ആഴ്ചപ്പതിപ്പിൽ വന്ന ഉപമകളും ഉൽപ്രേക്ഷകളും കൊണ്ടുനിറഞ്ഞ ഒരു കഥ രണ്ടുപേജുവായിച്ച് ബോറടിച്ചുപണ്ടാരടങ്ങിയപ്പോഴാണ് മഞ്ജു പുറപ്പെട്ടുപോകാമെന്ന് തീരുമാനിച്ചത്. നിരഞ്ജനയെന്നായിരുന്നു കഥയിലെ നായികയുടെ പേര്. ആഴ്ചപ്പതിപ്പിലെ കഥകളെ സംബന്ധിച്ച് മഞ്ജുവിന് ഇഷ്ടപ്പെട്ട ഒരു കാര്യം അതാണ്. ഒത്തിരി ഗവേഷണങ്ങൾക്കും ആലോചനകൾക്കും ശേഷമാണ് സൃഷ്ടികർത്താക്കൾ കഥാപാത്രങ്ങൾക്കുപേരിട്ടിരുന്നത്. അല്ലാതെ ആദ്യം വായിൽവന്ന ഒരു പേരിടുകയായിരുന്നില്ല, മഞ്ജുവിന്റേതുപോലെ. മഞ്ജുവിന് ഇഷ്ടമല്ലാത്ത ലോകത്തിലെ രണ്ടാമത്തെ പേരാണ് തന്റേത്. ആദ്യത്തേത് പ്രീത. പ്രീത അവസാനിക്കുന്നത് അങ്ങു വാതുറന്നും മഞ്ജു അവസാനിക്കുന്നത് അങ്ങുചുങ്ങിയുമാണ്. ഏഴാം ക്ലാസുവരെ തന്റെ പേര് മഞ്ചു എന്നാണെന്നായിരുന്നു അവൾ കരുതിയിരുന്നത്. ഏഴാംക്ലാസിലെ മാരാർ സാറാണ് ബുക്കുനോക്കുകയെന്ന വ്യാജേന ചുമലിൽ ചാഞ്ഞ് താൻ മഞ്ചുവല്ല, മഞ്ജുവാണെന്ന് അവൾക്ക് മനസ്സിലാക്കിക്കൊടുത്തത്. അതോടെയാണ് തന്റെ ജീവിതം കോംപ്ലിക്കേറ്റഡ് ആയി മാറിയതെന്ന് മഞ്ജു വിശ്വസിക്കുന്നു.
മഞ്ജു ഒരു പ്രത്യേക കോമ്പിനേഷൻ ആയിരുന്നു. ആഴ്ചപ്പതിപ്പിലെ ബുദ്ധിജീവി കഥകൾക്കൊപ്പംതന്നെ കൊലപാതക, തട്ടിപ്പ്, കുറ്റാന്വേഷണകഥകളും അതേ താൽപ്പര്യത്തോടെ വായിക്കും. ടിവിയിൽ ആകെ കാണുന്നത് സ്‌പോർട്‌സും പാചകപരിപാടികളുമാണ്. തനിക്ക് ഒരു ഷെഫോ ഡിറ്റക്റ്റീവോ ടെന്നീസ്‌കളിക്കാരിയോ ആകാമായിരുന്നുവെന്ന് ഇടക്കിടക്ക് നെടുവീർപ്പോടെ ഓർക്കും. പക്ഷേ ആയതോ, വെറും ഷിജുമോന്റെ ഭാര്യ! എഴുത്തുകാരി ആവണമായിരുന്നോ എന്ന് ഒന്നുരണ്ടുവട്ടം സംശയം തോന്നിയിട്ടുണ്ട്. പക്ഷേ പെട്ടെന്നുതന്നെ വേണ്ടെന്നുവച്ചു. എഴുത്തുകാർ സ്വയംപൊങ്ങികളും സ്വയംമയങ്ങികളുമാണ്.
കടുത്ത അത്‌ലറ്റികോ മാഡ്രിഡ് ഫാനാണ് മഞ്ജു. വിയർത്തും കിതച്ചുമാണെങ്കിലും കൂട്ടത്തിലെ വമ്പന്മാരായ ബാഴ്‌സലോണയോടും റയൽ മാഡ്രിഡിനോടും പിടിച്ചുനിൽക്കുന്നവരാണ്. ഒപ്പം തൊഴിലാളികളുടെ ക്ലബായിട്ടാണ് തുടങ്ങിയതെന്ന പ്രത്യേകവികാരവും. അന്റോയിൻ ഗ്രീസ്മാനെ വമ്പൻ ക്ലബുകാരായ മാഞ്ചസ്റ്റർ യുണൈറ്റഡും ബാഴ്സലോണയും റാഞ്ചാൻ നോക്കിയപ്പോൾ അഞ്ചുമനദേവിക്ക് ഒരുചുറ്റുവിളക്ക് നേർന്ന് തൽക്കാലത്തേക്കെങ്കിലും തടയാൻ മഞ്ജുവിനായി. എന്നിട്ടും ഗ്രീസ്മാൻ ബാഴ്സലോണയുടെ ജഴ്‌സിയിൽ കളത്തിലിറങ്ങുന്ന കണ്ടപ്പോ മഞ്ജു പല്ലുഞെരിച്ചു, "നായിന്റെ മോൻ ഗ്രീസ്മാൻ...നായിന്റെ മോൻ ഷിജുമോൻ...'
അച്ഛനിൽനിന്നാണ് മഞ്ജുവിന് ഇമ്മാതിരി തലക്കുപിടിച്ച കളിപ്രാന്ത് കിട്ടിയത്. 82ലെ വേൾഡ്കപ്പ് അച്ഛന്റെ മടിയിലിരുന്നുകാണുമ്പോ കുഞ്ഞുമഞ്ജു കരുതിയത് ലോകത്തിലെ കളികളും കളിക്കളങ്ങളുമെല്ലാം ബ്ലാക്ക് ആൻഡ് വൈറ്റ് ആണെന്നാണ്. 86ലെ വേൾഡ്കപ്പ് അച്ഛന്റെ കാൽച്ചുവട്ടിലിരുന്ന് കാണുമ്പോഴേക്കും ബ്ലാക്ക് ആൻഡ് വൈറ്റ് മറഡോണ കളറുമറഡോണയായി മാറിയിരുന്നു.
നൂറ്റാണ്ടിന്റെ ഗോളും ദൈവത്തിന്റെ കയ്യും കണ്ട പ്രമാദമായ ആ ക്വാർട്ടർ കളിക്ക് അച്ഛൻ-മകൾ ബന്ധത്തിലും വലിയ സ്വാധീനമുണ്ടായി. ഇതിനകം കടുത്ത ലിനേക്കർ ഫാനായി മാറിയ മഞ്ജു ദൈവത്തിന്റെ കൈ കഴിഞ്ഞപ്പോൾ അച്ഛനെനോക്കി പല്ലിറുമ്മിക്കൊണ്ട് ഒരാട്ട്, "ഫാാാാാ, നായിന്റെമോനോട് പറ ഇത് ഫുട്‌ബോളാന്ന്...' എന്നിട്ട് വലിയവായിൽ നിലവിളിച്ചുകൊണ്ട് പുറത്തേക്കിറങ്ങി ഓടി. മഞ്ജുവിന്റെ അച്ഛനത് വലിയ ഷോക്കായിരുന്നു. പുള്ളിക്കാരന്റെ മറഡോണ സ്‌നേഹമെന്നൊക്കെ പറഞ്ഞാൽ...
ഇളയമകന്റെ പേരിടീൽചടങ്ങിന് ചുറ്റുംനിന്ന വീട്ടുകാരേയും നാട്ടുകാരേയും ഞെട്ടിച്ചുകൊണ്ട് അങ്ങേര് കുഞ്ഞിന്റെ ചെവിയിൽ മൂന്നുവട്ടം ഓതി, മറഡോണ പ്രഭാകരൻ. അതുവരെ ഓമനത്തം കളിയാടിയിരുന്ന ആ കുഞ്ഞുമുഖം പെട്ടെന്ന് ഏങ്കോണിച്ചുപോയി. ഡിഗ്രിക്ലാസിൽ ഒപ്പം പഠിച്ച സദ്ദാം ഹുസൈനെ കാണുന്നതുവരെ മറഡോണയുടെ മുഖത്ത് ആ ഏങ്കോണിപ്പ് ഉണ്ടായിരുന്നു.
സ്റ്റെഫി- സബാറ്റിനി പോരോടെയാണ് പ്രഭാകരനിലെ പെരുന്തച്ചൻ കോംപ്ലക്‌സ് ശരിക്കും പുറത്തുവന്നത്. ഏതോ മത്സരത്തിനിടെ തോൽവിയുടെ അന്ധാളിപ്പ് മറച്ചുവക്കാനുള്ള ശ്രമമെന്നോണം പ്രഭാകരൻ നിർദ്ദോഷമായ ഒരു കമന്റുപറഞ്ഞു, "പക്ഷേ കളികാണാൻ ഭംഗി സബാട്ടീനിടെയാ.' വിയർപ്പിൽ മുങ്ങിയ വെള്ളടീഷർട്ടിലൂടെ വ്യക്തമായി പുറത്തുകാണുന്ന സബാറ്റിനിയുടെ മുലഞെട്ടുകൾ നോക്കി മഞ്ജു പറഞ്ഞു, "കാണാൻ ഭംഗീന്നുപറ അഛാ.' പ്രഭാകരൻ അപസ്മാരബാധിതനെപ്പോലെ ചാടിയെണീറ്റു, "ഫാ നിനക്കതിന് കാണാൻ മെനയുള്ള കളിക്കാരെയല്ലേ ഇഷ്‌ടോള്ളൂ, ആ വെള്ളപ്പാറ്റയെപ്പോലെ...' ആ സന്ദർഭത്തിനുചേർന്ന ഒരു കമന്റോ പ്രതികരണമോ ആയിരുന്നില്ല അത്. പക്ഷേ ആ നിമിഷങ്ങൾ മഞ്ജുവിന്റെ പിന്നീടുള്ള ജീവിതത്തിൽ നിർണ്ണായകമായി. അല്ലെങ്കിലും അതിവൈകാരികതയുള്ള അച്ഛൻ- മകൾ ബന്ധങ്ങൾ ഒരു ഘട്ടംകഴിഞ്ഞാൽ കോംപ്ലിക്കേറ്റഡ് ആവും. എന്തായാലും അതിനുശേഷം മഞ്ജുവിന്റെ ഏറ്റവും വലിയ ശത്രുവായിമാറി പ്രഭാകരൻ, ഷിജുമോൻ ആ സ്ഥാനത്തേക്ക് കടന്നുവരുന്നതുവരെ.
ആ അതുപറഞ്ഞില്ലല്ലോ, വെള്ളപ്പാറ്റയെന്നാൽ ബോറിസ്ബക്കർ! അന്നുമുതൽ മഞ്ജു ഇടക്കിടക്ക് അറിയാതെ കണക്കെടുക്കും...
ബോറിസ്ബക്കർ നല്ല കളി നോ മെന
ബാറ്റിസ്റ്റിയൂട്ട നല്ല കളി നല്ല മെന
അലൻഷിയറർ നല്ല കളി നല്ല മെന
റൊണാൾഡീന്യോ നല്ല കളി നോ മെന
ഫെഡറർ നല്ല കളി നല്ല മെന
ഇനിയെസ്റ്റ നല്ല കളി നോ മെന
ഗ്രീസ്മാൻ നല്ല കളി ഒടുക്കത്തെമെന
തന്തക്കിട്ടുപണികൊടുക്കാൻ മാത്രമാണ് മറ്റൊരു കല്യാണം ഉറപ്പിച്ചതിനുശേഷം മഞ്ജു ഷിജുമോന്റെയൊപ്പം ഒളിച്ചോടിയത്. അതും കല്യാണത്തലേന്ന്. നഗരത്തിലെ ഏറ്റവും നല്ല കേറ്ററിംഗുകാരുടെ വക ഗംഭീരൻസദ്യയും മൂന്നുസ്‌കൂപ്പ് ഐസ്‌ക്രീമും കഴിച്ചിട്ട്! ഓൺ ദി വേ കഴിക്കാനായി കുറച്ചധികം സാധനങ്ങൾ പൊതിഞ്ഞെടുക്കുകയും ചെയ്തു കല്യാണപ്പെണ്ണ്! എന്തായാലും അതിനോടകം ഷിജുമോന്റെ കൃത്യമായ പ്ലാനിംഗ് പ്രകാരം മഞ്ജു തനിക്കുകിട്ടേണ്ട വിഹിതം വീട്ടുകാരെക്കൊണ്ട് ബാങ്കിലിടീച്ചിരുന്നു.
പിന്നീട് പ്രഭാകരൻ മരണത്തോടടുക്കുന്ന സമയത്ത് ഇതിനെപ്പറ്റിയൊക്കെ സംസാരിക്കുമ്പോൾ കയ്പ്പുനിറഞ്ഞോരു ശബ്ദത്തിൽ മഞ്ജു പറയും, "മറഡോണയുടെ ദൈവത്തിന്റെ കൈ നടന്നില്ലായിരുന്നെങ്കിൽ, സബാറ്റിനി കുറച്ചുകൂടി കളികൾ ജയിച്ചിരുന്നെങ്കിൽ ഞാൻ ഷിജുമോന്റെ ഭാര്യ ആകില്ലായിരുന്നു.' കുറ്റബോധം കൊണ്ടുകോടിയ മുഖത്തോടെയാണ് പ്രഭാകരൻ മരിക്കാൻ പോകുന്നതെന്നുകണ്ടപ്പോൾ ഈ ഒരു വിഷ്വൽ ഡിസ്റ്റർബൻസ് ഒഴിവാക്കാനായി മഞ്ജു വീണ്ടും പറഞ്ഞു, "പിന്നെന്താ മാസത്തീ പകുതീലധികം ദിവസം ടൂറിലായിരിക്കും. പരനാറി വീട്ടിലുള്ള ദിവസം അനുസരണയുള്ള ഭാര്യയായിട്ടിരുന്നാ ബാക്കി ദിവസങ്ങള് എനിക്കെന്റെ തോന്ന്യാസം നടക്കാം.' ഒരച്ഛനെ സംബന്ധിച്ച് അത് തീരെ ആശ്വാസകരമായ സംഗതിയല്ലെങ്കിലും എന്തെങ്കിലുമൊരു നല്ല കാര്യം കേട്ടുമരിക്കാനാഗ്രഹിച്ച പ്രഭാകരൻ തന്റെ കോടിയ മുഖം നേരേയാക്കി സാമാന്യം സ്റ്റൈലൻ ലുക്കിൽത്തന്നെ മരിച്ചു. പക്ഷേ അതൊക്കെ നടക്കുന്നത് ഇനിയും കുറച്ചുവർഷങ്ങൾ കൂടി കഴിഞ്ഞാണ്. പോണപോക്കിന് ആ ഒരു ഇദിൽ പറഞ്ഞെന്നേ ഉള്ളൂ. ഇപ്പോൾ മഞ്ജു പുറപ്പെട്ടുപോകാൻ നിൽക്കുകയാണ്.
എന്തായാലും പുറപ്പെട്ടുപോകാൻ തീരുമാനിച്ചു, എന്നാപ്പിന്നെ രണ്ടെണ്ണം അടിച്ചിട്ടുപോകാമെന്ന് മഞ്ജുവിനുതോന്നി. ഷിജുമോന്റെ വിദേശമദ്യശേഖരത്തിൽനിന്ന് ജെഡി സിനമൺ തന്നെ നോക്കിയെടുത്തു. അവനിങ്ങനെ ഡ്രൈ ആയി അകത്തേക്കുപോകുമ്പോ കറുവാപ്പട്ടയുടെ എരിയും ചവർപ്പും ചെറുമധുരവുമൊക്കെ ചേർന്നുണ്ടാക്കുന്ന ആ ഒരിദുണ്ടല്ലോ...അമ്പമ്പോ...മൂന്നാമത്തെ ഗ്ലാസ് കാലിയായപ്പോ മഞ്ജു ചിരിച്ചുകൊണ്ടുപറഞ്ഞു, നായിന്റെമോൻ ഷിജുമോൻ. പല്ലിറുമ്മിക്കൊണ്ടുപറഞ്ഞു, നായിന്റെ മോൻ ഗ്രീസ്മാൻ...വീണ്ടും പല്ലിറുമ്മിക്കൊണ്ടുപറഞ്ഞു, "വെറുതെയല്ലടാ നിന്റെ കയ്യിലിരിപ്പുകാരണമാ നിനക്കിമ്മാതിരി പേരുകിട്ടിയത്. ഷിജുമോൻ!'
ഷിജുമോൻ എന്ന പേര് അയാളിൽ കടുത്ത അപകർഷത ഉണ്ടാക്കിയിരുന്നതുകൊണ്ട് അതിനു പകരംവീട്ടാനെന്നവണ്ണം ഷിജുമോൻ ഏകജാതയായപുത്രിക്ക് അനാമികഅലംകൃത എന്നുപേരിട്ടു. അതെ, ഇപ്പോൾ എഞ്ചിനീയറിംഗ് പഠനവുമായി ഹോസ്റ്റലിൽ നിൽക്കുന്ന അനാമികഅലംകൃത തന്നെ. പേരുകേട്ടപ്പോഴുണ്ടായ ആദ്യഞെട്ടൽ ഒന്നുമാറിയപ്പോൾ മഞ്ജു ചോദിച്ചു, ഏതേലും ഒന്നുപോരേ? കടുപ്പിച്ചൊരു നോട്ടമായിരുന്നു ഷിജുമോന്റെ മറുപടി. ഇത്തിരിയോളം പോന്ന അനാമികഅലംകൃത ഷിജുമോനെ നോക്കി മഞ്ജു പറഞ്ഞു, നിന്റെ വിധി.
ഈ തലമുറയിലെ എല്ലാ ടീനേജുകാരേയുംപോലെ അനാമികഅലംകൃതയും വിളഞ്ഞവിത്താണെന്ന് മഞ്ജുവിന് നന്നായി അറിയാം. മദ്യപിക്കുമെന്ന് നൂറുശതമാനം ഉറപ്പാണ്. മയക്കുമരുന്ന് തൊണ്ണൂറുശതമാനം ഉറപ്പാണ്. പിന്നെ കന്യകാത്വം...അത് അനാമികഅലംകൃതക്ക് വർഷങ്ങൾക്കുമുമ്പേ നഷ്ടപ്പെട്ടതാണെന്ന് മഞ്ജുവിന് നൂറിന് നൂറ്റിപ്പത്തുശതമാനം ഉറപ്പാണ്. പക്ഷേ എല്ലാ മലയാളി അച്ഛന്മാരേയുംപോലെ തന്റെ മകൾ പൂർണ്ണമായും കന്യകയാണെന്നും പരപുരുഷസ്പർശമേൽക്കാത്ത അനാഘ്രാതകുസുമമാമെന്നും ഷിജുമോൻ ഉറച്ചുവിശ്വസിക്കുന്നു. അതുകൊണ്ടുതന്നെ ഷിജുമോന്റെ ജീവിതത്തിലെ ഏറ്റവും വലിയ ടെൻഷനുകളിലൊന്നാണ് മകളുടെ ചാരിത്ര്യസംരക്ഷണം! ഹൈസ്‌കൂളിൽ പഠിക്കുമ്പോൾത്തന്നെ ഒപ്പം ടെന്നീസ് പ്രാക്റ്റീസ് ചെയ്തിരുന്ന കിരണിന്റെ കാറിന്റെ പിറകിലത്തെ സീറ്റിൽവച്ച് അനാമികഅലംകൃതയുടെ കന്യകാത്വം ഠേ എന്നുപൊട്ടിയതാണെന്നറിഞ്ഞാൽ ഷിജുമോൻ ഉറപ്പായിട്ടും ബോധം കെട്ടുവീഴും.
കംപ്യൂട്ടർ, കാൽക്കുലേറ്റർ, എക്‌സൽ ഷീറ്റ്...ഇതുമൂന്നും ഇല്ലെങ്കിൽ ഷിജുമോന്റെ കാര്യം കട്ടപ്പൊകയാണ്. അരണേടെ ബുദ്ധിയാ! ഒരിക്കൽ എന്തോ പറഞ്ഞത് ഇഷ്ടപ്പെടാഞ്ഞപ്പോ കൈ ഓങ്ങിക്കൊണ്ട് മഞ്ജുവിനുനേരേ പാഞ്ഞടുത്തു, "അതുനിന്റെയാ തന്ത ആ ആ ആ...' പൊട്ടിപുറത്തേക്കുവന്നചിരിയെ നാക്കുകൊണ്ടുതള്ളി അകത്താക്കി മഞ്ജു വിനയാന്വിതയായി പറഞ്ഞു, പ്രഭാകരൻ. "ആ, ആ പ്രഭാകരനോടുപോയിപറ.'
അനാമികഅലംകൃതക്ക് ഏഴെട്ടുവയസ്സായപ്പോ ഒരു കുട്ടിയെക്കൂടി വേണമെന്ന് മഞ്ജുവിനൊരാഗ്രഹം തോന്നി. കാര്യം സൂചിപ്പിച്ചപ്പോ ഒരെക്‌സൽ ഷീറ്റെടുത്തുകൊടുത്തിട്ട് ഷിജുമോൻ പറഞ്ഞു, "സീ, ഒരുകുട്ടിക്കനുസരിച്ച് ഞാൻ നമ്മുടെ ലൈഫ് പ്ലാൻ ചെയ്തുകഴിഞ്ഞു. ഇനിയതുമാറ്റാൻ പറ്റില്ല.'
മൂത്രമൊഴിച്ചിട്ട് പുറപ്പെട്ടുപോകാമെന്നുകരുതി ടോയ്‌ലറ്റിനുനേരേ നടക്കുമ്പോഴാണ് മഞ്ജുവിന്റെ തലയിൽ ആ ആശയം ഉദിച്ചത്. എന്തായാലും മുള്ളണം, അപ്പോപ്പിന്നെ...മഞ്ജു അലമാരയിലിരുന്ന ഷിജുമോന്റെ മുഴുവൻ ഷർട്ടുകളും വലിച്ചുതറയിലിട്ടു...
"എനിക്കു ജ്വലിക്കുന്ന ഒരു കുഞ്ഞുനക്ഷത്രം വേണം.'
ഗോകർണ്ണത്തെ ടാറ്റൂക്കാരൻ ചെറുക്കനോട് അവന്റെ മുന്നിലുള്ള ഡെസ്‌കിലിരുന്ന് ആഞ്ഞുകാലാട്ടിക്കൊണ്ടിരുന്ന മദ്ധ്യവയസ്‌ക പറഞ്ഞു. അപ്പോഴും അവൾ വാട്ടർബോട്ടിലിൽനിന്ന് ജെഡി ചപ്പിയിറക്കിക്കൊണ്ടിരുന്നു. ചിരിക്കുന്ന കണ്ണുകളോടെ അവൻ ചോദിച്ചു, എവിടെ?
ഒരു രഹസ്യം പറയുന്നമാതിരി അവൾ പറഞ്ഞു, "ഭർത്താവ് കാണാത്ത, എന്നാൽ കാമുകർ കാണുന്ന ഒരിടത്ത്.' എന്നിട്ടു തന്റെ ഇടത്തേമാറിടത്തിനുകീഴിലെ ഇടുപ്പ് അവനുകാണിച്ചുകൊടുത്തു.
നക്ഷത്രം നോവിക്കാൻ തുടങ്ങിയപ്പോൾ അവൾ ചെറുതായി ശ്ശ് എന്ന് ഒച്ചയുണ്ടാക്കി. അവൻ വലിച്ചിട്ടുബാക്കിവച്ച തെറുപ്പുസിഗററ്റെടുത്തുകൊടുത്തിട്ടു പറഞ്ഞു, "രണ്ടുപുകയെടുത്തോ. പിന്നെ വേദനയൊന്നും അറിയില്ല,' പുകയെടുത്തുകഴിഞ്ഞപ്പോ ഊറിവരുന്ന ചോരയൊപ്പുന്ന തുണിമാറ്റി പകരം അവന്റെ ചുണ്ടുകൾ കൊണ്ട് തന്റെ ചോരയൊപ്പണമെന്ന് അവൾക്കുതോന്നി. പക്ഷേ അവൻ ജോലിയിൽനിന്നും ശ്രദ്ധതിരിക്കാതെതന്നെ പറഞ്ഞു, "വേണ്ട, ഇൻഫെക്ഷൻ ആകും.'
തിളങ്ങുന്ന ചുവപ്പുനക്ഷത്രവുമായി മഞ്ജുചെന്നു കയറിയത് വിദേശികളും സ്വദേശികളുമായ ഒത്തിരിപ്പേർ ഒന്നിച്ചിരിക്കുന്ന ഒരോലപ്പുരയിലേക്കാണ്. ചില ഇടങ്ങളുണ്ട്, ആളുകൾക്ക് കൂടുതൽ സന്തോഷം തരുന്ന ഇടങ്ങൾ, ആളുകളെ കൂടുതൽ നല്ലവരാക്കുന്ന ഇടങ്ങൾ. അപ്രകാരം ഉള്ളിലുള്ള സന്തോഷം ഇരട്ടിച്ച, നന്മ ഇരട്ടിച്ച ഒരാൾക്കൂട്ടമായിരുന്നു അത്. അക്കൂട്ടത്തിൽ ആത്മഹത്യ ചെയ്യാനുറച്ച ഒരു യുവാവും ഉണ്ടായിരുന്നു. വേറേ പ്രത്യേകിച്ച് വിഷമങ്ങളൊന്നും ഇല്ല, അവൻ ആവശ്യത്തിനു ജീവിച്ചുകഴിഞ്ഞത്രേ!
ബത്തമീസ്ദിൽ ബത്തമീസ്ദിൽ ബത്തമീസ്ദിൽ ടഡഡംടഡഡം
ടഡഡംടഡഡം എത്തിയപ്പോൾ എല്ലാവരും മഞ്ജുവിനൊപ്പം കോറസ് പാടി
ടഡഡം ടഡഡം
പാട്ടുതീർന്നപ്പോൾ നെഞ്ചിൽ സൂര്യനെ ടാറ്റൂകുത്തിയ ഒരു ഫ്രഞ്ചുകാരൻ സായിപ്പ് മഞ്ജുവിനെ കെട്ടിപ്പിടിച്ച് ഉമ്മവെച്ചു. മഞ്ജു സായിപ്പിനോട് മലയാളത്തിൽ പറഞ്ഞു, "നിങ്ങളെകണ്ടാൽ ആരൺ ഹ്യൂസിനെപ്പോലുണ്ട്.' അയാൾ ഫ്രെഞ്ചിൽ മറുപടി പറഞ്ഞു, മലയാളത്തിൽ ചിരിച്ചു.
അവൾ 2016 ഡിസംബർ പതിനെട്ടിലെ ആ രാത്രി ഓർത്തു. എൺപതിനായിരത്തോളം മഞ്ഞമനുഷ്യരുടെഒപ്പം ആരൺ ഹ്യൂസിനും ബ്ലാസ്‌റ്റേഴ്‌സിനും വേണ്ടി തൊണ്ടപൊട്ടുന്ന ശബ്ദത്തിൽ അലറിവിളിച്ചതോർത്തു. ഒടുവിൽ കപ്പുകൈവിട്ടപ്പോൾ ആ എൺപതിനായിരത്തോളം പേർക്കൊപ്പം നിറഞ്ഞ കണ്ണുകളോടെ നിശ്ശബ്ദയായതോർത്തു. കളിക്കളങ്ങളെ ഭ്രാന്തമായി സ്‌നേഹിക്കുന്നവർക്കുമാത്രം മനസ്സിലാവുന്ന വേദനയാണത്!
പിറ്റേന്ന് തന്നോടൊപ്പം പാരീസിലേക്ക് വരണമെന്ന് സായിപ്പ് മഞ്ജുവിനോട് ഫ്രെഞ്ചിൽ പറഞ്ഞു. ഇനിയുള്ള കാലം ഈഫൽ ടവറിനുകീഴിലൂടെ സായിപ്പിനൊപ്പം കപ്പലണ്ടിയും കൊറിച്ചുകൊണ്ട് നടക്കാമെന്ന് മഞ്ജു മലയാളത്തിൽ സായിപ്പിനു വാക്കുകൊടുത്തു. പിന്നെ തന്റെ ജ്വലിക്കുന്നചുവപ്പുനക്ഷത്രത്തെ ആരണിന്റെ നെഞ്ചിലെ സൂര്യനുകാണിച്ചുകൊടുത്തു. "എന്തുഭംഗിയാ ആരൺ ഹ്യൂസിനെ കാണാൻ!'
ആരൺഹ്യൂസ് നല്ല കളി നല്ല മെന
പിറ്റേന്നുരാവിലെ സൂര്യൻ ഉദിക്കുന്നതിനുംമുമ്പ് മൂന്ന് റിയലൈസേഷനുകളുമായി മഞ്ജു ഞെട്ടിയെഴുന്നേറ്റു.
1. താൻ ഏതാണ്ട് പൂർണ്ണനഗ്നയായി ഗോകർണ്ണം ബീച്ചിൽ കിടക്കുകയാണ്.
2. ഇപ്പോഴും ചെറുതായി നീറിക്കൊണ്ടിരിക്കുന്ന ചുവപ്പുനക്ഷത്രത്തിൽ ചുണ്ടുകൾ ചേർത്തുകിടക്കുന്ന സായിപ്പിന്റെ കൈകൾ തന്റെ കാലുകൾക്കിടയിലാണ്.
3. ഷിജുമോൻ മടങ്ങിയെത്താൻ ഇനി ഒരുപകലും രാത്രിയും മാത്രമേ ബാക്കിയുള്ളൂ.
പിന്നെ നടന്നത് ഒരു ജംപ്കട്ടായിരുന്നു.
രണ്ടാഴ്ചത്തെ ടൂർ കഴിഞ്ഞ് തിരിച്ചുവന്ന ഷിജുമോൻ ഗേറ്റുതുറന്നതും അയാളുടെ അവസാനത്തെ ഷർട്ടും അലക്കി തേച്ച് അലമാരയിൽ കയറ്റിയിട്ട് മഞ്ജു കുളിമുറിയിൽ കയറിയതും ഏതാണ്ടൊരുമിച്ചായിരുന്നു. ബെഡ്‌റൂമിൽ കയറിയ ഉടനെ മൂക്കുവലിച്ചുകയറ്റികൊണ്ട് ഷിജുമോൻ ചോദിച്ചു, "ഇവിടെയെന്താ മൂത്രം മണക്കുന്നത്?'
ഷിജുമോൻ, ഒരിക്കലും പേരുപറയാതെ, തന്റെ ഭാര്യയെന്നുമാത്രം പറഞ്ഞ് മറ്റുള്ളവർക്കുപരിചയപ്പെടുത്തുന്ന ആ സ്ത്രീ ജ്വലിക്കുന്ന തന്റെ ചുവപ്പുനക്ഷത്രത്തെ താലോലിച്ചുകൊണ്ട് മറുപടി പറഞ്ഞു, "അതാ അപ്രത്തെ കണ്ടൻപൂച്ചയായിരിക്കും.' എന്നിട്ട് ലോകത്തിലെ സകലആണുങ്ങളേയും ഓർത്ത് ഒരുപുച്ഛച്ചിരി ചിരിച്ചു.