ചിത്രീകരണം: ദേവപ്രകാശ്

സിർവ മരിയ

ഒന്ന്

യിരത്തി തൊള്ളായിരത്തി തൊണ്ണൂറുകളിലെ ഏതൊ ഒരു ദിവസത്തിലായിരിക്കണം അന്ന കോൺവന്റിലെ ഡബ്ബിൾ ഡക്കർ കട്ടിലിൽ ചാരിക്കിടന്ന് അവളുടെ അമ്മച്ചിയ്ക്ക് കത്ത് എഴുതിയത്. ആ കത്തിന്റെ ഉള്ളടക്കമോ ആ കത്തു എന്റെ ജീവിതത്തിൽ സൃഷ്ടിക്കാൻ പോവുന്ന കോളിളക്കമോ അന്നെനിക്ക് ഊഹിക്കാൻ പോലും പറ്റുന്നതായിരുന്നില്ല. എന്നാൽ ഇന്ന്, വർഷങൾക്ക് ശേഷം ആ കത്ത് ഏതാണ്ട് ഇങ്ങനെ ആയിരിക്കും എന്ന് എനിക്ക് സങ്കല്പിക്കാൻ കഴിയും.

പ്രിയപ്പെട്ട അമ്മച്ചിക്ക്,
അമ്മച്ചിക്ക് സുഖമെന്ന് വിശ്വസിക്കുന്നു. ഇവിടെ എനിക്ക് സുഖം തന്നെ. യൂണിറ്റ് ടെസ്റ്റുകൾ കഴിഞ്ഞു. മാർക്കുകൾ വരാനിരിക്കുന്നേ ഉള്ളൂ. പിന്നെ, പ്രധാനപ്പെട്ട ഒരു കാര്യം. നമ്മുടെ മീരയെ ലില്ലി തോമസ് കടിച്ചു. മീര ലില്ലിക്ക് ചോറു കൊടുക്കാൻ വേണ്ടി കൈയ്യിൽ എടുത്തതാണ്. ലില്ലിയ്ക്ക് നന്നായി വിശന്നു കാണണം. അവൾ മീരയുടെ കൈയ്യിലേക്ക് ചാടി. ലില്ലിയുടെ പല്ലുകൾ കൊണ്ട് മീരയുടെ കൈ നന്നായി മുറിഞ്ഞു. തറയിൽ മുഴുവൻ ചോരയായിരുന്നു. പാവം, മീര. കുറേ കരഞ്ഞു. ലില്ലിക്കും വിഷമമായി. അവൾ മനപൂർവ്വം ചെയ്തതല്ലല്ലോ! ജെസ്സി സിസ്റ്റർ മീരയ്ക്ക് കുറേ ഇഞ്ചക്ഷൻ വെച്ചിട്ടുണ്ട്. അവൾക്ക് ഇപ്പോൾ കുഴപ്പമൊന്നും ഇല്ല.
കോൺവന്റ് ഹോസ്റ്റൽ ചിലപ്പോൾ ജയിൽ പോലെ തോന്നുന്നുണ്ട്. അമ്മച്ചി വിഷമിക്കരുത്. ഞാൻ എങ്ങിനെയെങ്കിലും പിടിച്ചു നിൽക്കും. അപ്പച്ചന്റെ ഓർമ ദിവസമാണല്ലോ അടുത്ത ഞായറാഴ്ച. പള്ളിയിൽ വരുമ്പോൾ അമ്മച്ചി ഇവിടെം വരെ വരുമോ? സാമിന് ചക്കരയുമ്മകൾ!
എന്ന് സ്വന്തം,
അന്ന.

അന്നയുടെ കത്തും കൊണ്ട് അവളുടെ അമ്മച്ചിയുടെ കൂടെയാണ്, അച്ഛനും അമ്മയും ട്രീസാ സിസ്റ്ററുടെ ഓഫീസ് റൂമിൽ കാത്തിരുന്നത്. അന്നേയ്ക്ക് ലില്ലി എന്നെ കടിച്ചിട്ട് രണ്ടു മാസം കഴിഞ്ഞിരുന്നു. കോൺവെന്റിലെ സപ്പോട്ട മരത്തിൽ അവളെ തുടലിൽ പൂട്ടിയിടാൻ തുടങ്ങിയിട്ടും അത്ര തന്നെ ദിവസങ്ങൾ ആയിക്കാണണം. ആ സംഭവത്തിനു ശേഷം അവളുടെ അടുത്ത് ആരും അധികം ചെല്ലാറില്ല, എന്റെ മുറിവ് ഉണങ്ങി കഴിഞ്ഞെങ്കിലും. മരത്തിനു കീഴിലെ ഏകാന്തമായ നില്പിൽ അവളുടെ രാത്രികളും പകലുകളും കഴിഞ്ഞു പോയി. അടുത്തു വെച്ചിരുന്ന ചെറിയ കിണ്ണത്തിൽ ഏലി ചേടത്തി ഭക്ഷണം ഇട്ട് കൊടുത്ത് മാറി നിന്നു. പതിവു പോലെ പുന്നാരിക്കാനോ തലയിലും കഴുത്തിലും തടവാനോ ഞങ്ങളാരും പോയതുമില്ല. ലില്ലിയുടെ കൂടപ്പിറപ്പായ ക്രിസ് തോമസിന് പേയിളകിയെന്ന വിവരം കിട്ടിയ ശേഷമാണ് കാര്യത്തിന് കൂടുതൽ ഗൗരവം വന്നത്. എങ്കിലും ലില്ലിയുടെ ദയനീയമായ നോട്ടത്തിൽ എനിക്ക് വേദന തോന്നിയിരുന്നു. തുടൽ ഇല്ലെങ്കിലും മറ്റൊരു തരത്തിൽ ഞങ്ങളും ബന്ധിക്കപ്പെട്ടവർ ആയിരുന്നല്ലോ!
ആയിടയ്ക്ക് തന്നെയാണ് സിർവ മരിയ* എന്റെ അടുത്ത് എത്തുന്നത്.
"എനിക്ക് ഉണ്ടായത് ഇതിലും കടുപ്പമായിരുന്നു. നെറ്റിയിൽ വെളുത്ത പാടുള്ള ചാര നിറത്തിലുള്ള ഒരു പേപ്പട്ടിയായിരുന്നു, അത്. അത് ഓടിനടന്ന് കടിച്ചവരിൽ ഒരാൾ ഞാനും. അന്ന് എനിക്ക് പന്ത്രണ്ടു വയസ്സു തികഞ്ഞിരുന്നു' - സിർവ പറഞ്ഞു.
അവൾ ഒഴികെ മറ്റു മൂന്നു പേരും മരിച്ചു പോവുകയും സിർവ മാത്രം റാബീസിന്റെ ഒരു ലക്ഷണവുമില്ലാതെ അമാനുഷികമായ ചില മാജിക്കൽ സിദ്ധികളുമായി തുടരുകയും ചെയ്തു എന്നത് അവൾ പറയാതെ തന്നെ എനിക്ക് അറിയാമായിരുന്നു. അവളുടെ അച്ഛൻ, മാർക്വസ് മകൾക്ക് ഇത്തരത്തിലൊന്ന് സംഭവിച്ചുവെന്ന് ആദ്യം വിശ്വസിച്ചതേ ഇല്ല.

സിർവയുടെ നിഷേധാത്മകമായ ഉത്തരത്തിൽ അവളുടെ അമ്മ ബെർനാർഡ പറഞ്ഞിരുന്നു, "അബദ്ധത്തിൽ പോലും അവൾ സത്യം പറയുകയില്ല'
അബദ്ധത്തിൽ പോലും ഇതൊന്നും വീട്ടിൽ അറിയാതിരിക്കാൻ ഞാനും വേണ്ടത്ര ശ്രദ്ധിച്ചിരുന്നു.
"ക്ടാവെന്ത് കണ്ടിറ്റാ അപ്പന് എഴുതാണ്ടിര്‌ന്നേ, നായ് കടിച്ച വെവരം ?'
അന്നയുടെ അമ്മച്ചി എന്നോട് ചോദിച്ചു.

ഞാൻ പതിവു പോലെ ഒന്നും ഉത്തരം പറയാതെ തല താഴ്ത്തി നിന്നു. അച്ഛനും അമ്മയും സങ്കടത്തിലായിരുന്നു. അവർ എന്നെ കൊണ്ടു പോവാൻ തയ്യാറെടുത്തു. ബാഗ് പാക്ക് ചെയ്ത് പുറപ്പെടാൻ തുടങുന്നതിനു മുൻപ് ഞാൻ ലില്ലിയെ ഒന്നു കൂടെ കണ്ടു. അവൾ ഭക്ഷണം കുറേശ്ശെയായി ഉപേക്ഷിച്ചു തുടങിയിരുന്നു. അതു കൊണ്ട് തന്നെ ശരീരം ക്ഷീണിച്ചു വന്നു. ബൊഗൈൻ വില്ലയ്ക്കരികിൽ നീങി നിന്നു കൊണ്ട് ഞാൻ ലില്ലിയെ നോക്കി. അവൾ ഇപ്രാവശ്യം എന്നെ ശ്രദ്ധിക്കാത്ത മട്ടിൽ ചുരുണ്ടു കിടന്നു. പിന്നീടെപ്പൊഴൊ അവളുടെ കിടത്തം ഞാൻ വീണ്ടും ഓർത്തു. അതേ കിടത്തം പല ദിശകളിൽ നിന്ന് നോക്കുന്ന പോലെ വീണ്ടും വീണ്ടും ഓർത്തു. ഇലകൾക്കിടയിലൂടെ തല നീട്ടിയ വെയിൽ അവളുടെ ശരീരത്തിൽ വരച്ചു കൊണ്ടിരുന്ന അനങ്ങുന്ന കളങ്ങളും. ഒരു പക്ഷെ, അവ മാത്രമാവണം ആ ഓർമകളിൽ ചലിച്ചു കൊണ്ടിരുന്നത്. ചലനത്തിനും എന്റെ പോക്കിനും ശേഷം അവളെയും എന്നെ തന്നെയും കാണാതായ പോലെ.

ലില്ലിയ്ക്ക് പേയിളകുന്നുണ്ടോ എന്ന് പ്രത്യേകം ശ്രദ്ധിക്കണമെന്ന് അച്ഛൻ ട്രീസ സിസ്റ്ററോട് പറഞ്ഞു. സിസ്റ്റർ എത്ര ആശ്വസിപ്പിച്ചിട്ടും അവർക്ക് തെല്ലും സമാധാനമായില്ല. വീട്ടിലെ കിഴക്കേ അറയിൽ എന്നെ പൂട്ടിയിട്ടു. മരത്തിന്റെ ജനലഴികളിലൂടെ നോക്കുമ്പോൾ അന്നയുടെ വീട് കാണാം. അവളുടെ അമ്മച്ചി മുറ്റത്ത് ഇരുന്ന് അനിയനെ കുളിപ്പിക്കുന്നതും മീൻ വെട്ടുന്നതും ഞാൻ നോക്കി നിന്നു. അന്ന എന്നോട് ചെയ്തത് എന്തെന്ന് അവൾ അറിയുന്നില്ലല്ലോ എന്ന്‌സങ്കടത്തോടെ ഓർത്തു. ആ കത്ത് അന്ന എഴുതിയിരുന്നില്ലെങ്കിൽ എന്ന് ഞാൻ ആശിച്ചു. ഇതിനിടയിൽ എനിക്ക് ബാധിച്ചിരിക്കും എന്ന് വീട്ടുകാർ വിശ്വസിക്കുന്ന പേ വിഷം ഇറക്കാനുള്ള ചർച്ചകൾ വീട്ടിൽ മുറയ്ക്ക് നടന്നു കൊണ്ടിരുന്നു. എന്റെ മുറിവുകൾ തീർത്തും ഉണങി, അടയാളം പോലും അവശേഷിച്ചിരുന്നില്ല. വീട്ടിൽ നിൽക്കുന്നത് ഹോസ്റ്റലിൽ നില്ക്കുന്നതിനേക്കാൾ കഠിനമായ നാളുകൾ ആയിരുന്നു. അന്ന് രാത്രിയാണ് എന്റെ ശരീരത്തിൽ ചെതുമ്പലുകളും രോമങളും വളർന്നു വന്നത്. നഖങ്ങൾ കൂർത്തു വളഞ്ഞു വന്നു. ഞാൻ കിടക്കയിൽ നാലു കാലിൽ എഴുന്നു നിന്നു. സങ്കടം സഹിക്കാതെ കരഞ്ഞു. കരച്ചിൽ പട്ടിയുടെ മോങ്ങൽ പോലെയുണ്ടോ എന്ന് ഭയന്ന് കരയാൻ കൂടെ ഭയന്നു. പിന്നീട് എപ്പൊഴൊ ഞെട്ടിയുണർന്നു. ജനാലയിലൂടെ അന്നയുടെ വീട്ടിലെ റാന്തൽ വെട്ടം നോക്കി വെറുതെയിരുന്നു.

അമ്മയുടെ വീടിനടുത്തുള്ള ഒരു വൈദ്യന്റെ വീട്ടിലേയ്ക്ക് എന്നെ കൊണ്ടു പോവാൻ തീരുമാനമായി. വിഷബാധയും ഏതു ബാധയും ഒഴിപ്പിക്കുന്നതിൽ ഏറെ പ്രശസ്തമായ ഭിഷഗ്വരന്റെ അടുത്തേയ്ക്ക്. അമ്മയുടെ വീട്ടിലെ കോലായിലിരുന്ന് അച്ഛനും അമ്മാവൻമാരും പിന്നെയും ചർച്ച തുടർന്നു. ' പഥ്യം' നിർബ്ബന്ധമാണ് പോലും! പഥ്യം എന്ന വാക്കിന്റെ അർത്ഥം എനിക്ക് അത്ര പിടി കിട്ടിയില്ല. എങ്കിലും അതിൽ എന്തോ പിശകുണ്ടെന്ന് ഉറപ്പിച്ചു.

"പഥ്യം എനിക്ക് പറ്റില്ല ' - കോലായിൽ ചെന്ന് ഞാൻ ഉറക്കെ പ്രസ്താവിച്ചു
"ഇതിനും മാത്രം ഒരു പ്രശ്‌നവും ഇല്ല. ചികിത്സയും വേണ്ട. ഞാൻ ഹോസ്റ്റലിൽ പോവാണ് '
"ഇതൊക്കെ നീയാണോ തീരുമാനിക്കുന്നത് '
മൂത്തമ്മാവൻ ചാടിയെണീറ്റു.
"നീ അകത്ത് പൊയ്‌ക്കോ. ഞങ്ങൾ വേണ്ടത് ചെയ്‌തോളാം'

ഇത് വരെ ഉള്ളിൽ അടക്കി വെച്ചിരുന്ന ദേഷ്യവും സങ്കടവുമെല്ലാം അണ പൊട്ടിയൊഴുകി. മററുള്ളവരുടെ മുന്നിൽ കരയാൻ ദുരഭിമാനം അനുവദിക്കാറില്ല. ഇപ്രാവശ്യം കോലായിൽ സകലരും നോക്കി നില്‌ക്കെ ഞാൻ തേങ്ങി കരഞ്ഞു. കൂടെ അന്നയെ പഴിച്ചു. ആരോ വടക്കിനിയിലേക്ക് എന്നെ കൂട്ടി കൊണ്ട് പോയി. വാഴത്തോപ്പിൽ കാറ്റു പിടിച്ചു. കൂടെ മഴയും. വടക്കിനിയിലെ തണുപ്പിൽ ഞാൻ കരഞ്ഞുറങ്ങി. ഉറക്കത്തിൽ എന്റെയുള്ളിൽ വീണ്ടും ആരോ മുരണ്ടു. കോസറിയിൽ നഖപ്പാടുകൾ പതിഞ്ഞു. ഞാൻ തിരിഞ്ഞും മറിഞ്ഞും കിടന്നു. ചുറ്റും പുകയുയർന്നു. ആരായിരുന്നു എന്റെ വസ്ത്രങ്ങൾ അഴിച്ചു മാറ്റിയത്? കൈകളും മുട്ടുകളും കുത്തി ഞാൻ ഉയർന്നു നിന്നു. നടത്തത്തിൽ കുഞ്ഞു മുലകൾ ആടിയുലഞ്ഞു.

"നീയവിടെ നില്ക്ക്! ' രണ്ടു തീക്കണ്ണുകൾ എന്നോട് പറഞ്ഞു.
കൈകൾ എന്റെ മുലകളിലേക്ക് നീണ്ടു വന്നു. ഞാൻ ചീറിയടുത്തു. കൂർത്ത നഖങ്ങൾ അയാളുടെ മുഖത്ത് ചോരച്ചാലുകൾ തീർത്തു.
"പിടിച്ച് കെട്ടവളെ ! തുടലെടുക്ക്!' - ഒരു ശബ്ദം എനിക്ക് പിന്നാലെ പാഞ്ഞു വന്നു.
അടുത്ത നിമിഷം ഞാൻ കുതിച്ചോടി. വാഴത്തോപ്പുകൾക്കിടയിലൂടെ പിന്നാമ്പുറത്തെ പാടവരമ്പത്തേക്ക് അഭ്യാസിയെ പോലെ ചാടി മറഞ്ഞു.
മുന്നിൽ സിർവ നടക്കുന്നുണ്ടായിരുന്നു. അവൾ പറഞ്ഞു.
"പിശാചുക്കൾ എന്നിൽ പ്രവേശിച്ചിട്ടുണ്ടെന്നാണ് അവർ അച്ഛനോട് പറഞ്ഞത്. ബാധയൊഴിപ്പിക്കാൻ സാന്റാ ക്ലാര കോൺവെന്റിൽ എന്നെ വിട്ട് അച്ഛൻ പോയി. നിന്റെ കാര്യവും മറ്റൊന്നാവാൻ സാധ്യതയില്ല''
"ഓ, അതൊക്കെ എനിക്കറിയാം' പിറകിൽ നടന്നു കൊണ്ട് ഞാൻ മുരൾച്ചയോടെ പിറുപിറുത്തു.

എനിക്കറിയാം, വിശ്വാസിയല്ലാഞ്ഞിട്ടു കൂടി അവളുടെ അച്ഛൻ മാർക്വസ് അത് ദൈവത്തിന്റെ കല്പനയാണെന്ന് വിശ്വസിച്ചിരുന്നു. അവളെ ആദ്യം ചികിത്സിച്ച ഡോക്ടർ പറഞ്ഞത് ഞാൻ ഓർത്തു.
"I think that killing her would have been more Christian than burying her alive'
അങ്ങിനെയാണ് കോൺവെന്റിന്റെ പൂന്തോട്ടം കടന്ന് തിരിഞ്ഞു നോക്കാതെ നടന്നു പോയ സിർവ മരിയ, മാർക്വസിന്റെ അവളെ കുറിച്ചുള്ള അവസാനത്തെ ഓർമയാവുന്നത്. പിന്നീട് എന്റെ മുന്നിലൂടെ നീണ്ട മുടി നിലത്തിഴച്ച് അവളുടെ നടത്തം ഞാൻ സ്വപ്നത്തിലെന്ന വണ്ണം ഓർക്കുന്നത്.

"വിവാഹത്തിനു മാത്രം മുറിക്കുമെന്ന് എന്റെ ജനന ദിവസം വാക്കു കൊടുത്തതാണ്. അതാണ് മുടി വളർന്നു കൊണ്ടെയിരിക്കുന്നത്. നോക്ക്, എന്റെ കല്ലറയ്ക്കുള്ളിൽ നിന്നു പോലും' - സിർവ ചിരിച്ചു കൊണ്ടു പറഞ്ഞു.
"എന്നിട്ടും, അവർ നിന്റെ മുടി മുറിച്ചുവല്ലോ ' - ഞാൻ അവളുടെ സ്വർണ നിറമുള്ള നീണ്ട മുടി ഓർത്ത് അസൂയയോടെ പറഞ്ഞു.
സിർവയുടെ മുഖത്ത് എന്തോ ഓർത്തിട്ടെന്ന പോലെ വിഷാദം പടർന്നു.
ആൺ കുട്ടികളെ പോലെ പറ്റെ മുറിച്ച എന്റെ മുടിയിൽ ഞാൻ വിരലോടിച്ചു. ഇക്കാര്യത്തിൽ മാത്രം ഞാൻ സിർവയുടെ പോലെ ആവാൻ ഇടയില്ല. എനിക്കു വേണ്ടി ആരും വാക്കു കൊടുത്തിട്ടുമില്ല.

രണ്ട്

വർഷങ്ങൾക്കു ശേഷം, മറെറാരു രാജ്യത്ത് ജീവിക്കുമ്പോൾ അന്നയുടെ ഒരു മെസേജ് എന്നെ തേടി വരുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചതേ അല്ല. അതും അവൾ അടുത്തു തന്നെയുള്ള സിറ്റിയിൽ ഉണ്ടെന്നും ഉടനെ കാണണമെന്നും. അന്ന് കോൺവെന്റിൽ നിന്ന് ഇറങ്ങിയതിനു ശേഷം അപൂർവ്വം മാത്രം ഞങ്ങൾ തമ്മിൽ കണ്ടിരുന്നു. ഗാഢമായ ഒരു ബന്ധം കോൺവെന്റ് ജീവിതത്തിൽ ഞങൾ തമ്മിൽ ഉടലെടുത്തിരുന്നു എന്ന് എനിക്ക് തോന്നിയിട്ടേ ഇല്ല. ഞങ്ങളെ കൂട്ടിച്ചേർക്കാൻ ലില്ലി തോമസും ആ കത്തും ഒഴികെ മറ്റൊന്നും ഉണ്ടായിരുന്നും ഇല്ല.
"ഡു യു ഹാവ് എ ബക്കറ്റ് ലിസ്റ്റ്?'
വാട്ട്‌സാപ്പിൽ പിന്നീട് വന്ന ചോദ്യം ഞാൻ പ്രതീക്ഷിച്ചതേ അല്ല. ഞാൻ അന്നയെ ഓർക്കുന്നത് ഈ വിധത്തിലേ അല്ലല്ലോ! അല്ലെങ്കിൽ നമ്മൾ ഒരിക്കൽ നിന്നിടത്തു നിന്നു മാറാനാവാത്ത വിധം ഓർമകൾ ഒരു പ്രതിമ കണക്കെ നിന്നു പോയിരിക്കുന്നു.

"നൊ' ഞാൻ മറുപടി കൊടുത്തു.
"എങ്കിൽ എനിക്ക് ഉണ്ട്. അതിൽ ഒന്നാണ് നിന്നെ ഒന്ന് കാണണം എന്നത്. ' അവർ ചിരിയുടെ ഇമോജികളുടെ കൂടെ എഴുതി വിട്ടു.
ഒരു ക്രിസ്തുമസ് ദിനത്തിലാണ് ഞാൻ മെൽബൺ സിറ്റിയിൽ നിന്നും വിൻഥം വെയിലേയ്ക്കുള്ള ട്രെയിനിൽ കയറുന്നത്. തിരക്കൊഴിഞ്ഞ ട്രെയിൻ കമ്പാർട്‌മെന്റിലെ സീറ്റിൽ ഒറ്റയ്ക്ക് ഇരിക്കുമ്പോൾ ഞാൻ അന്നയുടെ പഴയ ഛായ ഓർത്തെടുക്കാൻ ശ്രമിച്ചു. വാട്‌സാപ്പിലെ ഡിസ്‌പ്ലെ പിക്ച്ചറിൽ നിന്നും വ്യത്യസ്തമായി അത് വേദനയോടെ എന്നെ നോക്കി. ട്രെയ്ൻ നീങ്ങി തുടങ്ങിയിരുന്നു. സൈലന്റ് കമ്പാർട്‌മെന്റ് എന്ന് കമ്പാർട്‌മെന്റ് ബോഡിയിൽ എഴുതി വെച്ചിരുന്നു. വിജനമായ ഈ മുറിയിൽ ആരാണ് ഒച്ചയുണ്ടാക്കാൻ പോവുന്നത്. ചിലപ്പോൾ ഇത്തരം വിജനതയും മൂകതയും ആണ് എന്റെയുള്ളിൽ ഏറെ കലാപം സൃഷ്ടിക്കാറുള്ളത്. ഇവിടെ എത്തിപ്പെട്ട അന്നയുടെ കഥയും മറിച്ചാവാൻ വഴിയില്ല. ജീവിതം, സുഹൃത്തുക്കൾ എല്ലാം ഒരു മൊബൈൽ ഫോണിന്റെ ചതുരത്തിൽ വാക്കുകളുടെ നൃത്തത്തിൽ ഒതുങ്ങി നില്ക്കുന്നുണ്ടാവണം.

അര മണിക്കൂറിനുള്ളിൽ ട്രെയിൻ വിൻഥം വെയ്ൽ റെയ്ൽവെ സ്‌റേറഷനിൽ എത്തിച്ചേർന്നു.
അന്ന ഇവിടെ വന്ന് എന്നെ കൂട്ടിക്കൊണ്ടു പോവാമെന്ന് പറഞ്ഞതാണ്. പക്ഷെ, അവളെ സ്‌റേറഷൻ പ്ലാറ്റ്‌ഫോമിൽ ഒന്നും കണ്ടതേയില്ല.
"റീച്ച്ഡ്' - ഒരു മെസേജ് വിട്ട് പ്ലാറ്റ്‌ഫോമിലെ ബഞ്ചുകളിലൊന്നിൽ ഞാൻ ചാരിയിരുന്നു.

പ്രതീക്ഷിച്ചതിനും മുൻപെയുള്ള ട്രെയിനിൽ ഞാൻ സ്‌റേറഷനിൽ എത്തിയിരുന്നുവെന്ന് അവളുടെ മെസേജിൽ നിന്നും എനിക്കു മനസ്സിലായി. സാന്റാക്ലോസിന്റേയും റെയ്ൻ ഡീറുകളുടേയും കട്ട് ഔട്ടുകൾക്കിടയിൽ കുട്ടികൾ പോസ് ചെയ്ത് ഫോട്ടോ എടുക്കുന്നുണ്ടായിരുന്നു. അവരുടെ ഇടയിൽ നിന്നാണ് അയാൾ എനിക്കു നേരെ നടന്നു വന്നത്. ചെറുപ്പക്കാരനായ ഒരു വൈദികൻ. എവിടെയൊ കണ്ടു മറന്ന അതേ മുഖം. അനുവാദം ചോദിച്ചതിനു ശേഷം ഞാൻ ഇരുന്നിരുന്ന ബഞ്ചിന്റെ മറേറ അററത്ത് അയാൾ വന്നിരുന്നു. വെയിലത്ത് അയാളുടെ മുഖം ഒന്നു കൂടി വിളറി നിന്നു. എങ്കിലും അയാൾ എവിടെയോ നോക്കി മന്ദഹസിച്ചു കൊണ്ടെയിരുന്നു. ആ മുഖം ഓർത്തെടുക്കാനാവാതെ ഞാൻ ഓർമയിൽ വീണ്ടും വീണ്ടും പരതിക്കൊണ്ടിരുന്നു. പെട്ടെന്ന് എന്റെയുള്ളിൽ നിന്നും ആ പേര് ഉറക്കെ പുറത്തു വന്നു.
"ഫാദർ കെയ്റ്റാനൊ ഡെലൂറ!'
അയാൾ എന്റെ നേരെ നോക്കി പുഞ്ചിരിച്ചു, ഒട്ടും അത്ഭുതമില്ലാത്ത മട്ടിൽ.
"നിങ്ങൾ അവളെ സ്‌നേഹിച്ചിരുന്നു എന്ന് മാത്രം എനിക്കറിയാം. എന്തൊരു ദുരന്തമായിരുന്നു! '
വാക്കുകൾ അങ്ങിനെയാണ് പുറത്തു വന്നത്.

അയാൾ ആദ്യം ഒന്നും പറഞ്ഞില്ല. പിന്നീട് എഴുന്നേറ്റ് നിന്ന് ഒരു നാടക നടനെ പോലെ, ആകാശത്തേയ്ക്ക് കൈകൾ ഉയർത്തി ഉച്ചത്തിൽ പറഞ്ഞു,
"For you was I born, for you do I have life, for you will I die, for you am I now dying.'
എനിക്ക് അറിയാം, ഫാദർ കെയ്റ്റാനോ ! സിർവയുടെ ബാധയൊഴിപ്പിക്കാൻ വന്ന നിങ്ങളെ .അവളുമായി പ്രേമത്തിലായ നിങ്ങളെ. ഒടുവിൽ കഠിനമായ ശിക്ഷകൾ ഏറ്റു വാങ്ങിയ നിങ്ങളെ ! പ്രണയത്തിൽ നിർജ്ജീവമായി പോയ ഒരു പെൺകുട്ടിയെ!

ഇതൊക്കെ പറയണമെന്ന് വിചാരിച്ചുവെങ്കിലും വാക്കുകൾ പുറത്തു വരാതെ തൊണ്ടയിൽ തടഞ്ഞു നിന്നു.
പെട്ടെന്ന് എന്റെ തോളിൽ ഒരു കൈ വന്നു വീണു. ഞാൻ ഞെട്ടിത്തിരിഞ്ഞു നോക്കി.
"നിനക്ക് ഒറ്റക്കിരുന്ന് പിച്ചും പേയും പറേണ സ്വഭാവം മാറീട്ടില്യാലേ ' - അന്ന പൊട്ടിച്ചിരിച്ചു കൊണ്ട് എന്നെ കെട്ടിപിടിച്ചു.
ഒറ്റയ്‌ക്കോ? ഫാദർ ഇത്രയും നേരം ഇവിടെ ഉണ്ടായിരുന്നതാണല്ലോ! ഇതിനിടയിൽ ഫാദർ ഞാൻ അറിയാതെ എവിടെ പോയി? ഞാൻ പ്ലാറ്റ്‌ഫോമിൽ പരതിക്കൊണ്ടിരുന്നു. അന്ന എന്റെ ട്രാവൽ ബാഗ് ഉരുട്ടിക്കൊണ്ട് മുന്നിൽ നടന്നു.
"നിനക്ക് ഒരു സർപ്രൈസ് ഉണ്ട് ട്ടോ ' അവൾ നടക്കുന്നതിനിടയിൽ പറഞ്ഞു.

ഞാൻ ഫാദർ കെയ്റ്റാനോവിനെ കുറിച്ച് മാത്രം ചിന്തിച്ചു കൊണ്ട് അന്നയുടെ കാർ പാർക്ക് ചെയ്ത സ്ഥലത്തേയ്ക്ക് നടന്നു. അവളുടെ കാറിന്റെ ബാക്ക് സീറ്റിൽ നിന്ന് ഒരു പരിചിത മുഖം പുറത്തേയ്ക്ക് തല നീട്ടി.
ലില്ലി തോമസ്!
"ഞാൻ പറഞ്ഞില്ലേ, നിനക്ക് സർപ്രൈസ് ഉണ്ടെന്ന്!' അന്ന പറഞ്ഞു
"പക്ഷെ, എങ്ങിനെ ലില്ലി തോമസ് ഇവിടെ?'
ഞാൻ അമ്പരന്നു കൊണ്ട് ചോദിച്ചു.
"ഇത് അവളുടെ അതേ ബ്രീഡിലുള്ള മറ്റൊന്ന്. ഒരാളെ പോലെ ഏഴു പേര് ഉണ്ടെന്നല്ലേ! നായ്ക്കളിലും അങ്ങിനെയൊക്കെ തന്നെയാവും. ഇവൾ മെലൊഡി!'
അവളുടെ കാറിലേയ്ക്ക് കയറുന്നതിനിടയിൽ ഫാദർ കെയ്റ്റാനോ എന്റെ പിറകിൽ നില്ക്കുന്നുണ്ടെന്ന് എനിക്കു തോന്നി. ശരിയായിരുന്നു.
"മെറി ക്രിസ്ത്മസ് ' അയാൾ പതുക്കെ പറഞ്ഞു.
"മെറി ക്രിസ്ത്മസ് ഫാദർ!' അതു കേൾക്കാൻ നില്ക്കാതെ അദ്ദേഹം നടന്നു നീങിയിരുന്നു.

അന്നയുടെ കാർ വിൻഥാം വെയ്ൽ റെയ്ൽ റോഡിൽ നിന്നും ബ്രൈറ്റ് ബൊളിവാർഡിലേക്കുള്ള റോഡിലേക്ക് തിരിഞ്ഞു. ഞാൻ പിൻ തിരിഞ്ഞ് ഫാദർ കെയ്റ്റാനോയെ കാണാൻ ശ്രമിച്ചു. അദ്ദേഹം ഒരു വെളുത്ത അടയാളം പോലെ നിരത്തിൽ അകന്നു മറഞ്ഞു, എന്നെന്നേയ്ക്കുമായി.

മൂന്ന്

കായ്ച്ചു നില്ക്കുന്ന നെക്ടാരിൻ മരങ്ങളുടെയും ആപ്പിൾ മരങ്ങളുടേയും ഇടയിലൂടെ ഞങ്ങൾ അന്നയുടെ വീട്ടിലേയ്ക്ക് കയറി. മെലൊഡി വീട്ടുമുറ്റത്ത് ഓടി നടന്നു. വെയിൽ അവളുടെ രോമാവൃതമായ ദേഹത്ത് ഇലകളുടെ രൂപങൾ വരച്ചും മാച്ചും ഒളിച്ചു കളിച്ചു. ഞാൻ വീണ്ടും ലില്ലിയെ ഓർത്തു. തുടലിൽ തളച്ച ആ കിടപ്പ് ഓർത്തു.
അന്നയുടെ വീട്ടിലെ വിശാലമായ ലിവിംഗ് റൂമിൽ അവൾ കൊണ്ടു വന്ന തണുത്ത ആപ്പിൾ ജ്യൂസിന്റെ ഗ്ലാസ്സുമായി ഞാൻ വെറുതെ ഇരുന്നു. ചുമരിൽ അന്നയുടെയും ജോസഫിന്റേയും വിവാഹ ഫോട്ടോ തൂക്കിയിട്ടിരുന്നു. ഞാൻ അതു നോക്കുന്നത് കണ്ടിട്ടാവണം, അന്ന പറഞ്ഞു.

"ജോസഫ് പോയിട്ട് നാലു വർഷം ആവുന്നു'
അപ്പോൾ അന്നയും മെലഡിയും തനിച്ചാണ് ഈ വീട്ടിൽ താമസം. അങ്ങിനെ എനിക്കു തോന്നിയെങ്കിലും അവർ പോലും അറിയാതെ, അവരെ കൂടാതെ ഒരാൾ കൂടെ അവിടെ ഉണ്ടായിരുന്നുവെന്ന് എനിക്കു മനസിലായത് പിന്നീടാണ്.
"നിന്റെ വിവരങ്ങൾ ഒക്കെ അമ്മച്ചി പറയാറുണ്ട്. എങ്കിലും ഒരാളെ കാത്തിരിക്കുന്ന പോലെ ഒറ്റത്തടി ആയി കഴിയുക എന്ന് വെച്ചാ, അത് സിനിമേല് മാത്രേ കണ്ട്ട്ടുള്ളോ. നിനക്കെന്താ മീരേ! '

സുനിലിനെ കുറിച്ചു വരെ അന്ന അറിഞ്ഞു കഴിഞ്ഞു എന്നത് എന്നെ അസ്വസ്ഥയാക്കി. ഞാൻ സുനിലിനെ കാത്തിരിക്കുന്നുണ്ടോ? വർഷങ്ങൾക്കു മുൻപേ പൊടുന്നനെ എന്റെ ജീവിതത്തിൽ നിന്നും അപ്രത്യക്ഷനായ ഒരാൾ പെട്ടെന്ന് മുന്നിൽ വരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നുണ്ടോ?
"അയാൾ ജീവനോടെ ഉണ്ടെന്ന് നിനക്ക് ഉറപ്പുണ്ടോ, മീരേ?'
അവളുടെ കടന്നു കയറ്റം എനിക്ക് അസഹനീയമായി തോന്നി. അവളുടെ ലിവിംഗ് റൂമിന്റ ജനലിനപ്പുറത്ത് പിറകിലെ വിശാലമായ കൃഷി സ്ഥലത്ത് രണ്ടു മൂന്നു കങ്കാരുക്കൾ ചുവന്നു തുടങ്ങുന്ന ആകാശത്തിലേക്കെന്ന വണ്ണം ഓടി മറഞ്ഞു. ആ കാഴ്ച കാണാൻ ഞാൻ ജനലിനോട് ചേർന്നു നിന്നു. എങ്ങിനെയെങ്കിലും അന്നയിൽ നിന്ന് മുഖം തിരിക്കണം എന്ന് മാത്രമാണ് ഞാൻ ആ സമയം ചിന്തിച്ചത്.
രാത്രി ഭക്ഷണത്തിനു ശേഷം അന്ന എന്നെ അവരുടെ പ്രാർത്ഥനയിലേക്കു ക്ഷണിച്ചു. ഞാൻ കോൺവന്റ് ചാപ്പലിലെ പ്രാർത്ഥനാ വേളകൾ ഓർത്തു.
അന്ന മുട്ടു കുത്തി നിന്നു ഏകപക്ഷീയമായി തുടങ്ങി.
"ദിവ്യകാരുണ്യ നാഥനായ ഈശോയെ ഞങ്ങൾ അങ്ങയെ സ്തുതിക്കുന്നു ആരാധിക്കുന്നു. ഞങ്ങളുടെ ജീവിതത്തിൽ അങ്ങ് തന്നിട്ടുള്ള എല്ലാ അനുഗ്രഹങ്ങൾക്കായി അങ്ങയോടു നന്ദി പറയുന്നു. അങ്ങയെ കൂടുതൽ സ്‌നേഹിക്കുവാൻ ഞങ്ങളെ സഹായിക്കണമേ. ഈശോയെ, ഈ കുടുംബത്തേയും ഞങ്ങളെ ഓരോരുത്തരെയും ഞങ്ങൾ അങ്ങേയ്ക്കു പ്രതിഷ്ഠിക്കുന്നു......നിത്യം പിതാവും പുത്രനും പരിശുദ്ധവുമായ സർവ്വേശ്വരാ .. ആമ്മേൻ.'
അന്ന പ്രാർത്ഥന നിർത്തി കുരിശു വരച്ചു. എന്നിട്ടു അത്ഭുതങ്ങൾ വിവരിക്കുവാൻ തുടങ്ങി. അന്ന എന്റെ നേരെ തിരിഞ്ഞു.
"ഇനി നീ പറയ്, മീരേ. ദൈവം നിന്നിൽ ചെലുത്തിയ അത്ഭുതങ്ങൾ! '
ഞാൻ പഴയ ചാപ്പലിൽ എന്ന പോലെ പകച്ചു നിന്നു.എന്നിട്ട് പറഞ്ഞു.
"അങ്ങിനെ ഒന്നും ഇല്ല'
"എന്തെങ്കിലും കാണും. നീ ഒന്നാലോചിക്ക് ' അവൾ നിർബ്ബന്ധിച്ചു.

ഞാൻ മടിച്ചു കൊണ്ട് പറഞ്ഞു -
"സുനിലിന്റെ വീടിന് വലതു വശത്തായി ഒരു പുഴയുണ്ടായിരുന്നു. ഏറെ ആഴമുള്ള, പച്ച നിറത്തിലുള്ള, വെള്ളം ശക്തിയായി ഒഴുകുന്ന ഒന്ന്. വീടിന്റെ പൂമുഖത്തു നിന്നാൽ പുഴ വ്യക്തമായി കാണാം. ഞാൻ അതിൽ നീന്തുകയായിരുന്നു. തല വെള്ളത്തിനടിയിലാക്കി, ചിലപ്പോൾ മുങ്ങാങ്കുഴിയിട്ട്. വെള്ളത്തിന്റെ പച്ചയിലൂടെ എനിക്ക് കാണാമായിരുന്നു, ആ വീട്. അതിനു ചുറ്റും വളർന്നു നില്ക്കുന്ന ചെടി പടർപ്പുകൾ, പുഴയിലേക്ക് വളഞ്ഞു നില്ക്കുന്ന തെങ്ങുകൾ, പുഴയിലേക്കുള്ള നടപ്പാത. ആരും ചുറ്റും ഉണ്ടായിരുന്നില്ല എന്ന് തോന്നിക്കുന്ന വിധം അത്രയും ഏകാന്തമായ കാറ്റ്. പുഴയുടെ ഒഴുക്കിൽ മുങ്ങാങ്കുഴിയിട്ട എനിക്ക് തല പൊക്കാൻ സാധിക്കാത്ത വിധം വെള്ളം മുകളിൽ വന്നു നിറഞ്ഞു. കൈ എവിടെയോ തടഞ്ഞു കൊണ്ട് മുറുകെ പിടിച്ചു. ആരെയെങ്കിലും കരഞ്ഞു വിളിക്കണമെന്ന് ഞാൻ അതിയായി ആഗ്രഹിച്ചു. എന്നാൽ ശബ്ദം പുറത്തു വന്നതേയില്ല.'
'എന്റെ ഈശോയെ, എന്നിട്ട്?' അന്ന ഇടയിൽ കടന്ന് ചോദിച്ചു.
' എന്നിട്ടെന്താ, ദൈവം സഹായിച്ച് അപ്പോഴേ ഉണർന്നു. കുറച്ച് വെള്ളം കുടിച്ച് വീണ്ടും ഉറങ്ങി. '
അന്ന എന്നെ ഒന്നിരുത്തി നോക്കി.

അത്താഴത്തിനു ശേഷം ഞങ്ങൾ രാത്രിയിലേക്ക് കടന്നു. എന്തു കൊണ്ടൊ, ആ വീട്ടിൽ ഉറങ്ങാൻ കഴിയുമെന്ന് എനിക്കു തോന്നിയില്ല. വീടിന്റെ പിറകു വശത്തെ ഒരു മുറിയാണ് അവൾ എനിക്കു കിടക്കാൻ തന്നത്. ജനാലയ്ക്ക് അപ്പുറം വിശാലമായ കൃഷി സ്ഥലം ഇരുണ്ടു കിടന്നു. ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന ഏതോ ഒരു സമയത്താണ്, ജനാലയ്ക്കരികിൽ ഇരിക്കുന്ന അവളെ ഞാൻ ശ്രദ്ധിച്ചത്. ഞാൻ ഞെട്ടി എഴുന്നേറ്റു.
സിർവ മരിയ !

അവളുടെ സ്വർണ വർണമുള്ള മുടി പിണച്ചു വെച്ച കാലുകൾക്കിടയിലൂടെ നിലത്ത് ഒഴുകി കിടന്നു. അവളുടെ മടിയിൽ ഒരു പാത്രത്തിൽ വെച്ച നിന്ന് മുന്തിരികളിൽ നിന്ന്അവൾ ഓരോന്നായി എടുത്തു കഴിക്കുന്നു. മുന്തിരികൾ തീരുന്നതേയില്ല. ഒന്ന് എടുക്കുമ്പോൾ മറ്റൊന്ന് അതിൽ നിറഞ്ഞു കൊണ്ടെയിരിക്കുന്നു. അവളുടെ ജീവന്റെ മുന്തിരിക്കുല പോലെ. ജനാലയ്ക്ക് അപ്പുറത്ത് മഞ്ഞ് വീണു കൊണ്ടിരിക്കുന്നു. അത് നോക്കി കൊണ്ട് അവൾ ഇരുന്നു. വേനലിന്റെ ഒഴിവു ദിവസത്തിൽ ഈ പ്രദേശത്ത് മഞ്ഞ് വീഴുന്നത് അസംഭവ്യമാണ്. അതു കൊണ്ടു തന്നെ ഞാൻ തലയുയർത്തി ഒന്നു കൂടി നോക്കി. അപ്പോഴാണ് അത് കണ്ടത്. പാത്രത്തിലെ മുന്തിരികളെല്ലാം തീർന്നിരിക്കുന്നു. അവസാനത്തെ മുന്തിരി അവൾ വായിൽ വെക്കുകയാണ്.
അരുതേ, അത് തിന്നരുതേ എന്ന് പറയാൻ ഞാൻ കൈയ്യുയർത്തി. അപ്പോഴേയ്ക്കും അവൾ അത് തിന്നു കഴിഞ്ഞിരുന്നു. അവൾ എഴുന്നേറ്റു വന്ന് എന്റെ കൈകൾ പിടിച്ചു. അവളുടെ സ്വർണ തലമുടി നിലത്ത് ഇഴഞ്ഞു നീങ്ങി. ഞങ്ങൾക്കു ചുറ്റും മഞ്ഞ് പൊഴിഞ്ഞു കൊണ്ടിരുന്നു. ഉറക്കം വരാതെയിരിക്കുന്ന വേനലിലെ ഈ ഒഴിവു ദിനത്തിലും! ▮

*Inspired by "of Love and other Demons - Marquez'


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


സവിത എൻ.

കഥാകൃത്ത്​, കവി. ബംഗളൂരുവിൽ എയറോസ്​​പേയ്​സ്​ എഞ്ചിനീയറിങ്​ മേഖലയിൽ പ്രവർത്തിക്കുന്നു.

Comments