ഡി. ധനസുമോദ്

സന്തോഷ് എ. എ
എന്ന ഞാൻ


ചിതയിൽ നിന്ന് ഉയർന്നു പൊങ്ങുന്ന തീപ്പൊരികൾ പര്സപരം മത്സരിച്ച് മുകളിലേക്ക് പോയിക്കൊണ്ടേയിരുന്നു. ചങ്ക് പൊട്ടുന്ന ശബ്ദത്തിന് വേണ്ടിയായിരുന്നു അവരുടെ കാത്തിരിപ്പ്. വിറകിന്റെ പൊട്ടിഅമരുകൾ അല്ലാതെ മറ്റൊരു ശബ്ദവും അവിടെ കേട്ടതേയില്ല.

പച്ചവിറക് എങ്ങനെയാണ് ആളിപ്പടരുന്നതെന്ന് പല തവണ മനു ആലോചിച്ചു. ശരീരം കത്തു പിടിച്ച് കാൽമണിക്കൂറിനകം ചെറിയ ശബ്ദത്തോടെ ചങ്ക് പൊട്ടുമെന്നാണ് മനുവിനോട് പത്താം ക്‌ളാസുകാരനായ അരുൺ പറഞ്ഞത്. ചെമന്ന അരിപ്പടക്കത്തിൽ ചെറിയ കല്ലിനിടിക്കുമ്പോൾ ഉണ്ടാകുന്ന ഒച്ചയാണ് മരിച്ച ആളിന്റെ ചങ്ക് പൊട്ടുന്നതിന്. ആണുങ്ങളുടെ ചങ്ക് പൊട്ടുന്നതിനും പെണ്ണുങ്ങളുടേതിനും രണ്ട് തരത്തിലാണ് ശബ്ദം. പെണ്ണുങ്ങളുടേത് പൊട്ടാൻ കാത് കൂർപ്പിച്ചിരിക്കണം. ഒച്ച കുറവായിരിക്കും. ഒരിയ്ക്കൽ പോലും ഉറക്കെ കരയാത്ത ആണുങ്ങളുടെ ചങ്ക് പൊട്ടുന്നതാണ് പടക്കം പൊട്ടുന്നത് പോലെ. ഒരു വയസ് മാത്രമാണ് മൂപ്പ്. പക്ഷെ അൻപത് വയസിലെത്തിയ ലോകവിവരമാണ്‌അരുണിനെന്നു മനു ആഞ്ഞ് വിശ്വസിച്ചിരുന്നു.

അപ്പിയുടെ ചിതയ്ക്ക് മുന്നിലിരുന്നപ്പോൾ രണ്ട് പതിറ്റാണ്ട് മുൻപുള്ള ഒൻപതാം ക്‌ളാസുകാരനിലേക്കാണ് മനു പോയത്. ഇന്ന് പഴയ അരുൺ ഇന്ന് ഡോക്ടർ അരുൺ ആണ്. ഒരു മനുഷ്യന്റെ മുഷ്ടിയുടെ വലിപ്പമാണ് ഹൃദയത്തിനു എന്നൊക്കെ പറഞ്ഞപ്പോൾ സത്യത്തിൽ മനു ഓർത്തുപോയത് പഴയ ചങ്ക് പൊട്ടുന്ന കഥയാണ്.

മുന്നിൽ എരിഞ്ഞു കൊണ്ടിരിക്കുന്നത് അപ്പി സന്തോഷാണ്. അപ്പി എന്നത് സന്തോഷിന്റെ അച്ഛന്ററെ പോലുമല്ല അപ്പൂപ്പന്റെ പേരാണ്. ചില പേരുകൾ അങ്ങനെയാണ് തലമുറ കൈമാറി കൊണ്ടേയിരിക്കും. കല്ലേലിയും പാപ്പാളിയും മുതൽ സ്മിത ഭവനും രാമൻ വില്ലയും പോലുള്ള ഒരു കുടുംബപ്പേരൊന്നും ഇവർക്കുണ്ടാകില്ല. അവഗണനയുടെ മുദ്രയും പേരിൽ പേറി അവരിങ്ങനെ നമ്മുടെ ഇടയിൽ ജീവിക്കും. സ്വന്തം പേര് പോലും സന്തോഷ് എ.എ മറന്നുകാണും. അപ്പിയെന്ന ഈ പേര് അടുത്ത തലമുറയിലേക്ക് കൊടുക്കാതിരിക്കാനാണോ സന്തോഷ് ഇത് വരെ കല്യാണം കഴിക്കാതിരുന്നത് എന്ന് പോലും ഓർത്ത് പോയി. അംബേദ്ക്കർ കോളനിയിലെ സന്തോഷ് എ .എ മരിച്ചു എന്ന ആദരാഞ്ജലി പോസ്റ്റ് പഞ്ചായത്ത് വാട്സ്ആപ് ഗ്രൂപ്പിലും നമ്മുടെ അപ്പി മരിച്ചു എന്ന് കുടിക്കൂട്ടം ഗ്രൂപ്പിലും പഞ്ചായത്ത് മെമ്പർ ജയപാലാണ് പോസ്റ്റ് ചെയ്തത്. കുടിക്കൂട്ടം ഗ്രൂപ്പിലാണ് വിശദമായ ചർച്ച നടന്നത്. ശനിയാഴ്ച രാത്രി മാത്രം ഒത്തുകൂടാറുള്ള കള്ളുകുടി ഗ്രൂപ്പിന് ആ പേര് നൽകിയത് ആരാണ് എന്ന് മറന്നു. പൊളിറ്റിക്കൽ കറക്ട്ൻസ് ഒഴിവാക്കി ഉള്ളിൽ ഉള്ളത് പോലെ നേരെ സംസാരിക്കാമെന്ന സൗജന്യം ഗ്രൂപ്പിലുണ്ടെന്നു പറഞ്ഞത് അമ്പലക്കമ്മിറ്റി പ്രസിഡണ്ട് പത്മനാഭകുറുപ്പ് ആയിരുന്നു. ജാതി ,സംവരണം എന്നിവയൊക്കെ കേൾക്കുന്നത് തന്നെ അങ്ങേർക്ക് വെറുപ്പാണ്.

രാവിലെ പത്ത് മണിയോടെ പൈപ്പിൻ ചുവട്ടിലാണ് സന്തോഷ് വീണത്. വീഴുന്നത് ആരും കണ്ടില്ലെങ്കിലും കിടക്കുന്നത് പലരും കണ്ടു കടന്നുപോയി. പൂസായിട്ടുള്ള ഉറക്കം എന്ന് മാത്രമാണ് അവർ കരുതിയത്. കൂർക്കം വലിയോ ഞെരക്കമോ മൂളലോ പോലും കേൾക്കാതെ വന്നതോടെ ഇനിയെങ്ങാനും എന്തെങ്കിലും സംഭവിച്ചു കാണുമോ എന്ന് ആദ്യം തോന്നിയത് പ്രഭയ്കായിരുന്നു. കുടിച്ചു മരിച്ച അച്ഛന്റെ ഓർമ ഇടയ്ക് കൊളുത്തി വലിക്കുന്നതിനാൽ ഒച്ചയുണ്ടാക്കാതെ ആര് കിടന്നു ഉറങ്ങിയാലും പ്രഭയ്ക്ക് മനസമാധാനം നഷ്ടമാകും. കൂർക്കംവലിയോളം അവർക്ക് ആശ്വാസം നൽകുന്ന ശബ്ദം വേറെയില്ല .ലഹരിയിലെ മയക്കം ഉണരാതെ നീണ്ടു. ഭർത്താവ് രമണനെ പ്രഭ ഉന്തി തള്ളി വിട്ടു. ആദ്യമൊക്കെ വഴിയിൽ കിടക്കുന്ന ആളെ പോയി നോക്കാൻ രമണന് മടിയായിരുന്നു. വീട്ടുമുറ്റത്ത് മരിച്ചുകിടന്നാൽ ഉത്തരവാദിത്വം പറയേണ്ടിവരുമെന്നു പ്രഭ പറഞ്ഞതോടെ ചുണ്ടിനു കീഴെ മാത്രം കേൾക്കാവുന്ന മുട്ടൻ തെറി പറഞ്ഞിട്ടാണ് വീടിന് പുറത്തേക്ക് രമണൻ ഇറങ്ങിയത്.

രമണനോട് പറഞ്ഞില്ലെങ്കിൽ പോലും പ്രഭ മരണം ഉറപ്പിച്ചിരുന്നു. ശവശരീരത്തിലേക്ക് ആദ്യമണിയ്ക്കൂറിൽ ഈച്ച വരില്ല. മണ്ണിൽ വീണു കിടക്കുകയാണെങ്കിൽ ഉറുമ്പ് ആദ്യം എത്തും. പിന്നാലെ ഓരോ ഉറുമ്പായി എത്തി, വായിൽ കൊള്ളാവുന്ന തൊലി കടിച്ചു മുറിച്ചുകൊണ്ട് പോയ്കൊണ്ടേയിരിക്കും. രക്തം ഭൂമിയോടു ചേർന്ന് കിടക്കുന്ന ശരീരഭാഗത്ത് ഊറികൂടും. അത് കൂടി കേട്ടാൽ പിന്നെ രമണന്റെ കാൽ വിറയ്ക്കും എന്ന് അത്രയേറെ ഉറപ്പുണ്ടായിരുന്നു. വലിയ ശബ്ദത്തിൽ സംസാരിക്കുന്നവർ ഉള്ളിൽ പേടിയുള്ളവരായിരിക്കും. വലിയ ഒച്ചക്കാരനായ ഭർത്താവിനെ പറഞ്ഞു പേടിപ്പിക്കേണ്ട എന്ന് പ്രഭ കരുതിയിരുന്നു. ഓട്ടോയിൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് മരിച്ചിട്ട് എട്ട് മണിക്കൂർ ആയെന്നു അറിഞ്ഞത്.

പിറ്റേന്ന് പോസ്റ്റ്മോർട്ടം കഴിഞ്ഞ് സർക്കാർ ആശുപത്രിയുടെ വട്ടകണ്ണുള്ള പഴഞ്ചൻ ആംബുലന്സിലാണ്‌ മൃതദേഹം എത്തിച്ചത്. സന്തോഷിന്റെ പെങ്ങളുടെ മകൻ ആരോമലാണ് ആബുലൻസിൽ മനുവിന്റെ ഒപ്പമുണ്ടായിരുന്നത്. ആംബുലൻസിലെ യാത്ര ആരോമലിനു ആദ്യ അനുഭവമല്ല, തെങ്ങിൽ നിന്നും വീണ തങ്കപ്പനെയാണ് ആദ്യം ആംബുലൻസിൽ കൊണ്ടുപോയത്. വീണയുടൻ തങ്കപ്പന്റെ ബോധം പോയിരുന്നത് കൊണ്ട് മരിച്ചെന്നാണ് പലരും കരുതിയത്. ഇനി മരിച്ചിട്ടില്ലെങ്കിൽ തന്നെ ഓട്ടോയിൽ കൊണ്ടുപോയാൽ ഒടിഞ്ഞ അസ്ഥിയും ഞെരമ്പും പിണഞ്ഞു പോകുമെന്നൊക്കെ പറഞ്ഞ ആരോമലെ തന്നെ ആംബുലൻസ് വിളിക്കാൻ ഏൽപ്പിച്ചു. അന്ന് ആംബുലൻസിലേക്ക് കയറ്റിയപ്പോൾ തന്നെ തങ്കപ്പൻ ഞെരങ്ങി തുടങ്ങിയിരുന്നു. അന്ന് കൊണ്ടുപോയത് തങ്കപ്പനെ ആയിരുന്നെങ്കിൽ ഇന്ന് കൊണ്ടുവരുന്നത് സന്തോഷിനെ പോലുമല്ല .ബോഡിയാണ്, ബോഡി മാത്രം.

വളവ് തിരിയുമ്പോൾ മൃതദേഹം താഴേയ്ക്ക് വീഴേണ്ടതായിരുന്നു. വാട്സാപ്പിൽ നിന്നും പെട്ടെന്ന് കണ്ണെടുത്തത് കൊണ്ട് മാത്രം മൃതദേഹം ഊർന്നിറങ്ങുന്നത് കണ്ടു. ബോധമില്ലെങ്കിൽ പോലും ജീവനുള്ളവർ ആംബുലൻസിലെ സ്ട്രക്ച്ചറിൽ നിന്നും താഴെ വീഴില്ല, പക്ഷെ മരിച്ചുകഴിഞ്ഞാൽ അങ്ങനെ അല്ലെന്നും ആരോമലിനും മനസിലായി. ബോധമില്ലെങ്കിൽ പോലും ജീവനുള്ള ശരീരത്തിന് വീഴാതിരിക്കാനുള്ള തന്ത്രം അറിയാം. ഫോൺ ജീൻസിന്റെ പോക്കറ്റിൽ ഇട്ട ശേഷം സ്ട്രക്ച്ചറിന്റെ രണ്ട് ഭാഗത്തും കൂടി ആ ഡിഗ്രിക്കാരൻ കൈ തടവച്ചിരുന്നു. വീട്ടിലേക്ക് എത്തുമ്പോൾ ആരൊക്കെയോ ചേർന്ന് വീടിന് മുന്നിൽ നീലതറപ്പോള വലിച്ചു കെട്ടിയിട്ടുണ്ട്. മെടഞ്ഞ പച്ചോലയുടെ മേലെ വെള്ളതുണി പുതച്ചിട്ടുണ്ട്. ആ തുണിയിലേക്ക് സന്തോഷിനെ കിടത്തുമ്പോൾ, ഇത്രയും നല്ല തുണിയിൽ തന്റെ അമ്മാവൻ ഇതുവരെ കിടന്നിട്ടുണ്ടാവില്ല എന്നാണ് ആരോമൽ ആലോചിച്ചത് എന്ന് തോന്നി . മനുവിന് ചിലപ്പോൾ മറ്റുള്ളവരുടെ ചിന്തയിലേക്ക് മുങ്ങാംകുഴിയിട്ട് കയറാൻ അറിയാം. ആരോമലിന്റെ അമ്മമാത്രമാണ് അവിടെ കരയുന്നത് .

സന്തോഷിന്റെ അമ്മ ചെല്ല എന്തൊക്കെയോ പിറുപിറുക്കുന്നതായിട്ടാണ് തോന്നിയത്. ചെറിയ ശബ്ദത്തിൽ അവർ മകനെ പാടിക്കരയുകയാണ്. ചെല്ലയും അമ്മയും പതം ചൊല്ലി കരയാൻ പോയിട്ടുണ്ട്. അളന്നു നൽകുന്ന നെല്ലിന് വേണ്ടിയായിരുന്നു പുത്തൻവീട്ടിലെ കരച്ചിൽ. കരച്ചിലിന്റെ ഈണം കേട്ടപ്പോൾ ഒരു കാര്യം മനസിലായി. ആ കരച്ചിൽ നെല്ലിന് മാത്രമായിരുന്നില്ല. മനു കുട്ടിക്കാലത്ത് കേട്ട ചെല്ലയുടെ അതെ കരച്ചിലാണ് പതിഞ്ഞ താളത്തിൽ ഇന്ന് കേട്ടത്.

ആളിപടർന്ന തീ ഒടുങ്ങി. ചിത ഒരു തീക്കനലായി ചുവന്നു നിൽക്കുന്നു. കാറ്റടിക്കുമ്പോൾ കനലുകൾ ആയിരം കണ്ണുമായി തുറിച്ചു നോക്കുന്നു. മുഴുവൻ എരിഞ്ഞു തീർന്നിട്ട് വീട്ടിൽ പോയാൽ മതിയെന്നു ആദ്യമേ മനു കരുതിയിരുന്നു. മനുവിന്റെ അച്ഛൻ മരിച്ചപ്പോൾ ചിതയിലെ അവസാന കനൽ കെടുന്നത് വരെ ഒപ്പമുണ്ടായിരുന്ന ആളാണ് സന്തോഷ് . ആദ്യം മുടിയും പിന്നെ തൊലിയും കൊഴുപ്പും കത്തി ഒടുവിൽ അസ്ഥികൾ കത്താൻ തുടങ്ങും. തലയോട്ടിയും ഇടുപ്പെല്ലും കത്തിക്കാൻ കുറച്ചു കൂടി വിറക് ഇട്ടുകൊടുക്കേണ്ടി വരും . നീണ്ടക്കോലുമായി ഇതെല്ലാം ചെയ്യാൻ അന്ന് ചിതയ്ക്ക് അടുത്ത് സന്തോഷ് ഉണ്ടായിരുന്നു . സന്തോഷിന്റെ സ്ഥാനത്ത് ഇന്ന് കോലും പിടിച്ചു നിൽക്കുന്നത് ഭജനകുട്ടൻ ആണ് . മരണവീട്ടിലും മണ്ഡല കാലത്ത് ഭജന മഠത്തിലും പാടാൻ പോകുന്നതോടെയാണ് ഭജനകുട്ടൻ എന്ന പേര് വീണത് . കുട്ടികൾ കുട്ടന്മാരായി മാറിയപ്പോൾ അവരെ തിരിച്ചറിയാനായി നാട്ടുകാർ തന്നെ ഓരോ പേരിടുകയായിരുന്നു . ജലജയുടെ മകൻ ജലജക്കുട്ടൻ ,മണ്ണേൽ വീട്ടിലെ മണ്ണകുട്ടൻ ,റേഷങ്കടക്കാരൻ റേഷൻ കുട്ടൻ എന്നിങ്ങനെ പോകുന്നു കുട്ടന്മാരുടെ എണ്ണം രാഘവന്റെ മകനെ അയാൾ കേൾക്കെ കൊച്ചുകുട്ടൻ എന്ന് വിളിച്ചെങ്കിലും അവനില്ലാത്തപ്പോൾ കള്ളൻ കുട്ടനെന്ന് നാട്ടുകാർ ഒറ്റക്കെട്ടായി വിളിച്ചു .

മരിച്ചു മൂന്നാംപക്കം ഭജനക്കുട്ടൻ സന്ധ്യക്ക് കോളനിയിലെത്തി പ്രാർത്ഥന തുടങ്ങി . അത് കുട്ടന്റെ അവകാശമാണ് .പതിനാറാം ദിനം ദക്ഷിണ നൽകി കർമിയ്ക്കൊപ്പം ഭജനക്കുട്ടനെയും പിരിച്ചു വിടണം . അന്ന് പാട്ട് രാത്രിയാകും . ഷാപ്പിൽ തീരാത്ത പാട്ട് വീട് വരെ ഒഴുകും .നടക്കുന്ന പാട്ട് പെട്ടിയായി ഭജനക്കുട്ടൻ മാറും . അമ്പലമില്ലാതെ ആൽത്തറയിൽ വാഴുന്ന ഓംകാര മൂർത്തിയാണ് ഇഷ്ടദൈവവും പാട്ടും . `കുന്നിൻ മകൾ അറിയാതെ ഗംഗയ്ക്ക് ഒളിസേവ ചെയ്യും മുക്കണ്ണൻ` എന്ന വരികൾ ചില വീടുകളുടെ മുന്നിൽ മൂന്നോ നാലോ തവണ ആവർത്തിക്കും . ആ വീട്ടിലുള്ള ഒരു രഹസ്യം കുട്ടൻ കണ്ടുപിടിച്ചെന്നാണ് അതിന്റെ അർത്ഥം .

സന്തോഷിന്റെ മരണത്തിന് ഏഴാം നാൾ ചെറുതായി നടത്തിയ സഞ്ചയന ചടങ്ങിൽ തിളപ്പിച്ച അറുപത് ചായയിൽ അൻപതും മിച്ചം വന്നു . കപ്പക്കാളിവാഴ ചുവട്ടിൽ ചായ ഒഴിച്ച് കളഞ്ഞത് മനുവായിരുന്നു .ഇപ്പോൾ വീട്ടിൽ നിന്ന് കുടിച്ചതേയുള്ളൂ , നോമ്പാണ് എന്നിങ്ങനെ പല ഒഴിവു കള്ളങ്ങളാണ് ചായ കുടിക്കാതിരിക്കാൻ ആളുകൾ പറഞ്ഞഭിനയിച്ചത്. ഒരുത്തനും ചായ കുടിച്ചിട്ടില്ല എന്ന് ഭജനകുട്ടൻ പറഞ്ഞപ്പോൾ ഒരുത്തിയും എന്ന് മനു കൂട്ടിച്ചേർത്തു . പത്ത് വർഷം മുൻപ് പഞ്ചായത്തിൽ നിന്നും കിട്ടിയ പശുവിനെ എത്ര നന്നായി നോക്കിയിട്ടും സന്തോഷിന്റെ വീട്ടിൽ നിന്നും പാൽ വാങ്ങാൻ ആളെത്തിയിരുന്നില്ല. സൊസൈറ്റിയിൽ സമയത്ത് പാൽ എത്തിക്കാൻ കഴിയാതിരുന്നതോടെ പശുവിനെ വിൽക്കേണ്ടി വന്നു . വേറെ എവിടെയോ കറന്നെടുത്ത പാലിന്റെ ചായയും സന്തോഷിന്റെ വീട്ടിൽ ചെലവായില്ല . അടിയന്തരത്തിനു സന്തോഷിന്റെ ചായ കുടിച്ചില്ലെങ്കിൽ പണി കൊടുക്കുമെന്നു മനുവിന്റെ ചെവിയിൽ ഭജനക്കുട്ടൻ പറഞ്ഞു .

അന്ന് മുതൽ പണി എന്താണെന്നു അറിയാനായി ദിവസങ്ങൾ എണ്ണികാത്തുനിന്നു .അൻപത് ചായ കൂട്ടിയത് രണ്ട് വലിയ ഫ്ലാസ്ക്കിലാണ് . ഭജന കുട്ടനെ നോക്കികൊണ്ടാണ് മനു ചായ കമഴ്ത്തി കളഞ്ഞത്. ദക്ഷിണയും വാങ്ങി സുധാകരൻ കർമിയും ഒപ്പം ഭജനകുട്ടനും പോയി . ഇനി ഷാപ്പിൽ പോയി ദക്ഷിണ തീർക്കുന്ന കുട്ടൻ എന്ത് പണിയാണ് കൊടുക്കുന്നത് എന്ന് ആലോചിച്ചിരുന്നു . വൈകിട്ട് ഫ്രീയാണോ എന്ന മെസേജ് ഭജനക്കുട്ടൻ കുടിക്കൂട്ടം ഗ്രൂപ്പിൽ ഇട്ടിരിക്കുന്നു. എപ്പോഴും ഫ്രീ ആയിരിക്കുന്ന മാനേജർ പിള്ളയാണ് ആദ്യം കൈപൊക്കിയത്. പിന്നാലെ ഒരുത്തരായി ഹാജർ വച്ച് തുടങ്ങി . ഷെയർ എത്രയെന്ന രവിക്കുട്ടന്റെ ചോദ്യത്തിന് ആരും ഒരു രൂപ പോലും നൽകേണ്ട, കുപ്പിയുമായി അമ്മിണി പറമ്പിൽ എത്താമെന്ന് ഭജനക്കുട്ടൻ മറുപടി അറിയിച്ചതോടെ മൈസർ കുട്ടൻ അടക്കം നാല് പേര് കൂടി കൈപൊക്കി . രാജപ്പൻ പണിക്കരും വീട്ടുകാരും പിശുക്കന്മാർ ആയതിനാലാണ് അങ്ങനെയൊരു പേര് വീണത് . ഷെയർ ഇടേണ്ട പരിപാടിക്ക് അന്ന് തലവേദന പറഞ്ഞു ഒഴിയാറാണ് പതിവ് .

ഒഴിഞ്ഞ വീടായ അമ്മിണി പറമ്പിലേക്ക് രണ്ട് ഹണീബി ബ്രാണ്ടിയും കപ്പലണ്ടിയുമായി വൈകിട്ട് ഏഴുമണിക്ക് തന്നെ ഭജനക്കുട്ടൻ എത്തി .ഉപേക്ഷിക്കപ്പെട്ട ആ വീടിന്റെ ഓടുകൾ പലതും ഇളകിപ്പോയതായിരുന്നു . ദീർഘ ചതുരത്തിലെ ആകാശം അവിടെ കാണാം .മൂലയ്ക് കഴുകി കമഴ്ത്തി വച്ചിരിക്കുന്ന ഗ്ലാസുകൾ എടുത്തു ഒരിക്കൽ കൂടി കഴുകി.പത്രം വിരിച്ചു ഗ്ലാസുകൾ നിരത്തി .കുപ്പിയുടെ അടിയിൽ മടക്കിയ കൈമുട്ട് കൊണ്ട് ഭജനകുട്ടൻ ചെറുതായി ഇടിച്ചു . കുപ്പിയുടെ കഴുത്തു പിടിച്ചു ഞെരിച്ചപ്പോൾ ആക്രാന്തത്തോടെ എല്ലാവരും നോക്കി .ഓരോ ഗ്ലാസിലേക്കും കൃത്യം അളവിലാണ് ഒഴിക്കുന്നത് . ഒന്നിൽ പോലും കൂടുതലോ കുറവോ ഇല്ല . എട്ട്പേരും ഓരോ തവണ ഗ്ലാസ് തീർത്തപ്പോൾ ,ഒരിക്കൽ കൂടി ഒഴിച്ച് കൊടുത്തു. മനുവിന്റെ ചെവിയിൽ ഭജനക്കുട്ടൻ പറഞ്ഞു `അപ്പിയുടെ ദക്ഷിണ കാശാണ് . ചായയല്ലേ ഇവന്മാർ കുടിക്കാത്തൂ , ചാരായമല്ലല്ലോ `...പണിയുടെ അടിവേര് തെളിഞ്ഞതോടെ ഉയർന്നചിരിയിലേക്ക് മനുവും ഒരു പെഗ്ഗ് കമഴ്ത്തി

Comments