ലയ ചന്ദ്രലേഖ.

സിസ്റ്റർ മേരി മഗ്ദലനയുടെ
ജീവിതത്തിലെ
രണ്ട് ദിനങ്ങൾ

ദിനം ഒന്ന്

ഞാൻ മരുഭൂമിയിലെ വേഴാമ്പൽപോലെ ആകുന്നു;
ശൂന്യസ്ഥലത്തെ മൂങ്ങാപോലെ തന്നേ.
ഞാൻ ഉറക്കം ഇളച്ചിരിക്കുന്നു;
വീട്ടിന്മുകളിൽ തനിച്ചിരിക്കുന്ന കുരികിൽ പോലെ ആകുന്നു.
- സങ്കീർത്തനം 102:6-7.

4:00 am

പേക്ഷിക്കപ്പെട്ട പൂച്ചക്കുഞ്ഞിന്റെ ശബ്ദം നിർത്താതെ തെരുവിൽ ഉയർന്നുകേട്ടു. അത് സിസ്റ്റർ മേരി മഗ്ദലനയെ അവരുടെ മരിച്ചുപോയ അമ്മയെ ഓർമ്മിപ്പിച്ചുകൊണ്ടിരുന്നു.

മേരി സ്വന്തം കൈവിരലുകളിലേക്ക് നോക്കി.

സൂചിപോലെ കൂർത്ത മൂർച്ചയുള്ള നഖങ്ങൾ ഉണ്ടവർക്ക്. മുകളിലേക്ക് ഉയർന്നു നിൽക്കുന്ന ത്രികോണാകൃതിയിലുള്ള നീണ്ട ചെവികൾ. അറ്റം വളഞ്ഞ നേർത്ത വാൽ. മീശരോമങ്ങൾ. സിസ്റ്റർ മേരി മഗ്ദലന ഒരു പൂച്ചയാണെങ്കിൽ തള്ളപ്പൂച്ചയാവുമോ കുഞ്ഞു പൂച്ചക്കുട്ടി ആവുമോ? ഏതാവും അവരുടെ തെരഞ്ഞെടുപ്പ്? അവർ ഒരമ്മയാവാൻ ആഗ്രഹിക്കുന്നില്ല. അവർക്ക് അവരുടെ നശിച്ച കുട്ടിക്കാലത്തേക്ക് മടങ്ങിപ്പോകേണ്ട.

മൂന്നാം നിലയിൽ നിന്നും തെരുവിലേക്ക് എത്തിനോക്കിയപ്പോൾ മേരി പൂച്ചക്കുട്ടിയെ കണ്ടില്ല. എത്ര ശ്രമിച്ചിട്ടും കണ്ടില്ല. (അധികം ശ്രമിക്കരുത് എന്ന് അവർ അവരോട് തന്നെ പറഞ്ഞിരുന്നു.) വഴിയോരത്ത് കരുണയുള്ള ആരോ ഒരു പ്ലാസ്റ്റിക് കവറിൽ ഭക്ഷണം വെച്ചിരുന്നു. ആ പൂച്ചക്കുഞ്ഞ് അതിലൊരു വറ്റ് തൊട്ടിട്ടില്ല. അതിന് മുലപ്പാലാണ് വേണ്ടതെന്ന് ദയാലുക്കളായ മനുഷ്യർക്ക് അറിയുമായിരിക്കില്ല.

അതെ. പൂച്ചക്കുട്ടിയെ കാണുന്നില്ല. ശബ്ദം മാത്രം കേൾക്കാം. ഒരുപക്ഷേ ഈ ഉപേക്ഷിക്കപ്പെട്ട കരയുന്ന പൂച്ചക്കുഞ്ഞ് തന്റെയൊരു ഭാവനാ സൃഷ്ടി മാത്രമാണോ എന്ന് സിസ്റ്റർ മേരിയ്ക്ക് സംശയം തോന്നി. എങ്കിൽ അവരെന്തിന് ഇത്തരത്തിൽ നിരാലംബയും ഭാഗ്യഹീനയുമായ ഒരു പൂച്ചക്കുഞ്ഞിനെ സൃഷ്ടിക്കുന്നു? അവർക്ക് മറ്റെന്തെല്ലാം തന്നെ സൃഷ്ടിച്ചുകൂടാ? പൂച്ച എന്ന മേരിയുടെ തെരഞ്ഞെടുപ്പ് മനസ്സിന്റെ അദൃശ്യമായ ഏത് ബിന്ദുവിൽ നിന്നും സ്ഥാനഭ്രഷ്ടമായാണ് അവർ പോലുമറിയാതെ സ്വന്തം തലച്ചോറിൽ നുഴഞ്ഞുകയറിയത്?

സിസ്റ്റർ മേരി മഗ്ദലന (മറ്റേതൊരാളെയും എന്നപോലെ) മുഴുവനായും പരുവപ്പെട്ട സ്വന്തം തലച്ചോറിന്റെ കല്പനകൾക്കനുസരിച്ച് പ്രവർത്തിക്കുന്നു.

4:27 am

മേശവലിപ്പിൽ വിശുദ്ധ ബൈബിളിന്റെ കീഴേ ഏറെ ഭദ്രമായി മറച്ചുവെച്ച ചുവന്ന പുസ്തകം പുറത്തെടുത്ത് അതിന്റെ വരകളില്ലാത്തതും വിശാലവുമായ താളിൽ മേരി ഇപ്രകാരം എഴുതിത്തുടങ്ങി:

യഥാർത്ഥത്തിൽ ഞാൻ ആരാണ്? മേരീ... നീ ആരാണ്?
'നീ' എന്ന് ഞാൻ എന്നെത്തന്നെ വിളിക്കുമ്പോൾ ഒരു ബോധ സ്വപ്നത്തിലെന്ന പോലെ അത്ഭുതകരമായി സ്വയം വേർപെട്ട് ഞാൻ എനിയ്ക്ക് രണ്ട് വ്യത്യസ്തമായ സ്വത്വങ്ങൾ ഉണ്ടാക്കിയിരിക്കുന്നു. ഞാനും പിന്നെ എന്നിൽ നിന്ന് വേർപെട്ട മറ്റൊരുവളും. (അത് സ്ത്രീയായിരിക്കും എന്നത് എന്റെ അഭ്യൂഹമാണ്.)

6:00 am

പ്രഭാതപ്രാർത്ഥനയ്ക്ക് മുട്ടുകുത്തിയിരിക്കുമ്പോൾ അടക്കം ചെയ്ത ഓർമ്മകളിൽ നിന്നും നിനച്ചിരിക്കാതെ നുഴഞ്ഞു കയറിയ അമ്മച്ചിയുടെ വിളറിയ മുഖം മേരിയുടെ മനസ്സിലേക്ക് അതിന്റെ വിവർണ്ണമായ മഷി കുടഞ്ഞിട്ടു.

അമ്മച്ചിയുടെ മനസ്സിന്റെ ഭൂപടത്തിൽ അവർ വരച്ചിട്ട ദേശങ്ങളുടെ അതിർത്തിരേഖകൾക്കുള്ളിൽ അപ്പനെന്നും ഒരു ദ്വീപായിരുന്നു. അയാൾക്ക് ചുറ്റിലും സമൂഹമുണ്ടായിരുന്നില്ല. ആരെയും അപ്പൻ സ്വാഗതം ചെയ്തില്ല. ആരിലേക്കും അപ്പൻ ഇറങ്ങിപ്പോയില്ല. നിറവാർന്ന സ്നേഹവും നിർദ്ദാക്ഷിണ്യം നിരാകരിക്കപ്പെട്ടേക്കാമെന്ന് അമ്മച്ചി രണ്ടാമതായി അറിയുന്നത് അപ്പച്ചനിലൂടെയാണ്. അയാൾ അവർക്ക് യാതൊന്നും നൽകിയില്ല. യാതൊന്നും സ്വീകരിച്ചുമില്ല. അയാൾ ധനികനോ ദരിദ്രനോ ആയിരുന്നില്ല. അമ്മച്ചിയിൽ നിന്നും ഏറെ വിഭിന്നനാണയാൾ. അമ്മ ഒരേ സമയം പാവപ്പെട്ടവളും സമ്പന്നയുമായിരുന്നു. ഭിക്ഷുകിയും ദാനശീലയുമായിരുന്നു. സ്നേഹമായിരുന്നു അവരുടെ ധനം. അതുകൊണ്ട് അവരയാളെ സ്നേഹിച്ചു. അവരുടെ സ്നേഹം നിലച്ചതേയില്ല. അതെ. നിങ്ങൾക്ക് മനസ്സിലായി.
അമ്മച്ചി ഒരു വിഡ്ഢിയായിരുന്നു.

9:00 am

മഠത്തിന്റെ മുറ്റത്ത് ഇലയറ്റം ഉണങ്ങിത്തുടങ്ങിയ പനിനീർച്ചെടികൾക്ക് അപൂർണമായി ദാഹമകറ്റിക്കൊണ്ടിരിക്കെ മൂടാൻ മറന്ന ഏതോ ചെറു മാളത്തിലൂടെ അമ്മച്ചി വീണ്ടും മനസ്സിലേക്ക് നുഴഞ്ഞുകയറി. (അവർ ഒരു യക്ഷിയാണ്, അവർക്ക് യഥേഷ്ടം രൂപങ്ങൾ മാറാം).

സ്വന്തം ജീവനെടുക്കാനുള്ള ചിന്ത അതിതീവ്രമായി അലട്ടിക്കൊണ്ടിരുന്ന നേരങ്ങളിൽ അമ്മച്ചി തന്നെത്തന്നെ രക്ഷപ്പെടുത്തുന്നതിനായി സ്വീകരിച്ച മാർഗ്ഗം ചുറ്റിലുമുള്ള ചെടികളെ കൊന്നുകളയലാണ്. അരുമയോടെ പോറ്റിവളർത്തിയ ചെടികൾ. അവർ അവറ്റകളെ പട്ടിണിക്കിടും. സൂര്യപ്രകാശവും ജലവും കിട്ടാതെ അവയുടെ ഇലകൾ ഓരോന്നായി പഴുത്തു മഞ്ഞയ്ക്കും. അനുനിമിഷം നിലത്തേക്ക് ചിതറിവീഴും. അപ്പോഴൊക്ക താൻ ആത്മാഹുതി ചെയ്യുകയാണെന്ന് അമ്മച്ചിയ്ക്ക് തോന്നും. അതി തീവ്രമായ മനോവേദനയുടെ സംതൃപ്തിയിൽ തന്നെത്തന്നെ നിർദയം ശിക്ഷിച്ചു കൈവരിച്ച പ്രശാന്തതയിൽ പിന്നെയും അവരുടെ ദിനങ്ങൾ വൃഥാ നീട്ടിക്കിട്ടും. അവർ വീണ്ടും ചെടികളെ വളർത്തി. അവയെ സ്നേഹിച്ച് പരിപാലിച്ചു. പിന്നെ സ്വന്തം ഹൃദയം തന്നെ പിളർത്തി കൊന്നുകളഞ്ഞു. അനിച്ഛമായി താൻ തന്നെ നിർമ്മിച്ചെടുത്ത ഒരു ഭീമൻ വൃത്തത്തിന്റെ സീമയിലൂടെ അമ്മ നിലയ്ക്കാതെ ഓടിക്കൊണ്ടിരിക്കയായിരുന്നു. എത്ര ആഗ്രഹിച്ചാലും അവർക്ക് എവിടെയെങ്കിലും നിശ്ചലമായി കാലുറപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. ആ ചെടികളൊക്കെയും അവരോട് ക്ഷമിച്ചിരുന്നുവോ?

10:00 am

ചുറ്റിലും തലയറുത്ത് കൊല്ലപ്പെട്ട ചെടികളുടെ അസഹ്യമായ ശവഗന്ധം നിറഞ്ഞു. മേരീ… നിലം പറ്റിക്കിടന്ന ചിന്തിയ ചെടിയുടലുകളിലേക്ക് കണ്ണ് പായിക്കാൻ ഞാൻ ഭയപ്പെട്ടു. മുറിയിലെ കണ്ണാടികൾ ഞാനിന്ന് എടുത്തുമാറ്റി. അവയെല്ലാം എന്നെ നോക്കി ‘കൊലപാതകീ’ എന്ന് ആർത്തുവിളിച്ചേക്കാം…

4:00 pm

അവൻ എന്റെ കാലുകളെ പേടമാന്റെ കാലുകൾക്ക് തുല്യമാക്കി,
ഉന്നതങ്ങളിൽ എന്നെ നിർത്തുന്നു
അവൻ എന്റെ കൈകളെ യുദ്ധം അഭ്യസിപ്പിക്കുന്നു;
എന്റെ ഭുജങ്ങൾ താമ്രചാപം കുലയ്ക്കുന്നു
- സങ്കീർത്തനം 18:33-34 (NIV).

സിസ്റ്റർ മേരി മഗ്ദലന നോക്കുമ്പോൾ കുളിമുറിയുടെ ജലാംശമുള്ള തണുത്ത തറയിൽ മലർന്നുകിടന്നുകൊണ്ട് ഒരു വണ്ട് പിടയുന്നു. കമിഴാനുള്ള അതിന്റെ ശ്രമം തുടങ്ങിയിട്ട് വളരെ നേരമായിക്കാണണം. അവൾ വണ്ടിനെ ഉറ്റുനോക്കി. അതിന്റെ ഓരോ അനക്കവും സാകൂതം നിരീക്ഷിച്ചു. ആ വണ്ട് അധികം വൈകാതെ കമിഴണമെന്നും അവിടെ നിന്ന് പറന്നുയരണമെന്നും അവൾ അഭിലഷിച്ചു.
"നിനക്ക് കഴിയും. നിനക്കതിന് സാധിക്കും. ശ്രമിക്കൂ… അങ്ങനെ... ഒരു തവണ കൂടി… അങ്ങനെ..." - അവളുടെ മനസ്സ് നിർത്താതെ ചിലച്ചുകൊണ്ടിരുന്നു. ഓരോ തവണയും കമിഴുന്നതിന്റെ തൊട്ടടുത്ത് വന്ന് ആ ജീവി പിന്നെയും എല്ലാ പ്രതീക്ഷയുമറ്റ് പരാജയപ്പെട്ട് വീണുപോയി. എന്നിട്ടും അത് വൃഥാ പരിശ്രമിച്ചുകൊണ്ടേയിരുന്നു. അവൾക്ക് ആ വണ്ട് ജയിച്ചേ തീരുമായിരുന്നുള്ളൂ. ഒടുവിൽ വിഫലമായ അതിന്റെ ശ്രമങ്ങൾക്ക് വിരാമമിടാനായി അവൾ തന്റെ വള്ളിച്ചെരിപ്പുകൊണ്ട് മൃദുലമായി, നോവിക്കാതെ അതിനെ തിരിച്ചുകിടത്തുക തന്നെ ചെയ്തു.
സബാഷ്, ഇപ്പോൾ വണ്ടിന് പറക്കാം. പക്ഷേ അതിശയകരമെന്ന് പറയട്ടേ, ആ ജീവി പിന്നെയും ചലനമറ്റ് അനങ്ങാതെ തുറിച്ച് നിൽക്കുക മാത്രമാണ് ചെയ്തത്. എങ്ങനെയാണ് പറക്കേണ്ടതെന്ന് അത് മറന്നുപോയതുപോലെ.

നിസ്സഹായവും കഠിനവുമായ തന്റെ പൂർവ്വാവസ്ഥ ആ നികൃഷ്ട ജീവിയിൽ രതിജന്യമായ ഒരു സുഖം ജനിപ്പിച്ചിരിക്കണം. അതിനി ഒരിക്കലും പറന്നേക്കില്ല. വിജയത്തെ സ്വമനസ്സാ നിരാകരിച്ചുകൊണ്ട് ലജ്ജ കലർന്ന നാണത്തോടെ അത് പരാജയത്തിന്റെ മാല്യമണിയുന്നു. വീണ്ടും മലർന്ന് വീഴാതെ ശിഷ്ടകാലം ആശയറ്റ്, ആശ്രയമറ്റ് ഞരങ്ങി നിലവിളിക്കാൻ അതിഷ്ടപ്പെടുന്നു! എന്തൊരു വികൃതമായ ഇച്ഛ! "ചത്തുതുല പണ്ടാരമേ...!" അവൾ അതിന് ആഞ്ഞൊരു ചവിട്ട് കൊടുത്തു. വണ്ട് ഇളംമഞ്ഞ മഷിയിൽ തെറ്റിവരച്ചിട്ട ഒരു അമൂർത്ത ചിത്രം പോലെ ടൈലിന്റെ വെളുത്ത കാൻവാസിനെ അമർത്തിച്ചുംബിച്ചു.

"ഇനിയെന്റെ അമ്മച്ചിയെ തല്ലിയാ അപ്പനാണെന്നൊന്നും ഞാൻ നോക്കില്ല. അറത്തുകളയും നായിന്റെ മോനേ..." വർഗ്ഗീസിന്റെ ഉണങ്ങിയ കഴുത്ത് വിണ്ടുകീറിയ അടുക്കളച്ചുമരിനോട് ചേർത്ത് കുത്തിപ്പിടിച്ച് മേരിക്കുട്ടി അലറിവിളിച്ചു. അയാളുടെ ഉറവ പൊടിയുന്ന മെല്ലിച്ച തൊണ്ടയിൽ ചെറിയ കുപ്പിവളപ്പൊട്ട് പോലെ കറിക്കത്തി അരുമച്ചിത്രം വരച്ചു.

കുഞ്ഞുമേരിയുടെ വരയിട്ട നോട്ടുപുസ്തകത്തിൽ ചുവന്ന കളർപ്പെൻസിലുകൊണ്ട് വികലമായ ഒരു ചെമ്പരത്തിയെ കോറിയിട്ട് വർഗ്ഗീസ് പറഞ്ഞു; "ഇനി കൊച്ച് വരയ്ക്ക്..."
"അയ്യേ… ഇതിന് നാലിതളേ ഉള്ളൂ", മേരി മുഖം ചുളിച്ചു.

വർഗ്ഗീസിന് കുറ്റബോധം തോന്നി;
"ചില ചെമ്പരത്തികൾ... അങ്ങനെയാ കൊച്ചേ...".

"ഈ... പൊട്ടച്ചെമ്പരത്തി" അവളത് വെറുപ്പോടെ കുത്തിവരഞ്ഞു. എന്നിട്ട് തൊട്ടടുത്തായി അഞ്ചിതളുള്ള മനോഹരമായ ഒരു ചെമ്പരത്തിപ്പൂ വരഞ്ഞ് നിലാവ് പോലെ പുഞ്ചിരിച്ചു: "അപ്പായി നോക്കിക്കേ..."

വർഗ്ഗീസ് അവളുടെ കുഞ്ഞുനെറ്റിയിൽ കൈചേർത്തു. അരുമയോടെ തലോടി.
"അപ്പായീടെ കൊച്ച് മിടുക്കിയാണ്’’, അയാളുടെ കണ്ണുകൾ നിറഞ്ഞു.

6:30 pm

ഒരുവട്ടം കൂടി നിന്റെ ഗർഭപാത്രത്തിലെ ജലാശയത്തിൽ കരുവായി തളിരിടാൻ അവസരം സിദ്ധിക്കുമെങ്കിൽ, ഇതുവരെ ആർജ്ജിച്ച എല്ലാ കഴിവുകളും നഷ്ടപ്പെടുത്താൻ ഞാൻ തയ്യാറാണ്. പറക്കേണ്ടതെങ്ങനെയെന്ന എന്റെ ഓർമ്മകളെ, വാക്കുകളെ, അതീജീവനത്തിനായുള്ള എല്ലാ ഉപാധികളെയും അറിവുകളെയും, ഒരേയൊരു നിമിഷത്തിന്റെ കേവല ദൈർഘ്യത്തിൽ ഞാനിതാ പാടേ മറന്നുകളയാം - എന്നന്നേക്കുമായി. നാളൊരിക്കലും വിടരുകയോ വാടുകയോ ചെയ്യാത്ത ഒരു ചെറുമുകുളമായി അമ്മേ, എനിയ്ക്ക് നിന്റെയുള്ളിൽ ഉറങ്ങിയാൽ മാത്രം മതി. അനുവദിക്കുമോ...?

8:00 pm

രാത്രി പ്രാർത്ഥനയ്ക്ക് മുട്ടുകുത്തി ഇരിക്കവേ തന്നിൽ പന്തലിച്ച നിത്യദുഃഖത്തിന്റെ അടിവേരുകൾ തിരഞ്ഞ് മേരി യാത്രയായി. അപ്പോഴെല്ലാം അവ മുഴുവൻ അടക്കിയിട്ടും ഉയിർക്കുന്ന കാലുകളില്ലാത്ത പ്രേതരൂപങ്ങളെപ്പോലെ രക്തദാഹികളായി നിലംതൊടാതലയുകയാണെന്നറിഞ്ഞ് അവൾ ഞെട്ടിവിറച്ചു. ഉറവിടം കണ്ടെത്താനാവാത്ത അവയോരോന്നും ശവംതീനിക്കഴുകുകളെപ്പോലെ അവളുടെ ചേതനയറ്റ ഉടലിനെ ഉന്നംപാർത്ത് അക്ഷമയോടെ സദാ വട്ടമിട്ടു പറന്നു. മേരി ചിരിക്കാൻ ശ്രമിച്ചു. ഉറക്കെയുറക്കെ പൊട്ടിച്ചിരിച്ചു. ചിരികളെല്ലാം എണ്ണമറ്റ മിന്നൽപ്പിണറുകൾ പോലെ അവളുടെ ഹൃദയത്തിൽ വിള്ളലുകൾ വീഴ്ത്തി. അപ്പോഴെല്ലാം മേരി വേദനകൊണ്ട് പുളഞ്ഞുപോയിരുന്നു.

ബലാൽക്കാരമായ രതിയുടെ അവശിഷ്ടമായി പിറന്നുവീഴുന്ന ഒരു കുഞ്ഞിനോട് അതിന്റെ അമ്മയ്ക്ക് തോന്നുന്ന സ്വാഭാവിക വികാരത്തിന്റെ പ്രബലമായ സാധ്യത വെറുപ്പിനോളം മറ്റൊന്നിനുമില്ല. ഭൂമിയിൽ പച്ചപ്പിറവിയെടുക്കും മുൻപേ തന്നെ മറ്റാരോ ചാർത്തിത്തന്ന പാപത്തിന്റെ ക്രൂരമായ സ്മരണികയായി ജീവിച്ചിരിക്കാൻ അത് നിർദയം ശപിക്കപ്പെട്ടിരിക്കുന്നു. മേരി - അവളും വെറുക്കപ്പെട്ടവളായിരുന്നു...

11:34 pm

ജീവിതത്തിൽ മാറാതെ തുടരുന്ന ഒരേയൊന്ന് മാറ്റമാണ് എന്ന ചിന്തയെ ഞാൻ സ്വീകരിക്കുന്നില്ല. അതൊരു അപൂർണ സത്യം മാത്രമാണ്. ഇവിടെ ജീവിതം മാറ്റത്തെ ഉൾക്കൊള്ളുന്നു. യഥാർത്ഥത്തിൽ അങ്ങനെയല്ല. മാറ്റം ജീവിതത്തെയാണ് ഉൾക്കൊള്ളുന്നത്. മാറ്റം സർവവ്യാപിയാണ്. അത് ഭൂമിയിലെ നൈമിഷികവും തുച്ഛവുമായ മനുഷ്യജീവിതങ്ങളിൽ ഒതുങ്ങുന്ന കേവലമായ ഒന്നല്ല.

മറിച്ച് പ്രപഞ്ചത്തിൽ മാറ്റമില്ലാതെ തുടരുന്നത് മാറ്റമാണ് എന്ന ചിന്ത സത്യത്തോട് കൂടുതൽ അടുത്ത് നിൽക്കുന്നു. എങ്കിലും അതും അപൂർണമായിരിക്കണം. എന്തെന്നാൽ പ്രപഞ്ചം എന്ന് നാം വിളിക്കുന്ന ഈ മഹാത്ഭുതത്തിനുമപ്പുറം എന്തെങ്കിലും ഉണ്ടായേക്കുമെങ്കിൽ അതിലും വിശാലമാകുന്നു മാറ്റം. മാറ്റം ഒരു രൂപം (Form) ആണ്. ആശയം (Content) അല്ല.

ദിനം രണ്ട്

നിന്റെ യൗവനം കഴുകനെപ്പോലെ പുതുക്കപ്പെടേണ്ടതിന്
അവൻ നിന്റെ ആഗ്രഹങ്ങളെ നന്മയാൽ തൃപ്തിപ്പെടുത്തുന്നു.
- സങ്കീർത്തനം 103:5 (NIV).

8:13 am

ന്ന് ഞാൻ കണ്ട സ്വപ്നത്തിൽ കരിയിലകൾക്ക് മുകളിലൂടെ ഒരു പെൺസിംഹം നടന്നുവന്നു. ഞാനവൾക്ക് വലിയ ആലിലയുടെ രൂപമുള്ള ഒരു കണ്ണാടി കൊടുത്തു. അവൾ ആദ്യമായാണ് ഒരു കണ്ണാടി കാണുന്നതെന്ന് എനിയ്ക്കുറപ്പായിരുന്നു. പക്ഷേ അതിലവളുടെ പ്രതിബിംബം ഉണ്ടായിരുന്നില്ല. പ്രതിബിംബം ഇല്ലാത്ത ഉപയോഗശൂന്യമായ ഈ വസ്തുവിനെ ചൂണ്ടിക്കാട്ടി ഒരു കണ്ണാടിയെന്നാൽ എന്താണെന്ന ഏറ്റവും പ്രാഥമികവും ലളിതവുമായ കാര്യം എങ്ങനെ ഈ സിംഹത്തിന് മനസ്സിലാക്കിക്കൊടുക്കുമെന്ന് ഞാൻ തികച്ചും അസ്വസ്ഥയായി. പ്രതിബിംബം എന്താണ് എന്നത് ആരെയും പറഞ്ഞ് പഠിപ്പിക്കാൻ കഴിയുന്നതല്ല. അതൊരു അനുഭവമാണ്. എപ്പോഴെങ്കിലും ഭൂമിയോട് ചേർന്ന് നാല് കാലുകളാൽ ഊന്നപ്പെട്ട ഭാരത്തിന് പുറത്ത് വന്നുകൊണ്ട് ആ സിംഹം അവളുടെ തന്നെ കണ്ണുകളിലേക്ക് ഉറ്റുനോക്കണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. സത്യത്തിൽ എനിയ്ക്കവളെ പഠിപ്പിയ്‌ക്കേണ്ടിയിരുന്നത് കണ്ണാടികളെക്കുറിച്ചായിരുന്നില്ല. പിന്നെ എന്തായിരുന്നു?

12:57 pm

തിയേറ്ററിന്റെ നിശ്ശബ്ദതയിൽ നായകൻ നായികയെ ഏറ്റവും പ്രണയപൂർവം കെട്ടിപ്പുണരുന്ന രംഗം തെളിഞ്ഞപ്പോൾ മേരി ജോസഫിനെയോർത്തു.

അവൾക്ക് അത്ഭുതം തോന്നി.
ദശാബ്ദങ്ങൾക്കിപ്പുറവും എല്ലാം താനോർത്തിരിക്കുന്നു?
അതേ തീക്ഷ്ണതയിൽ...
അതേ നിഗൂഢവന്യതയിൽ...
നടവഴിയിൽ നിന്നും വീണുകിട്ടുന്ന മണ്ണിൽ പുതഞ്ഞ ഒരു ചെറിയ വളപ്പൊട്ട് ഭൂതകാലത്തിലെ അതിന്റെ പൂർണ വൃത്താകാരത്തേക്കുറിച്ച് ഓർമ്മപ്പെടുത്തുംപോലെ...
ഒരിക്കലും കണ്ടിട്ടില്ലയെങ്കിലും ചിലപ്പോൾ പൂർണമായി നഷ്ടപ്പെട്ടു പോയതെങ്കിലും എല്ലാ വളപ്പൊട്ടുകൾക്കും അദൃശ്യമായ ഒരു പൂർണ വൃത്തം ചമയ്ക്കുന്നുണ്ട് കണ്ണുകൾ. ഓർമ്മകളിലേക്ക് തിരിച്ചുപോകുവാൻ മനസ്സിന് എന്തു വെമ്പലാണ്? തിരിച്ചു കിട്ടില്ലെന്നറിഞ്ഞിട്ടും നഷ്ടങ്ങളെ പിന്നെയും കിനാവ് കാണുവാനും.

ജോസഫ്...
നീയിപ്പോൾ എന്ത് ചെയ്യുകയാണ്…?
ലാലിയുടെ നഗ്നമായ ഉടലിൽ ചുറ്റിപ്പടർന്ന് കിതയ്ക്കുകയാവും. ചുവന്ന വെയിൽ കത്തിനിൽക്കുന്ന പകൽ നേരങ്ങളിൽ വന്യമായ രതിയിലേർപ്പെടാൻ നീയെന്നും ഇഷ്ടപ്പെട്ടിരുന്നു...

2:14 pm

തീയേറ്റർ വിട്ടിറങ്ങി മഠത്തിനു സമീപത്തേക്കുള്ള മെട്രോയിൽ കയറി സുരക്ഷിതമായി കമ്പിത്തൂണിൽ ഉറച്ചു. അപ്പോഴാണ്, ചുറ്റിലെ കാഴ്ച കണ്ട് മേരി അമ്പരന്നു. കക്ഷത്തിലും ഗുഹ്യഭാഗത്തും രോമങ്ങൾ നീട്ടിവളർത്തിയ പെണ്ണുങ്ങളാണ് അവൾക്ക് ചുറ്റിലും. കൈകൾക്കും ഉടലിനുമിടയിലെ ചെറു മാളത്തിൽ നിന്നും സ്തനങ്ങൾ കവിഞ്ഞ് പൊക്കിൾക്കുഴി വരെ നീണ്ടുകിടക്കുന്ന കറുത്ത ചകിരിനാരുകൾ പോലുള്ള മുടികൾ. അവ മനോഹരമായ ആകൃതിയിൽ വെട്ടിയൊതുക്കിയിരിക്കുന്നു. കാലുകളുടെ ഇടയിൽനിന്നും പടർന്നിറങ്ങിയ രോമക്കാട് മുട്ടോളമെത്തിയിരിക്കുന്നു. കൈയില്ലാത്ത ഉടുപ്പുകൾക്കുള്ളിൽ അവർ ബ്രേസിയർ ധരിച്ചിരുന്നതായി തോന്നിയില്ല. ഉച്ചത്തിൽ വർത്തമാനം പറഞ്ഞ് ഉറക്കെയുറക്കെ പൊട്ടിച്ചിരിച്ചുകൊണ്ടിരുന്നു അവർ. ഒരേ സമയം അവർ പുരാതന കാലത്തുനിന്നും ഇറങ്ങിവന്ന അവളുടെ മുതുമുത്തശ്ശിമാരെയും ഇനിയും ജനിച്ചിട്ടില്ലാത്ത വിദൂരഭാവിയിലെ അവളുടെ പെൺകുഞ്ഞുങ്ങളെയും ഓർമ്മിപ്പിച്ചുകൊണ്ടിരുന്നു. അവരുടെ ഇടയിൽ നിൽക്കുമ്പോൾ താനാണ് ഏറ്റവും അപരിഷ്കൃതയെന്ന് അവൾക്ക് തോന്നി. അവരാരും അവളെ കണ്ടിരുന്നത് പോലുമില്ല.

ഒരുപക്ഷേ ഞാൻ അദൃശ്യയായിരിക്കണം. ഞാനാണ് അനേകകോടി വർഷങ്ങൾക്ക് മുൻപുള്ള എന്റെ ഭൂതമോ അത്രതന്നെ അകലെയുള്ള എന്റെ ഭാവിയോ കണ്ടുകൊണ്ടിരിക്കുന്നത്. ഞാൻ ഒരേ സമയം മൂന്ന് കാലങ്ങളിൽ അധിവസിക്കുന്നു. ഭൂതം, ഭാവി, വർത്തമാനം.

ട്രെയിൻ ഇറങ്ങിയപ്പോൾ എല്ലാം പഴയപടിയായി. അവളുടെ ചുറ്റിലും 'സാധാരണ' മനുഷ്യർ വന്ന് നിറഞ്ഞു. അവർ തീർച്ചയായും അവളെ കണ്ടു. നോക്കി പുഞ്ചിരിക്കുകയോ നിസ്സംഗഭാവത്തിൽ നടന്നകലുകയോ ചെയ്തു. എതിരെ വരുന്നേരം ജാഗ്രത്തായി ഉടലുടക്കാതെ വശംചേർന്നു.

3:07 pm

എന്റെ പ്രിയൻ എനിക്കുള്ളവൻ, ഞാൻ അവന്റേതാണ്;
അവൻ താമരപ്പൂക്കൾക്കിടയിൽ മേയുന്നു.
- ശലോമോന്റെ ഉത്തമഗീതം 2:16.

നിന്റെ നെഞ്ചിൽ തല ചായ്ച്ചുകിടന്ന് പിന്നെ ഉണരുന്നതുവരെയുള്ള ഇട നേരത്തിനുള്ളിൽ ഓരോ തവണയും ഞാൻ മുഴുവൻ ലോകവും ചുറ്റി വന്നുകൊണ്ടിരുന്നു. അജ്ഞാതവും കമനീയവുമായ ഭൂപ്രദേശങ്ങളുടെ നേർമുകളിലൂടെ ഗംഭീരമായ ചിറകുകൾ വിടർത്തി ഞാൻ ഉലകസഞ്ചാരിണിയായി. നമ്മുടെ സ്നേഹം എന്റെയിടങ്ങളെ കൂടുതൽ വിശാലമാക്കിത്തീർത്തു. ആ ലോകത്ത് കൂടുതൽ മനുഷ്യരെയും അനുഭവങ്ങളെയും നിറച്ചു. എന്റെ അടച്ചിട്ട വാതിലുകളെയെല്ലാം അനായാസേന മലർക്കെത്തുറന്ന് നീയെന്നെ പുറത്തേക്ക് സ്വാഗതം ചെയ്തപ്പോൾ ജീവിതത്തിൽ ആദ്യമായി ഞാൻ യഥാർത്ഥ സ്നേഹം രുചിച്ചു. അവനവനെയും ചുറ്റുമുള്ള ഉലകത്തിനെയും കൂടുതൽ വിശാലവും വർണ്ണശബളവുമാക്കുന്ന സുഖാനുഭൂതിയാണ് ശരിക്കുള്ള സ്നേഹമെന്ന് ജീവിതത്തിൽ ആദ്യമായി ഞാൻ അനുഭവിച്ചറിഞ്ഞു. അസാധാരണ കൂട്ടുകളിൽ ഒരിയ്ക്കലും നിലയ്ക്കാതെ ഞാൻ എന്റേതു മാത്രമായ പുതിയ നിറങ്ങളെ കണ്ടെത്തിക്കൊണ്ടിരുന്നു. ഇതാ, ഇതേ വിധമാണ് എനിയ്ക്കും നിന്നെ സ്നേഹിക്കേണ്ടത്. നിനക്ക് അനശ്വരമായ നൂറായിരം ചിറകുകൾ തുന്നിത്തരണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.

3:12 pm

ജോസഫ്...
നാളെ ഞാൻ നിന്നെ വീണ്ടും കാണും. അല്ല, അത് നീയല്ല. നിന്റെ അതേ ഛായയുള്ള മറ്റൊരുവൻ. എന്റെ പുതിയ കാമുകൻ. നിന്റെ ഛായയുള്ളതുകൊണ്ട് മാത്രമാണ് ഞാൻ അവനെ പ്രണയിച്ചു തുടങ്ങിയതെന്ന രഹസ്യം അവനറിയില്ല. അതറിഞ്ഞാൽ അവനെന്നെ ഉപേക്ഷിച്ചു പോയേക്കും. ഉപേക്ഷിക്കപ്പെട്ടാലും മേരി നിലനിൽക്കും. നിനക്കറിയാമല്ലോ, അതെപ്പോഴും അങ്ങനെ തന്നെ ആയിരുന്നു.

നിന്നെ ഞാൻ അസൂയപ്പെടുത്തട്ടെ...
നാളെ ഞങ്ങൾ അതി നിബിഡമായ ഒരു കാട്ടിൽവെച്ചാണ് സംഗമിക്കുക. പതിയേ ഞെരിഞ്ഞമരുമ്പോൾ കുഞ്ഞ് പരുക്കൻ കല്ലുകളും വൃക്ഷ ശിഖരങ്ങളും മേലുരഞ്ഞ് ചോര പൊടിയും. മുറിവിൽ നനഞ്ഞ മണ്ണ് പുരളുമ്പോൾ നീറ്റലുണ്ടാവും… ചെറുതായി വീശുന്ന കാറ്റിൽ പഴുത്ത ഇലകൾ ഉടലുകളിലേക്ക് പറന്നു വീണുകൊണ്ടിരിക്കും. മരക്കൊമ്പുകളിൽ മറഞ്ഞിരുന്നുകൊണ്ട് കുരുത്തം കെട്ട കുരങ്ങന്മാർ ഒളിഞ്ഞ് നോക്കുകയാവും. അണ്ണാറക്കണ്ണന്മാർ ‘ചിൽ ചിൽ’ ശബ്ദമുണ്ടാക്കിക്കൊണ്ടേയിരിക്കും. പേരറിയാത്ത കാട്ടുപക്ഷികൾ നിർത്താതെ പാട്ട് പാടുന്നുണ്ടാവും. കാട്ടിലെങ്ങും പാരിജാതം പൂത്ത മണമായിരിക്കും. അപ്പോഴാണ്… ഇടിവെട്ടി... നേർത്തു നേർത്ത്... ഒരു കുഞ്ഞു മഴ പെയ്ത് തുടങ്ങുക...

4:45 pm

മകളേ, കേൾക്ക; ചെവി ചായിച്ചു നോക്കുക;
നിന്റെ ജനത്തെയും നിന്റെ പിതൃഭവനത്തെയും മറക്കുക,
രാജാവ് നിന്റെ സൗന്ദര്യത്തെ ആഗ്രഹിക്കും.
അവൻ നിന്റെ നാഥനായതിനാൽ, അവനെ വണങ്ങുക.
- സങ്കീർത്തനം 45:10-11.

അപ്പോഴാണ് സിസ്റ്റർ മേരി ആ കാഴ്ച കണ്ടത്. ഇടത്തേ ചുവരിന്റെ താഴേ മൂലയിലെ ചെറുദ്വാരത്തിനടുത്തായി പറ്റിപ്പിടിച്ചിരുന്നുകൊണ്ട് ഒരു കറുത്ത എട്ടുകാലി തന്റെ നഗ്നത ഉറ്റുനോക്കുന്നു!

മേരിയ്ക്ക് നാണം തോന്നി. അവസാനത്തെ അടിവസ്ത്രവും ഊരിമാറ്റി അവൾ പിറന്നപടി വെളിപ്പെട്ടു നിന്നു. പിറന്നപ്പോൾ മേരിയ്ക്ക് (മറ്റേതൊരാളെയും എന്നപോലെ) ഗുഹ്യരോമങ്ങൾ ഉണ്ടായിരുന്നില്ല. ഇപ്പോഴുണ്ട്. വളർച്ചയുടെ ഈ പരിണാമം അവൾ ആസ്വദിക്കുന്നു. സ്വന്തം ശരീരത്തിന്റെ വടിവുകളും വഴക്കങ്ങളും അവൾ ആസ്വദിക്കുന്നു. നിബിഡമായ കാട്ടിലൂടെയും ഉരുളൻ മലനിരകളിലൂടെയും അവളുടെ വിരലുകൾ കവിതകൾ പാടിയലഞ്ഞു. അവൾക്ക് കുളിർത്തു. ഗുഹാമുഖം പിളർത്തിക്കൊണ്ട് ഒഴുകിവരുന്ന വിശുദ്ധമായ തെളിഞ്ഞ നദിയിൽ നിന്ന് അവൾ പാനം ചെയ്തു. അവൾക്ക് പാപമോചനം കിട്ടി.

5:30 pm

മഴ പെയ്യുന്നുണ്ടായിരുന്നു. പെരുമഴ. മേരി ഒരു ഗ്ലാസ് കട്ടൻ കാപ്പിയുമായി കോലായിലെ ചാരുകസേരയിൽ മുറ്റത്തേക്ക് നോക്കി ഇരിക്കുകയായിരുന്നു. അങ്ങനെ നോക്കി നോക്കി ഇരിക്കുമ്പോൾ പെരുവെള്ളം വീണ് വീണ് മുറ്റത്ത് വട്ടത്തിലൊരു കുഴി രൂപപ്പെട്ടു വന്നു. അതിൽ നിറയെ വെള്ളം. ചെളി കലർന്ന വെള്ളമല്ല. കണ്ണാടിച്ചില്ലുപോലെ നല്ല തെളിഞ്ഞ വെള്ളം. പെട്ടെന്ന് അങ്ങോട്ടൊരു പക്ഷി പറന്നുവന്നു. ഒരു വണ്ണാത്തിപ്പുള്ള്. അവൾ കുളത്തിനരികെ വന്നിരുന്ന് അതിൽ നിന്നും തെളിവെള്ളം കുടിക്കാൻ തുടങ്ങി. ആ ജലത്തിന്റെ സ്വർഗ്ഗീയാനുഭൂതി നൽകുന്ന രുചിയാലെന്നപോലെ അവൾ തലയുയർത്തി പാടാൻ തുടങ്ങി. അവളുടെ പാട്ടു കേട്ടാവണം അങ്ങോട്ട് രണ്ട് ഇരട്ടത്തലച്ചികൾ കൂടെ പറന്നു വന്നു. അവരും വെള്ളം കുടിച്ചു. സന്തോഷത്താൽ ചിറകടിച്ച് ഒച്ചയുണ്ടാക്കി.

പിന്നീട് വന്നത് ഒരു കാക്കയാണ്. അത് കഴിഞ്ഞ് രണ്ട് തത്തകൾ, ഒരു കൊക്ക്, കുയിലുകൾ, നീലപ്പൊന്മാൻ, മഞ്ഞക്കിളികൾ, മരംകൊത്തി, മലമുഴക്കി വേഴാമ്പൽ, ചിന്നക്കുട്ടുറുവൻ, ചെമ്പോത്ത്, നീലപ്പൊന്മാൻ, വെള്ളിമൂങ്ങ, രാജകപോതങ്ങൾ, കൃഷ്ണപ്പരുന്ത്, പിന്നെ മൂന്ന് മയിലുകൾ... എല്ലാവരും തെളിനീര് കുടിച്ച് കുളത്തിന് ചുറ്റും സന്തോഷത്തോടെ ചിറകടിച്ച് പറക്കാനും പാട്ടു പാടാനും നൃത്തം ചെയ്യാനും തുടങ്ങി. മേരി രാപ്പാടികളുടെ പാട്ടിനൊത്ത് ചുവടുവെയ്ക്കുന്ന മയിലുകളുടെ മനോഹരമായ നൃത്തം നോക്കി നിന്നു. അവസാനമായി അങ്ങോട്ട് പറന്നെത്തിയത് ഒരു കഴുകനായിരുന്നു. കഴുകൻ താഴേക്ക് പറന്നിരുന്ന് കുളത്തിലെ വെള്ളം മൊത്തിക്കുടിച്ചു. അത്ഭുതകരമായ കാര്യം, കഴുകനെ കണ്ട് മറ്റൊരു പക്ഷിയും പേടിക്കുകയോ പറന്നു പോവുകയോ ചെയ്തില്ല. പകരം കഴുകൻ പക്ഷികളുടെ നൃത്തത്തിൽ ഒപ്പം കൂടി. അതൊരു അവിശ്വസനീയമായ സംഗമം ആയിരുന്നു. പക്ഷികളുടെ സംഗമം.

മേരി അത്രയും പക്ഷികളെ ഒരുമിച്ച് ആദ്യമായി കാണുകയായിരുന്നു. അവൾക്ക് പറഞ്ഞറിയിക്കാനാകാത്ത സന്തോഷം തോന്നി. അവൾ പതിയേ മുറ്റത്തേക്ക് ഇറങ്ങിച്ചെന്നു. അവളുടെ മേൽ മഴച്ചീളുകൾ ആർത്തലച്ചു. ആ കുളത്തിൽ നിന്നും ഇത്തിരി തെളിനീര് നുകരണമെന്ന് മേരിയ്ക്ക് തോന്നി. അവൾ നിലത്ത് കുനിഞ്ഞിരുന്ന് കണ്ണുകളടച്ച് വെള്ളം നക്കിക്കുടിക്കാൻ തുടങ്ങി. അവൾക്കത് നിർത്താനേ തോന്നിയില്ല. അത്രയും സന്തോഷം അവൾ മുൻപൊരിക്കലും അനുഭവിച്ചിട്ടില്ലായിരുന്നു. മേരിയുടെ ചുറ്റിലും പക്ഷികൾ പാട്ടുപാടി നൃത്തം ചെയ്യുന്നു. മേരി പതിയെ തന്റെ തുണികളഴിച്ച് കുളത്തിനരികെയിട്ടു. പൂർണനഗ്നയായി അവർക്കൊപ്പം ചെറിയ ചുവടുകൾ വെച്ച് നൃത്തം ചെയ്യാൻ തുടങ്ങി. അങ്ങനെ അവളുമൊരു പക്ഷിയായി. ഒരു ചെറിയ കാറ്റ് വീശി. കൈകൾ വിടർത്തി വെച്ചുകൊണ്ട് സൗമ്യമായി മേരി കുളത്തിനു മീതേക്ക് പറന്നുയരാൻ തയ്യാറെടുത്തു.

6:13 pm

സായാഹ്‌നപ്രാർത്ഥനയ്ക്കും കാണാത്തതിനെ തുടർന്ന് സിസ്റ്റർ ആഗ്നസ് വേവലാതിയോടെ വന്ന് മേരിയുടെ മുറിയുടെ വാതിലിൽ മുട്ടി. മുറിയ്ക്ക് താഴിട്ടിട്ടുണ്ടായിരുന്നില്ല. ആഗ്നസ് ഉള്ളിലേക്ക് കയറി. സിസ്റ്റർ മേരി മഗ്ദലനയുടെ മേശപ്പുറത്ത് നനഞ്ഞ് കുതിർന്ന് വെള്ളമുറ്റുന്ന രീതിയിൽ കന്യാവസ്‌ത്രം കാണപ്പെട്ടു. പകൽമുറ്റത്ത് ചുവന്ന വെയിൽ കത്തിനിൽക്കുന്നുണ്ടായിരുന്നു.


Summary: Sister Mary Magdalenayude Jeevithathile randu dinangal, Short Story written by Laya Chandralekha published in Truecopy Onam special webzine packet 297.


ലയ ചന്ദ്രലേഖ

കവി, കഥാകാരി, എഴുത്തുകാരി. വോയ്‌സ് ഓവർ ആർട്ടിസ്റ്റ്. സ്കൂൾ വിദ്യാഭ്യാസകാലത്ത് 'ഓളങ്ങൾ' എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചലച്ചിത്ര സംവിധാനം, തിരക്കഥാ രചന എന്നിവയിൽ ഡിപ്ലോമ പൂർത്തിയാക്കി. 

Comments