ചിത്രീകരണം: ദേവപ്രകാശ്

രണ്ടാം വരവ്

ന്ന് ഞാന്‍ വേട്ട തുടങ്ങുന്ന ദിവസമാണ്.

ചുമരില്‍ കാലങ്ങളായി തൂക്കിയിട്ടിരിക്കുന്ന ഇരട്ടക്കുഴല്‍ തോക്ക് പുറത്തെടുത്ത് എണ്ണ കൊടുക്കുമ്പോള്‍ പിന്നിട്ട പത്തുവര്‍ഷങ്ങള്‍ ഓര്‍ക്കാതിരിക്കണമെന്ന് ഞാനാഗ്രഹിക്കുന്നു. പക്ഷേ, ഓര്‍മ്മകള്‍ തടഞ്ഞുനിര്‍ത്താന്‍ കഴിയാത്ത ഒരു ജലപ്രവാഹം പോലെ എന്നിലേക്ക് പലപ്പോഴും ചിതറിവീഴുന്നു.

എന്റെ അസ്വസ്ഥത കാണുമ്പോഴൊക്കെ 'എന്തിനാ വെറുതെയിരുന്ന് ഓരോന്ന് ഓര്‍ക്കണേ' എന്ന് കുമുദം ചോദിക്കും. സത്യത്തില്‍ ഞാനനുഭവിക്കുന്ന വേദനകളെക്കുറിച്ചും ഒരു കിടക്കപ്പായില്‍ മലര്‍ന്നുകിടന്ന്​ കണ്ടുപോകുന്ന ദുഃസ്വപ്നങ്ങളെക്കുറിച്ചും ഞാനവളോട് പറയാറില്ല. പാവം. ഞാനും അവളുമടങ്ങുന്ന ഞങ്ങളുടെ കൊച്ചുവീട് പുലര്‍ത്താന്‍ തന്നെ അവളെത്രമാത്രം കഷ്ടപ്പെടുന്നു.

പത്തുവര്‍ഷങ്ങള്‍ കൊണ്ട് എനിക്ക് വയസ്സായി എന്നാണ് കുമുദം പറയുക. സത്യത്തില്‍ എനിക്ക് സംഭവിച്ചത് വയസ്സാകലല്ല. ഒരുതരം അകാല മരണം. ജീവിച്ചിരിക്കേത്തന്നെ ഒരാളുടെ ഒന്നുമില്ലാതായിത്തീരല്‍.

അന്ന് മാനിറച്ചി കൊതിച്ച് കാട്ടിലേക്ക് പോയതായിരുന്നു. മണിക്കൂറുകളോളം മാന്‍കൂട്ടത്തെക്കാത്ത് മരത്തിന്റെ മുകളിലിരുന്നത് ഓര്‍മ്മയുണ്ട്. എപ്പോഴോ അകലെ മാന്‍കൂട്ടത്തെ കണ്ടതും ഐന്റ കാഴ്ചകള്‍ അവ്യകതമായി. വവ്വാലുകളുടെ ചിറകടിപോലെ ഒന്ന് തലച്ചോറില്‍ പെരുകി. ചില്ലകളിളകുന്ന ശബ്ദം ഞാന്‍ വ്യകതമായി കേട്ടു. കണ്ണുകള്‍ തുറക്കുമ്പോള്‍ ഞാന്‍ വീട്ടുമുറ്റത്താണ്. മേഘക്കീറുകളിലെ ചുവപ്പ് നേരം സന്ധ്യയാണെന്നറിയിച്ചു. ചുറ്റും ആളുകളുടെ ശബ്ദം; ''ഗൗഡരേ... ഗൗഡരേ''

പലരുടേയും ശബ്ദങ്ങള്‍ അവ്യക്തമായി.
കണ്ട മുഖങ്ങളില്‍ നിന്ന് നിറഞ്ഞ കണ്ണുമായി നില്‍ക്കുന്ന കുമുദത്തെ ഞാന്‍ വേഗം തിരിച്ചറിഞ്ഞു. മരച്ചുവട്ടില്‍ കമഴ്ന്നുകിടക്കുകയായിരുന്നുവെത്ര ഞാന്‍. ചുള്ളി പെറുക്കാന്‍ വന്ന കറുപ്പയ്യയുടെ ഭാര്യ വനജയാണ് എന്നെ ആദ്യം തിരിച്ചറിഞ്ഞത്. വനജ ആളുകളെ വിവരമറിയിക്കാനായി ഓടി. എന്താണ് സംഭവിച്ചത് എന്ന ചോദ്യത്തിന് എനിക്ക് ഉത്തരമില്ലായിരുന്നു. ശരീരത്തിന്റെ ഒരു ഭാഗം അനക്കമറ്റുവെന്നും കാര്യമായ ഒരു തകരാറ് എന്റെ ശരീരത്തിന് സംഭവിച്ചുവെന്നും എനിക്ക് മനസ്സിലായി. നാട്ടുകാര്‍ ഓടിക്കൂടി എങ്ങനെയോ ഗ്രാമത്തിനപ്പുറത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ ജോലിയെടുക്കുന്ന ഒരു ഡോക്ടറെ സ്ഥലത്തെത്തിച്ചു. എല്ലാവരും കൂടി എന്നെയൊരു ബഞ്ചിലേക്ക് കയറ്റിക്കിടത്തിയിരുന്നു. ഡോക്ടര്‍ എന്റെ ശരീരത്തിന്റെ ഓരോ ഭാഗവും സാവകാശം പരിശോധിച്ചു. വലതുഭാഗത്തെ തോളെല്ലുകളിലമര്‍ത്തി വേദനയുണ്ടോ എന്ന് ചോദിച്ചു. ഇല്ലെന്ന് ഞാന്‍ തലയാട്ടി. ദീര്‍ഘനേരത്തെ മൗനത്തിന് ശേഷം ഡോക്ടര്‍ മുഖത്ത് നിരാശ പരത്തിക്കൊണ്ട് പറഞ്ഞു: ''ഇടതുഭാഗം തളര്‍ന്നു പോയിരിക്കുന്നു'' ഞാന്‍ കണ്ണുകള്‍ ഇറുക്കിയടച്ചു.

കുമുദത്തിന്റെ നിലവിളി കാതുകളിലേക്ക് തുളച്ച് കയറി. എനിക്ക് തല കറങ്ങുന്നപോലെ തോന്നി. ഒരു നിമിഷം മരിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു. ഐന്റ ദുരിതങ്ങള്‍ അവിടെവച്ചാണ് ആരംഭിച്ചത്. ദിവസങ്ങള്‍ തള്ളിനീക്കാന്‍ ഞാന്‍ പ്രയാസപ്പെട്ടു. എന്റെ കുഞ്ഞുവീട്ടിലെ കയറ്റുകട്ടിലില്‍ ഞാന്‍ അഭയം തേടിയിരുന്നു. ഒരുപാട് പേര്‍ എന്നെ കാണാന്‍ വന്നു. അവര്‍ക്കൊക്കെ വലിയ ദുഃഖമായിരുന്നു. തങ്ങളുടെ ജീവന് ഭീഷണിയുയര്‍ത്തിയ പുലികളെ കൊന്നുതള്ളിയ വേട്ടക്കാരന്റെ ദുഃസ്ഥിതികളില്‍ അവര്‍ ആത്മാര്‍ത്ഥമായും ഖേദിച്ചു. പലരും എന്നെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു. അപ്പോഴൊക്കെ കഠിനമായ രോഷവും വേദനയും എന്നെ ഗ്രസിച്ചു. ആ നിമിഷങ്ങളില്‍ സ്വയം വെടിവെച്ച് മരിക്കാന്‍ ഞാനാഗ്രഹിച്ചു.

കുമുദം തേയില ഫാക്ടറിയിലേക്ക് പണിക്ക് പോകുമ്പോള്‍ കഠിനമായ ഏകാന്തതയിലേക്ക് ഞാന്‍ വഴുതിവീണു. എപ്പോഴും കഠിനമായൊരു ശ്വാസംമുട്ടല്‍ ഞാനനുഭവിച്ചു. കുമുദം എന്റെ ഇരട്ടക്കുഴല്‍ തോക്ക് ചുമരില്‍ രണ്ടാണികള്‍ അടിച്ച് ഉറപ്പിച്ച് തൂക്കിയിട്ടിരുന്നു. കഴിഞ്ഞുപോയ എന്റെ ജീവിതത്തെക്കുറിച്ച് അതെന്നെ നിരന്തരമായി ഓര്‍മ്മിപ്പിച്ചു. പലപ്പോഴും ഹൃദയത്തിലേക്ക് രണ്ട് വെടിയുണ്ടകള്‍ ഒരേസമയം തറച്ചുകയറുന്നത് പോലെ എനിക്ക് തോന്നിയിരുന്നു. യഥാര്‍ത്ഥത്തില്‍ എന്നെക്കാള്‍ കൂടുതല്‍ വിഷമിച്ചതും സങ്കടപ്പെട്ടതും ഭാര്യ കുമുദം തന്നെയായിരുന്നു. പതിയിരുന്ന് മനുഷ്യനെ ആക്രമിച്ച് കൊന്നുവീഴ്ത്തുന്ന നരഭോജികളായ നിരവധി പുലികളെ വെടിയുണ്ടക്കിരയാക്കിയ പുട്ടപ്പ ഗൗഡന്റെ ഭാര്യ എന്ന ബഹുമാനം നാട്ടുകാര്‍ അവള്‍ക്കെപ്പോഴും നല്‍കിയിരുന്നു. പെണ്ണുങ്ങളുടെ സദസ്സിലൊക്കെ അവളുടെ വാക്കുകള്‍ക്ക് വലിയ വില ലഭിച്ചിരുന്നു. 'കുമുദമക്ക വന്നല്ലോ ഇനി നമുക്ക് കാര്യങ്ങള്‍ തീരുമാനിക്കാം' എന്നാണ് പെണ്ണുങ്ങള്‍ പറയുക.

ഒറ്റദിവസം കൊണ്ട് ഞാന്‍ വീണുപോയപ്പോള്‍ പെണ്ണുങ്ങള്‍ ഒന്നടങ്കം അവളോട് സഹതപിച്ചു. ''കുമുദമക്ക, എന്തൊരു ചെറുപ്പമാണ് നിങ്ങള്‍. ദൈവം നിങ്ങള്‍ക്ക് ഈ ഗതി വരുത്തിയല്ലോ എന്നൊക്കെയായിരുന്നു പെണ്ണുങ്ങളുടെ വര്‍ത്തമാനം''.

തേയില ഫാക്ടറിയില്‍ നിന്ന് വന്നാലുടന്‍ കുമുദം എനിക്ക് ചായയുണ്ടാക്കിത്തരും. അപ്പോഴാണ് പെണ്ണുങ്ങളുടെ വര്‍ത്തമാനങ്ങള്‍ അവള്‍ എന്നോടുപറയുക. അവള്‍ സങ്കടപ്പെട്ട് കണ്ണുനിറയ്ക്കുമ്പോള്‍ ഞാന്‍ കണ്ണുകളടച്ച് തിരിഞ്ഞ് കിടക്കാന്‍ ശ്രമിക്കും.

കുമുദം എല്ലാദിവസവും എന്റെ തോക്ക് തുടച്ച് വൃത്തിയാക്കിയിരുന്നു. വേട്ടയ്ക്ക് പോകുമ്പോള്‍ ഞാന്‍ പതിവായി ഉപയോഗിച്ചിരുന്ന കാക്കിപാന്റ്‌സുകള്‍ അവള്‍ അലക്കിത്തേച്ച് വൃത്തിയാക്കി മടക്കി ഞങ്ങളുടെ തകരപ്പെട്ടിയില്‍ സൂക്ഷിച്ചു. ഐന്റ ബൂട്ടുകള്‍ പോളീഷ് ചെയ്ത് ഞങ്ങളുടെ കുഞ്ഞുമുറിയുടെ ഒരുമൂലയില്‍ വച്ചു.

ജോലിയ്ക്ക് പോകുമ്പോഴൊക്കെ അവള്‍ എന്നരികില്‍ വന്ന് നിശ്ശബ്ദമായി ഒരുനിമിഷം എന്നെത്തന്നെ നോക്കിക്കൊണ്ട് നില്‍ക്കും.

''നിങ്ങള്‍ക്ക് വേഗം ഭേദമാകും. വിഷമിക്കരുത് കേട്ടോ'', എന്റെ നെറ്റിയില്‍ തലോടിക്കൊണ്ട് അവള്‍ പറയും.
അപ്പോള്‍ അവളുടെ ശബ്ദം ഇടറുകയും ഹൃദയത്തില്‍ അടുക്കിവച്ചിരുന്ന സങ്കടങ്ങള്‍ കണ്ണീരായി പ്രവഹിക്കുകയും ചെയ്യും.

ഒരു ദിവസം അവള്‍ ഫാക്ടറിയിലേക്ക് പോകാന്‍ ഒരുങ്ങുമ്പോഴായിരുന്നു എന്റെ തോക്കെടുത്ത് കയ്യില്‍ത്തരാന്‍ ഞാന്‍ ആവശ്യപ്പെട്ടത്. എന്റെ ആവശ്യം ആദ്യഘട്ടത്തില്‍ അവളെ ഞെട്ടിച്ചു. ഈ മനുഷ്യന്‍ വല്ല സ്വപ്നവും കണ്ടോ എന്നൊരുഭാവം അവളുടെ മുഖത്താകെ നിറഞ്ഞു. പക്ഷെ വളരെകുറഞ്ഞ സമയം കൊണ്ടുതന്നെ അവളുടെ മുഖത്തെ അമ്പരപ്പ് മാറി. പകരം ഒരു കാട്ടുപൂ വിരിയുന്നപോലെ അവളുടെ മുഖം വിടര്‍ന്നു. കണ്ണുകള്‍ തിളങ്ങി. അവളുടെ ചുണ്ടുകള്‍ക്കിടയില്‍ ഒരു ചെറുപുഞ്ചിരി ദൃശ്യമായി. അവളെന്നെ കഷ്ടപ്പെട്ട് ചുമരില്‍ ചാരിയിരുത്തി. പിന്നെ ചുമരില്‍ നിന്ന് തോക്കെടുത്തുവന്നു. ഞാന്‍ ബുദ്ധിമുട്ടി എന്റെ ഇടതുകൈ നീട്ടി. അവള്‍ തോക്ക് എന്റെ കയ്യിലേക്ക് വച്ചു. എനിക്ക് കൈകളില്‍ വലിയഭാരം അനുഭവപ്പെട്ടു. ഇടതുകൈ തരിക്കുന്നു. ഞാന്‍ തോക്കുയര്‍ത്താന്‍ ശ്രമിച്ചു. പകുതിയുയര്‍ന്ന തോക്ക് വലിയ ശബ്ദത്തോടെ നിലത്തേക്ക് വീണു. ഞാന്‍ നിശബ്ദനായി. അവള്‍ ശാന്തയാകാന്‍ ശ്രമിച്ച് ഭാവഭേദമൊന്നുമില്ലാതെ നിന്നു. പിന്നെ തോക്കെടുത്ത് കൊണ്ടുപോയി ചുമരിലെ ആണിയില്‍ തൂക്കിയിട്ടു. തിരിച്ച് വന്ന് എന്റെ മുഖം കൈകളിലൊതുക്കിക്കൊണ്ട് പറഞ്ഞു: ''പഴയതുപോലെ നിങ്ങള്‍ വീണ്ടും വേട്ടക്കു പോകും. എനിക്കുറപ്പാണ്''
അവള്‍ ചിരിക്കാന്‍ ശ്രമിച്ചു.

അവളെന്നെ കട്ടിലില്‍ കിടത്തി. ഒരു വലിയ കരിമ്പടം കൊണ്ട് പുതപ്പിച്ചു. പിന്നെ എന്തോ മറന്നപോലെ അടുക്കളയിലേക്ക് വേഗം നടന്നു. അല്‍പ്പം കഴിഞ്ഞപ്പോള്‍ അവളുടെ അടക്കിപ്പിടിച്ച ഉയര്‍ന്ന നിശ്വാസങ്ങള്‍ ഞാന്‍ കേട്ടു. അവള്‍ തേങ്ങുകയാണെന്ന് എനിക്ക് മനസ്സിലാക്കി. എന്റെ കുരല്‍നാളിയില്‍ ഒരു കരച്ചില്‍ കിടന്ന് പിടച്ചു. വാ തുറക്കാതെ അമര്‍ത്തിപ്പിടിച്ച് ഞാനാ കരച്ചിലിനെ ശ്വാസംമുട്ടിച്ച് കൊന്നു. പക്ഷേ, എന്റെ കണ്ണുകള്‍ ഞാനറിയാതെ നിറഞ്ഞ് തുളുമ്പിയിരുന്നു. അത് കുമുദം കാണാതിരിക്കാനായി ഞാന്‍ ശിരസ്സ് തലയിണയില്‍ അമര്‍ത്തി.

ദിവസങ്ങള്‍ പോയിക്കൊണ്ടിരുന്നു.
വീടിനുമുകളില്‍ മഴ അലറിക്കൊണ്ട് നൃത്തം ചെയ്യുമ്പോള്‍ ഞാന്‍ കട്ടിലില്‍ ശാന്തനായി കിടന്നു. ഉച്ചനേരത്തെ ചൂടില്‍ വിയര്‍ത്ത് കുളിച്ചുകൊണ്ട് മയങ്ങി. കൊടുംതണുപ്പുള്ള രാത്രികളില്‍ കരിമ്പടത്തിനുള്ളില്‍ പുതഞ്ഞ് പുതിയൊരു വേട്ടയുടെ സ്വപ്നത്തിലേക്ക് ഞാന്‍ നിരന്തരം വീണു.

അതിനിടയില്‍ എന്നെ ചികിത്സിക്കാന്‍ കുടകിനടുത്ത് നിന്ന് ചിത്തപ്പ എന്നൊരു വൈദ്യര്‍ വന്നുകൊണ്ടിരുന്നു. കുമുദത്തിന്റെ ഏര്‍പ്പാടാണ്. ഒരു പഴയ മോട്ടോര്‍ സൈക്കിളില്‍ നാല്‍പ്പത്തിയഞ്ചു മൈലോളം യാത്ര ചെയ്താണ് അദ്ദേഹത്തിന്റെ വരവ്. ആഴ്ചയില്‍ രണ്ടുദിവസം അദ്ദേഹം വീട്ടിലേക്ക് വന്നുകൊണ്ടിരുന്നു. അദ്ദേഹം എന്റെ ശരീരം ഏതോ ഒരു ആയുര്‍വേദതൈലം പുരട്ടി ശക്തിയായി ഉഴിഞ്ഞു. സ്വാധീനമില്ലാത്ത വലംകാല്‍ ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്തു. കൈകള്‍ കുമുദത്തിനോട് പറഞ്ഞ് ഒരു പ്രത്യേക താളത്തില്‍ ചലിപ്പിച്ചു. എനിക്ക് കഴിക്കാനുള്ള കഷായങ്ങള്‍ അദ്ദേഹം കുപ്പികളിലാക്കി കൊണ്ടു വന്നിരുന്നു.

പക്ഷാഘാതം ജീവിതാവസാനം വരെ നീണ്ടുനില്‍ക്കുന്ന ഒരു രോഗാവസ്ഥയല്ലെന്നും ചികിത്സയുടെ ഒരു ഘട്ടത്തില്‍ അത് തനിയെ ഇല്ലാതാക്കുമെന്നും അദ്ദേഹം എന്നെ നിരന്തരമായി ഓര്‍മ്മിപ്പിച്ചു. എന്റെ നൈരാശ്യം തൂത്തുകളയാനുള്ള ശ്രമമായിരുന്നു അദ്ദേഹത്തിന്റേത്​. സത്യത്തില്‍ എനിക്കദ്ദേഹത്തിനോട് സഹതാപമായിരുന്നു. ഒരിക്കല്‍ അദ്ദേഹം യാത്രപറഞ്ഞപ്പോള്‍ ഞാന്‍ തലയിണക്കടിയില്‍ നിന്ന് അമ്പതുരൂപ എടുത്തുനീട്ടി.

''ചങ്ങാതി, പ്രതിഫലം തരണത് ഭഗവാന്‍ ശിവേശ്വരനാണ്. എനിക്കത് അദ്ദേഹം നന്നായി തരുന്നുമുണ്ട്’’, വൈദ്യര്‍ ഒരു പുഞ്ചിരിയോടെ പറഞ്ഞു.
ഞാനപ്പോള്‍ നാണിച്ചു പോയി. ഒരു വലിയ ആളിന്റെ മഹത്വം കാണാതെ പോയതില്‍ ഞാന്‍ ശരിക്കും ലജ്ജിച്ചു.

ജീവിതത്തിന്റെ ഈ വരള്‍ച്ചയില്‍ അപ്രതീക്ഷിതമായി പെയ്തുവീണ ഒരു വേനല്‍മഴ പോലെയാണ് 'മുന്നു' എന്റേ ജീവിതത്തിലേക്ക് കടന്നുവന്നത്. നാലുവയസ്സായ ഒരു കുട്ടി. കുമുദത്തിന്റെ ഉറ്റച്ചങ്ങാതിയായ സുഗന്ധിയുടെ ഏകമകന്‍. അവര്‍ക്കും ഭര്‍ത്താവിനും ജോലിക്ക് പോകണം. കുട്ടിക്കാണെങ്കില്‍ സ്കൂളില്‍ ചേര്‍ക്കാന്‍പ്രായമായിട്ടുമില്ല. അതുകൊണ്ട് അവനെ എനിക്കരികില്‍ വിടാന്‍ തീരുമാനമായി.

എന്നെ സംബന്ധിച്ചിടത്തോളം പുതിയൊരു ലോകമായിരുന്നു അത്. ഒരു കുട്ടിയുടെ ലോകം എനിക്ക് തീര്‍ത്തും അപരിചിതമായിരുന്നു. ഞങ്ങള്‍ നല്ല ചങ്ങാതിമാരായി. എന്നിലെ വേട്ടക്കാരന് ഇങ്ങനെയും ഒരു മുഖമുണ്ടെന്ന് എനിക്ക് തന്നെ മനസ്സിലാക്കി തന്ന ദിവസങ്ങളായിരുന്നു അവ.

അവനെപ്പോഴും കഥകള്‍ കേള്‍ക്കണമായിരുന്നു. ജീവിതത്തിലിതുവരെ കഥകള്‍ പറയാത്ത ഞാന്‍ ഹരികഥ പറയുന്ന ഒരാളെപ്പോലെ കഥകള്‍ പറയാന്‍തുടങ്ങി. കഥകള്‍ പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ ഇത്രമാത്രം കഥകള്‍ എനിക്കറിയാമായിരുന്നോ എന്ന് ഞാന്‍ അുതപ്പെട്ടു. എന്റേ കഥകളില്‍ എപ്പോഴും മൃഗങ്ങളായിരുന്നു കഥാപാത്രങ്ങള്‍. വിശന്ന് പട്ടിണികിടന്ന് മരിക്കുന്ന സിംഹത്തിന്റെ സ്നേഹത്തിന്റെ കഥ. നരഭോജികളായ പുലികളുടെ കഥകള്‍. ആ കഥകള്‍ പറയുമ്പോള്‍ ഞാന്‍ ആവേശം കൊണ്ട് വിറച്ചു. പിന്നെ കാടിനപ്പുറത്തേക്ക് വേരുകള്‍ നീട്ടി പുഴവെള്ളം തേടിപ്പോയ ഒരു കൂറ്റന്‍ ആല്‍മരത്തിന്റെ കഥ.

എന്റേ കഥകള്‍ മുന്നുവിനെ ത്രസിപ്പിച്ചു. ചിലത് അവനെ ഭയപ്പെടുത്തി. ചില കഥകള്‍ കേട്ട് അവന്‍ കണ്ണീരൊഴുക്കി. അവന്റെ സംശയങ്ങള്‍ പലപ്പോഴും അവസാനിക്കാത്തതായിരുന്നു. ഞാന്‍ ക്ഷമയോടെ അവെന്റ സംശയങ്ങള്‍ തീര്‍ത്തു. എന്റെ ഉത്തരങ്ങള്‍ എപ്പോഴും ഭാവനാസമ്പന്നമായിരുന്നു എന്നുറപ്പ്.

നാലുവയസ്സുള്ള മുന്നു എന്റെ ദൗര്‍ബല്യങ്ങള്‍ തിരിച്ചറിഞ്ഞിരുന്നു. അടുക്കളയില്‍ നിന്ന് അവന്‍ എനിക്കാവശ്യമുള്ളപ്പോഴൊക്കെ വെള്ളം കൊണ്ടുവന്നു. ഐന്റ കിടക്കയില്‍ കിടന്ന് അവന്‍ എനിക്ക് വേണ്ടി പാട്ടുപാടിത്തന്നു. അവന്റെ പാട്ടുകള്‍ എന്നെ എന്റെ കുട്ടിക്കാലത്തെ ഓര്‍മ്മിപ്പിച്ചു. കഴിഞ്ഞുപോയ കാലം ഓര്‍മ്മകളായി വന്ന് എന്നെ വലംവച്ചു. ഞാന്‍ എന്റെ അച്ഛനേയും അമ്മയേയും ഓര്‍ത്തു.

വീടിനുപുറത്തെ അടുക്കളയില്‍ എനിക്കുവേണ്ടി റാഗി കുഴച്ച് ചക്കര ചേര്‍ത്ത അടയുണ്ടാക്കുന്ന അമ്മയെ ഞാന്‍ വല്ലാതെയോര്‍മ്മിച്ചു. ചുട്ടെടുത്ത അടയുടെ മണം എന്റെ കുഞ്ഞുമുറിയില്‍ തങ്ങിനില്‍ക്കുന്നുണ്ടോ എന്ന് ഞാന്‍ സംശയിച്ചു. പക്ഷേ, അനുഭവങ്ങളുടെയും അനുഭൂതികളുടേയും ആ കൊച്ചുലോകത്തിന്റെ ആയുസ്സ് ഹ്രസ്വമായിരുന്നു. കാട്ടുപോത്തിന്‍ പറ്റങ്ങളെപ്പോലെ ദുരന്തങ്ങള്‍ എന്റെ ജീവിതത്തിലേക്ക് ഒന്നൊന്നായി കടന്നുവരുന്നത് ഞാന്‍ കണ്ടു. തീവ്രമായ ഈ വേദനകള്‍ക്ക് ഞാനും കുമുദവും എന്ത് തെറ്റ് ചെയ്തുവെന്ന് ഞാന്‍ ഈശ്വരനോടെന്നവണ്ണം സ്വയം ചോദിച്ചു.

അതും ഒരു വ്യാഴാഴ്ചയായിരുന്നു. മുന്‍പ് ഒരു വ്യാഴാഴ്ചയായിരുന്നു പക്ഷാഘാതം എന്നെ തള്ളി താഴെയിട്ടത്. അന്ന് മുന്നു വന്നില്ല. ഞാനൊന്ന് അന്വേഷിച്ചിട്ട് വരാമെന്ന് എന്നോട് പതുക്കെ പറഞ്ഞുകൊണ്ട് കുമുദം ഓടിപ്പോയി. അവളുടെ മുഖത്ത് വല്ലാത്തൊരു പരിഭ്രാന്തി നിറഞ്ഞിട്ടുണ്ടെന്ന് എനിക്ക് തോന്നി.

എന്തോ ഞാന്‍ അസ്വസ്ഥനായി. എന്റെ ഇടതുകണ്ണ് ഏതോ ആപത്തിനെയറിയിച്ചുകൊണ്ട് വല്ലാതെ തുടിച്ചു. പുറത്ത് വെയിലിന്റെ തിളക്കം. ദിക്കുകള്‍ പൊന്തക്കാടുകള്‍ കൊണ്ട് മറയുന്നിടത്ത് ഒരു വലിയ നിലവിളി വശങ്ങളിലേക്ക് തെന്നിവീഴുന്നുണ്ടോ എന്ന് ഞാന്‍ സംശയിച്ചു.

ഉച്ചയായപ്പോഴേക്കും അയല്‍വക്കത്തെ ചിക്കലക്ഷ്മണന്‍ വാര്‍ത്തയുമായി വന്നു. മുന്നുവിനെ പുലി പിടിച്ചു. തലേദിവസത്തെ നിലാവില്‍ കുട്ടികള്‍ പന്തുതട്ടുകയായിരുന്നു. അപ്പോഴായിരുന്നു കാട്ടുപൊന്തയുടെ മറവില്‍ നിന്നും പിടഞ്ഞെത്തിയ പൊടിക്കാറ്റുപോലെ ഒരു കുതിപ്പ്. ഭൂമിയെ നടുക്കിയ ഒരലര്‍ച്ച. കുട്ടികള്‍ അലറിക്കരഞ്ഞു. ഭയത്തിന്റെ ഭൂമികുലുക്കത്തിനിടയില്‍ ആറടിനീളമുള്ള ഒരു കാട്ടുമൃഗത്തിന്റെ ശരീരത്തിലെ വരകള്‍ കുട്ടികള്‍ കണ്ടു.

ആളുകള്‍ ഓടിയെത്തുമ്പോള്‍ മുന്നുവില്ല. പൊന്തക്കാടിനപ്പുറത്ത് മുന്നുവിന്റെ മുറിഞ്ഞുവീണ വലംകൈപ്പത്തി. അകലങ്ങളിലേക്ക് നീണ്ടുപോകുന്ന ചോരപ്പാടുകള്‍.

കുമുദം കഥ പറഞ്ഞുകൊണ്ടിരുന്നു. കിടക്കയില്‍ കിടന്നുകൊണ്ട് ഞാന്‍ കഥകേട്ടു. സുഗന്ധിയുടേയും വേലാണ്ടിയുടേയും നിലയ്ക്കാത്ത കരച്ചില്‍. മുന്നുവിന് എന്നെ വലിയ ഇഷ്ടമായിരുന്നുവെത്ര. ഞാന്‍ പറഞ്ഞുകൊടുത്ത കഥകളൊക്കെ അവന്‍ സുഗന്ധിയേയും വേലാണ്ടിയേയും കേള്‍പ്പിക്കും. എല്ലാം നല്ല കഥകളായിരുന്നുവെത്ര.

ഞാന്‍ കിടക്കയില്‍ കണ്ണടച്ചുകിടന്നു. ഉച്ചനേരത്ത് ഞാനൊന്നു മയങ്ങുമ്പോള്‍ എന്റെ നെഞ്ചുതടവിയിരുന്ന കുഞ്ഞുകൈപ്പത്തിയെ ഞാന്‍ ഓര്‍മ്മിച്ചു. പിന്നെ പുലിയുടെ കോമ്പല്ലുകള്‍ ശ്വാസക്കുഴലില്‍ തറച്ച നിമിഷം മുതല്‍ അവന് വേദനിച്ചിട്ടുണ്ടാവില്ല എന്നാശ്വസിച്ചു.

ഉറക്കത്തില്‍ ഞാന്‍ അമ്മയെ സ്വപ്നം കണ്ടു. അന്തരീക്ഷത്തിലാകെ റാഗിയുടെ വേവുന്ന ഗന്ധം. അകലെ നിന്ന് ഒരു ഗര്‍ജനം പോലെ 'പുട്ടപ്പണ്ണാ' എന്നാരോ വിളിക്കുന്നുണ്ട്. പുറത്ത് ഒരു കരച്ചില്‍ പോലെ. രാത്രിയില്‍ വീണ്ടും ഉണര്‍ന്നപ്പോള്‍ ഉറക്കത്തില്‍ മുന്നു അരികിലുണ്ടായിരുന്നുവെന്ന് തോന്നി. തല വിയര്‍ത്തതുകൊണ്ടോ കണ്ണീരുകൊണ്ടോ തലയണ നനഞ്ഞിരുന്നു.

പുലര്‍ച്ചയില്‍ ഞാന്‍ വീണ്ടും പുലിവേട്ടക്ക് പോകുന്നതായി സ്വപ്നം കണ്ടു. കാട്ടിലെ നിലാവുള്ള രാത്രിക്കും ഇരുട്ടിന്റെ ഒരു മേലങ്കിയുണ്ട്. നിലാവ് ചിതറിവീഴുന്ന ഇരുട്ടില്‍ ഒരു പൂത്തിരിപോലെ കത്തുന്ന പുലിയുടെ കണ്ണുകള്‍. പുലിവായിലെ അമ്ലഗന്ധം. ഞാന്‍ എന്റെ ഇരട്ടക്കുഴല്‍ തോക്കുയര്‍ത്തി. കാഞ്ചിയില്‍ വിരലമര്‍ന്ന നിമിഷത്തില്‍ പുലി ഒന്നുപിടഞ്ഞു. പിന്നെ അലര്‍ച്ചയോടെ പിറകോട്ട് മറഞ്ഞു. വെടിയുണ്ടകള്‍ അവെന്റ ഹൃദയം കീറിമുറിച്ചിരിക്കുന്നു. അടുത്ത് ചെന്ന് പരിശോധിച്ചപ്പോള്‍ മുന്നുവിനെ കൊണ്ടുപോയ പുലിയാണ്.

പുലര്‍ച്ചയില്‍ കാണുന്ന സ്വപ്നം സത്യമാവുമെന്നാണ് പഴമക്കാരുടെ ഭാഷ്യം. ഉണര്‍ന്നപ്പോള്‍ എന്റെ കാലുകള്‍ ചലിച്ചു. വലംകൈ നീട്ടി ഞാന്‍ ഉറങ്ങുന്ന കുമുദത്തെ തൊട്ടു. അല്‍ഭുതം കൊണ്ട് ഞാന്‍ ശരിക്കും ഒന്നുവിറങ്ങലിച്ചു. പതുക്കെ കിടക്കയില്‍ എണീറ്റിരുന്ന് ഞാന്‍ വലതുകൈ കൊണ്ടുതന്നെ കുമുദത്തെ പഴയ പുട്ടപ്പഗൗഡനെപ്പോലെ കുലുക്കിവിളിച്ചു. കണ്ണുകള്‍ തിരുമ്മി കുമുദം എഴുന്നേറ്റു. അവള്‍ വിളക്ക് കത്തിച്ചു. ഒരു സ്വപ്നം കാണുന്ന ഭാവത്തില്‍ അവളെന്നെ നോക്കി. ഒരു ഭാഗം തളര്‍ന്നുപോയിരിക്കുന്നവന്‍ കിടക്കയില്‍ എണീറ്റിരിക്കുന്നതിന്റെ അല്‍ഭുതം അവളുടെ ഇരുകണ്ണുകളിലും പീലിവിരിക്കുന്നത് ഞാനാസ്വദിച്ചു.

'ന്റെ ശിവഭഗവാനെ', അവളൊന്നു പൊട്ടിപ്പോയി. പിന്നെ എണീറ്റ് നിന്ന് കിടക്കയിലിരിക്കുന്ന എനിക്ക് നേരെ കൈനീട്ടി. ഞാന്‍ എഴുന്നേല്‍ക്കാന്‍ ആഗ്രഹിച്ചു. അതിനുമുന്‍പ് ഞാന്‍ ചിത്തപ്പവൈദ്യരെ മനസ്സില്‍ പ്രണമിച്ചു.

കുമുദത്തിന്റെ കൈകളില്‍ തൂങ്ങി ഞാനെഴുന്നേറ്റു. പത്തുവര്‍ഷങ്ങള്‍ക്കുശേഷം ഇരുകാലില്‍ നില്‍ക്കുന്ന എന്നെ കുമുദം ഒരു നിലവിളിയോടെ കെട്ടിപ്പിടിച്ചു. എന്തുകൊണ്ടോ എനിക്കും കരച്ചിലടക്കാനായില്ല. കിഴക്ക് സൂര്യഭഗവാന്‍ പുഞ്ചിരിക്കും മുന്‍പ് വിടപറയാന്‍ പോകുന്ന ഇരുട്ടില്‍ ഞാനും കുമുദവും പരസ്പരം കെട്ടിപ്പുണര്‍ന്നുകൊണ്ടുനിന്നു.
ഞങ്ങള്‍ കരഞ്ഞുകൊണ്ടിരുന്നു.

ഇന്നത്തെ പ്രഭാതത്തില്‍ ഇരട്ടക്കുഴല്‍ തോക്കിന് എണ്ണകൊടുത്തിരുന്ന എന്നെ കുമുദം അത്ഭുതത്തോടെ നോക്കി. അവസാനമായി ഒരു വേട്ടയ്ക്ക് പോകണമെന്ന് മനസ്സ് തുടിച്ചുകൊണ്ടിരുന്നു. ഞാന്‍ കാക്കി പാന്റ്‌സും മുട്ടോളമെത്തുന്ന പച്ച ബൂട്ടുകളും അണിഞ്ഞു. കണ്ണാടി നോക്കിയപ്പോള്‍ മീശയും മുടിയും അല്‍പ്പാല്‍പ്പമായി നരച്ചുതുടങ്ങിയിരിക്കുന്നു. പോയ പത്തുവര്‍ഷം സമ്മാനിച്ച നര. കാലങ്ങള്‍ക്കുശേഷം പഴയ എം എയ്റ്റി സ്റ്റാര്‍ട്ടാക്കി ഞാന്‍ കുമുദത്തെ നോക്കിച്ചിരിച്ചു. അടക്കാനാവാത്ത ആഹ്ലാദം അവളില്‍ നിറയുന്നത് ഞാന്‍ തിരിച്ചറിഞ്ഞു. പക്ഷേ, അവള്‍ക്ക് ഭയമുണ്ടായിരുന്നു. ചിത്തപ്പ വൈദ്യരുടെ മുന്നറിയിപ്പുകളായിരുന്നു അവള്‍ക്കു മുന്നില്‍. ഞാന്‍ വീണ്ടും രോഗിയായി വീഴുന്നത് അവള്‍ക്കു ചിന്തിക്കാനേ വയ്യ.

പക്ഷേ, അവള്‍ എന്റെ ആവേശത്തെ ചെറുത്തില്ല. അവളുടെ ഭയത്തെ അകറ്റണമെന്ന് ഞാന്‍ ചിന്തിച്ചു. അടുത്തനിമിഷം ആകാശത്ത് പ്രഭാതത്തില്‍ ഇര തേടി പാറിപ്പോകുന്ന പക്ഷിക്കൂട്ടം എനിക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടു. മേഘങ്ങള്‍ക്ക് തൊട്ടരികിലായിരുന്നു അവ ചിറകടിച്ചിരുന്നത്.

ഞാന്‍ വലംകൈയില്‍ തോക്കെടുത്ത് ആകാശത്തേക്ക് ഉയര്‍ത്തി. ഇരട്ടക്കുഴല്‍ തോക്കിന്റെ ഉന്നത്തില്‍ പാറിപ്പോകുന്ന പക്ഷികള്‍ തെളിഞ്ഞു. ഇടംകൈ ഞാന്‍ പിറകില്‍ കെട്ടിയിരുന്നു. വലംകൈകൊണ്ട് ഞാന്‍ കാഞ്ചിയില്‍ വിരല്‍ തൊട്ടു. തോക്കിന്റെ ഗര്‍ജനമുയര്‍ന്ന നിമിഷത്തില്‍ മേഘക്കീറുകളില്‍ നിന്ന് ഒരു പക്ഷി ചിറകറ്റ് പറമ്പിലേക്ക് തെന്നിവീഴുന്നത് ഞാന്‍ കണ്ടു. ആകാശത്ത് പക്ഷിക്കൂട്ടം ചിതറിയിരുന്നു. ഭൂമിയില്‍ മലര്‍ന്നുകിടന്ന പക്ഷിയെ ഞാന്‍ നോക്കിനിന്നു. എന്തുകൊണ്ടോ എന്റെ നഷ്ടപ്പെടാത്ത ഉന്നത്തില്‍ എനിക്ക് അഭിമാനം തോന്നിയില്ല. എന്തുകൊണ്ടോ എന്റെ മനസ്സ് കനംവച്ചു. മുന്നുവിന്റെ പുലി പറിച്ചിട്ട കൈപ്പത്തി ഞാന്‍ അറിയാതെ ഓര്‍ത്തുപോയി.

''കുമുദം എനിക്കിനി വേട്ടയ്ക്ക് പോകാമോ?'' ഞാന്‍ ചോദിച്ചു.

എന്റെ ശബ്ദത്തിന് ആവേശം നഷ്ടപ്പെട്ടിരുന്നു. എന്റെ ചോദ്യത്തിന് കുമുദത്തിന്റെ മറുപടി വശ്യമായൊരു പുഞ്ചിരിയായിരുന്നു. തന്റെ ഭര്‍ത്താവ് വേട്ടക്കാരന്‍ പുട്ടപ്പ ഗൗഡനായി പുനര്‍ജനിക്കുന്നതില്‍ അവള്‍ക്ക് വല്ലാത്തൊരു ആഹ്ലാദമുണ്ടെന്ന് അവളുടെ കണ്ണുകളിലെ തിളക്കം എന്നെ അറിയിച്ചു.

പിന്‍നിലാവ് വീണിരുന്നു.
സന്ധ്യയാവും മുന്‍പ് എം എയ്റ്റി വണ്ടി ഫോറസ്റ്റുകാര്‍ കാണാതിരിക്കാന്‍ ഇലപടര്‍പ്പുകളില്‍ഒളിപ്പിച്ചാണ് ഞാന്‍ കാടുകയറിയത്. പഴയ കാലമല്ല. കാട്ടിലെ വേട്ടയ്ക്കും വേട്ടക്കാര്‍ക്കും മുന്നില്‍ പുതിയ നിബന്ധനകളാണ്​. ഞാന്‍ പതിവുപോലെ എന്റെ മരത്തില്‍ ഇരുന്നു. രാത്രിയുടെ ഏത് യാമമാണെന്നറിയില്ല. മഴ നനഞ്ഞതുകൊണ്ടാവണം മരത്തിന്റെ ചില്ലയില്‍ അപ്പുറമിപ്പുറം കാലിട്ട് തോക്കുമായി ഉറപ്പിച്ചിരിക്കുമ്പോഴും ഒരു വഴുക്കലുണ്ട്. ഒരു ചാക്ക് കയ്യില്‍ കരുതാമായിരുന്നു. അതു മറന്നു. മുന്‍പാണെങ്കില്‍ വേട്ടക്കിറങ്ങുമ്പോള്‍ ഒന്നും മറക്കില്ല. കാലം വരുത്തിയ ദൗര്‍ബല്യമാണെന്ന് കരുതാനെ നിവൃത്തിയുള്ളൂ.

മരത്തിന് കീഴെ കെട്ടിയിട്ട കുമുദത്തിന്റെ ആട് ഇടവിട്ട് അമറുന്നുണ്ട്. അകലെനിന്ന് അതിന് ശത്രുവിന്റെ മണം കിട്ടിക്കാണണം. ഇത് എന്റെ മുന്നില്‍ വരുന്ന നാലാമത്തെ പുലിയാണ്. നാലും അഞ്ചും മനുഷ്യരെ കൊന്ന പുലിയെ ഞാന്‍ കൊന്നുതള്ളിയപ്പോഴൊക്കെ അത് ഗ്രാമത്തില്‍ ഉല്‍സവമായിരുന്നു. പുലരിയില്‍ ഞാന്‍ കാടിറങ്ങുന്നത് കാത്ത് ആളുകള്‍ ഗ്രാമത്തില്‍ കാത്തിരിക്കുമായിരുന്നു. ഇന്ന് പുട്ടപ്പഗൗഡന്‍ വേട്ടക്കിറങ്ങിയത് അവര്‍ അറിഞ്ഞിട്ടില്ല. നാളെ മുന്നുവിനെ കൊന്ന പുലിയുടെ ജഡവുമായി ഞാന്‍ കാടിറങ്ങുമ്പോഴെ പുട്ടപ്പഗൗഡന്റെ പുനര്‍ജന്മം അവരറിയൂ.

സമയം നീണ്ടുപോയത് എന്നെ അസ്വസ്ഥനാക്കി. സാധാരണഗതിയില്‍ മനുഷ്യനെ തിന്ന് രസം പിടിച്ച പുലികള്‍ ഈ വഴിത്താരയിലൂടെയാണ് കാടിറങ്ങുക. എന്തുകൊണ്ടാണ് ആടിന്റെ ശബ്ദം ഒരു പ്രലോഭനം പോലെ അവനെ ഇവിടേക്ക്, എന്റെ ഇരട്ടക്കുഴല്‍ തോക്കിനു മുന്നിലേക്ക് ആനയിക്കാത്തതെന്ന് ഞാന്‍ സംശയിച്ചു.

പത്തുവര്‍ഷങ്ങള്‍ കാടിന് എന്തൊരു മാറ്റമാണ് വരുത്തിയതെന്ന് ഞാന്‍ ചിന്തിച്ചു. ചിവീടുകളുടെ കരച്ചില്‍ ഇപ്പോള്‍ ഉച്ചത്തിലാണ്. അത് വരാനിരിക്കുന്ന മഴയുടെ സൂചനയാകാം. മാന്‍ക്കൂട്ടങ്ങള്‍ പുല്‍മേടുകള്‍ തേടി യാത്രയാകുന്നത് നിലാവിന്റെ വെള്ളിവെളിച്ചത്തില്‍ ഞാന്‍ കണ്ടിരുന്നു. ഇടയ്ക്ക് ആനക്കൂട്ടത്തിന്റെ ചിന്നംവിളി കേട്ടു. ഞാനിരിക്കുന്ന മരത്തിന് കീഴിലേക്ക് ചിതറിയോടി വന്ന ഒരു കാട്ടുപോത്ത് ഒരു നിമിഷം നിന്ന് മരത്തിന് ചുറ്റും ചുറ്റുക്കൊണ്ടിരുന്ന കുമുദത്തിന്റെ ആടിനെ തറപ്പിച്ചുനോക്കി. പിന്നെ പിന്‍തിരിഞ്ഞ് വശങ്ങളിലേക്കോടി. ഞാനപ്പോള്‍ കൂടുതല്‍ ജാഗരൂകനായി. കൂട്ടം തെറ്റിയ കാട്ടുപോത്തിന്റെ വരവ് എന്നെ ഒരു പുലിയെ ഓര്‍മ്മിപ്പിച്ചു. അവന്‍ വരാറായി എന്നുതന്നെ ഞാന്‍ കരുതി. എണ്ണയിട്ട് മിനുക്കിയ ഇരട്ടക്കുഴല്‍ തോക്കില്‍ ഐന്റ പിടിമുറുകി. കയ്യിലുള്ള എവറെഡിയുടെ പത്തുക്കട്ട ടോര്‍ച്ചെടുത്ത് ഞാന്‍ മരച്ചില്ലകളിലേക്ക് മിന്നിച്ചു. വവ്വാലുകള്‍ ചിറകടിച്ച് പറന്നു. ടോര്‍ച്ചുകെടുത്തിയപ്പോള്‍ ആകാശത്തെ നക്ഷത്രങ്ങളുടെ തിളക്കം ഞാന്‍ ഇലപ്പടര്‍പ്പുകളുടെ വിടവിലൂടെ കണ്ടു.

ഒന്നുറങ്ങിയോ എന്ന് ഞാന്‍ സംശയിച്ച നിമിഷത്തില്‍ കരിയിലകള്‍ ഞെരിയുന്ന ശബ്ദം കേട്ടു. അപ്പോള്‍ പ്രത്യാശകൊണ്ട് ഐന്റ ശരീരം ത്രസിച്ചു. ഹൃദയമിടിപ്പുകള്‍ക്ക് കനംവച്ചു. ഞാന്‍ ജാഗ്രതയോടെ തോക്ക് എന്റെ ശരീരത്തോട് ചേര്‍ത്തുപിടിച്ചു. പക്ഷേ, എന്റെ പ്രതീക്ഷകള്‍ തെറ്റി. അവന്‍ വന്നു. അവനല്ല ഒരു ചെറിയ പുലിക്കുട്ടി. ആടിന്റെ നിലവിളികള്‍ക്കനുസരിച്ച് അവന്‍ ശിരസ്സ് ചലിപ്പിച്ചു. അവെന്റ കണ്ണുകള്‍ തീക്കട്ടകള്‍ പോലെ തിളങ്ങി.

ആടിന്റെ അമര്‍ച്ച ഉച്ചത്തിലായി. മരണം അത് തിരിച്ചറിഞ്ഞുകഴിഞ്ഞതുകൊണ്ടാവണം മരത്തിനുചുറ്റും ദ്രുതഗതിയില്‍ പിടഞ്ഞുഓടിക്കൊണ്ടിരുന്നു. ഇപ്പോള്‍ കയറുപൊട്ടി കാട്ടിലേക്കെവിടേക്കെങ്കിലും അതോടിയാല്‍ കുമുദത്തിനോട് എന്തുപറയുമെന്ന് ആ നിമിഷത്തിലും ഞാന്‍ ചിന്തിച്ചു.

ഞാന്‍ വീണ്ടും കുട്ടിപ്പുലിയെനോക്കി. ഇവനെത്രയാണ് വയസ്സ്? രണ്ടോ? മൂന്നോ? അതോ മുന്നുവിനെപ്പോലെ നാലോ?

ഞാന്‍ മരത്തിന് മുകളിലിരുന്ന് ഉന്നംപിടിച്ചത് അവന്‍കണ്ടില്ല. അവന്റെ കണ്ണുകള്‍ കുമുദത്തിന്റെ ആടിലാണ്. വെടിയുതിര്‍ക്കണമെന്ന് തന്നെ ഞാന്‍ തീരുമാനിച്ചു. ഇരട്ടക്കുഴലിലൂടെ ഉന്നം പിടിച്ചപ്പോള്‍ അവന്‍ കാലുകള്‍ മുന്നോട്ട് വച്ച് ആടിനെ നോക്കി. അവെന്റ ജാഗ്രത നഷ്ടപ്പെടുന്നതുപോലെ. അവന്റെ കണ്ണുകളില്‍ ക്രൗര്യമില്ല എന്ന് കുഴല്‍കാഴ്ചയില്‍ ഞാന്‍ അറിഞ്ഞു. അതിലൊരു കൗതുകത്തിന്റെ പൊട്ട് മാത്രം. എന്റെ മുന്നുവിന്റെ കണ്ണുകള്‍ ഓര്‍മ്മ വന്നു. കാലുകള്‍ നീട്ടിവച്ച് അവന്‍ കിടന്നപ്പോള്‍ മുന്നു എനിക്ക് പറഞ്ഞുതന്ന ഒരു കുട്ടിപ്പുലിയുടെ കഥ ഓര്‍മ്മ വരുന്നു. എനിക്കറിയാത്ത എന്തോ ഒന്ന് എന്റെ ഹൃദയത്തെ അധീരമാക്കി. ഒന്നുകരയാന്‍ എന്തെന്നില്ലാതെ ഞാന്‍ ആഗ്രഹിച്ചു.

മരത്തില്‍ നിന്നിറങ്ങി ആടിനെ അഴിച്ച് ഞാന്‍ നടന്നുതുടങ്ങിയപ്പോഴും അവന്‍ കാലുകള്‍ നീട്ടിവെച്ച് കിടക്കുകയായിരുന്നു. നിലാവില്‍ ഞാനൈന്റ വഴി തിരഞ്ഞപ്പോള്‍ അവന്‍ എന്റെ നേരെ കുതിച്ചുവന്നു. തോക്കെടുക്കണോ എന്ന് ഞാന്‍ സന്ദേഹിച്ച നിമിഷത്തില്‍ അവന്‍ എന്റെ കാലുകളില്‍ ഒരു പൂച്ചയെപ്പോലെ ഉരുമ്മി.

Comments