കരുണന്റെ കൂടെ ജീവിതം തുടങ്ങിയതുമുതൽ ജീവിച്ചിരിക്കുന്നുണ്ടെന്ന് അയൽക്കാർക്കുപോലും തോന്നിപ്പിക്കാത്ത നിശ്ശബ്ദതയായിരുന്നു, ഇതുവരെയും ഗൗരി. അതുകൊണ്ടാണ് പുലർച്ചെയുടെ നാലുമണികുളിരിൽ നാട്ടുകാരുടെ ഉറക്കച്ചെവികളിലേക്ക് വീണ ഗൗരിയുടെ നിലവിളിയെ വിശ്വസിക്കാനാവാതെ തുടകൾക്കിടയിലേക്ക് കൈകൾ തിരുകി ഉറക്കത്തിലേക്ക് വീണ്ടും വീഴാൻ പോയത്. കര്ണേട്ടൻ നന്ന വിട്ടു ഹോദ എന്ന കരച്ചിൽ മഞ്ഞിലൂടെ അക്കരക്കുന്നിലേക്കും വ്യാപിച്ചതോടെ നാടുണർന്നു. നാട്ടിൽ കന്നഡ മാതൃഭാഷ പോലെ സംസാരിക്കാനറിയുന്ന ഒരേ ഒരാൾ ഗൗരിയാണെന്ന് സകലർക്കുമറിവുള്ളതിനാൽ കരുണൻ എവിടെയായിരിക്കും ഈ പുലർച്ചെ പോയത് എന്ന് അവർ നെറ്റി ചുളിച്ചു. കുന്നുകൾക്കിടയിൽ വ്യാപിച്ച കോടയെ തുരന്ന് ടോർച്ചു വെളിച്ചം തലങ്ങും വിലങ്ങും ധൃതിയിൽ കുന്നു കയറാൻ തുടങ്ങി. മലർന്നു കിടന്ന കരുണനു മുകളിലേക്ക് നിലവിളിച്ച് തളർന്ന ഗൗരി വീണു.
“ജീപ്പ് വിളിച്ചിട്ടുണ്ട്. ആശുപത്രീ പോവാം”, പടാ പടാ പിടയ്ക്കുന്ന തന്റെ നെഞ്ചിൽ തടവിക്കൊണ്ട് ബാലൻ മാഷ് കിതച്ചു.
“അയിന്റൊക്കെ ആവശ്യൂണ്ടോപ്പാ. പോസ്റ്റ്മോർട്ടം കഴിഞ്ഞ് ബോഡി കിട്ടാനൊക്കെ സമയെടുക്കും. അത് മെനക്കേടാ”.
നിലവിളിക്കാനാരംഭിച്ച ഗൗരിയെ അയൽസ്ത്രീകൾ സമാധാനിപ്പിച്ചു. മരണത്തിന്റെ കറുപ്പിലേക്ക് ആരോ നിലവിളക്ക് കൊളുത്തി. ചന്ദനത്തിരി മൂടൽ മഞ്ഞിനോട് പുകയൂതി മത്സരിച്ചു.
ആശുപത്രിയിൽ കൊണ്ടുപോകാനുള്ള തീരുമാനം ഭൂരിപക്ഷത്തിന്റെ അഭിപ്രായത്തെ മാനിച്ച് ഒഴിവാക്കി. കുന്നിന്റെ മുകളിലേക്ക് ജനങ്ങൾക്ക് വന്നു കയറാനുള്ള കഷ്ടമോർത്ത് ശിക്കാർ ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബിന്റെ വരാന്തയിൽ ബോഡി പൊതു ദർശനത്തിന് വയ്ക്കാനുള്ള തീരുമാനം വന്നു. ക്ലബ്ബിന്റെ വാട്സ്അപ്പ് ഗ്രൂപ്പിൽ ക്ലബ്ബ് സെക്രട്ടറി ഔദ്യോഗിക വാർത്തയും പോസ്റ്റി. "ജീവിതം കൊണ്ട് സർക്കസ് കളിച്ച കരുണേട്ടൻ അപകടമില്ലാത്ത ലോകത്തേക്ക് യാത്രയായി. ആദരാജ്ഞലികൾ" കരയുന്ന ഒരിമോജിയേയും കൂട്ടത്തിലിട്ട് വാർത്ത വിട്ടു.
“ഏത് കരുണൻ?”
ഗൾഫിൽ നിന്നും സുമേഷിന്റെ സംശയത്തിന് നാട്ടിൽ നിന്നുള്ള മറുപടി വന്നു, “നമ്മുടെ ഡെയിഞ്ചർ കര്ണേട്ടൻ”
കണ്ടവരുടെയെല്ലാം ചുണ്ടിൽ ചിരിയാണ് വന്നതെങ്കിലും ചിരിക്ക് പകരം പനിനീർപ്പൂവുകൾ ഗ്രൂപ്പിൽ നിറച്ചു. പത്ത് മണിക്ക് ശേഷം മാത്രമുണരുന്ന കമലേഷിനെ ഏഴ് മണിക്ക് തന്നെ കുലുക്കി വിളിച്ച് ടൗണിലെ കട തുറന്ന് ഫ്ലക്സ് അടിക്കാൻ വിട്ടു. സ്റ്റാർട്ടാക്കി അഞ്ചാറു മീറ്ററിനപ്പുറം ബൈക്ക് നിർത്തി കമലേഷ് സംശയാലുവായി; “ഫ്ലക്സില് ഡെയിഞ്ചർ കരുണൻ ന്ന് വേണോ വെറും കരുണൻന്ന് മതിയോ?”
കൂടിനിന്നവരിൽ ചിലർ അവന് നേരെ തെറിയെറിഞ്ഞപ്പോഴാണ് അവൻ വണ്ടി വിട്ടത്.
എട്ട് മണിക്ക് തന്നെ ക്ലബ്ബിന്റെ വരാന്തയിലേക്ക് കരുണനെ വെള്ള പുതച്ച് കിടത്തി. അതിനു ചുറ്റും നടക്കുമ്പോൾ, ജീവിച്ചിരുന്നപ്പോൾ കരുണന്റെ ഡെയിഞ്ചർ എന്ന ഇരട്ടപ്പേരിൽ ചിരി കോർത്ത് നടന്നവരെല്ലാം മരണത്തിന്റെ യാഥാർത്ഥ്യമോർത്ത് നിശബ്ദമായി തലകുനിച്ചു. സംസാരിക്കാൻ തുടങ്ങുകയാണ് എന്നർത്ഥത്തിൽ ക്ലബ്ബ് സെക്രട്ടറി ചുമച്ചു. പിന്നെ ഉറക്കെ പറഞ്ഞു.
“നാട്ടുകാരെ, ജീവിതം കൊണ്ട് ഇത്രയേറെ ചിരിപ്പിച്ച ഒരു മനുഷ്യൻ നമുക്കിടയിലില്ല. സ്വന്തം അബദ്ധങ്ങളാണ് ചിരിയായി നമുക്ക് തന്നത്. ഡെയിഞ്ചർ കരുണൻ എന്ന വാക്ക് ഉപയോഗിക്കാതെ ഒരാളും ശിക്കാർ ക്ലബ്ബ് പരിസരത്തില്ല. ആ പേര് ഷുഗറിന്റെ ഗുളിക പോലെ ഓരോ ദിവസവും ഒന്നോ രണ്ടോ തവണ നാവിലുരസുന്നു. മറ്റൊരു ഡെഡ് ബോഡിക്കും കിട്ടാത്തൊരു പ്രിവിലേജ് നമ്മുടെ ഡെയിഞ്ചർ കരുണേട്ടന് വേണം. ഒന്നൊന്നര മണിക്കൂറെങ്കിലും ഇദ്ദേഹം നമുക്കൊപ്പം കാണും. നമ്മളിൽ കുറച്ചുപേരെങ്കിലും അദ്ദേഹവുമായുള്ള അനുഭവം പങ്കുവയ്ക്കണം. പ്ലീസ്”
കൂടിനിന്നവരെല്ലാം വേണമെന്ന് തലയിളക്കി. ജുബ്ബയിട്ട വിനോദൻ മാഷ് കസാരയിൽ നിന്നെഴുന്നേറ്റു. നര തുടങ്ങിയ താടി രോമങ്ങളിലേക്ക് തലോടി വാക്കുകളെ ഉത്തേജിപ്പിച്ചു. സാഹചര്യത്തിന് യോജിച്ച താഴ്ന്ന സ്വരത്തിലേക്ക് വാക്കൊതുക്കി.
“പ്രിയപ്പെട്ട ക്ലബ്ബ് സെക്രട്ടറി, ഈ ഭൂമിയിലെ അവസാന നിമിഷത്തിലും നമുക്കൊപ്പം ചെലവഴിക്കുന്ന പ്രിയപ്പെട്ട കരുണേട്ടൻ, പ്രിയ നാട്ടുകാരെ…”
ശിക്കാർ ക്ലബ്ബിലേക്ക് കരുണനെ കാണാൻ വരി വരിയായി അപ്പൊഴും ആളുകളെത്തി.
വിനോദൻ മാഷ്.
ഞാണങ്കൈ റോഡിൻ്റെ വടക്ക് ഭാഗത്തെ ചെങ്കുത്ത് ചെരിവിലെ വീടുകളിലൊന്നിൻ്റെ ടെറസിലേക്ക് വിമാനമിറങ്ങും പോലെ ഒരു ഓട്ടോറിക്ഷ വന്നു വീണതിന്റെ വൈറലായ ഫോട്ടോ വാട്സ് ആപ്പിലും ഫെയ്സ് ബുക്കിലും നിങ്ങളും കണ്ടിരിക്കും. സ്വാഭാവിക ലാൻറിംഗ് നടത്തി പുറത്തിറങ്ങുന്ന പൈലറ്റിനെ പോലെ ഡെയിഞ്ചർ കരുണൻ ഓട്ടോയിൽ നിന്നിറങ്ങി നിൽക്കുന്ന ആ ഒരു ഫോട്ടോ. നെറ്റിയിലെ മുറിവിൽ നിന്നും ചോരയൊഴുകിയതൊഴിച്ചാൽ പൊതുവെ സമാധാനപരമായിരുന്നു ആ വീഴ്ച. പ്രതീക്ഷിക്കാത്തൊരപകടം തലയ്ക്കു മുകളിൽ വന്നു വീണതിന്റെ അങ്കലാപ്പിൽ ആ വീട്ടുകാർ ഞെട്ടി പുറത്തേക്കോടുന്നത് കണ്ട കരുണൻ അവരോട് ഭയപ്പെടരുതെന്ന് വിളിച്ചുപറഞ്ഞു. രണ്ട് കൈകളുമുയർത്തി അനുഗ്രഹം ചൊരിയുന്ന പുണ്യാളനെ പോലെ കരുണൻ അവർക്കുമുകളിൽ ടെറസിൽ നിന്നു. ഒടുക്കം ചെറുവത്തൂരിൽ നിന്നും മഹാരാജാ ക്രെയിൻ സർവീസ് വന്നാണ് ഓട്ടോറിക്ഷ നിലത്തിറക്കിയത്. സംഭവം സീനെറ്റ് ചാനലിൽ വൈകുന്നേരത്തെ വാർത്തയിൽ കൊടുക്കാൻ വന്ന വിനോദൻ മാഷിൻ്റെ ചോദ്യങ്ങൾക്ക് മുന്നിൽ കരുണൻ ആദ്യം നിശബ്ദനാവുകയും ഓർമ്മയിൽ നിന്ന് ഏകദേശ രൂപം ഇങ്ങനെ തട്ടിക്കൂട്ടുകയും ചെയ്തു.
ഞാണങ്കൈ റോഡ് എന്നുമെനിക്കൊര് വീക്ക്നെസാണ് മാഷെ. ഇരുപത്തൊമ്പത് കൊല്ലം മുമ്പ് ഖത്തറില് പണി ശെരിയാക്കാന്നും പറഞ്ഞ് പറ്റിച്ച് അയിമ്പയിനായിരം ഉറുപ്യേം കൊണ്ട് മുങ്ങിയ ഒരു തെണ്ടീരെ മോന്ണ്ട്. ഓൻ പറഞ്ഞ യാത്രേരെ കാര്യം കേട്ടിറ്റാന്ന് വിമാനത്തി കേറണംന്ന ഒടുക്കത്തെ പൂതി എൻ്റെ തലേല് കേറീത്. അങ്ങനെയാന്ന് പൈസ ഓന് കൊടുക്കുന്ന്. അങ്ങന അറബി നാട്ടിലേക്ക്ള്ള വിളിയും കാത്തിരിക്കുമ്പോ, ഞാണങ്കൈ റോട്ടിലെക്കൂടി ഓട്ടം കിട്ടുമ്പോഴെല്ലാം ഞാനൊരു വിമാനത്തില് പോകുന്ന പോലെന്നെ തോന്നും. കുന്നോട് ചേർന്ന് തായക്കാണുന്ന വീടിൻ്റെ മോളിലൂടെ പറന്ന് ചേറ്റ് കണ്ടത്തില് ലാൻ്റ് ചെയ്യുന്ന പോലെ ഒരു തോന്നല്ണ്ടാവും. ഓനെന്ന പറ്റിച്ചിറ്റ് കൊല്ലങ്ങളായ്റ്റും ഇപ്പളും ഈ വഴി വരുമ്പോ അതെന്നെ ഓർക്കും. ഇങ്ങന കുളിര് കോരും. ഇപ്രാവശ്യം ഓടുന്ന ഓട്ടോന്ന് ഞാൻ തായലേക്ക് നോക്കി. ചേറ്റ് കണ്ടത്തില് കൊറേ വിമാനം നിർത്തിയ പോലെ തോന്നി. നെറയെ ലൈറ്റ്കള് മിന്ന്ന്നത് കണ്ടു. പാട്ട് കേക്കാൻ വെച്ച റേഡിയോന്ന് ഒരാള് വിളിച്ചു പറയുന്നതും കേട്ടു. കരുണാ ട്രാക്ക് ക്ലിയറാണ് ലാൻറ് ചെയ്തോന്ന്. അങ്ങനെയാ ഞാൻ റോട്ടീന്ന് എൽ കട്ടെടുത്ത് പറന്നത്. ലാൻ്റിംഗ് സൂപ്പറായിരുന്നു. പക്ഷെ ട്രാക്ക് കുറേ ദൂരെയായിപ്പോയി.
പ്ലാസ്റ്ററൊട്ടിച്ച നെറ്റിയിലെ ആറിഞ്ച് തുന്നലിലെ വേദനയിലേക്ക് അയാൾ കൈ കൊണ്ട് തലോടി.
വിനോദൻ മാഷിൻ്റെ ഓർമ്മയിൽ കഥകളുടെ വെളിച്ചം മിന്നി. കരുണൻ്റെ ചെവിയോടടുത്ത് ഒരു അന്വേഷണം നടത്തി.

“കരുണേട്ടന് ഡെയിഞ്ചർ കരുണൻ എന്ന പേര് എങ്ങനെ കിട്ടീന്ന് പറയാമോ? ഒരു വിധം നാട്ട്കാർക്കൊക്കെ കാര്യം അറിയാം. ഈ നെറ്റ് വർക്ക് കണ്ണൂർ - കാസറഗോഡ് വിഷനുമായി കൊളാബ്രിക്കേഷൻ ഉണ്ട്. അറിയാത്തവര് കുറേ ഉണ്ടാകും. അവർക്കു വേണ്ടി പറയാമോ?”
കരുണന്റെ കണ്ണ് ചുവക്കുന്നത് വിനോദൻ മാഷ് കണ്ടു. ആ ചോദ്യം പടർത്തിയ അസ്വസ്ഥതയുടെ പെടപ്പ് മുഖമാകെ പടരുന്നതും കണ്ടു. പറഞ്ഞുറപ്പിച്ചതിൽ നിന്നും മാറ്റപ്പെട്ടൊരു ചോദ്യം കൂതറപരിപാടിയെന്നർത്ഥത്തിൽ മാഷെ എന്നു ഭീഷണിപ്പെട്ട് എഴുന്നേറ്റു.
“കരുണൻ നെറിയുള്ളോനാ മാഷെ. വേണം ന്ന് വച്ച് ഞാനൊരു ഡെയിഞ്ചറും ഈ നാട്ടിലുണ്ടാക്കീറ്റ. ഞാൻ ഡെയിഞ്ചറാണെങ്കില് ഖത്തറ് കാട്ടിപ്പറ്റിച്ച ഓനിന്ന് ബെൻസിൽ കറങ്ങൂവായിരുന്നോ മാഷ് പറ”
നിലത്ത് ആഞ്ഞ് ചവുട്ടിക്കൊണ്ട് ലോകത്തോടുള്ള സകല വിയോജിപ്പുകളും മണ്ണിലേക്ക് കുടഞ്ഞിടും പോലെ മാഷിന് തോന്നി. പിന്നെ ഒറ്റമുറി സ്റ്റുഡിയോയുടെ വാതിൽ തള്ളിത്തുറന്ന് അയാൾ പുറത്തേക്ക് നടന്നു. കട്ട് പറഞ്ഞ് മാഷ് പുറത്തെത്തുമ്പോഴേക്കും ഓട്ടോറിക്ഷ ദൂരത്തേക്ക് പറന്നു.
സദാശിവൻ. കെ
ശക്തി പുരുഷ സ്വയംസഹായസംഘത്തിന്റെ റീത്തും പിടിച്ച് സദാശിവൻ ഒരു നിമിഷം കരുണന്റെ കിടത്തത്തിനു മുന്നിൽ നിശ്ലബ്ദനായി. നാലു മുതൽ ഏഴാം ക്ലാസുവരെയും കരിങ്കൽ കോറയിൽ കല്ലിടിക്കാനും സദാശിവന് കൂട്ടുപിടിച്ചത് കരുണനായിരുന്നു. കൗമാരത്തിന്റെ പൂച്ച നടത്തങ്ങൾക്കിടയിൽ ഉടലിലേക്ക് പടർന്ന കാമത്തിന്റെ ഓർമ്മകൾ അയാളുടെ തലയോട്ടിയിൽ കുത്തി. ഒന്നിലധികം മനുഷ്യർക്ക് മാത്രമറിയാവുന്ന ഓർമ്മകൾ കൂട്ടിവെച്ചാലാണ് ചരിത്രമാവുക. എന്നാൽ ഇന്ന് ആ ചരിത്രത്തിൽ നിന്നും ഒരാളുടെ ഓർമ്മ മാഞ്ഞുപോയിരിക്കുന്നു. ഒരു പക്ഷെ തനിക്കു തന്നെയും സഹിക്കാനാവാത്തത്.
രണ്ടു പേരുടേയും മുപ്പത്തിനാലാമത്തെ വയസിൽ ഒരു ദിവസം രാവിലെ ആറു മണിയുടെ ചെറുവത്തൂർ പാസഞ്ചറിൽ മംഗലാപുരത്തേക്ക് വണ്ടി കയറി. ഉത്കണ്ഠയുടെ മുനകളാൽ കാലുമുതൽ തല വരെ കുത്തുന്ന ഒരു തരം കുളിരിൽ അവരിരുന്നു. മംഗലാപുരം വണ്ടിയിറങ്ങി ടൗണിലേക്ക് ധൃതിയിൽ നടന്നു. മുൻപരിചയമില്ലെങ്കിലും കേട്ടറിഞ്ഞ കഥകൾ അവരെ ഹരം പിടിപ്പിച്ചു. ഗൗതമി എന്നെഴുതിയ ബാറിനു മുന്നിലെ പാതിയുടുപ്പിട്ടു നിൽക്കുന്ന ഒരു മോഡലിന്റെ ചിത്രത്തിലേക്ക് രണ്ടു പേർക്കും കണ്ണുടക്കി. കട്ടിയായി തുടങ്ങിയ വെയിലിൽ നിന്നും കറുത്ത കർട്ടൻ നീക്കി ഇരുട്ടിലേക്ക് അവർ പതിയെ കാൽ വച്ചു. അകത്തുനിന്നും ചടുലമായ സംഗീതം പുറത്തേക്ക് ധൃതിയിൽ ഇറങ്ങുന്നുണ്ട്.
“നിമഗെ ഹുഡുഗി ബേക്കനാ?”, ഒരാൾ അവർക്കുമുന്നിലേക്ക് നിന്ന് ചോദ്യമിട്ടു.
ഒന്നും മനസിലാകാതെ രണ്ടു പേരും നിന്നു.
“മലയാളിയാണോ ?”
“അതെ”
അയാൾ ഇരുവരെയും മുകൾ നിലയിലേക്ക് കൊണ്ടുപോയി. ഓരോ പടി കയറുമ്പോഴും സദാശിവന്റെ നെഞ്ചിലേക്ക് കുറ്റബോധത്തിന്റെ ഭാരം നിറഞ്ഞു. ഓരോ രാത്രിയും മനസിൽ കെട്ടിപ്പൊക്കിയ പ്രേമത്തിന്റെ ചില്ലുകൊട്ടാരം ബോംബുവീണതുപോലെ തകരുന്നത് അവനറിഞ്ഞു. മരംപാകിയ നിലത്തുനിന്നും ഭയം കാലുകൾക്കിടയിലേക്ക് കയറി. മെരുക്കാൻ പാടുപെട്ടിരുന്ന അരക്കെട്ടിലെ ചോരഞരമ്പുകൾ തളർന്നു തൂങ്ങി. മുറിയിലേക്ക് കരുണനെ കയറ്റിവിട്ട് ഇടുങ്ങിയ വരാന്തയിലെ ഇരുട്ടിൽ നിന്നു വിയർത്തു. അധികം വൈകാതെ കരുണന്റെ വിറയ്ക്കുന്ന കൈകകൾ സദാശിവന്റെ ചുമലിൽ പതിയെ തൊട്ടു. തിരിഞ്ഞു നോക്കുമ്പോൾ കരുണന് പിറകിൽ ഒരു പെണ്ണ്.
“സദാ, ഇവളെ നോക്ക്”
സദാശിവൻ അവൾക്കടുത്തേക്ക് നീങ്ങിയതും അവളൊന്ന് പൊട്ടിക്കരഞ്ഞു. സദാശിവനും വിറച്ചു.
“ഗൗരി”
അന്ന് വൈകുന്നേരത്തെ പാസഞ്ചറിൽ അവർ മൂന്നുപേരും ചെറുവത്തൂരിൽ ഇറങ്ങി. അതുവരെയും രണ്ടോ മൂന്നോ തവണ മാത്രമേ ഗൗരി സംസാരിച്ചുള്ളൂ. കൊട്ടന്റെ വീട്ടിനു മുന്നിലേക്ക് വരാൻ മടിച്ചിട്ടും രണ്ടു പേരും ധൈര്യം കൊടുത്തു. വാതിൽ തുറന്ന കൊട്ടന്റെ കാലിലേക്ക് വീണ ഗൗരിയെ അയാൾ തള്ളിമാറ്റി. മംഗലാപുരത്തെ മാർവാടിപുരത്തെ ഒരു ഭയ്യ തേങ്ങക്കച്ചവടവുമായി നാട്ടിൽ വരാറുണ്ട്. അയാളുടെ ഒപ്പം പത്തുവർഷം മുൻപ് ഒളിച്ചോടിയ കൊട്ടന്റെ രണ്ടാമത്തെ മകളാണ് ഗൗരി. എന്തു ചെയ്യണമെന്നറിയാതെ സദാശിവനും കരുണനും പെട്ടു നിൽക്കവെ കൊട്ടൻ അലറി.
“കിട്ടിയിടത്ത് തന്നെ ആക്കിക്കോ. അല്ലേൽ നിങ്ങ തന്നെ പൊറുപ്പിച്ചോ”
കൊട്ടനും കരയാൻ തുടങ്ങി.
മൂന്നുപേരും തിരിച്ചുനടക്കുമ്പോൾ സദാശിവനെയും ഗൗരിയേയും ഞെട്ടിച്ച് കൊണ്ട് കരുണൻ ഒരു മഹാവാഗ്ദാനം നടത്തി, “ഗൗരി എന്റെ കൂടെ നിന്നോ”
മൂന്നുപേരും പരസ്പരം രഹസ്യങ്ങൾ അടച്ചു. ഇനിയൊരിക്കലും മംഗലാപുരത്ത് പോകില്ലെന്ന് കരുണനും കരുണനല്ലാതെ മറ്റൊരു പുരുഷനുണ്ടാകില്ലെന്ന് ഗൗരിയും വാക്കുറപ്പിച്ചു.
“സാദാശിവേട്ടന് എന്തെങ്കിലും പറയാനുണ്ടോ? നിങ്ങടെ ചങ്കായിരുന്നില്ലേ”
ക്ലബ്ബ് സെക്രട്ടറിയുടെ ചോദ്യത്തിൽ സദാശിവൻ ഉണർന്നു. പതിയെ പറഞ്ഞു, “ഒന്നും പറയാനില്ല”
കരുണന് വേണ്ടി മാത്രം ഒരു കണ്ണീർ തുള്ളി ക്ലബ്ബിന്റെ തറയിൽ ചിതറി.
സദാശിവൻ പിന്നോട്ട് മാറിയ വിടവിലേക്ക് ഷിബു കയറിവന്നു. മനുഷ്യന്റെ മരണ രംഗത്ത് ഒരു റോളുമില്ലാതെ വന്ന ഷിബുവിനെ നാട്ടുകാർ നോക്കി. അവനെ അറിയുന്നവർ തൂവൽസ്പർശം പോലുള്ള ഭാഷയിൽ അവിടെ നിന്നും പോകാൻ പറഞ്ഞു. അവനെ പരിചയമില്ലാത്തവർ ഒരു പട്ടിക്ക് കൊടുക്കാവുന്ന ഏറ്റവും നികൃഷ്ട ഭാഷയിൽ മുരണ്ടു. സംഗതി മനസിലായിട്ടും ആൾക്കൂട്ടത്തിൽ നിന്നും പുറത്തിറങ്ങുന്നതിനു മുൻപ് മലർന്നു കിടക്കുന്ന കരുണന്റെ മുഖത്തോടു ചേർന്ന് ഘ്രാണിച്ചു. വന്നവരിലൊരാൾ ഷിബുവിന്റെ പിൻ കാലിൽ ഒന്നു ചവിട്ടി. ഷൂലാടം പിൻകാൽക്കുഴയിലേക്ക് വന്നു വീണതിന്റെ തരിപ്പിൽ ഷിബു ഉളിപ്പല്ലുകൾ കാട്ടി മുരണ്ടു. രംഗം വഷളാകുന്നുണ്ടെന്ന് തോന്നിയ നിമിഷത്തിലേക്ക് ക്ലബ് സെക്രട്ടറി ചാടി വീണു. ഷിബുവിനെ കൂട്ടി പതിയെ പുറത്തിറങ്ങി.
“ആരാണീ നായിന ഇങ്ങോട്ട് കടത്തിവിട്ടത്”
പലർക്കും തോന്നിയ ചോദ്യം ഉറക്കെ പറഞ്ഞത് ആധാരമെഴുത്തുകാരൻ ശിവനായിരുന്നു. ഭ്രാന്തുപിടിച്ച മനുഷ്യരോട് തട്ടിക്കയറുന്നതിലും ഭേദം നിശബ്ദതയാണെന്ന മട്ടിൽ ഷിബു ഗ്രൗണ്ടിൽ കിടന്നു. സെക്രട്ടറി തിരികെ വരുന്നേരം വടക്കെ വീട്ടിൽ ഷിബുവിനെ ആൾക്കൂട്ടത്തിൽ പരതി. എന്തോ പറയാനുണ്ടെന്നപ്പോലെ ഒരടയാളം അയാളുടെ കണ്ണിലുണ്ടായിരുന്നു.
“ഈ നിമിഷം ഇനി സംസാരിക്കേണ്ടയാൾ വടക്കെ വീട്ടിൽ ഷിബുവാണെന്ന് നമ്മളിൽ പലർക്കും അറിയാം”.
വടക്കേ വീട്ടിൽ ഷിബു കരുണന്റെ അരികിലേക്ക് നടന്നു.
വടക്കെ വീട്ടിൽ ഷിബു.
ചെയ്യുന്ന തെറ്റ് ജീവിതത്തിലെ ഒരു ദിവസമെങ്കിലും അനുഭവിക്കേണ്ടുന്ന കുറ്റബോധത്തിന്റെ ടിക്കറ്റാണെന്ന് പറഞ്ഞു കൊണ്ടാണ് പ്ലസ്റ്റു അദ്ധ്യാപകനായ വടക്കെ വീട്ടിൽ ഷിബു തുടങ്ങിയത്. സഹപ്രവർത്തകരിലൊരാളുടെ ഗോൾഡൻ റിട്രീവർ പട്ടി ഏഴ് കുഞ്ഞുങ്ങളെ പെറ്റിട്ടപ്പോൾ ഒരാണിന് വേണ്ടി ആദ്യം ബുക്ക് ചെയ്തത് ഷിബുവായിരുന്നു. മൂന്നു മാസം തികയുന്നതിന് മുൻപ് ആരോഗ്യവാനായ ഒരുത്തനെ കൊണ്ടുവന്നു. ഇരുപതിനായിരത്തിന്റെ മൊതലിനെ വാങ്ങിയത് അഞ്ചാള് കാണണമെന്ന ആഗ്രഹത്തിൻമേലാണ് ശിക്കാർ ക്ലബ്ബിന് മുന്നിൽ വണ്ടി ചവുട്ടിയത്.
ക്ലബ്ബിൽ കുറി വിളിക്കാൻ വന്നവരുടെ തിരക്കിനിടയിലേക്ക് കൈത്തണ്ടയിലൊരു സ്വർണനൂലുണ്ട പോലെ ആ പട്ടിക്കുഞ്ഞിനെയുമെടുത്ത് ഷിബു കയറി. സംസാരത്തിനിടയിൽ ഒരാൾ ചോദിച്ചു.
“എന്താ പട്ടീടെ പേര്?”
അതുവരെയും ചിന്തിക്കാതിരുന്ന ഒരു ചോദ്യം തലയോട്ടിയിൽ കറങ്ങി. കുറിപിടിക്കാൻ വന്നവരിൽ നിന്നും അഞ്ചായിരം കടം വാങ്ങാൻ കാത്തിരുന്ന് മുഷിഞ്ഞ് മൂത്രശങ്ക കുടഞ്ഞു കളയാൻ മുണ്ടു പൊക്കിയിരുന്ന ഡെയിഞ്ചർ കരുണന്റെ മേലാണ് അവന്റെ കണ്ണുടക്കിയത്. ഒരു മനുഷ്യനുമേൽ പരിഹാസത്തിന്റെ സകല ആധിപത്യവും ഉറപ്പിച്ച് ഒരു വിജയിയുടെ ഭാവത്തിൽ അവന്റെ ചുണ്ടുകൾ മന്ത്രിച്ചു, “കരുണൻ”
“ആഹാ പട്ടിക്കിടാൻ പറ്റിയ പേര്”
പെടുക്കാനിരുന്ന കരുണന്റെ കാതിലേക്ക് വേദനയോടെ ആൾക്കൂട്ടത്തിന്റെ ഒച്ച വീണു. മൂത്രത്തിന്റെ അവസാന തുള്ളിയും മുക്കി തീർത്ത് കരുണൻ ഇരുട്ടിലേക്ക് നടന്നു.
മൂന്നോ നാലോ മാസത്തിനു ശേഷം ഒരു വൈകുന്നേരം ചെറുവത്തൂരിലേക്കുള്ള ഓട്ടം കഴിഞ്ഞ് മടങ്ങുന്ന വഴിയിൽ തോന്നിയ മറ്റൊരു മൂത്ര ശങ്കയിലേക്ക് മുണ്ട് പൊക്കവേ, എബിസി എന്നെഴുതിയ ഒരു വണ്ടി ദൂരെ നിർത്തി. അവശനായ ഒരു നായയെ പാതയോരത്ത് ഉപേക്ഷിച്ച് വണ്ടി നീങ്ങി. അടിവയറ്റിൽ വൃഷണസഞ്ചിയെ തോണ്ടിത്തോൽപ്പിച്ച മുറിവിൽ തുന്നൽനൂലിന്റെ ഗോവണിക്കിടയിലൂടെ എത്തി നോക്കുന്ന ചോരച്ചുവപ്പ് കാട്ടി ആ നായ ചരിഞ്ഞു കിടന്നു. കരുണൻ അവനരികിലേക്ക് നടക്കുമ്പോൾ പിൻ കാലുകൾ അകത്തിക്കിടന്ന് വേദനയുടെ തിരുമുറിവ് കാട്ടി. ഭാഷയിലൂടെ കൈമാറാനാകാത്തതും വേദനയുടെ ഞരമ്പുള്ള സകല ജീവികൾക്കും വായിക്കാനാവുന്നതുമായ ഒരു നിലവിളിയായിരുന്നു ആ നായക്കണ്ണിൽ നിറയെ. അവനെ വാരിയെടുത്ത് ഓട്ടോയിൽ കിടത്തി. മെഡിക്കൽ സ്റ്റോറിൽ നിന്നും വാങ്ങിയ ബീറ്റാഡിൻ ഓയിൻമെന്റിലും അകത്തേക്ക് നൽകിയ ബീഫ് ഫ്രൈയിലും അവൻ ജീവിതത്തിലക്ക് തിരികെ വന്നു. പത്തു ദിവസത്തിനുള്ളിൽ തന്നെ കോഴിക്കൂടിനു നേരെ വന്ന കുറുനരി സംഘത്തിനെതിരെ പ്രതാപിയുടെ ഊക്കോടെ കുരച്ച് തന്റെ ആത്മവിശ്വാസത്തെ അവൻ തിരിച്ചെടുത്തു.
കുറിവിളി തീർന്ന് ക്ലബ് കമ്മറ്റിക്കാർ നോട്ടെണ്ണുന്ന തിരക്കിനിടയിലാണ് പട്ടിയോടൊപ്പം കരുണൻ ക്ലബിലേക്ക് കയറിയത്. ആളുകൾ പട്ടിയേയും കരുണനെയും മാറി മാറി നോക്കി.
“മൃഗാസ്പത്രീക്കാര് മുട്ട തോണ്ടിക്കളഞ്ഞ് ഇവന വഴിയിലിട്ടതാണ്. ഇപ്പം ക്ഷീണമെല്ലാം മാറീറ്റ്ണ്ട്. ക്ലബ്ബിന്റെ ബൾബൂരി കൊണ്ടോവുന്ന ചിലര്‌ടെ സൂക്കേടിന് എനി മുതല് ഇവൻ മര്ന്നാവും. ഇവൻ എനി ഈ മിറ്റത്ത് ജീവിക്കും”
ഇനി പറയുന്നതാണ് പോയിന്റ് എന്ന തോന്നലുണ്ടാക്കാൻ ഒരു വേള ശബ്ദം മുറിച്ചു.
“ഇവന് ഞാനൊരു പേരിട്ടിട്ട്ണ്ട്. ഷിബൂന്ന്”
പിറ്റേന്ന് രാവിലെ മുതൽ ഷിബുവിന്റെ ഭക്ഷണം ക്ലബ്ബ് ഗ്രൗണ്ടിൽ വച്ച പാത്രത്തിൽ വീണു. ഷിബു എന്ന വിളിയിൽ അവന്റെ വാലാടും. ക്ലബ്ബിനകത്തെ പ്രസംഗങ്ങളിലേക്ക് അവന്റെ ചെവിയുണരും. ഷിബു എന്ന വിളിയിൽ അവന് മാത്രമല്ലാതെ കരുണന്റെ ഉള്ളിലും ഒരു കുളിര് നിറയും.
വടക്കെ വീട്ടിൽ ഷിബു ഒന്നു നിർത്തി. കരുണന്റെ കാലിലൊന്ന് തൊട്ടു. മെല്ലെ പറഞ്ഞു.
“മാപ്പ്”
നാട്ടുകാരുടെ നോട്ടം ഗ്രൗണ്ടിൽ കിടന്ന ഷിബുവിന്റെ കാലുകൾക്കിടയിലേക്ക് പോയി. മോഷ്ടിക്കപ്പെട്ട ആണത്തത്തെ തിരിച്ചറിയാതിരിക്കാൻ കാലുകൾ ഒന്നുകൂടി ഒതുക്കി വയ്ക്കും പോലെയായിരുന്നു അവന്റെ അപ്പോഴത്തെ കിടപ്പ്.
പൊറങ്ങൻ
എഴുന്നേറ്റ് നിൽക്കാൻ ബുദ്ധിമുട്ടിയ പൊറങ്ങന് ക്ലബ്ബ് ട്രഷറർ സരീഷ് കസേരയിട്ടു കൊടുത്തു. കരുണന്റെ ഉടലിനോടടുത്ത് നിൽക്കവെ പൊറങ്ങനിലേക്ക് ഓർമ്മയിടിഞ്ഞു.
വിടാതെ പിടികൂടിയ പൊറങ്ങന്റെ വേദനശൂലത്തിന് മുന്നിൽ കൃഷ്ണൻ വൈദ്യർ ഒരു നിമിഷം കണ്ണടച്ചു. പോത്തിൻ ദ്രാവകത്തിന്റെ ഗന്ധം ഓർമ്മയിൽ തട്ടി. കുനിഞ്ഞുനിൽക്കുന്ന പൊറങ്ങന്റെ പുറത്ത് തടവിക്കൊണ്ട് വൈദ്യർ പറഞ്ഞു.
“നമ്മക്കൊര് കൂട്ട്ണ്ടാക്കാം. മെനക്കേട്ള്ള പണിയാണ്”
പൊറങ്ങൻ സംശയാലുമായി.
“കൂട്ട് മര്ന്നൊക്കെ ഞാൻ സെറ്റാക്കാ. നീ പോത്തിന്റെ എല്ലും തലയും കൊണ്ടരണം”.
നിസ്സഹായത മുഴുവനും കണ്ണുകളിലിട്ടാണ് മാടുകൾ അറവുശാലകളിലേക്ക് നടക്കാറുള്ളതെന്ന് പൊറങ്ങന് അറിയാം. അറുത്തിട്ട തലയിൽ മരണത്തിന്റെ പിടച്ചിലേറ്റ കണ്ണുകൾ ഭയപ്പെടുത്തുമെന്നോർക്കെ വൈദ്യർ പറഞ്ഞു.
“ആയുർവേദത്തെയും യോഗവിധികളേയും കണ്ണടച്ചങ്ങ് വിശ്വസിച്ചോളൂ. എല്ലാം ശരിയാവും. പൊറങ്ങൻ സാധനം എപ്പാന്ന് വച്ചാ കൊണ്ടോന്നോളൂ”.
ജീവനറ്റതാണെങ്കിലും കൈയിലെ പ്ലാസ്റ്റിക് കൊട്ടയിൽ നിന്നും പുറത്തേക്ക് തുറിച്ചു നോകുന്ന ഉണ്ടക്കണ്ണുകളെ നോക്കാനാവാതെ പൊറങ്ങന്റെ സ്വസ്ഥത വാടി. ഇറച്ചി വടിച്ചെടുത്ത ചുവന്ന തലയോട്ടിൽ രണ്ട് ബൾബുകൾ കണക്കെ അവ ആയാളുടെ ധൈര്യത്തിലേക്ക് കുത്തി. പടിഞാറ്റംപൊരയിലെ ചോരമണക്കുന്ന അറവു പുരകളിലൊന്നിൽ നിന്നും പുലർച്ചയ്ക്കുള്ള ആദ്യ കശാപു സമയത്താണ് പൊറങ്ങൻ പോത്തസ്ഥികൾ ശേഖരിച്ചത്. ഒരു ബീഡി തീരുന്ന സമയം കൊണ്ട് കയ്യിലൊരു ചാക്കുമായി വന്ന പൊറങ്ങനോട് താൻ വണ്ടി മുഴുവൻ നാറ്റിക്കുമോയെന്ന് നെറ്റി ചുളിച്ച് കരുണൻ വണ്ടി സ്റ്റാർട്ടാക്കി. കാലുകൾക്കിടയിൽ ചാക്ക് തിരുകി കരുണനോട് വാങ്ങിച്ച റംലാ ബീഡിയുടെ ലഹരി ആർത്ത് വലിക്കവെ ചാക്കിൽ നിന്നും ഒരനക്കം കാലുകളിലേക്ക് പടരുന്നതുപോലെ പൊറങ്ങന് തോന്നി. കത്തി വീഴുമ്പോൾ പോത്തിന് പോലും തോന്നാത്ത പെരുമ്പറ പൊറങ്ങന്റെ നെഞ്ചിൽ കൂടിനുള്ളിൽ കൊട്ടി. അയാൾ ഭയത്തോടെ ചാക്കിന്റെ കെട്ടഴിച്ചു. കെട്ടു തുടങ്ങാത്ത തെരുവു വിളക്കിന്റെ ഓറഞ്ച് നിഴൽ ചാക്കിലേക്ക് നൂണ്ടു. ചോര കല്ലിച്ച തലയോട്ടിയിൽ കൺപോളകളില്ലാത്ത നേത്ര ഗോളത്തിൽ നിന്നും ഒരനക്കം പൊറങ്ങന്റെ കണ്ണിലേക്ക് പാഞ്ഞു. അയാളുടെ തലച്ചോറിൽ ഭയത്തിന്റെ കുന്നിടിഞ്ഞു. പുലർ വെളിച്ചത്തിൽ നിന്നും ഇറങ്ങിയോടിയ ഇരുട്ടു മുഴുവനും അവന്റെ കണ്ണുകളിലേക്ക് ഒളിച്ചു. ആദ്യം ഓട്ടോറിക്ഷയുടെ സീറ്റിലേക്കും അവിടെ നിന്നു പ്ലാറ്റ്ഫോമിലേക്കും അയാൾ വീണു. പെപ്രാളം കയറിയിറങ്ങിയ കരുണൻ വണ്ടി നിർത്തി. ചാക്കിനു മുകളിലേക്ക് വീണു പോയ പൊറങ്ങനെ പൊക്കിയെടുത്ത് സീറ്റിലിരുത്തി തുരുതുരാ കുലുക്കി. ഉണർന്നില്ല. ചോര മണക്കുന്ന ചാക്കുകെട്ട് പുറത്തെ മതിലിനു മുകളിൽ വച്ച് ഒന്നാം ഗിയറിൽ കുന്നു കയറുന്നതുപോലെ ശ്വാസം വിടാൻ തുടങ്ങിയ പൊറങ്ങനെയും കൊണ്ട് ചെറുവത്തൂരിലെ മെഡികെയറിലേക്ക് വേഗത്തിൽ വിട്ടു.
ബോധം വന്ന പൊറങ്ങൻ മെഡികെയറിന്റെ നരച്ച പച്ചവിരിപ്പിനു മുകളിൽ എഴുന്നേറ്റിരുന്നു. കൈയിലേക്ക് കുത്തിക്കയറ്റിയ സൂചിയിലൂടെ ജീവജലം ഞരമ്പിലേക്കൊഴുകുന്നുണ്ടായിരുന്നു. അക്ഷമനായി നടന്നുകൊണ്ടിരുന്ന കരുണൻ ബോധം വന്ന പൊറങ്ങന് മുൻപിലേക്ക് നീങ്ങി നിന്നു. രാവിലെ തന്നെ പണിയിണ്ടാക്കാനായ്റ്റ് എന്ന നോട്ടം കൊടുത്ത് എഴുന്നൂറ്റമ്പത് രൂപയെഴുതിയ ആദ്യ ബില്ല് പൊറങ്ങന് നേർക്ക് ദയാരഹിതനായി നീട്ടി.
ആയിരത്തി മൂന്നൂറ് രൂപയുടെ മൊത്ത ബില്ലും കീശയിൽ വച്ചാണ് ഓട്ടോറിക്ഷയുടെ പടി പൊറങ്ങൻ കയറിയത്. കാശു തികയാതെ വന്നപ്പോൾ കരുണന്റെ കീശയിൽ നിന്നും കടത്തിന്റെ പേരിൽ ഒപ്പിച്ചെടുത്തതായിരുന്നു ബാക്കി. ആദ്യം ശങ്കിച്ചു നിന്ന കരുണനോട് പോത്തിൻ ദ്രാവകം വാറ്റിയതിന് ശേഷം അതേ സെറ്റപ്പിൽ മറ്റേത് വാറ്റാമെന്ന് പറഞ്ഞപ്പോൾ മുണ്ടു പൊക്കി ട്രൗസറിന്റെ കീശയിലേക്ക് അയാളുടെ കൈ നീണ്ടു.
“അഞ്ചാന്തി ക്ലബ്ബിലെ കുറിക്ക് നീയി പൈസ വെച്ചാ മതി”
ബോധം കെടലിന്റെ കറുപ്പ് പടർന്ന കണ്ണുകൾ കൊണ്ട് പൊറങ്ങൻ ഡീലിട്ടു.
തിരികെ യാത്രയയിൽ മഹാരാസ്നാദി കഷായത്തോടൊപ്പം തിളച്ചുമറിയുന്ന പോത്തെല്ലുകളെക്കുറിച്ചല്ല, അതിനുശേഷം ഘനീഭവിച്ചിറ്റി വീഴുന്ന പുളിപ്പിന്റെ ലഹരി ത്തുള്ളികളെക്കുറിച്ചാണ് രണ്ടു പേരും ചിന്തിച്ചു പോയത്. ചുറ്റും കടകൾ തുറന്നു തുടങ്ങിയിരുന്നു.
സൈറനിട്ട ഒരു പോലീസ് ജീപ്പ് അവരെ കടന്നുപോയി. പോത്തെല്ല് വച്ച മതിൽ പുറത്തിന് തൊട്ടരികിലെത്തവെ ചുരുങ്ങുകയും വികസിക്കുകയും ചെയ്യുന്ന ഒരാൾക്കൂട്ടത്തെ അവർ കണ്ടു. ആക്സിഡന്റായിരിക്കുമെന്ന വിചാരത്തോടെ ആൾക്കൂട്ടത്തിന് സമീപം തന്നെ വണ്ടി നിർത്തി പുറത്തിറങ്ങി. പരസ്പരം തല്ലിപ്പൊളിക്കുന്ന അഷ്റഫിനും വാമനനും ഇടയിലക്ക് പോലീസുകാർ ഒരു മതിലുകണക്കെ നിന്നു. നിലത്ത് ചാക്കു കെട്ടിനുള്ളിൽ നിന്നും പുറത്തെടുത്ത പോത്തു തല മഞ്ഞിച്ച പല്ലു കൊണ്ട് ആൾക്കൂട്ടത്തോട് ചിരിച്ചു. അത് നമ്മുടേതാണെന്ന ഉറക്കെ പ്രഖ്യാപിക്കുവാൻ കരുണൻ കൈകൾ ഉയർത്തവെ ആരോ ഉച്ചത്തിൽ അട്ടഹസിച്ചു.
“പാറക്കുണ്ടിലച്ചിയുടെ തിരുനടയിത്തന്നെ ബീഫ് തല കൊണ്ടിട്ടവനെ വെറ്തെ വിടര്ത്. പോലീസാര് എടപെടണ്ടാ. ഇത് വിഷ്യം വേറെയാ സാറെ”
അത് കേട്ട് ശബ്ദിക്കാനോങ്ങിയ കരുണന്റെ വായ പൊറങ്ങൻ കൈപ്പത്തിയാൽ മൂടി. ഒരു സത്യം പുറത്ത് തെറിക്കാതെ പൊറങ്ങന്റെ കൈവെള്ളയെ പൊള്ളിച്ചു.
ജിമ്മും കഴിഞ്ഞ് പോകുകയായിരുന്ന അഷ്റഫിന്റെ സൈക്കിൾ നാലഞ്ച് പേർ തടഞ്ഞതോടെയായിരുന്നു സംഭവത്തിന്റെ തുടക്കം. പോത്തിന്റെ പേരും പറഞ്ഞ് അഷ്റഫിനെ തടഞ്ഞ് കവിളിലും പുറത്തും കണക്കില്ലാതെ അടിച്ചു. അപ്രതീക്ഷിത അക്രമത്തെ ചെറുക്കാൻ മുന്നിൽ വന്നവന്റെ വയറിൽ ആഞ്ഞു ചവുട്ടി. ഷൂവിന്റെ അടിഭാഗത്തെ ദീർഘചതുരങ്ങൾ പാകിയ ചെളി അതെ ആകൃതിയിൽ അയാളുടെ വെള്ളക്കുപ്പായത്തിലേക്ക് സീലിട്ടു. ആളുകൾ കൂട്ടമായെത്തി. അവരെല്ലാം രണ്ട് ടീമുകളിലേക്ക് പകുക്കപ്പെട്ടു. നിയന്ത്രിക്കാൻ പാടുപെടവെ പോലീസ് വാഹനങ്ങൾ കുതിച്ചെത്തി.
“പൊറങ്ങാ ഞാനിപ്പോ പറയും”
പൊറങ്ങൻ ചുണ്ടിൽ വിരൽ വച്ച് കണ്ണുരുട്ടി.
ഉള്ളിൽ നിന്നും എന്തോ പൊട്ടിത്തെറിച്ചു പോവുകയാണെന്നും പറഞ്ഞ് ആൾക്കൂട്ടത്തിന് നടുവിലേക്ക്, പാറക്കുണ്ടിലച്ചി മേലേരിക്ക് നടുവിലേക്ക് കയറുന്നതു പോലെ കരുണൻ ഓടിക്കയറി. തെറികൾക്കിടയിൽ ഉറക്കെ കൂവി. പിന്നെ പറഞ്ഞു.
“മതിലിമ്മേല് ചാക്ക് വെച്ചത് ഞാനാണ്”
ശത്രുക്കളെല്ലാം ഒന്നാവുകയും കാലങ്ങളോളം അടക്കി വച്ച സകലതും കരുണന്റെ ചുമലിലേക്ക് വീഴുന്നതും പൊറങ്ങൻ കണ്ടു. ഒരു നിമിഷം കൊണ്ട് ശരീരത്തെ അരിപ്പയാക്കുന്ന പിരാന മീനുകളെപ്പോലെ ജനക്കൂട്ടം വളഞ്ഞു. സത്യപ്പറച്ചിലിന്റെ ബാക്കി വരികൾ മലവെള്ളപ്പാച്ചിലിൽ ഒഴുകി. കരുണനെ വിട്ട് പൂതപ്പാനിയുടെ പക കണക്കെ കരുണന്റെ ഓട്ടോറിക്ഷയ്ക്ക് നേർക്ക് അവർ പറന്നു. പൊറങ്ങൻ ദൂരേക്ക് തിരിഞ്ഞോടി. അസ്ഥികൂടം പുറത്ത് കാട്ടിയ ഓട്ടോറിക്ഷയെ ചരിച്ചിട്ട് ആരോ സിഗാർ ലൈറ്റുരച്ചു. പോലീസിന്റെ ഇടപെടലിൽ ഓട്ടോറിക്ഷ ജീവനോടെ അന്ന് ബാക്കിയായി.

മെഡിസിറ്റിയുടെ നരച്ചു പോയ മറ്റൊരു പച്ചവിരിപ്പിൽ മലർന്ന് കിടക്കവെ, മുറിയിലേക്ക് കരുണന്റെ മൊഴിയെടുക്കാൻ പോലീസ് വന്നു. എന്താണ് ചെയ്യേണ്ടതെന്നറിയാതെ പൊറങ്ങന്റെ നിഴൽ ആ മുറിക്ക് പുറത്ത് വട്ടം കറങ്ങി.
ചേർത്തു വച്ച രണ്ട് ബെഞ്ചുകളിൽ മലർന്നു കിടക്കുന്ന കരുണന്റെ മുഖത്തേക്ക് നോക്കി പൊറങ്ങൻ ഒരു നിമിഷം ധ്യാനിച്ചു. നിവർന്നു നിൽക്കാൻ ബുദ്ധിമുട്ടുമ്പൊഴും ചങ്ങാതിക്കുള്ള അവസാന അഭിവാദ്യത്തിന് മുതിർന്ന പൊറങ്ങന് ക്ലബ്ബ് സെക്രട്ടറി വീണ്ടും വീണ്ടും നന്ദി പറഞ്ഞു.
നഴ്സ് ശശിരേഖ
“ഗർഭത്തില് കെടക്കുമ്പം മന്ഷ്യന് ഭാഷ അറിയാത്തത് എന്തൊരു ഭാഗ്യാന്നറിയ്യോ മോൾക്ക്”
സ്കാനിംഗ് മെഷീനുള്ളിൽ നിന്നും സ്ട്രക്ചറിൽ പുറത്തേക്ക് വന്നപ്പോൾ തന്നെയുള്ള പരിഭ്രാന്തമായ പറച്ചിൽ കേട്ട് നഴ്സ് അമ്പരന്നു നിൽക്കവെ, ഒറ്റശ്വാസത്തിൽ കരുണൻ വാചകം പൂർത്തിയാക്കി.
“ഒറ്റക്കാവ്ന്ന സമയത്ത് നമ്മക്ക് ഭാഷ ഉണ്ടായിക്കൂടാ. ഇണ്ടായാ നമ്മള് ആലോയിച്ചാലോയ്ച്ച് മരിക്കും”
കാതിലേക്ക് ഒച്ചപ്പാടുകൾ തടയാൻ വച്ചിരുന്ന പാഡുകൾ നഴ്സ് മാറ്റി. എന്നാലും സ്കാനിംഗ് യന്ത്രത്തിൽ നിന്നും തകർപ്പൻ തിരമാലകൾ തല്ലിത്തകരുന്ന സ്ഫോടനങ്ങൾ കേൾക്കാൻ കഴിഞ്ഞേക്കും. നഴ്സ് കരുണന്റെ കണ്ണുകളിൽ തിരിയുന്ന പരിഭ്രാന്തി അപ്പൊഴും കണ്ടു.
“അകത്ത് ഒറ്റക്കായ പോലെ തോന്നിയപ്പോ ഞാനൊച്ചത്തില് മുക്കാലാ മുക്കാപ്പിലാന്ന് പാടി. മ്മടെ റഹ്മാൻ സാറിന്റെ പാട്ട്”
വിഭ്രാന്തിയെ, ശാസ്ത്രം കുടുക്കിട്ട് കണ്ടെത്തിയ ആദ്യ ആഴ്ച മുഴുവനും ഏതാണ്ടിതു പോലെയായിട്ടും ഊർജ്ജ്വസ്വലനായി കരുണൻ കാണപ്പെട്ടു. ഉറക്കം വരാത്ത ആശുപത്രി രാത്രികളിൽ എ ആർ റഹ്മാന്റെ പാട്ടുകൾ അയാളുടെ മുറിക്കുള്ളിൽ നിന്നും പുറത്തിറങ്ങി. അത് നിയന്ത്രണ രേഖ തെറ്റിക്കുകയാണ് എന്ന് തോന്നുന്ന സന്ദർഭങ്ങളിലെല്ലാം നഴ്സ് ശശിരേഖ മുറിയിലേക്ക് വന്നു. ശബ്ദ കോലാഹലങ്ങളിൽ നിറഞ്ഞ ക്ലാസ് മുറിയിലേക്ക് ചൂരൽ വടിയുമായി വരുന്ന ടീച്ചറെപ്പോലെയായിരുന്നു ആ സീൻ. കുറേ നേരം കരുണൻ മിണ്ടാതാകും. നാട്ടുകാരനായതിനാൽ മാത്രം കാട്ടേണ്ടി വരുന്ന ക്ഷമയിലേക്ക് ഒരു നേരം കരുണൻ ഒരു ആവശ്യമിട്ടു.
“സിസ്റ്ററിന് സമയമുണ്ടെങ്കിൽ നമുക്കൽപം മിണ്ടിയാലോ…”
വളരെ ഗൗരവത്തോടെ കരുണൻ എഴുന്നേറ്റിരുന്നു.
കൊല്ലങ്ങൾക്ക് മുൻപ് ഒരു ദിവസം രാത്രി കരിങ്കുഴി പാലത്തിന് കീഴിൽ വെള്ളമടിക്കുന്നതിനിടയിൽ ഖത്തറുകാരൻ ബോധേഷ് കുമാർ കരുണന് ഒരു വാഗ്ദാനം നൽകി. ബോധേഷിന്റെ ഖത്തറിലെ ഇഷ്ടിക കമ്പനിയിൽ പോർട്ടറായി ഒരാളെ ആവശ്യമുണ്ടെന്നും കരുണന് അത് ശരിയാക്കിത്തരാമെന്നും ഗംഭീരമായൊരു കവിളിറക്കിക്കൊണ്ട് കൊതിപ്പിച്ചു. പിറ്റേന്ന് രാവിലെ സഹകരണ ബാങ്കിൽ ആധാരം പണയം വെച്ച് കിട്ടിയ അൻപതിനായിരം രൂപ അവന്റെ കൈയിൽ വച്ച് കരുണൻ ആനന്ദാശ്രു പൊഴിച്ചു. ഒരു മാസം കഴിഞ്ഞിട്ടാണ് ബോധേഷ് വിമാനം കയറിയത്. വിമാനത്താവളത്തിലേക്ക് കൊണ്ടു വിടുന്ന ധാർമിക ചുമതല വല്ലാത്തൊരുത്തരവാദിത്തത്തോടെ കരുണൻ നിർവഹിക്കുകയും ജീപ്പ് ഡ്രൈവർക്ക് കൊടുക്കാനായി കോട്ടിന്റെ കീശയിലേക്ക് കൈ താഴ്ത്തിയ ബോധേഷിനെ തടയുകയും ചെയ്തു. വിമാനത്താവളത്തിലേക്കുള്ള ഗെയ്റ്റ് കടക്കവെ അൻപതിനായിരത്തിന്റെ ഓർമ്മ കത്തുവാൻ അവനോട് ചേർന്ന് നിന്ന് കരുണൻ പറഞ്ഞു.
“നമുക്കിനി ഖത്തറിന്ന് കാണാല്ലേ ബോദേഷേ”
ബോധേഷ് ചിരിച്ചു. അടക്കുവാൻ വിട്ടു പോയ പാന്റ്സിന്റെ സിബ്ബിലേക്ക് ഒരു ഞെട്ടലോടെ തരിച്ച് അത് വലിച്ചടച്ചതല്ലാതെ മറ്റൊന്നും പറഞ്ഞില്ല. കനമുള്ള ബാഗുകളും തൂക്കി ധൃതിയിൽ അകത്തേക്ക് നടക്കുമ്പോൾ വെളുത്ത ചിറകുകൾ വിരിച്ച് എയർ ഇന്ത്യയുടെ ഒരു വിമാനപക്ഷി നിലത്തേക്ക് പറന്നിറങ്ങുന്നത് കരുണൻ നോക്കി നിന്നു. അന്നു രാത്രി മുതൽ കരുണന്റെ രാത്രിയുറക്കങ്ങളിലേക്ക് വിമാനം പറന്നു വന്നു. ഖത്തറിലെ മണൽപ്പരപ്പിലൂടെ ഈന്തത്തോട്ടങ്ങൾക്കിടയിലെ യന്ത്രങ്ങളുടെ കിരുകിരുപ്പിൽ പോർട്ടരുകുപ്പായത്തിൽ നടക്കുന്ന കരുണനെത്തന്നെ സ്വപ്നം കണ്ടു. മിക്ക രാത്രികളിലും ജീവിതത്തിന്റെ പച്ചത്തുരുത്തുകളെക്കുറിച്ച് ചിന്തിച്ച് കിടന്ന് ഉറങ്ങാതെ പുലർന്നു. ബോധേഷ് കുമാറിന്റെ കത്തും പ്രതീക്ഷിച്ച് രണ്ടു മാസം കരുണൻ നിന്നും ഇരുന്നും ഉറങ്ങിയും ഉറങ്ങാനാവാതെയും അക്ഷമനായി. മൂന്നാം മാസത്തിൽ അയാളുടെ വിലാസം സംഘടിപ്പിച്ച് ഖത്തറിലേക്ക് ഒരു ഓർമ്മക്കുറിപ്പിട്ടു. മറുപടിയും പ്രതീക്ഷിച്ചിരുന്ന കരുണന്റെ മുന്നിലേക്ക് ഒരു ദിവസം പോസ്റ്റ്മാൻ വന്നു. ഇല്ലാത്ത വിലാസക്കാരനാണെന്ന് കുറിച്ച് താനയച്ച കത്ത് ബൂമറാങ്ങിനെ പോലെ അയാളുടെ കൈയിൽ വന്നു വീണു. ആകാശത്തു നിന്നും ഒരു മിന്നൽ തലയിലേക്ക് പതിച്ചതു പോലെ കരുണന് തോന്നി. നെഞ്ചിൽ ഭാരമുള്ളൊരു കല്ല് വളർന്നു തുടങ്ങുന്നതു പോലെ അയാൾ അനുഭവിച്ചു.

“വിമാനത്തിൽ കേറുമ്പോ പേടിയാവൂലേ ബോദേഷേ”
ആദ്യത്തെ തവണ ലീവിന് വന്ന ബോധേഷിനോടൊപ്പം ക്ലബ്ബിന്റെ വരാന്തയിലിരുന്ന് വെള്ളമടിക്കവെ കരുണൻ ചോദിച്ചു കൊണ്ട് അച്ചാറിൽ തൊട്ടു. അന്നേരം ബോധേഷ് ശരീരം കൊണ്ട് വിമാനമാവുകയും കൈകൾ വിടർത്തി വച്ച് ആകാശത്തിലൂടെ പറക്കുകയാണെന്നും പറഞ്ഞ് എഴുന്നേറ്റു. പഴുത്തു നിൽക്കുന്ന ഈന്തപ്പനത്തോട്ടങ്ങൾക്കപ്പുറം വിശാലമായ റൺവേയിലെ നക്ഷത്രങ്ങൾ തെളിഞ്ഞു. കീഴിൽ പാർക്കു ചെയ്തിരിക്കുന്ന വിമാനങ്ങൾക്കിടയിലൂടെ റൺവേയിലേക്ക് അയാളിറങ്ങി. മരുഭൂമിയിൽ നിന്നും ചൂട് മണൽക്കാറ്റ് അയാളെ തൊട്ടു കടന്നു. ഓട്ടോറിക്ഷയിൽ യാത്രക്കാരെ കയറ്റിയാലും അവരെ ലക്ഷ്യസ്ഥലങ്ങളിൽ എത്തിക്കുന്നതിൽ തുടർച്ചയായി വീഴ്ച വരുത്തുന്നതും കാശു വാങ്ങാൻ മറന്നു തുടങ്ങുന്നതും ഓട്ടോയിൽ പെട്രോളടിക്കാതിരുന്ന് പാതി വഴിയിൽ കുടുങ്ങുന്നതും തുടർച്ചയായപ്പോൾ നാട്ടുകാരിൽ ചിലർ വിഭ്രാന്തിയുടെ ചുവന്ന ബുക്കിലേക്ക് കരുണന്റെ പേര് കുറിച്ചു. വിമാനത്തേക്കുറിച്ചുള്ള ബോധം തലച്ചോറിലെ ഞരമ്പിൽ കെട്ടിട്ടു തുടങ്ങിയപ്പോൾ ഓട്ടോറിക്ഷയുടെ ഡ്രൈവിംഗ്സീറ്റിൽ നിന്നും വിമാനത്തിന്റെ സീറ്റിൽ ഇരിക്കുന്നതായി തോന്നി. നഷ്ടപ്പെട്ടിട്ടില്ലെന്ന് ഉറക്കെ വിശ്വസിച്ച് ബോധേഷിന്റെ വിലാസത്തിലേക്ക് തുടർച്ചയായി കത്തുകൾ എഴുതി. പ്രപഞ്ചത്തിന്റെ വിശാലതയിലേക്ക് കൈവിട്ടു പോകുന്ന ബഹിരാകാശ പേടകം കണക്കെ ആ കത്തുകൾ മുഴുവൻ ഖത്തറിന്റെ ഏതോ തെരുവിൽ വീണ് നശിച്ചു.
“ഇപ്പോ ആ ബോധേഷ് എവിടുണ്ട് കര്ണേട്ടാ”
കരുണന്റെ ഭ്രാന്തിനെക്കുറിച്ച് സിസ്റ്റർ ശശിരേഖ കേട്ടറിഞ്ഞിട്ടുണ്ടെങ്കിലും കഥയുടെ ബാക്കിക്ക് വേണ്ടി ജിജ്ഞാസുവായി.
“ആ തെണ്ടി ഇപ്പോളും ജീവിച്ചിരിപ്പുണ്ട്. ഞാണങ്കൈ കുന്നിന്റെ താഴെ ചേറ്റ് കണ്ടത്തില് നാലഞ്ചേക്ര മണ്ണിട്ട് നെകത്തി ഒനാട ഒരു മണിമാളിക കെട്ടീറ്റ്ണ്ട്. വെലിയ മതിലും പത്തിരുപത് ഗൂർക്കകളുണ്ട്. ഞാൻ വല്ലതും ചെയ്തു കളയുമെന്ന് ഓന് ഒറപ്പ്ണ്ട്. ഞാനൊന്ന് മനസ് വെച്ചാ ഓനില്ല നാളേക്ക്. ഓനോട് ദൈവം ചോയ്ച്ചോളും. ഒറപ്പ്”
തലയിലേക്ക് പെരുത്ത ഒരു കിരുകിരുപ്പിനെ കുടഞ്ഞ് കളഞ്ഞ് കൈഞരമ്പിലെ സൂചി തുളച്ച വേദനയിലേക്ക് കരുണൻ തലോടി. അന്ന് വൈകുന്നേരം ഡ്യൂട്ടി കഴിഞ്ഞ് പോകവേ, ബസ് ഞാണങ്കൈ കുന്നിലെത്തുമ്പോൾ ബോധേഷ് കുമാറിന്റെ മാളിക കാണാൻ ചേറ്റ് കുണ്ട് വയലിലേക്ക് ശശിരേഖ നോക്കി. കണ്ണെത്താ ദൂരത്തോളം പച്ചവിരിപ്പിട്ട വയൽ പരപ്പ് ഒരു പുഴ പോലെ കാറ്റിലിളകുന്നതല്ലാതെ മറ്റൊന്നും അവൾ കണ്ടില്ല. സ്വന്തം നാട്ടിൽ ജനിച്ചു വളർന്നിട്ടും ഇതുവരെയും ബോധേഷ് എന്ന മനുഷ്യനെ അപരിചിതനായി തോന്നുന്നതെന്തിനാവും എന്ന് ചിന്തിച്ച് ശശിരേഖ മയങ്ങിപ്പോയി.
വന്നവരൊക്കെയും കരുണന് ചുറ്റും പരന്ന് നിന്നു. പൊതു വേദിയിൽ പറയാനറിയാത്ത പാവങ്ങളൊക്കെയും അയാളുടെ വിശുദ്ധയേടുകൾ മനസിലാവാഹിച്ച് അന്ത്യകൂദാശയർപ്പിച്ചു. ശരീരത്തിലേക്ക് ചാരിവച്ച റീത്തുകൾ ഒരു മലകണക്കെ ഉയർന്നു. ബോഡിയെടുക്കാൻ പത്തു മിനിട്ടുണ്ടെന്നും സംസാരിക്കാനുള്ള അവസാനത്തെ അവസരത്തിനായി ആർക്കും വരാമെന്നും സെക്രട്ടറി വിളിച്ചു പറഞ്ഞു. അഞ്ചുമിനിട്ടുകളോളം നിശബ്ദത മാത്രം സ്പന്ദിച്ചു. ഫ്ലക്സടിക്കാൻ പോയ കമലേഷ് തൊട്ടടുത്ത് തുറന്നു കിടന്ന ശിവകാശി പടക്കക്കടയിൽ നിന്നും ആയിരം കുലയുടെ പടക്കം കൂടി വാങ്ങിയത് രഹസ്യമായി ശിക്കാർ ക്ലബ്ബിന്റെ പിറകിലെ പറങ്കിമാവിന് കെട്ടിവെച്ചിരുന്നു. ക്ലബ്ബിന്റെ പത്താം വാർഷികത്തിന് ഉദ്ഘാടനത്തിന് എഴുന്നേറ്റ പഞ്ചായത്ത് പ്രസിഡന്റിനെ വിറപ്പിച്ച് കൊണ്ട് പടക്കത്തിന് തീ കൊളുത്തിയത് കമലേഷായിരുന്നു. അന്ന് വൈകുന്നേരത്തെ വിളംബര ജാഥ തുടങ്ങിയപ്പോൾ ഗുണ്ട് കൊണ്ട് ശബ്ദ തൊങ്ങൽ ചാർത്തിയ നാലായിരം രൂപയുടെ ഓലപ്പടക്കത്തിന് ഊർജമേകിയതും കമലേഷ് തന്നെയായിരുന്നു. അതിനാൽ ക്ലബ്ബിന്റെ വെടിക്കാരൻ എന്ന സ്ഥാനം സ്വയം ഏറ്റെടുത്തതിന്റെ മഹാ ഉത്തരവാദിത്തത്തിലായിരുന്നു പടക്കം വാങ്ങിയത്. ബോഡിയെടുക്കാൻ ചിലർ മുന്നോട്ടു വന്നതും ആൾക്കാരെ തള്ളി മാറ്റി കമലേഷ് ക്ലബ്ബിന് പിറകിലേക്കോടി. മരണ സിനിലേക്ക് വെടിയൊച്ചയുടെ പെടപെടപ്പ് വന്നു പൊട്ടിയതോടെ ആൾക്കൂട്ടം മുരണ്ട് ചെവികളിലേക്ക് വിരലുകൾ കോർത്തു. തെറിച്ചു വന്ന ഗുണ്ട് ആൾകൂട്ടത്തിനരികെ അലറി പൊട്ടി. ശബ്ദം നിലച്ചപ്പോൾ വെടിമരുന്നിന്റെ പുക ക്ലബ്ബിനകത്ത് നുഴഞ്ഞുകയറാൻ തുടങ്ങി. ഉറക്കത്തിൽ ഞെട്ടിയ മനുഷ്യന്റെ സകലമാന ശരീര ചിഹ്നങ്ങളുമായി ആൾക്കൂട്ടത്തിന്റെ കറുപ്പിലേക്ക് ഡെയിഞ്ചർ കരുണന്റെ കണ്ണ് തുറന്നു. ശരീരം അനങ്ങിയപ്പോൾ റീത്തിന്റെ കിണറിടിഞ്ഞു. പുതച്ചു വച്ച വെള്ളത്തുണി രാജസ്ഥാൻ കമ്പിളി മാറ്റുന്ന ലാഘവത്തോടെ താഴേക്ക് വലിച്ചിട്ട് കരുണൻ എഴുന്നേറ്റിരുന്നു. എന്താണ് സംസാരിക്കേണ്ടത് എന്നറിയാത്തതിനാൽ സകല മനുഷ്യരും മരണത്തേക്കാൾ വലിയ നിശബ്ദത സൂക്ഷിച്ചു. പറിച്ചുകളയാൻ നോക്കിയാലും ചർമ്മത്തിലൊട്ടിപ്പിടിക്കുന്ന വഴുവഴുപ്പൻ അട്ടയെ പോലെ കരുണന്റെ കണ്ണുകളിൽ ഉറക്കം കടിച്ചു തൂങ്ങുന്നുണ്ടായിരുന്നു.
മൂക്കിലുരസിയ വെടി മരുന്നിന്റെ കറുത്ത പുക ശ്വസിച്ച് അയാൾ അലറി.
“ഏത് ബോളന്റെ മോനാടാ വീടിന്റെ മുന്നീന്ന് പടക്കം പൊട്ടിച്ചത്”
ഒടുങ്ങിയെന്ന് പൂർണമായി കരുതിയാൽപ്പിന്നെ, ഉയർന്നു പൊങ്ങുന്ന ഏതൊരൊച്ചയ്ക്കും നെഞ്ചിലേക്കിറങ്ങുന്ന കത്തിയേക്കാൾ മൂർച്ചയുണ്ടാകുമെന്ന് ലോകത്തെ ബോധിപ്പിച്ച് ഏതോ ഒരു മനുഷ്യൻ ഇടതു നെഞ്ചിന്റെ വേദനയിലേക്ക് കൈപ്പടം അമർത്തി ക്ലബ്ബിന്റെ നിലത്ത് പതിച്ചു. ആൾക്കൂട്ടത്തിന്റെ തലകൾ തനിക്കുചുറ്റും ഒരു വട്ടംവരയുന്നതും മങ്ങിയ നിറത്തിലേക്ക് അന്ധകാരത്തിന്റെ വലകൾ വരയുന്നതും ആ മലർന്നു കിടപ്പിൽ അയാൾ കണ്ടു. ഇടതുനെഞ്ചിൽ നിന്നും വേദനയുടെ ഒരു തായ് വേര് ഭൂമിക്കടിയിലേക്ക് തുളഞ്ഞ് നിശബ്ദമായി. ഇരുട്ട് അയാളുടെ കാഴ്ചയിലേക്ക് ഉറച്ചു.
“മൂട്ട കടിക്ക്ന്ന ബെഞ്ചിന്റെ മോളില് ഏത് മറ്റെ മോനാടാ എന്നെ കെടത്തിയേ”
കരുണന്റെ വായിൽ തെറിയുടെ പൂവിരിഞ്ഞു.
അലസിപ്പോയ മരണവൃത്തത്തിന് കീഴിൽ ക്ഷമാപണമിട്ട് മരണത്തിന്റെ കിരീടം മറ്റൊരു തലയിലേക്ക് ചാർത്തി ശിക്കാർ ക്ലബ്ബിന്റെ വാട്ട്സ്അപ്പ് ഗ്രൂപ്പിൽ പുതുക്കിയ ആദരാഞ്ജലികൾ കാത്ത് ക്ലബ്ബ് സെക്രട്ടറി ഇരുന്നു.

