മനു തോമസ്

കാസാബ്ലാങ്ക

കരിം കൈയീന്ന് വല അയച്ച് വിടും മുമ്പെ വള്ളം ഉലഞ്ഞുപോയി. അഫ്നാബ് തോണിയോടോപ്പം കീഴ്മേൽ മറിഞ്ഞു. വല കുരുങ്ങി തോണിക്ക് മേലായി ചുറ്റിവന്ന് വീണുകിടന്നു. പുഴയുടെ ഉൾക്കയങ്ങൾ മുകളിലേക്ക് ഉയർന്നുവന്ന് ചുഴികുത്തി മറിഞ്ഞു.

ഒന്ന്

ടലിൽനിന്ന് അസാധാരണമാംവിധം ഉയർന്നുവീശിയ ചേറുമണമുള്ള കാറ്റ് കാസബ്ലാങ്കയുടെ ജനൽ പാളികളെ ഇളക്കികൊണ്ടിരുന്നു.

അവസാനമായി എത്തിച്ചേർന്ന ബോട്ടിൻ്റെയും മണിയൊച്ച നിലയ്ക്കുകയും വിളക്കുകൾ ഏതാണ്ട് എല്ലാം തന്നെ അണയുകയും ചെയ്തിരുന്നു. താഴെയുള്ള മദ്യശാലയിലും മുകളിലെ നിലയിൽ പ്രവർത്തിച്ചിരുന്ന വ്യഭിചാരശാലകളിലേയും ഏതാണ്ട് എല്ലാ ഇടപാടുകാരും ഒഴിഞ്ഞുപോയിരുന്നു.

മൊറോക്കൻ പുകയിലയുടെയും പുളിച്ച ബിയറിന്റെയും മണം മുറികളിലാകെ തളംകെട്ടികിടന്നു,

ഭക്ഷണാവശിഷ്ടങ്ങളും വിയർപ്പും ബിയറിൻ്റെ പതയും വീണ് മെഴുക്കുപിടിച്ച തറയും മേശകളും അമൻക്കീൻസ് അപ്പോൾ വൃത്തിയാക്കികൊണ്ടിരിക്കുകയായിരുന്നു

കാറ്റിന് ശക്തിപ്രാപിക്കുന്നത് കണ്ട് അവൻ ഓടിപ്പോയി മുൻപിലെ ലോഹപാളികൾ കൊണ്ട് നിർമ്മിച്ച മടക്ക് വാതിൽ ക്രമത്തിൽ താഴ്ത്തി ഒരാൾക്ക് കടക്കാനുള്ളത് ഒഴിക്കെ ബാക്കി എല്ലാം അടച്ചുപൂട്ടി.

“ഒരു തരം നശിച്ച കാറ്റണല്ലോ ഇന്ന്, തിമിംഗലത്തിൻ്റ ശവത്തിന്റേതുപോലെ ഒരു ഗന്ധമാണതിന്’’, കാറ്റിനെ പഴിച്ചുകൊണ്ട് അവൻ പിറുപിറുത്തു.

ലോകവും ആഫ്രിക്കൻ വൻകരയും തമ്മിലുള്ള എല്ലാത്തരം വാണിജ്യങ്ങളുടെയും തുറമുഖമായിരുന്നു നൂറ്റാണ്ടുകൾക്ക് മുമ്പു തന്നെ കാസബ്ലാങ്ക. ആവിടുത്തെ കടലുപ്പിൻ്റെ ആവി പറക്കുന്ന മണ്ണിൽ ആർത്തി മൂത്ത് നൂറ്റാണ്ടുകൾക്കിടയിൽ എത്രയോ യുദ്ധങ്ങൾ നടന്നു ഇന്നുംനടന്നുകൊണ്ടിരിക്കുന്നു. തുറമുഖത്തിൻ്റെ പേരിൽ തന്നെ അറിയപ്പെട്ട ആ മദ്യശാലയുടെ മൂലയിലൊരു ഇരിപ്പടിയിൽ കൂനിയിരിക്കുന്ന അവസ്ഥയിലായിരുന്നു അബ്നാഫ് ഇപ്പോൾ ഉള്ളതെന്ന് പറയാം.
ഇത് അയാൾക്ക് മാത്രം ഉറപ്പുള്ള കാര്യമാണ്. എവിടെ എപ്പോൾ ആയിരിക്കുക എന്നത് ഒട്ടും ഉറപ്പിലാത്ത ഒരാൾ.
“വേഗം സ്ഥലം കാലിയാക്ക് അബ്നാഫെ’’
‘‘അവള് ഇന്ന് പായ് എല്ലാം കെട്ടഴിച്ചിട്ട ലക്ഷണമാണ്, നിന്റെ കരയ്ക്ക് ഇന്ന് ഉരു അടുക്കുന്ന മട്ടില്ലല്ലോ’’.
‘‘കാറ്റാണേൽ എന്തോ കലിപൂണ്ടമട്ടാണ് ഇപ്പോതന്നെ കരകയറുമെന്ന ഭാവത്തിലാണ്. നിൻ്റെ ഈ കാല് മതിയാവില്ല നിലത്ത് നില്ക്കാൻ’’, പുറകിലെ ഭിത്തിയോട് ചേർന്നുള്ള മേശയിലേക്ക് നോക്കി അമൻക്കീൻസ് വിളിച്ചുപറഞ്ഞു.

അവസാനമായി അവൻ ഓർഡർ ചെയ്യ്ത ബിയറിന്റെ കുപ്പി പകുതി വായിലേക്ക് കമഴ്ത്തി ബാക്കി മേശയിലേക്ക് ശക്തിയോടെ വച്ചിട്ട് അയാൾ രൂക്ഷമായി അമീക്കിനെ നോക്കി.
“ചെലക്കാതിരിക്കെടാ പരട്ട കഴുവേറി”
“എന്റെ കാല് അല്ലേൽ നിന്റെ പുറത്ത് വീഴും, കാശ് വാങ്ങി പെട്ടിലിട്ട നിന്റെ ആ… തെണ്ടി ബോസിനിട്ടും കിട്ടും’’, അഫ്നാബ് മുരണ്ടു.

തുറമുഖത്ത് പാതിരാത്രി വരെയും ആളുകൾ ചുറ്റിപ്പറ്റി ഉണ്ടാകാറുള്ളത് ഇവിടെ മാത്രമാണ്. ബിയറും വിശേഷപ്പെട്ട ഇനം ‘മഹിയ്ഹ് ബ്രാണ്ടിയും’ ‘ജിന്നും’ മോന്താനെത്തുന്നവരുടെ വലിയ തിരക്കുണ്ടാകും. ആഴ്ചയവസാനമാണെങ്കിൽ അത് ഒരു വലിയ പുരാതനമായ ചൈനീസ് ചന്തകണക്കെയാവും. പതിവായി, മുകളിലെ നിലയിൽ വിശ്രമമുറികളാണ്, അതിൽ ചിലതിൽ അൾജീരിയയിൽനിന്നും ബാർസിലോണയിൽ നിന്നും ഒക്കെ എത്തുന്ന പുതിയ കിളികളെ വലയിട്ട് പിടിക്കാൻ നങ്കൂരമിട്ടു ഊഴം കാത്ത് നില്ക്കുന്ന ബോട്ട് ഡ്രൈവറുമാരും, കപ്പൽ ജീവനക്കാരും, ഒപ്പം റബാത്തിൽ നിന്ന് യൂനിവേഴ്സിറ്റികളിൽ പഠിക്കുന്ന വിദ്യാർത്ഥികളുമെത്തിയിരുന്നു.

പട്ടണത്തിന്റെ തിരക്കു പിടിച്ച പകലിന്റെ മടുപ്പിനെയാകെ മനുഷ്യർ ഇറക്കിവച്ചത് തുറമുഖത്തിന്റെ ഇരുട്ട് കട്ടപിടിച്ച ഇവിടങ്ങളിലെ ഇടവഴികളിലും മദ്യ- വ്യഭിചാര ശാലയ്ക്കകത്തുമാണെന്ന് ചിലപ്പോൾ തോന്നാം.

‘അസ്റാ’ എത്തിച്ചേരുന്ന ദിവസങ്ങളിൽ അഫ്നാബും കാസബ്ലാങ്കയുടെ ഭാഗമായി. പണവും സമ്മാനങ്ങളും അറേബ്യൻ അത്തറും കൊണ്ടുവരുന്ന കച്ചവടക്കാരും കപ്പലിലെ ഓഫീസർമാരും അവൾക്ക് പ്രണയസമ്മാനങ്ങൾ നൽകിപോകുന്നതുവരെ തുറമുഖത്ത് കറങ്ങി നടക്കും. സാധാരണ ഈ ദിവസങ്ങളിൽ യൂറോപിന്റെ പ്രദേശങ്ങളിൽ നിന്ന് എത്തുന്ന കപ്പലുകൾ വൃത്തിയാക്കുന്ന ജോലിക്ക് പോകുകയാണ് പതിവ്. ദിവസവേതനത്തിന് തുറമുഖ പ്രദേശത്തെ തദ്ദേശീയരായ യുവാക്കൾ ചെയ്യ്തുവരുന്ന ജോലിയാണത്, രാത്രിയായാൽ ഏറെ വൈകും വരെ കാസബ്ലാങ്കയുടെ മൂലയിലെവിടെയെങ്കിലുമുള്ള മേശയിൽ ബിയറുകുപ്പികൾക്ക് മുമ്പിലിരുന്ന് സൂഫി പാട്ടുകൾ പാടും.
‘അസ്റ’യെ ഒഴിഞ്ഞ് കിട്ടാത്ത ഇതുപോലുള്ള ദിവസങ്ങളിൽ പാതിരാ കഴിഞ്ഞാലും ഉൻമാദത്തിൽ നുരഞ്ഞ് മദ്യശാലയുടെ കാവൽക്കാരനായിരിക്കും ചിലപ്പോൾ തെരുവിലെ തെണ്ടിപിള്ളേരുമായി ഒന്നിച്ച് നൃത്തം വയ്ക്കും, പലപ്പോഴും അതൊരു ശണ്ടകൂടലായി മാറി തീരുകയാണ് പതിവ്.

അസ്റയെ പരിചയപെടുന്നതും കാസാബ്ലങ്കയുടെ തെരുവുകളിൽ വച്ചു തന്നെ. ഒരു അഫ്ഗാനി അഭയാർഥിസംഘത്തിൻ നിന്ന് കൂട്ടം തെറ്റി കച്ചവടസംഘത്തിനൊപ്പം എത്തിപ്പെട്ടതായിരുന്നു, അവളുടെ വെള്ളാരംകണ്ണുകൾ കാസാബ്ലാങ്കയെ മോഹിപ്പിച്ചു തുടങ്ങിയ കാലത്ത് അഫ്നാബ് ആ തെരുവ് പിടിച്ചടക്കാൻ എത്തിയിട്ട് അധികകാലം ആയിരുന്നില്ല.
“എനിക്ക് പോയി ഒന്ന് ചായണം,
പുലരാൻ ഇനിഅധികമില്ല സ്നേഹിതാ’’, അമൻക്കീസ് അപേക്ഷിച്ചു.
“നീ പോയി അവളുറങ്ങിയോ എന്നു ഒന്ന് നോക്ക്, അമിക്കീൻ’’, അവൻ്റെ ശബ്ദം കുഴഞ്ഞുതുടങ്ങിയിരുന്നു.

‘‘മണി പന്ത്രണ്ട് കഴിഞ്ഞാൽ മുകളിലേക്ക് കയറാൻ എന്റെ മുതലാളി സമ്മതിക്കില്ലെന്ന് അറിയില്ലെ അഫ്നാബ്, ഇനി നാളെയാവും നല്ലത്, അവൾ ക്ഷീണം കൊണ്ട് മയങ്ങിക്കാണും.
ഇന്നാണെങ്കിൽ സ്പെയിൽക്കാരായിരുന്നു അവളുടെ കൂട്ടുകാര്. നല്ല കാളകൂറ്റൻമാർ കഠിനാദ്ധ്വാനം ചെയ്യ്തിട്ടുണ്ടാവും, പാവം’’.

അഫ്‌നാബ് കൈമുഷ്ടി ചുരുട്ടി മേശപ്പുറത്ത് ആഞ്ഞിടിച്ച് ഒഴിഞ്ഞ ബിയർ കുപ്പികൾ പരസ്പരം കൂട്ടിമുട്ടി ശബ്ദമുണ്ടാക്കി, എഴുന്നേറ്റ് പുറത്തേക്ക് പോയതും അമൻക്കീൻസ് ബാക്കി പലകഎടുത്ത് തിടുക്കത്തിൽ മുൻവാതിൽ അടച്ചു കളഞ്ഞു.

വരണ്ടുണങ്ങിയ ചാവോക്ക് മരപ്പലകയുടെ ഇളകിദ്രവിച്ച ഗോവണിപ്പടികളുണ്ടാക്കിയ നിർദ്ദയമായ ശബ്ദങ്ങൾ ഭയപ്പെടുത്തിയതിനാൽ മുകളിലേക്ക് പകുതികയറിയ അബ്നാഫ് തിരിച്ചിറങ്ങി മദ്യശാലയുടെ പിന്നാമ്പുറത്തെ ഇരുട്ടിൽ ചുരുണ്ടുകൂടികിടന്നു.

രണ്ട്

മുഖത്ത് നനവുള്ള എന്തോ ഉരഞ്ഞതുപോലെ അനുഭവപ്പെട്ട ഒരു കുളിരുണ്ടായപ്പോൾ അഫ്നാബ് പിടഞ്ഞെണിറ്റു. കിടന്നബെഞ്ചിൽ എണീറ്റ് കൈകുത്തിയിരുന്നു. പുറത്തേക്ക് നോക്കി. കൈയിൽ ഉളുമ്പ് മണക്കുന്ന വീശുവല ചുഴറ്റി കള്ളൻകരീം ഒരു കടൽകിഴവനെപോലെ നിന്ന് ചിരിക്കുന്നുണ്ടായിരുന്നു.
എടെ, എണീക്ക് അഫ്നാ…ബ്.
പോണ്ടെ… പൊയക്ക്, മണി നാല് കയി ഞ്ഞ്ന്… ഇജ് നിനക്ക് നാളെ കോളേജി പോണ്ടെ… ടാ ചെക്കാ..
രാത്രി യിലെതിൻ്റെ ബാക്കിയുണ്ടായിരുന്ന ചാരായത്തിൻ്റെ കുപ്പി ചണനൂലുകൊണ്ട് മെടഞ്ഞ അരപട്ടയിൽ വിഗദ്ധമായി അയാൾ കെട്ടി തൂക്കിയിരുന്നു. അനുഭൂതികളിൽ ജീവിക്കുന്നവരെയും സ്വപ്നങ്ങളിൽ സഞ്ചരിക്കുന്ന മനുഷ്യരെയും ഇഷ്ടപ്പെട്ട അഫ്നാബ് തത്വശാസ്ത്രം പഠിക്കാൻ കാക്കതുരുത്തിയിൽ നിന്ന് പതിനഞ്ചു കിലോമീറ്റർ അകലെയുള്ള ഒരു യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥിയായി പകൽ നേരങ്ങളിൽ ജീവിച്ചു. എന്നാൽ രാത്രിയിലെ ജീവിതത്തിന് പ്രത്യേകിച്ച് ഒരു തത്വശാസ്ത്രവും ആവശ്യമില്ലെന്നതാണ് ‘കരീമിന്റെ ഫിലോസഫി’ അഫ്നാബിനെ പഠിപ്പിച്ചത്. പല രാത്രികളിലും അവർ രണ്ടുപേരും ചേർന്ന് ഇരുട്ടിനുനേരേ വശവീശിയെറിഞ്ഞു.

കള്ളൻ കരീമാണ് കോളേജിനു പുറത്തെ അഫ്നാബിന്റെ ഏക സുഹൃത്ത്. പ്രായത്തിൽ തമ്മിൽ ഇരട്ടിയിലധികം വ്യത്യാസമുണ്ട്. അവരെങ്ങനെ പരസ്പരം സൗഹൃദമുണ്ടാക്കിയെന്ന് ഇരുവരും നിത്യം ജീവിക്കുന്ന കാക്കത്തുരുത്തിപുഴക്കുമാത്രമെ അറിയൂ. പുഴയൊഴുക്കുന്നതുപോലെ അവർ ജീവിച്ചു, തുടക്കമോ ഒടുക്കമോ ആവശ്യമില്ലാതെ.

പുലർച്ചെ നാല് മണിക്ക് തോണിയുമായി പുഴയിലേക്കിറങ്ങിയാൽ തിരികെ തുരുത്തിലെത്താൻ ഏതാണ്ട് രാവിലെ ഏഴ്മണിയെങ്കിലുമാകും. തുരുത്തിനു നടുവിലായുള്ള കള്ളുഷാപ്പിന് മുമ്പിലെത്തി കിട്ടിയ മീനെല്ലാം അവിടെ വിറ്റാൽ പിന്നെ രാത്രിയാകും വരെ അവർ വ്യത്യസ്തമായ രണ്ട് ലോകങ്ങളിലേക്ക് യാത്ര പോകും; ഒരാൾ എം.എ കാരനായി ഇക്ബാലിലും ബുദ്ധനിലും സൂഫി മിസ്റ്റിസിസങ്ങളിലും സഞ്ചരിച്ചപ്പോൾ, മറ്റേയാൾ തുരുത്തിലെ പലരുടെയും വീട്ടിലെ പെണ്ണും പെടകോഴിയും അമ്മിയും അടക്കയും തന്റെതു കൂടെയായി കാണുകയും ‘കള്ളൻ കരീം’ എന്ന സ്വത്വം സ്വയം സൃഷ്ടിച്ച് അതിലൂടെ സംതൃപ്തിയോടെ സഞ്ചരിക്കുകയും ചെയ്തു.

പെട്ടെന്ന് മുഖത്ത് തട്ടിയ മീൻവലയുടെ ഉളുമ്പ് മണം അഫ്‌നാബിന് തികട്ടൽ വരുത്തി. ഈയടുത്ത കാലത്തായി താൻ കണ്ട സ്വപ്നങ്ങളിൽ പലതും ഭൂഖണ്ഡാന്തരങ്ങൾക്കപ്പുറത്തു നിന്നാണെന്നതിൽ അവനെ അൽഭുതപ്പെടുത്തി. നാം കാണുന്ന എല്ലാ സ്വപനങ്ങളും പുഴയുടെ ഓളങ്ങൾ പോലെ വിസ്മൃതമാക്കുന്നതാണെങ്കിലും ഇന്നത്തെ രാത്രി അയാൾക്ക് കാക്കതുരുത്തി ചരിത്രത്തിൽ നിന്ന് എപ്പോഴോ മനസിൽ വന്നു കയറികൂടിയ മൊറാക്കൻ തുറമുഖപട്ടണമായ കാസാബ്ലാങ്കയായിരുന്നു.

‘‘നാം നേരിൽ കാണാത്ത ചിലർ, ചില സ്ഥലങ്ങൾ, നമ്മളിൽ വെറുതെ ജീവിച്ചു മരിച്ചുപോകും എന്ന് പറയാറുള്ളതുപോലെ’’.

കാക്കതുരുത്തിക്ക് ചരിത്രമുണ്ട്. പണ്ട് പോർച്ചുഗീസുകാരുടെ കാലത്തുതുടങ്ങിയ ചരിത്രം. മതം മാറാൻ കൂട്ടാക്കത്ത കാശ്മിരി സൂഫികളെയും കൊങ്കിണികളെയും കൊണ്ടുവന്ന് കൊന്നുകുഴിച്ചിട്ടതിവിടാണന്ന് പഴമക്കാർ ഉള്ളോതോ ഇല്ലാത്തതോ എന്നറിയാതെ പറയുന്ന ചരിത്രം. അറക്കൽ രാജവംശത്തിൻ്റെ നിധിശേഖരങ്ങൾ പരദേശി ആക്രമണങ്ങളിൽ നിന്ന് സംരക്ഷിക്കാൻ ഇവിടെ കൊണ്ടുവന്ന് കുഴിച്ചിട്ടിരുന്നത്രെ. അന്ന് ഇവിടെ ജനവാസമില്ലായിരുന്നു. മലബാറിലെ പല നാട്ടുരാജാക്കൻമാരും ഒളിതാവളമായി ഈ ദ്വീപിലെത്തിച്ചേർന്നിരുന്നു. അവരുടെ സംരക്ഷകരായെത്തിയ ചേകോൻമാരും അറയ്ക്കൽ രാജവംശത്തിൻ്റെ പാണ്ടികശാല സൂക്ഷിപ്പുകാരായ മാപ്പിള പടയാളികളും പിന്നിടിവിടങ്ങളിലെ ജനതയായി തീർന്നു. എങ്കിലും ഇപ്പോഴും മനുഷ്യവാസം തീർത്തും ദുർഘടമയതിനാൽ ആളുകൾ എണ്ണത്തിൽ കുറവായിരുന്നു.
കാക്കത്തൂരുത്തിലെ മണൽവരമ്പുകളിൽ രാത്രിയായാൽ ജിന്നുകൾ പുഴയിൽ നിന്നു കയറിവന്ന് വരിവരിയായി നിന്നു നൃത്തം വയ്ക്കുമത്രെ….പണ്ട് പോർച്ചുഗീസുകാര് പുഴയിൽ മുക്കിത്താഴ്ത്തിയ മനുഷ്യരാണവരെന്ന് കാക്കതുരുത്തിക്കാർ ചിലരെങ്കിലും വിശ്വസിക്കുന്നുണ്ട്.

‘‘നീയിന്നലെ ഇവിടെനെ കെടന്നാന്താ-
ചായ്പില് കേറാന്നെ..?
വീണ് പോയ്ക്നാ. മോന്തിട്ട്
ഓവാറായ്ക്കാ…
അതോ ഓള്ക്കെ എടുത്ത് മണത്ത് പിടിച്ച് പോയോ?’’

‘ആരെ അടുത്ത്’, അഫ്നാബ് ഈർഷ്യ പ്രകടിപ്പിച്ച് കൊണ്ട് ചോദിച്ചു.
‘അല്ല, ഓൾടെ അടുത്ത്’, കരീം നടക്കുന്നതിനിടെ തിരിഞ്ഞ് നിന്ന് അഫ്നാബിൻ്റെ മുഖത്തേക്ക് ടോർച്ചടിച്ച് നോക്കി ചിരിച്ചു.

അഫ്‌നാബ് അറിയപ്പെടാത്ത ഏതോ തുറമുഖത്ത് ഇറങ്ങിയ ഒരു അപരിചത യാത്രികന്നെപോലെ ഒന്നും മിണ്ടാതെ നിന്നു.

“ലാസ്റ്റ് കടത്ത് വന്ന ഓർമയിണ്ട്. ആ ഹമ്മ്ക്ക്.. മജീദ് കട പൂട്ടി വെക്കം പോയെന്ന്…’’, സ്വപ്നങ്ങളിൽ നിന്ന് ഇറങ്ങി ഇന്നലെയെ ഓർമ്മിക്കാൻ ശ്രമിച്ചുകൊണ്ട് അഫ്നാബ് അപ്പോൾ കരീമിന് പിന്നാലെ നടന്നു.

ശീതക്കാറ്റടിച്ച് കണ്ടൽ മരങ്ങളുടെ ഇലകൾ ഇളകികൊണ്ടിരുന്നു. കടവാവലുകൾ ഇണച്ചേരുന്ന നേരമായതുകൊണ്ട് അവയുടെ സീൽക്കാരങ്ങൾ കാറ്റിന്റെ ശബ്ദത്തോടോപ്പം ചേർന്ന് പുതിയൊരു ശബ്ദമായി പരിണമിച്ചു.

മരവേരുകൾക്കിടയിലെ താത്കാലികമയി കെട്ടിഉണ്ടാക്കിയ മാടത്തിലിരുന്ന് കരീമ് വലകെട്ട് നേരേയാക്കി, പുഴവെള്ളം മുക്കി അബ്നാസ് ഗ്ലാസുകളിൽ ചാരയത്തിന് ഒപ്പം നിറച്ചു.
തുരുത്തിന് പുറത്തെ ഭൂമിയിലെതോ ഒന്നിൽനിന്ന് ഉയർന്ന ‘സുബഹിന്റെ ബാങ്ക് വിളിയൊച്ച പുഴയോളങ്ങളിൽ പ്രതിധ്വനിച്ചു.

മൂന്ന്

‘അഫ്നാ, വേലിയേറിട്ട്ണ്ട്ല്ല, ദാ... ആ നമ്മടെ തോണി കെട്ട്ന്ന മരത്തിക്ക് വെരെ പൊയവന്ന്ക്ക്, ആം ഭാഗത്ത് ചെളികുത്താണ്. കേറിനിൽക്കുന്നെ..നീ അവിടുന്ന് പിടുത്തം കിട്ടുല്ല നെനക്ക്, അത്ര പോകണ്ടട്ടാ’.

കരിംന് വട്ടത്തിൽ വലയിട്ട് പോകാൻ പാകത്തിൽ അഫ്‌നാബ് തുഴഞ്ഞ് പുഴയ്ക്ക് നടുവിൽ വൃത്തം വരച്ചു. പെട്ടെന്ന് വലയൊന്ന് വലിഞ്ഞ് പിടിച്ചത് പോലെ കരീമ്ന് തോന്നി ഒരു നിമിഷം കൊണ്ട് വല ചെളിക്കടിയിൽ പൂണ്ടുകിടന്ന ഉണങ്ങിയ മരകുറ്റിയിൽ ഉടക്കി വലിഞ്ഞു. കരിം കൈയീന്ന് വല അയച്ച് വിടും മുമ്പെ വള്ളം ഉലഞ്ഞുപോയി. അഫ്നാബ് തോണിയോടോപ്പം കീഴ്മേൽ മറിഞ്ഞു. വല കുരുങ്ങി തോണിക്ക് മേലായി ചുറ്റിവന്ന് വീണുകിടന്നു.
പുഴയുടെ ഉൾക്കയങ്ങൾ മുകളിലേക്ക് ഉയർന്നുവന്ന് ചുഴികുത്തി മറിഞ്ഞു.

കരീം നീന്തി നിലാവിന്റെ വെളിച്ചത്തിൽ കണ്ടലിന്റെ വേരിൽപിടിച്ച് കരയ്ക്ക് നീന്തികേറിയിരുന്നു. കിതച്ചുകൊണ്ട് വിളിച്ചു, അഫ്നാ…
‘ഇടത്തോട്ട്, വരീ… അങ്ങേടം ചളിയിണ്ട്, ഞാ പറഞ്ഞില്ലെ’
‘അറാം പറപ്പിലെ മരത്തിൻ്റെ മൂട് ന്നെ…’
‘ന്റെ വലയും പോയി… മൈര് ഇന്നത്തെ പണിം തൊലഞ്’.
തോണിയ്ക്കടിയിലേക്ക് മറിഞ്ഞുപോയ അഫ്നാബ്ന് മുകളിലൂടെ ചുറ്റിയ വലയ്ക്ക് പുറത്തേക്കുവരാൻ ശ്രമിക്കുന്നതിനിടെ വലയും അവരുടെ തോണിയും വീണ്ടും മേൽക്കുമേൽ കറങ്ങിക്കൊണ്ടിരുന്നു…
കാലുകൾ ചളിയിൽനിന്ന് കുടഞ്ഞെടുക്കാൻ ശ്രമിച്ചെങ്കിലും കഴിയാതെയായി...

അല്പനിമിഷത്തിൻ്റെ നിശ്ശബ്ദതക്കുശേഷം വീണ്ടുമൊരു പിശറൻ കാറ്റ് പുഴയുടെ മേൽ സ്പർശിച്ച് കടന്നുപോയി. പുഴഓളങ്ങൾ നിലാവിൽ തിളങ്ങി, വെള്ള ‘സൂഫും’ നീളൻ തൊപ്പിയും വച്ച ‘ജുറൈജ് കൾ’ മേഘപാളികളിൽ നിന്നിറങ്ങി വരുന്നത് അഫ്നാബ് കണ്ടു. അവര് അവന്റെ ചുറ്റും വെള്ളത്തിന് മുകളിൽ വന്നുനിൽക്കുകയും കൈകൾ വിരിച്ച് തല ചെരിച്ച് വട്ടത്തിൽ നൃത്തം ചെയ്തു. അഫ്നാബിന്റെ കാലുകൾ ചളിയിൽ നിന്ന് ഊർന്ന് വന്നു. അവനും അവരിരൊരാളായി മാറി. ഈ നിമിഷം പുഴയുടെ സ്പർശമേറ്റ കാറ്റ് ഒരു ഗാനമായി മാറി.

‘എന്റെ പ്രഭോ,
നക്ഷത്രങ്ങൾ മിന്നിത്തിളങ്ങുന്നു,
മനുഷ്യരുടെ കണ്ണുകളടയുന്നു,
കൊട്ടാരത്തിന്റെ വാതിലടഞ്ഞു,
കാമുകരൊന്നുചേരുന്നു.
ഇവിടെ,യേകാന്തത്തിൽ
നിന്റെയൊപ്പം ഞാനും’.

‘നിന്നിൽ വന്നൊളിയ്ക്കട്ടെ ഞാൻ-
നിന്നിൽ നിന്നെന്റെ ശ്രദ്ധ തെറ്റിക്കുന്ന
സർവതിൽ നിന്നും,
നിന്നിലേക്കോടിയെത്തുമ്പോളെന്നെ ത്തടയുന്ന സർവതിൽ നിന്നും’.

‘തുറക്കൂ, തുറക്കൂയെന്നു യാചിച്ചും കൊ-
ണ്ടെത്രകാലമടയ്ക്കും നിങ്ങൾ,
തുറന്നുകിടക്കുന്ന വാതിലിൽ…’

പുഴയുടെ മധ്യത്തിൽ നിന്നുയർന്നുവന്ന വെളുത്ത രൂപങ്ങളെ കണ്ട് ‘കരിംന്റെ’ തൊണ്ടയിൽ ശ്വാസം മുട്ടി. കണ്ടൽ മരത്തിന്റെ വേരുകൾക്കിടയിൽ നിന്ന് വലിഞ്ഞ് കയറിട്ട് അയാൾ തിരിഞ്ഞോടി.
“ജിന്ന്, അള്ളോ ജിന്ന് പൊന്തി പൊയെല്…”, നിലവിളിച്ച് കൊണ്ട് ‘കള്ളൻ കരിം’ പിന്നെയും നിർത്താതെ ഓടി.
അപ്പോൾ അഫ്നാബ് കാസാബ്ലാങ്കയുടെ വാതിൽ കടന്ന് അകത്തുപ്രവേശിച്ചിരുന്നു. അകത്തുണ്ടായിരുന്ന അമൻകീനോ മേശക്കുമേൽ മുഖംകുത്തി ഇരുന്ന ബാർ മാനേജേറോ തൂവെള്ള വസ്ത്രം ധരിച്ചിരുന്ന അവനെ കണ്ടില്ല. ഗോവണിപ്പടിയിലൂടെ മുകളിലെ നിലയിലെ ‘അസ്റ’ ഉറങ്ങുന്ന മുറിയിലേക്ക് അയാൾക്ക് വേഗത്തിൽ കയറാൻ കഴിഞ്ഞു.
കാലുകൾ നിലത്ത് ‘സ്പർശിക്കാത്തതിനാൽ’ ഗോവണിപ്പടി ഇളകുകയോ ഞരങ്ങി ശബ്ദമുണ്ടാക്കുകയോ ചെയ്തില്ല.

Comments