ചിത്രീകരണം: ദേവപ്രകാശ്

പുണ്യാളൻ ജോർജ്ജിന്റെ പുസ്തകക്കട

* ഒസ്യത്ത്

ത് വേദനയുടെ കഥയാണ്.

കാത്തിരുന്നവരുടെ കഥയാണ്.

ഒഴിഞ്ഞുപോയ കുടുംബത്തെ കാത്ത് മരിച്ചുപോയൊരാൾ വീടിനെ ചുറ്റിപ്പറ്റി നടക്കും പോലെ ക്ലോഷർ ലഭിക്കാതെ, മൂവ് ഓൺ ചെയ്യാൻ സാധിക്കാതെ എന്നോ ഒരിക്കൽ സ്നേഹിക്കപ്പെട്ട ഓർമകളിൽ പെട്ടു പോയവരുടെ കഥയാണ്.

ഇത് അപർണ്ണയുടേയും മാനസിന്റേയും കഥയാണ്.

മരണങ്ങളിലും രോഗവിവരങ്ങളിലും സാമ്പത്തിക പ്രശ്നങ്ങളിലും തുടങ്ങി ജീവിതത്തിലെ ഏറ്റവും ദുരിതപൂർണമായ സന്ദർഭങ്ങളെ ധൈര്യപൂർവ്വം നേരിടുകയും പ്രേമത്തിന്റെ നിരാകരണത്തിൽ മഴയിൽ കുതിർന്നു വീണ മൺപ്പുറ്റു പോലെ തകരുകയും ചെയ്യുന്ന മനുഷ്യരുടെ കഥയാണ്.

ഏകാന്തമായ ജനലരികിൽ നിന്ന് മഴ പെയ്യുന്നതും മൂടൽ മഞ്ഞ് ചലിക്കുന്നതും സൂര്യനസ്തമിക്കുന്നതും നോക്കി നിന്ന് പ്രിയപ്പെട്ട ആരെയോ ഓർക്കുന്നവരുടെ കഥയാണ്. യാത്രകളോ ലഹരികളോ സിനിമയോ പാർട്ടിയോ വൺനൈറ്റ് സ്റ്റാൻഡോ ഒന്നുമൊന്നും പ്രേമത്തിനു പകരമാവിലെന്ന് അറിഞ്ഞവരുടെ കഥയാണ്.

വൈകീട്ട് ആറുമണി. ഒക്ടോബർ അവസാനം.

നഗരത്തിൽ തണുപ്പ് കാലത്തിന്റെ ആരംഭം. സൂര്യരശ്മികൾ തണുപ്പിന്റെ സൂചികൾ കൊണ്ട് ആളുകൾക്ക് കമ്പിളി തുന്നുന്ന സമയം. കിട്ടിയത്തക്കത്തിന് കയ്യിൽ തടഞ്ഞതെല്ലാം വാരിക്കെട്ടി ഓടുന്ന ശ്വേതക്ക് കുറുകേ നിൽക്കുവാനോ കണ്ണു നിറച്ച് പോകരുതെന്ന് അപേക്ഷിക്കാനോ മാനസ് നിന്നില്ല. അപ്പാർട്ട്മെൻറ്​ വാടക ഇനി ഒറ്റക്ക് കൊടുക്കേണ്ടി വരുമല്ലോ, അവൾ മുറിയിൽ വാങ്ങിവച്ചിരിക്കുന്ന ചെടികൾക്കെല്ലാം മുടങ്ങാതെ വെള്ളമൊഴിക്കണമല്ലോ എന്നൊക്കെയോർത്താണ് അയാൾക്ക് മന:സമാധാനക്കേട് തോന്നിയത്. സ്യൂട്ട് കേസും ബാഗും തൂക്കി ശ്രമപ്പെട്ട് മരഗോവണിയിറങ്ങുന്ന ശബ്ദം, വലിച്ചടച്ചിട്ടും തുറന്നു പോയ വാതിലിലൂടെ കേട്ട് അയാൾ നിന്നു. കെട്ടിടത്തിന്റെ പ്രധാനവാതിലും കടന്ന് അവൾ ടാക്സിക്കായി കാത്തുനിൽക്കുന്നത് മാനസ് ജനലിലൂടെ എത്തി നോക്കി. പതിവു പോലെ ഇടതുകാലിലെ ഷൂസിന്റെ ലേസ് കെട്ടഴിഞ്ഞത് കണ്ട് താഴെ ഇറങ്ങിച്ചെന്നത് കെട്ടിക്കൊടുക്കാൻ അയാളുടെ കൈ വിരലുകൾ തുടിച്ചു. താഴെയുള്ള അപ്പാർട്ട്മെന്റിൽ നിന്നും സംഗീതം പുറത്തേക്ക് തെറിക്കുന്നുണ്ടായിരുന്നു. പാട്ടിന്റെ താളത്തേക്കാൾ കുറഞ്ഞ വേഗതയിൽ ഏതാനും കാലടികൾ അവരെ കടന്നുപോയി. ഇടക്ക് തണുപ്പു കാറ്റടിച്ച് അവളും ജനൽ വിരികളുമിളകി. അയാളെ സമാധാനിപ്പിക്കാൻ ജനൽ വിരികൾ മാത്രം കൈകൾ നീട്ടിയുരുമ്മി.

ആദ്യത്തെ രണ്ടുദിനം മുഴുക്കെ, ചെളിയിൽ പുതഞ്ഞ മുഷിയെ പോലെ പുലർച്ചയുടെ നീല നിറത്തിൽ അയാൾ പൂണ്ടു കിടന്നു. ചെളിയിലെ ആമ്പൽ തണ്ടിലൂടെ ഇടക്ക് രണ്ട് കവിൾ ശ്വാസം എടുക്കും, വീണ്ടും മറയും. ബാത്ത് റൂമിലെ കുളിക്കുന്ന ശബ്ദമോ, അടുക്കളയിലെ ഗ്ലാസിന്റെ മുട്ടലോ, ബാൽക്കണിയിലെ തട്ടലുകളോ, കോണിപ്പടിയിൽ ഏറിവരുന്ന കാലടി ശബ്ദമോ ഒക്കെയായി ശ്വേതയുടെ സാന്നിദ്ധ്യം പ്രതീക്ഷിച്ച് അയാൾ വിഷാദത്തിൽ അമർന്നു. ഉറക്കം കുറഞ്ഞ രാത്രികളിലെ ചെറുമയക്കങ്ങളിൽ മാനസ് ശ്വേതയെ സ്വപ്നം കണ്ടുണരും. നേരിട്ട് കരയാൻ കഴിയാതിരുന്നപ്പോഴൊക്കെ അയാൾ സ്വപ്നങ്ങളിൽ ശ്വേതയുടെ കഴുത്തിൽ കിടന്ന് കരഞ്ഞ് ആശ്വസിക്കും. കഴുത്തിലൂടെയൊലിക്കുന്ന കണ്ണുനീർ അവൾ തന്നെ വസ്ത്രത്തിന്റെ അരികു വച്ചു തുടക്കും. അത് കണ്ട് ഭാരം കുറഞ്ഞ കുളക്കോഴികൾ അയാളുടെ അമ്പലിലകളിൽ വന്നിരുന്ന് വിഷാദ രാഗം പാടും. ചിലത് ഉള്ളുപൊള്ളയായ ചുള്ളിക്കമ്പുകളുടെ കൂട് അയാൾക്കായി ഉണ്ടാക്കിക്കൊടുക്കും. അതിൽ ചുരുണ്ടുകൂടാൻ ശ്രമിച്ചപ്പോഴൊക്കെ ആമ്പലിലകൾ അയാളെ വഴുക്കിക്കളഞ്ഞ് മുങ്ങി. പൊങ്ങിയപ്പോൾ അവർ കണ്ണുനീർ പോലെ ഏതാനും തുള്ളി വെള്ളം ഗോളാകൃതിയിൽ കോരിക്കൊണ്ടു വന്നു.

മറ്റെല്ലാ പ്രവർത്തികൾക്കിടയിലും പശ്ചാത്തലമായി ഓടുന്ന ഒരു മ്യൂസിക്ക് പ്ലേയർ പോലെ വേദനയുടെ ആ ഓർമ അയാളിൽ എപ്പോഴും പ്രവർത്തിച്ചു കൊണ്ടിരുന്നു.

രണ്ടാഴ്ച കഴിഞ്ഞപ്പോഴാണ് ആ സംഭവം. പുതിയൊരു തീരുമാനം.
‘എന്തുവില കൊടുത്തും ശ്വേതയെ തിരികെ കൊണ്ടു വരണം’
അവളില്ലാതെ പറ്റില്ല. ഈ തെറാപ്പി കൊണ്ടൊന്നും ഒരു കാര്യവുമില്ല.
അയാൾ അതിനായുള്ള പദ്ധതികൾ ആസൂത്രണം ചെയ്തു. കുറവുകളെല്ലാം പരിഹരിക്കണം. സുഹൃത്തുക്കളേയും കൊണ്ട് പുറത്ത് പോകണം. ഭക്ഷണശാലകൾ സന്ദർശിക്കണം. യാത്രകൾ പോകണം. കടലുകളും സംസ്ക്കാരങ്ങളും താണ്ടണം. മടി കളയുവാൻ ഫിറ്റ്നസ് ക്ലബ്ബിൽ മെംബർഷിപ്പ് എടുത്ത് ദിവസവും എക്സർസൈസ് ചെയ്യണം. മുടി വെട്ടണം. പരമാവധി പ്രൊഡക്ടീവ് ആകണം. ജിമ്മിൽ പോയി ആദ്യത്തെ ആഴ്ചയിലേ ശരീരം മുഴുക്കെ വേദനിച്ച് കിടക്കുമ്പോഴാണ് ശുഭസൂചകമായി ശ്വേതയുടെ മെസേജ് വരുന്നത്. നോട്ടിഫിക്കേഷനിൽ അവളുടെ പേരു കണ്ടതും അയാളുടെ ഹൃദയം പതിവിലും വേഗത്തിൽ മിടിച്ചു.

ഹലോ
ഹലോ
അവിടെ ഹാളിലെ അലമാരയിൽ മൂന്നാമത്തെ തട്ടിൽ പച്ച നിറത്തിലൊരു പുസ്തകം കാണും. ജോർജസ് പെറക്കിന്റെ കവിതകൾ. അത് സെയിൻറ്​ ജോർജിന്റെ ബുക്ക് ഷോപ്പിൽ കൊടുക്കണം. കടമായിട്ട് വായിക്കാൻ വാങ്ങിയതാണ്. ഞാൻ ഇനി വീട്ടിലേക്ക് വന്നാൽ ശരിയാകില്ല. അഡ്രസ്സ് ഞാൻ അയക്കാം.
ഇത് പറയാനാണോ മെസേജ് ചെയ്തേ?
അതെ ഹോപ്പ് യു ആർ ഡൂയിംഗ് ബെറ്റർ. ടേക്ക് കെയർ ബൈ
ബൈ
ബിറ്റ് വീൻ എന്റെ ചെടികൾ എനിക്ക് വേണം. ഞാൻ ആരെയെങ്കിലും വിടാം. അതുവരെ അതുങ്ങൾക്ക് വെള്ളം തളിക്കണം.
ശരി ആളെ അയക്കുമ്പോൾ പറഞ്ഞാൽ മതി
ശ്വേത ഇത്തിരി നേരം കൂടി സംസാരിച്ചിരുന്നെങ്കിൽ എന്നവനു തോന്നി. മാനസിനവളെ മിസ്സ് ചെയ്തു. എത്രയോ കാര്യങ്ങൾ ഒരുമിച്ചു ചെയ്തു. എത്രയോ കാര്യങ്ങൾ ഒരുമിച്ച് ചെയ്യാൻ കിടക്കുന്നു. ഒരുമിച്ചില്ല. ഒരിത്തിരികൂടി സമയം കിട്ടിയിരുന്നെങ്കിൽ.

ഒരിത്തിരികൂടി ഒരിത്തിരികൂടി കൂടെയിരിക്കാമായിരുന്നു ഒരിത്തിരികൂടി മുടിയിൽ തലോടാമായിരുന്നു ഒരിത്തിരികൂടി ക്ഷതങ്ങളിൽ ഉമ്മ വയ്ക്കാമായിരുന്നു ഒരിത്തിരികൂടി നടക്കാൻ പോകാമായിരുന്നു ഒരിത്തിരികൂടി കടൽക്കരയിലിരുന്ന് ബിയർ കുടിക്കാമായിരുന്നു ഒരിത്തിരികൂടി ചെടികൾ നനക്കാമായിരുന്നു ഒരിത്തിരികൂടി പുന്നാരിക്കാമായിരുന്നു ഒരിത്തിരികൂടി കെട്ടിപ്പിടിക്കാമായിരുന്നു ഒരിത്തിരികൂടി ഒരുമിച്ച് എക്സർ സൈസ് ചെയ്യാമായിരുന്നു ഒരിത്തിരികൂടി കാറ്റ് കൊള്ളാമായിരുന്നു ഒരിത്തിരികൂടി ഒരുമിച്ച് സൈക്കിൾ ചവിട്ടാമായിരുന്നു ഒരിത്തിരികൂടി ഒരുമിച്ചുറങ്ങാമായിരുന്നു ഒരിത്തിരി കൂടി തൊട്ടുതൊട്ടു നിൽക്കാമായിരുന്നു ഒരിത്തിരികൂടി കുട്ടിക്കാലത്തെ പറ്റി കേൾക്കാമായിരുന്നു ഒരിത്തിരികൂടി ഒരുമിച്ച് സിനിമകൾ കാണാമായിരുന്നു ഒരിത്തിരികൂടി ആകാശം നോക്കി കിടക്കാമായിരുന്നു ഒരിത്തിരികൂടി ട്രെയിനിൽ പോകാമായിരുന്നു ഒരിത്തിരികൂടി ഒരുമിച്ച് കുളിക്കാമായിരുന്നു ഒരിത്തിരികൂടി കഥ കേട്ടിരിക്കാമായിരുന്നു ഒരിത്തിരികൂടി ചുറ്റിയടിക്കാമായിരുന്നു ഒരിത്തിരികൂടി പാട്ട് കേൾക്കാമായിരുന്നു ഒരിത്തിരികൂടി ചിരിക്കാമായിരുന്നു ഒരിത്തിരികൂടി ബാത്ത് ടബ്ബിൽ കിടക്കാമായിരുന്നു ഒരിത്തിരികൂടി വസ്ത്രങ്ങൾ മടക്കി വയ്ക്കാമായിരുന്നു ഒരിത്തിരികൂടി വീഡിയോകൾ എടുക്കാമായിരുന്നു ഒരിത്തിരികൂടി പ്രേത കഥകൾ പറഞ്ഞ് പേടിപ്പിക്കാമായിരുന്നു ഒരിത്തിരികൂടി ഒരുമിച്ച് ഒരിത്തിരികൂടി ഒരിത്തിരി ഇത്തിരി

പിന്നെയും രണ്ടു ദിവസം കഴിഞ്ഞാണ് പുണ്യാളൻ ജോർജിന്റെ കടയിലേക്ക് മാനസ് പുസ്തകവുമായി കയറിച്ചെല്ലുന്നത്. വാതിൽ തുറന്നപ്പോൾ കെട്ടിയിട്ടിരുന്ന ചെറിയ മണികൾ മുഴങ്ങി. രണ്ട് വലിയ ഹാളുകൾ ഒന്നിച്ച് ചേർത്ത പുസ്തകക്കട. ചുമരുകളിലെ അലമാരകളിൽ നിറയെ പുസ്തകങ്ങൾ. പഴയ പുസ്തകങ്ങൾ. പല വിഭാഗങ്ങളായി അവയെ തിരിച്ചിരിക്കുന്നു. അതിൽ തന്നെ എഴുത്തുകാരുടെ ആൽഫബറ്റിക് ഓർഡറിലാണ് ക്രമീകരണം. ഉയരം അധികമുള്ള അലമാരകളിലേക്ക് കൈ എത്തിക്കുവാൻ രണ്ട് ചെറിയ ഏണികൾ അശ്രദ്ധമായി മുറിയുടെ ഓരോ ഭാഗങ്ങളിലായി ഇട്ടിട്ടുണ്ട്. കടയ്ക്കുള്ളിൽ ആരേയും കാണാതായപ്പോൾ അയാൾ വിളിച്ചു
“ഹലോ”
മറുപടിയൊന്നും ഇല്ലാതെയായപ്പോൾ കടയിലെ ചുമരലമാരയിൽ ചാരി നിർത്തിയ പുസ്തകങ്ങൾ നോക്കി നിന്നു. ഇതു വരേയും കേൾക്കാത്ത പേരുകൾ മനസ്സിൽ വായിച്ചു. രണ്ടു മിനിറ്റെങ്കിലും കഴിഞ്ഞ് സഹികെട്ടപ്പോൾ ഒരിക്കൽ കൂടി വിളിച്ചു
“ഹലോ”
കുറച്ച് കഴിഞ്ഞ് ഒരു മുഖം തൊട്ടടുത്ത ഹാളിലെ പുസ്തകങ്ങൾക്കിടയിലൂടെ പുറത്ത് വന്ന് ഇങ്ങോട്ട് വരാൻ ആംഗ്യം കാണിച്ചു. എന്തോ പറയാൻ ശ്രമിച്ച് പരാജയപ്പെട്ടതിനാൽ മാനസിന് അങ്ങോട്ട് നടക്കേണ്ടി വന്നു. ഹാളിനൊരു മൂലയിൽ മറ്റൊരു വാതിലിനപ്പുറം ആളുകളുടെ ശബ്ദം കേട്ടവനങ്ങോട്ട് ചെന്നു. ഭാഷ ഇംഗ്ലീഷാണ്. വൃത്തത്തിൽ നിരത്തിയിരുന്ന കസേരകളിലൊന്നിൽ ഇരിക്കാൻ മുൻപ് കണ്ട മുഖം പറഞ്ഞു.
“ഞാനതിന് ഈ പുസ്തകം തരാനായി”
“സിറ്റ് സിറ്റ്”
അയാൾ എതിർപ്പ് മാറ്റി വച്ച് കസേരകളിലൊന്നിൽ ഇരുന്നു. ഒരാൾ സംസാരിക്കുന്നുണ്ടായിരുന്നു.
“ഞാൻ യെമനിൽ നിന്നുമാണ്. ഈ കവിത ‘ബ്ലഡ് ഓഫ് ബ്രദേഴ്സ്’, ഒരു മരത്തെക്കുറിച്ചാണ്. സൊക്കോട്രാ മരം. ഈ മരത്തെ ബ്ലഡ് ഓഫ് ബ്രദേഴ്സ് എന്ന് വിളിക്കുന്നതിനു കാരണമുണ്ട്. പണ്ട് കായേൻ ആബേലിനെ വയലിൽ വച്ച് ആക്രമിച്ചു കൊലപ്പെടുത്തിയപ്പോൾ ഒഴുകിയ രക്തം വലിച്ചെടുത്ത് ഉണങ്ങാതെ പിടിച്ചു നിന്ന മരമാണിത്. അത്രയും പ്രാചീനമായ മരം. അത് മുറിച്ചാൽ ഇപ്പോഴും കാണാം രക്തം. എന്നാലിന്നത് യെമനിലെ മനുഷ്യരുടെ രക്തമാണ്. യുദ്ധം ചെയ്ത് യെമനിൽ നിന്നും കടത്തിയ ഈ മരങ്ങൾ ലോകത്തിലെ ടൂറിസ്റ്റ് ഇടങ്ങളിൽ നിന്ന് സ്വന്തം രാജ്യത്തേയും മനുഷ്യരേയും ഓർക്കുന്നതാണ് സന്ദർഭം. യെമനിലെ സനയിൽ നിന്ന്​ ഒമാനിന്റെ അതിർത്തി കടക്കുന്നതിന് അഞ്ച് ദിവസം ബസിൽ യാത്ര ചെയ്യണം. ഇടയിൽ ചെക്കിങ് കാണും. സംശയമുള്ളവരെയെല്ലാം അവർ കൊല്ലും. എന്റെ പേരിനവസാനം അലി എന്നുള്ളതിനാൽ, കണ്ടുപിടിച്ചാൽ എന്നേയും അവർ കൊല്ലും.കാരണം അലി കുടുംബക്കാർ യുദ്ധത്തിൽ പങ്കെടുത്തവരാണ്. അതിനാൽ പേരു മാറ്റിയാണ് ഞാൻ സഞ്ചരിച്ചത്. പേരു മാറ്റിയ ഐ ഡിയും കരുതിയിരുന്നു. യഥാർത്ഥ പാസ്പോർട്ടും തിരിച്ചറിയൽ കാർഡുകളുമെല്ലാം ബാഗിലെ രഹസ്യ കള്ളികളിൽ ഒളിപ്പിച്ചു. മൂത്രമൊഴിക്കാനും ഭക്ഷണം കഴിക്കാനും ഇടയ്ക്ക് ബസ് നിർത്തും. എല്ലാ ചെക്കിങും ഞാൻ അതിജീവിച്ചു. ഒരെണ്ണമൊഴിച്ച്. അന്ന് ചെക്കിംഗിനിടയിൽ അവരിലൊരാൾ ബാഗിലെ രഹസ്യക്കള്ളി കണ്ടുപിടിച്ചു. ഒരാൾ എന്റെ യഥാർത്ഥ ഐഡി കാർഡ് എടുത്തു നോക്കി. എന്റെ പേര് ഞാൻ മാത്രം കേൾക്കേ വിളിച്ചു. മരണത്തെ മുൻപിൽ കണ്ട നിമിഷം. പക്ഷേ അയാളത് തിരികെ അതിൽ തന്നെ വച്ചു. എന്റെ തോളിൽ തട്ടി മകനേ എന്നു വിളിച്ചു. യുദ്ധം ചെയ്യുന്ന ശത്രുക്കൾക്കിടയിൽ പെട്ടെന്ന് കണ്ടുമുട്ടിയ കാരുണ്യത്തെ എനിക്ക് ഉൾക്കൊള്ളാനായില്ല. ഞാനാകെ തകർന്നുപോയി. ഒമാനിലെത്തി, പാർക്കിൽ ആ മരത്തെ കണ്ട് അതേ കാരുണ്യത്തിൽ ഞാൻ തഴുകി. ഞങ്ങൾ കുടുംബങ്ങളെ ഓർത്തു. മരം, കടന്നു പോയ തലമുറകളേയും മൃഗങ്ങളേയും മനുഷ്യരേയും കിളികളേയും പറ്റി എനിക്ക് പറഞ്ഞു തന്നു. യുദ്ധത്തിൽ ചിന്തിയ, ചിന്തിക്കൊണ്ടിരിക്കുന്ന ഞങ്ങളുടെ സഹോദരന്മാരുടെ രക്തം ഇപ്പോഴും വലിച്ചെടുക്കുന്നതായി ആ മരം എന്നോട് പറഞ്ഞു. ഞാനൊന്ന് തൊട്ടപ്പോൾ അതിനു മുറിഞ്ഞു”

ആരും കയ്യൊന്നുമടിച്ചില്ല. പലരും അയാളെ നെറ്റി ചുളിച്ചു ശ്രദ്ധിച്ചു നോക്കി. ചിലർ സഹതാപം മൂലം ചിരിച്ചു. യെമനിയുടെ സംസാരം കഴിഞ്ഞപ്പോൾ പ്രായം ചെന്ന സ്ത്രീ ഒരു പെൺകുട്ടിക്ക് നേരെ മുഖം തിരിച്ചു.
“അടുത്തത് അപർണ്ണ” അപർണ്ണ ചിരിച്ചെന്ന് വരുത്തി ടാബ്​ലെറ്റ്​ തുറന്നു.
“കവിതയുടെ പേര് ഒസ്യത്ത്” അപർണ്ണ തൊണ്ടയനക്കി തയ്യാറായി.

ക്രുമാ തടാകത്തിൽ ചാടുന്നതിനു മുൻപ് വിൽപ്പത്രവും ആത്മഹത്യാക്കുറിപ്പും പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് പോക്കറ്റിൽ തിരുകും

വിൽപ്പത്രത്തിൽ കൊന്ത്രൻ പല്ലും നൂലപ്പം എന്നു പേരുള്ള വള്ളിച്ചെടിയും നിനക്കെത്തിച്ചു തരണമെന്നുണ്ടാകും

പിന്നെ ഓരോന്നും ഓരോരുത്തർക്ക്

കിൻഡിൽ ഞാൻ ഒപ്പം കൊണ്ടുപോകും

അതെനിക്ക് ഞാൻ തന്നെ എഴുതി വക്കും

അതും കെട്ടിപ്പിടിച്ചോണ്ട് വേണം എന്നെ കത്തിക്കാൻ

കടങ്ങളെല്ലാം എഴുതിത്തള്ളും അവരൊക്കെ ആശ്വസിക്കട്ടെ നമ്മള് ചത്താ ആർക്കേലും ഉപകാരം വേണമല്ലോ

കിട്ടാനുള്ള ഫെല്ലോഷിപ്പ് 1.5 ലക്ഷം, പൈസക്ക് ബുദ്ധിമുട്ടുള്ള ഫ്രണ്ട്സിനു വീതിക്കും

പുസ്തകശേഖരം ആദ്യത്തെ എക്സ്,എഡ്വിൻ,റിയ അങ്ങനെ 5-6 പേർക്ക്

കാലൻ കുട മറിയത്തിന് ഇതേപോലൊന്ന് അവൾക്കുണ്ടായിരുന്നത് ഒടിഞ്ഞു പോയതാണ്

വയലിൻ കമ്മൽ മാല നാദിയക്ക് നല്ല പാട്ടുകാരിയാ സംഗീതോപകരണങ്ങളും വായിക്കും

സ്പീക്കർ നന്ദുവിന് പുറം വേദന വന്നപ്പോൾ മസാജ് ചെയ്തു തന്നതിന്റെ കൂലി ആയിട്ട് അവനൊരിക്കൽ ചോദിച്ചിരുന്നു

യൂക്കലേയ്ലി എന്റെ ഐഷൂന് ഡ്രസും സാധനങ്ങളും ഒക്കെ അവൾക്ക് ഉമ്മ

എന്റെ ന്യൂഡ് ഫോട്ടോകളുടെ ഫോൾഡർ രണ്ടാമത്തെ എക്സിന് കാരണം എനിക്ക് പറയണ്ട

മൂക്കുത്തി ആലീസിന്

റോഡീന്ന് പെറുക്കിയ ഇലകൾ, കല്ലുകൾ. ക്ലിപ്പുകൾ, കുരുക്കൾ ഓ ഓർക്കുമ്പോൾ കണ്ണ്

മഴ വരുന്നുണ്ടെന്നു തോന്നുന്നു

പ്രാഹയിലെ കുരിശുമാലയും ആന്റി ഡിപ്രസന്റ്സും ഹന്നക്ക്, മരുന്ന് അവൾക്ക് വേണ്ടിവരും

ഇപ്പോൾ അക്കൗണ്ടിലുള്ള പൈസ മുഴുവൻ അച്ഛന് അങ്ങേർക്ക് ഇനിയെന്തുവേണം

എന്റെ ബാഗുകളൊക്കെ അമ്മക്ക്

കെറ്റിൽ ഫ്ലാസ്ക്ക് സ്റ്റീൽ പാത്രങ്ങൾ ഒക്കെ ഷമ്മൂമക്ക് വീട്ടിൽ നിന്നും പാത്രങ്ങൾ തന്നു വിടുമ്പോൾ അതിനു കൊന്നു കൊലവിളിക്കുന്ന ടീമാ പുഴുങ്ങിത്തിന്നട്ടേ

കൊന്ത്രൻ പല്ലും നൂലപ്പവും മൂത്രത്തീക്കല്ലും ഈ കവിതയും പൂർത്തിയാകാത്ത കഥകളും നിനക്ക് ഓ ഞാനത് മുൻപേ പറഞ്ഞുവോ

പിന്നെയീ സ്നേഹം കണക്കിലില്ലാത്തത് അതാർക്ക് കൊടുക്കണം?

അതാർക്കും വേണ്ടിവരില്ല

അകിടുവീക്കം വന്ന പശുവിനെപ്പോലെ അത് കെട്ടിക്കിടന്ന് എന്റെയീമുലകൾ കല്ലിക്കുന്നു

ഞാൻ പോകുമ്പോൾ ഇതു മാത്രം കൂടെ വേണ്ട

ഞാനില്ലെങ്കിലും പിറ്റേന്നത്തെ പുലർച്ച വെളുത്ത പൂമൊട്ടുകളാൽ കണ്ണുമിഴിക്കും

ഞാനില്ലെങ്കിലും എല്ലാം അതാതുപോലെ- ത്തന്നെ കാണും

വാടകവീടിന്റെ താക്കോൽ ഉടമസ്ഥനെ ഏൽപ്പിക്കാതെ എറുമ്പുകളുടെ കൂട്ടിൽ ഒളിപ്പിച്ച് ഞാൻ പോകും

മരിക്കുമ്പോൾ സ്നേഹം ബാക്കിവക്കുന്നവരാണോ പ്രേതമായി മാറുക?

മഴ വരുന്നുണ്ടെന്നു തോന്നുന്നു”

അവൾ ഒരിക്കൽ കൂടി ആ വരികൾ വായിച്ചവസാനിപ്പിച്ചു.

“മരിക്കുമ്പോൾ സ്നേഹം ബാക്കിവക്കുന്നവരാണോ പ്രേതമായി മാറുക?

മഴ വരുന്നുണ്ടെന്നു തോന്നുന്നു”

“കവിതയെക്കുറിച്ച് എന്തെങ്കിലും പറയുവാനുണ്ടോ?” കവിത കഴിഞ്ഞ നിശ്ശബ്ദതയിൽ പ്രായം കൂടിയ സ്ത്രീ അവളോട് ചോദിച്ചു. കവിതയുടെ വായന നൽകിയ വൈകാരികത അപർണ്ണയുടെ കണ്ണുകൾ നിറച്ചു. മഴ വരുന്നുണ്ട്. അത് കാര്യമാക്കാതെ, ശബ്ദത്തിൽ ഏറ്റക്കുറച്ചിലുകൾ വരാതിരിക്കുവാൻ ശ്രദ്ധിച്ച് അപർണ്ണ മറുപടി പറഞ്ഞു, “ഇല്ല”

ആരുമതിനെക്കുറിച്ച് സംസാരിക്കാൻ തയ്യാറായില്ല. മാനസിന്​ അതിൽ നിരാശ തോന്നി. ഒരു പക്ഷേ നാട്ടുകാരി അല്ലാത്തതിനാൽ ആവുമെന്ന് അയാൾ മനസിൽ കരുതി. ഒടുവിൽ പ്രായം കൂടിയ സ്ത്രീ ഉപസംഹരിച്ചു, “അവസാനത്തെ കവിത ചൊല്ലാനായി”
മാനസിനടുത്തിരുന്നയാൾ അയാളോട് ചോദിച്ചു, “പേരെന്താ?”
“മാനസ്”
“മാനസ്. അവസാനത്തെ കവിത ചൊല്ലാനായി മാനസിനെ സ്വാഗതം ചെയ്യുന്നു” മാനസിന്റെ മുഖം അമ്പരപ്പിൽ നിന്ന്​ ഉത്കണ്ഠയിലേക്ക് മാറി. വന്നത് പുലിവാലായല്ലോയെന്ന് അയാൾ മനസിൽ ശ്വേതയെ പ്രാകി.
“അല്ല ഞാൻ” അയാൾ വിക്കി
“മാനസ് ഇവിടെ ആദ്യമായിട്ടാണോ?”
“അതെ”, മാനസ് തലയാട്ടി.

എന്തുപറഞ്ഞാലും ഇന്ത്യക്കാർ അനാവശ്യമായി തലയാട്ടും എന്നു പറഞ്ഞ സുഹൃത്തിനെ ഓർമ്മ വന്നപ്പോൾ തലയാട്ടിയതിൽ അയാൾക്ക് ജാള്യത തോന്നി. ഭാഗ്യത്തിന് അതാരും ശ്രദ്ധിച്ചില്ലെന്ന് വട്ടത്തിലിരിക്കുന്ന ആളുകളുടെ മുഖത്തു നിന്നും അയാൾ വായിച്ചെടുത്തു.
“കവിത എഴുതുമോ?”
“സോറി. ഞാൻ കവിത എഴുതില്ല”
“കയ്യിലിരിക്കുന്നത് കവിതാപുസ്തകമാണല്ലോ?”

അപ്പോഴാണ് അയാൾ കയ്യിൽ പിടിച്ചിരിക്കുന്ന പുസ്തകത്തിലേക്ക് ശ്രദ്ധിക്കുന്നത്. ആമ്പലുകൾ നിറഞ്ഞ ഒരു കുളത്തിന്റെ ചിത്രമായിരുന്നു ആ പുസ്തകത്തിന്റെ കവർ പേജ്. അതിൽ ഒന്നു നോക്കിയെന്നല്ലാതെ, ഏടുകൾ മറിച്ച് നടുഭാഗം ഒന്ന് മണത്തു നോക്കിയെന്നല്ലാതെ ഒരു ബന്ധവും അവർ തമ്മിൽ ഇല്ലായിരുന്നു.
“ഇത് എന്റെ എക്സ് ഗേൾഫ്രണ്ട് ഇവിടുന്ന് കടം വാങ്ങിയതാണ്. ബ്രേക്കപ്പായപ്പോൾ എന്റെ കയ്യിലായിപ്പോയി. ഇത് തിരിച്ചു തരാനാണ് വന്നത്. അപ്പോഴേക്കും ഈ പുള്ളിയെന്നെ പിടിച്ചിരിത്തി. അങ്ങനെ പെട്ടു പോയതാണ്”
അപ്പോൾ കുറച്ചു പേർ ചിരിച്ചു. ചിലർ കൗതുകത്താൽ അയാളെ നോക്കി. സത്യം പറഞ്ഞാലെങ്കിലും തന്നെ വെറുതെ വിടണമെന്നൊരു അപേക്ഷ അയാളുടെ പറച്ചിലിൽ അദൃശ്യമായിരുന്നു.
“ശരി കവിതയില്ലെങ്കിൽ വേണ്ട. നിങ്ങളുടെ ഒരു ഓർമ പറയൂ”
“ഓർമയെന്ന് പറഞ്ഞാൽ?”
എങ്ങനെയെങ്കിലും ഇതൊന്ന് തീർന്നു കിട്ടിയാൽ മതിയായിരുന്നെന്ന് മാനസിനു തോന്നി
“എന്തെങ്കിലും കുട്ടിക്കാലത്തെയോ മറ്റോ”
“എന്ന് വച്ചാൽ ” മാനസ് മടിച്ചു
“എന്തെങ്കിലും. ഇഷ്ടമുള്ള ഒരു ഓർമ പറ” പുള്ളിക്കാരൻ വിടുന്ന മട്ടില്ല
“ഇല്ലെങ്കിൽ വേണ്ട. നോ പ്രഷർ”
കൂട്ടത്തിൽ നിന്നും ഒരാൾ മാനസിനോട് കരുണ കാണിക്കാൻ തയ്യാറായി.
“അല്ല പറയാം” ഒന്നും പറയാതിരിക്കുന്നത് മോശമാണെന്ന് മാനസിനു തോന്നി. എന്നിരുന്നാലും ആളുകളുടെ നോട്ടം അയാളിൽ ആകുലത സൃഷ്ടിച്ചു.

“കുട്ടിക്കാലത്ത് ഞാനും ആട്ടിൻകുട്ടിയും കൂട്ടുകാരായിരുന്നു. ഒറ്റക്കായ, കുട്ടിക്കാലത്തെ സമയം കളയാൻ ഞങ്ങളൊരുമിച്ചു കളിച്ചു. അത് തനിയെ തുള്ളിച്ചാടിക്കളിക്കുന്ന നേരം ഞാനും കൂട്ടത്തിൽ ചേരാൻ ചെല്ലും. അതിനൊറ്റക്ക് കളിക്കുന്നതാണിഷ്ടം. എന്നെ കൂട്ടില്ല. ചാടിത്തുള്ളുമ്പോൾ പിറകു വശത്തെ കാലുകൾ ഓങ്ങി എന്നെ ഭയപ്പെടുത്താൻ നോക്കും. എങ്കിലും ഞാൻ കൂടെക്കൂടി ഒരുമിച്ച് കളിക്കാൻ നിർബന്ധിക്കും. ഒന്നുമൊന്നും കേൾക്കാതാവുമ്പോൾ അതിന്റെ നെറ്റിയിൽ ഞാൻ മുഷ്ടി വച്ച് മുട്ടും. അതിനു നെറ്റി മുട്ടാൻ ഇഷ്ടമാണെന്ന് എനിക്കറിയാം. ഞാനതിനെ പിറകിലേക്ക് തള്ളി വിടും അത് ഓടി വന്ന് എന്റെ കൈകളിൽ മുട്ടും. കൊമ്പ് മുളക്കുന്നതല്ലേ ഉള്ളൂ. അതു കൊണ്ട് വലിയ വേദനയെടുക്കില്ല. അന്ന് കളിച്ചപ്പോഴും മുട്ടിത്തുടങ്ങിയപ്പോൾ വലിയ രസമായിരുന്നു. പിന്നെ പിന്നെ മുട്ടലിന്റെ ശക്തി കൂടിക്കൂടി വന്നു. ഓടി വന്ന് നല്ല ഇടി. മുളച്ചു തുടങ്ങിയ കൊമ്പിന് നല്ല കൂർപ്പ്. എന്റെ കൈകൾ വേദനിച്ചു തുടങ്ങി. ഞാൻ ആട്ടിൻ കുട്ടിയെ പിറകോട്ട് തള്ളാതെ ഊക്ക് കുറക്കാൻ നോക്കി. പക്ഷെ ആട്ടിൻ കുട്ടിക്ക് ആവേശം കൂടി. അത് തനിയെ പിറകിലേക്ക് നടന്നു പോയി ഓടി വന്നിടിച്ചു. അല്ലെങ്കിലും അപരന്റെ വേദനയാണല്ലോ നമുക്ക് ആവേശം. അതെന്റെ കൈകളെ വിട്ട് ദേഹത്തിൽ ഉന്നം വച്ചു തുടങ്ങി. ഞാൻ കുഞ്ഞല്ലേ എനിക്ക് പേടിയായി. ഞാൻ അടിച്ചിട്ടും തള്ളിയിട്ടും ഒന്നും ആട്ടിൻ കുട്ടി നിർത്തുന്നില്ല. അമ്മയാടിനോട് ഞാൻ പരാതി പറഞ്ഞു നോക്കി. അവസാനം രക്ഷയില്ലാതെ ഓടി. പാടത്തിലൂടെ. മുൻപിൽ ഞാൻ, പിറകിൽ ആട്ടിൻ കുട്ടി എന്ന ക്രമത്തിൽ. പാടം കഴിഞ്ഞിട്ടും അതെന്നെ വിട്ടില്ല. ഉണങ്ങിപ്പോയ തോടു കടന്നിട്ടും വിട്ടില്ല. അവസാനം ഞാൻ പേടിച്ച് പറമ്പിലൂടെ വീട്ടിലേക്കോടി. അവിടെ അമ്മ അലക്കുന്നുണ്ടായിരുന്നു. ആട്ടിൻ കുട്ടിയുടെ ഇടി പേടിച്ച് നിലവിളിച്ചിട്ടാണ് ഞാൻ ഓടി ചെല്ലുന്നത്. എനിക്ക് എന്ത് പറ്റിയതാണാവോ എന്ന് പേടിച്ച് അമ്മ ഓടി വന്ന് ഒരു പട്ടക്കഷ്ണം എടുത്ത് ആടിനെ പേടിപ്പിച്ചു. ആട്ടിൻ കുട്ടി ഓടി മാറി തിരിച്ചു പോയി. കുറച്ച് മാറി നിന്ന് അതെന്നെ നോക്കി കാത്തു നിന്നു. കളിയായിട്ടാണോ അതോ സീരിയസ് ആയിട്ടാണോ ഈ ഇടിയെന്ന് എനിക്ക് അപ്പോഴും മനസിലായില്ല. അതോടെ കളി മതിയാക്കി ഞാൻ വീട്ടിൽ കയറി. കുറച്ച് നേരം കൂടെ കാത്ത് നിന്ന ശേഷം ആട്ടിൻ കുട്ടി ഒറ്റക്ക് തുള്ളി കളിക്കാനായി തോടും കടന്ന് പാടത്തേക്ക് തിരിച്ചു പോയി”

പുണ്യാളൻ ജോർജ്ജിന്റെ പുസ്തകക്കടയിൽ നിന്നിറങ്ങിയപ്പോൾ മരത്തിനു മുൻപിൽ അപർണ്ണ നിൽക്കുന്നത് മാനസ് കണ്ടു. ആരോടോ സംസാരിച്ച് യാത്ര പറയുകയാണ്
“ഹലോ”
“ഹലോ ആട്ടിൻ കുട്ടീ”
“നാട്ടീന്ന് അല്ലേ. എനിക്ക് മനസ്സിലായിരുന്നു”
“അതെ”
“നാട്ടിലെവിടെ?”
“നാട്ടിലവിടെയെന്ന് പറയണം. അപ്പോൾ ചോദിക്കും അവിടെ എവിടെ? പറഞ്ഞ് പറഞ്ഞ് നമ്മൾ പരിചയക്കാരാകും, ബന്ധുക്കാരാവും. വേണ്ട. തൽക്കാലം നമ്മൾ ഇങ്ങനെ പോട്ടെ”
“അങ്ങനെയെങ്കി അങ്ങനെ” വളരെ ഔപചാരികമായി ചോദിച്ചതാണതെന്ന കാര്യം മാനസ് വിഴുങ്ങി.
“നമുക്ക് ഈ വഴി പോകാം”
അവൾ വിളിച്ചപ്പോൾ അയാൾ അനുസരണയുള്ള കുട്ടിയെപ്പോലെ പിറകെ നടന്നു. മെട്രോ സ്റ്റേഷനിലേക്ക് രണ്ടു വഴികളാണ്. അതിൽ ദൂരം കൂടിയ വഴിയാണ് അപർണ്ണ തിരഞ്ഞെടുത്തത്. ആ വഴിയിലൂടെയാണെങ്കിൽ ആളുകളുടെ ബഹളമില്ല.
“ഇന്നു പറഞ്ഞ ആ ആട്ടിൻ കുട്ടി കഥ ശരിക്കും നടന്നതാണോ?”
“അതെ”
“എനിക്കും ഉണ്ടായിരുന്നു ചെറുപ്പത്തിൽ ഒരാട്ടിൻ കുട്ടി. അന്നമ്മ. തൊട്ടാവാടിയായിരുന്നു ഇഷ്ടഭക്ഷണം. ഞങ്ങളൊരുമിച്ച് പ്ലാവില തിന്നുമായിരുന്നു. അവസാനം പരീക്ഷക്ക് മാർക്ക് കുറഞ്ഞെന്നും പറഞ്ഞ് അച്ഛൻ അതിനെ വിറ്റു. അന്ന് ഞാൻ കുറേ കരഞ്ഞു. നിങ്ങളുടെ ആട്ടിങ്കുട്ടിക്ക് എന്ത് പറ്റി?”
“സത്യം പറഞ്ഞാൽ അത് എന്റെ ആട്ടിൻ കുട്ടി അല്ലായിരുന്നു. അപ്പുറത്തെ വീട്ടുകാരുടെ, പൈലേട്ടന്റെ വീട്ടിലെ. നോക്കാനാളില്ലാഞ്ഞ് അവർ അതിനെ വിറ്റു”
“ഈ വിറ്റ ആടുകളെയൊക്കെ ആരാണാവോ വാങ്ങിക്കൊണ്ട് പോകുന്നത്”
“കശാപ്പുകാരാവും”
അത് കേട്ട് അപർണ്ണ ഗൗരവപൂർവ്വം മാനസിന്റെ മുഖത്തേക്ക് നോക്കി. അറുത്തുമുറിച്ച് പറയണ്ടായിരുന്നെന്ന് അയാൾക്ക് തോന്നി. മാനസ് വിഷയം മാറ്റാനൊരു ശ്രമം നടത്തി.
“നിങ്ങളുടെ കവിത ഞാൻ കേട്ടിരുന്നു. നന്നായിരുന്നു”
അപർണ്ണ പരിഹാസപൂർവ്വമുള്ളൊരു ചിരി ചിരിച്ചു.
“നന്നായിരുന്നു കൊള്ളാമായിരുന്നു രസമുണ്ട്. ഇതൊക്കെത്തന്നെയല്ലേ. എഴുത്തുകാർക്ക് സ്ഥിരം ലഭിക്കുന്ന വാക്കുകൾ”
“നിങ്ങൾക്കെന്നെ കവിത എഴുതാൻ പഠിപ്പിക്കാമോ?”
ആ ചോദ്യം അപർണ്ണയേക്കാൾ അത്ഭുതപ്പെടുത്തിയത് മാനസിനെ തന്നെയായിരുന്നു. ഇതിപ്പോൾ എങ്ങു നിന്നും പൊട്ടി വീണെന്ന ഭാവം. കശാപ്പെന്ന വാക്കിന്റെ കനവുമായി നടക്കുന്നതിനിടയിൽ അപർണ്ണ അറിയാതെ ചിരിച്ചു പോയി. ഒരു ചുമലിൽ തൂക്കിയിരുന്ന തുണി സഞ്ചിയെടുത്ത് അവൾ മറുചുമലിലേക്ക് മാറ്റി
“ഞാൻ കാര്യമായി പറഞ്ഞതാ. സ്കൂളിൽ പഠിക്കുന്ന സമയം ഞാൻ കവിത ഒക്കെ എഴുതുമായിരുന്നു. സമ്മാനം ഒക്കെ കിട്ടിയിട്ടുണ്ട്”
“കവിത പഠിപ്പിക്കാനോ? എന്താണ് അങ്ങനെയൊരു തോന്നൽ?”
“അത് എന്റെ കാമുകിയെ തിരികെ കൊണ്ടുവരാനായിട്ട്”
“കാമുകിയോ. നിങ്ങൾ തമ്മിൽ പിണക്കത്തിലാണോ?”
“അല്ല ബ്രേക്കപ്പ്”
“അപ്പോ എക്സ്. കവിത അതിന് എങ്ങനെ?”
ഒന്ന് നിറുത്തിയിട്ട് അവൾ ചോദ്യം തുടർന്നു
“എങ്ങനെ സഹായിക്കും?”
“കവിത അവളുടെ ഭാഷയാണ്. അവൾ വായിക്കും എഴുതും. എനിക്ക് കവിതയും സാഹിത്യവും വശമില്ലാത്തത് റിലേഷൻഷിപ്പിൽ ഒരു പ്രശ്നമായിരുന്നു. സംസാരിക്കാൻ വിഷയമില്ലാതായി. പിരിയാൻ കാരണമായി അവൾ പറഞ്ഞ പ്രധാന കാരണവും ഇതായിരുന്നു. ഞാൻ കവിത എഴുതുന്നതൊക്കെ കണ്ടാൽ ഉറപ്പായും തിരിച്ചു വരും”
“ഓ നിങ്ങളപ്പോ അവരെ കാത്തിരിക്കുകയാണോ?”
“അതെ”
“അവര് തിരിച്ചു വന്നില്ലെങ്കിലോ?”
“അതറിയില്ല. വരും”
അത് പറയുമ്പോൾ, ഉള്ളിൽ അയാൾക്ക് വലിയ ഉറപ്പില്ലെന്ന് തോന്നത്തക്ക വിധം വാചകത്തിന്റെ അവസാനം ഒരു കുറുകലു പോലെ ശബ്ദം ചുരുങ്ങി. അത് അപർണ്ണക്ക് മനസ്സിലായി എന്നു വേണം കരുതാൻ. അവൾ വേഗം അടുത്ത വാചകത്തിലേക്ക് കടന്നു.
“പുണ്യാളൻ ജോർജ്ജ് പുസ്തകക്കടയുടെ കഥ നിങ്ങൾക്കറിയാമോ?”
“ഇല്ല”
“ഉടമ തോമസിന്റെ നാട് യു.കെ ആണ്. നിങ്ങളോടിന്ന് സംസാരിച്ചില്ലേ അതാണ് തോമസ്. ഇവിടം ചുറ്റിക്കാണാൻ വന്ന സമയം കണ്ടുമുട്ടിയതാണ് സോഫിയെ. സോഫി ഇവിടുത്തുകാരിയാ. പിന്നീട് അവർ പ്രേമത്തിലായി ഇവിടെ സെറ്റിൽഡ് ആവുകയായിരുന്നു. അവരൊരുമിച്ച് തുടങ്ങിയതാണ് സെന്റ് ജോർജ് പുസ്തകക്കട. പഴയ പുസ്തകങ്ങൾ ആണ് വിറ്റിരുന്നത്. അതിനു ഒരു കാരണമുണ്ട്, അവർ കണ്ടുമുട്ടിയത് ഒരു പഴയ പുസ്തകത്തിലൂടെയായിരുന്നു. പഠിപ്പ് കഴിഞ്ഞ സോഫിക്ക് ഇതിനിടയിൽ പ്രൊഫഷണൽ ജോലി കിട്ടി. ജോലി സംബന്ധമായി അവർക്ക് മറ്റൊരു നാട്ടിലേക്ക് പോകേണ്ടി വന്നു, അവിടെ വച്ച് കണ്ടുമുട്ടിയ ഒരാളുമായി അവർ ഇഷ്ടത്തിലായി. കുറ്റബോധം കാരണം സോഫി പിന്നീട് ഈ നഗരത്തിലേക്ക് വന്നില്ല. തോമസ് തിരികെ നാട്ടിലും പോയില്ല. സോഫി ഒരിക്കൽ തിരിച്ച് വരുമെന്ന് പ്രതീക്ഷിച്ച് ജീവിക്കുകയാണ് തോമസും ആ പുസ്തകക്കടയും”
“ഓ അപ്പോൾ ഞാൻ ഒറ്റക്കല്ല”
“ഒരിക്കലുമല്ല”

ഏതാനും ആളുകൾ അവരെ കടന്നു പോയി. ഗ്രാമങ്ങളിൽ നിന്നും നഗരങ്ങളിലേക്ക് ജോലി ചെയ്യുവാനായി വന്നവർ തിരികെ കാറുകളിൽ പായുന്ന തിടുക്കം
"എന്താണ് നിങ്ങളുടെ കഥ? കെട്ടിക്കിടക്കുന്ന സ്നേഹം ഈ മുലകളെ കല്ലിക്കുന്നു എന്ന് എഴുതിയിരുന്നല്ലോ ആ കവിതയിൽ’
"ഓ അത് ശ്രദ്ധിച്ചിരുന്നോ? അതൊന്നുമില്ല’

ഒന്നുമില്ലെന്ന് പറഞ്ഞ് ഒഴിയുവാനവൾ ശ്രമിച്ചെങ്കിലും മാനസ് തന്റെ സ്വകാര്യ ജീവിതം തുറന്നു പറഞ്ഞതിനാൽ അവർക്കിടയിൽ രഹസ്യങ്ങൾ കൈമാറാവുന്ന ഒരു അദൃശ്യ പാലം തുറന്നിരുന്നു. രഹസ്യങ്ങളുടെ കൈമാറ്റം സൗഹൃദം സ്ഥാപിക്കുന്നതിലെ ആദ്യ പടിയാണ്.
“ഒന്നുമില്ല, കാമുകന്റെ ഗോസ്റ്റിംഗ്’
"അപ്പോൾ നിങ്ങളും കാത്തിരിക്കുകയാണോ?’
"കാത്തിരിക്കുകയല്ല പക്ഷെ ഐ ആം സ്റ്റക്ക്. ക്ലോഷർ ലഭിക്കാതെ അലഞ്ഞു തിരിയുന്ന ഒരു പ്രേതം’

"ആ കവിതയിലെപ്പോലെ അല്ലേ. എന്തായിരുന്നു. ഒസ്യത്ത്. ഐ ആം സോറി’
"ഹേയ്. അതിനെന്തിനാ സോറി. സത്യത്തിൽ ഈ ക്ലോഷർ ഞാൻ എനിക്ക് തന്നെ നൽകാത്തത് ആണെന്ന് തോന്നുന്നു. ഗോസ്റ്റ് ചെയ്തു പോയ കാമുകനല്ല എന്റെ ഐഡിയ ഓഫ് ലവ് ആണ് പ്രശ്നം. അതുപ്രകാരം പ്രേമം എനിക്ക് അൺകണ്ടീഷനലാണ്, സംതിംഗ് മാജിക്കൽ. അതിൽ പരാജയപ്പെടുമ്പോൾ ഞാനാണല്ലോ പരാജയപ്പെടുന്നത്. അത് അംഗീകരിക്കാൻ സമയം എടുക്കുന്നതാണ്. വായനശാലയിൽ അവസാന പേജുകൾ കീറിക്കളഞ്ഞ ബൈൻഡ് ചെയ്ത പഴയ പുസ്തകങ്ങൾ കണ്ടിട്ടില്ലേ? കുറേ സമയമെടുത്ത് എഫർട്ട് എടുത്ത് അത് വായിച്ച് അവസാനമറിയാതെ പോകുമ്പോൾ നമുക്ക് നിരാശ തോന്നില്ലേ? അത് നമ്മളെ അലട്ടില്ലേ? അത്ര സിമ്പിൾ അല്ലെങ്കിലും അങ്ങനെയൊന്ന് പ്രേമത്തിൽ ഉണ്ടാവുമ്പോൾ, രാത്രികളിൽ ഒറ്റക്കാവുന്ന, എന്ത് പറ്റിയതാണെന്ന് മനസ്സിലാകാഞ്ഞ് അതെങ്ങനെ ശരിയാക്കുമെന്ന് ചിന്തിച്ച് കരയുന്ന മറ്റൊരാളായി പോകും നമ്മൾ അല്ലേ?’
"എന്തുകൊണ്ടാണല്ലേ നമ്മളെ കരയിക്കാത്ത, വേദനകളെല്ലാം ഇല്ലാതാക്കുന്ന ഒരു സ്നേഹത്തിന് നമ്മൾ അർഹർ അല്ലാത്തത്?’
കാറ്റിന്റെ ഒരു തടയണ വന്നു അവരെ നിശ്ചലരാക്കി. തണുത്ത കാറ്റിൽ ഇരുവരും ചൂളി. ആ കാറ്റ് അവരുടെ എല്ലാ വസ്ത്രങ്ങൾക്കുള്ളിലൂടേയും ചർമ്മത്തെ തൊട്ടു. കനം കുറഞ്ഞ സോക്സ് ധരിച്ചതിൽ മാനസിന് മനസ്താപം തോന്നി.
“കവിതയെപ്പറ്റി, ഒന്നും പറഞ്ഞില്ലല്ലോ?”
മാനസിന്റെ ചോദ്യത്തിനു പ്രത്യേക ഉത്തരം പറഞ്ഞില്ലായിരുന്നെങ്കിലും നടപ്പിന്റെ വേഗതയിൽ ചെറിയ മാറ്റം അപർണ്ണ നടത്തി. അവൾ മന്ദഗതിയിൽ ചുറ്റും നോക്കി അകലേക്ക് ചൂണ്ടി.
“മെയ് മാസത്തിൽ ഇവിടം മൊത്തം പൂക്കളാവും”
അതിൽ അസാധാരണമായി എന്തെന്ന് മാനസിനു മനസിലായില്ല.
“നഗരം ആ മാസത്തെ കലണ്ടർ മറിച്ചിടാതിരുന്നാൽ മതിയായിരുന്നു”
“പക്ഷെ മഞ്ഞുകാലമായല്ലോ?”
“മഞ്ഞു കാലത്ത് ഇലകളെല്ലാം പൊഴിയുമ്പോൾ പക്ഷികളുടെ കൂടുകൾ സാവധാനം വെളിവാകുന്നത് കണ്ടിട്ടില്ലേ?”
“ഉവ്വ്, മഞ്ഞു കാലത്ത് പക്ഷികളെപ്പോലെ മൃഗങ്ങളും അവരുടെ മാളങ്ങളെ ഉപേക്ഷിക്കുമോ?”
“ആമകളും ഞവണികളും എന്തു ചെയ്യും അന്നേരം അല്ലേ?”
രണ്ട് സെക്കന്റോളം മാനസ് അതിനെക്കുറിച്ചാലോചിച്ചു.
“നമ്മളും കൊണ്ട് നടപ്പുണ്ട് വീടിനെ. ആരും കാണുന്നില്ലന്നേയുള്ളൂ”
മാനസിനു സംസാരം വിചിത്രമായി തോന്നിയെങ്കിലും, രസം തോന്നിയതിനാൽ കൂടുതൽ പ്രതീക്ഷിച്ച് സംസാരം തുടർന്നു.
“നമ്മൾ ഈ പറയുന്നതിനു എന്തെങ്കിലും അർത്ഥം ഒക്കെയുണ്ടോ?”
അപർണ്ണ ഒരു കണ്ണടച്ചു കാണിച്ചു. എന്നിട്ട് തുടർന്നു.
“മനുഷ്യർ തൊട്ടാൽ കൂടുകൾ വിട്ട് പോകുന്ന പക്ഷികൾ പോലെ നമ്മൾ ഉപയോഗിച്ചാൽ കവിത വിട്ടു പോകുന്ന വാക്കുകൾ കാണും. അല്ലേ? പൂച്ചയും പട്ടികളും കിടക്കുവാൻ സ്ഥലം തിരഞ്ഞെടുത്ത് ചുഴിചുറ്റുന്നത് കണ്ടിട്ടില്ലേ? ശ്രദ്ധിച്ച്. അതു പോലെയാവണം കവിതയിലെ വാക്കിന്റെ തിരഞ്ഞെടുപ്പ്”
“എന്നു വച്ചാൽ?”
“എന്നു വച്ചാൽ തൂക്കണാം കുരുവികൾ സൂക്ഷ്മമായി തിരഞ്ഞെടുത്ത ആയിരത്തഞ്ഞൂറോളം നാരുകൾ കൊണ്ടാണ് അതിന്റെ കൂട് നിർമ്മിക്കുക. ഓരോ നാരുകളും അവർക്ക് പ്രധാനമാണ്. പാതിയിൽ പെൺ പക്ഷി പരിശോധിക്കാൻ വരും. ബലക്ഷയം തോന്നിയാൽ ആ കൂട് ഉപേക്ഷിക്കാതെ വേറെ വഴിയില്ല. അത്തരത്തിൽ അഞ്ചോ ആറോ കൂടുകൾ അവർ ഉണ്ടാക്കേണ്ടതായും ചിലപ്പോൾ വരും. കവിതയൊരു തൂക്കണാം കുരുവിക്കൂടും വാക്കുകൾ നാരുകളുമാണെന്ന് സങ്കൽപ്പിച്ചാൽ ബലക്ഷയമുള്ളത് ഉപേക്ഷിക്കേണ്ടി വരും”
“ഇപ്പോൾ നിങ്ങൾ പറയുന്നയീ വിചിത്രഭാഷ എനിക്ക് അത്ര കണ്ട് മനസിലാകുന്നില്ല”
“കറുത്ത വാവിനു തൊട്ടു മുൻപുള്ള ചന്ദ്രനെ കണ്ടിട്ടുണോ? ആരോ കടിച്ചിട്ട നഖപ്പൊട്ട് പോലെ”
“ടെൻഷൻ വരുമ്പോൾ നഖം കടിക്കുന്നൊരാളായിരുന്നു ശ്വേത”
“നഖക്കഷ്ണങ്ങൾ ഉറുമ്പിങ്കൂട്ടം ചുമന്നു കൊണ്ട് പോകുന്നത് ചിലരെങ്കിലും കണ്ടു കാണും. വീട് മാറാനാകുമ്പോഴാ ഉറുമ്പിൻ കൂട്ടം വരുന്നതെന്ന് അമ്മ പറയും. ഒരു വീടിനുള്ളിൽ മറ്റനേകം വീടുകൾ. അവരുടെ ഒഴിഞ്ഞു കിടക്കുന്ന പാതകൾ. പതിയെ അവരെപ്പോലെ അതും കാണാതാകും. ഭൂമിയിൽ പതിഞ്ഞ കാൽപ്പാടുകൾ എല്ലാം ഒരിക്കൽ മാഞ്ഞു പോകുന്ന പോലെ”
“നിങ്ങളുടെ കവിതയിലെ സങ്കടം എന്നിട്ടും മാഞ്ഞില്ലല്ലോ”
“ജീവിതത്തിന്റെ ഇലകൾ സന്തോഷങ്ങളേക്കാൾ വിഷാദത്തിലേക്ക് ചാഞ്ഞാണ് നിൽക്കുന്നത് എന്നതു കൊണ്ടാവും. വേലിയേറ്റങ്ങളിൽ നാമതിൽ മുങ്ങിക്കിടക്കും”
“അങ്ങനെത്തന്നെയാണെന്ന് തോന്നുന്നു. എന്റെ സന്തോഷത്തിന്റെ അനുഭവങ്ങളെ, നീണ്ടുനിൽക്കുന്ന വേദനകൾ കൊണ്ടാണ് ജീവിതം കഴുകി കളയാറുള്ളത്. പ്രേമത്തിന്റെ കാര്യമെടുത്താലും അങ്ങനെത്തന്നെ”
“ചെളി തപ്പിയുണ്ടാക്കിയ വീടുകളിൽ കൈപ്പത്തികൾ തെളിഞ്ഞു കിടക്കും പോലെ വേദന തെളിഞ്ഞു കിടക്കുന്ന ജീവിതം അല്ലേ?”
അകലെ നിന്നും ട്രെയിൻ കടന്നു പോകുന്ന ശബ്ദം കേൾക്കാം. മെട്രോ സ്റ്റേഷനു അടുത്തെത്തിയിരിക്കുന്നു. അവരുടെ കാലുകളുടെ വേഗം കുറഞ്ഞു. അപ്പുറത്തെ ബേക്കറിയിൽ നിന്നും വെണ്ണയുടെ മണം.
"എന്നെ ഹെല്പ് ചെയ്യില്ലേ?’
"കവിത എഴുതാൻ ആണോ?’
"അതെ’
“ശരി പഠിപ്പിച്ചാൽ എന്ത് തരും?”
“ഫീസ് തരാം”
“ഫീസ് ഒന്നും വേണ്ട. പകരം എനിക്കു വേണ്ടി ഒരു കവിത എഴുതി തന്നാൽ മതി”
“ശരി ഡീൽ”
"കവിത എഴുതാൻ പഠിപ്പിക്കുന്ന ധാരാളം വീഡിയോകൾ യൂട്യൂബിലും നെറ്റിലുമൊക്കെ ഉണ്ട്. പലരും കോഴ്സുകൾ നടത്തുന്നുണ്ട്. അതൊക്കെ ഒന്നു നോക്കൂ. വായനയില്ലെങ്കിൽ തുടങ്ങൂ. പ്രചോദനത്തിനായി കാത്തു നിൽക്കാതെ എഴുത്ത് ഒരു പ്രവർത്തിയായി, ഒരു പ്രാക്ടീസായി കാണണമെന്നാണ് കവി റിൽക്കേ പറയുന്നത്. അല്ലാ സ്കൂളിൽ പഠിക്കുന്ന സമയം കവിത എഴുതിയിരുന്നു എന്നല്ലേ പറഞ്ഞേ? അപ്പോൾ ബേസിക്ക് കാര്യങ്ങളെക്കുറിച്ച് പിടിപാട് കാണുമല്ലോ? മറ്റാരും ശ്രദ്ധിക്കാതിരിക്കുന്ന കാഴ്ച്ചകളാണ് എഴുത്താളെ പരുവപ്പെടുത്തുന്നത്. മറ്റാരും തന്നെ നോക്കാതിരുന്ന ഒരു ദൃഷ്ടികോൺ. ഭാഷ, ഭാവന ഇതു രണ്ടും പിന്നെയാണ് വരുന്നത്. തുടക്കത്തിനായി ഇതിരിക്കട്ടെ.’

മെട്രോ സ്റ്റേഷനിലേക്ക് ഇറങ്ങുന്ന പടികൾക്ക് മുൻപിൽ വച്ച് അപർണ്ണ ഒരു പുസ്തകം അയാൾക്കായി നീട്ടി. അയാളത് വാങ്ങി.
“വായിച്ച് കഴിഞ്ഞ് തിരിച്ചേൽപ്പിക്കണം”
അവൾ പടികൾ ഇറങ്ങിത്തുടങ്ങി. മാനസത് നോക്കി നിന്നു.
"പിന്നേ പ്രേമ കവിതകൾ എഴുതാതെ നോക്കണം’
അവൾ താഴെ നിന്നും വിളിച്ചു പറഞ്ഞു. എത്തിച്ചു നോക്കിയിട്ടും മാനസിനു അവളെ കാണാൻ സാധിച്ചില്ല. അയാളാ ശബ്ദത്തിൽ വിശ്വസിച്ച് പുസ്തകത്തിന്റെ പുറം ചട്ടയിലേക്ക് നോക്കി. E.E. കമ്മിംഗ്സ്. പേജുകൾ മറിച്ചപ്പോൾ അകത്ത് പണ്ടെങ്ങോ വച്ചിരുന്ന ഒരു നിറം മങ്ങിയ പൂവിന്റെ അമർന്ന അവശിഷ്ടങ്ങൾ താഴേക്ക് വീണു.

ന്ന് വൈകീട്ട് മുറിയിലെത്തി വസ്ത്രങ്ങളെല്ലാം മാറിക്കൊണ്ട് നിൽക്കേയാണ് അപർണ്ണയുടെ സുഹൃത്തായ സെലിൻ അവൾക്കായി ഒരു ചെറിയ ജോലി ശരിയാക്കിയ കാര്യം പറഞ്ഞ് വരുന്നത്
“ഫെല്ലോഷിപ്പ് വരുന്നതു വരെ പിടിച്ചു നിൽക്കാൻ ഇതു മതിയാവും”
“കട്ടപ്പണിയാണോ?”
“ഹേയ് അല്ല. പക്ഷെ രാവിലെ നാലുമണിക്ക് എഴുന്നേൽക്കേണ്ടി വരും. ഒരു കാര്യം ചെയ്യ് എന്റെ സൈക്കിൾ ഇരിപ്പുണ്ടല്ലോ അത് നീ എടുത്തോ. എന്നാൽ പിന്നെ മെട്രോയിലേക്ക് നടക്കണ്ടല്ലോ”
“ഈ തണുപ്പത്തോ”
“തണുപ്പ് തുടങ്ങിയിട്ടല്ലേ ഉള്ളൂ. അടുത്ത മാസത്തേക്കൊക്കെയേ പ്രശ്നമാവൂ”
“എന്താ ജോലി?”
“ഒരു ബേക്കറിയിലാ. കോഫീ ഉണ്ടാക്കാൻ ഒക്കെ പഠിപ്പിക്കും. അത്ര തിരക്കൊന്നും കാണില്ല”
“ഒടുക്കത്തെ ഫെല്ലോഷിപ്പ് കാരണം എന്തൊക്കെ കഷ്ടപ്പാടാ”
“കിട്ടുമ്പോ ഇനിയിപ്പോ എല്ലാം ഒരുമിച്ച് കിട്ടുമല്ലോ. നീ ജോലിക്ക് പോയി മുറിയുടെ വാടക കൊടുക്കാൻ നോക്ക്”
“ബേക്കറിയിൽ ആവുമ്പോൾ ഫുഡിനു ഒരു പഞ്ഞവും കാണില്ല അല്ലേ”
“ഉണ്ട” സെലിന്റെ മുൻപിൽ വച്ചു തന്നെ അപർണ്ണ വസ്ത്രം മാറ്റിയിട്ടു.
“എന്തായി അവന്റെ വല്ല വിവരവും ഉണ്ടോ?”
“ഇല്ല”
“ഇനിയെങ്കിലും നീ ആ തീസിസിൽ ഒന്ന് ശ്രദ്ധിക്ക്. അവനെ അവന്റെ പാട്ടിനു വിട്”
“ഏതു പാട്ടിനു വിടണം” അപർണ്ണ ശബ്ദമുണ്ടാക്കാതെ ഒരു പാട്ടു മൂളി
“തുടങ്ങി അവൾ. നീ ഇപ്പോഴും അവനെ ഡിഫന്റ് ചെയ്യുകയാ. അവന്റെ ടീമിലല്ല നീയിപ്പോൾ. അത് മനസിലാക്ക്”
“സേഡ് ആക്കല്ലേ മ്വോളൂസേ” അപർണ്ണ സെലിന്റെ കവിളിൽ പിടിച്ച് കൊഞ്ചിച്ച് അടുക്കളയിലോട്ട് നടന്നു
“നീ ഡേറ്റിംഗ് തുടങ്ങിയോ?”
“ഇല്ല”
“നീയാ മൊബൈൽ തന്നേ”
”എന്തിന്?”
“റ്റിൻഡർ, ബംബിൾ, കുപ്പിഡ് എല്ലാം ഇൻസ്റ്റാൾ ചെയ്യണം”
“ഞാനതിന് ഹൂക്കപ്പിനൊന്നും നോക്കുന്നില്ല”
“ഓ നീ പിന്നെ മറ്റേതിന്റെ ആളാണല്ലോ. സോൾമേറ്റ്”
“സോൾമേറ്റ് വേണ്ട പക്ഷെ ഒരു കണക്ഷനും തോന്നാത്ത ഒരാളുടെ കൂടെ എങ്ങനെയാ?”
“എടോ ഞാനൊരു ഉപദേശം ഫ്രീയായി തരാം. ഒരുത്തനെ മറക്കാനുള്ള ഈസി ആയ വഴി അതിലും നല്ലൊരുത്തനൊപ്പം കഴിയുന്നതാ”
“പിന്നേ നല്ല ആൾക്കാരെല്ലാം ക്യൂവാണല്ലോ ഇവടെ”
“അല്ല. നമ്മൾ കണ്ടുപിടിക്കണം. അതിനുള്ള പരിപാടിയാണ് ഈ ഡേറ്റിംഗ് ആപ്സ്”
“നീയെനിക്ക് കുറച്ച് സമാധാനം താ. ആദ്യം ഞാനിത്തിരി എന്തേലും കഴിക്കട്ടെ”
ഫ്രിഡ്ജ് തുറന്നപ്പോൾ അതിനുള്ളിൽ ഉണ്ടായിരുന്ന പുഡ്ഡിംഗ് എടുത്ത് അപർണ്ണ കഴിപ്പ് തുടങ്ങി
“നീയേ ഒറ്റക്ക് മൂത്ത് മുരടിച്ച് മൂക്കിൽ പല്ലും മുളച്ച് ആരും ഇല്ലാതെ അവസാനം നീ വളർത്തുന്ന പൂച്ച തന്നെ നിന്നെ സാപ്പിടും മരിക്കുമ്പോൾ കണ്ടോ”
“ഓ നെഗറ്റീവ്. നീ ഈ സബ്ജക്ട് വിട്ടേ. വേറൊന്ന് തരാം. ഇന്ന് ഒരുത്തൻ എന്നോട് വന്ന് കവിത പഠിപ്പിക്കാമോയെന്ന് ചോദിച്ചു”
“കവിത തന്നെയല്ലേ. ഭാഗ്യം”
“പോടീ”
“എന്നിട്ട് നീയെന്ത് പറഞ്ഞു?”
“ഞാൻ നോക്കാം എന്ന്”
“ഇതൊക്കെ ഈ ആൺപിള്ളേരുടെ ഒരു നമ്പറല്ലേ. എന്തെങ്കിലും പറഞ്ഞ് മിണ്ടാൻ. നീയവനു നമ്പർ കൊടുത്തോ”
“ഹേയ് അതൊരു പാവം. തേപ്പും കിട്ടി ഇരിപ്പാ”
“അപ്പോ പറ്റിയ ടൈം ആണല്ലോ”
“ഉണ്ട. ഐ ആം അൺ ഡേറ്റബിൾ”
“പിന്നേ വീട്ടിൽ വിളിച്ചിരുന്നോ നീ? നിന്റെ അമ്മ എന്നെ വിളിച്ചായിരുന്നു”

ജോലി തുടങ്ങി മൂന്നാമത്തെ ദിവസമായപ്പോഴേക്കും അപർണ്ണയത് ആസ്വദിച്ചു തുടങ്ങി. പക്ഷെ ദിവസം, പുലർച്ച നാലുമണിക്ക് തുടങ്ങി ഒൻപതുമണിക്ക് അവസാനിക്കുമെന്ന് മാത്രം. മൂന്നാമത്തെ ദിവസം പണി കഴിഞ്ഞുവരുന്ന വഴി പാർക്കിനുള്ളിലൂടെ സൈക്കിളിൽ പായുമ്പോഴാണ് മരത്തിനടിയിൽ ഒരു പുസ്തകവും പിടിച്ചിരിക്കുന്ന മാനസിനെ അവൾ കാണുന്നത്. ദൂരത്തു നിന്നേ മാനസിന്റെ ചുവപ്പും മഞ്ഞയും കലർന്ന ഹൂഡി അവൾക്ക് തിരിച്ചറിയാൻ കഴിഞ്ഞു. അവൾ സൈക്കിൾ തിരിച്ച് മരത്തിനെ ലാക്കാക്കി ചെന്നു.
“ഹലോ”
“ഓ ഹലോ. ഞാനാരാ കരുതി. എന്താ ഇവിടെ?”
“വീട്ടിലേക്ക് പോകുന്ന വഴി. മരത്തിനടിയിൽ എന്താ പരിപാടി? വല്ല ബോധോദയവും ആണോ?”
അയാൾ പുസ്തകം തുറന്ന് കാണിച്ചു. ഒരു ഡയറിയാണ്. അതിൽ ഏതാനും വാക്കുകൾ കാണാം. അവൾ സൈക്കിൾ ചാരി നിറുത്തി അവനടുത്തേക്ക് ചെന്ന് അത് വാങ്ങി വായിച്ചു നോക്കി.

മരത്തിനു മുകളിലൂടെ പറക്കുന്നു
മഞ്ഞില്ലാത്ത തണുപ്പ്
പുല്ല്
കിളികൾ
വെള്ളത്തുള്ളി
മണ്ണ്
ആളുകൾ
ട്രെയിന്റെ ശബ്ദം

പിന്നെ ഏതാനും വാക്കുകൾ എഴുതിയത് വെട്ടിക്കളഞ്ഞിരിക്കുന്നു. അടുത്ത ഏതാനും പേജുകൾ കൂടി അപർണ്ണ മറിച്ചു നോക്കി. അതിൽ കാര്യമായിയൊന്നും ഉണ്ടായിരുന്നില്ല. അവൾ ഡയറി തിരികെ നൽകി.
“രണ്ടു മണിക്കൂർ മരത്തിന്റെ ചോട്ടിൽ ഇരുന്ന് എഴുതിയുണ്ടാക്കിയതാ”
“അപ്പോൾ നല്ല പുരോഗതി ഉണ്ടല്ലോ”
“ഓരോന്ന് ആലോചിച്ച് ഇരുന്നു പോയി. ഈ മരങ്ങളൊക്കെ എന്തൊരു ഭംഗിയാണല്ലേ?”
“തോന്നും തോന്നും”
“എടുക്ക് വാ”
അപർണ്ണ സൈക്കിൾ തള്ളി. മാനസ് പുസ്തകം അടച്ചപ്പോൾ അതിനിടയിൽ വച്ചിരുന്ന പേന ഊർന്ന് താഴെ വീണു. അതറിയാതെ അയാൾ സൈക്കിളിനെ പിന്തുടർന്നു.
“മഴ പെയ്തിരുന്നോ കുറച്ചു മുന്നേ?”
“ഇല്ലല്ലോ എന്താ ചോദിക്കാൻ?”
“മഴ പെയ്ത് തീർന്നു കഴിയുമ്പോൾ അന്തരീക്ഷം കുറച്ചു കൂടെ തെളിയില്ലേ?”
“എങ്ങനെ?”
“ഈ ആവി തട്ടിയ കണ്ണട തുടച്ചു വയ്ക്കും പോലെ”
“വായൂലെ പൊടി പോയതാവും”
മെട്രോയിലേക്കുള്ള വഴിയിലേക്കായിരുന്നു നടത്തം. നടപ്പു വഴിയിൽ ഒരു പാലമുണ്ട്. തൊട്ടരികിൽ ഒഴുകാത്ത ജലത്തിന്റെ ഒരു കനം കുറഞ്ഞ ആവരണം. ആഴമില്ല. അതിലേക്കു നോക്കിയപ്പോൾ തൊട്ടരികിൽ നിൽക്കുന്ന മരങ്ങളുടെ പ്രതിഫലനം. ഒരു കിളി വന്ന് വെള്ളം കുടിക്കുവാൻ കൊക്ക് മുട്ടിച്ചപ്പോൾ അത് ഇളകി.
“ഒരു പെയ്ന്റിംഗ് പോലെയുണ്ട് അല്ലേ?”
“പെയ്ന്റിംഗ് ഒക്കെ അറിയാമോ?”
“ഹേയ് ഇല്ലില്ല. ഞാൻ ജസ്റ്റ് പറഞ്ഞെന്നേ ഉള്ളൂ”

“***എഴുത്തും വരയും തമ്മിൽ ബന്ധമൊക്കെയുണ്ട്. രണ്ടും റിയാലിറ്റിയെ അനുകരിക്കുകയാണല്ലോ. രണ്ടും ഇമേജസ് വച്ചുള്ള കളികൾ. പക്ഷെ ഒന്നല്ലതാനും. ആളുകൾ എപ്പോഴും പറയുമല്ലോ പെയ്ന്റിംഗിൽ കവിതയുണ്ട് അല്ലെങ്കിൽ കവിതയിൽ പെയ്ന്റിംഗ് ഉണ്ടെന്നൊക്കെ. സൂക്ഷ്മമായ തലത്തിൽ അത് സത്യമല്ല. ഉദാഹരണത്തിന് ഒരു കവിത പറയാം.

“മൂടൽ മഞ്ഞിന്റെ അടിപാവാടയണിഞ്ഞാരോ ആരിൽ നിന്നോ ഒരാട്ടിൻ കുട്ടിയെ മറച്ചു പിടിച്ചിരിക്കുന്നു

പോകും നേര മതിന്റെ രോമങ്ങളിൽ വച്ചിട്ട് പോകുമാ മഞ്ഞു തുള്ളികൾ

നോക്കി നിൽക്കുന്നവരിൽ തൊലിയുടെ സുഷിരങ്ങൾ കൂർപ്പിക്കും തണുവ്”

ആദ്യത്തെ രണ്ട് വരികൾ ഒരു ചിത്രം നമുക്ക് നൽകുന്നുണ്ട്. എന്നാൽ അതിനു ശേഷമുള്ള വരികളെ ചിത്രത്തിൽ എത്രമാത്രം കൊണ്ടുവരാൻ കഴിയുമെന്നതിൽ എനിക്ക് സംശയമുണ്ട്. ചിത്രകലയും കവിതയും ബന്ധപ്പെട്ടു കിടക്കുന്നു എന്നതിൽ സംശയമില്ല. എന്നാൽ അത് വ്യത്യസ്തമാണുതാനും. കവിത സമയത്തിന്റെ കലയും ചിത്രരചന സ്പേസിന്റെ കലയുമാണെന്നും പല വാദങ്ങൾ നില നിൽക്കുന്നുണ്ട്”
ഓഫീസിലെ തിരക്കു മൂലം ശ്വേതക്കൊപ്പം പോകാതിരുന്ന ആർട്ട് ഗാലറികൾ അയാളോർത്തു. അതിനെപ്പറ്റി സംസാരിക്കാൻ ആയൊരു സന്ദർഭത്തിൽ അയാൾക്ക് ആഗ്രഹം തോന്നിയില്ല എങ്കിലും ചോദിച്ചു.
“ഇവിടുത്തെ ആർട്ട് ഗാലറികളെല്ലാം കാണാൻ പോയിരുന്നോ?”
“ഉവ്വ് എല്ലാ മാസവും ആദ്യത്തെ വ്യാഴാഴ്ച ഫ്രീയാണ്. ചുമ്മാ രജിസ്റ്റർ ചെയ്താൽ മതി”
“ഞാൻ കാണാൻ പോയിട്ടില്ല. സമയം കിട്ടിയില്ല ഇതു വരെ”
“അടുത്ത മാസം നമുക്ക് വേണേൽ പോകാം. നല്ല കുറച്ച് പെയിന്റിംഗ്സ് അവിടുണ്ട്. ഏൺസ്റ്റ് ലുഡ്വിഗ് ഒക്കെയുണ്ട്. എന്താ അയാളുടെ നിറങ്ങൾ, കലർപ്പുകൾ”
“ഞാൻ കേട്ടിട്ടേയില്ല”
“ചിത്രകാരൻ ഭരണകൂടത്തിന്റെ പീഢനം മൂലം അവസാനം ആത്മഹത്യ ചെയ്തു”
“സ്വാഭാവികം”

ഭൂഗർഭത്തിലുള്ള മെട്രോ സ്റ്റേഷനിലേക്ക് ലിഫ്റ്റിലാണ് സൈക്കിളുമായി അപർണ്ണ ഇറങ്ങിയത്. അവരെ പ്രതീക്ഷിച്ച് ഒരു മെട്രോ ട്രെയിൻ സ്റ്റേഷനിൽ തന്നെ കിടപ്പുണ്ടായിരുന്നു. അപർണ്ണ സൈക്കിളുമായി ഓടി. ഓടുന്നതിനിടയിൽ അവൾ സൈക്കിൾ ബെല്ലു പോലെ കിണികിണിയെന്ന് ചിരിക്കുന്നുണ്ടായിരുന്നു. പിറകിലായി മാനസും വരുന്നുണ്ടെന്ന് ഇടക്ക് അവനെ നോക്കി ഉറപ്പു വരുത്തും. ആളുകളെ തട്ടാതെ സൈക്കിൾ ട്രെയിനുള്ളിലേക്ക് കയറ്റുവാൻ ഏതാനും നിമിഷങ്ങൾ പിടിച്ചു. മാനസ് കയറാൻ കാലെടുത്തു വച്ചതും ട്രെയിൻ ശബ്ദമുണ്ടാക്കി വാതിൽ അടഞ്ഞു. കാലു വലിച്ചപ്പോൾ അവർ രണ്ടായി മുറിഞ്ഞു. അപ്രതീക്ഷിതമായി സംഭവിച്ച ആ പ്രവർത്തിയിൽ ഇരുവരും നിശ്ചലരായി. അപർണ്ണ മാനസിനേയും മാനസ് അപർണ്ണയേയും നോക്കി നിന്നു. ട്രെയിൻ ചലിച്ചപ്പോൾ അവളുടെ കണ്ണുകൾ ഒരു കാരണവുമില്ലാതെ നിറഞ്ഞു.

“എടാ കള്ളാ. കമ്മിംഗ്സിനെ കോപ്പി അടിച്ചാൽ ആരും അറിയില്ലെന്ന് കരുതിയോ?”
പുസ്തകക്കടയിലെ അടുത്ത കൂടിച്ചേരലിന് ചെന്നപ്പോൾ സ്വന്തം കവിതയും കൊണ്ടാണ് മാനസ് ചെന്നത്. കോപ്പിയടിച്ച കാര്യം അപർണ്ണ കണ്ടുപിടിച്ചതിൽ അയാൾക്ക് ജാള്യത തോന്നി.
“വേറെ ഒന്നും എഴുതാൻ പറ്റിയില്ല. അപർണ്ണ ഇത് വേറെ ആരോടും പറയരുത്. പ്ലീസ്”
“ആ ഇവിടെ വരുന്നവരൊക്കെ ഒന്നും വായിക്കാത്ത ആളുകൾ ആണല്ലോ ആർക്കും മനസ്സിലായിക്കാണില്ല”
“ശേ”

അയാൾ വേഗം എല്ലാവരേയും ഒഴിവാക്കി മരത്തിനടിയിൽ ചെന്നു നിന്നു. പുറത്തേക്ക് വരുന്ന ഓരോരുത്തരേയും ചിരിച്ചു കൊണ്ട് അവഗണിച്ച് അപർണ്ണക്കായി കാത്തു. എല്ലാവരോടും യാത്ര പറഞ്ഞ് അവൾ പുറത്തിറങ്ങിയപ്പോഴേ അയാൾ അരികിലേക്ക് ഓടി ചെന്നു പഴയ വഴിയിലേക്ക് യാത്രയെ കൂർപ്പിച്ചു.
“ആ E E കമ്മിംഗ്സ് എത്തിയല്ലോ”
“ഞാൻ കുറേ ഒക്കെ എഴുതാൻ ട്രൈ ചെയ്തു. ഒന്നും നടക്കാതായപ്പോഴാ പിന്നെ ആ പുസ്തകത്തിൽ നിന്നും പെറുക്കിയെടുത്തത്. എങ്ങനാ നിങ്ങളിതൊക്കെ എഴുതുന്നേ?”
“ഇങ്ങനെ കിടന്ന് പിടയ്ക്കാതെ സമയം കൊടുക്ക്. പതിയെ പഠിക്കും”
“നിങ്ങൾ എത്ര സമയം കൊണ്ടാണ് കവിത എഴുതാൻ പഠിച്ചത്?”
“കവിത മനസ്സിലാകുന്നതിന് തന്നെ ഏകദേശം ആറ് വർഷം”
“ആറ് വർഷമോ? അവൾക്ക് രണ്ട് പിള്ളേർ ആവും അപ്പോഴേക്കും”
“എന്തായി അവൾ വിളിച്ചോ?”
“എവിടുന്ന്. വേറെ ആരെങ്കിലുമായി പ്രേമത്തിലായോ എന്നാണ് എനിക്ക് പേടി. അല്ല നിങ്ങളീവട്ടം കവിത എഴുതിയില്ലല്ലോ”
“ഇല്ല. പൂർത്തിയായില്ല. അതിനെന്താ ഒരെണ്ണം നീയെഴുതിയല്ലോ I will take the sun in my mouth” അവൾ ചിരിച്ചു. മാനസിന് ജാള്യത തോന്നി.
“നിങ്ങൾ ഈ ബുക്ക് സ്റ്റോറിലെ പുസ്തകങ്ങൾ മറിച്ചു നോക്കി അതിലുള്ള സാധനങ്ങൾ കളക്ട് ചെയ്യുന്നത് കണ്ടിട്ട് ഞാൻ ആരോടും പറഞ്ഞില്ലല്ലോ”
അപർണ്ണക്ക് വീണ്ടും ചിരി വന്നു
“ഓ അതൊക്കെ ശ്രദ്ധിച്ചോ?”
“എന്തൊക്കെയാ അതിൽ നിന്നു കിട്ടാറുള്ളത്?”
“ഇലകൾ, പൂക്കൾ, ബുക്ക് മാർക്കുകൾ, ഫോട്ടോകൾ, ടിക്കറ്റുകൾ, മുടിയിഴകൾ, ബിസ്ക്കറ്റു കഷ്ണങ്ങൾ, എഴുതി വച്ച പേപ്പർ കഷ്ണങ്ങൾ അതൊക്കെയാണ് സാധാരണ കിട്ടൽ”
“ഏറ്റവും വിയേഡ് എന്തായിരുന്നു?”
“അത് നാട്ടിൽ വച്ചാ. സാമ്പാറുകഷ്ണത്തിലെ കടിച്ച് ചപ്പിയ മുരിങ്ങത്തോലിന്റെ ഒരു കഷ്ണം”
“അപ്പോ ഇത് ഇന്നും ഇന്നലേയും തുടങ്ങിയതല്ല”
“അല്ലല്ല”
അവർ രണ്ടു പേരും ഒരുമിച്ച് ചിരിച്ചു.
“EE കമ്മിംഗ്സ് എന്നു വിളിച്ച് എന്നെ കളിയാക്കരുത്. പ്ലീസ്”
“അയ്യോ വിഷമമായോ? പക്ഷെ ഞാൻ പറയട്ടേ, ഈ അനുകരണം ഉണ്ടല്ലോ അതത്ര മോശം സംഗതി ഒന്നും അല്ല. ഇപ്പോൾ ഇന്നെഴുതിയ കവിത അത് മുഴുവനായല്ലല്ലോ എടുത്തെഴുതിയത്. മാറ്റങ്ങളൊക്കെ വരുത്തിയിട്ടല്ലേ? എഴുതി തുടങ്ങുന്ന ആളുകളുടെ ആദ്യ പാഠം ഇത് തന്നെയാണ്. ശരിയായ വഴിയിൽ തന്നെയെന്ന് സാരം. മാത്രവുമല്ല ഓരോരുത്തർക്കും ഓരോ വഴിയല്ലേ. ഞാൻ പറയുന്നത് നിനക്ക് മനസിലാകണമെന്നില്ല. തുള്ളിവെള്ളം പാറകളേയും തുളച്ച് കടന്നു പോവും എന്നല്ലേ. സമയം കൊടുക്ക് കവിത അതിന്റെ വഴി നിന്നിൽ കണ്ടെത്തും”
“കോപ്പിയടി അപ്പോൾ കുഴപ്പമില്ലെന്നാണോ?”
“എഴുത്തിൽ വഴക്കം ഉണ്ടാക്കാൻ കഴിയുന്ന കാര്യമാണ് അനുകരണം. അതിൽ മാത്രമായി ഒതുങ്ങിപ്പോകരുതെന്നേയുള്ളൂ. ഒരു ബേസ് ഉണ്ടാക്കിയെടുക്കാൻ അനുകരണം സഹായകരമായ സംഗതിയാണെന്നാണ് ഞാൻ പറയുന്നത്. പക്ഷെ അതിന് മാസ്റ്റേഴ്സിനെ വേണം ഉപയോഗപ്പെടുത്താനെന്ന് മാത്രം . വാൻ ഗോഗിനെയും മറ്റീസിനേയുമെല്ലാം ആശയക്കുഴപ്പങ്ങളിൽ പെടുമ്പോൾ മാസ്റ്റേഴ്സാണ് ഇത്തരത്തിൽ സഹായിച്ചിട്ടുള്ളത്”
“എനിക്ക് ഈ തിയറിയൊന്നും വർക്കാകില്ല. വല്ല കാടോ മേടോ പൂക്കളോ പുഴുക്കളോ കാറ്റോ മേഘമോ അങ്ങനെയെല്ലാം എടുത്ത് ഒരു കുലുക്ക് കുലുക്കിയാൽ മതിയാകുമോ? ഒറ്റയൊരു വാക്കിൽ അല്ലെങ്കിൽ ഒറ്റയൊരു വാചകത്തിൽ കവിത പഠിപ്പിക്കാൻ പറ്റുന്ന ആരെങ്കിലുമുണ്ടോ?”
“ഒരൊറ്റ വാചകമോ? ആ ഉണ്ട്”

“**നിങ്ങളെഴുതാൻ പോകുന്ന ആദ്യത്തെ കവിതക്കായി ഒരുപാട് മനുഷ്യജീവിതങ്ങളെ നിങ്ങൾ കാണണം, നിരവധി ചെടികളെ തൊട്ടു തലോടണം, ഉദയവും അസ്തമയവും അതിന്റെ നിറമാറ്റവും കണ്ടറിയണം, തടാകം കണ്ണാടിയാക്കി മുഖം നോക്കണം, നിങ്ങളുടെ കണ്ണാടിയിൽ ഓളങ്ങൾ അതിനുള്ളിൽ മീനുകൾ, ഒച്ചുകൾ, കൂത്താടികൾ, പുഴുക്കൾ, തവളകൾ, ആമകൾ, ജലസസ്യങ്ങൾ അവയുടെ മടക്കുകളിലെ മുട്ടകൾ, തടാകത്തിലേക്ക് വരാനായുന്ന മീങ്കൊത്തികൾ, അരയന്നങ്ങൾ, പ്രാണികൾ, നീർനായ്കൾ, താറാവുകൾ, മുകളിലൂടെ പറക്കാൻ പോകുന്ന പക്ഷികൾ ഒഴുകുന്ന മേഘങ്ങൾ എന്നിവയെ ഒക്കെ അലങ്കാരപ്പണികൾ നടത്തണം, പൂക്കളെയറിയണം അതുങ്ങൾ വിടരാതെ പിടിച്ചു നിൽക്കുമ്പോഴുള്ള മണമറിയണം, ബാല്യകാലത്ത് നിങ്ങൾ പിച്ചിയെറിഞ്ഞ ഇലയുടെ നീരിന്റെ നനവ് ഓർത്തെടുക്കണം, അപരിചിതമായ പട്ടണത്തിൽ വഴി തെറ്റി അലയണം, നിങ്ങൾ നോവിച്ചവരുടെ വേദന അനുഭവിക്കുവാനാകണം, ഉഴിഞ്ഞുഴിഞ്ഞ് നേരെയാക്കാൻ പോകുന്ന നെറ്റിയിലെ ആ മുഴയുടെ മാർദ്ദവം അറിയണം, ഇരുട്ടിന്റെ പുതപ്പിനുള്ളിൽ അടയിരുന്ന നാളുകളിലെ കണ്ണുകളുടെ ഊഷ്മാവ് അളക്കാനാകണം, കടൽത്തിരകളേറ്റ് ബിയർ കുടിച്ചതും മണൽത്തരികൾ വഹിച്ച ജീൻസുമടക്കുകളും മറക്കാതിരിക്കണം, പ്രേമത്താൽ അലിഞ്ഞ നാളുകൾ, വിരഹത്താൽ മുറിഞ്ഞ നീലരാവുകൾ, ഇടറിയ ചുവടു വയ്പ്പുകൾ, മരണത്തിന്റെ സംഗീതം, പാടങ്ങളുടെ ഗന്ധം, കുറ്റിപ്പുല്ലുകൾ, ചിത്രങ്ങളേക്കാൾ സ്പർശനം കൊണ്ടും ഗന്ധങ്ങൾ കൊണ്ടും കേൾവികൊണ്ടും നിങ്ങളൊരാളെയെങ്കിലുമോർക്കണം, രോമാഞ്ചം കൊണ്ടു വന്ന അനുഭൂതികൾ വേണം, വഴിയില്ലാക്കാടുകളിൽ നുഴഞ്ഞ പാടുകൾ, ആരും തൊടാത്ത മരത്തിലെ കിളിക്കൂടിന്റെ ചുള്ളികൾ, മരണത്തിനു തൊട്ടുമുൻപ് ഒരുവൻ കണ്ട ചിത്രങ്ങളുടെ നിർവൃതി, മുറിവുകളിൽ വച്ചു കെട്ടിയ ഇലചതപ്പുകൾ, ഹൃദയമിടിപ്പും നക്ഷത്രങ്ങളുടെ കൺചിമ്മലും ഒരേ താളത്തിലെന്ന് അറിയുന്ന രാവുകൾ അറിഞ്ഞിരിക്കണം, ആരുടേയോ സാന്നിധ്യത്തിനായി പ്രതീക്ഷയുറ്റ ജനൽപ്പാളികൾക്കിടയിലെ കണ്ണുകൾ, രണ്ടു സന്ദർഭങ്ങളിൽ രണ്ടായി അറിഞ്ഞ ഒരേ കവിത, വീണു പൊട്ടിയ മുട്ടുകളിൽ മുളച്ച തുള്ളികൾ, പ്രളയം ബാക്കി വച്ച ചെറുകുണ്ടുകൾ ജലത്തിന്റെ കൈരേഖകൾ എന്നിങ്ങനെയുള്ളവയെ അറിയുകയും അതെടുത്തു വയ്ക്കുകയും ഏകാന്തമായ ഒരിടത്തു വച്ച് അഭൂതമാം നേരത്ത് അതിൽ നിന്നും ഒരു ബിംബം ഒരു വാക്ക് പുറത്ത് വരികയും അത് നിന്റെ ആദ്യ കവിതയാകുകയും ചെയ്യുന്നു ഏത് പോലെയെന്നോ മഴയൊന്നുമില്ലാത്ത ദിവസത്തിൽ മേഘങ്ങൾക്കിടയിൽ നിന്നും ഒരു തുള്ളി കണ്ണിൽ വീഴുമ്പോൾ നിങ്ങൾ ശങ്കിക്കാറില്ലേ ഇതെവിടെനിന്നുമെന്ന്, ശേഷം മുകളിലൂടെ പറന്ന പക്ഷികളെ തിരയുന്നതു പോലെ”

അവസാനമായപ്പോഴേക്കും അപർണ്ണ കിതച്ചു.
“എന്റമ്മോ ഇതാണോ ഒറ്റ വാചകം? കവിതയാണോ നിങ്ങളുടെ?”
“അല്ല ഇത് ഒരു കവിയുടെ ഉപദേശമാ”
“വെറുതെയല്ല ആരും കവിത വായിക്കാത്തത്. എന്തൊരു ഉപദേശം. പിന്നേ, നിങ്ങൾ തന്ന പുസ്തകം ഇതാ ഞാൻ കൊണ്ടു വന്നിട്ടുണ്ട്”
മാനസ് കയ്യിലുണ്ടായിരുന്ന പുസ്തകം നീട്ടി. അപർണ്ണ നടത്തം നിർത്തി പുസ്തകം വാങ്ങി പേജുകൾക്കുള്ളിലെ തടസം എന്തെന്ന് നോക്കി. അതിൽ പുതിയൊരു പൂവിന്റെ ഇതളുകൾ. അവൾ കണ്ടില്ലെന്ന് നടിച്ച് പുസ്തകം ബാഗിൽ വച്ചു.
“നിനക്കൊരു എളുപ്പ വഴി പറഞ്ഞു തരട്ടെ?”
“ആ അതല്ലേ ചോദിക്കുന്നത് പറ”
“വിവർത്തനം. അറിയാവുന്ന ഏതെങ്കിലും ഭാഷയിൽ നിന്നും നിന്റെ സ്വന്തം ഭാഷയിലേക്ക് കവിത മൊഴിമാറ്റം നടത്തി നോക്ക്. എന്നെ അത് വളരെയധികം സഹായിച്ചു. എഴുത്തുകാർ എത്തരത്തിൽ ഭാവനയെ സ്വീകരിച്ചു എന്ന് കൃത്യമായി അതിലൂടെ മനസ്സിലാക്കാൻ സഹായിക്കും”
“എന്നാലത് ചെയ്ത് നോക്കാം. ഇപ്രാവശ്യം എനിക്ക് തരാനായി പുസ്തകങ്ങൾ ഒന്നുമില്ലേ?”
അപർണ്ണ ചോദ്യം ശ്രദ്ധിക്കാതെ ചിരിച്ചു എന്നല്ലാതെ മറ്റൊന്നും പറഞ്ഞില്ല.
“ഇന്നെന്താണ് ആകെ മൂഡ് ഓഫ് ആണല്ലോ എന്തുപറ്റി?”
ആദ്യം അവളൊന്നും പറയാതെ നടപ്പ് തുടരുകയാണ് ചെയ്തത്. പിന്നെ അയാളുടെ മുഖത്ത് നോക്കാതെ സംസാരിച്ചു.
“ജീവിതം എങ്ങോട്ടാണീ പോകുന്നതെന്ന് നോക്കുകയായിരുന്നു. മുപ്പത്തൊന്ന് വയസ്സ് കഴിഞ്ഞു. ഇപ്പോഴും പി എച്ച് ഡി ചെയ്ത് നടക്കുന്നു. ജോലിയില്ല പൈസയില്ല ബോയ് ഫ്രണ്ട് ഇല്ല. വീട്ടുകാരുടെ വക വേറെ. ആകെയുള്ളത് ഈ കവിതയും കുറേ പുസ്തകങ്ങളും ഒരു കിൻഡിലും. പിന്നെ എല്ലാ രാത്രികളിലും മുടങ്ങാതെ മുറിയിൽ വന്ന് ചിറകുകൾ കൊഴിച്ചു ഇല്ലാതാവുന്ന നിശാശലഭങ്ങളും. പ്രേമത്തിൽ മാത്രമല്ല ജീവിതത്തിലും ഞാൻ സ്റ്റക്ക് ആണ്. ഇപ്പോഴും എന്തെങ്കിലും വിയേഡ് ആയ തമാശയൊക്കെ ഉണ്ടാകുമ്പോൾ അയാളെയാണ് ഞാനോർക്കുന്നത് അയാളോട് പങ്കു വയ്ക്കാൻ ഉള്ളിലൊരാന്തൽ അറിയാതെ വരും. ചെറിയ ചെറിയ കാര്യങ്ങൾ പറയാൻ എനിക്കിപ്പോൾ ആരും ഇല്ല”
“നിങ്ങൾ ഇപ്പോഴും അയാളെ കാത്തിരിക്കുകയാണോ?”
“എന്നു ചോദിച്ചാൽ അല്ല. മൂവ് ഓൺ ചെയ്യണം എന്നെനിക്ക് അറിയാം. അയാൾ തിരിച്ച് വരില്ലെന്ന് എനിക്കറിയാം. പക്ഷെ ഈ മുറിവ് നക്കിനക്കിയുണക്കുന്ന ഒരു പൂച്ചക്കുട്ടിയാണ് ഞാനിന്ന്. ഒരിടത്ത് ഉണങ്ങും മറ്റൊരിടത്ത് ഉപ്പു വെള്ളം തട്ടി പഴുക്കും. അയാൾ എവിടെയാണെന്ന് എനിക്ക് അറിയില്ല. എന്ത് ചെയ്യുവാണെന്ന് അറിയില്ല. ഒന്ന് വന്ന് പറഞ്ഞിട്ട് പോയിരുന്നെങ്കിൽ സമാധാനമായി ഞാൻ മൂവ് ഓൺ ചെയ്തേനെ”
കണ്ണുകൾ നിറയുന്നത് കാണാതിരിക്കുവാൻ അവൾ മുൻപിലേക്ക് വേഗത്തിൽ നടന്നു. സോക്സിനു തൊട്ടു മുൻപു വരെയായിരുന്നു അപർണ്ണയുടെ പാന്റിന്റെ നീളം. വാൻഗോഗിന്റെ കട്ടികൂടിയ നീല നിറത്തിലുള്ള സോക്സിലേക്ക് ഉറ്റുനോക്കുന്നതിനിടെ അപർണ്ണയത് ശ്രദ്ധിച്ചു
“എന്താ നോക്കുന്നത്?”
മാനസിനപ്പോഴാണ് സ്ഥലകാല ബോധം വന്നത്.
“നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും മികച്ച പ്രേമം ഇതായിരുന്നോ?”
“പ്രേമത്തിന്റെ തീവ്രതയെക്കുറിച്ചാണെങ്കിൽ അല്ല. എനിക്ക് തോന്നുന്നു ആദ്യത്തെ റിയൽ കമ്മിറ്റ്മെന്റ് ആവും മിക്കവർക്കും പ്രേമത്തിനെ അതിന്റെ മുഴുവൻ അർത്ഥത്തിൽ യഥാർത്ഥ സത്തിൽ ഒരു തുള്ളി പോലും കലർപ്പില്ലാതെ അനുഭവിക്കാൻ കഴിഞ്ഞു കാണുക. അതിനു ശേഷമുള്ള പ്രേമങ്ങളിൽ ഞാൻ ഒരു സേഫ് ഡിസ്റ്റൻസ് വച്ചിരുന്നു. അത് പ്രേമത്തിൽ വിശ്വാസമില്ലാഞ്ഞല്ല. വേദനിക്കുവാൻ ഒരുക്കമല്ലാത്തതിനാലാണ്. കൗമാരത്തിലും യൗവ്വനത്തിലും പ്രേമിക്കുമ്പോൾ വലിയ ആത്മവിശ്വാസമായിരുന്നു. തീവ്രത ആണെങ്കിൽ അതിലധികം. ഉരുകാതിരുന്ന പ്രേമങ്ങളെയെല്ലാം വലിച്ചെറിഞ്ഞു. രോഗം, പരാജയം, അപകടം, മരണം എന്നിവ കേട്ടുകേൾവി മാത്രമുള്ള സമയം. ഒരുപാടാളുകളെ കണ്ടുമുട്ടുമെന്ന് കരുതിയ സമയം. ജീവിതം അതിന്റെ സങ്കീർണ്ണതയുടെ ചിറക് വിരിക്കുന്നതിനു തൊട്ടു മുൻപുള്ള സമയം. ഇപ്പോൾ ചിന്തിക്കുമ്പോൾ ആളുകളെ വേദനിപ്പിച്ചതിൽ കുറ്റബോധം തോന്നുന്നു”
“ഒരു പാട് പ്രേമങ്ങൾ ഉണ്ടായിക്കഴിയുമ്പോൾ പ്രേമത്തെ പഴയ പോലെ അനുഭവിക്കാൻ കഴിയില്ല എന്നെനിക്ക് തോന്നിയിട്ടുണ്ട്. ആ എക്സൈറ്റ്മെൻറ്​ കുറഞ്ഞു വരുന്ന പോലെ”
“എന്നാൽ ഇതൊക്കെ പറഞ്ഞ് നമ്മൾ സ്നേഹിക്കാതെ ഇരിക്കുമോ? സ്നേഹിച്ചാലോ വേദന കൊണ്ട് പുളയേണ്ടി വരും. എന്നാൽ സ്നേഹിക്കാതിരുന്നാലോ സ്നേഹരാഹിത്യത്താൽ വരണ്ടുണങ്ങും. സത്യത്തിൽ ഈ മനുഷ്യർക്ക് എന്താണ് വേണ്ടത്?”
“ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങളുള്ള ആളാണ് ഞാൻ. പക്ഷെ അതിനോടൊക്കെ ഞാൻ ഫൈറ്റ് ചെയ്യും. എന്നാൽ ഇതിൽ, ഇതിന്റെ ഈ വേദനയിൽ ഞാൻ വീണു പോകും. ജലദോഷത്തിൽ തളർന്നു പോകുന്ന കുട്ടിയെ പോലെ”

മെട്രോ സ്റ്റേഷനെത്തി. മാനസ് നിന്നു. അപർണ്ണ പടികളിറങ്ങി.
“അപ്പോൾ ഈ വട്ടം പുസ്തകമില്ലേ?”
അപർണ്ണ മറന്നു പോയിരുന്നു. ബാഗിൽ നിന്നും പുസ്തമെടുത്ത് ചെരിച്ചു പിടിച്ച് മുകളിലേക്ക് എറിഞ്ഞു. മാനസ് അത് കൃത്യമായി കൈക്കലാക്കി. അവൾ തിരിഞ്ഞ് പോകാനാഞ്ഞത് ശ്രദ്ധിക്കാതെ പുസ്തകത്തിന്റെ പേരു വായിച്ചു.
“What is poetry?” അയാളുറക്കെ ഒരിക്കൽ കൂടി ആ ചോദ്യം ഉച്ചത്തിൽ അപർണ്ണയോട് ചോദിച്ചു
“വാട്ട് ഈസ് പോയട്രി?”
അപർണ്ണ കാഴ്ച്ചയിൽ നിന്നും മറഞ്ഞിരുന്നു. അയാൾ രണ്ട് സെക്കന്റ് അവളെ പ്രതീക്ഷിച്ചു, കാണാഞ്ഞ് നിരാശനായി മുഖം തിരിച്ചു. പെട്ടെന്ന് ഒരു ശബ്ദം കേട്ടു.
“Its beauty” അപർണ്ണയുടെ മുഖം താഴ്ച്ചയിൽ നിന്നും മുകളിലോട്ട് ദൃശ്യമായി. അവൾ ഉറക്കെ വിളിച്ചു കൂവി.
“സൗന്ദര്യം അതാണ് കവിത” അതും പറഞ്ഞ്, കൈകളാൽ യാത്ര ചോദിച്ച് അവളുടെ മുഖം പതിയെ മറവിലേക്ക് താഴ്ന്നു പോകുന്നത് അയാൾ ഒരിക്കൽ കൂടി നോക്കി നിന്നു. അപർണ്ണ മറഞ്ഞ ശേഷം മെട്രോ സ്റ്റേഷനു തൊട്ടരികിലുള്ള ബസ് സ്റ്റോപ്പിലേക്ക് മാനസ് നടന്നു. അവിടുന്ന് ബസിൽ പോയാൽ മുറിയിലേക്കധികം നടക്കേണ്ട. പെട്ടെന്ന് ആരോ തൊടുന്ന പോലൊരു അനുഭവം, അയാൾ തിരിഞ്ഞു നോക്കി. ആരുമില്ല. പിന്നെ നോക്കുമ്പോൾ കനം കുറഞ്ഞ മഞ്ഞ്, തൂവലുകൾ പോലെ ചുറ്റിലും പൊഴിയുന്നു. ഒരു ചെറിയ കഷ്ണം അയാളുടെ കൈത്തണ്ടയിൽ വന്നിരുന്നു. അത് കണ്ടയാൾ അത്ഭുതം കൊണ്ട് അതിനെ തൊട്ടു നോക്കി. അത്ര സമയമേ വേണ്ടി വന്നുള്ളൂ. അതലിഞ്ഞു പോയി.

പുസ്തകം നഷ്ടപ്പെട്ടാൽ തിരികെ ലഭിക്കുന്നതിനായി അപർണ്ണ എഴുതി വച്ച ഫോൺ നമ്പറിൽ പന്ത്രണ്ട് മണിക്ക് ശേഷമാണ് മാനസിന്റെ വിളി വരുന്നത്. പിറ്റേന്ന് ജോലി ഉണ്ടായിരുന്നതിനാൽ ഉറക്കത്തിൽ ഫോൺ വൈബ്രേഷൻ കേട്ട് മുഖം ചുളിച്ചു കൊണ്ടായിരുന്നു അപർണ്ണ കോൾ എടുത്തത്.
“ഹലോ”
“ഹലോ ഉറക്കത്തിലാണോ”
മാനസ് വലിയ ആഹ്ളാദത്തിലായിരുന്നു. ഓരോ വാക്കിനു ശേഷവും സന്തോഷം തടുത്തു നിർത്താൻ കഴിയാത്ത വണ്ണം ചിരിയുടെ ശകലങ്ങൾ പൊന്തി വന്നു കൊണ്ടിരുന്നു.
“ഞാൻ നാലു വരി എഴുതി. ഇതുവരെ എഴുതിയതു പോലെയൊന്നുമല്ല. എനിക്ക് എന്നെത്തന്നെ മനസ്സിലാകുന്നില്ല ഇപ്പോൾ”
“എന്റമ്മോ എന്തൊരു തള്ള്. ഇത്തിരി കുറക്കാമോ?” അപ്പുറത്ത് നിന്നും വീണ്ടും ചിരിയുടെ കിലുകിലം.
“എന്താ എഴുതിയത് വായിക്ക്”
“അതൊന്നും അത്ര പെട്ടെന്ന് പറ്റില്ല” അയാൾ ഗമ കാണിച്ചു
“എന്നാൽ ഞാൻ ഫോൺ വെക്കാം” അപ്പോഴും ചിരി. പിന്നെ പതിയെ വായിക്കുന്ന ശബ്ദം.

“പൂച്ച മാന്തിയതു പോൽ
സൈക്കിൾ സീറ്റിൽ
പുലർച്ചയുടെ നഖങ്ങൾ പോറി
മഞ്ഞ് തുള്ളികൾ മുളച്ചു”

“ഇത് രസമുണ്ടല്ലോ ഇതെവിടുന്നു കിട്ടി ഈ പുലർച്ചയുടെ നഖം”
“അതോ ഈ കവിതയുടെ രഹസ്യം പറയാൻ പാടില്ലാത്തതാണ് എന്നാലും പറയാം. ഇന്നലെ രാത്രി എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. ഞാനവളെപ്പറ്റിയും ഞങ്ങളെപ്പറ്റിയുമൊക്കെ ഓർത്ത് സമയം കളഞ്ഞു. പുലർച്ചേ ഒരു നാലു മണി നാലര ആയപ്പോൾ അവളെക്കാണാൻ തോന്നി. അപ്പോൾ തന്നെ വസ്ത്രങ്ങളും ധരിച്ച് പുറത്ത് ഇറങ്ങിയപ്പോൾ നല്ല തണുപ്പ്. കോട പോലെ എന്തോ പുക. അതിൽ ഞാൻ നടന്നു. അകലെ നിന്ന് തെരുവുവിളക്കുകൾ ചെറിയ ഒരു മെഴുകുതിരിയുടെ നാളം കണക്കേ മങ്ങി മാത്രം കാണാമായിരുന്നു. അവളുറങ്ങുകയാവും. ഉറങ്ങുന്ന സമയം ചെറിയ ശബ്ദമുണ്ടാക്കിയാൽ പോലും ഉറക്കം മുറിയുന്ന പ്രകൃതമാണ്. അതുകാരണം ഞാൻ രാത്രി സിനിമ കാണുന്ന പരിപാടി പോലും ഒഴിവാക്കിയിരുന്നു. കിടക്കയുടെ ഒരറ്റത്ത് ശബ്ദമില്ലാതെ അമരുന്നതിന് ശ്രദ്ധിക്കുമായിരുന്നു. അതൊക്കെ ആലോചിച്ച് വണ്ടി കയറി കുറച്ചു ദൂരം പോയി. പിന്നെ ഏതോ ഒരു സ്റ്റോപ്പിൽ ഇറങ്ങി. ഈ പാതി രാത്രിയിൽ എങ്ങോട്ടെന്ന് തോന്നി. സത്യത്തിൽ അവൾ താമസിക്കുന്ന ഇടം എനിക്കറിയില്ലായിരുന്നു. എന്തൊരു മണ്ടനാണല്ലേ ഞാൻ”

ചിരി ഒതുക്കുവാൻ ഇരുവരും പാടുപെട്ടു.

അപർണ്ണ ശബ്ദം ഇല്ലാതെ ചിരിക്കുന്നത് അപ്പുറത്തെ അറ്റത്തിൽ നിന്ന മാനസിനു മനസ്സിലായി.

“തിരിച്ച് പോകാൻ ബസ് കാത്ത് മടുത്തപ്പോൾ ഞാൻ നടന്നു. പകുതിയെത്തിയപ്പോൾ ഒരു ബസ് കടന്നു പോയി. മര്യാദക്ക് ബസ് സ്റ്റോപ്പിൽ നിന്നാൽ മതിയായിരുന്നു എന്ന് അപ്പോഴോർത്തു. നല്ല തണുപ്പുണ്ടായിരുന്നു. കൈവിരലുകൾ മരവിച്ചിരുന്നു. അപ്പാർട്ട്മെന്റിലേക്ക് കയറാൻ പോകുന്ന സമയത്താണ് പുറത്ത് പൂട്ടിയിട്ട സൈക്കിളുകൾ ഇരിക്കുന്നത് കണ്ടത്. ഇവിടെ സൈക്കിൾ കള്ളന്മാർ അധികമാണ്. അതു കൊണ്ട് ഉള്ളിലേക്ക് കടക്കുവാൻ ചെറിയ ഒരു ഗേറ്റ് പണിത് വച്ചിട്ടുണ്ട്. തണുപ്പ് കാലം ആയതിനാൽ സൈക്കിളുകൾ ഇപ്പോൾ ആരും ഉപയോഗിക്കാറില്ല. ഗേറ്റ് കടന്ന് ചെന്നപ്പോൾ സീറ്റുകളിൽ മഞ്ഞു തുള്ളികൾ ഉണ്ടായിരുന്നു. ഞാനതത്ര കാര്യമാക്കിയില്ല. പിന്നെ വൈകീട്ട് അമ്മ വിളിച്ചപ്പോഴാണത് ഓർത്തത്. വീട്ടിലെ സ്കൂട്ടറിന്റെ സീറ്റ് പൂച്ച മാന്തിപ്പൊളിച്ചെന്ന് അമ്മ പറഞ്ഞു. പൂച്ച എന്ന് അമ്മ പറഞ്ഞത് ഞാൻ കേട്ടത് പുലർച്ച എന്നാണ്. എന്തോ നെറ്റ് കണക്ഷന്റെ പ്രശ്നം. പെട്ടെന്നെനിക്ക് ഇന്ന് കണ്ട കാഴ്ച്ച ഓർമ്മ വന്നു. അപ്പോഴൊന്ന് എഴുതി നോക്കി. സന്തോഷം കാരണം ഞാൻ അമ്മയോട് അധികം സംസാരിക്കാൻ പോലും നിന്നില്ല. എനിക്കറിയാമായിരുന്നു ഇത് കവിതയാകാൻ സാധ്യതയുള്ള ഒന്നാണെന്ന്. അങ്ങനെ എഴുതിക്കഴിഞ്ഞ് നിങ്ങളെ കാണിക്കണമെന്ന് തോന്നി. ഈ ആഴ്ച്ച വരെ കാക്കാനുള്ള ക്ഷമ ഇല്ലായിരുന്നു. അതാണ് വിളിച്ചത്. നിങ്ങളുടെ ഉറക്കം പോയില്ലല്ലോ?”
“ഹേയ് ഇല്ലില്ല” അതിനർത്ഥം ഉറക്കം പോയെങ്കിലും നിങ്ങൾ വിളിച്ചതിൽ എനിക്ക് സന്തോഷമുണ്ടെന്നായിരുന്നു.
“അല്ലാ എന്റെ നമ്പർ എവിടെന്ന് കിട്ടി?”
“അതൊക്കെ തപ്പിയെടുത്തു”
“ഓ ആ പുസ്തകത്തിൽ നിന്നാവും”
“ഇനി ഈ കവിത വച്ചു ഞാനൊരു കളി കളിക്കും. അവൾക്ക് നേരിട്ട് അയക്കുന്നില്ല. പകരം സ്റ്റാറ്റസ് ഇടാം. അവൾ കാണുന്നു. എനിക്ക് മെസേജ് അയക്കുന്നു. ഞങ്ങൾ സെറ്റ് ആവുന്നു. ഒരുമിച്ച് ഒരു യാത്ര പോകുന്നു”
“യാത്ര പോകുന്നതൊക്കെ കൊള്ളാം എന്റെ പുസ്തകമെനിക്ക് തന്നിട്ട് പോകണം”
“അതൊക്കെ തന്നേക്കാം”
“അല്ലാ ഇതിപ്പോൾ നാല് വരിയല്ലേ ആയുള്ളൂ ഒരു പത്ത് വരിയെങ്കിലും വേണ്ടേ? എന്നാലല്ലേ കവിതയാകുള്ളൂ””
“ആ സമയം ഉണ്ടല്ലോ. ഞാൻ പോയി അടുത്ത വരി എഴുതാൻ നോക്കട്ടെ”
“ഈ ആഴ്ച്ച പുണ്യാളനിൽ വരുന്നുണ്ടോ?”
“യെസ് ഈ കവിത എഴുതിക്കഴിഞ്ഞ് വായിക്കാൻ വരും”
“ഓക്കെ”
“എന്നാ ഞാൻ വയ്ക്കട്ടെ? ഗുഡ്നൈറ്റ്”
“ഗുഡ്നൈറ്റ്”
ആ ആഴ്ച്ച മാനസ് കവിത വായിക്കുവാൻ വന്നില്ല. അതിനു മൂന്നാം നാൾ വൈകുന്നേരം അയാൾ അപർണ്ണയെ വിളിച്ചു കരഞ്ഞു. മുൻ കാമുകിയുമായി ബന്ധപ്പെട്ട എന്തോ കാര്യമാണെന്ന് മാത്രമേ അപർണ്ണക്ക് മനസ്സിലായുള്ളൂ. അവൾ അയാളോട് ക്രുമാ തടാകത്തിലേക്ക് വരാൻ ഉപദേശിച്ചു. പിറ്റേന്ന് ബേക്കറി അവധി ആയതിനാൽ പുറത്ത് പോകുന്നതിൽ തെറ്റില്ലെന്ന് അവൾക്ക് തോന്നി. സെലിനോട് കാര്യം പറഞ്ഞപ്പോൾ അവൾ കളിയാക്കി.
“ആശ്വസിപ്പിക്കുന്നതൊക്കെ കൊള്ളാം അവസാനം അയാളുടെ കൂടെ നീയും ഇരുന്ന് കരഞ്ഞ് കൊളമാക്കരുത്”
അപർണ്ണ അവളെ നോക്കി താക്കീത് നൽകി. സെലിൻ അതിലൊന്നും കുലുങ്ങുന്ന ഒരാളല്ല.
“ഒറ്റക്ക് പോകാൻ മടിയാണെങ്കീ ഞാനും കൂടെ വരാം. ആളെ ഒന്ന് കണ്ടിരിക്കാലോ”
“ഒറ്റക്ക് പോകാൻ ഒരു മടിയുമില്ല”
“ആ ഇവിടെ ചിലർ പറയുന്നത് അങ്ങേര് നിന്റെ ഭാവനയാന്നാ. അങ്ങനെ ഒരുത്തനും ഇല്ലെന്ന്. അവർക്ക് ഒരു സെൽഫി എങ്കിലും കൊടുത്ത് അവരുടെ വായ അടപ്പിക്കേണ്ടത് എന്റെ കൂടെ ഉത്തരവാദിത്തമാ ങാ”
“നീയേ അവിടിരുന്നാ മതി”
അത് കേട്ട് സെലിൻ അവളെ എടീ കള്ളീയെന്ന് നോക്കി.
“ഞാനൊരു കാര്യം ചോദിക്കട്ടേ. നിങ്ങൾക്ക് രണ്ടുപേർക്കും ഡേറ്റ് ചെയ്താൽ എന്താ? നീ സിംഗിൾ. അയാൾ സിംഗിൾ. നിങ്ങൾ ഓൾമോസ്റ്റ് സെയിം വൈബ്”
“സെയിം വൈബ് ഉള്ള എല്ലാവരും ഡേറ്റ് ചെയ്യണോ?”
“പിന്നല്ലാതെ”
“നിനക്കിതൊക്കെ ഈസി ആയിരിക്കും.എനിക്കല്ല. I am still stuck in love”
“എനിക്ക് ഇത് കേൾക്കുമ്പോൾ ഉണ്ടല്ലോ” സെലിൻ പല്ലു കടിച്ചു
സംസാരം കൂടുതൽ വഷളാകും മുൻപ് തണുപ്പിനെ പ്രതിരോധിക്കുന്ന ഒരു കോട്ടുമിട്ട് അപർണ്ണ ഇറങ്ങി.

ടാകത്തിലെ ജലം വളരെ പതിയെ ചലിക്കുന്നുണ്ടായിരുന്നു. വലിയ വേഗതയിൽ അല്ലാതെ ആളുകൾ അതിനെ ചുറ്റി. അപർണ്ണ, ബിയർ കുടിച്ച് ചിരിച്ചു കളിച്ചു നടക്കുന്ന ടീനേജ് പിള്ളേരിൽ നിന്നും അകന്നു നിന്നു. നോക്കി നിൽക്കും തോറും ഇളകുന്ന ജലത്തിനു ഓർമ്മകളെ കുത്തിപ്പൊക്കുന്ന കഴിവ് കൂടും. അവൾക്ക് അച്ഛച്ചനെ ഓർമ്മ വന്നു. കുഞ്ഞു നാളിൽ കുളിച്ച കുളം. വളരെക്കാലം തൊടാത്ത ജലത്തിന്റെ പച്ചച്ച പാട. ഉണങ്ങിയ ഇലകൾ പൊങ്ങിക്കിടക്കുന്നു. അച്ഛച്ചൻ അവസാനം പൊങ്ങിക്കിടന്ന വിധം.

മാനസ് വന്നു. വന്നതും അയാൾ അപർണ്ണയുടെ കഴുത്തിൽ വീണു കരഞ്ഞു. അയാൾക്കതിലൊരു നാണവുമില്ലല്ലോയെന്ന് അപർണ്ണക്ക് ആശ്ചര്യം തോന്നി. ഇത്ര നാളും ഒന്നു കൈ പോലും തരാത്തയാൾ ഇത്ര വലിയ ശരീരവും വച്ച് കൊച്ചു കുട്ടിയെപ്പോലെ തന്റെ കഴുത്തിൽ കിടന്ന് കരയുന്നതു കണ്ടപ്പോൾ അവൾക്ക് പാവം തോന്നി. എല്ലാം തെല്ലൊന്നൊതുങ്ങിയപ്പോൾ മാനസ് കാര്യം പറഞ്ഞു. മുൻകാമുകി പുതിയ ആരേയോ ഡേറ്റ് ചെയ്യുന്നു. ചെടികൾ എടുത്തു കൊണ്ട് പോകാൻ പുതിയ ബോയ്ഫ്രണ്ടിനെയാണ് അവൾ അയച്ചത്. പലതും പറഞ്ഞ് മാനസിനെ ഒന്നാശ്വസിപ്പിക്കുവാൻ അപർണ്ണ ശ്രമിച്ചു കൊണ്ടിരുന്നു. അതിലൊന്നും അയാൾക്ക് വലിയ വിശ്വാസം ഒന്നും തോന്നിയില്ല. അയാളുടെ വേദന കുറയ്ക്കുന്നതിനായി മറ്റ് പലരുടേയും ജീവിതത്തിൽ സംഭവിച്ച ദുരിതങ്ങൾ അവൾ നിരത്തി നോക്കി. രക്ഷയുണ്ടായില്ല. കുറേ നേരം കണ്ണു നിറച്ചു കഴിഞ്ഞ് അയാൾ അവളുടെ കഴുത്തിൽ നിന്നും മുഖമെടുത്തു. കണ്ണുനീരിൽ മുഖം കഴുത്തിനോട് ചെറുതായി ഒട്ടിപ്പിടിച്ചിരുന്നു. മുഖം കഴുത്തിൽ നിന്നും വേർപെടാൻ മടി കാണിച്ചു. അയാളുടെ കണ്ണുനീരിൽ അവളുടെ കഴുത്ത് നനഞ്ഞിരുന്നു. അയാൾക്ക് പഴയ സ്വപ്നം ഓർമ്മ വന്നു. സ്വപ്നത്തിൽ ശ്വേത കണ്ണുനീർ തുടച്ചുനീക്കിയതു പോലെ അപർണ്ണ ചെയ്യാത്തതെന്തെന്ന് അയാളോർത്തു. അയാളുടെ കണ്ണുനീർ അവളുടെ കഴുത്തിൽ കിടന്നു ഉണങ്ങുന്നതിനായി അപ്പോഴവിടൊരു കാറ്റ് വീശി. അപർണ്ണയിൽ നിന്നും വേർപ്പെട്ട്, കുറച്ചു സമയം വെള്ളത്തിലോട്ട് നോക്കി നിന്ന ശേഷം അയാൾ സംസാരിക്കുവാൻ ശ്രമിച്ചു.
“ഇളകുന്ന വെള്ളം കണ്ടപ്പോൾ എന്തോ ഒരാശ്വാസം പോലെ”
“വാ നമുക്ക് ഇതിലൂടെ ഒന്ന് നടന്നു നോക്കാം”
അവർ നടവഴിയിലൂടെ മൂടൽ മഞ്ഞിനൊപ്പം നീങ്ങി.
“ഞാൻ ഒരിക്കലും കരുതിയില്ലായിരുന്നു. ഇത്രയും കാലത്തെ എന്റെ സ്നേഹം. ഇതിനു വേണ്ടിയായിരുന്നോയെന്ന് ഓർക്കുമ്പോൾ സങ്കടം വരുന്നു. ആകെക്കൂടെ ഉണ്ടായിരുന്ന കൂട്ടായിരുന്നു ആ ചെടികൾ. അതും കൊണ്ടുപോയി”

മാനസിന്റെ കണ്ണു നിറഞ്ഞത് ഇരുട്ടിലും അവൾ കണ്ടു. അവനിൽ സങ്കടം വെട്ടിത്തിളങ്ങി.

“സങ്കടം വരുന്ന സമയം അപ്രത്യക്ഷരാകുന്ന മൃഗങ്ങൾ ആരായിരുന്നു ആനകളാണോ?’’
“അറിയില്ല”
“അല്ലാ ഇത് ഡേറ്റിംഗ് അല്ലേ ചിലപ്പോൾ അതൊന്നും സെറ്റ് ആവില്ല. അവൾ തിരിച്ചു വരുമെന്നേ”
“ഞാൻ പോയി സംസാരിച്ചാലോ? ചിലപ്പോൾ തിരിച്ചു വന്നാലോ?”
പ്രതീക്ഷയെന്ന അപകടകരമായ മൃഗം പൊന്തക്കാട്ടിലിരുന്നു മുരണ്ടു.
“സ്നേഹം സ്നേഹം ഒക്കെ തന്നെ. പക്ഷെ ഈ സെൽഫ് റെസ്പെക്സ്റ്റും ഡിഗ്നിറ്റിയും കളഞ്ഞുള്ള ഈ കേഴലുണ്ടല്ലോ, അത് നിന്റെ ജീവിതത്തിൽ ഗുണം ചെയ്യില്ല”
തടാകത്തിലേക്ക് ചാഞ്ഞു നിൽക്കുന്ന മരങ്ങളുടെ കൊമ്പിൽ നിന്നും ഏതാനും ഇലകൾ താഴെ വീണു. അതിൽ മീനുകൾ വന്ന് ഉരസിപ്പോയി
“മേഘങ്ങൾ”
“എന്താ”
“അവിടെ മേഘങ്ങൾ”
“പണ്ട് ചിത്രങ്ങളിൽ പ്രകാശം കൊണ്ടു വരുവാൻ ചിത്രകാരന്മാർ വെളുത്ത മേഘങ്ങളെയോ മഞ്ഞിനേയോ വരക്കുമായിരുന്നു. അതേ മേഘങ്ങൾ രാത്രി ചിത്രത്തിൽ നിലാവിനെ മറക്കും. മേഘങ്ങൾ ചന്ദ്രനെ മൂടുമ്പോൾ അതിലെ കനം കുറഞ്ഞ മേഘം തിളങ്ങുന്നത് കണ്ടിട്ടുണ്ടോ? സ്വർണനിറത്തിൽ?”
“ഇല്ല കവിതയാണോ?”
“അല്ല. നിന്നെ ആശ്വസിപ്പിച്ചതാണ്”
“കവിത കൊണ്ട് മുറിവുകൾ തുന്നിക്കൂട്ടുന്ന ഈ പരിപാടി നിർത്തണം”
അതിനുത്തരമായി അപർണ്ണയൊന്നും തന്നെ പറഞ്ഞില്ല. പകരം അവൾ ഉള്ളിലേക്കൊന്നാഞ്ഞു നോക്കി.
“എനിക്ക് ദാഹിക്കുന്നു”
“കരഞ്ഞതു കൊണ്ടാവും” കരുതി വച്ചിരുന്ന കുപ്പി വെള്ളത്തിൽ രണ്ടു കവിൾ അയാൾ കുടിച്ചു ഒരു കവിൾ അപർണ്ണയും.
“നമ്മളിപ്പോൾ പങ്കു വച്ച കുടിവെള്ളം എത്ര പേർ മുൻപ് കുടിച്ചു കാണും അല്ലേ?”
“ശത്രുക്കളായ അയൽക്കാർ ഒരേ വെള്ളം തന്നെ വെവ്വേറെ കിണറുകളിൽ നിന്നും കുടിക്കും പോലെ അല്ലേ?”
“അതിലൊരു തുള്ളി കടലിലേക്ക് പോകും. മറ്റൊരു തുള്ളി പുഴയിൽ പോവും. ഒരു തുള്ളി കിളി കുടിക്കും പിന്നൊന്ന് എരുമ ഒന്ന് പുഴു പിന്നൊന്ന് എന്റെ തന്നെ മകൾ ബാക്കിയൊക്കെ മരങ്ങളും ചെടികളും കല്ലുകളും മണ്ണും”
“ഓ അപ്പോൾ മകൾ വേണമെന്നൊക്കെയുണ്ട്”
“പിന്നില്ലേ. എനിക്ക് സത്യത്തിൽ ഭാവിയെപ്പറ്റി ഓർക്കുമ്പോൾ ഭയമാണ്. സ്നേഹമൊന്നും ലഭിക്കാതെ, പനിയൊക്കെ പിടിക്കുമ്പോൾ ചൂടുണ്ടോ എന്നു തൊട്ടു നോക്കുന്ന ഒരു കൈ പോലും ഇല്ലാതെ ജീവിച്ച് മരിക്കേണ്ടി വരുമോ എന്നൊക്കെ ഓർത്ത്”
“അസുഖം വരുമ്പോൾ ആരെങ്കിലുമൊക്കെ ഉണ്ടായിരുന്നെങ്കിൽ എന്നെനിക്കും തോന്നാറുണ്ട്”
“നമുക്ക് വേണമെങ്കിൽ ഒരു ഡീൽ വയ്ക്കാം”
“എന്ത് ഡീൽ?”
“ഒരു നാൽപ്പത് വയസിൽ നമ്മൾ ഏകാന്തരും വിഷാദരുമാണെന്ന് കരുതുക. ജീവിതത്തിൽ അങ്ങനെ വലിയ പ്രതീക്ഷയൊന്നുമില്ലെങ്കിൽ ഇല്ലെങ്കിൽ മാത്രം നമുക്ക് ഒരുമിച്ചു ജീവിക്കാം”
“നാൽപ്പതാം വയസിലൊരു ഗോസ്റ്റിംഗ് ഞാൻ താങ്ങില്ല മ്വോനൂസേ”
അതിൽ മാനസ് ചിരിച്ചു പോയി. അയാളുടെ സങ്കടഭാവം മാറിയത് അപർണ്ണക്ക് ആശ്വാസം നൽകി.
“നമ്മൾ ഹർട്ട് ആകുമ്പോഴോ ബ്രേക്കപ്പ് ആകുമ്പോഴോ ഒക്കെ എവിടുന്നില്ലാത്ത ധൈര്യം നമുക്ക് വന്നു ചേരും. ശ്രദ്ധിച്ചിട്ടുണ്ടോ? അതുവരെ ചെയ്യാത്ത കാര്യങ്ങൾ ചെയ്യുവാനുള്ള ഒരു സാഹസികത”
“ ഉവ്വ്. അല്ല നിങ്ങൾ സെൻസിറ്റീവ് ആയ ആളാണോ?” അപർണ്ണയുടെ ചോദ്യത്തിനുത്തരം അല്ല ലഭിച്ചത് .
“അതെ പക്ഷെ അത് നല്ലതാണെന്നാ എന്റെ തോന്നൽ. സെൻസിറ്റീവ് ആയ ആളുകൾ അനുഭവിക്കുന്ന ഇമോഷൻസ് തീവ്രമായിരിക്കും. നമ്മളുടെ പ്രേമം സന്തോഷം സങ്കടം ഒന്നും ഈ ഇന്റെൻസിറ്റിയിൽ ആരും അനുഭവിച്ചു കാണില്ല. അതൊരു ഭാഗ്യമല്ലേ”
“സങ്കടവും ഇങ്ങനെത്തന്നെയല്ലേ?”
“സങ്കടമായാലും. സൂക്ഷ്മമായ ഇമോഷൻസ് എഴുത്തിൽ കൊണ്ടു വരുവാൻ ഈ അനുഭവങ്ങൾ എന്നെ സഹായിച്ചിട്ടുണ്ട്”

പെട്ടെന്ന് തണുത്ത കാറ്റും അതിനൊപ്പം ചെറിയ തുള്ളികളുടെ മഴയും അവരെ ചെരിഞ്ഞു തൊട്ടു. അവിടെ ഉണ്ടായിരുന്ന ആളുകൾ ആർത്തു വിളിച്ച് പല മറവുകളുടെ തണലുകളിലേക്ക് ഓടി. മാനസും അപർണ്ണയും മാറി നിന്നത് വലിയ ഇലകളുള്ള ഒരു മരത്തിനടിയിലേക്കായിരുന്നു. ഇലകൾക്കിടയിലൂടെ ചെറിയ തുള്ളികൾ എന്നിട്ടും അവരെ കണ്ടു പിടിച്ച് താഴെ വന്നു തൊട്ടു.
“അകലെ നിന്നും മഴയുടെ ആരവം കേൾക്കുന്നുണ്ടോ?”
“തൊട്ടരികത്തുള്ള കടലിന്റെ മുരൾച്ച പോലെ”
പെട്ടെന്നുള്ള ഇരുട്ടിൽ എന്തും പറയാമെന്നുള്ള സ്വാതന്ത്ര്യം അവരിൽ വന്നു ചേർന്നു.
“എനിക്ക് ഈ ജീവിതമൊന്നും വേണ്ടിയിരുന്നില്ല. ചെറിയ ഒരു ജീവിതം മതിയായിരുന്നു. ചെറിയൊരു ജോലി, ഹൈസ്കൂൾ ഗേൾഫ്രണ്ടിനെ പ്രേമിച്ച് കല്യാണം, രണ്ട് മക്കൾ, ഒരു കുഞ്ഞ് വീട്, സന്തോഷം സമാധാനം” “എന്നിട്ടിപ്പോൾ എവിടെയെത്തി നിൽക്കുന്നു?”
“കാറ്റ് വന്നിട്ട് നിശ്ചലമാകുന്ന ചില സ്ഥലങ്ങളുണ്ടല്ലോ? അല്ലെങ്കിൽ രണ്ട് കാറ്റുകൾക്കിടയിലുള്ള മരങ്ങളുടെ നിശബ്ദത. അവിടെയെത്തി നിൽക്കുന്നു”
മാനസ് അവിടെ നിന്നും കൂടിയും കുറഞ്ഞു കൊണ്ടിരിക്കുന്ന മഴത്തുള്ളികളിലേക്ക് കൈപ്പത്തി നീട്ടി മഴയെ പിടിച്ചു നോക്കാനൊരു ശ്രമം നടത്തി. മഴ അതിന്റെ ഏറ്റവും ചെറിയ കോശ സഞ്ചയത്താൽ അയാളേയും തൊട്ടു.
“മഴയുണ്ടല്ലോ പള്ളിയിൽ മണിയടിക്കുമ്പോൾ പറക്കുന്ന പ്രാവുകളുടെ കൂട്ടം പോലെ”
“എനിക്ക് വെടിയൊച്ചയിൽ ആകാശത്ത് കീഴ്മേൽ നിർത്തിയ ആലിൽ നിന്നും ചിതറും വവ്വാലുകളെപ്പോലെയാ തോന്നുന്നേ”
പെട്ടെന്നുള്ള മാനസിന്റെ ഉപമയിൽ അപർണ്ണ അമ്പരന്നു. പിന്നെ അയാളെ നോക്കി തുടർന്നു.
“ഇനിയെന്റെ സ്നേഹമുണ്ടല്ലോ തണുപ്പുകാലത്ത് കുളത്തിലിറങ്ങുമ്പോൾ വെള്ളത്തിനടിയിൽ അനുഭവപ്പെടുന്ന ഊഷ്മളതയുണ്ടല്ലോ അതു പോലെയായിരിക്കും”
“അന്നൊരു ദിവസം, സൗന്ദര്യമാണ് കവിതയെന്ന് പറഞ്ഞല്ലോ? അത് വളരെ സാധാരണമായ ഒരു കാര്യമല്ലേ? അത് തന്നയല്ലേ ഇതു വരെയുള്ള ആളുകൾ ചെയ്തത്? ഈ സൗന്ദര്യ സങ്കല്പം സാധാരണക്കാർക്കെതിരെയല്ലേ?”
“സൗന്ദര്യം എന്നത് മെറ്റീരിയലിസ്റ്റിക് ആയ അർത്ഥത്തിലല്ല ഞാൻ പറഞ്ഞത്. അത് പ്രകൃതിയെപ്പറ്റിയുമല്ല. പരീക്ഷണങ്ങൾ സൗന്ദര്യമാണ്. വിപ്ലവം സൗന്ദര്യമാണ്. സമരം സൗന്ദര്യമാണ്. വൈകൃതം സൗന്ദര്യമാണ്. താളം സൗന്ദര്യമാണ്. താളം മുറിക്കുന്നതും സൗന്ദര്യമാണ്. എന്നാൽ അത് വ്യത്യസ്തമാണ്. ഭംഗിയുള്ള എന്നല്ല ആ വാക്ക്”
“എനിക്ക് മനസ്സിലായില്ല”
“ഉദാഹരണത്തിന് ഒഴിഞ്ഞു പോയ മേഘങ്ങൾ വെളിവാക്കിയ മലകളേയും ആകാശത്തേയും നോക്കി ഒരു യുവതി ഇരിക്കുന്നു എന്നത് വിഷാദകരമായ ഒരവസ്ഥയാണെന്ന് നമുക്ക് മനസ്സിലാകുമല്ലോ എന്നാലതിൽ സൗന്ദര്യമുണ്ട് അല്ലേ? അല്ലെങ്കിൽ ഒരു വിപ്ലവ കവിത, വയലൻസുള്ള കവിത, ഒരു കഥയുള്ള കവിത സാമൂഹികാ പ്രതിബദ്ധ കവിത എല്ലാത്തിനും അതിന്റേതായ സൗന്ദര്യം കാണും. അത് മറ്റൊരു തരത്തിലാണെന്ന് മാത്രം”
“മ്മ്”
“കവിത എഴുതുവാനല്ല സത്യത്തിൽ സമയം വേണ്ടത്, അതെന്താണെന്ന് അറിയുന്നതിനാണ്. കവിത മനസ്സിലാക്കി കഴിഞ്ഞാൽ പിന്നെ
എഴുതുന്നതിന് അത്ര പണിയില്ല. ഭാഷ മാത്രം അറിഞ്ഞാൽ മതി. കവിത മനസ്സിലാക്കുക എന്ന ഉദ്യമത്തിൽ നമ്മൾ പുസ്തകങ്ങൾ വായിക്കുന്നു. പ്രകൃതിയിലേക്ക് ശ്രദ്ധിക്കുന്നു. ആളുകളെ നിരീക്ഷിക്കുന്നു. ഭാവനയെ ഉത്തേജിപ്പിക്കുന്നു”
“എനിക്ക് പെട്ടെന്ന് മടുക്കും”
മഴ കഴിഞ്ഞു. ഇലകളെ നനക്കാൻ പോലും ആവതില്ലാത്ത ഒരു മഴയുടെ ചിറക് എന്ന് അപർണ്ണ മനസിൽ പറഞ്ഞു. ദൂരെയുള്ള മഞ്ഞ വെളിച്ചത്തിൽ പൊടി പടലങ്ങളെപ്പോലുള്ള തുള്ളികൾ കാണാനില്ല. അവർ നടക്കാൻ തീരുമാനിച്ചു.
“മടുക്കണം. മടുപ്പിൽ നിന്നാണ് പലരും അതു വരെ ശ്രമിക്കാത്ത കാര്യങ്ങൾ തുടങ്ങി വയ്ക്കുന്നത്. എഴുത്തിന് ഏകാന്തത ആവശ്യമാണെന്ന് കേട്ടിട്ടില്ലേ? സ്വന്തമായി കാര്യങ്ങൾ ആലോചിക്കുന്നതിനുള്ള സാഹചര്യമാണ് ഇതിൽ നിന്നെല്ലാം ലഭിക്കുന്നത്. ഒറ്റപ്പെട്ട കുട്ടിക്കാലമാണ് എന്നെ പുസ്തകങ്ങളുമായി അടുപ്പിച്ചത്. ആ കുട്ടി തന്നെയാണ് ഇന്ന് വേദനിച്ചു കൊണ്ട് എഴുതുന്നതും”
“പറ്റിയ സമയമാണ്. ഒറ്റക്കാവാൻ, ഇനിയൊന്നും ബാക്കിയില്ല”
“കവിത മനസ്സിലായ ഏതാനും സന്ദർഭങ്ങൾ ഞാൻ പറയാം. അന്ന് ഞാൻ കൗമാരത്തിലാണ്. ഏതോ ഒരു അവധിക്കാലത്ത്. അന്ന് കൂട്ടുകാർ ഒന്നുമില്ല. പുസ്തകങ്ങൾ മാത്രമാണ് കൂട്ട്. പിന്നാമ്പുറത്ത് അമ്മ അലക്കുകയായിരുന്നു. അലക്കി ബക്കറ്റിൽ വയ്ക്കുന്ന വസ്ത്രങ്ങൾ വിരിച്ചിടുന്ന ചുമതല എനിക്കായിരുന്നു. അടുത്തു തന്നെയാണ് അയ കെട്ടിയിരിക്കുന്നത്. അമ്മ അലക്കുന്ന സമയം ഒരു കല്ലിന്മേൽ ഇരുന്ന് ഞാൻ പുസ്തകം വായിക്കും. പകുതിയോളം വസ്ത്രങ്ങൾ അലക്കി വിരിച്ചിരിന്നു. പല നിറങ്ങളിൽ. അതിനപ്പുറമാണ് എന്റെ കല്ലിരിപ്പിടം. വസ്ത്രങ്ങൾക്കിടയിലൂടെ വേണം അമ്മ അലക്കുന്നത് കാണാൻ. പെട്ടെന്ന് ഒരു നിമിഷത്തിൽ അമ്മ തല്ലി അലക്കിയ പുതപ്പിൽ നിന്നും ഏതാനും തുള്ളി വെള്ളം ഇടവിട്ട് വളഞ്ഞ ഒരു വൃത്തത്തിന്റെ പകുതി പോലെ പുറത്തേക്ക് തെറിച്ചു. അത് പ്രകാശത്തിൽ തട്ടി ഏതൊക്കെയോ നിറങ്ങളിലായി. ഒരൊറ്റ നിമിഷം. വസ്ത്രങ്ങളുടെ നിറങ്ങളും അതിനിടയിലെ സൂര്യന്റെ തിളക്കവും വെള്ളത്തുള്ളികളുടെ നിറങ്ങളും നാരകമണമുള്ള അലക്കുകാരത്തിന്റെ മണവും ജലത്തിന്റെ ചെറിയ കഷ്ണങ്ങളും അതിന്റെ തണുപ്പും എല്ലാം കൂടെ എന്നെ അവാച്യമായ അനുഭൂതിയിലേക്കെത്തിച്ചു. അന്നെനിക്ക് ഒരു തരം രോമാഞ്ചം അനുഭവപ്പെട്ടു”
“എനിക്ക് ഊഹിക്കാൻ കഴിയുന്നുണ്ട്”
“മറ്റൊന്ന് തെയ്യം കാണാൻ പോയ സമയത്തെ അനുഭവമാണ്. ഞങ്ങൾ ലേറ്റാകുമെന്ന് പ്രതീക്ഷിച്ച് വേലി ചാടിക്കടന്ന് ഇടവഴിയിലേക്ക് കടക്കുകയായിരുന്നു.എന്റെ കാലു തട്ടിയിട്ടോ മറ്റോ വേലിക്കലെ ചെമ്പരത്തി ചെടിയിൽ നിന്നും ഒരു ചെമ്പരത്തി താഴെ വീണു. ഞാനതത്ര ശ്രദ്ധിച്ചില്ല. പോകാനുള്ള തിടുക്കത്തിലായിരുന്നു. പെട്ടെന്ന് മുൻപിലൊരു തെയ്യം. ക്ഷേത്രത്തിലേക്ക് പോകുന്ന വഴിയാവും. വൈകുന്നേരത്തെ സൂര്യൻ ചുവന്ന് അസ്തമിക്കാനായി നിൽക്കുകയാണ്. കതിവനൂർ വീരനാണ്. സൂര്യന്റെ ചുവപ്പിനേക്കാൾ ചുവന്നാണ് നിൽപ്പ്. തെയ്യം പെട്ടെന്ന് നിന്നു. പിന്നെ കുനിഞ്ഞു ആ വാടിത്തുടങ്ങിയ ചെമ്പരത്തിയെടുത്ത് മാറോട് ചേർത്ത് വിളിച്ചു “ചെമ്മരത്തീ” കതിവനൂർ വീരന്റെ ചെമ്മരത്തി. അപ്പോൾ ചുവന്ന പ്രകാശം തട്ടി ചെമ്പരത്തി അയാളുടെ നെഞ്ചിൽ ആളുന്ന തീയായി എനിക്ക് തോന്നി. ഞാനത് അന്ന് രാത്രി ഇരുന്നെഴുതി”

“ചുവന്ന ചെമ്മരത്തി ചെടിയിൽ നിന്നും കൊഴിഞ്ഞ് ഊർന്നുവീണു

ഇടവഴിയിലൂടെ നൂണ്ട കതിവനൂർ വീരന്റെ തെയ്യം അത് കുനിഞ്ഞെടുത്ത് നെഞ്ചിൽ വച്ച് താലോലിച്ചു

ചെമ്മരത്തീയേ നെഞ്ചിലാളും തീയേ കതിവനൂർ തെയ്യമൊരു ചൊകന്ന ചെമ്മരത്തി’’

ഇരുവരുമെരിഞ്ഞ കനലിലൊരുപിടി അന്തിവിണ്ണ്''

നടക്കുന്നതിനിടയിൽ മഴ വീണ് മിനുസമുള്ള നടപ്പാതയിൽ ചവിട്ടി മാനസ് വഴുക്കി. വീഴാനാഞ്ഞപ്പോൾ അയാളറിയാതെ അപർണ്ണയുടെ കയ്യിൽ കയറിപ്പിടിച്ചു. അപർണ്ണ വിറങ്ങല്ലിച്ചു നിന്നപ്പോൾ വീഴ്ച്ചയിൽ നിന്നും കരകയറിയ മാനസ് പതിയെ അടുത്ത് വന്ന് അപർണ്ണയുടെ ചുണ്ടുകളിൽ ഉമ്മ വച്ചു. അതു വരെ ഒഴിഞ്ഞു നിന്നിരുന്ന മഴ പെട്ടെന്ന് അകലെ നിന്നും ആർത്തലച്ച് വരുന്ന ശബ്ദം. ആദ്യത്തെ അമ്പരപ്പ് വിട്ടുമാറി ഏതാനും നിമിഷങ്ങൾ അപർണ്ണ ചുംബനത്തിൽ മുഴുകി. മഴ വലിയ തുള്ളികളുമായി ഇരുവരേയും തൊട്ടപ്പോൾ എന്തോ പെട്ടെന്ന് ഓർമ്മ വന്ന പോലെ രണ്ടു പേരും ചുണ്ടുകൾ വിടുവിച്ചു. മാനസ് ക്ഷമ ചോദിച്ചു.

""സോറി. പെട്ടെന്ന് എനിക്ക്''

""നോ നോ. ഇറ്റ്‌സ് ഓക്കെ''

രണ്ടു പേരും വിക്കി. മഴ അവരെ നനച്ചു. പക്ഷെ ഈ വട്ടം ഒരു മരത്തിന്റേയും മറവ് തേടിപ്പോകേണ്ടതില്ലെന്ന് തീരുമാനിച്ച് അവർ മഴ കൊണ്ടു. അതവരെ പതിയെ ചാലിച്ച് എടുത്തു.

"I can't do this'

"I know'

"I think i will always love her'

അവർ അകന്നു മാറി. മഴ നിന്നു. കാർമേഘങ്ങൾ മാഞ്ഞപ്പോൾ തെളിഞ്ഞ നിലാവിന്റെ ഒരു കഷ്ണം അവർക്കിടയിലെ വിടവിനിടയിലൂടെ വെള്ളത്തിൽ കിടന്ന് തിളങ്ങി.

"You know what?'

"mmm?'

"The saddest goodbye is no goodbye'

ടുത്ത ആഴ്ച മാനസ് പുണ്യാളനിൽ വന്നില്ല. അപർണ്ണ കാത്തിരുന്ന അതിനടുത്ത ആഴ്ച്ചയും അയാൾ വന്നില്ല. ആധി കൂടിയപ്പോൾ അവൾ അയാളുടെ നമ്പറിൽ വിളിച്ചു. രണ്ടാമത്തെ വിളിയിൽ മറുതലക്കൽ ഫോണെടുത്തു. അയാളുടെ ശബ്ദം തീരെ ദുർബലമായിരുന്നു.
""കവിത എഴുതി തീർന്നില്ലേ?''
ചെറിയൊരു മൂളൽ മാത്രം കേട്ടു.
""എന്തൊക്കെ എഴുതി?''
അയാളൊന്നും മിണ്ടിയില്ല.
""എന്താ നിനക്ക് പറ്റിയത്? എക്‌സ് പിന്നെയും എന്തെങ്കിലും പ്രശ്‌നമുണ്ടാക്കിയോ?''
""ഇല്ല''
""പിന്നെ?''
ഉത്തരത്തിനു പകരം ഒരു കവിതയുടെ ശകലമാണ് അയാൾ വായിച്ചത്

""കടലിൽ നിന്നും കടലിലേക്ക് സഞ്ചരിക്കുന്ന ഒരു തിമിംഗലം സൂര്യൻ''

""നല്ലതാണല്ലോ''

""രണ്ട് കാലങ്ങളിലവൾ അവന്റെ ഷർട്ട് ധരിച്ചു പ്രേമത്തിന്റെ ആദ്യദിവസങ്ങളിലും യുദ്ധം രൂക്ഷമായ സമയങ്ങളിലും''

""രക്തം മണക്കുമ്പോൾ തേറ്റപ്പല്ലുകൾ മറച്ചു പിടിക്കാൻ പാടുപെടും പോലെ ലഹരിയിൽ നിന്നെയോർമ്മി ക്കാതിരിക്കുന്നതി നുള്ളയീ പെടാപാട്''

""മുലകൾ, ഇതളുകൾ ചേർന്നു പോയ പൂവ് ഏതു പൂവിന്റെ മുലക്കണ്ണാണ് സൂര്യൻ?''

""എടാ മതി നിർത്ത്''

""അടിച്ച പന്ത് തിരഞ്ഞു പോകും ആ കറുത്ത കുട്ടി ഉലഞ്ഞു നിൽക്കും വയൽപ്പരപ്പിൽ ഇഴഞ്ഞു പോകെ തുടയിൽ തിണർ- ത്തൊരാ വടു മുറിഞ്ഞു തുറന്ന ഞാറിൻ പാത പോലെ അടുത്ത കാറ്റിൽ ഉലഞ്ഞു പോകുമോ? അലിഞ്ഞ് പോകുമോ?''

""ഫുട്ബോൾ കളിക്കിടെ കാലിൽ കല്ല് കാച്ചി വെള്ളാരം കല്ലുപോലെ ചലം തളം കെട്ടി

കാലിനടിയിൽ നൂലുനൂത്തുറങ്ങുന്ന കൊക്കൂൺ പോലെ

എത്ര കുടഞ്ഞിട്ടും പോകുന്നില്ല കല്ല് എത്ര കുടഞ്ഞിട്ടും പോകുന്നില്ല വേദന എത്ര കുടഞ്ഞിട്ടും പോകുന്നില്ല പോകുന്നില്ല ന്നില്ല നി''

""മേഘങ്ങൾ ശീഘ്രം പായും രാത്രി തിരമാലകൾ വന്നുപോയ്‌ക്കൊ ണ്ടിരിക്കുന്ന തീരത്തെ പത പ്രകാശമണച്ചപ്പോൾ മുറിയിലൊരിടത്ത് ജനൽ വഴി ഒരു നിമിഷത്തേക്ക് വന്നു പോയ വെള്ളപ്രാവിന്റെ ചിറകടി പോലെ നിലാവുകഷ്ണം അലക്കുവാനെടുക്കുന്നതിനിടെ കൗമാരക്കാരനായ മകന്റെ അടിവസ്ത്രത്തിൽ അമ്മമാർ കണ്ട പാട്''

""എടാ നിർത്ത്. നിനക്ക് എന്താ പറ്റിയത്?''
അപർണ്ണയുടെ സ്വരം ഉയർന്നപ്പോൾ മാത്രം അയാൾ നിർത്തി.
""പറ എന്തെങ്കിലും കുഴപ്പമുണ്ടോ?''
ഫോൺ കോളിനുള്ളിലെ സാധാരണ ഇരമ്പലുകൾ മാത്രമേ കുറച്ചു നേരത്തേക്ക് പുറത്തു വന്നുള്ളൂ.
""എനിക്ക് വേറൊന്നും ചെയ്യാൻ പറ്റുന്നില്ല''
""എന്ത് ചെയ്യാൻ പറ്റുന്നില്ലെന്ന്?''
""ഒന്നും''
""എന്താ കാരണം?''
""കവിത''
""നീയെന്തൊക്കെയാ പറയുന്നേ?''
""നിങ്ങൾക്കിത് മനസ്സിലാകുമോ എന്നറിയില്ല. നിങ്ങളൊരു കവിയല്ലേ നിങ്ങളും ഇത് അനുഭവിച്ചു കാണില്ലേ? ഞാൻ. ഞാൻ കവിത തേടുകയാണ് എല്ലായിടത്തും. ഓരോ നിമിഷവും. ഓരോ കാഴ്ച്ചയിലും കവിത, ഓരോ കേൾവിയിലും കവിത, ഓരോ സ്പർശനത്തിലും കവിത, ഓരോ ഗന്ധത്തിലും കവിത, ഓരോ ഓർമ്മയിലും കവിത, ഓരോ അക്ഷരത്തിലും. ഇതെന്നെ ഭ്രാന്ത് പിടിപ്പിക്കുകയാണ്. എന്നെ സഹായിക്കണം. I need help''
""നീയൊന്നടങ്ങ്. ആ കവിത മുഴുവനാക്കിയെങ്കിൽ നിനക്കൊരു ബ്രേക്ക് എടുത്തു കൂടെ?''
""എങ്ങനെ പറഞ്ഞ് ഞാൻ മനസ്സിലാക്കും നിങ്ങളെ? രാവിലെ എഴുന്നേറ്റ് മുഖം കഴുകുമ്പോൾ കണ്ണാടിയിൽ കണ്ടപ്പോൾ എനിക്ക് തോന്നി ജീവിതത്തേക്കാൾ തെളിച്ചമുള്ള ഞാൻ അതിലാണെന്ന്. അവിടെ ജീവിച്ചാൽ മതിയെന്ന്. മുഖത്തിലൂടെ വെള്ളമൊഴുകിയപ്പോൾ അത് അമ്മയുടെ ആശ്വസിപ്പിക്കൽ വഴുതിപ്പോയതെന്ന് തോന്നി. ചുവന്ന മുളക് കണ്ടപ്പോൾ നഖം വെട്ടിയപ്പോൾ മുറിഞ്ഞ ആരുടേയോ വിരലെന്ന് തോന്നി. ഇടിമിന്നൽ കണ്ടപ്പോൾ അത് ആകാശത്തിലെ വലിയൊരു ചിലന്തി നെയ്ത നൂലെന്ന് തോന്നി. ഇടവഴി കണ്ടപ്പോൾ പാട്ടിന്റെ നൂലാണെന്ന് തോന്നി. ചായ കുടിച്ച ഗ്ലാസിലെ ചായയില കണ്ടപ്പോൾ പാമ്പിൻ മേലുള്ള പുള്ളികളാണെന്ന് തോന്നി''
അയാൾ ധൃതിപ്പെട്ട് ഒരു കുമ്പിൾ ശ്വാസം വിഴുങ്ങി
""ജോലിക്ക് പോകാൻ കഴിയുന്നില്ല. ഒന്നും ശ്രദ്ധിക്കാൻ കഴിയുന്നില്ല. ആളുകളുമായി സംസാരിക്കുന്നത്, അവരെ കേൾക്കുന്നത് അതിൽ നിന്നും കവിതയുണ്ടാക്കാനാണ്. ഇറങ്ങി നടക്കുന്നത് ചുറ്റുപാടിൽ നിന്നും എന്തെങ്കിലും എഴുതാൻ കിട്ടും എന്നു കരുതിയാണ്''
അപർണ്ണക്ക് അയാൾ പറയുന്നത് മനസ്സിലാകുന്നുണ്ടായിരുന്നില്ല. അവൾ വെറുതെ മൂളിക്കൊണ്ടിരുന്നു.
""മ്മ്''
""മനസ്സിലാകുന്നില്ലേ? ഇപ്പോൾ, ഇപ്പോൾ നമ്മൾ ശബ്ദം ഒക്കെ കേൾക്കുന്നില്ലേ? അതൊരു പ്രത്യേക ഫ്രീക്വൻസിയിൽ അല്ലേ കേൾക്കുന്നുള്ളൂ. എന്നാൽ എല്ലാ ചെറിയ ശബ്ദങ്ങളും കേൾക്കുന്നുണ്ടെന്ന് കരുതുക. എല്ലാമെന്ന് വച്ചാൽ എല്ലാം. ഈ ഉറുമ്പുകൾ വരിവരിയായി നടക്കുന്നതും നായ്ക്കൾ വാലാട്ടുന്നതും മെഴുകുതിരി എരിയുന്നതും കോട്ടുവായ ഇടുന്നതും, അത് നമുക്ക് ശല്യമാകില്ലേ. കുറേ കഴിയുമ്പോൾ ശബ്ദങ്ങൾ കൊണ്ട് വട്ട് പിടിക്കില്ലേ?''
""നിനക്ക് എല്ലാ ശബ്ദങ്ങളും കേൾക്കുന്നുണ്ടോ?''
""ശബ്ദങ്ങളല്ല, കവിത. എനിക്കെല്ലാം കവിതയായി മനസ്സിലാകുന്നു. എനിക്ക് മറ്റൊന്നിലും ശ്രദ്ധിക്കാൻ പറ്റുന്നില്ല. എനിക്കിത് സഹിക്കാൻ വയ്യ. പക്ഷെ, പക്ഷെ എന്റെ ഉള്ളിലെ ഏതോ ഒരു ഭാഗം ഇത് ആസ്വദിക്കുന്നുണ്ട്.''
""നിനക്കൊരു ഡോക്ടറെ കണ്ടുകൂടെ അത്ര ബുദ്ധിമുട്ട് ഉണ്ടേൽ?''
""ഇല്ല ഇല്ല. ഡോക്ടറെക്കണ്ടാൽ ഇത് മുഴുവനായി പോകുമോ എന്നെനിക്ക് പേടിയാണ് ''
""അപർണ്ണാ''
അവൾ ഒന്നും മൂളിയില്ല
""ജീവിതത്തിൽ രണ്ട് പ്രതിസന്ധികളേ ഉള്ളൂ അത് എന്താണെന്ന് അറിയാമോ?''
""ഇല്ല''
""കവിത കാരണം മറ്റൊന്നും ചെയ്യാൻ കഴിയാത്തതും മറ്റ് കാര്യങ്ങളാൽ കവിത എഴുതാൻ കഴിയാത്തതും''
""പുഴക്കരയിലേക്ക് വരുമോ? നമുക്ക് സംസാരിക്കാം''
""വരാം''
പാതി രാത്രി വരേയും അവൾ കാത്തു. അയാൾ വരാതായപ്പോൾ ഫോണിൽ വിളിച്ചു നോക്കി. കോൾ പോകുന്നുണ്ടായിരുന്നില്ല. അവൾ പുഴയിലെ ജലം തിളങ്ങും വരെ അവനെ കാത്തിരുന്നു. മഞ്ഞ് വീണ് ചുമച്ചു തുടങ്ങിയപ്പോൾ അവൾ തിരികെ മുറിയിലേക്ക് മടങ്ങി.

താനും ആഴ്ച്ചകൾ വേണ്ടി വന്നു മാനസ് ജീവിക്കുന്ന ഇടം എവിടെയെന്ന് അപർണ്ണക്ക് കണ്ടുപിടിക്കുവാൻ. അറിഞ്ഞ ഉടനെ അപർണ്ണ തന്റെ ബാഗുമെടുത്ത് അങ്ങോട്ട് യാത്രയായി. അഡ്രസിൽ ചെന്ന് ബെല്ലടിച്ചിട്ടും ബിൽഡിംഗിനുള്ളിലേക്ക് കയറാൻ കഴിഞ്ഞില്ല. സാധനങ്ങൾ വാങ്ങി വരുന്ന ഒരു പയ്യൻ താക്കോൽ വച്ച് വാതിൽ തുറന്നപ്പോൾ ഒപ്പം അപർണ്ണയും കയറി. അപ്പാർട്ട്‌മെന്റ് നമ്പർ തപ്പിപ്പിടിച്ച് ചെന്നപ്പോൾ ഒരു വയസൻ വാതിൽ തുറന്നു. മാനസിനെ അന്വേഷിച്ചപ്പോൾ അയാൾ മൂലയിലേക്കുള്ള മുറിയിലേക്ക് കൂട്ടിക്കൊണ്ടു പോയി. മുറി തുറന്നു കാണിച്ച് ഏതോ ഭാഷയിൽ ദേഷ്യപ്പെട്ടു. അപർണ്ണക്കത് മനസ്സിലായില്ല. മാനസിന്റെ മുറി കാലിയായിരുന്നു. ചീത്ത വിളി കഴിഞ്ഞപ്പോൾ വൃദ്ധൻ അയാളുടെ മുറിയിലേക്ക് അപ്രതീക്ഷിതമായി കയറിപ്പോയി. കുറച്ചു കഴിഞ്ഞ് ഇറങ്ങി വന്ന് കയ്യിലെടുത്തു കൊണ്ടു വന്ന കുറച്ച് സാധനങ്ങൾ താഴെയിട്ടു. അവൾക്ക് മുൻപിൽ അതെല്ലാം ചിതറിത്തെറിച്ചു. അപർണ്ണ ഭയം തോന്നി കുറച്ച് മാറി നിന്ന് അയാളിൽ നിന്നും അകലം പാലിച്ചു. താഴെ വീണ സാധനങ്ങൾ മാനസിന്റേതാണെന്ന് മനസ്സിലാവാൻ വലിയ സമയമെടുത്തില്ല. അയാൾ പൈസ നൽകൂ എന്ന് കൈകൾ കൊണ്ട് ആംഗ്യം കാണിച്ചു. ഭാഷ മറ്റെന്തോ ആണ് അവൾക്കത് മനസ്സിലായില്ല. ആ ബഹളത്തിനിടക്കും താൻ വന്നതെന്തിനെന്ന് വിശദീകരിക്കുവാൻ അവൾ ശ്രമിച്ചു. അയാൾ മുറിക്കുള്ളിൽ പോയി വീണ്ടും തിരിച്ചു വന്ന് കുറച്ചു പുസ്തകങ്ങൾ കൂടി അവിടെ കൂട്ടിയിട്ടു. മിക്കതും കോഡിംഗ് പുസ്തകങ്ങൾ. സൂക്ഷിച്ചു നോക്കിയപ്പോൾ അതിൽ അപർണ്ണയുടെ പുസ്തകവുമുണ്ടായിരുന്നു. "What is poetry?' എങ്ങുനിന്നെന്നറിയാത്ത ഒരു പ്രതീക്ഷ അവളുടെ ചില്ലകളിലപ്പോൾ വന്നിരുന്നു..

അയാൾ വീണ്ടും അകത്തു പോയ സമയം പുസ്തകമെടുത്ത് അവൾ അപ്പാർട്ട്‌മെന്റിനു പുറത്തു കടന്നു. മെട്രോ സ്റ്റേഷനിലേക്ക് നടക്കുന്ന വഴി മുഴുക്കെ അപർണ്ണ മാനസിനെക്കുറിച്ച് ആലോചിക്കുകയായിരുന്നു. എവിടെയാകും? എന്തു ചെയ്യുകയാകും? കുഴപ്പമൊന്നും കാണില്ലായിരിക്കും എന്നിങ്ങനെ അവൾ ആശ്വസിക്കാൻ ശ്രമിച്ചു. മെട്രോ ട്രെയിനിലെ ചുവരിൽ ചാരി നിന്നുകൊണ്ടാണ് അവളാ പുസ്തകം തുറന്നത്. ടിക്കറ്റ് ചെക്കർ വന്നപ്പോൾ പുസ്തകം തിരിച്ചു പിടിച്ച് അവൾ ബാഗിൽ നിന്നും മെട്രോ കാർഡ് എടുത്തു. പുസ്തകത്തിൽ നിന്നും എപ്പോഴോ താഴെ വീണു പോയ സാധനങ്ങൾ ടിക്കറ്റ് ചെക്കറാണ് അവൾക്ക് എടുത്ത് കൊടുത്തത്. മങ്ങിയ ഇതളുകളുള്ള പൂവും ഒരു ബുക്ക് മാർക്കും. ജാള്യത തോന്നിയതിനാൽ സീറ്റ് കിട്ടും വരെ അവളത് നോക്കിയില്ല. സീറ്റിൽ അമർന്നിരുന്ന ശേഷം അവളാദ്യം പൂവ് പരിശോധിച്ചു. അറിയാവുന്ന ഒന്നല്ല. അവളല്ല പൂവ് പുസ്തകത്തിനുള്ളിൽ വച്ചത്. ഇത് പുതിയ പൂവാണ് ഉണക്കം തട്ടിയിട്ടില്ല. ഈ തണുപ്പ് കാലത്ത് എവിടെ നിന്നാകും അയാൾക്ക് പൂവുകൾ കിട്ടിക്കാണുക. കണ്ണാടിക്കൂടിനുള്ളിൽ രഹസ്യമായൊരു പൂന്തോട്ടം അയാൾ ഒളിച്ച് വളർത്തുന്നുണ്ടാകുമോ? അവൾ ബുക്ക് മാർക്ക് കൂടി നോക്കി. പുണ്യാളൻ ജോർജിന്റെ ബുക്ക് മാർക്ക്. അതിന്റെ ഒഴിഞ്ഞു കിടക്കുന്ന വെളുത്ത ഇരു വശങ്ങളിൽ ഭംഗിയില്ലാത്ത അക്ഷരങ്ങൾ. ട്രെയിനിന്റെ ഇളക്കത്തിനിടക്കും അവൾ അത് മനസ്സിൽ വായിച്ചു.

""വീട്ടിലേക്കുള്ള വഴി

വീട്ടിലേക്കുള്ള വഴിയിൽ മാതളനാരകം പൂവിട്ടത് കണ്ടോ? വർഷകാലമായെന്ന് തോന്നുന്നു അതിന്റെ പൂവുകളാരും ഗൗനിക്കാറില്ല

മഴ വന്നു കഴിഞ്ഞാൽ വഴിയിലെ മണ്ണൊഴുകും കല്ലുകളെല്ലാം മുന കൂർത്ത് തെളിയും പതിനായിരം മഴക്ക് മുനകൾ വഴുക്കും

പണി കഴിഞ്ഞു വരുന്നൊരാൾ തലയിലേറ്റിയ പുല്ലിങ്കെട്ടി നുള്ളിലൊളിപ്പിച്ച ലൂബിക്കകൾ ചതഞ്ഞോ? അത് കാത്ത് നിൽക്കുന്ന കുട്ടികളുടെ നാക്കിൽ രണ്ട് തുള്ളി വായ്‌നീർ തുള്ളാൻ തുടിക്കും

പുല്ലുകെട്ടാൻ ഉണങ്ങിയ വാഴയിലകളുടെ പത്രങ്ങളുരിഞ്ഞ് ആരോ വള്ളിയുണ്ടാക്കുന്നുണ്ടോ?

പോകുന്ന വഴിയിൽ എട്ടുകാലി കെട്ടിയ വലയുടെയൊരു നൂലിൽ രണ്ടു തുമ്പികളുടെ ഓരോ ചിറകുകൾ കാറ്റിൽ തിരിയുന്നുണ്ടോ? അതിൽ തട്ടിയാൽ സൂര്യരശ്മികൾ പലതായി ചിതറും

പശുക്കളെ അഴിച്ച് വിട്ടപ്പോൾ ചാണകം വീണ ഭാഗത്ത് പുല്ലുകൾ തഴച്ച് നിൽക്കും അതിൽ മറിഞ്ഞു കിടക്കും കൊതുമ്പിൽ അണലികൾ ചുരുളും

നിങ്ങളുടെ നടത്തം കേട്ട് പശുക്കളും കിളികളും വിളറിപിടിച്ചമറുന്നുണ്ടോ? അപരിചിതരുടെ വരവിൽ പിണങ്ങി തൊട്ടാവാടികളും തേരട്ടകളും തലതാഴ്ത്തും

പച്ചപ്പിലേക്ക് നോക്കി നിന്നിട്ട് നിങ്ങളുടെ വേദനക്ക് കുറവുണ്ടോ?

വെയിൽ കൂടുമ്പോൾ ആരൊക്കെയാണ് മരങ്ങളുടെ തണലിലേക്ക് മാറി നിൽക്കുന്നത്? അവരുടെ തണലിലേക്ക് ആരാണ് മാറിനിൽക്കുന്നത്?

വിണ്ടുകീറിയ പാദങ്ങൾ ഉരച്ചു കഴുകാനും പട്ടുണ്ണികൾ കടിച്ചുകൂടും കഴുത്തുരസാനുമുള്ള വലിയ കല്ലു കണ്ടോ?

ചെരിപ്പിട്ടു വന്നിട്ട് കറ്റകൾ കുത്തി കണങ്കാലു പൊട്ടിയോ അതോ ഷൂസിട്ട് വന്ന് പാടം ചവിട്ടി മെതിച്ചോ? മഴക്കാലത്ത് നിങ്ങളുടെ പൂഴ്ന്ന കാലടിയിൽ കുഞ്ഞൻ തവളകൾ മഴകൊള്ളാതെയിരിക്കും

നഗ്‌നമായ പാദത്താൽ തോട്ടിലിറങ്ങിയപ്പോൾ മണൽത്തരികൾ ഇക്കിളിയിട്ടോ? പരലുകുട്ടികൾ ഉമ്മ വച്ചോ?

കുന്നിൻ മുകളിൽ വച്ചു പറത്തിയ ഇതളുകൾ നിങ്ങൾക്കു തന്നെ കാറ്റ് തിരികെ കൊണ്ട് തന്നോ?

സന്ധ്യാസൂര്യൻ മാറാല പിടിച്ച ബൾബായി വോൾട്ടേജു കുറഞ്ഞ് കത്തുന്നുണ്ടോ?

എവിടെനിന്നെന്നറിയാത്ത പാട്ട് മൂളാനാകുന്നുണ്ടോ?

ഒരു നിറത്തിന്റെ പല സൂക്ഷ്മ ഭേദങ്ങൾ പോലെ ഒരേ കുലയിൽ പഴുപ്പിന്റെ പല വകഭേദങ്ങൾ കാണുന്നുണ്ടോ?

കൂടെയുറങ്ങിയ കുഞ്ഞ് നിങ്ങളുടെ തലയിലേക്ക് പേൻ പകർന്ന് തന്നോ ജട പിടിച്ച മുടി ഈരിയ ചീർപ്പിന്റെ പല്ലുകൾ പൊട്ടിപ്പോയോ? അതോ വെള്ളം നനച്ചപ്പോൾ മുടി ഒതുങ്ങിപ്പോയോ?

പൂക്കളുമായി തിരികെ പോകുന്ന പുഷ്പകാലം വഴിയിൽ കണ്ടുമുട്ടിയ, ഉണങ്ങിയ ഇലകൾ മുടിയിഴകളിൽ തങ്ങിയ വേനലിന് ഏത് തരം പൂക്കൾ നൽകി?

മഴ പെയ്തപ്പോഴാണോ കാറ്റടിച്ചപ്പോഴാണോ പുല്ലുകൾ കൂടുതൽ ചാഞ്ഞത്?

ചാഞ്ഞു പോയ പുല്ലിങ്കൂട്ടം കാറ്റടിച്ച ദിക്ക് ചൂണ്ടിക്കാണിച്ചുവോ?

ഉവ്വെങ്കിൽ നിങ്ങൾ വീട്ടിലെത്തി

ഉവ്വെങ്കിൽ ഞാനിവിടില്ലെന്ന കാര്യം നിങ്ങളറിയിക്കണം പകരം നിങ്ങളുണ്ടെന്നും, ഭൂമിയിലെങ്ങും പൂവുകളുണ്ടെന്നും''

എല്ലായിപ്പോഴുമെന്ന പോലെ കവിതയുടെ അവസാനത്തെ ഏതാനും വരികൾ ഒരിക്കൽ കൂടി അവൾ ആവർത്തിച്ചു വായിച്ചു

""ഉവ്വെങ്കിൽ ഞാനിവിടില്ലെന്ന കാര്യം നിങ്ങളറിയിക്കണം പകരം നിങ്ങളുണ്ടെന്നും, ഭൂമിയിലെങ്ങും പൂവുകളുണ്ടെന്നും''


അരുൺ പ്രസാദ്

കവി, നോവലിസ്റ്റ്. ആകാശം ഭൂമി കടൽത്തീരങ്ങൾ etc എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments