ജാഥ പറവൂർ ജംഗ്ഷനിൽ നിന്ന് പടിഞ്ഞാറോട്ട് തിരിഞ്ഞു. ഈ സമരത്തെ പിന്നെ നമ്മൾ പുന്നപ്ര-വയലാർ എന്നുവിളിക്കും. രണ്ടും രണ്ടാണ്. രണ്ടിടത്താണ്. വയലാർ വെടിവെപ്പ് പിന്നീടാണ് നടന്നത്. ആദ്യം പുന്നപ്ര. പുന്നപ്ര സമരത്തിന്റെ ജാഥയാണ് പറവൂർ ജംഗ്ഷനിൽ നിന്ന് പടിഞ്ഞോട്ട് പോയത്. പുന്നപ്ര എന്ന് പറഞ്ഞാലും പറവൂർ പടിഞ്ഞാറുവശത്താണ് ഇത് നടന്നത്. പടിഞ്ഞാറുവശത്തെ കടപ്പുറം മണ്ണുള്ള വെളിമ്പ്രദേശത്ത് ക്യാമ്പ് ചെയ്തിരുന്ന പോലീസുകാരാണ് ഉച്ചതിരിഞ്ഞ് ആക്രമിക്കപ്പെട്ടത്. അവർ തിരിച്ച് വെന്റിലേഷനിലൂടെ വെടിവെച്ചു.
ജാഥ പറവൂർ ചന്ത കഴിഞ്ഞ്, ഇരുവശം മരങ്ങളും പൊന്തകളും വഴിയിലേക്ക് കേറിനിൽക്കുന്നതിനിടയിലൂടെ മുട്ടി മുട്ടി പോകുമ്പോഴാണ് അച്ഛനെ കൈപിടിച്ചു വലിക്കുന്നത്. ചാക്കിട്ട് തലവഴി മൂടുന്നത്. ജാഥ വലിയ ആവേശത്തിലായിരുന്നു. ഒരാൾ തെന്നി പൊന്തക്കാട്ടിലേക്ക് പോയത് അറിഞ്ഞില്ല. തല ചാക്കിനകത്തായ അച്ഛൻ കിടന്ന് കുതറി. വല്യച്ഛനും വേറെ രണ്ടു പേരും വിട്ടില്ല. കയ്യും കാലും കെട്ടി കാളവണ്ടിയിൽ ഇട്ടു. കാളവണ്ടി ഓടി ആറ്റിലേക്ക് നീളുന്ന തോടിന്റെ കരയിൽ ചെന്നുനിന്നു.
അതിനുമുമ്പേ വെടിപൊട്ടി. പറവൂർ പടിഞ്ഞാറ്, പിന്നീട് പുന്നപ്ര സമരം എന്നറിയപ്പെട്ട സമരം അരങ്ങേറി. വാരിക്കുന്തം കേറി മരിച്ച ഇൻസ്പെക്ടർ വേലായുധൻ നാടാരും, പോലീസുകാരും, വെടിയേറ്റുമരിച്ച സഖാക്കളും ഒരേ മണ്ണിൽ കിടന്നു. വെടി കൊള്ളാത്തവരും വെടികൊണ്ട് ചാകാത്തവരും ചിതറിയോടി. അച്ഛനെ കിടത്തി ഒരു വള്ളം കഞ്ഞിപ്പാടത്തേക്ക് പാഞ്ഞു. കുടുംബവീടിന്റെ അകത്തെ ഒരു മുറിയിൽ അച്ഛനെ പൂട്ടിയിട്ടു. പുറത്തിറക്കിയില്ല മാസങ്ങളോളം. അച്ഛനന്ന് കല്യാണം കഴിച്ചിട്ടില്ല. ഞാനില്ല.
വല്യച്ഛനും കുടുംബത്തിലെ മറ്റൊരു തലമുതിർന്നാളായ കൊച്ചമ്മാവനും കൂടി തിരിച്ചും മറിച്ചും നടത്തിയ ചർച്ച "ഇനി കുഴപ്പമില്ല' എന്ന തീരുമാനത്തിൽ എത്തിയപ്പോഴാണ് അച്ഛൻ പുറത്തുവരുന്നത്. അച്ഛൻ നേരെ തോട്ടപ്പള്ളിക്ക് പോയി. തോട്ടപ്പള്ളി സ്പിൽവേ പാലം അന്നില്ല. വെള്ളത്തിന്റെ അരികു പിടിച്ച് കിഴക്കോട്ട് കുറേ നടന്നാൽ മണ്ണാൻമാര് ഒന്നിച്ചു കഴിയുന്ന സ്ഥലം എത്തുന്നു. ചെല്ലൻ മണ്ണാനും കുട്ടി മണ്ണാത്തിയും. അവരുടെ പുരയിലേക്കാണ് അച്ഛന്റെ പോക്ക്. ചെല്ലനും കുട്ടിയും. ജാതി ചേർത്ത് അച്ഛൻ വിളിക്കില്ല. അച്ഛനാണ് ചെല്ലനെ പാർട്ടിയിൽ ചേർത്തത്. ജാഥയിൽ അമ്പലപ്പുഴ ടീമിന്റെ മുന്നിൽ നടന്നവരിൽ ചെല്ലൻ ഉണ്ടായിരുന്നു. ഉദയം വരുന്നു...പൊന്നുദയം വരുന്നു... ഉണരുവിൻ നാളത്തെ നാദങ്ങളെ... കായലും കൈത്തോടും കാട്ടാറും പൊയ്കയും കരവെച്ചു തീർത്തൊരീ കുട്ടനാട്ടിൽ...ഉദയം വരുന്നു... അച്ഛന്റെ പാട്ട് കേട്ടാണ് ചെല്ലൻ പാർട്ടിയിൽ ചേരുന്നത്. അവർ ഒരുമിച്ച് പിന്നെ പലരെയും ചേർത്തു.
വെടിയേറ്റ് മരിച്ചവരിൽ ചെല്ലൻ ഉണ്ടെന്ന് അച്ഛൻ പുറത്തിറങ്ങിയപാടെ അറിഞ്ഞു. ചെല്ലന്റെ പുര പലവട്ടം പോയി അച്ഛന് അറിയാമായിരുന്നു. പക്ഷേ അവിടം വരെ എത്തിയില്ല. ഒതളങ്ങ കഴിച്ച കുട്ടിയെ ഹരിപ്പാടാശുപത്രിയിലേയ്ക്ക് ഇപ്പൊ കൊണ്ടുപോയെന്ന് വഴീന്ന് അറിഞ്ഞു. അച്ഛനോടി ചെല്ലുമ്പോൾ അറ്റൻഡർ തോർത്തും ബക്കറ്റും വാങ്ങാൻ ആളെ തേടുകയായിരുന്നു. അച്ഛൻ വാങ്ങിച്ചു കൊടുത്തു. വായിലൂടെ കുഴൽ കേറ്റി വയറ് കഴുകുമ്പോൾ കൈകളിലും കാലുകളിലും പിടിച്ചവരുടെ കൂട്ടത്തിൽ അച്ഛനും കൂടി. പതിനഞ്ചു ദിവസം കുട്ടി ആശുപത്രിയിൽ കിടന്നു. പലവട്ടം വയറു കഴുകി. വിഷമിറക്കി. അച്ഛൻ പലവട്ടം ഹരിപ്പാട് പോയി. അവരെ ആശുപത്രിയിൽ നിന്ന് ഇറക്കി പുരയിൽ കൊണ്ട് കേറ്റിയത് അച്ഛനായിരുന്നു. കുട്ടി ക്ഷീണിച്ചു എല്ലും തോലുമായി. അവരുടെ ബന്ധുക്കൾ ചുറ്റും താമസം ഉണ്ടായിരുന്നു. എന്നാലും എല്ലാമാസവും അച്ഛൻ തോട്ടപ്പള്ളിയിൽ പോയി.
കൽക്കട്ടാ തീസിസ് വിഷയത്തിൽ അച്ഛൻ പാർട്ടിവിട്ടു. അച്ഛനും അമ്മയും കല്യാണം കഴിച്ചു. ഞാൻ ജനിച്ചു. അച്ഛൻ മാസത്തിലൊരിക്കൽ തോട്ടപ്പള്ളിക്ക് പോകുന്നത് തുടർന്നു. കുട്ടിക്ക് അലക്കു ജോലിയും ഇടയ്ക്ക് തൊണ്ടുതല്ലലും ഉണ്ടായിരുന്നു. അവർക്ക് രണ്ടു കുട്ടികൾ. മൂത്തത് വിജയനും ഇളയത് അജയനും. വർഷങ്ങൾ പിന്നിടുമ്പോൾ, അവരെ ഞാൻ കാണാൻ ഇടവരികയും, ഞാനവരെ വിജയണ്ണനെന്നും അജയണ്ണനെന്നും വിളിക്കുകയും ചെയ്യും. അതിലെ അജയണ്ണന് എന്റെ മുഖമാണെന്ന് കാച്ചിയമ്മായി വീടിന്റെ പിന്നാമ്പുറത്ത്, അടുക്കളയ്ക്ക് പുറത്ത് ഇട്ടു കൊടുത്ത സ്റ്റൂളിൽ ഇരുന്നുകൊണ്ട് അമ്മയോട് പറയുന്നു. ""ഇവന്റെ നെറം ഇല്ലെന്നേ ഉള്ളു.'' ഇന്നലത്തെ നിലാവിൽ മാമ്പൂ കൊഴിഞ്ഞു നിരന്ന് കിടക്കുന്ന മൂവാണ്ടന്റെ തറയിൽ കുത്തിയിരിക്കുന്ന എന്നെ നോക്കി അമ്മായി പറഞ്ഞു. വിശ്വസ്ത വിവരം അമ്മായിക്ക് കിട്ടിയതാണ്.
കാച്ചിയമ്മായി അടുത്ത ബന്ധുവാണ്. അച്ഛന്റെ ഒരു അമ്മായി. ഉച്ചതിരിഞ്ഞ്, മഴയില്ലെങ്കിൽ, നാട്ടിലെ അടുത്ത ബന്ധുക്കളുടെയും പരിചയക്കാരുടെയും വീടുകളുടെ അടുക്കളപ്പുറം വഴി അമ്മായിയുടെ ഒരു സഞ്ചാരമുണ്ട്.
അമ്മായിയുടെ മക്കളെല്ലാം നല്ല നിലയിൽ നാട്ടിലും പുറത്തുമായി കഴിയുന്നു. അമ്മായി കുളിച്ച്, കഞ്ഞിമുക്കിയ നേര്യത് ഭംഗിയിൽ ഉടുക്കും. ദേവിയുടെ രൂപം പതിച്ച നാണയവട്ടത്തിലെ താലി തൂങ്ങുന്ന കനമുള്ളൊരു സ്വർണ്ണ മാലയും കഴുത്തിലിട്ട് ഇറങ്ങും. അടുക്കളയുടെ ഭാഗത്ത് വീട്ടിലെ സ്ത്രീ ജനങ്ങളെ കാണാൻ എത്തുന്നു. വീട്ടുകാർ ഇരിക്കാൻ ഇട്ടു കൊടുക്കും. കട്ടൻ ചായ ഊതി ഊതി കുടിക്കും. ചിലർ ചുറ്റുംകൂടി ഇരിക്കും. പണിയുള്ളവർ പണിമുടക്കാതെ അമ്മായിയെ കേൾക്കും. നാട്ടിലെ വാർത്തകളും കുശുമ്പും കുന്നായ്മകളും തന്റെ കുലീനത കളയാതെ അവതരിപ്പിക്കും. നിങ്ങളുടെ നല്ലതിന് പറയുന്നു എന്നൊരു മട്ട്. അച്ഛന്റെ തോട്ടപ്പള്ളിപ്പോക്ക് കുറേ നാളായിട്ട് നാട്ടിൽ പറച്ചിൽ ആണെന്നാണ് അമ്മായി പറയുന്നത്. മണ്ണാത്തിയെ കാണാനുള്ള പോക്ക് കുടുംബത്തിന് മൊത്തത്തിൽ ചീത്തപ്പേരാക്കി. ""പറഞ്ഞിട്ട് കാര്യമില്ല. ഒള്ളത് അങ്ങോട്ടുമിങ്ങോട്ടും പോകാതെ നോക്കിയാൽ നെനക്ക് കൊള്ളാം.'' അമ്മയുടെ പ്രതികരണമില്ലായ്മയിൽ ചൊടിച്ച് അമ്മായി എഴുന്നേറ്റ് അടുത്ത അടുക്കളപ്പുറം തേടിപ്പോയി.
അമ്മ അച്ഛനോട് ചോദിച്ചില്ല. ഞാൻ ചോദിച്ചു. അമ്മ കേൾക്കെ തന്നെ. അമ്മായി പറഞ്ഞു കേട്ടത് എനിക്ക് ഇഷ്ടപ്പെട്ടില്ല. അച്ഛൻ തോട്ടപ്പള്ളിയിൽ പോകാനുള്ള ഒരുക്കത്തിലായിരുന്നു. എന്നെ തലപൊക്കി നോക്കി. ചിരിച്ചു. കൈനീട്ടി ഇരട്ട ചുഴിയുള്ള എന്റെ തല തടവി. അമ്മ തുണികൾ മടക്കി അടുത്ത് നിൽപ്പുണ്ടായിരുന്നു. കൊണ്ടുപോകാനുള്ള സഞ്ചി ഒരുക്കി വെച്ചിട്ട് അച്ഛൻ കുളിക്കാൻ പോയി. സഞ്ചിയിൽ എന്തൊക്കെയോ സാധനങ്ങൾ. അതിലേയ്ക്ക് ഓണത്തിന് എനിയ്ക്ക് കിട്ടിയ ഉടുപ്പും നിക്കറും തയ്ക്കാനുള്ള തുണികൾ അമ്മ മടക്കിവെച്ചു.