കടലിന്റെ താരാട്ടുകേട്ട് അവൾ ഒന്ന് ഉറക്കം പിടിച്ചു വരികയായിരുന്നു. അപ്പോഴാണ് പിന്നെയും കാക്കകളുടെ കൂട്ടക്കരച്ചിൽ കേട്ടത്. ആ കരച്ചിൽ അവൾക്ക് സുപരിചിതമാണ്. കടൽത്തീരത്തിലെ ശവക്കല്ലറകളിൽ ഏതെങ്കിലും ഒന്ന് പിന്നെയും തുറക്കപ്പെട്ടിരിക്കാം. അവയുടെ ഉള്ളിലെ പാതി ജീർണിച്ചവ കൊത്തിപ്പറിക്കാനായി കാക്കകൾ ആർത്തിയോടെ എവിടെ നിന്നെന്നറിയാതെ കൂട്ടത്തോടെ മത്സരിക്കുകയാണ്. കല്ലറയുടെ ചെറിയ വിടവുകളിലൂടെ അവറ്റകൾ കൊക്കുകൾ കൊണ്ട് അകത്തേക്ക് തള്ളിക്കയറാൻ ശ്രമിക്കും. കൊക്കുകളുടെ അറ്റത്ത് തടയുന്നതൊക്കെയും വലിച്ചുപുറത്തേക്ക് ഇടും. പിന്നെ ദുർഗന്ധം കൊണ്ട് അവിടെ നിൽക്കാൻ കഴിയില്ല. അവറ്റകളെ ഓടിച്ച് കല്ലറ പിന്നെയും വൃത്തിയാക്കി അതിനുമീതെ വലിയ പാറക്കല്ല് ഉറപ്പോടെ തിരിച്ചുവയ്ക്കണം. അത് അവളുടെ മാത്രം ജോലിയാണ്. അവൾ ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും ആ കല്ലറയുടെ കാവൽക്കാരിയാണ് താൻ എന്ന ബോധത്തോടെ ആണ് ജീവിക്കുന്നത്.
പാതിമയക്കത്തിൽ നിന്ന് അവൾ എഴുന്നേറ്റ് അവളുടെ ചുരുണ്ട മുടി പുറകിലേക്ക് വാരി കെട്ടിക്കൊണ്ട് കടൽത്തീരത്തിലേക്ക് നടന്നു. എണ്ണമറ്റ ശവക്കല്ലറകൾ! അവയുടെ മുകളിലെ ചെത്തി മിനുക്കാത്ത ശിലകളിൽ എഴുതിയ അവ്യക്തമായ ലിപികൾ. അവൾക്കു മാത്രം മനസ്സിലാകുന്ന ഭാഷയിൽ അവൾ തന്നെ ഇരുന്നു കൊത്തി എഴുതിയ വരികളാണ് അവയിൽ ഓരോന്നിലും. അവൾ തന്നെ കുഴിയെടുത്ത് മൂടിയ കുടീരങ്ങളാണ് ആ തീരമൊട്ടാകെ. അകലെനിന്ന് അവൾ അസ്തമയം നോക്കിനിൽക്കുമ്പോൾ പലപ്പോഴും ആ കല്ലറകളുടെ എണ്ണം അവളെ വിസ്മയിപ്പിക്കാറുണ്ട്. ഇത്രയൊക്കെ അവൾ ഈ ചെറിയ കാലയളവിൽ അടക്കം ചെയ്തിട്ടുണ്ടോ എന്ന് ഓർത്തു അഭിമാനിക്കണമോ അപമാനിതയാകണമോ എന്ന ആശയക്കുഴപ്പത്തിൽ നിൽക്കും.
കടലിൽ സൂര്യൻ അലിഞ്ഞുചേരുമ്പോൾ ആ കല്ലറകളും അവളും തനിച്ചാകും. ഇരുട്ടിൽ അവൾ ആ കല്ലറകളുടെ ഇടയിലെ ചെറിയ വഴികളിലൂടെ നടന്നു നോക്കാറുണ്ട്. ആ ശിലകൾ എല്ലാം ദൃഢമാണെന്ന് ഉറപ്പ് വരുത്തിയിട്ടേ അവൾ എന്നും ഉറങ്ങാറുള്ളു.
അങ്ങകലെയവൾക്ക് കാക്കകളുടെ വലിയ കൂട്ടം കാണാം. അവിടെ എവിടെയോയുള്ള ഒരു കല്ലറയാണ് തുറക്കപ്പെട്ടത്. എത്ര മണ്ണു കൊണ്ട് മൂടിയാലും, എത്ര വലിയ ശിലകൾക്കടിയിൽ ഭദ്രമാക്കിയാലും, പിന്നെയും ഇവയെല്ലാം തുറക്കപ്പെടുന്നത് എന്തുകൊണ്ടെന്ന് അവൾക്ക് മനസ്സിലാകുന്നില്ല. കടലിലെ മണലിന് ഉറപ്പില്ലാത്തതുകൊണ്ടാകണം എന്നവൾ ഊഹിച്ചു. ഒരുപക്ഷേ വേലിയേറ്റങ്ങളിൽ തിര ഉയരുമ്പോൾ ഒക്കെയും ബലഹീനമാകുന്നതുമാകാം.
ആകാശത്ത് കാക്കകളുടെ എണ്ണം കൂടുന്നത് കണ്ടപ്പോൾ അവൾ നടത്തത്തിന്റെ വേഗം കൂട്ടി. സമയം കൂടുംതോറും വൃത്തിയാക്കേണ്ട ജോലി അവൾക്കു കൂടി വരും എന്നവൾക്ക് അറിയാം.
ചുട്ടുപഴുത്ത മണലിലൂടെ എത്ര വേഗം ഓടിയിട്ടും അവളുടെ കാലിന്റെ ഉൾവശം പൊള്ളുന്നതല്ലാതെ കാക്കകളുടെ അടുത്തേക്ക് എത്തുന്നില്ല. അകലെ നിന്ന് അവൾ കൈവീശി അവയെ ഓടിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു.
ഒടുവിൽ കിതപ്പോടെ കാക്കകൾ ആക്രമിക്കുന്ന കല്ലറയുടെ അടുത്തേക്ക് എത്തിയപ്പോഴേക്കും അവിടെ മുഴുവൻ മലിനമായി കഴിഞ്ഞിരുന്നു. ഒരു നീണ്ട വടി കൊണ്ട് എല്ലാറ്റിനെയും അവൾ ഓടിച്ചു. കാക്കകൾ സംഘമായി ഉറക്കെ കരഞ്ഞുകൊണ്ട് അവളുടെ തലക്ക് മീതെ പറന്നു, അവളെ കൊത്തി മുറിവേൽപ്പിക്കാൻ ശ്രമിച്ചു.
‘പൊയ്ക്കൊള്ളണം’, അവൾ ഉറക്കെ അലറി കൊണ്ട് നീണ്ട വടി അവയ്ക്കുനേരെ പിന്നെയും വീശി. കാക്കകൾ ഉറക്കെ കരഞ്ഞുകൊണ്ട് ആകാശത്ത് ചിതറി പറന്നകന്നു.
കിതപ്പ് ഒന്നടങ്ങുന്നവരെ അവൾ ആ കല്ലറയെയും അതിൽനിന്ന് ഉതിർന്നുവരുന്ന കറുത്ത ജലധാരയെയും നിസ്സഹായതയോടെ നോക്കിനിന്നു. അതിന്റെ അസഹ്യമായ നാറ്റം അവളെ കൂടുതൽ അസ്വസ്ഥമാക്കി. കയ്യിലെ വടികൊണ്ട് അറപ്പോടെ അവൾ ആ ജീർണിച്ച ജലം തിരിച്ച് ഉള്ളിലേക്ക് കുത്തിവിടാൻ ശ്രമിച്ചു. അത് പിന്നെയും നുരഞ്ഞു കൊണ്ട് വാശിയോടെ പുറത്തേക്കുവരുന്നത് അകലെ ചില്ലകളിലിരുന്ന് കാക്കകൾ പ്രതീക്ഷയോടെ നോക്കുന്നത് അവൾക്ക് കാണാം. സ്ഥാനം മാറിക്കിടന്ന കല്ലറയുടെ മുകളിലെ വലിയ ശില ശ്രമപ്പെട്ട് അവൾ തിരിച്ചുവെച്ചു.
ഭാരമുള്ള ആ ശിലയുടെ മുകളിലെ കാലപ്പഴക്കം കൊണ്ട് മങ്ങിത്തുടങ്ങിയ അവളുടെ അക്ഷരങ്ങൾ അവൾ ഒന്ന് കൂടെ തുടച്ചു വൃത്തിയാക്കി.
‘ഇനിയൊരിക്കലും സ്നേഹിക്കില്ല എന്ന വാക്ക്’ അവൾ അതവൾക്ക് കേൾക്കാനെന്നപോലെ ഉറക്കെ വായിച്ചു.
പുറത്തേക്കൊഴുകിയ കറുത്ത ജലത്തെ അവിടെ കൂടുതൽ പടരുന്നതിനുമുൻപ് അവൾ കടൽമണ്ണു കൊണ്ട് മൂടി. കുറച്ചുനേരം കൂടി അവിടെ തന്നെ ഇരുന്നു. ആ നാറ്റം സഹിച്ചുകൊണ്ട്, ചില്ലകളിൽ കാത്തിരിക്കുന്ന വലിയ ചിറകുള്ള കാക്കകളെ രൂക്ഷമായി നോക്കിക്കൊണ്ട് അവൾ തളർന്നിരുന്നു.
‘ഇനി ഒരിക്കലും സ്നേഹിക്കില്ല’ എന്ന വാക്ക് അവൾ പിന്നെയും വായിച്ചു.
പലപ്പോഴായി തന്റെ അനുവാദമില്ലാതെ തുറക്കപ്പെടുന്ന കല്ലറയാണിത്. എത്ര കുഴിച്ചിട്ടാലും മൂടിവയ്ച്ചാലും പിന്നെയും പൊട്ടിയൊലിക്കുന്ന അവളുടെ നെഞ്ചിലെ സ്നേഹത്തിന്റെ കല്ലറ.
ഇല്ല, ഇനി സ്നേഹം ഉണ്ടാകരുത്. ചെറിയ വിത്തുകൾ പോലെ നെഞ്ചിൽ വീണു വൻമരങ്ങളായി അവ വളരുമ്പോൾ ആ ഭാരം താങ്ങാനുള്ള ത്രാണി അവൾക്കില്ല.
തൊട്ടടുത്ത കല്ലറകളിൽ അനാഥമാക്കപ്പെട്ട അവളുടെ ഓരോ സ്നേഹങ്ങളും അടക്കം ചെയ്യപ്പെട്ടിട്ടുണ്ട്. ഓർമയിൽ അവയൊക്കെയും അവശേഷിപ്പിച്ച ഒരു അവസാന വാചകം അവയുടെ മുകളിലോരോന്നിലും ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്. അവയുടെയൊക്കെ ഉള്ളിൽ അഴുകിക്കൊണ്ടിരിക്കുന്ന അവളുടെ എത്രയോ സ്വപ്നങ്ങളും പ്രതീക്ഷകളും കാത്തിരിപ്പുകളുമുണ്ട് എന്നവൾക്കറിയാം. തിരിച്ചുകിട്ടാത്ത എത്രയോ സ്നേഹങ്ങൾ ഉള്ളിൽ നീറിനീറി കിടപ്പുണ്ട്, അവൾ പൊഴിച്ച കണ്ണുനീരും ആരും കേൾക്കാത്ത വിതുമ്പലുകളും ഉണ്ട്. എത്ര കാലം കഴിഞ്ഞിട്ടും എത്രയൊക്കെ അഴുകിയിട്ടും അവ ഒന്നും മണ്ണുമായി ലയിച്ചുചേരാനാകാതെ, ഒരിക്കലും മുക്തി ലഭിക്കാതെ അവശേഷിക്കുന്നു.
അവളുടെ ഓരോ ഓർമകളും അങ്ങനെ ആ തീരത്ത് മുക്തിയില്ലാതെ കാത്തു കിടപ്പുണ്ട്. അവളുടെ ചിരിയും കരച്ചിലും മൗനവുമൊക്കെ ആ കല്ലറകളിൽ നിന്നുമാണ് തുടങ്ങുന്നത് എന്ന് മറ്റാർക്കും അറിയില്ല.
ആ തീരത്തുകൂടി നടക്കുമ്പോൾ അവൾക്ക് ഒരു ധ്യാനം പോലെയാണ്. പഴയ മുറിവുകളിലൂടെയും അതിജീവനങ്ങളിലൂടെയുമുള്ള സഞ്ചാരം. അവിടെ ഒരു ഒറ്റപ്പെട്ട മരത്തിന്റെ ചുവട്ടിലാണ് അവൾ അവളുടെ ബാല്യം കുഴിച്ചിട്ടിരിക്കുന്നത്. അതിന്റെ മുകളിലെ ശിലയെ നന്നായി ഒന്ന് തള്ളി നീക്കി, മണ്ണ് മാറ്റി, ഉള്ളിലെ കുഴിയിലേക്ക് അവൾ ഒന്ന് എത്തി നോക്കിയാൽ വവ്വാലുകൾ, കൂട്ടമായി പറന്നുയരുന്നത് പോലെ എത്രയോ ഓർമ്മകൾ അവൾക്കുമുന്നിലേക്ക് പറന്നുവരും.
‘ഇങ്ങനെ ഇടക്കിടക്ക് തുറന്നുനോക്കുന്നതു കൊണ്ടാണ് ഒന്നും അടക്കം ചെയ്യപ്പെടാത്തത്’, ഉറക്കെ അലറുന്ന തിരമാലകൾ അവളെ ശാസിക്കും.
ആ കുഴിയിൽ അവളുടെ അമ്മയുടെ മുഖത്തിടുന്ന പൗഡറിന്റെ മണമാണ്. എണ്ണ തേയ്ച്ചുകുളിച്ച് വൃത്തിയായി മുടി ചീകി ഇരിക്കുന്ന അവളുടെ അമ്മയുടെ മണം എത്ര കിട്ടിയാലും അവൾക്ക് മതിയാകില്ല. ആ മണലിന് അമ്മയുടെ മുഖത്തിന്റെ തണുപ്പും മൃദുലതയുമാണ് എന്നവൾക്ക് തോന്നിയിട്ടുണ്ട്.
ഓരോ തവണയും അവളുടെ മുഖം മണലിൽ ചേർന്നുകിടക്കുമ്പോൾ അമ്മയുടെ അടിയുടെ ചൂട് ആ വെയിലിന്റെ പൊള്ളലിൽ അവളുടെ കാലിന്റെ തൊലിയിൽ അറിയാൻ കഴിയുന്നുണ്ടായിരുന്നു. അടുക്കളയിലെ പലതരം തവികളുടെ കനത്തിൽ അവയെല്ലാം അവളുടെ തൊലിപ്പുറത്തു പിന്നെയും തടിച്ചുവരും. നല്ല ചുവന്ന വരകൾ. ചിലതിലൊക്കെ രക്തം പൊടിഞ്ഞു നീറുന്നതറിയാം. അമ്മയുടെ നഖത്തിന്റെ ആഴത്തിലുള്ള മുറിവുകൾ ശരീരത്തിൽ തെളിഞ്ഞുവരും- മുഖത്തും കഴുത്തിലും കയ്യിലുമൊക്കെ. ആ വരകളിലും മുറിവുകളിലുമാണ് അവളുടെ ബാല്യം രചിക്കപ്പെട്ടിട്ടുള്ളത്. അവളുടെ അമ്മയും അച്ഛനും അവൾക്ക് ചാർത്തിക്കൊടുത്ത പുതിയ ഭാഷയുടെ ലിപികൾ.
കടൽ വെള്ളം വന്നു തൊടുമ്പോൾ അവയെല്ലാം തൊലിപ്പുറത്തു നീറുന്നതു അവൾക്കറിയാം.
വർഷങ്ങൾ കഴിഞ്ഞ് അവളുടെ തെറാപ്പിസ്റ്റ് അതിനെ ബാല്യകാലത്തിലെ ട്രോമ എന്ന് വിശേഷിപ്പിച്ചപ്പോൾ മാത്രമാണ് അവയെല്ലാം ട്രോമയായിരുന്നു എന്നുപോലും തിരിച്ചറിഞ്ഞത്. അതുവരെ അവൾ അവളുടെ തെറ്റുകളുടെ പരിണാമമായിരുന്നു അവയൊക്കെ എന്നായിരുന്നു ധരിച്ചിരുന്നത്. എല്ലാം അവളുടെ മാത്രം തെറ്റുകൾ എന്ന ധാരണ അവൾക്ക് ആരോ പണ്ടേ പറഞ്ഞു കൊടുത്തിട്ടുണ്ടായിരുന്നു.
അവൾ ജനിച്ച കലികാലത്തിന്റെ ശാപം. അവളെപ്പോലെയുള്ള ശപിക്കപ്പെട്ടവർ ജനിച്ച കാലത്തിന്റെ അസിഹിഷ്ണുത!. എല്ലാത്തിനും അറിഞ്ഞോ അറിയാതെയോ അവൾക്കും ഒരു പങ്കുണ്ട്. അവൾ എന്നും ശിക്ഷ അർഹിച്ചിരുന്നു എന്ന് അവളെ പറഞ്ഞുവിശ്വസിപ്പിച്ചിരുന്നു.
ഇരുട്ട് നിറഞ്ഞ ആ കുഴിയിൽനിന്ന് മുതിർന്നവരുടെ ശബ്ദം കേൾക്കാം. അവളുടെ പേര് ഉറക്കെ വിളിക്കുന്നു. ഒരു മന്ദഹാസത്തോടെ അവൾ അത് കേട്ട് അവിടെ കിടന്നു. അവളുടെ പേര് അവർ ഉറക്കെ പിന്നെയും വിളിക്കുന്നു. ദേഷ്യത്തോടെ മാത്രമാണ് അവളുടെ പേര് അവർ ഉച്ചരിക്കാറ്. സ്നേഹത്തോടെ വിളിക്കാൻ പറ്റിയ ഒരു പേരായിരുന്നിരിക്കില്ല അവളുടെ.
ഒരിക്കൽ പോലും എന്തുകൊണ്ട് അവളുടെ പേര് സ്നേഹത്തോടെ ഉച്ചരിക്കാതെയിരുന്നു? സ്നേഹത്തോടെ അവരുടെ ശബ്ദവും ആ വിളിയും പലതവണ അവൾ സങ്കൽപ്പിച്ചുനോക്കിയിട്ടുണ്ട്. സങ്കൽപ്പത്തിൽ പോലും അവൾക്കത് കല്പന ചെയ്തെടുക്കാൻ കഴിയുന്നില്ലായിരുന്നു. ദേഷ്യത്തിൽ മാത്രം മുഴങ്ങുന്ന അവരുടെ ശബ്ദത്തിൽ അവളുടെ പേര് പിന്നെയും മുഴങ്ങി കേട്ടു. മനസ്സിൽനിന്ന് മാഞ്ഞുപോകാതെ കിടക്കുന്ന ചില ചിത്രങ്ങളും ആ കുഴിയുടെ ഇരുട്ടിൽ പിന്നെയും കറുത്ത ചിറകുള്ള കാഴ്ചയില്ലാത്ത വവ്വാലുകളായി പുറത്തേക്ക് പറക്കും.
നീണ്ട അവളുടെ മുടിയിൽ ചുറ്റിപ്പിടിച്ച് അമ്മ അവളെ നിലത്തുകൂടി ഇഴച്ചുകൊണ്ട് പോകുന്നതും, ഇടക്ക് ദേഷ്യം സഹിക്കാൻ കഴിയാതെ അമ്മയുടെ കാലുകൾ അവളെ ചവിട്ടുന്നതുമൊക്കെ. അങ്ങനെ ഒരു ചവിട്ടിലാണ് മുൻവശത്തെ അവളുടെ ഒരു പല്ല് പൊട്ടിപ്പോയത്. ഇന്നത് അമ്മയുടെ ഓർമയായി അവൾ അത് സൂക്ഷിക്കുന്നു. അത്രക്ക് വെറുക്കപ്പെടേണ്ട എന്തായിരുന്നു അവളുടെ ബാല്യത്തിന്?
അമ്മയ്ക്ക് ഒരിക്കൽ ദേഷ്യം സഹിക്കാൻ വയ്യാതെ വന്നപ്പോൾ അവൾ ഇട്ടിരുന്ന വസ്ത്രം വലിച്ചു കീറിയത് അവൾക്കോർമയുണ്ട്. അതിനു മാത്രം എന്ത് തെറ്റാണ് അവൾ ചെയ്തത് എന്നവൾക്ക് അന്നും അറിയില്ലായിരുന്നു. അവളുടെ കറുത്ത തൊലി മാത്രം പുറത്തുകാണുന്നതുവരെ അവൾ ഇട്ടിരുന്ന ഓരോ വസ്ത്രവും അവളുടെ ശരീരത്തിൽ നിന്ന് അമ്മ വലിച്ചുകീറിക്കളഞ്ഞു. നാണം മറയ്ക്കാൻ അവൾ ഒരു വാതിലിന്റെ പുറകിലേക്ക് മാറി കരയുന്നതും അവളുടെ കരച്ചിൽ കേട്ട് ആരോ അവിടേക്ക് വരുന്ന കാൽപെരുമാറ്റവും അവൾക്ക് ഇന്നും കേൾക്കാം. ഭയത്തോടെ കൈകൾക്ക് കൊണ്ട് മറയ്ക്കാൻ കഴിയുന്നിടത്തോളം മറച്ചു കൊണ്ട് ഉറക്കെ കരഞ്ഞ്, ആ കല്ലറ പെട്ടെന്ന് അവൾ മൂടിക്കളഞ്ഞു.
ബാല്യം - ശിലയിലെ ആ അക്ഷരങ്ങൾ അവൾ മനസ്സിൽ കിതപ്പോടെ ഒന്നുകൂടി വായിച്ചു.
വർഷങ്ങൾക്കുശേഷം അവളുടെ തെറാപ്പിസ്റ്റ് ബാല്യത്തിലെ ഈ ഏടുകളെ പീഡനം എന്ന് വിളിച്ചപ്പോൾ അവൾ എതിർത്തു: ‘എന്റെ അമ്മയ്ക്ക് അതിന്റെ അവകാശമുണ്ട്. അമ്മയാണ് എന്നെ പ്രസവിച്ചത്. പാൽ തന്നു വളർത്തിയത്. അമ്മയ്ക്ക് അവകാശമുണ്ട്. അമ്മ തീരുമാനിച്ചിരുന്നെങ്കിലും ഞാൻ ജനിക്കുക പോലും ഇല്ലായിരുന്നു’.
തെറാപ്പിസ്റ്റ് സ്നേഹത്തോടെ അവളെ എതിർത്തു. അങ്ങനെ ആർക്കും ആരുടെ മേലും അവകാശമില്ല എന്നവർ പറഞ്ഞു.
‘അമ്മയ്ക്ക് ഒരുപാട് വിഷമങ്ങളുണ്ടായിരുന്നു. അതൊക്കെ എന്നോടല്ലേ തീർക്കാൻ കഴിയൂ… അമ്മയുടെ വിഷമം ഞാനെങ്കിലും മനസ്സിലാക്കണ്ടേ. എന്തൊക്കെ ചെയ്താലും അമ്മയ്ക്ക് എന്നോട് സ്നേഹമുണ്ടായിരുന്നിരിക്കണം’.
സ്നേഹം അങ്ങനെ കഷ്ടപ്പെട്ട് സമ്പാദിക്കേണ്ട ഒന്നല്ല എന്ന് തെറാപ്പിസ്റ്റ് അവളെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു. അവൾ അത് വെറുതെ ഇരുന്നു കേട്ടതേയുള്ളൂ.
അങ്ങനെ അവളെ ആര് സ്നേഹിച്ചിട്ടുണ്ടാകും എന്നവൾ ആലോചിച്ചു.
മുഷിഞ്ഞ വസ്ത്രങ്ങൾ അലക്കിവയ്ക്കുന്നത് പോലെ ബന്ധങ്ങൾ അലക്കിത്തേച്ചുവെക്കണം. അല്ലെങ്കിൽ അവയെല്ലാം മുഷിഞ്ഞു ചുളുങ്ങി തന്നെ ഇരിക്കും. അത് എല്ലാവർക്കുമുള്ള നിയമമാണ്. കഷ്ടപ്പെട്ട് സമ്പാദിക്കേണ്ട ഒന്നുതന്നെയാണ് സ്നേഹം. എത്ര സ്നേഹിച്ചാലും കൈകളിൽ നിന്ന് ഒക്കെയും വഴുതി നഷ്ടമാകും എന്ന് ആ കടൽത്തീരത്തിലെ അവളുടെ ഓർമകളുടെ എത്രയോ കല്ലറകൾ സാക്ഷ്യം പറയും.

കടലു പോലെ ഉയർന്നും താഴ്ന്നും പോകുന്ന അവളുടെ മനസ്സിനെ തെറാപ്പിസ്റ്റ് നോക്കിയിരുന്നു. ‘ഇല്ല ഇത് നിങ്ങളുടെ തെറ്റല്ല. ഓർമ്മകളുടെ വേലിയേറ്റവും ഇറക്കവും മാത്രമാണ്’.
മരുന്നുകളുടെ മയക്കത്തിൽ പിന്നെയും അവളുടെ രാവുകളും പകലുകളും ആ തിരകളുടെ ഇരമ്പലിൽ ഒതുങ്ങിക്കിടന്നു. ഒറ്റക്ക് ഒരു മുറിക്കുള്ളിൽ മരുന്നുകളുടെ ഘടികാരത്തിന്റെ തുടിപ്പുകളിൽ കാലം കടന്നുപോയി.
എല്ലാ നഷ്ടങ്ങൾക്കും ഒരേ മുഖവും ഭാവവും ആയിരുന്നു. ഓരോ തവണയും ഒറ്റപ്പെടുമ്പോൾ അമ്മയുടെ കൈവിരൽ വിട്ട് ഒരു ആൾക്കൂട്ടത്തിൽ അകപ്പെട്ടുപോയ അതേ വേദനയായിരുന്നു അവൾക്ക്. ഓരോ നഷ്ടങ്ങളിലും തിരിച്ചു വന്നിരുന്നത് ഒരിക്കലും ഉണങ്ങാത്ത അതേ മുറിവ് മാത്രമായിരുന്നു.
കല്ലറകൾക്കുമീതെ കടലിന്റെ നനവുള്ള കാറ്റ് വീശി അവളെ ഉണർത്തി. അവളുടെ കണ്ണുനീരിന് കടലിന്റെ രുചിയായിരുന്നു.
അകലെ വിദൂരതയിൽ ഒരു പാട്ട് കേൾക്കാം. ഹൃദ്യമായി മീട്ടുന്ന ഏതോ വാദ്യത്തിന്റെ സംഗീതവും. അങ്ങോട്ട് പോകുവാൻ അവളുടെ കാലുകൾ വാശി പിടിച്ചു. അവിടെ തെളിയുന്ന വെളിച്ചത്തിൽ മറ്റ് മനുഷ്യരുടെ നിഴലുകൾ അവൾക്ക് കാണാം. ആ മനുഷ്യരുമായി ഒന്ന് സംസാരിച്ചിരിക്കുവാൻ, ഒന്ന് ചിരിക്കുവാൻ, കഥകൾ കേൾക്കുവാൻ, അവൾക്ക് കൊതി തോന്നി. ആ നിഴലുകളിൽ ഒന്നായി അവൾക്കും മാറാൻ, ആ സംഗീതത്തിനൊത്ത് അവൾക്കും ഒരിക്കലെങ്കിലും ചുവടുകൾ വയ്ക്കുവാൻ… കാലുകൾ പിന്നെയും വാശിപിടിച്ചു.
സ്നേഹിക്കാൻ അവൾക്കറിയില്ല എന്ന് തെറാപ്പിസ്റ്റ് പറഞ്ഞിട്ടുണ്ട്. ഓരോ സ്നേഹത്തിലും അവൾ കണ്ടെത്താൻ ശ്രമിക്കുന്നത് അവളുടെ ബാല്യമാണെന്ന് അവർ പറഞ്ഞു. അമ്മയെ കെട്ടിപ്പിടിച്ചുകിടക്കുന്ന കുട്ടിയെ പോലെയാകും ഓരോ തവണയും അവൾ. അവൾക്ക് സ്നേഹിക്കാനറിയില്ല. അവളുടെ സ്നേഹം മറ്റുള്ളവരെ ഭയപ്പെടുത്തുകയേയുള്ളൂ.
ഇല്ല, ഇനിയില്ല.
നോവിന്റെ പുതിയ കല്ലറകളുണ്ടാക്കുവാൻ ഇനിയും മനസ്സിലിടമില്ല.
ഇല്ല, ഇനി ശിലകളിലെഴുതാൻ വാചകങ്ങളില്ല.
അകലെയുള്ള പാട്ടും മനുഷ്യരുടെ നിഴലുകളും അവൾക്കുമുന്നിൽ കൂടുതൽ തെളിഞ്ഞുവരാൻ തുടങ്ങി. അവ അവളുടെ ഉള്ളിലെ മുറിവുകളെ കൂടുതൽ വ്രണപ്പെടുത്താൻ തുടങ്ങി. അവൾക്ക് നിഷിദ്ധമായ സന്തോഷങ്ങൾ!
തിളച്ചുമറിയുന്ന കടലിലേക്ക് സ്വയം നടന്ന്, അതിന്റെ അടിത്തട്ടിൽ തന്റെ മരണത്തെ അന്വേഷിക്കാനായി അവൾക്ക് കൊതി തോന്നി. ആ പാട്ടിൽ നിന്നും മനുഷ്യരിൽ നിന്നും അവർ പിന്നീട് അവൾക്ക് കൊടുക്കാനിരിക്കുന്ന നോവുകളിൽ നിന്നും അവൾക്ക് രക്ഷപ്പെടണമെങ്കിൽ കടലിലേക്ക് നടന്നു നീങ്ങി തിരകളിൽ മറയുകയേ വഴിയുള്ളൂ എന്നവൾക്ക് തോന്നി.
കടലിലേക്ക് അവൾ കൂടുതൽ നടന്നു.
അടിത്തട്ടിലെ മരണം എന്ന ഒരു കോട്ടയുണ്ടെങ്കിൽ ആകാശവും ഭൂമിയും കാണാതെ അവിടെ അവൾക്ക് ഒളിച്ചുകഴിയാം. പുനർജന്മമുണ്ടെങ്കിൽ എന്നെങ്കിലും ഒരു ചിത്രശലഭമായി ഒരു ദിവസം മാത്രം ജീവിച്ചു മരിക്കാനായി ഭൂമിയിലേക്ക് തിരിച്ചു വരാം. നിറമുള്ള നേർത്ത ചിറകുകൾ വീശി മനുഷ്യനായി ജനിച്ചിട്ടും എത്തിപ്പെടാൻ കഴിയാത്ത ഉയരങ്ങളിൽ എങ്കിൽ പറന്നുനടക്കാം.
തിരകളിലേക്ക് അവൾ കൂടുതൽ നടന്നു.
അവളുടെ നെഞ്ചോളം തിരകൾ തിളച്ചുമറിയുന്നത് അവൾ കണ്ടു. കടലിനെ അവസാനമായി ഒരു നോക്ക് കണ്ടിട്ട് കണ്ണുകളടച്ച് പിന്നെയും അവൾ നടക്കുവാൻ തുടങ്ങി.
പുറകിൽ കാക്കകളുടെ കൂട്ടക്കരച്ചിൽ. തിളച്ചു മറിയുന്ന തിരകൾക്കുനടുവിൽ അവൾ ഒന്ന് നിന്നു. അടച്ച കണ്ണുകൾ തുറന്ന് പുറകിലേക്ക് ഒന്ന് നോക്കി. തീരത്ത് വട്ടമിട്ട് പറക്കുന്ന വലിയ ചിറകുള്ള കാക്കകൾ.
എവിടെയോ പിന്നെയും ഒരു കല്ലറ തുറക്കപ്പെട്ടു. അത് വൃത്തിയാക്കാതെ അവൾക്ക് പോകാൻ കഴിയില്ല.
എവിടെയോ ഒരു കുഞ്ഞിന്റെ അടക്കിയ കരച്ചിൽ കേൾക്കാം…
വേദനയടക്കിപ്പിടിച്ച ഒരു കുഞ്ഞിന്റെ കരച്ചിൽ. തിരിച്ചുനടക്കാതെ നിവൃത്തിയില്ല.
കർമം ബാക്കി കിടന്നുകൂടാല്ലോ.
തിരകൾ അവളെ പിന്നെയും തീരത്തേക്ക് കൊണ്ട് വന്ന് ഉപേക്ഷിച്ചു. ഒരു പാഴ്മരം പോലെ ഓളങ്ങളിൽ അവൾ പൊങ്ങിക്കിടന്നു. വലിയ ഒരു തിര അവളെ മണലിലേക്ക് വലിച്ചെറിഞ്ഞു.
ഒരു കുട്ടിയുടെ കരച്ചിൽ കൂടുതൽ വ്യക്തമായി കേൾക്കാം അവൾക്ക്.
അവൾ ചുറ്റും നോക്കി. കാക്കകൾ വലിയ ചിറകുകൾ വിരിച്ചു പറക്കുന്ന ആകാശത്തിനു താഴെ നിന്നും പിന്നെയും കരച്ചിൽ.
മണലിന്റെ ഗർഭപാത്രത്തിൽ ഒരു പെൺകുട്ടി ഭയന്ന് ഇരിക്കുന്നു. അവൾക്ക് ചുറ്റും വിശപ്പോടെ പറക്കുന്ന കാക്കകൾ. പിന്നെയും അവറ്റകളെ ഓടിച്ചു ആ കുഴിയിലേക്ക് അവൾ എത്തിനോക്കി.
പ്രതീക്ഷയോടെ അവളുടെ കണ്ണുകളിലേക്ക് നോക്കിയിരിക്കുന്ന ഒരു പെൺകുട്ടി. കരയാൻ തുളുമ്പിനിൽക്കുന്ന കാർമേഘത്തിന്റെ നിറമുള്ള കണ്ണുകൾ.
തല്ലു കിട്ടുമോ ശകാരിക്കപ്പെടുമോ എന്ന ഭയത്തിൽ ഒരു കോണിൽ തനിച്ചുനിൽക്കുന്നവൾ. കരയാൻ അവകാശമുണ്ടോ എന്നറിയാതെ പകച്ചു നിൽക്കുന്നവൾ. ബാല്യം ഇല്ലാതെയായവൾ.
അവളെ ആ ഇരുട്ടിലിട്ടു മൂടാൻ എങ്ങനെ മനസ്സ് വരും. അവളെ എങ്ങനെ ഉപേക്ഷിക്കും. കൈയെത്തി അവളെ ആ കുഴിയിൽ നിന്നും വലിച്ചെടുത്തു. നന്ദിയോടെ അവൾ കൈകളിൽ പിടിച്ചു കയറിവന്നു.
ഭയം നിറഞ്ഞ അവളുടെ മുഖത്ത് മൃദുവായി തലോടിയപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. ചുരുണ്ട അവളുടെ മുടിയിഴകൾ സ്നേഹത്തോടെ ഒതുക്കിവയ്ച്ചു. അവളുടെ കണ്ണുകളിലെ നീർച്ചാലുകൾ സ്നേഹത്തോടെ തുടച്ചുമാറ്റി. അവളെ ചേർത്തുപിടിച്ചപ്പോൾ അവളുടെ മിഴിനീരുകൾ നെഞ്ചിലൂടെ ഒരു പുഴയായി ഒഴുകുന്നത് അറിയാമായിരുന്നു.
“തന്നിലെ ഒരിക്കലും വളരാൻ കഴിയാത്ത പെൺകുട്ടി”
‘നിനക്ക് ഞാനേ ഉള്ളൂ…’
ആ പെൺകുട്ടിയുടെ കൈ പിടിച്ച് മണലിലൂടെ നടക്കുമ്പോൾ ഓരോ കല്ലറകളായി മണലിൽ താഴ്ന്നു അപ്രത്യക്ഷമാകുവാൻ തുടങ്ങി.
‘നിനക്ക് ഞാനുണ്ട്’ എന്ന് ദൃഢമായി അവളോട് പറഞ്ഞു.
അവളുടെ കണ്ണുകളിൽ മഴമേഘങ്ങൾ മാറി വെയിൽ വെളിച്ചം പോലെ ഒരു മന്ദഹാസം തെളിഞ്ഞു. ആ വെളിച്ചത്തിൽ എല്ലാ ശിലകളും ഓർമകളുടെ ശിലാലിഖിതങ്ങളും മാഞ്ഞു പോകുവാൻ തുടങ്ങി. ചില്ലകളിൽ കാത്തിരിക്കുന്ന കാക്കകൾ നിരാശയോടെ പറന്നകന്നു.
‘നിനക്ക് ഞാനുണ്ട്’ എന്നാവർത്തിച്ച്, ആ പെൺകുട്ടിയെ ചേർത്തുപിടിച്ച്, തീരത്തിലൂടെ നടന്നപ്പോൾ, അകലെയുള്ള പാട്ടും മനുഷ്യരുടെ നിഴലുകളും നഷ്ടങ്ങളെ ഓർമിപ്പിച്ചില്ല.
അന്നത്തെ അസ്തമയം അവർ ഒരുമിച്ചുകണ്ടു. കല്ലറകൾ മാഞ്ഞുപോകുന്ന തീരത്തു വീഴുന്ന സ്വർണനിറമുള്ള വെളിച്ചവും ഒഴിഞ്ഞ തീരത്തേക്ക് തിരമാലകൾ നിറങ്ങളായി ഒഴുകിപ്പടരുന്നതും അവർ ഒരുമിച്ചുകണ്ടു.
‘ഇനി നിനക്ക് ഞാനുണ്ട്’, അവൾ പിന്നെയും ആവർത്തിച്ചു.
