റിങ്ക റിങ്ക റോസ

"തുടരും റിലീസായ അതെ ആയ്ചേണ് മെയ്‌തീൻകുട്ടീടെ കയ്യിന്ന് രാജൻ പന്ത്രണ്ട് സെന്റ് സ്ഥലം റെയിസ്രറ് ചെയ്ത് വാങ്ങീത്. കണ്ണായ സ്ഥലമാണ്. മെയിൻ റോഡ് സൈഡ് അല്ല, കൊറച്ചു ഉള്ളോട്ടുക്കും ആണ്, എന്തുകൊണ്ടും ലാഭംന്ന് രാജൻ മനഃക്കണക്ക് കൂട്ടി. പിറ്റന്ന്ന്നെ നല്ല കരിങ്കല്ലിന്റെ കല്ല് നാട്ടി ആകാശനീലനിറത്തിലുള്ള കമ്പി വേലീം കെട്ടി സേഫാക്കി.

അന്നൊരൊറ്റീസം കൊണ്ട് രണ്ടു സംഭവങ്ങളാണ് ണ്ടായത്; ഒന്ന് പള്ള്യാളി മൊത്തം ശോഭ ഫേമസ് ആയി. രണ്ടു വര്ഷങ്ങളായി ആള്ക്കാര് നടന്നോണ്ടിരുന്ന വയ്യും അടഞ്ഞു.

കാര്യം തറവാട്ടിന്ന് പളളിയാളില്ക്ക് മാറിയ കാലം തൊട്ട് മെയ്തീൻകുട്ടീടെ പെരക്കാരായ്ട്ട് ലോഗ്യത്തിലാണേലും ഓല് സ്ഥലം വിറ്റ് വീട്ടിലേക്കുള്ള വഴിയടച്ചു. പണി തരും ന്ന് ഒള്ളത് സ്വപനത്തീ പോലും ശോഭ വിചാരിച്ചില്ലെര്ന്ന്. അച്ഛനില്ലാത്ത പെമ്മക്കളെ നോക്കണ ധണ്ണം, നേരം വെളുക്കുമ്പോ തൊട്ട് മോന്ത്യാവണവരെ ഒള്ള നയിപ്പ്.

ജിവിതത്തിൽ കൊറച്ചേരെങ്കിലും തനിക്കായി മാറ്റിവച്ചു കെട്ട്യോനില്ലാത്ത ജീവിതം ശോഭ ജീവിച്ചു തുടങ്ങുന്നതേ ണ്ടായിന്ന് ഒള്ളു. വീട് വച്ച കാലത്ത് വരമ്പത്തൂടെ നടക്കണോര് വഴിയുണ്ടോ എന്ന് ചിന്തിച്ചിന്ന് ല്ലാ. വീട്ടീന്ന് ഇറങ്ങുന്നു, വരമ്പത്തൂടെ നടക്കുന്നു, മെയിൻ റോഡ് ല് കേറുന്നു, കൈ വീശി പോകുന്ന അത്ര സിമ്പിളായിരുന്നു സംഗതി. അയിന്റെടക്കാണ് കമ്പിപ്പാരയിട്ട് നാട്ടിയ വേലി വന്നേക്കണത്.

ശോഭന്റെ രണ്ടാമത്തോളു മുത്ത് മൂന്നിൽ പഠിക്കുന്ന കാലത്ത് ഇത്രേം പുരോഗതി ഒന്നും വന്നിട്ടില്ല. വെൽക്കം ടു പാരിസ് ന്ന് എഴുതിവച്ച ബോർഡോ, റിംഗ് റോഡോ, തലയനക്കി എണ്ണിയാൽ തീരാത്ത വീടുകളോ പുതുതായി വന്നിട്ടില്ല. ചിറ്റോട് ചിറ്റും ണ്ടായിന്ന നെൽപാടം, പൂള കണ്ടം, വായക്ക തോട്ടം, ഒക്കെ കൊറച്ചീച്ചേ കൊറച്ചീച്ചേ അങ്ങനെ കച്ചോടായി.

രാവിലെ നറുകര വന്ന് ഇറങ്ങ്യപ്പൊ തൊട്ട് മുത്തിന് മൂടലിന്റെ കനം ഗ്രസിച്ചു. അത്ര ഉത്സാഹത്തിലൊന്നുമല്ല ഈ വരവ്. മിണ്ടാട്ടം മുട്ടിപ്പിക്കുന്ന ഇടമാണ് ഇപ്പട്വത് വന്ന ലൈവ് ചിപ്സ് കടേം കൂൾ ബാറും ഒഴിച്ചാൽ പുത്യേത് ആയ്ട്ട് ഒന്നുല്ലാത്ത നാടാണ്.

ഏത് വഴി പോകണം എന്ന അവ്യക്തമായ ധാരണ ഒന്ന് വട്ടം കറക്കി. രണ്ടു വഴിയാണുള്ളത്.
ഒന്ന് അമ്പലത്തിനു മുന്നീ കൂടെ ഉള്ളത്, ഒന്ന് കണ്ടംകൊളത്തിന്റെ അയികൂടിം.

അമ്പലത്തിന്റെ മുന്നിലെത്തിയപ്പോൾ മൂത്ത് നടത്തത്തിന്റെ ആക്കമൊന്ന് കൊറച്ചു, മഞ്ഞ പെയിന്റടിച്ച ചുറ്റ് മതിൽ, ഭംഗിയുള്ള ഗോപുരം. നാല് അതിരിൽ ഒതുക്കിയ ചൈതന്യം. ഉത്സവത്തിന്റന്നു ഉച്ചവെയിലും കൊണ്ട് ഷൈനിന്റൊപ്പം അന്നദാനത്തിനു വരിനിന്നോടത് ഇപ്പോൾ ഊട്ടുപുര പുതുക്കിപ്പണിയുന്നു

നേരം വെളിച്ചാവുമ്പോ സകല മതക്കാര്ടേം അലാറം അമ്പലത്തിൽ ഇടുന്ന പാട്ടാണ്. അമ്പലം കഴിഞ്ഞ് തോട് വരമ്പത്തു എത്തിയപ്ള്ക്കും വിളി വന്നു- ഷെയ്ൻ ആണ്.

"ഇജ്ജ് എവുടെത്തി ഇബളെ"
"അമ്പലം കഴിഞ്ഞെട പാരീസിക്ക് എത്തണൊള്ളു"
"ഞാൻ വേണേൽ കണ്ടംകൊളം വഴി കൊണ്ടാക്കി താരാർന്ന്, അണക് വേലി കെട്ടിയത് കാണിച്ചുതരാർന്ന് "
ഷെയ്ൻ ഉദാരമനസ്കനായി.

"ഔ ന്റബനെ, അല്ലേൽ തന്നെ അന്റൂടി ബൈക്കിന്റെ ബാക്കിലിരുന്ന് മഞ്ചേരീന്ന് ഈടെ വരെ വരുന്നെന്നു ഇവരൊക്കെ പറഞ്ഞു പരത്താത്ത ഒന്നും ല്ലാ’’.

നാട്ടിലെ സദാചാരമൂല്യങ്ങൾ താങ്ങിപ്പിടിച്ച് നടക്കണ തന്തമാരെ കണ്ണിന്റല കണ്ടൂടാത്ത പുരോഗമനവാദികൾ ആണ് മുത്തും ഷെയ്‌നും.

"അല്ലേലും മിഡിൽ ക്ലാസ്സ്‌ ഫാമിലിലുണ്ടായ നമ്മളെ പോല്ള്ള തലത്തെറിച്ചെയ്റ്റങ്ങൾക്ക് ഒന്നും അത്ര അടങ്ങിയൊതുങ്ങി ഇവിടെ ജീവിക്കാൻ പറ്റില്ല."

ഷൈനിന് എല്ലാത്തിനും ന്യായീകരണമുണ്ട്‌.

വെൽകം റ്റു പാരിസ് ന്ന് എഴുതിയ ബോർഡ് കണ്ടതും മുത്തിന് ചിരി വന്നു. പാരീസ് ആണത്രേ പാരീസ്, മുല്ലപ്പൂ സ്ലൈഡിന്റെ പോലെ നീണ്ടും വളഞ്ഞും കെടക്കണ റിങ് റോഡും അയിന് ചുറ്റോടുചുറ്റും വീടുകളും- അതാണ് പാരീസ്.

"അല്ല അന്റമ്മ ന്ത കാട്ടാൻ കണ്ടേക്കിണെ. വഴീന്റെ കാര്യേ അന്നൊട് എന്തേലും പറഞ്ഞീണോ?"

ചോദ്യം വെറും നിസ്സാരമാണ്,അല്ലെങ്കിലും ഷൈനിന്റെ വാക്കുകൾക്ക് അതിതീവ്രമായ വേഗമാണ്.

"എനിക്കറീലെടയിൽ’’, പരമാവധി സങ്കടം കലരാതിരിക്കാൻ മുത്തു ശ്രമിച്ചു.

തള്ളാര് അഭിമാനികളായിപ്പോയാൽ മക്കൾക്ക് കൊഴപ്പം ന്ന് ഒള്ള പോലെ വന്നുപെട്ടത് അതികോം മുത്തിന് ആണ്. ഒരീസം ഫോൺ വാങ്ങാൻ എറ്റെ പൈസ ചോയ്ച്ച അന്നാണ് അനിയന്റെ ചോര തെളപ്പ് ഒള്ള വാക്കുകൾ ഇഷ്ട്ടികക്കനമുള്ള മതില് പണിതത്. കേൾക്കാൻ നിഷ്കളങ്കമായ എത്ര വാക്കുകൾ മിണ്ടാട്ടം മുട്ടിക്കുന്നവയാണ്.

"അമ്മ ഇപ്ളും ണ്ടല്ലോ വിജയേട്ടന്റോടെ പണി എടുക്കണത് അയിമ്പുർ പ്യക്കാ അത് അനക് അറിയോ? നായന്മാരോടതെ പണി ന്ന് പറഞ്ഞ ചില്ലറ നയിപ്പാ…? കനം ഒള്ള പൊതപ്പ് ഒക്കെ തിരുമ്പാൻ കൊടുക്കും".

തന്നെക്കാൾ ഇരട്ടി വലിപ്പള്ള, വെള്ളം നിറഞ്ഞാൽ കനം വയ്ക്കുന്ന പുതപ്പ് സോപ്പും വെള്ളത്തിൽന്ന് എടുത്ത് കല്ലില് തിരുമ്പി വെളുപ്പിക്കണ അമ്മ, വെള്ളം നനഞ്ഞു വിറങ്ങലിച്ച കാലിലെ ചർമ്മത്തിന്റെ പരുപരുപ്പ് ഓർമ്മ വന്നപ്പോ അന്ന് ഒന്നും പറഞ്ഞില്ല. കണ്ണ് വിറപ്പിച്ചു പിൻവാങ്ങി. ശെരികൾക്കിടയിൽ ശെരികേടിനിടയിലുള്ള ജീവിതമാണ് നല്ലതെന്നു പറയാൻ സ്വന്തമായി കിട്ടാൻ എത്ര കാത്തു, കടന്നു കിട്ടണം.

അമ്മ അന്ന് ഒന്നേ പറഞ്ഞുള്ളൂ, അവനൊന്റെ കയ്യിൽ കായി ഉണ്ടായിട്ട് ഇജ്ജ് ന്തും വാങ്ങിക്കോ, അയ്നൊന്നും ഒരു കൊയപ്പോം ഇല്ലാ. ഒക്കെ കൊറേ കാലം മുമ്പ്ള്ളത് ആണ്.

അയലോക്കക്കാരും മുത്തിന്റെ വീടുകാരും ആയുള്ള ജഘടകൾ ഷൈനിനറിയാം, നാട്ടിലെ പാർട്ടിക്കാരോ ഉന്നതരോ പരാതിപ്പെട്ടിട്ടും തിരിഞ്ഞു നോക്കാത്തതും എല്ലാം.

"അല്ല എന്നത്തേക്കാ അനക്കും എന്റെ കാമുകനും പടം ബുക്ക് ചെയ്ത തരണ്ടിയേ", ഷെയ്ൻ വിഷയം മാറ്റലിന്റെ പൂച്ച പമ്മലിൽ നാല് കാലിൽ വീണു.

ഞായറാഴ്ചത്തേക്ക് ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള നിർദേശവും കൊടുത്താണ് മുത്ത് വീടിന്റെ ഉമ്മറ പടി കടന്നത്.

മുത്ത്‌ വീട്ടില് എത്തീട്ട് ഇതിപ്പോൾ ആറാമത്തെ ആളാണ് സോബേച്ചിനെ അന്വേഷിച്ച് വന്ന് മടങ്ങി പോണത്. അമ്മ രണ്ടീസം കൊണ്ട് പള്ള്യാളിലാകെ ഫേമസ് ആയി ന്ന്, പഴുത്ത കറുമൂസെം തിന്നോണ്ട് ഒള്ള അനിയന്റെ കൌണ്ടർ ആസ്വദിക്കാനൊള്ള നിലേൽ, ആയിന്ന് ല്ലാ മുത്ത്‌.

തമ്മിലുള്ള അവ്യക്തമായ ചില ഈഗോകൾ കൊണ്ട് അമ്മയെ നേരിടാൻ മടിക്കുന്ന ഗണത്തിൽ പെട്ടതാണ് മുത്തു എങ്കിലും.. പെരേൽ എത്യപ്പം തൊട്ട് തൂറാൻ മുട്ടിയ പോലെ പൊറുതി കേടെ ഓൾക്ക് തോന്നിയുള്ളു. അതിലൊരു കാരണം വഴിയാണ് നാല് കൊല്ലം മുൻപൊരു മതില് കെട്ടലിന്റെ വിടവ് കൊണ്ട് കണ്ടാൽ മുണ്ടാണ്ട് ആയ ആൾക്കാരാണ് തൊട്ട് മുന്നിൽ പാർക്കുന്നോരു. തുപ്പിയാ തെറിക്കണ അത്ര ഒള്ളു, രണ്ട് വീടും തമ്മിൽ ഒള്ള ദൂരം.

പാത്രം മൊറുമ്പോ, തുണി തിരുമ്പുമ്പോ, മുറ്റടിച്ചോരുമ്പോ ഒക്കേം പാളി വീഴുന്ന നോട്ടങ്ങൾ അതിരു കാട്ടി നിർത്തി. അപ്രത്തു ന്താ നടക്കണേ ന്ന് അറിയാൻ ഇത്രക്ക് പൂതി ഒള്ളറ്റിങ്ങൾ അത് അയലോക്കക്കാരു ന്നെ ആയിരിക്കും. ന്ന് ഷൈൻ പറയണത് നൊണ അല്ല. അതിരുകടന്ന് എത്തണ നോട്ടം മറക്കാൻ പച്ച നെറത്തിൽ ഒള്ള വിരി വരിഞ്ഞു കെട്ടി രണ്ടു കൂട്ടരും കാണുന്നില്ല എന്ന് ആശ്വസിച്ചുപോന്നു. എടക്ക് പഴേ ചെങ്ങായിച്ചി അവ്ടെന്നു നോക്കുമ്പോ മാത്രം ശോഭ ഞൊടിയും. ഇത്രേം കാലം സോഭേച്ചിയേ ന്ന് വിളിച്ചുമ്പോ, തേനൊലിച്ചോര് ആണ്…

അന്ന് മോന്ത്യാവുമ്പോളാണ് ശോഭ പെരേൽ എത്തണത്. വരും ന്ന് പോലും ഒന്നും പറയാതെ വന്ന മകളെ കണ്ടതും ശോഭക്ക് സ്നേഹം ഒന്നും വന്നില്ല.

"അന്നോട് ആരാ ഇങ്ങട്ട് മണ്ടി പോരാൻ പറഞ്ഞെ?"

"അത് ന്തേ ന്റെ പെരേല്ക്ക് എനക്ക് വരാൻ പറ്റൂലെ?" മുത്തൊരു ചൊടിച്ച വർത്താനം വിട്ടത് ശോഭക്ക് അത്രക്കും രസിച്ചീല.

"വഴി അടച്ച് മതില് കെട്ടി ന്നൊക്കെ പറഞ്ഞപ്പൊ വന്നു നോക്കീതാ ന്റമ്മാ.. അത് ഞ്ജ് ശെരിയാകാൻ പറ്റോ മ്മാ? ശാന്തമ്മായി ന്റൊല് ന്നെ മ്മക്ക് വയി തന്നക്കിണോ ഇത്ര കാലായിറ്റ്."

"അത്രക്ക് വല്യ വല്യ കാര്യം ഒന്നും ന്റുട്ടി നോക്കാൻ നിക്കണ്ട."

തൊള്ള ഒന്ന് കോട്ടി, തിരുമ്പാൻ ഒള്ള സാരി ഒറ്റ വലിക്ക് അഴിച്ച് അയലിൽ ഇട്ട്, ഇടാനൊരു മാക്സി തപ്പി പ്ലാസ്റ്റിക്കിന്റെ കൂടയിൽ കയ്യിട്ടു.

ചോദ്യത്തിനുത്തരം ഒന്നും അമ്മേടെ കയ്യിൽ ഇല്ലാ ന്ന് മുത്തിനും അറിയാം… മകള് പറയുന്നെ ശെരിയാന്ന് ശോഭക്കും അറിയാം… പട്ടികജാതിക്കാരുടെ വീട്ടിലേക്കുള്ള വഴി തടയുന്നത് കുറ്റാണ് ണ് ന്ന് മെമ്പർ പറഞ്ഞ കൊണ്ട് കൊടുത്ത കേസ് പ്പളും തീർന്നിട്ടില്ല. വഴി തരില്ലെന്ന് വർഷങ്ങളോളം ഒള്ള നടപ്പിൽ ഉറപ്പായതാണ്.. ഇഞ്ഞ് ഞങ്ങളെറ്റെ സ്ഥലം പുടിങ്യാലോ വിചാരിച്ചു കേസ് നടക്കണ കാലത്ത് പാത്തു വച്ചു നോക്കി നടന്നോലാണ്. ഇരുട്ട് വാ വിഴുങ്ങിയ കിണറ്റിലോട്ട് ആഞ്ഞു തൊട്ടി ഇട്ട് വെള്ളം വലിച്ചു കോരി ശോഭ.

നടക്കുക, വീണ്ടും നടക്കുക, മതിലുകൾ തീർത്ത ആവാസ വ്യവസ്ഥ, കണ്ടൊരുടെ ഉമ്മറം നെരങ്ങി വേണം സ്വന്തം പെരേൽക്കും കുടിൽക്കും എത്താൻ. അതെല്ലാം ആരോട് പറയാനാണ്. നൊണ പോലുള്ള ആശ്വാസവാക്കുകൾ കേട്ട് കേട്ട് നിരപ്പായ ചിന്തകളാണ് പലതും. കേസ് കൊടുത്തൂടെ.. മൂന്ന് മക്കളേം കൊണ്ട് ഇങ്ങള് ന്തക്കാനാ.? ഇത്യാതി വാക്കുകൾ കൊണ്ട് ഉള്ള കോർമ്പകൾ തൂങ്ങി ആടും മുഖത്തേക്ക്.

ഉത്തരം മുട്ടുമ്പോ എല്ലാം അമ്മമാരും ടോക്സിക് ആണ് ന്ന് അടിവര ഇട്ടോണ്ടാണ് മുരിങ്ങന്റല താളിപ്പും മാന്തൾ മീൻ പൊരിച്ചതും, മീൻ കറിയും കൂട്ടി കൊഴച് അന്ന് മുത്ത് ചോറ് തിന്നത്.

പിറ്റേന്നത്തെ വൈന്നേര ചർച്ചക്ക് എത്തീത് ചെറിയാക്ക, സിന്ധു ചേച്ചി, മെമ്പർ, സുരേട്ടൻ,കൃഷ്ണൻ മാഷ് അപ്രത്തു ഒള്ളോർ ഇപ്പറത് ഒള്ളൊരു ഒക്കെ ആയിട്ടാണ് ചായക്ക് വെള്ളം വെക്കാൻ തലയെണ്ണാൻ വന്ന മുത്ത്‌ തിണ്ടിമ്മലും ആകെ ഇട്ട കസാരേലും സ്റ്റൂൾ മ്മലും ഒരു കാൽ ഊന്നി സ്റ്റെപ് മ്മലും നിക്കണോരെ കണ്ട് ബേജാറായി..

ഒരു ഡവറ ചായേൽക്ക് തള്ള കയിലിനു കണക്കാക്കിട്ട് പഞ്ചാര എടുത്ത് ഉമ്മറത് ഒള്ളോർ കേൾക്കാതെ ഇരിക്കാൻ മെല്ലെ മെല്ലെ ഇളക്കി… അടുക്കളയും ഉമ്മറോം തമ്മിൽ ഒള്ള കിടപ്പു വശം വച്ച് ചായേൽ പഞ്ചച്‍യിട്ട് ഇളക്കണ കിരു കിരു ഒച്ച വരെ ഉമ്മറത്ത്ക്ക് കേൾക്കാം. അടുക്കളേലാകെ പാർന്നുവച്ച ചായേലെ ആവി പോലെ ചർച്ചയുടെ ഒച്ചയും പടർന്നു.

കൃത്യം ചർച്ച തീർന്ന് ല്ലാരും മൂട്ടിലെ പൊടിയും തട്ടി പോയി. ഡവറേലെ അവസാനത്തെ തുള്ളി ചായ മുത്ത് ഗ്ലാസ്സ്‌ക്ക് ഊറ്റി പാർന്നപ്പൊ ആണ് ഷൈൻ വിളിക്കണത്.

ചർച്ച ന്തായി, ഓന്ക് അതറിഞ്ഞ മതി.

“ഒന്നും ആയില്ല ന്റബനെ, ഓരോ പാക്കറ്റ് അച്ചപ്പം മിച്ചർ, ചിപ്പസ് ഒക്കെ തീർന്നിട്ട് ണ്ട്.”

“ആയിഷ്.. ഇയിറ്റങ്ങളെ ഊറ്റം കണ്ടപ്പോ ഞാൻ വിചാരിച്ചു ഇന്നറ്റെ പോയി എല്ലാം കൂടെ വേലി കുത്തി പൊളിച്ചു ഇടും ന്ന്’’.

ഷൈനിന് ചിരിയാണ്.

“അയിന് ചർച്ച തുടങ്ങിയതേ തെറ്റലിൽ ആണ്.. ചെറിയാക്ക ക്ക് മെയിൻ ആവണം എന്നെ ഒള്ളൂ. അമ്മയ്ക്ക് എങ്ങനേലും നേരം വെളിച്ചംവുമ്പോ സമാധാനായിട്ട് നടന്നു പോകാനൊള്ള ഒരിത്തിരി വജ്ജ് കിട്ടിയ മതി.. അങ്ങട്ടും ഇങ്ങട്ടും എത്താത്ത ഓരോ മനസൻമാര്.. നാളെ ആ സ്ഥലം വാങ്ങിയ രാജൻ ന്ന് പറഞ്ഞാളെ കാണാൻ പോണം ന്നൊക്കെ പറയിൻണ്ട് അമ്മ…’’

“നോക്കമ്മക്ക്.. ഈ പ്രശ്നം ഒക്കെ തൊടങ്ങിവച്ച മെയ്തീൻ കുട്ടി കാലി ചായേം കുടിച്ച് ഇവിടെ കോലായേ ൽ ണ്ട്.. ന്റെ തന്ത ആയോണ്ട് പറയല്ല.. മുപ്പരിക്ക് ഇതിൽ ലവലേശം കുറ്റബോധം ല്ലാ…”

പിറ്റേന്ന് രാജനെ കാണാൻ ചെന്നവരുടെ അജണ്ട വഴിവെട്ടിത്തരും എന്നുള്ള പ്രതീക്ഷ തന്നേര്ന്ന്. തങ്ങൾ നടത്താൻ പോകുന്ന നാടകത്തിന് പങ്കാളികളാകാൻ വേണ്ടി മനഃപ്പൂർവം തന്നെയാണ് മെമ്പർ ശോഭേന്റെ മോനേം കൂട്ടി പോയത്.

രാജന് അന്ന് ഒഴിവുള്ളീസം ആയിര്ന്ന്. ചായ കുടീം കയിഞ്ഞ് മുറ്റത്തെ അടക്കപ്പഴമരത്തിന്റെ ചോട്ടില് സിഗരറ്റും വലിച്ചോണ്ട് നിക്കുമ്പോളാണ് മുറ്റത്തേക്ക് കേറി വന്നോരെ ഓൻ കണ്ടത്.

കാര്യം മെയ്തീൻ കുട്ടി വിളിച്ചപ്പോ പറഞ്ഞതാണെങ്കിലും. വലിക്കാൻ വച്ച സിഗരറ്റ് പാതിക്ക് വച്ച് കെടുത്തി വലിച്ചെറിയേണ്ടിവന്നോണ്ട് നല്ലൊരു പണ്ടാരടക്കലും കൂട്ടി വലിച്ചെറിഞ്ഞിട്ടാണ് രാജൻ വന്നോരോട് ചിരിച്ചത്. അല്ലെങ്കിലും സ്വസ്ഥം ആയ്ട്ട് ഇരിക്കണ നേരത്ത്ന്നെ രസം കെടുത്താനായിട്ട് ഓരോരുത്തര് കേറി വന്നോളും.

വഴി വിട്ടു കൊടുത്ത് നന്മ മരം ആവാനൊന്നും ആയിരുന്നില്ല രാജന്റെ ചിന്ത.

വഴി ഇല്ലാണ്ട് എടങ്ങേറ് കുടുങ്യോര്ടെ പ്രിയോരിറ്റി ലിസ്റ്റിൽ ആദ്യമുള്ളത് ശോഭ ആയോണ്ട് ശോഭേടെ മോനാണ് കാര്യം അവതരിപ്പിച്ചത്.

കൂടെ വന്ന വാർഡ് മെമ്പറെ മാറ്റി നിർത്തി ആദ്യം കെട്ടിയ മതിലിനേക്കാൾ വ്യക്തമായ വാക്കോണ്ട് ആണ് രാജൻ അടുത്ത വേലി കെട്ടിയത്.

'ഞാനെ നല്ല തറവാട്ടില് പെറന്ന നായരാ.. ഓര് എസ്സിക്കാരല്ലേ? ഓല്ക്ക് എല്ലാടത്തൂന്നും വാരിക്കോരി സംവരണം വച്ചിട്ടുണ്ട്ണ്ടല്ലോ? ഇത് ഞാൻ നയ്ച്ചിട്ട് ണ്ടാക്കിയ പൈസോണ്ട് വാങ്ങിയ മൊതലാ. അയിന്റെ നട്ക്ക്ക്കൂടി എല്ലാർക്കും ഫ്രീ ആയി നടപ്പാതക്കൂടി ഒര്ക്കി കൊടുക്കാൻ മാത്രം ഒന്നുല്ല.. ഒന്നും വിചാരിക്കല്ലി...

വിവരം അറിഞ്ഞപ്പോൾ ശോഭക്ക് ഒന്നും തോന്നിയില്ല, പ്രതീക്ഷിച്ചതായിരുന്നു..

ഞായറാഴ്ച സിൽമേം കണ്ട് മഞ്ചേരി ന്ന് മുത്ത് തിരിച്ചു പോന്നത് ഷൈനിന്റെ വണ്ടിക്കാണ്.. മഞ്ചേരി മണത്തിൽ മുങ്ങിയ ട്രാഫിക് ന്ന് ഓടിച്ചു കേറ്റി ഷൈൻ വണ്ടി പറപ്പിച്ചു.

"കായിള്ള ചെക്കനെ പ്രേമിച്ചാ മത്യാർന്ന്".

മുടി പറക്കണ കാറ്റിൽ മുത്ത് ഹെൽമെറ്റ് ശെരിയാക്കി അല്പം നിരാശയുടെ മെറ്റൽ കനത്തിൽ ഷൈനിനെ തോണ്ടി.

ഷൈൻ ചിരിയൊതുക്കിയതും വണ്ടി സ്ലോ ആയി.

"ഈ ഉഷ്ണം പൈസേന ശാന്തികൃഷ്ണ എന്നല്ലേ?"

"ഇജ്ജ് അത്രക്ക് ഇളിക്കണ്ട, പോസ്റ്റ് മോഡേൺ കാമുകിയുടെ പരിദേവനങ്ങളായത് കണക്കു കൂട്ടിയാൽ മതി."

"പൈസ ണ്ടേൽ എന്തും അവാർന്ന് ഈ തൊലിഞ്ഞ നാട്ടീന്ന് രക്ഷപ്പെടാർന്ന്".

അതൊരു കൊളുത്താണ്, ചൂണ്ടക്കൊളുത്ത്. ഇടറുന്നത് മയമുള്ളത്. കൊറച്ചു പൈസ ണ്ടെങ്കിൽ എന്നത് എല്ലാ സാധാരണക്കാരനും നിത്യോപയോഗം ചെയ്യുന്ന വാക്കുകളാണ്. ഷൈനിന് അതിൽ അത്ഭുതം ഒന്നും തോന്നീലാ.

കൊല്ലവർഷം 1200 ഇടവം പതിനൊന്നു വൈന്നേരം, പള്ള്യാളിന്റെ ചരിത്രത്തിൽ ആദ്യായട്ട്, പണ്ട് അച്ഛമ്മ പറഞ്ഞത് പോലെ 'ഇന്തുക്കളും മാപ്ലാരും കൂടി ഒരു പണിക്കെറങ്ങി'.
ഒരു ഒറക്കം ഒറങ്ങി എണീറ്റ മുത്തിന് ചായന്റെ ഒപ്പം കിട്ടീത് ഈ ന്യൂസാണ്. പള്ള്യാളിക്കാർ എല്ലാരൂടി ഇത്രേം ദിവസം എടങ്ങേറ് ണ്ടാക്കിയ വേലി മുറിച്ച് ഒരാൾക്ക് നടക്കാൻ പാകത്തിന് വഴിവെട്ടിയിരിക്കുന്നു.

ചേച്ചീന്റെ ആറാം ക്ലാസിലെ മലയാളം ബുക്ക്ന്ന് വായിച്ച കഥേടെ പേരാണ് മുത്തിന് അപ്പൊ ഓർമ്മവന്നത് ആകാശത്തിലെ വിടവ്, മണ്ടിപ്പോയി നോക്കിയപ്പോ കണ്ടു, ആളൊപ്പം പുല്ലു വളർന്നു കിടക്കുന്ന സ്ഥലത്തിന് ചാർത്തിക്കൊടുത്ത മുള്ളരഞ്ഞാണം പൊട്ടിച്ചിരിക്കുന്നു.

ഇത്രേം ദിവസം തൊറന്ന് ഇട്ടിരുന്ന ഗേറ്റ് അടച്ചു പൂട്ടിയാണ് "മുറിക്കലിനെതിരെ" രാജൻ ആപ്പ് തിരുകിവച്ചത്, സാരി ഊരക്ക് കുത്തി നിസ്സാരമായി ഗേറ്റ് ചാടി ശോഭ അതും മറികടന്നു.

റേഷൻപീട്യെല് പോയിവന്ന ഏറ്റോം അറ്റത്തെവീട്ടിലുള്ള പരദൂഷണകാരി വല്യമ്മ സാരി മാടി കയറ്റി ഗെയിറ്റ് വലിഞ്ഞു കേറിയത്തിന്റെ വിവരണം ഒക്കെ മുത്തിന് എത്തിച്ചത് ഷൈനാണ്. സ്വന്തം നാടാണെങ്കിലും വഴികൾക്ക്, സ്ഥലങ്ങൾക്ക് സ്വന്തക്കാരുണ്ട്. അധികാരത്തിന്റെ നാല് അതിരുകൾ.

വഴി അടച്ചത് സ്കൂളി പോണൊരു, കൂലിപ്പണിക്ക് പോണോര് അടക്കം എത്ര പെരെ ബാധിച്ചിട്ടുണ്ടാവും. വെറുതെ ഒന്ന് എണ്ണിനോക്കി മുത്ത്‌.. വട്ടത്തിലെ കണ്ണികളുടെ എണ്ണം വലുതാവുകയാണ്.

പൂട്ടിയ ഗേറ്റും മുള്ളരഞ്ഞാണവും കൊണ്ട് പള്ളിയാളിക്കാര്ക്ക്ണ്ടായ തൊയ്‌ര്യക്കെട്, അങ്ങനെ ഒന്നും ഒയിഞ്ഞ്ല്ലാ. പരീക്ഷ കഴിഞ്ഞു വന്ന സക്കീർന്റുട്ടി ഗേറ്റ്മ്മന്ന് വീണു കാലുളുക്കി. പരദൂഷണ വല്യമ്മേന്റെ മരോള് ഓണത്തിന് വാങ്ങി കൊടുത്ത സാരി ഗേറ്റിന്റെ കമ്പിയിൽ കുടുങ്ങി കീറി, രണ്ടീസം പാർക്കാൻ വന്ന് മടങ്ങിയ ശോഭന്റെ മൂത്തോളു സബിതേന്റെ ചെരുപ്പ് ഗേറ്റ്ന്റെ ചതുരവടിവിൽ കുടുങ്ങി പണ്ടാരടങ്ങി പാനിക് അറ്റാക്ക് ണ്ടാക്കി.

രണ്ടു മാസം കഴിഞ്ഞു. എലെക്ഷൻ വന്നു. പാർട്ടിക്കാരുടെ എണ്ണം വച്ച് കിടിലൻ ഓഫറുകളും വന്നു ശോഭയ്ക്ക്.

വോട്ട് ചെയ്യാൻ വീട്ടില് എത്തിയ മുത്തിനെ ശോഭ കാര്യം ആയി വിളിച്ചൊരു രഹസ്യം പൊട്ടിച്ചു , ബിജെപിക്കാർക്കോ കോണിക്കോ കുത്തിക്കോ മുത്തേ.. ഓരു വയ്യി ശെരി ആക്കി തരാംന്ന് പറഞ്ഞിട്ട്ണ്ട്. അമ്മേടെ കണ്ണിലെ വിശ്വസിപ്പിക്കുന്ന കൊട്ട തെളിച്ചം മുത്തിന് തെളിച്ച കേടായി

"ഇങ്ങൾ അല്ലെന്റമ്മ ഇന്നലെ ഇതിലു രണ്ടിലും പെടാത്തോര്ടെ പാർട്ടിക്ക് പോയി നെയ്‌ച്ചോറ് മുണുങ്ങി പോന്നത്.?"

ഓ, പിന്നെ അയിറ്റങ്ങള് ഒക്കെ ഇയിന്റെപ്പ്രം കാണിക്കണ്ടാവും... പറഞ്ഞെ കേട്ടോളോണ്ടി ഇയ്യ് ശോഭ മുത്ത് ആ പറഞ്ഞത് മൈൻഡ് ആകിയതെ ഇല്ല.

വോട്ടെയ്യലും കയ്ഞ് പോന്നതും അതാ ഗെയിറ്റ് ചാടിക്കടക്കാൻ മൂന്നാല് പേര് വെയ്റ്റിങ് ആണ്.

പരദൂഷണവല്യമ്മ സാരി പൊക്കി ചാടി, സക്കിർകാക്കാന്റെ പെണ്ണുങ്ങള് പർദ്ദ പൊക്കി ചാടി, അയിന്റെ ബാക്കില് അനിയൻ മുണ്ടും മടക്കി ചാടാൻ റെഡിയായി നിക്കുന്നു.

തന്റെ ഊഴവും കാത്തുനിൽക്കുമ്പോൾ മുന്നിൽ കാണുന്ന രംഗം ഒരു സർറിയലിസ്റ്റ് ചിത്രമാണെന്ന് തോന്നി മുത്തിന്. വായുവിലൂടെ കനമില്ലാതെ ഒഴുകി നടക്കുന്ന മുള്ളരഞ്ഞാണവേലിയിലൂടിരുവശത്തും രണ്ടു കാലിൽ നടക്കുന്ന ഉറുമ്പിൻകൂട്ടങ്ങൾ. അതിലൊരു ഉറുമ്പ് ഞാൻ ആണെന്ന് തിരിച്ചറിഞ്ഞതും മുത്ത് ഞെട്ടലോടെ ഗേറ്റ്ന്റെ ലോഹത്തണുപ്പിൽ ഉമ്മവച്ചു.


Summary: Rinka rinka rosa Malayalam Short story by Sheena aami Published in Truecopy Webzine Packet 274.


ഷീന ആമി 

കഥാകാരി. പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിൽ ഗവേഷക വിദ്യാർത്ഥി.

Comments