പ്രസന്നൻ പൊങ്ങണംപറമ്പിൽ

രാമകൃഷ്ണൻ

ഒരിക്കൽ മൈക്കിൾ തൻ്റെ ഡയറിയിൽ എഴുതി, ‘ഉറക്കമില്ലാത്ത രാത്രികളിൽ വായിക്കാൻ നിർബന്ധിതനായ ഗ്രന്ഥങ്ങൾ നിറയെ വയലൻസ് ആയിരുന്നു’.

ഒന്ന്

പേലമ്പത്തെ തയ്യൽക്കാരനായിരുന്നു രാമകൃഷ്ണൻ.

പഞ്ചായത്തോഫീസിന്റെ തൊട്ടടുത്തുള്ള പീടിക മുറികളിലൊന്നാണ് ആർ.കെ ടെയ്‌ലേഴ്സ് ആയി മാറിയത്. അതിന് തൊട്ടടുത്തുള്ളതായിരുന്നു ഞാൻ മുടി വെട്ടിക്കാൻ പോകുന്ന പങ്കജാക്ഷന്റെ ബാർബർ ഷോപ്പ്.

ഒരു മാസത്തിനുള്ളിലാണ് രാമകൃഷണന്റെ ടെയ്‌ലർ ഷാപ്പ് പ്രത്യക്ഷപ്പെടുന്നത്.

സ്ക്കൂളിൽ പഠിക്കുമ്പോൾ എല്ലാ മാസവും മുടിവെട്ടാൻ ഞാൻ നിർബന്ധിതനായിരുന്നു. അതുകൊണ്ടാണ് ഇത്ര കൃത്യമായിട്ട് എനിക്ക് അറിയാവുന്നത്.

സുധാകരന്റെ സൈക്കിൾ ഷോപ്പായിരുന്നു ആ മുറി. സുധാകരൻ നിർത്തി പോയതിനുശേഷം കുറേക്കാലം അത് അടഞ്ഞുകിടന്നു. രാമകൃഷ്ണൻ വന്ന് ഗ്ലാസിട്ട് അതിനെ സ്റ്റൈലൻ ഷോപ്പ് ആക്കി മാറ്റി.

ദിവസങ്ങളേ വേണ്ടിവന്നതുള്ളൂ, രാമകൃഷ്ണന്റെ തയ്യൽ പോപ്പുലറാവാൻ. പേലമ്പത്തുള്ളവരെല്ലാം തയ്‌ക്കാൻ കൊടുക്കുന്നത് രാമകൃഷ്ണന്റെ കടയിലായി. അച്ഛനോടുപറഞ്ഞ് മടുത്തിയിലുള്ള മഞ്ഞിലാസിന്റെ അടുക്കൽ നിന്ന് ട്രൗസറും ഷർട്ടും തയ്യിപ്പിക്കുന്നത് ഞാനും ആർ. കെ. ടെയ്‌ലേഴ്സിലേക്ക് മാറ്റി.

അധികം സംസാരമൊന്നുമില്ലെങ്കിലും സൗമ്യമായിരുന്നു രാമകൃഷ്ണന്റെ രീതികൾ. അയാൾ തയ്യിച്ച ഡ്രസും എനിക്കിഷ്ടമായി. പറഞ്ഞ ദിവസം തയ്ച്ചുതരികയും ചെയ്യും. ആരോടും പ്രത്യേകിച്ച് അടുപ്പവുമില്ല, വെറുപ്പിക്കലുമില്ല. ഷോപ്പിന്റെ പിന്നിലുള്ള ഒരു ചെറിയ വീട്ടിലാണ് താമസം. പുരുഷു എന്ന് വിളിപ്പേരുള്ള പുരുഷോത്തമന്റെ ഹോട്ടലിൽ നിന്ന് ഭക്ഷണവും.

ഇടക്ക് കുറച്ചുകാലം നാട്ടിൽ പോയതൊഴിച്ചാൽ കട, ഹോട്ടൽ, വീട്, അതിനപ്പുറം രാമകൃഷ്ണൻ പോകാറില്ല.

'ഞാൻ നിങ്ങളുടെ കാര്യത്തിൽ ഇടപെടുന്നില്ല, ദയവായി ആ മര്യാദ ഇങ്ങോട്ടും കാണിക്കണം' എന്ന തന്റെ അപ്രഖ്യാപിത നിബന്ധന പാലിക്കുന്നവരോട് മാത്രമേ രാമകൃഷ്‌ണൻ സംസാരിക്കൂ. അതുകൊണ്ടുതന്നെ രാമകൃഷ്ണന്റെ വ്യക്തിപരമായ കാര്യങ്ങൾ അവ്യക്തമായി തുടർന്നു. അറിയാൻ ശ്രമിച്ചവർ ഫുൾ എക്സ്റ്റൻഡിൽ പരാജയപ്പെടുകയും ചെയ്തു.

അയൽവക്കത്തുള്ളവരുടേയും വീട്ടിൽ പണിക്ക് വരുന്നവരുടേയും വർത്തമാനം കേട്ട് രാമകൃഷ്ണനോട് എനിക്ക് ഒരു കഥാപാത്രകൗതുകം തോന്നിയിരുന്നു. അക്കാലത്ത് ബാലരമയിൽ വന്നിരുന്ന കഥയിലെ നായകന് രാമകൃഷ്ണന്റെ അതേ സ്വഭാവവുമായിരുന്നു.

രാമകൃഷ്ണനോട് അടുക്കാൻ ഞാൻ ഒരു ശ്രമവും നടത്തി. ഒരിക്കൽ സ്ക്കൂൾ വിട്ടു വരുമ്പോൾ രാമകൃഷ്ണൻ എതിരെ വരുന്നത് ഞാൻ ദൂരത്ത് നിന്നേ കണ്ടു. കഠിനമായ പരിശ്രമത്തിന് ശേഷം ഞാൻ ചോദിച്ചു, ‘‘ആയ്, രാമകൃഷ്ണേട്ടാ, എവിടെ പോകുന്നു?"
"അതൊന്നും കുട്ടിയായ നിന്നോട് പറയാൻ പറ്റത്തില്ല’’.
പറഞ്ഞത് അത്ര ദേഷ്യത്തിൽ അല്ലാത്തതുകൊണ്ട് അയാളോടുള്ള കൗതുകം അതേപടി തുടർന്നു.

ഒരു ദിവസം മുടി വെട്ടാൻ ചെന്നപ്പോൾ നാട്ടിലെ ന്യൂസും, ഗോസിപ്പും ചേർത്ത് ഏതാണ് സത്യം, ഏതാണ് നുണ എന്നറിയാൻ പറ്റാത്ത വിധം സംസാരിക്കുന്ന പ്രഭാകരനും, അന്തോണിയും അവിടെയുണ്ടായിരുന്നു. ഇന്നായിരുന്നെങ്കിൽ അവർ കടർമ ന്യൂസിന്റെയും, മടുനാടൻ മലയാളിയുടെയും സ്വ.ലേ ആയിരുന്നേനെ.

"എനിക്കീ രാമകൃഷണന്റെ കാര്യത്തിൽ ചില സംശയങ്ങളുണ്ട്", അന്തോണിയാണ് തുടങ്ങിവെച്ചത്.

ഇത്തരം സന്ദർഭങ്ങളിൽ ഗോസിപ്പ് കേൾക്കുന്നതിൽ വിരോധമോ താല്പര്യമോ ഇല്ലാത്ത ഒരു നിർവികാരനാട്യത്തിലായിരിക്കും പങ്കജാക്ഷൻ. തനിക്കറിയാവുന്ന തൊഴിൽ മുടിവെട്ടലാണ്, അത് മര്യാദക്ക് ചെയ്യുന്നതിൽ മാത്രമാണ് തന്റെ ശ്രദ്ധ എന്നതാണ് മെയിൻ ഭാവമെങ്കിലും, കാര്യമറിയാനുള്ള ജിജ്ഞാസ ഒറ്റ വാക്കുള്ള ചോദ്യമായി അങ്ങ് പുറത്ത് വരും.
അത് അന്നും ഉണ്ടായി,
‘എന്ത്?’
"എന്നുവെച്ചാൽ, ഇത്ര നന്നായി തയ്യൽ അറിയാവുന്ന ഒരാൾ പട്ടണത്തിൽ പോകാതെ, ഈ ഉൾനാട്ടിൽ വന്നതെന്തിന്? അതാണ് ഞങ്ങടെ പോയിന്റ്’’, വലിയൊരു സംഗതി പുറകെ വരുന്നുണ്ടെന്ന ടോണിലായിരുന്നു പ്രഭാകരൻ.

‘‘പട്ടണത്തിലൊക്കെ വലിയ വാടകയാണ്", തന്റെ അയൽ കടക്കാരനെ സപ്പോർട്ട് ചെയ്യുക എന്നതിനപ്പുറം ഗോസ്സിപ്പിന്റെ കാതൽ അറിയുക എന്നതായിരുന്നു പങ്കജാക്ഷന്റെ ഉദ്ദേശ്യം.
"ഏയ് അതൊന്നുമല്ല’’.
"പിന്നെ?"
"അതാണ് ഞങ്ങൾ അന്വേഷിച്ചു കൊണ്ടിരിക്കുന്നത്", തയ്യൽ മെഷീന്റെ സൗണ്ട് ഉണ്ടെങ്കിലും രാമകൃഷ്ണൻ കേട്ടാലോ എന്ന സ്യൂഡോ ഗൗരവത്തിൽ അന്തോണി ശബ്ദം താഴ്ത്തിയാണ് പറഞ്ഞത്. എന്നിട്ട് കാര്യമറിയാനുള്ള പങ്കജാക്ഷന്റെ തന്ത്രങ്ങളെ പാടേ അവഗണിച്ച് രണ്ടു പേരും ഇറങ്ങി ഒറ്റ പോക്കാണ്.

"മേലനങ്ങാതെ നടക്കുന്ന പെരട്ടകൾ" എന്തോ എമണ്ടൻ രഹസ്യം വെളിപ്പെടുത്താൻ പോകുന്ന പ്രതീതിയുണ്ടാക്കിയിട്ട് ഒന്നുമില്ലാതെ പോയതിന്റെ പ്രതിഷേധം അന്തോണിയും, പ്രഭാകരനും കേൾക്കാത്ത വിധത്തിൽ പിറുപിറുത്ത് പങ്കജാക്ഷൻ തൃപ്തിപ്പെട്ടു.

മുടി ചെത്തി ഒരു പരുവത്തിലാക്കുന്ന പങ്കജാക്ഷൻ ഇളിഭ്യനായതിൽ സന്തോഷിച്ചെങ്കിലും അൽപ്പം ഇഷ്ടമൊക്കെ തോന്നിയിരുന്ന രാമകൃഷ്ണനിൽ ആരോപിക്കപ്പെട്ട നിഗൂഢത എന്നെ നിരാശപ്പെടുത്തി.

ഇതിനെ പറ്റി കൂടുതൽ എന്തെങ്കിലും അറിയാനുള്ള ഏകവഴി ദിവാകരേട്ടന്റെ അമ്മ പത്മാവതിയമ്മയാണ്. നാട്ടുകാര്യങ്ങളുടെ എൻസൈക്ലോപീഡിയ ആയ പത്മാവതിയമ്മക്ക് രാമകൃഷ്ണനെ പറ്റി കാര്യമായിട്ട് ഒരു അറിവും കിട്ടിയിട്ടില്ല. അറിയില്ല എന്ന് പറയാനുള്ള മടി കാരണം രാമകൃഷ്ണനെകുറിച്ചുള്ള എന്റെ ചോദ്യങ്ങളോട് 'ഞാൻ ഈ നാട്ടുകാരിയേ അല്ല' എന്നതായിരുന്നു പത്മാവതിയമ്മയുടെ സമീപനം.

മാസം തോറുമുള്ള മുടിവെട്ടും, ഓണത്തിന് തയ്‌പ്പിച്ച ഒരു ഷർട്ടും, ക്രിസ്‌മസിന് എടുത്ത ഒരു ട്രൗസറുമല്ലാതെ കാര്യമാത്രപ്രസക്തമായി ഒന്നും സംഭവിക്കാതെ മദ്ധ്യവേനലവധിക്കാലം വന്നു. അവധി കഴിഞ്ഞാൽ ഞാൻ ടൗണിലെ സ്ക്കൂളിലേക്ക് മാറും, അവിടെ യൂണിഫോം ഉണ്ട്. അതുകൊണ്ട് പുതിയ ഡ്രസ് എടുത്തേ പറ്റൂ. രാമകൃഷ്‌ണൻ്റെ കടയിൽ പോകാൻ ഒരവസരം വരുന്നു എന്നതിൽ പ്രത്യേകിച്ച് ഒന്നും സംഭവിക്കാൻ സാദ്ധ്യതയില്ലെങ്കിലും വെറുതെ ഒരു ത്രിൽ.

പങ്കജാക്ഷന് എന്തോ അസുഖമായത് കാരണം ആ മാസം ഷോപ്പ് നടത്തിയിരുന്നത് പെങ്ങളുടെ മകൻ ദാസനായിരുന്നു. ദാസനാണെങ്കിൽ അന്നത്തെ ന്യൂ ജെൻ, ഹിപ്പി.

"എന്തിനെടേയ് , ഈ നല്ല മുടി വെട്ടിക്കളയുന്നത്?" ആ ഒറ്റ ചോദ്യം കൊണ്ട് ദാസനെ എനിക്ക് ഇഷ്ടമായി.

ഷോപ്പിൽ അന്ന് ദാസന്റെ നാലഞ്ച് കൂട്ടുകാർ ഉണ്ടായിരുന്നു

"ഡാ ദാസാ, മ്മടെ രാമകൃഷ്ണനേട്ടന്റെ മുടിക്ക് ശങ്കറിന്റെ സ്റ്റൈലാണ്. അല്ലേടാ?" സിനിമയിൽ നടൻ ശങ്കർ ഓളമുണ്ടാക്കി വരുന്ന കാലമാണ്.
‘‘കറക്ട്"
‘‘അയാൾ ചെറുപ്പത്തിൽ ശങ്കറിനെക്കാൾ ചുള്ളനായിരുന്നിരിക്കണം’’.
‘‘പക്ഷേ അയാൾക്കെന്തോ പ്രശ്നമുണ്ട്, വിഷാദമോ, വിരഹമോ? ആ ടൈപ്പ് എന്തോ?"
"പ്രേമം പൊളിഞ്ഞതായിരിക്കുമോ?"
‘‘എന്തായാലും ആളൊരു സംഭവം തന്നെയാണ്"

അങ്ങനെ ആ സംസാരവും എവിടെയും എത്താതെ പോയി.

വിഷു കഴിഞ്ഞപ്പോൾ യൂണിഫോം എടുത്തു. തയ്ക്കാനായി അളവെടുക്കുമ്പോഴാണ് രാമകൃഷ്‌ണൻ പതിവില്ലാത്ത രീതിയിൽ സംസാരിച്ചത്, ‘‘ഇവിടെ ഒരു വലിയ കല്യാണം വരുന്ന കാര്യം അറിയാമല്ലോ. അതിന്റെ സ്റ്റിച്ചിങ് മുഴുവൻ ഞാനാണ്. അതുകൊണ്ട് സ്ക്കൂൾ തുറക്കുന്നതിന് മുമ്പ് തരാനേ പറ്റത്തുള്ളൂ. ധൃതിയുണ്ടെങ്കിൽ..."

"ഏയ് ധൃതിയൊന്നുമില്ല", രാമകൃഷ്ണനിൽ ഒരു മതിപ്പ് ഉണ്ടാക്കാൻ വേണ്ടി ഒരു കാര്യം കൂടി ഞാൻ പറഞ്ഞു, "അടുത്ത കൊല്ലം ടൗണിലെ സ്‌ക്കൂളിലാണ് പോകുന്നത്’’.

രാമകൃഷ്ണന്റെ ഒരു ചെറുചിരിക്കപ്പുറത്തേക്ക് എന്റെ ശ്രമം പോയില്ല. കിട്ടിയ കുറച്ച് നേരം കൊണ്ട് ഞാൻ കടയിൽ ആകമാനം ഒന്ന് നോക്കി. ഒരു വെള്ളച്ചാട്ടത്തിന്റെയും, മലകളുടെയും പടങ്ങൾ അല്ലാതെ ചുമരിൽ ഒന്നുമില്ല. സാധാരണ കടകളിൽ കാണുന്ന ദൈവത്തിന്റെ ചിത്രമോ, ചന്ദനത്തിരിയോ, വിളക്കോ വച്ചിട്ടില്ല.

റെസിപ്റ്റ് എഴുതി തരുമ്പോൾ ഞാൻ രാമകൃഷ്ണനെയും ഒന്ന് നോക്കി. മുടിയൊക്ക ധാരാളമുണ്ട്. പക്ഷെ വിരഹവും, വിഷാദവുമൊന്നും ഞാൻ കണ്ടില്ല.

വീട്ടിൽ ചെന്ന് പറഞ്ഞപ്പോഴാണ് നടക്കാൻ പോകുന്ന കല്യാണമേതെന്ന് മനസ്സിലായത്. പലചരക്ക് കട നടത്തുന്ന, ചിട്ടി കമ്പനിയും, സ്ഥലകച്ചോടവും ഒക്കെയുള്ള പേലമ്പത്തെ ഏറ്റവും വലിയ പണക്കാരൻ ദാമോദരന്റെ മകളുടെ കല്യാണം. കെങ്കേമമായിട്ടാണ് നടത്തുന്നത്. നാട്ടിൽ ക്ഷണമില്ലാത്തവർ ആരും തന്നെയില്ല. പേലമ്പത്തെ പഞ്ചായത്ത് ഗ്രൗണ്ടിൽ കൂറ്റൻ പന്തലിട്ടാണ് സദ്യ. അച്ഛനും ഞാനും കൂടിയാണ് കല്യാണത്തിന് പോയത്. സദ്യ ഉണ്ട് പോരാൻ നിൽക്കുമ്പോഴാണ് അന്നത്തെ ടോപ്പ് കാറായ കോണ്ടസ്സയിൽ നല്ല വണ്ണവും, ഉയരവുമുള്ള ഒരാൾ വന്നിറങ്ങുന്നത്. അയാളായിരുന്നു ടൗണിൽ ജ്വല്ലറിയും, തുണിക്കടകളും, സിനിമ തിയേറ്ററുമുള്ള അഗസ്റ്റിൻ മുതലാളി.

കാർ കണ്ടതും ദാമോദരനും, ആളുകളും ഓടിവന്ന് മുതലാളിയെ പെണ്ണും ചെക്കനും നിൽക്കുന്ന സ്റ്റേജിലേക്ക് കൂട്ടിക്കൊണ്ടുപോയി. സ്റ്റേജിലെ ഉപചാരങ്ങളൊക്കെ കഴിഞ്ഞ് ഇറങ്ങുമ്പോഴാണ് മുതലാളിയുടെ വിലകൂടിയ കോട്ട് തൂണിൽ പൊന്തി നിന്നിരുന്ന ആണിയിലോ അതോ, മുളയുടെ മൂലയിലോ കൊളുത്തി വലിക്കുന്നത്.

കോട്ടിനുണ്ടായ കേട് മുതലാളിയുടെ അതു വരെയുണ്ടായിരുന്ന പ്രമാണിത്തത്തെ ബാധിച്ചു. മുതലാളി അസ്വസ്ഥനാണെന്ന് ദാമോദരന് മനസ്സിലായി.

"ഇവിടെ ഒരു നല്ല ടെയ്‌ലർ ഉണ്ട്. മുതലാളി ഊണ് കഴിക്കുമ്പോഴേക്കും അയാളത് ശരിയാക്കി തരും’’.

ഈ ടൈപ്പ് കോട്ടിലൊക്കെ കൈവെക്കാൻ മാത്രം മിടുക്കുള്ളവരൊക്കെ പേലമ്പത്തുണ്ടോ? മുതലാളിയുടെ പുഞ്ഞം കലർന്ന അത്ഭുതഭാവത്തിലേക്കാണ് ദാമോദരന്റെ അപേക്ഷ മാനിച്ച് സ്ലോ മോഷനിൽ രാമകൃഷ്ണൻ കടന്നുവന്നത്.

രാമകൃഷ്ണൻ മുതലാളിക്ക് പ്രത്യേകമായ ഒരു പരിഗണനയും നൽകിയില്ല. അയാൾ മുതലാളിയാണെങ്കിൽ അയാൾക്ക് കൊള്ളാം, എനിക്ക് ഇയാളൊരു കസ്റ്റമർ എന്ന മട്ടിലായിരുന്നു രാമകൃഷ്‌ണൻ. അതും കൂടി കണ്ടപ്പോൾ എനിക്ക് രാമകൃഷ്ണനോടുള്ള ഇഷ്ടം കൂടി.

കോട്ട് ശരിയാക്കി കൊണ്ട് വന്നപ്പോളാണത്രെ അഗസ്റ്റിൻ മുതലാളിയുടെ കണ്ണ് തള്ളിയത്. അത് പിന്നീട് എന്റെ ക്ലാസിൽ പഠിച്ചിരുന്ന കൃഷ്ണകുമാറാണ് പറഞ്ഞത്. രാമകൃഷ്ണൻ പൈസ കണക്ക് പറഞ്ഞ് ദാമോദരന്റെ കൈയിൽ നിന്ന് വാങ്ങുകയും ചെയ്തു.

ഒരാഴ്ച കഴിഞ്ഞപ്പോൾ അഗസ്റ്റിന്റെ മാനേജർ രാമകൃഷ്ണനെ അന്വേഷിച്ച് പേലമ്പത്തെത്തി. ടൗണിലെ കണ്ണായ സ്ഥലത്ത് മുതലാളി രാമകൃഷ്ണനുവേണ്ടി ഒരു കട സെറ്റപ്പ് ആക്കിയിട്ടുണ്ടെന്നും, രാമകൃഷ്ണൻ ടൗണിലേക്ക് വരണമെന്നതാണ് മുതലാളിയുടെ ആഗ്രഹമെന്നും അറിയിക്കാനാണ് മാനേജർ രാരിച്ചൻ വന്നത്.

"ഒരു ഔദാര്യം എന്ന നിലക്കാണെങ്കിൽ എനിക്ക് വേണ്ട".

'ദാ ഞാൻ വരുന്നു' എന്ന മറുപടി പ്രതീക്ഷിച്ച രാരിച്ചൻ അൽപ്പം നിരാശനായി.

"വെറുതെ വേണ്ട, രാമകൃഷ്ണൻ ഇവിടെ കൊടുക്കുന്ന വാടക അവിടെയും തന്നാൽ മതി" രാരിച്ചൻ പെട്ടെന്ന് തന്നെ സമനില വീണ്ടെടുത്തു.
രാമകൃഷ്ണൻ സമ്മതിച്ചു.

പേലമ്പത്തെ സംഭവത്തിൻ്റെ ചില അനുരണനങ്ങൾ മേടത്തറയിലുമുണ്ടായി.

കോരിച്ചൊരിയുന്ന മൺസൂൺ മഴ നനയാതിരിക്കാൻ വേണ്ടി കേറി നിന്നവരും ബസ് കാത്ത് നിന്നവരുമായി മേടത്തറ ഒന്നാം കവലയിലെ ബസ് സ്റ്റോപ്പ് അന്ന് ഹൗസ് ഫുള്ളായിരുന്നു. അണിഞ്ഞൊരുങ്ങി ബന്ധുവിൻ്റെ കല്യാണത്തിന് പോകുന്ന രത്നകുമാരിയോട് തിരുവാണിക്കുളം ഹൈസ്കൂളിലെ നീലിമ ടീച്ചർ ചോദിച്ചു, "ബ്ലൗസ് എവിടെ തുണിയതാ?"
"രാമകൃഷ്ണേട്ടൻ്റെ കടേല്"
"നന്നായിരിക്കുന്നു"
"രാമകൃഷ്ണൻ ചേട്ടൻ പോയത് കഷ്ടായി പോയി"

സംഭാഷണം കേട്ട് ബസ് സ്റ്റോപ്പിൻ്റെ കമ്പിപടിയിൽ കാലും കേറ്റി ഇരുന്നിരുന്ന പ്രഭാകരൻ ഇലക്ട്രിസിറ്റി ഓഫീസിലെ പ്യൂണായ നാസറിൻ്റെ തോളിൽ തട്ടി, "അവൻ, ആ രാമകൃഷ്ണൻ ടൗണിൽ പോയതിന് വ്യക്തമായ ഉദ്ദേശ്യങ്ങളുണ്ട്’’.
"ഇയാളിത് പറഞ്ഞു നടന്നു തുടങ്ങിയിട്ട് കുറേ നാളായല്ലോ’’.
നാസറിന് ദേഷ്യം വന്നു.

"ഇത്തവണ നോക്കിക്കോ" പ്രഭാകരൻ മുഖം കൊണ്ട് ഗോഷ്ടി കാണിച്ച് എണീറ്റ് നിന്നു.

നാസർ മൈൻഡ് ചെയ്തതേയില്ല.

ഞാൻ ടൗണിലെ സ്ക്കൂളിൽ ആദ്യമായി പോയതും രാമകൃഷ്ണൻ തന്റെ നഗരജീവിതം തുടങ്ങിയതും ആ ജൂൺ ഒന്നിനായിരുന്നു.

രണ്ട്

ബോയ്സ് ഹൈസ്ക്കൂൾ ഒരു പാരാവാരമായിരുന്നു. എത്രയെത്ര തീരങ്ങൾ. അദ്ധ്യയനം, സ്പോർട്സ്, ആർട്സ്, ക്വിസ്, എൻ.സി.സി, സ്‌കൗട്ട്, രാഷ്ട്രീയം…ഏത് വേണമെന്ന് തീരുമാനിച്ചാൽ മതി.
കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഒരു കാര്യം എനിക്ക് മനസ്സിലായി, മറ്റൊരു തീരത്തും എത്താനുള്ള സ്റ്റാമിനയില്ല. അതുകൊണ്ട് അദ്ധ്യയനം മതി. മാത്രമല്ല ഇംഗ്ലീഷും സോഷ്യൽ സ്റ്റഡീസും പഠിപ്പിച്ചിരുന്ന മല്ലിക ടീച്ചറും, കണക്ക് പഠിപ്പിച്ചിരുന്ന ശിവശങ്കരൻ മാഷും, സയൻസ് എടുത്തിരുന്ന സുശീലടീച്ചറും ക്ലാസ്സിൽ വന്നിരുന്നത് നല്ല തടിയൻ ചൂരലുമായിട്ടാണ്.
ഈ പാനിപ്പത്ത് യുദ്ധവും, ഉത്തോലകവും, പാസ്റ്റ് കോണ്ടിന്യൂസ് ടെൻസും, വഴിക്കണക്കും തെറ്റിച്ചാൽ ഇമ്മാതിരി അടി എന്തിനായിരുന്നുവെന്ന് ഞാൻ പിൽക്കാലത്ത് ആലോചിച്ചിട്ടുണ്ട്.

ഇതൊന്നുമില്ലെങ്കിൽ ഭാവി ഇരുളടഞ്ഞ് പോകുമല്ലോ എന്ന പേടിയായിരുന്നു പക്ഷേ ആ പ്രായത്തിൽ.

അന്നാണെങ്കിൽ ടൗണിൽ നിന്ന് മേടത്തറക്ക് ഒരു ബസേയുള്ളൂ. അതുകൊണ്ട് ഏഴരക്ക് പോന്നാൽ വൈകുന്നേരമാകും തിരിച്ചെത്താൻ. ബോയ്‌സ് സ്ക്കൂളിൽ ഒന്ന് കാലുറപ്പിക്കാനുള്ള കഠിനപ്രയത്നമായിരുന്നു. വേറെ ചിന്തകൾക്കൊന്നും ചേക്കേറാൻ ഇടം കിട്ടിയില്ലെന്ന് പറയാം. സ്‌കൂളിലേക്കും, വീട്ടിലേക്കുമുള്ള ഓട്ടത്തിനിടയിൽ ഓണം അവധി വന്നു.

വിരുന്നുപോകാനും, കൊല്ലത്തിൽ അനുവദിക്കപ്പെട്ടിട്ടുള്ള രണ്ട് സിനിമകളിൽ ഒന്ന് കാണാനുമുള്ള അവസരമാണ് ഓണം വെക്കേഷൻ. രണ്ടാം സിനിമ അങ്ങ് വിഷുവിനാണ്.

ആ കൊല്ലം സിനിമക്ക് പോയി ടിക്കറ്റ് കിട്ടാതെ പോന്നു. പകരം മാമന്റെ വീട്ടിൽ പോയി.

തിരിച്ച് അമ്മയ്ക്കും, അച്ഛനും, അനിയത്തിക്കുമൊപ്പം ജില്ലാ ആശുപത്രിക്ക് മുമ്പിൽ ബസു കാത്ത് നിൽക്കുമ്പോഴാണ് 'ഡാ' എന്നൊരു വിളിയും, വീശിക്കൊണ്ടിരിക്കുന്ന ഒരു കൈയും ഫുട്ട്പാത്തിനോട് ചേർത്തി നിറുത്തിയ കാറിൽ നിന്ന് പുറത്തേക്ക് നീളുന്നത്.
ശ്രദ്ധിച്ച് നോക്കിയപ്പോൾ അത് എനിക്കുനേരെയാണ്.
ജീവിതത്തിലാദ്യമായിട്ട് കാറിനകത്ത് നിന്ന് ഒരാൾ എന്നെ വിളിക്കുന്നു. ബസ് സ്റ്റോപ്പിലുള്ള ആളുകളൊക്കെ നോക്കുന്നു. ലേശം അഭിമാനമൊക്കെ എന്റെ മുഖത്ത് വന്നിട്ടുണ്ടാകണം.

കാറിൽ നിന്നിറങ്ങി ആ അഭിമാനത്തിനരികിലോട്ട് വന്ന വിളിയുടെയും, നീട്ടിയ കൈയിന്റെയും ഉടമസ്ഥൻ ആൽബർട്ട് ആയിരുന്നു.

‘‘ഇവന്റെ ക്‌ളാസിൽ പഠിക്കുന്നതാണ്’’,
അവൻ തന്നെ അവനെ എന്റെ വീട്ടുകാർക്ക് പരിചയപ്പെടുത്തി. അവൻ അന്നേ സ്മാർട്ടാണ്. കുടാതെ പാന്റിട്ട്, ഷർട്ട് ഇൻസർട്ട് ചെയ്ത്, ബെൽറ്റ്‌ കെട്ടി അടിപൊളിയായിട്ടാണ് നിൽപ്പ്.

പോയ സ്ഥലങ്ങളും, ചെയ്ത കാര്യങ്ങളും പറഞ്ഞ് തീർക്കാനുള്ള ബദ്ധപ്പാടിലായിരുന്നു അവൻ. ഞാൻ പക്ഷെ കൂടുതലും അവന്റെ പാന്റിലേക്കും ഷർട്ടിലേക്കുമായിരുന്നു ശ്രദ്ധിച്ചത്.
പാന്റ് പത്താം ക്ലാസ്സിൽ എത്തുമ്പോൾ മാത്രമെന്ന് എന്റെ വീടിന്റെ എല്ലാ കോർണറിലും പറഞ്ഞും, എഴുതിയും വെച്ചിരുന്ന കാലമായിരുന്നു അത്. ആയതിനാൽ കാറിൽ കയറുന്നതിന് തൊട്ടുമുമ്പ് ഞാനവന്റെ കൈ പിടിച്ചു,

"ഈ പാന്റും ഷർട്ടും എവിടെന്ന് എടുത്തതാ?"
"എടുത്തതല്ല, തയ്പ്പിച്ചതാ"
"ശരിക്കും?"
"നമ്മടെ അനുരാഗം തിയ്യറ്ററില്ലേ, അതിന്റെ സൈഡിലുള്ള വഴിക്കോടെ പോയ ഒരു ഉഗ്രൻ ഷോപ്പുണ്ട്, അഗസ്റ്റിൻ ടെയ്‌ലേഴ്‌സ്. ഈ അഗസ്റ്റിൻ എന്റെ ഡാഡീടെ ഫ്രണ്ടാ"
അവന്റെ അച്ഛൻ വലിയ വക്കീലാണ്, പണക്കാരനാണ് എന്നൊക്കെ കേട്ടിട്ടുണ്ട്.

എന്നാൽ, അഗസ്റ്റിൻ, എന്നവൻ പറഞ്ഞപ്പോൾ എന്റെ മനസ്സിലേക്ക് വന്നത് രാമകൃഷ്ണനായിരുന്നു. തിരിച്ച് മേടത്തറക്കുള്ള ബസിലിരിക്കുമ്പോൾ ഇത്രയും നാൾ രാമകൃഷ്ണനെ ഓർത്തില്ലല്ലോ എന്നായിരുന്നു എന്റെ ചിന്ത. രാമകൃഷ്ണൻ തന്നെയായിരിക്കും അവിടെ. പക്ഷെ എങ്ങനെ പോകും?

ആൽബർട്ട് പറഞ്ഞ വഴി ഞാൻ പോയിട്ടുള്ളതല്ല. സ്ക്കൂൾ ഉള്ള ദിവസം നടക്കുന്ന കാര്യവുമല്ല. എന്നാൽ രാമകൃഷ്ണനെ കാണണമെന്ന ചിന്ത മനസ്സിൽ നിന്ന് പോയതുമില്ല. അങ്ങനെയിരിക്കുമ്പോഴാണ് അവസാനത്തെ രണ്ട് പിര്യേഡ് ടീച്ചർ ഇല്ലാത്തതിന്റെ പേരിൽ ഒരു ദിവസം നേരത്തെ വിടുന്നത്.

വഴി കാണിക്കാൻ ആൽബർട്ട് കൂടെ വന്നു. ഡോർ തുറന്നതും ഞാൻ രാമകൃഷ്ണനെ കണ്ടു. ഉള്ളിൽ കടന്നപ്പോൾ ചെറുപ്പക്കാരിയായ റിസപ്‌ഷനിസ്റ്റ് ഗൗരവത്തിൽ എന്നെ നോക്കി, "എന്ത് വേണം?"
‘ഞാൻ രാമകൃഷ്‌ണ…’, പറഞ്ഞുതീരും മുമ്പ് പരിചയത്തിന്റെ നേർത്ത പുഞ്ചിരിയുമായി രാമകൃഷ്ണൻ മുന്നിൽ.
"തയ്ക്കാനാണോ?" എന്നെയും കൊണ്ട് രാമകൃഷ്ണൻ മുറിയിലേയ്ക്ക് പോയി,
"ഇവിടെ വലിയ ചാർജ്ജാണ്, പെലമ്പത്തെ പോലെയല്ല".
"ഞാൻ വെറുതെ ചേട്ടനെ ഒന്ന്... കാണാൻ വന്നതാണ്"
അത് പറഞ്ഞപ്പോൾ രാമകൃഷ്ണന്റെ മുഖത്ത് വാത്സല്യത്തിന്റെ ചെറുനാമ്പുകൾ വിടർന്നു, അതിന്റെ പ്രതിഫലനം അയാളുടെ ശബ്ദത്തിലുണ്ടായിരുന്നു, "നിനക്ക് ചായ വേണോ?"
"വേണ്ട, ബസിനുള്ള സമയമായി. ഞാൻ പിന്നെ വരാം".
പോരുമ്പോൾ രാമകൃഷ്ണന്റെ പഴയ ഉശിര് കുറഞ്ഞോ എന്നെനിക്ക് തോന്നി. പിന്നീട് അവിടെ പോയപ്പോഴൊക്കെ ആ തോന്നൽ കൂടിവരികയും ചെയ്തു.

"രാമകൃഷ്‌ണേട്ടന്റെ പണ്ടത്തെ ആ ഹീറോയിസം എങ്ങോട്ടു പോയി?" ഒരിക്കൽ ഞാൻ ചോദിക്കുകയും ചെയ്തു.
"യുദ്ധമാകുമ്പോഴും ജീവിതമാകുമ്പോഴും തന്ത്രം അഥവാ സ്ട്രാറ്റജി പ്രധാനമാണ്"
"എന്ന് വെച്ചാൽ?"
"വലിയ മുന്നേറ്റങ്ങൾക്ക് മുൻപുള്ള ബുദ്ധിപരമായ ചെറിയ പിന്മാറ്റം".
മനസ്സിലായില്ലെങ്കിലും പഴയ ആ തിളക്കം ഞാൻ അയാളുടെ കണ്ണുകളിൽ കണ്ടു.
ഒരു കൊല്ലം കഴിഞ്ഞു.

ഒരു ദിവസം ഞാനവിടെ പോയപ്പോൾ നല്ല ഉയരവും, ഷർട്ടിന്റെ മേൽബട്ടൺസ് അഴിച്ചിട്ട് ജിമ്മിൽ പോയിട്ടുള്ള ബോഡി നാലാൾ കണ്ടോട്ടെ എന്ന ഭാവഹാദികളുമുള്ള രണ്ട് പേർ വാതിൽ തള്ളി തുറന്ന് കടയിലേക്ക് വന്നു. കൈയിൽ ഓരോ സ്യൂട്ട് കേസുമായി. എന്നിട്ട് നേരെ പോയി ഒരു വശത്തുള്ള ചുമരിൽ കൈ അമർത്തി. അപ്പോഴാണ് എന്നെ കണ്ടത്, "ഇവനാരാ?"
"എന്നെ കാണാൻ വന്നതാ" രാമകൃഷ്ണൻ ഇത്രയും മൃദുവായി സംസാരിക്കുന്നത് ആദ്യമായിട്ടാണ്.
"ഇവിടെയാരുമില്ലെന്ന് താൻ പറഞ്ഞിട്ടല്ലേ ഞങ്ങൾ വന്നത്. ആ ചെക്കനെ പുറത്തേക്ക് കൊണ്ട് പോ"

പുറത്തേക്ക് പോകുന്നതിനിടയിൽ ഞാൻ പെട്ടെന്നൊന്ന് തിരിഞ്ഞു നോക്കി. ആ ചുമരിൽ തിരിച്ചറിയാൻ പറ്റാത്ത വിധം ഒരു വാതിലുണ്ട്. അത് തുറന്ന് അവർ ഉള്ളിൽ പോകുന്നത് ഞാൻ കണ്ടു.
"അവനാണ് ജാക്സൺ, അഗസ്റ്റിൻ മുതലാളിയുടെ മകൻ. കൂടെയുള്ളത് അവന്റെ ശിങ്കിടിയാണ്" മുതിർന്ന ഒരാളോട് പറയും പോലെയാണ് രാമകൃഷ്‌ണൻ പറഞ്ഞത്.
അഞ്ചുമിനിറ്റിന് ശേഷം പോകുമ്പോൾ അവരുടെ കൈയിൽ ഓരോ ചെറിയ ബാഗ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.
അപ്പോഴേക്കും ചായക്കാരൻ പയ്യൻ വന്നു.

പുറത്തെ ബെഞ്ചിൽ ചായ കുടിച്ചുകൊണ്ടിരിക്കുമ്പോൾ രാമകൃഷ്ണൻ തലകൊണ്ട് ആംഗ്യം കാട്ടി,
"ആ റിസപ്ഷനിൽ ഇരിക്കുന്ന ക്ലിയോപാട്രയും അവരുടെ ആളാണ്"
"ക്ലിയോപാട്ര എന്നാണോ പേര്?"
"അവളുടെ ഭാവത്തിന് ചേരുന്നത് ആ പേരാണ്"

അത്രയേ രാമകൃഷ്ണൻ പറഞ്ഞുള്ളൂ. എന്നിട്ട് പ്രത്യേകഭാവത്തിൽ എന്നെ നോക്കി.
എനിക്ക് മെസ്സേജ് പിടികിട്ടി,

"ഇവിടെ പല കാര്യങ്ങളും നടക്കുന്നുണ്ട്, നീയായിട്ട് അതൊന്നും ആരോടും പറയണ്ട" (പിൽക്കാലത്ത്, അന്ന് കാണിച്ച പക്വതയെ കുറിച്ചാലോചിക്കുമ്പോൾ ഞാനെന്ന പതിനൊന്ന് വയസ്സുകാരനോട് എനിക്ക് ബഹുമാനം തോന്നാറുണ്ട്)

പിന്നെയുള്ള രണ്ട് മൂന്ന് വിസിറ്റ് കൊണ്ട് എനിക്ക് ചില കാര്യങ്ങൾ കൂടി മനസ്സിലായി.

ടൗണിലെ വൻപണക്കാരുടെ ഡ്രസുകൾ മാത്രമേ അവിടെ തയ്ക്കുന്നുള്ളു. രാമകൃഷ്ണനെ കൂടാതെ ഉള്ളിൽ വേറെയും ടെയ്‌ലേഴ്‌സ് ഉണ്ട്. രാമകൃഷ്ണന് മെയിൻലി മേൽനോട്ടമാണ്. അവരെ കൊണ്ട് പറ്റാത്ത ടെയ്‌ലറിങ് മാത്രമേ അയാൾക്ക് ചെയ്യേണ്ടതുള്ളൂ.

പിന്നെ ജാക്സണും ഗാങ്ങും അവിടെ വരുന്നത് അഗസ്റ്റിന്റെ കട എന്ന നിലക്ക് മാത്രമല്ല, അന്നത്തെ ഭാഷയിൽ പറഞ്ഞാൽ ആ വരവിൽ എന്തോ അൽകുൽത്തുണ്ട്. മനസ്സിലായ കാര്യങ്ങൾ, എന്തിനെന്നറിയില്ല, അതീവരഹസ്യം പോലെ ഞാൻ സൂക്ഷിച്ചു.

ഒമ്പതിലെ ആനുവൽ എക്സാം കഴിഞ്ഞ ദിവസം ഞാൻ അവിടെ പോയി. പഴയ ലേഡി മാറി പുതിയ ക്ലിയോപാട്ര വന്നിരിക്കുന്നു. ഞാനും കൂടെ കേൾക്കാനെന്നോണം അവൾ രാമകൃഷ്ണനോട് പറഞ്ഞു, "ഇന്നലെ രാത്രി ഞാനും ജാക്സണും കൂടി ഇവിടെ വന്നപ്പോൾ രാമകൃഷ്‌ണേട്ടൻ കസേരയിൽ ഇരുന്ന് നല്ല ഉറക്കമായിരുന്നു, ഉണർത്തേണ്ടന്ന് കരുതി വിളിച്ചില്ല"

"ഞാൻ വല്ലപ്പോഴുമാണ് രണ്ടെണ്ണം കഴിക്കുന്നത്. റൂമിലിരിക്കാമെന്ന് വെച്ചാൽ ആരെങ്കിലും വരും. ഇന്നലെ ഇത്തിരി ഓവർ ആയി പോയി" എന്നിട്ട് രാമകൃഷ്ണൻ എന്നെ നോക്കി കണ്ണടച്ചു.

പതിവ് ചായ കുടിക്കുമ്പോൾ രാമകൃഷ്‌ണൻ എന്റെയടുത്തേക്ക് നീങ്ങിയിരുന്നു, "അവളുടെ വിചാരം ഞാനൊന്നും അറിഞ്ഞില്ലെന്നാണ്, എല്ലാം അറിയുന്നവൻ..."

‘രാമകൃഷ്‌ണൻ’, ഞാൻ രാമകൃഷ്ണന്റെ ടോൺ അനുകരിച്ചു. വന്ന ചിരിയെ അയാൾ ചായയോടൊപ്പം ഊതി കുടിച്ചു.
പത്താം ക്ലാസ്സായപ്പോൾ പഠനം മാത്രമായി. പലതും ഉപേക്ഷിച്ച കൂട്ടത്തിൽ രാമകൃഷ്ണൻ്റെ അടുത്തോട്ടുള്ള പോക്കും ഉണ്ടായിരുന്നു.

അന്നൊക്കെ എസ്.എസ്.എൽ.സി പരീക്ഷ കഴിയുന്നത് ബുധനാഴ്ചയാണ്. പരീക്ഷ കഴിഞ്ഞ് പിറ്റേദിവസം പോകാനിരുന്നതാണ്. അപ്പോഴാണ് ജീവിതത്തിലാദ്യമായി ഒറ്റക്ക് സിനിമ കാണാനുള്ള അവസരം കൈവരുന്നത്.

കണ്ട സിനിമ അതിരാത്രം.

അന്ന് രാത്രി, രാമകൃഷ്ണനെ നായകനാക്കി ഞാൻ ഒരു ത്രില്ലർ സിനിമ ചെയ്യുന്നതായി സ്വപ്നം കണ്ടു. പിന്നത്തെ രണ്ട് ദിവസം പരീക്ഷയുടെ ക്ഷീണം തീർക്കാൻ ഊണും ഉറക്കവും മാത്രമായിരുന്നു. ഞായറാഴ്ച പത്രമെടുത്തപ്പോൾ ഫ്രണ്ട് പേജ് കണ്ട് ഞെട്ടിപ്പോയി, 'പ്രമുഖ വ്യവസായി അഗസ്റ്റിൻ വെടിയേറ്റ് മരിച്ചു'

മൂന്ന്

ടൗണിലെ മോസ് സിനിമ തിയറ്ററിനടുത്തുള്ള കോഫി ഹൗസ്.

അവിടെ ഞാൻ അലക്‌സിനൊപ്പം മസാലദോശയും ചായയും കഴിച്ചു. എൻട്രൻസിൽ എനിക്ക് മെഡിസിനും, അവന് എഞ്ചിനീയറിംഗും കിട്ടിയതിന് പരസ്പരമുള്ള ട്രീറ്റ്. കോഫി ഹൗസിന്റെ ലെവലിന് മുകളിൽ പോകാനുള്ള പോക്കറ്റ് മണി അന്നില്ലായിരുന്നു.

തിരിച്ച് വീട്ടിൽ പോകാനുള്ള കാശ് ഉണ്ടെന്ന് ഉറപ്പു വരുത്തി അലക്സിന്റെ നിർബന്ധത്തെ മറികടന്ന് ബില്ല് പേ ചെയ്ത് പുറത്ത് കടന്നപ്പോൾ കോഫീ ഹൗസിന് മുന്നിൽ ഒരു ജനസമുദ്രം.

മോസിൽ അന്ന് കളിച്ചിരുന്ന സിനിമ മമ്മൂട്ടിയുടെ ആവനാഴി.

നൂൺഷോ കഴിഞ്ഞവരും, മാറ്റിനിക്ക് ടിക്കറ്റ് എടുക്കാനുള്ളവരും ചേർന്നുണ്ടാക്കിയ ട്രാഫിക് ജാം.

ഹോണടിച്ചും, അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞും ഒരിഞ്ച് നീങ്ങാൻ പറ്റാതിരുന്ന വണ്ടികളെ പോലീസെത്തി ലൈനിലാക്കി കടത്തിവിടുകയാണ്. സിനിമ എങ്ങനേലും കാണാനുള്ള തന്ത്രങ്ങളും, ഫയർബ്രാൻഡ് ഡയലോഗുകൾ കേട്ട് ഇറങ്ങിയവരുടെ ആവേശവും, ഇടയിൽ പെട്ടുപോയ യാത്രക്കാരും; ആകെ കലുഷിതമായ സീൻ.

ഞാനും അലക്‌സും കാഴ്ച കണ്ട് രസിച്ചു നിൽക്കുന്നതിടയിൽ ഒരു കോണ്ടസ്സ കാർ ഫുട്പാത്തിന് അരികിലൂടെ നീങ്ങുന്നു. ഫ്രണ്ട് പാസഞ്ചർ സീറ്റിൽ ഒരു പരിചിതമുഖം. സൂക്ഷിച്ച് നോക്കിയപ്പോൾ രാമകൃഷ്‌ണൻ. പെട്ടെന്നുള്ള റിഫ്ലെക്സിൽ ഞാൻ കൈവീശി. രാമകൃഷ്ണൻ തിരിച്ചും.

"അലക്സേ നീ വിട്ടോ, ഒരു പാട് നാളായി കാണാതിരുന്ന ഒരാളെ കിട്ടിയിട്ടുണ്ട്. ഞാൻ അയാളെ കാണാൻ പറ്റുവോന്ന് നോക്കട്ടെ"

ഫുട്പാത്തിൽ തിങ്ങി നിറഞ്ഞ ആളുകൾക്കിടയിലൂടെ ഊർന്ന് കടന്ന് എം.ഒ ജംഗ്ഷൻ ക്രോസ്സ് ചെയ്ത് ബാറ്റ ഷോപ്പിന് മുമ്പിലെത്തി.

എന്നെ കണ്ട് കോണ്ടസാ സൈഡ് ഒതുങ്ങി.

"കുറേക്കാലമായല്ലോ നിന്നെ കണ്ടിട്ട്? എന്ത് പറ്റി" ജീൻസ് പാന്റും, അടിപൊളി ടീ ഷർട്ടും, Ray-ban-ന്റെ കൂളിംഗ് ഗ്ലാസുമിട്ട് രാമകൃഷ്ണൻ സ്റ്റൈലിഷ് ആയി ഇറങ്ങി വന്നു

"ഞാൻ വന്നിരുന്നു, രാമകൃഷ്ണൻ മുതലാളിയെ കാണാൻ അപ്പോയ്ന്റ്മെന്റ് വേണമെന്ന് അവിടത്തെ ലേറ്റസ്റ്റ് ക്ലിയോപാട്ര പറഞ്ഞു".
"പോടാ"
"ശരിക്കും"

കാറിന്റെ കൺസോളിൽ നിന്ന് ഒരു വിസിറ്റിങ് കാർഡെടുത്ത് അതിൽ 'any time' എന്നെഴുതി രാമകൃഷ്ണൻ എനിക്ക് തന്നു.
"ഇൻ കേസ്, ഇത് കാണിച്ചാൽ മതി. ഒരു ദിവസം വാ”.

രാമകൃഷ്ണൻ കാറിൽ കേറിയതും എനിക്ക് പോകാനുള്ള ബസ് വന്നു.
ബസിലിരിക്കുമ്പോൾ ആലോചന നിറയെ രാമകൃഷ്ണനായിരുന്നു.
"എന്താണ് വലിയ ഗൗരവത്തിലാണല്ലോ?" കണ്ടക്ടർ ഭരതേട്ടൻ പുറത്ത് തട്ടി.
ഒന്നുമില്ലെന്ന് പറഞ്ഞപ്പോൾ ഭരതേട്ടൻ വന്ന് അടുത്തിരുന്നു,
"മെഡിക്കൽ കോളേജിൽ ആയതിന്റെ പത്രാസ് ഡെവലപ്പ് ചെയ്യുന്നതാണോ?"
"എന്താണ് ഭരതേട്ടാ, ങ്ങള് ന്നെ നാലാംക്ലാസ്സ് മുതല് കാണുന്നതല്ലേ?"
"ചുമ്മാ, നീ ആ ടൈപ്പ് അല്ലെന്ന് എനിക്കറിഞ്ഞുകൂടേ?" സ്റ്റാൻഡിൽ നിന്ന് ആളുകൾ കയറുന്നത് വരെ ഭരതേട്ടൻ ലോഹ്യം പറഞ്ഞു. രാമകൃഷ്ണനെ കുറിച്ച് ഓർത്തതാണെന്ന് പറഞ്ഞാലോ എന്ന് തോന്നിയതാണ്, പറഞ്ഞില്ല.

പത്താം ക്ലാസിലെ സൂപ്പർ-ഡ്യൂപ്പർ റിസൾട്ടിനും, എൻട്രൻസിലെ ബ്ലോക്ക്ബസ്റ്റർ വിജയത്തിനും ശേഷം വീട്ടിലെ കർശനമായ കർഫ്യൂ ചട്ടങ്ങൾ പിൻവലിക്കപ്പെട്ടിരുന്നു. കൂട്ടുകാരനെ കാണാൻ പോയി എന്നതിനപ്പുറത്ത് എന്തിന്, എങ്ങനെ, എവിടെ, ആരോട് ചോദിച്ച് എന്ന സ്ഥിരം ചോദ്യമുറകളിൽ നിന്ന് ഇളവ് കിട്ടിയിരുന്നു. നേരെ റൂമിൽ പോയി രാമകൃഷ്ണൻ തന്ന കാർഡ് എടുത്ത് നോക്കി.

Ramkrishnan Pelampam
Proprietor
RK Fashion House
RK Gold and diamonds
RK Mill
RK Estate
RK Electronics

എന്തിനാണ് രാമകൃഷ്ണൻ പേരിനോട് പേലമ്പം ചേർത്തിരിക്കുന്നത്?
രണ്ട് വർഷങ്ങൾക്കുള്ളിൽ രാമകൃഷ്ണൻ എങ്ങനെ ഇത്ര വലിയ ബിസ്സിനെസ്സ്കാരനായി മാറി?
ആ സമയം മനസ്സിലേക്ക് വന്നത് പ്രീഡിഗ്രി കാലത്ത് വായിച്ച ഒരു ഡ്രാമയിലെ ഡയലോഗ് ആയിരുന്നു.

'He tailored down the town to his own needs'

ആ ഡ്രാമയുടെ പേര് ഓർക്കാനുള്ള ശ്രമം എത്തിയത് ഒരു ഫ്ലാഷ്ബാക്കിലായിരുന്നു.

അഗസ്റ്റിന്റെ കൊലപാതകത്തിന് ശേഷമുള്ള ദിവസങ്ങളിൽ വലിയ ഉത്കണ്ഠയോടെയാണ് രാവിലെ പത്രമെടുത്ത് നോക്കിയിരുന്നത്. 'രാമകൃഷ്ണൻ അറസ്റ്റിൽ' എന്ന വാർത്ത വായിക്കേണ്ടി വരുമോയെന്നായിരുന്നു പേടി.

ഒരാഴ്ച കഴിഞ്ഞപ്പോൾ അറസ്റ്റിലായത് ഒരു പീതാംബരൻ ആയിരുന്നു. 'കള്ളച്ചാരായം വാറ്റുന്നതിൽ അഗ്രഗണ്യനായ ഉരുളി വാസുവിന്റെ സംഘത്തിൽ പെട്ട' എന്നാണ് വാർത്തയിൽ പീതാംബരൻ വിശേഷിപ്പിക്കപ്പെട്ടിരുന്നത്.

മേടത്തറ സ്‌കൂളിൽ എന്റെ സീനിയറായിരുന്ന രാംകുമാർ അന്ന് പോലീസിൽ സെലക്ഷൻ കിട്ടി നിൽക്കുകയാണ്. അവനാണ് ചാരായത്തിന്റെ ചില ഗുട്ടൻസ് എനിക്ക് പറഞ്ഞുതന്നത്.

കള്ളുഷാപ്പുകളും ചാരായഷാപ്പുകളും സർക്കാർ ലേലത്തിന് വെക്കും. അബ്‌കാരി കോൺട്രാക്റ്റേഴ്‌സ് ഷാപ്പുകൾ വലിയ തുക കൊടുത്ത് എടുക്കും. കള്ളും, ചാരായവും വിറ്റിട്ട് വേണം ലാഭമുണ്ടാക്കാൻ. അതിനുള്ള തടസ്സം ഗ്രാമങ്ങളിലും, ഉൾപ്രദേശത്തും നടക്കുന്ന ചാരായം വാറ്റാണ്. വാറ്റുകാർ ഷാപ്പിനേക്കാൾ കുറഞ്ഞ വിലക്ക് സാധനം വിൽക്കും.

എക്‌സ്‌സൈസ് ഉദ്യോഗസ്ഥൻമാരാണ് കള്ളവാറ്റ് തടയേണ്ടത്. കള്ളവാറ്റുകാർ ആയുധവും സന്നാഹവുമുള്ളവരാണ്. കാടും, മേടും, കല്ലും, മുള്ളും കടന്ന് അവരെ പിടിക്കുക അത്ര എളുപ്പമല്ല. അവർക്കാണെങ്കിൽ ലോക്കൽ ആളുകളുടെ സപ്പോർട്ടുമുണ്ടാകും.

ഇനി ഈ സാഹസമൊക്കെ ചെയ്ത് അവരെ പിടിച്ചതുകൊണ്ട് പ്രത്യേകിച്ച് നേട്ടമൊന്നും ഇല്ലെന്ന് മാത്രമല്ല, ജീവൻ അപകടത്തിലാകാനുള്ള നല്ല സാദ്ധ്യതയുമുണ്ട്. മിക്കവാറും പോകാനുള്ള എക്‌സ്‌സൈസ് ജീപ്പ് വർക്‌ഷോപ്പിലുമായിരിക്കും.

ജീപ്പും, സമാന്തര ശമ്പളവും, ഗുണ്ടകളെ വെച്ച് പ്രൊട്ടക്ഷനും കൊടുത്ത് എക്‌സ്‌സൈസ് ഉദ്യോഗസ്ഥരെ വാറ്റുകാരെ പിടിക്കാൻ പ്രാപ്തരാക്കുന്നത് അബ്‌കാരികളാണ്. നല്ല കാശും, അബ്കാരി മുതലാളിമാരുടെ പ്രീതിയും കിട്ടുന്നത് കൊണ്ട് വാറ്റ്കാരെ പിടിക്കാൻ ഉദ്യോഗസ്ഥന്മാർ മോർ ലോയൽ ദാൻ റോയൽ എന്ന തീവ്രതയിൽ തയ്യാറാകും.

ഈ പശ്ചാത്തലത്തിലാണ് സമ്പത്തും, പ്രതാപവും ഒന്നും കൂടെ വികസിപ്പിക്കാൻ അഗസ്റ്റിൻ മുതലാളി അബ്‌കാരി രംഗത്തോട്ട് കടക്കുന്നത്.

അഗസ്റ്റിൻ എക്‌സ്‌സൈസ് കാരെ ഉപയോഗിച്ച് വാറ്റ് സങ്കേതം തകർത്തതിന്റെ പ്രതികാരമാണ് ഉരുളി വാസുവിന്റെ ആശ്രിതനായ പീതാംബരനെ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നാണ് പോലീസ് കണ്ടെത്തിയത്.

അക്കാലത്ത് ടൗണിൽ ഇടിമുഴക്കം അഥവാ തണ്ടർബോൾട്ട് എന്നൊരു സായാഹ്നപത്രം ഉണ്ടായിരുന്നു. പഴയ നക്സലുകളിൽ ചിലരായിരുന്നു അതിന് പിന്നിൽ.

'വിപ്ലവം തോക്കിൻ കുഴലിലൂടെ' എന്ന ചുവരെഴുത്ത് മായാതെ പല മതിലുകളിലും അനാഥമായി കിടന്ന കാലം. പേര് കേട്ടാൽ മഞ്ഞ പത്രമാണെന്ന് തോന്നുമെങ്കിലും ചില അണ്ടർ ഗ്രൗണ്ട് യാഥാർഥ്യങ്ങൾ അതിൽ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. അഗസ്റ്റിന്റെ മരണത്തെ കുറിച്ച് നടത്തിയ അന്വേഷണത്തിൽ വ്യത്യസ്തമായ ഒരു കവർസ്റ്റോറിയിലാണ് തണ്ടർബോൾട്ടിന്റെ ടീം എത്തിയത്.

ജില്ലയിലെ അബ്‌കാരി ലോകം അതുവരെ അടക്കി വാണിരുന്നത് ഷാപ്പൻ ഷാജനായിരുന്നു. അന്നേ കോടികൾ മറയുന്ന ബിസ്സിനെസ്സാണ് ചാരായക്കച്ചോടം. റിയൽ എസ്റ്റേറ്റ് അടക്കം പല ഇടപാടുകളും ഷാജന് ഉണ്ടായിരുന്നു. എതിരാളികളെ ഒതുക്കാൻ ഷാജൻ ഉണ്ടാക്കിയ ഗാങ് ആണ് ലി പെൻ. മലേഷ്യയിൽ ഉണ്ടായിരുന്ന കാലത്ത് അവിടെന്ന് കല്യാണം കഴിച്ച ചൈനീസ് ലേഡിയുടെ സ്വാധീനത്തിലായിരിക്കണം ഷാജൻ ഗാങിന് ആ പേരിട്ടത്.

ഷാപ്പ്‌ ലേലത്തിന് ആരും വരാതിരിക്കാനും, സ്ഥലങ്ങൾ ഭീഷണിപ്പെടുത്തി ഒഴിപ്പിക്കാനുമൊക്കെ ഷാജൻ ലി പെനെ ഉപയോഗിച്ചു. സ്വാധീനവും, പണവും.....ഷാപ്പൻ എതിരാളികളെ അപ്പപ്പോൾ ഇല്ലായ്മ ചെയ്ത് വിലസുകയായിരുന്നു. ഷാജൻ പലപ്രാവശ്യം അഗസ്റ്റിന് മുന്നറിയിപ്പ് കൊടുത്തതാണ്, തന്റെ തട്ടകത്തിൽ വന്ന് കളിക്കരുതെന്ന്. ഷാപ്പൻ ഷാജനും, ഉരുളി വാസുവും തമ്മിൽ ചില ധാരണകൾ ഉണ്ടായിരുന്നു. വാസു വാറ്റുന്ന ചാരായത്തിന്റെ നല്ല പങ്ക് ഷാജൻ തന്റെ ഷാപ്പുകളിലൂടെ വിറ്റിരുന്നു. ഷാപ്പന്റെ അടുത്ത് എങ്ങനെ നിൽക്കണമെന്ന് ഉരുളിക്ക് അറിയാമായിരുന്നു, ഉരുളിയെ എങ്ങനെ ഉപയോഗിക്കണമെന്ന് ഷാപ്പനും.
ആ അധോലോകത്തേക്കാണ് അഗസ്റ്റിൻ വെല്ലുവിളിച്ചെത്തിയത്. അഗസ്റ്റിനെ തീർത്തത് ഷാജന്റെ ആൾക്കാരാണെന്നും, പീതാംബരൻ ഒരു ഒത്തുതീർപ്പ് പ്രതിയാണെന്നുമായിരുന്നു തണ്ടർബോൾട്ട് പ്രഖ്യാപിച്ചത്.

കവർസ്റ്റോറി വന്ന് അധികം കഴിയും മുമ്പ് തണ്ടർബോൾട്ട് അടച്ചുപൂട്ടി.

എന്തായാലും പ്രതിയല്ല എന്നു കണ്ടപ്പോൾ ഞാൻ രാമകൃഷ്ണനെ കാണാൻ പോയതാണ്. ചെന്നപ്പോൾ ആർ കെ ടെയ്‌ലേഴ്‌സ് പൂട്ടി കിടക്കുന്നു.

"അത് പോലീസ് സീൽ ചെയ്തിരിക്കുകയാണ്, മോനെ നീ തടി കേടാവും മുമ്പ് സ്ഥലം വിട്ടോ", അതായിരുന്നു അന്വേഷിച്ചപ്പോൾ അടുത്തുള്ള സർബത്ത് കടക്കാരൻ പറഞ്ഞത്.

പത്താം ക്ലാസായിരുന്നു ജീവിതത്തിലെ വഴിത്തിരിവായി പറഞ്ഞിരുന്നത്. മെഡിസിനോ എഞ്ചിനീയറിംഗോ കിട്ടുന്നതാണ് ജീവിച്ചിരുന്നു എന്ന് തെളിയിക്കാൻ ഏക മാർഗ്ഗം എന്ന അവസ്ഥയായി പ്രീ-ഡിഗ്രി തുടങ്ങിയപ്പോൾ.

കാലത്ത് ട്യൂഷൻ, ഷിഫ്റ്റായതുകൊണ്ട് കോളേജിലെ ക്‌ളാസ് ഉച്ചതിരിഞ്ഞും. ഫസ്റ്റ് ഇയർ അങ്ങനെ കഴിഞ്ഞു. മലയാളം മീഡിയത്തിൽ നിന്ന് ഇംഗ്ലീഷിലേക്കുള്ള മാറ്റത്തിനൊപ്പമെത്താനുള്ള കിതപ്പിൽ ദിവസങ്ങൾ പോയത് അസാധാരണമാം സ്പീഡിലായിരുന്നു. സെക്കൻഡ് ഇയർ ആയപ്പോൾ വീക്കെൻഡ്‌സിൽ എൻട്രൻസ് കോച്ചിങ് കൂടെയായി.
എന്നിട്ടും ഒരു ദിവസം ഞാൻ രാമകൃഷ്ണനെ ഓർത്തു. അതിന് കാരണം മറ്റൊരു വാർത്തയായിരുന്നു,

'കുഴൽപ്പണവും, കള്ളനോട്ടും വ്യാപകം. നഗരത്തിലെ ലോഡ്ജിൽ നിന്ന് കൊല്ലപ്പെട്ട വ്യവസായി അഗസ്റ്റിന്റെ മകൻ ജാക്സൺ അടക്കം നാല് പേർ അറസ്റ്റിൽ".
ഒരാഴ്ച കഴിഞ്ഞപ്പോൾ ജാക്സൺ പോലീസ് കസ്റ്റഡിയിൽ മരിച്ച വാർത്തയും വന്നു.
തണ്ടർബോൾട്ട് ഇല്ലാത്തതുകൊണ്ട് കൊണ്ട് ആത്മഹത്യയാണെന്ന പോലീസ് ഭാഷ്യത്തിനപ്പുറം ചോദ്യങ്ങളൊന്നുമുണ്ടായില്ല.

പഠിപ്പിന്റെ തീവ്രതയിൽ അവഗണിക്കപ്പെട്ട ഒരു ഡിറ്റക്ടീവ് എന്നിലുണ്ടായിരുന്നിരിക്കണം, ഒന്ന് അന്വേഷിച്ചാലോ എന്ന തോന്നൽ എന്നിലുണ്ടായി. ആ തോന്നലിന്റെ പീക്കിലാണ് രാമകൃഷ്ണനെ തേടിപ്പോയത്.

അന്ന് ചിത്രം വ്യത്യസ്തമായിരുന്നു.

ടെയ്‌ലർ ഷോപ്പ് നിന്നിടത്ത് അഞ്ചു നിലയുള്ള കെട്ടിടത്തിന്റെ പണി നടക്കുന്നു. അതിനടുത്തുള്ള ഓഫീസിൽ ചെന്നപ്പോൾ അവിടെ രണ്ട് ക്ലിയോപാട്രകൾ ഒന്നിച്ചാണ് പറഞ്ഞത്,

"രാമകൃഷ്‌ണൻ സാറിനെ കാണാൻ അപ്പോയിന്റ്മെന്റ് എടുക്കണം"
"എടുത്തില്ലെങ്കിൽ?" പ്രായത്തിന്റെ നെഗളിപ്പിനുപരി പെണ്ണുങ്ങളുടെ ആറ്റിറ്റ്യൂട് ആയിരുന്നു എന്നെ കൊണ്ട് ചോദിപ്പിച്ചത്.
ലേശമൊന്ന് പരിഭ്രമിച്ച അവരോട് ഞാൻ പറഞ്ഞു, "രാമകൃഷ്ണൻ ചേട്ടൻ വരുമ്പോ പറയണം പ്രസന്നൻ മേടത്തറ കാണാൻ വന്നുവെന്ന്".
ഇതെന്തൊരു പേര് എന്ന ഭാവത്തിൽ പെണ്ണുങ്ങൾ മിഴി വിടർത്തി നിന്ന രംഗം മാത്രമല്ല രാമകൃഷ്ണനെ തന്നെ ഞാൻ മറന്നു. പിന്നെയങ്ങോട്ട് എൻട്രൻസിന് വേണ്ടിയുള്ള പൊരിഞ്ഞ പോരാട്ടമായിരുന്നു.

ഫ്ലാഷ്ബാക്ക് തീർന്നപ്പോഴാണ് രാമകൃഷ്ണൻ തന്ന വിസിറ്റിങ് കാർഡും പിടിച്ച് ഇരിപ്പാണെന്ന ബോധം എനിക്കുണ്ടായത്. പെട്ടെന്നുണ്ടായ ഒരു ഉൾപ്രേരണയിൽ ഞാൻ ആ കാർഡ് കീറി പല കഷണങ്ങളാക്കി ബിന്നിലിട്ടു.

പിന്നെ എം.ബി.ബി.എസ്‌. ദിനങ്ങൾ. അനാട്ടമി-ഫിസിയോളജി-ബയോകെമിസ്ട്രി സരണികളിലൂടെ ജീവിതം മുന്നോട്ട് പോയി. ഫസ്റ്റ് ഇയർ കഴിഞ്ഞത് കൊടൈക്കനാൽ ടൂറൊടെയാണ്. വീട്ടിലെത്തിയപ്പോൾ അമ്മ പറഞ്ഞു, "നിനക്കൊരു പാഴ്‌സൽ വന്നിട്ടുണ്ട്"

തുറന്നുനോക്കിയപ്പോൾ വിലകൂടിയ ലിറ്റ്മാൻ സ്തെതസ്കോപ്പ്, കൂടെയൊരു കുറിപ്പും,

'for you,
to celebrate the beats,
from the realm of Ramakrishnan'

ഞാൻ രാമകൃഷ്ണനെ കാണാൻ തീരുമാനിച്ചു.

നാല്

അന്ന് ശനിയാഴ്ചയായിരുന്നു. സെക്കന്റ് ഇയർ തുടങ്ങുന്നതിന് മുമ്പുള്ള ബ്രേക്ക്.

മെഡിക്കൽ കോളേജ് കാമ്പസിന്റെ ദക്ഷിണ-പൗരസ്ത്യ മേഖല വിശാലമായ കശുമാവിൻ തോപ്പാണ്. ഭാവിയിൽ പണിയാനിരിക്കുന്ന കെട്ടിട സമുച്ചയങ്ങളിലേക്കായി ഇന്നേ ടാറിട്ട് ഒരുക്കിയ ചെറുറോഡുകൾ കശുമാമരങ്ങളെ ചുറ്റിവളഞ്ഞ് വിവിധദിശകളിലേക്ക് നീണ്ടുകിടക്കുന്നു.

കൊഴിഞ്ഞുവീണ മാവിലകളാൽ പാതിമറഞ്ഞ്, പാദവിദലനങ്ങളധികമേൽക്കാതെ കിടന്നിരുന്ന ആ വഴിയോരങ്ങൾ സുന്ദരമായ കാമ്പസ് ഓർമകളാണ്.

'ഭൂമിക്കടിയിൽ വേരുകൾ കൊണ്ട്
കെട്ടിപ്പിടിക്കുന്നു,
ഇലകൾ തൊടുമെന്ന് പേടിച്ച്
നാം അകറ്റിനട്ട മരങ്ങൾ'
എന്ന് കവി വീരാൻകുട്ടി പാടുന്നതിന് വർഷങ്ങൾക്ക് മുമ്പേ വേരുകളാലും, ഇലകളാലും കെട്ടിപിടിച്ചു ക്യാംപസിലെ കശുമാവുകൾ.
ആ മാവിൻ തണലുകളിലൊന്നിൽ ഇട്ടിരുന്ന സിമന്റ് ബെഞ്ചിൽ ഞാനിരുന്നു.

ഈ അവധിക്കാലത്ത് എന്തിന് ഞാനവിടെ ഇരുന്നു എന്നതിന്റെ കാരണം തുടങ്ങുന്നത് ആറുമാസം മുമ്പാണ്.
എന്തോ പ്രശ്നം കൊണ്ട് ഫസ്റ്റ് ഇയർ ക്ലാസ്സ് കഴിഞ്ഞത് കോളേജ് ബസ്സിന്റെ സമയത്ത് അല്ലാത്തതുകൊണ്ട് ലൈൻ ബസ്സിൽ പോരേണ്ടി വന്നു. എന്നെ കൂടാതെ എട്ടോ പത്തോ പേർ ആ ബസിൽ കയറി.

കൺസഷൻ കാർഡ് കാണിച്ചിട്ടും ഫുൾ ഫെയർ തരണമെന്ന് കണ്ടക്ടർ. ജൂനിയേഴ്സ് ആയത് കൊണ്ട് പേടിക്കുമെന്ന് കരുതി മൂപ്പര് ലാർജ് സ്കെയിലിൽ തന്നെ വിരട്ടി.

‘കൺസഷൻ ചാർജ്ജ് വേണ്ടെങ്കിൽ ഒന്നും തരുന്നില്ല, വണ്ടി പോലീസ് സ്റ്റേഷനിലേക്ക് എടുത്തോ. തീരുമാനം അവിടെ വെച്ചാകാം’ ഉള്ളിൽ അനല്പമായ പേടിയുണ്ടായിരുന്നെങ്കിലും പുറത്തേക്ക് ഞാൻ കട്ടക്ക് നിന്നു.
അങ്ങനെയൊരു മൂവ് അപ്രതീക്ഷിതമായിരുന്നു, കണ്ടക്ടർ പെട്ടു.
അങ്ങോട്ടും, ഇങ്ങോട്ടും പോകുമ്പോഴൊക്കെ ഞങ്ങളെ നോക്കി പിറുപിറുത്ത് അയാൾ അരിശം തീർത്തുകൊണ്ടിരുന്നു. നേതാവ് ഞാനെന്ന് കരുതി ദേഷ്യത്തിന്റെ കൂടുതൽ ഷെയർ എനിക്കായിരുന്നു. ടൗൺ എത്താറായപ്പോൾ ‘ങാ, എന്തെങ്കിലും താ’ എന്ന് കളിയാക്കുന്ന ഒരു തരം ഗോഷ്ടിയോടെ അയാൾ ഞങ്ങളെ നോക്കി പറഞ്ഞു.
"പൈസ തരുന്നില്ല. ചേട്ടന് പറ്റുന്നത് ചേട്ടൻ നോക്കിക്കോ" എന്ന് ഞാനും.
യാത്രക്കാരിൽ ചിലരും ഞങ്ങളുടെ ഭാഗത്താണെന്ന് മനസ്സിലായപ്പോൾ അയാൾ അടങ്ങി. ഞങ്ങൾ ഇറങ്ങി പോന്നു.

"ബസിലെ പെർഫോമൻസ് നന്നായിരുന്നു, അയാൾക്ക് അത് വേണം", ബസിറങ്ങി കൽപ്പന തിയേറ്ററിന് മുന്നിലൂടെ നടക്കുമ്പോൾ പിന്നിൽ നിന്നൊരു സ്ത്രീശബ്ദം.

"താങ്ക് യു" ഞാൻ തിരിഞ്ഞുനോക്കി ചിരിച്ചു.
"എസ്.എഫ്. ഐ ആ?" അവളും ചിരിച്ചു.
"ആയിട്ടില്ല, ആവുമായിരിക്കും".

സീനിയർ ആണെന്നാണ് ഞാൻ വിചാരിച്ചത്. കോളേജിനടുത്തുള്ള ഇൻഡസ്ട്രിയൽ ഏരിയ ആയ അപ്പാണിയിലെ ഇലക്ട്രിക്-പ്ലമ്പിങ് ഘടകങ്ങൾ നിർമ്മിക്കുന്ന ചെറുകിടവ്യവസായ യൂണിറ്റ് നടത്തുന്നത് ഒരു അച്ഛനും മകളും കൂടിയാണെന്ന് ആരോ പറഞ്ഞിരുന്നു. അതിലെ മകളാണ് കക്ഷി, വനജ.

അതൊരു സൗഹൃദത്തിന്റെ തുടക്കമായിരുന്നു.

വനജ സിമന്റ് ബെഞ്ചിൽ എന്നോടൊപ്പമിരുന്നു. വർത്തമാനം മുന്നോട്ട് പോയപ്പോൾ ഒരു കാര്യം എനിക്ക് മനസ്സിലായി, ബി.എ കഴിഞ്ഞ് പ്രൈവറ്റ് ആയി എം.എ ക്ക് പഠിക്കുകയും, സ്വന്തമായി വ്യവസായം നടത്തുകയും ചെയ്യുന്ന വനജയുടെ അത്ര വായനയോ പൊതുവിവരമോ എനിക്കില്ല.

രസകരമായിരുന്ന സംസാരത്തിന്റെ അവസാനത്തിൽ അവൾ പറഞ്ഞു, "നോക്ക്, നമ്മുടേത് ഫ്രണ്ട്ഷിപ്പ് ആണ്. കൂട്ടുകാരുടെ അടുത്ത് പോയി ഞാൻ ഒരു പെൺകുട്ടിയുമായി പ്രേമത്തിലാണ്. അവളുടെ പേര് വനജ എന്നൊക്കെ പറഞ്ഞ് ഷൈൻ ചെയ്യാൻ നോക്കരുത്’’.
"ഫ്രണ്ട്ഷിപ്പില്ലാതെ പ്രേമമില്ലല്ലോ".
"എല്ലാ ഫ്രണ്ട്ഷിപ്പും പ്രേമമാകണമെന്നില്ലല്ലോ?"
"A good friend will always stab you in the front"
"ഡബിൾ മീനിങ് വല്ലതുമാണോ ഇത്?"
"സിംഗിൾ ആണോ ഡബിൾ ആണോന്നറിയില്ല, പറഞ്ഞത് Oscar Wilde ആണ്. ഞാനല്ല"’
"ഓഹോ"
"അതാണ് പറഞ്ഞത്, എത്ര വായിച്ചാലും പിന്നെയും കാണും അറിയാത്തത് പലതും. അതുപോലെ ഒരു മന്ദമാരുതൻ മതി ഷിപ്പിന്റെ ദിശ മാറാൻ. എനിവേ ഞാനാരോടും ഒന്നും പറയാൻ പോകുന്നില്ല. അപ്പൊ വി ക്യാൻ കാൾ ഇറ്റ് എ ഡേ".

നടന്ന് ഞാൻ ബസ് സ്റ്റോപ്പിലേക്കും, അവൾ അപ്പാണിയിലേക്കുള്ള വഴിയിലേക്കും കടന്നു. തിരിയും മുമ്പ് അവൾ എന്തോ പറയാനുള്ളത് പോലെ നിന്നു.
"അല്ലെങ്കിൽ പിന്നെ പറയാം. ഇനി കാണുമ്പോൾ എന്തെങ്കിലും പറയാൻ വേണമല്ലോ" ചിരിച്ചെങ്കിലും അവളുടെ ചിരി അപൂർണ്ണമായിരുന്നുവെന്ന് എനിക്ക് തോന്നി.
അവധിയായത് കൊണ്ട് ബസ് സ്റ്റോപ്പിൽ ആരുമുണ്ടായിരുന്നില്ല. അടുത്ത ബസ്സിനെ കുറിച്ച് ഒരു പിടിയുമില്ല. അപ്പോഴാണ് ഒരു അംബാസഡർ കാർ വന്ന് നിൽക്കുന്നത്, "ടൗണിലേക്കുള്ള വഴിയേതാ?" ഗ്ളാസ് താഴ്ത്തി ഒരാൾ എത്തിനോക്കി.
വഴി പറഞ്ഞുകൊടുത്തപ്പോൾ പോകുന്നതിന് പകരം അയാൾ വണ്ടിയിൽ നിന്ന് പുറത്തിറങ്ങി.
"ടൗണിലേക്കാണെങ്കിൽ ഞങ്ങൾ ഇറക്കാം".
അന്നത്തെ എന്റെ ഒരു രീതി കൊണ്ട് ഞാനങ്ങ് കാറിൽ കയറി. ഇന്നായിരുന്നെങ്കിൽ സേഫ്റ്റി പേടിച്ച്, തിരിച്ചും മറിച്ചും ചിന്തിച്ച് 'ഇല്ല ചേട്ടാ, വരുന്നില്ല താങ്ക്സ്' എന്ന് പറഞ്ഞേനെ.
കാറിൽ അയാളെ കൂടാതെ ഡ്രൈവറും വേറെ ഒരാളും ഉണ്ടായിരുന്നു. രണ്ട് പേരും വെൽ ഡ്രെസ്സ്‌ഡ് ആണ്. സ്റ്റൈലിനും ഗ്ലാമറിനും കുറവില്ല. മുന്നിലിരുന്നത് സിറാജ്, എന്റെ കൂടെ പിന്നിലിരുന്നത് കിരൺ.

ആദ്യം പഴയ ആർട്ട് ഫിലിം പോലെയായിരുന്നു കാറിനകത്ത്. ചെറിയ സംസാരങ്ങളും, നീണ്ട ഇടവേളകളും. പിന്നെ പിന്നെ ഇടവേളകളില്ലാതായി. എൻട്രൻസ്, മെഡിക്കൽ ഫീൽഡ്, ആശുപത്രികൾ... വിഷയങ്ങൾ പലതായി. കേൾക്കാൻ ഇമ്പമുള്ള മലയാളത്തിലായിരുന്നു അവർ രണ്ട് പേരും സംസാരിച്ചത്.
"ഇവിടെ കരമനാട്ടുകര എന്നൊരു സ്ഥലമുണ്ട്" ഏതാണ്ട് ടൗൺ എത്താറായപ്പോൾ സിറാജ് എന്നെ തിരിഞ്ഞുനോക്കി.
"എനിക്കറിയാം"
"അവിടെ ഞങ്ങൾ ഒരു ഹോസ്പിറ്റൽ പണിയാൻ ഉദ്ദേശിക്കുന്നു. പ്ലാൻ ആയിവരുന്നതേയുള്ളൂ. അതിന് വേണ്ടി ഒരു ഓഫീസ് എടുത്തിട്ടുണ്ട്. ഒന്ന് കണ്ടിട്ട് പോകാം".
ഞാൻ സമ്മതിച്ചു.
എയർ കണ്ടീഷൻ ചെയ്ത, ചിത്രപ്പണികളും, ആഡംബരങ്ങളും ഉള്ള ഒരു മുറിയിലേക്കാണ് അവർ എന്നെ കൊണ്ടുപോയത്.
"പ്രസന്നൻ ഇരിക്ക്, ഞങ്ങളിതാ എത്തി", അവർ പോയി.
അവിടെ റിക്ലയ്നർ ചെയറിൽ ഞാനിരുന്നു. ഒരു സ്റ്റാഫ് മാങ്കോ ജ്യൂസും ബിസ്കറ്റും കൊണ്ട് വന്നു. അയാളും കോട്ടും, ടൈയും ഒക്കെയിട്ട് ഗമയിൽ തന്നെയായിരുന്നു.
എനിക്കുമുന്നിലെ മേശയിൽ ഒരു ടേപ്പ് റെക്കോർഡർ ഇരിക്കുന്നുണ്ടായിരുന്നു.
"മ്യൂസിക്ക് ഇഷ്ടമാണോ?"
ആണെന്ന് ഞാൻ തലയാട്ടി.

പ്ലേ ബട്ടൺ അമർത്തി ടേപ്പ് തിരിയാൻ തുടങ്ങിയതും അയാൾ ട്രേയുമെടുത്ത് പുറത്തേക്ക് നടന്നു.
ഒരു മിനിറ്റ് ശാസ്ത്രീയസംഗീതമായിരുന്നു. പെട്ടെന്ന് അത് നിന്നു.
"ഹലോ" ആ ശബ്ദം കേട്ട് ഞാൻ ഒന്ന് ഞെട്ടി, വനജയുടെ അതേ വോയ്‌സ്...
"ഒരു കഥ പറയട്ടെ. ശ്രദ്ധിച്ച് കേൾക്കണം" ടേപ്പിലെ ശബ്ദം തുടർന്നു.

ഇവിടെ നിന്ന് 300 കിലോമീറ്റർ അകലെ കൽത്തറ എന്നൊരു ചെറിയ ടൗൺ ഉണ്ട്. വർഷങ്ങൾക്ക് മുമ്പ് അവിടെ ഒരു മാത്യുവും ടെസ്സയും ജീവിച്ചിരുന്നു. മാത്യു അവിടത്തെ സ്ക്കൂളിൽ ഡ്രോയിങ് മാഷ്. അയാൾ ഫൈൻ ആർട്ട്സിൽ പഠിക്കുന്ന സമയത്ത് പ്രേമിച്ച് കല്യാണം കഴിച്ചതാണ് ടെസ്സയെ. ടെസ്സയുടെ വീട്ടുകാർ ബിസിനസ്സ്കാരായിരുന്നു, പണക്കാരും.

'പൈസയില്ലന്നേയുള്ളു, അഭിമാനികളാണ് ഞങ്ങൾ' എന്ന് നാഴികക്ക് നാൽപത് വട്ടമെന്ന കണക്കിൽ പറയുന്നവരായിരുന്നു മാത്യുവിന്റെ കുടുംബക്കാർ. തത്ഫലമായി മാത്യുവും ടെസ്സയും ഒറ്റപ്പെട്ടു. നാട് വിട്ട് കൽത്തറയിൽ വന്നു.

മൂത്ത കുട്ടി റേച്ചൽ ഉണ്ടായതിനുശേഷം ടെസ്സക്ക് സ്ഥലവും സൗകര്യവും കുറഞ്ഞ ജീവിതത്തോട് മടുപ്പ് തോന്നിത്തുടങ്ങി. അന്ന് ഡ്രോയിങ് മാഷ്ക്ക് അത്ര വലിയ ശമ്പളമൊന്നുമില്ല.

"സ്ക്കൂളിൽ നിന്ന് കിട്ടുന്ന കാശുകൊണ്ട് നമ്മൾ എവിടെയുമെത്തില്ല. നമ്മൾക്ക് എന്തെങ്കിലും ഒരു ബിസിനെസ്സ് തുടങ്ങാം. എനിക്ക് മാത്യുവിനെ സഹായിക്കാനും പറ്റും" ബിസിനസ്സിന്റെ ലോകം കണ്ട് വളർന്ന ടെസ്സക്ക് തനിക്ക് അതിൽ ടാലെന്റ്റ് ഉണ്ടെന്ന ആത്മവിശ്വാസം.

ആ സമയത്ത് ഒരു ഇട്ടൂപ്പ് കൽത്തറയിലുണ്ടായിരുന്നു. തേങ്ങ, അടയ്ക്ക, കുരുമുളക്, ചക്ക, മാങ്ങയൊക്കെ മൊത്തവിലക്കെടുത്ത് മറിച്ചു വിൽക്കുകയും, ചെറുകിട സ്ഥലക്കച്ചവടങ്ങൾക്ക് ഇടനിലക്കാരനാവുകയുമായിരുന്നു ഇട്ടൂപ്പിന്റെ പരിപാടി. ഇരുപത്തിയഞ്ചു വയസ്സേ ഉണ്ടായിരുന്നുള്ളുവെങ്കിലും ഇട്ടൂപ്പ് ഒരു petty bourgeoisie ആയിക്കഴിഞ്ഞിരുന്നു.

ഇട്ടൂപ്പും, മാത്യുവും ചങ്ങാത്തത്തിലായി. ടെസ്സയുടെ പ്രേരണയും, ഇട്ടൂപ്പ് നൽകിയ ആവേശവുമായി ബിസ്സിനസ്സിലേക്കിറങ്ങാൻ മാത്യു തയ്യാറായി. ഇട്ടൂപ്പ് പാർട്ണറുമായി.

ചെറിയ കാലയളവുകൊണ്ട് തന്നെ ബിസ്സിനെസ്സ് ഗംഭീരമായി, പ്രൊവിഷണൽ സ്റ്റോർ, ഹാർഡ്‌വെയർ ഷോപ്പ്, വാടകമുറികൾ, ലോഡ്‌ജ്‌, പെട്രോൾ പമ്പ്... അതിൽ ടെസ്സയുടെ ബുദ്ധിക്ക് വലിയ പങ്കുണ്ടായിരുന്നു.

മാത്യുവും, ടെസ്സയും, ബേബി റേച്ചലും പുതിയ വീട്ടിലേക്ക് മാറി, കാർ വാങ്ങി. ജീവിതം ആഗ്രഹിച്ച നിലവാരത്തിലേക്ക് ഉയർന്നു. ടെസ്സ വീണ്ടും പ്രെഗ്നന്റ് ആയി, മൈക്കിൾ വന്നു. മൈക്കിൾൻ്റെ ജനനശേഷം ടെസ്സക്ക് ചില ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായി. മാത്യു ഒറ്റക്കായി കാര്യങ്ങൾ നോക്കേണ്ടത്.
മാത്യു നേരേവാ നേരെ പോ മട്ടുകാരനായിരുന്നു. ഇട്ടൂപ്പിന് അത് നന്നായിട്ടറിയാം. മാത്യു ഇട്ടൂപ്പിനെ കണ്ണടച്ച് വിശ്വസിച്ചു . ടെസ്സ തിരിച്ചെത്തുമ്പോഴേക്കും കാര്യങ്ങൾ കൈവിട്ടുപോയിരുന്നു.
വലിയ ലോണുകളെല്ലാം മാത്യുവിന്റെ പേരിൽ മാത്രമായി. പല ഡോക്യൂമെൻറ്സും കൃത്യമായി നോക്കാതെ മാത്യു ഒപ്പിട്ട് കൊടുത്തിരിക്കുന്നു. പലതും പെരുപ്പിച്ച നഷ്ടകണക്കുകൾ. നേടിയതെല്ലാം കൈവിടുമെന്ന നിലയായി.
വീടും, കാറും വിൽക്കാൻ തീരുമാനിച്ച ദിവസം മൈക്കിളിനെ അവർ അയൽവക്കത്തുള്ളവരുടെ കൂടെ സിനിമക്ക് പറഞ്ഞയച്ചു.

ആൺകുട്ടിയായതുകൊണ്ട് എങ്ങനേലും രക്ഷപ്പെട്ടു കൊള്ളൂമെന്ന് കരുതിയിട്ടാവണം മാത്യുവും ടെസ്സയും മൈക്കിളിനെ ആത്മഹത്യയിൽ അവരോടൊപ്പം കൂട്ടാതിരുന്നത്.

ഇട്ടൂപ്പ് അങ്കിൾ എന്തോ ചതി ചെയ്തത് കാരണമാണ് പപ്പയും, മമ്മയും ചേച്ചിയും മരിച്ചതെന്ന് എട്ടു വയസ്സ്കാരൻ മൈക്കിളിന് മനസ്സിലായിരുന്നു. ഫ്യൂണറലിന് ഒന്നും അറിയാത്തവനെ പോലെ മുന്നിൽ നിന്ന ഇട്ടൂപ്പിനെ നോക്കുമ്പോൾ മൈക്കിളിന്റെ കുഞ്ഞു കണ്ണുകളിൽ കനലെരിയുന്നുണ്ടായിരുന്നു. ഇട്ടൂപ്പ് അത് കാണുകയും ചെയ്തു.

മാത്യു ജോലി കൊടുത്ത ഒരു സ്ത്രീ കുറച്ചുകാലം മൈക്കിളിനെ കൂടെ താമസിപ്പിച്ചു. പിന്നെ ഓർഫനേജിലാക്കി. മൂന്ന് മാസത്തിനുള്ളിൽ ആ ഓർഫനേജിലെ മൈക്കിൾ എന്ന് പേരുള്ള മറ്റൊരു കുട്ടി കാറിടിച്ച് മരിച്ചു. താൻ ചതിച്ച കുടുംബത്തിലെ ഒരു ജീവനെ വളരാൻ വിടുന്നത് അപകടമാണെന്ന് കണ്ട ഇട്ടൂപ്പ് കൊടുത്ത ക്വട്ടേഷനായിരുന്നു അത്. പക്ഷേ സംഘത്തിന് ആൾ മാറിപ്പോയി.

മൈക്കിൾ വളർന്നു.

ഇട്ടൂപ്പ് കൽത്തറ വിട്ട് അടുത്ത താവളം തേടി. പുതിയ മേൽവിലാസം ചെയ്ത പാപങ്ങൾക്ക് പരിഹാരമാണെന്ന് അയാൾ വിശ്വസിച്ചു.

പത്താം ക്‌ളാസ് കഴിഞ്ഞപ്പോൾ തന്റെ ലക്ഷ്യങ്ങൾക്ക് ഡിഗ്രിയും, ഡിപ്ലോമയും ഒന്നും ഉപകരിക്കില്ലെന്ന് മൈക്കിളിന് തോന്നി. പിന്നെ യാത്രയായിരുന്നു. പ്രയോഗികജ്ഞാനം നേടാൻ. സമയമായെന്ന് തോന്നിയപ്പോൾ ഇട്ടൂപ്പിനെ തേടിയിറങ്ങി. മൈക്കിളിന് കാത്തിരിക്കാനുള്ള ക്ഷമയുണ്ടായിരുന്നു. ഒരു വികാരവും പ്രകടിപ്പിക്കാതിരിക്കാനുള്ള പക്വത കൈവന്നിരുന്നു.

ഒരിക്കൽ മൈക്കിൾ തൻ്റെ ഡയറിയിൽ എഴുതി, "ഉറക്കമില്ലാത്ത രാത്രികളിൽ വായിക്കാൻ നിർബന്ധിതനായ ഗ്രന്ഥങ്ങൾ നിറയെ വയലൻസ് ആയിരുന്നു.
'To atone for an eternal sin, the sinner should be killed in a way that allows his blood to be shed upon the ground'

കൈയിൽ രക്തം പുരളാതിരിക്കാൻ എന്ത് ചെയ്യണം? ഉത്തരം rat ആവുക എന്നതായിരുന്നു. റാറ്റ്, ദ ഗ്ലോറിഫൈഡ് ഇൻഫോർമർ.
'To annihilate your enemy, they should be trapped in the cage of their own enemies'.
ബിനാമിയാകുമ്പോൾ ശത്രുവിന്റെയും, ഒപ്പം ശത്രുവിന്റെ ശത്രുവിന്റെയും ബിനാമിയാകണം. ബിനാമി ശക്തനാകുമ്പോൾ ആരും ഒന്നും തിരികെ ചോദിക്കില്ല".

ഇട്ടൂപ്പ് എവിടെ, എങ്ങിനെ ഉണ്ടെന്ന് മൈക്കിൾ കണ്ടുപിടിച്ചു. കണ്ടുമുട്ടിയപ്പോൾ ഇട്ടൂപ്പ് മൈക്കിളിനെ തിരിച്ചറിഞ്ഞില്ല, കാരണം ഇട്ടൂപ്പിൻ്റെ അറിവിൽ മൈക്കിൾ മരിച്ചിരുന്നു.

മാത്രമല്ല ഓർഫനേജിൽ നിന്ന് ഓർഫനേജിലേക്കുള്ള മാറ്റങ്ങൾക്കിലെപ്പോഴോ ഔദ്യോഗികരേഖകളിൽ മൈക്കിൾ..."
ടേപ്പ് നിന്നു.
മുറിയുടെ വാതിൽ തുറന്നു.
രാമകൃഷ്ണൻ കടന്നു വന്നു.
"ഹലോ മിസ്റ്റർ മൈക്കിൾ" അമ്പരപ്പിന്റെ ഭാവങ്ങളെ ഞാൻ പരമാവധി അടക്കിപ്പിടിച്ചു.
"നോ, ഐ ആം രാമകൃഷ്ണൻ" ടേപ്പിലെ റിബ്ബൺ വലിച്ചെടുത്ത് രാമകൃഷ്ണൻ പോക്കറ്റിലിട്ടു.
"വാസ് ഇറ്റ് വനജ?"
"വിശ്വസിക്കാവുന്നവരുടെ അടുത്തല്ലേ രഹസ്യങ്ങൾ ഏൽപ്പിക്കാൻ പറ്റൂ"
"നേരിട്ട് പറഞ്ഞാൽ മതിയായിരുന്നല്ലോ, എന്തിനീ ഡ്രാമ?"
"നീ പിടിതരാതെ നടക്കുകയായിരുന്നല്ലോ, തട്ടികൊണ്ട് വരാനായിരുന്നു പരിപാടി".
"അതാണല്ലോ ചെയ്തത്?"
"നോട്ട് റിയലി".

"ഇനിയെന്താണ്, വാട്ട് ഈസ് യുവർ നെക്സ്റ്റ് മൂവ്?"
"നിന്നെ ഇവിടെ കൊണ്ടുവന്നവരില്ലേ, അവർ എഡ്മണ്ട് കോളാബറേറ്റീവിന്റെ ആൾക്കാരാണ്. ഞാൻ എന്റെ ബിസിനസ് അവരുടെ ഗ്രൂപ്പിന് വിൽക്കുന്നു".
"എന്നിട്ട്?"
"യാത്ര തുടരുന്നു, ലക്ഷ്യങ്ങളില്ലാത്തതുകൊണ്ട് ഞാൻ സ്വതന്ത്രനാണ്".
"വിട പറയുകയാണ് അപ്പോ?'
'യെസ്"
ഞാൻ എണീറ്റു.
"ഒരു കാര്യം കൂടെ പറയാം" രാമകൃഷ്ണൻ എന്റെ തോളിൽ കൈ വെച്ചു, "നിന്നെ എനിക്ക് ഇഷ്ടമായിരുന്നു, എന്നും"
"എനിക്കറിയാം"

റോഡിലേക്ക് ഇറങ്ങുമ്പോൾ ഞാൻ തിരിഞ്ഞു നോക്കി. മുകളിൽ നിന്ന് രാമകൃഷ്ണൻ നോക്കുന്നുണ്ടായിരുന്നു.
വർഷങ്ങൾക്ക് ശേഷം ഞാൻ രാമകൃഷ്ണനെ ഓർത്തു.
എനിക്കു മുന്നിൽ ടിവി സ്‌ക്രീനിൽ നെറ്റ്ഫ്ലിക്സ് ചോദിക്കുന്നു, "Would you like to see “THE OUTFIT’ again?"

Comments