സന്തോഷത്തിന്റെ
തത്വശാസ്ത്രം

Poetry is the spontaneous overflow of powerful feelings.
കൗമാരത്തിലെന്നോ ഓർമ്മയുടെ അടരുകളിൽ പതിക്കപ്പെട്ടിരുന്ന വില്യം വേഡ്‌സ്‌വർത്തിന്റെ വാചകങ്ങൾ സ്മരണകളിലേക്കിറങ്ങി, താനൊരിക്കൽ മികച്ചൊരു വായനക്കാരനായിരുന്നു എന്ന യാഥാർത്ഥ്യത്തെ പോൾ അലനെ ഓർമിപ്പിച്ചു.
who am i...എന്ന, ഒരോ മനുഷ്യനും തന്റെ ജീവിത കാലത്തിനിടയിൽ ഒരിക്കലെങ്കിലും തനിക്കുള്ളിലേക്ക് കറക്കിയെറിയേണ്ട, പ്രാധാന്യമർഹിക്കുന്ന ആ ചോദ്യം പോലൊന്ന് അയാൾ സ്വയം ചോദിച്ചു തുടങ്ങിയിട്ട് നാളുകളേറെ കഴിഞ്ഞിരുന്നു.
what is happiness?...
ശരാശരിക്കും വളരെ മുകളിലും, അസാധാരണം എന്നതിന് അല്പം താഴെയുമായി അനുവദിച്ചു കിട്ടിയൊരു തലച്ചോർ കൈമുതലായുള്ളതിന്റെ ഗുണദോഷഫലങ്ങൾ അയാളുടെ ജീവിതത്തിന്റെ ഭാവി, വർത്തമാനങ്ങൾക്കുമേൽ വല വിടർത്തിക്കഴിഞ്ഞിരുന്നു. നിർവികാരമായ മുഖത്തോടെ, യാന്ത്രികമായ ചലനങ്ങളാൽ ദർപ്പണത്തിലെ തന്റെ പ്രതിച്ഛായയിലേക്ക് നോട്ടമുറപ്പിച്ച അലൻ, താടി രോമങ്ങളെ വടിച്ചു നീക്കി.

വലിയൊരിടവേളക്കുശേഷം അയാളുടെ താടിയെല്ലുകൾ അനാവൃതമായി. വരണ്ട കീഴ്ച്ചുണ്ടിനു സമീപം താടിരോമങ്ങളുടെ വളർച്ച അഗോചരമാക്കിയിരുന്നൊരു കാക്കപ്പുള്ളി ബാല്യത്തിലെന്നോ നഷ്ടപ്പെട്ടുപോയ പഴയ നിഷ്‌കളങ്കതയെ അലനിലേക്ക് തിരികെ കൊണ്ടുവന്നു.

ഭക്ഷണമേശയുടെ ചില്ലു പ്രതലത്തിനുമേൽ റബ്ബർനാടയിൽ ബന്ധനസ്ഥരാക്കപ്പെട്ട്, നറുമണം മാറാത്ത ഒരു കെട്ട് നോട്ടുകളെ അലന്റെ വിരലുകൾ ഇറക്കി വെച്ചു. തേങ്ങാച്ചമ്മന്തിയിൽ കുതിർന്ന ദോശ ക്കഷ്ണങ്ങൾക്കിടയിലൂടെ കൗതുകത്തിന്റെ വിരലുകൾ പായിച്ചിരിക്കുകയായിരുന്ന ഹന്ന മുഖമുയർത്തി നോക്കി.

കൊള്ളാല്ലോ പപ്പാ... ഇന്ന് ക്ലീൻ ആണല്ലോ? വാട്ട് ഹാപ്പെൻഡ്?

വാക്കുകൾ അലന്റെ കർണ്ണം എന്ന ലക്ഷ്യത്തിൽ ചെന്നു മുട്ടിയെങ്കിലും ഒരു ധ്യാനത്തിന്മേലമർന്ന പോലെ അയാൾ ദോശത്തുണ്ടുകളെ ചവച്ചരച്ചിറക്കൽ തുടർന്നുകൊണ്ടിരുന്നു. മുഖപ്രസാദം മാഞ്ഞ് ഹന്നയുടെ ചുണ്ടുകൾ പല്ലുകളെ മൂടി.

ആഹാ... അവള് രാവിലെ തന്നെ തുടങ്ങിയല്ലോ... പപ്പയെ ക്വസ്റ്റ്യൻ ചെയ്യാൻ?

തലേദിവസം, രണ്ടുപേരുടെയും ഒരു മണിക്കൂറോളം സമയം കവർന്നു മുന്നേറിയൊരു ചതുരംഗ മത്സരത്തിൽ വിജയിച്ചതിന്റെ പാരിതോഷികമായ 'കാപ്പുച്ചിനോ' ഹന്നയുടെ മുന്നിലേക്കുവച്ചുകൊണ്ട് ലിറ്റി പറഞ്ഞു. എന്നത്തേയും പോലൊരു പക്ഷംപിടിക്കലിൽ ഒത്തുചേർന്ന ഇരുമനുഷ്യരെയും ഹന്ന നോക്കി. ബൂസ്റ്റ് തരികളാൽ കാപ്പുച്ചിനോയ്ക്കുമേൽ ചിത്രവേലകൾ ചെയ്ത അവൾ രണ്ടു കണ്ണുകളും വിടർന്നൊരു ചുണ്ടും വരച്ചു ചേർത്ത്, തന്റെ മുന്നിലുള്ളവരുടെ ആസക്തികളുടെ ശേഷിപ്പാണ് താനെന്ന് ഉറക്കെ പ്രഖ്യാപിക്കുന്ന, ആത്മരതിയുടെ ചൂടും, ചൂരും കലർന്നൊരു നോട്ടം ഇരുവർക്കും സമ്മാനിച്ചു.

പപ്പയുടെ ഇപ്പോഴത്തെ അവസ്ഥയെപ്പറ്റിയും, ഒരു സൈക്യാട്രിസ്റ്റിനെ കാണിക്കേണ്ടതിനെ കുറിച്ചുമൊക്കെ പ്രായത്തിൽ കവിഞ്ഞ പക്വതയോടെ ഹന്ന ചോദിച്ചതിനെല്ലാം പെട്ടെന്നു വന്നുചേർന്ന അകാരണമായൊരു സങ്കടത്താൽ, പലരോടും പറഞ്ഞു മടുത്തതൊന്നും ആവർത്തിക്കാനാകാതെ ലിറ്റി മൗനം പുതച്ചു നിന്നു. ലിഫ്റ്റിന്റെ ചതുരക്കള്ളിയുടെ എതിർ മൂലകളിലായിരുന്നു അന്നേരം അമ്മയും മകളും. പെട്ടെന്നാണ് ഹന്നയിൽ നിന്നാ ചോദ്യമുയർന്നത്, മമ്മാ... How is going the physical relationship beetween you and pappa?

ഒരശുഭ സൂചനയെന്നവണ്ണം വൈദ്യുതി നിലച്ച് ലിഫ്റ്റ് നിശ്ചലമായി. സ്വയം നവീനത്വമാർജിച്ചു എന്ന ബോധ്യത്തിൽ, ഒളിമറകളില്ലാതെ എന്തും ചോദിക്കാനും, പറയുവാനും, മകൾക്ക് അനുവദിച്ചു നൽകിയ സ്വതന്ത്ര്യം തന്നെ തിരിഞ്ഞു കുത്തിയോ എന്ന ആശങ്ക ഉരുണ്ട കണ്ണുകളായി ഹന്നയുടെ നേരെ നീണ്ടു. ഉത്തരം കാത്ത കുട്ടിത്തത്തെ ഉടനടി മുതിർച്ച ഞെരിച്ചമർത്തിയപ്പോൾ ആ മുഖം പാദങ്ങളിലേക്ക് താഴ്ന്നു.

ഈ ക്വസ്റ്റ്യനും ഇതിന്റെ ആൻസറും സെൻസർ ചെയ്തിരിക്കുന്നു.

ലിഫ്റ്റിനുള്ളിൽ വരവറിയിച്ച വെളിച്ചത്തെ തന്റെ മുഖത്തേക്കുമാത്രം പകർത്തിവച്ച്, ഉള്ളിലെ ഇരുളിലേക്ക് കൂടുതലാണ്ട്, കാര്യത്തോടടുക്കുമ്പോൾ നൂറ്റാണ്ടുകളോളം പുറകിലേക്ക് നടക്കാൻ മടിയില്ലാത്ത ഭൂരിപക്ഷത്തിനൊപ്പം തന്ത്രപൂർവ്വം ലിറ്റിയും കൈകോർത്തു.

തന്റെ സാമ്രാജ്യമായ ചില്ലുചുവരുകൾക്കുള്ളിൽ മറ്റുള്ളവർ ബോസ് എന്ന് വിളിക്കുന്ന അജോയ് വർമ്മ വെരുകുനടത്തം തുടർന്നുകൊണ്ടിരുന്നു. ലാപ്‌ടോപ് സ്‌ക്രീൻ മൂളിയുണർന്നതും തന്റെ ഔദ്യോഗിക ജീവിതത്തിന്റെ ഭാഗദേയം നിർണയിക്കാൻ പ്രാപ്തമായ ആ മെയിൽ അയാൾ തുറന്നു. ആനന്ദം ആർത്തനാദത്തിനു വഴിമാറി.

പുറത്തേക്ക് ചാടിയിറങ്ങിയ അയാൾ തന്റെ സന്തോഷം ചുറ്റുമുള്ളവരിലേക്കും വാരി വിതറി. കമ്പനിയുടെ അഭിമാനപ്രശ്നമായിരുന്ന വമ്പനൊരു പ്രോജക്ട് ലഭിച്ചതിനുള്ള മുഴുവൻ കീർത്തിയും അയാൾ യാതൊരു ആത്മപ്രശംസയ്ക്കും മുതിരാതെ അലനിലേക്ക് ചാർത്തിവച്ചു. ആരവങ്ങളായും, ആശംസകളായും തന്നിലേക്ക് വന്ന നോട്ടങ്ങളെയെല്ലാം ജഡിതമായൊരു മൗനത്താൽ, തന്റെ ഇരിപ്പിടത്തിൽ നിന്ന് ഉയരുക പോലും ചെയ്യാതെ അലൻ മറികടന്നു.

രാത്രി സക്സസ് പാർട്ടി ഉണ്ടെന്നും, അലനാണ് മുഖ്യ അതിഥിയെന്നും ബോസ് പറഞ്ഞതും മൊട്ടുസൂചി നിലത്തേക്ക് വീണാൽ കേൾക്കാൻ പാകത്തിലൊരു നിശബ്ദതയിലേക്ക് ആ ഓഫീസ് മുറി ആണ്ടു.

അലൻ പാർട്ടിക്ക്?... അതും ചീഫ് ഗസ്റ്റ്. നടന്നത് തന്നെ. തുലോം അസംഭവ്യമായൊരു കാര്യമാണ് ആവേശത്തിൽ ബോസിൽ നിന്ന് പുറത്തേക്കു വന്നതെന്ന ബോധ്യത്തോടെ മേഘ തന്റെ കസേരയിലേക്ക് അമർന്നു. ചുമലിൽനിന്ന് താഴേക്കു നീളാത്ത അവളുടെ കുപ്പായകൈയുടെ അഭാവം അനാവൃതമാക്കിയ, കക്ഷത്തിലെ ക്ഷൗരം ചെയ്യാത്ത രോമങ്ങളിലേക്ക് വഷളൻ നോട്ടമെറിഞ്ഞ കൂട്ടുജോലിക്കാരനായ സാമിനു നേരെ തന്റെ കൈ ഉയർത്തി കാഴ്ച പൂർണ്ണമാക്കിയ മേഘ, എന്താ സാമേ പുതിയ കാമുകിയെ കിട്ടിയിട്ടും കടി മാറീല്ലേ? എന്നൊരു ചോദ്യം തിരിച്ചുചോദിച്ചു.

രാത്രിയുടെ പുറംകാഴ്ചകളിലേക്ക് പാതിതുറന്ന ജനൽ ചട്ടകൾക്കിടയിലൂടെ നോട്ടം പായിച്ചിരുന്ന അലനിലേക്ക്, ദൂരെ നിന്നും കൃത്യമായി ഇടവേളകളിൽ ലൈറ്റ് ഹൗസ് കണ്ണുചിമ്മി. അടിവയറ്റിൽ ഉടലെടുത്ത ഒരു വിറ ലിറ്റിയിലാകെ താരള്യമായി പടർന്ന്, ചുടുനിശ്വാസങ്ങളായി അലന്റെ കഴുത്തിലണഞ്ഞ്, കൈവിരലുകൾ നരകയറി തുടങ്ങിയ നെഞ്ചിലൂടെ നിർവൃതി തേടിയലഞ്ഞു. തിരിഞ്ഞ അലൻ തന്റെ നേരെ അടുത്തുകൊണ്ടിരിക്കുന്ന അവളുടെ പ്രണയം നനുത്ത ചുണ്ടുകളെ കൈത്തലം കൊണ്ടു മറച്ച്, ഹൃദയത്തിൽ നിന്നുറകൊണ്ടൊരു നോവ് പൊട്ടിയൊലിച്ചതുമാതിരി ലിറ്റിയുടെ തോളിലേക്കാഞ്ഞ് കുഞ്ഞിനെപ്പോലെ തേങ്ങി.

ഭാര്യാഭർത്താക്കന്മാരിൽനിന്ന് മാതാവും പുത്രനുമായി അവർ പരിണമിച്ച ആ സവിശേഷ നിമിഷത്തിൽ അലനോട് പറയാൻ ആശ്വാസവാക്കുകളൊന്നും ലഭിക്കാതെ നിസ്സഹായയായി ലിറ്റി നിന്നു.

ടേബിളിനു മുകളിലേക്ക് തൂവിപ്പോയ കാപ്പിയുടെ മേൽ സാം ടിഷ്യൂ പേപ്പർ വിതറുന്നത് അലൻ നോക്കിയിരുന്നു.

എന്റെ പരിചയത്തില് ഒരു സൈക്യാട്രിസ്റ്റുണ്ട്. നമുക്ക് നാളെ ഒന്നുപോയി കാണാം.
സാമിന്റെ നിർബന്ധത്തിനു വഴങ്ങി യോഗ പഠിക്കാൻ പോയി, ടീച്ചറുടെ സ്വകാര്യ ശിക്ഷണത്തിൽ നിന്ന് രക്ഷപ്പെടേണ്ടിവന്നതിന്റെ നേരനുഭവം അലന്റെ കണ്ണുകളെ സാമിനുനേരെ ഉയർത്തി.

നോക്കണ്ട ലേഡി അല്ല, സാം പറഞ്ഞു.

ഡോക്ടർ ജയിംസ് ജോർജ് എന്ന് ആംഗലേയത്തിൽഎഴുതിയ നാമത്തകിടിനു പുറകിലെ ശൂന്യമായ കസേരയിലേക്ക് അലൻ നോക്കിനിന്നു. തന്റെ തന്നൊരു രോഗിയാൽ കബളിപ്പിക്കപ്പെട്ട് മൂത്രപ്പുരയിൽ തടവിലായിപ്പോയ ഡോക്ടറെ സാം മോചിതനാക്കി അലനു മുന്നിലെത്തിച്ചപ്പോൾ, സ്വയം എടുത്തണിഞ്ഞൊരു കോമാളി തൊപ്പിക്കു കീഴെ അയാൾ വെളുക്കെ ചിരിക്കുന്നതായി അലനു തോന്നി. ചോദ്യോത്തരങ്ങളുടെ സാമാന്യം ദൈർഘ്യമാർന്നൊരിടവേളയിൽ ഫ്രോയ്ഡിയൻ തത്വങ്ങളൊക്കെ അലൻ വിശദീകരിച്ചതുകേട്ട് താൻ അതുവരെയും അറിഞ്ഞതിനും, ആർജ്ജിച്ചതിനുമപ്പുറം വളരെ ഉയർന്ന നിലവാരമുള്ളൊരു രോഗിയെ അയാളിൽ ഡോക്ടർ കണ്ടു. പോകാൻ നേരം അലനോട് ഡോക്ടർ ഒന്നു കൂടി പറഞ്ഞു.

ഫ്രോയ്ഡിൽ നിന്നൊക്കെ സൈക്കോളജി ഒരുപാട് വളർന്നു കേട്ടോ...

ഡോക്ടറുടെ നിർദ്ദേശപ്രകാരം ആളൊഴിഞ്ഞ കുടുസുകളിൽ നിന്ന്, സായാഹ്നത്തിൽ മനുഷ്യർ കുമിയുന്ന മാർക്കറ്റിലെ ബഹളങ്ങളിലേക്ക് അലൻ തന്റെ ഏകാന്തസഞ്ചാരങ്ങളെ പറിച്ചുനട്ടു. പേരറിയാത്തൊരു പഴത്തിനു നേരെ നീണ്ട കുഞ്ഞുനോട്ടത്തിന്റെ കൊതി ശമിപ്പിക്കാൻ പേഴ്‌സ് തിരഞ്ഞ മാതാവിൽ നിന്നുയർന്ന നിലവിളി ശ്രദ്ധിച്ച് അയാൾ നിന്നു. ആൾക്കൂട്ടത്തിനുമപ്പുറം അകലങ്ങളിലേക്ക് വേഗമാർജിക്കുന്ന ഒരു ശിരസ്സ് തന്റെ കൂടി പേഴ്‌സ് വഹിക്കുന്നുണ്ടെന്ന ഞെട്ടലിൽ മുന്നിലുള്ള മനുഷ്യരെ ചിതറിച്ച് അലൻ പാഞ്ഞു. ഒരു ഭ്രമണം പോലെ അയാൾ വീണ്ടും ആളൊഴിഞ്ഞ ഇടങ്ങളിലേക്ക് തിരിച്ചെത്തപ്പെട്ടു. നിയത വേഗത്തിലും, അകലത്തിലും മുന്നേറിയ ആ പിന്തുടരലിനിടയിൽ കള്ളൻ വലിച്ചെറിയുന്ന ഓരോ പേഴ്‌സും തന്റേതാണോ എന്ന് അലൻ തിരഞ്ഞു. ഒരു തിരിവിൽ വച്ച് അയാളെ വട്ടംവച്ച അലൻ, ഒരു മൽപ്പിടുത്തത്തിനു ശേഷം കയ്യിൽ തടഞ്ഞ, ആദ്യം അറവുകാരനും, പിന്നെ തെരുവുനായ്ക്കളും ചേർന്ന് ചുരണ്ടി മിനുക്കിയൊരു വലിയ എല്ലിൻ കഷ്ണത്താൽ കള്ളനെ അടിച്ചുവീഴ്ത്തി.

ചിതറിയ നോട്ടുകൾക്കും വേദനയാൽ ഞരങ്ങുന്ന തസ്‌ക്കരനും മധ്യേ ഇരുന്നു കിതച്ച അലനുള്ളിൽ അന്നേരം ഹിംസയുടെ ബീജങ്ങൾ ചിതറി വീണു മുളപൊട്ടി. പകൽവെളിച്ചത്തിന്റെ ശേഷിപ്പുകൾക്കു മേൽ രാത്രി തന്റെ ഇരുട്ടുപുതപ്പ് വലിച്ചു മൂടിക്കൊണ്ടിരുന്നു. ഇരുളിൽ തിളങ്ങുന്ന കണ്ണുകളെന്ന ബാല്യത്തിലെ സ്വപ്നം മധ്യവയസ്സിൽ അലന് കുറച്ചു സമയത്തേക്കെങ്കിലും പ്രാപ്യമായി. തിളങ്ങുന്ന ആ രണ്ടു ഗോളങ്ങൾക്കു കീഴെ വളരെ കാലത്തിനുശേഷം കാക്കപ്പുള്ളി വിടർന്നൊരു തെളിച്ചം, നിഷ്‌കളങ്കത തെല്ലുമില്ലാതെ മിന്നി.

വിവാഹവാർഷിക സമ്മാനമായി ഭാര്യയ്ക്ക് നൽകാൻ മനീഷ് വാങ്ങിയ വജ്രമോതിരത്തിന്റെ പ്രഭ, അത് തിരിഞ്ഞുകളിക്കുന്ന വിരലുകളുടെ ഉടമയായ മേഘയുടെ മുഖത്ത് പ്രതിഫലിക്കുന്നുണ്ടായിരുന്നില്ല. അതിനു കാരണം അവർക്കിടയിൽ അരങ്ങേറിക്കൊണ്ടിരുന്ന അവിഹിതനാടകമൊണെന്ന അരമന രഹസ്യം അറിയാവുന്ന ഏക വ്യക്തിയായ അലൻ, ബോസിന്റെ അഭാവത്തിലെ സംഘം ചേരലിനിടയിലേക്ക് പാളിനോക്കി.

സ്ത്രീഹൃദയത്തിന്റെ നിഗൂഢ കൗശലത്താലാണോ, അതോ കയ്യബദ്ധത്തിലാണോ എന്നുറപ്പിക്കാനാകാതെ മേഘയുടെ കൈയിൽനിന്ന് താഴേക്കാഞ്ഞ മോതിരം നിലത്തുവീണു മറഞ്ഞു. കഴുത്തിനെ ചുറ്റി താഴേക്ക് നീളുന്ന കെട്ടുവള്ളിയും, മേലുടുപ്പ് പാന്റിന്റെ വാവട്ടത്തിലേക്ക് ഞെരുക്കിയിറക്കി, അതിനുമുകളിൽ അരപ്പട്ടയുമായി നിന്ന പരിഷ്‌ക്കാരികളായ ഇരുകാലികൾ തൽക്ഷണം നാൽക്കാലികളായി മാറി. പിച്ചവയ്ക്കുന്നതിനും തൊട്ടുമുൻപുള്ള കാലത്തെ അനുസ്മരിപ്പിച്ച് പലരും മേശകൾക്കിടയിലൂടെ ഇഴഞ്ഞു നടന്നു.

തന്റെ കാലിൽ മുട്ടിയത് അലൻ കൈകളിലേക്ക് എടുത്തതും, അംഗുലീയത്തിൽ നിന്നുതിർന്നൊരു ഭ്രമിപ്പിക്കുന്ന ഒളി അലന്റെ കണ്ണുകളെ ദീപ്തമാക്കി, അയാൾക്കുള്ളിലെ ജൈവഘടികാരത്തെ തൊട്ടുണർത്തി, എന്തിനാണോ അത് അലനിലേക്ക് എത്തിയത് ആ ലക്ഷ്യത്തെ നിറവേറ്റി. സാവധാനം കൺമുന്നിലെ സഹമനുഷ്യരുടെ ആശങ്കകളെല്ലാം അലനിൽ സന്തോഷമായി നിറഞ്ഞുതുടങ്ങി. തനിക്ക് ആസ്വദിക്കാൻ കഴിയുന്ന സമയമത്രയും അതിൽ രസിച്ചശേഷം അലൻ മോതിരത്തെ ഉടമസ്ഥനു നേരെ ഉയർത്തിക്കാട്ടി.

ഉപകാരസ്മരണയിൽ, രാത്രി ക്ഷണിക്കപ്പെട്ട അതിഥിയായി മനീഷിന്റെ ഫ്ലാറ്റിനുമുന്നിൽ നിന്ന അലനെ കണ്ട് വാതിൽ തുറന്ന സാം, ഒരു ചെറുമോഹാലസ്യത്തിനു സമാനമായ അമ്പരപ്പോടെ മിഴിച്ചുനോക്കി. കേക്ക് മുറിക്കാൻ നേരം ഭാര്യ ആരതിക്കുനേരെ മനീഷ് നീട്ടിത്തുറന്ന ചെറു സമ്മാനപെട്ടകം ശൂന്യമാണെറിഞ്ഞ്, ചുറ്റുമുള്ളവരുടെ അടക്കാൻ ബുദ്ധിമുട്ടുന്ന പരിഹാസച്ചിരികൾക്കു നടുവിൽ മൂഢനായി അയാൾ നിന്നു.

തൊട്ടപ്പുറത്ത് ബാത്‌റൂമിനുള്ളിൽ അപ്പോൾ കിട്ടിയൊരു മൂളിപ്പാട്ടോടെ, പുറത്തെ ഓരോ മുഖങ്ങളിലെയും ഭാവങ്ങൾ മനസ്സിലേക്ക് പതിച്ചുവച്ച്, അനിർവ്വചനീയമായ ഒരാനന്ദത്തിൽ ലയിച്ച്, വിരൽത്തുമ്പുകളാൽ ഉയർത്തിപ്പിടിച്ച ആണത്തത്തിൽ നിന്ന് ഒഴുകിയ മൂത്രധാരയെ മോതിരമണിയിക്കാൻ ശ്രമിക്കുകയായിരുന്നു അലൻ. അവസാന തുള്ളിയുമിറ്റി ധാരയറ്റു. വിരലുകൾ മോതിരത്തെ സ്വതന്ത്രമാക്കിയതും ഭൂഗുരുത്വം അതിനെ ക്ലോസറ്റിനുള്ളിലേക്ക് വലിച്ചിട്ടു. പുറകെ രൂപമെടുത്ത ചുഴിയിൽ മുങ്ങി അത് ഭൂഗർഭത്തിലെ ഇരുളിലേക്ക് മറഞ്ഞു.

ചിത്രീകരണം: ദേവപ്രകാശ്
ചിത്രീകരണം: ദേവപ്രകാശ്

അലന്റെ നിസ്സംഗതയിൽ വലഞ്ഞ ലിറ്റി, ഏതോ നിമിഷം തന്റെ ആത്മനിയന്ത്രണത്തിന്റെ കെട്ടുകൾ പൊട്ടിച്ചെറിഞ്ഞ് അതുവരെയും മറ്റുള്ളവർക്കുമുന്നിൽ അയാളെ ചേർത്തുപിടിച്ചിരുന്ന തന്റെ കൈകൾ എടുത്തുമാറ്റി, ഉറഞ്ഞാടി.

അപരാഹ്നസൂര്യന്റെ അധ്വാനം വിയർപ്പിറ്റിച്ച അലന്റെ ഉച്ചമയക്കത്തിന് മുറിയിളക്കിയുള്ള ലിറ്റിയുടെ തിരച്ചിൽ ഭംഗംവരുത്തി. ബാൽക്കണിയിലേക്കുള്ള പിച്ചനടത്തത്തിനിടയിലെ ഹന്നയുടെ നേർക്കുള്ള പുരികം വളയ്ക്കലിൽ മമ്മയുടെ താലിമാല കാണാനില്ലെന്ന ഉത്തരം അലന്റെ പുറകെ ചെന്നു. ട്രൗസറിന്റെ കീശയിലേക്ക് കൈകടത്തി, മുറുക്കി പുറത്തെടുത്ത വലതു കൈപ്പടം അലൻ തന്റെ കുനിഞ്ഞ ശിരസ്സിനു മുന്നിലായി തുറന്നു. വെയിലേറ്റ ലോഹം പീത വർണ്ണത്തിലും, അലൻ ഉന്മാദത്തിലും ചിരിച്ചു. മുറുക്കിയടച്ച കൈ അലൻ തന്റെ വലതുവശത്തേക്ക് വീശിത്തുറന്നു. രണ്ടു മനുഷ്യരെ പലപ്പോഴും ഒരായുഷ്‌ക്കാലം മുഴുവൻ, ഇഷ്ടമില്ലാത്ത ജീവിതം ജീവിച്ചുതീർക്കാൻ പ്രേരിപ്പിക്കുന്ന ആ സാമ്പ്രദായിക കുരുക്ക് അന്തരീക്ഷത്തിലൂടെ പറന്നുചെന്ന്, കായൽ ജലത്തിൽ പ്രായാധിക്യം കൊണ്ട് ചത്തു ചീർത്തൊരു വലിയ മത്സ്യത്തിന്റെ ശരീരത്തിലേക്ക് മരണഹാരമായി വീണു.

നഷ്ടപ്പെട്ട താലിമാല എന്ന വൈകാരിക സംഘർഷത്തിൽ ഉലഞ്ഞാടിയ ലിറ്റിയെ അതേ താലി കായലിലേക്ക് വലിച്ചെറിഞ്ഞ കയ്യാൽ ചേർത്തുപിടിച്ച് അലൻ പറഞ്ഞ വാക്കുകളിൽ, രണ്ടുവർഷത്തോളം നീണ്ടുനിന്ന അവരുടെ പ്രണയകാലത്തെ പഴയ കാമുകനെ ലിറ്റി കണ്ടെടുത്തു. ഒരു വലിയ നഷ്ടത്തിനും, ലിറ്റിയെ പ്രതി ഒട്ടും ചെറുതല്ലാത്ത, പ്രണയമൂർന്ന ആ ആലിംഗനമെന്ന അവളുടെ ദീർഘനാളായുള്ള തീവ്രാഭിലാഷത്തിനും മധ്യേ സന്തോഷമോ, സങ്കടമോ എന്നറിയാത്തൊരു വിതുമ്പലോടെ അവൾ നിന്നു.

അലന്റെ കഴുത്തിൽ അവസാനിച്ച ലിറ്റിയുടെ ശിരസ്സിനു മുകളിലേക്ക്, മേദസ് തൂങ്ങാത്ത തന്റെ ദൃഢമായ താടിയെല്ല് ഒരു കരസ്പർശം എന്നപോലെ കയറ്റിവച്ച അലൻ തനിക്കു മാത്രം സാധ്യമായ അധമനോട്ടത്തോടെ നായക പ്രതിനായക വേഷങ്ങൾ ഒരുപോലെ ആടിത്തിമർക്കുന്ന മഹാനടനെപ്പോലെ ചുണ്ടുകൾ കോട്ടി.

വീഡിയോ ഗെയിമിൽ നിന്നുയർന്ന്, സോഫയ്ക്ക് മുകളിലൂടെ അലന്റെ മുഖത്ത് തറച്ച ഹന്നയുടെ കണ്ണുകൾ പപ്പയുടെ മുഖത്തെ വിചിത്രഭാവങ്ങൾ സൂക്ഷ്മമായി ഒപ്പിയെടുത്തു.

തുടർന്നുള്ള നാളുകളിൽ തനിക്കുള്ളിൽ ഭീകരരൂപം പ്രാപിച്ചുകൊണ്ടിരുന്ന ആർജിത വൈകൃതത്തിന്റെ പക്ഷി ചിറകിലേറിയ അലൻ, തനിക്ക് പരിചിതമായ ഇടങ്ങളെയും, മനുഷ്യരെയും ഇളക്കിമറിച്ചു.

ബോസിന്റെ പുതിയ മെഴ്‌സിഡസ് ബെൻസിനു പുറത്ത് നഖം വെട്ടിയാൽ കോറിയിട്ട കണ്ണടവച്ച മൊട്ടത്തലയന്റെ ചിത്രം, സാമിന്റെ അമേരിക്കൻ ചങ്ങാതി നൽകിയ ലിംഗോദീപന സ്‌പ്രേ മഴചാറ്റലിലേക്ക് ചീറ്റിച്ചു കളഞ്ഞത്, പത്ത് ബി യിലെ സുധീറിന്റെ പൊങ്ങച്ചമായ റെബാൻ ഗ്ലാസ് തെരുവ് നായയുടെ തലയിൽ കെട്ടിവച്ചത്, പതിനൊന്ന് ഡി- യിലെ മാത്യൂസിന്റെ ഫോണിലെ സ്വകാര്യശേഖരമായിരുന്നു നീലചിത്രങ്ങൾ ഫ്ലാറ്റിലെ അസോസിയേഷൻ കൂട്ടായ്മയിലേക്ക് അയാളുടെ ഫോണിൽ നിന്നുതന്നെ അയച്ചത്, ലിറ്റിയുടെ സഹോദരൻ ആറ്റുനോറ്റിരുന്ന്, പൊന്നും വില കൊടുത്ത് സംഘടിപ്പിച്ച തൊണ്ണൂറ് വർഷം പഴക്കമുള്ള മദ്യം ബിവറേജസ് അവധിയായതിനാൽ പച്ചയ്ക്കിരുന്ന വാർക്കപ്പണിക്കാരുടെ മുന്നിൽ പ്രത്യക്ഷപ്പെടുത്തിയത്, അങ്ങനെ അസംഖ്യം കർമ്മങ്ങളിലൂടെ ചുറ്റുമുള്ളവരുടെ ഹൃദയങ്ങൾ മുറിപ്പെട്ട് ഒഴുകുന്ന വിഷാദം ആവോളം കുടിച്ച് മത്തുപിടിച്ച അലൻ ഉന്മാദത്തിന്റെ പുതിയ തലങ്ങൾതേടിക്കൊണ്ടിരുന്നു.

ഓഫീസിലും പരിസരങ്ങളിലും ഉള്ള കൗതുകങ്ങൾ അവസാനിച്ച് ബാധിച്ച മടുപ്പും, തൊട്ടുമുകളിലെ ഫ്ലാറ്റിൽ സ്ഥലം സി ഐ താമസക്കാരനായി വന്നുചേർന്നതും ഇടമുറിയാതെ ലഭിച്ചിരുന്ന ഉന്മാദത്തിന് പൊടുന്നനെ തടയിട്ടു. ഉള്ളിലെ ശീതളിമയിൽ ശാന്തനായിരുന്ന തുടലിപ്പെട്ട അപരൻ, തീവ്രലഹരിക്കടിമപ്പെട്ടവനെപ്പോലെ അലന്റെ ബോധത്തിലേക്ക് കടന്നു കയറി അയാളെ കീഴടക്കിത്തുടങ്ങി.

അലനു മുന്നിൽ പുതുവഴി വെട്ടിത്തുറക്കപ്പെട്ട വൈകുന്നേരമായിരുന്നു അത്. സമീപമുള്ള മറ്റൊരു ഓഫീസിലെ പരിചയക്കാരൻ റഹീം തന്റെ വീട്ടിൽ നിരീക്ഷണ ക്യാമറ സ്ഥാപിക്കുന്നതിനെക്കുറിച്ചും, രണ്ടു ദിവസം വീട്ടിൽ ആരുമുണ്ടാകില്ലെന്നും മറ്റാരോടോ ഫോണിൽ പറഞ്ഞശേഷം സംഭാഷണം അവസാനിപ്പിച്ച് അലനെ നോക്കി ചിരിച്ചു. ഔപചാരികതയുടെ മടക്കച്ചിരിക്കുശേഷം തലയിൽ മിന്നിയ കൊള്ളിയാൻ വെട്ടത്തിൽ തനിക്കുള്ളിലേക്ക് മുങ്ങാംങ്കുഴിയിട്ട അലൻ സ്നേഹവായ്‌പ്പോടെ അപരനെ തഴുകി.

രാത്രി, ഗേറ്റിനരുകിലെ ചതുര സ്തൂപത്തിൽ കൊത്തിവച്ചിരുന്ന റഹീം മൻസിൽ എന്ന പേരിലേക്ക് പാറി വീണ നിലാവെളിച്ചത്തെ മറച്ചുകൊണ്ട് അലന്റെ ശിരസ്സ് മുകളിലേക്കുയർന്നു. അപരിചിതമായ സ്ഥലമായിരുന്നിട്ടും വരുംവരായ്കളെ കുറിച്ചാലോചിക്കാൻ കഴിയാത്ത വണ്ണം മദിച്ചു പോയിരുന്ന അലൻ വാതിൽ തുറന്ന് ഉള്ളിലേക്ക് ഊളിയിട്ടു.

പിറ്റേന്ന് വീട്ടിലേക്കുവന്ന റഹീമും കുടുംബവും കണ്ടത് മുൻ വാതിലിനു മുന്നിൽ കുത്തിയിരിക്കുന്ന യൂറോപ്യൻ ക്ലോസറ്റിനെയാണ്. പൂരമൊഴിഞ്ഞ പറമ്പുപോലെ ഗ്രഹോപകരണങ്ങൾ വീടിനുള്ളിൽ ചിതറി കിടന്നു. ഒരു മനുഷ്യൻ കിടക്കുന്നത് പോലെ കട്ടിലിൽ പുതച്ച് ശയിച്ച റഫ്രിജറേറ്ററും, ആട്ടുകട്ടിലിൽ ഇരുന്നാടുന്ന വാഷിംഗ് മെഷീനും, ബാത്‌റൂമിൽ ഇരുന്ന് ചിരിച്ച ടിവിയും, പ്രാർത്ഥന മുറിയിൽ ഇരുന്ന് ഓതുന്ന ഗ്യാസു കുറ്റിയും, ഭക്ഷണമേശമേൽ വിതറിയ മാവിനു മുകളിൽ ദൃശ്യമായ നടുവിരൽ ചിത്രവും നോക്കി റഹീമിന്റെ ബന്ധു സി ഐ ആരിഫ് മുഹമ്മദ് നിന്നു. പണമോ, സ്വർണമോ മറ്റു വിലപിടിപ്പുള്ള വസ്തുക്കളോ നഷ്ടപ്പെട്ടില്ലെന്ന് ആസിയ പറഞ്ഞതു കേട്ട്, തന്റെ പോലീസ് ജീവിതത്തിൽ മുൻപൊരിക്കലും പരിചയിച്ചിട്ടില്ലാത്ത അസാധാരണത്വത്തിൽ അമ്പരന്ന അയാൾ, അറിയാതുതിർന്നൊരു നിശ്വാസത്തിന്റെ കാറ്റിൽ ചെന്നിയിൽ നിന്നൊഴുകിയ വിയർപ്പുകണത്തെ വിരലിനാൽ തുടച്ചു നീക്കി.

സാവധാനം ഉലയുന്ന വർണവിളക്കുകൾക്കു ചുവട്ടിൽ, ഏതോ കോമിക് പുസ്തകത്തിൽ നിന്നിറങ്ങി വന്ന മാതിരിയുള്ള വേഷവിധാനങ്ങളോടെ ഷോപ്പിംഗ് മാളിലെ വിശാലമായ നടുത്തളത്തിൽ നിന്നു ചിരിച്ച മനുഷ്യനോടൊപ്പം, ഹന്നയുടെ നിർബന്ധത്താൽ ചിത്രം പകർത്താൻ അലനും കൂടി. മുകൾ നിലയിലെ ക്രിസ്മസ് ട്രീയുടെ സമീപം നിൽക്കുകയായിരുന്ന ഡോക്ടർ തന്റെ മുന്നിൽ സന്തോഷം തേടി വന്ന്, തന്നിൽ മതിപ്പുളവാക്കി, അയാളുടെ രണ്ടാം വരവിനായി ആവേശപൂർവ്വം കാത്തിരുത്തിയ, ഒരു മനോരോഗ വിദഗ്ധന്റെ തൊഴിൽ ജീവിതത്തിൽ ചിലപ്പോൾ ഒരിക്കൽ മാത്രം ലഭിക്കുന്ന അസാധാരണനായ രോഗിയെ തികച്ചും സാധാരണ നിലയിൽ കണ്ട് അമ്പരന്നു.

ഹന്നയെ ചേർത്തുപിടിച്ച് പൊട്ടിച്ചിരിച്ച അലന്റെ കണ്ണുകൾ അവസരം കാത്തുനിന്ന ഡോക്ടറുടേതുമായി കോർത്തു. വിദഗ്ധമായി മുഖം തിരിച്ച അലൻ, ഇതിനോടകം താൻ സ്വായത്തമാക്കിയിരുന്ന, ഒരു കള്ളനു മാത്രം സാധിക്കുന്ന വൈദഗ്ധ്യത്തോടെ, ഡോക്ടർക്കു തന്നെ, അലൻ ഇനി എന്നെ കണ്ടില്ലേ എന്നുറപ്പിക്കാൻ കഴിയാത്ത രീതിയിലൊരു മരീചിക സൃഷ്ടിച്ച് ആൾക്കൂട്ടത്തിനുള്ളിൽ മറഞ്ഞു.

ചില പ്രത്യേക രാത്രികളിൽ താനൊരു മൃതനിദ്രയിലാണ്ടു പോകുന്ന കാര്യം, അതേ രാത്രിയിലും, പിറ്റേന്ന് പ്രഭാതത്തിലും അലൻ തന്നോട് കാണിക്കുന്ന സ്‌നേഹാധിക്യത്തിൽ നിന്നാണ് ലിറ്റി ശ്രദ്ധിച്ചു തുടങ്ങിയത്. സംശയം ചോദ്യരൂപേണ അലനു നേരെ ലിറ്റി പൊന്തിച്ചു. പൊട്ടിച്ചിരിച്ച്, ഇടതുകൈയിൽ ചട്ടുകവുമായി നിന്ന ലിറ്റിയുടെ വലതു കരം ഗ്രഹിച്ച്, പൊടുന്നനെ അതിനെ മുകളിലേക്ക് ഉയർത്തി ബാലേ നർത്തകിയെ സഹകലാകാരൻ ചുഴറ്റുന്ന മാതിരി മൂന്നുനാലു തവണ വട്ടം കറക്കി, തന്റെ നെഞ്ചിലേക്ക് ചേർത്തമർത്തിയശേഷം അത് തനിക്കും തോന്നിയെന്നും, നിനക്കെന്തെങ്കിലും ശാരീരിക ബുദ്ധിമുട്ടുകളുണ്ടോ എങ്കിൽ നമുക്കൊരു ഡോക്ടറെ കാണാമെന്നും അലൻ പറഞ്ഞു. ഉലഞ്ഞ ലിറ്റിയുടെ ശിരസ്സിനുള്ളിലെ പ്രതിസ്ഥാനത്ത് സ്വയം താൻ തന്നെ കയറി നിൽക്കുന്നതായി അവൾക്കു തോന്നി.

നഗരത്തിലെ പല വീടുകളുടെയും അകത്തളങ്ങളിൽ വിതറിയ മാവിനുമുകളിൽ കാണപ്പെട്ട നീട്ടിയ നാവിന്റെയും, കണ്ണിറുക്കലുകളുടെയും, അഭിവാദ്യങ്ങളുടെയും ചിത്രങ്ങൾക്കുമുന്നിൽ, സ്വയം ഒരു ചോദ്യചിഹ്നമായി മാറിയ അന്വേഷണ ഉദ്യോഗസ്ഥൻ ആരിഫ് മുഹമ്മദ് സ്വേദകണങ്ങൾ കാക്കിയിലങ്ങിങ്ങായി വരച്ചിട്ട വിചിത്ര രൂപങ്ങളും വഹിച്ച് ഒരു പ്രതിമ കണക്കെ നിന്നു.

ചിരപരിചയത്താലെന്നവണ്ണം അലന് ഇപ്പോൾ ഇരുളിലും കാഴ്ച ലഭിച്ചു തുടങ്ങിയിരുന്നു. കൂട്ടിക്കിഴിക്കലുകളിലെ പിഴവിനൊപ്പം അതീന്ദ്രിയമായൊരു തോന്നലും കൂടിച്ചേർന്ന് ആ വീടിനുള്ളിൽ ഒരു മനുഷ്യസാന്നിധ്യം അലൻ അറിഞ്ഞു. എത്രയും വേഗം പുറത്തു കടക്കണം എന്ന വെളിപാടിൽ പുറം തിരിഞ്ഞതും ശക്തമായ ഒരടിയേറ്റ്, ചെടിച്ചട്ടിയിൽ നിറയ്ക്കാൻ കയ്യിൽ കരുതിയിരുന്ന ഗോതമ്പുമണികളോടൊപ്പം ബോധം മറഞ്ഞ് അലൻ നിലത്തേക്കു വീണു.

പുലർച്ചെ, നരച്ച വെളിച്ചം കാഴ്ചകളെ ദൃഷ്ടി ഗോചരമാക്കി തുടങ്ങിയ നേരം പിടഞ്ഞുണർന്ന അലൻ സ്ഥലകാലങ്ങളെ തന്നിലേക്കാവാഹിച്ച് വീണ്ടെടുത്ത സ്വബോധത്തോടെ പുറത്തേക്ക് ഓടി. ബ്ലഡ് പ്രഷറിന്റെ ശല്യം അധികരിച്ചപ്പോൾ അടുത്തിടെ ആരംഭിച്ച വ്യായാമങ്ങൾക്കായി വീടിന്റെ മേടയിൽ നിൽക്കുകയായിരുന്ന ഡോക്ടർക്ക് താഴെ നിരത്തിലൂടെ പാഞ്ഞ അലന്റെ വ്യഗ്രത പ്രഭാത സവാരിയായി തോന്നിയില്ല. ശ്വാസത്തിനായി കിതയ്ക്കുന്ന തലയിലെ കോശങ്ങളിലേക്ക് സംശയത്തിന്റെ അധികഭാരം അയാൾ ഏറ്റിവിട്ടു. പ്രധാന നിരത്തിൽ നിന്ന് തന്റെ വീടിന്റെ ഭാഗത്തേക്ക് തിരിയുന്ന ഇട റോഡിലെ തിക്കി തിരക്കൽ കണ്ട് കാറിനുള്ളിൽ നിന്ന് ഡോക്ടർ തല നീട്ടിയപ്പോഴാണ് ആ വീട്ടിൽ വലിയൊരു മോഷണം നടന്നു എന്ന വിവരം പെട്ടിക്കടയിലെ രാഘവൻ വിളിച്ചു പറഞ്ഞത്. ഡോക്ടറുടെ സംശയത്തിന്റെ കാകനോട്ടത്തിനു മുന്നിലൂടെ താൻ കണ്ട അലന്റെ ദൃശ്യം ഒരിക്കൽ കൂടി പാഞ്ഞു. അന്നേരം കടയോട് ചേർന്ന് സ്വയം തീർത്ത താൽക്കാലിക മറയായ ന്യൂസ് പേപ്പറിന് പിന്നിൽ തീപിടിച്ച മനസ്സോടെ നിൽക്കുകയായിരുന്നു അലൻ.

മനസ്സിൽ ഇരട്ടിച്ചുകൊണ്ടിരുന്ന ആധിയോടെ തന്റെ വാതിലിനു മുന്നിലേക്ക് ഏതുനിമിഷവും വന്നെത്താൻ സാധ്യതയുള്ള ബൂട്ടിന്റെ കനത്ത ഒച്ചകൾക്കു കാതോർത്ത് ആ പകലിരവുകൾ മുഴുവൻ തന്റെ ഡ്രോയിങ് മുറിയിലെ ഇരുട്ടിന്റെ തിരശ്ശീലയ്ക്കു പുറകിൽ അലൻ അപരനെ തേടിക്കൊണ്ടിരുന്നു.

ഇരുപത്തിരണ്ടു മണിക്കൂറോളം നീണ്ട കാരാഗ്രഹവാസം അവസാനിപ്പിച്ച് അലൻ പുറത്തിറങ്ങി. ടെലിവിഷനുമുന്നിൽ ചാനലുകൾ മാറ്റി രസിച്ചിരിക്കുകയായിരുന്നു ഹന്ന. ചാനലുകളുടെ ചാഞ്ചാട്ടത്തിനിടയിലെ ലിറ്റിയുടെ വിളി ഹന്നയുടെ മുഖം തിരിച്ച നൊടിയിൽ ആ വാർത്ത അലന്റെ കണ്ണിലുടക്കി. മനോവൈകൃതമുള്ള അന്യസംസ്ഥാന മോഷ്ടാവിനെ തൊണ്ടി സഹിതം കുടുക്കിയ സി ഐ ആരിഫ് മുഹമ്മദിന്റെ ഗൗരവം മുറ്റിയ മുഖത്ത് ക്യാമറ കണ്ണുകൾ മിന്നിനിൽക്കുന്നത് അലൻ കണ്ടു.തനിക്കു മുകളിലെ ഭീഷണിയുടെ കാർമേഘങ്ങൾ പെയ്തിറങ്ങി ഉള്ളിലെ കനൽച്ചൂട് കെടുന്നതായി അലനു തോന്നി.

യാദൃച്ഛികത അതിന്റെ പാരമ്യത്തിലേക്ക് ഇറങ്ങിവന്ന ആ രാത്രി രണ്ടു സംഭവങ്ങൾ അരങ്ങേറി. മദ്യശാലയിൽ, തന്റെ രണ്ട് വിദേശ സർവ്വകലാശാല ബിരുദങ്ങളുടെ ഗർവ്വിനെ വെല്ലുവിളിച്ച് മനസ്സിൽ ഉയർന്ന ചോദ്യങ്ങളുമായി മല്ലടിച്ചു കൊണ്ടിരിക്കുകയായിരുന്ന ഡോക്ടർക്കു മുന്നിൽ പഴയ സ്‌നേഹിതൻ സി.ഐ. ആരിഫ് മുഹമ്മദ് അവതരിച്ചതായിരുന്നു ആദ്യത്തേത്.

ഫ്ലാറ്റിൽ, അന്നത്തെ അത്താഴം തയ്യാറാക്കൽ എന്ന ദൗത്യം സ്വയം ഏറ്റെടുത്ത അലന്റെ പരീക്ഷണങ്ങളുടെ പുരോഗതി അറിയാൻ, ഡാർക്ക് ഫാന്റസിയുടെ ക്രീം നുണഞ്ഞുകൊണ്ട് വാതിലിനു മറവിലൂടെ തന്റെ കണ്ണുകൾ നിവർത്തിപ്പിടിച്ച ഹന്ന കണ്ടത് ലിറ്റിക്ക് വേണ്ടി തയ്യാറാക്കിയ ചെമ്മീൻ കറിയിൽ എന്തോ പൊടിച്ചു ചേർക്കുന്ന അലനെയാണ്. അലന്റെ നോട്ടത്തിൽ നിന്നൊഴിഞ്ഞ് പുറകിലേക്ക് ചാരിനിന്ന ഹന്നയ്ക്ക് തോന്നിയ സംശയം, പിന്നീട് ഭക്ഷണാവശിഷ്ടങ്ങളുടെ ഇടയിൽനിന്ന് തോലുരിഞ്ഞ ഉറക്കഗുളികയുടെ ആവരണത്തെ ചികഞ്ഞു കണ്ടെത്തി.

പിറ്റേന്ന് അലനെ അന്വേഷിച്ചുവന്ന അപരിചിതനായ ഡോക്ടറാണ് തന്റെ സന്ദേഹങ്ങൾക്കപ്പുറത്തെ സത്യങ്ങൾ ഒളിഞ്ഞിരിക്കുന്ന ദുർഗത്തിന്റെ താക്കോൽ വാഹകനെന്ന് ഹന്നയ്ക്കു തോന്നി. പപ്പയുടെ മേൽ ഒരു കൗതുകം കൊണ്ടാരംഭിച്ച്, ഗൗരവതരമായി മാറിയ നിരീക്ഷണങ്ങളുടെ, അക്ഷരങ്ങളിലേക്ക് പകർത്തിയ വലിയൊരു കുറിപ്പ് അയാൾക്കുനേരെ അവൾ നീട്ടിപ്പിടിച്ചു. അതു വായിച്ച ഡോക്ടർ തനിക്കു മുന്നിലെ ചങ്ങലയിൽ പുതിയ കണ്ണികൾ കോർക്കപ്പെട്ട് പൂർത്തിയാക്കുന്നത് അമ്പരപ്പോടെ കണ്ടിരുന്നു.

ഇതെല്ലാം നീ എന്താ എന്നോട് പറയാത്തെ? എന്ന ലിറ്റിയുടെ നോട്ടത്തിനു മറുപടിയായി ബൂസ്റ്റ് തരികളാൽ മുൻപൊരിക്കൽ ഹന്ന വരച്ചിട്ട അതേ ചിരി അവൾ അവിടെ നിന്നും മുഖത്തേക്കു പകർത്തി.

ഫ്ലാറ്റിനുള്ളിലേക്ക് കയറിയ അലന്റെ കൈകൾ പലതവണ സ്വിച്ചിലമർന്നിട്ടും ചുറ്റുമുള്ള ഇരുൾ മാഞ്ഞില്ല. ഇവിടെ മാത്രം കറണ്ടില്ലേ എന്ന അലന്റെ സംശയത്തിനു മുന്നിൽ, ഹാളിന്റെ മധ്യഭാഗത്തായി വൃത്താകൃതിയിൽ തെളിഞ്ഞ പ്രകാശത്തിനു നടുവിൽ ഒരു ദൃശ്യം രംഗപടമുയർത്തി. അനേകം വേദികളിൽ അലൻ ആടിത്തിമിർത്ത രംഗങ്ങൾ ലിറ്റിയും ഹന്നയും ചേർന്ന് ഗംഭീരമായി പുനരാവിഷ്‌ക്കരിച്ചു. നിന്നനിൽപ്പിൽ താൻ കീഴ്‌മേൽ മറിയുന്നതായി അലനു തോന്നി. അനുഭവിക്കുന്നതിനും, അനുഭവിപ്പിക്കുന്നതിനും ഇടയിലെ നേർത്ത അകലം അന്നേരം ഇല്ലാതായി. അന്ത്യത്തിൽ ഹന്ന വരച്ചിട്ട നടുവിരൽ ചിത്രത്തിന്റെ ദൃശ്യത്തോടെ നിർത്താതെ മുഴങ്ങുന്ന കരഘോഷങ്ങൾക്കിടയിലും തോൽവി ഏറ്റുവാങ്ങി, എല്ലാം നഷ്ടപ്പെട്ടവനെപ്പോലെ അയാൾ നിന്നു. പതിയെ കണ്ണുകളിലെ പ്രകാശം മങ്ങി, ബോധമറ്റ് അലൻ നിലത്തേക്കു വീണു.

ഉരുകിയൊടുങ്ങാറായ മെഴുകുതിരിക്കു സമീപം കണ്ണുകൾ അടച്ചിരിക്കുകയായിരുന്ന കുഞ്ഞ് അലനോട് അപ്പൻ ചോദിച്ചു. മോനെ നീ എന്ത് കാണുന്നു?...
ഞാൻ ഒന്നും കാണുന്നില്ല അപ്പാ ഇരുട്ടു മാത്രം. അലൻ പറഞ്ഞു.
അപ്പൻ വീണ്ടും ചോദിച്ചു, ഇപ്പോഴോ മോനെ? ഇപ്പോഴും ഇരുട്ട് തന്നെ അപ്പാ.
ഒരിടവേളക്കുശേഷം വീണ്ടും ചോദ്യം ആവർത്തിക്കപ്പെട്ടു.
ഇപ്പോഴും ഇരു... അല്ലപ്പാ ഒരു കുഞ്ഞു വെളിച്ചം... വളരെ ചെറുത്...അത് കാണുന്നു.

അലൻ ബാൽക്കണിയിലേക്ക് വന്നു.
അകലെ സർവ്വകലാശാല കെട്ടിടത്തിന്റെ ഉയരമുള്ള ഗോപുരത്തിന് സമീപം നിശ്ചലമായ ചിറകിൽ ഒഴുകി നീങ്ങുന്ന പരുന്തിനെ അയാൾ ശ്രദ്ധിച്ചു. ഗോപുരത്തിന്റെ തുഞ്ചത്തെ സ്തൂപികാഗ്രത്തിൽ പാദമുറപ്പിച്ച് അനന്തതയിലേക്ക് കൈകൾ വിടർത്തി നിൽക്കുന്ന തന്നെ അലൻ കൽപ്പന ചെയ്തു. പതിയെ അലൻ ഉരുവിട്ടു...

Happiness is the spontaneous...
എന്റെ കർത്താവേ...
ഉറക്കം ഞെട്ടിയ അലൻ കണ്ണുതുറന്ന് തല കുടഞ്ഞു. ഹന്നയുടെ പുറകെ അലനും അടുക്കളയിലേക്കോടി. മൂന്ന് ജോഡി കണ്ണുകളിലും ഒരേ വികാരമായിരുന്നു.

മീനിന്റെ പിളർന്ന ഉദരത്തിനുള്ളിൽ ലിറ്റിയുടെ കഴുത്തിലെ ബന്ധനച്ചരട് രക്തവർണ്ണത്തിൽ തിളങ്ങി.


Summary: 'Santhoshathinte Tatvasastram' - A Malayalam short story written by Aruna Hanan


അരുണ ഹനാൻ

കഥാകൃത്ത്. ‘പൊളിറ്റിക്കലി കറക്റ്റല്ലാത്ത എന്റെ ഫെമിനിസ്റ്റും ഞാനും’ എന്ന കഥാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments