’
‘എവിടെ?’
‘ദാ വലതുഭാഗത്ത്?’
തൊട്ടുനോക്കുമ്പോൾ തൊലി വല്ലാതെ ഉണങ്ങിയിരിക്കുന്നതായി തോന്നി. ചെറിയൊരു അസ്വസ്ഥതയുണ്ട്.
‘ഏ, ഇതെങ്ങനെ?’
‘പറയെടാ ഫുണ്ടെ. ഞാൻ ഇങ്ങനെ ആയതുകൊണ്ട് വേറെ ആരുടെയെങ്കിലും അടുത്ത് പോയോ നീ. കിട്ടിയത് മതിയായില്ലേ?’
ഞാൻ ചിരിച്ചതേയുള്ളൂ.
‘എന്താടാ?’
‘ഇവിടെ ഒരാളുടെ ഡ്രാമ തന്നെ മാനേജ് ചെയ്ത് തീരുന്നില്ല. അപ്പോഴാണ് വേറെ പുതിയത് തപ്പി പോണത്.’
കാവ്യയും ചിരിച്ചു. ഒരു വരണ്ട ചിരി.

അടുത്ത ദിവസം കൈവിരലുകൾക്കിടയിലും കാൽമുട്ടിന് പിറകിലും പുതിയ പാടുകൾ പ്രത്യക്ഷപ്പെട്ടു. അവിടെയെല്ലാം അസ്വസ്ഥതയുളവാക്കുന്ന ചൊറിച്ചിലും തുടങ്ങി. കഴുത്തിലുണ്ടായിരുന്ന പാട് ഒരല്പം ചുവന്നു തുടുത്തു. കാവ്യയുടെ നെഞ്ചിലും ചെറിയ പാടുകളുണ്ടായി. കിടക്കയിലെ പൊടി കൊണ്ടുള്ള അലർജി ആയിരിക്കാം എന്ന നിഗമനത്തിൽ അവിടെയെല്ലാം വൃത്തിയാക്കി ഓഫീസിൽ എത്തുമ്പോഴേക്ക് വൈകിപ്പോയിരുന്നു.

വളരെ പെട്ടെന്നുതന്നെ എല്ലാവരും കഴുത്തിലെ ചുവന്ന പാട് കണ്ടെത്തി. കാവ്യ ഊഹിച്ച അതേവഴിക്കായിരുന്നു ഓഫീസിലെയും ചർച്ചകൾ. വന്യമായ ഭാവനയുടെയും തൃഷ്ണാ കല്പനകളുടെയും സർഗ്ഗ ചിന്തകൾ അവിടെ പറന്നുനടന്നു. ആ ഓഫീസിലുണ്ടായിരുന്ന പഴയ പല കാമുകിമാരെ വെച്ചുപോലും നിറം പിടിച്ച കല്പിതാഖ്യാനങ്ങൾ ചൂടോടെ പടർന്നു. അവരിൽ പലരും രഹസ്യമായി വന്നു കാണുക പോലുമുണ്ടായി. അടഞ്ഞതെന്ന് നാം കരുതുന്ന പല കണക്കുപുസ്തകങ്ങളും അങ്ങനെ തുറന്നുകിടക്കുകയാണ്. അതങ്ങനെയാണ്.

ഓഫീസിൽ നടന്ന കാര്യങ്ങൾ കാവ്യയോട് പറയേണ്ടെന്ന് വെച്ചു. ഈയിടെയായി സംഭാഷണങ്ങൾ മുഴുമിക്കുന്നതിന് മുൻപേ അവൾ തർക്കിച്ചു തുടങ്ങും. മാറ്റങ്ങളോട് പൊരുത്തപ്പെടാൻ കഴിയാതെ മനുഷ്യർ പലപ്പോഴും നിസ്സഹായത കലർന്ന രോഷപ്രകടനങ്ങൾ നടത്താറുണ്ടല്ലോ. അപ്പോഴാണ് ശരീരത്തിനകത്തുണ്ടാകുന്ന ഈ വലിയ മാറ്റങ്ങൾ.

കാവ്യ വളരെയധികം ക്ഷീണിതയായിരുന്നു. ചോദ്യങ്ങൾക്കെല്ലാം പരിസരബോധമില്ലാത്ത ജല്പനങ്ങളായിരുന്നു മറുപടി. അത്താഴത്തിന് ശേഷം പത്രം കഴുകാൻ എഴുന്നേറ്റപ്പോൾ അവളെന്റെ കൈപിടിച്ചു. ചുട്ടുപഴുത്തു കിടക്കുകയായിരുന്നു ആ ശരീരം.

‘കാവ്യാ, തീരെ വയ്യല്ലോ?’
ഒരു ഞരക്കം മാത്രമായിരുന്നു മറുപടി.
‘നമുക്ക് ആശുപത്രിയിൽ പോകാം?’
‘വേണ്ടാ.’ ചെറിയ ശബ്ദത്തിലായിരുന്നെങ്കിലും ആ മറുപടിക്ക് വിചിത്രമായൊരു ശക്തിയുണ്ടായിരുന്നു.
‘ഡോക്ടർ പറഞ്ഞ ഡേറ്റിന് ഇനി അധികമില്ല. ഒന്ന് പോകാം.’
‘വേണ്ടെന്ന് പറഞ്ഞില്ലേ?’
ഇനി പറഞ്ഞിട്ട് കാര്യമില്ല. അവൾ സമ്മതിക്കാൻ സാധ്യതയില്ല. കിടക്കാൻ നേരം ദേഹമാകെ ചൂടെടുക്കുന്നു എന്ന് പറഞ്ഞു കാവ്യ തന്റെ വസ്ത്രമെല്ലാം ഊരിക്കളഞ്ഞു. രാവിലെ കണ്ട വ്രണപ്പാടുകൾ പഴുത്തു കുമിളകളായി മാറിയിട്ടുണ്ട്. ക്ളോണൈറ്റ് പുരട്ടിയപ്പോൾ അല്പമൊന്ന് ചുരുങ്ങി.

അന്ന് രാത്രിയും കാവ്യ ദുഃസ്വപ്നം കണ്ട് ഉണർന്നു. ഇത്തവണ ഭയത്തേക്കാൾ മറ്റെന്തൊക്കെയോ അവളുടെ അലർച്ചയിലുണ്ട്.

‘കഴിഞ്ഞ ദിവസം കണ്ട സ്വപ്നത്തിലുണ്ടായിരുന്ന പോലത്തെ കുറെ പ്രാണികൾ എന്നെ പൊക്കിയെടുത്തു കൊണ്ടുപോവുകയാണ്. ഏതൊക്കെയോ ഗുഹകക്കകത്ത് കൊണ്ടുപോയി എന്നെ ഒരു പാറക്കെട്ടിൽ കിടത്തി. എന്നിട്ട് പേടിപ്പെടുത്തുന്ന ശബ്ദത്തിൽ ചിലയ്ക്കാൻ തുടങ്ങി. തറച്ചുകയറുന്ന ഒരു ഷ്രീക്ക്. പെട്ടെന്ന് വയറൊഴിഞ്ഞുപോയി. പ്രാണികളിലൊന്ന്, തൊലിയൊന്നുമില്ലാത്ത, രക്തക്കുഴലുകളും കുടലും എല്ലാം നിറഞ്ഞ ഒരു ജീർണ്ണ രൂപം ഉയർത്തിക്കാട്ടി. ആ കുഞ്ഞുരൂപം കൈകാലിട്ടടിക്കുകയാണ്. ആ ജീവി മനുഷ്യക്കുഞ്ഞിനെ പോലെ എന്റെ മുലപ്പാലിനായി കരയുകയായിരുന്നു.’

കാവ്യയുടെ വിവരണം എന്നെയും അസ്വസ്ഥമാക്കി. അത് ഞാൻ പറയുകയും ചെയ്തു.

‘എന്നെക്കൊണ്ടൊന്നും പറയിപ്പിക്കരുത്! ആകെ പിടിത്തം വിട്ട് നിൽക്കുവാണ് ഞാൻ. ഇങ്ങനൊരു സമയത്ത് ഒന്ന് സപ്പോർട്ടിനു വിളിക്കാൻ പോലും നമുക്ക് ആരുമില്ല.’
‘സോറി സോറി.’

ഒരുപാട് നേരമെടുത്തു അവളൊന്ന് ഉറങ്ങിക്കിട്ടാൻ. രാത്രി ഇനിയുമേറെ താണ്ടിയാലേ എനിക്ക് ഉറക്കം വരികയുള്ളൂ എന്നു തോന്നുന്നു. ഒരു സിഗററ്റിനായി എഴുന്നേറ്റപ്പോഴാണ് കട്ടിലിനടിയിലായി കറുത്ത എന്തോ കണ്ടത്. ഫോൺ ടോർച്ച് അടിച്ചപ്പോൾ വലിയൊരു കൂട്ടം പ്രാണികൾ ചത്തുമലച്ചു കിടക്കുന്നു! എണ്ണിത്തിട്ടപ്പെടുത്താവുന്നത്രയൊന്നുമല്ല. പല നിറങ്ങളിൽ, വലുപ്പത്തിൽ, രൂപത്തിൽ, വിന്യാസങ്ങളിൽ അവ ചത്തുകിടക്കുകയാണ്. അറ്റമില്ലാത്ത കല്ലറ പോലെ.

ദേഹത്തു പിന്നെയും പാടുകൾ പൊങ്ങി വന്നു. പൊള്ളലു പോലെ പടരാൻ തുടങ്ങിയതോടെ ഒരു ഡെർമറ്റോളജിസ്‌റ്റിനെ കാണേണ്ടത് അനിവാര്യമായി.

‘ഇത് ആസിഡ് ഫ്ലൈ ബൈറ്റ് ആണ്. സാധാ അലർജി ഒന്നുമല്ല.’
‘എന്നുവെച്ചാൽ?’
‘ആ ഭാഗത്ത് വല്ല ചതുപ്പോ കാടോ ഉണ്ടോ?’
‘യെസ് ഡോക്ടർ. നമ്മുടെ ഫ്ലാറ്റിന്റെ പുറകുവശത്തുണ്ട്.’
‘ആ. അതായിരിക്കും. ഇതൊരു ചെറിയ പ്രാണിയാണ്. നൈറോബി ഫ്ലൈ എന്നും പറയും. നനവുള്ള പ്രദേശങ്ങളിലാണ് ഉണ്ടാവുക. ലൈറ്റ് കണ്ടാ അട്രാക്റ്റഡായി വരും. ഇതിന്റെ ബോഡിയിൽ പെഡറിൻ എന്നൊരു ടോക്സിൻ ഉണ്ട്. ബെഡിലൊക്കെ ഈ പ്രാണി ഉണ്ടെങ്കി നമ്മൾ കിടക്കുമ്പോ ക്രഷ് ആയാ ഈ ടോക്സിൻ പുറത്തുവരും. സ്കിന്നിൽ തൊട്ടാ പൊള്ളിയ പോലെ ബ്ലിസ്റ്റേഴ്‌സ് വരും. നല്ല ചൊറിച്ചിലും ഉണ്ടാകും. സാധാരണ ഇവെൻച്വലി പോകേണ്ടതാണ്. ക്ളോണൈറ്റ് പോലുള്ള ഓയിന്റ്മെന്റ് മതി’.
‘പ്രെഗ്നൻസി ടൈമിൽ ക്ളോണൈറ്റ് ഓക്കേ ആണോ?’
‘ഓ. അത് ഞാൻ മറന്നു. അങ്ങനെയെങ്കി കലാമിൻ ഒക്കെയേ നിവൃത്തിയുള്ളൂ’.
ആസിഡ് ഫ്ലൈ ബെറ്റ് മാറാൻ വേറെ മാർഗ്ഗമൊന്നുമില്ലെന്ന് അങ്ങനെയാണ് തിരിച്ചറിഞ്ഞത്.

തിരിച്ചുവരുന്ന വഴിക്ക് ഫ്ളാറ്റിലെ മെയിൻ ഇലക്ട്രിഷ്യൻ ഷിബുവേട്ടനെ കണ്ടു. മുകളിലുള്ള ഫ്ലാറ്റിൽ എന്തോ റിപ്പയറിന് വന്നതാണ്. തിരിച്ചിറങ്ങുമ്പോൾ കാവ്യയെ കണ്ടുവത്രെ.
‘മാഡത്തിന്റെ ദേഹത്താകെ എന്തോ അലർജി വന്നിട്ടുണ്ടല്ലോ?’
‘അതെ’.
‘സാറിനും ഉണ്ടെന്ന് പറഞ്ഞു.’
‘ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും വരുന്നുണ്ട്.’
ഷിബുവേട്ടന്റെ മുഖമൊന്ന് മങ്ങി.
‘ഇവിടെ മുൻപും ഇങ്ങനെ കേസുകൾ വന്നിരുന്നു. എങ്ങനെ വരാതിരിക്കും?’
എനിക്കൊന്നും വ്യക്തമായില്ല.
‘ഇതൊരു ചതുപ്പാണ്. മണ്ണിട്ട് നികത്തി ഉണ്ടാക്കിയതാണ് ഈ കാണുന്നതൊക്കെ. അതിന്റെ കൂടെ കാണേണ്ടാത്തതും അവര് നികത്തി.’
‘എന്ത്?’
‘എന്റെ സാറേ, പണ്ട് സകല അവരാതവും നടന്ന സ്ഥലമായിരുന്നു പന്നിക്കുഴി. ഓണർ സുധാകരേട്ടന്റെ അച്ഛന്റെ അച്ഛൻ വേലുക്കുട്ടി പല പാവങ്ങളെയും ഇവിടെ വെച്ചു തീർത്ത കഥ വരെയുണ്ട്. കൈയും കാലും കെട്ടി ദേഹം മുഴുവൻ നെയ്യ് തേക്കും. എന്നിട്ട് തീയുറുമ്പിന്റെ കുപ്പി തുറന്നുവിടും. ദേഹം മുഴുവൻ കടിച്ചു നീരുവന്ന് ആള് തീരും.’
‘അതിന്?’
‘നിങ്ങക്ക് രണ്ടുപേർക്കുമുള്ള അലർജി?’
‘എന്റെ ഷിബുവേട്ടാ? നിങ്ങക്കെന്താ വട്ടോ? അങ്ങനൊന്നുമില്ല, പോയേ.’
‘സൂക്ഷിക്കണം കേട്ടോ. പ്രത്യേകിച്ച് ഇത്.’

ചില മുന്നറിയിപ്പുകൾ പോലെ എന്തൊക്കെയോ അന്തരീക്ഷത്തിൽ അവശേഷിപ്പിച്ചാണ് ഷിബുവേട്ടൻ പോയത്.

അന്ന് ഓഫീസ് വിട്ട് ഞാൻ വേഗം തിരിച്ചെത്തി. ഭാരം പേറി നടക്കുന്നതിനാൽ കഴിഞ്ഞ കുറേക്കാലമായി ക്ഷീണിതയായിരുന്ന കാവ്യ അന്ന് പ്രസരിപ്പോടെ കാണപ്പെട്ടു. ഞാൻ നേരത്തേയെത്തുമെന്ന് മുൻകൂട്ടി കണ്ടപോലെ അവൾ കാപ്പിയുണ്ടാക്കി കാത്തിരിക്കുകയായിരുന്നു. മേശമേൽ ബാഗും പേഴ്സും വെച്ച് ഞാൻ തിരിഞ്ഞയുടനെ അവളെന്നെ വാരിപ്പുണർന്നു. പതിവിന് വിപരീതമായി അവളുടെ ശരീരത്തിൽ നിന്നും ഒരു മാദകഗന്ധം വരുന്നുണ്ട്. അമർത്തിച്ചുംബിച്ചപ്പോൾ പരിചിതമായ ഉമിനീരിന്റെ ചുവയല്ല, ഏറെക്കാലമായി അടക്കിവെച്ച എന്തൊക്കെയോ കെട്ടുപൊട്ടിച്ചു പായുന്ന പോലെ. ചിന്തകൾക്കും പ്രവൃത്തികൾക്കും നിയന്ത്രണം നഷ്ടപ്പെട്ടു. പിന്നീട് എല്ലാം വേഗത്തിൽ മുന്നേറി.

കാവ്യയെ എടുത്തുപൊക്കി മേശമേൽ വെച്ച് ഞാൻ കാര്യങ്ങളിലേക്ക് കടക്കുന്ന നേരം. തുടകൾക്കിടയിൽ എന്തോ അരഞ്ഞപോലൊരു ശബ്ദം. അവളിൽ നിന്ന് ഞാൻ വേർപെടുന്ന നിമിഷം വല്ലാതെ വേദനിക്കുന്ന പോലെ തോന്നി. ഒരു ആസിഡ് ഫ്ലൈ അരഞ്ഞുകിടക്കുന്നു. എന്റെ ലിംഗമാകെ മുറിവുകളും വ്രണങ്ങളും പൊള്ളൽ പാടുകളും. നിമിഷ നേരം കൊണ്ട് ആ പാടുകൾ പഴുത്തു ചുവക്കാൻ തുടങ്ങി. വേദന സഹിക്കാൻ വയ്യാതെ ഞാൻ നിന്നു പുളഞ്ഞു. എന്റെ കരച്ചിൽ പുറത്തുവന്നേയില്ല. പകരം കാവ്യയുടെ അട്ടഹാസം ലോകമെങ്ങും നിറഞ്ഞു. അവളുടെ തൊട്ടുപുറകിലായി ഒരു നിഴൽ കാണാം. രണ്ടാൾപ്പൊക്കത്തിൽ ഒരു ഭീമാകാരൻ പ്രാണി സ്രവമൊലിപ്പിച്ചു നിൽക്കുകയാണ്.

ആർത്തുകരഞ്ഞുകൊണ്ട് കണ്ണുതുറന്നത് ഞാനാണ്. എന്നെ ചേർത്തുപിടിച്ചുകൊണ്ട് ആശ്വസിപ്പിക്കുകയാണ് കാവ്യ. ചൂടുകാരണം വസ്ത്രമില്ലാതെയുള്ള അവളുടെ ശരീരത്തിൽ വീണ്ടുമൊരുപാട് പാടുകൾ തിണർത്തു വന്നിരിക്കുന്നു. അവളെന്റെ ദേഹത്തേക്കും വിരൽ ചൂണ്ടുന്നുണ്ട്. ഞാൻ വേഗം ബോക്സർ താഴ്ത്തി നോക്കി. പഴുത്തുചുവന്നു കിടക്കുകയാണവിടെ.

ഫ്ലാറ്റ് വാടക തരാൻ വൈകുന്നുവെന്ന് രാഹുലിനെയും കാവ്യയെയും പല തവണ ഓർമ്മിപ്പിച്ചതാണ് സുധാകരേട്ടൻ. ഒരിക്കലും മുടക്കാത്തവരാണവർ. ഇങ്ങനൊരു സമയത്ത് കുടുംബക്കാരുടെ പിന്തുണയൊന്നുമില്ലാതെ ഒറ്റക്കല്ലേ. രണ്ടുപേരുടെയും വീട്ടുകാർക്ക് കലിപ്പ് ഇതുവരെ മാറിയിട്ടില്ലെന്നാണ് കേട്ടത്. അത്തരമൊരു സാഹചര്യത്തിൽ അവരെ ഇതും പറഞ്ഞു വെറുപ്പിക്കുന്നത് മര്യാദയല്ല. പക്ഷെ, ലോൺ അടവ് നടന്നുപോകണമല്ലോ.

ഒന്നുരണ്ട് തവണ ഫ്ലാറ്റിൽ ചെന്നതാണ്. രാഹുൽ ഓഫീസിലായിരിക്കും. അവനെയല്ലെങ്കിലും അങ്ങനെ കാണാറില്ല. പോയപ്പോഴൊക്കെ കാവ്യയോടാണ് സംസാരിച്ചത്. പാവം കുട്ടി. ആകെ വിളറിപ്പോയിരുന്നു. ആദ്യമൊക്കെ അവൾ സൗമ്യമായി ഉടനടി പേയ്മെന്റ് നടത്തുമെന്ന് ഉറപ്പുതന്നിരുന്നു. പിന്നീടൊരിക്കൽ ചെന്നപ്പോൾ ആകെ ഒരു പന്തികേട് തോന്നി. അവളുടെ മുഖത്തും കൈയിലുമെല്ലാം തിണർത്തു വന്നിട്ടുണ്ട്. അവൾക്ക് മാത്രമല്ല അവനുമുണ്ടായിരുന്നുവത്രെ. അപ്പാർട്മെന്റിലെ മറ്റ് താമസക്കാർക്ക് ഉണ്ടോയെന്ന് ഉറപ്പുവരുത്താൻ അവളാവശ്യപ്പെട്ടതും താൻ അന്വേഷിച്ചതും ഓർമ്മയുണ്ട്. മറ്റാർക്കും ഒരു പ്രശ്നവുമുണ്ടായിരുന്നില്ല. ഇനിയിത്? ഏയ്, അല്ല.

വീണ്ടുമൊരിക്കൽ വാടകയുടെ കാര്യം ഓർമ്മിപ്പിക്കാൻ ചെന്നപ്പോൾ കാവ്യ വളരെ വിചിത്രമായാണ് പെരുമാറിയത്. വാതിൽ തുറന്നയുടനെ അവൾ തുറിച്ചുനോക്കാൻ തുടങ്ങി. പിന്നെ അലറാനാരംഭിച്ചു. ഇങ്ങനെ കൂട്ടിവെക്കുന്ന പണം കൊണ്ട് മുടിഞ്ഞുപോവുമെന്ന് ആ കുട്ടി പറഞ്ഞപ്പോൾ സഹിക്കാനായില്ല. തിരിച്ചെന്തൊക്കെയോ വിളിച്ചു പറഞ്ഞു. ഉടനടി രാഹുലിനെ ഫോൺ ചെയ്തു. അവനും പരസ്പരബന്ധമില്ലാതെ എന്തൊക്കെയോ പറയുകയാണുണ്ടായത്.

അതിനുശേഷം ഇന്നാണ് അവിടെ കേറി ചെല്ലുന്നത്. എന്ത് പുകിലാണെങ്കിലും വാടക ഒപ്പിച്ചെടുത്തേ മതിയാകൂ എന്നാണ് വിചാരിച്ചത്. എന്നാൽ എത്ര കോളിംഗ് ബെൽ അടിച്ചിട്ടും ആരും വാതിൽ തുറന്നില്ല. ഉള്ളിൽ നിന്നും എന്തോ ശബ്ദം കേൾക്കാം. കുറച്ചുനേരം കൂടെ കാത്തിട്ടും ആരും തുറക്കാതായപ്പോൾ രണ്ടും കല്പിച്ചു വാതിൽ തള്ളി. വാതിൽ അടച്ചിട്ടുണ്ടായിരുന്നില്ല.

ഫ്ലാറ്റിലാകെ പ്രാണികൾ പറന്നുനടക്കുന്നു. നിലത്താകെ എന്തോ തരം കൊഴുത്ത ദ്രാവകം പടർന്നിട്ടുണ്ട്. അതിൽ രക്തവും കലർന്നിരിക്കുന്നു. കാലെടുത്തു വെച്ചതും ആ ദ്രാവകം ചവിട്ടി കാലുപൊള്ളി. ഹാളിന് ഒരു മൂലക്കായി ആരോ കമിഴ്ന്നടിച്ചു കിടക്കുന്നുണ്ട്. സുധാകരേട്ടൻ ഓടിച്ചെന്ന് ആ നഗ്ന ശരീരം തിരിച്ചു കിടത്തി. രാഹുൽ. അവന്റെ ശരീരമാകെ പൊള്ളലേറ്റ് തൊലി പോയിരുന്നു. രക്തക്കുഴലുകളും മാംസപേശികളും മാത്രമായൊരു പിണ്ഡം.

സുധാകരേട്ടൻ ആർത്തുകരഞ്ഞു. തൊട്ടടുത്ത മുറിയിൽ നിന്നും ഒരു സംഘം ഭീമാകാരന്മാരായ പ്രാണികൾ ഇറങ്ങിവന്നു. അവയുടെയെല്ലാം പിൻഭാഗത്ത് നിന്ന് സ്രവങ്ങൾ പുറത്തേക്ക് ഒഴുകുകയാണ്. അതിലൊന്നിന്റെ കൈകളിൽ ഒരു ജീവി കൈകാലിട്ടടിച്ചുകൊണ്ട് കരയുകയാണ്. പുറകിലായി പൂർണ്ണനഗ്നയായ കാവ്യ വന്നുനിന്നു. അവളുടെ ശരീരവും മുഴുവനായി പൊള്ളിനീറിയിരിക്കുന്നുണ്ട്. ആ പ്രാണികളെ പോലെ തന്റെ പിൻഭാഗം ചലിപ്പിച്ചുകൊണ്ട് അവൾ അട്ടഹസിക്കാൻ തുടങ്ങി.

താൻ കണ്ട കാര്യങ്ങൾ മറ്റൊരാളോട് പങ്കുവെയ്ക്കാൻ സുധാകരേട്ടന് ഇതുവരെ സാധിച്ചിട്ടില്ല. സ്ഥലകാല ബോധം വരുമ്പോഴൊക്കെ അദ്ദേഹം അതിന് ശ്രമിക്കുന്നുണ്ട്. പക്ഷെ, ചില മുക്കലും മൂളലുകളുമല്ലാതെ ആ ശരീരത്തിൽ വേറൊന്നും പുറത്തുവരാറില്ല.


Summary: Pranikalude Kallara, malayalam short story written by Amaldas C published in Truecopy webzine packet 254.


അമൽദാസ് സി.

കഥാകൃത്ത്. ഹൈദരാബാദ് ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജസ് സർവ്വകലാശാലയിൽ നിന്ന് പിഎച്ച്ഡി എടുത്ത ശേഷം തിരുവനന്തപുരത്ത് കൊണ്ടെന്റ് റൈറ്റർ ആയി ജോലി നോക്കുന്നു.

Comments