സോവിയറ്റ് രതിവിദ്യ

ഇന്നു ഞാൻ നാളെ നീ ഇന്നു ഞാൻ നാളെ നീ ഇന്നും പ്രതിധ്വനിക്കുന്നതെ- ന്നോർമ്മയിൽ -ജി ശങ്കരക്കുറുപ്പ്.

മാനം തൊട്ട് നിവർന്നു വിരിഞ്ഞു നിന്നിരുന്ന പുളിമരത്തിന്റെ അങ്ങേയറ്റത്തെ കൊമ്പിൽ ആ ശബ്ദം പോയി തൊട്ടു.
ശബ്ദമുണ്ടാക്കാതെ രണ്ട് കാക്കകൾ പറന്നുപോയി.
‘കള്ള പറങ്കികള് നമ്മടെ നാട്ടിലു വന്ന് ഇവിടുള്ള സുറിയാനികളെ പിടിച്ച് ലത്തീനാക്കാൻ പണിപെടുമ്പോള് അവറ്റകളുടെ വെളുത്ത തൊലിയുരിച്ചോടിച്ച ചരിത്രമാ നമ്മടെ പെരുംമ്പടം തറവാട്ടിന്. കൂനൻകുരിശു ലഹള പെരുത്തപ്പോളും നമ്മള് സുറിയാനികളുടെ കൂടെ നിന്ന്. എന്നിട്ടും അവസാനം ആ മൈരൻമാര് നിങ്ങള് ഹിന്ദുക്കളല്ലെന്നും പറഞ്ഞ് ആട്ടി.
യേശുദേവൻ സുറിയാനിയാർന്നാ...? ലത്തീനാർന്നാ.....?
അങ്ങേര് ആദ്യ കമ്യൂണിസ്റ്റാർന്ന്.
നായർക്ക് കീഴോട്ടുള്ള ജാതികള് നസ്രാണിത്തത്തിലേക്ക് ഒഴുകി തുടങ്ങിയപ്പോ തിരു-തമ്പുരാൻ ക്ഷേത്ര വിളംബര വേലയിറക്കി. എന്നിട്ടോ...!
ആർക്കേലും കൊണം കിട്ടിയാ....?
ന്റെ അപ്പൻ ഒന്ന് തീരുമാനിച്ചാ തീരുമാനിച്ചതാ.
തിരു- തമ്പുരാൻ മാമോദീസ മുങ്ങാൻ നിന്നോരെ ചാക്കിട്ട് വീഴ്​ത്തി പൂട്ടിയിട്ടു.
വിനാശകാരികളെ തുരത്താൻ വരണ പുണ്യാളനെ പോലെ സഖാവ് കൃഷ്ണൻ രായ്ക്കുരാമാനം മൂവായിരം പേരെ തമ്പ്രാന്റെ പടിക്കീക്കോടെ മാമോദിസ മുക്കാൻ പള്ളിയിൽ കൊണ്ടോയി.
അതറിഞ്ഞു വന്ന സോവിയറ്റു ബിഷപ്പ് സമ്മാനമായി രണ്ടു വായുള്ള തോക്ക് അപ്പനു കൊടുത്തു'.

കീറി വെച്ച പച്ചമുളകു കൂടി തിരുമ്പി ഒഴിച്ച് വല്ല്യപ്പൻ ഒരെണ്ണം കൂടി കമിഴ്​ത്തി.

സോവിയറ്റ് തോക്കുകിട്ടിയ സഖാവ് കൃഷ്ണൻ കവലയിലൂടെ തോക്കും പിടിച്ചൊരു നടത്തം നടന്നു. കാണേണ്ടതായിരുന്നു അത്.
അങ്ങനെ സഖാവ് കൃഷ്ണൻ സോവിയറ്റ് കൃഷ്ണനായി.

എന്തോ കണ്ട് വെരുക് പൊളയണ പോലെ ഞാനൊന്നു പാളി.
അമ്മച്ചി തോട്ടുംപള്ളയിൽനിന്ന് എന്നെ നോക്കി. വൈകീട്ടെ കുർബാനക്കു പള്ളീ പോവാണ്.
അമ്മച്ചിയെ എന്റെ അപ്പൻ കട്ടോണ്ടു വന്നതാണ്.
മതം ഒന്നും മാറാൻ പറ്റൂലെന്ന് അമ്മച്ചി തീർത്തുപറഞ്ഞു.

അന്നാണ് ആ സംഭവം നടന്നത്.
സോവിയറ്റു കൃഷ്ണന്റെ ഭാര്യ പോയേന്റെ എട്ടാം വർഷം അതേ ദിവസം കൃഷ്ണനും പോയി. അതിന്റെ ഒരാണ്ടു തികയുംമുമ്പ് അമ്മച്ചിയെ അപ്പൻ
ഇറക്കികൊണ്ടുവന്നു.
അന്ന് രാത്രി പ്ലാച്ചിമേട്ടുക്കാര് പെരുമ്പടം തറവാട്ടു പടിക്കിലുവന്ന് പോരിനു വിളിയായി. ഒത്ത ആങ്ങളമാരെയെല്ലാം പറ്റിച്ചു കടന്നു കളഞ്ഞ അമ്മച്ചി കിടപ്പുമുറിയുടെ ജനലിനിടയിലൂടെ പുറത്തേക്കു കണ്ണെറിഞ്ഞു.പതുങ്ങി നിന്നു.
അപ്പൻ പേടിത്തൂറിയാണ്.
ഈ കളിയൊക്കെ വല്ല്യപ്പന്റെ ഊക്ക് കണ്ടിട്ടായിരുന്നു.
അത് ഫലിച്ചു.

ചിത്രീകരണം: ദേവപ്രകാശ്

പിന്നെ കണ്ടത് അമ്മച്ചീടെ ആങ്ങളമാരുടെ മുണ്ടു പൊക്കിയുള്ള ഓട്ടമാണ്. ഉമ്മറത്തിണ്ണയില് നെഞ്ചുംവിരിച്ച്,വലതു കയ്യിൽ ഇടുപ്പിനോളം ഉയരമുള്ള സോവിയറ്റു തോക്കും പിടിച്ച്, മീശ തടവി സാക്ഷാൽ പെരുമ്പടം തമ്പി.
‘ആർക്കാടാ ഇവിടെ ചെത്തം കൂട്ടണ്ടേ'?....
ചോദ്യം മുഴുമിപ്പിക്കും മുൻപേ പ്ലാച്ചിമേട്ടുകാര് സ്ഥലംവിട്ടു.
ഇതുകണ്ടു നിന്ന നാട്ടുകാര് വല്ല്യപ്പനേയും അത് വിളിച്ചു; ‘സോവിയറ്റ് തമ്പി'.
അങ്ങനെ സോവിയറ്റ് കൃഷ്ണന്റെ മകൻ സോവിയറ്റ് തമ്പിയായി.

തോട്ടും പള്ളയിൽനിന്ന് നോക്കിയതല്ലാതെ അമ്മച്ചി ഒരക്ഷരം മിണ്ടിയില്ല.
പേടിയാണ് വല്ല്യപ്പനെ.
അമ്മച്ചി നടന്നുപോയി.
തറവാട്ടീന്നു തെറ്റി ഇവിടെ
വന്നു കൂര കെട്ടിയിരിക്കുമ്പോൾ ഒരു കാര്യം മാത്രമാണ് വല്ല്യപ്പൻ പറഞ്ഞത്. എന്റെ ജെയ്‌സൺ കൊച്ചല്ലാതെ പെരുംമ്പടത്തിലെ വേറെയൊരുത്തനും,ഒരുത്തിയും ഇതിനുള്ളിൽ കയറിയേക്കരുത്.

വല്ല്യപ്പനാണ് മൂത്തത്. താഴെ രണ്ടാണും രണ്ടു പെണ്ണും.
നാലാമത്തെ എന്റെ അപ്പനാണ്.
അന്നു പള്ളിപ്പെരുന്നാളിന് ചീട്ടുകളിക്കിടെ ഏതോ ഒരു വരുത്തൻ മാപ്പ്‌ള ചീട്ട് പൂത്തി കളിയിറക്കി.
അതു കണ്ട ഓട്ടോ സുകു അവനെ ചവിട്ടി. അടിയായി. വല്ല്യപ്പൻ വരുത്തനിട്ടു കുത്തി. പോലീസ് വന്നു. കേസായി.
നാലു സഹോദരങ്ങളും ഒരേ സ്വരത്തിൽ പറഞ്ഞു.
‘ഈ തറവാട്ടിൽ നിന്ന് തെമ്മാടിത്തരം കാട്ടിയാൽ അതിന്റെ കൊറവ് ഞങ്ങക്കാ '...
ഒന്നും മിണ്ടാതെ വല്ല്യപ്പൻ ഇറങ്ങിപ്പോയി. ഒപ്പം ശങ്കരക്കുറുപ്പും.
അന്ന് രാത്രി അപ്പൻ കുറെ കരഞ്ഞു.

വെരുകു വരട്ടിയ ചട്ടിയുടെ അരികത്ത് അടിഞ്ഞു വീർത്തു കിടന്ന ഇറച്ചിച്ചാറു വടിച്ചെടുത്ത് വല്ല്യപ്പൻ എന്റെ വായിലോട്ടു വെച്ചു തന്നു.
ശേഷം,ഉമ്മറപ്പടീമെ എണീറ്റു നിന്ന് ഉറക്കെ ചൊല്ലി.

‘ഇത്തിരിക്കൊരു സുഖം- തോന്നുന്നുണ്ടെനിക്കിന്നെൻ പൊത്തിലെത്രനാളായ് ഞാൻ- ചുരുണ്ടുകിടക്കുന്നു വാതമെന്നലുമ്പിലേ- മജ്ജയൊക്കയും കാർന്നു പ്രേതമായ്ത്തീർന്നു ഞാനെന്നാകിലും ശ്വസിക്കുന്നു.' 1

ഇറച്ചി കഷ്ണം തോണ്ടി വാറ്റിൽ മുക്കി വായിൽവെച്ച് ഞാൻ അറിയാതെ പറഞ്ഞു പോയി.
‘മാധുമേമ്മ വെക്കണ അതേ രുചി.'
കവിത നിലച്ചു.
തോടിനു കുറുകെ വിരിച്ച പനംപാലം ഒന്നിളകി.വല്ല്യപ്പൻ സന്ധ്യയിലേക്കു നടന്നുപോയി.

എനിക്ക് ഓർമ വെച്ച കാലത്ത് മാധുമേമ്മ വീട്ടിലുണ്ട്.
കൂടെ ശങ്കരക്കുറുപ്പും ഉണ്ട്.
ഒരു കന്നിമാസത്തിന്റെ പാതിയോടെയായിരുന്നു സോവിയറ്റു തമ്പിക്ക് ശങ്കരക്കുറുപ്പിനെ കിട്ടുന്നത്. പട്ടി തുരുത്തിൽ പെറ്റിറങ്ങിയതായിരുന്നു അവൻ.
കന്നി മാസമായാൽ പട്ടി തുരുത്തു മുഴുവൻ കുരകൾ വന്നു നിറയും. പട്ടിക്കാട്ടത്തിന്റെയും അഴുകിയ മാംസത്തിന്റെയും ഗന്ധം കാറ്റിനോടൊപ്പം ഇങ്ങു പോരും.

കന്നി മഴക്കു തോട് നിറഞ്ഞൊഴുകി. തുരുത്തിലേക്കു കയറിയ ചെളി വെള്ളം അവനെയും പൊക്കി ചെരിഞ്ഞൊഴുകി. അങ്ങനെ,അവനെ സോവിയറ്റിനു കിട്ടി.
പേരെന്തെന്നു ചോദിച്ചു.
പേരിട്ടിട്ടില്ലെന്ന് അവൻ പറഞ്ഞു.
മലയാള സാഹിത്യത്തിൽ ഒരേയൊരു കവി മാത്രമേയുള്ളൂ എന്നും, ബാക്കിയെല്ലാം പിന്തുടർച്ചയാണെന്നും സോവിയറ്റു വാദം.
അവന്റെ ചെകിട്ടിൽ സോവിയറ്റു തമ്പി പതിയെ പറഞ്ഞു. ‘ശങ്കരക്കുറുപ്പ്.'
അവനൊന്നു മോങ്ങി.
ഒന്നു കൂടി നീട്ടി മോങ്ങി...
കാപ്പി നിറമുള്ള ഉടലിൽ ഉഴിഞ്ഞ്, നെറ്റിയിലെ വെള്ളപ്പാണ്ടിൽ ഉമ്മവെച്ചു.
അവൻ പിന്നെയും മോങ്ങി. ശേഷം സോവിയറ്റിന്റെ കവിളിൽ നക്കി.
ഇടക്ക് വല്ല്യപ്പനോടൊപ്പം അര ഗ്ലാസ്സ് ശങ്കരക്കുറുപ്പും മോന്തും.
കവിതകൾ ഏറ്റു ചൊല്ലും.
വരികളുടെ അവസാനം രണ്ടുപേരും ഏങ്ങിയേങ്ങി കരയും.
കെട്ടി പുണർന്ന് കരഞ്ഞു കരഞ്ഞങ്ങനെ മയങ്ങും.

വല്ല്യപ്പൻ മാധുമേമ്മയെ കെട്ടിയത് എപ്പോഴാണെന്ന് എനിക്കറിയില്ല.
ആർക്കും കിടപിടിക്കാൻ കഴിയാത്ത കൈപ്പുണ്യമാണ് അവരുടേത്.
നാടൻ കോഴി മുളകരച്ചു വാഴയിലയിൽ പൊതിഞ്ഞ് കനലിലിട്ടു വേവിക്കും.
ഇല തുറക്കേണ്ട താമസം തനിയെ രണ്ടു കിണ്ണം ചോറ് അകത്തു പോകും.
ആട്ടിൻ തല മല്ലിയരച്ചു കലത്തിലിട്ടു ഉടച്ച് പുഴുക്കു പരുവമാക്കും. കാവത്തിനൊപ്പം ആ പുഴുക്കുമായിരുന്നു എന്റെ പ്രധാന ഇഷ്ട വിഭവം.
വെരുകു വരട്ടുന്നതിൽ മാധുമേമ്മക്ക് ഒരു പ്രത്യേക കഴിവാണെന്നു തോന്നും. വൃത്തിയാക്കാൻ ഏറെ പാടുള്ള വെരുകിനെ തൽക്ഷണം വെടിപ്പാക്കി ചട്ടിയിലാക്കും.

അഞ്ചാം ക്ലാസ്സിലെ അവസാന പരീക്ഷയും കഴിഞ്ഞ് രണ്ടു മാസം തിന്നും, ഊരാടിയും തിമിർക്കാൻ പരവേശപ്പെട്ടു വന്നപ്പോൾ
മാധുമേമ്മ വീട്ടിലില്ല.
അടുക്കളയിലും ചായപ്പിലും കക്കൂസിലും തിരഞ്ഞു.
മാധുമേമ്മ പോയെന്നും ഇനി വരില്ലെന്നും അമ്മച്ചി പറഞ്ഞു. വേറൊന്നും പറഞ്ഞതുമില്ല.
ചത്തു പോയതല്ല. അങ്ങനെയെങ്കിൽ നാലാളെ
മുറ്റത്തു കാണണ്ടേ !,
പന്തലു കാണണ്ടേ !..
രാത്രിയാകുമ്പോൾ വല്ല്യപ്പൻ വന്നു. ശങ്കരക്കുറുപ്പ് എവിടെ നിന്നോ ഓടി വന്ന് വല്ല്യപ്പന്റെ കാലിലുരുമ്മി ഉറക്കെ കരഞ്ഞു.
വല്ല്യപ്പനും ശങ്കരക്കുറുപ്പും
പടികടന്ന് എങ്ങോട്ടോപോയി. തിരയാത്ത സ്ഥലങ്ങളില്ല. രണ്ടും മൂന്നും ദിവസങ്ങൾ കടന്നുപോയി. കരഞ്ഞുകരഞ്ഞ് എന്റെ കണ്ണുകൾ ആഴങ്ങളിലേക്കു പമ്മി ഇരുന്നു.

ഞാൻ ഇടക്കു കണ്ടിട്ടുണ്ട് രാത്രിയെന്നോ പകലെന്നോ ഇല്ലാതെ വല്ല്യപ്പനും മാധുമേമ്മയും വാതിൽ ചാരാതെ മുറിയിൽ നഗ്‌നമായി ഇഴഞ്ഞു മറിയുന്നത്.
ശങ്കരക്കുറുപ്പ് കട്ടിലിനടിയിൽ കണ്ണടച്ചു കിടക്കും.
ഇടക്ക് എന്തോ സംഭവിച്ചതുപോലെ വല്ല്യപ്പൻ മാധുമേമ്മയെ തള്ളിമാറ്റി മാറിയിരിക്കും.
ഇറങ്ങിപ്പോകും.
ഉറക്കെ കരയും.
കരയേണ്ടെന്നു പറഞ്ഞ് ശങ്കരക്കുറുപ്പു വല്ല്യപ്പന്റെ കാലിൽ നക്കും.
ഇതു പലപ്പോഴായി ഞാൻ കാണുന്നതാണ്.
ചില നേരങ്ങളിൽ ചോറുണ്ണുമ്പോഴും ഇങ്ങനെ കാണാം. എച്ചിൽകൈ തലയിൽ മുറുക്കി ഭ്രാന്തനെപ്പോലെ മുടിയിഴകളിൽ വിരലിട്ടു കറക്കും. പലപ്പോഴും ചോറുകിണ്ണം പിന്നാമ്പുറത്തു പോയി വീഴും.
ഇരുന്നയിരുപ്പിൽ ഞെട്ടിത്തരിച്ച്, കൈകൾ കൊണ്ടു ചെവിപൊത്തി അവനവനിലേക്കു ഇറങ്ങി പിറുപ്പിറുക്കും.
ഉള്ളിലെ നിലകിട്ടാത്ത
ആഴങ്ങളിൽ കിടന്ന് സോവിയറ്റു വീർപ്പുമുട്ടും.

ആ വീട്ടിൽ മാധുമേമ്മയും, ശങ്കരക്കുറുപ്പും, ഞാനും ഒഴികെ ആരും വല്ല്യപ്പനോടു മിണ്ടിയിരുന്നില്ല. പേടിയാണ്.
ഇങ്ങനെ ഒരാളെ സഹിക്കേണ്ടതിലെന്ന് മാധുമേമ്മക്കും തോന്നികാണും. രതിയെ പാതിവഴിയിൽ ഇറക്കി വിടുക എന്നതിനേക്കാൾ വേദനാജനകമായ,ക്രൂരമായ വേറെ എന്തുണ്ട്.
പലിശക്കു വന്നിരുന്ന ശനിയാഴ്ചകാരൻ തമിഴൻ കിട്ടിയ മുതൽ വാങ്ങി നാട്ടിലേക്കു പോയതും പിന്നീടു തിരിച്ചു വരാതിരുന്നതും ചിലർ മാധുമേമ്മയുയായി കൂട്ടി വായിച്ചു.
ഞാനും വായിച്ചു.ഒന്നുകൂടി തെളിച്ചു വായിച്ചു.

ഞാൻ വീട്ടിലേക്കു പോയില്ല.
ഒരു ഗ്ലാസ്സു പച്ചക്കു മോന്തി അവിടെ തന്നെ കിടന്നു. രാവിലെ വെള്ളം വീഴുന്ന ശബ്ദം കേട്ട് എണീറ്റു നോക്കിയപ്പോൾ തെങ്ങിൻ ചുവട്ടിലെ തൊട്ടിയിൽനിന്ന് വല്ല്യപ്പൻ വെള്ളം പാരിയൊഴിക്കുന്നു.
എന്റെ മുഖത്തേക്കേ നോക്കിയില്ല.
ഉടുപ്പ് മാറി.
‘കവലയിലേക്ക് പോരുന്നോടാ ' എന്ന ചോദ്യം മാത്രം.
പോകുന്ന വഴിയേ വേപ്പിൻതണ്ടു പറിച്ച് ചവച്ചുതുപ്പി.
പഞ്ചായത്ത്ടാപ്പീന്നു മൊകറ് കഴുകി. ഞാനിപ്പോൾ വല്ല്യപ്പന്റെ തോളോടൊപ്പം മുട്ടിയിരിക്കുന്നു.
സോവിയറ്റ് തമ്പിയുടെ മുട്ടുകാലിൽ തല മുട്ടാൻ തുടങ്ങിയ നാൾ മുതൽ ആ കൈപിടിച്ചു കവലയിൽ വന്നവനാണ് ഞാൻ.
നാലു നീളൻ വാലുള്ള ചന്തപ്പുര കവലയിൽ സോവിയറ്റു തമ്പിക്കൊരു കാലമുണ്ടായിരുന്നു.
കവല ചട്ടമ്പികൾ വരെ പിന്നോട്ടു വലിച്ചിട്ട കോളർ മടക്കി, കുടുക്കിട്ട് എണീറ്റു നിന്നിരുന്ന കാലം.
സോവിയറ്റിന് കാലുകളായിരുന്നു കരുത്ത്.
അതറിയുന്നവർ പൂട്ടാൻ വരുമ്പോൾ കാലുകൾ ഉന്നം വെക്കും.
ഒരു ദിവസം പലചരക്കു കട നടത്തുന്ന മുട്ടു രവി, കടം കൊടുത്ത കാശു ചോദിച്ചതിന് അപ്പനെ തല്ലി. അതറിഞ്ഞു വരുന്ന സോവിയറ്റിനെ അകലെനിന്നു കണ്ട രവി ഓടി കവലകടന്നു. പിറ്റേന്നു രവി മട്ടാഞ്ചേരിയിൽ നിന്ന് ആളെയിറക്കി.
ഒത്ത നാല് പേര്.
രാവിലെ അവർ കവലയിലിറങ്ങി.

രവിയുടെ ചെലവിൽ പത്മനാഭന്റെ കടയിൽനിന്ന് അപ്പവും മുട്ടയും.
ഉച്ചയോടുകൂടി കവല സജ്ജമായി. ശശിയുടെ ബാർബർ ഷാപ്പിലും, പൗലോയുടെ കള്ളുഷാപ്പിലും, മനോജിന്റെ സൈക്കിൾ കടയിലും എന്നത്തതിനേക്കാളുപരി ആള് പെരുത്തു.
ഉച്ചയോടെ സോവിയറ്റ് കവലയിലേക്കു കടന്നു.
ആദ്യ അടി പൊട്ടിയത് ഇടതു കാലിലാണ്.
ഇരുമ്പുദണ്ഡിന്റെ കനത്തിൽ മുട്ടുകുത്തിപോയ സോവിയറ്റ് തല ഉയർത്തി നോക്കുന്നതിനു മുൻപെ അടുത്ത അടി ഇടുപ്പിനു വീണു.
ആ നിമിഷംവരെ വേണ്ടാത്തേനു സോവിയറ്റ് ഒരുത്തന്റെയും മെക്കട്ടു കയറിയിട്ടില്ല. എന്നാലും കവലയിൽ അങ്ങനെയൊരു ചട്ടമ്പി വേണ്ടെന്ന് കവല കൂട്ടങ്ങൾ ചട്ടം കൂട്ടിയിരുന്നു.
കൈകൾ തിരുമ്മി പല്ലു കടിച്ചു കൊണ്ട് രവി പലചരക്കുകടയിൽ നിവർന്നിരുന്നു. ഒരു വലിയ അധികാരത്തെ ഇല്ലാതാക്കാൻ കച്ചകെട്ടിയിറങ്ങിയ വിപ്ലവകാരികളുടെ മുഖമായിരുന്നു കവലക്കു ചുറ്റും.

മൂന്നാമത്തെ അടിയിൽ കവല ഞെട്ടി.
സോവിയറ്റു തമ്പിയുടെ അരയിൽ ഉണ്ടെന്നു പറഞ്ഞു കേട്ടിട്ടുള്ള എന്നാൽ ആരും കാണാത്തതായ പിച്ചാത്തി വലതുവശത്തു നിന്നിരുന്നവന്റെ ഗുദദ്വാരത്തിലേക്കു കയറിയിറങ്ങി. വലിച്ചൂരി. രണ്ടും മൂന്നും വട്ടം കയറ്റിയിറക്കി. അവൻ ചുവന്ന അട്ടയെ പോലെ പുളഞ്ഞു ചുരുണ്ടു. മുട്ടുംകാല് നിവരേണ്ട താമസം സോവിയറ്റ് തമ്പി യഥാർത്ഥത്തിൽ ആരാണെന്നും, എന്തിന്റെ ജന്മമാണെന്നും കവല ചർച്ച നടത്തി. ചെരകിയ കാൽമുട്ടിൽ തുപ്പലുപുരട്ടി സോവിയറ്റു ചുറ്റും നോക്കി.
കവല മുഴുവൻ സ്വന്തം കാര്യങ്ങളിൽ അതീവ തല്പരരായി, ജോലിയിൽ മുഴുകിയതായി നാട്യം കാട്ടി.

സോവിയറ്റ് കവലവിട്ടെന്ന് ഉറപ്പുവരുത്തിയതിനു ശേഷം രവി കടയിൽ സഹായത്തിനു നിർത്തിയ രണ്ടു തമിഴൻ ചെക്കന്മാരെയും കൂട്ടി മട്ടാഞ്ചേരി ചട്ടമ്പികളെ തൂക്കി ചായപ്പിലേക്കു കിടത്തി.
സോവിയറ്റു തമ്പിയുടെ അടിക്ക് തന്റെ വൈദ്യത്തിൽ മരുന്നില്ലെന്ന് കുറാംച്ചേരി വൈദ്യര് വിധിയെഴുതി.

ന്യായം ഇല്ലാതെ ഒരുത്തനെയും സോവിയറ്റ് തൊട്ടിട്ടില്ല.
ഒരു പെണ്ണിന്റെയും മുൻപിൽ പരാക്രമിയായിട്ടില്ല. തെണ്ടിത്തരം കാട്ടിയാൽ അടി കൊടുത്തിട്ടുണ്ട്. പള്ളി പെരുനാളിനും, വേലക്കും പെണ്ണുങ്ങളുടെ ചന്തിയേലും, മൊലെമേലും പിടിക്കാൻ വരണ വരുത്തന്മാരും, കൂട്ടുനിൽക്കുന്ന ഇരുത്തന്മാരും അടികൊണ്ട് തൂറി ഓടിയിട്ടുണ്ട്.
കള്ളിൽ പൊടി കലക്കി വിറ്റതിന് വർഗീസ് മുതലാളിയെ അതേ കള്ളുമോന്തിച്ച് തലകീഴായി ആലിൽ കെട്ടിത്തൂക്കിയിട്ടുണ്ട്.
ന്യായം ഇല്ലാതെ സോവിയറ്റ് ഒരുത്തനെയും തൊട്ടിട്ടില്ല.

അതൊക്കെ പഴയ കാലം.
സോവിയറ്റ് മാറി. ഒപ്പം കവലയും.

പത്മനാഭന്റെ ചായക്കടയിൽ നിന്ന് പുട്ടും കടലയും തിന്നോണ്ടിരിക്കുമ്പോഴാണ് ഇന്നലെ തിന്ന വെരുകു വയറ്റിൽ കിടന്നു പിടഞ്ഞത്.
തിന്ന്, കൈ കഴുകിയെന്നു വരുത്തി പഴയ വില്ലേജ് ആപ്പീസിന്റെ മറവിൽ കുന്തിച്ചിരുന്നു.
തീറ്റയും, തൂറ്റലും കഴിഞ്ഞു. നടന്നു.

ശങ്കരക്കുറുപ്പ്. തറവാടു വിട്ട സോവിയറ്റിന് അവനായിരുന്നു എല്ലാം.
കെടപ്പും തീറ്റയും തൂറലും ഒപ്പം.
അവൻ കൂടി പോയതിൽ പിന്നെയാണ് സോവിയറ്റ് ഈ പരുവമായത്.
മാധു പോയപ്പോൾ കൂടി സോവിയറ്റു കരഞ്ഞിരുന്നില്ല.
അത് അങ്ങനെയാണല്ലോ.
അല്പം പ്രതീക്ഷയുള്ള നഷ്ടത്തെ ഓർത്തേ മനുഷ്യൻ കരയാറുള്ളൂ.
ആ കരച്ചിൽ മൂന്നാംപക്കം കിഴക്ക് തോട്ടുവക്കിനോടു ചേർന്നുള്ള എതയിലെ പറങ്കിമാവിന്റെ നീളൻ കാലുപോലുള്ള കൊമ്പിൽ തട്ടി നിലച്ചു. ആരാച്ചാരുടെ വളയം ശങ്കരക്കുറുപ്പിന്റെ തൊണ്ടക്കു പാകത്തിൽ ഒട്ടി കിടന്നു.
കാപ്പി നിറമുള്ള ഉടൽ അഴുകിയൊലിച്ചു.
നെറ്റിയിലെ വെള്ളപ്പാണ്ടു ചുളിഞ്ഞ് അപ്രതീക്ഷമായി.
കയർ വെട്ടി ഇറക്കിയപ്പോഴും കുഴിവെട്ടി താഴ്ത്തിയപ്പോഴും സോവിയറ്റു കരഞ്ഞില്ല.
കവല കൂട്ടത്തിലേക്കു തിരിഞ്ഞ് സോവിയറ്റു തമ്പി ഊക്കോടെ അവസാനമായി പറഞ്ഞത് ഇത്രമാത്രമായിരുന്നു.
‘എന്തേലും ഉണ്ടാർന്നേ എന്നോട് തീർക്കായിരുന്നില്ലേടാ പുലയാടിമക്കളെ'....

പിന്നെയിങ്ങോട്ട് സോവിയറ്റു തകർന്നു.
തകർന്നടിഞ്ഞ ഒരു വലിയ സാമ്രാജ്യത്തെ എന്നപോലെ കവല സോവിയറ്റു തമ്പിയെ നോക്കി. സോവിയറ്റ് യൂണിയൻ തകർന്നതിൽ സന്തോഷത്തിലായ അമേരിക്കൻ മുഖങ്ങൾ ചന്തപ്പുര കവലയിലും മിന്നിമാഞ്ഞു.
കണ്ടാൽ മുണ്ടുകുത്തഴിച്ച് എണീറ്റു നിന്നവർ എണീക്കാതെയായി. തലയില്ലായിരുന്ന ചട്ടമ്പികൾ
തലയുയർത്തി പിരിവുനടത്തി.
കവല, ഒരു അധികാരകേന്ദ്രത്തിൽ നിന്ന് വേറൊന്നിലേക്കു വഴിമാറി.
അരയിൽ തിരുകാറുള്ള പിച്ചാത്തി സോവിയറ്റു തോട്ടിലേക്കെറിഞ്ഞു. ഒന്നിനും തലവെച്ചു കൊടുക്കാതെ കണ്ണടച്ച് തലതാഴ്​ത്തി നടന്നു.

‘വല്ല്യപ്പാ... നാളെയല്ലേ നമ്മള് മദിരാശീക്കു പോണേ'?
‘നീ അതും ഓർത്തോണ്ടു നടക്കുവായിരുന്നോ
നിനക്ക് വരണമെന്ന് നിർബന്ധണ്ടോ'
‘ഉം', ഞാൻ നീട്ടി മൂളി.
അന്ന് രാത്രി ഞാൻ വല്ല്യപ്പനെ പിടിച്ചുകൂട്ടി കിടന്നു.
വല്ല്യപ്പനുറങ്ങി.
എനിക്ക് ഉറക്കം വന്നില്ല.

കോളേജിൽ തന്റെ സുഹൃത്തായ നിരഞ്ജന്റെ അച്ഛൻ ഡോക്ടറാണ്. അദ്ദേഹം പറഞ്ഞത് അങ്ങനെയായിരുന്നു.
‘ചുറ്റും ഏവരും ഉണ്ടായിരുന്നിട്ടും ആരും ഇല്ലെന്നും, ഒറ്റപ്പെടുന്നുവെന്നും തോന്നും.
ഇരുട്ട് തലയിലേക്കു പെരുത്തു കയറും. ശ്വാസം നിലച്ച മാതിരി നെഞ്ചിടിക്കും.
എന്തെന്നറിയാത്ത മാനസികാവസ്ഥ. അപകർഷതാബോധമോ, കുറ്റബോധമോ, ഒച്ചത്തിൽ പറയാൻ പറ്റാത്ത, പറയാൻ കഴിയാത്ത വേറെ എന്തേലുമോ.....
അങ്ങനെ പലതും ആകാം. കൂടെ ഉണ്ടായിരിക്കുക. കേൾക്കുക. കൂടെ വേണ്ടെന്നും കേൾക്കേണ്ടെന്നും പറയും. പറഞ്ഞാലും കൂടെ നിൽക്കുക. പെ​ട്ടെന്നു സമാധാനപ്പെടാം, സമയം പിടിച്ചെന്നും വരാം. നിമിഷനേരം കൊണ്ട് സന്തോഷത്തിൽ നിന്നു വിഭ്രാന്തിയിലേക്കും തിരിച്ചും മനസ്സുലയും. പ്രിയപ്പെട്ടവരുടെ അതിയായ സന്തോഷങ്ങൾ തനിക്കു പകരമാണെന്ന തോന്നലുയർത്താം അത് വലിയ ആപത്താണ്.
ഇതൊരു രോഗമാണോ, അവസ്ഥയാണോ എന്ന് ചിട്ടപ്പെടുത്താൻ ബുദ്ധിമുട്ടാണ്.
കൂടെ ഉണ്ടായിരിക്കുക കേൾക്കുക. സ്‌നേഹിക്കുക സ്‌നേഹിക്കപ്പെടാൻ നിന്നു കൊടുക്കുക. ഇതൊക്കെ തന്നെയാണ് വൈദ്യത്തിൽ ഇതിനുള്ള പ്രധാന പരിഹാരം'.

വൈദ്യത്തിലുള്ള വിദ്യ കുറിച്ചു തന്നു.
തന്ന ഗുളിക പൊടിച്ചു വാറ്റിൽ കലക്കി കൊടുത്തു.
ഒരു മുടലിറക്കി.കാർക്കിച്ചു തുപ്പി.
വാറ്റു ശൺമുഖത്തെ വലിയൊരു തെറി പറഞ്ഞ് വല്ല്യപ്പൻ കുപ്പി തോട്ടിലേക്കെറിഞ്ഞു.
ഒരു പ്രത്യേക ശബ്ദത്തോടു കൂടി ഇംഗ്ലീഷ് വൈദ്യത്തെ ചേറ്റുവെള്ളം വിഴുങ്ങി.
ഡോക്ടർ വീണ്ടും ആവർത്തിച്ചു.
‘കൂടെ ഉണ്ടായിരിക്കുക,കേൾക്കുക. സ്‌നേഹിക്കുക സ്‌നേഹിക്കപ്പെടാൻ നിന്നു കൊടുക്കുക'.

രേഖപ്പെടുത്താത്ത ഏതോ നിമിഷത്തിൽ മയക്കം വന്നു മൂടി.

രാവിലെ തന്നെ ഇറങ്ങി.
വല്ല്യപ്പനൊപ്പം ഉള്ളോണ്ട് അപ്പനും അമ്മച്ചിയും തിരക്കാറില്ല. പാലം കടന്ന് ഇടവഴി പിടിച്ചു.

മൂന്ന് ഇടവഴികൾ കൂടുന്നിടത്തു ബഹളം. വല്ല്യപ്പൻ അങ്ങോട്ടൊന്നു നോക്കി. ശേഷം ഒന്നും മിണ്ടാതെ നടന്നു.
ശാരദമ്മയുടെ പശുവിനു പൊളകൂടി. അതാണ് വിഷയം. പൊളയടക്കാൻ കുത്തിവെപ്പുമായി വരുന്ന ഡോക്ടറെ കാത്തുനിൽക്കുകയാണ് കൂട്ടം. അടുത്തായി വാങ്ങിയ പശുവാണ്. പരിസരത്തുള്ള മിക്ക വീടുകളിലേക്കും പാലെത്തുന്നത് ശാരദമ്മയുടെ വീട്ടിൽ നിന്നാണ്. അതുകൊണ്ടുതന്നെ കവലയുടെ സ്വത്താണത്.
ഞാൻ ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഉണ്ടായിരുന്ന കാർത്തു പശുവിനെ വാങ്ങാൻ പണം കൊടുത്തതും, കൊടുവായ്യൂർ കന്നുകാലി ചന്തയിൽ നിന്ന് കാർത്തുവിനെ കൂട്ടിക്കൊണ്ടുവന്നതും വല്ല്യപ്പനായിരുന്നു.
ഒരു പാതി തമിഴൻ പട്ടര് ഗതികേടുകൊണ്ടു വിറ്റതാണ് അവളെ. അറവുകാരു കണ്ണുവെക്കല്ലേയെന്നു പട്ടര് ആണ്ടവനു മുൻപിൽ കരഞ്ഞു തൊഴുതു. വരാൻ നേരം അയാളവളുടെ മുൻപിൽ കൈകൂപ്പി തേങ്ങി.
സോവിയറ്റ് തമ്പിയെ ആണ്ടവൻ പറഞ്ഞയച്ചതാണെന്നും വിശ്വസിച്ചു. കാർത്തു ശാരദമ്മയോടും, അയൽപക്കത്തോടും, കവലയോടും വളരെ വേഗം ഇണങ്ങിച്ചേർന്നു. എവിടെ,എപ്പോൾ ചെന്നാലും തീറ്റ കിട്ടും.
തൂക്കത്തിൽ ഒരു ഗ്രാമിനു വരെ വിലയിടുന്ന, കവലയിലെ ഏറ്റവും വലിയ കച്ചവട മുറിയിൽ പച്ചക്കറി വ്യാപാരം നടത്തുന്ന പൂയി വരെ അവൾക്കു പഴം നൽകി കൊഞ്ചും.

ഒരു ദിവസം കാർത്തുവിനു പൊളയിളകി.
അതറിഞ്ഞു വല്ല്യപ്പൻ എത്തിയപ്പോഴേക്കും നാട്ടുകാർ ചുറ്റുമുണ്ട്.
‘ഡോക്ടറെ വിളിക്കാൻ ആള് പോയിട്ടുണ്ട് '; ശാരദമ്മ വല്ല്യപ്പനോട് പറഞ്ഞു.
ഞാൻ കാർത്തുവിനെ തന്നെ നോക്കി നിന്നു.
‘പൊള'. ക്ലബ്ബിൽ ഇരിക്കുമ്പോൾ വാസുവേട്ടൻ രാജേഷേട്ടനോടു പറയുന്നതു കേട്ടിട്ടുണ്ട്.
‘ഇന്നവളുടെ പൊള ഞാൻ അടക്കി കൊടുക്കും'.

വല്ല്യപ്പൻ വലിയൊരു തെറി പറഞ്ഞു; ‘കുത്തിവെച്ച് മാറ്റാൻ ഇതെന്തുവാന്നാ...!
ഒരു ജീവിയാണ് നമ്മളെപ്പോലെ. കാളക്കുട്ടനെ വരുത്തണം'.
‘അപ്പുറത്തെ കവലയിൽ ഇങ്ങനെ തന്നെയാ,പൊളക്ക് കുത്തിവെപ്പാ ഇപ്പൊ'; ആട് വിനു പറഞ്ഞു.
വല്ല്യപ്പൻ അവനെയൊന്നു നോക്കി. ആട് വിനു കൂളിപോയി.
അവൻ വല്ല്യപ്പന്റെ കാലിലേക്കു തന്നെ നോക്കിനിന്നു.
സോവിയറ്റിന്റെ അടി കണ്ടിട്ടുള്ള, കേട്ടിട്ടുള്ള ആരും ഒരക്ഷരം മിണ്ടിയില്ല.
‘നിങ്ങടെ പശുവാണ് നിങ്ങള് എന്താ വെച്ചാ ചെയ്യ്. എന്നാ ഒരു കാര്യം ഞാൻ പറഞ്ഞേക്കാം. ഇത് ശരിയായ നടപടിയല്ല'.
പോകാൻ നേരം ആട് വിനുവിന്റെ അടുത്തുചെന്ന് വല്ല്യപ്പൻ പറഞ്ഞു; ‘നിന്റെ കെട്ട്യോളുടെ പൊള മാറ്റാൻ നീയെന്തിനാ അക്കരെ നിന്ന് മെച്ചമുള്ള ആടു വ്യാപാരോം മുടിച്ച്, കുറ്റിയും പറിച്ച് ഇങ്ങോട്ട് പോന്നെ..
ആ ഡോക്ടറുടെ അടുത്ത് പറഞ്ഞാ പോരായിരുന്നോ.'
കൂട്ടത്തോടെ ചിരിപൊട്ടി.

വിനു മണ്ണിലേക്ക് ഊർന്നുപോയി. അവസാനം ഉണ്ടായതാണ് മനുഷ്യൻ അല്ലാതെ ആദ്യം ഉണ്ടായതല്ല. കുത്തിവെപ്പു നടന്നു. ഇടവിട്ട് പലവട്ടം നടന്നു. കുറെ കുറേയായി പാലു വറ്റി. കാർത്തുവിനെ ശാരദമ്മ അറവുകാർക്കു വിറ്റു.

രാത്രി ഉറക്കം കുറഞ്ഞതിന്റെ തളർച്ചയിൽ ബസ്സിലിരുന്നു മയങ്ങി. ഉച്ചയോടെ അതിർത്തി കടന്നു. വലിയ പട്ടണം. നാലുപാടും ചെറിയ ചെറിയ വ്യാപാരങ്ങൾ. ഒച്ചത്തിൽ പെരുകുന്ന ബഹളം.
കുറച്ചു നടന്നു. ഒരു ഇടുങ്ങിയ വഴി. ചുറ്റും പാർപ്പിടങ്ങൾ.
ചിലതിൽ സിമന്റു പുരട്ടിയിട്ടുണ്ട്.
മൂന്നു കാലുകൾ മാത്രമുള്ള പെട്ടിക്കടകൾ.
അവക്കടുത്തായി കുഞ്ഞു പാവാടകളിട്ട, ഭംഗിയുള്ള കൊലുസു കെട്ടിയ പെൺകുട്ടികൾ.
അവർ നീളൻ മുടി പിന്നിമടക്കി മുലയിടുക്കിലേക്കു തൂക്കിയിട്ടിരിക്കുന്നു.
മനസ്സുകണ്ടപോലെ വല്ല്യപ്പന്റെ ചോദ്യം.
‘നിനക്ക് കെട്ടാൻ ആഗ്രഹോള്ള പ്രേമണ്ടോ ഡാ'..?
ഞാൻ വല്ല്യപ്പനെ നോക്കി.
ഒന്നും പറഞ്ഞില്ല.

‘അങ്ങനെയുള്ളവരാണ് പെണ്ണുങ്ങളെ കണ്ടതും ചന്തിക്കും, മൊലക്കും കണ്ണെറിയാ, അങ്ങനെ പ്രേമം ഇല്ലാത്തോര് ആദ്യം മുഖത്തേക്ക് നോക്കും'.
ഞാനൊന്നു ചിരിച്ചു.
‘എനിക്ക് അങ്ങനൊന്നുമില്ല വല്ല്യപ്പാ'..
വല്ല്യപ്പൻ ഒന്നും പറഞ്ഞില്ല.
ആദ്യമായി സോവിയറ്റു തത്ത്വചിന്ത തെറ്റിപ്പോയതിൽ വല്ല്യപ്പനും, തന്റെ ഇരുപത്തിരണ്ടാമത്തെ വയസ്സിൽ സോവിയറ്റു വാദത്തെ ആദ്യമായി മുറിച്ചതിന്റെ അഹങ്കാരത്തിൽ ഞാനും നീട്ടി നടന്നു.

ഇടവഴി നീളങ്ങനെ പോകുന്നു. ഇടക്കിടക്കു രണ്ടു വശത്തേക്കും കുറുവഴികൾ.അതിന്റെ ഓരങ്ങളിൽ കറുത്ത വെള്ളം കെട്ടിനിൽക്കുന്ന നീളൻ കെട്ടുചാലുകൾ.
‘നീ ഇവിടെ നില്ല്.'
വല്ല്യപ്പൻ ഒരു കച്ചവട കേന്ദ്രത്തിലേക്കു നടന്നു.
അടുത്ത് വലിയ തകരത്തിൽ സ്ഥലപ്പേരെഴുതി തൂക്കിയിട്ടുണ്ട്. 'മലൈനാട് '.
വല്ല്യപ്പൻ ഒരാളെയും കൂട്ടി വന്നു.
ഇപ്പോൾ ഞങ്ങൾ മൂന്നു പേർ. കുറച്ചു നടന്നു. വലിയൊരു കുളം. അതിനടുത്തൊരു വലിയ നീളൻ പുര. ഞാൻ മൂക്കുപൊത്തി.
പല ഭാഗങ്ങളിലും സിമന്റ്കല്ലു വെച്ചു കെട്ടിപ്പൊക്കി ഓരോ അതിർത്തികൾ.
മുയലുകൾ, മലയണ്ണാൻ, വെരുക്, പന്നി, കണ്ടാലറിയാത്ത എന്തൊക്കെയോ.
ഒരു പൊതിയുമായി നാലാമതൊരാൾ
ഉള്ളിൽനിന്നു വന്നു.
വല്ല്യപ്പൻ അതു വാങ്ങി. മൂന്നാമതു കൂടിയവനെ കെട്ടിപ്പിടിച്ച് ഞാനും വല്ല്യപ്പനും തിരികെ നടന്നു.

‘ഇതെന്നതാ ?'
‘മിണ്ടാതെ വാ പറയാം'...
വന്നയിടമെല്ലാം തിരിച്ചിറങ്ങി.
പെൺകുട്ടികളെ കണ്ടില്ല. അതിനുപകരം വലിയ മൊലകളും ചന്തികളുമായി തമിഴ് സ്ത്രീകൾ മുറുക്കിനു വളയമിടുന്നു.

‘ഇത് ആമയുടെ സാമാനമാണ്. നീ കണ്ടിട്ടുണ്ടോ'...!
ഞാൻ ആ പൊതിയിലേക്കു നോക്കി. പച്ച പൂളമൊട്ടു പോലെ, വഴുവഴുപ്പു തോന്നിക്കുന്ന കുഞ്ഞു കഷ്ണങ്ങൾ. തിരിച്ചു വല്ല്യപ്പനെ നോക്കി.

വെളുപ്പിന് കവലയിലെത്തി.
വന്നതും വല്ല്യപ്പൻ പണി തുടങ്ങി. ചൂടുവെള്ളത്തിൽ കഴുകി ചുണ്ണാമ്പു തേച്ച് വെറ്റിലയിൽ പൊതിഞ്ഞു വെയിലത്തു വച്ചു.
‘മനുഷ്യരുടെ ക്ഷമക്കും, ഭ്രാന്തിനും സമാധാനത്തിനും ഇവനെക്കാൾ കൂടിയ മരുന്നില്ല.

സോവിയറ്റ് യൂണിയൻ കാലത്ത് ജനസംഖ്യ പെരുപ്പിക്കാൻ സ്റ്റാലിന്റെ വൈദ്യന്മാരു കണ്ടെത്തിയ മരുന്നുകൂട്ടിന്റെ പ്രധാന ചേരുവ ഇവനായിരുന്നു'.
വല്ല്യപ്പൻ സോവിയറ്റ് രതിവൈദ്യ പരിജ്ഞാനം വിളമ്പി.
ഞാനപ്പോൾ മലൈനാട്ടിലെ സ്ത്രീകളെ ഓർത്തു. അവരുടെ വീർത്ത മൊലകളുടെയും, ചന്തികളുടെയും രഹസ്യത്തെ ഓർത്തു.

നാരങ്ങ പിഴിഞ്ഞൊഴിച്ച് കുരുമുളകിട്ടു അരച്ചു പുരട്ടി വേവിച്ചു. കല്ലുപ്പിട്ട് ഇളക്കിക്കൊണ്ടിരിക്കണം. അതിൽനിന്ന് ഒരു മണം പരന്നു. ശ്രദ്ധയോടെ മണത്താൽ അതൊരു കശുവണ്ടി ചുട്ട മണമായി തോന്നാമെങ്കിലും, മുറുകുന്തോറും എരിവുള്ള മണമായി രൂപാന്തരപ്പെട്ടു. കാട്ടുത്തൂവ പിഴിഞ്ഞൊഴിച്ച്
അടച്ചുവച്ചു.
വല്ല്യപ്പൻ കവലയിലേക്കു പോയി. ഞാനാ ഉമ്മറപടീമ്മെയിരുന്ന് തോട്ടിലേക്കു കണ്ണുനീട്ടി.
രണ്ടു വരാലുകൾ കെട്ടി പുണർന്നുകൊണ്ട് ആഴങ്ങളിലേക്കു നൂണു.

കുപ്പിയുമായി വല്ല്യപ്പൻ വന്നു.
കൈപ്പൊതിയിൽ വേറെയും എന്തൊക്കെയോ ഉണ്ട്.
വന്നതും ഒരു ഗ്ലാസ്സു കമഴ്ത്തി.
നെല്ലിക്ക പൊടിയും അണ്ടിപ്പരിപ്പും പൊടിച്ചുചേർത്ത് ഒന്നുകൂടി വരട്ടി എടുത്തു.
വാഴയിലയിട്ടു മൂടി. ഒന്നുകൂടി ഒഴിച്ചു. ഉച്ചയോടെ അതേ വാഴയിലയിൽ ആമയുടെ പരമ്പരവൈദ്യ സാമാനം വരണ്ടു കൊഴുത്തു കിടന്നു.
ഒരു കഷ്ണം വല്ല്യപ്പൻ എന്റെ വായിലോട്ട് വെച്ചു തന്നു. അണ്ണാക്കിൽ മുട്ടേണ്ട താമസം പുറത്തേക്കു തുപ്പി. വലയിൽ കുരുങ്ങിയ വയറു വീർത്ത കളുവ മീനിന്റെ പ്രായമെത്താതെ ചത്തുപോയ കുഞ്ഞുങ്ങളുടെ ചൂര്. ഓക്കാനം വന്നു. വല്ല്യപ്പൻ ചിരിച്ച് ഒരെണ്ണംകൂടി മോന്തി.
വയറു നെറച്ചു തിന്നു.
ഞാനത് നോക്കിയിരുന്നു.
‘തിന്നടാ ചെക്കാ...
ട്ടപ്പ ട്ടപ്പേന്ന് പൊങ്ങട്ടെ'....
എനിക്കു നാണം വന്നു.

രാത്രി വല്ല്യപ്പനിറങ്ങി.
‘വരുന്നോടാ'.....
നടന്നു. എങ്ങോട്ടാണെന്ന് ചോദിച്ചില്ല. വല്ല്യപ്പൻ പറഞ്ഞതുമില്ല. കവലയുടെ പടിഞ്ഞാറെ വാലറ്റത്തൊരു കടവാണ്. ഗ്രാമസഭയുടെ തോണിയഴിച്ച് കിഴക്കോട്ടു നീങ്ങി. ഞങ്ങൾ രണ്ടുപേർക്കുമിടയിൽ ഇരുട്ടിന്റെ നിശബ്ദത.
ഒരു വലിയ കാട്. അതിന്റെ ഓരത്ത് ചെറിയ ഓട്ടുപുര. അടുക്കുന്തോറും വെട്ടം തെളിഞ്ഞുവന്നു. തോണി കെട്ടി, ചാടി പറമ്പിലേക്കു കയറി.
‘നീ ഇവിടെ നില്ല്'; വല്ല്യപ്പൻ പറഞ്ഞു.
മുട്ടിയ വാതിൽ തുറന്ന് ഒരു സ്ത്രീ ഇറങ്ങി വന്നു. ചിരിച്ചു. ചുവന്ന ജാക്കറ്റും നീലവരയൻ മുണ്ടുമെടുത്ത് കറുത്തു തടിച്ച സ്ത്രീ.
ആമയുടെ ക്ഷമ, പിടപിടപ്പ്, എനിക്ക് എന്തോ പോലെ...
പതിവുപോലെ വാതിൽ തുറന്നു മലച്ചു കിടന്നു.
രതിയുടെ പ്രസരലോകത്ത് ദേവഗണങ്ങളുടെ സീൽക്കാര ശബ്ദങ്ങൾ.
ചൂണ്ടയിൽ കൊളുത്തിയ മീനിന്റെ കിതകിതപ്പ്. ഒരലർച്ചയോടെ വല്ല്യപ്പൻ എണീറ്റുവന്നു. അടുത്തുവന്നിരുന്നു. എനിക്ക് ഭയം തോന്നി. കൈവിരലുകൾ മുടിക്കുള്ളിലേക്കു കടത്തിവിട്ട് പല്ലു കടിച്ചു.

‘നീ ചൂടറിഞ്ഞിട്ടുണ്ടോ ടാ'..?
ഞാൻ വല്ല്യപ്പനെ നോക്കുക മാത്രം ചെയ്തു.
‘പാതിയിലാണ് ഉള്ളിലേക്ക് പോ'... വല്ല്യപ്പൻ കനത്തിൽ പറഞ്ഞു.
എന്റെ ഇടത്തെ കാലിന്റെ ചെറുനഖത്തിൽ നിന്ന് പൊള്ളൽ പോലൊരു ഇടിവാൾ മുകളിലേക്കു പൊന്തി.
‘ആദ്യമായിട്ടാണോ ടാ'.
‘ഉം', ഞാൻ മൂളി.
രണ്ടടിവെച്ചു തിരിഞ്ഞുനിന്ന് അല്ലെന്നു പറയാൻ തുനിഞ്ഞപ്പോഴേക്കും വല്ല്യപ്പൻ മലർന്നിരുന്നു.
ആദ്യമായി വല്ല്യപ്പനോടൊരു നുണ.

ആദ്യമായിട്ടല്ല. പ്രീഡിഗ്രിക്കു പഠിക്കുന്ന സമയത്ത്, പന്തു കളി കഴിഞ്ഞു വരണ വഴിയെ മണലിക്കുളത്തിൽ നിന്നുള്ള കുളിയിൽ നാനിചേട്ടൻ എന്റെ തുടയിടുക്കിൽ അമർത്തിയതും, കുനിഞ്ഞുനിന്നതും, തുപ്പൽ പതിഞ്ഞ ചൂട് എന്റെ അരയ്ക്കുതാഴെ മുങ്ങി നിവർന്നതും.
അതുമാത്രമായിരുന്നോ.. അല്ല. കോളേജിലെ രാത്രി ക്യാമ്പിലിരുന്ന് ധന്യയുടെ ചന്തിയിൽ ഉരുമിയതും, മുലയിടുക്കിലൂടെ തുപ്പി ഉരുസിയതും, മറിഞ്ഞതും പിണഞ്ഞതും.

കറുത്ത തടിച്ച ശരീരം എന്നെ ആർത്തിയോടെ വരിഞ്ഞുമുറുക്കി.
‘നിന്റെ മാധുമേമ്മ പോയേന്റെ രാത്രിയാണ് ആദ്യമായി നിന്റെ വല്ല്യപ്പൻ ഇങ്ങോട്ട് തുഴയുന്നത്. സോവിയറ്റു തമ്പിയെ ഏത് പെണ്ണാ വേണ്ടന്നു പറയാ...
എന്റെ കെട്ട്യോൻ ചത്തേന്റെ രണ്ടാം ആണ്ടായിരുന്നു അന്ന്. ആ വരവില് ശങ്കരക്കുറുപ്പായിരുന്നു കൂട്ട് '.

അവൾ എന്നെ മാറിലേക്കു ചായ്ച്ചു.
‘നിന്റെ അച്ചാച്ചൻ അതായത് സോവിയറ്റു തമ്പിയുടെ അപ്പൻ സോവിയറ്റു കൃഷ്ണൻ എന്റെ അമ്മേടെ അടുത്തു വന്നു പോയിരുന്ന വേളയിൽ ആള് പോയതും ഞാൻ അമ്മയെ കെട്ടിപ്പിടിക്കും. എന്തൊരു ചൂരായിരുന്നു ആയാളുടെ വിയർപ്പിന്, അതേ ചൂരാണ് നിന്റെ വല്ല്യപ്പനും.ഇപ്പൊ നിനക്കും'.

ഞാൻ അവളെ ആർത്തിയോടെ പിണച്ചു.
‘സോവിയറ്റു കൃഷ്ണനും ഈ വിഭ്രാന്തിയുണ്ടാർന്ന്. ഞാൻ കണ്ടിട്ടുണ്ട്. ഇടക്ക് അമ്മയെ തല്ലും, മറിച്ചിട്ട് ഇറങ്ങിപ്പോകും. എന്റെ കെട്ടിയോനെ പോലെ അപ്പനും നേരത്തെ പോയി'.
അവൾ നന്നായി വിയർത്തു.
‘എന്റെ മകള് വള്ളം മറിഞ്ഞ് ഈ ആറ്റിലാ മുങ്ങി ചത്തത്'.
ഞാൻ ഞെട്ടലോടെ ഒന്നിളകി.
എന്റെ മുഖമാറ്റം കണ്ട്
അവൾ ചിരിച്ചു,വീണ്ടും ചേർത്തുപിടിച്ചു.കുത്തനെ ആട്ടി.
‘അങ്ങനെ തന്നെടാ... അങ്ങനെ തന്നെ..'
ശേഷം കവിത കേട്ടു.‘സ്‌നേഹത്തിൽ നിന്നില്ലല്ലോ മറ്റൊന്നും ലഭിച്ചീടാൻ സ്‌നേഹത്തിൻഫലം സ്‌നേഹം, ജ്ഞാനത്തിൻ ഫലം ജ്ഞാനം, സ്‌നേഹമേ പരം സൗഖ്യം, സ്‌നേഹഭംഗമേ ദുഃഖം സ്‌നേഹം മേ ദിക്കാലാതിവർത്തിയായ് ജ്വലിച്ചാവൂ'

വല്ല്യപ്പന് ഏറ്റവും സന്തോഷം വരുമ്പോളാണ് ഈ വരികൾ ചൊല്ലാറ്, ഞാനോർത്തു.
‘വല്ല്യപ്പനെ കവച്ചു വെക്കും ചെറുമകൻ'.
പോകാൻനേരം അലങ്കോലമായി കിടന്ന മുടി വാരികുത്തി അവൾ പറഞ്ഞു.
കെട്ടഴിച്ച് നീളത്തിൽ തുഴഞ്ഞു.

‘വല്ല്യപ്പാ'... ഞാൻ നീട്ടി വിളിച്ചു.
‘എന്താടാ ചെക്കാ'...
എവിടെനിന്നോ കാറു കുത്തിവന്ന ചാറ്റല് ആ പറച്ചിലിനെ മുറിച്ചു.
‘ഞാൻ ആദ്യമായിട്ടല്ല...
നാനി ചേട്ടൻ, ധന്യ'.
ചാറ്റലിനോടൊപ്പം പതിയെ പറഞ്ഞു. ഒച്ച തൊണ്ടക്കുഴിയിൽ വന്നടിഞ്ഞു നിന്നു.
വല്ല്യപ്പൻ ഉറക്കെയുറക്കെ കവിത ചൊല്ലി.
രണ്ടറ്റത്തിരുന്ന ഞങ്ങളുടെ ദൂരമധ്യേ കവിത തട്ടി മുറിഞ്ഞുപോയി.
ചാറ്റലു മാറി മേഘങ്ങൾ പെയ്തു വീണു. നാനി ചേട്ടന്റെയും ധന്യയുടെയും മണം മൂക്കിലും വായിലും കുമിളപൊട്ടി പതഞ്ഞു.
നനഞ്ഞു കുളിച്ച് രണ്ടാളും അപ്പാടെ വന്നു കിടന്നു.
എപ്പോളെത്തിയെന്നു പോലും ഓർമയില്ല.

പിറ്റേന്നത്തെ വെട്ടം ഇരുട്ടിനെ മറച്ചു.
വല്ല്യപ്പൻ കവലയിലേക്കു പോയിക്കാണും.
ഞാൻ പതിയെ കഴിഞ്ഞ രാത്രിയെ സ്വയം ഓർമ്മപ്പെടുത്തി.
പെ​ട്ടെന്നൊരു നിലവിളി മുറ്റത്തു വന്നു വീണു. ചെത്തുകാരൻ സ്റ്റീഫനും, അജിപ്പാനും തോടു മുറിച്ചു മുറ്റത്തോടെ കിഴക്കേ എതയിലേക്കു പാഞ്ഞു.
അൽപ്പം പ്രതീക്ഷയുള്ള നഷ്ട്ടത്തെ ഓർത്തെ മനുഷ്യൻ കരയാറുള്ളൂ എന്നതാണ് സോവിയറ്റു വാദം. ശരിയാണ്. ഞാൻ കരഞ്ഞില്ല. കിഴക്കേ എതയിലെ പറങ്കിമാവിന്റെ നീളൻ കാലുപോലുള്ള കൊമ്പിൽ തൂങ്ങി സോവിയറ്റു തമ്പി ഒരു കവിതചൊല്ലി. കഴുത്തിനു പാകത്തിൽ കയർ മുറുകി കിടന്നതു കൊണ്ടാകണം കവിത പുറത്തുവന്നില്ല.

ശങ്കരക്കുറുപ്പിന്റെ കെട്ടു വലിഞ്ഞു തൊലിപോയി വീർത്ത കൊമ്പിൽ തൊട്ടടുത്തതായി മറ്റൊരു വീർപ്പും പ്രത്യക്ഷപ്പെട്ടു. പെരുമ്പടത്തിലെ ഒരുത്തനും ഒരുത്തിയും അതിർത്തിക്കുള്ളിലേക്കു കടന്നില്ല. പുറത്തുനിന്ന് അപ്പൻ തേങ്ങിത്തേങ്ങി കരഞ്ഞു.
കുഴിവെട്ടി. മണ്ണുമൂടി. കൂട്ടങ്ങൾ ഒഴിഞ്ഞു.
യാഥാസ്ഥിതികതയിൽപ്പെട്ടു സോവിയറ്റ് സാമ്രാജ്യം തകർന്നിരുന്നുവെങ്കിലും ഇതോടു കൂടി ഔപചാരികമായ സമാപനം പൂർത്തിയായി.
അപ്പൻ തോടിനു കുറുകെ വിരിച്ച പനംപാലത്തിൽ തളർന്നു കിടന്നു.
മഴ ചാറി.

‘ആദ്യമായിട്ടാണോ ടാ..'
‘ഉം'.
എന്റെ തല പെരുത്തു വന്നു.
ഇരുട്ട് തിരിച്ചു വെട്ടത്തെ മൂടി.
ഇറങ്ങി നടന്നു.
കവല കടന്നു പടിഞ്ഞാറ്റിറങ്ങി.
പുഴ മുറിച്ച് വാതിൽ മുട്ടി.
വാതിൽ തുറന്നു മലച്ചു കിടന്നു.
​രതിയുടെ പ്രസരലോകത്ത് ദേവഗണങ്ങളുടെ സീൽക്കാര ശബ്ദങ്ങൾ ശക്തിയോടെ ഉയർന്ന് അലച്ചുകൊണ്ടിരുന്നു.

‘അങ്ങനെ തന്നെടാ... അങ്ങനെ തന്നെ..'
അവനൊന്നു വിറച്ചു.
അരക്കു താഴെ തരിച്ചു.
കവിത കേട്ടു.‘സ്‌നേഹത്തിൽ നിന്നില്ലല്ലോ മറ്റൊന്നും ലഭിച്ചീടാൻ സ്‌നേഹത്തിൻ ഫലം സ്‌നേഹം, ജ്ഞാനത്തിൻ ഫലം ജ്ഞാനം, സ്‌നേഹമേ പരം സൗഖ്യം, സ്‌നേഹഭംഗമേ ദുഃഖം സ്‌നേഹം മേ ദിക്കാലാതിവർത്തിയായ് ജ്വലിച്ചാവൂ'

ചാടിയെണീറ്റു പുറത്തേക്കോടി.
കവിത നിലച്ചു.
ഒരു ഇടിമിന്നലോടുകൂടി മഴ തൂളി. പൊട്ടിക്കരഞ്ഞു.
‘വല്ല്യപ്പാ... ആദ്യമായിട്ടല്ലായിരുന്നു...
നാനി ചേട്ടൻ, ധന്യ'...

ഇരുട്ട് തലയിലേക്കു പെരുത്തു കയറി. ശരീരമാകെ വിറച്ചു.
കൈവിരലുകൾ മുടിക്കുള്ളിലേക്കു കുത്തിക്കയറ്റി ഉറക്കെ മുരണ്ടു.
പിന്നിൽ നിന്ന് അവൾ ജെയ്‌സണെ നോക്കി. പതിയെ പറഞ്ഞു. ‘സോവിയറ്റ്'.
അവന്റെ കരച്ചിൽ കൊള്ളിയാനെ പോലെ പുഴകടന്നു പാളി പാളി പൊന്തി പോയി.
‘വല്ല്യപ്പാ... നാനി ചേട്ടൻ, ധന്യ'..... ▮

1- ഉദ്ധരിച്ച കവിത ഭാഗം ജി. ശങ്കരക്കുറുപ്പിന്റെ പെരുന്തച്ചനിലേത്. 2. ഉദ്ധരിച്ച കവിത ഭാഗം ജി ശങ്കരക്കുറുപ്പിന്റെ സൂര്യകാന്തിയിലേത്.

Comments