ഗോകുൽരാജ്

രതിയിൽനിന്നൊരു കഥ

‘‘ഡേറ്റിംങ്ങ് ആപ്പ് എടുത്തതിനുശേഷം ഞാൻ മൂന്നുപേരെ മീറ്റ് ചെയ്തിട്ടുണ്ട്. അവരെല്ലാം സ്ഥിരമായി ചോദിക്കാറുള്ള ഒരു ചോദ്യമുണ്ട്.’’
"എന്താ?"
"താൻ അധികം സംസാരിക്കാത്ത ടൈപ്പ് ആണല്ലേ?"
"ഞാനോ?"
"താനല്ല... ഞാൻ കാണുന്ന ചെറുക്കന്മാർ എന്നോട് സ്ഥിരം ചോദിക്കാറുള്ള ചോദ്യത്തെക്കുറിച്ച് പറഞ്ഞതാ. "

സത്യത്തിൽ അവൻ അവളോട് അതു ചോദിക്കാൻ മറന്നതാ. അത്ര ഓർമശക്തിയേ എനിക്കുമുള്ളു. അവനും അതുമതി. എന്നെപ്പോലെ അറിയപ്പെടാത്ത ഒരു എഴുത്തുകാരനാണ് അവനും. സ്ക്രിപ്റ്റ് എഴുതാൻവേണ്ടി നാടുവിട്ട് കൊച്ചിയിലേക്കുവന്ന ഒരു 'സ്ഥിര എഴുത്തുകാരൻ'. പഠിക്കുന്ന കാലത്ത് ചില ആഴ്ച്ചപ്പതിപ്പുകളിൽ വിദ്യാർത്ഥികൾക്കായുള്ള കോളത്തിൽ അവന്റെ ചില കഥകൾ വന്നതൊഴിച്ചാൽ കാര്യമായ ഒരു രചനയും പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ല. വിരസത മാറ്റാനാണ് അവൻ ഡേറ്റിംങ്ങ് ആപ്പിൽ അക്കൗണ്ട് എടുത്തത്. അവന്റെ രണ്ടാമത്തെ മാച്ചാണ് അവൾ. കഴിഞ്ഞ മീറ്റും ഇതേ ബീച്ചിൽവച്ചായിരുന്നു. അന്ന് രണ്ടുപേർക്കും പരസ്പരം ഇഷ്ടം തോന്നാഞ്ഞതിനാൽ അവർ അന്നേ പിരിഞ്ഞു. പക്ഷേ ഇപ്പോൾ അവന് ഇവളോട് ഇണചേരാൻ തോന്നുന്നുണ്ട് .

വല തെറ്റിയ മീനുകൾ

"നിശ്ശബ്ദതയ്ക്കല്ലേ സംവേദനക്ഷമത കൂടുതൽ?"
" അതെ."
" താനും എന്നെ പോലെയാണെന്നു തോന്നുന്നു."

സത്യത്തിൽ അവന്റെ ശ്രദ്ധ മുഴുവനും അവളുടെ ചെവിയ്ക്കു താഴെ, കഴുത്തിലുള്ള കാക്കപ്പുള്ളിയിലായിരുന്നു. അതു കാണാൻ നല്ല രസമുണ്ട് . നിശ്ശബ്ദതയെക്കുറിച്ചുള്ള അവളുടെ കണ്ടെത്തൽ അവൻ ശ്രദ്ധിച്ചതേയില്ല. വിഷയങ്ങൾ തന്റെ നിയന്ത്രണത്തിലാകുവാൻ അവൻ ചോദിച്ചു, " അല്ല... ഇന്നെവിടെ നിൽക്കും? എട്ടുമണിയായി. തന്റെ നാട്ടിലേക്കിനി ട്രെയിൻ ഇല്ലല്ലോ"
"ശരിയാ എവിടെ നിൽക്കും?"
"ഏതെങ്കിലും ഫ്രണ്ട്സുണ്ടോ ഇവിടെ?"
"ഉം... താനെന്താ എന്റെ ഫ്രണ്ടല്ലേ?"
"അതെ."
"എന്നാൽ ഇന്ന് തന്റൊപ്പം നിൽക്കാം. പിന്നെ തനിക്ക് ബുദ്ധിമുട്ടാണെങ്കിൽ വേണ്ട."
ശ്ശെ... അവൻ ശരിക്കും അങ്ങോട്ടു ചോദിക്കേണ്ട ചോദ്യമായിരുന്നു അത് . അതിൽ അവനു ജാള്യത തോന്നി. എനിക്കുള്ള അതേ മറവി. അവന്റെ ഉള്ളിലപ്പോൾ കുറഞ്ഞത് നൂറു ചിന്തകളും അതിൽകൂടുതൽ തീരുമാനങ്ങളും വന്നിട്ടുണ്ടാകും.
" റൂം ഓണർ ഒരു മൊരടനാ. പുറത്തുനിന്ന് ആരെയും കയറ്റാൻ സമ്മതിക്കില്ല. പ്രത്യേകിച്ച് പെൺകുട്ടികളെ."
" അതെയോ?"
"പക്ഷേ സാരമില്ല. ഒരു വഴിയുണ്ട്. അയാൾ രാത്രി കൃത്യം പത്തുമണിക്ക് ഉറങ്ങും. പിന്നെ നടക്കുന്നതൊന്നും അങ്ങേരറിയില്ല."
"ആഹാ."
"നമുക്ക് അപ്പോൾ കയറാം. എന്താ റെഡിയല്ലേ?"
"പിന്നല്ല... ഇതല്ല ഇതിനപ്പുറം ചാടിക്കടന്നവളാണീ....."

രണ്ടുപേരും സമയമെണ്ണുന്നതുകൊണ്ടുതന്നെ അത് പതുക്കെപ്പോയി. എനിക്ക് അത്രയും ക്ഷമയില്ലാത്തതിനാൽ നമുക്ക് നേരേ അവന്റെ റൂമിന്റെ താഴേക്കുപോകാം.

കഥയായി രണ്ടുപേർ

"അയാൾ ഉറങ്ങിയെന്ന് തോന്നുന്നു."
"ആണോ?"
"ഉള്ളിൽ ലൈറ്റൊന്നും കാണുന്നില്ലല്ലോ?"
"ഇല്ല."
"എന്നാൽ അയാൾ ഉറങ്ങിക്കാണും.വാ ശബ്ദമുണ്ടാക്കാതെ ആ കോണിപ്പടിവഴി കയറിക്കോ."
എനിക്കു വേണമെങ്കിൽ ആ ഹൗസ് ഓണറിനെ ഉണർത്താം. പക്ഷേ വേണ്ട. ഇവർ രണ്ടുപേരും ഭയമില്ലാതെ റൂമിനുള്ളിൽ കയറേണ്ടത് എന്റെകൂടി ആവശ്യമാണ്. രതിയില്ലാതെ കഥ എഴുതാൻ എന്തു രസമാണുള്ളത്.

"തന്റെ റൂം കൊള്ളാലോ"
"ഇരിക്കൂ."
"ഞാൻ തന്റെ റൂമൊക്കെ കാണട്ടെ."
"ഓ ആയിക്കോട്ടെ."
"നമുക്ക് ടെറസ്സിലേക്കു പോകാൻ സാധിക്കുമോ?"
"ഓ പോവാലോ, ദേ ബാൽക്കണിയിൽനിന്നു കോണിപ്പടിയുണ്ട്."
"എന്നാൽ വാ നമുക്ക് അവിടെയിരിക്കാം."
"ഞാനൊരു കട്ടൻ ഉണ്ടാക്കി വരാം. താൻ പോയിരിക്ക്."
"വെരി ഗുഡ്."

അവൻ വേഗം കട്ടൻ ഉണ്ടാക്കാൻ പോയി. അവന്റെ ഉള്ളിൽ എന്തൊക്കെ ചിന്തകളായിരിക്കും കടന്നുപോയിട്ടുണ്ടാവുക! നേരത്തേ പറഞ്ഞതുപോലെ നൂറു ചിന്തകളും അതിലധികം തീരുമാനങ്ങളും അവനെടുത്തു കഴിഞ്ഞിരുന്നു. കട്ടൻ ഗ്ലാസുകളിലേക്കു പകർന്നതിനുശേഷം അവൻ മുകളിലേക്കുപോയി. രണ്ടുപേരും കട്ടൻ കുടിക്കാൻ തുടങ്ങി. ആകാശത്ത് അന്ന് ഒറ്റ നക്ഷത്രം മാത്രമാണുണ്ടായിരുന്നത്. രണ്ടുപേരും പരസ്പരം നോക്കി. എന്നിട്ട് ആകാശത്തേക്കു നോക്കി അവൾ പറഞ്ഞു.

"ഇന്ന് കുറേ നക്ഷത്രങ്ങൾ ഉണ്ടായിരുന്നെങ്കിൽ നല്ലതായിരുന്നു അല്ലേ?"
"അതെ."
"താൻ ആകാശം നോക്കാറുണ്ടോ?"
"പിന്നെ നോക്കാതെ"
"രാത്രിയിൽ നിറയെ നക്ഷത്രങ്ങളുള്ള ആകാശം ശരിക്കും ഉള്ളിൽ ചെറിയ ഭയം സൃഷ്ടിക്കാറില്ലേ?"
"അങ്ങനെയുണ്ടോ?"
"എനിക്ക് തോന്നാറുണ്ട്. പക്ഷേ എനിക്കത് ഇഷ്ടമാണ്."
ഇവിടെ എനിക്ക് ഇടപെടാൻ സമയമായി.
ഇതാണ് ശരിയായ സമയം എന്നു തോന്നുന്നു.

"ഞാൻ ഉമ്മ വെച്ചോട്ടെ?"
അവൾ അവനെ നോക്കി ചിരിച്ചു. എന്നിട്ടു കൈകൾ വിടർത്തി പറഞ്ഞു, "വാ…"

ഇനിയധികം വിവരണങ്ങൾ ആവശ്യമില്ലല്ലോ.

കഥകൾ വായിച്ചു പരിചയമുള്ള നിങ്ങൾക്ക് ഊഹിക്കാൻ സാധിക്കുന്ന കാര്യങ്ങൾ തന്നെ. ഉമ്മകൾ ആയിരക്കണക്കിന് ഉമ്മകളായി. രണ്ടു പേരും രതിയിലേർപ്പെടാൻ തുടങ്ങി. പക്ഷേ ചില കാര്യങ്ങൾ ഇവിടെ വ്യക്തമാക്കേണ്ടതുണ്ട്. ശരിക്കും ഇവിടെ നിന്നാണ് ഈ കഥ തുടങ്ങുന്നത്.

ടെറസ്സിലെ പരുക്കൻ പ്രതലം അവരുടെ ഒഴുക്കിനെ തടസ്സപ്പെടുത്തുന്നുണ്ട്. കാൽമുട്ടുകളും കൈകളും പുറവും വേദനിക്കുന്നുണ്ട് . എന്നാലും അവർ തുടർന്നു. സൗകര്യത്തിനുവേണ്ടി ഇരുന്നുകൊണ്ടുള്ള പൊസിഷനിൽ ഭോഗിച്ചുകൊണ്ടിരിക്കെതന്നെ അവൻ അവളിൽനിന്നും ശബ്ദം പുറത്തു വരാതിരിക്കാൻ ശ്രദ്ധിച്ചു . പെട്ടന്നുതന്നെ അവൾ അവന്റെ ചെവിയിൽ പറഞ്ഞു.

"എനിക്ക് കിടക്കണം.ആ ഒറ്റ നക്ഷത്രത്തെ കണ്ടുകൊണ്ട് ഇങ്ങനെ ചെയ്യണം."
"വാ കിടക്ക്. "

അവർ രണ്ടുപേരും പൊസിഷൻ മാറി ഭോഗം തുടർന്നു. അവനും അവൾക്കും രതിമൂർച്ഛ വരുന്നുണ്ടായിരുന്നു. അപ്പോഴാണ് അവൾ അവന്റെ ചെവിയിൽ ഒരു വാക്കു പറഞ്ഞത്.

"മുകളിലേക്കൊരു വേര്."
"എന്ത്?"
അവൻ വീണ്ടും ചോദിച്ചു.
അവൾ കണ്ണുകളടച്ച് അടുത്ത വാക്കുകൂടി പറഞ്ഞു, "വൃദ്ധന്റെ തലയിലൊരു മരം മുളയ്ക്കുന്നു."

ഇത്രയും പറഞ്ഞ് അവൾ രതിമൂർച്ഛയുടെ തളർച്ചയിൽ കിടന്നുറങ്ങി. അവൻ എന്തു ചെയ്യണമെന്നറിയാതെ ആകാശത്തേക്കുനോക്കി കിടന്നു.

അവന്റെ ഉള്ളിൽ ആ വാക്കുകൾ വളരാൻ തുടങ്ങി. അവയെ വിരേചനം ചെയ്യാതെ നിവൃത്തിയില്ല എന്ന സാഹചര്യത്തിൽ അവൻ നഗ്നനായി മുറിയിലേക്കോടി. ഒറ്റ ഇരിപ്പിന് ഒരു കഥ എഴുതി തീർത്തു. എഴുത്തിന് ശേഷമാണ് അവൻ സ്ഥലകാലബോധത്തിലേക്ക് തിരികെ വന്നത്. നേരം പുലർന്നുതുടങ്ങി. ഇനിയും വൈകിയാൽ ഹൗസ് ഓണർ എഴുന്നേൽക്കും. അവൻ പെട്ടന്നുതന്നെ മുകളിലേക്ക് ഓടിപ്പോയി അവളെ എഴുന്നേൽപ്പിച്ചു. രണ്ടുപേരും വേഗത്തിൽ വസ്ത്രങ്ങൾ എടുത്തിട്ട് വീട്ടിൽനിന്നു പുറത്തുകടന്നു. അവൻ അവളോട് കഥയെക്കുറിച്ച് പറയണമോ എന്ന ആശയക്കുഴപ്പത്തിലായിരുന്നു. അവളാകട്ടെ ഒന്നും അറിഞ്ഞിട്ടില്ലാത്ത പോലെയാണ് പെരുമാറുന്നത്. രണ്ടു പേരും റെയിൽവേസ്റ്റേഷനിലെത്തി. അവൾക്കു പോകാനുള്ള ട്രെയിൻ പത്തു മിനിറ്റിൽ വന്നു. കൈകൾ കോർത്തുകൊണ്ട് അവർ ട്രെയിനിന്റെ അരികിലേക്കു നീങ്ങി. അവൾ പിരിയുന്നതിനുമുൻപ് അവനെ കെട്ടിപ്പിടിച്ച് ഇങ്ങനെ പറഞ്ഞു, "ഇറ്റ് വാസ് നൈസ്. "

അവൻ ചിരിച്ചു. അവൾ ട്രെയിനിൽ കയറി അപ്രത്യക്ഷയായി.

ഫോർപ്ലേ

ഞാൻ പറഞ്ഞല്ലോ കഥ ശരിക്കും തുടങ്ങുന്നത് ഈ ഘട്ടത്തിലാണ്. ഈ കഥാപാത്രങ്ങളോട് എനിക്ക് അടുപ്പം തോന്നിത്തുടങ്ങുന്നതും ഇവിടെ നിന്നാണ്. ഈ കഥയെഴുതാനുണ്ടായ സാഹചര്യംകൂടി പറയാം. അല്ലെങ്കിൽ വേണ്ട. നിങ്ങളെ എന്റെ സ്വകാര്യജീവിതത്തിലേക്കു കൊണ്ടുപോകാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല. അതും ഒരു കഥയാക്കാൻ കാത്തിരിക്കുന്ന ആർത്തിപൂണ്ട എഴുത്തുകാരുണ്ടാകും. നമുക്ക് എന്റെ കഥാപാത്രത്തിലേക്കു വരാം.

അവൻ ആ സംഭവത്തിനു പിറ്റേന്നുതന്നെ എഴുതിയ കഥ ഒരു ആഴ്ച്ചപ്പതിപ്പിന് അയച്ചുകൊടുത്തു. വൈകാതെ അത് അച്ചടിച്ചുവരികയും ചെയ്തു.

ഈ ചെറിയ കാലയളവിൽ അവനും അവളും ദീർഘമായ ചാറ്റിങ്ങുകളിൽ ഏർപ്പെട്ടു. പ്രേമത്തിലകപ്പെട്ട രണ്ടുപേരെപ്പോലെ. പക്ഷേ അവൻ കഥയുടെ ഉറവിടത്തെപ്പറ്റി മാത്രം പറഞ്ഞില്ല. ആഴ്ച്ചപ്പതിപ്പിൽ കഥ അച്ചടിച്ചുവന്നെന്ന് പറഞ്ഞപ്പോൾ അവളും അവനെപ്പോലെ സന്തോഷിച്ചു.

അവർ വാട്സ്ആപ്പ് മെസ്സേജിലൂടെ ഇങ്ങനെ ചാറ്റ് ചെയ്യ്തു.

അവൾ: Eda njan nale eranakulathu verunnundu namku ithu celebrate cheyyanam
അവൻ: Aaha😍 ennna namukk room edukkam?
അവൾ: Ok❤️
അവൻ :Enikk chila kaaryngal parayanumundu.
അവൾ: Aaha, entha athu?
അവൻ: Nerittu parayaam
അവൾ: ok enna naale kaana
അവൻ: ah❤️ namuk nale polikkam. Ipo bye😘 love you😘

ചാറ്റിൽ പറഞ്ഞതുപോലെ അവർ പിറ്റേന്ന് കണ്ടുമുട്ടി. റൂമിൽ കയറിയതും അവൾ അവനെ ദീർഘമായി ഉമ്മവച്ചു. വളരെ ആഴത്തിലും ആവേശത്തിലും.

അവൾ പെട്ടന്ന് പറഞ്ഞു, "ഞാനൊരു പാട്ട് ഫോണിൽ വെക്കട്ടെ."
അവൾ അത് പറഞ്ഞുകൊണ്ട് ഫോണിൽ ഒരു പാട്ടു വെച്ചു.
ഫോണിൽനിന്ന് പാട്ടുയരാൻ തുടങ്ങി.

When i feel cold
I'll keep you close
And if i could hold you
And take you home
When at night
Your toes touch mine
I'll sing you to sleep
If you were mine to keep
I wish i could leave you my love
But my heart, is a mess....

ഇരുവരും പാട്ടിനനുസരിച്ച് ഉമ്മവെക്കാൻ തുടങ്ങി. ഉമ്മകൾ എണ്ണി തിട്ടപ്പെടുത്താനാകാത്ത വിധം അക്രമോത്സുകമായി.
അവർ ഇണചേർന്നുതുടങ്ങി. വിയർപ്പിന്റെ ഗന്ധം മുറിയിലാകെ പടർന്നു.നിമിഷങ്ങൾ ഏറെ കടന്നുപോയി. അപ്പോഴേക്കും ഫോണിലെ പാട്ടെല്ലാം മാറി അജ്ഞാതമായ ഏതോ വരികൾ അവിടെ നിറഞ്ഞു.
രണ്ടാളും ആനന്ദത്തിന്റെ ഉയർച്ചയിലെത്തിയ ഒരു നിമിഷം അവൾ അവന്റെ ചെവിയിൽ മറ്റൊരു വാക്ക് കത്തിച്ചു, "ഒറ്റപ്പെട്ടവരുടെ റെയിൽവേസ്റ്റേഷൻ "

അവൻ ആ നിമിഷത്തിൽ മാത്രം തങ്ങിനിന്നുപോയി. അവൾ അടുത്ത നിമിഷത്തിൽ തളർന്നുറങ്ങിപ്പോവുകയും ചെയ്തു. താൻ കടന്നുപോകുന്ന ഈ അപൂർവ്വമായ അവസ്ഥയെക്കുറിച്ച് അവളോട് പറയാൻ വന്നതായിരുന്നു അവൻ.പക്ഷേ ആ മാത്രയിൽതന്നെ അവൻ കയ്യിലുണ്ടായിരുന്ന പേപ്പറിൽ അവളുടെ വാക്ക് സൃഷ്ടിച്ച കഥയെഴുതിവച്ചു.തത്ക്കാലം ഇതിനെക്കുറിച്ച് അവളോട് ചോദിക്കണ്ടായെന്ന് ഉറപ്പിച്ചുകൊണ്ട് അവൻ അവളുടെ അരികെ കിടന്നുറങ്ങി.പിറ്റേന്ന് അവളെ പറഞ്ഞയച്ചതിനുശേഷം ആ കഥ മറ്റൊരു അവാർഡിന് അയച്ചുകൊടുത്തു. കുറച്ചു ദിവസങ്ങൾക്കുള്ളിൽ അവൻ അതിൽ വിജയിച്ചു.

ഇന്റർകോഴ്സ്

സാഹിത്യലോകത്ത് വളർന്നുവരുന്നൊരു യുവ എഴുത്തുകാരനായി അവൻ പെട്ടന്നുതന്നെ മാറി. വളർച്ചയുടെ ഓരോ ഘട്ടത്തിലും ഒരു കഥ ഉണ്ടായിരുന്നു. അപ്പോഴെല്ലാം അവനും അവളും ഇണചേർന്നിരുന്നു. അവളോട് ഇതിനെപ്പറ്റി ചോദിച്ചാൽ ഒരുപക്ഷേ ഇതു നിന്നുപോയാലോ എന്നവൻ ഭയന്നു. കൂടാതെ മറ്റാരോടെങ്കിലും ഈ വിചിത്ര സംഭവത്തെക്കുറിച്ചു പറയാൻ ഒരുപാട് തവണ തോന്നിയെങ്കിലും തന്റെ കഴിവിനെ ആളുകൾ ചോദ്യംചെയ്യാൻ ഇടയുണ്ട് എന്നതുകൊണ്ട് അവൻ എല്ലാ കാര്യങ്ങളും അവന്റെയുള്ളിൽ തന്നെ ഒതുക്കി.

അവനും അവളും പലതവണ കണ്ടു. ഇവിടെ എനിക്ക് വീണ്ടും ഇടപെടാൻ സമയമായി. കാരണം അവരുടെ പ്രേമബന്ധത്തിന്റെ സർവ്വസാക്ഷിയും സ്രഷ്ടാവും ഞാനാണല്ലോ.

അവരുടെ വാട്സാപ്പ് ചാറ്റുകളിലേക്ക് വീണ്ടും ഒന്നു പോവേണ്ടതുണ്ട്.

അവൻ: edo namukku onn kananam
അവൾ: enik periods aanu
അവൻ: eppo kazhiyum?
അവൾ: orazhcha kazhyanam
അവൻ:okie, enna adtha azhcha kochiyilek vaa
അവൾ: nokate
അവൻ: enthayalum va
അവൾ: mmmm....

അവൻ കഥകൾ കിട്ടാൻവേണ്ടി പലപ്പോഴും അവളെ കണ്ടു. അപ്പോഴെല്ലാം രതിമൂർച്ഛ അവൾക്കു ഉണ്ടായിട്ടുണ്ടോ എന്നറിയില്ല. പക്ഷേ സംഭോഗത്തിന്റെ ഒരു ഘട്ടത്തിൽ അവളൊരു കഥയുടെ വിത്ത് അവനിലേക്ക് എറിഞ്ഞുകൊടുത്തിരുന്നു.
അവസാനം കഥ കിട്ടാൻവേണ്ടി മാത്രം അവൻ അവളെ കണ്ടുതുടങ്ങി. അങ്ങനെ ഒരുനാൾ അവൾ അവനെ വിളിച്ചു, "എടാ എനിക്ക് നിന്നെ ഒന്നു കാണണം."
"ഓ അതിനെന്താ റൂമെടുക്കാം."
"റൂം വേണ്ട. നമുക്ക് ബീച്ചിൽവച്ചു കാണാം. കുറേ ആയില്ലേ അവിടെ പോയിട്ട്."
"ഓക്കേ."
"ഞാൻ നാളെ നമ്മുടെ സ്പോട്ടിലേക്ക് വരാം."
"ശരി. ഞാൻ അവിടെക്കാണും. വൈകീട്ട് ഒരു 4 മണി ആവുമ്പോ അങ്ങോട്ട് പോര്."
"ഓക്കേ."

അവർ രണ്ടുപേരും ആദ്യമായ് കണ്ടുമുട്ടിയ അതേ സ്ഥലം. കഥ ഇവിടേക്കുതന്നെ കൊണ്ടുവരുന്നതൊരു സ്ഥിരം രീതി ആണെന്നറിയാം. എന്നാലും എനിക്ക് ക്ലീശേ ഇഷ്ടമാണ്.

അവർ രണ്ടുപേരും കണ്ടു.
ആദ്യം കണ്ട അതേ നിശ്ശബ്ദത.
അവൻ അതിനു അധികം കാതുകൊടുക്കാതെ അവളോട് ചോദിച്ചു, "എന്താടോ എന്താ കാര്യം? "
"നമ്മൾ ആദ്യം കണ്ടുമുട്ടിയപ്പോൾ ഞാൻ പറഞ്ഞ കാര്യം ഓർമ്മയുണ്ടോ നിനക്ക്?"
"ആ ഉണ്ട്. നിശ്ശബ്ദതയെക്കുറിച്ചല്ലേ? ഞാനത് എന്റെ പുതിയ കഥയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആളുകൾ ആ ഡയലോഗ് സ്റ്റാറ്റസ് ഒക്കെവച്ചു കാണുന്നുമുണ്ട്. താൻ കണ്ടില്ലേ?"
"നമ്മുടെ ഇടയിൽ ഉണ്ടായിരുന്ന ആ നിശ്ശബ്ദത ഇല്ലാതായിരിക്കുന്നു. നമുക്ക് ഈ റിലേഷൻ ഇവിടെത്തന്നെ അവസാനിപ്പിക്കാം. ഉപാധികളില്ലാതെ ആരംഭിച്ച ഈ ബന്ധം അങ്ങനെതന്നെ അവസാനിക്കട്ടെ."
അവന്റെ ചെവിയെ അവന് വിശ്വസിക്കാൻ സാധിച്ചില്ല. ആൾക്കൂട്ടത്തിന്റെ ഇരമ്പൽ മാത്രം.
"എടോ എന്താ പെട്ടന്ന് ഇങ്ങനെ? നമുക്ക് എന്താണേലും സംസാരിച്ച് ശരിയാക്കിക്കൂടേ."
"ഇല്ലെടോ. സംസാരിച്ചാൽ ഒന്നും ശരിയാവില്ല. ശരിയായപോലെ അഭിനയിക്കാൻവേണ്ടി നമ്മൾ ഉപയോഗിക്കുന്ന മറയാണ് സംസാരം.
ശരിയാവുമായിരുന്നെങ്കിൽ അത് നിശ്ശബ്ദമായിത്തന്നെ സംഭവിച്ചേനേ."
"എന്നാലും നമുക്ക് ഒന്നുകൂടെ ആലോചിച്ചൂടെ?"
അവൾ അവന്റെ മുഖത്തുനോക്കി ഒന്നു ചിരിച്ചിട്ട് അവനെ കെട്ടിപ്പിടിച്ചു. എന്നിട്ട് അവന്റെ ചെവിയിൽ പറഞ്ഞു, "അതു കഴിഞ്ഞില്ലേ, മറന്നേക്കൂ ബൈ. "

ഇത്രമാത്രം പറഞ്ഞുകൊണ്ട് അവൾ ആൾക്കൂട്ടത്തിലേക്കു നടന്നകന്നു. നിസ്സഹായനായി അവൻ അവിടെ തളർന്നിരുന്നു.
തളർച്ച!

ക്ലൈമാക്സ്‌

കഥകൾ എഴുതാൻ പലവട്ടം ശ്രമിച്ചെങ്കിലും അതിനു സാധിക്കാതെ അവൻ തളർന്നിരുന്നു. അവൾതന്ന കഥയെല്ലാം അച്ചടിച്ചുവന്നുകഴിഞ്ഞു. ഇനി പുതിയതൊന്ന് എത്രയുംവേഗം എഴുതണം. അല്ലെങ്കിൽ അവനെ എല്ലാവരും മറക്കും. ദിവസവും ഫേസ്ബുക്കിലൂടെയും ഇൻസ്റ്റാഗ്രാമിലൂടെയും പുതിയ എഴുത്തുകാർ വന്നുകൊണ്ടേയിരിക്കുകയാണ്. ആദ്യ കഥാസമാഹാരം ഇറക്കാൻ പ്രമുഖ പ്രസാധകരും തയ്യാറാണ്. പക്ഷേ ഒന്നുരണ്ടു കഥകൾകൂടി വേണം. എന്നാൽ മാത്രമേ കാര്യങ്ങളെല്ലാം നടക്കുകയുള്ളു. ചില കഥകൾ എഴുതി പലയിടത്തേക്കും അയച്ചുനോക്കി. നിലവാരം കുറവാണെന്നുപറഞ്ഞ് അതെല്ലാം നിരസിക്കപ്പെട്ടു. കഥകൾ എഴുതാൻ പറ്റാത്ത ഒരു കഥാകാരന് എന്നും വിഷാദത്തിന്റെ മുഖമായിരിക്കും.ഉറക്കമില്ലാതെ അവൻ ദിവസങ്ങളെ അഭിമുഖീകരിച്ചു. തലയ്ക്കുള്ളിൽ കടന്നൽ കൂടുകെട്ടുന്നതുപോലെ.

സത്യം പറഞ്ഞാൽ മറ്റൊരു എഴുത്തുകാരൻ ഇല്ലാതാവുന്നതുകാണാൻ എനിക്കും ഇഷ്ടമാണ്.ഉള്ളിൽ ഒരു രഹസ്യമായ ആനന്ദം. നിവൃത്തികേടിന്റെ വക്കിൽ അവൻ ഒരു ദിവസം അവളെ വിളിച്ചു, "ഹലോ."
"ആഹ് പറയെടോ."
"നമുക്കൊന്ന് കാണാൻ പറ്റുമോ?"
"അതുവേണ്ട. ഞാൻ കുറച്ച് തിരക്കിലാ."
"പ്ലീസ്‌..."
"എടൊ പറ്റില്ല. എനിക്ക് കുറച്ച് പണികളുണ്ട് ബൈ."

കാരണമില്ലാത്ത അവളുടെ ഈ അവഗണന എന്തിനാണെന്ന് അവൻ ചിന്തിച്ചു. അത്രമാത്രമേ അവനു ചിന്തിക്കാൻ ശേഷിയുള്ളു. അവൻ അവൾക്കു നീണ്ട മെസ്സേജുകൾ അയച്ചു.അവസാനം അവൾ അവനെ ബ്ലോക്ക് ചെയ്യ്തു. അതിനു തൊട്ടുമുൻപ് അവൻ അവൾക്കയച്ച ഒരു മെസ്സേജ് കാണിച്ചു തരാം.

അവൻ: edo plz namukk kaanam... Kande Pattu...enik ezhuthan patunnilla.. Life motham kolamaayi.. Nee karanam koodi aanu..nee kaaranm.. Ne enne ingane aakyille.. Ninkentha oru vattam enne kandal.. Pranth pidikya.. Nee vaa namukk kaanam...

ബ്ലോക്ക് കൂടി ചെയ്തതോടെ അവൻ നിൽക്കപ്പൊറുതി ഇല്ലാതെ അലറി. കയ്യിൽ കിട്ടിയതെല്ലാം എറിഞ്ഞുപൊട്ടിച്ചു. അവളെ എങ്ങനെയെങ്കിലും കണ്ടേപറ്റൂ.

അവൻ അപ്പോൾതന്നെ അവളുടെ നാട്ടിലേക്കുള്ള ട്രെയിൻ കയറി. രണ്ടു മൂന്നു മണിക്കൂറുകൾക്കുശേഷം അവളുടെ നാട്ടിലെത്തി. മുൻപുപറഞ്ഞ ഓർമ്മവച്ച് അവൻ അവൾ താമസിക്കുന്ന മുറിയുടെ താഴെയെത്തി. അടച്ചിട്ട വാതിലിൽച്ചെന്ന് ശക്തമായി മുട്ടി. ഉടനെതന്നെ അവൾ കതകുതുറന്നു.

"എടാ നീയാണോ? എന്താ ഇവിടെ? താഴെ ഹൗസോണർ കണ്ടാൽ പ്രശ്നമാണ്. നീ പോ... ഞാൻ താഴേക്ക് വരാം."
"എനിക്ക് നിന്നോട് സംസാരിക്കണം."
"അതാ പറഞ്ഞേ ഞാൻ താഴേക്കു വരാം."
"എനിക്ക് നിന്നോട് സംസാരിക്കണം."
അവൾ പേടിച്ചുകൊണ്ട് ചുറ്റിലും നോക്കി. പുറത്ത് ഇരുട്ട് പടർന്നു തുടങ്ങിയിരുന്നു. റൂംമേറ്റ് വേഗം വന്നിരുന്നെങ്കിലെന്ന് അവൾ ആഗ്രഹിച്ചു. അവൻ ആ വാക്കുമാത്രം ആവർത്തിച്ചു പറയുന്നതുകേട്ടപ്പോൾ അവളുടെ ഉള്ളിൽ ഭയം വളരാൻ തുടങ്ങി. പെട്ടന്ന് അവൻ അവളെ മുറിയിലേക്കു ഉന്തിത്തള്ളിയിട്ടു. എന്നിട്ട് മുറിക്കകത്തുകയറി കുറ്റിയിട്ടു.
"നീയെന്താ കാണിക്കുന്നേ! കതക് തുറക്ക്."
അവൾ അലറി.
അവൻ അവളുടെ അടുത്തേക്ക് ഉമ്മ വെക്കാൻ വന്നു.
"മാറി നിക്ക് മൈരേ... ടാ...'

അവൾ കൂടുതൽ ശബ്ദമുണ്ടക്കുന്നതിനുമുൻപ് അവൻ അവളുടെ വായപൊത്തി. മുഴുവൻ ശക്തിയും ഉപയോഗിച്ച് അവളെ കട്ടിലിലേക്ക് തള്ളിയിട്ടു. എന്നിട്ട് അവൻ അവളുടെ വസ്ത്രങ്ങൾ അഴിച്ചുമാറ്റി ബലമായി ഭോഗിക്കാൻതുടങ്ങി. കുറച്ചു നേരത്തെ ബലപ്രയോഗത്തിനുശേഷം അവൻ വായിൽനിന്നും കൈയ്യെടുത്തുമാറ്റി അവളോട് പറഞ്ഞു, "ആ വാക്കു പറ... "
അവൾ നിശ്ശബ്ദമായി അവനെ നോക്കി കരയാൻ തുടങ്ങി.
അവൻ അവളുടെ മുഖത്തടിച്ചു ചോദിച്ചു, "പറ ആ വാക്കു പറ... "
അവൻ ഉറക്കെ കരയാൻ തുടങ്ങി. അലറാൻ തുടങ്ങി.
അപ്പോൾ അവൾ അവന്റെ കഴുത്തു പിടിച്ച് അവളിലേക്കടുപ്പിച്ചു. എന്നിട്ട് പറഞ്ഞു, "കഥയുടെ ലിംഗം ഇനി ഉദ്ധരിക്കില്ല."
ഇതു കേട്ടതും അവൻ ഉറക്കെ അലറി.
ഭ്രാന്തമായി കിടക്കയിൽനിന്നെഴുന്നേറ്റ് കഥയിൽനിന്നുകൊണ്ട് അവൻ എന്നെ നോക്കി ചോദിച്ചു, "നിങ്ങൾ എന്തിനാണ് എന്നെക്കൊണ്ട് ഇതു ചെയ്യിപ്പിച്ചത്?"

എനിക്ക് അതിന് ഒറ്റ ഉത്തരമേ ഉണ്ടായിരുന്നുള്ളൂ, "എനിക്കൊരു കഥകൂടി വേണമായിരുന്നു.... "
പെട്ടന്ന്, അവൾ ഉറക്കെ ചിരിക്കാൻ തുടങ്ങി.
ചിരിയുടെ ശബ്ദം ഉയർന്നുവന്നു.
എനിക്കും അവനും പേടിയായി.
അടിവയറു വേദനിക്കുന്നു. നോക്കിയപ്പോഴാണ് കണ്ടത്.
നഗ്നമായ എന്റെയും അവന്റെയും ലിംഗങ്ങൾ ഉള്ളിലേക്കു മരിച്ചുപോയിരിക്കുന്നു..


ഗോകുൽ രാജ്

കഥാകൃത്ത്‌, സംവിധായകൻ, നാടക രചിയതാവ്. "ഒറ്റപ്പെട്ടവരുടെ റെയിൽവേ സ്റ്റേഷൻ" എന്ന കഥാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട് Domestic Dialogues, ഉഴൽ എന്നീ സമാന്തര സിനിമകൾ സംവിധാനം ചെയ്തു.

Comments