ചിത്രീകരണം: ദേവപ്രകാശ്

രണ്ടു കഥകൾ

അണുകുടുംബം

ച്ഛനുമമ്മയ്ക്കും അരുമയായൊരു മകളുണ്ട്. ഒരേയൊരു മകൾ.
അരുമ എന്നു തന്നെയാണ് അവൾക്കവർ പേരു വിളിച്ചത്.

അവൾക്ക് അവരൊരു സമ്മാനം കൊടുത്തു.
‘സീ ദി സർപ്രൈസ്!’ നാലാം ക്ലാസിൽ സ്കോളർഷിപ്പ് നേടിയതിനാണാ സമ്മാനം.

അരുമ പായ്ക്കറ്റ് തുറന്നു നോക്കി.
ഒരു കണ്ണട.
'താങ്ക് യൂ.'
'വെൽക്കം.'
അരുമ കണ്ണട വെച്ചു.
'നല്ല ചന്തം’, 'ഫെയ്സിന് നന്നായി ചേര്ണ്ട്.' 'അരുമമോള് അങ്ങോട്ട് നോക്ക്യേ... ദാ അവടെ ഒരാളെ കണ്ടില്യേ?' അച്ഛൻ ദൂരേയ്ക്ക് കൈചൂണ്ടി. ‘അതാണ് കുരുത്തം കെട്ടോൻ. കുരുത്തം കെട്ടോരെ നമ്മക്കെപ്പഴും തിരിച്ചറിയാൻ പറ്റണം’, പ്രത്യേക ഊന്നലോടെയാണ് അമ്മ മകൾക്ക് പറഞ്ഞു കൊടുത്തത്.

അരുമയ്ക്ക് ആദ്യമായി ഒരു കുരുത്തം കെട്ടോനെ പുത്തൻ കണ്ണട കാട്ടിക്കൊടുത്തു. കുരുത്തം കെട്ടോരെ കണ്ടുപിടിയ്ക്കാനുള്ള കണ്ണടയായിരുന്നു അത്.

'കുരുത്തം കെട്ടോനേ...', അരുമമോൾ ഉറക്കെ വിളിച്ചു.
കുരുത്തം കെട്ടോൻ പരിഭ്രമിച്ചു.
'ആരാ വിളിയ്ക്കണത്? എന്നെത്തന്നെയാണാവോ? ൻ്റെ കരുത്തക്കേട് ആരെങ്കിലും കണ്ടുപിടിച്ചേര്ക്ക്യോ?'

അരുമ വീണ്ടുമുറക്കെ വിളിച്ചുപറഞ്ഞു, 'ഡാ... കുരുത്തം കെട്ടോനേ... നിന്നെത്തന്യാ വിളിയ്ക്കണ്.'

കുരുത്തം കെട്ടോൻ നാലുപാടും നോക്കി.
'ചെലപ്പൊ വെറ്ത്യയ്ക്കാരം. ന്നാലും തടിട്ക്കന്ന്യാ നല്ലത്. കയ്ച്ചിലാവാൻ ഒരോട്ടോറിക്ഷ കിട്ടാനിപ്പൊ...'
കരുത്തം കെട്ടോൻ നടന്നു. വേഗത്തിൽ... പിന്നെയോടി, കുതികുതിച്ചോടി.

നല്ല തമാശ! അരുമ തലയറഞ്ഞ് ചിരിച്ചു. അച്ഛനും അമ്മയും കൂടെച്ചിരിച്ചു. ചിരിയോടു ചിരി. അരുമ തിരക്കുപിടിച്ച ആൾക്കൂട്ടത്തിലേയ്ക്ക് നോക്കി. 'കുരുത്തം കെട്ടോരേ...', അവൾ ഉച്ചത്തിൽ വിളിച്ചു. ആണും പെണ്ണുമടങ്ങുന്ന ജനക്കൂട്ടം തിരിഞ്ഞു നോക്കി.
'ഞാനല്ല...' 'ഞാനാണോ?' 'ഞാനല്ലല്ലോ...' 'ഞാനല്ലേയ്...' ജനക്കൂട്ടം ഞൊടിനേരത്തിൽ അപ്രത്യക്ഷരായി.

കുരുത്തം കെട്ടോരെ കാട്ടിക്കൊടുക്കുന്ന കണ്ണടക്കാഴ്ചയിൽ ജനക്കൂട്ടം ആവിയായി അലിഞ്ഞുപോയി. അരുമ പൊട്ടിപ്പൊട്ടിച്ചിരിച്ചു. അലറിയലറിച്ചിരിച്ചു. അച്ഛനുമമ്മയും ശബ്ദമില്ലാതെ അടക്കിയടക്കിച്ചിരിച്ച് അരുമയുടെ ചിരിയ്ക്കൊപ്പം ചേർന്നു.

'നമ്മടെ അരുമമോള് മിടുക്കിയാ.'
'മിടുമിടുക്കി.'
'നമ്മടെ ഭാഗ്യം.'
'വയസ്സ് പത്താവുമ്പളയ്ക്കും എന്തൊരു കമാൻ്റിംഗ് പവറാ അവൾക്ക്.'
'ഐ.എ.എസ്സുകാരിയാക്കണം അവളെ...' 'അരുമയ്ക്ക് ഐ.പി.എസ്സ് മതീട്ടോ...' അച്ഛനുമമ്മയ്ക്കും സന്തോഷം കൊണ്ട് സങ്കടം വന്നു.
'അരുമമോളേ...', അവർ ഒരുമിച്ച് വിളിച്ചു.

നോക്കൂ... എന്തൊരു അരുമയായ അണുകുടുംബം! അരുമ അച്ഛനേയും അമ്മയേയും തിരിഞ്ഞു നോക്കി. ഒരു കണ്ണടക്കണ്ണിൽ അച്ഛനും, മറുകണ്ണടക്കണ്ണിൽ അമ്മയും.
'ഐ.എ.എസ്സ്...'
'ഐ.പി.എസ്സ്...'
'അല്ല. ഐ.എ.എസ്സ്...'
'പറ്റില്ല. ഐ.പി.എസ്സ്...'
അരുമയുടെ ചിരി കടിഞ്ഞാണിട്ടപോലെ ഞെട്ടിത്തരിച്ചു നിന്നു.

നിശ്ശബ്ദത... പരിപൂർണ്ണ നിശ്ശബ്ദത...

നിമിഷങ്ങൾ പിന്നിടവേ... 'ദേ! ശെരിയ്ക്കും കുരുത്തം കെട്ടോനും കുരുത്തം കെട്ടോളും!'

ജനക്കൂട്ടം അണുകുടുംബനായകനേയും നായികയേയും ചൂണ്ടിവിളിച്ചാർത്തുചിരിച്ചു. 'കുരുത്തം കെട്ടോരേ...'യെന്ന ജനക്കൂട്ടത്തിൻ്റെ ആരവമുയരുമ്പോൾ അരുമടെ കണ്ണിൽ, കണ്ണടയിൽ... കുരുത്തം കെട്ടവർ രണ്ടുപേരും നിറഞ്ഞുവന്നു.
ചാർജിംഗ് ടു എക്സ്ട്രീം ക്ലോസപ്പ്സ്! അണുകുടുംബനായകനും നായികയും തമ്മാമ്മിൽ പോർ വിളിച്ചുകൊണ്ടേയിരുന്നു.

'കുരുത്തം കെട്ടോളേ...'
'കുരുത്തം കെട്ടോനേ...'
'കുരുത്തം കെട്ടോളേ...'
‘കുരുത്തം കെട്ടോനേ...'

കുരിശ്

കാറ്റ് വീശുന്നുണ്ട്.

ഡ്രസ്സിംഗ് കഴിഞ്ഞ് കിടത്തിയിട്ട് അധികം നേരമായിട്ടില്ലെങ്കിലും കുഞ്ഞുറുമ്പുകൾ വിവരമറിഞ്ഞ് വരിവെച്ചെത്താൻ തുടങ്ങിയിരിയ്ക്കുന്നു. ഫ്രീസറൊന്നും കിട്ടാനില്ലെന്നാ എടവകക്കാര് പറഞ്ഞത്.

ചത്തുചമഞ്ഞു കിടന്ന അച്ചായൻ്റെ തലയിൽ കാറ്റിൽ ഇളകിപ്പോയൊരു ഓടുവീണു പൊട്ടിയപ്പോൾ പൊട്ടുന്നനെതന്നെ ആചാരനിലവിളിയും ബ്രെയ്ക്കിട്ട പോലെ നിന്നു.

'പൊട്ടിയോ?'
'എന്താ പൊട്ടീത്?'
'ഓടു പൊട്ടിയോ?'
കുട്ടികൾ മാത്രം കൂട്ടുകാരനെയോർത്ത് സങ്കടത്തിൽ നിലവിളിച്ചു.

'വെല്യപ്പാപ്പാ...' ചോര ഒഴുകുന്നുണ്ടോ എന്ന് അച്ചായന് തന്നെ സംശയം!
സംശയിക്കാൻ അച്ചായൻ്റെ മനസ്സ് ഉണർന്നിരിപ്പുണ്ടോ?
'സംശയം പാടില്ല അച്ചായാ... ഈ കുഞ്ഞന്നാമ്മേടെ അച്ചായൻ മൃതനല്ലേ അച്ചായാ...'
'നെറ്റിയിലെന്താ അരിയ്ക്കണേ?' കയ്യുയർത്തി നെറ്റിയിലൊന്ന് തടവിനോക്കണമെന്നുണ്ട് അച്ചായന്. പക്ഷേ, കയ്യിൽ കുരിശ് പിടിപ്പിച്ചിരിയ്ക്കയാണ്.
'കുരിശ് കൊടഞ്ഞെറിയാൻ നോക്കണ കണ്ടാ... അനങ്ങിയാ, കുരിശ് താഴെയിട്ടാ കൊന്നുകളയും കുരിശേ... ചത്താലും അഹങ്കാരത്തിന് ഒരു കൊറവൂല്യാട്ടാ! ഒരു കാലത്ത് കാറ്റ് വിതച്ച് നടന്നവനല്ലേ...'

ഭാഗ്യം... ആരോ നെറ്റി തുടയ്ക്കുന്നുണ്ട്.
'തല പൊട്ടീട്ടൊന്നൂല്യാ. ചെറ്യൊരു വീർപ്പ് ണ്ട്ന്നേള്ളൂ.' നെറ്റിയിൽ ഉമ്മ വെച്ചത് ആരാണ്? കുഞ്ഞന്നാമ്മയാണോ? അവളുടെ ചുണ്ടുകൾ തണുത്തിട്ടുണ്ടാകും. മരിച്ചാലുള്ള... മരവിച്ച... മരണത്തണുപ്പ്.

കുഞ്ഞന്നാമ്മ അടുത്തു നില്ക്കുന്നുണ്ടോ? മരിയ്ക്കുമ്പോൾ യാത്ര പറയാൻ പറ്റിയില്ല. അത്ഭുതം തന്നെ... അച്ചായൻ്റെ ഇടംകണ്ണ് തന്നെത്താനെ അല്പം തുറന്ന് പുറത്തേയ്ക്ക് തള്ളിവരാൻ തുടങ്ങി. പിന്നെ പതിയെ വലതു കൺപോളയും വിടർന്നുവന്നു.

'ദേ... അപ്പാപ്പൻ... അയ്യോ... കണ്ണുതൊറക്ക്ണൂ...' കുട്ടികൾ മാത്രം സന്തോഷത്തോടെ കയ്യടിച്ച് ചിരിച്ചു. മുതിർന്നവർ പക്ഷേ, ഭയത്തോടെ അച്ചായൻ്റെ കാഴ്ചപ്പാടിൽ നിന്ന് പിന്മാറി.

'മാറിപ്പോ ക്ടാങ്ങളേ... ദെന്താ മാജിക്കാ കണ്ട് കയ്യടിയ്ക്കാൻ...' അവർ കുട്ടികളെ ഓടിച്ചുവിട്ടു. ചത്തിട്ടും ചാകാത്തവന് അടക്കം വെയ്ക്കാൻ തീരുമാനമായി. കണ്ണുകൾ ചുഴറ്റി നോക്കുമ്പോൾ അടുത്തേയ്ക്ക് മന്ത്രങ്ങൾ ചൊല്ലി ഓടി വരുന്നവരെ അച്ചായന് കഷ്ടിച്ച് കാണാം.

ദൃശ്യം ക്രമേണ ഫോക്കസിലേക്കുവന്നു. 'വഞ്ചകൻ...'
'വിശ്വസിയ്ക്കാൻ കൊള്ളാത്തോൻ...' 'തിരുത്തൽവാദി...'
'ഒറ്റുകാരൻ...'
'കുലംകുത്തി...'
അണിനിരന്ന സംഘം താളത്തിൽ ചുറ്റുമാടി... നൃത്തം ചവിട്ടി...
ഒരു കോറസ് നാടകം പോലെ.
മങ്ങിയ കാഴ്ചകൾ തെളിഞ്ഞു വന്നപ്പോൾ അച്ചായൻ കണ്ടത് കർഷക ജാഥയിൽ കൊടിയേന്തി മുന്നേറിയ തന്നെത്തന്നെയാണ്.

പിന്നെ, പുഴയിൽ... പാറക്കെട്ടിൽ... കുഞ്ഞന്നാമ്മ വിളമ്പിയ കഞ്ഞീം കപ്പേം കഴിച്ച് അവളടെ അപ്പൻ്റെ കൂടെ മിറ്റത്തയ്ക്കെറങ്ങ്യപ്പഴാ പോലീസിൻ്റെ ടോർച്ച് വെളിച്ചം മുഖത്ത് വന്ന് വീണത്.

പോലീസാരടെ സ്നേഹത്തലോടൽ കഴിഞ്ഞ് പിറ്റേന്ന് ലോക്കപ്പീന്നിറങ്ങി വരുമ്പൊ കുന്നുകയറി വരണ കുഞ്ഞന്നാമ്മയെ തൊടാതെ കൈ നീട്ടിത്തടഞ്ഞ് അച്ചായൻ ചോദിച്ചു, 'ഇഷ്ടാണാ എന്നെ?'
കുഞ്ഞന്നാമ്മയുടെ കൈ പിടിച്ചത് പിന്നത്തെ ഞായറാഴ്ച്യാണ്. പഴയകാല കാഴ്ചകളിപ്പോൾ ബ്ലാക്ക് ആൻ്റ് വൈറ്റ് ആക്കേണ്ടതില്ല.

'പ്ഫാ...' കോറസ് നാടക വിചാരണക്കാർ ഫ്രീസായത് അച്ചായൻ്റെ ആട്ട് മുഖത്ത് വീണിട്ടാണോ? അച്ചായന് സഹിയ്ക്കാൻ വയ്യാത്തൊരു കോട്ടുവാ വന്നുമുട്ടി.
'അച്ചായൻ ദേ വായ തൊറക്ക്ണൂ...' 'ഡാഷുകളേ ന്ന് വിളിച്ചോ അപ്പാപ്പൻ?' 'ഡാഷ് മോനേന്ന്?' 'ഡാഷ് മോളേന്ന്?' കുരിശുവിട്ട് കയ്യൊന്ന് കുടഞ്ഞ് മൂക്കൊന്നു ചൊറിയാൻ സഭയുടെ അനുമതി ഇല്ലാത്തതുകൊണ്ട് അച്ചായൻ പിന്നെയും മരണത്തിലേയ്ക്ക് കണ്ണടച്ചു... മണ്ണടിഞ്ഞു.

'വെല്യപ്പാപ്പാ...' കുട്ടികൾ വീണ്ടും നിലവിളിച്ചു. 'അച്ചായൻ പിന്നേം ചത്തു.'
'അപ്പൻ റെഡിയ്ക്കും ചത്തൂഡാ.'
'അപ്പാപ്പൻ ഇത്തവണ ചത്തൂട്ടാ.'
'ഇനീം ഏറ്റ് വര്വോ ഈ ശവി? അല്ല പറയാൻ പറ്റില്യല്ലോ തന്തേരെ കാര്യം...'

കാറ്റ് കൂടുതൽ ശക്തമായി. വീട്ടുകാരുടെയും കൂട്ടുകാരുടെയും നാട്ടുകാരുടെയും പ്രാർത്ഥനകൾ ആകാശത്തിലേയ്ക്കുയർന്നു; മേഘങ്ങളുടെ അടരുകളിലെത്തി. കാറ്റ് വീശിയടിച്ചു നീക്കിയ കരിമേഘക്കൂട്ടത്തിനുള്ളിൽ നിന്ന് പ്രാർത്ഥനയുടെ ആളാരവം മഴയായിപ്പെയ്തു. സ്വർഗത്തിലും ഭൂമിയിലും പാതാളത്തിലും പ്രാർത്ഥന നിറഞ്ഞു. 'നന്മ നിറഞ്ഞ ഈ ആത്മാവിന്...'
അച്ചായൻ മണ്ണോട് മണ്ണായി.
'എന്നും... എപ്പോഴും...' സിമിത്തേരിയിൽ ഒരു കുരിശുകൂടി ചില്ല വിടർത്തിയാടി.
'എന്നേയ്ക്കും... എപ്പോഴേയ്ക്കും...'
കാറ്റ് വീശിയടിച്ചു കൊണ്ടേയിരുന്നു.


Summary: Randu Kathakal written by M G Sasi


എം.ജി. ശശി

സിനിമ, നാടക സംവിധായകന്‍, നടന്‍. അടയാളങ്ങള്‍, ജാനകി എന്നീ സിനിമകള്‍ സംവിധാനം ചെയ്തു.

Comments