ഇളവൂർ ശശി

സഖാവ് ഇന്നിരാഗാന്ധി

ങ്ങനെയാണ്…
ഞങ്ങളുടെയീ ആറാം വാർഡിൽ ഇടതുപക്ഷ സ്ഥാനാർത്ഥിയായി ഇപ്രാവശ്യം സഖാവ് ഇന്നിരാഗാന്ധിയെ തന്നെ മത്സരിപ്പിക്കാൻ തീരുമാനിച്ചത്.

അടിയന്തരാവസ്ഥക്കാലത്ത് ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പട്ടാളം ഇടത്തന്മാരായ മുഴുത്ത ചെറുപ്പക്കാരെ പറിച്ചെടുത്ത് അഴുകിയ തൊണ്ട് പോലെ അഴികൾക്കുള്ളിലമർത്തി ചതച്ച് ചാറ് പിഴിഞ്ഞിരുന്നതിനാൽ, പ്രായമേറിത്തുടങ്ങിയപ്പോഴേയ്ക്കും മുറിഞ്ഞിട്ടും മുഴങ്ങുന്ന മുദ്രാവാക്യം പോലെ കട്ടച്ചോര മണക്കുന്ന കടുത്ത ചുമ മാത്രം അവരിൽ ഒരുവനായ സഖാവ് അലിയാരുകുട്ടിയുടെ പുരയിൽ നിന്ന് ഇടയ്ക്കിടയ്ക്ക് പുറത്തേയ്ക്ക് തെറിച്ചുകൊണ്ടേയിരുന്നു.

അപ്പോഴും തന്റെ സഖാവ് ചത്തുകിട്ടുന്ന സഹതാപതരംഗം ഓട്ടാക്കാനൊന്നും ഇരുത്തം വന്നൊര് കമ്മ്യൂണിസ്റ്റുകാരന്റെ ഭാര്യയായ സഖാവ് ഇന്നിരാഗാന്ധിക്കും ഉദ്ദേശ്യമില്ലാഞ്ഞതിനാൽ, ചെമ്പരത്തിപ്പൂക്കൾ കോർത്ത മാലയിൽ തുടങ്ങിയ ബന്ധം, ഏതെങ്കിലുമൊര് ജാതിയടയാളത്തിന്റ താലിച്ചരടില്ലാതെ ഇത് പോലെയെന്നും നിലനിൽക്കണം എന്നുതന്നെയായിരുന്നു അവരുടെ വലിയ ആഗ്രഹവും.

പൊലവാസൂന്റെ മകൾ ഇന്നിര മറപ്പുരയിൽ ആർത്തവച്ചോര കുളിച്ചുതോർത്തുമ്പോഴാണ് ഓടിക്കിതച്ചുള്ളിൽ കയറിയ അലിയാര് കുട്ടി പണ്ട് സഖാവ് ഇന്നിരയുടെ ചുവന്ന ഹൃദയം ആദ്യമായി തുറന്ന് കണ്ടത്. കിതച്ച് കൈകൂപ്പി നിന്ന അലിയാര് കുട്ടിയെ കണ്ട് അവൾ പകച്ചൊന്ന് നിന്നെങ്കിലും. അടുത്ത ക്ഷണം, മുറ്റത്തെ മുഴച്ച കാലൊച്ചകളുടെ ഭയത്തെ അവർ തുല്ല്യമായ് പകുത്തെടുത്തു. പുറത്തുള്ളവർ ഇരച്ചുള്ളിലേയ്ക്കെത്തും മുൻപേ… വിടർത്തിയ ചേലയാലവൾ മാനം മറച്ച് പുറത്തേയ്ക്ക് പാതി ചാഞ്ഞു. അപ്പോൾ തോക്ക് ചൂണ്ടിയ തൊപ്പിത്തലക്കുകീഴെ കണ്ണുകൾ ഉരുണ്ടു.

‘‘ഒര് നക്സലൈറ്റ് ഇങ്ങോട്ടോടി വന്നിരുന്നു, നീ കണ്ടോടീ…?’’
വലംകൈയ്യാലരിവാളുയർത്തി ജ്വലിച്ചുകൊണ്ടവൾ അന്നിങ്ങനെ പറഞ്ഞു: ‘‘ഇങ്ങോട്ടാരും കേറില്ല, കേറിയാലവന്റെ…’’

വാസുവിന്റെ കുടിലിനുള്ളിലും പിന്നാമ്പുറത്തും പരതിയെങ്കിലും ആരെയും കണ്ടെത്താനാകാതെ തിരികെ നടക്കാൻ തുടങ്ങവെ, ഒരു തൊപ്പി തറയിലേയ്ക്ക് വീണ് മറപ്പുരയ്ക്കുള്ളിൽ ചരിഞ്ഞൊന്നു നോക്കി.
നിലത്ത് കാലുകൾ നാല്.
നിവർന്നയാൾ തന്റെ ബൂട്ടിട്ട കാലുകൊണ്ട് ഇന്നിരയുടെ മടിവാതിൽ ചവിട്ടിപ്പൊളിച്ചു. അപ്പോൾ ഉടുക്കാതെ ദേഹത്തെ മറച്ച അവളുടെ വെളുത്ത തുണിയിൽ ചുവന്ന നക്ഷത്രങ്ങൾ പതിഞ്ഞ് അത് കാറ്റിൽ പറന്നു. അലിയാര് കുട്ടിയേയും ഇന്നിരയേയും ഒരേ കലപ്പയിൽ കെട്ടി അവർ പാടത്തേയ്ക്കിറക്കി വരണ്ട മണ്ണിൽ നുകമമർത്തി ഉടൽ ഉഴുത് മറിച്ചു. അപ്പോഴും അലിയാര് കുട്ടി തന്റെ നെഞ്ച് വിരിച്ച് ഇന്നിരയിൽ ചെമ്പട്ടായി പൊതിഞ്ഞുനിന്നു. പൊലവാസുവും പെണ്ണാളും തലതല്ലിക്കേണു.
"ഏമാനേ… ആ കുഞ്ഞുങ്ങളെ ഒന്നും ചെയ്യല്ലെ"

കലിപൂണ്ട് കരയിൽ നിന്ന മേലാളന്മാർ കാർക്കിച്ച് തുപ്പി.
‘പ്ഫൂ… നായീന്റെ മക്കളെയൊര് വിപ്ലവം’.

പൊലവാസൂന്റെ കത്തിച്ച കുടിൽ വെളിച്ചത്തിൽ കുടവയറും കുടുമയും കുലുക്കി അവർ ആഹ്ലാദനൃത്തമാടി. അപ്പോൾ കൂരയ്ക്കുള്ളിലെ മൊരിഞ്ഞ ഇറച്ചിമണം കാറ്റിൽ നാടാകെ പരന്നു.

രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ഏറെ വിരിച്ചശേഷം, ഒര് കീറത്തുണി പോലെ അവളെ പാടത്തിൻ നാടുക്കായ് ഉപേക്ഷിച്ചു. പ്രാണനണയാതെ, ഇരുകൈവിടർത്തി പാടവരമ്പിൽ മുറുകെപ്പിടിച്ച് ഉടലാകെ ചോര പടർന്ന് മലർന്ന് കിടന്നിരുന്ന ഇന്നിരയപ്പോഴും 'ഉറച്ച കമ്പിൽ പാറിപ്പറക്കുന്ന ചുവന്ന കൊടിയായ് ജ്വലിച്ചുനിന്നു’.

പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പതനത്തിനുശേഷം ചെങ്കോലണിഞ്ഞ മൊറാർജി ദേശായിയാൽ മോചിപ്പിക്കപ്പെട്ടപ്പോൾ അലിയാര് കുട്ടി ആദ്യമെത്തിയതേ ഇന്നിരയുടെ കുടിൽ നിന്നിടത്തേയ്ക്ക്. തുണിമറന്ന് തുള്ളിച്ചാടിനടന്ന ഇന്നിരയെ തുണയായി അടുപ്പിച്ചവൻ തോളിലേറ്റി. അവന്റെ ചതഞ്ഞ തൊണ്ടിൽ നീര് ഒരുതുള്ളി ബാക്കിയാകാഞ്ഞിട്ടോ അതോ ചവിട്ടിമഥിച്ച അവളുടെ മടിപ്പാടിൽ ഒരിക്കലും കിളിർത്തില്ല, ഒര് ചെറ് ചെടിപോലും.

നിനച്ചിരിക്കാതെ കയറിവന്ന അതിഥിയെ പോലെ, ഒരുനാൾ രണ്ടു മുഴകൾ സഖാവ് ഇന്നിരയുടെ മാറത്ത് തെളിഞ്ഞ് കണ്ടപ്പോൾ, "പാൽചുരത്താത്തയീ മുലകളെന്തിന് വെറുതെ…", ചിരിച്ച് കൊണ്ടവൾ അവ ഡോക്ടർക്ക് നൽകി. നെഞ്ച് നിരപ്പായ നാൾ മുതലാണ് സഖാവ് ഇന്നിര മാറുമറയ്ക്കാതെ നടക്കാൻ തുടങ്ങിയത്. അന്ന് തൊട്ടവളെ ജനം 'ഗാന്ധി' യെന്നും കൊഴിഞ്ഞ തലമുടി ചെറുതായി കിളിർത്തപ്പോൾ മുതൽ 'സഖാവ് ഇന്നിരാഗാന്ധി' എന്നും വിളിച്ച് തുടങ്ങിയത്.

അറിവും വിവേകവും മനുഷ്യത്വവും കാറ്റിൽപറത്തി, മതവും ജാതിയും മാത്രം നോക്കി മത്സരാർത്ഥികളെ തീരുമാനിക്കുന്ന പുതിയ തിരഞ്ഞെടുപ്പ് കാലഘട്ടം കണ്ട് സഖാക്കളുടെ നെഞ്ച് പിടഞ്ഞപ്പോഴും, അവർ ജാതിസംവരണവും ലിംഗസംവരണവും മറികടന്ന് സഖാവ് ഇന്നിരാഗാന്ധിയെ തന്നെ വീണ്ടും ഞങ്ങളുടെ വാർഡിലെ സ്ഥാനാർത്ഥിയാക്കിയതും അവരുടെ വിജയവും ഏറക്കുറെ ഉറപ്പാക്കിയതും.

വെളിക്കിറങ്ങാൻ മുട്ടിയ അലിയാരെയും പിടിച്ച് പുരയ്ക്ക് പുറത്തേയ്ക്കിറങ്ങിയപ്പോഴാണ്, ആകെ ഉണ്ടായിരുന്ന മൂന്ന് സെൻറ് പുരയിടത്തിലെ ആ സഖാക്കളുടെ മൺകുടിൽ ചിതലുകളുടെ ഭാരത്താൽ നിലത്ത് വീണുടഞ്ഞത്. അടച്ചുറപ്പുള്ളൊര് വീട് വെച്ച് തരാമെന്നുള്ള സഹപ്രവർത്തകരുടെ ഏറെനാളായുള്ള ആവശ്യം അങ്ങനെയാണ് സഖാവ് അലിയാര് കുട്ടിക്കും സഖാവ് ഇന്നിരാഗാന്ധിക്കും അംഗീകരിക്കേണ്ടിവന്നത്. വീടിന്റെ കുറ്റിയടിക്കലും വാനം തൊണ്ടലും തുടങ്ങിയത് എടിപിടീന്നായിരുന്നു. പാർട്ടി പ്രവർത്തകർക്കൊപ്പം അയൽവക്കക്കാർ കൂടി സഹായത്തിന് എത്തിയതോടെ പണി കൂടുതൽ ഉഷാറായി. കടുപ്പം കുറഞ്ഞ തറയിൽ അയലത്തെ ഭാർഗ്ഗവന്റെ കൈയിലെ കുന്താളി എന്തിലോ തട്ടി തെറിച്ചപ്പോഴാണ് മറ്റുള്ളവരുടെ കണ്ണും അവിടേയ്ക്ക് തിരിഞ്ഞത്. നിധിക്കായ് തുടിച്ച മനസ്സാൽ മണ്ണ് പതുക്കെ മാറ്റിയപ്പോഴാണ് ഭാർഗ്ഗവൻ കറുത്തതെന്തോ തെളിഞ്ഞ് കണ്ടത്. അടുത്ത നിമിഷമയാൾ വിളിച്ച്കൂവി;
‘അയ്യോ, ഭഗവാനേ… ഇത് ശിവലിംഗമാ…’

അലിയാര് കുട്ടിയുടെ പുരയിടത്തീ ശിവലിംഗം കണ്ടപ്പം, പണ്ടിവിടം ശിവക്ഷേത്രമായിരുന്നെന്നും അത് കയ്യേറിയാണ് ഇവന്റെ വർഗ്ഗക്കാർ പുര കെട്ടിയതെന്നും എന്തായാലും ഇനി ഇവിടെ ഈ മേത്തനൊരുത്തന്റെയും വീട് കെട്ടാൻ സമ്മതിക്കരുതെന്നും നമ്മുടെ നേതാക്കളെ ഉടനീ സന്തോഷം വിളിച്ചറിയിക്കണമെന്നും അവരോട് പറഞ്ഞ് പുരാവസ്തു വകുപ്പുകാരെക്കൊണ്ട് ഉടൻ ഉത്ഖനനം നടത്തിക്കണമെന്നും... അങ്ങനെയങ്ങനെ നൂറായിരം ആവശ്യങ്ങൾ അവിടെ പലരിൽ നിന്നും ഉയർന്നുവന്നു. എന്നാൽ അതേ പുരയിടത്തിന്റെ ഒഴിഞ്ഞൊര് മൂലയിൽ പ്ലാസ്റ്റിക്കിനാൽ മറച്ചുണ്ടാക്കിയൊര് താൽക്കാലിക താവളത്തിലാണ് സഖാവ് അലിയാര് കുട്ടിയും സഖാവ് ഇന്നിരാഗാന്ധിയും അന്നും കിടന്നുറങ്ങിയത്.

പുലർച്ചെ മണിയൊച്ചയും ‘ഓം നമഃശിവായ’, ‘ഓം നമഃശിവായ’ എന്ന മന്ത്രോച്ചാരണവും കേട്ടാണ് അവരുണർന്നത്. അപ്പോഴേയ്ക്കും വാനത്തിൽ അരയടിയോളം തെളിച്ച കറുത്ത കല്ലിൽ കുറുകെ മൂന്നു കുറികൾ ആരോ വരച്ച് ചേർത്തിരുന്നു. സഖാവ് ഇന്നിരാഗാന്ധിയുടെ എതിർ സ്ഥാനാർത്ഥിയായ അംബുജാക്ഷൻ പിള്ളയും അയൽവാസിയായ ഭാർഗ്ഗവനും മറ്റു കുറെ നാട്ടുകാരും പൂജാരിയോടൊപ്പം ചേർന്ന് അതിലേയ്ക്ക് പൂക്കളർപ്പിക്കുകയും പാലഭിഷേകം ചെയ്യുകയും ചെയ്യുന്നതാണ് അവിടെ കണ്ടത്.

‘‘അമ്പലമോ ദൈവമോ ജാതിയോ മതമോ ഒന്നും ഇല്ലാന്നും പറഞ്ഞ് നടക്കുന്നവൻമാരും അവളുമാരുമൊന്നും ഇനി ഇങ്ങോട്ടേയ്ക്കടുക്കെണ്ട’’ എന്ന് ഇന്നലെ മുതലേ സഖാക്കളോടായി അലറാൻ തുടങ്ങിയ അംബുജാക്ഷൻ പിള്ളയ്ക്കൊപ്പം അയൽക്കാരനും അവന്റെ കെട്ടിയോളും ചില നാട്ടുകാരും കൂടിച്ചേർന്നു. അപ്പോഴേയ്ക്കും മറ്റ് സഖാക്കൾ ഇടപെട്ട് ഇന്നിരയോടും അലിയാര് കുട്ടിയോടും ‘‘നമുക്ക് നിയമത്തിന്റെ വഴിയേ പോകാം’’ എന്ന് സമാധാനിപ്പിച്ചു. എന്നാൽ ഹൈക്കോടതിയിൽ നിന്നും ‘‘ഈ വീട് പണിയുന്നത് താൽക്കാലികമായി നിർത്തിവയ്ക്കണം’’ എന്നുള്ള ഉത്തരവാണ് ഉടനെത്തിയത്. ഒപ്പം അങ്ങ് ഡൽഹിയിൽ നിന്നും പുരാവസ്തു വകുപ്പുകാരും പറന്നെത്തി. അവരുടെ പ്രഥമ പരിശോധനയിൽ തന്നെ, "ഇത് അതിപുരാതനമായൊര് ശിവക്ഷേത്രത്തിലെ മഹാശിവലിംഗമാണെന്നും ഉടൻതന്നെ ഇവിടം പ്രാർത്ഥനയ്ക്കായി ഹിന്ദുക്കൾക്ക് വിട്ടുകൊടുക്കേണമെന്നു’’മുള്ള ആദ്യ പ്രസ്താവന ചാനലുകളിലൂടെയും പത്രങ്ങളിലൂടെയും അപ്പോഴേ നിറഞ്ഞൊഴുകി.
‘അന്തരീക്ഷം മേഘാവൃതമായതിനാൽ നാളെ രാവിലെ മുതലേ വിശദമായ പരിശോധനയ്ക്കായി ഉത്ഖനനം ആരംഭിക്കുകയുള്ളൂ’ എന്നും.
‘ഉള്ളിൽ അതിപുരാതനവും പവിത്രവുമായൊര് മഹാക്ഷേത്രത്തിന്റെ സാധ്യതകൾ തന്നെയാണ് ഇവിടെ തെളിഞ്ഞ് കാണുന്നത്’ എന്നും അവർ തെളിവുകൾ നിരത്തി ആവർത്തിച്ചു.

ഒന്നിനുപിറകെ ഒന്നെന്ന കണക്കിന് അംബുജാക്ഷൻ പിള്ള തന്റെ എതിർ സ്ഥാനാർത്ഥിയായ സഖാവ് ഇന്നിരാഗാന്ധിയുടെ ചരിത്രവും ചാരിത്ര്യവും വരെ എരിയും പുളിയും ചേർത്ത് ചാനലുകൾ തോറും വിളമ്പിക്കൊണ്ടേയിരുന്നു. ഒപ്പം ഒരോരോ അഴിമതി കഥകളും മെനഞ്ഞ് ചൂടോടെ പങ്കുവെച്ചു. ചരിത്രപരമായി ഈ മണ്ണ് ഹിന്ദുക്കളുടേതായിരുന്നെന്നും മുസ്‍ലിംകൾ അനധികൃതമായി കടന്നുകയറി അമ്പലം തല്ലിത്തകർത്ത് ഇവിടംകൈയേറിയതാണെന്നും അതിനാൽ ഇതിൽ ഒരുതരി മണ്ണുപോലും അവർക്ക് നൽകില്ലെന്നും ഭാരതത്തിലുള്ള തലമുതിർന്ന പല നേതാക്കളും ഉറക്കെ ഉറക്കെ വിളിച്ചുപറഞ്ഞു കൊണ്ടേയിരുന്നു.

അവിശ്വാസികളും അന്യജാതിക്കാരും ഏത് നിമിഷവും കടന്ന് കയറി ഈ മണ്ണിന്റെ പവിത്രതയെ വീണ്ടും നശിപ്പിക്കാൻ സാധ്യതയുള്ളതിനാൽ ‘അഹിന്ദുക്കൾക്ക് പ്രവേശനമില്ല’ എന്ന അറിയിപ്പ് ഇവിടെ പതിക്കെണമെന്നും. ദൈവവിശ്വാസികളായ നമ്മളെല്ലാവരും ഇരുൾവെളിവില്ലാതെ ഇവിടെതന്നെ കാവൽ നിൽക്കണമെന്നും അംബുജാക്ഷൻ പിള്ള ആഹ്വാനം ചെയ്തു.

അത് പ്രകാരം ശിവലിംഗം ഇരിക്കുന്നിടത്തിന് ചുറ്റാകെ കുരുത്തോല തോരണങ്ങളാൽ അലങ്കരിക്കുകയും താൽക്കാലികമായി ടാർപ്പോളിൻ കൊണ്ട് മുകൾഭാഗം തണൽ വിരിക്കുകയും ചെയ്തു. നിമിഷങ്ങൾ കഴിയും തോറും ഭക്തരുടേയും സന്ദർശകരുടേയും തിരക്കേറിവന്നു. വലുതും ചെറുതുമായ വാഹനങ്ങളാലും ജനങ്ങളാലും ഇടവഴികൾ വരെ നിറഞ്ഞുകവിഞ്ഞു. അടുത്തുള്ള സ്റ്റാന്റുകളിലെ ഓട്ടോക്കാർ തങ്ങളുടെ താവളം ഇവിടേയ്ക്ക് മാറ്റി. കളിപ്പാട്ട കച്ചവടക്കാർ, ഐസ്ക്രീം വിൽപ്പനക്കാർ, ചായയും പലഹാരങ്ങളും വിൽക്കുന്നവർ, കണ്മഷിയും ചാന്തും പൊട്ടും വളകളും വിൽക്കുന്നവർ, വിളക്കെണ്ണയും തിരിയും കർപ്പൂരവും പൂവും പാലും പട്ടും… പൂജയ്ക്കും നേർച്ചയ്ക്കുമുള്ള സാധനങ്ങൾ വിൽക്കുന്ന കടകളും. അങ്ങനെയങ്ങനെ, ഒരു ഉത്സവപ്പറമ്പായി ഇവിടം മാറുകയായിരുന്നു. മാത്രമല്ല അംബുജാക്ഷൻ പിള്ള സെക്രട്ടറിയും ഭാർഗ്ഗവൻ പ്രസിഡന്റുമായിക്കൊണ്ട് വലിയൊര് അമ്പലക്കമ്മിറ്റിയും രൂപപ്പെടുകയും കാര്യങ്ങളെല്ലാം അവർ ഏറ്റെടുത്ത് നടത്തുവാനും തുടങ്ങി.

പാതിരാത്രിയോടടുപ്പിച്ചാണ് മഴ പെയ്യാൻ തുടങ്ങിയത്. മഴ കനത്തപ്പോൾ കാവൽക്കാരായിട്ടുള്ളവർ ഭാർഗ്ഗവന്റെ വീട്ടിൽ കയറിക്കൂടി ജനൽ തുറന്ന് കണ്ണുകൾ പുറത്തേക്ക് തള്ളിനിന്നു. സഖാവ് അലിയാര് കുട്ടിയേയും ഇന്നിരാഗാന്ധിയേയും പ്ലാസ്റ്റിക് കൂരയിൽ നിന്ന് സുരക്ഷിതമായ മറ്റൊരു വീട്ടിലേയ്ക്ക് മാറ്റുന്നതിനായി സഹപ്രവർത്തകർ ഏറെ പരിശ്രമിച്ചെങ്കിലും വഴങ്ങാതെ അവർ സ്വന്തം മണ്ണിൽ തന്നെ ചേർന്ന് കിടന്നു. നേരം വെളുക്കാൻ തുടങ്ങിയപ്പോഴും മഴ തകർത്തു പെയ്തുകൊണ്ടിരുന്നു. അതിനാൽ ശിവലിംഗത്തിന് ചുറ്റുമുള്ള മറകൾ മറിഞ്ഞ് നിലത്തേക്ക് വീണ് ദൂരേയ്ക്ക് ഒഴുകിപ്പോയി. മുകളിലെ വിതാനം കാറ്റിൽ പട്ടം പോലെ ആകാശത്തേയ്ക്ക് പറന്നുപോയി. ഒപ്പം അലിയാര് കുട്ടിയുടെ പ്ലാസ്റ്റിക്ക് കൂരയും. എങ്കിലും ഇരുസഖാക്കളുമപ്പോഴും ഒന്ന് ചേർന്ന കൈകൾ മുകളിലേയ്ക്കുയർത്തി ഉച്ചത്തിൽ മുദ്രാവാക്യം മുഴക്കി, ‘ഈങ്കിലാബ് ഈങ്കിലാബ്, ഈങ്കിലാബ് സിന്ദാബാ’.

മഴ വരച്ച ചിത്രം പോലെ ആ പുരയിടത്തിന്റേയും പല ഭാഗങ്ങളിലും മഴച്ചാലുകൾ രൂപപ്പെട്ടിരുന്നു. നേരം വെളുത്തപ്പോഴേയ്ക്കും മഴ ശാന്തമായി. അംബുജാക്ഷൻ പിള്ളയും ഭാർഗ്ഗവനുമെല്ലാം പാലും പഴങ്ങളും പൂവുമായി വീണ്ടും അവിടേയ്ക്കെത്തി. എന്നാൽ അടുത്ത ക്ഷണം തന്നെ അവർ വന്നതിലും വേഗത്തിൽ തിരികെ നടന്നുമറഞ്ഞു. പുരാവസ്തുഖനനം നടത്താതെ തന്നെ ഡൽഹിയിൽ നിന്ന് വന്നവരും മടങ്ങി.

അന്ന്, ആളൊഴിഞ്ഞ പുരയിടത്തിലെ വാനത്തിനുള്ളിലേയ്ക്ക് നോക്കിയപ്പോൾ എന്റെ മനമിങ്ങനെ പിടഞ്ഞു; ‘‘എത്ര നാളായി എന്റെ അമ്മ ആട്ട്കല്ലിൽ കുഴവി കൊണ്ട് ആട്ടിയുണ്ടാക്കിയ അരിമാവിനാൽ ഇഢലിയോ ദോശയോ ഉണ്ടാക്കി തന്നിട്ട്’’.

കുഴിച്ചുമൂടപ്പെട്ട ജീവിതങ്ങൾ ഒരുനാളിൽ…


Summary: Sakhavu IndiraGandhi - A Malayalam short story written by Elavoor Sasi.


ഇളവൂർ ശശി

കഥാകൃത്ത്. നിർമ്മാണ മേഖലയിൽ മേസ്തിരിയായി ജോലി ചെയ്യുന്നു. വെളിച്ചപ്പാടിന്റെ അമ്മയും മുട്ടനാടിന്റെ സൂപ്പും, കോന്ദ്ര, പിച്ചണ്ടി എന്നീ കഥാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments