ശവഭോഗം

“ആ പെൺകുട്ടികൾ ഇതൊരു തൊഴിലായാണ് ചെയ്യുന്നത്. അവരിൽ പ്രണയമില്ല. അവർ അഭിനയിക്കുകയാണ്. പ്രണയമില്ലാത്ത രതി ശവഭോഗമാണ് ആൽബർട്ട്’’

ട്ടുച്ചയ്ക്കും പൈൻമരക്കാട്ടിൽ നല്ല തണുപ്പുണ്ടായിരുന്നു. തണുപ്പെന്നു പറഞ്ഞാൽ ശരിക്കും തണുപ്പ്. എ.സിയിൽ നിന്നുള്ള കൃത്രിമ തണുപ്പു പോലെയല്ല. പൈൻ ചില്ലകൾക്കിടയിലൂടെ ഒരു നനഞ്ഞ തൂവാല വീശുന്നതുപോലെ കാറ്റ് താഴേക്കിറങ്ങിവരും. അസ്ഥിയും ആത്മാവും കുളിരും.

“അങ്കിളിന് ഇപ്പൊ മനസ്സിലായില്ലേ, കയറ്റം കയറി ഇവിടെ വരണമെന്ന് ഞാൻ പറഞ്ഞതിന്റെ കാരണം’’, ആൽബർട്ട് അഭിമാനത്തോടെ ചോദിച്ചു.

എനിക്ക് കുന്നു കേറാൻ മടിയായിരുന്നു.

“ശരീരം കൂടി വിചാരിക്കണ്ടെ?” ഞാൻ പറഞ്ഞു.

“അങ്കിൾ എപ്പോഴും ഈ കമ്പനി, ബിസിനസ് എന്നൊക്കെ പറഞ്ഞുനടക്കുന്നതുകൊണ്ടാ… ആരോഗ്യം ശ്രദ്ധിക്കണം. ഇപ്രാവശ്യം വന്നതുപോലെ ഇടയ്ക്കിടെ നാട്ടിലേക്ക് വരണം. ഒത്തിരികാലമാകുമ്പോൾ സിറ്റി ലൈഫ് മടുക്കില്ലേ…” അവൻ പറഞ്ഞു.

പൈൻകാട്ടിൽ പ്ലാസ്റ്റിക് വാട്ടർ ബോട്ടിലുകളും മദ്യക്കുപ്പികളും അവിടവിടെയായി ചിതറി കിടക്കുന്നു. മരങ്ങൾക്കിടയിൽ കമിതാക്കളും. ഓരോ പൈൻമരത്തിന്റെ ചുവട്ടിലും ഓരോ പ്രണയലോകങ്ങൾ. ഒരാൾ മറ്റെയാളുടെ മടിയിൽ തലവച്ചുറങ്ങുന്നു. മറ്റൊരിടത്ത് രണ്ടുപേരും അകന്നു മാറിയിരിക്കുന്നു. വേറെ ഒരിടത്ത് കാമുകി ഹിറ്റായ പുതിയ പുസ്തകം വായിക്കുന്നതായി അഭിനയിക്കുന്നു. കാമുകൻ അതിന്റെ റീൽ എടുക്കുന്നു… ഇനിയും മറ്റൊരിടത്ത്…

ആൽബർട്ട് അൽപ്പം മാറി നിന്ന് ഫോട്ടോ എടുക്കാൻ തുടങ്ങിയപ്പോൾ ഞാൻ ഒരു പൈൻ മരത്തിന്റെ ചുവട്ടിലിരുന്നു. മരത്തിന്റെ ചുവട്ടിൽ പൊഴിഞ്ഞു വീണ ഇലകൾ തീർത്ത മെത്ത. മരത്തിൽ തല ചായിച്ചു കാലു നീട്ടിയിരുന്നു. കാറ്റിന്റെ ശബ്ദം മാത്രം. തണുപ്പ് വന്നു പൊതിഞ്ഞപ്പോൾ ശരീരത്തിലെ ഓരോ രോമകൂപങ്ങളും നിർവൃതി കൊണ്ടു. അകലെ ആട്ടിൻപറ്റം പോലെ നീങ്ങുന്ന മേഘശകലങ്ങൾ. അത് നോക്കി കണ്ണടച്ചു. ഇതാണ് ജീവിതം.

Graphics: Midjourney
Graphics: Midjourney

“പോയാലോ..?” ആൽബർട്ടിന്റെ ശബ്ദമാണ് ഉണർത്തിയത്. കണ്ണ് തുറന്നപ്പോൾ മേഘങ്ങളുടെ ആട്ടിൻപറ്റം മാഞ്ഞിരുന്നു.

“എന്തു പറ്റി… നിനക്കായിരുന്നല്ലോ ഇങ്ങോട്ട് വരാൻ ഭയങ്കര ഉത്സാഹം’’.
“അല്ല... ഇതൊക്കെ കണ്ടോണ്ട് എങ്ങിനെയാ ഇവിടെ നിൽക്കുന്നത്? സ്വയം പുച്ഛം തോന്നുന്നു’’, ചുറ്റുപാടും കണ്ണോടിച്ചുകൊണ്ട് ആൽബർട്ട് പറഞ്ഞു.
കമിതാക്കളാണ് ചെക്കന്റെ പ്രോബ്ലം.
“അവർ എൻജോയ് ചെയ്യട്ടടാ... പ്രണയം നല്ലതല്ലേ?” ഞാൻ പറഞ്ഞു.
“പ്രണയം. മണ്ണാങ്കട്ട. അങ്കിള് വാ. നമുക്ക് പോകാം’’, അവൻ ദേഷ്യത്തോടെ എന്നെ പിടിച്ചെഴുന്നേൽപ്പിച്ചു. എന്നിട്ട് ഞാൻ വരുന്നത് കാത്തു നിൽക്കാതെ മുൻപോട്ടു നടന്നു.
ഇവനിതെന്തു പറ്റി?

കയറി വരുന്നതായിരുന്നു എളുപ്പം. മെത്ത പോലെ കിടക്കുന്ന ഇലപ്പരപ്പിലൂടെയുള്ള കുത്തനെയുള്ള ഇറക്കമാണ്. ഒന്ന് കാലുതെറ്റിയാൽ അങ്ങ് താഴെ ചെന്ന് കിടക്കും.

ഇറങ്ങുന്നതിനു മുൻപ് ഒന്ന് കൂടി ചുറ്റും നോക്കി. കമിതാക്കൾക്ക് വലിയ മാറ്റമൊന്നുമില്ല. ഞങ്ങൾ അവരുടെ ലോകത്തെത്തിയതും തിരിച്ചു പോകുന്നതും അവർ അറിയുന്നുപോലുമില്ല. കാലം അവർക്കുവേണ്ടി ഈ പൈൻകാട്ടിൽ നിശ്ചലമായത് പോലെ.
റീൽ ചെയ്തുകൊണ്ടിരുന്ന കപ്പിൾസിനു മാത്രം ചെറിയ മാറ്റം. മരത്തിന്റെ മറവിൽ അവരുടെ പിണഞ്ഞു കിടക്കുന്ന നാലുകാലുകൾ മാത്രം കാണാം. ആവശ്യം കഴിഞ്ഞതോടെ ഉപേക്ഷിക്കപ്പെട്ട പുസ്തകം അൽപം മാറി കിടപ്പുണ്ട് . കാറ്റിൽ അതിന്റെ താളുകൾ ചെറുതായി ചലിക്കുന്നു. അതിന്റെ ഹൃദയം മിടിക്കുന്നതുപോലെ. എന്നെയൊന്നു വായിക്കൂ എന്ന് കരയുന്നതുപോലെ.

പൈൻകാട്ടിൽനിന്ന് മെയിൻ റോഡിലേയ്ക്ക് തപ്പിപ്പിടിച്ചിറങ്ങി. നേരിയ ചാറ്റൽമഴയുണ്ട്. റോഡിന്റെ എതിർവശത്തുള്ള ടാർപോളിൻ കെട്ടിയ ചായക്കടയിൽ കയറി. ചില്ല് അലമാരയിൽ ബോളിയും ബോണ്ടയും സുഖിയനും.

“ടാ നീയെന്തോ സംസാരിക്കണം എന്ന് പറഞ്ഞാ വിളിച്ചിതുവഴിവന്നത്. എന്നിട്ട് കാര്യം ഒന്നും പറഞ്ഞുമില്ല…”, കടുംകാപ്പിയും സുഖിയനും കഴിക്കുന്നതിനിടയിൽ ഞാൻ ആൽബർട്ടിനോട് പറഞ്ഞു.
“ഓ, ഒന്നുമില്ല’’.
“ആ കപ്പിൾസിനെ കണ്ടതോടെ നിന്റെ മൂഡ് പോയല്ലോ’’.
അവൻ ചുറ്റും ഒന്ന് നോക്കി. എന്നിട്ട് ശബ്ദം താഴ്ത്തി പറഞ്ഞു, “അതിൽ എല്ലാം കപ്പിൾസ് ഒന്നുമല്ല. ചില ഗേൾസ് ഒക്കെ വിളിച്ചാ വരുന്ന കേസുകെട്ടാ… അതിനു എജന്റുമാരൊക്കെ ഉണ്ട്’’.
“നീ എന്തൊക്കെയാ ഈ പറയുന്നത്…” ഞാൻ അവനോടു ചോദിച്ചു. അവൻ അതിനു മറുപടി പറയുന്നതിന് മുൻപ് ഒരു സംഘം ബൈക്ക് റൈഡേയ്സ് കടയുടെ മുൻപിലെത്തി. ലെതർ ജാക്കറ്റും ഹെൽമറ്റും ഗോഗിൾസും. പ്രഫഷണൽ ടീംസ്.
അവർ ഹെൽമറ്റുകൾ ഊരി കടയുടെ മുൻപിലേയ്ക്ക് നടന്നുവന്നപ്പോഴാണ് ശ്രദ്ധിച്ചത്, എല്ലാവരും സ്ത്രീകളാണ്. ആൽബർട്ടിന്റെ മുഖം വീണ്ടുമിരുണ്ടു.
“വാ പോകാം’’, അവൻ പറഞ്ഞു.
“എല്ലാം പോക്ക് കേസാണ്’’, അവൻ പിറുപിറുത്തു.
“ഇനി ഇതുപോലെ എന്തെങ്കിലും പറഞ്ഞാ നിന്റെ ചെകിട് ഞാൻ പൊട്ടിക്കും’’, എന്റെ ശബ്ദം ഉയർന്നു. അവൻ എന്നെ രൂക്ഷമായി നോക്കിയതിനുശേഷം കാറിനരികിലേയ്ക്ക് വേഗത്തിൽ നടന്നു. ഞാനത് പ്രതീക്ഷിച്ചില്ല.

തലസ്ഥാനത്തുനിന്ന് വന്ന പെൺകുട്ടികളാണ് ബൈക്ക് റൈഡേയ്സ്. മിടുക്കിക്കുട്ടികൾ. കുറച്ചു നേരം കൂടി അവരുമായി സംസാരിക്കണം എന്നുണ്ടായിരുന്നു. അപ്പോഴേക്കും ആൽബർട്ട് കാറിന്റെ ഹോൺ മുഴക്കി പോകാനായി ധൃതി കൂട്ടി.

“നിനക്ക് എന്തിന്റെ കടിയാണ് ആൽബർട്ടെ?”, വണ്ടിയിൽ കയറിയുടനെ ചോദിച്ചു.
എന്റെ ചേച്ചിയുടെ മകനാണ് ആൽബർട്ട്. അവൻ തോന്നിയവാസം പറഞ്ഞാൽ തിരുത്തണ്ട ഉത്തരവാദിത്വം തനിക്കുണ്ട്.
ആൽബർട്ട് ഒന്നുംമിണ്ടാതെ വണ്ടി മുമ്പോട്ടെടുത്തു.

കുന്നുകളുടെ ഉച്ചിയിൽ ചൂളമരങ്ങളുടെ ഇരുണ്ട നിര. തേയിലത്തോട്ടങ്ങളിൽ ഇരുട്ട് വീഴുകയാണ്. ഹിൽസ്റ്റേഷനിലെത്താൻ ഇനിയും ഒരു മണിക്കൂർ കൂടിയുണ്ട്.

“ടാ സോറി’’, അൽപ്പനേരത്തെ നിശ്ശബ്ദതക്കുശേഷം ഞാൻ പറഞ്ഞു.
“സാരമില്ല അങ്കിൾ’’, അവൻ അടഞ്ഞ സ്വരത്തിൽ പറഞ്ഞു.
“ടാ നീ കോളേജിൽനിന്ന് പഠിച്ചിറങ്ങിയതല്ലേ ഉള്ളൂ… നമ്മൾ ഇപ്പോൾ പുതിയ കാലത്താണ് ജീവിക്കുന്നത്. സ്ത്രീകളെക്കുറിച്ച് നിന്റെ ആറ്റിറ്റ്യൂഡ് മാറ്റണം’’.
“എനിക്കൊരു ആറ്റിറ്റ്യൂഡുമില്ല’’, അവന്റെ സ്വരം തണുത്തിരുന്നു. ഇനി ഈ വിഷയം വിടുന്നതാണ് നല്ലതെന്ന് എനിക്ക് തോന്നി. മാത്രല്ല ഉപദേശം പുതിയ തലമുറയെ കൂടുതൽ വെറുപ്പിക്കുകയെ ഉള്ളൂ.

ഞാൻ ആൽബർട്ടിനെ ഒളികണ്ണിട്ടു നോക്കി. അവന്റെ ആദ്യകുർബാന സ്വീകരണത്തിന് കറുത്ത പാന്റ്സും വെളുത്ത ഷർട്ടും അണിയിച്ചൊരുക്കി പള്ളിയിലേക്ക് കൂട്ടിക്കൊണ്ടുപോയത് താനായിരുന്നു. അവന്റെ ആദ്യകുർബാന സ്വീകരണത്തിനു വീട്ടിൽ പാലപ്പവും ഇറച്ചിക്കറിയും ഉണ്ടാക്കിയിരുന്നു. അതും കഴിച്ചു ചേച്ചിയോട് യാത്ര പറഞ്ഞു ട്രെയിനിൽ ജോലി തെണ്ടി മഹാനഗരത്തിലേയ്ക്ക്… അവിടെനിന്നു…
ഇന്നവൻ മുതിർന്നിരിക്കുന്നു, താൻ…

തേയിലത്തോട്ടങ്ങൾക്കിടയിലൂടെ ഒരു കുഞ്ഞു തോട് ഒഴുകുന്നത് കണ്ടപ്പോൾ ഞാൻ ആൽബർട്ടിനോട് വണ്ടി നിർത്താൻ പറഞ്ഞു. ഡാഷ് ബോർഡിൽ നിന്ന് ഗ്ലാസും ബോട്ടിലും എടുത്തുകൊണ്ടു തോട്ടിനരികിലേയ്ക്ക് പോയി. നല്ല തണുത്ത ശുദ്ധമായ വെള്ളം.
“ഇത് വേണോ അങ്കിളേ?” ആൽബർട്ട് ചോദിച്ചു.
അവന്റെ കയ്യിൽ ബിസ് ലേരിയുടെ ഒരു കുപ്പി വെള്ളം.
“എനിക്കിത് മതി’’, ഞാൻ പറഞ്ഞു.
“ഈ വെള്ളമൊക്കെ എങ്ങനുള്ളതാന്ന് ആർക്കറിയാം’’, അവൻ സംശയത്തോടെ പറഞ്ഞു.
“നീ കഴിക്കണ്ട. ഓടിക്കാനുള്ളതല്ലേ…’’

രണ്ടു പെഗ് കഴിച്ചതോടെ ഒരു ഉന്മേഷമായി. ഒരു പറ്റം തേയിലച്ചെടികൾ കാറിന്റെ പാർക്ക് ലൈറ്റിന്റെ വെള്ളിനിറമുള്ള വെളിച്ചത്തിൽ നാണിച്ചു നിന്നു. ബാക്കിയുള്ളവ ഇരുട്ടിൽ തല താഴ്ത്തി. ആൽബർട്ടിന്റെ മുഖവും അവ്യക്തമാണ്.
“നീ പറയടാ..”
അവൻ മുഖമുയർത്തി.
പള്ളിമുറ്റത്തെ ജാതിച്ചുവട്ടിൽ ഒരു ഉച്ചനേരത്ത് അവൻ ആദ്യ കുമ്പസാരത്തിന്റെ ജപം കാണാതെ പഠിക്കുന്നത് എനിക്കോർമ വന്നു.
“അതൊന്നുമില്ല അങ്കിളേ, എന്റെ ഒരു ഫ്രണ്ടിന്റെ കാര്യമാണ്’’, അവൻ പറഞ്ഞുതുടങ്ങി.

“സിറ്റിയിൽ ഒരു സോഫ്റ്റ് വെയർ കമ്പനിയിൽ ഡിജിറ്റൽ മാർക്കറ്റിംഗിലാണ് അവന്റെ ജോലി. മുടിഞ്ഞ വർക്ക് ലോഡ്. അവന്മാർ ഇവന് അവധി കൊടുക്കില്ല. ഇവന്റെ ആകെ റിലാക്സെഷൻ പോൺ ക്ലിപ്സ് കാണലായിരുന്നു’’.
“അത് അത്ര നല്ല ശീലമല്ല’’, ഞാൻ പറഞ്ഞു.
“ഇതിനിടയിൽ അവൻ സിറ്റിയിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിൽ കമ്പനിയുടെ പ്രോഗ്രാമിന് പോയി. അവിടെ ഒരു രഹസ്യ ക്ലബ് പ്രവർത്തിക്കുന്നുണ്ടായിരുന്നു. സുന്ദരിമാരായ പെൺകുട്ടികൾ. മണിക്കൂറിനു അയ്യായിരം രൂപ’’.

ആൽബർട്ട് നിർത്തി. ഞാൻ അടുത്ത പെഗ് ഒഴിച്ചു അവൻ ബാക്കി പറയാൻ കാത്തിരുന്നു.
“ഇപ്പൊ ശമ്പളം കിട്ടിയാലുടൻ അവൻ അവിടെ പോകും. അവനത് ഒഴിവാക്കാൻ കഴിയുന്നില്ല’’.
“അവനു വട്ടാണോ? ആൽബർട്ട് നിന്റെ കൂട്ടുകാരൻ വലിയ റിസ്ക്കാണ് എടുക്കുന്നത്. ആ പെണ്ണുങ്ങൾക്ക് വല്ല അസുഖവും ഉണ്ടെങ്കിലോ?”
ഇരുട്ടിൽ ആൽബർട്ടിന്റെ മുഖത്തെ അമ്പരപ്പ് ഞാൻ ശ്രദ്ധിച്ചു.

“നിനക്കറിയാമോ കഴിഞ്ഞ രണ്ടു വർഷം നമ്മുടെ നാട്ടിലെ സിറ്റികളിൽ എയിഡ്സ് രോഗികളുടെ എണ്ണം ധാരാളമായി വർധിച്ചു. കൃത്യം കണക്കൊന്നും ഒരിടത്തും ലഭ്യമല്ല’’, ഞാൻ പറഞ്ഞു.

ആൽബർട്ടിന്റെ മുഖം കണ്ടപ്പോൾ എനിക്ക് സങ്കടം തോന്നി. ഞാൻ ഒരു നിമിഷം സംസാരം നിർത്തി.

ചില സന്ധ്യകളിൽ തനിച്ചിരിക്കുമ്പോൾ, മോശം തീരുമാനങ്ങളും ഭാഗ്യക്കേടുകളും കൊണ്ട് നഷ്ടമായ ജീവിതപ്പാതകൾ മുന്നിൽ തെളിഞ്ഞുവരും. ആ പാതകളിൽ നിന്ന് എത്രയോ അകലെയായിപ്പോയി താനെന്നു വിചാരിക്കും. ആ പാതകളിലൂടെ നടന്നുപോകുന്ന തന്റെ രൂപങ്ങൾ സങ്കൽപ്പിക്കും. അവരെ കൈ വീശി കാണിക്കും. ദുഃഖവും നിരാശയും ആധിയും പുരണ്ട ജീവിതത്തിന്റെ കുങ്കുമനിറമുള്ള ചക്രവാളം മനസ്സിന്റെ ആകാശത്തിൽ വ്യക്തമാകും. ആൽബർട്ടു കൂടെയുണ്ടെങ്കിലും ഇത് അത്തരം ഒരു സന്ധ്യയാണ്.

“എനിക്കറിയില്ല. ഇനി എന്ത് ചെയ്യുമെന്ന്. ഞാൻ അവനെ കുറെ ഉപദേശിച്ചു. പക്ഷേ...”
“ഇതൊരു അഡിക്ഷനാണ്. സുഖം തേടിയുള്ള ശരീരത്തിന്റെ പാച്ചിൽ. ഇത് നിന്റെ കൂട്ടുകാരനെ നശിപ്പിക്കുകയെ ഉള്ളു. അവന്റെ ശരീരത്തിനോട് അവൻ ചെയ്യുന്ന ദ്രോഹമാണ് ഇത്. അവന്റെ ഭാവി വധുവിനോട് ചെയ്യുന്ന ദ്രോഹമാണിത്...”

ആൽബർട്ട് ഇപ്പോൾ ഒരു പ്രതിമയാണ്. ഒരു കറുത്ത പ്രതിമ. ഞാൻ ഒരു പ്രതിമയോടാണ് സംസാരിക്കുന്നത്.
“ആ പെൺകുട്ടികൾ ഇതൊരു തൊഴിലായാണ് ചെയ്യുന്നത്. അവരിൽ പ്രണയമില്ല. അവർ അഭിനയിക്കുകയാണ്. പ്രണയമില്ലാത്ത രതി ശവഭോഗമാണ് ആൽബർട്ട്’’.

ആൽബർട്ട് കയ്യിലിരുന്ന ബിസ്ലേരി കുപ്പി ദേഷ്യത്തോടെ തേയിലക്കാട്ടിലേയ്ക്ക് എറിഞ്ഞു. പിന്നെ എന്റെ കയ്യിലിരുന്ന ഗ്ലാസുമായി തോട്ട് വെള്ളത്തിലേക്കിറങ്ങി.
“സൂക്ഷിച്ച്, അവിടെ ഇഴജന്തുക്കൾ കാണും’’, ഞാൻ വിളിച്ചുപറഞ്ഞു.
അവൻ കഴിക്കുന്നതിനിടയിൽ ഞാൻ വീണ്ടും അവനെ ഉപദേശിച്ചു. ഉപദേശിക്കുമ്പോൾ ലഹരി ഇരട്ടിയാവുകയാണ്.
“ശരീരത്തോട് ചെയ്യുന്ന ഈ പാപം അവനെ നശിപ്പിക്കും’’, ഒടുവിൽ ഞാൻ പറഞ്ഞുനിർത്തി.
“അവനിത് നിർത്തുന്നതിൽ ഒരു തടസ്സമുണ്ട്’’, ആൽബർട്ട് പറഞ്ഞു.
“എന്താ?’’
“അതിൽ ഒരു പെൺകുട്ടിയെ അവൻ ഇഷ്ടപ്പെടുന്നു. അവൾ മാത്രം അവന്റെ മുന്നിൽ അഭിനയിക്കുന്നില്ല. അവളുടെ രതിമൂർച്ച അവനോടുള്ള ഇഷ്ടത്തിൽ നിന്ന് മാത്രം വിടരുന്ന പൂക്കളാണ്’’.ഋ
എന്റെ ലഹരി ആവിയായി.
“നമുക്ക് പോകാം’’, ഞാൻ ചാടിയെഴുന്നേറ്റു.
“അല്ല, അങ്കിൾ അല്പം കൂടി സംസാരിച്ചിട്ട്… ഇത് നല്ല വൈബ് പ്ലേസ് അല്ലെ..?” അവൻ ചോദിച്ചു.
“മതി. എനിക്കിന്നുരാത്രി തന്നെ സിറ്റിയിലെത്തണം. ഒരാവശ്യമുണ്ട്. ഞാൻ അത് മറന്നു’’.
സിറ്റിയിലെത്തുന്നതുവരെ ഞങ്ങൾ സംസാരിച്ചില്ല. ഇറങ്ങാൻ നേരം ഞാൻ അവനോടു പറഞ്ഞു, “നിന്റെ കൂട്ടുകാരൻ വലിയ ഒരു കെണിയിലാണ് ചെന്ന് പെട്ടിരിക്കുന്നത്’’.
അവൻ തല കുനിച്ചു.
“പക്ഷെ അവൻ പറയുന്നത്...” ആൽബർട്ട് പറഞ്ഞു തുടങ്ങി. ഞാൻ ഡോർ വലിച്ചടച്ചു. അവൻ ഇനിയും പറയുന്നത് കേൾക്കാനുള്ള ക്ഷമ എനിക്കില്ലായിരുന്നു.
അവനെ പറഞ്ഞുവിട്ടതിനു ശേഷം ഞാൻ നടന്നു.

ഈ മഹാനഗരം ഒരു പാമ്പിൻപുറ്റാണ്. പകൽ രഹസ്യങ്ങളുടെ പാമ്പിൻകുഞ്ഞുങ്ങളെ മാറിലൊളിപ്പിച്ച് അവൾ മയങ്ങും. രാത്രിയിൽ ലഹരി പിടിപ്പിക്കുന്ന തീപ്പൊട്ടുകളുമായി ആ രഹസ്യങ്ങൾ ഉണരും. അൽപമകലെ ചുവന്ന നിയോൺ വെളിച്ചത്തിൽ മുങ്ങിനിൽക്കുന്ന ആ കെട്ടിടം അത്തരമൊരു രഹസ്യമാണ്. അതെന്റെ കമ്പനിയുടെ ഈ നഗരത്തിലെ കേന്ദ്രമാണ്.

ഞാൻ അകത്തേയ്ക്ക് കയറിയതും പെൺകുട്ടികൾ ഓടിവന്ന് എന്നെ പൊതിഞ്ഞു. ഞാൻ ഫോണിൽ ആൽബർട്ടിന്റെ ഫോട്ടോ അവരെ കാട്ടി.
“ഇവനെ നിങ്ങൾക്ക് അറിയാമോ?” ഞാൻ ചോദിച്ചു.
വീണ്ടും കൂട്ടച്ചിരി. അവനെ അറിയാത്തവർ അവർക്കിടയിൽ കുറവാണ്.
“ഇവൻ ആദർശല്ലേ..?” ആരോ ചോദിച്ചു.
“ഹീ ഈസ് എ റെഗുലർ. ഗുഡ് ബോയ്’’, മറ്റാരോ പറയുന്നു.
എല്ലാവരുടെയും മുന്നിൽ അവൻ അറിയപ്പെടുന്നത് ആദർശ് എന്നാണ്. ബഹളമടങ്ങിയപ്പോൾ പൂച്ചക്കണ്ണുകളുള്ള ഒരു പെൺകുട്ടി താഴ്ന്ന ശബ്ദത്തിൽ പറഞ്ഞു, “അവൻ എന്നോട് പേര് പറഞ്ഞിരിക്കുന്നത് ആൽബർട്ട് എന്നാണ്”.
ഞാൻ അവളെ അടുത്ത് വിളിച്ചിരുത്തി. സ്ഫടികചഷകത്തിൽ അവൾക്ക് ഏറ്റവും ഇഷ്ടമുള്ള മദ്യം അവൾക്ക് നേരെ നീട്ടി, “നീ അവനെ മറക്കണം’’, ഞാൻ പറഞ്ഞു.
“ഓർത്താലല്ലേ മറക്കാൻ കഴിയൂ…” അവൾ മദ്യം നുണഞ്ഞുകൊണ്ട് പറഞ്ഞു.

ഞങ്ങൾ രണ്ടാളും പൊട്ടിച്ചിരിച്ചു.

പാവം എന്റെ അനന്തരവൻ ആൽബർട്ട്.
വല്ലാത്ത ഒരു കെണിയിലാണ് അവൻ പെട്ടുപോയത്.


Summary: അതിൽ ഒരു പെൺകുട്ടിയെ അവൻ ഇഷ്ടപെടുന്നു. അവൾ മാത്രം അവന്റെ മുന്നിൽ അഭിനയിക്കുന്നില്ല. അവളുടെ രതിമൂർച്ച അവനോടുള്ള ഇഷ്ടത്തിൽ നിന്ന് മാത്രം വിടരുന്ന പൂക്കളാണ് - Shavabhogam Malayalam Story | Anish Francis


അനീഷ് ഫ്രാൻസിസ്

കഥാകൃത്ത്​, നോവലിസ്​റ്റ്​. വൈദ്യുത ബോർഡിൽ അസിസ്റ്റൻറ്​ എഞ്ചിനീയർ. ദൂരെ ദൂരെ റോസാക്കുന്നിൽ (കഥ) വിഷാദ വലയങ്ങൾ, ശ്വേതദണ്ഡനം (നോവെല്ല) എന്നീ പുസ്​തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments