അർജുൻ കെ.വി. / Background Photo: KANDANAR KELAN

രാവിൽ രൂപവതി

താ ഇതുവരേയും യക്ഷി പറഞ്ഞതൊക്കെ കിറുകൃത്യമാണ്.

കാഞ്ഞങ്ങാട് നിന്ന് വിട്ടാൽ കൊടകിന് താഴെ പെരുപ്പാമ്പ് പോലെ ഡിവൈഡറുള്ള ഈ
പാണത്തൂര് ടൗണിലേക്ക് ദൂരം നാൽപത്തിനാല് കിലോമീറ്റർ.
ഓഡിനറി ബസിനാണെങ്കിൽ ടിക്കറ്റിന് അമ്പത്തിനാല് രൂപ വരും.
ഇതൊക്കെ യക്ഷി പറഞ്ഞതാണ്.
ഇതൊക്കെയാർക്കും പറയാൻ പറ്റുംന്നല്ലേ... അല്ല...
ഇതിനു മുമ്പും അവൾ പല കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. അതൊക്കെ കൂടി ഓർത്തു നോക്കിയാൽ ആരായാലും അതിശയം കൊണ്ട് തലയിൽ കൈ വെച്ച് പോവും.

ഇതാ അവളുടെ പുതിയ മെസേജ് വന്നു.
- പാണത്തൂർ ഇറങ്ങിയെങ്കിൽ ബാറിന് ഓപ്പോസിറ്റുള്ള ഹോട്ടലിൽ കേറി എന്തെങ്കിലും തിന്നോ...
പിന്നെയൊന്നും കിട്ടിയെന്നു വരില്ല.

വിശപ്പൊന്നുമില്ല. അവളു പറഞ്ഞ സ്ഥിതിക്ക് ഹോട്ടലിൽ കേറി.
വലിയ പുറംമോടിയൊന്നുമില്ല. തിരക്കുമില്ല. നാലോ അഞ്ചോ ടേബിളുകളും മതിയായ സ്റ്റൂളുകളും. ചുമരിൽ ഉയരത്തിൽ വെൽഡ് ചെയ്തു വെച്ച ഇരുമ്പ് തട്ടിൽ പഴയൊരു പെട്ടി ടിവി. അതിൽ എമ്പതിലെ ഒരു മലയാളം പടം പരസ്യവുമായി ഗുസ്തി പിടിക്കുന്നു.

നാൽപ്പതൊക്കെ തോന്നിക്കുന്ന ഒരു ചേച്ചി മാത്രമേ അവിടെയുള്ളൂ. വെയ്റ്ററും ക്യാഷ്യറുമൊക്കെ അവര് തന്നെ. ചേച്ചിയോട് യക്ഷിയെ പറ്റി ചോദിച്ചാലോ എന്ന് തോന്നി. എന്തായാലും അറിയാനൊന്നും ചാൻസില്ല. പിന്നെ ആലോചിച്ചപ്പോൾ അവളെ വെറുതേ ചൊടിപ്പിക്കണ്ടെന്നും കരുതി. ചോറും മീൻ പൊരിച്ചതുമൊക്കെ കഴിഞ്ഞു പോയി. ഉച്ച കഴിഞ്ഞത് കൊണ്ട് അതൊന്നും വേണ്ടെന്ന് പറഞ്ഞു. ചൂടുള്ള പൊറോട്ടയും കൊടമ്പുളിയിട്ട അയലക്കറിയും പൊടിച്ചായയും ടേബിളിൽ വച്ചു തരുന്ന കൂട്ടത്തിൽ ചേച്ചി പരിചയമുള്ള പോലെ തെളിഞ്ഞു ചിരിച്ചു. ഞാനും ചിരിച്ചു.
കൈ കഴുകി ബേസിനിൽ കുലുക്കി തുപ്പിയതും ദാ വരുന്നു അവളുടെ അടുത്ത സന്ദേശം;
- കൊടമ്പുളിയിട്ടു വെച്ച മീൻ കറിയാണ് അവിടത്തെ ഹൈലേറ്റ്.
ശ്രീജേച്ചിയുടെ സ്പെഷൽ.
ഏത് ശ്രീജേച്ചിയെന്ന് മനസ്സിലൊന്ന് ആലോചിക്കാൻ പോലും അവൾ സമയം തരുന്നില്ല.
അടുത്ത മെസേജ് വന്നു;
- വയലറ്റ് നൈറ്റിയിട്ട് നിന്നോട് ചിരിച്ച ആ ഓൾ ഇൻ ഓൾ ചേച്ചി തന്നെ.

ശ്രീജേച്ചിയെ വീണ്ടും നോക്കുന്നതിന് പകരം ഞാൻ ചുറ്റിലും നോക്കി. യക്ഷി നീ ഇതെവിടെയാണ്...

ശ്രീജേച്ചിയല്ലാതെ മറ്റൊരു സ്ത്രീ എന്റെ കാഴ്ച്ച വട്ടത്തൊന്നുമില്ല. ഇനി യക്ഷി വല്ല യക്ഷനാണോന്ന സംശയം കാഞ്ഞങ്ങാട് നിന്ന് ബസ് കേറുന്നത് വരെയുണ്ടായിരുന്നു. അവൾക്കത് എങ്ങനെയോ മനസ്സിലായി. അതുവരെ മെസേജ് അയച്ച കക്ഷി വിളിച്ചു. കോൾ കണ്ടപ്പോൾ എന്താണെന്നറിയില്ല ഞാൻ പതറി.
പാട്ടുകാരി സിത്താരയുടേതൊക്കെ പോലുള്ള കനമുള്ള ശബ്ദം. എന്റെ തൊണ്ട ശെരിക്കും വരണ്ടു പോയി. എനിക്കൊന്നും മിണ്ടാൻ പറ്റിയില്ല. അവൾക്കതും മനസ്സിലായി. നേരിട്ട് കാണുന്നതല്ലേന്നും പറഞ്ഞ് കട്ട് ചെയ്തു. ഒന്നും മിണ്ടാൻ കഴിയാത്തതിൽ ശരിക്കും നിരാശ തോന്നിപ്പോയി എനിക്ക്. കുറേ നേരം മൊബൈൽ ചെവിയിൽ തന്നെ പിടിച്ചു നിന്നു. പിന്നെ ബസിന് പുറത്തേക്ക് മുഖം തിരിച്ചു നിന്നു. കുറേ വണ്ടികൾ... മരങ്ങൾ... കുറ്റിച്ചെടികൾ... ബസ് സ്റ്റോപ്പ്... കെട്ടിടടങ്ങൾ... കൽവർട്ടുകൾ... പാലങ്ങൾ...ഒക്കെയും പിറകിലേക്ക് മാഞ്ഞു ചെരിഞ്ഞു പോവുന്നു. രൂപമില്ലാത്ത നിറമില്ലാത്ത മണമില്ലാത്ത ശബ്ദം മാത്രമുള്ള മൊബൈലിൽ ടെക്സ്റ്റ് മെസേജുകൾ മാത്രമയക്കുന്ന യക്ഷി മുന്നിൽ നിൽക്കുന്നു. മിനുക്കിയെടുത്ത അവളുടെ നീളൻ വിരലുകളിൽ തന്നെ എന്റെ കണ്ണുടക്കി പോയി.
യക്ഷിയെ ഇമചിമ്മാതെ കുറേ നേരം നോക്കിയ ശേഷം ഞാൻ ഉറങ്ങി പോയി.

ഇതൊക്കെ പറയുമ്പോഴും കഴിച്ചതിന്റെ കാശ് കൊടുക്കാൻ പേഴ്സ് കയ്യിലെടുക്കുമ്പോഴും പലയാവർത്തി ഞാൻ ചുറ്റിലും നോക്കുന്നുണ്ട്.
നോക്കിയിട്ടോ പരതിയിട്ടോ കാണാനൊന്നും പോണില്ല. കാണണമെങ്കിൽ അവള് തന്നെ വിചാരിക്കണം. അതെനിക്കുറപ്പുണ്ട്. എങ്കിലും നോക്കിയെന്നേയുള്ളൂ...
പക്ഷെ അവൾക്കെന്നെ കാണാൻ പറ്റുന്നുണ്ട്.

പറഞ്ഞുവരുന്ന വിഷയം മധുരമുള്ള ദുരൂഹതയെ പറ്റിയാണ്. അതിന്റെ തീവ്രത ഇങ്ങനെ ഇരട്ടിമധുരം പോലെ വർദ്ധിക്കുന്നുണ്ട്.
ടിഷ്യൂപേപ്പറിന് പകരം മുറിച്ചു വെച്ച എതോ കന്നഡ മാഗസീനിൽ നിന്ന് ഒന്ന് രണ്ടെണ്ണമെടുത്ത് കയ്യും ചുണ്ടും തുടച്ച് ചുരുട്ടി ബാസ്ക്കറ്റിലിട്ടു. ഹോട്ടലിൽ നിന്ന് പുറത്തേക്കിറങ്ങി. സൈഡിലുള്ള മതിലിലൂടെ കെട്ടിടത്തിന്റെ പിറകിലേക്ക് നടന്ന് മൂത്രച്ചൂരടിക്കുന്ന മൂലയിലെത്തി. കുറച്ച് പ്ലാസ്റ്റിക്ക് കവറുകളും ചീഞ്ഞു പോയ വള്ളിച്ചെടികൾക്കും മുമ്പിൽ സിബ്ബ് വലിച്ചു താഴ്ത്തി. കൊടക് മലയുടെ തണുപ്പ് താഴോട്ടിറങ്ങി വന്നു. സിബ്ബ് വലിച്ചു കേറ്റുന്നതിനിടയിൽ ഉൾപുളകം വന്ന് ശരീരമൊന്ന് വിറങ്ങലിച്ചു പോയി. ഒരു സിഗരറ്റിനും തീ പിടിപ്പിച്ച് മലകളിലേക്ക് നോക്കി പുക ഊതിയിറക്കി. മറന്നെന്ന പോലെ ജോഗറിന്റെ കീശയിൽ നിന്ന് മൊബൈൽ വലിച്ച് പുറത്തെടുത്തു. കരുതിയ പോലെ മെസേജ് വന്നു കിടപ്പുണ്ട്.

-പോണ്ടേ?
-പോണം... ഇനിയെങ്ങോട്ടാണ്?

ഓവുചാൽ കടന്നു വെക്കുമ്പോഴേക്ക് മെസേജ് വന്നു

- ബാറിന് മുമ്പിലുള്ള ഓട്ടോ കണ്ടോ?
- കുറേ ഓട്ടോകൾ കണ്ടു.
- മന്ദപ്പനെന്നെഴുതിയ വണ്ടി കണ്ടോ?
- കണ്ടു.
- അതിന്റെ തൊട്ടടുത്തുള്ള തൂണിനു ചാരി നിക്കുന്ന കാക്കിയെ കണ്ടോ?
- കണ്ടു.
- അയാൾ ഓക്കെയാണ്. കൈകാണിച്ചു വിളിച്ചോ...

വിളിച്ചു. ഓട്ടോ കുണുങ്ങിക്കുണുങ്ങി വന്നു.
- എല്ലിഗെ?
വായിലുള്ള പാൻ തുപ്പി കളഞ്ഞ് കാക്കി ചോദിച്ചു.
- മഞ്ഞടുക്കം...തുളൂർവനം റോഡ്...

അവൾ പറഞ്ഞത് തന്നെ ഞാൻ ആവർത്തിച്ചു.

രണ്ടു സംസ്ഥാനങ്ങളുടെ ജി ഐ പൈപ്പ് കെട്ടിയുള്ള ചെക്ക്പോസ്റ്റ് കടന്ന് ഓട്ടോ മുന്നോട്ട് പാഞ്ഞു. ഇപ്പോ വണ്ടിയുടെ കുണുങ്ങലില്ല. കുലുക്കം മാത്രേയുള്ളൂ. പണിക്കാരെയും സ്കൂൾ പിള്ളേരേം കൊണ്ട് മടങ്ങുന്ന ജീപ്പുകൾ എതിരെ വരുമ്പോൾ ഹോണടിച്ചു കൊണ്ടിരുന്നു.
തെങ്ങും കാട്ടുമരങ്ങളൊക്കെ കടന്ന് കഴിഞ്ഞ് ഓട്ടോ കവുങ്ങിൻ തോട്ടത്തിലിറങ്ങി. പൊളിഞ്ഞ റോഡിലൂടെ വണ്ടി കുതിച്ചും ഒതുങ്ങിയും മുന്നോട്ട് ഉരുണ്ടു.

സമയം നാലര കഴിഞ്ഞു. വീണ്ടും യക്ഷിയുടെ നിർദ്ദേശം വന്നു. അവൾ പറഞ്ഞപ്പോൾ വണ്ടി നിർത്താൻ പറഞ്ഞു.
ഒരു കവലയാണെന്നൊക്കെ വേണമെങ്കിൽ പറയാം. ചുറ്റുവട്ടത്തൊന്നും വീടുകളില്ല. മുമ്പിൽ കാടു പിടിച്ചു കിടക്കുന്ന ഒരു കെട്ടിടം കാണുന്നുണ്ട്. പി എച്ച് സിയാണെന്ന് തോന്നുന്നു. തോട്ടങ്ങൾക്കിടയിലൂടെ നേർത്ത ഇടവഴികൾ മാത്രം. മുകളിലേക്കു നോക്കിയപ്പോൾ ആകാശത്ത് നിലചക്രം കത്തിയപോലെ കവുങ്ങിൻപട്ടകൾ. അതിനിടയിലൂടെ വെയിൽ മണ്ണിൽ ചിത്രം വരക്കുന്നു. കൂമ്പാള പൊട്ടിയ നേർത്ത ഗന്ധം കാറ്റിൽ അലിഞ്ഞിട്ടുണ്ട്.
കൂടുതൽ കാശൊന്നും ഓട്ടോക്കാരൻ വാങ്ങിയില്ല. പരിചയമുള്ള പോലെ അയാളും ചിരിച്ചിരുന്നു.
ചളിക്കണ്ടത്തിലൂടെ ആമ പോവും പോലെ ഓട്ടോ മറഞ്ഞു പോയി.
ഇനിയെങ്ങോട്ടെന്ന് ചിന്തിച്ചു. മെസേജ് വന്നു.

- ആവർത്തിച്ചുള്ള ഒച്ച കേൾക്കുന്നുണ്ടോ?
- ഉണ്ട്.
- ആട്ത്തേക്ക് വാ...
യക്ഷി ചുരുങ്ങിയ വാക്കിൽ പറഞ്ഞു.

ഞാൻ കണ്ണടച്ചു കുറച്ചു നേരം കൂടി നിന്നു. ആവർത്തിച്ചു എന്തിലോ തല്ലും പോലുള്ള ശബ്ദം. വലിയ പുതപ്പ് ചുരുട്ടി അലക്കുക്കല്ലിൽ തല്ലും പോലെ. അതിൻറെ പ്രതിധ്വനി മലയടിവാരത്ത് ഒതുങ്ങുന്നു. ശബ്ദം വരുന്ന ദിക്ക് ഏകദേശം മനസ്സിലായപ്പോൾ ഇടവഴിയിലൂടെ മുന്നോട്ട് നടക്കാൻ തുടങ്ങി. കുറച്ചു നടന്നപ്പോൾ ഇരപിടിക്കാനുള്ള തയ്യാറെടുപ്പിലൊരു പൂച്ച മുന്നിൽ തടഞ്ഞു. അതന്നെ കണ്ടപ്പോൾ കവുങ്ങിൻ തടത്തിലേക്ക് വാലൊതുക്കി പതുങ്ങി. അതിനിടെ ചാട്ടുളി പോലൊരു പക്ഷിയും ചിറകടിച്ചു. ഞാൻ ചെറുതായി പേടിച്ചു പോയി. തണുപ്പ് മലയിറങ്ങി വരാൻ തുടങ്ങി.

ഇപ്പോൾ എത്തിച്ചേർന്നയിടം കുറേ കൊല്ലം പിറകിലേക്കാണെന്ന് തോന്നിപ്പോവും. ഇത്രയും വലിയൊരു കവുങ്ങിൻ തോട്ടം ഞാനിതു വരെ കണ്ടിട്ടില്ല.
അതിന് നടുവിൽ ട്രഡീഷണൽ ടച്ചുള്ള പഴയൊരു ഓടിട്ട വീട്. അതിന് ചുറ്റും മുരിക്കിലും കവുങ്ങിലും പടർന്ന് പിടിച്ച കുരുമുളക് വള്ളികൾ. ആറേഴ് പണിക്കാർ മുറ്റം പുതുക്കുന്നു. മരത്തിൽ കൊത്തിയെടുത്ത നിലംതല്ലിയെടുത്ത് മണ്ണിൽ ആഞ്ഞടിക്കുന്ന ശബ്ദമായിരുന്നു ഞാൻ ദൂരെ നിന്ന് കേട്ടത്. ചെറുപ്പത്തിലെങ്ങോ ഇതുപോലെ തറവാട്ടിൽ കളം മിനുക്കിയിട്ടുണ്ട്. ചാണകവും നനഞ്ഞ മണ്ണും കലർന്ന ഓർമ്മകൾ ഉള്ളിൽ നിറഞ്ഞു.

മുറ്റത്തിന് താഴെ കല്ലു കെട്ടിയ പടികൾക്ക് മുമ്പിൽ ബാഗും പിടിച്ചു നിൽക്കുന്ന എന്നെ കണ്ടപ്പോൾ ഒരു വല്യച്ചൻ താഴോട്ടിറങ്ങി വന്നു. മുട്ടോളമുള്ള തോർത്തിലും കാലിലും ചെളിയും ചകിരികരിയും പുരണ്ടിരുന്നു. അടുത്തേക്ക് വന്നു നിന്ന് കന്നഡയിൽ എന്തോ ചോദിച്ചു. എനിക്ക് കന്നഡ അറിയില്ല. എനിക്കൊന്നും മനസ്സിലാവുന്നുമില്ല.
ഒരൂഹത്തിൽ കെഴക്കൂലം, തെയ്യം എന്നൊക്കെ പറഞ്ഞൊപ്പിച്ചു.

വല്യച്ചൻ എന്തോ ആലോചിച്ചെന്ന വണ്ണം ചിരിച്ചു.
പിന്നെയും കന്നഡയിൽ എന്തൊക്കെയോ പറഞ്ഞു. കൈചൂണ്ടി കാണിച്ചപ്പോൾ പറഞ്ഞത് പോവാനുള്ള വഴിയാണെന്ന് മനസ്സിലായി. പിന്നെയും നടന്നു. വഴിയരികിൽ ചെമ്പരത്തിക്കാട് നിറഞ്ഞു നിൽക്കുന്നു. വണ്ണാത്തിപൂളുകളാണോ എന്നൊന്നും അറിയില്ല. അതുപോലെ തോന്നിക്കുന്ന കുറേ കിളികൾ പാറി കളിക്കുന്നു. ഒന്ന് രണ്ട് ചെമ്പരത്തി പൂവ് പറിച്ച് തേൻ വലിച്ചു കുടിക്കുന്നതിനിടെ വെയിൽ കുന്നിറങ്ങി പോയി. ചീവീടുകൾ കരഞ്ഞു തുടങ്ങി.
കുറച്ച് കൂടി മുമ്പോട്ട് പോയപ്പോഴാണ് നെടുനീളൻ വയലിനറ്റം കണ്ടത്. അതിന് മുന്നിൽ ക്ഷേത്രവും. യക്ഷി പറഞ്ഞ മുന്നാരീശ്വരന്റെ വലിയ മാവും കണ്ടപ്പോൾ കെഴക്കൂലത്ത് എത്തിയെന്ന് മനസ്സിലായി.
ഇനിയെങ്ങോട്ടെന്ന് ആലോചിച്ചതും മൊബൈലിൽ അവളുടെ നിർദ്ദേശം തെളിഞ്ഞു.

- വയലിനരിക് പിടിച്ച് മുമ്പോട്ട്... വാ...

പിന്നെയും നടന്നു. കവുങ്ങിൻ തോട്ടത്തിനരികിൽ ചെറിയ കുളം കണ്ടപ്പോൾ കയ്യും മുഖവും കാലുമൊക്കെ കഴുകി. പൂത്താലിയിലകളിൽ കേറി നിന്ന തവളകൾ എന്നെ കണ്ടപ്പോൾ ബഹളമുണ്ടാക്കി വെള്ളത്തിലേക്ക് തുള്ളി.
കവുങ്ങിന് ചാരി നിന്ന് വീണ്ടുമൊരു സിഗരറ്റിന് തീ പിടിപ്പിച്ചു. തണുപ്പ് ഇരച്ചു വരുമ്പോൾ കവുങ്ങ് പട്ടകൾ കൂട്ടിയിട്ട് തീ കായാൻ തോന്നിയെങ്കിലും സ്ഥല പരിചയമില്ലാത്തത് കൊണ്ട് അതിനൊന്നും മെനക്കെട്ടില്ല. പിന്നെയും നടന്നു. കാലുകൾ കഴച്ചു. ദാഹിച്ചു. പിരിഞ്ഞു തുടങ്ങിയ രണ്ടു വഴികൾക്ക് മുമ്പിലെത്തിയപ്പോൾ മെസേജ് വന്നിട്ടുണ്ടെന്ന് ഉറപ്പിച്ചു. മൊബൈൽ കൈയ്യിലെടുത്തു.

- കേൾക്കുന്നില്ലേ?
യക്ഷി വാക്കുകൾ പിശുക്കുന്നു.
മലകളിലെവിടെയോ ഒന്നിന് പിറകെ അഞ്ച് എലിവാണം മുകളിലേക്കുയർന്ന് പൊട്ടി. പഞ്ഞി മിഠായി പോലെ പുക വെളിച്ചം കുറഞ്ഞ ആകാശത്ത് പടരുന്നു.
കയറ്റം കയറി തുടങ്ങുമ്പോൾ കവുങ്ങുകളില്ലാതായി. കൈകൾ കൊണ്ട് കെട്ടിപ്പിടിക്കാൻ പറ്റാത്തത്രയും വലിയ കാട്ടുമരങ്ങളും മുളങ്കൂട്ടങ്ങളും നിറഞ്ഞു. കാട്ടിനുള്ളിൽ ആളനക്കം വന്നപ്പോൾ ഞാൻ കൂടുതൽ കരുതിയിരുന്നു. പരിചയമില്ലാത്ത ഒച്ചകളും കേൾക്കുന്നു. ഇനി മുമ്പോട്ട് വഴിയില്ല. കല്ലുകളും കുറ്റിക്കാടുകളും മാത്രം. എത്തിപ്പെട്ടത് വലിയൊരു കാവിലാണെന്ന് മനസ്സിലാക്കാൻ തന്നെ കുറേ നേരമെടുത്തു. അതിരും മതിലുമൊന്നുമില്ലാത്ത കാവ്. അറിയുമ്പോൾ കൊടുങ്കാടായി തോന്നിയെങ്കിലും കാവാണെന്ന് നേർപ്പിച്ചു പറഞ്ഞത് അവളാണ്.
ഒന്നൂടി ചോദിച്ചുറപ്പിക്കാമെന്ന് കരുതിയിട്ടും കാര്യമുണ്ടെന്ന് തോന്നുന്നില്ല. നേരത്തേ അയച്ചിട്ട മെസേജുകൾക്ക് പോലും ഇതുവരെ മറുപടി വന്നിട്ടില്ല. എന്തെങ്കിലും തിരക്കിലായി പോയിട്ടുണ്ടാവും. ഒരു ട്രാവൽ മാഗസീന് വേണ്ടി ആർട്ടിക്കിൾ എഴുതാൻ മാത്രമല്ലല്ലോ ഞാനിത്രയും ദൂരം വന്നത്. അതിന് വേണ്ടി മാത്രമായിട്ടുള്ള സഹായങ്ങളല്ലല്ലോ അവളിപ്പോഴും ചെയ്തു കൊണ്ടിരിക്കുന്നത്. കൃത്യ സമയത്ത് അവൾ മെസേജ് അയക്കും. കൃത്യ സമയമായി കാണില്ല. അതിനിങ്ങനെ വേവലാതി പിടിച്ചിട്ട് എന്ത് കാര്യം.

പടർന്ന വള്ളിപ്പടർപ്പുകൾ കൈകൊണ്ട് കവച്ച് മുമ്പോട്ട് നടന്നു. കയ്യിലും കാലിലും മുള്ളും കോലും കൊണ്ട് മുറിഞ്ഞെങ്കിലെന്താ ചെത്തി മിനുക്കിയ മൺതറ കാണാൻ പറ്റിയല്ലോ. എന്റെ ശ്വാസം നേരെയായി. തറഞ്ഞ കുത്തു വിളക്കിൽ നിന്ന് ഒലിച്ചിറങ്ങുന്ന വെട്ടം പത്തിരുപതോളം ആൾക്കാരുടെ മുഖങ്ങൾ കാണിച്ചു തന്നു. ഇലകളിൽ തട്ടാതെ നീങ്ങി നിന്നപ്പോൾ പട്ട് പൊതിഞ്ഞ ഏറ്റുമുടി കണ്ടു.

യക്ഷി പറഞ്ഞത് പോലെ തന്നെ. പത്തുപേര് ഒരുമിച്ച് ശ്രമിച്ചാൽ പോലും അതുയർത്താൻ പറ്റുമെന്ന് തോന്നുന്നില്ല. ഏറ്റുമുടിക്കുള്ളിൽ കാട്ടുമുളകൾ ചെത്തി നിർമ്മിച്ച കെട്ടുക്കോപ്പിന്റെ നിഴലുകൾ തെളിഞ്ഞു കണ്ടു. കാത്തിരിക്കേണ്ടി വന്നില്ല. അന്തിത്തിരിയൻ വിറച്ചു കൊണ്ട് ഓട്ടുവിളക്കുകളിൽ എണ്ണ നിറച്ചു തുടങ്ങി. കൂടുതൽ വെളിച്ചം വന്നപ്പോൾ ചുറ്റുപാടിന്റെ മട്ടു മാറി.

Source Image: Sharish Rajendran
Source Image: Sharish Rajendran

പ്രധാനപ്പെട്ട ചിലർ ചെത്തി മിനുക്കിയ മണ്ണിലേക്ക് പട്ടുടത്ത് ഇറങ്ങി നിന്നു. കൈമണി മാത്രം മുട്ടി തുടങ്ങിയപ്പോൾ കാടിനുള്ളിൽ എന്തോ പാഞ്ഞടുത്തു. പനിയനെ പോലുള്ള രണ്ടു തെയ്യങ്ങൾ കാടിനുള്ളിലേക്കും പുറത്തേക്കും ഓടി മറഞ്ഞു. മുഖപ്പാളയും പട്ടും മാത്രം വേഷം. കാര്യമെന്തന്നറിയണമെന്നുണ്ട്. ചോദിക്കാനോ പറയാനോ തൊട്ടടുത്ത് ആരുമുണ്ടായില്ല. അതിനിടെ മനസ്സിലാവാത്ത ഏതോ പ്രാചീന ഭാഷയിൽ തെയ്യങ്ങൾ ദൂരേക്ക് നോക്കി മൊഴി പറയുന്നു. ചുറ്റും നിന്ന പെണ്ണുങ്ങളും ആണുങ്ങളും അത് കേട്ട് ആദ്യം ചിരിയടക്കി. പിന്നെ കരയുകയും ചെയ്യുന്നു. വലിയൊരു ആർപ്പോടെ ഇരുതെയ്യങ്ങളും ഇരുട്ടിലേക്ക് ഓടി മറഞ്ഞു.

എനിക്കൊന്നും മനസ്സിലായില്ല. പിന്നെയും വിളക്കുകൾ ഒന്നൊന്നായി കെട്ടു. വലിയ ഒച്ചയിലുണ്ടായിരുന്ന സംസാരങ്ങൾ വീണ്ടും പിറുപിറുക്കലുകളായി. ഇരുട്ടും നിശബ്ദതയും കൂടി വന്നപ്പോൾ യക്ഷിയെ ഓർമ്മ വന്നു. മെസേജയച്ചു നോക്കിയെങ്കിലും. മറുപടിയൊന്നുമില്ല.
വിളിച്ചു നോക്കി. റിങ്ങ് പോലും ചെയ്യുന്നില്ല.
എന്തെങ്കിലുമാവട്ടേയെന്ന് കരുതി മണിക്കുറുകളോളം കാത്തിരുന്നിട്ടും വല്യമുടി തെയ്യം ഇറങ്ങിയില്ല. അതിനായുള്ള അണിയറയോ കോലക്കാരനെയോ കാണുന്നില്ല. തണുപ്പ് വന്നു പൊതിയുമ്പോഴേക്കും ഓരോ മനുഷ്യരും കാവിറങ്ങി തുടങ്ങി. എന്തു ചെയ്യണമെന്നറിയാതെ കുറേ നേരം നിന്നു.

ഒടുവിൽ ഇരുട്ടിൽ ബീഡി കത്തിച്ച് ഒരു മനുഷ്യൻ എന്റെയടുത്തേക്ക് നടന്നു വന്നു. അയാൾ കുറേ നേരമായി എന്നെ ശ്രദ്ധിച്ചിരിക്കണം. എരിഞ്ഞ ബീഡി വിരലിലൊതുക്കി അയാൾ പുകയില നുള്ളി വായിലിട്ടു. ഏതോ വിചിത്ര ഭാഷയിൽ എന്തൊക്കെയോ ചോദിച്ചു.
മലയാളം മാത്രമേ അറിയുമെന്ന് പറഞ്ഞപ്പോൾ എന്റെ കൈപിടിച്ച് വിളക്കിനരികിലേക്ക് കൂട്ടി കൊണ്ട് പോയി.
പ്രായം ചെന്ന ഉയരം കുറഞ്ഞ ഒരു മനുഷ്യൻ ഏറ്റുമുടി പോതി ഇറങ്ങാൻ പുലരുമെന്ന് പറഞ്ഞു.

- ഇനി ഈട നിക്കണ്ട.. ബാ...

നേർച്ച കിട്ടിയ ഒരു നാടൻകോഴിയുടെ കെട്ടിയിട്ട കാല് കൂട്ടി പിടിച്ച് അയാൾ മുന്നിൽ ചൂട്ട് വീശി. ഞാൻ പിന്നാലെ നടന്നു. വരമ്പിലൂടെ നടക്കുമ്പോൾ നേർത്ത നിലാവ് പരന്നു. മലയിറങ്ങി വരുന്ന മകരമഞ്ഞിലൂടെ ഒരു വാൽ നക്ഷത്രം നീങ്ങുന്നത് കണ്ടു. ചൂട്ട് നിലത്തു കുത്തുമ്പോൾ കനൽ പിണരുകൾ ഇരുട്ടിൽ ചിതറി. അത് കണ്ട് പകച്ച കോഴി ചിറക് കുടഞ്ഞ് കുതറി. കൂടുതൽ ഊക്കിൽ അയാളതിന്റെ കഴുത്തും കൂടി കാലിനൊപ്പം ചേർത്ത് മുറുക്കെ പിടിച്ചു. ശ്വാസം കിട്ടാതെ കോഴി അതിന്റെ കൊക്കുകൾ പറ്റാവന്നത്രയും തുറന്നു പിടിച്ചു. ഇടക്കിടക്ക് അതിന്റെ കണ്ണുകളടയുന്നു. ശ്വാസമറ്റു പോവും പോലെ അനങ്ങാതാവുന്നു. വീണ്ടും പിടക്കുന്നു. അത് കണ്ടപ്പോൾ എന്റെ നെഞ്ചിടിപ്പ് കൂടി കൂടി വന്നു.

Source: Praveen C Raj Happiness
Source: Praveen C Raj Happiness

എത്ര നേരം അങ്ങനെ നടന്നെന്നറിയില്ല. എവിടെയെത്തിയെന്നുമറിയില്ല. ഇടക്ക് അയാൾ നിന്നു. വഴിയരികിൽ തന്നെ ചൂട്ട് വലിച്ചിട്ടു. കോഴിയെ നിലത്തേക്കിട്ടു. പിന്നെ വലിയൊരു ഇല്ലിക്കാട്ടിനുള്ളിലേക്ക് നൂണു കയറി. കുറച്ചു നേരം ഇരുട്ടിൽ ചില അനക്കങ്ങൾ മാത്രം കേട്ടു.
തിരിച്ചു വരുമ്പോൾ അയാളുടെ കൈയ്യിലൊരു കന്നാസ് കണ്ടു. എവിടെ നിന്നോ പരതി കിട്ടിയ ചിരട്ട മുണ്ട് കൊണ്ട് തുടച്ച് വൃത്തിയാക്കി കന്നാസ് കമിഴ്ത്തി.
- റാക്ക്..

അയാളെന്നെ നോക്കി ചിരിച്ചു. ചൂട്ട് വെട്ടത്തിൽ അയാളുടെ പല്ലുകൾ തലപ്പാളി പോലെ മിന്നി.
തൊണ്ടക്കുഴലിലൂടെ റാക്കിറങ്ങി ചെല്ലുന്നതിന്റെ പുകച്ചൽ സഹിക്കാൻ പറ്റാതെ ഞാൻ കുത്തി ചുമച്ചു.
നിലത്തിട്ട ചൂട്ടിനെ വീണ്ടു കുടഞ്ഞ് വീണ്ടുമയാൾ വെളിച്ചം പരത്തി.
ആകാശത്തേക്കുയർന്നു നിൽക്കുന്ന വലിയ പാലമരത്തിന് താഴെയാണ് അയാളുടെ വീട്. പാലമരത്തിന്റെ കായകൾ നേർത്ത പാമ്പുകളെ പോലെ താഴോട്ട് തൂങ്ങി നിന്നത് നിലാവിൽ തെളിഞ്ഞു കണ്ടു.

നടന്ന വഴികളും തലയും കറങ്ങി കറങ്ങിയാണ് ഞങ്ങളവിടെവരെയെത്തിയത്.
മുറ്റത്തെ പടിക്കലിൽ തന്നെ അയാൾ ചൂട്ടു കുത്തി കെടുത്തി. കോഴിക്കൂട്ടിൽ ചെന്ന് അയാളതിന്റെ കെട്ടഴിച്ചിട്ടു. പരിചയമില്ലാത്ത കോഴിക്കൂട്ടത്തിനടയിൽ നേർച്ച കോഴി വീണ്ടും ചിറക് കുടഞ്ഞു. തമ്മിൽ കൊത്തുകൂടി.
വരാന്തയിലേക്ക് കേറി വരാൻ അയാൾ ആംഗ്യം കാണിച്ചു. അവിടെയുള്ള ചെറിയ കട്ടിലിൽ നിന്ന് കൊട്ടടക്ക നിറച്ച ചാക്കു കെട്ടുകൾ നിലത്തേക്ക് മാറ്റി വെച്ചു. അടുക്കളയിൽ ചെന്ന് ഒരു മൺപാത്രത്തിൽ വെള്ളം കൊണ്ട് തന്നു.
അയാൾ കതകടച്ച് ഉള്ളിലേക്ക് കേറി പോയപ്പോൾ പിന്നെയുമിരുട്ട്...തണുപ്പ്....
കൊട്ടടക്കയുടെ പൊടി കനത്തപ്പോൾ തൊണ്ടയിൽ കഫം നിറഞ്ഞു. മൂക്കിനിരു വശവും കണ്ണും ചൊറിഞ്ഞു. കുറേ തവണ തുമ്മാൻ ആഞ്ഞെങ്കിലും തുമ്മിയില്ല.
ബാഗ് തലയ്ക്കരികിലേക്ക് ഒതുക്കി വച്ച് മൊബൈൽ നോക്കുമ്പോൾ സമയം ഒരു മണി.
അവളെ ഓർക്കും മുമ്പേ മെസേജ് തെളിഞ്ഞു.
- പറ്റിച്ചൂന്ന് തോന്നിയോ?
- ഇല്ല
- ഉം
- എവിടെയാണ്?
- ഇവിടെ...നിന്റെ തൊട്ടടുത്ത്...

മറുപടി കണ്ടപ്പോൾ തന്നെ മൊബൈലിന്റെ വെളിച്ചം കെട്ടു. പാല പൂത്ത മണം നെറ്റി തടങ്ങളിൽ സൂചി കുത്തും പോലെ. പറമ്പിലെവിടെയോ ഒരു പുള്ള് പിന്നെയും ചിറകടിച്ചു. വീടിനകത്ത് നിന്ന് പതിഞ്ഞു തുടങ്ങിയ ചിലമ്പൊച്ച വാതിലിനരികിലെത്തുമ്പോൾ കനത്തു. വാതിൽ പാളിയുടെ ആങ്കോല് ഉരച്ചുരച്ച് നീങ്ങി തുടങ്ങുമ്പോൾ ഞാൻ പറ്റാവുന്നത്രയും മുറുക്കത്തിൽ കണ്ണടച്ച് കമിഴ്ന്നുകിടന്നു.

Comments