തൂങ്ങിക്കിടക്കുന്ന ജനൽ

ക്ഷിയുടെ ചിറക് ജനൽക്കതകിന്റെ മുകൾപ്പാതി തള്ളിത്തുറന്നാലുടനെ പക്ഷിയൊരു പിടച്ചിലോടെ, ആകാശത്തിന്റെ വെളിച്ചം ഭൂമിയ്ക്കു കൊടുത്തുകൊണ്ടൊരു കുതിപ്പുണ്ടാകും വിധം, ജനൽക്കതകിലാണ് വരയ്‌ക്കേണ്ടത്. ജനലഴികൾ തടസ്സമാവുമെന്നതിനാൽ അത് തുറന്നുവെച്ച്, മുറിയ്ക്കു പുറത്തിറങ്ങി നിന്ന് വരയ്‌ക്കേണ്ടി വരും. അപ്പോഴും വിജാഗിരികൾക്കിടയിൽപ്പെട്ട ചതഞ്ഞ ചിറകായിരിയ്ക്കുമത്. വൃദ്ധൻ മുകൾനിലയിലായതിനാൽ ജനലഴികൾക്കിടയിലൂടെ- പഴയതരം തടിച്ച മരയഴികളാണവ- കൈയിട്ട്, ഏറെ ബുദ്ധിമുട്ടി, തീവ്രമായ പോരായ്മകളോടെ അയാളത് വരയ്‌ക്കേണ്ടിയിരിയ്ക്കുന്നു. വൃദ്ധൻ ഒരു ചിത്രകാരനാണെങ്കിൽ എന്തുകൊണ്ട് പുറത്തുപോയി വരയ്ക്കാനാവശ്യമായ സൗകര്യങ്ങൾ ഒരുക്കിക്കൂടാ എന്ന് ചിന്തിയ്ക്കരുത്. ഭയം, ചിന്തകളെ കാർന്നു തിന്നുകയും വേദനമൂലം മനുഷ്യർ വരയ്ക്കുകയോ പാടുകയോ നൃത്തം ചെയ്യുകയോ വസ്ത്രങ്ങൾ തുന്നുകയോ ചെയ്യാത്ത കാലമാണിത്. പക്ഷിയുടെ കുതിപ്പ് ചുവരിന്റെ ഏതാണ്ട് നടുവിൽ നിന്നാണ് തുടങ്ങുന്നത്. ആനന്ദദായകമല്ലാത്തൊരു വെളിച്ചം മുറിയിൽ നിറഞ്ഞിരിയ്ക്കുന്നു. ജനലിലൂടെ നോക്കി നിന്നാൽ പതുക്കെ പരന്നു നിറയുന്ന തിളക്കമുള്ള മഞ്ഞ നിറമാണ് പക്ഷിയുടെ ചിറകിന്റെ അതിരുകൾക്ക് കൊടുക്കേണ്ടത്. അയാൾക്ക് ചെറിയൊരാഹ്ലാദം തോന്നി. അതുപക്ഷേ മുഖത്ത് പ്രതിഫലിച്ചില്ല.

പറയാനുള്ളതൊക്കെ പറഞ്ഞു കഴിഞ്ഞുവെന്ന് ലോകത്തോട് പലവട്ടം, പലമാതിരിയിൽ വെളിപ്പെടുത്തിയിട്ടും ലോകം പിന്നെയും അയാളോട് ബഹളംവെയ്ക്കാൻ ആവശ്യപ്പെട്ടുകൊണ്ടിരുന്നു

ആദ്യമൊക്കെ അയാൾ, അത് നന്നായി ആസ്വദിച്ചിരുന്നു- ഏകാന്തത നിശ്ശബ്ദത, അസ്വാതന്ത്ര്യം. ആവശ്യത്തിലേറെ പറഞ്ഞ്, അയാൾക്ക് മടുത്തുപോയിരുന്നു. പറയാനുള്ളതൊക്കെ പറഞ്ഞു കഴിഞ്ഞുവെന്ന് ലോകത്തോട് പലവട്ടം, പലമാതിരിയിൽ വെളിപ്പെടുത്തിയിട്ടും ലോകം പിന്നെയും അയാളോട് ബഹളംവെയ്ക്കാൻ ആവശ്യപ്പെട്ടുകൊണ്ടിരുന്നു. ആവശ്യത്തിനല്ലാതെ മിണ്ടിയ ഓരോ വാക്കും അയാളിൽ ആത്മപുച്ഛം നിറച്ചു. അനേകം അവസരങ്ങളിൽ വാക്കുകളുടെ ആധിക്യം അയാളെ വീർപ്പുമുട്ടിച്ചു. എന്തിനാണിത്രയധികം വാക്കുകൾ പുറപ്പെടുവിച്ചുകൊണ്ടിരിയ്ക്കുന്നത്? ആവശ്യമില്ലാത്ത വാക്കുകൾകൊണ്ട് പടുത്തുകെട്ടുന്ന ജീവിതത്തെ ഉന്തിമറിച്ചിടാനാണയാൾ ശ്രമിച്ചുകൊണ്ടിരുന്നത്. വളരെക്കുറച്ച് വാക്കുകൾകൊണ്ട് ജീവിയ്ക്കണമെന്നയാൾ തീരുമാനമെടുത്തിരുന്നു. നിരന്തരം അയാൾ പരാജയപ്പെട്ടു. ഹൃദയത്തിൽ നിന്ന് ഭാരപ്പെട്ട എന്തോ ഒന്ന് പൊന്തിച്ചെടുക്കുംപോലെയുള്ള വാക്കുകൾകൊണ്ടാണ് ജീവിതത്തെ അടയാളപ്പെടുത്തേണ്ടത്. ശരിയോ തെറ്റോ ആകട്ടെ, സ്വന്തം ഭാഗം ന്യായീകരിയ്ക്കാൻ വേണ്ടിയാണ് മനുഷ്യർ നിരന്തരം, വാക്കുകൾ വിക്ഷേപിച്ചുകൊണ്ടിരിയ്ക്കുന്നത്. ഓരോരുത്തർക്കും ആവശ്യം അവർ സത്യസന്ധരാണെന്ന് തെളിയിയ്ക്കലാണ്. ഭാഷയുടെ ഇരുതലമൂർച്ചകാരണം കേൾക്കുന്തോറും ആ പറഞ്ഞത് സത്യമല്ല എന്ന് ആളുകൾക്ക് ബോധ്യപ്പെടുന്നു. അയാൾക്കും എത്രയോ സന്ദർഭങ്ങളിൽ അങ്ങനെ ചെയ്യേണ്ടി വന്നിട്ടുണ്ട്. അപ്പോഴൊക്കെ അപകർഷപ്പെടുകയും ചെയ്തിട്ടുണ്ട്. മുകൾനിലയിലെ മുറിയിൽ ഒരുവാക്കും ഉപയോഗിയ്ക്കാതെ ജീവിയ്ക്കുന്നതിലെ ആനന്ദമാണ് വൃദ്ധൻ അനുഭവിയ്ക്കുന്നത്.

കട്ടിലും കിടക്കയുമൊഴിച്ചാൽ ചെറിയൊരു മേശയും കസേരയും ചുവരിൽ തൂങ്ങിക്കിടക്കുന്ന ഒരു കണ്ണാടിയും കലണ്ടറുമാണ് മുറിയിലുള്ളത്. കലണ്ടറിൽ നോക്കിയിരിയ്ക്കാൻ അയാൾ ഇഷ്ടപ്പെട്ടില്ല. കറുപ്പും ചുവപ്പും കള്ളികളിൽ ദിവസങ്ങളുടെ മരണമാണവിടെ നടക്കുന്നത്. കണ്ണാടി അയാൾ തിരിച്ചുവെച്ചു. സ്വന്തം മുഖം കണ്ടുകണ്ട് അയാൾക്ക് മതിയായിക്കഴിഞ്ഞിരുന്നു. അയാളുടെ മുഖം- അതത്ര മോശമൊന്നുമല്ല. ഗംഭീരമായൊരു വാർദ്ധക്യത്തിന്റെ ഘനമുണ്ടതിന്. "എന്തുവേണം?' കണ്ണാടി തിരിച്ചിടും മുമ്പ് അയാൾ സ്വന്തം മുഖത്തോട് ചോദിച്ചു. 'ഏറ്റവും വലിയ കള്ളം' അയാൾ കണ്ണാടി തിരിച്ചുവെച്ചു. മുഖം ഒന്നും പ്രതിഫലിപ്പിക്കുന്നില്ല. കണ്ണാടിയിൽ നടക്കുന്നത് വെളിച്ചവും രൂപവും കൊണ്ടുള്ള കളിയാണ്. സത്യം മറ്റെന്തോ ആണ്. ആത്മബിംബത്തെ പ്രതിഫലിപ്പിക്കുന്ന യാതൊന്നും മനുഷ്യർ കണ്ടുപിടിച്ചിട്ടില്ല.

മേശ പഴയതും വലിപ്പുകളുള്ളതുമാണ്. കസേര ജനലരികിലേയ്ക്ക് വലിച്ചിട്ട് എത്രനേരം വേണമെങ്കിലും പുറത്തേയ്ക്ക് നോക്കിയിരിയ്ക്കാൻ അയാൾക്ക് പ്രയാസമില്ല. കണ്ണിനു മുന്നിൽ ആകാശം തുറക്കപ്പെടുന്നു.

കറുപ്പും ചുവപ്പും കള്ളികളിൽ ദിവസങ്ങളുടെ മരണമാണവിടെ നടക്കുന്നത്. കണ്ണാടി അയാൾ തിരിച്ചുവെച്ചു. സ്വന്തം മുഖം കണ്ടുകണ്ട് അയാൾക്ക് മതിയായിക്കഴിഞ്ഞിരുന്നു

വർണ്ണവ്യതിയാനങ്ങളും മേഘചാപല്യങ്ങളും അനുക്ഷണ ഭാവമാറ്റങ്ങളും അയാൾ നിരീക്ഷിയ്ക്കുന്നു. നെട്ടനെയിരുന്ന്, ശാസ്ത്രത്തെയല്ല, ഭാവനയെക്കൂട്ടുപിടിച്ച് വൃദ്ധൻ ചിന്തിയ്ക്കുന്നു. ആകാശം മിഥ്യയോ യാഥാർത്ഥ്യമോ? ആകാശം ശൂന്യതയാണെന്ന വാദത്തെ അയാൾ തള്ളിക്കളയും. ആ നീല മേലാപ്പ് വെറും തോന്നലോ? ആകാശത്തിനപ്പുറത്ത് ഒരു ലോകമുണ്ടോ എന്ന കാര്യത്തിൽ, സ്വർഗവിശ്വാസക്കാരെ തള്ളിക്കളയുകയും ഒരു ലോകമുണ്ടെന്നും അതൊരന്യഗ്രഹമാണെന്നുമുള്ള ശാസ്ത്ര സത്യം അയാൾ സ്വീകരിയ്ക്കുകയും ചെയ്യുന്നു. അയാളുടെ ആകാശവിചാരങ്ങളിൽ ആ ലോകം തിളങ്ങുന്നു. ഒരു ചുവന്ന പൊട്ടുപോലെയാണ് കാണപ്പെടുന്നത്. ഭയമാണ് ആദ്യത്തെ വികാരം. അടുത്ത് ചെല്ലുന്തോറും ഭയമകന്ന് ആകാംക്ഷയും ആകാംക്ഷയിൽ നിന്ന് മുന്നേറി പ്രതീക്ഷയും പുലർത്താൻ കഴിയും. അപരിചിതമെങ്കിലും അതൊരു സുന്ദരലോകമാണ്. അങ്ങോട്ട് കടക്കുമ്പോൾ തന്നെ വൃദ്ധൻ മനസ്സിലാക്കും; അവിടെ മരണം എന്ന അവസ്ഥയില്ല. ശൈശവത്തിൽ നിന്ന് മുതിർച്ചയിലേയ്ക്കും മുതിർച്ചയിൽ നിന്ന് ശൈശവത്തിലേയ്ക്കുമുള്ള ചാക്രിക സഞ്ചാരമായ ജീവിതം മാത്രമേയുള്ളൂ. ഒരാൾക്ക് രണ്ട് ശൈശവം, രണ്ട് യൗവ്വനം, രണ്ട് വാർദ്ധക്യം, പിന്നെയുമതിന്റെ ആവർത്തനങ്ങൾ. വാർദ്ധക്യത്തിന്റെ മൂർദ്ധന്യത്തിൽ നിന്നൊരാൾ യൗവ്വനത്തിലേയ്ക്കിറങ്ങുന്നു. അവിടന്ന്, കൗമാരത്തിലേയ്ക്കും, കൗമാരത്തിൽ നിന്ന് ശൈശവത്തിലേയ്ക്കും കൈകാൽ കുടയുന്ന ശിശുവിലേയ്ക്കും. ഇത്തരം ജീവിതത്തിന്റെ സാധ്യതകളെക്കുറിച്ചോർത്ത് ഒരു പകൽ മുഴുവൻ കസേരയിൽ ഇരിയ്ക്കാൻ വൃദ്ധന് കഴിയും.

മുകൾനിലയിലെ മുറിയിൽ വളരെക്കുറച്ച് ചലനങ്ങളേ വൃദ്ധന് സാധ്യമാകൂ. കസേരയിൽ ഇരിയ്ക്കുക, കട്ടിലിൽ കിടക്കുക, നിലത്ത് ചമ്രംപടിയ്ക്കുക. ജനലരികിൽ നിൽക്കുക, ചുവരിന്റെ ഒരറ്റത്തുനിന്ന് മറ്റേയറ്റത്തേയ്ക്ക് നടക്കുക. അതയാൾ കൃത്യമായി ചെയ്തുകൊണ്ടിരുന്നു. സ്വന്തം പ്രവൃത്തിയേതെന്ന് കണ്ടെത്തുകയും അതിൽ അനവരതം മുഴുകുകയും ചെയ്യുന്ന ഒരാളായി വൃദ്ധൻ. ഒരുനാൾ, വിഷാദം മൂലം ഉറക്കമുണരാൻ കൂട്ടാക്കാതെ, എഴുന്നേൽക്കാതെ, ജനൽ തുറക്കാതെ കിടന്ന നിമിഷം വരെ അത് തുടർന്നു. എഴുന്നേറ്റിട്ടെന്തു കാര്യം? ജീവിതം കൊണ്ടെന്തുപകാരം? ഒരാൾക്ക് രണ്ട് യൗവ്വനം കിട്ടുന്ന ലോകം ഒട്ടും അഭികാമ്യമല്ലെന്ന് വൃദ്ധന് തോന്നി. മരിച്ചില്ലാതാവുന്നതുതന്നെയാണുത്തമം. മരണത്തോടെ ഇല്ലാതാവുന്നതെന്ത്? തീർച്ചയായും ശരീരം. അപ്പോൾ അയാൾ? അയാൾ ഇല്ലാതാകുന്നുണ്ടോ? ശരീരം ഇല്ലാതാവുന്ന അയാൾ എന്തുചെയ്യും? വൃദ്ധൻ ഗൗരവത്തോടെ ചിന്തിച്ചു. അയാൾ കട്ടിലിൽ എഴുന്നേറ്റിരുന്നു. ജനൽ തള്ളിത്തുറന്നു. അതിന്റെ ഉത്തരമാണ്, ആകാശം. ആകാശം ആഹ്ലാദമാണ്. ശരീരമില്ലാതായാൽ അയാൾ ആകാശത്തൊഴുകി നടക്കും. ചുവരും കതകുമില്ലാത്ത ആകാശത്തിൽ അയാളുടെ അനന്തമായ യാത്രയായിരിയ്ക്കുമത്. ശരീരവും ശരീരത്തെ ചുറ്റിപ്പറ്റിയുള്ളതുമെല്ലാം ഭാരമേറിയതാണ്. വസ്ത്രം, വീട്, വാഹനം, ഭാര്യ, മക്കൾ, ബന്ധുക്കൾ, കലാപങ്ങൾ, യുദ്ധങ്ങൾ, രോഗം ശരീരത്തെ ചുറ്റിപ്പറ്റിയുള്ള എന്തൊരു കാര്യമാണ് ഭാരമല്ലാത്തത്? വൃദ്ധൻ വസ്ത്രങ്ങളഴിച്ചുകളഞ്ഞു. അടച്ചിട്ട മുറിയിൽ അൽപ്പഭാരം പുറകിലുപേക്ഷിച്ച ആഹ്ലാദത്തോടെ അയാൾ ജനലരികിൽ നിന്നു. പഴയമട്ടിൽ തടിച്ച ചതുരൻ മരയഴികൾ....

വിജാഗിരിയ്ക്കുള്ളിൽ ഒരൊടിവോടെ ജനൽപ്പലകയുടെ പ്രതലത്തിൽ പക്ഷിയുടെ പുറത്തേയ്ക്കു വീശുന്ന ചിറക് അയാൾ വരച്ചു.

മരിയഴികളിൽ മുഖമമർത്തി നിന്ന കുട്ടിയെ വൃദ്ധന് ഓർമ്മവന്നു. ഇരുട്ടിനെ പേടിയാണെങ്കിലും ഇരുട്ടുകാണാൻ വാശിപിടിയ്ക്കുന്ന കുട്ടി. ഇരുട്ടിൽ കുട്ടിയ്ക്കായി നീക്കിവെച്ചിട്ടുളള ഭീതികളുണ്ട്. വൃദ്ധന് പ്രിയം ഇരുട്ടിൽ വീശുന്ന കാറ്റാണ്. ഇരുട്ടലകൾക്ക് തിരമാലകളോട് സാമ്യമുണ്ട്. ഇപ്പോൾ വൃദ്ധനും ജനാലയും മാത്രമേയുളളൂ. ഇരുൾ സമുദ്രത്തിനുമുകളിൽ അന്തരീക്ഷത്തിൽ തൂങ്ങിനിൽക്കുകയാണ് ജനാല. ഭൂമിയിൽ കാൽതൊടാതെ നിൽക്കാൻ വൃദ്ധനെ സഹായിയ്ക്കുന്നത് ആ ജനാലയാണ്. വൃദ്ധൻ അതിന്റെ മരയഴികളിൽ തൂങ്ങിക്കിടക്കുകയും രാത്രി കടന്നുപോവുകയും ചെയ്തു.

മുഷിഞ്ഞ, മങ്ങിയ വെള്ളനിറമുള്ള ചുവരിൽ വളരെ അവിചാരിതമായിട്ടാണ് വൃദ്ധൻ ഒരു ഓറഞ്ചു നിറ വൃത്തം വരച്ചത്. അതയാളെ അത്ഭുതപ്പെടുത്തുകയും ആവേശഭരിതനാക്കുകയും ചെയ്തു. പഠനമേശയുടെ വലിപ്പിൽ നിന്നാണ് അയാൾക്ക് ഉപയോഗിച്ചതും ഉപയോഗിച്ചിട്ടില്ലാത്തതുമായ കുറേ ക്രയോൺ ചായങ്ങൾ കിട്ടിയത്. ആദ്യം അത് അലസമായി നിരത്തിവെച്ചും നിറങ്ങളിടകലർത്തിവെച്ചും, അയാൾ കൗതുകപ്പെട്ടു. ഓറഞ്ചു നിറവൃത്തം വരച്ചതോടെ അയാൾ മറ്റൊരാളായി മാറി. ചാഞ്ഞും ചെരിഞ്ഞും നിന്ന് അയാളതിനെ നിരീക്ഷിച്ചു. കസേരയിൽ നെട്ടനെ ഇരുന്നും കട്ടിലിൽ കിടന്നും ചുവർചാരി നിന്നുമൊക്കെ പല കാഴ്ചപ്പാടിൽ അയാളതിനെ വിലയിരുത്തി.

അതിന്റെ പരിധികളും ഹൃദയഭാഗവും പൂർണ്ണതപ്പെടുത്താൻ നിരന്തരം പണിയെടുത്തു. ഒരു ഓറഞ്ചുനിറ വൃത്തത്തിൽ ഇത്രയ്‌ക്കെന്തിരിയ്ക്കുന്നു എന്നാണെങ്കിൽ ക്രയോണുകൾ ഒരിയ്ക്കൽ കൈയിലെടുത്ത വൃദ്ധൻ പിന്നെയെന്തുകൊണ്ടവ താഴെവെച്ചില്ല എന്നാണ് ഉത്തരം. അതിവേഗം തേഞ്ഞുതീരുന്ന ചായങ്ങൾ അയാളെ പരിഭ്രമിപ്പിച്ചു. മുകൾ നിലയിലെ മുറി വർണ്ണഭരിതമാക്കുക എന്ന ദൗത്യത്തിലാണയാൾ ഏർപ്പെട്ടിരിയ്ക്കുന്നത്. അയാൾ ചിത്രകാരനോ ചായക്കൂട്ടുകളുണ്ടാക്കാനറിയുന്നവനോ അല്ല. എങ്കിലുമയാൾ വരച്ചുകൊണ്ടിരുന്നു; നാലുവിളറിയ ചുവരുകൾ നിറങ്ങൾ പൂത്തമലഞ്ചെരിവുകളാകുവോളം. ഒടുവിൽ കറുപ്പും, വെളുപ്പും ചാരനിറവുമായ മൂന്ന് ക്രയോണുകളും മഞ്ഞയുടെ ഒരു കുറ്റിക്രയോണും അവശേഷിച്ചപ്പോഴാണയാൾ പക്ഷിയെവരയ്ക്കാൻ തുടങ്ങിയത്.

മരയഴികൾക്കിടയിലൂടെ കൈയിട്ട് പക്ഷിയുടെ ചിറക് വരയ്ക്കുക ബുദ്ധിമുട്ടുള്ള പണിയായിരുന്നു. വൃദ്ധന്റെ കൈമുട്ടുകൾ വേദനിച്ചു. നിവർന്നുനിൽക്കാൻ അയാൾക്ക് പ്രയാസം തോന്നി. വിജാഗിരിയ്ക്കുള്ളിൽ ഒരൊടിവോടെ ജനൽപ്പലകയുടെ പ്രതലത്തിൽ പക്ഷിയുടെ പുറത്തേയ്ക്കു വീശുന്ന ചിറക് അയാൾ വരച്ചു. ജനലും കഴിഞ്ഞ് വളരെ വിടർന്ന തൂവലുകൾ അതിനുണ്ടായിരുന്നു.

മുറിയിലിപ്പോൾ വർണ്ണഭംഗിയില്ലാതായി ചുവരിൽ തിരിച്ചിട്ടിരിയ്ക്കുന്ന കണ്ണാടിയുടെ പുറംചട്ട മാത്രമാണ് ഉള്ളത്: അവശേഷിച്ച വെളുത്ത ക്രയോൺ കൊണ്ട് അയാളതിന്മേൽ രൂപരഹിതനായ വൃദ്ധനെ വരിച്ചു. എന്നിട്ട് ജനൽ തളളിത്തുറക്കുകയും പെട്ടെന്നൊരു പിടച്ചിലോടെ പറന്നുപോകാൻ പക്ഷിയെ അനുവദിക്കുകയും ചെയ്തു. അതിക്രൂരമായൊരു സായാഹ്നത്തിന്റെ ചുവപ്പിലേയ്ക്ക് അത് കുതിച്ചുപോകുന്നതും നോക്കി രാത്രി മുഴുവൻ വൃദ്ധൻ നിരാലംബമായ ജനലഴികളിൽ തൂങ്ങിക്കിടന്നു.

Comments