ചിത്രീകരണം: കെ. പി. മുരളീധരൻ

കുഞ്ഞുമേരിയും റൂമിയും

കുഞ്ഞുമേരി അലറിക്കരഞ്ഞു.
ഒരുമഴ അതിന്റെ ജീവിതകാലം പൂർത്തിയാക്കുന്നതുപോലെ.
ആദ്യംചാറ്റലായി... പിന്നെശാന്തമായി...
ഏറ്റവുമൊടുക്കം അതിന്റെ സകലമാനതീവ്രതയും പ്രകടമാക്കും വിധം ആർത്തലച്ച്...

അത്രമാത്രം ഭീകരമായൊരലറിക്കരച്ചിലിന്റെ അങ്ങേത്തലപ്പിൽ, അവർക്ക് തന്നത്തന്നെ നഷ്ടപ്പെടുന്നതു പോലെ തോന്നി. ഒച്ചയെമ്പാടും വറ്റിവരണ്ടെന്ന മാത്രയിൽ, തൊണ്ടപൊട്ടാതിരിക്കാനുള്ള മുൻകരുതലെന്നോണം ഇരുകൈകളും തൊണ്ടക്കുഴിയോട് പറ്റിച്ച് വച്ച് കുഞ്ഞുമേരി ഒച്ചയില്ലാതെ തേങ്ങി.
​താൻ ജീവിച്ചു കൊണ്ടിരിക്കുന്നതിന്റെ കാരണമായ ഒരേയൊരു വികാരത്തെ തന്നിൽനിന്നുമാരോ പറിച്ചെടുത്തതുപോലെ അവരുടെ ഉള്ളം വിങ്ങി. കുഞ്ഞുമേരി അനക്കമില്ലാതെ കിടക്കുന്ന റൂമിയെ കയ്യിലെടുത്തു.
​ഏറ്റവുമവസാനമായി കുഞ്ഞുമേരി റൂമിയെ ചുണ്ടോട് ചേർത്തു. അവളുടെ നെറ്റിയിൽ കുഞ്ഞു കണ്ണുകളിൽ ഇത്തിരിപ്പോന്ന ചുണ്ടിൽ, രോമാവൃതമായ കഴുത്തിൽ, ചുവന്ന മുലഞെട്ടിൽ ഹൃദയത്തിലേക്കെന്നവണ്ണം അവളുടെ നെഞ്ചിൽ അവർ റൂമിയെ ഉമ്മകൾ കൊണ്ട് പൊതിഞ്ഞു. ഭയവും അറപ്പും കൂടികുഴഞ്ഞൊരീർഷ്യയോടെ അന്ന കുഞ്ഞുമേരിയുടെ കൈവണ്ണയിലിറുക്കി പിടിച്ച് അവരെ എഴുന്നേൽപ്പിക്കാൻ ശ്രമിച്ചു.

""അവർടെ പിരിയെളകി കെടക്കാണ്'' , വലിച്ചുകൊണ്ടിരിക്കുന്ന സിഗരറ്റ് പൊടുന്നനെ നിലത്തിട്ട് ചവിട്ടി അലക്‌സി കുഞ്ഞുമേരിയെ നോക്കി പല്ലിറുക്കി.
അവശേഷിക്കുന്ന വിങ്ങലും വേദനയും പ്രകടമാക്കാനാകാത്ത വിധം കുഴഞ്ഞവശയായി കുഞ്ഞുമേരി തണുത്ത നിലത്തേക്ക് തളർന്നുവീണു. റൂമിയെ മാറോട് ചേർത്ത് വച്ചുകൊണ്ടുതന്നെ കുഞ്ഞുമേരി മയങ്ങി.

നാം തളർന്നു വീണതോ തകർന്നു പോയതോ അവരറിയണ്ട. നാം വരാനിരിക്കുന്ന വസന്തത്തെ വരവേൽക്കാനായി പഴയ ഇലകൾ പൊഴിക്കുകയാണെന്ന് അവർ ധരിച്ചുകൊള്ളട്ടെ

അമ്മിണി ടീച്ചർ റൂമിയുടെ കവിത ചൊല്ലുമ്പോൾ പത്താം തരത്തിലെ
ഏറ്റവുമവസാനബെഞ്ചിൽ ജനലോരത്തെയിരുപ്പിടത്തിൽ, പുറത്തെ ഞാവൽമരത്തിലേക്ക് കണ്ണുനട്ടിരിക്കുകയായിരുന്നു കുഞ്ഞുമേരി. കണ്ണുകളൊരിടത്ത് ഉറച്ച് നിൽക്കാറില്ലേലും അമ്മിണിടീച്ചർ പറയുന്നതോരോന്നും കുഞ്ഞുമേരി ശ്രദ്ധിച്ചുകേൾക്കാറുണ്ട്.

ടീച്ചറോടവൾക്ക് ഇഷ്ടമുണ്ട്.ആരാധനയുണ്ട്. താൻ അപ്പനെ കണ്ടിട്ടില്ലെന്നും താൻ ജനിക്കും മുമ്പേ തന്നെയും അമ്മച്ചിയേയുമുപേക്ഷിച്ചു പോയതാണ് അപ്പനെന്നും പറഞ്ഞപ്പോൾ മറ്റാരെയും പോലെ അടക്കിപിടിച്ച സങ്കടത്തോടെയും തുറന്നുവച്ച സഹതാപത്തോടെയും തന്നെ നോക്കിയിട്ടില്ലാത്ത ഒരേയൊരാള് അമ്മിണിടീച്ചറാണ്. അന്ന് വിടർന്ന ചിരിയാലെതന്നെ തന്റെ മുതുകിൽ തട്ടി ""കുഞ്ഞുമേരി ഇരിക്കൂ ട്ടോ'' എന്ന് പറഞ്ഞപ്പൊ മുതൽ പെരുകി വന്ന സ്‌നേഹമാണ് അമ്മിണിടീച്ചറോട്. മാത്രമല്ല,
""സ്‌നേഹത്തിൽ നിന്നുദിക്കുന്നു ലോകം സ്‌നേഹത്താൽ വൃദ്ധി നേടുന്നു'' എന്ന് കുമാരനാശാനാണ് പറഞ്ഞതെന്ന് പറഞ്ഞുതന്നതും അമ്മിണിടീച്ചറാണ്. ടീച്ചർക്ക് സ്‌നേഹത്തെക്കുറിച്ച് എന്തോരം കവിതകളറിയാമെന്നോ!

ടീച്ചർടെ മഞ്ഞുപോലത്തെ ഒച്ചയിൽ കവിത ചൊല്ലുമ്പോൾ തൊട്ടപ്പുറത്തെ കടേലെ ആയിഷുമ്മ ഐസുപാത്രത്തീന്നെടുത്തു തരണ പാലൈസ് നുണയും പോലൊരനുഭൂതിയാണ്. ഉടലാകെയൊരു കുളിര്. ടീച്ചർക്ക് തന്നോട് പ്രത്യേകമായൊരു സ്‌നേഹമുണ്ട് എന്നുതന്നെയാണ് കുഞ്ഞുമേരിയുടെ ധാരണ. താൻ വല്ലാതെ സ്‌നേഹിക്കപ്പെടുന്നുവെന്ന് തോന്നുമ്പോളുണ്ടാകുന്നൊരു ധൈര്യമില്ലേ..? ടീച്ചറടുത്തുള്ളപ്പോഴെല്ലാം ആ ധൈര്യമാണ് കുഞ്ഞുമേരിക്ക്. അതുകൊണ്ടുതന്നെ അവൾ അമ്മിണിടീച്ചറോടെന്തും ചോദിക്കും. ടീച്ചറുടെ ക്ലാസ്സിലെന്തും വിളിച്ചുപറയും.

ഞാവൽമരത്തീന്ന് കണ്ണെടുക്കാതെ തന്നെ കുഞ്ഞുമേരി ചോദിച്ചു.""റൂമി ആരാണ് ടീച്ചറേ...?''
ഉടനടി ഉത്തരം വന്നു: ""നൂറ്റാണ്ടുകൾക്ക് മുന്നേ ജീവിച്ചിരുന്നൊരു കവിയാണ് റൂമി. അദ്ദേഹമൊരു സൂഫിയായിരുന്നു.''
അവൾ ഞാവൽമരത്തീന്ന് ടീച്ചറിലേക്ക് കണ്ണുവെട്ടിച്ചു. നിരാശമാത്രമല്ല സ്‌നേഹവും പ്രേമവുമെല്ലാം റൂമിയുടെ കവിതകളിലുണ്ട്.

""ഞാനാരാണെന്നെനിക്കറിയാമെന്നു ഞാൻ കരുതി, നീയാണു ഞാനെന്നും ഞാനറിഞ്ഞില്ല'' എന്ന വരികളൊക്കെയും റൂമിയുടേതാണ്.
ആ വരികൾ കേട്ടതും കുഞ്ഞുമേരിക്കുള്ളിലൊരു മഴ ചാറി. അന്നു മുഴുനീളെ അവൾ ആ വരികളോർത്തോർത്ത് നടന്നു.

സ്‌കൂളിൽ നിന്ന് വീട്ടിലേക്ക് നടക്കുമ്പൊഴെല്ലാം കുഞ്ഞുമേരി റൂമിയെ പറ്റിയോർക്കുകയായിരുന്നു.""സൂഫിയെന്നുവച്ചാൽ....?'' സൂഫിയോ സോഫിയോ എന്തെങ്കിലുമാകട്ടെ സ്‌നേഹത്തെക്കുറിച്ച് കൊറേ എഴുതിയ മനുഷ്യനാണ്. അയാൾക്ക് കൊറേ സ്‌നേഹം കിട്ടിയിരുന്നിരിക്കണം...അയാൾ കുറെപേരെ സ്‌നേഹിച്ചിരുന്നിരിക്കണം. അല്ലെങ്കിൽ സ്‌നേഹത്തെക്കുറിച്ചൊക്കെ എഴുതാനൊക്കുമോ...! ""ഞാനാരാണെന്നെനിക്കറിയാമെന്നു ഞാൻ കരുതി, നീയാണ് ഞാനെന്നും ഞാനറിഞ്ഞില്ല...''

പതിവുപോലെ ആയിഷുമ്മാന്റെ കടേന്ന് വാങ്ങിയ പത്തിരിപൊതി മൂക്കിൻ തുമ്പിലേക്കടുക്കിവച്ച് നടക്കുകയാണ് ലില്ലിക്കുട്ടി. ലില്ലിക്കുട്ടിയുടെ ശ്രദ്ധ തിരിക്കാനായി കുഞ്ഞുമേരി അവളെയൊന്ന് തോണ്ടി.""എന്തോന്നാടീ..'' ലില്ലിക്കുട്ടി മുറുമുറുത്തു.""എടിയേ... നീയാണു ഞാനെന്ന് ഞാൻ അറിഞ്ഞില്ല പോലും...അതെങ്ങനാടീ..വല്ല ബാധേം കേറീട്ടാവ്വോ...? അങ്ങനെപറഞ്ഞാലെന്തോന്നാ...'' അംബുജാക്ഷി ടീച്ചർ ഉത്തരായനരേഖയും ദക്ഷിണായനരേഖയും തമ്മിലുള്ള വ്യത്യാസങ്ങൾ എണ്ണി പറയാൻ പറഞ്ഞപ്പോൾ പരുങ്ങിയ പോലെ ലില്ലിയൊന്ന് പരുങ്ങി. തലപുകഞ്ഞാലോചിച്ചു. പിന്നെ ഉത്തരം ഇതുതന്നെയാണെന്നമട്ടിലടിച്ചുവിട്ടു. ""എടീ...സയൻസുമായി ബന്ധപ്പെട്ടതാ... രവിമാഷ് പറഞ്ഞാരുന്നില്ലേ.. ഊർജ്ജം ഒന്നീന്ന് മറ്റൊന്നിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നതിനേക്കുറിച്ചൊക്കെ. ഇതും ഏതാണ്ടതുപോലൊരു പ്രതിഭാസാ...'' കുഞ്ഞുമേരിക്ക് ലില്ലിക്കുട്ടീടെ ഉത്തരം കേട്ട് ദേഷ്യവും നിരാശയും തോന്നി. ഈ ലില്ലക്കുട്ടിയല്ലേലും ഇങ്ങനാ, ഒന്നും ""അറിയത്തില്ല'' എന്നു പറയുകയേയില്ല. മഹാമണ്ടത്തരമാണേലും എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം പുള്ളിക്കാരിയുടെ ഉള്ളിലുണ്ട്. ഉത്തരം പറഞ്ഞാലുടൻ മറുചോദ്യത്തിനിടനൽകാതെ ലില്ലിക്കുട്ടി വലിഞ്ഞുനടക്കും.
മൺപാതയിലെ ചെറിയ കല്ലിനേയും തട്ടിത്തെറിപ്പിച്ച് കൊണ്ട് കുഞ്ഞുമേരി ലില്ലിക്കുട്ടിക്ക് പുറകെ പാഞ്ഞു.""നീ പറഞ്ഞത് പൊട്ടത്തെറ്റാ... അത് സ്‌നേഹത്തെക്കുറിച്ചുള്ള കവിതയാ.. ഞാൻ നീയാണെന്ന് ഞാനറിഞ്ഞില്ല എന്ന് പറഞ്ഞതേയ് റൂമിയാ...'' ലില്ലിക്കുട്ടി നടത്തത്തിന്റെ വേഗത കൂട്ടി. ലില്ലിക്കുട്ടീടെ അമ്മ, കുഞ്ഞുമേരീടെ അമ്മച്ചീടെ മുഖത്ത് നോക്കി ചിറിയിളിച്ച് പുച്ഛിച്ച് ചിരിക്കണതുമാതിരി തന്നെ ലില്ലിക്കുട്ടിയും ചെയ്തു.

""അയ്യാ...ന്തോന്ന് സ്‌നേഗം!അതൊന്നും അത്ര നല്ലതല്ല കേട്ടോ... മോശം കാര്യാ.. മുണ്ടാണ്ട് നടക്ക്.'' ""സ്‌നേഹം മോശം കാര്യാണെന്നോ... ലോകം നിലനിൽക്കുന്നത് തന്നെ സ്‌നേഹമുള്ളതോണ്ടാ ന്ന് അമ്മിണിടീച്ചർ പറയാറില്ലേ..'' ""ഒന്ന് പോയേടീ... സ്‌നേഹം മന്ഷ്യനെ നാണം കെട്ത്തും. ഉളുപ്പില്ലാത്തോരാ സ്‌നേഹിക്കണേ.. ചെക്കൻമാർടെ മൂത്രപൊരേടെ പുറകിലെഴ്തിവച്ചേക്കണ് കണ്ടാ നീ...?! സുമ ടീച്ചർക്ക് രവി മാഷോട് സ്‌നേഹാന്ന്.'' അത് പറഞ്ഞതും ലില്ലി കുലുങ്ങിചിരിച്ചു. ഒച്ചയുയരാതിരിക്കാൻ അവൾ വലത്തേകൈ കൊണ്ട് വായ പൊത്തിപ്പിടിച്ചു. എപ്പോഴത്തേയും പോലെ...""എടീയേ..അത് സ്‌നേഹല്ല. പ്രേമാ.. സുമടീച്ചർക്ക് രവിമാഷോട് പ്രേമാ ന്നാ മൂത്രപെരേടെ പൊറകിലെഴുതിവച്ചേക്കണെ.'' ""ഓ..ഒക്കെ ഒന്നു തന്നാ.. സ്‌നേഹായാലും പ്രേമായാലും മന്ഷ്യനെ മുട്പ്പിക്കും.!''
അത്രയും പറഞ്ഞുതീർത്ത് ലില്ലിക്കുട്ടി തന്റെ വീട്ടിലേക്കൊരോട്ടം വച്ചുകൊടുത്തു. കഴായ മുറിച്ചുകടക്കാനുള്ള ഒറ്റത്തടി പാലത്തിന്റെയറ്റത്ത് കുഞ്ഞുമേരി വീണ്ടും തനിച്ചായി. അവൾക്ക് വല്ലാതെ സങ്കടം വന്നു. സ്‌നേഹം മോശാണോ..? ""സ്‌നേഹമാണഖിലസാരമൂഴിയിൽ'' എന്ന് ടീച്ചർമാര് പഠിപ്പിക്കുന്നു. എല്ലാരും സ്‌നേഹത്തെ കുറിച്ച് കവിതചൊല്ലുന്നു. പക്ഷെ ""നിങ്ങൾ സ്‌നേഹിക്കൂ കുട്ട്യോളേ'' എന്ന് ഒരു ടീച്ചറും പറഞ്ഞിട്ടേയില്ല.

തനിക്കാരോടെല്ലാം സ്‌നേഹമുണ്ട്? അമ്മച്ചി.. ലില്ലിക്കുട്ടി... കുഞ്ഞുമേരി എണ്ണാൻ ശ്രമിച്ചു. പാതിക്ക് വച്ച് ഒഴുക്ക് നിലച്ച നീർച്ചാലുപോലെ അവൾക്കുള്ളിലെ വാക്കുകൾ മുറിഞ്ഞുതുടങ്ങി. സാവധാനം ഓരോ കാലടികൾ വച്ച് തടിപ്പാലത്തിന് മുകളിലൂടെ നടന്നുനീങ്ങുമ്പോൾ ഈ നിമിഷം താൻ കാല് തെന്നി താഴേക്ക് വീണുപോകുകയാണെങ്കിൽ..

""അയ്യോ..കുഞ്ഞുമേരി..എന്നാ പറ്റി..!?'' എന്നും പരിഭ്രമിച്ചുകൊണ്ട് തന്നെ വാരിയെടുക്കാൻ ഈ ഭൂലോകത്തിലാരെങ്കിലുമുണ്ടാകുമോ.. എന്ന ഭീകരമായ ചിന്തയിൽ അവളല്പനേരമുടക്കിനിന്നു. താനിതുവരെ നേരിട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വിഷമിപ്പിക്കുന്നതും ഉത്തരമുണ്ടോയെന്ന് സ്വയം സംശയിക്കുന്നതുമായ ഒരു ചോദ്യം വഴിനീളെ അവളവളോടുതന്നെ ചോദിച്ചുകൊണ്ടിരുന്നു. തന്നെ സ്‌നേഹിക്കുന്ന എത്രപേരുണ്ട് ഈ ഭൂമിയിൽ...? വല്ലാതെ... അതിഭീകരമായി.. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ... അത്രമാത്രം ചേർത്തുപിടിച്ചുകൊണ്ട്.. ""എനിക്ക് കുഞ്ഞുമേരിയോടെത്ര സ്‌നേഹമുണ്ടെന്നോ..''എന്ന് സകലമാന അളവുകോലുകളുടേയും അറ്റം കാണിച്ചുതരാവുന്നത്രയും ഗാഢമായി... അതിരുകളെമ്പാടും ലംഘിച്ചുകൊണ്ട്... പറഞ്ഞറിയിക്കാനാകാത്തത്രയും നിഗൂഢമായി...

അമ്മച്ചിക്ക് തന്നോട് സ്‌നേഹമുണ്ടോ?""കുഞ്ഞുമേരി..'' എന്ന് തികച്ച് വിളിക്കാറില്ല അമ്മച്ചി.
തനിക്ക് ഈ പേരിട്ടത് അമ്മച്ചി തന്നാണോ? അല്ലെന്ന് തന്നെ തോന്നി അവൾക്ക്.""എടി മേരീ.... അസത്തേ...'' എന്ന് നീട്ടി വിളിക്കുമ്പൊ തന്റെ പേര് കുഞ്ഞുമേരി എന്നതാണെന്ന് അമ്മച്ചിക്കറിയുകയേയില്ലെന്ന് തോന്നാറുണ്ട് അവൾക്ക്.
അന്തിക്ക് പണിമാറ്റി വന്നാൽ വാലറുത്തു വിട്ട മൂരിക്കുട്ടിയെ പോലാണ് അമ്മച്ചി. മോറാത്തതും മോറിയതുമായ പാത്രങ്ങളെല്ലാം അടുക്കളേന്നെടുത്ത് തെങ്ങിന്റെ ചോട്ടിലേക്കിടും.""എടി പന്നി....'' ന്നൊരൊറ്റ വിളിയാണ്. പിന്നെയിരുട്ടാകും വരെ കുഞ്ഞുമേരിയെകൊണ്ട് വീട്ടുപണി ചെയ്യിക്കും. പണിക്കാരി പെണ്ണുങ്ങൾ തെറി വിളിച്ചതിന്റീം, വഴിയിലെ തെമ്മാടികൾ തോണ്ടാനും പിടിക്കാനും ചെന്നതിന്റീം, പള്ളിമുക്കിലെ തളളമാർ കാർക്കിച്ച് തുപ്പിയതിന്റീംമെല്ലാം അരിശം അമ്മച്ചിയവളോടാണ് തീർക്കുക. ചെയ്യുന്നതിനെല്ലാം കുറ്റം കണ്ടു പിടിക്കും. തരം കിട്ടിയാലുടൻ തലക്കിട്ട് കിഴുക്കും.

ഒരേ പായയിൽ എതിർവശത്തേക്ക് തിരിഞ്ഞു കിടന്നുറങ്ങുമ്പോൾ പോലും തനിക്ക് തീർത്തും അപരിചിതയായ മനുഷ്യനാണ് അമ്മച്ചി എന്ന തോന്നലാണ് കുഞ്ഞുമേരിക്ക്. പ്രപഞ്ചത്തിന്റെ രണ്ടറ്റങ്ങളിൽ വസിച്ചു പോരുന്ന ഭൂഗോളങ്ങളെ പോലെ അവരിരുവരും അവരുടേതായ സ്വപ്നങ്ങളിൽ ചുറ്റിക്കറങ്ങിക്കൊണ്ടുറങ്ങും.
ലില്ലിക്കുട്ടിക്ക് തന്നോട് സ്‌നേഹമുണ്ടോ?
വീട്ടിലേക്ക് കയറാനുള്ള ഒടുവിലത്തെ മൺപടിയേയും മറന്നുകൊണ്ട് കുഞ്ഞുമേരി ലില്ലിക്കുട്ടിയെക്കുറിച്ചോർത്തു. പുതിയ പാവാട വാങ്ങിച്ചാൽ ലില്ലിക്കുട്ടി അതാദ്യം കാണിക്കുക തന്നെയാണ്. പുത്തൻ വള വാങ്ങിയാലും തോൾസഞ്ചി വാങ്ങിയാലും കുട വാങ്ങിയാലും ഒക്കെ അങ്ങനെ തന്നെയാണ്. തനിക്ക് നാട്ടിലെ കഥകളെല്ലാം പറഞ്ഞു തരുന്നത് ലില്ലിക്കുട്ടിയാണ്. അതേ ലില്ലിക്കുട്ടിതന്നെയാണ് തന്റെ ബ്ലൗസിൽ കരിമ്പനയുണ്ടെന്നും തന്റെ ചുണ്ട് കറുത്തിട്ടാണെന്നും തന്റെ ശബ്ദം ചെക്കന്മാർടെ പോലാന്നുമൊക്കെ പറഞ്ഞ് കളിയാക്കാറുള്ളതും. ആയിഷുമ്മേടെ കടേന്ന് വാങ്ങാറുള്ള പത്തിരി പൊതീടെ മണം മൂക്കിലോട്ട് വലിച്ച് കേറ്റുമ്പോൾ തന്നെയും ഒപ്പം കൂട്ടാറുണ്ട് എന്നതിലപ്പുറം ലില്ലിക്കുട്ടിക്ക് തന്നോടെന്ത് സ്‌നേഹമാണുള്ളത്?

കുഞ്ഞുമേരി നിരാശയുടെ കൂറ്റൻ കയങ്ങളിലേക്ക് കൂപ്പുകുത്തിവീണു. അവൾക്ക് ശ്വാസംമുട്ടി. അമ്മിണി ടീച്ചർക്ക് തന്നോട് സ്‌നേഹമുണ്ടോ?
ടീച്ചർ തന്നോട് ചിരിക്കാറുണ്ട്. ഇടക്കെല്ലാം നിറയെ പുസ്തകങ്ങൾ വായിക്കണമെന്നും പഠിക്കണമെന്നും ഉപദേശിക്കാറുണ്ട്. രമണൻ എന്ന കൃതിയുടെ കർത്താവാരാണെന്ന ചോദ്യത്തിനുത്തരം നൽകിയതിന് "മിടുക്കി'യെന്ന് പറഞ്ഞ് തോളിൽ തട്ടിയിട്ടുണ്ട്. സ്‌നേഹമുള്ള ശബ്ദത്തിൽ "കുഞ്ഞുമേരീ ....' എന്ന് വിളിക്കാറുണ്ട്.
അതല്ലാതെ...""കുഞ്ഞുമേരിക്ക് വല്ല പുസ്തകോം വായിക്കണമെന്നുണ്ടോ? കുഞ്ഞുമേരിയുടെ മുഖത്തിനെന്താ ഒരു വാട്ടം? കുഞ്ഞുമേരി ഭക്ഷണം കഴിച്ചില്ലേ?.... ഈ പുസ്തകങ്ങൾ കൊണ്ടു നടക്കാൻ സഞ്ചിയൊന്നുമില്ല...?'' എന്നിങ്ങനെ എത്രയോ ചോദ്യങ്ങൾ ടീച്ചർ തന്നോട് ചോദിച്ചിരുന്നെങ്കിലെന്ന് പലമാത്രയിൽ കുഞ്ഞുമേരി കൊതിച്ചുപോയിട്ടുണ്ട്.
ഇത്രപോലുമില്ലാതെ എന്ത് സ്‌നേഹമാണ്!
പിന്നീടുള്ള എത്രയോ ദിവസങ്ങൾ കുഞ്ഞുമേരി "സ്‌നേഹം' എന്ന പ്രതിഭാസത്തെക്കുറിച്ചോർത്തോണ്ടിരുന്നു. കുഞ്ഞുമേരിക്ക് തോന്നി, സാധാരണമായ ഒന്നല്ല "സ്‌നേഹം'.

സാധാരണത്വത്തിൽ കവിഞ്ഞതെന്തൊക്കെയോ അതിലുണ്ട്. സാധാരണയായി രണ്ടു മനുഷ്യർ പരസ്പരം കണ്ട് ചിരിക്കുന്നതിൽ കവിഞ്ഞെന്തോ സ്‌നേഹിക്കുന്ന മനുഷ്യർ തമ്മിൽ ചിരിക്കുമ്പോഴുണ്ടാകുന്നുണ്ട്.
പരസ്പരം സ്‌നേഹിക്കുന്ന രണ്ട് മനുഷ്യർ വർത്തമാനം പറയുന്നതിൽ പോലും നിർവചിക്കാനാകാത്തൊരു അസാധാരണത്വം ഒളിഞ്ഞു കിടപ്പുണ്ട്. സ്‌നേഹം അസാധാരണമായ ഒന്നാണ്. സ്‌നേഹത്തെക്കുറിച്ച് ചിന്തിക്കുമ്പോഴെല്ലാം കുഞ്ഞുമേരിക്ക് സ്‌നേഹിക്കാൻ വെമ്പി. അതിലുമേറെ സ്‌നേഹിക്കപ്പെടാൻ വെമ്പി. നോട്ടുപുസ്തകങ്ങളുടെ അറ്റങ്ങളിലെല്ലാം അവൾ "റൂമി' എന്നെഴുതിവച്ചു.
റൂമി എന്നെഴുതിയപ്പോൾ "സ്‌നേഹം' എന്നെഴുതിയ പോലെ തോന്നി കുഞ്ഞുമേരിക്ക്.

റൂമി! കുഞ്ഞുമേരിയാ പേര് നെഞ്ചിൻകൂടിനകത്തേക്ക് ശ്വസിച്ചെടുത്തു. സ്‌നേഹം ശ്വസിച്ചെടുക്കുന്ന മാതിരി.

ജീവിതത്തിൽ ആദ്യമായി കുഞ്ഞുമേരിയോട് "സ്‌നേഹം' പറഞ്ഞ മനുഷ്യൻ രമേശനാണ്. പൊതുപരീക്ഷ തുടങ്ങുന്നതിന്റെ തലേനാൾ സ്‌കൂൾ വിട്ട് ലില്ലിക്കുട്ടിയോടൊപ്പം വീട്ടിലേക്ക് നടക്കുകയായിരുന്നു കുഞ്ഞുമേരി. എല്ലായ്‌പ്പോഴത്തേയും പോലെ വലതു കൈകൊണ്ട് പാവാടതുമ്പും പൊക്കി, തലകുനിച്ച് വേഗത്തിലുള്ളൊരു നടത്തമാണ്. പൊടുന്നനെ പത്ത് ബിയിലെ രമേശൻ എവിടെ നിന്നോ മണ്ടിപാഞ്ഞു വന്നു. കുഞ്ഞു മേരിയെ തടഞ്ഞു നിർത്തി. രമേശൻ വല്ലാതെ കിതച്ചു. തെല്ല് വിറയലോടെ എന്നാൽ ഉറച്ച ഒച്ചയിൽ രമേശൻ പറഞ്ഞു.

""എനിക്ക് കുഞ്ഞുമേരിയോട് ഒത്തിരി സ്‌നേഹമുണ്ട്.'' ആശ്ചര്യം കൊണ്ട് അവൾക്ക് കണ്ണ് കാണാതാകുകയും കാത്‌ കേൾക്കാതാകുകയും ഒച്ചവറ്റിപോകുകയും ചെയ്തു. ഈ ഭൂമിയിൽ തന്നെ സ്‌നേഹിക്കാൻ ഒരാളുണ്ടെന്നോ? കുഞ്ഞുമേരിക്ക് കരച്ചിൽ വന്നു. സ്വബോധം വീണ്ടെടുത്ത് അരികുവശത്തേക്ക് നോക്കിയപ്പോൾ അതുവരേക്കും തന്നോട് ഒട്ടിചേർന്ന് നടന്ന ലില്ലിക്കുട്ടിയതാ തന്നെ അറിയുകയേയില്ലെന്ന മട്ടിൽ വലിഞ്ഞ് നടന്നു പോകുന്നു.

കുഞ്ഞുമേരിക്ക് വെപ്രാളം തോന്നി. രമേശൻ വഴിതടഞ്ഞു നിൽക്കുകയാണ്. ആരെങ്കിലും കണ്ടാൽ...
പെട്ടന്ന്, തടിച്ച് രോമാവൃതമായ ഒരു കൈ നീണ്ടുവന്ന് രമേശന്റെ നെറുംതലക്കിട്ട് കിഴുക്കി.""നീ പെങ്കുട്ട്യോളെ വഴിനടക്കാൻ സമ്മതിക്കില്ല അല്ലേടാ തെമ്മാടീ....'' രവി മാഷ്! മാഷ് രമേശന്റെ ചെവി പിടിച്ച് തലങ്ങും വിലങ്ങും തിരുമ്മി. മാഷ് വിട്ട തക്കം നോക്കി ചുവന്നുനീറിയ ചെവിയും തടവികൊണ്ട് രമേശനൊരോട്ടമായിരുന്നു. കുഞ്ഞുമേരിക്കത് കണ്ട് പിന്നെയും സങ്കടം വന്നു. ""മഴ വരണുണ്ട്. വേഗം വീട്ടിചെല്ലാൻ നോക്ക്!'' രവി മാഷ് പറഞ്ഞവസാനിപ്പിക്കും മുന്നേ കുഞ്ഞുമേരി വലിഞ്ഞു നടന്നു. നടക്കുമ്പൊഴെല്ലാം "ഇതൊന്നും സ്വപ്നമല്ലല്ലോ ' എന്നോർത്ത് അവൾക്ക് അകാരണമായി സങ്കടം വന്നു കൊണ്ടേയിരുന്നു.

പിന്നെയെല്ലായ്‌പ്പൊഴും പോകുന്നിടത്തെല്ലാം കുഞ്ഞുമേരി "തന്നെ ഒരുപാടു സ്‌നേഹിക്കുന്ന' രമേശനെ തിരഞ്ഞുകൊണ്ടിരുന്നു. രമേശിനിപ്പൊഴും തന്നോടുള്ള "വല്ലാത്ത' സ്‌നേഹത്തിൽ വീർപ്പുമുട്ടി ജീവിക്കുകയായിരിക്കുമെന്നും, ഈ ലോകത്തിൽ വച്ചേറ്റവും "സ്‌നേഹിക്കപ്പെടുന്ന' വ്യക്തിയാണ് താനെന്നും കുഞ്ഞുമേരി നിർവൃതി പൂണ്ടു. പഠിക്കുമ്പൊഴും പരീക്ഷയെഴുതുമ്പൊഴും അവൾ രമേശന്റെ തീവ്രമായ സ്‌നേഹത്തെക്കുറിച്ചോർത്തു. കണ്ടുമുട്ടുമ്പോഴെല്ലാം, അവൻ പഴയതുപോലെ തന്റെ പക്കലേക്കോടി വന്ന് ""എനിക്ക് കുഞ്ഞുമേരിയോട് ഒരുപാട് സ്‌നേഹമുണ്ട്.'' എന്നുറക്കെ പറയുമെന്നവൾ മോഹിച്ചു. പക്ഷെ, പ്രതീക്ഷിച്ചതൊന്നും നടന്നില്ലെന്നു മാത്രമല്ല തനിക്ക് പള്ളിപെരുനാളിന് പോത്തിറച്ചി വിളമ്പിത്തന്ന പരിചയം പോലും രമേശൻ കാണിച്ചില്ല. കുഞ്ഞു മേരിയെ കാണുന്ന മാത്രയിൽ അവൻ നട്ടംതിരിഞ്ഞോടി. രവിമാഷിന്റെ കിഴുക്ക് കിട്ടിയതോടെ രമേശന്റെ സ്‌നേഹം ഉരുകിപോയോ? ""ഓ.... ഒരു സ്‌നേഹം! അവൻ നിന്നെ പറ്റിക്കാൻ പറഞ്ഞതാണെടീ ...'' എന്ന് ലില്ലിക്കുട്ടി അറുത്ത്മുറിച്ച് പറഞ്ഞതോടെ കുഞ്ഞുമേരിയുടെ ഒടുവിലത്തെ പ്രതീക്ഷയും കെട്ടു.

സ്‌നേഹമാണെന്ന് പറഞ്ഞ് പറ്റിക്കുകയോ? ഹൊ! അതെത്ര ക്രൂരമാണ്. ഒരു മനുഷ്യനോട് ചെയ്യാവുന്നതിൽ വച്ച് ഏറ്റവും വലിയ വഞ്ചന അയാളോട് സ്‌നേഹമുണ്ടെന്ന് വെറുതെ പറഞ്ഞ് പറ്റിക്കലാണ്. ലോകത്തിൽ വച്ചേറ്റവും ദുഷ്ടത ഒട്ടും സ്‌നേഹം തോന്നിയിട്ടില്ലാത്ത ഒരാളോട് ""എനിക്ക് നിങ്ങളോട് വല്ലാത്ത സ്‌നേഹമുണ്ടെന്ന്'' നുണ പറയുന്നതാണ്. സ്‌നേഹം കൊണ്ട് മുറിവേറ്റ് കുഞ്ഞുമേരിയുടെ പ്രാണൻ പിടിഞ്ഞു. ഉള്ള് പൊള്ളി. പിന്നീടവൾ രമേശനെ കാണുമ്പൊഴെല്ലാം മുഖംതിരിച്ച് നടന്നു.

തേയ്ച്ച്മായ്ച്ച് കളയുന്തോറും തെളിച്ചമുള്ളതായി തീരുന്ന കറ പോലെ രമേശൻ കുഞ്ഞു മേരിക്കുള്ളിൽ പറ്റികിടന്നു. രമേശനാൽ താൻ സ്‌നേഹിക്കപ്പെടുന്നുണ്ടെന്ന് വിശ്വസിച്ചിരുന്ന ദിവസങ്ങളിലേ താൻ ജീവിച്ചിരുന്നുള്ളൂയെന്നും മറ്റെല്ലാം വെറും സ്വപ്നങ്ങളാണെന്നും കുഞ്ഞുമേരിക്കിടക്ക് തോന്നി.

കണക്കിൽ വട്ടപൂജ്യമായതിനാലും, പരീക്ഷ സമയത്ത് രമേശനോടുള്ള സ്‌നേഹം മൂത്ത്, അറിയാവുന്ന ചോദ്യത്തിന് പോലും രമേശൻ എന്നുത്തരമെഴുതിയതിനാലും പത്താം ക്ലാസ്സ് പരീക്ഷാഫലമറിഞ്ഞപ്പോൾ കുഞ്ഞുമേരി കണക്കിൽ മാത്രം ജയിച്ചില്ല. ഫലമറിഞ്ഞതിനു ശേഷം മറ്റുള്ളവരുടെ "തോറ്റ കുട്ടി'യായി അവൾ വീടിനുള്ളിൽ ചടഞ്ഞിരിപ്പായി.

""എഴുതാനും വായിക്കാനുമൊക്കെ അറിയാവോ.... അത് മതി!പെണ്ണുങ്ങക്ക് ആ പഠിപ്പ് തന്നെ അധികവാ..., ഇനി പൊരക്കകത്തിരുന്ന് മര്യാദക്ക് വക്കാനും വിളമ്പാനും പഠിക്ക്'' എന്ന് സ്‌കൂളിചേർത്ത കാലം മുതലേ അമ്മച്ചി ഓർമ്മിപ്പിക്കാറുള്ളതുകൊണ്ടും "തോറ്റുപോയ'തുകൊണ്ടും പിന്നീടുള്ള പഠനത്തെ പറ്റി കുഞ്ഞുമേരി ചിന്തിച്ചതേയില്ല. എങ്കിലും പകലന്തിയോളം ആരെയും കാണാതെയും ആരോടും മിണ്ടാതെയുമുള്ള ജീവിതം കുഞ്ഞുമേരിയെ വീർപ്പുമുട്ടിച്ചു. അവൾ കരഞ്ഞും പട്ടിണികിടന്നും ഉറക്കമൊഴിച്ചും തല്ലുകൊണ്ടും, ലില്ലിക്കുട്ടിക്കൊപ്പം തയ്യൽ ക്ലാസ്സിന് പോകാനുള്ള അവകാശം നേടിയെടുത്തു.

കുഞ്ഞുമേരിയും ലില്ലിക്കുട്ടിയും കൂടെ തയ്ച്ചു പഠിക്കാനുള്ള തുണികഷ്ണങ്ങളും സഞ്ചിയിലിട്ട് എല്ലായ്‌പ്പോഴും തങ്ങളെ ആരോ പിന്തുടരുന്നെന്നമട്ടിൽ അതിവേഗത്തിൽ കാലടികൾ വച്ച് തലയും താഴ്ത്തിപ്പിടിച്ച്, തങ്ങൾക്ക് മാത്രം കേൾക്കാനുള്ള സ്വകാര്യമെന്നമട്ടിൽ വർത്തമാനങ്ങൾ പറഞ്ഞ് തയ്യൽ ക്ലാസ്സിന് പോയിവന്നുകൊണ്ടിരുന്നു. പാതയിലെ ഓരോ വളവടുക്കുമ്പൊഴും പൊട്ടെന്നൊരു നിമിഷം തനിക്കു മുന്നിൽ ആരെങ്കിലും പ്രത്യക്ഷപ്പെട്ട് ""എനിക്ക് കുഞ്ഞുമേരിയെ ഭയങ്കര ഇഷ്ടമാണ്.'' എന്ന് പറയുമെന്നവൾ പൂതിപ്പെട്ടുകൊണ്ടേയിരുന്നു.
ദിവസങ്ങൾ... മാസങ്ങൾ... കടന്നു പോയി. ജീവിതം മരുഭൂമിയോളം ഈർപ്പമില്ലാത്തതായനുഭവപ്പെട്ടു കഞ്ഞുമേരിക്ക്. അവൾക്കെപ്പോഴുമെപ്പോഴും സങ്കടം വന്നു. മാരകമായ നിരാശയവളെ വരിഞ്ഞുമുറുക്കി. എന്നിരുന്നാലും, ബോഡീസും ജംബറും തയ്ക്കാൻ പഠിച്ചപ്പോൾ തയ്യൽ പണിയെടുത്ത് കിട്ടുന്ന കാശിന് ഗ്രാമീണ വായനശാലയിൽ അംഗത്വമെടുക്കാമെന്നും റൂമിയെ വായിക്കാമെന്നുമുള്ള പ്രതീക്ഷയാലവൾ തളിരിട്ടു.

ഒരു തിങ്കളാഴ്ച്ച തയ്യൽ ക്ലാസ്സിലേക്കോടാനുള്ള തത്രപാടിൽ വീട്ടിൽ നിന്നിറങ്ങുമ്പൊ അമ്മച്ചിയവളെ തടഞ്ഞു നിർത്തി.
""എവ്ടക്കാടീ.... കൂത്തിച്ചീ അണിഞ്ഞൊരുങ്ങീട്ട് ?!'' കുഞ്ഞുമേരി അന്തംവിട്ടു. അമ്മച്ചീടെ ഭാവമാറ്റത്തിന്റെ കാരണമറിയാതെ നെറ്റി ചുളിച്ചു.""നെന്റെ മൂടും താങ്ങി നടന്ന ഒരു നനുന്ത് പെണ്ണില്ലേ... നാട്ടിലെ ചുന്ദരിക്കോതേടെ മകള് ലില്ലിക്കുട്ടി. അവള് പത്തിരീണ്ടാക്കി വിക്കണ മാപ്ലച്ചീന്റെ ചെക്കന്റെ കൂടെ പോയീന്ന്.! പ്രേമാർന്നൂ ത്രെ പ്രേമം! ത്ഫൂ...'' കുഞ്ഞുമേരീടെ കണ്ണ് തളളി. വായ തൊറന്നു. ""പോണ കാര്യം നെന്നോട് പറയാതിരിക്ക്യോ... അയ്യാ! ഇനി നെനക്കാർടൊപ്പാടീ പോണ്ടേ അസത്തേ!'' പെട്ടന്നുണ്ടായ ഞെട്ടലിൽ വിറങ്ങലിച്ചങ്ങനെ നിന്നു കൊണ്ട് കുഞ്ഞുമേരി അമ്മച്ചീടെ തല്ല് മുഴോനും കൊണ്ടു.

അമ്മച്ചിയീ പറയുന്നത് ലില്ലികുട്ടീടെ കാര്യം തന്നാണോ....? സ്‌നേഹത്തെക്കുറിച്ച് പറഞ്ഞപ്പൊ തന്നെ കളിയാക്കി പുച്ഛിച്ച് പോയ ലില്ലിക്കുട്ടിയെ കുറിച്ച്...! കണ്ണ് തെറ്റിക്കാതെ ഭൂമിയുടെ ആഴമളക്കാനെന്നവണ്ണം താഴോട്ട് നോക്കി വലിഞ്ഞ് നടക്കുന്നതിൽ തന്നെ പരാജയപ്പെടുത്തി കൊണ്ടേയിരുന്ന ലില്ലിക്കുട്ടിയെ കുറിച്ച്...
ലില്ലിക്കുട്ടിയെക്കുറിച്ചോർത്ത് കുഞ്ഞിമേരിക്ക് ഉറക്കമേ വന്നില്ല. എന്തോരം നിഗൂഢതയുള്ള പെണ്ണാണ് ലില്ലിക്കുട്ടി! ഇത്രമാത്രം സ്വകാര്യമായി ഒരാൾക്ക് മറ്റൊരാളെ സ്‌നേഹിക്കാനൊക്കുമോ? ഇത്രയും ധൈര്യമുണ്ടായിരുന്നോ അവൾക്ക്? കുഞ്ഞുമേരിക്കവളോട് ആരാധനയും അസൂയയും തോന്നി.

ഇടക്കെപ്പൊഴോ ഉറക്കത്തിലേക്കൂർന്നിറങ്ങിയപ്പോൾ കയ്യിലെ പത്തിരി പൊതി ചുണ്ടോട് ചേർത്തു നടക്കുന്ന ലില്ലിക്കുട്ടിയുടെ മുഖം തെളിഞ്ഞുവന്നു. കയ്യിലെ പത്തിരി പൊതി ആത്മാവിനോടടുക്കിവച്ചവൾ നടക്കുന്നു. വശം ചെരിഞ്ഞുള്ള അവളുടെ ചിരിയിൽ നിന്ന് സ്‌നേഹത്തിന്റെ ലഹരി നുരഞ്ഞുപൊന്തി.

ആയിഷുമ്മാന്റെ മകന്റെ കൂടെ ലില്ലിക്കുട്ടി ഒളിച്ചോടിയതിന് മൂന്നാംനാളാണ് കുഞ്ഞുമേരിയുടെ കെട്ടുറപ്പിച്ചത്. ഔസേപ്പിന് പാറമടയിലായിരുന്നു പണി. ""അനാഥാലയത്തീ വളർന്ന ചെർക്കനാണെന്നും, ചെറുപ്പംതൊട്ടേ പണിക്ക് പോയി സ്വന്തം കാലേൽ നിക്കുന്നവനാണെന്നും കെട്ടിന് ആർഭാടമോ സ്ത്രീധനമോ വേണ്ട അവനൊരു പെൺതുണയെ മതിയെന്നും'' പറഞ്ഞ് അമ്മച്ചീടെ മനസ്സ് പിടിച്ച് കെട്ടിയത് വികാരിയച്ചനാണ്.
അച്ഛന്റെ നിർദേശപ്രകാരമാണ് വരുന്ന ഞായറാഴ്ച്ച പള്ളിയിൽ വച്ച് പത്തുപതിനഞ്ചാള് കൂടി കെട്ടങ്ങ് നടത്താമെന്ന് ഉറപ്പിച്ചത്.
അതുവരേക്കും,""അടങ്ങിയൊതുങ്ങി നടന്നില്ലേ... നിന്നെ വല്ലോന്റെ തലേലും കെട്ടിവച്ച് ഞാനെന്റെ ഭാരമിറക്കും!'' എന്ന് കലിതുള്ളികൊണ്ട് അമ്മച്ചി പറയുന്നതു മാത്രമായിരുന്നു കുഞ്ഞുമേരിക്ക് കല്യാണത്തെക്കുറിച്ചുള്ള അറിവ്. ഒരു കല്ല്യാണം നടത്തുന്നതിലൂടെ കുറേ മനുഷ്യർ അവരുടെ ഭാരമിറക്കുന്നു! അത്രതന്നെ.

കല്ല്യാണത്തലേന്ന്, തുന്നൽ ക്ലാസ്സിലെ തുണക്കാരികളോട് യാത്ര പറഞ്ഞിറങ്ങുമ്പൊ തയ്യൽക്കാരി ശോശാമ്മ ടീച്ചർ കുഞ്ഞുമേരിയെ തലയിൽ കൈവച്ചനുഗ്രഹിച്ചു. പിന്നെ എല്ലാവരോടുമായി പറഞ്ഞു. ""വീട്ട്കാര് നിശ്ചയിക്കണ കല്ല്യാണമൊക്കെ ഒരുടമ്പടിയാ... അത്രയും അപരിചിതനായ ഒരു മനുഷ്യനോടൊപ്പം ആജീവനാന്തം ജീവിച്ചു കൊള്ളാമെന്ന് നമ്മളറിയാതെ തന്നെ നമ്മൾ പലർക്കും ഉറപ്പ് നൽകുന്നു. തന്നെത്തന്നെ മന: പൂർവ്വം വഞ്ചിച്ചു കൊണ്ട് മറ്റൊരാൾക്ക് വേണ്ടി ജീവിച്ചുകൊള്ളാമെന്ന ഉടമ്പടിയിൽ നമ്മളൊപ്പ് വക്കുന്നു. ഇനിയിപ്പൊ സ്‌നേഹമില്ലാത്തൊരു മനുഷ്യനാണേ പറയുകേം വേണ്ട. നമ്മളിലുള്ള സകലമാന വികാരങ്ങളെയും ഏറ്റവുമാഴത്തിൽ കുഴിച്ചുമൂടി ഒരിക്കലുമവ മുളപൊട്ടില്ലെന്നുറപ്പിച്ച് വേണം സ്‌നേഹമില്ലാത്തൊരു മനുഷ്യനോടൊപ്പം ജീവിച്ചു തുടങ്ങാൻ. മറ്റൊന്നുമില്ലേലും അയാൾക്ക് നിന്നോട് സ്‌നേഹമുണ്ടാകട്ടെ കൊച്ചേ...!'' അത്രയും പറഞ്ഞവസാനിപ്പിച്ച് ടീച്ചർ ദീർഘമായി നിശ്വസിച്ചു. കുഞ്ഞുമേരിയുടെ മനസിലൊരു കനം തൂങ്ങി. അവളുടെ പിടിച്ചുവക്കലിന്റെ കണ്ണിപൊട്ടിച്ച് അവൾക്കുള്ളീന്നൊരു പെങ്കുട്ടി വാവിട്ടു കരഞ്ഞുകൊണ്ടേയിരുന്നു.

ആ ഞായറാഴ്ച്ച കുഞ്ഞുമേരി ഔസേപ്പിന് മുന്നിൽ തലകുനിച്ചു കൊടുത്തു. എല്ലാ കാലത്തേക്കുമുള്ള ഒരടിമയുടെ ദുർബലമായ കുമ്പിടൽപോലെ. തലയുയർത്തിക്കൊണ്ട് തന്നെ ഔസേപ്പ് കുഞ്ഞുമേരിയുടെ കഴുത്തിൽ മിന്നുകെട്ടി.
അന്ന് രാത്രി, വിസ്താരമുള്ള വാടക വീട്ടിലെ ഇടുങ്ങിയ മുറിയിലിരുന്ന് ഔസേപ്പ് ആദ്യമായി കുഞ്ഞുമേരിയോട് മിണ്ടി.

""കല്ല്യാണത്തിന് മുമ്പ് വല്ല ബന്ധവുമൊണ്ടായിരുന്നാ?'' വർത്തമാനം പറഞ്ഞപ്പൊൾ അയാളുടെ ബീഡിക്കറ പിടിച്ച പല്ലുകൾ പുറത്തേക്കുന്തി! എന്ത് ബന്ധം! കുഞ്ഞുമേരി പരിഭ്രമിച്ചു.

കല്ല്യാണത്തിന് മുമ്പ് താൻ രമേശനെ രഹസ്യമായി സ്‌നേഹിച്ചിരുന്ന കാര്യം ഇയാളറിഞ്ഞിരിക്കുമോ? അത് മോശം കാര്യമാണെന്നാണ്... കുഞ്ഞുമേരി ഇല്ലെന്ന് തലയാട്ടി. അയാൾ ആശ്വാസത്തോടെ ദീർഘമായിനിശ്വസിച്ച് കുഞ്ഞുമേരിയെ നോക്കി പുഞ്ചിരിച്ചു. ആദ്യമായി. ഒരുപക്ഷേ അവസാനമായും. അയാൾ കുഞ്ഞുമേരിയുടെ ഉടലിലേക്ക് അമർന്നു വീണു. പിന്നീടോരോ തവണയും അപ്രതീക്ഷിതമായ സുനാമികണക്കെ അയാൾ കുഞ്ഞുമേരിയിലേക്കാർത്തലച്ചു.

സ്‌നേഹത്തിന്റെ നനവോ നിനവോയില്ലാതെ ചുട്ടുപഴുത്ത മരുഭൂമിയായി പരിണമിച്ചു കുഞ്ഞുമേരി. എന്നിരുന്നാലും ജീവിതത്തിലാദ്യമായി താൻ നൊന്തുപെറ്റ ചോര കുഞ്ഞിൽ അവൾ പുതുജീവന്റെ വേര് തേടി. ""നമുക്കിവനെ റൂമി എന്നു വിളിക്കാം?''
ഒരുമിച്ചുള്ള ദിവസങ്ങളിലാദ്യമായി അവൾ ഔസേപ്പിനോട് അപേക്ഷയോടെ ചോദിച്ചു. ചിറികോട്ടി പരിഹസിച്ച് ചിരിച്ച് മറുപടി പറയാതെ നടന്നുനീങ്ങിയ അയാൾ, തന്റെ പൊന്നോമന പുത്രന് അലക്‌സി ഔസേപ്പ് എന്ന മാമോദീസ പേര് നൽകി.

"സ്വയം' ഒറ്റപ്പെടൽ തിരഞ്ഞെടുത്ത വലിയ പായ്ക്കപ്പലിലെ കപ്പിത്താനായിരുന്നു അയാൾ. ആരൊക്കയോ ചേർന്ന് കുഞ്ഞുമേരിയുടെ നീന്തൽ ചിറകുകളെ മുറിച്ചെടുക്കുകയും അവളുടെ അനുവാദത്തെക്കുറിച്ച് പോലും ചിന്തിക്കാതെ അവളെയാ പായ്ക്കപ്പലിലേക്ക് പിടിച്ച് തള്ളുകയും ചെയ്തു. അയാൾക്കുമാത്രം ദിശതെളിക്കാനവകാശമുള്ള കപ്പലിൽ കുഞ്ഞുമേരി എക്കാലത്തും തനിച്ചായി. എല്ലായ്‌പ്പോഴും, ഒരാൾകൂടെയുണ്ടായിട്ടും "ഒറ്റ'പ്പെടലിന്റെ കൊളുത്തിപിടിത്തവും പേറി കുഞ്ഞുമേരി അനുനിമിഷവും എരിഞ്ഞു തീർന്നു.

നീണ്ട അൻപത്തൊന്ന് വർഷത്തെ ദാമ്പത്യത്തിനു ശേഷം എഴുപത്തിയഞ്ചാം വയസ്സിൽ ഹൃദയസ്തംഭനം മൂലം ഔസേപ്പ് മരണപ്പെട്ടപ്പോൾ, അത്രയും കാലം അയാളെ ചുറ്റപിണഞ്ഞു കിടന്നിരുന്ന നിസ്സംഗതയുടെ മാറാല കുഞ്ഞുമേരിയിലേക്ക് പടർന്നു കയറി. മിണ്ടിപ്പറയാൻ അയൽക്കാരുപോലുമില്ലാതെ, ഈ വിസ്താരമുള്ള വീട്ടിലെ ഏകാന്തത കുടിച്ചു വറ്റിക്കാൻ മാത്രമായി താനിനിയും ജീവിക്കണമല്ലോ എന്ന നിരാശയിൽ പോലും കുഞ്ഞുമേരിക്ക് ലവലേശം ദുഃഖം തോന്നിയില്ല. പഴക്കം ചെന്ന ഒരു പാവയെ പോലെ ഭിത്തിയിലേക്ക് ചാരി അവരിരുന്നു.
സ്‌നേഹത്തിൽ തെറ്റുപറ്റിയ... തോറ്റുപോയ സ്ത്രീയായി അവരവരെ തന്നെ വിലയിരുത്തി.

കടലൊന്നാകെ മാനത്തീന്ന് പൊട്ടിയൊലിച്ചിറങ്ങിയ പോലൊരു മഴയിലാണ് ഒരു പൂച്ചക്കുട്ടി കുഞ്ഞുമേരിയെ തേടിവന്നത്.
​അവർ, ആ വലിയ വീട്ടിൽ തനിച്ച് തിന്നും കുടിച്ചും കിടന്നും സമയത്തെ വെട്ടിക്കീറാൻ തുടങ്ങിയിട്ട് അന്നേക്ക് പത്താം നാൾ പിന്നിട്ടിരുന്നു. കാട്ടുപുല്ല് പടർന്നു പിടിച്ച റബ്ബർ തൊടിയിൽ നിന്ന് വീട്ടിലേക്ക് തിരിയുന്ന വഴിയിൽ, നനഞ്ഞ് കുതിർന്ന് വിറച്ചൊട്ടി നിൽക്കുന്നൊരു പൂച്ചക്കുഞ്ഞ്.

കുഞ്ഞുമേരി ഏറെനേരം ജനലഴികൾക്കിടയിലൂടെ അതിനെ നോക്കിയിരുന്നു. അതു കരയുന്നുണ്ടായിരുന്നു. ഇതുവരേക്കുമുള്ള ജീവിതത്തിൽ താനേറ്റവും കൊതിച്ചിരുന്ന സ്‌നേഹാദ്രമായ വിളിയായിട്ടാണ് കുഞ്ഞുമേരിക്കതിന്റെ കരച്ചിലനുഭവപ്പെട്ടത്. പെട്ടന്നൊരു നിമിഷത്തിൽ, മറ്റൊന്നുമോർക്കാതെ ഓടിച്ചെന്ന് വെളുത്ത് മഞ്ഞുപോലുറഞ്ഞ പൂച്ചക്കുഞ്ഞിനെ വാരിയെടുത്തപ്പോൾ കുഞ്ഞുമേരി ആലിപ്പഴത്തോളം ഈറനായി. ഇത്തിരി ചൂടു തേടി പൂച്ചക്കുട്ടി കുഞ്ഞുമേരിയുടെ മാറിലള്ളിപ്പിടിച്ച നിമിഷത്തിൽ, ഒരമ്മ കുഞ്ഞിൽനിന്നുമനുഭവിക്കുന്ന സുരക്ഷിതത്വത്തിന്റെ വേരുകളിലേക്കവർ ആഴ്ന്നിറക്കപ്പെട്ടു.

""എന്റെ പൊന്നേ....'' കുഞ്ഞുമേരിക്ക് കരിച്ചിൽ വന്നു. അവർ ചിരിച്ചു. കുഞ്ഞുമേരിയതിനെ നീട്ടിവിളിച്ചു. ""റൂമീ...... എന്റെ പൊന്നേ..... ''

പിന്നാമ്പുറത്തെ വെറകുപുരക്കപ്പുറത്താണ് റൂമിക്കുള്ള കുഴിവെട്ടിയത്. കുഴിവെട്ടിയ ശേഷം മണ്ണുപറ്റിയ കൈ പോലും കഴുകാതെ, ധൃതിയിൽ വന്ന് അലക്‌സി കുഞ്ഞുമേരിയിൽ നിന്നും റൂമിയെ അടർത്തിമാറ്റി. ഉടലാകെ നീറിപുകഞ്ഞു കൊണ്ട് കുഞ്ഞുമേരി അലക്‌സിക്കു പുറകെ പാഞ്ഞു.""എന്റെ കുഞ്ഞിനെ കൊണ്ടോല്ലേ ... എന്റെ റൂമിയെ..... ''
ഒച്ച വല്ലാണ്ടുയർന്നപ്പൊ നിവൃത്തികെട്ട് അന്ന കുഞ്ഞുമേരിയുടെ വായ പൊത്തി പിടിച്ചു .""അപ്പൻ ചത്തപ്പൊ പോലും ഒരിറ്റ് കണ്ണീര് പൊഴിക്കാത്ത തള്ളയാ..,ഛെ!നാട്ടുകാരെന്ത് കരുതും.!'' അന്ന പല്ലിറുമ്മി. പൊടിമഴ പെരുകി തുടങ്ങിയിരുന്നു. റൂമിക്ക് മഴ പേടിയാണ്!

പിന്നീടെല്ലാ മഴയത്തും കുഞ്ഞുമേരി റൂമിക്ക് കാവലിരുന്നു. റൂമിക്ക് മഴ വല്ലാണ്ട് പേടിയാണ്. മഴയുള്ളപ്പൊൾ റൂമിയോടി വന്ന് കുഞ്ഞു മേരിയുടെ മടിയിൽ കയറി ചുരുണ്ടു കൂടിയിരിക്കുമായിരുന്നു.

റൂമിയടുത്തുള്ളപ്പോഴെല്ലാം കുഞ്ഞുമേരിക്ക് താൻ പിന്നെയും പിന്നെയും സ്‌നേഹിക്കപ്പെടുകയാണെന്ന് തോന്നിയിരുന്നു.
സ്‌നേഹത്തിൽ പലപ്പോഴും നമുക്ക് തെറ്റുപറ്റുന്നു. എന്നിരുന്നാലും സ്‌നേഹം തെറ്റാകുന്നില്ല. സ്‌നേഹം വലിയൊരു ശരിയാകുന്നു.

നല്ല മഴയുള്ള ദിവസം റൂമിയുറങ്ങുന്നിടത്ത് റൂമിയോട് പറ്റിയിരുന്ന് മഴ നനയുമ്പോഴാണ് തൊട്ടകലത്തെ ഇലഞ്ഞിമരത്തിന്റെ കൊമ്പ് പൊട്ടിയൊടിയുകയും അതീന്നൊരു കിളിക്കൂട് താഴെവീഴുകയും ചെയ്തത് കുഞ്ഞുമേരിയുടെ ശ്രദ്ധയിൽപ്പെട്ടത്. കിളിക്കൂട്ടിൽ ചിറകു നിവർത്താനാകാതെ കുരുങ്ങി കിടക്കുന്ന കിളിക്കുഞ്ഞ് .അതും റൂമിയെ പോലെ ഉറക്കെയുറക്കെ കരയുന്നു. കുഞ്ഞുമേരി ഓടിച്ചെന്ന് കിളിക്കുഞ്ഞിനെയെടുത്തു.
ചാര നിറത്തിലുള്ളൊരു കുഞ്ഞു കിളി .

കുഞ്ഞു മേരി മഴയത്തീന്ന് ഇറയത്തേക്ക് കയറിനിന്ന് അതിന്റെ മേലാസകലം തലോടി. കിളിക്കുഞ്ഞ് കുഞ്ഞുമേരിയുടെ മാറിലള്ളിപ്പിടിച്ചു. കുഞ്ഞുമേരിക്ക് കരച്ചിൽ വന്നു. അവർ ചിരിച്ചു ! കുഞ്ഞുമേരിയതിനെ നീട്ടി വിളിച്ചു. ""റൂമീ.... എന്റെ കുഞ്ഞേ....''


പുണ്യ സി.ആർ.

കഥാകൃത്ത്​. പാലക്കാട്​ വിക്​ടോറിയ കോളേജ്​ യൂണിയൻ ലോക്ക്​ഡൗൺ കാലത്ത്​ പുറത്തിറക്കിയ ‘മണ്ണ്​ മുല മനുഷ്യൻ’ എന്ന ഓൺലൈൻ മാഗസിന്റെ എഡിറ്റർ.

Comments