തൊടിയിലെ പച്ചപ്പുൽ നിലത്ത് പ്ലാവിലയിലൂടെ ഇടറിക്കൊണ്ടിരുന്ന വെയിൽ പാളിയുമെണ്ണി കിടന്നപ്പോഴായിരുന്നു കോഴിക്കൂടിന്റെ സമീപത്തായിട്ട് സാലിയുടെ ചെവികൂടി പമ്മിയ കാൽപ്പെരുമാറ്റം ഇഴഞ്ഞുകയറിയത്. ക്രൂശിത രൂപം പോലെ നിവർന്നു കിടന്ന സാലി ഇടത്തെ കയ്യിൽ കല്ലെടുത്തതും കുത്തനെ ചന്തിക്കിരുന്ന് എറിഞ്ഞതും, സൂക്ഷം കൊഴക്കതുകൊണ്ട ചാവാലിപ്പട്ടി മോങ്ങി ചാടിയുള്ള ഓട്ടവുമെല്ലാം ഞൊടിനേരംകൊണ്ട് കഴിഞ്ഞു.
സാലി ചാടി എണീറ്റ് കോഴിക്കൂട് വരെ ഓടി എത്തിയപ്പഴത്തേനും നായ കൈ തോടും കടന്ന് തെറി വിളിച്ച് ഞൊണ്ടിക്കൊണ്ട് രക്ഷപ്പെട്ടിരുന്നു."എരപ്പേ! തങ്കരം വെച്ച് പോറ്റുന്ന കോഴികൾടെ അടുത്ത് വന്നാണ് അവന്റെ ഒരു ശൃംഗാരം. അത് വാലാട്ടി വരുമ്പം നിന്ന് കൊടുക്കാൻ കൊറേ കൊന്തകളും.' സാലി കോഴി കൂട്ടിൽ ആഞ്ഞൊരു ചവുട്ട് വെച്ച് കൊടുത്തു. പ്രകമ്പനത്തിൽപ്പെട്ടു പോയ കോഴികൾ തല കുത്തി വീഴുകയും ഒന്നടങ്കം കരഞ്ഞു വിളിക്കാനും തുടങ്ങി."നിങ്ങള് സൂക്ഷിച്ചാല് നിങ്ങക്ക് തന്നെ കൊള്ളാം. വെല്ലോം പറ്റിയാ പിന്നെ തിരിഞ്ഞു നോക്കാൻ കൂടി ആരും കാണുകേല.' സാലി അനേകം വെള്ള പൊട്ടുകൾ കുത്തിയ ചൊവന്ന പാവാട മുട്ട് വരെ പൊക്കി കുനിഞ്ഞിരുന്ന് കൊളുത്തഴിച്ച് കോഴികളെ ഒന്നൊന്നായി ഇറക്കി വിട്ടു. അതുങ്ങള് അവക്കു നേരെ നോക്കി തലയൊന്ന് കുമ്പിട്ടിട്ട് ചീന്തികൊണ്ട് ചിതറി നടക്കാൻ തുടങ്ങി.
"രാവിലെ തൊട്ട് ഇങ്ങനെ കൊറിച്ചോണ്ട് നിക്കാതെ ഇവറ്റകൾടെ മേലൊരു കണ്ണ് വേണമെന്ന് പറഞ്ഞാല് കേക്കല്.' പേര മരം ചാരി ലോകത്തെ വിഷാദ ഭാവത്തിൽ നോക്കി നിന്ന തള്ള പശു മുക്രിച്ചോണ്ട് തല കുലുക്കി. മൂക്കിൻ വളയത്തിൽ നിന്നും ചെവിക്കുഴിയിൽ നിന്നുമെല്ലാം അനേകം പ്രാണികളപ്പോൾ വിരണ്ടോടി.
ചേമ്പിലയുടെ മറവിൽ, ചേനത്തണ്ടിലേക്ക് വലിഞ്ഞു കയറുന്ന അയമോതകത്തിനോടായി അവൾ പറഞ്ഞു, "സ്‌നേഹമൊക്കെ നല്ലതാ പിള്ളേരെ. എന്നാലും ചേന ചേട്ടനോട് കളി വേണ്ട. ചൊറിയും.' എന്നും പറഞ്ഞ് കുത്തിയിരുന്ന് സാലി അതിന്റെ നാരുകൾ ഒന്നൊന്നായി നോവിപ്പിക്കാതെ അഴിച്ചു വിട്ട് കൊടുത്തു.
"ശ്ശെടാ! ഇങ്ങനെ വിഷമിക്കാനും വേണ്ടീട്ട് ഞാനൊന്നും പറഞ്ഞില്ലല്ലോ.' കൂട്ടുകാരി പോയേന്റെ സങ്കടത്തിൽ മുഖം വീർപ്പിച്ചു നിന്ന ചേന ചേട്ടനോടായവൾ പറഞ്ഞു."അവക്കുണ്ടല്ലോടാ കൊച്ചനെ,' ഇടുപ്പിനു മേലുള്ള എലപൊക്കി അൽപം രഹസ്യത്തിലായി സാലി തുടർന്നു."ഇപ്പൊ ഈ പൂവൊക്കെ വരുന്ന സമയവാ. ഒരുപാടങ്ങ് ആവേശം കയറിയാല് അവളുടെ താളക്രമമൊക്കെ ആകെ തകരാറിലായിട്ട് പിന്നങ്ങ് വെപ്രാളവാ. പൂവും കനിയുമൊക്കെ വന്നിട്ട് നിങ്ങള് ഒരുമിച്ചങ്ങ് വളർന്നൊന്നേ. ആരേലും വേണ്ടാന്നു പറഞ്ഞോ?'
ഇത് കേട്ടൽപ്പം പ്രസരിച്ച് കവിള് ചൊവന്ന ചേന ചേട്ടനോടവൾ, തിരുവല്ല ലിമിറ്റഡ് സ്റ്റോപ്പ് പിടിച്ചു ചെല്ലുമ്പോൾ പാലാ ഭരണങ്ങാനത്ത് പണ്ട് വസിച്ചിരുന്ന നല്ലവളായ ഒരു കന്യാസ്ത്രീയുടെ കഥ പറഞ്ഞോണ്ട് ഇരുന്നപ്പഴായിരുന്നു, മുന്തിയ വാക മര കൊമ്പിലിരുന്ന് ആടിക്കൊണ്ടിരുന്ന നാടുകാണി പാപ്പൻ പൊടുന്നനെ കീപ്പോട്ട് ചാടിയത്. മരക്കൊമ്പ് മുഴുവനെ ഒടിഞ്ഞു വീണ മട്ടിലുള്ള പാപ്പന്റെ കുതിപ്പിൽ സാലി കൊച്ച്, "യ്യോ!'ന്നും വിളിച്ചോണ്ട് പിന്നോക്കം വീണു.
"എടി കൊച്ചെ, ഇങ്ങനാണോ യാത്ര വിവരണം പറഞ്ഞു കൊടുക്കുന്നത്? ചുമ്മാ എനിക്ക് നാണക്കേട് വരുത്താനായിട്ട്. യാത്ര വിവരണങ്ങളില് ഇടങ്ങളൊണ്ടാകാൻ പാടില്ല. കാഴ്ചകളും അനുഭവങ്ങളും മാത്രവേ പാടൊള്ളു.'"എന്നെക്കൊണ്ട് ഇത്രയൊക്കെ ഒക്കത്തൊള്ളൂ.' കൈ മുട്ടും തടവി എണീറ്റ് ഇരുന്നവൾ പറഞ്ഞു. "ഇവിടെങ്ങും പോകാതെ ഞാൻ ഇത്രയൊക്കെ പറഞ്ഞൊപ്പിക്കുന്നില്ലേ? അല്ലേലും, അപ്പൻ ആ തെമ്മാടി അംബ്രോസിനെയല്ലേ സകലിടത്തും കോണകത്തെ തൂക്കികൊണ്ട് പോവത്തൊള്ളൂ. നമ്മളൊക്കെ വെറുതാക്കാര്.'
സാധാരണയിലും സാലിയുടെ ഒച്ച ഉയരുന്നത് കണ്ട പശു ഒന്ന് നീട്ടി അമറുകയും, വരിക്ക ചക്ക നക്കാൻ കൊതിയോടെ വന്ന മരയണ്ണാൻ പേടിച്ച് തിരിച്ചോടുകയും ചെയ്തു.
പാപ്പിച്ചായൻ വിണ്ടു കയറി തുടങ്ങിയ വാക മരത്തില് കാലൂന്നി നിന്നൊരു ബീഡി കത്തിച്ച് വലിച്ചു വിട്ടു."എന്നാ നീ വാ. നമുക്കൊന്ന് കറങ്ങിയേച്ചും വരാം.'"ഞാനെങ്ങുമില്ല ഈ ഉച്ച നേരത്ത്. അമ്മച്ചി അന്വേഷിക്കും.' സാലി, ചേന മൂട് മാന്തി ചുറ്റിനും ചാണക പാല് തളിച്ചോണ്ട് പറഞ്ഞു."നീ വാടി കൊച്ചേ. അവളോട് ഞാൻ പറഞ്ഞോളാം.'
ആദ്യമൊക്കെ സാലി കൊച്ച് താത്പര്യം പ്രകടിപ്പിക്കാതെ മൂശേട്ടയോടെ തിരിഞ്ഞും മറിഞ്ഞും നിന്നെങ്കിലും, പാപ്പിച്ചായൻ കാറ്റായി വീശി വാക പൂക്കൾ അവൾടെ മേൽ വർഷിച്ച്, കവിളും ഉടുപ്പുമൊക്കെ ചുവന്നപ്പോൾ അവളങ്ങ് സമ്മതിച്ചുകൊടുത്തു.
ചേമ്പിലയിലിരുന്ന് പോകാമെന്ന് സാലി പറഞ്ഞെങ്കിലും പാപ്പനാണ് സമ്മതിക്കാതിരുന്നത്. പാപ്പന് ബസ്സിൽ തന്നെ പോയാൽ മതിയായിരുന്നു. തിരുവല്ല വഴിയുള്ള സിറ്റി ബസ്സിൽ കയറി ഇരുന്ന് യാത്ര ചെയ്തപ്പോൾ പാപ്പനിൽ നിന്നും വമിച്ച ഒലിവെണ്ണ കൊഴുപ്പിന്റെ മണം അവളെ അയാളിലേക്ക് ചേർത്തിരുത്തുകയും അവൾക്കേറെ ആവശ്യമായിരുന്ന ചൂടും ചൂരും നൽകി പോന്നു.
സാലി കൊച്ചിന്റെ പതിനാറാം വയസ്സിലാണ് പാപ്പൻ നാട് വിടുന്നത്. ചെമപ്പ് പൂശിയ വീട്ടു ചുമരിൽ, തന്റെ രഥമായ ബുള്ളറ്റേലേറി നെഞ്ചും വിരിച്ചിരിക്കുന്ന അപ്പന്റെ ബ്ലാക്ക് ആന്റ് വൈറ്റ് പടമാണ് അപ്പന്റെ രൂപം അവളിൽ തറപ്പിച്ചത്. റയ് ബാനും വച്ച് മഫ്‌ളറും പറപ്പിച്ചോണ്ട് പാപ്പൻ സഞ്ചരിക്കാത്ത ഇടങ്ങൾ കുറവായിരുന്നു ഗോളത്തില്. പള്ളി പെരുന്നാളിന്റെ ഒടുക്ക ദിവസം, യൂദാ തദ്ദേവൂസിന്റെ ബാലേ കഴിഞ്ഞു വന്ന് ഇസ്രായേലിലേക്കാണെന്നും പറഞ്ഞു പോയ പാപ്പൻ പിന്നെ തിരിച്ചു വന്നിട്ടില്ല. സാലി കൊച്ചിന് ഉറക്കം വരാത്ത രാത്രികളില്, പാപ്പൻ ഗത്സമന തോട്ടത്തിൽ നിന്നും ഒലിവു പഴങ്ങളും പറിച്ചോണ്ട് അവൾടടുത്ത് വരും. എന്നിട്ട്, വെളുക്കും വരെ പാപ്പൻ, ലോകവും ജീവിതവും എത്ര ചെറുതാണെന്നും ഗത്സമന തോട്ടത്തിന്റെ കൽപടവിലിരുന്ന് താനും യേശുവും കൂടി ഇതേ പോലെ തോൾ ചേർന്നിരുന്ന് ഏറെ നേരം വർത്തമാനം പറഞ്ഞിരിക്കുമെന്നും, അടിക്കടി, തന്റെ ദുർവിധിയോർത്ത് വാവിട്ടു കരയുന്ന ആ ചെറുപ്പക്കാരനെ ചുമലിൽ കിടത്തി ആശ്വസിപ്പിക്കുന്നതിനെ കുറിച്ചുമെല്ലാം വെട്ടം കീറും വരെ പറഞ്ഞിരിക്കും.
വെളുപ്പിനെ, കുളിക്കാൻ തോട്ടിലേക്ക് തോർത്തും കൊണ്ട് പോകുന്ന സാലിയോട് കുഞ്ഞ് റാഹേല്, അടുപ്പൂതുന്നതിൽ നിന്നും കണ്ണ് ചിമ്മി തിരുമ്മിക്കൊണ്ട് ചോദിക്കും;"എന്നതാടി നിന്റെ കഴുത്തേലും കയ്യേലുമൊക്കെ ഒരു വഴവഴപ്പും മണവുമൊക്കെ?'"ഓ, അതിന്നലെ മിശിഹാ തമ്പുരാൻ എന്റെ മുട്ടുമ്മേല് തല വെച്ച് സങ്കടം പറഞ്ഞ് കരയാൻ വന്നതിന്റെയാ.' എന്നും പറഞ്ഞവൾ പാട്ടും പാടി ഒഴുകുന്ന തോട്ടിലേക്ക് എടുത്ത് ചാടും.
അൽഫോൻസാമ്മേടെ പടിക്കലെത്തിയപ്പഴത്തേനും വെയില് താണിരുന്നു. മേല് മൊത്തം മണ്ണും ചെളിയുമായോണ്ട് മടിച്ചു നിന്ന സാലിയെ പാപ്പനാണ് നിർബന്ധിച്ച് വലിച്ചോണ്ട് പോയത്. സമയമെടുത്ത് പ്രാർഥിച്ച് അവിടെല്ലാം ചുറ്റി നടന്നു കണ്ട്, നേർച്ച അരിയും പെറുക്കി തിന്ന്, കോഴികൾക്ക് കൊടുക്കാൻ ഒരു പിടി പാവാട ഞാടയിലും തിരുകിയിട്ട്, ബസ് സ്റ്റാന്റിനോട് സമീപമായൊരു പീടികയിൽ അവര് കയറി ഇരുന്നു."ഒരു ദേശാടനക്കാരനെ പിടിച്ചു വലിക്കാൻ ഒന്നും ഉണ്ടാവരുത്.' പന്നിയിറച്ചിയും കപ്പ പുഴുക്കും പാത്രങ്ങളിലേക്ക് പകർന്നൊണ്ട് പാപ്പൻ പറഞ്ഞു. "പക്ഷേ, എന്റെ കാര്യത്തില് കെട്ടുമുണ്ടായിരുന്നു. ഒടുക്കമതങ്ങ് വലിഞ്ഞു മുറുകുകയും ചെയ്തു.'"എന്നാ പറ്റിയിപ്പൊ അങ്ങനെയൊക്കെ തോന്നാൻ?' പിരിയൻ മുളകിന്റെ നീര് ചാറിലേക്ക് ഞെക്കി പിഴിഞ്ഞൊഴിച്ചോണ്ട് സാലി ചോദിച്ചു."ഓ, ലോകം മൊത്തം ഓടി നടന്നുകണ്ട് തീർക്കുന്നേന്റെ തിടുക്കത്തില് വീട്ടിനുള്ളിലേക്ക് നോക്കാനൊന്നും എനിക്ക് ഒത്തില്ല.'"ആ, തിരിച്ചറിവൊക്കെ അല്ലേലും മേത്ത് മണ്ണ് പറ്റിയേനു ശേഷവല്ലേ ഒണ്ടാവത്തൊള്ളൂ.' മാദളമായ കൊടല് ഭാഗം പല്ലിന്റെ ഇടയ്ക്കു വെച്ച് ഊറിക്കൊണ്ടവൾ പറഞ്ഞു.
"എടി, കൊച്ചെ അപ്പനോട് നീ എല്ലാമൊന്ന് തുറന്നു പറ.' വെരല് നക്കി എണീക്കാൻ ഭാവിച്ച സാലിയുടെ കൈയിൽ പിടിച്ചിരുത്തി മുന്നോട്ടൊന്ന് ആഞ്ഞ് പാപ്പൻ ചോദിച്ചു. "അന്ന് ആ അംബ്രോസ് നിന്നെ എന്നതാ ചെയ്തത്?'
പാപ്പനത് പറഞ്ഞതും, സാലിയുടെ കണ്ണ് നീറുകയും അതിൽ നിന്നും എടുത്തു ചാടാൻ തയ്യാറായി കണ്ണീർ കുഞ്ഞുങ്ങൾ വക്കത്തു വന്ന് നിരന്നു നീക്കുകയും ചെയ്തു, "പണ്ടെപ്പഴോ കളഞ്ഞേച്ചും പോയിട്ടിപ്പോ കാര്യമന്വേഷിക്കാൻ വന്നേക്കുന്നു!' കണ്ണീർ കുഞ്ഞുങ്ങളെ വിരട്ടിയോടിച്ച് കസേരയും മറിച്ചിട്ടവൾ എണീറ്റ് പോയി.
മടക്കയാത്രയിൽ, അപ്പനും മോളും ഒന്നും മിണ്ടാതെ അവരവരുടെതായ ചിന്തകളാൽ മൂടപ്പെട്ട് ശ്വാസം കിട്ടാതെ പുറത്തേക്ക് നോക്കിയിരുന്നു.
ഇരുട്ടത്ത്, ഇരട്ട കല്ലറ തുരന്ന് ശവങ്ങളൊന്നൊന്നായി പുറത്തെടുത്ത് ബോംബെയ്ക്കും ജയ്പൂരിലേക്കും കടത്തുന്നത് വെളിച്ചത്ത് വന്നപ്പോഴായിരുന്നു അംബ്രോസിനെ സഭേന്നു ചവുട്ടി പുറത്താക്കിയത്. നാടും പട്ടക്കാരും പുറം തള്ളിയ അംബ്രോസിനെ പാപ്പൻ തന്റെ വലം കൈ ആയിട്ടങ്ങ് കൂട്ടി. ഓരോ യാത്രയും കഴിഞ്ഞ്, പാപ്പന്റെ ലിനൻ സഞ്ചിയും തുരുമ്പ് പുതപ്പണിയാൻ തുടങ്ങിയിരുന്ന ബൈനോക്കുലറും കൊണ്ട് പടിക്ക വെച്ചോണ്ട് അംബ്രോസ് മൂരി നിവർത്തി ചെമ്പൻ തലയും ചൊറിഞ്ഞ് അകത്തേക്ക് കൂകി വിളിക്കും; "ചേട്ടത്തിയേ, ചോറ് തെളപ്പിച്ചെങ്കി കൊറച്ച് കഞ്ഞിവെള്ളമിങ്ങ് എടുത്തേക്കണേ.' കുഞ്ഞു റാഹേലിനാണേൽ അത് കേക്കുമ്പം പെരു വെരലീന്ന് അരിച്ചു കയറും. "വൃത്തിയും വെടിപ്പുമില്ലാത്ത നാറി! ശവങ്ങള് ചീയുന്ന വാടയാ എപ്പഴും.' തൃക്കണ്ണുള്ള തേങ്ങയെ ഒറ്റ വീശി വെട്ടിന് പിളർത്തികൊണ്ടവൾ പറയും. "വയറ്റി പിഴപ്പിനല്ലേ റാഹേൽ കൊച്ചേ. നീയതങ്ങ് വിട്ടുകള.' എന്നും പറഞ്ഞോണ്ട് പാപ്പൻ ഇഞ്ച തേച്ച് തോട്ടിലേക്ക് തല കീഴാക്കി ചാടും.
പാപ്പൻ ഇസ്രായേലിലേക്ക് പോയ ശേഷം, കുഞ്ഞ് റാഹേല് കപ്പടകളും മറ്റും തുന്നി വിറ്റായിരുന്നു അരിയും സാമാനങ്ങളും മേടിച്ചിരുന്നത്. ഒരു ചന്ത ദിവസം, തുന്നിയ ചട്ടയും പാവാടയും മാത്തച്ചായന്റെ ജൗളി കടയിൽ കൊണ്ട് കൊടുത്ത് പുരയിലേക്കുള്ള ഇടുക്കു വഴി തിരിഞ്ഞപ്പം, തെക്കേ വീട്ടിലെ സൈനുതാത്ത തെങ്ങോല പടർത്തിയ ഇരുട്ടിലേക്ക് കുഞ്ഞ് റാഹേലിനെ പിടിച്ചു നിർത്തി."എടി കൊച്ചെ നീയ്യ് ബഹളം വെക്കാനൊന്നും പോകരുത്. സാവധാനത്തില് ഞാൻ പറയുന്നത് കേക്കണം.' കൈ മുട്ടേലുള്ള പിടുത്തം മുറുക്കിക്കൊണ്ടവർ തുടർന്നു."ഞാൻ നിസ്‌കാര കഞ്ഞീം കൊണ്ട് വന്നപ്പഴാ സംഭവം കണ്ടത്. അവൻ കൊച്ചിന്റെ വായും പൊത്തി പിടിച്ച് മേലെ കയറി ഇരിക്കുവാ. വെപ്രാളത്തില് ന്റെ തൊണ്ടേന്ന് ഒച്ചയൊന്നും വന്നില്ലേലും കൈയിലിരുന്ന പിഞ്ഞാണം കൊണ്ട് അവന്റെ മുതുക്കിനിട്ട് നല്ലൊരണ്ണം കൊടുത്തതും, അവനെന്നെ മറിച്ചിട്ടോണ്ട് പൊറകിലത്തെ അര മതിലും കടന്ന് ഒറ്റയൊട്ടവാ.'
മുട്ട് വഴുതി പിന്നോക്കം ചാഞ്ഞപ്പോൾ, ലക്കില്ലാതെ കാറ്റത്താടി നിന്ന നീളൻ തെങ്ങ് കുഞ്ഞ് റാഹേലിനെ വീഴാതെ താങ്ങി നിർത്തി.
പാപ്പന്റെ ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോയ്ക്ക് കീഴില്, മുട്ടിനു പുറകെ മുഖവും മറച്ച് സാലി ഇരിപ്പുണ്ടായിരുന്നു. "എന്നതാ കുഞ്ഞേ പറ്റിയത്? വെല്ലോരും കണ്ടായിരുന്നോ?' അവൾടടുത്തിരുന്ന് കുഞ്ഞ് റാഹേല് വിറയല് നിർത്താനാവാതെ ചോദിച്ചു. സാലി എന്നാൽ അവരുടെ മുഖത്തേക്ക് നോക്കി ഇരുന്നതല്ലാതെ ഒന്നും മിണ്ടിയില്ല. "മുടിഞ്ഞവനോട് ഒരു പതിനായിരം തവണ പറഞ്ഞതാ. കേട്ടില്ല! കേട്ടില്ല!' ബുള്ളറ്റേൽ നെഞ്ചും വിരിച്ചിരുന്ന പാപ്പനോട് തലയും തല്ലി ഒരു പതിനായിരം തവണയായി കുഞ്ഞ് റാഹേല് പറഞ്ഞോണ്ടിരുന്നു.
"എല്ലാമൊന്ന് വിശദമായി കാണാനായിരിക്കണം അവൻ വന്നത്.' മിഴിച്ചിരുന്ന സാലിയുടെ കണ്ണ് നീറി ചൊവന്ന് അടഞ്ഞപ്പോൾ സൈനു പറഞ്ഞു. സാലിയെ പായ വിരിച്ച് കിടത്തീട്ട് കുഞ്ഞ് റാഹേലും സൈനുവും കൂടി മുറ്റത്തേക്കിറങ്ങി.
ചരൽ പായയിൽ ഓല വിരലുകൾ കൊണ്ട് കറുത്ത വരകൾ വരച്ചോണ്ടിരുന്ന തെങ്ങിന്റെ ചോട്ടിലിരുന്നോണ്ട് സൈനു തുടർന്നു. "ഞാൻ ഉടുപ്പൊക്കെ മാറ്റി ആകെ മൊത്തമൊന്ന് നോക്കീട്ടൊണ്ട്. പാടും ചതവുമൊന്നുമില്ല. ഇനിയാണ് നമ്മള് സൂക്ഷിക്കേണ്ടത്.' ചുണ്ടും കടിച്ച് മുറിച്ചോണ്ട് കുഞ്ഞ് റാഹേല് വീണ്ടും ഇരുട്ടത്തൊട്ടങ്ങ് മലന്നു വീണു.
പിറ്റേന്നു തൊട്ട് സാലീടെ സ്‌കൂളി പോക്കങ്ങ് നിന്നു. പള്ളീലോട്ടും പള്ളിക്കൂടത്തിലോട്ടുമൊന്നും കാണാതെ തിരക്കി വന്നവരോടായി കുഞ്ഞ് റാഹേല് ; "ഓ, കൊച്ചിന് വലുതായതിന്റെ ക്ഷീണവാ.' എന്ന് അരപ്പ്രൈസേല് കൈ കുത്തി നിന്നുകൊണ്ടവർ പറഞ്ഞു. സാലി കൊച്ചിന് ഒറങ്ങാൻ പറ്റാതെ കിടന്നപ്പോഴും മയക്കത്തീന്ന് ഞെട്ടി എണീറ്റ് എല്ലാമൊന്ന് പറയാൻ പലയാവർത്തി തുനിഞ്ഞപ്പോഴുമെല്ലാം കുഞ്ഞ് റാഹേല് ഓടി ചെന്നങ്ങ് കതകടച്ച് അവളുടെ വാ പൊത്തി പിടിക്കും. പിന്നെ പിന്നെ പറയണമെന്ന് തോന്നുമ്പോൾ സാലി കൊച്ച് തനിയെ എണീറ്റു ചെന്ന് കതകടച്ച് മിണ്ടാതിരിക്കാൻ തുടങ്ങി
തിരിച്ചെത്തിയപ്പഴത്തേനും, മുയലിന്റെയും തീവണ്ടിയുടേയുമൊക്കെ രൂപമുള്ള മേഘങ്ങള് പറന്നു പോയിട്ട് ആകാശം ചുവക്കാൻ തുടങ്ങിയിരുന്നു. കട്ടിള ചാരി നിന്ന സൈനു താത്ത; "ദാണ്ടേ, നമ്മുടെ കൊച്ചിങ്ങ് വന്നല്ലോ.' എന്ന് ഒരു ആഹ്വാനം പോലെ ഉള്ളിലേക്ക് വിളിച്ചു പറഞ്ഞു. വീട്ടിലേക്ക് കയറിയതും സാലിയെ ആദ്യം എതിരേറ്റത്, ചുളുവകറ്റാൻ മുട്ടിൽ നിന്നും കീപ്പോട്ട് ളോഹ കുപ്പായം കുടഞ്ഞ് അലകൾ സൃഷ്ടിക്കുന്ന വികാരിയച്ചനെയും അച്ചന്റെ ഇപ്പുറത്തിരുന്ന് ചായ ഊതിയൂതി കുടിക്കുന്ന അംബ്രോസിനെയുമായിരുന്നു. "നീ ഇത് എവിടായിരുന്നെടി കൊച്ചേ?' താടിക്കു കൈ കൊടുത്തു നിന്ന കുഞ്ഞ് റാഹേല് മുന്നോട്ട് വന്നു നിന്നുകൊണ്ട് ചോദിച്ചു. "ഇവര് എത്ര നേരം കൊണ്ട് നിന്നെ കാത്തു നിക്കുവാന്ന് അറിയാമോ?'"പ്രായമതല്ലേ റാഹേലേട്ടത്തി.' അടർന്നു വീണ കൊഴലപ്പ പൊടി മടീന്ന് വെള്ളിത്തിരമാല കൊണ്ട് കഴുകി കളഞ്ഞോണ്ട് വികാരിയച്ചൻ അഭിപ്രായപ്പെട്ടു; "ഇനി അങ്ങനൊന്നും ഒക്കുകേല കേട്ടോ.' ചുറ്റും നിന്ന സകലരും അത് കേട്ട് ചിരിച്ചു. സാലി ഒന്നും മനസ്സിലാകാതെ കുഞ്ഞ് റാഹേലിന്റെ മുഖത്തേക്ക് നോക്കി നിന്നു.
"നീ ഇങ്ങ് വന്നേ.' കുഞ്ഞ് റാഹേല് സാലിയെ പിടിച്ചൊരു മൂലക്കോട്ട് കൊണ്ട് പോയി."എടി, അവനു മാനസാന്തരം വന്നെന്ന്! അച്ചൻ തന്നെയാ കൊണ്ട് വന്ന് പറഞ്ഞത്. തമ്പുരാന്റെ കൃപയാ, കുമ്പസാര മാനസാന്തരം!'
സാലി അംബ്രോസിനു നേരെ കണ്ണെറിഞ്ഞു. അയാൾ രൂപക്കൂട്ടിൽ ഫ്രാൻസിസ് പുന്യാളന്റെ കാൽക്കൽ ഭവ്യതയോടെ നിക്കുന്ന ചെന്നായയെ കണക്ക് അവളെ നോക്കിയൊന്നു പല്ലിളിച്ചു."അവനിപ്പൊ നല്ല മാറ്റമുണ്ട്. പണിക്കെല്ലാം പോവുന്നുണ്ട്. കൂരയൊക്കെ ഒരെണ്ണം കെട്ടി മാന്യമായി പള്ളീലും പോയി പള്ളി കൂട്ടായ്മയിലുമൊക്കെ ചേർന്ന് ജീവിക്കണം എന്നാഗ്രഹമുണ്ട്. നീ അങ്ങ് സമ്മതിച്ചേരടി. തമ്പുരാന്റെ ചെയ്തികളാണ് എല്ലാമെന്നു കരുതിയാ മതി നീയ്.'"അന്നിയാളെന്നെ ശ്വാസം മുട്ടിച്ച് കൊന്നിരുന്നേൽ അമ്മച്ചി അതും തമ്പുരാന്റെ ചെയ്ത്തായിട്ട് കരുതുമായിരുന്നോ?'
അത്തരമൊരു വർത്തമാനം സാലിയിൽ നിന്നും ആരുമവിടെ പ്രതീക്ഷിച്ചിരുന്നില്ല. ആ കുടുസ്സു മുറി അല്പം കൂടി ഇടുങ്ങുകയും അതിനുള്ളിൽ സകലരും നിന്ന് ഉരുകുകയും ചെയ്തു.
"അന്ന് നിനക്കൊന്നും പറ്റാതിരുന്നതും ഇന്നിവന് മാനസാന്തരം വന്നതുമെല്ലാം നിയോഗമായി കണ്ടാ മതി കുഞ്ഞേ.'
ഗൗളി പോലും ചിലക്കാൻ മടിച്ച അന്തരീക്ഷത്തെ ലഘൂകരിച്ചുകൊണ്ട് അച്ചൻ പറഞ്ഞു. ഉടയതമ്പുരാനിങ്ങനെ നിയോഗം വെച്ച് തുടങ്ങിയാല്, പെണ്ണ് പിടുത്തക്കാരെല്ലാം മാനസാന്തരപ്പെട്ട് കഴിയുമ്പഴത്തേനും നാട്ടില് പെൺപിള്ളേരൊന്നും പിന്നെ ബാക്കി കാണുകേലല്ലോ അച്ചോ, എന്ന് പറയാൻ മുട്ടിയെങ്കിലും സാലി സ്വയം നിയന്ത്രിച്ച് മൺ ഭിത്തിയേല് പാപ്പന്റെ തലയ്ക്കു ചുറ്റും ബാധിച്ച പൂപ്പൽ വലയവും നോക്കി നിന്നു.
പിന്നവര് ഒരുപാട് നേരം തങ്ങിയില്ല. വികാരിയച്ചൻ കാലൻ കുടയും കുത്തി ഇറങ്ങിയതിനു പിന്നാലെ ആംബ്രോസ്, കുഞ്ഞ് റാഹേലിന്റെ കാലേൽ തൊട്ട് പല്ലിളിച്ചു കൈ കൂപ്പീട്ട് പടിയിറങ്ങി നിന്ന് സാലിയോട് പറഞ്ഞു; "അറിവില്ലായിമ കൊണ്ടായിരുന്നു. സാലികൊച്ച് എന്നോട് ക്ഷമിക്കണം.'
അന്തി വെയില് അയാളുടെ മൊഖത്തിനും ചെമ്പൻ തലയ്ക്കും താടിക്കുമെല്ലാം ഇരുമ്പിൻ നിറം പകർന്നിരുന്നു. സാലി മുകളിലത്തെ പടിക്കൽ നിന്ന്, അയാളുടെ തോളിൽ തട്ടി, സാരമില്ല, എന്ന് തലയാട്ടീട്ട് പറഞ്ഞയച്ചു.
അവര് പോയതിനു പിന്നാലെ സാലി തൊടീലോട്ടിറങ്ങി, കുനിഞ്ഞോടി കൊക്കോയ്ക്കും കൊടി മരത്തിനും പിന്നിൽ നിന്നുമെല്ലാം കോഴികളെ പെറുക്കി; "നീഷൻകെട്ട ജാതികൾക്ക് അനുസരണവുമില്ല!' എന്ന് ശകാരിച്ച് കൂട്ടിൽ കയറ്റി കൊളുത്തിട്ടു.
പശൂനെ അഴിച്ച് തൊഴുത്തിൽ കയറ്റി കച്ചി നെറച്ച് കാടി വെള്ളം ചാലിലേക്ക് ഒഴിച്ച് കളഞ്ഞ് സ്റ്റീൽ ചരുവം കഴുകി കമത്തി വെച്ചിട്ട് മേലും കഴുകി തുണി മാറിവന്ന് കരുണ കൊന്തയും ചൊല്ലി ചക്ക പുഴുക്കും കൊയ്യാള തോരനും തിന്ന് പായ വിരിച്ച് ഉറങ്ങാൻ കിടന്നു.
കുറേ നേരത്തേക്ക് അമ്മയും മകളും ചീവീടുകളുടെ വാ പൊളിക്കലും കേട്ടു കിടന്നു."സാലി കൊച്ചേ, നിനക്ക് പറ്റിയത് എല്ലാ പെണ്ണുങ്ങളും ഏറിയും കുറഞ്ഞുമൊക്കെ അനുഭവിക്കുന്നതാ.' അവളുടെ മുടിയിൽ കൂടി വിരലോടിച്ചോണ്ട് കുഞ്ഞ് റാഹേല് പറഞ്ഞു. "പക്ഷേ, ഒരു എല പൊഴിഞ്ഞ് പുത്തൻ വരുന്നത് പോലെ ആകാൻ പാടൊള്ളു അത്. ചെടിയും ഇലയും അല്ലാതെ വേറെ ആരും അറിയരുത്. അല്ലേല് പിന്നത് ചെടിക്കുമൊത്തമങ്ങ് നാശവാ.'
കുഞ്ഞ് റാഹേല് അരികത്തു കിടന്ന് ഉറങ്ങീട്ടും സാലി കൊച്ച് പല്ലിറുമ്മി കിടന്നുരുണ്ടു. മൂങ്ങയും വവ്വാലും മറ്റും ചിലക്കുന്ന നേരമായപ്പോൾ, അവൾ എണീറ്റ് അപ്പന്റെ ചില്ലു കൂട്ടിനു കീഴെ ആണിയേൽ തൂക്കിയിട്ടിരുന്ന കാപ്പി നിറമുള്ള ജാക്കറ്റും മഫ്‌ലറുമെടുത്ത് മുറ്റത്തേക്കിറങ്ങി."നീ എന്നാടി കൊച്ചെ വൈകിയത്? ഇത് എത്രാമത്തെ പൊകയാന്ന് നെനക്ക് വെല്ല പിടുത്തവുമുണ്ടോ?'
കൊഴിവാലന്റിടയ്ക്ക് കുന്തിച്ചിരുന്ന പാപ്പൻ, കുള്ളൻ കുറ്റി കളഞ്ഞ് എണീറ്റ് തൊട ചൊറിഞ്ഞോണ്ട് പറഞ്ഞു."നീ മുൻപേ നടന്നോ. ഞാൻ പിന്നാലെയുണ്ട്.'
പാപ്പനിൽ നിന്നും ഒഴുകി വന്ന ഒലിവെണ്ണേടെ ചൂരും നയിച്ചോണ്ട് ഇരുട്ടത്തും കൂടി വേച്ചു വേച്ച് നടന്നപ്പം കാട്ടു പന്നിയും പഴുതാരയും അണലിയുമെല്ലാം ഇരു വശങ്ങളിലുമായി അവക്ക് വഴി മാറി നിന്ന് കൊടുത്തു.
തോട്ടിലൂടെ വന്ന വെള്ളം കൊഴയെ തണുപ്പിച്ചൊഴുകുന്നതും അനുഭവിച്ചവർ അൽപ നേരം അവിടെ നിന്നു. കറുത്ത മേഘത്തിൽ നിന്നും മയങ്ങി എണീറ്റ ചന്ദ്രൻ പുറത്തു വന്ന് അവർക്ക് ചുറ്റും ദിവ്യമായ വെള്ളി വെട്ടം തെളിച്ചപ്പോൾ, ജാക്കറ്റിന്റെ കീശയിൽ നിന്നും പാപ്പന്റെ പണ്ടത്തെ ഡയറി പുറത്തെടുത്ത് മറിച്ച് സാലി ഒഴിഞ്ഞ താളിൽ കരികൊണ്ട് കുറിച്ച് കീഴിൽ നീട്ടി വരച്ചൊരു പൊട്ട് തൊട്ടു;ഭാഗം രണ്ട്
റൂറൽ ട്രാവലോഗിന്റെ ഉത്പത്തി.▮