വർഷങ്ങൾക്കുശേഷം
സംഝോത എക്സ്പ്രെസ്സിലിരുന്ന്
എയർപോഡ് ചെവിയിൽ തിരുകി ജിഷ്‌ണു,
എ.ആർ. റഹ്മാൻ പ്ലേലിസ്റ്റ് ഓണാക്കി.
… ചിന്ന ചിന്ന ആസൈ
▮
"കൈവലിച്ചു ആഞ്ഞെറിയെടാ...
മിഡിൽ സ്റ്റമ്പ് തെറിക്കണം’’,
മിഡ്ഡ് ഓഫിൽ നിന്ന് മണല്മുക്ക് സ്റ്റാർസിന്റെ ക്യാപ്റ്റൻ അരുൺ അണ്ണൻ കൈയ്യടിച്ച്, ടീമിന്റെ ഫാസ്റ്റ് ബൗളർ ജിഷ്ണുവിനോട് പറഞ്ഞു.
കളി അവസാനിക്കാറായപ്പോൾ രണ്ട് ടീമും ഉഷാറായി. പൂവങ്കോഴി നിധീഷ് മൈക്കിലൂടെ കടുംതാളത്തിൽ കമന്ററി നടത്തുകയാണ്:
"ചെമ്പൂര് ഡ്രാഗൺസിന് ഇനി വെറും 6 റൺസ് മതി. 2 ബോളിൽ വെറും 6 റൺസ്. കഴിഞ്ഞവർഷത്തെ ഫൈനലിന്റെ വാശി തീർക്കാനാണ് മണല്മുക്ക് സ്റ്റാർസ് ശ്രമിക്കുന്നതെങ്കിൽ ഡ്രാഗൺസിനു തീയില്ലാതെ പുക മാത്രം ഊതി ചെമ്പൂരിലേക്ക് തിരിച്ചു പോകേണ്ടിവരും. മണൽമുക്കിന്റെ. ചിന്ന ചിന്ന ആസൈ ഡ്രാഗൺസ് ചിറകൊടിച്ചുവിടുമോ? വരൂ... കണ്ടറിയാം... ഗയ്‌സ്.. കണ്ടറിയാം.
ലാസ്റ്റ് ഓവർ എറിയുന്ന സ്റ്റാർസിന്റെ താരം ജിഷ്ണുവിന്റെ നാല് ബോളുകളും ബൗണ്ടറി കടത്തിയതിന്റെ ആശ്വാസത്തിലും ആത്മവിശ്വാസത്തിലുമാണ് ഡ്രാഗൺസും ക്രീസിലെ അവരുടെ പുലിക്കുട്ടി വിനീതും. വരൂ, നോക്കാം അവസാനനിമിഷങ്ങളിൽ കളി എങ്ങോട്ട് പോകുമെന്ന്. കാരണം ഇത് ക്രിക്കറ്റ് ആണ്, പ്രവചനാതീതം. നിങ്ങളുടെ ഓരോ കൈയ്യടിയും കളിക്കാർക്കുള്ള ഊർജ്ജമാണ്. അതുപോലെ കഴിയുന്നവർ സമ്മാനക്കൂപ്പൺ എടുത്ത് സഹായിക്കുക, സഹകരിക്കുക.. ഓക്കേയ്...".
അവസാന ഓവറിലെ അഞ്ചാമത്തെ ബോൾ ലോങ്ങ് റണ്ണെടുത്ത് വന്ന് ജിഷ്ണു എറിഞ്ഞു.
"ക്‌ധ്പ്പ്", മിഡിൽ സ്റ്റമ്പ് തന്നെ തെറിച്ചു.
"കണ്ടാ കണ്ടാ… ഞാമ്പറഞ്ഞില്ലേ, നീ കിടിലമാടാ... വെറും കിടിലം", വിക്കറ്റ് വീണ സന്തോഷത്തിൽ അരുണണ്ണൻ ജിഷ്ണുവിനെ എടുത്തുയർത്തി ഉറക്കെ വിളിച്ചുപറഞ്ഞു.
സ്റ്റാർസിലെ താരങ്ങളെല്ലാം വട്ടം കൂടി തോളിൽ കൈയ്യിട്ട് ഇത്തവണത്തെ ഫൈനൽ എന്തായാലും ജയിക്കണമെന്ന് ഒരുമിച്ചുപറഞ്ഞു. വളരെ നാളുകളായുള്ള അവരുടെ സ്വപ്നമാണ് ഈ കപ്പ്. എല്ലായ്‌പ്പോഴും ഫൈനൽ വരെ എത്തിയിട്ട് നിസ്സാര പിഴവുകൾ കാരണം തോറ്റുപോകുന്നതാണ് സ്റ്റാർസ് ടീമിന്റെ ചരിത്രം. ഇത്തവണ അത് തിരുത്തണമെന്ന് ആരെക്കാളും വാശി അരുണിനും ജിഷ്ണുവിനുമായിരുന്നു. അതിനിടയിൽ സമ്മാനക്കൂപ്പൺ ടീമിലെ ആർക്കെങ്കിലും അടിച്ചാൽ പുതിയ രണ്ട് ബാറ്റ് ക്ലബ്ബിന് വേണ്ടി വാങ്ങണമെന്ന് ഓപ്പണർ മനോജ് എല്ലാവരെയും ഓർമ്മപ്പെടുത്തി.
"ഇനി ഒരു ബോളിൽ ആറ് റൺസ്. ആര് ജയിക്കും ആര് തോൽക്കും. കളി കണ്ടറിയാം. ഡിസംബറിന്റെ മരം കോച്ചുന്ന തണുപ്പിലും പതറാതെ ഇടറാതെ ഒരു മാസമായി തുടർന്നുവന്ന തുമ്പമൂട് വായനാശാലയുടെ പഞ്ചായത്ത് തല ക്രിക്കറ്റ് ലീഗിന് അവസാനം കുറിച്ചുകൊണ്ട് ആര് കപ്പടിക്കുമെന്നറിയാൻ ഇനി നിമിഷങ്ങൾ മാത്രം", പൂവങ്കോഴി എനെർജെറ്റിക്കായി കമന്ററി തുടരുകയാണ്.
കാണികളിൽ ക്രിക്കറ്റിന്റെ നൈമിഷിക ഉത്സാഹം പ്രസരിച്ചുതുടങ്ങി. ഇരുടീമുകളിലെയും ആരാധകർ പറമ്പിന്റെ ഇരുഭാഗത്തുമായി അണിനിരന്ന് ആർത്തുകൂകിവിളിച്ചു. ലാസ്റ്റ് ബോൾ എറിയാൻ തയ്യാറെടുക്കുന്ന ജിഷ്ണുവിന്റെ മനസ്സിലൂടെ മിന്നായം പോലെ കുറെ സംഭവങ്ങൾ കടന്നുപോയി. കൂട്ടുകാരി ഷബ്‌നയുടെ മുഖവും അവളുടെ ഉപ്പയുടെ വെളുത്ത അംബാസിഡർ കാറും അമ്മ രജനിയുടെ മുഖവും ഒടിഞ്ഞ കൈയും ഒരിക്കലും മറക്കാനാവാത്ത അന്നത്തെ സംഭവങ്ങളും.

മനസ്സ് ദുർബലമാകുന്ന അവസരങ്ങളിൽ ജിഷ്ണുവിന്റെ ഉള്ളിൽ ക്രിക്കറ്റും ആരവവുമാണ്. ശബ്ദമുഖരിതമായ അന്തരീക്ഷത്തിലും ഷബ്‌നയുടെ നിഷ്കളങ്കമുഖം വെള്ള ചെത്സൻ പന്ത് പോലെ ഉള്ളിന്റെയുള്ളിൽ ഉരുണ്ടടുക്കും. അപ്പോൾ പച്ചപ്പില്ലാത്ത മനസ്സിന്റെ അടഞ്ഞ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ അവനൊറ്റയ്ക്കാവും. മുകളിൽ ആകാശത്തു കൂടി, ദൂരേക്ക് മാഞ്ഞു പോകുന്ന വെള്ളിമേഘങ്ങൾ. ഉള്ളാകെ നീലാകാശത്തിന്റെ വിജനത, അനന്തത. ബൗണ്ടറിയ്ക്കടുത്തുനിന്ന് റണ്ണപ്പ് എടുത്ത് ക്രീസിലേക്ക് ഓടിയെത്തുന്ന ദൂരം കൊണ്ടു ജീവിതത്തിലെ സകലമാനദുഃഖങ്ങളും പ്രതിസന്ധികളും അവൻ മറക്കും.വേഗം കൈയ്യിലേക്ക് പകർന്നു പന്തിലേക്ക് നിറച്ച് ഒറ്റയെറി.
ലാസ്റ്റ് ബോൾ ഷോർട്ട് പിച്ച് ചെയ്ത് ബാറ്ററിന് തൊടാനാകാത്ത വേഗതയിൽ,അയാളുടെ തലയ്ക്കരികിലൂടെ ആരെയും വേദനിപ്പിക്കാതെ കീപ്പറിന്റെ കൈയ്യിലേക്ക് പാഞ്ഞു.ആ പന്ത് അമ്പയർ മേശിരിസുധി വൈഡ് വിളിക്കുമെന്ന് എതിർ ടീം കരുതിയെങ്കിലും ആ ഓവറിലെ ഒരേയൊരു ബൗൺസർ ആയി പരിഗണിക്കപ്പെട്ടു.
"നമ്മൾ ജയിച്ചെടാ.മുത്തേ നീ ജയിപ്പിച്ചെടാ’’.
എല്ലാരും വളഞ്ഞുകൂടി ജിഷ്ണുവിനെ എടുത്തുയർത്തി ആഹ്ലാദപ്രകടനം നടത്തി. മണല്മുക്ക് ടീം ആരാധകർ എതിർ ടീമിനെ കൂക്കിവിളിച്ചു കളിയാക്കി.
"പുകയൂതി പോ ഡ്രാഗാ പുകയൂതി പോ....
ചെമ്പൂരിന്റെ കൊമ്പൂരിയേ... പൂയ്... കൂയ്യ്..."
പ്രകോപിതരായി സ്റ്റമ്പുമൂരി മണല്മുക്ക് ടീമിന് നേരെ പാഞ്ഞടുത്ത ചെമ്പൂരിന്റെ നസീറിനെയും തുളസിയെയും സംഘാടകർ തുടഞ്ഞുനിർത്തി സമാധാനിപ്പിച്ചു വിട്ടു. അടുത്ത ലീഗിന് നിന്നെയൊക്കെ എടുത്തോളാം എന്ന് വീമ്പിളക്കി ചെമ്പൂര് ഡ്രാഗൺസ് കളം വിട്ടു.
സ്റ്റാർസ് ടീമംഗങ്ങൾ വട്ടം കൂടി ട്രോഫി എടുത്തുയർത്തി ചിന്ന ചിന്ന ആസൈ പാടി കറങ്ങുകയാണ്. കാണികൾ അവർക്കുചുറ്റിലും നിന്ന് ആർപ്പ് വിളിച്ചു. പെട്ടെന്ന് പെയ്ത ചാറ്റൽ മഴയിൽ മതിമറന്നു അവർ നൃത്തം ചെയ്യുകയാണ്.

▮
പുതു വെള്ളൈ മഴൈ
ഡിസംബറിന്റെ മഞ്ഞും ചാറ്റൽ മഴയും നനഞ്ഞുകൊണ്ട് സ്റ്റാർസ് ടീമംഗങ്ങൾ സമീറിക്കയുടെ പെട്ടിക്കടയിലേക്ക് കേറിച്ചെന്നു. ഗോലിസോഡാ കുടിക്കുന്നതിനിടയിൽ ജിഷ്ണുവിന്റെ ബൗളിങ്ങിനെപ്പറ്റിയും എതിർടീം ക്യാപ്റ്റൻ സ്റ്റെഫിന്റെ ഓൾറൗണ്ട് പ്രകടനത്തെപ്പറ്റിയുമായിരുന്നു എല്ലാവരുടെയും സംസാരം. ജിഷ്‌ണുവിന്റെ ലാസ്റ്റ് ബോൾ അങ്ങനൊരു ബൗൺസർ ആരും പ്രതീക്ഷിച്ചു കാണില്ലെന്നും ബോളിന് തൊടാൻ പറ്റാത്ത പാകത്തിന് വേഗതയായിരുന്നെന്നും ക്യാപ്റ്റൻ അരുണണ്ണനും സ്പിന്നർ തിരിക്ക്റഷീദും അഭിപ്രായപ്പെട്ടു.മുന്ന ഒഴികെ എല്ലാവരും ജിഷ്ണുവിനെ അഭിനന്ദിച്ചു സംസാരിച്ചു. മിനിറ്റുകൾക്കുള്ളിൽ മഴ ശക്തമാകാൻ തുടങ്ങി.
"ഇക്കാ... ഇക്കാ... വെള്ള സിപ്പ് അപ്പ് ഉണ്ടോ എല്ലാർക്കും അഞ്ചു രൂപേടെ ഓരോ പാൽ സിപ്പപ്പ് കൊടുത്തേക്ക്. അത് ഫൈനൽ ജയിച്ചതിന് എന്റെ വക."
സ്റ്റാന്റ് എടുത്ത് സൈക്കിൾ തിരിക്കുന്നതിനിടയിൽ സ്റ്റാർസ് ടീം കീപ്പർ വിനീത് പറഞ്ഞു.
"എടാ, നീയീ മഴയത്ത് പോവാണോ?"
"ഇക്കാ, മഴ കനക്കുന്നതിന് മുന്നേ എത്തണം. ഇച്ചിരി പണിയുണ്ട്’’, അതും പറഞ്ഞു വിനീത് പെഡൽ ചവിട്ടിക്കേറി സൈക്കിളിൽ പാഞ്ഞുപോയി.
"നിന്നെയൊക്കെ സമ്മതിക്കണം. തണുപ്പിലും ഈ സിപ്പപ്പും ഐസ്ക്രീമും തണുത്ത വെള്ളമൊക്കെ അടിച്ചു കേറ്റുന്നതിൽ", കൊട്ടേഷനടി ഭാവത്തിൽ സമീറിക്ക പറഞ്ഞു.
"അപ്പൊ, നിങ്ങളിതൊന്നും വിക്കാനല്ലേ ഇക്കാ കടേം തുറന്നുവച്ചിരിക്കുന്നത്?"ആസിഫ് കൗണ്ടറടിച്ചു സമീറിക്കയെ നിശ്ശബ്ദനാക്കി.
ആരുടെയും സംസാരം ശ്രദ്ധിക്കാതെ പൊട്ടിച്ച ഗോലിസോഡാ പകുതി പോലും കുടിക്കാതെ വേറെയെതോ ലോകത്തായിരുന്ന ജിഷ്ണുവിനെ തട്ടിയുണർത്തി അരുണണ്ണൻ പറഞ്ഞു: "എടാ ജിഷ്ണു ഞാനൊരു കാര്യം പറയട്ടെ, നിന്റെ ബൗളിങ്ങും ആക്ഷനും ആ ഓട്ടവുമൊക്കെ അങ്ങേരെ പോലെയാടാ..."
"എങ്ങേരു?"
"എടാ പാകിസ്ഥാന്റെ മറ്റേ... ഫാസ്റ്റ് ബൗളർ ഇല്ലേ..."
"ഏത്...ആ... ബൗണ്ടറിയിൽ നിന്നേ ഓടി വരുന്ന കക്ഷിയോ?", കൈയിലിരുന്ന ഗോലിസോഡാ കുടിച്ചു തീർത്ത് ജിജോ ചോദിച്ചു.
"അതെ..അതെന്നെ…
റാവൽപ്പിണ്ടി എക്സ്പ്രസ്... ഷോയബ് അക്തർ"
"ഓഹ് അവനെയൊക്കെ ബൗളറായിട്ടാരാ പരിഗണിക്കുന്നത്. എനിക്കാ ടീമിനെത്തന്നെ ഇഷ്ടമല്ല’’, സ്വതവേയുള്ള പുച്ഛം കലർത്തി മുന്ന പറഞ്ഞു.
"അരുണണ്ണാ, ശുഐബ് ആണോ ഷോയബ് ആണോ ശരി?", എന്തിനുമേതിനും സംശയമുള്ള ഡൌട്ട് വിനേഷ്പിള്ള ചോദിച്ചു.
"മനുഷ്യനല്ലേ പിള്ളേ, രണ്ടും ശരിയാ നിനക്ക് ഇഷ്ടമുള്ളത് വിളിച്ചോ’’, ചിരിച്ചുകൊണ്ട് അരുണണ്ണൻ പറഞ്ഞു.
അരുണണ്ണന് എല്ലാ ടീമിലെയും എല്ലാ ക്രിക്കറ്റ് കളിക്കാരെയും അറിയാം. ഇത്രയും കളിക്കാരെ ഇയാളിതെങ്ങനെ ഓർത്തുവയ്ക്കുന്നതെന്നാലോചിച്ചു ജിഷ്ണു അന്തംവിടാറുണ്ട്. ഷബ്‌നയും ഇതുപോലെയാണ് എല്ലാവരുടെയും പേരുകൾ അവൾക്കുമറിയാം.
"അരുണണ്ണാ ഞാൻ വീട്ടിൽ പൊയ്ക്കോട്ടേ, നല്ല ക്ഷീണം, നാളെ കാണാം", സോഡാവെള്ളം കൊണ്ട് മുഖം കഴുകി കുപ്പി പെട്ടിയിലേക്ക് കമഴ്ത്തിക്കൊണ്ട് ജിഷ്ണു പറഞ്ഞു.
"ഹാ… അക്തർ, വീട്ടിൽ പോയി വാർത്ത കേൾക്കു, തലവേദനയ്ക്ക് ഇച്ചിരി ആശ്വാസം കിട്ടും", ഗോൾഡ്‌ഫ്ളേക്ക് പുക മഴയിലേക്ക് പുകച്ചുവിട്ട് മുന്ന മുനവച്ചു കളിയാക്കി.
മുന്ന അവന്റെ അച്ഛനെ പോലെ ഇല്ലാത്ത പ്രശ്നം ഉണ്ടാക്കുന്നവനാണ്. നിസ്സാരകാര്യങ്ങളെപ്പോലും പെരുപ്പിച്ച് വലിയൊരു ലഹളവരെയുണ്ടാക്കാൻ ശക്തിയുള്ള വിഷവർഗ്ഗം.
"സമീറിക്കാ എന്റെ റെഗുലർ സിപ്പപ്പ് പൊതിഞ്ഞെടുത്തോ".
ഫൈനൽ ജയിച്ച് കപ്പ് നേടിയ സന്തോഷത്തിൽ പുതുമഴ നനഞ്ഞു തണുത്ത് വിറച്ച് ജിഷ്ണു വീട്ടിലേക്ക് നടന്നു. ചൂടേറ്റിയ ഹൃദയത്തിനുള്ളിൽ നേരിയതോതിൽ മഞ്ഞു വീഴുന്നതായി അവനു തോന്നി.

▮
ഉയിരേ ഉയിരേ
പരസ്പരം മനസ്സിലാക്കലാണ് ഏറ്റവും നല്ല രാഷ്ട്രീയം. അതിന്മേലാണ് സമാധാനവും സൗഹൃദവും വളരുന്നത്. ഒരാളുടെ ഇഷ്ടങ്ങളുടെയും അഭിപ്രായങ്ങളുടെയും സ്വാതന്ത്ര്യത്തെ എന്ന് മറ്റൊരാൾ വില കല്പിക്കുമോ അന്ന് ഈ ലോകം രക്ഷപ്പെടുമെന്ന് ജിഷ്ണുവിന്റെ അമ്മയെപ്പോലെ ഇടയ്ക്കിടയ്ക്ക് ഷബ്‌നയും പറയാറുണ്ട്. എന്നിട്ട് അവൾ എ ആർ റഹ്മാന്റെ "വെള്ളൈപ്പൂക്കൾ ഉലകം എങ്കും മലരവേ.." പാടും. ഓഹ് അത് കേൾക്കുമ്പോൾ ഉള്ളിക്കൂടി ഒരു തണുപ്പങ്ങ് പടരും.അമ്മയുടെ സ്വഭാവങ്ങൾ ഏറെക്കുറെയുള്ളതുകൊണ്ടാവാം ഷബ്‌നയുമായി താനിത്രയും അടുത്തതെന്ന് ജിഷ്ണുവിനറിയാം.
അവൾക്ക് തന്നേക്കാളും ലോകവിവരമുണ്ട്. ഓരോ വിഷയത്തെപ്പറ്റിയും ആധികാരികമായി സംസാരിക്കുന്നത് കേട്ടാൽ ഇവൾ ഇവിടെങ്ങും നിൽക്കേണ്ടവളല്ലെന്ന് തോന്നും. കളിയാക്കിയാണെങ്കിലും പലപ്പോഴും ജിഷ്ണു അവളോടത് പരസ്യമായി പറയും.
"എടീ, ഷബ്‌നെ, നീയിവിടെങ്ങും ജനിക്കേണ്ടവളല്ല, നീ ജനിക്കേണ്ടവളേയല്ല’’.
"അയ്യടാ അവന്റൊരു ചളി, ഓട്രാ’’.
"തമാശ വിട്, ഞാൻ കാര്യമായിട്ട് പറഞ്ഞതാടീ. നിനക്ക് ഞാൻ കണ്ട വേറെയാരെക്കാളും ലോകവിവരമുണ്ട്, അത് സത്യാടി".
"അതെനിക്കറിയാടാ ജിഷ്ണുമോനെ, പക്ഷെ സാഹചര്യമൊക്കെ എനിക്കെതിരാടാ… എന്നാലും നീ നോക്കിക്കോ ഒരിക്കൽ ഞാനിവിടം വിട്ട് പോകും, ഫേമസ് ആകും’’.
‘‘നിനക്ക് മലാലാ യൂസഫിനെ അറിയാമോ?"
"അതാരാ? എനിക്ക് യൂസഫ് പഠാനെ അറിയാം, ഇർഫാൻ പഠാന്റെ ബ്രോ".
"ഓഹ്, എന്ത് പറഞ്ഞാലും ക്രിക്കറ്റ്.. ക്രിക്കറ്റ്...."
"നിനക്കറിയാലോ ക്രിക്കറ്റ് ഈസ് മൈ ഉയിർ".
"ആഹ്... അതാടാ നല്ലത്. ലോകവിവരോം വിദ്യാഭ്യാസവും ഒക്കെ ഒരുപാട് കൂടിയാലും പ്രശ്നമാ. അങ്ങനെയുള്ളോരു തമ്മിലല്ലേ എപ്പോഴും അടിയും വഴക്കും യുദ്ധോം. ഒന്നും ഒത്തുതീർപ്പാക്കാൻ പറ്റില്ല. ഈഗോ വർക്കാകും. ഒരിക്കൽ പറഞ്ഞത് പിന്നെ തെറ്റിയാലും തിരുത്തില്ല, അതിൽ തൂങ്ങിപ്പിടിച്ചു വായിട്ടടിച്ചുകൊണ്ടേയിരിക്കും.
നീ നോക്കിക്കോ, ഒരിക്കൽ ഞാനീ ഭൂമിയുടെ മറയെല്ലാം വിട്ട് പോകും. മനുഷ്യരാരുമില്ലാത്ത പ്രപഞ്ചത്തിന്റെ ഏതേലും ഒരു കോണിൽ പോയി ഒറ്റയ്ക്ക് താമസിക്കും."
"ഉവ്വാ... ഒറ്റയ്ക്ക്.... നീ, ഹ്മ്മ്... നടന്നതുതന്നെ".
"നടക്കില്ലാന്ന് അറിയാടാ എന്നാലും ഒരാഗ്രഹം’’, എന്നിട്ടവൾ ഒരു ചിരി ചിരിക്കും. അതിൽ സന്തോഷവും കണ്ണീരും സ്നേഹവും സ്വപ്നവുമൊക്കെ അലിഞ്ഞലിഞ്ഞങ്ങനെ കിടക്കും.
"അപ്പൊ ഞാനോ, ഞാൻ വരേണ്ടേ?", ജിഷ്ണു അവളുടെ മുഖഭാവം ശ്രദ്ധിച്ച് ചോദിക്കും.
"കുറെ നാൾ കാണാതാവുമ്പോ നീയെന്നെ മറക്കുമെടാ. അതൊക്കെ അങ്ങനാണ്. ആഹ് പിന്നേ അത്രയ്ക്ക് ഇഷ്ടമാണെൽ പത്തിലു പഠിക്കുമ്പോ നിന്റെ ആറ് ബോളും ആറ് വഴിക്ക് സിക്സറടിച്ചു പറത്തിയ ഇമ്തിയാസിനെ നീ ഓർക്കുന്നില്ലേ.അതുപോലെ എന്നേം മരിക്കുംവരെ ഓർത്തുവച്ചോ’’, അവന്റെ ഭാവമാറ്റം ശ്രദ്ധിച്ചു ഷബ്‌ന കളിയാക്കി.
"അത് പിന്നെ അന്ന് എനിക്ക് പനിയല്ലേർന്നോ. പിറ്റേ ആഴ്ച എന്റെ ഫസ്റ്റ് ബോളിൽ തന്നെ അവനെ ക്രീസിൽ നിന്ന് തെറിപ്പിച്ച് വിട്ടില്ലേ’’, ജാള്യത മറച്ച് ഷബ്‌നയുടെ മുഖത്ത് നോക്കാതെ ജിഷ്ണു പറഞ്ഞു.
"ഹാ, എന്നാ മറന്നില്ലേൽ ലോകത്തെവിടെയായാലും നീയെന്നെ കാണാൻ വരണം’’.
സെന്റി ആകുന്നേനുമുന്നേ രണ്ടുപേരും വിഷയം ക്രിക്കറ്റിലേക്ക് തിരിക്കും. ക്യാരംബോളിനെയും ഓഫ് സ്പിന്നിനെയും ദിൽസ്കൂപ്പിനെയും ഹെലികോപ്റ്റർ ഷോട്ടിനേയുമൊക്കെപ്പറ്റി സംസാരിച്ചു സംസാരിച്ച്, ഒരു ലോകഇലവനെയങ്ങു പ്രഖ്യാപിക്കും. അവൻ ഷബ്‌നയോട് വെള്ളൈപ്പൂക്കൾ പാടാൻ പറയും. അവൾ അവനുവേണ്ടി പാടും.
തൈക്കാട്പുഴയും വൈദ്യൻകാവ് പാലവും കടന്ന് പാടത്തിനു നടുവിലൂടെ നടക്കുമ്പോൾ ഷബ്‌നയുടെ "ഹലോയ് ക്രിക്കറ്റ് ഉയിർ..." എന്നുള്ള വിളി പിന്നാലെ എപ്പോഴും കൂടാറുണ്ട്. വളവോ തിരിവോ എത്തുമ്പോ അപ്രതീക്ഷിതമായി മുന്നിലേക്ക് ചാടിയോ പേടിപ്പിച്ചോ ആയിരിക്കും അവൾ പ്രത്യക്ഷപ്പെടുക. ഉയിര് പോകും. ഒരു നിമിഷം മരിച്ചു പോയെന്നു തോന്നും.
യൂട്യൂബിൽ സെർച്ച് ചെയ്ത് ക്രിക്കറ്റ് വീഡിയോസ് കണ്ട് നടക്കുന്ന കൂട്ടത്തിൽ ഒരു സിപ്പപ്പ് അവൾക്ക് നീട്ടും. ഒരെണ്ണം അമ്മയ്ക്ക് വേണ്ടി മാറ്റിവയ്ക്കും. അവൾ കുടിച്ചിട്ട് പാതി ജിഷ്ണുവിന് കൊടുക്കും. അവൻ ചിരിയോടെ അത് വാങ്ങി കുടിക്കും.
"എടീ നീയിങ്ങനെ എന്നെ പേടിപ്പിക്കരുത്. എന്റെ ഉയിര് മേലോട്ടെടുക്കും".
"അങ്ങനാണേൽ നിനക്കെന്റെ ഉയിര് ഞാനങ്ങട്ട് തരും, കേട്ടോടാ."
ബാക്കി ചിരിച്ചുകൊണ്ട് അവൻ പൂരിപ്പിക്കും. അത് കേട്ട് അവളും ചിരിച്ച് അവനോടൊപ്പം നടക്കും.
അവളില്ലാത്തതിൽപ്പിന്നെ മൊത്തം മുഷിച്ചിലാണ്. ആകെ സമയം പോകുന്നതും സന്തോഷിക്കുന്നതും ക്രിക്കറ്റ് കളിക്കുമ്പോഴാണ്. ശരിക്കും ഇന്നത്തെ ഫൈനൽ കാണാൻ അവളൂടി ഉണ്ടാകേണ്ടതായിരുന്നു. ജിഷ്ണു ഓർത്തു.
ഷബ്‌ന സ്ഥിരമായി പറയുന്നപോലെ ആത്മാർത്ഥമായി ഒരു കാര്യം ആഗ്രഹിച്ച് ശ്രമിച്ചുകൊണ്ടേയിരുന്നാൽ ഒരിക്കൽ അത് കിട്ടും.ലോകത്ത് ഏറ്റവുമധികം ആൾക്കാർ വായിച്ച പുസ്തകങ്ങളിൽ ഒന്നായ ആൽക്കമിസ്റ്റ് വായിക്കണമെന്ന് എപ്പോഴും അവൾ ജിഷ്ണുവിനോട് പറയും. ബാലരമയും കളിക്കുടുക്കയും തന്ന വായനാസുഖമൊന്നും ഒരു ബുക്കും തന്നിട്ടില്ലെന്ന് വാദിച്ച് അവനവളോട് തർക്കിക്കും. ഇടയ്ക്കിടയ്ക്ക് കഥയും കവിതയുമൊക്കെ എഴുതുന്ന ഷബ്‌നയുടെ കൈവശം ധാരാളം പുസ്തകങ്ങളുണ്ട്.അതിൽ നിന്ന് ജിഷ്ണുവിനിഷ്ടപ്പെടുന്നത് സെലക്ട് ചെയ്തു അവനെ ഇടക്കിടക്ക് അവൾ വായിക്കാൻ പ്രേരിപ്പിക്കും.
"എടീ, നീയീ കഥയും കവിതയുമൊയൊക്കെ ഇടയ്ക്ക് എഴുതുന്നതല്ലേ, ഞാനൊരു ഫ്രീ അഡ്വൈസ് തരാം, ഫീസൊന്നും വേണ്ടാ. ജീവിതത്തേക്കാൾ... നമ്മൾ കാണുന്ന ആൾക്കാരെക്കാൾ... വലിയ പുസ്തകവും കഥാപാത്രങ്ങളും വേറൊന്നുമില്ലെടി"യെന്ന കട്ടി ഫിലോസഫി പറയുമ്പോൾ ഷബ്‌ന വായും തുറന്ന് അമ്പരന്ന് ജിഷ്ണുവിനെ തന്നെ നോക്കി നിൽക്കും.
"എന്നാലും... എടാ മോനെ.... നീ ഞാൻ കരുതിയപോലൊന്നും അല്ലാല്ലോടാ ക്രിക്കറ്റ് ഉയിരേ?"
"ഉയിരേന്ന് തന്നല്ലേ വിളിച്ചേ?"
ജിഷ്ണു ചിരിച്ചുകൊണ്ട് കണ്ണിറുക്കും.

▮
കണ്ണാളനേ
സമീറിക്കയുടെ കടയിൽനിന്ന് വീട്ടിലേക്ക് നടന്നുകൊണ്ടിരിക്കെ പാടം കഴിഞ്ഞുള്ള തേരി കേറുമ്പോൾ വളവ് തിരിഞ്ഞു മുന്നയുടെ അച്ഛൻ ബൈക്കിൽ ജിഷ്ണുവിന്റെ മുന്നിലേക്ക് വന്നു കേറി.അയാളെ ആ ബൈക്കിലല്ലാതെ നാട്ടിലാരും കണ്ടിട്ടില്ല.അയാളുണ്ടാക്കുന്ന നാട്ടിലെ എല്ലാ കുഴിത്തുരുമ്പ് പ്രശ്നപരിപാടികളും ആ ബൈക്കിലിരുന്നാണ്. വളവു തിരിഞ്ഞു വന്ന ജിഷ്‌ണുവിനെ നോക്കി അയാളൊരു തെറി വിളിച്ചു: "കണ്ടവൾമാരെ ആലോചിച്ചു നടക്കാതെ റോഡ് നോക്കി പോടാ".
കേട്ടഭാവം നടിക്കാതെ, അയാളുടെ മുഖത്തേക്ക് പോലും നോക്കാതെ... വെട്ടിത്തിരിഞ്ഞു ഫോണിലേക്ക് നോക്കി അതിൽ അക്തർ എന്ന് സെർച്ച് ചെയ്ത് വീഡിയോസും കണ്ടു അവൻ നടന്നു. സച്ചിനും അക്തറും തമ്മിലേറുന്ന വീഡിയോസ് റിപ്പീറ്റടിച്ച് കണ്ടുകൊണ്ടേയിരുന്നു.
അരുണണ്ണൻ പറഞ്ഞ അക്തർ എന്ന പേര് താൻ മുൻപ് കേട്ടത് ഷബ്‌നയുടെ അടുത്തുനിന്നു തന്നെയാണെന്ന് ജിഷ്ണു ഓർത്തെടുത്തു.ക്രിക്കറ്റ് പ്രാന്തിയായ ഷബ്‌നയും അരുണണ്ണന്റെ തനി പകർപ്പാണ്. എല്ലാ ക്രിക്കറ്റ് ടീമും എല്ലാ കളിക്കാരും അവൾക്കും മനഃപാഠമാണ്. അവളുടെ മാമയും ഫാമിലിയും പാകിസ്ഥാനിലെ റാവൽപ്പിണ്ടിയിലാണ് താമസിക്കുന്നത്. അവിടെ നിന്ന് കസിൻസ് ഇടയ്ക്ക് നാട്ടിലേക്ക് വരുമ്പോൾ എല്ലാരും കൂടി കുളവും പാടവും പുഴയുമൊക്കെ കാണാനിറങ്ങും. അവരെ വഴി തെളിയ്ക്കുന്നത് ജിഷ്ണുവായിരിക്കും. അന്നാദ്യം അവരെ കാണുമ്പോൾ ഷബ്‌ന പരിചയപ്പെടുത്തിയത് റാവൽപ്പിണ്ടി എക്സ്പ്രസ് അക്തറിന്റെ അയൽക്കാരാണെന്നാണ്.
വീഡിയോസ് കണ്ടു നടന്നുപോകുന്ന ജിഷ്ണുവിന്റെ കണ്ണിനുള്ളിലെ കണ്ണാടിയിൽ സച്ചിനും അക്തറും ക്രിക്കറ്റ് പ്രതിബിംബങ്ങളെ എറിഞ്ഞും ബാറ്റ് വീശിയും ഉടച്ചുകൊണ്ടേയിരുന്നു.
അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ തിരുവോണത്തിന് തലേന്നാണ് ജിഷ്ണു കണ്ണൻസ് തീയേറ്ററിൽ വച്ച് ഷബ്‌നയെ ആദ്യമായി കാണുന്നത്. തിയേറ്റർ ഉടമ കണ്ണൻ മാമൻ നാട്ടിലെ പ്രധാന ബിസിനസുകാരനും പാർട്ടിപ്രവർത്തകനുമായിരുന്നു.ക്ലബ്ബിലെ ചർച്ചകൾക്കിടയിലും മറ്റ് പ്രോഗ്രാമുകളിലും സിനിമയും രാഷ്ട്രീയവും മിക്സ് ചെയ്തു രസകരമായി പ്രസംഗിക്കുന്ന കണ്ണൻ മാമൻ നാട്ടുകാരുടെയെല്ലാം അറ്റകമ്പനിയാണ്. പ്രശ്നങ്ങളുണ്ടായാൽ ഉടൻ അവിടെത്തി എല്ലാം പരിഹരിക്കാൻ അങ്ങേർക്കുള്ള പാടവം എല്ലാ നേതാക്കന്മാരും കണ്ടു പഠിക്കേണ്ടതാണ്. അയാളുടെ നേതൃത്വത്തിൽ സ്ഥാപിച്ച തീയേറ്ററിന്റെ പ്രൊപ്പൈറ്റർ ഷബ്‌നയുടെ ഉപ്പയായിരുന്നു.തമിഴ്നാട്ടിൽ കണ്ണൻ മാമനും ഷബ്‌നയുടെ ഉപ്പയും കുറേക്കാലം ഒരുമിച്ചുണ്ടായിരുന്നു.
തിയേറ്റർ ഉദ്ഘാടനത്തിന്റന്ന് ഫ്രീയായി സിനിമ കാണാമെന്ന് പറഞ്ഞ് നിർബന്ധിച്ചു ജിഷ്ണുവിനെ കൂട്ടിക്കൊണ്ടുപ്പോയത് കൂട്ടുകാരൻ ആഷിക്കാണ്. അവന്റെ വീടിനടുത്താണ് ഷബ്‌നയുടെ വീട്. തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് കുടിയേറിയവരാണ് അവരുടെ കുടുംബം.ഷബ്‌നയുടെ ജനനം മുതൽ കുറെക്കാലം അവർ പാലക്കാട് താമസിച്ചിരുന്നു.
അവളുടെ ഉപ്പ സിനിമയിൽ പ്രൊഡക്ഷൻ കൺട്രോളറുടെ അസിസ്റ്റന്റ് ആയിരുന്നു. മണിരത്നത്തിന്റെ കൂടെയൊക്കെ വർക്ക് ചെയ്തിട്ടുണ്ടെന്ന് വളരെ വൈകിയാണ് നാട്ടുകാർ അറിഞ്ഞത്. പല്ലവി അനുപല്ലവി മുതൽ കന്നത്തിൽ മുത്തമിട്ടാൽ വരെ അവരൊരുമിച്ച് വർക്ക് ചെയ്തിട്ടുണ്ട്. ജി. വെങ്കിഡേശ്വരന്റെ ക്ലോസ് ഫ്രണ്ടായിരുന്നു ഉപ്പയെന്ന് ഇടയ്ക്കിടയ്ക്ക് അവൾ പറയാറുണ്ടായിരുന്നു. മണിരത്നവും റഹ്‌മാനുമൊക്കെ ഇടയ്ക്കിടക്ക് അവളുടെ വർത്തമാനത്തിൽ കേറിവരും. സംസാരത്തിൽ അവൾക്ക് തമിഴ്നെക്കാൾ വഴങ്ങുന്നതും മലയാളമാണ്. പക്ഷെ സിനിമയും പാട്ടും സംസാരവിഷയമാകുമ്പോൾ അവളൊരു പക്കാ തമിഴത്തിയായി മാറും.
"നിനക്ക് തമിഴാണോ മലയാളമാണോ ഏറ്റവും ഇഷ്ടം?", ജിഷ്ണു ചോദിക്കുമ്പോൾ അവൾ കണ്ണിറുക്കി മറുചോദ്യം എറിയും.
"നിനക്ക് എന്നെയാണോ നിന്റെ മാതാശ്രീയെയാണോ ഏറ്റവും ഇഷ്ടം?"
ഒരു നിമിഷം ആശയക്കുഴപ്പത്തിന്റെ ശബ്ദവും നിശ്ശബ്ദവുമായ റഹ്മാനീയൻ സംഗീതങ്ങൾ ഇരുവർക്കുമിടയിൽ നിറഞ്ഞുനിൽക്കും. പിന്നീട് രണ്ടും ഇഷ്ടമാണെന്ന് ഒരുമിച്ചൊരു തീരുമാനത്തിൽ രണ്ടാളുമെത്തും.
കൂട്ടുകാരനായ കണ്ണനെ കാണാൻ വരുമ്പോൾ അവളുടെ ഉപ്പയ്ക്കും കുടുംബത്തിനും ആകെ ഉണ്ടായിരുന്ന സമ്പാദ്യം ഒരു വെളുത്ത അമ്പാസിഡർ കാറാണ്. സൗണ്ട് ബോക്സും റഹ്മാന്റെ ഫാസ്റ്റ് നമ്പർ പാട്ടുകളും തോരണങ്ങൾ കെട്ടിവച്ച കാറും കണ്ണൻസ് തിയേറ്ററിലോടുന്ന സിനിമകളുടെ പല നിറങ്ങളിലുള്ള പഴയ നോട്ടീസുകളും ഓർമ്മകളിലേക്ക് പറന്നെത്തിയപ്പോഴേക്കും ജിഷ്ണു മഴ നനഞ്ഞു കാണിക്കവഞ്ചി കടന്നിരുന്നു.
▮
കാതൽ റോജാവേ
കാണിക്കവഞ്ചിയുടെ പിന്നിലെ റോസാച്ചെടി കൂട്ടത്തിനരികിലൂടെ നടന്നു വീട്ടിലേക്ക് പോകുമ്പോൾ ജിഷ്ണുവിന്റെയുള്ളിൽ ഓർമ്മകളുടെ മുള്ളുരഞ്ഞു രക്തം കിനിയും.കസിൻസ് നാട്ടിൽ വരുമ്പോഴെല്ലാം ഷബ്‌ന ജിഷ്ണുവിനെ വിളിക്കും.നാടായ നാടുമുഴുവൻ അവരലഞ്ഞുതിരിഞ്ഞു നടക്കും. കാഴ്ചകൾ കണ്ടു ലോകത്തിലൊരു സ്വർഗ്ഗമുണ്ടെങ്കിൽ അതീ നാടാണെന്ന് കസിൻസ് പറയുന്നത് കേട്ട് ജിഷ്ണുവും ഷബ്‌നയും നിർവികാരരായി നിൽക്കും.
അങ്ങനെ ഒരു വേനലവധിക്ക് എല്ലാരും കൂടി കാണിക്കവഞ്ചി വഴി നടന്നുപോകുമ്പോൾ ജിഷ്ണു ഒരു നാണയം പ്രാർത്ഥിച്ചുകൊണ്ടു അതിലേക്കിട്ടു. പെട്ടെന്ന് കൂട്ടത്തിൽ പ്രായം കുറഞ്ഞ ഷബ്‌നയുടെ കസിൻ പാത്തുവിന് ഒരാഗ്രഹം. അതുപോലെ അവൾക്കും നാണയം ഇടണം. ജിഷ്ണു പോക്കറ്റിൽ നിന്നൊരു നാണയമെടുത്തപ്പോൾ ഷബ്‌ന തടഞ്ഞു.
"വേണ്ടെടാ... ആരേലും കണ്ടാൽ.... ഇനിയില്ലാത്ത പുകിലുകളൊക്കെയുണ്ടാവും".
"ഒരു നാണയം കാണിക്കവഞ്ചിയിൽ ഇടുന്നതിനെന്താ ഒരു കുഴപ്പോം ഇല്ല... ഇതാ പിടിക്ക്...എന്തേലും ആഗ്രഹിച്ചു നീയിതിട് പാത്തുക്കുട്ടീ’’.
"ജിഷ്ണു ചേട്ടനും ഷബ്‌ന ഇത്തായും കല്യാണം കഴിക്കണേ... എന്നിട്ട് ജീവിതാവസാനം വരെ ഈ നാട്ടിൽ അടിച്ചുപൊളിച്ചു ജീവിക്കണേ".
ഒരു റോസാപ്പൂ പറിച്ചു അവൾ കാണിക്കവഞ്ചിയ്ക്ക് മുകളിൽ വച്ചു. എന്നിട്ട് മലയാളവും തമിഴും ഉറുദുവും ഇംഗ്ലീഷുമെല്ലാം ഇടകലർന്ന കുഞ്ഞുമനസ്സിന്റെ ഭാഷ നിറഞ്ഞ് പ്രാർത്ഥിച്ചുകൊണ്ടു നാണയം കാണിക്കവഞ്ചിയിലേക്ക് ഇട്ടതും മുന്നയുടെ അച്ഛൻ അതുവഴി ബൈക്കിലെത്തി. ജിഷ്ണുവിനെയും ഷബ്‌നയെയും കുറെനേരം നോക്കി ഒന്നുഴപ്പിച്ചിട്ടാണ് അയാൾ അവരെയും കടന്നുപോയത്.
വൈകുന്നേരമായപ്പോൾ നാട്ടിൽ വേണ്ടാത്ത പുക്കാറെല്ലാമുണ്ടായി. കാണിക്കവഞ്ചിയിൽ നാണയം ഇട്ടത് വ്രണപ്പെട്ട ഒരു കൂട്ടം ആളുകൾ ചേരിതിരിഞ്ഞു ജിഷ്ണുവിന്റെയും ഷബ്‌നയുടെയും വീട്ടിലെത്തി അടിയും വഴക്കുമുണ്ടാക്കി.ആൾക്കൂട്ടത്തിനിടയിൽ നിന്ന് ജിഷ്ണുവിനെ പിടിച്ചുമാറ്റുന്നതിനിടയിൽ താഴെ വീണു അവന്റെ അമ്മയുടെ കൈ ഒടിഞ്ഞു. ഷബ്നയുടെ ഉപ്പയുടെ കാർ ഒരു സംഘം അടിച്ചു താറുമാറാക്കി. കണ്ണൻസ് തിയേറ്ററിന് നേരെ കല്ലേറുണ്ടായി. കുറച്ചു നാട്ടുകാർ തമ്മിൽ നിരന്തരമായ അടിയും വഴക്കും.
നിസ്സാരകാര്യങ്ങൾക്കുവേണ്ടി വ്രണപ്പെടുന്നവരുടെ ചൊറിച്ചിൽ മാറ്റാൻ നാട്ടിൽ പുതിയൊരു ആശുപത്രി പണിയണമെന്ന തമാശവാർത്തയോടെയാണ് സംഭവങ്ങൾക്കെല്ലാം ഒരവസാനമുണ്ടായത്. വിസ്ഫോടനശേഷം ശാന്തമായി ചലിച്ചു കൊണ്ടിരിക്കുന്ന പ്രപഞ്ചവും ഗ്രഹങ്ങളും അത് തുടർന്നുകൊണ്ടേയിരുന്നു.
കാണിക്കവഞ്ചിയ്ക്ക് സമീപമുള്ള റോസാപ്പൂക്കൾ ചെഞ്ചുവപ്പിൽ രക്തം കിനിഞ്ഞ് പൂത്തുവിടർന്നുകൊണ്ടേയിരുന്നു.
▮
വെള്ളൈ പൂക്കൾ
"നീ പറയാറില്ലേ, ഞാനിവിടെങ്ങും നിൽക്കേണ്ടവൾ അല്ലെന്ന്. എന്നെ റാവൽപ്പിണ്ടിയിലേക്ക് പറഞ്ഞുവിടുകയാണെടാ. മാമാന്റെ ഫാമിലി അവിടല്ലേ. ഇനിയെന്ന് തിരിച്ചു വരുമെന്നൊന്നും അറിയില്ല. എന്നെ കാണാതാവുമ്പോ നീയെന്നെ മറക്കുവോ? എന്നേലും നീയെന്നെ കാണാൻ വരുമോടാ?".
നാട്ടിലെ കലാപത്തിനെല്ലാം ഒടുവിൽ അവസാനം കണ്ടപ്പോൾ ഷബ്‌ന അവനോട് യാത്ര ചോദിച്ചത് അത്രയുമാണ്.
പഴയ ബാലരമകളോടൊപ്പം കിട്ടിയ സച്ചിന്റെയും അക്തറിന്റെയും ട്രമ്പ് കാർഡുകളും കൈയ്യിൽ സൂക്ഷിച്ചിരുന്ന ചെത്സന്റെ ഒരു പന്തും പൊറ്റക്കാടിന്റെ മൂടുപടവും ബഷീറിന്റെ പ്രേമലേഖനവും പുസ്തകങ്ങൾ അവനെ ഏൽപ്പിച്ച് അവൾ യാത്ര പറഞ്ഞു.
ജിഷ്ണു മറുപടിയൊന്നും പറഞ്ഞില്ല. അവന്റെ മനസ്സിൽ ലാസ്റ്റ് ബോൾ എറിയാൻ തയ്യറെടുക്കുന്ന ബൗളറുടെ നിശബ്ദസംഗീതം തുളുമ്പിനിന്നു.
അവൾക്കെന്നെ ഇഷ്ടമായിരുന്നോ, അറിയില്ല. പുസ്തകങ്ങളും ക്രിക്കറ്റും ഇഷ്ടമായിരുന്നു. സച്ചിനേയും അക്തറിനെയും ഇഷ്ടമായിരുന്നു, മണിരത്നത്തിന്റെ സിനിമകളും റഹ്മാന്റെ പാട്ടുകളുമിഷ്ടമായിരുന്നു, അതിൽ മതിമറന്നു മഴയത്തും മഞ്ഞിലും നൃത്തം ചെയ്യാനിഷ്ടമായിരുന്നു.
വർണ്ണപ്പമ്പരമായി കാലം കറങ്ങി കറങ്ങി നിറങ്ങളെല്ലാം വെള്ളയായി മാറുമെന്ന് ജിഷ്ണു ഉറച്ച് വിശ്വസിച്ചിരുന്നു. പിന്നീട് ടിവിയിൽ ക്രിക്കറ്റ് കളിയ്ക്കിടയിൽ അക്തറും സച്ചിനും തമ്മിലേറുമ്പോൾ അവൻ അവിടെനിന്നു എണീറ്റു പോകും. അക്തറിനെ അവനിഷ്ടമാണ് അതുപോലെ സച്ചിനേയും. സച്ചിന്റെ വിക്കറ്റ് അക്തറിനു കിട്ടില്ലെന്ന് അവൻ പ്രാർത്ഥിക്കും. സച്ചിൻ അക്തറിന്റെ ബോളുകൾ അടിച്ചു സിക്സർ പായിക്കല്ലേന്നും.
ജിഷ്ണു കാണിക്കവഞ്ചിയും തോടും കടന്ന് വീടെത്തി കൈയ്യിൽ സൂക്ഷിച്ച സിപ്പപ്പ് അമ്മയ്ക്ക് നൽകി.ഹാളിൽ ടിവി ഓണായി കിടക്കുകയാണ്. ക്രിക്കറ്റ് കമന്ററി പോലെ യുദ്ധവാർത്തകൾ ന്യൂസ് ചാനലുകാർ ശ്വാസം വിടാതെ ആവർത്തിക്കുന്നു. അതിലെവിടെയെങ്കിലും റാവൽപ്പിണ്ടി വരുന്നുണ്ടോ...?
ഷബ്ന ഇപ്പോൾ എവിടായിരിക്കും?ചെവിയ്ക്കുള്ളിൽ സ്റ്റേഡിയത്തിന്റെ കളിയിരമ്പം. ടി വി ഓഫ് ചെയ്ത് പേഴ്സിനുള്ളിൽ ചേർന്നിരിക്കുന്ന അക്തറിന്റെയും സച്ചിന്റെയും കാർഡുകൾ കൈയ്യിൽ എടുത്ത് അതിലേക്ക് മാറിമാറി നോക്കി, ജിഷ്ണു കട്ടിലിലേക്ക് ചരിഞ്ഞുകിടന്നു, ഉറക്കത്തിലേക്ക് വീണു.

അവന്റെ ഉള്ളിലൊരു വേൾഡ്കപ്പ് ഫൈനൽ സംജാതമാകുകയാണ്. അക്തറും സച്ചിനും നേർക്കുനേർ. ബൗണ്ടറിയ്ക്കടുത്തു നിന്നും ഓടിയടുക്കുന്ന അക്തർ, ക്രീസിൽ എം ആർ എഫ് ബാറ്റുമായി നിൽക്കുന്ന സച്ചിൻ. മനസ്സുനിറയെ വെള്ളിമേഘങ്ങൾ ദൂരെനിന്നും പന്തുകളായി വേഗത്തിൽ പറന്നുവരുന്നു.
അതിവേഗം ഓടിയെത്തിയ അക്തർ സച്ചിനെ നോക്കി പുഞ്ചിരിച്ചുകൊണ്ട് പന്ത് എറിഞ്ഞു. പതിവിലും വേഗത കുറഞ്ഞ ഒരു സ്ലോ ബോൾ. സച്ചിനും ചിരിച്ചുകൊണ്ട് ബാറ്റ് വീശി.തൂവെള്ളപ്പന്ത് ഞൊടിയിടയിൽ കോടാനുകോടി വെള്ളപൂക്കളായി വിടർന്നു ചിതറി അതിർത്തികൾ കടന്നു.
വെള്ളൈപൂക്കൾ ഉലകം എങ്കും മലരവേ...
