ശ്രീജിത്ത് കൊന്നോളി

റ്റയ്ക്കല്ല, കൂടെ ഒരുപാട് പേരുണ്ടെന്ന തോന്നലിലാണ് ഓരോ മനുഷ്യനും ജീവിക്കുന്നത്. അതുതന്നെയാണ് മനുഷ്യജീവിതത്തിലെ ഏറ്റവും വലിയ ദുരന്തവും.

ബക്കറ്റിലെ വെള്ളത്തിൽ സൂക്ഷിച്ച വെള്ളിനിറമുള്ള പരൽ മീനിനെ ചൂണ്ടയിലേക്ക് കോർക്കുമ്പോഴാണ് മുരുകൻ ജീവിതത്തിന്റെ നിരർത്ഥകതയെക്കുറിച്ചോർത്ത് ആകുലനായത്. അയാൾ മൗനത്തിലും, പുഴയോരത്തെ നിശ്ശബ്ദതയിലുമായി ലയിച്ചുനിന്നു. മനസ്സിലെ പലതരം ചിന്തകൾ പ്രതലത്തിലേക്കുവന്ന് കുമിള മൊത്തി ആഴത്തിലേക്കുതന്നെ തിരിച്ചുപോകുന്നു.

പരലിന്റെ തലയ്ക്കുമുകളിലൂടെ കൊളുത്തിറക്കി മേൽച്ചിറകിനിടയിലൂടെ വലിച്ചെടുത്തു. രക്തത്തിന്റെ ഒരേയൊരു കണിക കൊളുത്തിന്റെ അറ്റത്ത് ചുവന്നു തുടുത്തുനിന്നു. ചൂണ്ട പുഴയിലേക്കെറിഞ്ഞു. പുഴയുടെ ആഴത്തിലേക്ക് വലിയ മീനുകളെ തിരഞ്ഞുകൊണ്ട് പരൽ മിന്നിപ്പറന്നു.

പരൽ പുഴയുടെ കാഴ്ചയെത്താത്ത ആഴത്തിലേക്ക് പോയി. പക്ഷെ നൂലിന്റെ അറ്റത്ത് അത് അവിശ്രാന്തമായി നീന്തുന്നുണ്ടെന്ന് മുരുകനറിയാം. അതിന്റെ ഓരോ ചലനവും അയാളെ തൊട്ടു. പുഴയുടെ മുകൾത്തട്ട് ശാന്തമാണ്. സൂര്യനിൽനിന്ന് ചൊരിയുന്ന വെളിച്ചം പുഴയുടെ മിനുത്ത പ്രതലത്തിൽതട്ടി. കുടലിലെ അമ്ലം പുരണ്ട എക്കിളുകൾ അനിയന്ത്രിതമായി തികട്ടിവരുന്നു. രാവിലെ കഴിച്ച മദ്യത്തിന്റെ ഗന്ധം മുരുകനെ മൂടിനിന്നു

മുരുകൻ ആകാശത്തിലേക്ക് നോക്കി. നീലനിറത്തിന്റെ പ്രശാന്തതയിൽനിന്ന് ഒരു വെള്ളിമേഘം ഉദിച്ചുവരുന്നു. അപാരമായ പ്രൗഢിയോടെ അത് പുഴയുടെ ഒഴുക്കിന് സമാന്തരമായി ചലിച്ചു. ചൂണ്ടയിലെ ചലനം നിലച്ചപ്പോൾ, മുരുകൻ മറ്റൊരു പരലിനെ കോർത്തെടുത്ത് പുഴയിലേക്കെറിഞ്ഞു. അയാൾ ദുഃഖിതനായിരുന്നു. പൊടുന്നനെ അയാൾക്ക് അയാളെത്തന്നെ വേണ്ടാതായി. ഗർത്തിലകപ്പെട്ട കുട്ടിയുടെ നേരിയ കരച്ചിൽ ഉള്ളിൽനിന്ന് അയാളെത്തേടിവന്നു. പുഴക്കരയിൽ മുരുകൻ ഒരേസമയം മീൻ വേട്ടക്കാരനും സ്വന്തം മനസ്സിന്റെ ഇരയുമായിത്തീരുന്നു. ഓരോ വേട്ടക്കാരനും ഓരോ ഇരയും കൂടിയാണ്.

വൈകുന്നേരംവരെ ഓരോ പരലുകളെയായി കോർത്ത് അയാൾ പുഴയിലേക്കെറിഞ്ഞുകൊണ്ടിരുന്നു. പക്ഷെ ആഴങ്ങളിൽ നീന്തുന്ന ഒരു വലിയ മൽസ്യത്തെപ്പോലും അയാൾക്ക് ലഭിച്ചില്ല.

മുരുകന് വീണ്ടും മദ്യപിക്കണമെന്ന് തോന്നി. ക്ഷമനശിച്ച് പുഴയിൽനിന്ന് ചൂണ്ടൽ വലിച്ചെടുത്ത് സമീപത്തെ ഒരു തെങ്ങിൻതൈയുടെ ഓലകൾക്കിടയിൽ തിരുകിവച്ചു. ബക്കറ്റിലെ വെള്ളം പുഴയിലേക്ക് മറിച്ച്, ബക്കറ്റ് തെങ്ങിൻതൈ ചുവട്ടിലേക്കെറിഞ്ഞു, ജീവനോടെയുണ്ടായിരുന്ന കുറച്ച് പരലുകൾ പുഴയുടെ വിശാലതയിലേക്ക് മിന്നിമറഞ്ഞു.

മുരുകൻ പുഴക്കരയിലൂടെ നടന്നു.
പിന്നീട് അയാൾ കശുമാവിൻ തോട്ടത്തിന് നടുവിലെ വെളുത്ത നേരിയ മണൽവഴിയിലൂടെ വാറ്റുചാരായം വിൽക്കുന്ന സുകുമരന്റെ വീട്ടിലേക്കെത്തി. ചെറിയ ഓടിട്ട വീട് മാവുകളാൽ ചുറ്റപ്പെട്ട ഒരു ഒളിവുസങ്കേതം പോലെ തോന്നിച്ചു. പൂഴിമണ്ണ് നിറഞ്ഞ മുറ്റത്ത് മൂന്നും നാലും വയസ് തോന്നിക്കുന്ന രണ്ട് കുട്ടികൾ അവരുടെ കളിപ്പാട്ടങ്ങളുമായി കളിച്ചുകൊണ്ടിരിക്കുന്നു. മുരുകൻ മുറ്റത്തുവന്ന് നിശ്ശബ്ദനായി നിന്നു. വീടിനകത്തെ ഇരുട്ടിൽ നിഴലനങ്ങുന്നത് അയാൾ കണ്ടു. നിഴലിന് ജീവൻ ലഭിക്കുന്നതുവരെ അയാൾ മുറ്റത്ത് കാത്തുനിന്നു. കുട്ടികളെ അയാൾ നോക്കി. അവർ ആരെയും ശ്രദ്ധിക്കാതെ കളിച്ചുകൊണ്ടിരുന്നു. വീട്ടിനുള്ളിലേക്ക് നോക്കി സുകുമാരാ അല്ലെങ്കിൽ ഇവിടെ ആരുമില്ലേ എന്ന് ചോദിക്കാനുള്ള അധികാരം മുരുകനുണ്ടായിരുന്നതായി അയാൾ വിശ്വസിച്ചില്ല. വീടിനകത്തെ നിഴലനക്കങ്ങളെ അയാൾ ഭവ്യതയോടെ ശ്രദ്ധിച്ചു. അകത്തെ ചുമരിലെ ക്ലോക്കിക്കിൽനിന്ന് ഒരു കിളി കൂടു തുറന്ന് ആറു മണിയാണെന്നോർപ്പിച്ച് കൂടിനുള്ളിലേക്ക് കയറിപ്പോയി. മുരുകന് കൂടുതുറന്നിറങ്ങിവന്ന കിളിയോട് കൗതുകം തോന്നി. അയാൾ വീടിന്റെ വരാന്തയിലേക്ക് കയറിനിന്ന് ചുമരിലെ കിളിയുടെ കൂടിലേക്ക് ഏന്തിവലിഞ്ഞുനോക്കി. അത് കതകടച്ച് മറ്റൊരു നിമിഷത്തിന്റെ ഓർമ്മപ്പെടുത്തലിനായി കാത്തിരിക്കുകയാണ്.

കിളി കൂട്ടിൽ സ്വസ്ഥയാണ്.
ആ ചുറ്റുപാടിലെ ശാന്തിനിറഞ്ഞ അപ്രതീക്ഷിതമായ ഒരു നിമിഷത്തിൽ സുകുമാരൻ അകത്തെ ഇരുട്ടിൽനിന്നും വരാന്തയിലേക്ക് ഇറങ്ങിവന്നു. പെട്ടെന്ന് മുരുകന്റെ ശരീരത്തിൽ ഒട്ടും വാക്കുകളില്ലാതാവുകയും, നിറഞ്ഞ ദൈന്യത അയാളിൽ ഒടിഞ്ഞുകുത്തി നിൽക്കുകയും ചെയ്തു.

“ഇനി കടമില്ല’’, സുകുമാരന്റെ വീർത്ത് മിനുസമുള്ള വയറിനുള്ളിൽനിന്നാണ് ആ ശബ്ദം ഉൽഭവിച്ചത്. അയാൾ മുറ്റത്തേക്കിറങ്ങി ഒരു പ്രത്യേകതരം ശബ്ദമുണ്ടാക്കി കുട്ടികളെ അകത്തേക്കോടിച്ചു. ആ ആംഗ്യത്തിന്റെ ശീൽക്കാരത്തിൽ കുട്ടികളോടൊപ്പം മുരുകനും ഞെട്ടി. സത്യത്തിൽ അയാൾ ഫണമുയർത്തുമ്പോൾ മുരുകനെക്കൂടി ഉദ്ദേശിച്ചിരുന്നു. പക്ഷെ മുരുകൻ അവിടെ ഒട്ടും കെല്പില്ലാത്തവനായി സുകുമാരന്റെ വലിയ കുംഭയുടെ തുള്ളിച്ചാട്ടത്തിലേക്ക്മാത്രം നോക്കിനിന്നു. മുരുകൻ സുകുമാരന്റെ മുഖത്തേക്ക് നോക്കിയില്ല.

പുഴയിലെ മീനുകളുടെ പേരിലാണ് മുരുകൻ വാറ്റുചാരായത്തിന് കടം പറയാറുള്ളത്. പക്ഷെ ചൂണ്ടക്കാരൻ ഹതാശനും ക്ഷീണിതനുമാണ്. ലഭിക്കാത്ത മീനുകൾ പുഴയുടെ അടിത്തട്ടിൽ നീന്തുന്നു എന്ന ആലോചന അയാളെ കൂടുതൽ അസ്വസ്ഥനാക്കുന്നു. ഇത്തിരി ചാരായത്തിന്റെ അഗ്നിയില്ലാതെ കുറച്ച് നേരംകൂടി ജീവിക്കാനാവുമോ എന്ന് മുരുകന് സംശയമായിരുന്നു. അയാൾ മുറ്റത്തെ പൂഴിമണ്ണീൽ കാലുനീട്ടി വരാന്തയുടെ അറ്റത്തിരുന്നു. നിശ്ശബ്ദതയുടെ ആഴത്തിൽനിന്ന് ക്ലോക്കിലെ പക്ഷി കൂട്തുറന്ന് വീണ്ടു പുറത്തുവന്ന് ശബ്ദിച്ചു. അപ്പോഴാണ് സുകുമാരന്റെ ഭാര്യ രമണി കുത്തഴിഞ്ഞ മുടിയുമായി വരാന്തയിലേക്ക് ഇറങ്ങി വന്നത്. വരാന്തയിയിലിരിക്കുന്ന മുരുകനെ അവർ ക്രൂദ്ധമായി നോക്കി. മുറ്റത്ത് വീണുകിടന്ന ഒരു വിറകുകൊള്ളി രമണി കയ്യിലെടുത്തു. വിറകുകൊള്ളി വഴിയിലേക്ക് ചൂണ്ടി, ആ വഴിയിലൂടെ ഇറങ്ങിപ്പോകാൻ അവൾ മുരുകനോട് ആവശ്യപ്പെട്ടു.

മുരുകന്റെ നിശ്ശബ്ദത രമണിയുടെ കൈയിലെ വിറകുകൊള്ളിയുടെ മൂർച്ചകൂട്ടി. അവർ കുനിഞ്ഞിരിക്കുന്ന അയാളുടെ ശരീരത്തിലേക്ക് അതിന്റെ മൂർച്ചകൊണ്ട് തൊട്ടു. പോ പോ എന്ന് വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരുന്നു. മുരുകൻ അയാളിൽത്തന്നെ വീണുപോയിരുന്നു. എഴുന്നേൽക്കാനാവാതെ നിലത്ത് അയാൾ കടൽ വെള്ളരി പോലെ പറ്റിപ്പിടിച്ചുപോയി.

സുകുമാരൻ മുറ്റത്ത് ആകാശത്തിൽ ഉദിച്ചുവരുന്ന നക്ഷത്രങ്ങളെ നോക്കിനിന്നു. അതിന്റെ നീലവെളിച്ചം അയാളുടെ വസ്ത്രമില്ലാത്ത മേൽ ശരീരത്തിൽതട്ടി മിന്നി. അസമയത്ത് വീട്ടിന് മുന്നിൽ വന്നിരിക്കുന്ന അന്യൻ നൽകുന്ന ഭാരം മുഴുവൻ രമണിയുടെ കൈയിലെ വിറകുകൊള്ളിയിൽ തൂങ്ങിക്കിടന്നു. അവൾ പെട്ടെന്ന് ക്ഷീണിതയായി. സുകുമാരൻ മാവിൻ തോട്ടത്തിന്റെ ഇരുട്ടിലേക്ക് നടന്നു. ഒരു കുപ്പിയുമായി തിരിച്ച് വന്ന് മുരുകനെ ഏല്പിച്ചു.

“ഇനി കടം പറയാൻ ഇങ്ങോട്ട് വരരുത്.” മുരുകൻ കുപ്പിയുമായി നക്ഷത്രങ്ങളുടെ വെളിച്ചം വീണ വെളുത്ത നേരിയ മൺവഴിലൂടെ നടന്നു.

വീട്ടിലേക്ക് നടക്കുന്നതിനിടയിൽ മുരുകൻ കുപ്പിയുടെ അടപ്പ് തുറന്ന് മദ്യം വായിലേക്കൊഴിച്ചുകൊണ്ടിരുന്നു. ഇരുടുവീണ വഴികളിൽ അനേകം മിന്നാമിനുങ്ങുകൾ പ്രകാശം പരത്തുന്നതായി മുരുകന് തോന്നി. അയാളുടെ കാലുകൾ കുഴയുന്നുണ്ടായിരുന്നു. ഭൂമിയിൽ ഉറയ്ക്കാതെ, വഴിയിലെ എല്ലാ സീമകളിലും തട്ടിയുടഞ്ഞ് അയാൾ നടന്നു. കാലുകളിൽ പറ്റിപ്പിടിച്ച മിന്നാമിനുങ്ങിന്റെ വെളിച്ചം കണ്ടപ്പോൾ നൂറ്റാണ്ടുകൾക്ക് മുൻപ് ജീവിച്ച മനുഷ്യന്റെ ഒരു ചിരി അയാൾ ചിരിച്ചു. മദ്യത്തിലൂടെയാണ് അയാളിലേക്ക് ആ ചിരി ഊറിവന്നത്. മുരുകൻ അയാൾക്ക് വേണ്ടിമാത്രം നിർമ്മിച്ച സൗഹാർദ്ദം നിറഞ്ഞ ചിരിയായിരുന്നു അത്. ഏകാന്തതയുടെ ഏറ്റവും ആഴത്തിൽ നമ്മൾ നമ്മളോട് ചിരിക്കാതിരിക്കുന്നതെങ്ങനെയാണ്.

മുന്നോട്ടാഞ്ഞ് മൂക്കുകുത്തിവീഴാൻ തുടങ്ങുമ്പോഴേക്കും ഏതോ ശക്തിയുടെ സഹായത്തോടെ നിവർന്നുനിൽക്കും. സ്വല്പം നേരം നിന്നശേഷം കുപ്പി അയാൾ കൈകളിൽ ഭദ്രമായി പിടിക്കുകയും കാല്പാദങ്ങൾ മന്ദമായി മുന്നോട്ട് ചലിപ്പിക്കുകയും ചെയ്യും. വീട്ടിലേക്കുള്ള ദൂരത്തിലേക്ക് അയാൾ നടക്കുകയും അളക്കുകയും ചെയ്തു.

പകൽ സമയങ്ങളിലെ മുരുകന്റെ വീട്, അതിനുചുറ്റും അലസമായി വളർന്ന സസ്യജാലങ്ങൾക്കിടയിൽ കുരുങ്ങിക്കിടന്നു. ചുവന്ന കൽഭിത്തിയിൽ പൂപ്പലുകളുടെ പച്ച. മുറ്റത്ത് കരിയിലകളിൽ അനങ്ങുന്ന പാമ്പും, തേളും, പഴുതാരയും , അരണയും പിന്നെ നിറം മാറുന്ന ഓന്തും. സസ്യങ്ങൾക്കിടയിൽ ചിലയ്ക്കുന്ന പക്ഷികൾ. പക്ഷെ രാത്രിയിൽ വീട് പ്രകാശം തീണ്ടാതെ ഇരുളിൽ മുങ്ങിക്കിടന്നു. മുരുകൻ ഒരിക്കൽപ്പോലും വീടിന്റെ വാതിൽ അടയ്ക്കാറില്ല. വേച്ചുവേച്ചുവന്ന് വീടിന് അകത്ത് കയറുന്നതിന് മുൻപേ മുരുകൻ വരാന്തയിൽ വീണു. ബോധത്തിന്റെ എല്ലാ കെട്ടുകളും അയാളിനിന്ന് അഴിഞ്ഞുപോയി. പഴകി പിഞ്ഞിയ കീറത്തുണി പോലെ അയാൾ ആ വരാന്തയിൽ കിടന്നു. പക്ഷെ വായിൽനിന്നൂർന്നുവന്ന് നീരിലേക്ക് കാട്ടുതേൻ തേടി ഉറുമ്പുകളെത്തി. ആ രാത്രി മുഴുവൻ അയാൾ ഉറുമ്പുകൾക്ക് മധുരത്തിന്റെ തുള്ളികളായി അവിടം മുഴുവൻ പടർന്നൊഴുകി.

അബോധത്തിന്റെ മുഴുവൻ നിമിഷങ്ങളും പരിപൂർണ്ണമായി സ്വന്തമാക്കാൻ മുരുകൻ കണ്ണുകൾ മുറുക്കിയടച്ചിരുന്നു. ആ വീടിനുചുറ്റും തങ്ങിക്കിടന്ന ഇരുട്ടിന്റെ ആഴത്തിലേക്ക് മുഴുവനായും അയാൾ ലയിച്ചു. ഒരു തേരട്ട അയാളുടെ ചുണ്ടുകൾക്ക് മുകളിലൂടെ മൂക്കും കടന്ന് തലമുടികൾക്കിടയിലൂടെ അനേകം കാലുകൾ ചലിപ്പിച്ചുകൊണ്ട് കടന്നുപോയി. അത് പൂർത്തീകരിച്ചത് പുതുതായി നിർമ്മിച്ച പാളത്തിൽ അവധാനതയോടെയുള്ള ഒരു യാത്ര മാത്രമായിരുന്നു. ആ യാത്രയ്ക്ക് മുരുകന്റെ ജീവിതവുമായി ഒരു നൂൽബന്ധം പോലുമില്ല. കെട്ടിപ്പിണഞ്ഞുകിടക്കുന്ന പ്രസക്തിയില്ലാത്ത ചില കാഴ്ചകളും സംഭവങ്ങളുമാണ് ജീവിതമെന്ന് മുരുകന് തോന്നിയിട്ടുമുണ്ട്.

പ്രത്യേകിച്ച് ഒരിക്കൽ അയാൾ തണുത്ത ജലത്തിൽ കുളിക്കുമ്പോൾ. മദ്യപിക്കുമ്പോൾ ജീവിതം വീണ്ടും വീണ്ടും അപ്രസക്തമാകുന്നു. ഓരോ തവണയും അടപ്പ് തുറന്ന് മദ്യം വായിലേക്കൊഴിക്കുമ്പോൾ ഉള്ളിലെയുള്ളിനെ അത് മായ്ച്ചുകളയുന്നതായി മുരുകൻ അനുഭവിച്ചു. ആരുമല്ലാത്തൊരാളായി സ്വയം ജീവിക്കാൻ മുരുകൻ ശീലിക്കുകയും ചെയ്തു.

രാത്രി ഏറെ വൈകി. കടമായി മദ്യം നൽകിയ സുകുമാരനും ഇപ്പോൾ ഉറക്കത്തിലേക്ക് വീണുകാണും.

നാട്ടുകാർക്ക് മുരുകൻ എങ്ങുനിന്ന് പാറിവന്ന പക്ഷിയാണെന്നറിയില്ല. ചാരനിറമുള്ള, നിറം മങ്ങിയ തൂവലുകളൂള്ള ആ ജീവി നാടിന്റെ എല്ലാ മുക്കിലും മൂലയിലും പ്രത്യക്ഷപ്പെട്ടു. ഇരുപതിലേറെ വർഷങ്ങളായി അയാൾ ഇവിടെയുണ്ട്. വളരെ വിരളമായേ സംസാരിക്കാറുള്ളൂ. എല്ലാ സമയങ്ങളിലും എല്ലാവരുടെയും സാന്നിധ്യത്തിലെ അസാന്നിധ്യമായി അയാൾ അവിടം മുഴുവൻ ചിക്കി ചികഞ്ഞു നടന്നു. അഗാധമായൊരു നിശ്ശബ്ദതയായിരുന്നു അയാൾ. അന്നാട്ടിലെ ആരും അയാളെക്കുറിച്ച് അറിയാനും ശ്രമിച്ചില്ല.

മുപ്പത് വർഷത്തിനപ്പുറമുള്ള കാവേരി നദീതീരത്തിലെ ഒരു മൺകുടിൽ മുരുകന്റെ ഓർമ്മയിൽ നിറം മങ്ങിനിൽക്കുന്നുണ്ട്. ഒരു രാത്രി പുഴയിലെ ജലം മലയോളം ഉയരത്തിൽ പതഞ്ഞൊഴുകി വന്നു. അതിന്റെ ആഘാതത്തിൽ കുടിൽ പൊട്ടി നാല് കഷണങ്ങളായി. പിന്നീടത് ഒരു നിലവിളിയോടെ വെള്ളത്തിലേക്ക് സാവധാനം മറിഞ്ഞുവീണു. പുഴയുടെ ഒഴുക്കിന്റെ ചാലിലേക്ക് കുടിൽ നീങ്ങുകയും പ്രവാഹത്തിന്റെ വേഗതയിലേക്ക് നനഞ്ഞുകുതിർന്ന് പുഴയുടെ അടിത്തട്ടിലേക്കത് അപ്രത്യക്ഷമാവുകയും ചെയ്തു. കുടിലിൽ കിടന്നുറങ്ങിയിരുന്ന അമ്മയും അനുജത്തിയും നിശ്ശബ്ദമായി ഒഴുക്കിന്റെ ചെളിനിറത്തിലേക്ക് അപ്രത്യക്ഷമായി. ആ ജലത്തിൽ അവർ ജലത്തെക്കാൾ വേഗത്തിൽ ഒഴുകിപ്പോയി. ഒരു വേരിൽ ഉടക്കിക്കിടന്ന മുരുകൻ അവരുടെ വയലിൽ കൃഷി ചെയ്തിരുന്ന കരിമ്പുചെടികൾ വേരോടെ പിഴുതൊഴുകിപ്പോകുന്നത് കണ്ടു. ആടുകളും, കോഴികളും, നായയും ആ ഉഗ്രജലത്തിൽ ഒഴുകിപ്പോയി.

ഒഴുക്കിലിരുന്നുകൊണ്ട് ഒഴുക്കിനെ അവൻ കണ്ടു. അന്നത്തെ സന്ധ്യ പതിവിലേറെ കറുത്തിരുണ്ടത് അവന് ഓർമ്മയുണ്ട്. പക്ഷെ അതിന്റെ സൂചനകളൊന്നും മനസ്സിലായില്ല. അമ്മ പറഞ്ഞിരുന്നു മഴ കനത്ത് വരുന്നുണ്ട്. ആടുകളെയും കോഴികളേയും കൂട്ടിൽ കയറ്റൂ. അവൻ ആടുകളെയും കോഴികളേയും കൂട്ടിലേക്ക് തെളിച്ചു കയറ്റി. നായ സ്വതന്ത്രനായി കുടിലിന് മുറ്റത്തിരുന്നു. ഒടുവിൽ ഒഴുക്കിലും നായ സ്വതന്ത്രനായിരുന്നു. അത് എല്ലാ ജീവജാലങ്ങൾക്കും മുൻപിൽ ഒഴുക്കിന്റെ ആദ്യത്തിലും ആശയക്കുഴപ്പതിലുമായിരുന്നു.

ജലവും മണ്ണും ഒഴുകിതീർന്നപ്പോൾ വേരിനിടയിൽ അവനോടൊപ്പം തങ്ങിക്കിടന്ന ഇലകൾക്കും കമ്പുകൾക്കുമിടയിൽ തൂവൽ മുളക്കാത്ത ഒരു പക്ഷിക്കുഞ്ഞിനെപ്പോലെ മുരുകൻ കിടന്നു. ബോധത്തിന്റെ നേരിയ കുറുകൽ മാത്രം ആ ശരീരത്തിൽ അവശേഷിച്ചു. മുറിവുകളിലെ നീറ്റലും തണുപ്പും അവൻ ഉണരാനായ് കാത്തുനിന്നു. ഒറ്റനിമിഷത്തിന്റെ അടിയൊഴുക്കിൽ നഷ്ടപ്പെട്ട ഒരുപാട് നിമിഷങ്ങൾ. വേരിനിടയിൽനിന്ന് അവനെ ആരോ വലിച്ച് പുറത്തിട്ടു.

കുറച്ച് ദിവസം അടുത്ത ഗ്രാമത്തിലെ സ്കൂൾ മുറ്റത്ത് താത്കാലികമായി അനാവൃതമായ ജീവിതത്തിന് മുന്നിൽ ആളുകളോടൊപ്പം അവൻ വിഭ്രമിച്ചുനിന്നു. അവിടെ കഴിക്കാൻ ഭക്ഷണവും ഉടുക്കാൻ പഴയ ഉടുപ്പുകളും ലഭിച്ചു. മുറിവുകളിൽ മരുന്നു പുരട്ടി. ദുരന്തത്തിന്റെ മുറിവുകൾ ഉണങ്ങിത്തുടങ്ങിയപ്പോൾ ആളുകൾ എങ്ങോട്ടൊക്കെയോ ഇറങ്ങിപ്പോയി. വിശാലമായ ഭൂമിയിൽ അവൻ ഒറ്റയ്ക്കായി. ഇറങ്ങി നടന്നു.

പതിമൂന്നത്തെ വയസ്സിൽ അന്നാദ്യമായി പ്രപഞ്ചത്തിന്റെ വിശാലതയിൽ അവന് ഭീതി തോന്നി. ആരുടെയോ ദയ അവൻ ആഗ്രഹിച്ചു. പക്ഷെ കരയാൻ കഴിഞ്ഞില്ല. അതീവമായ വേദന തൊണ്ടയിൽ പൊട്ടാതെ കുടുങ്ങിക്കിടന്നു. ചുറ്റും കാണുന്നവർ സമാശ്വസവും സാന്ത്വനവും നൽകുമെന്ന് അവൻ കരുതി. പക്ഷെ ലോകം അതിന്റെ സകല അപേക്ഷകളോടും ഉദാസീനമായി. മുരുകൻ വീണ്ടും വീണ്ടും ഒറ്റയ്ക്കായി. അവൻ തൊട്ടടുത്ത പട്ടണമായ തഞ്ചാവൂരിലേക്ക് നടന്നു.

പട്ടണത്തിൽ മൂന്നുനാല് ദിവസം അവൻ അലഞ്ഞു. ഒടുവിൽ ഗണേശ ചെട്ട്യാരുടെ കാവേരി മെസ്സിൽ ജോലിയ്ക്ക് കയറി. രാവിലെ മുതൽ രാത്രിവരെ പാത്രങ്ങൾ കഴുകി. ചെട്ട്യാർ പല സമയങ്ങളിലായി വന്ന് പാത്രത്തിന്റെ തിളക്കം പരിശോധിച്ചു. പാത്രങ്ങൾ തിളങ്ങിയെങ്കിലും അയാൾ അവനെ തുറിച്ചു നോക്കി. അയാളുടെ കണ്ണുകളിൽനിന്ന് അകന്ന് കഴിയാൻ അവൻ ശ്രമിച്ചു. മെസ്സിൽ പതിവായി വരുന്നവർ ചെട്ടിയാരോട് പല കാര്യങ്ങളെപ്പറ്റി സംസാരിക്കും. അവരോടൊക്കെയും ചെട്ടിയാർ സ്നേഹസമ്പന്നനായ് പെരുമാറും. അപ്പോഴൊക്കെ അയാളുടെ കണ്ണുകളിലെ ക്രുദ്ധഭാവം എങ്ങോ മറഞ്ഞുപോകുന്നത് മുരുകൻ കണ്ടു. പക്ഷെ മുരുകനെയും മറ്റു ജോലിക്കാരെയും നോട്ടത്തിന്റെ മൂർച്ചകൊണ്ട് ശരീരം മുഴുവൻ അയാൾ വരഞ്ഞു. ചോരവാണ്ട ശരീരവുമായി കാവേരി മെസ്സിലെ എല്ലാ ജോലിക്കാരും ചെട്ടിയാരുടെ മുൻപിൽ തലകുനിച്ചുനിന്നു.

മെസ്സിനടുത്തുള്ള ഒരു സിമന്റ് കടയുടെ മുകൾത്തട്ടിലെ ഒരു ചെറിയ മുറിയിലാണ് സുബ്രമണ്യനോടൊപ്പം മുരുകൻ താമസിച്ചത്. സുബ്രമണ്യൻ യുവാവാണ്. അയാൾ കാവേരി മെസ്സിലെത്തിയിട്ട് എട്ട് മാസത്തോളമായി. രാത്രിയിൽ ജനലിനരികിലിരുന്ന് സുബ്രമണ്യൻ ബീഡിവലിക്കും. മുരുകൻ ആ പുകച്ചുരുളുകൾക്കിടയിലൂടെ താഴെ നിരത്തിലേക്ക് നോക്കി. പൂമാലകൾ വിറ്റ് ഒഴിഞ്ഞ കൂടയുമായി സ്ത്രീകൾ തെരുവുവിളക്കിനടിയിലൂടെ വേഗം നടന്നുപോകുന്നു. ആ സ്ത്രീകൾക്ക് അപ്പോഴും മല്ലിപ്പൂവിന്റെ ഗന്ധമായിരുന്നു.

അവൻ ജനലഴികൾക്കിടയിലൂടെ മൂക്ക് പുറത്തുനീട്ടി ദീർഘമായി ശ്വസിച്ചു. സുബ്രഹ്മണ്യൻ ചിരിച്ചു. അയാൾ എരിഞ്ഞുതീരാറായ ബീഡി മുരുകനുനേരെ നീട്ടി. മുരുകൻ അത് വാങ്ങി ചുണ്ടിൽവച്ചൂതി. കുഞ്ഞുസൂര്യനെപ്പോലെ അത് കത്തി. ഘനഗംഭീരമായ മേഘം അവന്റെ വായിൽനിന്നും മൂക്കിൽനിന്നും ഊർന്ന് ജനലഴികൾക്കിടയിലൂടെ തെരുവുന്റെ ആകാശത്തിലേക്ക് പോയി. അത് ദൂരെ നിഴൽപോലെ കാണുന്ന അമ്പലഗോപുരത്തിനുമപ്പുറം അപ്രത്യക്ഷമായി.

മറ്റൊരു ദിവസം ഒരു മഴയുള്ള രാത്രിയിൽ സുബ്രമണ്യൻ ഒരു ചാരായക്കുപ്പിയുമായി തട്ടിൻപുറത്തെ മുറിയിലേക്ക് കയറിവന്നു. മുരുകൻ അന്നാദ്യമായി ബീഡി വലിക്കുന്നതിനോടൊപ്പം മദ്യപിക്കുകയും ചെയ്തു. കത്തുന്ന ദ്രാവകം അവനുള്ളിലൂടെ ഒഴുകി. അത് കുടലിനുള്ളിൽ ഒരു ചുഴലിയായി കറങ്ങി. ഹൃദയം അതിന്റെ നീരാവിയിൽ വെന്തുപോയി. തലയ്ക്കുള്ളിൽ പുകനിറഞ്ഞു. അല്പസമയത്തിനുശേഷം തലക്കുള്ളിലെ പുകമറയിൽനിന്നും അവന്റേതല്ലാത്ത ഒരു ചിരി അവൻ കേട്ടു. കണ്ണുകളിൽ മയച്ചാലും മാറാത്ത ആയിരം വർണ്ണങ്ങൾ. പൊടുന്നനെ ചുറ്റും രൂപപ്പെട്ട നിറങ്ങൾ അവന് താങ്ങാവുന്നതിലും അധികം സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. ഭാരമില്ലാതായി. ആദ്യ പറക്കലിനായ് തയ്യാറെടുക്കുന്ന ഒരു പക്ഷിക്കുഞ്ഞിനെപ്പോലെ ജനാലക്കപ്പുറമുള്ള വിശാലമായ ഭൂമിയിലേക്ക് അവൻ നോക്കിനിന്നു. ഏറെ വൈകിയപ്പോൾ അവർ പരസ്പരം ആലിംഗനം ചെയ്തുകൊണ്ട് തറയിൽ കിടന്നുറങ്ങിപ്പോയി.

പിന്നീടുള്ള എല്ലാ രാത്രികളിലും മുരുകൻ മദ്യത്തോടൊപ്പം ഗഹനമായി ഉറങ്ങി. രാവിലെ മെസ്സിൽ സ്ഥിരമായി വൈകിയപ്പോൾ ചെട്ടിയാർ തട്ടിപുറത്ത്കയറിവന്ന് മുരുകനെ വലതുകാലുകൊണ്ട് തൊഴിച്ച് പുറത്തിട്ടു. അവൻ തഞ്ചാവൂരിൽ പിന്നെ നിന്നില്ല. മെസ്സിൽ വരുന്നവരോടൊക്കെ ചെട്ടിയാർ അയാളുടെ തൊഴിയുടെ അപാരശക്തിയെക്കുറിച്ച് പറഞ്ഞു. കൂടാതെ വീട്ടിലെത്തിയ അയാൾ ഭാര്യയോടും മക്കളോടും ഗൗരവക്കാരനായി പെരുമാറി.

ചെട്ടിയാരെക്കുറിച്ച് മുരുകൻ ഓർക്കാറില്ല. ഒരുപാട് വർഷങ്ങളുടെ നീരൊഴിക്കിൽ അയാളുടെ മെസ്സും, നോട്ടവും തൊഴിയും വിസ്മ്രുതിയുടെ ആഴത്തിൽ അമർന്നുപോയി. അമ്മയും അനുജത്തിയും ഒഴുക്കിലെ നേർത്ത നിലവിളി മാത്രമായി. സുബ്രമണ്യൻ മാത്രം മുരുകന് തെളിഞ്ഞ ഓർമ്മയായി. അവന്റെ ഗന്ധം ചിലപ്പോഴൊക്കെ മുരുകന്റെ മൂക്കിൽ വന്ന് മുട്ടി.

സുബ്രഹ്മണ്യനെ പരിചയപ്പെട്ട നാൾ മുതൽ ഇന്നുവരെ മുരുകൻ ആസക്തിയോടെ മദ്യപിച്ചു. ഒരോ കവിളിറക്കുമ്പോഴും സ്വയം ബോധം ശിഥിലമായി. മദ്യപിക്കുമ്പോൾ മുരുകൻ മുരുകനെ മെരുക്കിയെടുക്കാൻ ശ്രമിക്കുകയായിരുന്നു. മദ്യം ലഭിക്കാത്ത ഇടവേളകളിൽ അയാൾ അയാളിൽ ഒട്ടും നിയന്ത്രിതനായില്ല. സ്വത്വത്തെ കഴുത്തിൽ കയർ ചുറ്റി വലിച്ചു. മുട്ടനാടിനെപ്പോലെ മുൻകാലുകളും പിൻകാലുകളും അത് ഭൂമിയിൽ കുത്തിപ്പിടിച്ച് വാശിയോടെ അനങ്ങാതെ നിന്നു. ഉപേക്ഷിക്കാനാവാത്ത മെരുങ്ങാത്ത മൃഗം അയാളുമായി പലപ്പോഴും ബലാബലം നിന്നു. ആ അവസരങ്ങളിലെല്ലാം മുരുകൻ തളർന്നു. മദ്യം നൽകിയപ്പോൾ ആട് അയാൾക്കൊപ്പം നടക്കുകയും അനുസരിക്കുകയും ചെയ്തു. ജീവിതത്തിനുമുകളിൽ പ്രയോഗിക്കപ്പെട്ട എല്ലാ ശക്തിപ്രയോഗങ്ങളെയും മദ്യം ലഘൂകരിച്ചു.

ഒരിക്കൽ മുരുകൻ പൊള്ളുന്ന ഉച്ചസമയത്ത് കവലയിലെ ബസ് വെയ്റ്റിങ്ങ് ഷെഡിലേക്ക് വന്നിരുന്നു. അയാൾക്ക് ജീവിതം സങ്കീർണമായി തോന്നിയ ഒരു പകലായിരുന്നു അത്. ബസ് കയറാൻ ആളുകൾ ആരും ആ ഷെഡിന്റെ തണലിലിൽ നിൽക്കാറില്ല. പകരം തൊട്ടപ്പുറത്തെ ആൽമരച്ചുവട്ടിൽ ഒട്ടും മടുപ്പില്ലാതെ കാത്തിരിക്കും. അവർ എങ്ങോട്ടൊക്കെയോ പോകുകയും എങ്ങുനിന്നൊക്കെയോ വരികയും ചെയ്യും. ആൽമരം കാലങ്ങളായി സാക്ഷിയാണ്. അത് തണലിൽ നിൽക്കുന്ന മനുഷ്യരുടെ ജീവിതത്തിലേക്ക് ഉറ്റുനോക്കുന്നതായി മുരുകൻ കണ്ടു. പൊടുന്നനെ ജീവിതത്തിന്റെ നിരർഥകത അയാളിൽ ഒരു ബാധയായി. ഭൂമിയിലെ ജീവിതത്തെ അസംബന്ധമായി മാത്രം നോക്കുന്ന പ്രകൃതിയിൽ അയാൾ ദൈന്യനായി.

പകൽ ചൂട് തട്ടിയപ്പോഴാണ് വരാന്തയിൽ വീണുപൊളിഞ്ഞുകിടന്ന മുരുകൻ കണ്ണുകൾ തുറന്നത്. മുറ്റത്തെ ചെടികളിൽ ചെറുപക്ഷികളുടെ ശബ്ദം. അഴിഞ്ഞുപോയ മുണ്ട് വാരിയുടുത്ത് അയാൾ എഴുന്നേറ്റിരുന്നു. ഒരു പൂച്ച മുരുകനെ ശ്രദ്ധിക്കാതെ മുറ്റത്തെ കരിയലകളിൽ ചവിട്ടി ശബ്ദമുണ്ടാക്കാതെ കടന്നുപോയി. കിണറിനടുത്തുപോയി ഇത്തിരി വെള്ളം കുടിച്ചു. ആമാശയത്തിലെ തീ നനയുന്നത് അയാൾ അറിഞ്ഞു. മുഖം കഴുകി കണ്ണുകൾ മുഴുവൻ തുറന്നു. ഇടവഴിയിലേക്കിറങ്ങി. മുരുകൻ കടൽത്തീരത്തിലേക്ക് നടന്നു. വഴിയിൽ പെട്ടെന്ന് സുബ്രഹ്മണ്യനെ ഓർത്തു. ശരീരം മുഴുവൻ മിനുത്ത് തുടുത്ത മസിലുകള്ള സുബ്രഹ്മണ്യൻ. അവനെക്കുറിച്ചുള്ള ഓർമ്മയിൽ മുരുകൻ അറിയാതെ നിവർന്നുനിന്നുപോയി. ആദ്യമായി ഒരു വീരനായകനെപ്പോലെ മുരുകൻ കടലിനെനോക്കി. തൊട്ടടുത്ത നിമിഷത്തിൽ കടൽ അയാളെ ഏകാന്തനും ദുഃഖിതനുമാക്കി.

ഒരിറ്റ് മദ്യം അയാൾ ആഗ്രഹിച്ചു. അതിന്റെ ആസക്തിയിൽ ചുണ്ട് വരണ്ടുപോയി. കാലുകളിൽ ക്ഷീണത്താൽ ഭൂമിയേക്കാൾ ഭാരം അനുഭവപ്പെട്ടു. മുരുകൻ അവിടെ വെളുത്ത മണലിലിരുന്നു. തലയിലേക്ക് ഭാരം ഇരച്ചുകയറിയപ്പോൾ അയാൾ മണലിൽ മലർന്നുകിടന്നു. തിരമാലയുടെ വെളുത്ത നുര മുരുകന്റെ കാലുകളിൽതൊട്ട് കടലിലേക്കുതന്നെ ഇറങ്ങിപ്പോയി.

അത് വീണ്ടും വീണ്ടും മുരുകനെ തൊട്ടു. ഉള്ളിലെയുള്ളിനെ അയാൾ കുടഞ്ഞെറിയാൻ ശ്രമിച്ചു. നിസ്സാരവും, വേദനാഭരിതവുമായ ഒരാളെ ഉള്ളിൽ പേറി മതിയായി. ഉറയിൽനിന്നും ഊരിപ്പോവാത്ത ഒരു വാളുപോലെ അയാൾ അയാളിൽ കുടുങ്ങിക്കിടന്നു.

കടൽത്തീരത്ത് മീനിനെത്തേടി കാറ്റാടിമരത്തിന്റെ ഉച്ചിയിലിരുന്ന ഒരു കാക്ക മുരുകനെ ശ്രദ്ധിച്ചു. അത് കൊക്ക് ചെരിച്ച് കുറച്ച് സമയംകൂടി അയാളെ നോക്കി. ധ്രുതിയിൽ ദൂരെ ഒരു വലിയ മരക്കൊമ്പിലേക്ക് പാറിപ്പോയിരുന്ന് കണ്ണുകളടച്ചു. കൊക്ക് ചിറകിനുള്ളിലേക്ക് പൂഴ്ത്തിവച്ചു. പിന്നീട് ഭൂമിയിലെ സകല മനുഷ്യരോടൊപ്പം, അവരുടെ ജീവിതത്തിന്റെ അസ്തിത്വപ്രശ്നങ്ങളിലേക്കും അതിന്റെ നൂലാമാലകളിലും വേദനയിലും ആ ജീവി ആത്മാർഥമായി പങ്കുചേർന്നു.

Comments