ചിത്രീകരണം: സുധീഷ് കോട്ടേമ്പ്രം

ചെറുപ്പകാലം മുതൽ തന്നെ ഭാസ്‌കരനുള്ള ഒരാഗ്രഹമായിരുന്നു റഷ്യൻ തലസ്ഥാനത്തെ ആയിരത്തിലേറെ മുറികളുള്ള മോസ്‌ക്വാ ഹോട്ടലിൽ ഒന്ന് താമസിക്കുക എന്നത്. അയാൾ പാർട്ടിയിൽ ചേർന്ന കാലം മുതൽ ആഗ്രഹിക്കുന്നതാണ് റെഡ് സ്‌ക്വയർ, റെവലൂഷൻ സ്‌ക്വയർ എന്നിവ സന്ദർശിക്കുക, ലെനിൻ മ്യുസോളിയം ഒന്ന് കാണുക, സഖാവിന്റെ ജഡത്തിനു ഒരു ചുകന്ന സല്യൂട്ട് നൽകുക, വർണ്ണശബളമായ പിരിയൻ മേൽക്കൂരകളുള്ള ആ പള്ളികൾ, കസാൻ കത്തീഡ്‌റൽ, ഐവർസ്‌കായാ കപ്പോള, സെന്റ് ബേസിൽസ് കത്തീഡ്രൽ, സ്പാസ്‌കായ ഗോപുരം ഇതൊക്കെ ഒന്ന് അകത്തു കടന്നു നോക്കുക, ചത്വരത്തിലൂടെ "ബലികുടീരങ്ങളേ' എന്ന പാട്ടും പാടി ഒരു കവാത്തു നടത്തുക -ഇതെല്ലാം.

പക്ഷെ വിധിവൈപരീത്യം എന്നു പറയട്ടെ, സോവിയറ്റ് യൂണിയൻ ഛിന്നഭിന്നമായിക്കഴിഞ്ഞ് (ആ വാർത്തകൾ വന്നു കൊണ്ടിരുന്ന ദിവസം ഭാസ്‌കരൻ കുട്ടികളെപ്പോലെ കരയുന്നത് ഭാർഗവിക്കു സഹിക്കാനായില്ല) പിന്നെയും ചില വർഷങ്ങൾ കഴിഞ്ഞ്​ പുട്ടിൻചക്രവർത്തി ക്രെംലിനിൽ സിംഹാസനാരോഹണം ചെയ്ത കാലത്ത് മാത്രമാണ് ആ ആഗ്രഹം ആ ദമ്പതിമാർക്ക് സഫലമാക്കാൻ സാധിച്ചത്.

അപ്പോഴേക്കും മസ്‌ക്വാ നദിയിലൂടെ എത്രയോ ഗാലൺ വോഡ്ക ഒഴുകിപ്പൊയ്ക്കഴിഞ്ഞിരുന്നു. അഭേദ്യമെന്നു കരുതിയിരുന്ന ചത്വരത്തിൽ 1963-ൽ തങ്ങളുടെ സഹപാഠിയുടെ കൊലപാതകത്തെ തുടർന്ന് ആഫ്രിക്കൻ വിദ്യാർഥികളുടെ പ്രതിഷേധപ്രകടനം നടന്നു കഴിഞ്ഞിരുന്നു, സോവിയറ്റ് യൂണിയനിൽ വിലക്കേർപ്പെടുത്തിയിരുന്ന ബീറ്റിലുകൾ പറന്നിറങ്ങി പോൾ മക് കാർട്‌നിയുടെ നേതൃത്വത്തിൽ സംഗീതപരിപാടി നടത്തിക്കഴിഞ്ഞിരുന്നു, അതൊന്നും പോരാഞ്ഞു റഷ്യൻ വിമാനപ്പടയെ അമ്പരപ്പിച്ചു കൊണ്ട് മത്തിയാസ് റസ്റ്റ് എന്ന പശ്ചിമജർമൻ പൈലറ്റ് ഒരു ചെസ്‌ന വിമാനം റെഡ് സ്‌ക്വയറിൽ കൊണ്ടിറക്കുകയും ചെയ്തിരുന്നു.

സ്റ്റാലിൻ ഉണ്ടായിരുന്നെങ്കിൽ ഇത് വല്ലതും സംഭവിക്കുമായിരുന്നോ എന്ന് ഭാസ്‌കരൻ പല കുറി ഭാർഗവിയോടു പറയുകയും ചെയ്തു- അവർക്ക് ഈ പറഞ്ഞ കാര്യങ്ങളിൽ എന്തെങ്കിലും കുഴപ്പമുള്ളതായി തോന്നിയിരുന്നില്ലെങ്കിലും തന്റെ സ്വന്തം സ്റ്റാലിനെ എതിർക്കാനുള്ള തന്റേടം ഈ പ്രായത്തിലും ഭാർഗവി ആർജ്ജിച്ചിരുന്നില്ല.

ചിത്രീകരണം: സുധീഷ് കോട്ടേമ്പ്രം

താൻ റഷ്യയിൽ വരാൻ വൈകിപ്പോയല്ലോ എന്നതായിരുന്നു ഭാസ്‌കരന്റെ ആദ്യത്തെ സങ്കടം. പെൻഷൻ പറ്റി പ്രോവിഡന്റ് ഫണ്ടും കിട്ടിയിട്ട് വേണ്ടി വന്നു ആ യാത്ര നടത്താൻ. അതിനു വേണ്ടി മാത്രമാണ് അയാൾ രണ്ടു പേർക്കും പണ്ടേ പാസ്‌പോർട്ട് എടുത്തു വെയ്ക്കുകയും അത് പുതുക്കിക്കൊണ്ടിരിക്കയും ചെയ്തത്. ഇതേവരെ അതിൽ പതിയാൻ ഒരു എംബസിയുടെയും മുദ്രയ്ക്ക് ഭാഗ്യമുണ്ടായില്ല.

അറുപതിനായിരം രൂപ ദിവസവാടക ആദ്യം ഒന്ന് ഞെട്ടിച്ചെങ്കിലും രണ്ടു ദിവസമെങ്കിലും അവിടെ കഴിഞ്ഞിട്ട് പിന്നെ ഒരു വില കുറഞ്ഞ ഹോട്ടലിലേയ്ക്ക് മാറാം എന്ന് ഭാസ്‌കരൻ ഭാർഗവിയോടു പറഞ്ഞു.

കേരളത്തിലെ ദോശയും പുട്ടും ഇഡലിയും ചോറും സാമ്പാറും പൊള്ളിച്ച കരിമീനും വറുത്ത ബീഫും കഴിച്ചു ശീലിച്ച അവരുടെ നാവുകൾ റഷ്യൻ ഭക്ഷണത്തിന്റെ മുന്നിൽ വിറങ്ങലിച്ചു പോയി.

ഹോട്ടലിന്നകത്തു തന്നെ ഒരു വൃദ്ധയും മകളും ഒരു കൊച്ചു കട- പഞ്ചാബി ഢാബ പോലൊന്ന്- നടത്തിയിരുന്നു. രാവിലെ ജ്യൂസ്, കാപ്പി, ബ്രെഡ്, ജാം, വെണ്ണ, പഴങ്ങൾ ഇതൊക്കെ നന്നായി കഴിച്ചിരുന്നതിനാൽ വിശപ്പ് കുറവായിരുന്നു. ഉച്ചയ്ക്ക് പക്ഷെ നമ്മുടെ വൃദ്ധയെയും മകളെയും ആശ്രയിക്കേണ്ടി വന്നു.

അവർ ഭാസ്‌കരനും ഭാർഗ്ഗവിക്കും കുറച്ചു റൂബിളിനു അൽപ്പം ചോറും ഉരുളക്കിഴങ്ങ് പുഴുങ്ങിയതും കൊടുത്തു. വൈകീട്ട് പുറത്തിറങ്ങി ബ്രെഡ് , ആപ്പിൾ, ഇതൊക്കെ വാങ്ങി "പ്രവ്ദ' പേപ്പറിൽ പൊതിഞ്ഞു മുറിയിൽ കൊണ്ടുവന്നു കഴിക്കും. ഭാർഗവിയെ കൂട്ടേണ്ടായിരുന്നു എന്ന് ഇപ്പോൾ അയാൾക്ക് തോന്നി. അവൾക്കു ഈ ഭക്ഷണം തീരെ പറ്റുന്നുണ്ടായിരുന്നില്ല. വിപ്ലവത്തിലാകട്ടെ പണ്ടേ തെല്ലും താത്പര്യവുമില്ല.

ഒക്ടോബർ മാസമായിരുന്നിട്ടും നല്ല തണുപ്പുണ്ടായിരുന്നു.

അയാൾ കരുതിയ കമ്പിളി വസ്ത്രം തണുപ്പകറ്റാൻ മതിയായിരുന്നില്ല.

എങ്കിൽ മുസോളിയത്തിൽ ലെനിന് എന്ത് തണുപ്പായിരിക്കും എന്നാലോചിച്ചു അയാൾ അത് സഹിച്ചു.

"ഞാൻ ഇവിടമൊക്കെ ഒന്ന് കറങ്ങിയിട്ട് വരാം, നീ വരുന്നോ', ഭാസ്‌കരൻ ഭാർഗവിയോടു ചോദിച്ചു.

"തണുക്കുന്നു' എന്നു പറഞ്ഞു ഭാർഗവി ഇറങ്ങിയില്ല.

"മുറി പൂട്ടിക്കോളൂ', ഭാർഗവി പറഞ്ഞു, "ആരെങ്കിലും കടന്നു വന്നാലോ? എനിക്ക് പേടിയാണ്. ഭാഷയും അറിയില്ലല്ലോ'

അയാൾ മുറി പൂട്ടി താക്കോൽ കീശയിലിട്ടു.

സന്ധ്യയായിരുന്നു.

തെരുവിലൂടെ നടക്കുമ്പോൾ ധാരാളം സ്ത്രീകളെ കണ്ടു.

ചിലർ ചെറിയ വീടുകളിൽ, ചിലർ നിരത്തിൽ. അവർ ആരെയോ കൈ കാട്ടി വിളിക്കുകയാണ്.

അയാൾ ചുറ്റും നോക്കി. ആരുമില്ല, തന്നെത്തന്നെയാണ് അവർ വിളിക്കുന്നത്.

ചിലർ ഡോളർ ഉണ്ടോ എന്ന് മുറി ഇംഗ്ലീഷിൽ ചോദിക്കുന്നു. ചിലർ കൂടെ പോരുന്നോ എന്ന് ശൃംഗാരച്ചിരിയോടെ ചോദിക്കുന്നു. കൂട്ടത്തിൽ ലൈംഗികവൃത്തി ചെയ്യുന്ന ആണുങ്ങളുമുണ്ട്. ചിലർ വിദേശവാച്ചുകളും ആഭരണങ്ങളും വിൽക്കാൻ കൊണ്ടു വരുന്നു. ചിലർ അയാളോട് ഇന്ത്യൻ സിഗരറ്റുകൾ ഉണ്ടോ എന്ന് ചോദിക്കുന്നു. മാർക്കറ്റുകളിൽ വൃദ്ധകൾ ഭിക്ഷ യാചിക്കുന്നു.

താൻ സങ്കൽപ്പിച്ച റഷ്യയേ അല്ല ഇത്. "ബലികുടീരങ്ങളേ' എന്ന പാട്ട് അയാളുടെ തൊണ്ടയിൽ തന്നെ വറ്റിപ്പോയി. ഇവിടെ അത് പാടിയാൽ അർഥം മാറിപ്പോകും. ചത്വരത്തിലെ ലെനിൻ പ്രതിമ ഒരു വിരോധാഭാസം പോലെ നില കൊണ്ടു. അത് ചൂണ്ടുന്നത് കള്ളക്കച്ചവടവും ലൈംഗികത്തൊഴിലും നടക്കുന്ന ആ തെരുവുകളിലേക്കാണെന്നും "മാറ്റുവിൻ ചട്ടങ്ങളെ' എന്നാണു പറയുന്നതെന്നും ഭാസ്‌കരനു തോന്നി. പള്ളികളിൽ വിശ്വാസികൾ പ്രാർഥിക്കുന്നുണ്ടായിരുന്നു.

ഇതൊക്കെ ആ ഗോർബച്ചോവിന്റെ പണിയാണ് എന്ന് വിശ്വസിക്കാൻ ഭാസ്‌കരൻ ശ്രമിക്കാതിരുന്നില്ല. അയാൾ മദ്യം കഴിക്കാറില്ലായിരുന്നു. ഇപ്പോൾ എല്ലാം മറക്കാൻ ഒന്ന് കഴിച്ചാലോ എന്ന് അയാൾ ആലോചിച്ചു. പക്ഷെ മദ്യം കരിഞ്ചന്തയിലേ കിട്ടൂ എന്ന് അയാൾ വേഗം തന്നെ മനസ്സിലാക്കി. അയാൾക്ക് ഓക്കാനം അടക്കാനായില്ല. വീട്ടിൽ ആയിരുന്നെങ്കിൽ ഭാർഗവി ഇപ്പോൾ രാത്രിക്കുള്ള ചപ്പാത്തി ഉണ്ടാക്കുകയായിരിക്കും. അവൾ അതിനുണ്ടാക്കാറുള്ള കറി അയാൾക്ക് വളരെ ഇഷ്ടമായിരുന്നു. പ്രത്യേകിച്ചും പഴുത്ത മത്തങ്ങയിൽ അൽപ്പം മധുരവും ജീരകവും കുരുമുളകും ചേർത്ത് ഉണ്ടാക്കാറുള്ള കറി. കുറച്ചു കാലം അയൽവക്കത്തു താമസിച്ചിരുന്ന ഒരു ഹിമാചൽക്കാരിയാണ് അതവളെ പഠിപ്പിച്ചത്. കനലിൽ നല്ല പോലെ പോളച്ച മൃദുലമായ റൊട്ടി ചുടാനും അവർ പഠിപ്പിച്ചു.

വഴിയിൽ കണ്ട ഒരു ചെറിയ കടയിൽ നിന്ന് ഒരു കുപ്പി വെള്ളം വാങ്ങാൻ നോക്കിയപ്പോഴാണ് തന്റെ പോക്കറ്റിൽ നിന്ന് പഴ്‌സ് കാണാതായിരിക്കുന്നു എന്ന് അയാൾക്ക് മനസ്സിലായത്.

ഹോട്ടലിൽ ഒരു ചെറിയ അഡ്വാൻസ് മാത്രമേ കൊടുത്തിട്ടുള്ളൂ.

ആ പഴ്‌സിലായിരുന്നു അയാളുടെ പാസ്‌പോർട്ട്, ( പുറത്തു പോകുമ്പോഴൊക്കെ അത് കയ്യിൽ വെയ്ക്കണം എന്ന് കൂട്ടുകാർ പറഞ്ഞിരുന്നു) പല തരം കാർഡുകൾ, അൽപ്പം ഡോളറും റൂബിളും, തിരിച്ചു പോകാനുള്ള ടിക്കറ്റ്, മുറിയുടെ താക്കോൽ എല്ലാം.

അമ്പതുകളിലെ കറുപ്പും വെളുപ്പും ഹിന്ദി സിനിമകളിൽ ബോംബെയിൽ തൊഴിൽ തേടി എത്തിപ്പെട്ട ഗ്രാമീണന്റെ അവസ്ഥയിലായി അയാൾ.

പിന്നെ കെട്ടിടങ്ങൾ കാണാനൊന്നും അയാൾക്ക് താത്പര്യമുണ്ടായില്ല, ലെനിന്റെ ജഡം പോലും.

തിരിച്ച്​ അയാൾ ഹോട്ടലിലെത്തി.

ലിഫ്റ്റിൽ കയറാൻ പോകുമ്പോൾ റിസപ്ഷനിസ്റ്റ് അയാളുടെ മുറിയുടെ നമ്പർ ചോദിച്ചു. അങ്ങിനെ ഹോട്ടലുകളിൽ ഒന്നും താമസിച്ചു പരിചയം ഇല്ലാതിരുന്നത് കൊണ്ട് അയാൾ അത് തീരെ ശ്രദ്ധിച്ചിരുന്നില്ല.

റഷ്യനിൽ എഴുതിയ രജിസ്റ്റർ അവർ കാണിച്ചു, അയാൾക്ക് ഒരക്ഷരവും അറിയില്ലായിരുന്നു. തിയ്യതി നോക്കിയപ്പോൾ ആ ദിവസം ഇരുനൂറു പേരെങ്കിലും മുറി എടുത്തിട്ടുണ്ട്. പാസ്‌പോർട്ട് പോയതുകൊണ്ട് അയാൾക്ക് ആ നമ്പരും അറിയില്ലായിരുന്നു. ഏതു നിലയിലാണെന്നും അയാൾ മറന്നു പോയിരുന്നു.

റിസപ്ഷനിൽ ഇരുന്നവരുടെ കുശുകുശുക്കലും തുറിച്ചുനോട്ടവും കണ്ടപ്പോൾ അവരിപ്പോൾ പൊലീസിനെ വിളിക്കും എന്ന് അയാൾ ഭയപ്പെട്ടു. മുറി കണ്ടാൽ മനസിലാകും എന്നു ആംഗ്യഭാഷയിൽ പറഞ്ഞു അയാൾ ലിഫ്റ്റ് കയറി.

എതുനിലയിലാണ് ഇറങ്ങേണ്ടത്?

അപ്പോഴേക്കും അയാളുടെ ഓർമ്മ അയാളെ തീരെ വിട്ടു പോയിരുന്നു.

പല മുറികളുടെയും വാതിലിൽ അയാൾ മുട്ടി.

ചില വാതിലുകളിൽ താക്കോലിട്ടു തിരിച്ചു.

പുറത്തു വന്നവർ അയാളെ തുറിച്ചു നോക്കി, ചിലർ ശകാരിച്ചു. ചിലർ സ്വന്തം കതകുകളിൽ താക്കോൽ തിരിയുന്ന ശബ്ദം കേട്ടു പുറത്തുവന്നു പൊലീസിനെ വിളിക്കും എന്ന് ഭയപ്പെടുത്തി. അവർ പല ദേശക്കാരായിരുന്നു.

അർദ്ധനഗ്‌നരായ നവദമ്പതികളും കാമുകീകാമുകന്മാരും അയാളെക്കണ്ടയുടൻ വാതിലടച്ചു. ഒന്നാം നിലയിൽ നിന്ന് മൂന്നാം നിലയിലേക്ക്, അവിടെ നിന്ന് ഏഴാം നിലയിലേക്ക്. അങ്ങനെ അയാൾ എത്ര മണിക്കൂറുകൾ കയറിയിറങ്ങി എന്നറിയില്ല. ഭാർഗവീ, ഭാർഗവീ എന്ന് അയാൾ വിളിക്കുന്നുണ്ടായിരുന്നു. ഒരാളും വിളി കേട്ടില്ല. അപ്പോൾ ഭാർഗവിയെ താൻ കൂടെ കൊണ്ടുവന്നിരുന്നോ എന്നുതന്നെ അയാൾക്ക് സംശയമായി. താൻ എവിടെയാണ് എന്നുതന്നെ അയാൾ മറന്നു പോയി. ചിലപ്പോൾ താൻ തന്റെ നാടായ പയ്യന്നൂർ ആണെന്ന് അയാൾക്ക് തോന്നി. ചിലപ്പോൾ ഭാർഗവിയുടെ നാടായ തലശ്ശേരി ആണെന്നും.

ചിലപ്പോൾ താൻ ജോലി ചെയ്തിരുന്ന കണ്ണൂരിലെ കളക്ട്ടറേറ്റ് ആണ് ഈ കെട്ടിടം എന്നും തോന്നി.

തനിക്ക്​ എന്താണ് സംഭവിക്കുന്നതെന്ന് അയാൾക്ക് മനസ്സിലായില്ല.

യാത്രാവിവരം അയാൾ നാട്ടിൽ ആരോടും പറഞ്ഞിരുന്നില്ല, ആരെങ്കിലും കൂടെ ചാടി പുറപ്പെട്ടാലോ? അവർക്ക് മക്കളും ഇല്ലായിരുന്നല്ലോ. നാട്ടിലെ പാൽക്കടക്കാരും പച്ചക്കറിക്കാരും പലചരക്കുകടക്കാരും മാത്രം അയാൾ രണ്ടു ദിവസമായി വരുന്നില്ലാ എന്നത് ശ്രദ്ധിച്ചു. അവർ പറഞ്ഞറിഞ്ഞു ചില അയൽക്കാർ വീട്ടിൽ ചെന്നപ്പോൾ അത് പൂട്ടിയിരിക്കുന്നതായി കണ്ടു. ഇടയ്ക്ക് തലശ്ശേരിയിൽ ഭാര്യവീട്ടിൽപോകുന്നതല്ലാതെ അവർ എങ്ങും ദൂരെ പോവുക പതിവില്ല.

ആ സമയം മുഴുവൻ ഭാസ്‌കരൻ ഹോട്ടലിലും പരിസരത്തും അലയുകയായിരുന്നു. വിശാലമായ റോഡുകളിൽ അയാൾ ലക്ഷ്യമറ്റവനെപ്പോലെ നടന്നു. ഇന്നും , വർഷങ്ങൾക്കു ശേഷവും, അയാൾ അവിടെ നടന്നു കൊണ്ടിരിക്കുന്നു. തന്റെ സ്വപ്നങ്ങളിലെ റഷ്യയേയും തന്റെ പ്രിയതമയെയും അന്വേഷിച്ചു കൊണ്ട്, കാണുന്നവരോടൊക്കെ മലയാളത്തിൽ സംസാരിച്ചു കൊണ്ട്. റോഡുകൾ നീണ്ടു നീണ്ടു പോകുന്നതു പോലെ തോന്നി. കെട്ടിടങ്ങൾ ഓടുന്നതു പോലെയും. ചില ആധുനിക കഥകളിലെ കഥാപാത്രങ്ങളെപ്പോലെ അയാൾ സ്വന്തം പേരുപോലും മറന്നിരുന്നു. ""മറവിയുടെ നിറം നീലയാണ്'' എന്ന് അയാൾ ഇടയ്ക്കിടെ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു.

മോസ്‌ക്വാ ഹോട്ടലിൽ താമസിക്കാറുള്ളവർ ഇപ്പോഴും ഇടയ്ക്കിടെ രാത്രി വാതിലിൽ മുട്ട് കേൾക്കാറുണ്ടത്രേ, വല്ലപ്പോഴും താക്കോൽ ദ്വാരത്തിലൂടെ ആരോ നോക്കുന്നതും അതിൽ താക്കോലിട്ടു തിരിക്കുന്നതും അവർക്കനുഭവപ്പെടാറുണ്ട്. ഏഴാം നിലയിലെ ഒരു മുറിയിൽ നിന്ന് ഒരു സ്ത്രീയുടെ നിലവിളിയും പരിചാരകർ കേൾക്കാറുണ്ട്. ആദ്യമാദ്യം അവർ മുറി തുറന്നു നോക്കുമായിരുന്നു. ആരെയും കാണാറില്ല. പിന്നെ ഭയം മൂലം ആ മുറി അവർ തുറക്കാറേയില്ല. ഇതിനകം കഥ പ്രചരിച്ചിരുന്നതു കൊണ്ട് ആരും ആ മുറി താമസത്തിന് എടുക്കാറുമില്ല. "ബലികുടീരങ്ങളേ' എന്ന പാട്ട് മാത്രം അപ്പോഴും റെഡ് സ്‌ക്വയറിൽ അനാഥമായി അലഞ്ഞു കൊണ്ടിരുന്നു. ▮


കെ. സച്ചിദാനന്ദൻ

കവി, വിവർത്തകൻ, എഡിറ്റർ. കേന്ദ്ര സാഹിത്യ അക്കാദമി സെക്രട്ടറിയായിരുന്നു. അഞ്ചുസൂര്യൻ, പീഡനകാലം, ഇവനെക്കൂടി, സാക്ഷ്യങ്ങൾ, സമുദ്രങ്ങൾക്ക്​ മാത്രമല്ല തുടങ്ങിയ കവിതാ സമാഹാരങ്ങൾക്കുപുറമേ വിവിധ കാലഘട്ടങ്ങളിൽ എഴുതിയ കവിതകളുടെ സമാഹാരങ്ങൾ, നാടകം, പഠനങ്ങൾ തുടങ്ങിയ മേഖലകളിൽ നിരവധി കൃതികൾ. കവിതകൾ ലോകഭാഷകളിലേക്ക്​ വിവർത്തനം ചെയ്യപ്പെട്ടു.

Comments