നയൻ സുബ്രഹ്മണ്യം

സിസിഫസിന്റെ സന്താപം
(ചവിട്ട് നാടകം)

‘...ശാപമൊന്നിൽ വലഞ്ഞീതാ യവനാ രാജൻ, തെയ് തക,
ഭ്രാന്തതൊന്നിൽ ഉലഞ്ഞീതാ സിസിഫസ് രാജൻ, തെയ് തക
കിട തകധിമി തകിട തകധിമി…’
- ദേവസ്യാനോസ് ശൗര്യാർ അണ്ണാവി, സിസിഫസിന്റെ സന്താപം.

ല്ല പേയൂരിലെത്താൻ ഇനിയും ഒരു മണിക്കൂറെങ്കിലും എടുക്കുമത്രെ. വണ്ടി ചെങ്കോട്ട കയറിയതും ഓൾഡ് പോർട്ട് റമ്മിന്റെ കുപ്പികൾ പരേഡിന്റെ ചാരുതയോടെ നിരന്നു. ആദ്യത്തെ പങ്ക് എപ്പോഴത്തേയും പോലെ ‘കോറിന്തോസ് ശൗര്യാർ അണ്ണാവി (ആശാൻ) തന്നെ കൈപ്പറ്റി…

“ ഇത് റമ്മല്ലല്ലോടാ…”

കോറിന്തോസ് ശൗര്യാർ അണ്ണാക്കിൽ നിന്നും അടിവയറുവരെ തടവിയുഴിഞ്ഞിട്ടും ആന്തലിന് കുറവുമില്ല. അന്നേരത്ത്, മാനേജർ സാലി, ഗ്ലാസ്സിലൊഴിക്കാൻ മടിച്ച് കുപ്പിയിൽ നിന്ന് നേരെ മോന്തി.

“അണ്ണാവിയെ, ഇത് ഒ.പി.ആറല്ല… ടി.പി. ആറാ’’
“അതെന്തോ പറങ്ങാണ്ടിയാടാ’’
“തങ്കശ്ശേരി പോർട്ട് റം… തങ്കശ്ശേരിയൊള്ള നമ്മടെ മുക്കാൽ സായിപ്പിന്റെ വാറ്റാ”.
“ഇത് വേടിക്കാനാണോ നീ തങ്കശ്ശേരി വരെ പോയെ? അതും ആ പന്നന്റെ കയ്യീന്ന്? അവന് പ്രാന്താടാ…’’.

തലമൂപ്പനുസരിച്ച് അടുത്തത് ‘കട്ടിയക്കാരൻ (വിദൂഷകൻ) ലോറൻസിന്റെ’ കുടിപ്പവകാശമാണ്. വാറ്റ് കുപ്പി ആഞ്ഞുമണത്തതിന് ശേഷം അതിൽ നിന്നൊരു തുള്ളി അയാൾ മുക്കിന് താഴെ പിരട്ടി.

“ നിന്ന് ഒപ്പീസ് ചൊല്ലാതെ, കുടിച്ചിട്ട് അടുത്തവന് കൊടുക്കെടാ…”

അണ്ണാവിയുടെ ശാസനപ്രകാരം കട്ടിയക്കാരൻ, മൂന്ന് കവിളിനുള്ളത് ഒറ്റ കവിളിൽ കമിഴ്ത്തി. വായിൽ നിന്നും പുക പോകുന്നതോടൊപ്പം, കാതിനുള്ളിൽ തങ്കശ്ശേരി തുറയിലെ കൂറ്റൻ തിരകളുടെ ഒച്ചയും കടന്നുപോയി… കനവുകളിൽ, തീരത്ത് ചരിഞ്ഞോടുന്ന ഞണ്ടുകളും, തുളുമ്പിയോടുന്ന ചട്ടക്കാരികളും ഒപ്പം കടന്നുപോയി…

“ അണ്ണാവി പറഞ്ഞത് നേരാ… തങ്കശ്ശേരി മുക്കാൽ സായിപ്പിന്റെ ഒടുക്കത്തെ വട്ട്, വാവടുക്കുമ്പൊ മൂക്കും… അന്നേരം അയാള് ചെമ്മീനിട്ട് വരെ വാറ്റും… ഒരു ചീഞ്ഞ നാറ്റവാ അതിന്…”

“ ഓഹ് ചീഞ്ഞായെന്താ പൂത്തായെന്താ… കുടിക്കണം പുഴുക്കണം, പിന്നെ ഭാഗ്യമുണ്ടെ ലിവറിന്റെ പൂട വരെ കത്തണം”.

സാലിയുടെ സുവിശേഷത്തിന് ആമേൻ ചൊല്ലിക്കൊണ്ട്, ഊറ്റത്തോടെ എല്ലാപേരും ഒന്നാം കുപ്പി ശ്വസിച്ചു തീർത്തു.

ഒന്ന് മിനുങ്ങിയതിന്റെ നിറവിൽ, അണ്ണാവി ജനൽ വഴി ചോരുന്ന വണ്ടിക്കാറ്റേറ്റ് ചിന്തകളിലൊതുങ്ങി. അകലെയായി കാണുന്ന കണ്ടങ്ങളിലെ കോലങ്ങൾ, പ്രേതങ്ങളാണെന്ന് വിശ്വസിക്കാൻ അയാൾ വല്ലാതെ കൊതിച്ചു. കണ്ടങ്ങളിലെ പനമ്പട്ടകൾ അയാളുടെ ആഗ്രഹത്തിന് കൂട്ട് നിൽക്കാൻ തീരുമാനിച്ചു. അവർ പ്രേതക്കോലം കെട്ടി ചവിട്ടിയാടാൻ തുടങ്ങിയപ്പോൾ കോറിന്തോസ് അണ്ണാവി ചുവടികൾ പാടി.

“റോമാ നാടിൻ പെരുമൈ ശൊല്ലി ആടുക പാടുക മായാരൂപെ…”

അണ്ണാവിയുടെ ചുവടിക്കൊത്ത് കട്ടിയാക്കാരൻ ലോറൻസ് മുദ്രകൾ വെച്ച് ആടാനും, സാലി താളം പിടിക്കാനും കൂടെ തുടങ്ങിയതോടെ മറ്റുള്ളവർ എഴുനേറ്റ് നിന്ന് വണ്ടിക്കുള്ളിൽ ചവിട്ടാൻ തുടങ്ങി.

“ റോമാ വീരരിൻ ധീരത പുകഴ്ന്ത് ആടുക പാടുക മായരൂപെ…”

വണ്ടിയെ ചുറ്റി വരിഞ്ഞ, ‘ദേവസ്യാനോസ് ചവിട്ട് നാടകക്കളരി (പണ്ടാര തുരുത്ത്)’ എന്ന ബാനറുൽപ്പടെ ചുവടിക്കും കാറ്റിനുമൊത്ത്, ഇളകിയാടി.

തെങ്കാശി ഇനി ഒരുപാട് അകലെയല്ല. ഇരുട്ടത്തെ ജനൽ കാഴ്ചകളിൽ, കോറിന്തോസ് അപ്പോഴും ഹരം കൊണ്ടിരുന്നു. ചവിട്ടുനാടകക്കാരുടെ തൊട്ടപ്പനും അണ്ണാവികളുടെ അണ്ണാവിയുമായ ‘ചിന്നത്തമ്പി അണ്ണാവി’ തെങ്കാശിക്കാരനാണെന്ന് തന്റെ അപ്പൻ പറഞ്ഞ ഓർമ്മ കോറിന്തോസിനുണ്ട്. പതിനാറാം നൂറ്റാണ്ടിൽ ഇവിടുന്ന് ഗോതുരുത്തിലേക്ക് പോകുന്നതിലൂടെയാണ് എല്ലാത്തിന്റെയും തുടക്കം. അവിടെയുള്ള പോർച്ചുഗീസ് മിഷനറിമാരുടെ ആവശ്യപ്രകാരം, യൂറോപ്യൻ മാതൃകയിൽ ചിന്നത്തമ്പി അണ്ണാവി ചിട്ടപ്പെടുത്തിയെടുത്തതാണ് ചവിട്ട് നാടകം, എന്നാണല്ലോ ചരിത്രം! ആ പെരിയോൻ വിഹരിച്ച വഴികളിലൂടെ സഞ്ചരിക്കുമ്പോൾ കോറിന്തോസിന് എന്തെന്നില്ലാത്ത നിർവൃതി തോന്നി. ഒരു ചവിട്ട് നാടകക്കാരനെ സംബന്ധിച്ചിടത്തോളം ഇതിലും വലിയ തീർത്ഥാടനം മറ്റെന്താണ്… ചിന്നത്തമ്പി അണ്ണാവിയെയും അപ്പനെയും ഓർത്തോർത്ത്, വണ്ടിക്കുളിരേറ്റ്, കോറിന്തോസ് മെല്ലെയുറങ്ങി.

ഠോ! ഓടിക്കൊണ്ടിരിക്കുന്നതിനിടയിൽ വണ്ടിയുടെ ടയർ സ്വയം പൊട്ടി ചത്തിരിക്കുന്നു. ശപിച്ചും പഴിച്ചും എല്ലാപേരും ഉറക്കമുണർന്ന് പുറത്തേക്കിറങ്ങി. സ്റ്റെപ്പിനി മാറുന്ന നേരങ്ങളെ, ബീഡി പുകച്ചും വയലുകളെ കണ്ണുകൊണ്ടളന്നും രാക്കാറ്റേറ്റുമൊക്കെ അവർ, കൊന്നുകൊണ്ടിരുന്നു. കോറിന്തോസ് അണ്ണാവി, തന്റെ ഷർട്ടിന്റെ കൈമടക്കിൽ ഒളിപ്പിച്ച ബീഡി തുറുപ്പെടുത്ത് പുകയ്‌ക്കാൻ തുടങ്ങി. രാജാപ്പാർട്ട് ബെഞ്ചമിൻ കോറിന്തോസിനോട് ബഹുമാനപൂർവ്വം ബീഡികഷ്ണം കടംകൊണ്ട ശേഷം സ്വാഭാവികമായി പുകയൂത്തിൽ പങ്കുചേർന്നു…

“അണ്ണാവിയെ, നല്ല പേയൂരിലെത്താൻ ഇനി എന്തോരം പോണം?”

കോറിന്തോസ് അതിന് ഉത്തരം കൊടുത്തില്ല. പകരം സാലി, തന്റെ മാനേജർ പദവിയിൽ ഊന്നിക്കൊണ്ട് എല്ലാവരോടുമായി: “ഇനീം കൊറച്ച് പോണം… സുന്ദരപാണ്ട്യപുരം എത്തുന്നേന് മുന്നേ വടക്കോട്ട് തിരിയണം, നല്ല പേയൂരിലെത്താൻ”.

വണ്ടിയപ്പോഴും ജാക്കിപ്പിടുത്തത്തിൽ പണിപ്പെട്ട് പൊങ്ങുകയായിരുന്നു. എന്നാലത് കോറിന്തോസിനെ തീരത്തടിയുന്ന ശവങ്ങളെ പൊക്കി ചുമക്കുന്നത് ഓർമപ്പെടുത്തിയിട്ടുണ്ടാവണം. സാലി എല്ലാപേരെയും വിളിച്ചു കൂട്ടി സ്വകാര്യം പറയുന്ന മട്ടിൽ പരുങ്ങി:

“ഞാൻ പറയുന്ന ശ്രദ്ധിച്ച് വേണം കേക്കാൻ… നല്ല പേയൂർ വരെ വണ്ടി പോകത്തില്ല… അതിന് അഞ്ഞൂറ് മീറ്ററ് മുന്നേ വണ്ടി നിക്കും. പിന്നെ മൊത്തോം കട്ട ചെളിയാ… കാള വണ്ടി പോലും പോകത്തില്ല… പിന്നെ, നിങ്ങള് വിചാരിക്കുന്ന പോലൊരു സ്ഥലവല്ല നല്ല പേയൂര്…”

സാലി ബീഡിതുറുപ്പിനെ ഹോമിക്കാനൊരുങ്ങിയപ്പോൾ, അത് പിടിച്ച് വലിച്ചറിഞ്ഞുകൊണ്ട് അണ്ണാവി അയാളുടെ കവിളത്ത് കീച്ചി…

“ പറഞ്ഞു മുഴുവിക്കെടാ… ആദ്യം…”

ചുറ്റും അക്ഷമരായി നിൽക്കുന്ന സഹയാത്രികരോടായി സാലി, പറച്ചിൽ തുടർന്നു…

“പണ്ട്, സുന്ദരപാണ്ട്യന്റെ കാലത്ത്, പ്രാന്തൻമാരെക്കൊണ്ട് തള്ളിയിരുന്ന സ്ഥലവാ…
ആ ഏർപ്പാട് ഏതാണ്ട് പത്ത് മുപ്പത് വർഷം മുമ്പ് വരെ ഒണ്ടാരുന്നു… പിന്നെ അത് നിന്നെങ്കിലും, പ്രാന്തന്മാരടെ സന്തതികളാ അവിടെ കെടന്ന് വെരകുന്നെ…
വല്ലാത്ത സൈസ് സംസാരോം രീതിയുമൊക്കെയാ അവിടെ…
പിന്നെ അറിയാലോ, വട്ടന്മാരുടെ മക്കൾക്കും വട്ടായിരിക്കും…
ഇപ്പൊ തന്നെ ഒന്ന് നോക്കിക്കേ, തങ്കശ്ശേരി മുക്കാൽ സായിപ്പിന്റെ അപ്പൻ സായിപ്പിന് മുഴു വട്ടല്ലാരുന്നോ…
അതുപോലെ തന്നാ ഇവിടേം…
അതുകൊണ്ട്, അവർടെ പരിപാടികളിലൊന്നും ഒരുപാട് കേറി മെഴുകിയേക്കരുത്…
പോണം, കളിക്കണം, പോയപോലെ തിരിച്ച് വരണം…
അത്രേം മതി…
കേട്ടല്ലോ…”

ഒന്ന് വിരണ്ടെങ്കിലും ആരുമത് പുറത്ത് കാണിച്ചില്ല. മിച്ചമുണ്ടായിരുന്ന വാറ്റും കൂടി തളിച്ചശേഷം എല്ലാപേരും നേരെ വണ്ടിക്കുള്ളിൽ കയറി ഉറങ്ങാൻ കിടന്നു. കോറിന്തോസ് അണ്ണാവിക്കപ്പോഴും ശങ്കകൾ തിരതല്ലി തികട്ടുന്നുണ്ടായിരുന്നു. ഒരു കളിക്ക് വലിയ പ്രതിഫലം ലഭിക്കുന്ന കോളാണിതെന്ന് സാലി പറഞ്ഞപ്പോഴേ എന്തോ കോളാറുള്ളതായി അണ്ണാവിക്ക് തോന്നിയതാണ്…
അത് വെറും തോന്നലായിരിക്കണേ എന്ന് വിശുദ്ധ പോളച്ചനോട് വിളിച്ചു പ്രാർത്ഥിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് മനസിലായിരിക്കുന്നു. വണ്ടി പതിയെ ചലിച്ചു തുടങ്ങിയപ്പോൾ ദൂരെ പ്രേതങ്ങളുള്ളതായി അയാൾ വീണ്ടും വീണ്ടും വിശ്വസിച്ചു. അതുങ്ങൾക്കിടയിൽ അയാൾ അപ്പനെ തേടിയിരിക്കണം…

“ റോമാ നാടിൻ പെരുമൈ ശൊല്ലി ആടുക പാടുക മായാരൂപേ…
റോമാ വീരരിൻ ധീരത പുകഴ്ന്ത് ആടുക പാടുക മായരൂപെ’’.

അയാളുടെ താടി നരകൾ ഊറ്റത്തോടെ നിലാവത്ത് തിളങ്ങുന്നത്, നക്ഷത്രങ്ങളിൽ സ്പർധയുണ്ടാക്കി. വണ്ടിയിലെ ജനൽ കമ്പിയിൽ കുടിയിരുന്ന ഇളം തണുപ്പാകട്ടെ, പിറുപിറുത്തു കൊണ്ടിരുന്ന അയാളെ തട്ടിയുറക്കി.

രണ്ട്

ണ്ടി കിതച്ചു നിന്നിടത്ത് എല്ലാവരോടുമിറങ്ങാൻ സാലി നിർബന്ധിച്ചു. ഓരോരുത്തരായി ഹാജർ വിളിച്ചിറങ്ങുമ്പോൾ, അവർക്ക് മുന്നിൽ ദൂരെയായി നല്ല പേയൂർ ഒരു പനി-കിനാവ് പോലെ മിന്നിനിൽപ്പുണ്ടായിരുന്നു. വണ്ടി സാലിയുമായി തിരികെ പോയപ്പോൾ, എന്തെന്നിലാത്ത ഉൾക്കലക്കങ്ങൾ അണ്ണാവിയെ ചുഴറ്റുന്നുണ്ടായിരുന്നു. എന്നിരുന്നാലും, കാൽക്കണ്ണ വരെ പൊതിയുന്ന പരുത്തിച്ചെളി വകഞ്ഞുകൊണ്ട് അയാൾ മൂന്നോട്ടു തന്നെ നീങ്ങി. അണ്ണാവിയുടെ പിറകുപറ്റി അവർ ഓരോരുത്തരും നല്ല പേയൂരിൽ കണ്ണും നട്ട് മുന്നോട്ടാഞ്ഞു. അപ്പൻ തനിക്കു മുൻപിൽ നടക്കുന്നതായി അണ്ണാവിക്ക് അനുഭവപ്പെട്ടിട്ടുണ്ടാവണം. അപ്പന്റെ കൈയിൽ മുറുകെ പിടിക്കുന്ന അതേ കരുത്തിൽ ഉള്ളം കൈ ചുരുട്ടി പിടിച്ചപ്പോഴാണ്, അയാൾക്ക് ധൈര്യം കൈവന്നത്.

ഗ്രാമത്തിലെത്തിയയുടൻ ആദ്യം കണ്ട കാട്ടുനെല്ലിയുടെ തടിയിൽ തളർന്ന് കുത്തിയിരിക്കുകയല്ലാതെ, അവർക്ക് വേറെ വഴിയില്ലായിരുന്നു. കലക്ക് വെട്ടത്തിലും ചൂട്ടെരിച്ച് വരുന്നയാളെ കണ്ട് അവർ ഒന്ന് പുച്ഛിച്ചെങ്കിലും, അത് നല്ല പേയൂർ വാർഡ് മെമ്പറാണെന്ന് ബോധ്യപ്പെട്ടപ്പോൾ എഴുന്നേറ്റ് ബഹുമാനിക്കാൻ തുനിഞ്ഞു.

“ ഇരുന്നോ ഇരുന്നോ… ഇനി എല്ലാരും ഒന്ന് കാല് നീട്ടിക്കെ…”

മെമ്പർ പെരിയദുരൈയുടെ നാവ് മലയാളവാക്കുകൾ പെറ്റിടുന്നത് കേട്ട ആശ്വാസത്തിൽ എല്ലാപേരും കാലുകൾ നീട്ടി നെല്ലിമരത്തിൽ അമർന്ന് തന്നെയിരുന്നു. വൈകാതെ, ഒന്ന് രണ്ട് ആളുകൾ വെറ്റിലമുറുക്കാനുള്ള സാമഗ്രികളുമായി കടന്ന് വന്നു. അവർ ഭംഗിയോടെ ഉപ്പും കുരുമുളകും പുകയിലയുമൊക്കെ ചേർത്തു നാലായി പൊതിഞ്ഞ് മുറുക്കിയ ശേഷം, കോറിന്തോസ് അണ്ണാവിയുടെയും സംഘത്തിന്റെയും കാലുകളിൽ കാർക്കിച്ചു തുപ്പി. ആദ്യമവർ അറയ്ക്കുകയും വെറുക്കുകയും ചെയ്‌തെങ്കിലും, കാലിൽ മുറുകിയ കരിഞ്ചെളിയിൽ ‘പാത്തിരുന്ന’ കുളയട്ടകളും പോത്തട്ടകളും ഒന്നൊന്നായി കൊഴിഞ്ഞു വീഴാൻ തുടങ്ങി. മെമ്പറും പരികർമ്മികളും അട്ടകളെ പെറുക്കിയെടുത്ത് പിച്ചളപ്പാത്രത്തിലടച്ചു…

“അതിനെ എന്തോ ചെയ്യാനാ… ചുട്ട് കൊല്ലാനാന്നോ?’’

കട്ടിയക്കാരൻ ലോറൻസ് ഒരു പനച്ചീള് കൊണ്ട് കാലിലെ ചെളി വടിക്കിച്ചൊതുക്കുകയായിരുന്നു.

“ നിങ്ങൾടെ ചോരയല്ലെ ഇവന്മാര് കുടിച്ചെ… അയണാ അയൺ! ‘കുഞ്ഞൊറോത്തേടെ’ കൊടുത്താ നല്ല കാരക്കുഴമ്പ് വെച്ച് തരും… പച്ചരി ചോറിന്റെ കൂടെ ബെസ്റ്റാ”.

കോറിന്തോസിനോടും സംഘത്തിനോടും മെമ്പർ പെരിയദുരൈ, പടിഞ്ഞാറ്റെ കുളത്തിൽ കുളിക്കാൻ നിർദ്ദേശിച്ചു.

“ വല്ല ചേരേം കിട്ടുവാണേൽ തന്നേക്കണെ”.

കട്ടിയക്കാരൻ കുളത്തിലിറങ്ങാൻ ഒന്ന് ഭയന്നെങ്കിലും അണ്ണാവിയിറങ്ങിയ ധൈര്യത്തിൽ കുളിച്ചുകയറി.

അമ്പതോളം വീടുകളും, പത്ത് പതിനഞ്ച് കടകളും, പിന്നെ ഊരിന്റെ ജീവനും ജ്യോതിയുമായ ‘നല്ല പേയ്’ കോവിലുമടങ്ങുന്ന ദേശം, രാവിന്റെ നാലാം യാമത്തിൽ ഞെളിഞ്ഞുകൊണ്ട് ഉറക്കമെഴുന്നേറ്റു. കൂടെ കോറിന്തോസ് അണ്ണാവിയും പരിവാരങ്ങളും കാലത്തിനൊപ്പം കണ്ണ് തുറന്നു. മെമ്പർ പെരിയദുരൈ അവർക്കായി ഏർപ്പെടുത്തിയ പ്രാതലിനായി, ‘കുഞ്ഞൊറോത്തയുടെ’ ചായക്കടയാകാൻ മാത്രം പക്വമില്ലാത്ത കടയുടെ തിണ്ണയിൽ നിരന്നു.

“നീങ്ക താനാ ശവിട്ട് നാടക നടികർ?”

കുഞ്ഞൊറോത്ത എല്ലാവർക്കുമുള്ള ഭക്ഷണം പനയോല തട്ടിൽ വിളമ്പി.

“ആമ അക്ക’’.

തനിക്ക് തമിഴിൽ തുഴയാനുള്ള കെൽപ്പ്, നന്നെ പ്രയോഗിക്കാൻ അണ്ണാവി തീരുമാനിച്ചു.

“മണി എന്നാച്ച് അക്ക’’.

“മണി ഏഴരൈ’’.

മറുപടിക്ക് പിന്നാലെ, തുളയുള്ള ഇഡ്ഡലിയും അതിനു നടുക്ക് കുഴമ്പുമൊഴിച്ച് കുഞ്ഞൊറോത്ത മുന്നിൽ വെച്ചപ്പോൾ, കഴിക്കാതെ കൗതുകത്തോടെ നോക്കി നിൽക്കുക മാത്രമാണ് അവർ ചെയ്തത്. നൊസ്സാണെന്ന് പറഞ്ഞിട്ട് ഇവിടുത്തുകാർക്ക് തങ്ങളേക്കാളും ചിന്താശേഷിയുള്ളതായി അവർക്ക് തോന്നാൻ, ഇതിൽ കൂടുതലെന്തെങ്കിലും വേണോ? നാടൻപാലും കരിപ്പട്ടിയും ചേർന്ന് കുറുകിയ ചായയൊന്ന് പുണരുമ്പോഴാണ്, ലോറൻസ് കുഞ്ഞൊറോത്തയോട് വീണ്ടും സമയം ചോദിക്കുന്നത്.

‘‘മണി ഏഴരൈ…”, മറുപടി ആവർത്തിച്ചു.

“അണ്ണാവിയെ, ഇത് തന്നെയല്ലിയോ ഈ കാർന്നോത്തി അര മണിക്കൂറ് മുന്നെ പറഞ്ഞെ?’’

കട്ടിയക്കാരൻ അണ്ണാവിയോടായി അടക്കം പറഞ്ഞത് കേട്ട കുഞ്ഞൊറോത്ത, അയാളുടെ മുഖത്തേക്ക് കട്ടനൊഴിച്ചു.

“ഡെയ് നായീ, ഇങ്ക നാ എന്ന ചൊല്ലറതൊ, അത് താൻ ടൈം…”

കട്ടിയക്കാരന്റെ മുഖം കൈലിയുടെ കോന്തല കൊണ്ട് തുടച്ചു കൊണ്ടിരിക്കെ, അണ്ണാവി കടയുടെ ഉള്ളിൽ ചത്തിരിപ്പായ ക്ലോക്കിൽ സമയം നോക്കി.
ഇപ്പോഴും ഏഴര തന്നെ…
എപ്പോഴും ഏഴര തന്നെ…

കോലാഹലം കേട്ട് ഓടിയടുത്ത മെമ്പർ പെരിയദുരൈ, ഒരു വിധത്തിൽ പ്രശ്നങ്ങളൊതുക്കി, നാടകസംഘത്തെ കുഞ്ഞോറോത്തയുടെ കടയിൽ നിന്ന് വിടുവിച്ചു. ആൽമര ചോട്ടിലിരുന്ന ശേഷം, വളരെ സൂക്ഷ്മമായി കട്ടിയക്കാരന്റെ മുഖം മെമ്പർ പരിശോധിച്ചുകൊണ്ട് ചോദിച്ചു:

“നിങ്ങളൊക്കെ ശെരിക്കും എവിടുത്തുകാരാ?”

“ഞങ്ങളൊക്കെ പണ്ടാരത്തുരുത്ത്ന്നാ…”

മറുപടി പറഞ്ഞത് രാജാപ്പാർട്ട് ബെഞ്ചമിനാണെങ്കിലും, അതിഷ്ടപ്പെടാത്ത ലോറൻസ് അയാളെ തുറിച്ചശേഷം:

“പക്ഷെ ഞാൻ മാത്രം പുനലൂരീന്നാ…”

പുനലൂരെന്ന് കേട്ടതും, മെമ്പർ കട്ടിയക്കാരന്റെ അടുക്കലേക്ക് ആകാംഷയോടെ ചേർന്നുനിന്നു.

“പുനലൂരെന്ന് പറയുമ്പൊ, തൂക്ക് പാലത്തിന്റെ അപ്പറാമാന്നോ ഇപ്പറമാന്നോ?’’

“അപ്പറമാ.. എന്താ മെമ്പറെ?”

“അയ്യോ… ആഹ് അത് പോട്ടെ”.

“അല്ല കാര്യം പറ മെമ്പറെ’’.

“പാലത്തിനിപ്പറെയുള്ളത് മൊത്തോം എന്റെ അപ്പാപ്പന്റെയാ…”

“ അപ്പാപ്പന്റെയാന്ന് പറയുമ്പോ…”

“ അവിടം പുള്ളിയാ ഒണ്ടാക്കിയെടുത്തെ”.

കട്ടിയക്കാരൻ, തന്റെ ചുണ്ടിൽ പിറക്കാനിരിക്കുന്ന ചിരിയടക്കിപ്പിടിച്ചുകൊണ്ട് കൂട്ടത്തിലുള്ളവരെ ഇടം കണ്ണിട്ടു നോക്കി.

“ഹാ… ഒള്ളതാടാ ചെറുക്കാ… അവിടൊള്ള മരോം ചെടീം പാമ്പും തവളേം ആണും പെണ്ണും ഒക്കെ കഷ്ടപ്പെട്ട്, എന്റെ അപ്പാപ്പനൊണ്ടാക്കിയതാ… പുള്ളി വല്ല്യ ആർട്ടിസ്റ്റ് അല്ലായിരുന്നോ…”

“അങ്ങനാണേൽ പാലത്തിന് അപ്പറെയുള്ളതോ?”

“അത് നടേശൻ കൺട്രാക്കിന്റെയാ… പുള്ളി ഒരു പണീം വൃത്തിക്ക് ചെയ്യത്തില്ല… ദേ ഇപ്പൊ തന്നെ നിന്റെ മോന്തായം നോക്കിക്കേ… ത്ഹു… എന്റെ അപ്പാപ്പനായിരുന്നേല് നീയൊക്കെ ജെമിനി ഗണേശനെ കൂട്ട് ഇരുന്നേനെ…”

പെരിയദുരൈ, അപ്പാപ്പന്റെ സൃഷ്ടിചരിതം നാടകസംഘത്തെ ചൊല്ലി പഠിപ്പിച്ചു. ദൈവത്താൻ മണ്ണ്കുഴച്ച് മനുഷ്യനെ ഉണ്ടാക്കിയിരുന്ന കാലത്താണ് സംഭവം…
പാലത്തിനിപ്പറം എത്തിയതും മണ്ണ് തീർന്നു പോയിരിക്കുന്നു…
എത്ര തിരഞ്ഞിട്ടും കറുത്ത പരുത്തി മണ്ണ് കിട്ടാനില്ല. നിരാശനായി ദൈവം, കലാകാരനായ മെമ്പറുടെ അപ്പാപ്പനെ ഈ ദൗത്യം ഏൽപ്പിച്ചു മടങ്ങി. അപ്പാപ്പൻ ഗോളഗോളാന്തരം അന്വേഷിച്ചലഞ്ഞു. ഒടുവിൽ, മാനത്തുള്ള വടക്കൻ നക്ഷത്രത്തിലേക്ക് യാത്ര തിരിച്ചു. അവിടെ ചെന്നപ്പോൾ, കരിമ്പരുത്തി മണ്ണിന്റെ ഒരു മല തന്നെയുണ്ട്. അങ്ങനെ നക്ഷത്രം കുഴിച്ചെടുത്ത മണ്ണ്, ആയിരം മലക്കുകളുടെ സഹായത്തോടെ പുനലൂർ പാലത്തിനിപ്പറെ എത്തിച്ചു. മണ്ണ്, മലക്കുകളുടെ കണ്ണീർ തേകി കുഴച്ചുകൊണ്ട്, മനുഷ്യനെയും മൂരിയെയും മ്ലാവിനെയും മഞ്ചാടിയെയുമൊക്കെ വാർത്തെടുത്തു. അതുകൊണ്ടാണ് പാലത്തിനിപ്പറെയുള്ളവരുടെ ചിരിക്ക് ഒരു കണ്ണീർ തിളക്കം!
നടേശൻ കൺട്രാക്കാകട്ടെ, അപ്പാപ്പന്റെ ഉപയോഗ ശേഷം മിച്ചം വന്ന മണ്ണിൽ ചെളി ചേർത്ത് കുഴച്ചുരുട്ടി…
ഈ കാരണത്താൽ പാലത്തിനപ്പറെയുള്ളവർ കൊടും എച്ചികളായി…

മൂന്ന്

കോറിന്തോസും സംഘവും, തങ്ങൾക്ക് ലഭിച്ച താമസസൗകര്യത്തിൽ എന്നത്തേയും പോലെ അന്നും റിഹേഴ്‌സലുകളിൽ മുഴുകി. ദേശത്തെങ്ങുമുള്ള നിത്യജോലികൾ ഒരേ താളത്തിലാണെന്ന് അവർക്ക് മനസിലായിരിക്കുന്നു. നെല്ല് കുത്തുന്നതും തൊണ്ട് തല്ലുന്നതും തുണി അലക്കുന്നതും നല്ല പേയ് കോവിലിൽ മണി അടിക്കുന്നതുമെല്ലാം ഒരേ ബോധക്രമത്തിൽ… പോകെ പോകെ കോറിന്തോസിന്റെ ചുവടികളും ചവിട്ടുമെല്ലാം അതേ താളത്തെ ചുറ്റിപ്പറ്റി നിൽക്കാനാരംഭിച്ചു.

കുഞ്ഞൊറോത്തയുടെ കടയിൽ മാത്രമല്ല, നല്ല പേയൂരിൽ ‘ഏഴര മണി’ എന്നുമെപ്പോഴും വിളങ്ങി നിന്നു. സമയത്തെ ഘനീഭവിപ്പിച്ച് ഫോസിലാക്കിയ മട്ടിൽ, കവലയിലെ മെമ്പർ ആപ്പീസിലെ മുകളറ്റത്തുള്ള കൂറ്റൻ ക്ലോക്ക്, ഏഴര മണി തന്നെ കാട്ടിക്കൊണ്ടിരുന്നു. അങ്ങനെയുള്ള ഒരു ഏഴര വൈകുന്നേരത്ത്, ഏഴര പൊന്നാനപ്പൊലിവോടെ പൂച്ചപ്പട്ടത്തി കടന്നുവന്നു. അവർ പിച്ചള ലോട്ടകളിൽ പാൽകാപ്പി പകർന്നു.

“റിഹേഴ്സലെല്ലാം എപ്പിടി പോറേൻ, ശൗര്യാരെ?”

പതകളെ ഊതി വകഞ്ഞുകൊണ്ട്, കോറിന്തോസ് ശൗര്യാർ കുറുകിയ കാപ്പിക്കുമിളകളിൽ ധ്യാനിച്ചു. താൻ പണ്ടാരത്തുരുത്തിൽ, തിരികെ ചെന്നിറങ്ങുന്ന നിമിഷം മുതൽ, പൂച്ചപട്ടത്തിയുടെ ലോട്ടക്കാപ്പികൾ വെറും കഥയായി തീരുമെന്നത് കോറിന്തോസിനെ വല്ലാതെ നീറ്റി. പൂച്ചപ്പട്ടത്തി, തന്റെ മുടിക്കൊണ്ടയിലെ കനകാംബരങ്ങളെ തലോടുമ്പോഴാണ്, ഒരു ചെമ്പൻ പൂച്ച അതു വഴി ചാടിയോടിയത്.

“അയ്യോ…!”

അഴിഞ്ഞുവീഴുമെന്ന മട്ടിൽ, പുടവ കൂട്ടിപിടിച്ച് പട്ടത്തിയമ്മാൾ നിലവിളിച്ചുകൊണ്ടോടുന്നത് കോറിന്തോസ് അണ്ണാവിക്കും കൂട്ടർക്കും പുതുമയായി തോന്നിയില്ല. കാരണം അവിടങ്ങളിൽ, നല്ല പേയൂർ തൃക്കേട്ടക്ക് കിട്ടുന്ന ഇറച്ചിക്കോട വാറ്റിന് ശേഷം വിഖ്യാതമായത്, പട്ടത്തിയുടെ പൂച്ചപ്പേടിയാണ്.

“കാറ്റിനെ മഴക്ക് പേടി
മഴയെ മിന്നലിന് പേടി
മിന്നലിനെ പനയ്ക്ക് പേടി
പനയെ പുരയ്ക്ക് പേടി
പുരയെ നരിക്ക് പേടി
നരിയെ പൂച്ചയ്ക്ക് പേടി
പൂച്ചയെ പട്ടത്തിക്ക് പേടി’’

മെമ്പർ പെരിയദുരൈ പൂച്ചയെ ചൂണ്ടി ഇത് ഉരിയാടുന്നത്, ആദ്യാമാദ്യം അണ്ണാവിക്ക് കൗതുകമായിരുന്നെങ്കിലും, പട്ടത്തിയമ്മാളിനെ കണ്ട നിമിഷം തൊട്ട് ഈ പദ്യം കാച്ചലിന് പിന്നിലെ പിന്നാമ്പുറ കഥ വ്യക്തമായി.

ഗർഭിണിയായിരിക്കെ തന്നെ, ഒരു ഗർഭിണി പൂച്ചയെ ചവിട്ടിയതിൽ തുടങ്ങുകയാണ് അവരുടെ കഥ…

“വഴിയിലേന്ത് മാറി നില്ലടീ, ശനിയനെ”
(വഴിയിൽ നിന്നും മാറി നില്ക്കു, നാശമെ)

ഒറ്റ ചവിട്ട്…
പൂച്ചയുടെ നിറവയറിനുള്ളിൽ അലതല്ലി. പട്ടത്തിയമ്മാളിന്റെ ഗർഭഗ്രന്ഥികളുടെ ദേഷ്യക്കലക്കം ഒടുങ്ങിയപ്പോഴേക്കും, തള്ളപൂച്ചയുടെ വായും മൂക്കും മൂടും രക്തമൊഴുക്കാൻ ഉത്സാഹിച്ചു. മിണ്ടാപാവത്തിന്റെ ഒടുവിലത്തെ നിലവിളി, ശാപമായി അമ്മാളിന്റെ കാത് കലക്കി. മൂന്ന് ആഴ്ച്ചകൊണ്ട് മാസം തികഞ്ഞപ്പോൾ, അമ്മാളിന്റെ വയറിനുള്ളിൽ നിന്നും, ഒരു പൂച്ചക്കരച്ചിൽ… പെറ്റയുടൻ തന്നെ കുഞ്ഞിനെ നോക്കി. താൻ ഭയന്നത് പോലെ സംഭവിച്ചിരിക്കുന്നു… കുഞ്ഞിന് പൂച്ചത്തല ! കുഞ്ഞിന്റെ തല മുണ്ടിനാൽ പൊത്തിപ്പിടിച്ചുകൊണ്ട്, നിലവിളിച്ചോടുന്ന പട്ടത്തിപ്പെണ്ണിനെ ചെറുകോൽപുഴക്കാർ ഇനിയും മറന്നിരിക്കാനിടയില്ല. കുഞ്ഞിനെ ചെറുകോൽപ്പുഴയാറ്റിൽ എറിഞ്ഞുകൊണ്ട് അലറുന്നന്നതിനിടയിൽ, അമ്മാളിന്റെ വായിൽ നിന്നും അവർ പോലുമറിയാതെ പൂച്ചക്കരച്ചിൽ പുറത്തേക്ക് ചാടി. വള്ളക്കാരും വഞ്ചിക്കാരും മുങ്ങി കരക്കെത്തിച്ചതും, കുഞ്ഞ് വെള്ളം ചീറ്റി കരഞ്ഞു. കുഞ്ഞിനെ വാരിപ്പുണർന്നുകൊണ്ട് കണവൻ പട്ടർ, വീട്ടിലേക്ക് തിരികെ പോയി. എന്നാൽ ആറിന്റെ ഓരത്ത് ബോധമറ്റ് കിടന്ന പട്ടത്തിയമ്മാൾ, പിന്നീട് കണ്ണ് തുറക്കുന്നത്, നല്ല പേയൂരിന് മുന്നിലുള്ള ചെളിക്കുണ്ടിലാണ്.

എഴുതി ചിട്ടപ്പെടുത്തിയ നാടകചുവടികൾ, കോറിന്തോസ് ശൗര്യാർ ചൊല്ലിവായിച്ചു. ഷേക്ക്സ്പിയറിന്റെ ഹാംലെറ്റ് വായിച്ചാൽ അയാൾ കരയുമെന്നതിൽ സംശയമില്ല. എന്നാൽ അതിനെ ചവിട്ട് നാടകമാക്കി തിട്ടപ്പെടുത്തുമ്പോൾ ഏങ്ങലടിക്കുകയാണുണ്ടായത്. ഹാംലൈറ്റിന്റെ അപ്പൻ പ്രേതമായി മകനെ കാണുവാൻ വരുന്ന രംഗം, കോറിന്തോസിനെ തന്റെ അപ്പനെ ഓർമ്മിപ്പിച്ചു. കഥയിലേത് പോലെ പ്രേതമായില്ലെങ്കിലും അപ്പൻ, ഒരു സ്വപ്നമായെങ്കിലും വരുമെന്ന ആശ, അയാളെ നിരാശപ്പെടുത്താൻ തുടങ്ങിയിട്ട് കാലമേറെയായിരിക്കുന്നു… ഹാംലെറ്റായി ബെഞ്ചമിൻ ചവിട്ടി തിമിർക്കുമ്പോൾ, പ്രേതമായി തത്കാലത്തേക്ക് ലോറൻസ് വേഷം കൊണ്ടു… അവർ ആടുമ്പോൾ ശൗര്യാർ മുറിക്ക് പുറത്തേക്ക് നടന്നു. പൂച്ചകളില്ലെന്നുറപ്പുവരുത്തിക്കൊണ്ട്, കണ്ണും കാതും കൂർപ്പിച്ച്, കാറ്റത്താടുന്ന സാരിവാലുമായി പൂച്ചപ്പട്ടത്തി ലോട്ടകാപ്പികളുമായിയെത്തി. കൂട്ടിന്, മെമ്പർ പെരിയദുരൈ വടയും കയ്യിൽ കരുതി.

“ എന്ന ശൗര്യാരെ ഒരേ പൊകാച്ചിലാന്നല്ലോ…”

അവർ കാപ്പിയൊന്ന്, അയാൾക്ക് പകർന്നു. മറ്റുള്ളവരെ സന്ദർശിക്കാൻ പെരിയദുരൈ വടയും കാപ്പികളുമായി മുറിക്കുള്ളിലേക്ക് കയറി. ബീഡി പുകച്ചും കാപ്പി കുടിച്ചും കോറിന്തോസ് ചിന്തകളെ ചൂഴ്ന്നുകൊണ്ടിരിക്കെ, പൂച്ചപ്പട്ടത്തിയെ ഇടങ്കണ്ണിട്ടു. അവർ കുറുകിയും ചിണുങ്ങിയും കയ്യ് നക്കുന്നുണ്ടായിരുന്നു. പോരെങ്കിൽ, അവർ കയ്യ് നക്കി മുഖം തുടക്കുന്നത് അസഹ്യമായി അയാൾക്ക് തോന്നി. നമ്മളെന്തിനെ ഭയക്കുന്നുവൊ, ഒടുവിൽ അതായി തീരുമെന്ന് അപ്പൻ ചെറുതിലെ ചൊല്ലിയത്, കോറിന്തോസിന്റെ ഉള്ളിൽ നിന്നും പുറത്തേക്ക് പൊന്തി വന്നു.

നാല്

‘കുഞ്ചെറിയ’ രംഗപ്രവേശനം നടത്തുന്നത് ഒരു കരിങ്കോഴിയെ ചൊല്ലിയാണ്. അയാളുടെ തഴമ്പിച്ച ശരീരത്തിൽ, കൈ കാലുകളിലെ പേശികളാകട്ടെ പീരങ്കിയുണ്ട പോൽ താവളമുറപ്പിച്ചിരിക്കുന്നു. കുഞ്ഞൊറോത്തയുടെ അരുമ സഹോദരനായതു കൊണ്ട്തന്നെ, രക്തപൊരിച്ചിലിൽ അവരെ വെല്ലുന്ന വിദ്വാൻ!

എന്നത്തേയും പോലെ നാടകസംഘം, പ്രാതലിനായി കുഞ്ഞൊറോത്തയുടെ കട മുന്നിൽ ഓച്ചാനിച്ചു. അവരെ ചൊടിപ്പിക്കരുത് എന്ന ഒറ്റ ലക്ഷ്യത്തിൽ, കടയിലേക്ക് നോക്കാതെ മുറ്റത്തേക്ക് നോക്കി നിൽക്കാനെ കട്ടിയക്കാരന് ധൈര്യമുണ്ടായുള്ളു. അന്നേരത്താണ് അത് വഴി കൊത്തിപ്പെറുക്കി കുറുകിയ കരിങ്കോഴി, കട്ടിയക്കാരൻ ലോറൻസിന്റെ കണ്ണിൽ പെടുന്നത്. കരിങ്കോഴിയുടെ നീക്കുപോക്കുകൾ ശ്രദ്ധിച്ചുകൊണ്ടിരിക്കുമ്പോഴാണ് കുഞ്ഞൊറോത്ത ഒച്ചവെക്കുന്നത്.

“കുഞ്ചെറിയാനെ… വാടാ… ഇന്ത നാടക കോമാളി നമ്മ കോഴിയെ മൊറച്ച് കെടുത്തരാര് ടാ…”
(കുഞ്ചെറിയാനെ… വാടാ… ഈ നാടക കോമാളി നമ്മുടെ കോഴിയെ തുറിച്ചു നോക്കി ഇല്ലാതാക്കുന്നു)

നാടോടിപ്പാട്ടുകളിലെ അരൂപികളുടെ വേഗത ഓർമിപ്പിച്ചുകൊണ്ട് കുഞ്ചെറിയ എവിടെ നിന്നോ സംഭവസ്ഥലത്തേക്ക് പറന്നെത്തി. അയാൾ, കട്ടിയക്കാരന്റെ കോളറിൽ പിടിച്ച് തൂക്കിക്കൊണ്ട് മാനം തൊടുവിച്ചു. പഴയ പുസ്തകത്തിൽ നിന്നും പുറത്തുചാടിയ ഗോലിയാത്തല്ല ഇതെന്ന് മറിച്ച് ചിന്തിക്കാൻ കോറിന്തോസ് അണ്ണാവിക്ക് പറ്റിയില്ല. ആ നിമിഷം, ചൂണ്ടകൊരുത്തിൽ തുടിക്കുന്ന വരാലായി ലോറൻസ്, അയാളുടെ കയ്യിൽ കിടന്ന് പിടഞ്ഞു.

“ഏത്ക്ക്ടാ കോഴിയെ മൊറച്ചാ?”
(എന്തിനാടാ കോഴിയെ തുറിച്ചു നോക്കിയെ)

കളരിയടവുകൾ തിട്ടമായിട്ടും, കുഞ്ചെറിയയെ സമാധാനിപ്പിക്കാൻ ശ്രമിച്ച അണ്ണാവിയുടെ പല്ലൊന്ന് വായിൽ നിന്നും പുറത്തേക്ക് ചാടി. കട്ടിയക്കാരൻ ഈ സമയമത്രയും വരാൽപിടച്ചിലിൽ വിറകൊണ്ടു.

“അയ്യോ! വെറുതെ നോക്കിയതാണെ… ഇനി ഞാൻ നോക്കത്തില്ലണ്ണാ…”

“ ഉന്നോട കണ്ണ് വീഴ്ന്ത കോഴിയെ ഇനിയാര് വാങ്കുമെടാ? അതോട സുവൈയെ നീ പാത്ത് കെടുത്തിടിച്ച്’’.
(നിന്റെ നോട്ടം വീണ കോഴിയെ ഇനിയാര് വാങ്ങാനാണ്? അതിന്റെ രുചി തന്നെ ഇല്ലാതായില്ലെ…)

“അയ്യോ… ഞാൻ വാങ്ങിച്ചോളാമേ…”
കട്ടിയക്കാരന്റെ കാലുകൾ നിലം തൊടാൻ കൊതിച്ചുനിന്നു.

“റോത്തയക്ക… ഇവ വാങ്കിക്കറേൻ ന്ന് സൊല്ല്റ…”
(റോത്തയക്ക… ഇവൻ വാങ്ങിച്ചോളാമെന്ന് പറയുന്നു).

കുഞ്ഞൊറോത്ത അതിന് സമ്മതിച്ച നിമിഷം ലോറൻസിന്റെ മേലുള്ള പിടിവിട്ടു. ശേഷം, കോഴിയെ ഓടിച്ചിട്ട് പിടിച്ച് കഴുത്ത് കറക്കി കൊന്നു. ഞൊടിയിടയിൽ കോഴിയുടെ പൂടയും പണ്ടവും വലിച്ചുകീറി വെവ്വേറെയാക്കിയയുടൻ കുഞ്ഞൊറോത്തയെ ഏൽപ്പിച്ചു. അവർ അതിനെ അരിഞ്ഞു കഷ്ണങ്ങളാക്കി, കഴുകി തുവർത്തി കവറിലാക്കി. ഈ കവർ കിട്ടേണ്ട താമസം! കുഞ്ചെറിയ അത് കട്ടിയക്കാരനെ ഏൽപ്പിച്ചു. നടുക്കത്തിൽ നിന്നും ഇനിയും വിട്ടുമാറാത്ത ലോറൻസിന്റെ കഴുത്തിൽ കവർ തൂക്കിയിട്ട ശേഷം, അയാൾ പോക്കറ്റിൽ നിന്നും ഇരുന്നൂറുരൂപയെടുത്തു. കവറിലെ ഇറച്ചിയുടെ ചൂട് പോലുമില്ലാതെ, മരവിച്ചുറച്ച ലോറൻസിനെ അണ്ണാവി മുറിയിലേക്ക് നടത്തിച്ചു. നാടകത്തിന് കട്ടിയക്കാരനായി താൻ തിരഞ്ഞെടുത്തവൻ, ജീവിതത്തിലും അതേ വേഷത്തിൽ തുടരുന്നുവെന്നത് അണ്ണാവിയിൽ മതിപ്പുണ്ടാക്കി. തന്റെ തീരുമാനം പിഴച്ചിട്ടില്ല…

അണ്ണാവി തിരിഞ്ഞു നോക്കുമ്പോൾ, കുഞ്ചെറിയായും കുഞ്ഞൊറോത്തയും ചിരിച്ചു കൈകാണിക്കുകയാണ്. ഇനിയും കോഴി വാങ്ങുന്നുണ്ടെങ്കിൽ അവരുടെ കയ്യിൽ നിന്നും വാങ്ങണമെന്നും, നെയ്യ് കൂട്ടി തരാമെന്നുമൊക്കെ അവർ പറയുന്നുണ്ട്.

“ഒന്ന് വാങ്ങിയതിന്റെ ക്ഷീണം തീർന്നില്ല, അപ്പഴാ…”

രാജാപ്പാർട്ട് ബെഞ്ചമിൻ കട്ടിയക്കാരന്റെ കഴുത്തിൽ നിന്നും കോഴിക്കവർ ഊരിയെടുത്ത ശേഷം ഇറച്ചിക്കിടയിൽ കരളിനായി പരതി.

“കോഴിയായത് നന്നായി, അവർടെ മോള് വല്ലോം ആയിരുന്നേൽ, ഇയാള് അടുപ്പത്തിരുന്നേനെ” ലോറൻസ് ബെഞ്ചമിന്റെയടുക്കൽ നിന്നും കവർ തിരിച്ചെടുത്ത് മുന്നിലേക്ക് നടന്നു.

രാത്രിയായപ്പോൾ, മെമ്പർ, കരിങ്കോഴിയെ പിരട്ടിക്കറിയാക്കാൻ തീരുമാനമെടുത്തു. അദ്ദേഹം, പൊന്തക്കാട്ടിൽ നിന്നും നാരകയിലകളും, ഉടൻ കൊല്ലി മുളകും, കാട്ട് മല്ലിയും സംഘടിപ്പിച്ചു. കുഞ്ഞൊറോത്തയുടെ കടയിൽ കയറി നല്ലെണ്ണയും, വെളുത്തുള്ളിയും, തൈരും ഉപ്പും കട്ടു. എല്ലാം കൂടെ അരച്ച്, മാംസ നുറുക്കുകളിൽ പിരട്ടിയ ശേഷം, ഇരുമ്പൻ ചട്ടിയിൽ തിളപ്പിക്കാനാരംഭിച്ചു. കോഴിപ്പിരട്ടിന്റെ ഇളം ചൂര് മണത്തറിഞ്ഞ കുഞ്ചെറിയ, രണ്ട് തൊട്ടി വാറ്റുമായി കടന്നുവന്നു. കുഞ്ചെറിയയെ കണ്ട് സ്വാഭാവികമായി ഓടാൻ തയ്യാറെടുത്ത ലോറൻസിനെ അയാൾ തന്നെ പിടിച്ചു നിറുത്തി.

“ ചെ, ഓടാതെ… ഉനക്കാക താൻ ഇത് കൊണ്ട് വന്തേ”
(ചെ ഓടാതെ… നിനക്കായി തന്നെയാണ് ഇത് കൊണ്ട് വന്നത്)

അയാൾ ഉടൻ തന്നെ, ഇടത്തെ ചെമ്പു തൊട്ടിയിൽ നിന്നും കൈകൊണ്ട് കോരി, ലോറൻസിനെ കുടിപ്പിച്ചു. കോറിന്തോസും പാതിബോധം മിച്ചമുള്ള ലോറൻസും മറ്റുള്ളവരുമെല്ലാം, കുഞ്ചെറിയായും മെമ്പറുമൊത്ത് ചീട്ട് കളിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ഈച്ചക്ക് വെക്കലിനായി അണ്ണാവി, നരിവേഗത്തിൽ ചീട്ടുകളടുക്കുകയായിരുന്നു. അന്നേരത്ത് കുഞ്ചെറിയ വാറ്റിൽ കൈമുക്കി തീ കത്തിച്ച് രസിക്കുകയായിരുന്നു.

കുഞ്ചെറിയയുടെയും കുഞ്ഞൊറോത്തയുടെയും അപ്പൻ ‘റായിപ്പർ പോളൻ’ തെക്കൻ തിരുവിതാംകൂറിലെ പേരെടുത്ത മണിയാശാനായിരുന്നു. സ്വിറ്റ്‌സർലാൻഡിൽ നിന്നും കുടിയേറി വന്ന മണിസായിപ്പിന്റെ അടുക്കൽ നിന്നും ക്ളോക്കിനെ കറക്കാനും തിരിക്കാനുമൊക്കെ പഠിച്ചെടുത്ത് പേരു വാങ്ങിയവൻ! തന്റെ ചെറുപ്പകാലത്ത് കൂറിന്റെ അങ്ങോളമിങ്ങോളം ഓടിനടന്ന് ഘടികാര വിസ്മയങ്ങൾ സ്ഥാപിച്ചു. മണിയടിക്കുന്നവ, കുയിൽ കൂകുന്നവ, കൊത്തുപണികളുള്ളവ അങ്ങനെയങ്ങനെ അനേകം ക്ലോക്കുകൾ… എന്നാൽ അതിൽ ഏറ്റവും സവിശേഷമായത് ഒരു പഴയ കോവിലകത്തിന് വേണ്ടി പണിതതാണ്. കരടി ക്ളോക്ക്! ഭരണമുണ്ടായിരുന്നെങ്കിൽ കിരീടവകാശിയാകേണ്ടിയിരുന്ന തമ്പുരാൻ, വേട്ടയാടി പിടിച്ച കരടിയുടെ പുറം ചട്ടയുണക്കിയ ശേഷം, അതിൽ ക്ലോക്ക് പണിഞ്ഞിരിക്കുന്നു… അതിശയമെന്നല്ലാതെ ഇതിനെയെങ്ങനെ വിശേഷിപ്പുക്കുവാനാണ്…

അങ്ങനെ പേരും പുകഴുമുള്ള കാലത്ത് തന്നെയാണ് പെൺ-പിറന്നവളുടെ ഉള്ളിൽ ഉയിരായി, കുഞ്ചെറിയ കുരുത്തുടക്കിയതും. കുഞ്ചെറിയായെ പെറുന്ന വാവിൽ, ഇറ്റ് ശ്വാസത്തിനായി പെമ്പിറന്നവൾ എരിഞ്ഞുകൊണ്ടിരുന്നപ്പോൾ, എന്ത് ചെയ്യണമെന്നറിയാതെ നോക്കി നിൽക്കാനേ അയാൾക്കും വയറ്റാട്ടിക്കും കഴിഞ്ഞുള്ളു.

“പോളാ… ഇപ്പൊ ചെയ്യേണ്ടത് ചെയ്താ, പത്തായം പോയാലും കേടുവരാതെ നെല്ല് കിട്ടും… അല്ലെങ്കിൽ…”.

അവൾ ശ്വാസത്തിനായി ഏങ്ങലടിച്ചപ്പോൾ വയറ്റാട്ടിയുടെ നിർദ്ദേശം കൈകൊള്ളേണ്ടി വന്നു. അവളുടെ കൈകൾ രണ്ടും അയാൾ കൂട്ടികെട്ടി. വയറ്റാട്ടി കാലുകൾ കൂട്ടിപ്പിടിച്ചു. ക്ളോക്കുകളിൽ കറങ്ങുന്ന ചക്രപല്ലുകളെ തേടുന്ന സൂക്ഷ്മതയോടെ, അയാൾ പെമ്പിറന്നവളുടെ വയറാഴങ്ങളിലേക്ക് കത്തികൊണ്ട് ചീണ്ടി മുന്നേറി. അവളുടെ വയർ ചോര ചീറ്റുന്ന അതേ ചാരുതയിൽ, അയാളുടെ കണ്ണും കലങ്ങികൊണ്ടിരുന്നു. പെമ്പിറന്നവളുടെ മാറിൽ നിന്നും ഒടുവിലത്തെ ശ്വാസം കുടിയൊഴിയുന്നതിന് മുമ്പായിത്തന്നെ, ചോരകൊഴുപ്പിൽ പൊതിഞ്ഞ കുഞ്ചെറിയായെ പുറത്തെത്തിച്ചു. റായിപ്പർ പോളൻ സമയം കുറിച്ചു: ‘ഏഴര’... കുഞ്ഞിനെ വയറ്റാട്ടിയുടെ പക്കൽ ഏൽപ്പിച്ചയുടൻ തന്നെ അയാൾ, തന്റെ കൈവശമുള്ള സകല സമയകോപ്പുകളിലും നേരം ഏഴരയാക്കി മാറ്റി. ശേഷം അവയെ ഉടച്ചു. പിന്നീടവിടുന്ന്, പണിത എല്ലാ ഘടികാരങ്ങളെയും ഏഴരയിൽ തളച്ചിടാനുള്ള പണിപ്പാടിലായി. അങ്ങനെയൊടുവിൽ കരടി ക്ളോക്കിന്റെ ഊഴം വന്നിരിക്കുന്നു… കോവിലകത്തിന് സമ്മാനിച്ച കരടി ക്ളോക്കിനെ സ്തംഭിപ്പിക്കുന്നതിനിടയിൽ തമ്പുരാന്റെയാളുകൾ പോളനേയും കുട്ടികളെയും പിടിച്ചുകെട്ടി പൊതിരെ തല്ലി. പിന്നീടവർ കണ്ണ് തുറക്കുന്നത്, നല്ല പേയൂരിന് മുന്നിലത്തെ ചെളിക്കുണ്ടിലാണ്…

അഞ്ച്

റായിപ്പറാശാൻ പണിത വല്ല്യക്ളോക്കിൽ നോക്കി കോറിന്തോസ് അണ്ണാവി ചീട്ടടുക്കൽ തുടർന്നു…
സമയം 7:30 തന്നെ…
ചീട്ടുകളിൽ തെളിഞ്ഞ രൂപങ്ങൾ അയാളെ, തന്റെ ശിഷ്യന്മാരെ ഓർമിപ്പിച്ചു. അവരുടെ ജീവിതങ്ങളെ താൻ കയ്യിലിട്ട് ചൂതാടുന്നതായി തോന്നി. അടുക്കുന്നതിനിടയിൽ ജോക്കർ കടന്നുവന്നപ്പോൾ, ബോധമറ്റ് കിടക്കുന്ന കട്ടിയക്കാരനെ കണ്ട് അയാളുടെ നെഞ്ച് കലങ്ങി. എന്നാലതിലും വലിയ വേദനയുണ്ടാക്കിയത്, തൊട്ടപ്പന്റെ ചീട്ടാണ്. എല്ലാ ചവിട്ടുനാടകക്കാരന്റെയും തലതൊട്ടപ്പൻ, പണ്ടെങ്ങോ ജീവിച്ച ചിന്നത്തമ്പി അണ്ണാവിയാണെങ്കിലും കോറിന്തോസ് ഓർത്തത് തന്റെയപ്പനായ ദേവസ്യാനോസ് ശൗര്യാരെയാണ്. കോറിന്തോസിന്റെ കണ്ണിൽ നിന്നും വഴുതി വീണ തുള്ളി, തല തൊട്ടപ്പൻ ചീട്ടിനെ കുതിർത്തു.

“എടാ ശൗര്യാരെ… ഇയാള് ചീട്ടും വെച്ച് കുറുകാതെ അങ്ങോട്ട് നെരത്തിക്കെ… എത്ര നേരമാന്ന് വെച്ചാ…”

അണ്ണാവി കണ്ണ് തുടച്ച ശേഷം ചീട്ട് നിരത്താൻ തുടങ്ങി. പന്തികേട് പിടികിട്ടിയ മെമ്പർ പെരിയദുരൈ അയാളെ കുറെയേറെ നേരം നോക്കിയിരുന്നു.

“ശൗര്യാരെ… എന്ത് പറ്റിയതാ… അല്ല, നിനക്കാരാ കോറിന്തോസെന്ന് പേരിട്ടത്?’’

“അപ്പനാ”

“കോറിന്തോസെന്ന് വെച്ചാൽ എന്താന്നറിയോ ഇയാൾക്ക്”

“ഗ്രീസിലെ ഒരു സ്ഥലവാ… വിശുദ്ധ പോളച്ചൻ കോറിന്തോസുകാർക്ക് വേണ്ടിയെഴുതിയ കത്തുകളാ, എന്റപ്പന് ബൈബിളില് ഇഷ്ടപെട്ട ഭാഗം… അങ്ങനാ എനിക്ക് ഈ പേര് കിട്ടിയേ…”

“ഹാ അതല്ല ശൗര്യരാരെ, ബൈബിളിനും മുന്നേ കോറിന്തോസെന്ന് പറഞ്ഞ സ്ഥലം അവിടെ തന്നൊണ്ടല്ലോ…”

“അതിന്?’’

“ഹ ഹ ഹ… യവന പുരാണത്തിൽ കോറിന്തോസിന്റെ രാജാവായിരുന്നു സിസിഫസ്… സിസിഫസ് മരണത്തെ പല പ്രാവശ്യം പറ്റിച്ചു… ഇത് ദൈവങ്ങൾക്ക് പിടിക്കുവോ? ഇല്ല… അവര് പഠിച്ച പണി പതിനെട്ട് നോക്കീട്ടും ഇവനെ കൊല്ലാൻ പറ്റുന്നില്ല… അവരെന്തോയെടുത്തു, ഇവനെയങ്ങു ശപിച്ചു. ശാപമെന്താന്നറിയാവൊ? അനന്തകാലത്തേക്ക് ഒരു മലയുടെ മുകളിലേക്ക് പാറയുരുട്ടി കേറ്റുക, കേറ്റിയ ശേഷം പാറയെ താഴോട്ട് ഉരുട്ടി വിടുക.. ഇത് തുടർന്നൊണ്ടെയിരിക്കുക.. കഥയിലെ യുക്തി വെച്ച് ഇപ്പോഴും അവൻ ഇത് ചെയ്‌തോണ്ടിരിക്കുവായിരിക്കും… നമ്മടെ നാട്ടിൽ ഇതാരാന്ന് ഇയാൾക്ക് ഇപ്പൊ മനസിലായികാണുവല്ലൊ…”

“_ ’’

“വ്യത്യാസമെന്താന്ന് വെച്ചാൽ സിസിഫസ് ഗ്രീസിൽ കല്ലുരുട്ടി കയറ്റിയിറക്കിയത് ദൈവശാപമാണെങ്കി, ഇവിടെ നമ്മടെ നാട്ടിൽ ഇതേ കാര്യം ചെയ്തവനെ എല്ലാരും നാറാണത്ത് ‘ഭ്രാന്തൻ’ ന്ന് വിളിച്ചു… അങ്ങനെ രണ്ടും കൂട്ടി വായിക്കുന്നോർക്ക് മനസിലാകും, ഈ ഭ്രാന്തെന്ന് വിളിക്കുന്നത് ദൈവങ്ങടെ ശാപമാണെന്ന്… അങ്ങനെ നോക്കുമ്പോ, സിസിഫസല്ലെ ആദ്യത്തെ ഭ്രാന്തൻ”.

ഇത് പറഞ്ഞയുടൻ മെമ്പർ വല്ല്യക്ലോക്കിലേക്ക് ചൂണ്ടി. അതിലിപ്പോഴും ഏഴര നേരം തുടിച്ചുകൊണ്ടിരുന്നു. പക്ഷെ, സ്ട്രീറ്റ് ലൈറ്റിന്റെ മങ്ങിയ വെട്ടത്തിൽ ഒന്നുകൂടി തുറിച്ചപ്പോഴാണ് കാര്യം വ്യക്തമാകുന്നത്… വല്ല്യക്ലോക്കിന്റെ ഒരു വശത്തായി പാറയും കയ്യിൽ പിടിച്ചു നിൽക്കുന്ന സിസിഫസിന്റെ രൂപം! ഉരുളൻ കണ്ണുകളും നീളൻ മുടിയിഴകളും, ദൃഢഗാത്രനുമായ സിസിഫസ്, അണ്ണാവിയെ നോക്കി സന്താപിച്ചുകൊണ്ടിരുക്കുകയാണ്.

ഇടക്ക് കോറിന്തോസിന്റെ പക്കൽ പെരിയദുരൈ വന്നിരുന്നു. അയാൾ സാധാരണയില്ലാത്ത ഗൗരവത്തോടെ കോറിന്തോസിന്റെ തോളിൽ ചേർന്നു.

“ശൗര്യാരെ ശാപം തീരണെങ്കിൽ, നിങ്ങടെ ചവിട്ട് നാടകം നല്ല പേയ്ക്ക് പിടിക്കണം… പിടിക്കില്ലേ? പിടിക്കണം… എങ്കിലെ ഇവിടുത്ത്കാർക്ക് എഴുന്നേറ്റമുണ്ടാവത്തൊള്ളൂ’’.

(അവസാനിക്കുന്നില്ല).

Comments