തമ്മനം മുതൽ ഷിക്കാഗോ വരെ- ഒരു അധോലോക കഥ

‘അധോലോകം അധോലോകം' എന്ന് ആനി തോമസ് കേട്ടിട്ടേയുണ്ടായിരുന്നുള്ളു. സിനിമകളിൽ കണ്ടിട്ടുണ്ട്, പുസ്തകങ്ങളിൽ വായിച്ചിട്ടുമുണ്ട്. പക്ഷെ നേരിൽ കണ്ടിട്ടേയില്ലായിരുന്നു; സെറീനയെ പരിചയപ്പെടുന്നതുവരെ.
പണ്ട് കോളേജിൽ പഠിക്കുമ്പോൾ ഇക്കണോമിക്‌സിൽ ആനിയുടെ ജൂനിയറായിട്ട് ഒരു മഹേഷുണ്ടായിരുന്നു. മെലിഞ്ഞ ഒരു പൊക്കക്കാരൻ. നെട്ടൂര്‌ന്നോ മരട് ഭാഗത്തൂന്നോ മറ്റോ ആണ് മഹേഷ് വന്നിരുന്നത്.
മഹേഷാണ് കോളേജിലെ കാര്യങ്ങൾ മുഴുവനായും തപ്പിയെടുത്ത് ആനിയും മഞ്ചുവും ഷീബയും അടങ്ങുന്ന സംഘത്തിന് കൈമാറിയിരുന്നത്. എസ്.എഫ്.ഐക്കാരും കെ.എസ്.യുക്കാരും തമ്മിലുള്ള പൊരിഞ്ഞ അടിയുടെ ദൃക്‌സാക്ഷിവിവരണം, ജയൻ ഫാൻസ് അസോസിയേഷൻകാര് ബെൽബോട്ടം പാൻറ്​സിട്ടുവരുന്നത് ഏത് ദിവസം, തൊട്ടടുത്തുള്ള ഓഡിറ്റോറിയത്തിൽ നടക്കുന്ന കല്യാണത്തിന് കള്ളസദ്യ യൂണിയൻകാര് (അത് വേറെ ഒരു കെ.എസ്.യു) പോകുന്നദിവസം, എന്നുവേണ്ട കോളേജിലെ എന്തും മഹേഷിലൂടെ ആ സംഘം അറിഞ്ഞിരിയ്ക്കും.

മഹേഷാണ് ‘തമ്മനം സജി' എന്നൊരു പേരു പറഞ്ഞ് മൂന്നിനേയും ഞെട്ടിച്ചത്.
ആൾക്ക് ഒടുക്കത്തെ ആരാധന ഈ തമ്മനം സജിയോട്. വനിതാകോളേജിൽ നിന്ന് ബ്രൗൺപേപ്പറിട്ട് പൊതിഞ്ഞ പുസ്തകം പോലെ ഗവൺമെൻറ്​ കോളേജിൽ എത്തിയ അവരാവട്ടെ മഹേഷിന്റെ ‘തമ്മനം സജിക്കഥകൾ' വായും പിളർന്നാണ് കേട്ടുകൊണ്ടിരുന്നത്. ഒരു ലോക്കൽ ഗുണ്ടയെക്കുറിച്ച് വീരസ്യം പറയുന്ന മഹേഷ്. ആ കഥാപാത്രത്തോടുള്ള കൗതുകം കൊണ്ടാണ് ഒരു താൽപര്യവുമില്ലെങ്കിലും കഥകളുടെ രുചിനോക്കാൻ ഇരുന്നുകൊടുത്തത്. എന്താണീ കടുത്ത ആരാധനയ്ക്ക് പിന്നിലെ കാരണമെന്ന് ചോദിച്ചിട്ടുമില്ല, മഹേഷ് പറഞ്ഞിട്ടുമില്ല.

ഒരിയ്ക്കൽ ഇക്കണോമിക്‌സ് ക്ലാസ്സിന്റെ മുന്നിലെ പടിയിലിരിക്കുമ്പോൾ മഹേഷ് ഓടിക്കിതച്ചുവന്ന് പറഞ്ഞു,
‘തമ്മനം സജിയും കൂട്ടരും കാമ്പസിലുണ്ട്. കാന്റീനിന്റെ ഭാഗത്തേയ്ക്ക് പോയാൽ ആളെ കാണാം'
അവർ മഹേഷ് ചൂണ്ടിക്കാണിച്ച ആളെക്കണ്ട് ഞെട്ടി.
‘ഈ കൊതുക് പോലുള്ള ആളാണോ തമ്മനം സജി. നേരെ നിൽക്കാനുള്ള ആരോഗ്യം പോലുമില്ലല്ലൊ, ഇയാൾക്ക് കത്തി പൊക്കാനൊക്കെ പറ്റുമോ?' എന്നു പറഞ്ഞ് അവരാർത്തുചിരിച്ചു.

അതിഷ്ടപ്പെടാതെ, തോട്ടിപൊക്കത്തിലുള്ള മഹേഷ് മുതുക് വളച്ച് ജാള്യതയോടെ നിൽക്കുന്നത് ഇപ്പഴും ആനിയുടെ മനസ്സിലുണ്ട്.
തിരികെ ക്ലാസിലേയ്ക്ക് നടക്കുമ്പോഴാണ് മുംബയിൽനിന്ന് വന്ന് ആലുവയിൽ സ്ഥിരതാമസമാക്കിയ ഷീബ ആധികാരികമായി ഇങ്ങനെ പറഞ്ഞത്.
‘കേരളാ അധോലോകമൊക്കെ എന്നാത്തിനു കൊള്ളാം, കാണുവാണേൽ മുംബൈ മാഫിയാക്കാരെ കാണണം. അവിടെ ഉള്ള ബഞ്ചമിൻ ഡിസൂസയെ കണ്ടാല് ഈ തമ്മനം സജിയൊക്കെ ഓടും.’
അന്ന്​, ആനിതോമസിന്റെ കാലത്ത് കൊച്ചുകുട്ടികൾക്ക് വരെ ബെഞ്ചമിൻ ഡിസൂസയെ അറിയാമായിരുന്നു. ആനി രാവിലെ എഴുന്നേൽക്കുന്നത് തൊട്ട് വളർന്ന് വലുതായത് വരെ ഈ ബെഞ്ചമിൻ ഡിസൂസയുടെ കൂടെയാണ് എന്ന് വേണമെങ്കിൽ പറയാം. അവളുടെയാ ഇരുപത് വയസ്സ് വരെ അയാളെക്കുറിച്ചുള്ള എന്തെങ്കിലും വാർത്തയില്ലാതെ ഒരുദിവസം പോലും പത്രം പുറത്തിറങ്ങിയിട്ടില്ല. രാഷ്ട്രീയക്കാരെയും സിനിമാക്കാരെയും പൊലീസുകാരെയും ആനിയേയും ഒരുപോലെ വിറപ്പിച്ചിരുന്ന അധോലോക നേതാവായിരുന്നു ഈ ബെഞ്ചമിൻ ഡിസൂസ.
‘ഇങ്ങേരീ ഇട്ടാവട്ട സ്ഥലത്ത് കിടന്നുള്ള കളിയല്ലെയുള്ളു. ബഞ്ചമിൻ ഡിസൂസയ്ക്ക് ലോകം മുഴുവൻ കണക്ഷൻസ് ഉണ്ട്. എവിടെ പോയി ഒളിച്ചാലും അയാളുടെ ആൾക്കാർ കണ്ടുപിടിയ്ക്കും'

‘ഈ അധോലോകം എന്നൊക്കെ പറയുമ്പോൾ നമുക്കുമില്ലേ ചില പ്രതീക്ഷകൾ.'
മഞ്ചുവിന്റെ സ്വരത്തിൽ നിരാശ നിറഞ്ഞിരുന്നു.
അതാണ് ആനിതോമസ് കണ്ട ആദ്യത്തെ ലോക്കൽ മാഫിയ.
കല്യാണം കഴിഞ്ഞ് ഷിക്കാഗോയിൽ വന്ന് താമസം തുടങ്ങിയ കാലം. ഇംഗ്ലീഷ് സിനിമകൾ ഒന്നൊഴിയാതെ കണ്ടുതുടങ്ങിയപ്പോഴാണ് മരിയോ പുസോയുടെ ‘ഗോഡ് ഫാദർ' ആനിയുടെ കൈയിൽ തടഞ്ഞത്. മർലിൻ ബ്രാൻേറായുടെ അഭിനയം- മുഖത്ത് യാതൊരു വികാരവുമില്ലാത്ത, നിർവ്വികാരമായ ആ അഭിനയമാണ് അഭിനയം എന്നാലോചിച്ച് പിന്നെയും പിന്നെയും ഇരുന്ന് കണ്ട സിനിമകളിലൊന്ന്. അൽപാചീനോയുടെ ഷാർപ്പ് ഫീചേഴ്‌സും ഇറ്റാലിയൻ ഭംഗിയും ഹൃദയത്തിലേയ്ക്ക് ചുമ്മാതങ്ങ് നടന്നുകയറി.
കൂട്ടത്തിൽ ‘അൽകപോൺ' എന്നൊരുപേരും. ഷിക്കാഗോയുടെ സ്വന്തം അധോലോക നായകൻ.

ഇറ്റാലിയൻ മാഫിയ എന്നത് ഇതിനോടകം ഷിക്കാഗോയിലെ പല കഥകളിലൂടെയും കേട്ട് ശീലിച്ചുതുടങ്ങിയിരുന്നു. കെന്നഡി കുടുംബത്തിന്റെ അധോലോകബന്ധക്കഥകളൊക്കെ പാണൻമാർ പാടിനടന്നിരുന്നു.
ഗ്രോസറി ഷോപ്പിംഗിനായി ഹോൾഫുഡ്‌സിൽ കയറി കാർട്ടുമായി കറങ്ങിനടക്കുന്ന ഒരു വൈകുന്നേരം. ബേക്കറിസെക്ഷനിലേ കണ്ണാടിക്കുടിൽ ദാ ഇരിയ്ക്കുന്നു ‘അൽ കപോൺ ചോക്കളേറ്റ് ബോംബ്'

ഷിക്കാഗൊ മാഫിയക്കാരന്റെ പേര് പേസ്ട്രിയ്ക്കിടാൻ തോന്നിയത് ആരുടെ മനസ്സിലാണ് എന്നാലോചിച്ച് അതും നോക്കി നിൽക്കുമ്പോൾ അകത്തു‌നിന്ന് വെളുത്തഏപ്രൺ ധരിച്ച ഒരു ഇറ്റാലിയൻ ഇറങ്ങിവരുന്നു. മൂന്ന് ‘അൽകപോൺ ബോംബ്' ഓർഡർ ചെയ്തു. ഒന്നവൾക്ക്, ഒന്ന് ഭർത്താവിന്, ഒന്നവളുടെ വയറിനുള്ളിൽ വളരുന്ന കൊതിച്ചിയ്ക്ക്. അതോ കൊതിയനോ?
മൂന്ന് ‘ബോംബ്' പേസ്സ്ട്രിബോക്‌സിൽ വെള്ള മെഴുകുകടലാസ്സ് വിരിച്ച് അതിനുമുകളിൽ ഒന്ന് ഒന്നിനെതൊടാതെ വളരെ ശ്രദ്ധയോടെ നിരത്തിവയ്ക്കുമ്പോൾ അയാൾ അൽകപോണിനെക്കുറിച്ച് വാചാലനായി. ഇറ്റലിയിൽ അയാളുടെ അമ്മയുടെ നാടും അൽകപ്പോണിന്റെ ജന്മസ്ഥലവും അടുത്തടുത്താണെന്നും, അവിടെപ്പോകുമ്പോഴെല്ലാം അയാൾ അൽകപോണിന്റെ സ്ഥലവും കാണാൻ പോകാറുണ്ടെന്നും ആനിയോടു പറഞ്ഞു.
കോളേജുകാലവും ഇക്കണോമിക്‌സ് ഡിപ്പാർട്ട്മൻറും തമ്മനം സജിയും ‘ദാ നിൽക്കുന്നു വേറൊരു മഹേഷ് ' എന്നും ചെറു ചിരിയോടെ ആനിയുടെ മനസ്സിൽ വന്നു..
പേസ്ട്രി ബോക്‌സ് ആനിയ്ക്ക് നീട്ടുമ്പോൾ അൽകപോണിന്റെ വീരകഥകൾ പറഞ്ഞുകേൾപ്പിച്ചതിന്റെ ഒരു തൃപ്തിയുണ്ടായിരുന്നു അയാളുടെ മുഖത്ത്.
പക്ഷെ മൂന്നാമത്തെ മാഫിയ എൻകൗണ്ടറിലാണ് ആനിതോമസ് ശരിയ്ക്കും ഞെട്ടിയത്.
മകളുടെ പീഡിയാട്രീഷ്യന്റെ ഓഫീസിൽ വച്ചാണ് ആനി സെറീനയെ ആദ്യമായി കാണുന്നത്. പരിചയപ്പെട്ടതും സെൻറ്​ അലക്‌സിസിലെ നാനൂറ്റിരണ്ടാം നമ്പർ മുറിയിൽ വച്ച് തന്നെ.
വെയ്റ്റിംഗ് മുറിയിൽ വലിയ തിരക്കുണ്ടായിരുന്നില്ല അന്ന്. മകളുടെ കാർട്ട് അവളിരിയ്ക്കുന്ന കസേരയുടെ അടുത്ത് മുഖം കാണാൻ പാകത്തിൽ തിരിച്ചിട്ടിട്ട് ആനി ഇരുന്നു. കുത്തുകിട്ടിയ ഒരു കുഞ്ഞിന്റെ അലറിക്കരച്ചിൽ അകത്തേ ഏതോ പരിശോധനാമുറിയിൽ നിന്ന് കേൾക്കാം. ആ ശബ്ദം പുറത്തിരുന്ന എല്ലാ അമ്മമാരിലും ഒരേ പ്രതികരണമാണുളവാക്കിയത്. ആരും വായിക്കുന്ന മാസികയിൽ നിന്ന് മുഖമുയർത്തുക പോലും ചെയ്തില്ല.
ഒരമ്മയുടെ ആധിപിടിച്ചുള്ള ചോദ്യങ്ങൾക്ക് റിസപ്ഷനിസ്റ്റ് ഫോണിലൂടെ ക്ഷമയോടെ മറുപടി പറയുന്നു. കരഞ്ഞുകൊണ്ട് പുറത്തുവന്ന ഒരഞ്ചു വയസ്സുകാരിയ്ക്ക് സിൻഡ്രലാ സ്റ്റിക്കർ നീട്ടുന്ന നഴ്‌സ്. എല്ലാ പീഡിയാട്രീഷൻ ഓഫീസുകളിലെയും പതിവ് കാഴ്ചകളും ശബ്ദങ്ങളും താളങ്ങളും.
ആനിയേകൂടാതെ വേറെ രണ്ട് അമ്മമാരാണ് അവരുടെ കുട്ടികളുമായി ആ മുറിയിൽ കാത്തിരിപ്പുള്ളത്. ഒരു ഇൻഡ്യൻ സ്ത്രീയും, ഒരു അമേരിയ്ക്കൻ സ്ത്രീയും.
എല്ലാ അമ്മമാർക്കും ഒരേ മുഖവും ഭാവവുമാണ്. മാതൃത്വം അടിച്ചേൽപ്പിക്കപ്പെട്ടവർ ആര്, ആസ്വദിക്കുന്നവർ ആര് എന്ന് മനസ്സിലാകില്ല.
അമേരിയ്ക്കൻ സ്ത്രീയുടെ കൂടെ അവരുടെ അഞ്ചോ ആറോ വയസ്സുതോന്നിയ്ക്കുന്ന മകനുണ്ട്. കസേരയിൽ ഇരിപ്പുറയ്ക്കാതെ ആ കുട്ടി എഴുന്നേൽക്കുന്നു, കസേര വലിയ്ക്കുന്നു, പിന്നെയും ഇരിയ്ക്കുന്നു.
പിന്നെയുള്ളത് ഒരിന്ത്യൻ സ്ത്രീയും അവരുടെ മകനും. ആ കുട്ടിയ്ക്കും ഏകദേശം അമേരിയ്ക്കൻ കുട്ടിയുടെ പ്രായം തന്നെ തോന്നിയ്ക്കും.
അമേരിയ്ക്കൻ കുട്ടിയെ പോലെ പിരുപിരുപ്പ് കാണിയ്ക്കാതെ അടങ്ങിയൊതുങ്ങിയാണ് ഈ കക്ഷിയുടെ ഇരുപ്പ്. ഇടയ്ക്കിടയ്ക്ക് അമ്മയെ ആശങ്കയോടെ നോക്കുന്നുണ്ട്.
ആനി അവിടെകിടക്കുന്ന മൂന്നുവർഷം പഴക്കമുള്ള മാസികകൾ പരതി. ആഞ്ചലീനാ ജോലിയും ബ്രാഡ്പിറ്റും മധുവിധുവിനായി ഫ്രാൻസിലേയ്ക്ക് സകുടുംബം പോയിട്ടേ ഉള്ളൂ ഇവിടെ. അവർ വിവാഹമോചിതരാകുന്ന വാർത്ത ഇവിടെ എത്തണമെങ്കിൽ അടുത്ത മൂന്നാല് വർഷം കൂടി കാത്തിരിയ്ക്കണം. ഇവിടെ മാത്രമല്ല ഒട്ടുമിക്ക ഡോക്ടേർഴ്‌സ് ഓഫീസുകളിലും ബ്യൂട്ടിപാർലറുകളിലും ഇതുതന്നെ സ്ഥിതി. മിക്ക സിനിമാതാരങ്ങളും നിത്യഹണിമൂണിൽ തന്നെ!
ഇവിടെ വച്ചിരിയ്ക്കുന്ന ‘ബെറ്റർ ഹോംസ് ആൻറ്​ ഗാർഡൻസ്', ‘സതേൺ ലിവിംഗ്' പോലുള്ള മാസികകൾക്ക് ആ പ്രശ്‌നമില്ല. സാധനങ്ങൾ കുത്തിനിറയ്ക്കാതെ വീട് എങ്ങനെ അടുക്കുംചിട്ടയോടെ വയ്ക്കാം, ഇണ നഷ്ടപ്പെടുന്ന സോക്ക്‌സ് എങ്ങനെ ഫലപ്രദമായി ഉപയോഗിയ്ക്കാം എന്ന തരത്തിലുള്ള വിഷയങ്ങൾക്ക് എത്ര വർഷം കഴിഞ്ഞാലും പ്രസക്തിയുണ്ടല്ലോ. അങ്ങനെ നോക്കുമ്പോൾ സിനിമാലോകം ക്ഷണികവും, വീടൊരുക്കൽ വിഭാഗം ക്ലാസ്സിക്കുമാണല്ലൊ എന്ന് ആനി തോമസ് ആലോചിച്ചു: പ്രണയവും ദാമ്പത്യവും പോലെ!
ഏറ്റവും മുകളിൽ തന്നെ നിരത്തിവച്ചിരിയ്ക്കുന്നു കുഞ്ഞുങ്ങളെ എങ്ങനെ വളർത്താം എന്നുള്ള ‘പേരൻറിംഗ്' മാസികകൾ. ചെയ്തു മടുത്തിരിയ്ക്കുന്ന കാര്യം ഇനി ഇവിടെ വന്നിരുന്ന് വായിക്കാത്തതിന്റെയും കൂടെ കുറവേ ഉള്ളൂ എന്നോർത്ത് ആനി സിനിമാമാസികകൾ വായിക്കാൻ തുടങ്ങി.
ആ മുറിയുടെ ഇടതുവശത്തെ മൂലയിൽ കുട്ടികളുടെ ഉയരത്തിൽ ഒരു മേശയും അതിനുമുകളിലായി കുറച്ചുകളിപ്പാട്ടങ്ങളും, കുട്ടിക്കഥപുസ്തകങ്ങളും നിരത്തിവച്ചിരുന്നു.
കാന്തം ഇരുമ്പിനെ ആകർഷിയ്ക്കുന്നതുപോലെ ആൺകുട്ടികൾ രണ്ടും ആ മേശയുടെ അടുത്തേയ്ക്കു് ആകർഷിയ്ക്കപ്പെട്ടു. മേശയോട് ഒട്ടിനിന്ന് ഒരോ കളിപ്പാട്ടങ്ങളും എടുത്ത് സൂക്ഷമായി പരിശോധിച്ചുകൊണ്ടിരിയ്ക്കുന്നു. കളിച്ചുകൊണ്ടിരിയ്ക്കുന്നു.
മാസികത്താളുകളിലെ നുറുങ്ങുകൾ മടുത്തപ്പോൾ കാർട്ടിൽ സുഖസുഷുപ്​തിയിലാണ്ടുകിടക്കുന്ന മകളെ ആനി കുറച്ചുനേരം നോക്കിയിരുന്നു. അവൾക്കുചുറ്റും മാലാഖമാർ വട്ടമിട്ടു പറക്കുന്നത്‌കൊണ്ടാവാം അവളുടെ ചുണ്ടുകൾ വിറകൊള്ളുകയും അതു ഇടയ്ക്കിടെ ചെറുചിരിയാകുകയും ചെയ്യുന്നത് എന്ന് ക്ലാസിക്കലായി തന്നെ ആനിയങ്ങ് ചിന്തിച്ചു. കുഞ്ഞുകൈതട്ടി മാറികിടന്ന പുതപ്പ് എടുത്ത് വീണ്ടുമവളെ ശ്രദ്ധയോടെ പൊതിഞ്ഞു. കുറച്ചുനേരംകൂടി അവളെ കടിച്ചുതിന്നാൻ തോന്നുന്ന സ്‌നേഹത്തോടെ നോക്കിയിരുന്നു.
അതുമടുത്തപ്പോൾ അവൾ രണ്ടാൺകുട്ടികളുടെയും കളികൾ കാണാൻ തുടങ്ങി.
ഇന്ത്യൻ കുട്ടി ഒരു കുഞ്ഞുകാർ കൈയിലെടുക്കുന്നു. സ്വണ്ണതലമുടിക്കാരൻ ആ കാർ തട്ടിപ്പറിയ്ക്കുന്നു. ഇന്ത്യൻ കുട്ടി വേറൊരു നീലക്കാർ ആ കളിപ്പാട്ടക്കൂമ്പാരത്തിൽ നിന്ന് കണ്ടെടുക്കുന്നു. അതും മിന്നൽ വേഗതയിൽ അമേരിയ്ക്കൻ കുട്ടി കൈവശപ്പെടുത്തുന്നു. ഇത്തവണ ഇന്ത്യൻ കുട്ടി നേർത്ത സ്വരത്തിൽ ‘ദിസീസ് മയിൻ ' എന്ന് പ്രതിഷേധിയ്ക്കുന്നുണ്ട്. അമേരിയ്ക്കൻ കുട്ടി വകവെയ്ക്കുന്നില്ല. തട്ടിപ്പറിച്ച നീലക്കാർ വിജയിയെപ്പോലെ ആ മേശയിൽ ഉരുട്ടിക്കളിയ്ക്കുന്നു. വീണ്ടും ഇൻഡ്യൻ കുട്ടി ഒരു ചുവന്ന ഫയർട്രക്ക് പൊക്കിയെടുക്കുന്നു. ഇത്തവണ ആൾ ഇത്തിരി മുൻ കരുതലെടുത്താണ് നിൽക്കുന്നത്. അമേരിയ്ക്കൻ കുട്ടിയെ പേടിച്ച് കുറച്ചു മാറിനിന്നാണ് അത് മേശയിൽ ഉരുട്ടുന്നത്.

അമേരിക്കൻ കുട്ടിയ്ക്ക് തന്റെ കൈയിലെ നീലക്കാറിലുള്ള താൽപര്യം തീർന്നു.
ചുവന്ന ഫയർട്രക്കിലേയ്ക്ക് അമ്പെയ്യാൻ ലാക്കുനോക്കുന്ന വേട്ടക്കാരനെപ്പോലെ നോക്കി നിൽക്കുന്നു.
ഇതും ആ കുട്ടി കൈവശപ്പെടുത്തുമല്ലോ എന്നൊരു വേവലാതി ആനിയെ ഗ്രസിച്ചുതുടങ്ങി.
മനസ്സിൽ വിചാരിച്ചതേയുള്ളു, അപ്പോഴേയ്ക്കും ആൺകുട്ടി ഒറ്റചാട്ടത്തിന് പരുന്ത് കോഴിക്കുഞ്ഞിനെ റാഞ്ചുന്ന ലാഘവത്തോടെ ഇൻഡ്യൻ കുട്ടിയുടെ കൈയിൽ നിന്നും ഫയർട്രക്ക് കൈവശപ്പെടുത്തി.
രണ്ടമ്മമാരും ഇത് കാണുന്നില്ലേ എന്ന് ആനിനോക്കി. ഇല്ല.
പക്ഷെ ഇത്തവണ ഇന്ത്യൻ കുട്ടി വിട്ടുകൊടുത്തില്ല. അമേരിക്കൻ കുട്ടിയുടെ കൈയിൽനിന്ന് ഫയർ ട്രക്ക് തിരികെപ്പിടിയ്ക്കാൻ ഒരു ശ്രമം നടത്തിനോക്കി.
ആ കൃത്യ സമയത്ത് തന്നെ വായനയിൽ നിന്ന് അമേരിക്കൻ സ്ത്രീ മുഖമുയർത്തി നോക്കുന്നു. അവരുടെ മകന്റെ കൈയിലെ കളിപ്പാട്ടം കൈവശപ്പെടുത്താൻ ശ്രമിയ്ക്കുന്ന ഇന്ത്യൻ കുട്ടിയെ ആണ് അവര് കാണുന്നത്.
അതിനുമുമ്പ്​ നടന്നതൊന്നും കാണാത്ത ആ അമ്മ സ്വാഭാവികമായും ഇന്ത്യൻ കുട്ടിയുടെ കൈയിലാണ് കുഴപ്പം എന്ന് ചിന്തിച്ചുപോയതിൽ തെറ്റ് പറയാൻ പറ്റില്ല.
അമേരിക്കക്കാരി സ്ത്രീ എഴുന്നേറ്റ് അവരുടെ മകനോട് ‘നിങ്ങൾ രണ്ടുപേരും കൂടി ആ ഫയർ ട്രക്ക് പങ്ക് വെച്ച് കളിയ്ക്കൂ' എന്ന് വളരെ മര്യാദയിൽ ആവശ്യപ്പെട്ടു.
‘ഞാനാ ഇത്​ ആദ്യം എടുത്തത്. ഇവനിത് എന്റെ കൈയിൽ നിന്ന് തട്ടിപ്പറിയ്ക്കാൻ നോക്കുന്നതാ'
അമേരിക്കൻ കുട്ടി കണ്ണൊന്ന് ചിമ്മുകപോലും ചെയ്യാതെ ആരോപിച്ചു.
ഇതുകേട്ടതേ ഇന്ത്യൻ അമ്മ വല്ലാതെ കോപിഷ്ടയായി, അവരുടെ കുട്ടിയെ ഹിന്ദിയിൽ വഴക്ക് പറയാൻ തുടങ്ങി.
‘ഞാനല്ല, ഞാനല്ല. ആ കുട്ടിയാണ് ഞാനെടുക്കുന്ന എല്ലാ വണ്ടികളും എന്റെ കൈയിൽനിന്ന് തട്ടിപ്പറിക്കുന്നത്' ഇന്ത്യൻ കുട്ടി നേർത്ത സ്വരത്തിൽ അമ്മയോട് പറയാൻ ശ്രമിയ്ക്കുന്നുണ്ട്.
ഇന്ത്യൻ അമ്മയുടെ കണ്ണിൽ നിന്ന് തീ പാറുന്നത് പോലെ തോന്നി. കുട്ടി പറയുന്നത് കേൾക്കാൻ പോലും ശ്രമിയ്ക്കാതെ അവർ നിർത്താതെ ശകാരം തുടർന്നു. കിതയ്ക്കുകയും, ശ്വാസം കിട്ടാത്തതു പോലെ അണയ്ക്കുകയും ചെയ്യുന്നുണ്ടായിരുന്നു അവർ. വേറെ എന്തോ ചില ഭയങ്ങളുടെ ഉച്ചസ്ഥാനം പ്രാപിയ്ക്കൽ കൂടിയാണ് കൂടിയാണ് അവരുടെ ആ അനിയന്ത്രിതമായ പൊട്ടിത്തെറി എന്ന് ആനിയ്ക്ക് തോന്നിപ്പോയി.
ഒരോ മനുഷ്യനും ഒരോ നിഗൂഡരഹസ്യം കൂടിയാണല്ലോ എന്ന് ആനിതോമസ് സമാധാനിച്ചു.
ഇന്ത്യൻ കുട്ടിയുടെ മുഴുത്ത കണ്ണുകളിൽ കണ്ണുനീർത്തുള്ളി ഉരുണ്ടുകൂടിതുടങ്ങി. അമ്മയുടെ ദേഷ്യം പരസ്യമായി അനുഭവിയ്‌ക്കേണ്ടി വരുന്നതിലെ നാണക്കേടും വല്ലായ്മയും കൂടിക്കലർന്ന ആ മുഖത്തെ ഭാവം ആനിയ്ക്ക് അധികനേരം കണ്ടിരിയ്ക്കാനായില്ല.
കുട്ടികളുടെ ചെയ്തികളുടെയെല്ലാം ദൃക്‌സാക്ഷി എന്നുള്ള നിലയിൽ ഇടപെടാതിരിയ്ക്കാനും വയ്യായിരുന്നു. കുട്ടികളുടെ കളികൾ ശ്രദ്ധിച്ചതും അവിടെ കണ്ടതും ആനി അവരോട് രണ്ടുപേരോടും വിശദീകരിച്ചു.
അമേരിക്കൻ അമ്മയോട് അവരുടെ കുട്ടിയാണ് തെറ്റുകാരൻ എന്ന് പറഞ്ഞപ്പോൾ അവർ ദേഷ്യം കാണിയ്ക്കുമോ എന്ന് നല്ല സംശയമുണ്ടായിരുന്നു. പക്ഷെ അവരുടെ പ്രതികരണം അവളെ അത്ഭുതപ്പെടുത്തി.
അവർ തിരിഞ്ഞ് കർക്കശസ്വരത്തിൽ മകനോട് പറഞ്ഞു.
‘ദാ ഈ നിമിഷം നീ ഈ കുട്ടിയോട് സോറി പറയണം’,
ഇന്ത്യൻ സ്ത്രീയുടെ നേരെ തിരിഞ്ഞ് അവർ പറഞ്ഞു,
‘എന്റെ മകനുവേണ്ടി ഞാൻ മാപ്പ് ചോദിയ്ക്കുന്നു'
വാക്കുകളിലെ ഖേദം കണ്ണുകളിൽ എത്താതെ വഴിതെറ്റി അന്തരീക്ഷത്തിലെവിടെയോ അലിഞ്ഞതു കൊണ്ടാവണം കണ്ണുകൾ കഠിനമായിട്ട് തന്നെയാണ് ഇരുന്നത്.
കൃത്യസമയത്ത് നഴ്‌സ് വന്ന് അകത്തേയ്ക്ക് വിളിച്ചതുകൊണ്ട് അവരെഴുന്നേറ്റ് ഡോക്ടറുടെ പരിശോധനാമുറിയിലേയ്ക്ക് നടന്നു. കാലുകൾക്ക് ധൃതിയും ദേഷ്യവുമുണ്ടായിരുന്നു. പോകുന്ന പോക്കിലും മകനെ വഴക്ക് പറയുന്നുണ്ടായിരുന്നു.
അമേരിയ്ക്കൻ സ്ത്രീ അകത്തേയ്ക്ക് പോയതും ഇന്ത്യൻ സ്ത്രീ നന്ദിസ്ഫുരിയ്ക്കുന്ന കണ്ണുകളോടെ ആനിയുടെ നേരെ തിരിഞ്ഞു.
‘നിങ്ങൾ കണ്ടില്ലായിരുന്നുവെങ്കിൽ എന്റെ മകൻ തെറ്റിദ്ധരിയ്ക്കപ്പെടുമായിരുന്നു.
സാമാന്യം നല്ല വികൃതിത്തരം അവന്റെ കൈയിലും ഉണ്ടേ.'
തുടർന്ന് സ്വയം പരിചയപ്പെടുത്തി.

‘എന്റെ പേര് സെറീന. ഞാനിവിടെ ലയൺസ് ഗേറ്റ് സബ്ഡിവിഷനിലാണ് താമസിക്കുന്നത്'
ആനിതോമസും ഭർത്താവും താമസിയ്ക്കുന്ന ടൗൺ ഹൗസുകളുടെ നേരെ എതിരെ, ഇൻഡിപെൻഡൻറ്​​ വീടുകളുടെ വിഭാഗത്തിലാണ് സെറീന താമസിയ്ക്കുന്ന ‘ലയൺസ് ഗേറ്റ്' എന്ന സബ്ഡിവിഷൻ.
ഈ സബ്ഡിവിഷനിൽ കൂടിയുള്ള കുറുക്കുവഴിയെടുത്താണ് രാവിലെ മകളെ സ്‌കൂളിൽ വിടുന്നതും വൈകുന്നേരങ്ങളിൽ സ്‌കൂൾ മൈതാനത്തെ പാർക്കിൽ ഊഞ്ഞാലാടാൻ കൊണ്ടുപോകുന്നതും.
‘അവിടെ വലതുവശത്ത് നിന്ന് മൂന്നാമത്തെ വീടാണ് എ​േൻറത്'
‘നമ്മൾ തൊട്ടയൽവക്കമാണല്ലൊ, എന്നിട്ടും ഇതുവരെ കണ്ടിട്ടില്ലലോ' എന്ന് രണ്ടുപേരും ആശ്ചര്യപ്പെട്ടു.
അമ്മയോട് ചേർന്ന് തലകുനിച്ചിരിയ്ക്കുന്ന കുട്ടിയുടെ തോളിൽ പിടിച്ച് സെറീന പറഞ്ഞു.
‘ഇവനെക്കൂടാതെ വേറൊരു വികൃതികൂടി എനിയ്ക്കുണ്ട്.'
ആ ചുരുങ്ങിയ നേരം കൊണ്ട് ചറപറാന്ന് വേറെയും വിശേഷങ്ങൾ അവർ ആനിയേ പറഞ്ഞുകേൾപ്പിച്ചു.
‘ഭർത്താവ് എൻറർടെയ്​ൻമെൻറ്​ ബിസിനസ്സിലാണ്. അതുകൊണ്ട് കൂടുതലും യാത്രയാണേ. ആ സമയത്ത് മിഷിഗണിൽനിന്ന് എന്റെ പേരൻറ്​സ് വന്ന് കൂടെ താമസിയ്ക്കും.'
നീല ജീൻസും വെളുത്ത കോട്ടൺ ഷർട്ടുമിട്ട്, അസാമാന്യ സൗന്ദര്യമുള്ള ഒരു സ്ത്രീ ആയിരുന്നു അവർ. സെറീന സംസാരിയ്ക്കുമ്പോൾ അവരുടെ കണ്ണുകളും ഒപ്പം സംസാരിയ്ക്കുന്നുണ്ടായിരുന്നു. മകനു കിട്ടിയിരിയ്ക്കുന്നതും അതേ കണ്ണുകൾ ആണല്ലോ എന്ന് അവൾ ഓർത്തു.
‘എന്റെ ഭർത്താവിനും യാത്ര കൂടുതലുണ്ട്. ഐറ്റി ഫീൽഡാണ്. തിങ്കളാഴ്ച പോയാൽ വ്യാഴാഴ്ചയേ വരൂ.'
ഭർത്താവിന്റെ യാത്രാവിശേഷത്തിന്റെ ഒരു ചെറിയ തുമ്പ് ആനിയും അവരെ കാണിച്ചു.
‘ഇനി അതിലേ പോകുമ്പോൾ വീട്ടിൽ കയറാതെ പോകരുത് കേട്ടോ'
സെറീന ആവർത്തിച്ചാവർത്തിച്ച് ഹാർദ്ദമായിതന്നെ ക്ഷണിച്ചു.
പിന്നെയും വേറെ എന്തെല്ലാമോ ഒറ്റശ്വാസത്തിൽ പറഞ്ഞിട്ട് പ്രസരിപ്പിന്റെയും ഉത്സാഹത്തിന്റെയും കാറ്റുവീശി അവരുടെ ഊഴമായപ്പോൾ മകനെ ചേർത്തുപിടിച്ച് ന്‌ഴ്‌സിനോടൊപ്പം പരിശോധനാമുറിയിലേയ്ക്ക് നടന്നു.
ഇതാണ് സെറീനയുമായുള്ള ആനിതോമസിന്റെ ആദ്യ കൂടിക്കാഴ്ച.
ആ പരിചയപ്പെടലിനുശേഷം സൂപ്പർമാർക്കറ്റിലും, മെഡിക്കൽ ഷൊപ്പിലും, മാളിലും, സ്‌കൂളിലും ഒക്കെവച്ച് പലതവണ കണ്ടുമുട്ടി. ചിലപ്പോൾ ഓടി വന്ന് ഒറ്റ ശ്വാസത്തിൽ കുറെ വിശേഷങ്ങൾ പറയും. അതുമുഴുവൻ കാതിൽനിന്ന് മനസ്സിലെത്തുന്നതിനുമുൻപേ അവർ അപ്രത്യക്ഷയാകും.
ചില ദിവസങ്ങളിൽ മുഖമാകെ മറയ്ക്കുന്ന സൺഗ്ലാസ്സ് വച്ച് വരുന്ന സെറീന അടിക്കടി വരുന്ന മൈഗ്രേയ്‌നെക്കുറിച്ച് പരാതിപ്പെട്ടിയായി, ആനിയ്ക്ക് മുഖം കൊടുക്കാതെ ‘ഇന്നിത്തിരി ധൃതിയുണ്ടേ' എന്ന് തിരക്കു പറഞ്ഞോടി. മുഖം സൺഗ്ലാസ്സുകൊണ്ട് മറയ്ക്കാത്ത ദിവസങ്ങളിൽ, ആനിയ്ക്ക് ധൃതിയുണ്ടെന്ന് പറഞ്ഞാലും കേൾക്കാനിഷ്ടം തോന്നുന്ന വിശേഷങ്ങളുടെ രസചരട് കൊണ്ട് സെറീന അവളുടെ കാല് കെട്ടിയിട്ടു.
അതിസുന്ദരികളെക്കാണുമ്പോൾ തോന്നുന്ന അങ്കലാപ്പ് സെറീനയെ കാണുമ്പോഴെല്ലാം ആനിയ്ക്ക് തോന്നിയിരുന്നു.
ഒടുക്കത്തെ ഭംഗിയാണല്ലൊ ആ സെറീനയ്‌ക്കെന്ന് കണ്ണാടിയിലെ മുഖത്തോട് ആനിതോമസ് പലതവണ അസൂയ പറഞ്ഞെങ്കിലും വീട് നടത്തിക്കൊണ്ടുപോകുന്ന രണ്ടുസ്ത്രീകൾക്ക് പരസ്പരം തോന്നുന്ന ബഹുമാനം അവരുടെ സകല വർത്തമാനങ്ങളിലും എപ്പോഴും ഉണ്ടായിരുന്നു.

പലപ്പോഴും രാവിലെ പത്തുമണികഴിഞ്ഞുള്ള സമയം അവരുടെ വീടിനുമുന്നിൽകൂടി പോകുമ്പോൾ ഒന്നോ രണ്ടോ പോലീസ് വണ്ടി അവിടെ കിടക്കുന്നതും അകത്ത് കിച്ചൺ ഐലന്റിൽ കസേരയിൽ ഇരുന്ന് കാപ്പി കുടിച്ച് പോലീസുകാർ സൗഹാർദ്ദപൂർവ്വം സംസാരിക്കുന്നതും മുൻവശത്തേ അവരുടെ തുറന്നുകിടക്കുന്ന വാതിൽ ആനിയേ കാണിച്ചുകൊടുത്തു.
രണ്ടാമത്തെ മകളെ ഗർഭിണിയായിരിയ്ക്കുമ്പോഴാണ് കുറച്ചുകൂടി വിശാലമായ മുറികളുള്ള വീട് എന്ന് ആനിതോമസും ഭർത്താവും ചിന്തിക്കാൻത്തുടങ്ങിയത്. പറ്റുമെങ്കിൽ താഴത്തേ നിലയിൽ തന്നെ കിടപ്പുമുറിയും അതിനോടു ചേർന്ന് ഫുൾബാത്തും ഉള്ള ഒരു വീടായാൽ കൂടുതൽ നല്ലത് എന്ന നിർബന്ധന വച്ച് ഒരു റിയാൽറ്ററെ വിളിപ്പിച്ചു.
സ്‌കൂളിന്റെ കാര്യത്തിൽ പൂർണ്ണ തൃപ്തിയുള്ളതുകൊണ്ട് കഴിയുമെങ്കിൽ ഈ പ്രദേശത്തുതന്നെ പുതിയ വീടും നോക്കാം എന്ന് തീരുമാനിച്ച് ഏജന്റിന് വീടന്ന്വേഷണം തുടങ്ങിക്കോളൂ എന്നവർ പച്ചക്കൊടി കാണിച്ചു.
ആദ്യ വീടുകളിലൊന്നായി കാണിയ്ക്കാൻ കൊണ്ടുപോയത് സറീനയുടെ വീട്ടിൽ. നിരനിരയായി വെട്ടിനിർത്തിയ ബോക്‌സ് വുഡും റോസാചെടികളുമുള്ള വീട്. അകത്ത് കയറിയിട്ടില്ലെങ്കിലും എല്ലാദിവസവുമെന്നപോലെ കാണുന്നതുകൊണ്ട് ആ പരിചയത്തിലാണ് ആനി വീടിനുള്ളിലേയ്ക്ക് കയറിയതു്.
ഭർത്താവ് ഹൈലാൻറ്​പാർക്കിൽ അഞ്ചേക്കർ സ്ഥലം വീടുപണിയാൻ വാങ്ങിച്ചിട്ടുണ്ടെന്നും പക്ഷെ അവരുടെ നിർബന്ധംകൊണ്ടാണ് ഈ സ്ഥലത്തുവന്ന് വീടു വാങ്ങിച്ചതെന്നും സെറീനാ പറഞ്ഞപ്പോൾ ഹൈലാൻറ്​പാർക്കിൽ സ്ഥലമുള്ള ആൾ ഇവിടെ വന്ന് വീടു വയ്ക്കുമോ എന്ന് ആനി അത്ഭുതപ്പെട്ടു. അമേരിക്കയുടെ ബാസ്‌കറ്റ് ബോൾ ഇതിഹാസം മൈക്കൾ ജോർഡൻ താമസിയ്ക്കുന്ന സ്ഥലമേതാണെന്ന് ഏതുറക്കത്തിൽ വിളിച്ചുചോദിച്ചാലും കൊച്ചുപിള്ളര് കണ്ണും പൂട്ടിപറയും. അവിടെ സ്ഥലമുള്ള ആളാണ് ഈ സ്ഥലത്ത്....

‘എനിയ്ക്ക് അടുത്തടുത്ത് വീടുകൾ ഉള്ളതാണിഷ്ടം, അയൽക്കാരും കൂട്ടുകാരും ഇല്ലെങ്കിൽ ഞാൻ ശ്വാസം മുട്ടി മരിച്ചുപോകും' എന്നാണ് സെറീന അതിനു കാരണം പറഞ്ഞത്. സെറീന വീടു വിൽപനയ്ക്ക് ഇട്ടത് അറിഞ്ഞില്ലല്ലോ എന്നു പറഞ്ഞപ്പോഴാണ് ഹൈലാൻറ്​പാർക്കിലെ അഞ്ചേക്കർ സ്ഥലത്തിന്റെ കഥയും അവിടെ വീട് വേണമെന്ന ഭർത്താവിന്റെ പിടിവാശിക്കഥയും സെറീന ആനിയോട് വിശദമായി പറഞ്ഞത്. അല്ലെങ്കിലും ഈ ഉറക്കംതൂങ്ങിസ്ഥലം അവർക്കല്ലാതെ വേറെ ആർക്കാണിഷ്ടമാകുക എന്ന് മനസ്സിൽ പറഞ്ഞ് ആനി വീട് കാണാൻ തുടങ്ങി.
മുറികൾ കാണിയ്ക്കാൻ സെറീന ആനിയുടെ കൂടെ ചെന്നു.
റിയാൽറ്ററും തോമസും വീടിന്റെ ജനാലകൾക്ക് എത്ര വർഷം പഴക്കമുണ്ട്, ഫർണ്ണസും എ.സി യൂണിറ്റും പുതിയതാണോ അതോ വീടു പണിതപ്പോൾ തൊട്ടുള്ളതാണോ എന്നീ ഭാരിച്ച കാര്യങ്ങൾ അന്വേഷിച്ചുകൊണ്ടിരുന്നപ്പോൾ ആനി തോമസ് അവിടെയിട്ടിരിക്കുന്ന ഫർണിച്ചറിന്റെ ഭംഗിയും അടുക്കള ക്യാബിന്റെ നിറവും നോക്കി നിന്നു.
ഭിത്തികൾ, ഫയർപ്ലേസ് മാന്റിൽ, സൈഡ് ടേബിളുകൾ അങ്ങനെ എവിടെയൊക്കെ സ്ഥലമുണ്ടൊ അവിടെയൊക്കെ ഫോട്ടോകൾ ഫ്രെയിം ചെയ്തുവയ്ക്കുന്നവരിൽ നിന്ന് സറീന വ്യത്യസ്തയാണല്ലൊ എന്ന് വീട് ചുറ്റിനടന്ന് കാണുമ്പോൾ മനസ്സിൽ വിചാരിച്ചു. ‘ചോദിക്കുവിൻ നിങ്ങൾക്ക് നൽകപ്പെടും, അന്വേഷിക്കുവിൻ നിങ്ങൾ കണ്ടെത്തും, മുട്ടുവിൻ നിങ്ങൾക്ക് തുറക്കപ്പെടും' എന്ന ബൈബിൾ വാക്യങ്ങൾ വെളുപ്പ് നിറത്തിന്റെ പശ്ചാത്തലത്തിൽ കറുത്ത് ഇംഗ്ലീഷ് അക്ഷരങ്ങളുള്ള ഫ്രയിമുകളായി ആ വീടിന്റെ എല്ലാമുറികളിലും വച്ചിരുന്നു. സെറീനയുടെ വീടിന്റെ ഭിത്തികൾ അസാധാരണമാം വിധം, അലോസരപ്പെടുത്തും വിധം ശൂന്യമായിരുന്നു.
വാർഡ്രോബ് ആകട്ടെ വിലകൂടിയ ഡിസൈനർ വസ്ത്രങ്ങൾ കൊണ്ട് ശ്വാസം മുട്ടുന്നപോലെ കുത്തിനിറഞ്ഞാണിരുന്നത്. ക്ലിയർ പ്ലാസ്റ്റിക് കവറുകളിൽ ഭദ്രമായിരുന്ന് ഹാങ്ങറുകളിൽ തൂങ്ങിയാടുന്ന റീതുകുമാറും സവ്യാസാച്ചിയും കണ്ട് വീടു നോക്കാനാണ് വന്നത് എന്നുള്ളത് അപ്പാടെ മറന്ന് അവൾ സെറീനയുടെ കൂടെ നിന്ന് ഒരൊന്നിന്റെയും ഭംഗി ആസ്വദിയ്ക്കാൻ തുടങ്ങി. ചില സൽവാറുകൾ ഹാങ്ങറിൽനിന്നെടുത്ത് ദേഹത്തുവച്ചുനോക്കി. വാർഡ്രോബിലെ ഏറ്റവും മുകളിലത്തെ ഷെൽഫിൽ നിരത്തിവച്ചിരിക്കുന്ന സിൽക്ക് കംഫർട്ടർസ്സെറ്റുകൾക്ക് അഞ്ഞൂറുഡോളറിനു മീതെ തുടങ്ങുന്നതായിരിയ്ക്കും വിലയെന്ന് അവിടെനിന്ന് അവൾ മനകണക്കുകൂട്ടി.
അവിടെ നിന്ന് ആലോചിച്ച് കൂട്ടിയതത്രയും വീടിന്റെ വിലയോ, സൗകര്യങ്ങളോ ആയിരുന്നില്ല. മറിച്ച് ആ വീടിന്റെ മുക്കിലും മൂലയിലും വച്ചിരിയ്ക്കുന്ന ആക്‌സസറീസിന്റെ വില മാത്രമായിരുന്നു.
കൂടി വന്നാൽ ഒരഞ്ചുവർഷം കൂടി. അതുകഴിഞ്ഞ് തോമസിനെ സമ്മതിപ്പിച്ച് നാട്ടിലേയ്ക്ക് മടങ്ങണം എന്ന് അക്ഷമയോടെ ചിന്തിച്ച് കണക്കുപുസ്തകവും ബജറ്റുമായി മാസം കൊണ്ടുപോകുന്ന ആനി വാങ്ങുകപോയിട്ട് നോക്കുകപോലും ചെയ്യാത്ത വിലപിടിപ്പുള്ള സാധനങ്ങളായിരുന്നു ആ വീടി​ന്റെ ഒരോ മുക്കിലും മൂലയിലും.
അവർ രണ്ടുപേരും വീടിന്റെകാര്യത്തിൽ പരിപൂർണ്ണതൃപ്തരായെന്ന് റിയാൽറ്ററെ അറിയിച്ച് അടുത്ത ചുവട് വയ്ക്കുന്നതിനുള്ള നടപടികൾ തുടങ്ങുന്നതിനിടയിലാണ് നാട്ടിൽ നിന്ന് ആനിയുടെ പപ്പയും മമ്മിയും എത്തുന്നത്.
വാങ്ങാൻ നിശ്ചയിച്ചുവച്ചിരിയ്ക്കുന്ന വീട് അവരെ കാണിയ്ക്കാമെന്നുകരുതി പോയതാണ്.

പനയ്ക്കലച്ചന്റെ പോട്ടയിൽ തുടങ്ങി, വട്ടായി അച്ചന്റെ അട്ടപ്പാടി വഴി ഡോമിനിക്കച്ചന്റെ ഹൈറേഞ്ചിലെത്തിയപ്പോഴേയ്ക്കും നാള് നോട്ടം, ജാതകമെഴുതിയ്ക്കൽ, വാസ്തു എന്തിന് ഇഷ്ടത്തോടെ കുത്തിയ മൂക്കുത്തി വരെ ഉപേക്ഷിച്ച് തികഞ്ഞ സത്യകൃസ്ത്യാനിയായി മാറിയ ആനിയുടെ മമ്മിയ്ക്ക് ആ വീടു കണ്ടപ്പോൾ മുതൽ ആകെ മൗനം. ‘ഈ വീട് നമുക്ക് വേണ്ടാ' എന്ന് ഒരേ പല്ലവി.
വീടിന്റെ കോണോടുള്ള ദർശനം, നെഗറ്റീവ് എനർജി, വൈബ് ശരിയല്ല ഇങ്ങനെ കുറേ കാരണങ്ങൾ.
വീടിനുള്ളിലെ സകല ഫർണിച്ചറും, ഗ്യാ​രേജിൽ കിടക്കുന്ന ബെൻസും വീടിനൊപ്പം അവർ വിൽക്കാൻ റെഡിയാണെന്ന് റിയാൽറ്റർ പറഞ്ഞതുകേട്ട് ലോട്ടറിയടിച്ചല്ലോ എന്ന മട്ടിലിരിക്കുമ്പോഴാണ് മമ്മിയുടെ ഈ വക ദർശനദോഷ പരാമർശം. എന്തായാലും മമ്മി പറഞ്ഞുകഴിഞ്ഞാൽ പിന്നെ അപ്പുറവും ഇപ്പുറവുമില്ലാത്ത ആനിയുടെ മുന്നിൽ ധ്യാനഗുരുക്കന്മാർ തോറ്റു, വാസ്തു ജയിച്ചു.
സെറീനയുടെ വീട് വാങ്ങുന്നില്ല എന്ന് തീരുമാനിച്ചതിനുശേഷം ഒരുതവണ കൂടിയേ ആനി സെറീനയേ കണ്ടിട്ടുള്ളു. അതും ഒരു പാതിരാത്രിയിൽ! രണ്ടുമക്കളോടോപ്പം വീട്ടിൽ വന്ന് കോളിംഗ് ബെല്ലടിച്ച് ആനിയെ ഉറക്കത്തിൽ നിന്ന് വിളിച്ചെഴുന്നേൽപിക്കുകയാണുണ്ടായത്. അന്ന് രാത്രിമുഴുവൻ അവളുടെ വീട്ടിൽ തങ്ങിയിട്ട് അതിരാവിലെ മിഷിഗണിലേയ്ക്ക് ഡ്രൈവ് ചെയ്തുപോകുകയാണ് ചെയ്തത്.
അങ്ങനെ ആനിയും തോമസും ഉപേക്ഷിച്ച വീട് അവരുടെ ഒരു സുഹൃത്ത് മാധവിയും ഭർത്താവ് സുനിലും വാങ്ങി താമസം തുടങ്ങി. മാധവി അവിടെ താമസം തുടങ്ങിയതുമുതൽ അത് അവരുടെയും വീടായി മാറി. പലതരം രുചികളും മണങ്ങളും അവരുടെ വീടിനിടയിലുള്ള വഴിയിൽക്കൂടി അലുമിനിയംഫോയിൽ കൊണ്ട് മൂടിയും മൂടാതെയും സുഗമമായി സഞ്ചരിച്ചുതുടങ്ങിയ ഒരു സമയത്താണ് മാധവി അത്യാവശ്യമായി ആനിയെ ഫോൺ ചെയ്യുന്നത്.
‘ആനി, ദാ ഞാനിപ്പോ പറയാൻ പോകുന്നത് കേട്ടാൽ ആനി ഞെട്ടും. ഇക്കഴിഞ്ഞദിവസം ഇവിടെ സംഭവിച്ചത് കേട്ടാൽ ആനി വിശ്വസിക്ക പോലുമില്ല'
നാടകീയമായി കാര്യങ്ങൾ അവതരിപ്പിയ്ക്കുന്നതിലുള്ള മാധവിയുടെ മിടുക്ക് അറിയാവുന്നതുകൊണ്ട് വലിയ ആകാംഷയൊന്നും ആനിതോമസിന് തോന്നിയില്ല.
‘ഓകെ ഞാൻ ഞെട്ടാൻ റെഡിയായിരിയ്ക്കുന്നു. പറഞ്ഞോ'
‘ഈവീട് ആരുടേതായിരുന്നു എന്നറിയാമോ?'
സസെറീനയുടെ വീട്. അല്ലാതാരുടെ? ‘ഉത്തരം ലളിതം.
‘ഈ സെറീന ആരായിരുന്നു എന്നറിയാമൊ?’
‘ഞാനെങ്ങനെ അറിയാൻ! ആരായിരുന്നു? '
‘ജോ സാവിയോയുടെ ഭാര്യ. എനിയ്ക്കിപ്പഴും വിശ്വസിയ്ക്കാൻ പറ്റുന്നില്ല ഈ വീട് ജോ സാവിയോയുടെ വീടായിരുന്നു'
മാധവിയെ നിരാശപ്പെടുത്തുന്നില്ല എന്ന് തീരുമാനിച്ച് ജോ സാവിയോ ആരാണ് മാധവി എന്നു ചോദിച്ചപ്പോൾ മാധവിയുടെ ശബ്ദത്തിൽ അക്ഷമ.
‘ഹ നമ്മുടെ ബെഞ്ചമിൻ ഡിസൂസയുടെ വലംകൈ ആയിരുന്ന ജോ സാവിയോ ഇല്ലേ! ദ നൊ​േട്ടാറിയസ് ക്രിമിനൽ ' മാധവി വിശദമാക്കി.
ഒരു തവണ വീടിന്റെ മുൻപിൽ ഫോണും പിടിച്ച് നിൽക്കുന്നത് കണ്ടിട്ടുണ്ടെന്നല്ലാതെ സെറീനയുടെ ഭർത്താവിനെ, അതായത്, ജോ സാവിയോയെ ആനി നേരാംവണ്ണം കണ്ടിട്ടുപോലുമില്ല. കോളേജുകാലത്തെ ഷീബയുടെ ഭാഷയിൽ ‘ലോകം മുഴുവൻ കണക്ഷനുള്ള' നമ്മുടെ ബഞ്ചമിൻ ഡിസൂസയുടെ ഏറ്റവും അടുത്ത ആളാണ് ജോ സാവിയൊ.
‘നമ്മുടെ ബെഞ്ചമിൻ ഡിസൂസ!'
‘നമ്മുടെ ബെഞ്ചമിൻ ഡിസൂസ' എന്ന് വേണ്ട, വെറും ബെഞ്ചമിൻ ഡിസൂസ മതി.
ആകാംഷ അടക്കാൻപറ്റാതെ ആനി ചോദിച്ചു,
‘ഇതിപ്പോൾ എവിടെനിന്നാണ് ഇത്രയും അധോലോകരഹസ്യങ്ങൾ?'
മാധവി വിശദമായി ഉത്തരം പറഞ്ഞ് തുടങ്ങിയപ്പോൾ ആനി പറഞ്ഞു,
‘വീട്ടിലേയ്ക്ക് വായോ'
‘ഇത് വിശദമായി തന്നെ ചർച്ച ചെയ്യേണ്ട വിഷയമാണ്'
മൂക്കിനുതാഴെ ഒരു അധോലോക നായകൻ താമസിച്ചിട്ട് അറിയാതെ പോയതി​ന്റെ ഞെട്ടൽ ഫോണിലൂടെ പങ്ക് വച്ചാൽ ഒരു തൃപ്തി കിട്ടില്ല. ഇതു നേരിൽ തന്നെ നുള്ളിക്കീറി പരിശോധിയ്‌ക്കേണ്ടതുണ്ട്.
അന്നുണ്ടാക്കിയ ഡോക്ക്‌ലയും താങ്ങി മൂന്ന് മിനുറ്റ് കൊണ്ട് മാധവി വീടിനുമുന്നിൽ എത്തി. മാധവി വരുന്ന നേരം കൊണ്ടവൾ ചായയ്ക്കുള്ള വെള്ളം കെറ്റിലിൽ നിറച്ച്് അധോലോകത്തേക്ക് കടക്കാനുള്ള മുന്നൊരുക്കങ്ങൾ നടത്തി. തലേന്നുണ്ടാക്കിയ പൗണ്ട് കേയ്ക്ക് പ്ലേറ്റിൽ നിരത്തി.
മാധവി തുടങ്ങി:
‘കോളിംഗ് ബെൽ കേട്ട് ഞാൻ ചെന്ന് കതക് തുറന്നതാ. നമ്മള് സിനിമയിലൊക്കെ കാണുന്നപോലെ സൂട്ടും കോട്ടുമിട്ട് കറുത്ത് ഗ്ലാസ്സസ് ഒക്കെ വച്ച് കുറേ പേർ നിൽക്കുന്നു. കൈയിലെ ബാഡ്ജ് പൊക്കി വീ ആർ ഫ്രം എഫ്.ബി.ഐ എന്നു പറഞ്ഞപ്പോൾ ഞാൻ സത്യമായും വിരണ്ടു പോയി. സുനിൽ എന്തോ ഒപ്പിച്ചിട്ട് ഇവര് വന്നതാണെന്നാ ഞാനാദ്യം വിചാരിച്ചത്. അവരോട് അനുവാദം വാങ്ങി ഞാൻ സുനിലിനെ ക്ലിനിക്കിലേയ്ക്ക് ഫോൺ ചെയ്തു. നിയമം അനുസരിച്ച് ജീവിക്കുന്നവരാണ് ഞങ്ങളെന്നും, എഫ് ബി ഐ വന്ന് ബാഡ്ജ് പൊക്കികാണിച്ച് പേടിപ്പിക്കേണ്ട തരം ആൾക്കാരല്ലെന്നും സുനിൽ പറഞ്ഞപ്പോഴാണ് അവര് വന്നതിന്റെ ഉദ്ദേശ്യം വെളിപ്പെടുത്തിയത്.'
ചായ ഒരിറുക്ക് കുടിച്ചിട്ട് മാധവി വീണ്ടും തുടർന്നു,
‘ഇത് കുപ്രസിദ്ധ ക്രിമിനൽ, ജോ സാവിയോയുടെ വീട് ആയിരുന്നുവെന്നും, അവരുടെ കൈയിൽനിന്ന് ഈ വീട് വാങ്ങിയിട്ട് എത്ര നാളായെന്നും, എന്തു വിലയ്ക്കാണ് വാങ്ങിയതെന്നും, അവരെ നേരത്തെ പരിചയമുണ്ടായിരുന്നോ എന്നും അവര് ചോദിച്ചു. എന്ത് പ്രൊഫഷനാണ് ഞങ്ങൾ രണ്ടുപേരും, വീട് ഉടനെയെങ്ങാൻ വിൽക്കാൻ ആലോചനയുണ്ടൊ എന്നും അവരു ചോദിച്ചു. സെറീന പിന്നെ വിളിയ്ക്കുകയോ മറ്റോ ചെയ്‌തോ എന്ന ഒരു വിചിത്ര ചോദ്യവും കൂടി അവരു ചോദിച്ചു.'
നെറ്റി ചുളിച്ച് മാധവി പറഞ്ഞു,
‘വീടു വിറ്റുപോയ സെറീന ഇനിയെന്തിനാ ഞങ്ങളെ വിളിയ്ക്കുന്നതെന്ന് ഞാൻ അവരോട് തിരിച്ചു ചോദിച്ചു'
‘അതിന് അവരെന്ത് പറഞ്ഞു?
ആനി ഉദ്വേഗപൂർവ്വം ചോദിച്ചു. മനസ്സ് അസ്വസ്ഥമാകുമ്പോൾ എപ്പോഴും ചെയ്യുന്നപോലെ മുടിയെടുത്ത് മുൻപോട്ടിട്ട് അതിലെ കെട്ട് വിടുവിയ്ക്കാൻ നോക്കുകയും വിരലിന്റെ മുറുക്കം കൊണ്ട് മുടി പൊട്ടുകയും ചെയ്യുന്നത് ആനിതോമസറിഞ്ഞു.
‘ഈ പരിസരത്ത് വേറെ ആരെയെങ്കിലും സെറീന വിളിയ്ക്കാൻ സാധ്യതയുണ്ടോന്ന് അവര് ചോദിച്ചു.'

മുടി പുറകിലേയ്ക്കിട്ടിട്ട് ആനിയൊന്ന് ഇളകിയിരുന്ന് മാധവിയുടെ കണ്ണിലേയ്ക്ക് സൂക്ഷിച്ചുനോക്കി. ഒരു പിശുക്കുമില്ലാതെ മൂന്നു സ്പൂൺ പഞ്ചസാരയെടുത്ത് ചായയിൽ ഇടുന്ന മാധവി യാതൊന്നും ശ്രദ്ധിയ്ക്കുന്നുണ്ടായിരുന്നില്ല. പല ശ്രോതസ്സുകളിൽ നിന്ന് സംഘടിപ്പിച്ച വിവരങ്ങൾ ക്രമമൊന്നുമില്ലാതെ പുറത്തെടുത്ത് ആനിതോമസിന്റെ മുന്നിലിട്ടു.
ചിലതു കേട്ട് ആനി ഞെട്ടി, ചിലത് കേട്ട് ഞെട്ടിയില്ല.
മാധവി ആദ്യം പറഞ്ഞത് ഇതാണ്,
‘നമ്മളോട് സെറീനാ എന്നു പറഞ്ഞെങ്കിലും അവരുടെ ശരിയായ പേര് മോനിയ്ക്ക എന്നാണ്.
‘ഇതുവരെ വിളിച്ച് ശീലിച്ചത് സെറീനയെന്ന പേരാണല്ലോ. ഇനിയതെങ്ങനെ മാറ്റും. വല്യ ബുദ്ധിമുട്ടാണ്'. ആനി പറഞ്ഞു.
‘ഈ ജോ സാവിയോയെ അറസ്റ്റ്‌ചെയ്യാൻ പോലീസിനെ സഹായിച്ചത് ആരാണെന്നാണ് വിചാരം?'
ഇവിടെയും ആനി തോമസ് ഞെട്ടിയില്ല.
പലപ്പോഴും വീടിന് മുൻപിൽ കണ്ട പോലീസ് വാഹനങ്ങൾക്കുള്ള ഉത്തരമായി.
‘ജോ സാവിയോയ്ക്ക് പല ബോളിവുഡ് നടികളുമായി ബന്ധമുണ്ടായിരുന്നു. സമീറ കപൂറിന്റെ ഷോ കാണാൻ നമ്മളന്ന് പോയില്ലേ. അവരുമായിട്ട് പ്രേമത്തിലായിരുന്നൂന്നാ കേൾക്കുന്നത്. അതുകൊണ്ടാണ് ജോയെ ഒറ്റിയത്.
‘വുഡി അലന്റെ ബ്ലു ജാസ്മിൻ എന്ന സിനിമ ആനി കണ്ടിട്ടുണ്ടോ? അതിലിങ്ങനെയാ.
ദാമ്പത്യത്തിൽ ഭർത്താവിന്റെ അവിശ്വസ്​തത ഒരു സ്ത്രീയെ എന്താണ് ചെയ്യിക്കില്ലാത്തത്? ഒരു ഫോൺകോൾ. ഭർത്താവ് ദാ കിടക്കുന്നു ജയിലിൽ'
‘ഭാര്യമാരോട് കളിച്ചാൽ ഇങ്ങനെയിരിയ്ക്കും '
എന്ന് ഒരേ സ്വരത്തിൽപ്പറഞ്ഞ് ആനിയും മാധവിയും ഈയൊരു പോയിന്റിൽ സറീനയോട് അവർക്ക് തോന്നിയ ബഹുമാനം രേഖപ്പെടുത്തി.
‘പ്രശസ്ത ബോളിവുഡ് താരങ്ങൾ.... ഞങ്ങളുടെ സബ്​ഡിവിഷനിലൂടെ നടക്കാനിറങ്ങുന്നതുകാണാം' എന്ന് ലയൺസ് ഗേയ്റ്റുകാർ മേനിപറഞ്ഞിരുന്നത് സെറീനയുടെ ഭർത്താവിന്റെ എന്റർറ്റയിൻമന്റ് ബിസിനസ്സുമായിട്ട് കൂട്ടിവായിച്ചിരുന്നതിലെ അവരുടെ ശുദ്ധമനസ്ഥിതിയിൽ അവർ പരസ്പരം അതൃപ്തി രേഖപ്പെടുത്തി.
എടുത്തുവച്ചിരുന്ന ചായ തീർന്നതുകൊണ്ട് ആനി തോമസ് അടുത്ത ചായയിടാൻ അടുക്കളയിലേയ്ക്ക് നടന്നു. ആനിയുടെ പുറകേ മാധവിയും അടുക്കളയിലേയ്ക്കു വന്നു.
‘അര ബില്ല്യനോളമാണ് ജോ സിൽവസ്റ്ററിന്റെ ആസ്തി. അതിന്റെ പകുതിയോളം സെറീനയ്ക്ക് കിട്ടിയെന്നാണ് കേൾവി.'
ഇവിടെ ആനി ശരിയ്ക്കും ഞെട്ടി. കൈയിൽനിന്ന് കെറ്റിൽ താഴെ വീണില്ലെന്നേയുള്ളു.
‘ഒരു ക്രിമിനലിനു് ഇത്രയും ആസ്തിയോ? കെറ്റിലിൽ വെള്ളം നിറച്ച് റ്റീബാഗ് ഇട്ട് സ്റ്റൗവിൽ വയ്ക്കുന്നതുവരെ അര ബില്ല്യൻ എന്ന അക്കത്തിൽ തട്ടിയും തടവിയും അത് സത്യം തന്നെയാണോ അതോ നുണയാണോ എന്നവർ രണ്ടുപേരും കൂലങ്കഷമായി പരിശോധിച്ചു.
അരബില്ല്യന്റെ ഞെട്ടൽ മാറാനുള്ള സമയം പോലും തരാതെ മാധവി അടുത്ത വാർത്ത പുറത്തെടുത്തു.
‘ഈ വീട് വിറ്റ് അവരുപോയത് അഞ്ചേക്കർ സ്ഥലത്ത് വീട് പണിയാനൊന്നുമല്ല. അവര് മക്കളെയുംകൊണ്ട് രക്ഷപ്പെട്ട് പോയതാണ്. '
ഒരോ വാർത്തയ്ക്കും അതുണ്ടാക്കുന്ന ഞെട്ടൽ അടങ്ങാൻ സമയം കിട്ടുന്നില്ല. അതിനുമുൻപ് അടുത്തത് വന്നുകഴിഞ്ഞു.
‘സെറീന വിറ്റ്‌നെസ്സ് പ്രൊട്ടക്ഷൻ എടുത്ത് പോയെന്നാ കേൾവി.'
ഇവിടെ ആനി ശരിയ്ക്കും ഞെട്ടി.
വലിയ ക്രിമിനൽ കേസുകളിലും അധോലോക കേസുകളിലും മറ്റും സാക്ഷി പറയുന്നവരുടെ ജീവൻ രക്ഷിക്കുന്നതിന് വേണ്ടിയുള്ള അമേരിക്കൻ ഫെഡറൽ ഗവൺമൻറിന്റെ പദ്ധതിയാണ്. പേര്, ജോലി, സ്ഥലം, ബാങ്ക് അക്കൗണ്ടുകൾ, സോഷ്യൽസെക്ക്യൂരിറ്റി നമ്പർ, ജനന സർട്ടിഫിക്കറ്റ്, എന്നുവേണ്ടാ ഇങ്ങനൊരാൾ ഈ ഭൂമിയിൽ ജീവിച്ചിരുന്നു എന്നു തെളിയിക്കുന്ന സകല രേഖകളും ഈ ഭൂമുഖത്തുനിന്ന് തുടച്ചുമാറ്റപ്പെടും. പുതിയ ഒരു ഐഡിന്റിറ്റിയുമായി പഴയ എല്ലാ ബന്ധങ്ങളിൽനിന്നും അകലം പാലിച്ച് അവർ വേറൊരു ജീവിതം വേറെ എവിടെയോ തുടങ്ങും. അതിനുള്ള സകല സഹായവും ഗവൺമന്റ് ചെയ്തുകൊടുക്കും. പഴയ സ്ഥലത്തേയ്ക്ക് അവർക്ക് പിന്നീടൊരിയ്ക്കലും വരാൻ അനുവാദമില്ല. പഴയ പരിചയക്കാരും കൂട്ടുകാരുമായും യാതൊരുവിധത്തിലുള്ള സമ്പർക്കവും പാടില്ല. അവരുടെ സുരക്ഷയേ കരുതിയാണിത്. കത്ത്, ഈമെയിൽ, ഫോൺ ഒന്നും പാടില്ല.
ആനിയ്ക്ക് ജിജ്ഞാസ അടക്കാനായില്ല.
‘സെറീന വിറ്റ്‌നെസ്സ് പ്രൊട്ടക്ഷനിൽ പോയെന്ന് ആരാ പറഞ്ഞേ'?
‘അതൊക്കെ ഞാനറിഞ്ഞു.'
‘ഏയ് അതു വെറുതേ'
‘വെറുതേയൊന്നുമല്ല. അന്ന് എഫ്.ബി.ഐ വന്നപ്പോൾ അവരാ അതിനെക്കുറിച്ച് പറഞ്ഞത്.'
‘എന്തു പറഞ്ഞു??'
‘സെറീന വിറ്റ്‌നസ് പ്രൊട്ടക്ഷൻ പ്രോഗ്രാമിലാണ്. എങ്ങോട്ടാ പോയതെന്ന് ഇവിടെ ആർക്കെങ്കിലും അറിയാമോ എന്നവര് ചോദിച്ചു.?
തൊണ്ട വരളുന്നതുപോലെയോ ശ്വാസം നിന്നുപോകുന്നതുപോലെയോ ഒക്കെ ആനിയ്ക്ക് അനുഭവപ്പെട്ടു.
വിവാഹത്തിനുശേഷം തോമസിനും ആനിയ്ക്കും ‘എന്റെ സുഹൃത്തുക്കൾ നി​ന്റെ സുഹൃത്തുക്കൾ' എന്നൊന്നില്ലായിരുന്നു.
‘ഞങ്ങളുടെ സുഹൃത്തുക്കൾ' മാത്രമേ ഉണ്ടായിരുന്നുള്ളു. ബോധപൂർവ്വം വരുത്തിയതൊന്നുമല്ല, അങ്ങനെയങ്ങ് ആയിപ്പോയതാണ്. എന്നിട്ടും സറീനാ എപ്പോഴൊ എങ്ങനെയോ ആനിയുടെ മാത്രം സുഹൃത്തായി മാറുകയായിരുന്നു. പീഡിയാട്രീഷ്യന്റെ ഓഫീസിൽനിന്ന് തുടങ്ങിയ ആ സൗഹൃദത്തിന് എത്ര ആഴമുണ്ടെന്ന് മാധവിയ്ക്ക് യാതൊരു ഗ്രാഹ്യവുമില്ല. അതുകൊണ്ട് തന്നെ എഫ്. ബി.ഐ യുടെ ഈ ചോദ്യം ആനിയെ അസ്വസ്ഥയാക്കേണ്ട കാര്യമൊന്നുമില്ല. എന്നാലും...
‘എങ്ങോട്ടാ സെറീന പോയതെന്ന് ആരെങ്കിലും പറഞ്ഞൊ?’
അവൾക്ക് ആകാംഷ അടയ്ക്കാൻ പറ്റിയില്ല.
‘അതുമാത്രം ഒരു മനുഷ്യനറിയില്ല'. മാധവിയുടെ ശബ്ദത്തിൽ കടുത്ത നിരാശ.
എങ്ങോട്ടാണ് അവർ പോയതെന്ന ആ നിർണ്ണായക വിവരം സംഘടിപ്പിക്കാൻ പറ്റാത്തത് തന്റെ കഴിവുകേടായിട്ട് കരുതി മാധവി മൗനത്തിലായി.
മാധവിയ്ക്ക് ആ വാർത്ത കിട്ടിയിട്ടില്ലെങ്കിൽ അതിനർത്ഥം ആ രഹസ്യം ആർക്കും പിടികൊടുക്കാതെ രഹസ്യം തന്നെയായി മറഞ്ഞുകിടക്കുന്നു എന്നാണ്.
‘എവിടെയെങ്കിലും പോയി രക്ഷപ്പെടട്ടേ അവര്.'
ചായകപ്പുമെടുത്ത് വീണ്ടും സ്വീകരണമുറിയിൽ പോയിരുന്നു.
‘നമുക്കാ ഭിത്തികളൊന്ന് കുത്തിപൊളിച്ച് നോക്കിയാലോ, അധോലോകനായകന്റെ വീടല്ലേ?’
‘ഭിത്തിയിലെവിടെയോ ഒരു ബട്ടൺ... ബട്ടൺ അമർത്തുമ്പോൾ ഇരുവശത്തേയ്ക്കും മാറുന്ന ഭിത്തികൾ... അപ്പുറത്ത് ഒന്നുകിൽ ഒരു രഹസ്യമുറി, അല്ലെങ്കിൽ താഴേയ്ക്ക് നീളുന്ന പടവുകൾ... പടവോ മുറിയോ എന്തുമാവട്ടെ, അവിടെ അടുക്കിയടുക്കി വച്ചിരിയ്ക്കുന്ന നോട്ടുകെട്ടുകൾ, സ്വർണ്ണ കട്ടികൾ.... '
വീടു കുത്തിപൊളിയ്ക്കുകയാണെങ്കിൽ ആനിയെ കൂടി വിളിയ്ക്കാമെന്ന് ഉറപ്പുതന്ന് മാധവി യാത്ര പറഞ്ഞ് പോയിട്ടും ചില സംശയങ്ങൾ കൊടചക്രം കറങ്ങുന്നതുപോലെ മനസ്സിൽകിടന്ന് വട്ടം കറങ്ങാൻ തുടങ്ങി.
മാധവി ചോദിച്ച ചില ചോദ്യങ്ങൾ വണ്ട് ചെവിയിൽ മൂളുന്നതുപോലെ അലോസരപ്പെടുത്തി.
‘അല്ലാ ആനീ, വിറ്റ്‌നെസ്സ് പ്രൊട്ടക്ഷൻ ഫെഡറൽ ഗവൺമന്റ് കൊടുക്കുന്നതാണെങ്കിൽ എഫ്.ബി.ഐ അത് അറിയണ്ടതല്ലെ. അപ്പോപിന്നെന്തിനാ അവര് വന്നത്?'
പലരീതിയിൽ കൂട്ടിക്കിഴിച്ച് നോക്കിയിട്ടും ചോദ്യങ്ങളുടെ ആ വലിയചക്രം കറങ്ങിത്തിരിഞ്ഞ് വന്ന് നിൽക്കുന്നത് ഒരൊറ്റചോദ്യത്തിന്റെ മുകളിൽ.
‘മാധവിയുടെ വീട്ടിൽ വന്നത് എഫ്.ബി.ഐ തന്നെയാണോ?'
രണ്ടുദിവസം മുൻപ് ഫ്രം അഡ്രസ്സ് ഇല്ലാതെ വന്ന ഒരു കാർഡ് ഓഫീസ് മേശപ്പുറത്ത് വച്ചിരുന്നത് ആനി ഓടിച്ചെന്നെടുത്ത് ഒന്നുകൂടി തിരിച്ചും മറിച്ചും നോക്കി. ഒരു പൂക്കൂട. അതിനടിയിൽ ഒരേ ഒരു വരി.
‘ഒരിയ്ക്കലും മറക്കില്ല.'
ഒരു പാതിരാത്രിയിൽ അപ്രതീക്ഷിതമായി കുട്ടികളെയുംകൊണ്ട് വീട്ടിലേയ്ക്ക് ഓടിക്കയറി വന്ന സെറീന, അടികൊണ്ട് തിണർത്ത സെറീനയുടെ മുഖം, ഇടയ്‌ക്കെപ്പോഴൊ ഒന്ന് കുനിഞ്ഞപ്പോൾ വേദനകൊണ്ട് പുളഞ്ഞ് ഉറക്കെക്കരഞ്ഞ സെറീന, കരയല്ലേ മമ്മാ എന്നു പറഞ്ഞ്​ വല്ലായ്കയോടെ സെറീനയുടെ മുഖം തുടയ്ക്കുന്ന ഇളയ മകൻ! തോമസിനോടുപോലും പറയാതെ വച്ച വേറെയും ചില ഇമേജുകൾ ഒന്നുകൂടെ മനസ്സിലൂടെ ഓടിച്ചു.
അന്ന് പീഡിയാട്രീഷന്റെ വെയ്റ്റിംഗ് റൂമിൽ സെറീനാ പ്രകടിപ്പിച്ച അനിയന്ത്രിതമായ കോപം, അവരിലുണ്ടെന്ന് തോന്നിയ ഭയം ഇതെല്ലാം അവളാ ഇമേജുകളോട് ചേർത്തുവച്ച് കുറച്ചുനേരം ആ കാർഡും നോക്കിയിരുന്നു.
കുറ്റവാളിയായ ഭർത്താവിനെക്കാൾ സ്ത്രീയ്ക്ക് നോവുന്നത് കുറ്റവാളിയായ മകനെ കാണുമ്പോഴാണ് എന്ന് സെറീന അന്ന് പറഞ്ഞ ഒരു വാചകവും വെറുതേ ഓർത്തു. അവൾ ചെയ്തത് തന്നെയാണ് ശരിയെന്ന് മനസ്സിൽ ഒന്നുകൂടി ഉറപ്പിച്ച് ഫ്ലോറിഡ എന്ന് പോസ്റ്റ്മാർക്ക് ചെയ്തിരിയ്ക്കുന്ന ആ കാർഡ് കുനുകുനെ കീറി ചവറ്റുകുട്ടയിലിട്ടു. അവിടുന്ന് അതെടുത്തുകൊണ്ടുപോയി ഫയർപ്ലേസിനുള്ളിൽ ഇട്ട് ഗ്യാസ് ലൈറ്റർ ഓണാക്കി.
കറുത്ത സൺ ഗ്ലാസുകണ്ട് മുഖം മറയ്ക്കാതെ, അയലൽവക്കത്തെ വീട്ടിൽ പാതിരാത്രിയിൽ ഓടിക്കയറി വന്ന് കരഞ്ഞ് നേരം വെളുപ്പിയ്ക്കാതെ, പേടിയ്ക്കാതെ പ്രസരിപ്പിന്റെ കാറ്റ് വീശി സെറീന കഴിയുന്നതോർത്തപ്പോൾ അനുഭവപ്പെട്ട സന്തോഷം, ഉള്ളിൽതോന്നിയ അസ്വസ്ഥതയുടെ കുപ്പായമിട്ട ഭയത്തെ ചാടിക്കടന്നപ്പോൾ ആനിതോമസ് ഒന്നുകൂടി ചെയ്തു. വീണ്ടും ഓഫീസ് മുറിയിലേയ്ക്ക് തിരികെപോയി കമ്പ്യൂട്ടറിന്റെ മുൻപിൽ ചെന്നിരുന്നു.
കമ്പ്യൂട്ടർ ഓണാക്കി ഡോക്യുമെന്റ്‌സിന്റെ ഫോൾഡറിൽ ക്ലിക്ക് ചെയ്ത് ‘മോനിയ്ക്ക-വിറ്റ്‌നെസ് പ്രൊട്ടക്ഷൻ' എന്ന പേരിൽ സേവ് ചെയ്ത് സൂക്ഷിച്ചിരിയ്ക്കുന്ന ഫയൽ തുറന്ന് ആദ്യം മുതൽ അവസാനം വരെ ഒന്നുകൂടി വായിച്ചു. അതിനുശേഷം ഡിലീറ്റ് ബട്ടണിൽ ക്ലിക്ക്ചെയ്തു. ട്രാഷ്ബിന്നിൽ പോയി അവിടുന്നും അത് ഡിലീറ്റ് ചെയ്തു.

പരസ്യമാകാനുള്ള ഒരു നിലവിളി ഉള്ളിലടക്കിയാണ് ഓരോ രഹസ്യവും നിഗൂഢമായിരിക്കുന്നത് എന്ന് ആനിക്ക് തോന്നി.
അതിനുശേഷം എഴുന്നേറ്റ് മകളുടെ മുറിയിലേയ്ക്ക് പോയി. അവളുടെ അടുക്കൽ ചാരിയിരുന്ന് എഴുതി,
‘ഈ അധോലോകം അധോലോകം എന്ന് .......'
അങ്ങനെ ആനി തോമസിനെറ മൂന്നാമത്തെ അധോലോക എൻകൗണ്ടറിനു് തിരശ്ശീല വീണു.
ഇതൊക്കെ ഞാൻ എഴുതുന്നത് കണ്ട് പേടിച്ചു പോയ ഭർത്താവിനെ ഒന്ന് സമാധാനിപ്പിക്കാൻ വേണ്ടിയാണ് ഞാൻ എന്ന ഉത്തമ പുരുഷ സർവ്വ നാമം വെടിഞ്ഞ് ആനി തോമസിലൂടെ കഥ പറഞ്ഞത്. ഇതെഴുതിയതിന്റെ പേരിൽ രാവിലെ എഴുന്നേറ്റ് വാതിൽ തുറക്കുമ്പോൾ തോക്കും ചൂണ്ടി ജോ സാവിയോയുടെ ഗുണ്ടകൾ ആനി തോമസിനെ വകവരുത്താൻ വരില്ല എന്നാരുകണ്ടു? ഇനി അതല്ല കൊച്ചിയിൽ വിമാനമിറങ്ങുമ്പോൾ എഴുതിയതെല്ലാം വായിച്ച് ‘കൊതുകുപോലുള്ള' എന്ന പ്രയോഗത്തിൽ പ്രതിഷേധിച്ച് രാകിമിനുക്കിയ കത്തിയുമായി ആനിതോമസിനെ സ്വീകരിയ്ക്കാൻ തമ്മനം സജി നിൽക്കില്ലെന്നാരു കണ്ടു! രണ്ടാണെങ്കിലും ആനിതോമസിനു പുല്ലാ!

Comments