രണ്ടു ചെറുപ്പക്കാർ ഓഫീസ് കെട്ടിടത്തിന് താഴെ പുക വലിച്ചുകൊണ്ടിരിക്കുന്നു. അവർ പരസ്പരം ഒന്നും സംസാരിക്കുന്നില്ല. സങ്കീർണ്ണമായ ചിന്തച്ചുരുളുകൾ മുകളിലേക്ക് ഊതിക്കൊണ്ടിരിക്കുന്ന ചെറുപ്പക്കാർ പരസ്പരം നോക്കുന്നു പോലുമില്ല. പക്ഷെ അവർ ചെയ്യുന്ന ജോലി സംബന്ധിച്ച ഒരു കാര്യം ചർച്ച ചെയ്യാനാണ് ഓഫീസിൽ നിന്ന് ഇറങ്ങി പുറത്തേക്ക് വന്നത്. ചുമരുകൾക്കുള്ളിൽ നിന്ന് ചില കാര്യങ്ങൾ സംസാരിക്കാൻ അവർക്ക് ബുദ്ധിമുട്ടാണ്. വെളിമ്പുറങ്ങളിൽ ചിന്തകൾ കെട്ടഴിച്ചുവിട്ട ആട്ടിൻ പറ്റങ്ങളെ പോലെയാണ്. ബന്ധങ്ങളേതുമില്ലാതെ പുൽനാമ്പുകളിൽ മേഞ്ഞു ചവച്ച് നടക്കും. വാവട്ടം ചെറുതും വലുതുമായ കുറെ ചുരുളുകൾ ആകാശത്തിലേക്ക് പറന്നുപോയി. അത് മേഘങ്ങളിൽ ലയിക്കുകയും ഒരുപാട് സഞ്ചരിക്കുകയും ചെയ്ത ശേഷം ഏതെങ്കിലും പ്രദേശത്ത് മഴയായി പെയ്യും. ചിന്തകളുടെ നൂൽ മഴ. ആ മഴയിൽ കുറെ ചെടികളും ജീവികളും നനയും.
അഖീൽ കൂട്ടത്തിൽ തടിയനാണ്. കഴുത്തിൽ കുടുങ്ങി നിൽക്കുന്ന ടൈ ഒന്ന് ഇളക്കിയശേഷം അയാൾ ഒരു സിഗരറ്റിനു കൂടി തീ കൊടുത്തു. മാനംമുട്ടി നിൽക്കുന്ന കെട്ടിടങ്ങളുടെ കൂർത്ത അറ്റങ്ങളുടെ നിരകളിലേക്ക് നോക്കി. അതിനിടയിലൂടെ മറഞ്ഞുപോയ ഒരു വിമാനം അയാൾ കണ്ടു. ഇത്തിരി നിമിഷത്തിനുശേഷം ആകാശത്തിന്റെ മറ്റൊരു മൂലയിൽ വിമാനം വീണ്ടും പ്രത്യക്ഷപ്പെടുകയും പിന്നെ മേഘങ്ങളുടെ ഉള്ളിലേക്ക് കുത്തിയിറങ്ങി പോകുന്നതുവരെ അഖീൽ അത് നോക്കി നിൽക്കുകയും ചെയ്തു. അങ്ങനെ വിശാലമായി നോക്കിനിൽക്കുമ്പോഴും അയാളുടെ ഉള്ളം പല കാര്യങ്ങളിൽ തൊട്ടും തൊടാതെയും പട്ടം പോലെ പറക്കുന്നു. ആയിരം ചിന്തകൾ ബുദ്ധി കേന്ദ്രങ്ങളിൽനിന്ന് ചിറകടിച്ച് പറന്നുയരും പോലെ. ചിലത് പറന്നു തുടങ്ങും മുൻപ് മൂക്ക് കുത്തി താഴേക്ക് പതിക്കുന്നു. മറ്റു ചിലത് ഉയർന്ന് പൊങ്ങി എങ്ങോട്ടോ അപ്രത്യക്ഷമാകുന്നു. ഉള്ളം മുഴുവനും വിളറിയോടുന്ന മൃഗങ്ങൾ അവശേഷിപ്പിക്കുന്ന പൊടിപാറുന്ന അന്തരീക്ഷം കണ്ടപ്പോൾ അഖീൽ കണ്ണു ചിമ്മി നിന്നു.
ഇത്തിരി ധ്യാനത്തിനു ശേഷം കണ്ണ് തുറന്ന് അഖീൽ കുമാറിനെ നോക്കി. ഇന്ന് വൈകുന്നേരത്തേക്ക് നമുക്ക് മോഡ്യൂൾ പൂർത്തിയാക്കാനാവുമോ? കഴിഞ്ഞില്ലെങ്കിൽ ബുദ്ധിമുട്ടാവും. പ്രോഗ്രാം കോഡിലെ കോംപ്ലിക്കേഷനെ കുറിച്ച് പറഞ്ഞാലൊന്നും അയാൾക്ക് മനസ്സിലാവില്ല. പ്രത്യേകിച്ച് അഞ്ചു പൈസയുടെ ബുദ്ധിയില്ലാത്തവനോട്. നമ്മൾ ഇന്നാണ് ഡെലിവറി കമ്മിറ്റ് ചെയ്തത്.
കുമാർ അഖീൽ പറഞ്ഞതൊന്നും കേട്ടില്ല. അയാൾ സിഗരറ്റ് പുകച്ചുകൊണ്ട് മറ്റൊരു ലോകത്തിലൂടെ യാത്ര ചെയ്യുകയാണ്. ഹോം വർക്ക് ചെയ്യാത്ത ഒരു കുട്ടി ഇടവഴിയിലൂടെ പുസ്തകസഞ്ചിയും തൂക്കിക്കൊണ്ട് സ്‌ക്കൂളിലേക്ക് പോകുന്നുണ്ട്. അടി ഉറപ്പാണ്. ചെയ്യാൻ പറഞ്ഞ എട്ട് കണക്കുകളും ചെയ്തിട്ടില്ല. അറിയാഞ്ഞിട്ടല്ല. ചെയ്തില്ല. നിർബന്ധിക്കുന്ന ഒരു ഭരണത്തിന് കീഴിലും ജീവിക്കാൻ താല്പര്യമില്ല. അതുകൊണ്ടാണ്. ജീവിതം സമ്പൂർണ്ണമാകുന്നത് പൂർണ്ണമായ സ്വാതന്ത്ര്യത്തിന്റെ കീഴിലാണ്. അല്ലാതെ ഭരണത്തിന്റെ കീഴിലല്ല. പക്ഷെ അടി പൊതിരെ കിട്ടി. ചിലർക്ക് അധികാരം മറ്റുള്ളവരെ അടിച്ച് നേരെയാക്കാനുള്ളതാണെന്ന് ഓർത്തില്ല. കൈവിരലുകളിൽ മുന്തിരിപോലെ ചോര കറുത്ത് തുടുത്തു വന്നു. വേദന കുത്തിപറിച്ചപ്പോൾ വിരൽ വായിലിട്ടു നനച്ചു. ജീവിതം ദുസ്സഹമാവുന്നത് ദാരിദ്ര്യം കൊണ്ടോ അടി കിട്ടിയത്‌കൊണ്ടോ മാത്രമല്ല. ചില ഉത്തരവാദിത്തങ്ങൾ മനസ്സിനെ മാരകമായി പരിക്കേൽപ്പിക്കുന്നത് കൊണ്ടാണെന്ന് ആ കുട്ടി വൈകുന്നേരം വീട്ടിലേക്ക് പോകുമ്പോൾ ചിന്തിച്ചുറപ്പിച്ചു.
കുമാർ സിഗരറ്റ് കുറ്റി തൊട്ടടുത്ത വൈസ്റ്റ് ബിന്നിന് മുകളിൽ കുത്തിക്കെടുത്തി അതിനുള്ളിലേക്കിട്ടു. തൊട്ടടുത്ത് വെരുകിനെ പോലെ ചുറ്റിത്തിരിയുന്ന അഖീലിനെ നോക്കിയപ്പോൾ അയാളുടെ തലയ്ക്ക് മുകളിൽ അസ്ഥിരമായ ഒരു പുകക്കിരീടം കാറ്റിലിളകുന്നു. കിരീടമണിഞ്ഞവരൊക്കെ രാജാവാകണമെന്ന നിർബന്ധമില്ല. മൂക്കിലൂടെ ശക്തമായ പുക ചീറ്റുന്ന മനുഷ്യനെ കാണുമ്പോൾ നമുക്ക് എന്തൊക്കയാണ് തോന്നേണ്ടത്. അയാൾ ഉള്ള് വേവുന്ന ഒരു പാവം ചെറുപ്പക്കാരനെന്നോ? അതോ സ്വയം ആത്മാവിനെ പുകച്ച് പുറത്തു ചാടിക്കുന്ന തലവേട്ടക്കാരനെന്നോ? അതുമല്ലെങ്കിൽ പുക ചീറ്റിപ്പോയ നനഞ്ഞ പടക്കമാണെന്നോ? ഇതിനെല്ലാമുപരി അഖീൽ തീ പിടിച്ച ഒരു ബുദ്ധി കേന്ദ്രമാണെന്ന് കുമാറിന് തോന്നി. മാത്രമല്ല ഓഫീസിൽ നിന്നിറങ്ങിവന്ന ബുദ്ധിക്ക് തീ പിടിച്ച കുറെ മനുഷ്യർ അവിടവിടെയായി പുകഞ്ഞു നിൽക്കുന്നതും കുമാർ കണ്ടു. അവരൊക്കെ പല കാലങ്ങളിൽ പ്രജ്ഞയൂന്നി പുഴ വക്കിൽ നിൽക്കുന്ന കൊക്കുകളെ പോലെ തോന്നിച്ചു. ജീവന്റെ കാമനകൾ അടർന്നുപോയ സത്തയില്ലാത്ത കുറെ മനുഷ്യർ. കറുത്ത കോട്ടുകളണിഞ്ഞിരിക്കുന്ന മറ്റൊന്നല്ലാത്ത കുറെ പേർ. പാറിപ്പറക്കുന്ന മുടിയിഴകൾ കോതിയൊതുക്കുന്നു സ്ത്രീകൾ. പുരുഷന്മാരാണെങ്കിൽ ഷൂസിന്റെ കറുപ്പിൽ പൊടിയുടെ അംശം തീണ്ടിയതിൽ അസ്വസ്ഥരാവുന്നു. ലോകം എല്ലാവരെയും ഒരേപോലെ നിയന്ത്രിക്കുന്നു. എല്ലാം ഒരേപോലെ. മനുഷ്യരോട് അറപ്പ് തോന്നുന്നു. പക്ഷെ ഈ സന്ധ്യയിൽ നഗരം എത്ര പ്രകാശ പൂരിതമായാണ് പെരുമാറുന്നത്. എന്തൊരു തെളിമയാണ്. മഞ്ഞിലും പ്രഭയിലും കുളിച്ചു നിൽക്കുന്ന നഗരം എന്തൊരു കാൽപനികമായാണ് പൊതിഞ്ഞു വച്ചിരിക്കുന്നത്. പല വർണ്ണങ്ങളിൽ പതയുന്ന നഗരം ആരെയാണ് മദ്യത്തിലും മരുന്നിലും മുക്കി ഉന്മത്തരാക്കുന്നത്. ഇവിടെ ഇണ ചേരാൻ കെൽപ്പുള്ളവർ ആരൊക്കയാണ്.
അഖീൽ, പറയൂ നമ്മളെന്ത് ചെയ്യും? നാളത്തെ മീറ്റിംഗ് എങ്ങനെ മാനേജ് ചെയ്യും? കുമാർ ആഖീലിന്റെ ചുമലിൽ കൈവച്ചു.
അതുതന്നെയാണ് ഞാൻ നിന്നോട് ചോദിക്കുന്നത്. എന്ത് ചെയ്യും. ഞാൻ ആലോചിക്കുന്നത് അതൊന്നുമല്ല; ഈ ജോലിയും കോട്ടും സൂട്ടുമൊക്കെ വലിച്ചെറിഞ്ഞ് നാട്ടിലേക്ക് പോയാലോ എന്നാണു. മടുത്തു. അഖീൽ കുമാറിന്റെ കണ്ണുകളിലേക്ക് തുറിച്ച് നോക്കി.
അവിടെ നീ എന്ത് ചെയ്യും?
എന്ത് ചെയ്യാൻ. എന്തെങ്കിലും ചെയ്യണമെന്ന് നിർബന്ധമുണ്ടോ? നമ്മളെന്തിനാണ് എന്തെങ്കിലും ചെയ്യുന്നത്. ജീവൻ നിലനിർത്താൻ ശ്വസിക്കുകയും ആവശ്യത്തിന് ഭക്ഷണം കഴിച്ചാലും മാത്രം പോരെ. നമ്മൾ ഇവിടെ വന്ന് കോലം കെട്ടിനിന്ന് നമ്മളെ തന്നെയാണ് പറ്റിക്കുന്നത്. സത്യം പറഞ്ഞാൽ ജനിച്ച അന്നുമുതൽ നമ്മൾ പറ്റിക്കാനാണ് പഠിക്കുന്നത്. ആദ്യം നമ്മളെ തന്നെ പറ്റിക്കും. പിന്നെ മറ്റു മനുഷ്യരെയും. എന്തൊരു നാടകമാണിത്. നിനക്ക് എപ്പോഴെങ്കിലും ഒരു പൂച്ചയെയോ കാക്കയെയോ പറ്റിക്കാൻ പറ്റുമോ? ഇല്ല, ഒരിക്കലുമില്ല. കാരണം അവർ നമ്മുടെ കഥകളിൽ വിശ്വസിക്കുന്നില്ല. കാര്യങ്ങളെക്കാളും നമുക്കിഷ്ടം കഥകളാണ്. നമ്മുടെ കഥകളാണെങ്കിൽ മുടിഞ്ഞ കള്ളത്തരവും.
എന്ത് കള്ളക്കഥകൾ എന്നാണു നീ പറയുന്നത്. കുമാർ നെറ്റി ചുളിച്ചു.
പണം, രാജ്യം, അതിർത്തികൾ, ബന്ധങ്ങൾ, നിയമങ്ങൾ ഇതിൽക്കൂടുതൽ എന്ത് കള്ളക്കഥകളാണ് നമുക്ക് വേണ്ടത്. പോട്ടെ ഒരൂ നൂറു രൂപാ കാണിച്ച് വീട്ടിലെ പൂച്ചയോട് നിന്റെ കാലുകളിൽ വന്നൊന്നുരുമ്മാൻ പറയൂ. അത് ഉറപ്പായും വരില്ല. അതിനറിയാം, നീ മാത്രം വിശ്വസിക്കുന്ന കള്ളക്കഥയാണീ നൂറു രൂപ എന്ന്. എന്നാൽ ഈ നഗരത്തിലെ ഏറ്റവും വില കുറഞ്ഞ വേശ്യയുടെ ഒരു രാത്രിയിലെ സ്‌നേഹം നൂറു രൂപയ്ക്ക് കിട്ടുമെന്ന് നിനക്ക് അറിയാമോ?. വേശ്യ മനുഷ്യനെപോലെ പെരുമാറുന്നത് ഭാഗ്യം. പൂച്ചയെയോ കാക്കയെയോ പോലെ പെരുമാറിയെങ്കിൽ ഈ നഗരത്തിൽ കുറച്ച് ചെറുപ്പക്കാരെങ്കിലും സ്‌നേഹം നിരാകരിക്കപ്പെട്ട് മോഹഭംഗം വന്ന് വികലാംഗരായേനെ.
കുമാർ അഖീലിന്റെ കയ്യിൽ നിന്ന് എരിയുന്ന സിഗരറ്റ് പിടിച്ചുവാങ്ങി. ഇതിൽ നീ കഞ്ചാവ് തിരുകിയോ എന്ന് നോക്കട്ടെ.
കഞ്ചാവൊന്നും തിരുകിയില്ല. അഖീൽ ചിരിച്ചുകൊണ്ട് ആകാശത്തിലേക്ക് നോക്കി. നഗരത്തിന്റെ എല്ലുകളിൽ പ്രകാശിക്കുന്ന മഞ്ഞ വെളിച്ചം നൃത്തം ചെയ്യുന്ന ദേവതയെപ്പോലെ മുഴുവൻ പരിസരങ്ങിലേക്കും പടരുന്നു. എല്ലാറ്റിനും മുകളിലായി നക്ഷത്രങ്ങൾ തിളങ്ങുന്ന കണ്ണുകൾകൊണ്ട് ഈ ഭൂപടത്തിന്റെ ചിത്രങ്ങൾ ഒപ്പുകയാണ്. ദൈവം ആകാശത്തിലെ കറുത്ത നദിയിൽ മുങ്ങിക്കുളിക്കുന്ന സന്ധ്യാ സമയമാണിത്. ലോകത്ത് നാഥന്റെ കണ്ണെത്താത്ത സമയം. രണ്ടു ചെറുപ്പക്കാരുടെ മനസ്സിൽ അസ്ഥിവരെ പിളർന്ന സങ്കടത്തിന്റെ മുറിവുകൾ.
അഖീൽ കുമാറിനെ നോക്കിക്കൊണ്ട് ചോദിച്ചു. നീ എപ്പോഴെങ്കിലും ആഗ്രഹം നശിച്ച് ഞെട്ടറ്റു വീണിരുന്നോ? എനിക്ക് അങ്ങനെ പലതവണ സംഭവിച്ചിട്ടുണ്ട്. ചെറുപ്പത്തിൽ കുട്ടിയായിരിക്കുമ്പോൾ പറമ്പിലെ മാവിന്റെ തുച്ഛത്ത് തൂങ്ങിക്കിടക്കുന്ന ചുവന്നു തുടുത്ത മാങ്ങയെ നോക്കിക്കൊണ്ടാണ് ഞാൻ ആ മരത്തിലേക്ക് വലിഞ്ഞു കയറിയത്. പക്ഷെ പാതിവഴിയിൽ എങ്ങനെയോ മാങ്ങയോടുള്ള എന്റെ ആസക്തിയുടെ കണ്ണിയറ്റ് പോയി. എന്റെ ബോധം മാങ്ങയിൽ നിന്ന് പറഞ്ഞെങ്ങോ പോയി. മരം വലുതായത്‌കൊണ്ട് ഞാനൂർന്ന് താഴേക്ക് പതിച്ചു. നെഞ്ചിലെ പോറൽ ഹൃദയം വരെ തൊട്ടു. മനുഷ്യന് തീവ്രമായ ആഗ്രഹങ്ങൾ ഉണ്ടാവാൻ പാടുണ്ടോ എന്ന് എനിക്ക് സംശയം ഉണ്ട്. അത് നമുക്ക് നമ്മളെ നഷ്ടപ്പെടുത്തും. പിന്നെ നമുക്ക് നമ്മളെ ആവശ്യത്തിന് പോലും ലഭിക്കാതെയാവും. എനിക്കെന്തോ എവിടെയൊക്കെയോ എന്നെ നഷ്ടപെടും പോലെ. അഖീലിന്റെ കണ്ണുകൾ നനഞ്ഞു.
അതിനിടയിൽ അവർക്കിടയിലേക്ക് ഒരു ഈച്ച മൂളിക്കൊണ്ട് പറന്നുവന്നു. കുമാറിന്റെ മൂക്കിന് മുകളിൽ ഇത്തിരി വിശ്രമിക്കാൻ ശ്രമിച്ച ആ ജീവിയെ അയാൾ ആട്ടി പായിച്ചു. മനുഷ്യൻ എപ്പോഴാണ് ചിന്തിക്കുന്നതെന്ന് ഈച്ചകൾക്കറിയാം. അപ്പോഴാണ് ആ ജീവികൾ മൂക്കിൽ വന്നിരിക്കുന്നത്. മിന്നുന്ന ചിറകുകളുമായി കുമാറിന്റെ തലയിൽ നിന്ന് തെറിച്ചുപോയ ചിന്തതുള്ളി പോലെ പലതരം വൃത്തങ്ങളിൽ ഈച്ച ചുറ്റും പറന്നു. കുലുങ്ങി പൊട്ടി വീഴാറായ മനസ്സുള്ള ഒരു മനുഷ്യന് ചുറ്റുമാണ് ഈച്ച പറന്നു കളിക്കുന്നത്. എന്തൊരു ദുര്യോഗമാണ്. കുമാർ ഈച്ചയുടെ ഭ്രമണ പഥത്തിനെതിരെ കൈ വീശി ഉച്ചത്തിൽ വിളിച്ചു, ബാസ്റ്റഡ്.
ഭ്രമണം കഴിഞ്ഞപ്പോൾ ഈച്ച ഇരുട്ടിലേക്ക് പാറി പോയി. കുമാർ സ്വതന്ത്രനായി.
കുമാർ നിശ്വസിച്ചപ്പോൾ അഖീൽ പറഞ്ഞു. നമ്മുടെ വ്യക്തി സ്വാതന്ത്ര്യം എന്നൊക്കെ പറയുന്നത് തുറന്നു വച്ച ഒരു പാത്രം പോലെയാണ്. കണ്ടില്ലേ, ഏതു ചെറുജീവിക്കുംവരെ അതിനുള്ളിലേക്ക് കയറിവരാം. താറുമാറാക്കാം. പകരം മനുഷ്യരാണ് ആക്രമി എങ്കിലോ? മറ്റുപലരോടും നമ്മളെപറ്റി മോശം അഭിപ്രായങ്ങൾ പങ്കുവെച്ച് ദൈവം ബാക്കി വച്ച ഇത്തിരി സ്വാതന്ത്ര്യംവരെ ഹനിച്ചെടുക്കും. നീ ഒരു തമാശ അറിയുമോ? മനുഷ്യന്റെ സ്വാതന്ത്ര്യം ആദ്യം കൈക്കലാക്കുന്നത് ദൈവം തന്നെയാണ്. എന്നാൽ അദ്ദേഹത്തിൽ വിശ്വസിക്കാതിരുന്നാലോ? പേടിപ്പിക്കാൻ ചുറ്റും നൂറു പേർ കാണും. പേടിച്ചുപോകും. വിശ്വസിച്ചും പോകും. നമ്മളങ്ങനെയല്ലേ വളർന്നത്. എന്തായാലും ആട്ടിയോടിച്ചതിന് ഈച്ചയ്ക്ക് നിന്നെപറ്റി വലിയ അഭിപ്രായം കാണില്ല. മനുഷ്യർ വളരെ മോശം ജീവികളാണെന്നു അത് ഉറപ്പായും വിശ്വസിച്ച് കാണും. അഖീൽ ചിരിച്ചു.
കുമാറിന്റെ കണ്ണുകളിൽ അത്ഭുതത്തിന്റെ നീല നിറം പടർന്നു. സത്യം. നീ പറഞ്ഞത് പരമാർത്ഥം. കുമാർ സിഗരറ്റ് കൂടിൽ നിന്ന് ഒരു സിഗരറ്റുകൂടി വലിച്ചെടുത്ത് കത്തിക്കാതെ ചുണ്ടിൽ വച്ചു. ചുണ്ടിൽ ഉറച്ചു നിൽക്കാത്ത സിഗരറ്റിന്റെ വെളുപ്പിനിടയിലൂടെ അയാൾ സംസാരിക്കാൻ തുടങ്ങി. സംസാരം മുറിയുന്നു എന്ന് തോന്നിയപ്പോൾ കുമാർ സിഗരറ്റ് വീണ്ടും വിരലുകളിലേക്ക് മാറ്റി. സിഗരറ്റ് ഇപ്പോൾ ഭൂമിയിലേക്ക് കുത്തനെയാണ് പിടിച്ചിരിക്കുന്നത്. ഒരു കുഞ്ഞു റോക്കറ്റ് പോലെ. സംസാരിക്കുതിനിടയിൽ അയാളതിന് തീ കൊടുക്കാൻ മറന്നു. ഇന്നലെ നിനക്കോർമ്മയില്ലേ, വൈകുന്നേരം ഏഴു മണിക്ക് വീട്ടിലേക്ക് പോകാൻ തുടങ്ങുമ്പോ മാനേജർ പറഞ്ഞത്
‘‘ദൈവത്തെയോർത്ത് ഇന്നുതന്നെ മോഡ്യൂൾ കംപ്‌ളീറ്റു ചെയ്യണം അധികാരം നടപ്പിലാക്കാൻ ദൈവത്തെ കൂട്ട് പിടിക്കുന്ന നാറിയാണയാൾ. ശരിയല്ലേ നീ ആലോചിച്ചു നോക്കൂ.’’
അഖീൽ കുമാറിനെ നോക്കി.
ഇന്നിനി കോടെഴുതാൻ പറ്റില്ല, ഞാൻ ആകെ തളർന്നു എന്ന് പറഞ്ഞപ്പോൾ ദൈവത്തിന്റെ പേരിലുള്ള അധികാരം കൈവിട്ട് പിന്നെ സ്വന്തം നിലക്കുള്ള പ്രയോഗങ്ങളായി ആ നീചൻ. ഇപ്പൊ തോന്നുന്നു ഈച്ചയെ ബാസ്റ്റഡ് എന്ന് വിളിക്കേണ്ടായിരുന്നു. പകരം നമ്മുടെ മാനേജർ നാറിയെ ആയിരുന്നു വിളിക്കേണ്ടത്.
കുമാർ വിരിലിൽ തൂങ്ങിക്കിടന്ന സിഗരറ്റ് ചുണ്ടിലിറുക്കി പൊത്തിപിടിച്ച് തീ കൊടുത്തു. കൈ കുടഞ്ഞ് മൂക്കിലൂടെ പുക പറത്തി മുകളിലേക്ക് നോക്കി. ആകാശത്തിൽ ഒരു നുള്ള് നിലാവ് മേഘങ്ങൾക്കിടയിലൂടെ അരിച്ചിറങ്ങുന്നുണ്ട്. കുമാർ നിശബ്ദനായി. ഹോം വർക്കുകളൊന്നും ചെയ്യാത്ത ആ കുട്ടി വളർന്ന് കോളേജിലെത്തി. കെട്ടഴിഞ്ഞുപോയ ഒരാട്ടിൻ കുട്ടിയെ പോലെ അത് തോന്നും വഴിയൊക്കെ തുള്ളിച്ചാടി നടന്നു. കണ്ണിൽ കണ്ട ഇലകളിലും കനികളിലുമുള്ള ഹരിതകം അത് ഭക്ഷിച്ചു. കുടൽക്കുഴലിൽ പച്ച നീരോട്ടം മാത്രം. കാണുന്നതൊക്കെയും ഹരിതാഭം. ലോകം സുന്ദരമായ പച്ച പുൽത്തകിടിയായി ആട്ടിൻകുട്ടിക്ക് തോന്നി. അത് വീണ്ടും വീണ്ടും തുള്ളിച്ചാടി. അതിനിടയിലാണ് മാന്തളിരു പോലുള്ള ഒരു പെൺകുട്ടിയെ അയാൾ പരിചയപ്പെടുന്നത്. അയാൾ തുള്ളിച്ചാട്ടം നിർത്തി അവൾക്ക് പിന്നാലെ അവൾ പറയുന്ന ദിക്കിലൂടെ അവൾ പറയുന്ന സൂക്ഷ്മതയിൽ മാത്രം നടക്കുന്നൊരാളായി. പകരം ആ കാലം അയാൾക്ക് നൽകിയത് സ്വർഗ്ഗത്തിൽ മാത്രം വളരുന്ന മാധുര്യമൂറുന്ന ഒരു തരം മാമ്പഴച്ചാറ്.
തളർന്ന് കണ്ണുകൾ തൂങ്ങിപ്പോയ കുമാറിനെയും അഖീലിനെയും മാനേജർ കബിനിലേക്ക് വിളിപ്പിച്ചു.
ഗുഡ് ഈവനിങ്ങ്. അയാൾ അവരുടെ മുഖത്ത് നോക്കാതെ പറഞ്ഞു.
അവർ രണ്ട് നായ്ക്കളെ പോലെ ആ കാബിനുള്ളിലെ അസ്വസ്ഥയിൽ നിന്ന് വിയർത്തു.
സ്‌ക്രീനിൽ നിന്ന് കണ്ണെടുക്കാതെ അയാൾ പറഞ്ഞതെന്തൊക്കെയാണെന്ന് ഓർമയുണ്ടോ? കുമാർ അഖീലനടുത്തേക്ക് നീങ്ങി നിന്നു.
‘‘മിസ്ടർ അഖീൽ ആൻഡ് മിസ്ടർ കുമാർ, നിങ്ങളോടുള്ള എല്ലാ ബഹുമാനവും വച്ചുകൊണ്ട് ചോദിക്കട്ടെ. നിങ്ങൾ ഏതു കാട്ടിൽ നിന്നാണ് വരുന്നത്. നിങ്ങൾ എന്താണ് ഇത്രയും നിരുത്തരവാദപരമായി പെരുമാറുന്നത്. നമ്മൾ എഗ്രീ ചെയ്ത പ്രൊജക്റ്റ് സ്‌കെഡ്യൂൾ കഴിഞ്ഞ ആഴ്ചയാണെന്ന് തമ്പുരാക്കൻമാർക്ക് ഓർമയുണ്ടോ? ഈ ആഴ്ച പ്ലാൻ ചെയ്തത് ടെസ്‌റ്റിങ്ങല്ലേ? ഇതൊക്കെ ഒരു മനുഷ്യന് ചേരുന്ന കാര്യമാണോ? സീ, ഞാനൊരു കാര്യം പറയാം, ഈ ടാസ്‌ക് നമ്മൾ ക്ലൈന്റ് പറയുന്ന സമയത്ത് ചെയ്ത് തീർത്തില്ലെങ്കിൽ അടുത്ത മോഡ്യൂൾ മറ്റാരെങ്കിലും ചെയ്യും. അങ്ങനെ സംഭവിച്ചാൽ നിങ്ങൾ ആ കസേരയിൽ ഉണ്ടാവുമെന്ന് കരുതുന്നുണ്ടോ? അങ്ങനെയൊരവസരത്തിൽ എനിക്ക് നിങ്ങളെ സഹായിക്കണമെന്നു വിചാരിച്ചാലും സാധിക്കില്ല. ഞാൻ ആലോചിക്കുന്നത് നിങ്ങൾ കഴിവില്ലാത്ത രണ്ടു തീട്ടങ്ങളാണ് എന്നാണ്.''
അഖീലും കുമാറും ഒന്നും പറയാതെ അയാളുടെ മുന്നിൽ നിന്നു. ഒരു മനുഷ്യന്റെ അഭിമാനം മറ്റൊരാൾക്ക് എളുപ്പം ഊരിയെടുക്കാൻ സാധിക്കുമെന്ന് അവർക്ക് തോന്നി. എത്ര പെട്ടെന്നാണ് അയാൾ അടിവസ്ത്രം ഊരുമ്പോലെ അത് ഊരിയെടുത്ത് കയ്യിൽ പിടിച്ച് കശക്കിക്കൊണ്ടിരിക്കുന്നത്. എന്ത് തന്മയത്തോടെയാണ് അയാൾ മുറിപ്പാടുകളുണ്ടാക്കി അതിൽ ഉപ്പും മുളകും പുരട്ടി കരിച്ചെടുത്തത്. തോലുരിഞ്ഞുപോയ മനുഷ്യൻ എങ്ങനെയാണ് ആ അവസരത്തിൽ പെരുമാറേണ്ടത് എന്നുപോലും അറിയാത്ത പാവങ്ങളായിപ്പോയ രണ്ടു മനുഷ്യർ. ഊർജ്ജം ഊർന്ന് വാടിപ്പോയ രണ്ട് പച്ചത്തണ്ടുകൾ. അവർ തല താഴ്ത്തി നിന്നു. അകലെ അവർക്ക് ആദ്യമായി മാനത്തിന്റെ ഉടുപ്പ് തുന്നിയിടീച്ച അച്ഛനമ്മമാർ ഉറങ്ങുകയായിരിക്കും. ഓർത്തപ്പോൾ സങ്കടം പൊട്ടിയൊലിച്ചു. കരയാതിരിക്കാൻ ശ്രമിച്ച രണ്ടുപേരും പൊട്ടിപൊളിഞ്ഞ രണ്ടു പടക്കപ്പലുകൾ പോലെ മഞ്ഞിലുറഞ്ഞു പോയി.
മാനേജർ രണ്ടുപേരെയും കാബിനിൽ നിന്ന് ഇളക്കിയെടുത്ത് ഓഫീസ് കാന്റീനിലേക്ക് കൊണ്ട് പോയി. കാപ്പിയുണ്ടാക്കി അവർക്ക് രണ്ടു പേർക്കും കൊടുത്തു.
കുടിക്കൂ. നമ്മൾ പ്രൊഫഷനൽസ് ആണ്. മാനേജറിന് ദൈവത്തിന്റെ ശബ്ദം.
അഖീലിന്റെ കണ്ണുകളിൽ നിന്ന് കണ്ണുനീർ കാപ്പിയിലേക്കുറ്റി. അത് കാപ്പിയുടെ കറുപ്പിലേക്ക് മെല്ലെ ആഴ്ന്ന് പോയി. ചുണ്ടുകൾ അനങ്ങുന്നില്ല. കുമാറാണെങ്കിൽ ഏറു കൊണ്ട ഒരു മൃഗത്തെപ്പോലെ വിഷണ്ണനായി അയാളെ നോക്കിക്കൊണ്ട് നിന്നു. രണ്ടു മൃഗങ്ങളെ അയാൾ തോലുരിച്ച് തൂക്കിപിടിച്ച് ഉദരവിടവിലൂടെ ചോര പൊട്ടുന്ന ആന്തര അവയവങ്ങൾ കയ്യിട്ടു വാരി മേശപ്പുറത്ത് വച്ചിരിക്കുന്നു. കഴുകന്റെ കഴുത്തിന് ചുറ്റും രക്തക്കറയുടെ വളയങ്ങൾ.
മാനേജർ തുടർന്നു. ‘‘നിങ്ങൾ ചെറുപ്പക്കാരാണ്. ജോലിയോട് അത്മാർത്ഥതയും കരുതലും കാണിച്ചില്ലെങ്കിൽ കരിയർ മോശമായിപ്പോകും. ട്രസ്റ്റ് ആണ് എല്ലാത്തിന്റെയും അടിസ്ഥാനം. നിങ്ങൾ കളഞ്ഞു കുളിച്ചിരിക്കുന്നതും അതാണ്. ഞാൻ എന്റെ കരിയർ തുടങ്ങിയപ്പോൾ പതിനാറും പതിനേഴും മണിക്കൂർ ജോലി ചെയ്തിരുന്നു. അങ്ങനെയുള്ളവരെ കമ്പനി ഒരിക്കലും കൈവിട്ടിട്ടുമില്ല. ചീർ അപ്പ് ഗയ്‌സ്. ലോകം നേട്ടങ്ങളുടെത് മാത്രമാണ്.'' അയാൾ വലിയ ചന്തി കുലുക്കിക്കൊണ്ട് കാബിനിലേക്ക് തന്നെ നടന്നു പോയി.
നഗരത്തിലെ ചില ലൈറ്റുകൾ അണഞ്ഞു തുടങ്ങി. കുമാർ അഖീലിനെ നോക്കി പറഞ്ഞു. ഇന്ന് രാത്രി നമുക്കിരുന്നു കോഡിങ്ങ് കംപ്ളീറ്റ് ചെയ്യണം. ഇനി അയാളുടെ വായിലിരിക്കുന്നത് കേൾക്കാൻ എനിക്ക് വയ്യ. ഇന്നലെ പറഞ്ഞതിന്റെ ബാക്കി അയാൾ നാളെ പറയും.
അഖീൽ ഒന്നും മിണ്ടാതെ നിന്നു. വടക്ക് നിന്ന് സൂചിപോലെ കൂർത്തൊരു കാറ്റ് വന്ന് അഖീലിന്റെ മൂക്കിൽ മുട്ടി. മൂക്കിന്റെ അറ്റം കുളിരിൽ പുരണ്ടു. ഇനി വീണ്ടും ഓഫീസിനുള്ളിലേക്ക് കയറി ജോലി ചെയ്യുന്നതിനെ കുറിച്ചോർത്തപ്പോൾ വല്ലാത്ത നിരാശ തോന്നി. സ്വയം തോന്നിയ ദയാവായ്പിൽ ശരീരം വാടി തളർന്ന് നിൽക്കുന്നു. ശരീരത്തിന്റെ സകല പങ്കിൽനിന്നും ശിലാപടലങ്ങൾ അടർന്നു വീഴുമ്പോലെ. മരിക്കണമെന്ന് തോന്നാനാണോ ഇത്രയും വളർന്നത്? ഇതു തന്നെയാണോ ഏറെക്കാലം സ്വപ്നം കണ്ട ജോലി? ഈ എന്നെയാണോ സുഹൃത്തുക്കൾ ആദരപൂർവ്വം നോക്കിയത്? വെന്തു പോയ ജീവനെ ഈ കൂട്ടിലിട്ട് ഞാൻ എത്ര കാലം നടക്കും.
അച്ഛൻ ഒരിക്കൽ ചേർത്ത് നിർത്തി പറഞ്ഞു. ചെയ്യുന്ന ജോലി വൃത്തിയായി ചെയ്യാൻ പറ്റില്ലെന്ന് ഉറപ്പില്ലെങ്കിൽ അതിന് മുതിരരുത്. ഇന്നലെ മാനേജരും അത് തന്നെയാണ് പറഞ്ഞത്. അച്ഛനടക്കം വരുന്ന മനുഷ്യരെല്ലാവരും എന്താണിങ്ങനെ? അവരാരും മനുഷ്യർക്ക് വേണ്ടി സംസാരിക്കുന്നില്ലല്ലോ? ഒരിക്കൽ മരിക്കുമെന്നറിയുന്ന മനുഷ്യന് എങ്ങനെയാണ് ഇങ്ങനെയൊക്കെ ജീവിക്കാനും പെരുമാറാനും സാധിക്കുന്നത്?
ഇവിടം വിട്ട് എങ്ങോട്ടെങ്കിലും പോകണം. ബുദ്ധനെപ്പോലെ. പക്ഷെ ബോധോദയം ഉണ്ടാകുമോ എന്നറിയില്ല. എങ്കിലും സാധാരണ ബുദ്ധിയിൽ തോന്നുന്നതൊക്കെ ചെയ്യണം. പടർന്ന് പന്തലിച്ച ഒരു മരച്ചുവട്ടിലിരുന്ന് ആവോളം ശ്വസിക്കണം. വായുവിന്റെ തണുത്ത രുചി ശ്വാസകോശത്തിന്റെ ആഴത്തിൽ തൊടുംവരെയെങ്കിലും. പ്രഭാതത്തിൽ തെളിവാർന്ന പുഴയിൽ മുങ്ങി നിവർന്ന് സൂര്യനെ കാണണം. സൂര്യൻ മുഖത്ത് വീണ് പൊട്ടുംവരെയെങ്കിലും. അങ്ങനെ സഞ്ചരിക്കുമ്പോൾ അപരിചിതമായ പ്രദേശത്തുവച്ച് പുഞ്ചിരിക്കുന്ന ഒരു കാമുകി കൂടെ കൂടണം. രണ്ടു പേരും രാത്രിയിൽ നിലാവിന്റെ ചുവട്ടിൽ ഒരു കുന്നിൻ മുകളിരുന്ന് സംസാരിക്കുകയും, ജീവിതം ലളിതമായ ഇത്തിരി സ്‌നേഹം മാത്രമാണെന്ന് പറഞ്ഞ് അവളുടെ കവിളിൽ ഒന്ന് ചുംബിക്കണം. ഒടുവിൽ അവളോടൊപ്പം സ്‌നേഹത്തിലും നർമ്മത്തിലും ലയിച്ച് ഉടലുകൾ പാളുന്ന വെളിച്ചമായിത്തീരുകയും ചെയ്യണം.
അഖീൽ അവസാനത്തെ പുക വലിച്ചു.
കുമാർ അഖീലിന്റെ ചുമലിൽ തട്ടി. വാ ഓഫീസിലേക്ക് പോവാം. ഇപ്പൊ തുടങ്ങിയാലേ നാളെ രാവിലെയാവുംമ്പോഴേക്കും തീർക്കാൻ പറ്റൂ.
അവർ ലിഫ്റ്റിലൂടെ മൂന്നാം നിലയിലുള്ള ഒഫീസിലേക്ക് എത്തി. സമയം പത്തു മണി. ഓഫീസ് കാലിയായി കിടക്കുന്നു. വെളുത്ത പ്രകാശം പ്രസരിക്കുന്ന ഓഫീസിൽ മടുപ്പുകൾ തിങ്ങി നിറഞ്ഞു നിൽക്കുന്നതായി കുമാറിന് തോന്നി.
കുമാർ അഖീലിനെ ഇത്തിരി നേരം നോക്കി നിന്നുകൊണ്ട് പറഞ്ഞു. ഞാനൊരു കാര്യം പറയട്ടെ. ഈ ഓഫീസിൽ പതിയിരിക്കുന്ന മടുപ്പ് എന്നെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ട്. എനിക്കറിയാം നിന്നെയും അത് ശല്യപ്പെടുത്തുന്നുണ്ട്. മടുപ്പ് പണ്ടുമുതലേ മനുഷ്യനോടു ഇണങ്ങിയ ഒരു ജീവിയാണ്. നമ്മൾ തെന്നിവീഴുംവരെ അത് രോമങ്ങളുരസിക്കൊണ്ട് നമ്മുടെ കാലുകൾക്കിടയിൽ വെറുതെ ഓടി നടക്കും. ഒഴിഞ്ഞു പോകാൻ മടിക്കുന്ന ആ ജന്തുവിനെ ഇന്ന് നമ്മൾ നഗ്‌നത കാട്ടി ആട്ടി പായിക്കുന്നു. നിനക്ക് ഞാൻ പറഞ്ഞത് മനസ്സിലായോ? അതായത് അടുത്ത ഏഴെട്ട് മണിക്കൂർ നമ്മൾ പരിപൂർണ്ണ നഗ്‌നരായി പ്രോഗ്രാം കൊടെഴുതുന്നു. ഈ ചുമരിനുള്ളിൽ തോന്നുന്നതൊക്കെ ചെയ്യുന്നു. നമ്മൾ രണ്ടുപേരും മാത്രമല്ലേ ഉള്ളൂ. ഇതൊരവസരമാണ്. എന്തു പറയുന്നു?
അഖീൽ ചിരിച്ചു. എന്തവസരം?
കുമാർ അതിന് മറുപടി പറഞ്ഞില്ല.
കുമാർ ചില്ലു ജാലകത്തിലൂടെ പുറത്തേക്ക് നോക്കി. നഗരം മയങ്ങി തുടങ്ങുന്നതിന്റെ ലക്ഷണങ്ങൾ കാണിക്കുന്നു. ദൂരയുള്ള മറ്റൊരു കെട്ടിടത്തിന്റെ ഏഴാം നിലയിലെ ജനലരികിൽ കർട്ടൻ നീക്കിയിടാനായി ഒരു സ്ത്രീ പ്രത്യക്ഷപ്പെട്ടു. നിമിഷങ്ങൾക്കുള്ളിൽ കർട്ടൻ നീക്കി അവർ ആ കുടുംബത്തിന്റെ സ്വകാര്യമായ ഇരുട്ടിലേക്ക് മുങ്ങിപ്പോവുകയും ചെയ്തു. ആകാശത്തിൽ ആരോ വന്ന് കിളിവാതിലടച്ച് അപ്രത്യക്ഷമായപോലെ.
നീ അത് കണ്ടോ? ഈ നഗരത്തിന്റെ ആകാശത്തിൽ പോലും സ്വകാര്യ ജീവിതമുണ്ട്. പക്ഷെ ഇന്ന് നമ്മൾ അതിനെതിരാണ്. ഉടുതുണിയില്ലാതെ ജോലി ചെയ്യും. ഒന്നും മറച്ചു വെക്കാനില്ലാതെ ലോകത്തോട് പറയും ഇവിടെ രണ്ടു പേർ ബൗദ്ധികമായ വ്യവഹാരത്തിലാണെന്ന്. മാത്രമല്ല ഗുഹ്യതയുടെ കട്ടകറുപ്പ് പ്രദർശിപ്പിച്ച് പകൽ സമയങ്ങളിൽ സൂട്ടും കോട്ടുമിട്ട് ഇവിടെ കറങ്ങി നടക്കുന്ന എല്ലാ നീച ജന്മങ്ങളെയും അപമാനിക്കും. അവരറിയാതെ അവരെ അവഹേളിക്കും. ഇതൊരവസരമാണ്.
അഖീൽ കുലുങ്ങി ചിരിച്ചു.
അവർ രണ്ടു പേരും ഉടുതുണി അഴിച്ചു മാറ്റി. അപ്പോൾ അവിടം മുഴുവൻ ശിലായുഗത്തിലെ നഗ്‌ന പുരുഷന്റെ ഗന്ധം പരന്നു. വന്യമൃഗങ്ങൾ ഇരതേടുന്ന കാടുകൾ ഉണ്ടായി. അരുവികളും കിളികളും പ്രത്യക്ഷപ്പെട്ടു. എന്തിനും പോന്ന അപകടകാരികളായ രണ്ടു മനുഷ്യർ വനാന്തരങ്ങിൽ കുതിച്ചു നടക്കുന്നു. ആയുധങ്ങളുടെ മൂർച്ച കൂട്ടുന്നു. ഉച്ചത്തിൽ അലറിക്കൊണ്ട് സകല ജീവികളെയും അവർ പോരിനു വിളിച്ചു. സിംഹത്തിന്റെ ഇരുണ്ട അറയിൽ കയറി അതിന്റെ സിംഹാസനം ചവിട്ടി തള്ളിയിട്ട് പുറത്തേക്കിറങ്ങി. കലിയടങ്ങാതെ ഗുഹയുടെ കവാടത്തിലേക്ക് വീണ്ടും ഓടിച്ചെന്ന് പറഞ്ഞു ഒറ്റ കുത്തിനു കൊന്നുകളയും പന്നീ. തളർന്നപ്പോൾ അവർ കുറച്ച് നേരം കണ്ണുകളടച്ചിരുന്നു. കാലം ഒഴുകിയൊരു തീരത്തടിഞ്ഞു.
കാന്റീനിൽ പോയി കാപ്പിയുണ്ടാക്കി തിരിച്ചു വന്ന് കമ്പ്യൂട്ടറിന് മുന്നിലിരുന്നു. ആയുധങ്ങൾ ഉണ്ടാക്കുന്ന സൂക്ഷ്മതയോടെ അവർ പ്രോഗ്രാം കോഡിലെ ചില ചിഹ്നരൂപങ്ങളെ ഉരക്കുകയും മിനുസപ്പെടുത്തുകയും ചെയ്തു തുടങ്ങി. മികച്ച ഒരു നിർമാണമാണ് ഉദ്ദേശിക്കുന്നത്.
പെട്ടെന്നാണ് ഈച്ചകളുടെ ഒരു കൂട്ടം ഏതെല്ലോ വിടവുകളിൽക്കൂടി ഓഫീസിനകത്തേക്ക് പ്രവേശിച്ച് തുടങ്ങിയത്. നിമിഷങ്ങൾക്കുള്ളിൽ നിലക്കാത്ത പ്രവാഹം പോലെ ഈച്ചകൾ മുറിയിൽ വീണ്ടും വീണ്ടും പെരുകിക്കൊണ്ടിരുന്നു. ഒരായിരം വീണകളുടെ തന്ത്രികൾ പൊട്ടുന്ന ശബ്ദം. നിർത്താതെ ഉലയുന്ന ചങ്ങലയുടെ കിലുക്കം. അറപ്പ് പറ്റിയ ഈച്ചകൾ ആ രണ്ടു മനുഷ്യദേഹം മുഴുവൻ നുരത്തു പൊതിഞ്ഞു. ചിറകുകൾ ഇളക്കിക്കൊണ്ട് ഓരോ ഈച്ചയും ആ മനുഷ്യനഗ്‌നതയുടെ ഗുഹ്യതയിൽ തല പൂഴ്ത്താൻ ശ്രമിച്ചു.
കണ്ണുകളിൽ പറ്റിയ ഈച്ചകളെ വടിച്ചെടുത്തുകൊണ്ട് അഖീൽ കുമാറിനോട് പറഞ്ഞു. നമ്മൾ വല്ലാതെ അഴുകി പോയെന്നു തോന്നുന്നു.
അപ്പോൾ കുമാർ ഓരോ ഈച്ചകളെയും കൺപോളകളിൽ നിന്ന് ഊരിയെടുക്കുകയായിരുന്നു.