ചിത്രീകരണം: ദേവപ്രകാശ്

സെയിം സെക്സ്

‘ഹോ, ഇതെന്തൊരു കഷ്ടം!
മനുഷ്യരെ ജീവിക്കാനും സമ്മതിക്കില്ല.
രണ്ടു പെണ്ണുങ്ങൾ കൂട്ടുകൂടുന്നത് ഇത്ര വലിയ പ്രശ്നമാണോ?’
അരുണ, ശരിക്കും പറഞ്ഞാൽ, ആ തണുപ്പിലും വിയർക്കുന്നുണ്ടായിരുന്നു.
‘അതും നമ്മൾ ജീവിക്കുന്ന ഈ കാലത്ത്? അപ്പോൾ പറയുന്നു ഈ കാലമാണ് പ്രശ്നമെന്ന്…
ഹോ.. എന്തൊരു കഷ്ടമാണിത്! പക്ഷേ ഞാനിതു കാര്യമാക്കാനൊന്നും പോകുന്നില്ല.’

മേദിനി ഫിൽറ്റർ കാപ്പി അവസാന തുള്ളിയും വായിലേക്കിറ്റിച്ചു.
‘‘ഒരു സ്ത്രീയും ഒരു പുരുഷനും കൂടി കൂട്ടുകൂടുന്നതിനേക്കാൾ പ്രയാസമാണ് ഇന്ന് രണ്ടു പെണ്ണുങ്ങൾ കൂട്ടുകൂടുന്നത്... വീട്ടുകാർക്ക് മാത്രമല്ല നാട്ടുകാർക്കും പ്രശ്നം.. ‘ഇവർ മറ്റേതാണ്’ എന്ന് പറയുന്നതുകേട്ടാൽ മുഖത്തൊരടി കൊടുക്കാനാണ് തോന്നുക’’, ചിരിച്ചുകൊണ്ടുതന്നെയാണ് മേദിനി പറയുന്നത്. അരുണയുടെ കലക്കമൊന്നും മേദിനിക്കില്ല.

‘‘എടൊ, രണ്ടു പെണ്ണുങ്ങൾ ഒരു വീടെടുത്ത് ഒരേ കിടപ്പുമുറി ഉപയോഗിക്കുന്നത്കൊണ്ട് ആർക്കെന്താണ് പ്രശ്നം? പബ്ലിക് ആയി ഒരുമിച്ചെപ്പോഴും നമ്മളെ കാണുമ്പോൾ ഓരോരുത്തരുടെ മോന്ത കണ്ടിട്ടില്ലേ?’’, അരുണ പല്ലിറുമ്മുന്നുണ്ട്.

‘‘നമ്മൾ, അതായത്, നമ്മളെപ്പോലെ ജീവിക്കുന്ന ഏതു രണ്ടു പെണ്ണുങ്ങളും, ലൈംഗീകമായി കൂടി ഇണകൾ ആയിരിക്കില്ലേ എന്നതാണ് അവരുടെ സംശയം! പ്രശ്നം! അതെന്താ നിനക്ക് മനസിലാവാത്തത്?’’, മേദിനി സോഫയിൽ മലർന്നുകിടന്നു മൊബൈൽ നോക്കാൻ തുടങ്ങി.

ഉറക്കെ ചിരിച്ച് അവൾ ഇതുകൂടി പറഞ്ഞു; ‘അങ്ങനെയങ്ങ് ആയിരുന്നു കാര്യങ്ങൾ എങ്കിൽ കൂടുതൽ എളുപ്പമായിരുന്നു. എല്ലാത്തിനും ഒരു തീരുമാനമായേനെ. സത്യം പറഞ്ഞാൽ ആലോചിക്കാവുന്ന കാര്യമാണ്.. ആത്മാർഥമായി പരീക്ഷിച്ചാലല്ലേ കാര്യങ്ങൾ ഒക്കെ പിടികിട്ടുള്ളൂ.’

എപ്പോഴും പരസ്പരം കരുതലാകുന്ന രണ്ടു സ്ത്രീകളാണ് അരുണയും മേദിനിയും. അവരുടെ ലൈംഗിക ഇഷ്ടാനിഷ്ടങ്ങൾ എന്തെന്ന് അവർ ആരോടും വെളിപ്പെടുത്തിയിട്ടുമില്ല. ആർക്കും അറിയുകയുമില്ല. പക്ഷെ പലർക്കും സംശയമാണ്. ചിലപ്പോഴൊക്കെ അവർക്കുപോലും സംശയമുണ്ട് പലതും. പക്ഷെ അവരുടെ ലൈംഗീകത മറ്റുള്ളവർ ഡിസ്‌കസ് ചെയ്യുന്നത് അവർക്കിഷ്ടമല്ല.

‘അവർ എന്തിനാണ് ഇങ്ങനെ ഇപ്പോൾ കല്യാണം കഴിഞ്ഞവരെപോലെ പതുക്കെ ചെവീലോട്ടു തമാശകൾ പറഞ്ഞ് ഒരുമിച്ചു പൊട്ടിച്ചിരിക്കുന്നത്? സങ്കടം വരുമ്പോഴാകട്ടെ പരസ്പരം ആശ്വസിപ്പിക്കുന്നു. വെറുതെ വൈകുന്നേരങ്ങളിൽ കൈപിടിച്ച് നടക്കുന്നു…
ഒരേ കട്ടിലിൽ, കാൽ മറ്റേയാളുടെ മേത്തു കേറ്റി വെച്ച് ഉറങ്ങുന്നു.
ഛെ, ഛെ, ഉടുപ്പുകൾ പരസ്പരം മാറ്റി മാറ്റി ഇടുന്നു... ഈ പെണ്ണുങ്ങൾ…
രാവിലെ ഓഫീസിലേക്ക് ഓടുന്ന തിരക്കിൽ ഒരാൾ മറ്റൊരാൾക്ക്‌ ആഹാരം വായിൽ വെച്ച് കൊടുക്കുന്നത് കണ്ടോ?
ഒഴിവുദിവസം പരസ്പരം തേച്ചുകുളിപ്പിക്കാറുമുണ്ടെന്ന്‌…
പിന്നെ ഒരു സിനിമക്ക് പോക്കും പാർക്കിൽ പോക്കും!’’
സംശയം ചുമ്മാതല്ല എന്ന് മനസിലായില്ലേ?

ഒരു സ്ത്രീക്കും പുരുഷനും കൂടി ഒരുമിച്ചുപയോഗിക്കാൻ നിഷേധിച്ചിരുന്ന പല പൊതുയിടങ്ങളും സ്വകാര്യയിടങ്ങളും രണ്ടു പെണ്ണുങ്ങൾ ഇങ്ങനെ ഉപയോഗിക്കുന്നത് എങ്ങനെ അനുവദിക്കാനാകും?

ഒരേ ലിംഗക്കാർ തമ്മിലുള്ള സെക്സും കല്യാണവും ഒക്കെ, ഓക്കേ ആണെന്ന് പതുക്കെ പതുക്കെയെങ്കിലും അംഗീകരിക്കപ്പെടുന്നത് കുറെയേറെപ്പേരെ ആശങ്കപ്പെടുത്താതിരിക്കില്ലല്ലോ. അവർ അത് നിഷേധിക്കുന്തോറും, പാപം കണ്ടെത്തി, പ്രചരിപ്പിച്ച്, ചർച്ച ചെയ്ത് അങ്ങനെ രണ്ടു പെണ്ണുങ്ങൾ സംശയാസ്പദമായി മാറി.
ആയിക്കോട്ടെ.
പക്ഷെ അരുണയും മേദിനിയും പറയുകയാണ്; ‘ഞങ്ങൾക്കൊണ്ടല്ലോ,
ഞങ്ങൾക്ക് പിരിയാൻ വയ്യന്നേ…
മനസില്ല, അതുതന്നെ.’
‘ഞങ്ങൾ തമ്മിൽ സെക്സ് ഇല്ല കേട്ടോ എന്നൊന്നും പറയാൻ സൗകര്യമില്ല. ആരെന്തു വിചാരിച്ചാലും ഞങ്ങൾക്കൊരു ചുക്കുമില്ല.’
‘ഞങ്ങൾ പാർട്നേഴ്സ് തന്നെ. സെക്സാണ്, പങ്കാളി ആരെന്നു തീരുമാനിക്കുന്ന അളവുകോൽ എന്ന്‌ നിങ്ങൾ പറഞ്ഞാൽ ഞങ്ങൾ ഉത്തരം പറയാൻ പോകുന്നില്ല.’
‘അല്ലെങ്കിലും ഞങ്ങൾ എന്തെങ്കിലും പറഞ്ഞാൽ നിങ്ങൾക്കതു മനസ്സിലാകുമോ?’

ചുമ്മാ...!
എവടെ!!

മനുഷ്യർ ലൈംഗികഗോളങ്ങളാണത്രേ.
സ്പർശം സെക്സ് ആണ്.
നോട്ടവും അതുതന്നെ.
ശരീരം മുഴുവൻ സെക്സ് ആണ്.
ശരീരം മുഴുവനും, മനസ് മുഴുവനും, ബുദ്ധി മുഴുവനും, ആത്മാവ് മുഴുവനും സെക്സോട് സെക്സ് ആണ്, അല്ലേ?
അപ്പോൾ പിന്നെ, ഏതു ലിംഗത്തിൽ പെട്ടതാണെങ്കിലും രണ്ടു ശരീരങ്ങൾക്ക് അടുത്തിരിക്കാൻ പറ്റുമോ? ലൈംഗീകബോധമില്ലാതെ…
ഒരാളുടെ കണ്ണീരു തുടക്കാൻ വിരൽ കവിളിൽ തൊടാമോ?
നോക്കൂ, നിങ്ങൾ…
ഞങ്ങൾ രണ്ടു പെണ്ണുങ്ങളെ ...
ഈ അരുണയെയും മേദിനിയെയും...
ഞങ്ങളുടെയിടക്ക് പേടിപ്പിക്കുന്ന സ്പേസ് ഇല്ലേയില്ല. സെയിം സെക്സ് അല്ലെ ഞങ്ങൾ?

ഒരൊറ്റ സെക്സ്.

ജീവിതം കുറെയേറെ എങ്ങോട്ടൊക്കെയോ വലിച്ചോണ്ടുപോയി, പിന്നീടെപ്പോഴോ ചുരുട്ടിക്കൂട്ടി ദൂരേക്കെറിഞ്ഞപ്പോൾ, ഇഴഞ്ഞിഴഞ്ഞെത്തി പരസ്പരം കണ്ടെത്തി കൈകോർത്തവരാണ് ഞങ്ങൾ. ആ ഞങ്ങൾക്കറിയാം, ആരുടെയും തലയ്ക്കുള്ളിലെ സെക്സ്, ഞങ്ങളുടെ ചുമടല്ല എന്ന്. അത് അവരവർ തന്നെ ചുമക്കുക.

അരുണ മേശപ്പുറത്തു തലചായ്ച്ച് പതുക്കെ പറഞ്ഞു, ‘ഇന്ന് അവനും ഇത് തന്നെ ചോദിച്ചു.’

മേദിനി മൊബൈൽ മാറ്റിവെച്ച് സോഫയിൽ നിന്നെണീറ്റു അരുണക്കരികിലെത്തി, അവളുടെ മുടിയിൽ പതിയെ തടവി പറഞ്ഞു; ‘പോകാൻ പറ അവനോട്. നമ്മളെ മനസിലാകാത്തവരെക്കൊണ്ട് നമുക്കെന്താവശ്യമാണ്.’

അരുണ മേദിനിയുടെ നൈറ്റിയിൽ മുറുകെപിടിച്ച് ഒന്ന് തേങ്ങി, ‘ഇതുമതി, ഇത്രേം മതി ... അത്രേ പാടുള്ളൂ’, മേദിനി അരുണയുടെ കണ്ണിൽ നോക്കി പറഞ്ഞു.
‘ഇനി ഇപ്പോൾ ഞങ്ങൾ കുറേ നാളുകളായി ആഗ്രഹിക്കുന്ന മഴക്കാടുകൾ കാണാൻ പോകട്ടെ. അതിനുള്ളിലൂടെ, പരസ്പരം തൊടാതെ, കേൾക്കാതെ, മിണ്ടാതെ, രണ്ടു സമാന്തരരേഖകൾ പോലെ സ്വന്തം ഹൃദയം കയ്യിൽ പിടിച്ച് മുന്നോട്ടു നടക്കട്ടെ. തിരികെ വരുമ്പോൾ ഞങ്ങളുടെ കാലുകൾ, കാടിന്റെ മണ്ണിലെ ആയിരക്കണക്കിന് വേരുകൾക്കൊപ്പം പിണഞ്ഞു പോയിരിക്കും…കൈകൾ ശിഖരങ്ങൾക്കൊപ്പം നൃത്തം ചെയ്യും. ഞങ്ങൾ കാടായി മാറും…
പിന്നീട് വീട്ടിലെത്തി, പരസ്പരം കണ്ണിൽ നോക്കിയിരുന്ന്, നോവാതെ.. പതിയെ പതിയെ, പിണഞ്ഞ് കിടക്കുന്ന കാട്ടുവേരുകൾ വേർപെടുത്തിയെടുക്കും.
അപ്പോഴേക്കും കൊഴിഞ്ഞ കാട്ടിലകളാൽ ഞങ്ങൾ ഞങ്ങളുടെ വീട്ടിനുള്ളിൽ തന്നെ മറവു ചെയ്യപ്പെട്ടിരിക്കും. അങ്ങനെ ഞങ്ങളുടെയിടവും ഭൂമിയിലെ മനോഹരമായ കാടാകും.

നിറയെ പൂക്കളും കായ്ക്കളും സുഗന്ധവും പക്ഷികളും പുഴയും ഉള്ള ഒന്ന്.’


തനൂജ ഭട്ടതിരി

കഥാകൃത്ത്, നോവലിസ്​റ്റ്​. താഴ്​വരയിൽ നിന്ന്​ ഒരു കാറ്റ്, സെലസ്റ്റിയൻ പ്ലെയ്ൻ (കഥകൾ), ഗ്രാൻഡ്​​ ഫിനാലേ (നോവൽ) തുടങ്ങിയവ പ്രധാന കൃതികൾ

Comments