തെക്കൻ റുവാണ്ടയിലെ അകഗേര നാഷണൽ പാർക്കിനുള്ളിലുള്ള ഹോട്ടലിൽവച്ചാണ് റുവാണ്ടയിലെ എഴുത്തുകാരനും ചരിത്രാദ്ധ്യാപകനുമായ കാബിറാ ഗുർസാ ഷരീഫിനെ കണ്ടത്. എഴുത്തുകാരൻ ആയിരിക്കണം എന്ന് ഞാനൂഹിച്ചതാണ്. അദ്ദേഹത്തിന്റെ ചില ഫോൺ സംഭാഷണങ്ങളിൽനിന്ന് മനസ്സിലാക്കിയത്. ചരിത്രാദ്ധ്യാപകനെന്ന് അദ്ദേഹം പറഞ്ഞതാണ്. പക്ഷെ റുവാണ്ടയിലല്ല, നൈഗറിലെ ഏതോ യൂണിവേഴ്‌സിറ്റി കോളേജിൽ.

ഉഗാണ്ടയിലേയും റുവാണ്ടയിലേയും ഒരാഴ്ചത്തെ യാത്രക്കിടയിൽ താമസിച്ച മിക്ക ഹോട്ടലുകളിലും ഗ്രാമസന്ദർശനത്തിലും ടൂറിസ്റ്റുകൾക്കുവേണ്ടി അരങ്ങേറുന്ന ആഫ്രിക്കൻ ബാന്റ് നൃത്തത്തിന്റെ ഏകതാളത്തിലുള്ള പ്രകടനം അരോചകമായിത്തീർന്നതുകൊണ്ട് ഞാൻ ഹോട്ടൽ ലോബിയിലേക്ക് മടങ്ങി. നേരെ മുന്നിലുള്ള ഇരിപ്പിടത്തിൽ ചിന്താധീനനായ കാബിറാ ഗുർസാ ഇരിക്കുന്നുണ്ടായിരുന്നു. എന്നെ നോക്കി പുഞ്ചിരിച്ചപ്പോൾ ഞങ്ങൾ സുഹൃത്തുക്കളെ പോലെ സംഭാഷണമാരംഭിച്ചു.

റുവാണ്ടക്കാരനായ കാബിറക്ക് ഇത്തരം പ്രദർശനങ്ങളോട് താൽപര്യമില്ലന്ന് മനസ്സിലായി. ഇതെല്ലാം അനുഷ്ഠാന നൃത്തങ്ങളാണെന്നും അതിന്റെ പശ്ചാത്തലവും ഗോത്രവിശ്വാസങ്ങളും മനസ്സിലാക്കിയാൽ മാത്രമേ അത് ആസ്വദിക്കാൻ കഴിയൂ എന്നദ്ദേഹം സൂചിപ്പിച്ചു. നമ്മുടെ നാട്ടിൽ ടൂറിസ്റ്റുകൾക്ക് വേണ്ടി നടത്തുന്ന കഥകളി ക്യാപ്‌സൂളുകളും നൃത്തപാക്കേജുകളും ഞാനോർത്തു.

നീണ്ട നിമിഷങ്ങൾ ഞങ്ങൾ രണ്ടുപേരും നിശ്ശബ്ദരായിരുന്നു. എന്തോ അസ്വസ്ഥതയുണ്ടാക്കുന്ന ഓർമ്മകളാണെന്ന് മുഖഭാവത്തിൽ നിന്ന് വ്യക്തമായിരുന്നു.

എന്റെ ആധി, രാവിലെ റുവാണ്ടായിലേക്ക് വരുന്ന വഴിയുള്ള ബസ്സിലെ സംഭാഷണമോർത്തായിരുന്നു. ഒന്നിച്ച് പഠിച്ചവരും സ്ഥിരകാല സുഹൃത്തുക്കളും വർഷങ്ങളായി അനേകം രാജ്യങ്ങളിലേക്ക് കൂടെ യാത്ര ചെയ്തവരുമായ വേണുവിന്റെയും രമ മേനോന്റെയും വാക്കുകളാണ് എന്റെ സ്വാസ്ഥ്യം കെടുത്തിയത്. ഇന്ത്യയിൽ ചില മത സമുദായങ്ങൾക്ക് ഭൂരിപക്ഷമുണ്ടാക്കാൻ ഓരോരുത്തരും അനേകം കുട്ടികളെ ജനിപ്പിക്കണമെന്ന് മതമേലാളന്മാരുടെ നിർദ്ദേശമുണ്ടെന്നാണ് വേണു പറഞ്ഞത്. ഞാനും തോമസും അങ്ങിനെ ഒരു നിർദ്ദേശമില്ലന്ന് കട്ടായം പറഞ്ഞു. ഒരു ഉൽപതിഷ്ണുവും കമ്മ്യൂണിസ്റ്റുകാരനുമാണെന്ന് വിശ്വസിച്ച വേണുവിൽനിന്ന് ഞാൻ ഇത്തരം വാക്കുകൾ പ്രതീക്ഷിച്ചിരുന്നില്ല. അധികാരത്തിന് വേണ്ടി സമുദായങ്ങൾക്കിടയിൽ കാലുഷ്യവും വെറുപ്പും സൃഷ്ടിക്കാനും സാമുദായിക ധ്രുവീകരണമുണ്ടാക്കാനും ചിലർ അങ്ങിനെ പ്രചരിപ്പിക്കുന്നുണ്ടെന്ന് എനിക്കറിയാമായിരുന്നു. പക്ഷെ പരന്നവായനയും യുക്തിചിന്തയും ഞങ്ങളുടെ മതക്കാരുമായി ഉറ്റ ചങ്ങാത്തവുമുള്ള വേണുവിനെപ്പോലുള്ളവർ ഇത് വിശ്വസിക്കുന്നുണ്ടെന്നറിഞ്ഞപ്പോൾ ഒരു നാട്ടിൽ ഭൂരിപക്ഷം ആളുകൾ ഇത്തരം പ്രചാരണങ്ങൾ വിശ്വസിക്കാനിടയായാലുള്ള അനന്തരഫലങ്ങളോർത്ത് ഞാൻ ഭയചകിതനായി.

രമയും പറഞ്ഞത് സമകാലിക രാഷ്ട്രീയ സാഹചര്യത്തിൽ വെറുപ്പിന്റെ രാഷ്ട്രീയം എങ്ങനെ മേധാവിത്വം നേടുന്നെന്നായിരുന്നു. ഒരേ നുണ പല പ്രാവശ്യം ആവർത്തിച്ചാൽ കുറേ ആളുകൾ ആദ്യം അത് വിശ്വസിക്കുമെന്നും പിന്നീട് അതു തന്നെയാണ് സത്യമെന്ന് എല്ലാവരും വിശ്വസിക്കുമെന്നുള്ള വായ്‌മൊഴിയെ ശരിവെക്കുന്നതായിരുന്നു.

നാലായിരത്തിലധികം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും ഇരുനൂറിലധികം പത്രങ്ങളും ഉപയോഗിച്ച് രാഹുൽ ഗാന്ധിയെ ചപലനായ ഒരു മണ്ടനായും കാര്യശേഷിയില്ലാത്തവനായും ചിത്രീകരിക്കുന്നതിനെക്കുറിച്ചായിരുന്നു സംഭാഷണം. ഓക്‌സ്‌ഫോർഡും ഹാർവാർഡും എം.ഐ.ടിയും പോലുള്ള വിശ്രുത യൂനിവേഴ്‌സിറ്റികൾ ക്ഷണിച്ചുകൊണ്ടുപോയി സംസാരിപ്പിക്കുന്ന, ആൾക്കൂട്ടങ്ങളെ ആകർഷിക്കുന്ന, എന്തും വസ്തുനിഷ്ഠമായി പഠിച്ച് സംസാരിക്കുന്ന, ഭരണകൂടത്തിലേയും നീതിന്യായസ്ഥാപനങ്ങളിലേയും പിശകുകൾക്കെതിരെ നിഷേധാത്മകമല്ലാത്ത ഒരു ആക്ടിവിസ്റ്റായി ജനങ്ങളെ നയിക്കുന്ന രാഹുലിനെ ‘പപ്പു’വായി ചിത്രീകരിക്കുന്നത് സാമാന്യബോധവും അത്യാവശ്യം നിഷ്പക്ഷ പ്രസിദ്ധീകരണങ്ങൾ വായിക്കുന്നവർക്കും മനസ്സിലാവുന്നുണ്ടായിരിക്കുമെന്നാണ് ഞാൻ വിശ്വസിച്ചിരുന്നത്. സാമാന്യം നല്ല വായനക്കാരിയും രാഷ്ട്രീയ- സാമൂഹ്യ സംഭവവികാസങ്ങൾ ഞങ്ങളുടെ വാട്ട്‌സാപ്പ് ഗ്രൂപ്പിലൂടെ സമചിത്തതയോടെയും തുറന്ന മനസ്സോടെയും വിശകലനം ചെയ്യുന്നവളുമായ രമയുടെ രാഹുലിനെക്കുറിച്ചുള്ള ധാരണ ഇതാണെന്നത് എന്നെ ഞെട്ടിപ്പിച്ചു.

രാഹുലിന്റെ കൂടെയുള്ളവരുടെ ആർജ്ജവത്തിൽ നമുക്ക് അവിശ്വാസമുണ്ടാകാം. തോമസിനേയും ഇത് ആശങ്കപ്പെടുത്തിയെന്ന് തോന്നുന്നു. ഇനി രക്ഷയില്ല എന്നുപറഞ്ഞ് തോമസ് മൗനിയായി, അതുപോലെ മറ്റുള്ളവരും. യാത്രയിലുടനീളം ഈ വിശ്വാസനഷ്ടം എന്നെ ആകുലനാക്കിയിരുന്നു. അതിന്റെ ഭാരത്തിലാണ് ഞാൻ ഹോട്ടൽ ലോബിയിലിരുന്നത്.

കാബിറാ ഗുർസാനും ഇത് പോലെ എന്തെങ്കിലും ആകുലതകൾ ഉണ്ടായിരിക്കണമെന്നാണ് മുഖഭാവത്തിൽനിന്ന് മനസ്സിലാവുന്നത്.

ലോബിയിലിരിക്കുന്ന ഞങ്ങൾക്ക് നൃത്തശാലക്കടുത്തുള്ള തീക്കുണ്ഡത്തിൽ ചുട്ടെടുത്ത മാംസക്കഷണങ്ങളും മധുരക്കിഴങ്ങളുമായി ഒരു ആഫ്രിക്കൻ യുവതി എത്തി. വളരെ മനോഹരമായ ചിരിയോടെ അവൾ ഒരു പ്ലേറ്റിൽ വിഭവങ്ങൾ വിളമ്പി ഞങ്ങൾക്ക് നേരെ നീക്കിവച്ചു. ചുവന്ന ദ്രാവകം നിറച്ച ഗ്ലാസ്സുകളും അവൾ ഞങ്ങൾക്ക് നേരെനീട്ടി. ചോദിക്കാതെതന്നെ ആഫ്രിക്കയിൽ മാത്രമുള്ള ബനാന വൈനാണെന്നവൾ മൊഴിഞ്ഞു.

ഇത് ഞങ്ങളെ രണ്ടു പേരെയും ഓർമ്മകളിൽനിന്ന് ഹോട്ടൽ ലോബിയിലെത്തിച്ചു. അകലെ ബാന്റിന്റെ താളം മുറുകുന്നതിനനുസരിച്ച് ഓരിയിടൽ പോലെ തോന്നിയ പാട്ടുകൾ താളപ്പിശകോടെ ഉയർന്നു കേട്ടു. എന്നാലും സംസാരിക്കുന്നത് പരസ്പരം കേൾക്കാനുള്ള നിശ്ശബ്ദത അവിടെ ഉണ്ടായിരുന്നു.

നിങ്ങളെയെന്തോ അലട്ടുന്നുണ്ടല്ലോ, ടൂറിസ്റ്റായി വന്നതല്ലേ, സന്തോഷിക്കേണ്ടതല്ലേ? ഒരദ്ധ്യാപകനായതുകൊണ്ടായിരിക്കാം എന്റെ ഭാവമാറ്റങ്ങൾ കാബിറാ മനസ്സിലാക്കിയിരിക്കുന്നു.

ശരിയാണ്, ഒരു തരം പ്രാണസങ്കടം. നമ്മുടെ ധാരണകൾ എല്ലാം അബദ്ധമാണെന്നറിയുമ്പോഴുള്ള തീവ്ര മനോവിഷമം.

ഞാൻ രാവിലെയുണ്ടായ സംഭാഷണവും ഇന്ത്യയുടെ ഇന്നത്തെ അവസ്ഥയും ഏതാണ്ട് പറഞ്ഞ് ഫലിപ്പിച്ചു. ഇന്ത്യയിലെ മതധ്രുവീകരണവും വെറുപ്പിന്റെ രാഷ്ട്രീയവും പത്രമാധ്യമങ്ങളേയും സാമൂഹ്യമാധ്യമങ്ങളേയും ഇതിനുവേണ്ടി ഉപയോഗിച്ച് ഒറ്റക്കൊറ്റക്കുള്ള കലാപങ്ങൾക്ക് പകരം ഒരു അതിവ്യാപകമായ കലാപങ്ങളും മനുഷ്യഹത്യയും നടക്കാനുള്ള സാധ്യതയും ഞാൻ സൂചിപ്പിച്ചു.

എന്റെ വാക്കുകൾ അദ്ദേഹത്തിന്റെ അസ്വസ്ഥത വർദ്ധിപ്പിച്ചതായി എനിക്ക് തോന്നി. എരിപിരികൊള്ളുന്നതുപോലെ കണ്ണുകൾ സജലങ്ങളായി. അദ്ദേഹം പതുക്കെ സംസാരിക്കാൻ തുടങ്ങി.

റുവാണ്ടയിൽ തൊണ്ണുറുകളിലുണ്ടായ വംശീയ കലാപങ്ങളും കൂട്ടക്കൊലപാതകങ്ങളും നിങ്ങൾ കേട്ടിട്ടുണ്ടാവുമല്ലോ. ഹുട്ടു വംശജർ 20 ലക്ഷത്തോളം ടുട്‌സി വംശജരേയും ടുട്‌സികളെ സഹായിച്ചെന്ന നേരിയ സംശയം പോലുമുള്ള ഹുട്ടുവംശജരേയും കൊലചെയ്തിരുന്നു.

റുവാണ്ടയിലേക്ക് വരുന്നതിനു മുമ്പുള്ള പഠനത്തിലും ആധുനിക റുവാണ്ടക്ക് എങ്ങനെ ഒരു യൂറോപ്യൻ നഗരത്തിന്റെ സ്വഭാവം വന്നു എന്ന് സൂചിപ്പിച്ച ചില ലേഖനങ്ങളിലൂടെയും ഞാനത് മനസ്സിലാക്കിയിരുന്നു. കഴിഞ്ഞ സംഭവങ്ങൾ മനസ്സിലോർത്തപ്പോൾ എന്റെ നാട്ടിലും അതുപോലെയുള്ള ഒരു കലാപം ആസന്നമല്ലേ എന്ന ആശങ്കയാണ് കാബിറായോട് മനസ്സ് തുറക്കാൻ എന്നെ പ്രേരിപ്പിച്ചത്. വംശഹത്യക്ക് മുമ്പ് ഇന്ന് ഇന്ത്യയിലേത്‌പോലെ സമാനമായ ഒരവസ്ഥയാണ് റുവാണ്ടയിലുണ്ടായിരുന്നത് എന്ന് ഞാൻ മനസ്സിലാക്കിയിരുന്നു. അതുകൊണ്ടുതന്നെ എനിക്ക് കാബിറായിൽ നിന്ന് കുറെ കാര്യങ്ങൾ അറിഞ്ഞാൽ കൊള്ളാമെന്നുണ്ടായിരുന്നു.

ഞാൻ നൈഗറിൽ പഠിക്കുമ്പോഴാണ് റുവാണ്ടയിൽ ജീനോസൈഡ് ഉണ്ടായത്. എന്റെ പിതാവ് ഹുട്ടുവും മാതാവ് ടുട്‌സിയുമായിരുന്നു. ഞങ്ങൾ അഞ്ച് മക്കളും കലാപസമയത്തുണ്ടായ പ്രചാരണങ്ങൾ മൂലം എന്റെ പിതാവിനും കുടുംബങ്ങൾക്കും, മാതാവിനേയും നാല് മക്കളേയും അവർ നിർബന്ധിച്ചതനുസരിച്ച് ക്രൂരമായ കൊല ചെയ്യേണ്ടിവന്നു. ഇനിയുള്ള റുവാണ്ടയിൽ സങ്കരസന്തതികൾ വേണ്ടെന്നായിരുന്നു അവരുടെ തീരുമാനം. അതിനുശേഷം പിതാവിനെ കണ്ടിട്ടില്ല. കൊല്ലപ്പെട്ടോ നാട്‌ വിട്ടോ എന്നറിയില്ല. അദ്ദേഹം ആ നടുക്കത്തിൽ നിന്ന് മോചിതനായിട്ടില്ലെന്ന് കണ്ണുകളിൽ നിന്നൊഴുകിയ കണ്ണീർ തെളിയിച്ചു.

നമ്മുടെ നാട്ടിൽ എത്രയോ പേർ ഇതരമതസ്ഥരെ വിവാഹം ചെയ്ത് തലമുറകളോളം ജീവിക്കുന്ന ഒരു വംശഹത്യയുടെ സന്നിഗ്ദഘട്ടത്തിൽ ആരാരെയാണ് കൊലചെയ്യുക. ഹുട്ടുകൾക്കിടയിൽ പിതാവിനാണ് പ്രാധാന്യം കേരളത്തിൽ പ്രാദേശികമായിപ്പോലും ഇത് വ്യത്യസ്തമല്ലേ. അച്ഛൻ, ജീവന് തുല്യം സ്‌നേഹിക്കുന്ന ഭാര്യയേയും മക്കളേയും ഗോത്രത്തിന്റെ പേരിൽ കൊലചെയ്യേണ്ടിവരുന്ന അവസ്ഥ എത്ര ഭീകരമായിരിക്കും. ഈ സ്ഥിതി, ദുരഭിമാനക്കൊലപാതകങ്ങൾ നടക്കുന്ന നമ്മുടെ നാട്ടിൽ അതത്രയും വിദൂരമല്ലെന്ന് എനിക്ക് തോന്നി.

ഇത്തിരിനേരം കാബിറാ നിശ്ശബ്ദയായെങ്കിലും ഞാൻ ഈ വിഷയത്തിൽ താൽപര്യമുള്ള ഒരു ശ്രോതാവാണെന്ന് അദ്ദേഹത്തിന് തോന്നിയിരിക്കണം.

റുവാണ്ടയിൽ 25% മാണ് ടുട്‌സികൾ ബാക്കി ഭൂരിപക്ഷം ഹുട്ടുകളും ഒരു ചെറിയ വിഭാഗം ത്വാവർഗ്ഗക്കാരും. ഇവരെല്ലാം ബനിയർവാണ്ട എന്ന മൂലഗോത്രത്തിൽനിന്ന് വന്നവരാണ് എല്ലാവരും സംസാരിക്കുന്നത് കിൻയാർവാണ്ട എന്ന ഭാഷയാണ്. വ്യത്യസ്ത ഗ്രൂപ്പുകളായിത്തീർന്നെങ്കിലും ഇവർ പങ്കുവക്കുന്നത് ഒരേ ജീനാണ്. പക്ഷെ ആദിമ കാലം മുതൽ ടുട്‌സികൾ കാലിമേക്കുന്നവരും ഹുട്ടുക്കൾ കർഷകരുമായിരുന്നു. കാലികൾക്ക് അന്ന് കൃഷിഭൂമിയേക്കാൾ വിലയുള്ളത് കൊണ്ടും ആസ്ഥികൾ സമ്പത്തായി മാറ്റാവുന്നത് കൊണ്ടും ടുട്‌സികൾ സമ്പത്തും അത് വഴി ഭരണപരമായ നേതൃത്വവും കൈവന്നു. ആദ്യകാലത്ത് കാശുള്ള ഹുട്ടുവർഗ്ഗക്കാർക്ക് ടുട്‌സി ആയി മാറാൻ ചില ചടങ്ങുകൾ മാത്രം മതിയായിരുന്നു. അതുപോലെ ടുട്‌സിയെ വിവാഹം കഴിക്കാനും ചില അനുഷ്ടാനങ്ങൾ മതിയായിരുന്നു. ഇടക്കാലത്ത് ബെൽജിയൻ അധിനിവേശത്തോടൊപ്പം ഭിന്നിപ്പിച്ച് ഭരിക്കുക എന്ന തന്ത്രം സാമ്രാജ്യത്വ ശക്തികൾ കൊണ്ടുവന്നു. ടുട്‌സികൾ ഹുട്ടുക്കളെ വിവാഹം ചെയ്തും ചില അനുഷ്ഠാനങ്ങൾ നടത്തിയും ടുട്‌സി അംഗസംഖ്യ വർദ്ധിപ്പിക്കുന്നതായി പ്രചരണം വന്നു. ഇത് പതുക്കെ സാമുദായിക ധ്രുവീകരണത്തിലേക്ക് നയിച്ചു.

നമ്മുടെ ലൗവ് ജിഹാദ് പ്രചരണങ്ങൾ ഇതിനോടൊത്ത് കൂട്ടിവായിക്കേണ്ടതാണെന്ന് എനിക്ക് മനസ്സിൽ തോന്നി. പകയും വിദ്വേഷവും മനുഷ്യരിൽ ജനിപ്പിച്ച് അതിന്റെ നേട്ടം കൊയ്യാൻ എത്ര എത്ര പ്രചരണങ്ങൾ വംശവെറിയുടെ ആവേശത്തിൽ, ഇതിന്റെ അർത്ഥശൂന്യത ആരും ആലോചിക്കുന്നില്ല. വംശഹത്യക്ക് മുമ്പുള്ള ലൗവ് ജിഹാദ് പ്രചരണങ്ങൾ ഞങ്ങളുടെ നാട്ടിലും നടന്നുകൊണ്ടിരിക്കുന്നു ഞാൻ കാബിറായോട് പറഞ്ഞു. സ്വാർത്ഥ തൽപരരും സമാധാനത്തിനാണ് മതം എന്ന മത തത്വസംഹിതകൾ മനസ്സിലാക്കാത്ത ചില മിഷനറികളും ഇതിന് പിന്നിലുണ്ടെന്ന് സൂചന ഞാൻ നല്കി.

അതദ്ദേഹത്തെ കൂടുതൽ സംസാരിപ്പിക്കാൻ പ്രചോദിപ്പിച്ചു.

19-ാം നൂറ്റാണ്ടിന്റെ അവസാനത്തിൽ യൂറോപ്യന്മാരോടൊപ്പം മിഷനറികളും വന്നു. അത് വരെ മൂന്ന് വർഗ്ഗക്കാർക്കും റയാൻഗോംബെ എന്ന ദൈവം മാത്രമാണുണ്ടായിരുന്നത്. യൂറോപ്യന്മാർ ടുട്‌സികൾ എത്യോപ്പ്യയിൽനിന്ന് വന്ന ഉന്നതകുല ജാതരായ ക്രിസ്ത്യാനികളുടെ പിന്തുടർച്ചക്കാരാണെന്ന് പ്രചരിപ്പിച്ച് അവരെ വശത്താക്കി ജ്ഞാനസ്‌നാനം ചെയ്യിപ്പിച്ചു. മിഷനറിമാർക്കൊപ്പം സാമ്രാജ്യത്വ അധികാരികളും ടുട്‌സികൾക്ക് പ്രധാന്യം കൊടുത്തു.

ഇന്ത്യയിലും ഇതാണല്ലോ സംഭവിച്ചത്. സാമ്രാജ്യത്വശക്തികൾ വരുന്നതിന് മുമ്പ് ഹിന്ദു രാജാക്കന്മാരും മുസ്ലിം രാജാക്കന്മാരും നിർബന്ധിതവും വിപുലവുമായ മതംമാറ്റമൊന്നുമില്ലാതെ പ്രജാക്ഷേമതല്പരരായി ഭരിച്ച ഇന്ത്യ ലോകസാമ്പത്തികോൽപാദനത്തിന്റെ 26 ശതമാനത്തിനുടമയായിരുന്നു. ഡക്കാൻ രാജാക്കന്മാരും മുഗളന്മാരും ചോളന്മാരും പരസ്പരം യുദ്ധം ചെയ്തുവെങ്കിലും അത് അധിനിവേശത്തിനും രാജ്യാതിർത്തിവികസിപ്പിക്കാനുമായിരുന്നു. പക്ഷെ ഭാരതം ആ കാലത്തെല്ലാം സമ്പൽസമൃദ്ധമായിരുന്നു. ജനങ്ങളിൽ വംശീയവൈര്യം ഉണ്ടായിരുന്നില്ല. സാമ്രാജ്യത്ത അധിനിവേശത്തോടെയാണ് ജാതിയും മതവും പറഞ്ഞ് മനുഷ്യരെ ഭിന്നിച്ച് കലാപങ്ങളുണ്ടാക്കിയും ഇന്ത്യയിലെ സമ്പത്ത് യൂറോപ്പിലേക്ക് കടത്തിയും ഈ രാജ്യത്തെ നിർധനരാക്കി. ബ്രിട്ടീഷുകാർ ഇന്ത്യവിടുമ്പോൾ നമ്മുടെ ഉൽപാദനം രണ്ട് ശതമാനത്തിൽ താഴെയായിരുന്നു.

കേൾക്കാൻ മനസ്സുള്ള ഞാനിത് അദ്ദേഹത്തോട് വിശദമാക്കി. സാമ്രാജ്യഭരണത്തിന്റെ അനന്തരഫലങ്ങൾ അദ്ദേഹത്തിന്റെ ഗവേഷണത്തിന്റെ ഭാഗമായിരുന്നു. റുവാണ്ടയിലും സമീപത്തുമുള്ള ആഫ്രിക്കൻ രാജ്യങ്ങളിലും ഇതേ അവസ്ഥതന്നെയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. നമ്മൾക്കില്ലാത്ത പല മാനുഷിക ദുരന്തങ്ങൾ സാമ്രാജ്യത്തം മൂലം ആഫ്രിക്കയിൽ സംഭവിച്ചെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

മതം പറഞ്ഞുള്ള ഈ ഭിന്നിപ്പിക്കലല്ലേ നമ്മുടെ നാട്ടിലും നടക്കുന്നത്. നല്ല മനുഷ്യനും ചീത്ത മനുഷ്യനും എന്നതിന് പകരം മതവിഭാഗങ്ങളാണ്. ചരിത്രം പോലും അവർ മാറ്റിയെഴുതി. പത്തൊമ്പതാം നൂറ്റാണ്ടിൽ എല്ലാ ഗോത്രങ്ങളേയും സമന്മാരായി കണക്കാക്കി അവർക്കും തുല്യാവസരങ്ങൾ നൽകുകയും ഗോത്രനീതിക്ക് പകരം രാജ്യ നീതി നടപ്പാക്കുകയും ചെയ്ത ഒരു രാജാവുണ്ടായിരുന്നു. കിഗേലി റ്ബുഹിരി. റുവാണ്ടയുടെ സുവർണ്ണകാലമായിരുന്നു അദ്ദേഹത്തിന്റെ ഭരണകാലം.

ഞാൻ മാനുഷരെല്ലാരുമൊന്നുപോലെ എന്ന മഹാബലിക്കാലം അദ്ദേഹത്തോട് വിശദീകരിച്ചു.

ഏതാണ്ടതുപോലെത്തന്നെ. ആ മനുഷ്യരെല്ലാരുമൊന്നുപോലെ എന്ന കാലം ഇന്ന് റുവാണ്ടൻ ചരിത്രത്തിലില്ല. ഹുട്ടുക്കളെ ഉബുതത്വാ എന്ന നിർബന്ധ ജോലി ചെയ്യിപ്പിച്ച നീചനായും ആസ്ഥികളുടെ എല്ലാം അവകാശം ടുട്‌സികൾക്ക് നല്കി അവർക്ക് ഭരണത്തിൽ പ്രാമുഖ്യം നല്കിയ ഉബുഹാകെ എന്ന നിയമം നടപ്പാക്കിയ ക്രൂരനുമായാണ് ചരിത്രം തിരുത്തിയെഴുതിയത്.

എന്തൊരു സാമ്യം ഞാൻ ഒരു നിമിഷം ആലോചിച്ചു. ഞങ്ങളുടെ രാജ്യത്ത് എല്ലാ ചരിത്രവും തിരുത്തിയെഴുതിക്കൊണ്ടിരിക്കുന്നു. മൂലവേര് മറുനാട്ടിലാണെങ്കിലും ഇവിടെ പ്രജാക്ഷേമം മുൻനിർത്തി ഭരിച്ച രാജാക്കന്മാരേയും എടുത്തു പറയേണ്ട ഹർമ്യങ്ങളും നിർമ്മിതികളും ഉണ്ടാക്കി എല്ലാ ജാതി മതസ്തരേയും ചേർത്തുപിടിച്ച് ഭരണം നടത്തിയവരും ഇവിടത്തന്നെ തലമുറകളായി മരിച്ച് മണ്ണടിഞ്ഞവരും ഇന്ന് വിദേശികളും കൊള്ളക്കാരുമാക്കി ചരിത്രം തിരുത്തി എഴുതുന്നു. ലോകം അംഗീകരിച്ച രാഷ്ട്രപിതാവിനുപകരം ഉയർത്തിക്കാട്ടുന്നത് ബ്രിട്ടീഷുകാരോട് കൂറ് പ്രഖ്യാപിച്ച് മാപ്പപേക്ഷ എഴുതിക്കൊടുത്തവരെയാണ്. ജാലിയൻ വാലാബാഗിലും ദൽഹിയിലും മറ്റനേകം സ്ഥലങ്ങളിലും ദേശാഭിമാനികൾക്ക് നേരെ കാഞ്ചിവലിച്ചത് ബ്രിട്ടീഷ് പട്ടാളത്തിലെ ഇന്ത്യൻ പടയാളികളായിരുന്നു. അതുപോലെ ഭഗത് സിങ്ങിനേയും മറ്റും തൂക്കിലേറ്റിയത് ബ്രിട്ടീഷുകാരുടെ ആജ്ഞ അനുസരിച്ച് ഇന്ത്യക്കാരായിരുന്നു. അവരെല്ലാം ഇന്ന് രാജ്യസ്‌നേഹികളായിരിക്കുന്നു.

ഞാനിതാലോചിച്ച് അനേകം നൂറ്റാണ്ടുകൾക്ക് മുമ്പ് നിർമ്മിച്ച ഇന്നും നിലനിൽക്കുന്ന കോട്ടകളുടേയും ക്ഷേത്രങ്ങളുടേയും ശവകുടീരങ്ങളുടേയും ലോകത്തായിരുന്നു.

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിലാണ് അതിക്രൂരന്മാരായ ബെൽജിയംകാർ റുവാണ്ടയിൽ ആധിപത്യം സ്ഥാപിച്ചത്. അവരാണ് പൗരത്വ കാർഡും വംശീയകാർഡും നടപ്പാക്കിയത്. ഓരോ വിഭാഗത്തേയും വേർതിരിച്ച് വിവിധ നിറത്തിലുള്ള കാർഡുകൾ നൽകുകയും ഓരോ കാർഡിനുമനുസരിച്ച് നിത്യവ്യവഹാരത്തിൽ നിയന്ത്രണങ്ങൾ കൊണ്ടുവരികയും ചെയ്തു. ഇത് വംശീയ ധ്രുവീകരണം ശക്തമാക്കി. പല പ്രദേശങ്ങളിലും ടുട്‌സികളും ഹുട്ടുക്കളും ഇടകലർന്നാണ് ജീവിച്ചിരുന്നത്. വംശീയഹത്യയുടെ കാലത്ത് ഈ കാർഡുകൾ മനുഷ്യരെ തിരിച്ചറിയാനും കൊലചെയ്യാനും ഉപയോഗിച്ചു. ഇടകലർന്ന് വിവിധവംശങ്ങൾ ജീവിച്ചിരുന്നിടത്ത് ടുട്‌സികളെ ഹുട്ടുക്കൾക്ക് അറിയാമായിരുന്നു. അയൽപക്ക ബന്ധവും സൗഹാർദ്ദവും വച്ച് ടുട്‌സികളെ രക്ഷിക്കാൻ ശ്രമിച്ചവരും രാജ്യദ്രോഹികളായി അവരേയും നിഷ്‌കരുണം കൊലചെയ്തു. സങ്കരവിവാഹത്തിൽ ജനിച്ചവരും ടുട്‌സി സ്ത്രീകളും എന്റെ മാതാവിനെപ്പോലെ കൊല്ലപ്പെട്ടു. രാജ്യം മുഴുവൻ ബാരിക്കേഡുകളുണ്ടാക്കി, യാത്ര ചെയ്യുന്നവരെ കാർഡ് നോക്കി കൊന്നുകളഞ്ഞു. ടുട്‌സി സ്ത്രീകൾ മുഴുവൻ ബലാൽസംഗത്തിന് വിധേയരായി. തടവുപുളളികളേയും അന്നുണ്ടായിരുന്ന എയ്ഡ്‌സ് കോളനികളിൽ ഒറ്റപ്പെടുത്തിയിരുന്ന പുരുഷന്മാരേയും ടുട്‌സി സ്ത്രീകളെ ബലാൽസംഗം ചെയ്യാൻ തുറന്നുവിട്ടു. അഞ്ച് ലക്ഷത്തോളം സ്ത്രീകൾ ബലാൽസംഗത്തിനിരയായി, നാല് ലക്ഷം പേർക്ക് എയ്ഡ്‌സ് ബാധിച്ചു. 100 ദിവസം കൊണ്ട് 15 ലക്ഷത്തിനും 20 ലക്ഷത്തിനും ഇടയിൽ ആളുകൾ കൊല ചെയ്യപ്പെട്ടു. ഇതിൽ 50% വും ടുട്‌സികളായിരുന്നു. ബാക്കി ടുട്‌സികളെ സഹായിച്ച ഹുട്ടുക്കളും ത്വാ വർഗ്ഗക്കാരും.

അതിക്രൂരമായിരുന്നു ഈ കൊലപാതകങ്ങൾ. സ്ത്രീകളുടെ ജനനേന്ദ്രിയങ്ങളിൽ പൊട്ടിത്തെറി വസ്തുക്കളും ആസിഡും നിറച്ചു. തോക്കുകൾക്കൊപ്പം വടിയും ചുറ്റികയും കത്തിയും കൊലപാതകത്തിനുപയോഗിച്ചു. ടയറുകളിട്ട് കത്തിച്ച അഗ്നികുണ്ഡത്തിലേക്ക് കാലുകളും കൈകളും കെട്ടി മനുഷ്യരെ വലിച്ചെറിഞ്ഞു. അനേകം പേരെ അടഞ്ഞ മുറിയിലിട്ട് പെട്രോളൊഴിച്ച് കത്തിച്ചു. പ്രധാനമായും പുരുഷന്മാരേയാണ് ലക്ഷ്യമിട്ടതെങ്കിലും കുട്ടികളും സ്ത്രീകളും ക്രൂരതക്കിരയായി. ക്രിമിനലുകൾ, എങ്ങനെ ക്രൂരമായി മനുഷ്യരെ കൊല്ലാമെന്ന് പരീക്ഷണങ്ങൾ നടത്തി. ജനസംഖ്യയുടെ മുപ്പത് ശതമാനം ആളുകൾ കൊല്ലപ്പെട്ടു.

കാബിറായുടെ വാക്കുകൾ കേട്ട് ഞാൻ ഞെട്ടിത്തരിച്ചിരിക്കയായിരുന്നു. എന്തൊരു ക്രൂരത മനുഷ്യർക്ക് ഭ്രാന്ത് പിടിച്ചുവോ. എന്ത് സാഹചര്യങ്ങളാണ് ഇവരെ ഉന്മാദികളാക്കിയത്. നമ്മുടെ നാട്ടിലും ഗർഭിണിയുടെ വയർപിളർന്ന് ഗർഭസ്ഥശിശുവിനെ ത്രിശൂലത്തിൽ കുത്തിയെടുത്തതും എരിയുന്ന തീക്കുണ്ഡങ്ങളിലേക്ക് മനുഷ്യരെ എടുത്തെറിയുന്നതും ആളുകൾ നിറഞ്ഞ മുറികളിലേക്ക് പാചകവാതകം തുറന്നിട്ട് തീവക്കുന്നതും മനുഷ്യരെ പേപ്പട്ടികളെപ്പോലെ തല്ലിക്കൊല്ലുന്നതും ത്രിശൂലത്തിൽ കോർക്കുന്നതും പോലുള്ള സംഭവങ്ങൾ ഏതാനും വർഷം മുമ്പ് നടന്നതാണല്ലോ എന്നോർത്തു. പിന്നീടൊതുങ്ങിയെങ്കിലും ഒറ്റപ്പെട്ട സംഭവങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. ഇനി നടപ്പാക്കുന്ന പൗരത്വ കാർഡുകൾ ഈ കൊലപാതകം ചെയ്യുന്നതിനുള്ള രേഖകളായി റുവാണ്ടയിലെ പോലെ ഇന്ത്യയിലും സംഭവിക്കാം. വ്യാപകമായ ഒരു കൊലപാതക പരമ്പര മാത്രമേ ഇനി ബാക്കിയുള്ളൂ.

ഞാൻ എന്റെ സന്ദേഹങ്ങൾ കാബിറായുമായി പങ്കുവച്ചു. വീണ്ടും ഞാൻ കേട്ടത്, ഈ കൊലപാതക പരമ്പരകൾ വിശാലമായ ഒരു ഭൂമിക ഒരുക്കാൻ റുവാണ്ടയിൽ ചെയ്ത കാര്യങ്ങളാണ്, ഏറെക്കുറെ ഇന്ത്യയിലേതുപോലെ.

ഇന്ത്യയിലെ കാര്യങ്ങൾ എനിക്കറിയാം. നിങ്ങൾ പറഞ്ഞ ലൗവ് ജിഹാദും പൗരത്വനിർണ്ണയവും ചരിത്രം മാറ്റിയെഴുതലും ജനാധിപത്യത്തെ കശാപ്പുചെയ്യലും കൂട്ടക്കൊലപാതകങ്ങളിൽ കലാശിക്കാവുന്ന ഒരു കലാപത്തിന് പശ്ചാത്തലമൊരുക്കിയിട്ടുണ്ട്. മാധ്യമങ്ങൾ അസത്യങ്ങൾ പ്രചരിപ്പിക്കുന്നു, മനുഷ്യരെ ഭിന്നിപ്പിക്കുന്നു. രാഹുൽ ഗാന്ധിയുടെ കാര്യം നിങ്ങൾ പറഞ്ഞുവല്ലോ. ഇവിടെ മുപ്പതോളം മാധ്യമങ്ങൾ ദൃശ്യ-ശ്രവ്യ മാധ്യമങ്ങളടക്കം ടുട്‌സികൾക്കും ഹുട്ടുകൾക്കുമിടയിൽ വൈര്യം വളർത്താൻ ശ്രമിച്ചിരുന്നു. ഹുട്ടുക്കളുടെ ശോചനീയാവസ്ഥക്ക് കാരണം ടുട്‌സികളാണെന്ന വമ്പൻ പ്രചാരണമുണ്ടായി. കാൻഗുരാ എന്ന ഒരു റേഡിയോ ചാനലുണ്ടായിരുന്നു. ആദ്യഘട്ടത്തിൽ ആരോഗ്യ പരിപാടികളും വിനോദപരിപാടികളും തമാശകളുമായി തുടങ്ങിയ ആ ചാനൽ റുവാണ്ടയിൽ വലിയൊരു വിഭാഗത്തെ ആകർഷിച്ചു. പിന്നീട് പതുക്കെ ടുട്‌സികൾക്കെതിരെ ഇതര സമൂഹങ്ങളിൽ വിദ്വേഷം വളർത്തുന്ന പരിപാടികൾ മാത്രമായി. ഹുട്ടുക്കൾക്കെതിരെ ടുട്‌സികളുടെ ക്രൂരതകൾ കള്ളവായി പ്രചരിപ്പിച്ച് എതിർവിഭാഗത്തെ പ്രകോപിതരാക്കി. ഇന്ത്യയിലും ഇതുപോലുള്ള ചാനലുകളും പത്രങ്ങളുമുണ്ടെന്നറിയാം. ഒരു റുവാണ്ടൻ മോഡൽ കലാപത്തിനുള്ള സാധ്യത ഈ മാധ്യമങ്ങൾ സൃഷ്ടിക്കും.

അഖിലേന്ത്യാ തലത്തിൽ വിദ്വേഷം വളർത്തുന്ന നിരവധി മാധ്യമങ്ങളുണ്ടല്ലോ. ദുർബലമായ നടപടിയാണെങ്കിലും NBDSA തുടങ്ങിയ സർക്കാർ ഏജൻസികൾ തുടക്കത്തിൽ ഇവർക്കെതിരെ നടപടികൾ തുടങ്ങിവെക്കാറുമുണ്ട്. പക്ഷേ അവർ വീണ്ടും വീണ്ടും വിദ്വേഷ വാർത്തകൾ പ്രക്ഷേപണം ചെയ്യാറുമുണ്ട്. ടൈംസ് നൗ അദ്ദേഹത്തിന്റെ ഗവേഷണത്തിന്റെ ഭാഗമായി കാണാറുണ്ടെന്ന് കാബിറാ പറഞ്ഞു. പഴയ റുവാണ്ടൻ ചാനലുകളുടെ എല്ലാ സ്വഭാവവും അതിനുണ്ടെന്ന് അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞു.

ഈ പ്രചരണങ്ങളെല്ലാം ജനങ്ങളെ ഒരു കൂട്ടക്കൊലപാതകത്തിന് തയ്യാറാക്കിയിട്ടുണ്ടാവാം പക്ഷെ ഇത് കത്തിപ്പിടിക്കാൻ ഒരു തീപ്പൊരി വേണ്ടെ. റുവാണ്ടയിലെതെന്തായിരുന്നുവെന്ന് ഞാൻ ചോദിച്ചു.

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം സാമ്രാജ്യത്വശക്തികൾ സൃഷ്ടിച്ച വിഭാഗീയത മൂലം ചെറിയ കലാപങ്ങളുണ്ടായിക്കൊണ്ടിരുന്നു. ടുട്‌സികളും ഒരുവിഭാഗം ബ്രുഗാണ്ടയിലേക്കും ഉഗാണ്ടയിലേക്കും സമീപ പ്രദേശങ്ങളിലേക്കും പാലായനം ചെയ്തു. അവർ ഒന്നിച്ച്‌ചേർന്ന് റുവാണ്ടൻ പാട്രീയോട്ടിക് ഫോഴ്‌സ് എന്ന അർദ്ധ മിലിട്ടറി സംഘടനയുണ്ടാക്കി. അവർ ഇടക്കിടെ റുവാണ്ടൻ ഭരണാധികാരികളുമായി യുദ്ധം ചെയ്യുകയും ചില പ്രദേശങ്ങൾ പിടിച്ചടക്കുകയും ചെയ്തു. അവരുടെ നേതാവ് അജിയോമ ഹുട്ടു ആക്രമണത്തിൽ കൊല്ലപ്പെടുകയും അടുത്ത നേതാവായി പോൾ കഗാമ തൊണ്ണൂറുകളുടെ ആദ്യത്തിൽ സ്ഥാനമേൽക്കുകയും ചെയ്തു. അദ്ദേഹം തീവ്രനിലപാടുകൾക്കെതിരായിരുന്നു.

അതിനുശേഷം കാൻഗുറാ പത്രത്തിൽ തുടർച്ചയായി ടുട്‌സികൾക്കെതിരെ തീവ്രവിദ്വേഷ വാർത്തകൾ വന്നു. ടുട്‌സികളെ നശിപ്പിക്കാനുള്ള മാർഗനിർദ്ദേശങ്ങളും അവർ തുടർച്ചയായി പ്രസിദ്ധീകരിച്ചു. ഹുട്ടു പവർമൂവ്‌മെന്റ് എന്ന തീവ്രയുവപൗരസേന രൂപം കൊണ്ടു. ഹുട്ടുകളും ടുട്‌സികളും ഇടപഴകുന്നത് അവർ വിലക്കി. ഹുട്ടു യുവതിയുവാക്കൾ വഴിയിൽനിന്ന് സംസാരിക്കുന്നത്‌പോലും ശിക്ഷാർഹമായി. ഹുട്ടു പവർമൂവ്‌മെന്റ് ഒരു കലാപത്തിനും കൂട്ടക്കൊലക്കും പശ്ചാത്തല തയ്യാറെടുപ്പുകൾ നടത്തിക്കൊണ്ടിരുന്നു. ഹുട്ടു പവർമൂവ്‌മെന്റ് മയിലിനെ പവിത്രപക്ഷിയായി പ്രഖ്യാപിച്ചു. റുവാണ്ടയിലെല്ലാവരും കോഴികളെപ്പോലെ മാംസത്തിനായി വളർത്തുന്ന ഒരു പക്ഷിയായിരുന്നു മയിലുകൾ. ടുട്‌സികൾ അതിനെ വളർത്തുന്നതും മാംസമുപയോഗിക്കുന്നതും അക്രമകാരണമായി കൊലപാതകങ്ങളും നടന്നു.

ഇത് കേട്ടപ്പോൾ ഇന്ത്യയിലെ ശ്രീരാമസേനകളും ഹനുമാൻ സേനകളും ബജ്‌റംഗ് ദൾ ഗോസംരക്ഷണ സേനകളും ഇതല്ലേ ചെയ്യുന്നത് എന്ന് ഞാൻ ഞെട്ടലോടെ ഓർത്തു. പശുക്കളുടെ പേരിൽ എത്ര കൊലപാതകങ്ങൾ അരങ്ങേറിയിരിക്കുന്നു. കാബിറായുമിത് പങ്കുവെച്ചപ്പൾ അദ്ദേഹം നിസ്സംഗതയോടെ പറഞ്ഞു.

ചരിത്രം അങ്ങിനെയാണ്. ശത്രുവിനെ തിരഞ്ഞാലേ അധികാരത്തിലെത്താൻ കഴിയൂ. ഇനിയും ഇന്ത്യയിൽ പല പ്രാദേശിക സേനകളുമുണ്ട്. പലതും ഞാൻ കേൾക്കാത്ത പേരുകളായിരുന്നു.

ഇന്ത്യയിൽ മതഘോഷയാത്രകൾ എങ്ങനെ അക്രമാസക്തമാകുന്നു എന്നദ്ദേഹം പറഞ്ഞുതന്നു. ഇതിലെല്ലാം വ്യക്തമായ ആസൂത്രണമുണ്ട്. നിങ്ങളുടെ സർക്കാർ അത് അവഗണിക്കുകയോ അല്ലെങ്കിൽ കണ്ടെത്താനുള്ള ശ്രമങ്ങൾ നടത്തുകയോ ചെയ്യുന്നില്ല. മതമല്ല അധികാരവും സമ്പത്തുമാണ് മേൽത്തട്ടിന്റെ പ്രശ്‌നം. മതവും വംശവും അതിലേക്കുള്ള എളുപ്പവഴിയാണ്. 8000 വർഷത്തെ ചരിത്രമുള്ള കിൻയാർവാണ്ട ഗോത്രത്തിൽ അന്ന് മതവും വംശങ്ങളും ഇല്ലായിരുന്നു. അധികാരവും അധീശത്വവും സ്ഥാപിക്കാനാണ് ഇതെല്ലാം കൊണ്ടുവന്നത്.

എനിക്കുത്തരം തൃപ്തികരമായിരുന്നില്ല. വീണ്ടും ഞാൻ അന്വേഷിച്ചു. ആ തീപ്പൊരി എന്തായിരുന്നു. ഇന്ത്യയിലും ഇതുപോലെ ഒരു തീപ്പൊരി വീഴാമല്ലോ.

ഹുട്ടു പവർമൂവ്‌മെന്റും കാൽഗുറാ പത്രവും വിപുലമായ സന്നാഹങ്ങൾ ഒരുക്കിയിരുന്നു. റുവാണ്ടൻ പാട്രിയോടിക്ക് ഫോഴ്സും ഹുട്ടുക്കളും നിരന്തരം നടന്നുവന്നിരുന്ന അക്രമങ്ങൾക്ക് അറുതി വരുത്താൻ സമീപരാജ്യങ്ങളുടെ പ്രേരണയിൽ ഒരു ഉടമ്പടി ഉണ്ടാക്കി. ആരുഷ ഉടമ്പടി, ഉടമ്പടി ഒപ്പിട്ട് തിരിച്ച് വരുന്ന റുവാണ്ടൻ പ്രസിഡന്റ് ഹബ്യാരിമാന ഒരു വിമാനാപകടത്തിൽ കൊല്ലപ്പെട്ടു. ടുട്‌സികളാണ് കൊന്നതെന്ന് പറയുന്നുണ്ടെങ്കിലും ഹുട്ടുപവർമൂവ്‌മെന്റ് അയച്ച മിസൈലാണ് വിമാനം തകർത്തതെന്ന് പ്രബലമായ വാദമുണ്ട്.

പക്ഷെ ഇതായിരുന്നു കലാപത്തിന്റെ തീപ്പൊരി. കലാപത്തിന് സാമ്രാജ്യശക്തികളും മിഷനറിമാരും പരോക്ഷ പിന്തുണ നൽകി. ധാരാളം ഹുട്ടുകളും കൊല്ലപ്പെട്ടു. ടുട്‌സികളുമായി എന്തെങ്കിലും ബന്ധമുള്ള ഹുട്ടുകളെയാണ് വധിച്ചത്. ഇതൊരു ഭീകരാവസ്ഥയും സാമൂഹിക ഒറ്റപെടുത്തലും സൃഷ്ടിച്ചു. നൂറു ദിവസത്തിനുളിൽ 20 ലക്ഷം പേർ കൊല്ലപ്പെട്ടു. റുവാണ്ടയിലെ വിവിധ നദികളിലൊഴുക്കിയ ജഡങ്ങൾ കൊണ്ട് വിക്ടോറിയ തടാകം മലിനമായി. അനേകകാലം അതിലെ മൽസ്യങ്ങൾ ജനങ്ങൾ ഭക്ഷിക്കാതെ ആയി. നാല് രാജ്യങ്ങളെയാണ് ഇത് ബാധിച്ചത്.

ടുട്‌സികളും ഒരു വിഭാഗം ഹുട്ടുകളും റുവാണ്ടയിൽനിന്നും പലായനം ചെയ്തു. അന്താരാഷ്ട്ര സമൂഹം അവസാനം വരെ ഇതിൽ ഇടപെട്ടില്ല. കലാപം നേരത്തെ പറഞ്ഞപോലെ ആസൂത്രിതമായി സംഘടിപ്പിച്ച നരഹത്യയായിരുന്നു. പ്രധാനമായും ഈജിപ്തിൽനിന്നും ടാൻസാനിയയിൽനിന്നും ആയുധങ്ങൾ സംഭരിച്ചിരുന്നുവെന്ന് പറയപ്പെടുന്നു. എന്റെ അമ്മയെയും സഹോദരങ്ങളെയും തീകുണ്ഡത്തിലെറിഞ്ഞാണ് കൊന്നതെന്നാണ് ഞാൻ കേട്ടത്. ഞാൻ ഇന്നലെ ഗിഗാലിക്കടുത്ത് പഴയ വീട്ടിൽ പോയിരുന്നു. അവസാനം അദ്ദേഹം ഗദ്ഗദകണ്ഠനായി.

അദ്ദേഹത്തിന്റെ ഓരോ വാക്ക് കേൾക്കുമ്പോഴും ഞാൻ ഇന്ത്യയുമായി താരതമ്യപ്പെടുത്തുകയായിരുന്നു. രാഹുൽ ഗാന്ധിയെ ഞാൻ വീണ്ടുമോർത്തു. അദ്ദേഹം പറയുന്നതുപോലെ ഈ ഭരണകൂടം ജനാധിപത്യത്തിലൂടെ കയറിവന്നതല്ല. സത്യസന്ധമായ ഒരു തിരഞ്ഞെടുപ്പ് വന്നാൽ വെറുപ്പിന്റെ വിദ്വേഷത്തിന്റെ ആളുകൾ പുറത്താകും. എനിക്ക് സമ്മതിദായകരിൽ വിശ്വാസമുണ്ട്.

എനിക്കും അത് മനസ്സിലുറപ്പിക്കാൻ തോന്നി രാഹുൽ ഗാന്ധി അല്ലായെങ്കിൽ വേറൊരാൾ. എന്തായാലും ഒരു കൊടുങ്കാറ്റു ആഞ്ഞുവീശി സ്ഥിതിഗതികളാകെ മാറും.

ഇത് ഇന്ത്യയിൽ സംഭവിക്കില്ല. അവിടെ ജനാധിപധ്യത്തിനേറെ പുഴുക്കുത്തുകൾ ശെരിയാക്കാനുണ്ട്. വെറുപ്പും വിദ്വേഷവും കലർത്തി പടർത്തി അധിക കാലം നിലനിൽക്കില്ല. അവിടുത്തെ ജനങ്ങളെ എനിക്ക് വിശ്വാസമുണ്ട്. അവർ മുൻപും അത് തെളിയിച്ചതാണ്, ഞാൻ ആവേശപൂർവ്വം പറഞ്ഞു.

അപ്പോഴേക്കും ആഫ്രിക്കൻ  ബാൻഡ് നൃത്തം കഴിഞ്ഞ് ആളുകളെത്താൻ തുടങ്ങി കാബിറാക്ക് കിഗാലയിൽ വച്ച് നടക്കുന്ന ഒരു ചരിത്ര സെമിനാറിൽ പങ്കെടുക്കാൻ തയ്യാറെടുപ്പുകൾ നടത്താനുണ്ട്. ഞാൻ കൗതുകത്തോടെ വിഷയം ആരാഞ്ഞു. ജീനോസൈഡിനുശേഷമുള്ള റുവാണ്ട എനിക്ക് കേൾക്കാൻ താല്പര്യമുള്ള വിഷയമായിരുന്നു. നാളെ കാണാമെന്നു പറഞ്ഞ് ഞങ്ങൾ ആശ്ലേഷിച്ച് പിരിഞ്ഞു.

ഡൈനിങ്ങ് ഹാളിലേക്കാണ് പോയത് ഭക്ഷണമെടുക്കുന്നതിനിടെ പരിചയപ്പെട്ട ഒരു ആഫ്രിക്കൻ യുവതിയോട് ഞാനന്വേഷിച്ചു. നിങ്ങൾ ഏത് വംശമാണ് ടുട്‌സിയോ ഹുട്ടുവോ?

അവൾ ഒരു കള്ളച്ചിരി ചിരിച്ചുകൊണ്ട് പറഞ്ഞു, അങ്ങനെയുള്ള വിഭാഗങ്ങൾ ഇന്നിവിടെയില്ല. ഞങ്ങൾ റുവാണ്ടക്കാരാണ്. അൽപ്പം നിർത്തി അവൾ ചെവിയിൽ പറഞ്ഞു, ഞങ്ങളുടെ ഗോത്രം പറയുന്നത് ഇന്ന് കുറ്റകരമാണ്, റുവാണ്ടയിൽ പഴയതൊന്നുമില്ല.

രാവിലെ അഞ്ചു മണിക്ക് മൃഗങ്ങളെ കാണാനുള്ള ജീപ്പ് ട്രക്കിങ്ങിന് എല്ലാവരും റെഡിയായിരുന്നു. ഉപചാരങ്ങൾക്ക് ശേഷം സംസാരിക്കാനുള്ള മാനസികാവസ്ഥയിലാണോ എന്നദ്ദേഹം ആരാഞ്ഞു. ആഫ്രിക്കയിലെ സാവന്നകളിൽ മൃഗങ്ങളെ കാണാൻ പല സ്ഥലങ്ങളിലും പോയിട്ടുള്ളത് കൊണ്ട് യാത്ര ഒഴിവാക്കാൻ എനിക്കൊരു മടിയുമുണ്ടായിരുന്നില്ല. ഡൈനിങ്ങ് ഹാളിന് പുറത്തുള്ള ടീ ഷോപ്പിൽ നിന്ന് രണ്ട് ചായയുമെടുത്ത് സൂര്യനുദിക്കുന്നതിന്റെ വർണാഭ പ്രത്യക്ഷപ്പെട്ടു തുടങ്ങിയ കിഴക്കൻ ചക്രവാളം നോക്കി അപ്പോഴും മുഴുവൻ എരിഞ്ഞടങ്ങീയിട്ടില്ലാത്ത നെരിപ്പോടിന്റെ നേരിയ ചൂടേറ്റ് ഇരുന്നു. അകലെ സാവന്നകളിൽ മൃഗങ്ങളിറങ്ങി തുടങ്ങിയിരിക്കുന്നു. അനേകം പക്ഷികൾ  ശബ്ദമുണ്ടാക്കി ചക്രവാളത്തിനു നേരെ പറക്കുന്നു. പ്രശാന്തമായ അന്തരീക്ഷത്തിൽ കുറെ നേരം ഞങ്ങൾ മൗനമായിരുന്നു.

ക്രമേണ അദ്ദേഹം എന്റെ അടുത്തേക്ക് നീങ്ങി തോളിലൂടെ കയ്യിട്ട് അടുപ്പിച്ച് നിർത്തി പറയാൻ തുടങ്ങി. നിങ്ങൾ വളരെ വൈകാരികമായാണ് ഇന്നലെ പ്രതികരിച്ചത്. ഞങ്ങൾ ചരിത്രകാരന്മാർക്ക് ഏത് ക്രൂരതയും നന്മയും ഉൽകൃഷ്ട പ്രവർത്തനങ്ങളും അധമ പ്രവർത്തികളും ചരിത്രത്തിന്റെ ഭാഗമാണ്. കഴിഞ്ഞ കാലത്തെ വ്യവഹാരങ്ങൾ ഞങ്ങളൊരിക്കലും വൈകാരികമായി ഉൾക്കൊള്ളാറില്ല. ചരിത്രം - അത് സംഭവിച്ചു കഴിഞ്ഞതാണ്. ഈ കാലത്തെ നീതി വച്ച് നമുക്കത് അളക്കാനാവില്ല

എന്റെ നാട്ടിലെ 140 കോടി ജനങ്ങളിൽ 30% കൊല്ലപ്പെടുക എന്ന അവസ്ഥ ആലോചിച്ചുപോയി. എത്ര വിക്ടോറിയ തടാകങ്ങൾ വേണ്ടിവരും അവരുടെ ജഡങ്ങളിടാൻ. ഞാനെന്റെ ആശങ്ക അദ്ദേഹത്തെ അറിയിച്ചു.

ചരിത്രം അതേ രീതിയിൽ ഒരിക്കലും ആവർത്തിക്കില്ല. അതിന്റെ രൂപവും ഭാവവും മാറിയിരിക്കും പോൾകഗാമ എന്ന ഒരു മനുഷ്യന്റെ ആർജ്ജവമാണ് വംശഹത്യ അവസാനിക്കാനും റുവാണ്ട ഈ നിലയിലെത്താനും കാരണമായത്. അറുപത് വർഷം കൊണ്ടുണ്ടാകുന്ന പുരോഗതിയാണ്. ഇരുപത് വർഷം കൊണ്ടുണ്ടായത്. ഏത് യൂറോപ്യൻ രാഷ്ട്രങ്ങളോടും കിടപിടിക്കുന്ന അവസ്ഥ. ഉഗാണ്ടയിൽ നിന്നും റുവാണ്ടയിലേക്ക് യാത്ര ചെയ്യുമ്പോൾ നിങ്ങൾക്കത് മനസ്സിലായിരിക്കും. കെട്ടിടങ്ങളും മനുഷ്യരുടെ വസ്ത്രധാരണവും റോഡുകളും എല്ലാം ഒരു വികസിത രാജ്യത്തിലേത് പോലെ.

എനിക്കും അത് മനസ്സിലായിരുന്നു. ഉഗാണ്ടയും റുവാണ്ടയും വ്യത്യസ്തമാണ്. ഞങ്ങൾ താമസിച്ച ഹോട്ടലുകളുടെ നിലവാരം പോലും വ്യത്യസ്തമായിരുന്നു. വ്യവസായങ്ങളും വാണിജ്യ സ്ഥാപനങ്ങളും എമ്പാടുമുണ്ടായിരുന്നു.

പോൾകഗാമയുടെ നേതൃത്വത്തിൽ റുവാണ്ടൻ പാട്രിയോട്ടിക് ഫോഴ്‌സ് ആയുധങ്ങളും ശക്തിയും സംഭരിച്ച് അന്തർദേശീയ സേനകളുടെ സഹായത്തോടെ റുവാണ്ടയിലെ ഓരോ പ്രദേശങ്ങൾ പിടിച്ചടക്കി. പോൾകഗാമ മിടുക്കനായ ഒരു ഭരണാധികാരിയായിരുന്നു. ഹുട്ടുകളും ടുട്‌സികളും ത്വാകകളും ഒരേ വംശമാണെന്ന് അദ്ദേഹം ബലമായി പ്രഖ്യാപിച്ചു. ടുട്‌സികൾ എല്ലാം ക്ഷമിച്ച് ഹുട്ടുകളുമായി രമ്യതയിൽ കഴിയാനായിരുന്നു അദ്ദേഹത്തിന്റെ ആഹ്വാനം. ഭീകരമായ കൊലപാതകങ്ങൾ കണ്ട ജനങ്ങൾ അത് തുറന്ന മനസ്സോടെ സ്വീകരിച്ചു. വിദ്വേഷ വാക്കുകളും വെറുപ്പിന്റെ രാഷ്ട്രീയവും വംശീയ പരാമർശങ്ങളും രാജ്യ ദ്രോഹമായി പ്രഖ്യാപിച്ചു. കഠിനമായ ശിക്ഷകളാണ് ഇതിൽ ഏർപ്പെട്ടവർക്ക് നൽകിയത്. ഇന്നിവിടെ ഏത് വിഭാഗമാണെന്നു പറയാൻ പാടില്ല എന്നാണ് നിയമം. കഴിഞ്ഞ ദിവസം ഡൈനിങ്ങ് ഹാളിലെ ജീവനക്കാരിയോട് ഏത് വംശമാണെന്നാരാഞ്ഞ സംഭവം ഓർത്തു. അണുബോംബിന് ശേഷം ജപ്പാനിൽ സംഭവിച്ച കാര്യം ഞാൻ മനസ്സിലോർത്തു പകയും വൈരവും മറന്ന് പരസ്പരം സഹായിക്കാനും ആശ്വസിപ്പിക്കാനും കഴിയുന്ന ഒരു ജനതയായി അവർ മാറി ലക്ഷക്കണക്കിന് മനുഷ്യരെ കൊന്ന അമേരിക്കകാരോട് പോലും അവർ സഹവർത്തിത്വത്തിൽ കഴിഞ്ഞു. റുവാണ്ടക്കാർ ഒരൊറ്റ ജനതയായിരിക്കുന്നു. അയൽവാസിയോടുള്ള വെറുപ്പിന് തടയിടാൻ ഇന്ത്യയിലും ഇതേ വഴിയുള്ളൂ എന്നെനിക്ക് തോന്നി

പക്ഷെ കാബിറായുടെ തുടർന്നുള്ള വാക്കുകൾ എന്റെ വിശ്വാസത്തിനുമേലുള്ള അടിയായിരുന്നു. പക്ഷെ പോൾകഗാമയുടെ ഭരണത്തിനെതിരെ എതിർപ്പുകൾ ഉണ്ട്. വംശീയ-രാഷ്ട്രീയം ബലമായി അടിച്ചമർത്തപ്പെട്ടതും രാജ്യം ശാന്തമായതും സാമ്രാജ്യത്വശക്തികൾക്ക് ഇഷ്ടമായില്ല. വംശീയ ഭിന്നിപ്പുണ്ടാക്കുന്ന മാധ്യമങ്ങളെയും സംഘടനകളെയും നിഷ്ഠൂരമായി അടിച്ചൊതുക്കുന്നത് അവർക്ക് മനുഷ്യാവകാശലംഘനമാണ്. റുവാണ്ടയുടെ കഴിഞ്ഞ 150 വർഷത്തിനിടക്ക് ഇത്രയും ശാന്തമായൊരവസ്ഥ ഉണ്ടായിട്ടില്ല. പക്ഷെ രാജ്യം പുരോഗമിക്കുന്നു. പോൾകഗാമയെപോലെ സദുദ്ദേശ്യവും കാർക്കശ്യവുമുള്ള ആഫ്രിക്കയിലെ മറ്റു രാജ്യങ്ങളിൽ കാണുന്നതുപോലെ പട്ടിണിപാവങ്ങളും അർദ്ധനഗ്‌നരുമായ കുഞ്ഞുങ്ങളും ഭക്ഷണത്തിന്റെ ഉച്ചിഷ്ടം ആവശ്യപ്പെടുന്ന മനുഷ്യരും റുവാണ്ടയിലില്ലെന്ന് ഇവിടെ യാത്ര ചെയ്യുന്ന രണ്ട് ദിവസം കൊണ്ട് മനസ്സിലാക്കിയിരുന്നു. പശുകൊലപാതകങ്ങളും ദേവാലയങ്ങൾ തകർക്കുന്നതും നിർബന്ധിച്ച ജയ് ശ്രീറാം വിളിപ്പിക്കുന്നതും പൗരന്മാർക്കുള്ള തടങ്കൽ പാളയങ്ങളും കുഞ്ഞുങ്ങളെ ത്രിശൂലത്തിൽ കോർക്കുന്നതും തടയേണ്ടതല്ലേ? ഇരകൾക്കും മനുഷ്യാവകാശങ്ങൾക്കും വേണ്ട റുവാണ്ടയിലെ ഇന്നത്തെ നീതി ഇതാണെന്നു വിശ്വസിക്കാനാണ് എനിക്ക് തോന്നിയത്.

അകലെ സാവന്നയുടെ തുറസ്സിൽ ഉദിച്ചുയർന്ന സൂര്യൻ ഞങ്ങളുടെ ഇരിപ്പിടങ്ങളിലും വെയിൽ പരത്തിയിരിക്കുന്നു. കുളിരുണ്ടെങ്കിലും ആഫ്രിക്കൻ വെയിലിന്റെ ശക്തി ഞങ്ങളറിഞ്ഞു.

കാബിറാ എന്റെ കൈ കൂട്ടിപ്പിടിച്ച് യാത്ര പറഞ്ഞു. അദ്ദേഹത്തിന് കിഗാലിയിലെ ചരിത്ര കോൺഫറൻസിൽ പോവണം. ഇന്നത്തെ കോൺഫറൻസിൽ അദ്ദേഹം എന്താവും പറയുക. വെറുപ്പിന്റെ പാതയാണോ മനുഷ്യാവകാശങ്ങളാണോ പ്രധാനപ്പെട്ടത്?
തുറന്നു പറയാത്ത കുണ്ഠിതം എനിക്കുണ്ടായിരുന്നു.

Comments