ആറാമത്തെ കല്ല്

ന്ദകുമാറിന് ദേഷ്യം വന്നാൽ മിണ്ടാതിരിക്കും.
കുറെ നേരം അങ്ങനെ മിണ്ടാതിരിക്കും.
അപ്പോൾ അയാളുടെ മനസ്സിന്റെ അടിത്തട്ട് മലിനമായ ജലാശയം പോലെ ചപ്പു ചവറുകൾ നിറഞ്ഞതാണ്.
പലതും ചിന്തിക്കും.
വേണ്ടതും വേണ്ടാത്തതുമായ പലതരം വിചാരങ്ങളെ പല്ലുകൾ ഞെരിച്ചരയ്ക്കും.
മുഷ്ടി ചുരുട്ടി ആരും കാണാതെ ഭിത്തിയിലിടിക്കും.
ഭാര്യയെയും കുട്ടികളെയും വെറുക്കും. ജീവിതത്തിന് അർത്ഥമില്ലെന്ന് മെല്ലെപ്പറഞ്ഞു ചന്തിയിലെ പൊടിതട്ടി എഴുന്നേറ്റ് നടക്കും.

നന്ദനും രേവതിയും താമസിക്കുന്നത് വിശാലമായ ഒരു പറമ്പിന്റെ നടുവിൽ നട്ടുപിടിപ്പിച്ച ചെറിയ ഒരു വീട്ടിലാണ്.
രേവതിക്ക് പാരമ്പര്യമായി കിട്ടിയ പറമ്പിലേക്ക് അവർ ചെറിയ വീട് വെക്കുകയാണ് ഉണ്ടായത്.
വീട് ചെറുത് മതി എന്ന് രേവതി വാശി പിടിച്ചപ്പോൾ നന്ദൻ എതിർത്തില്ല.
ഏകദേശം ഒരേക്കറോളം വരുന്ന പറമ്പിൽ ഇല്ലാത്ത കായ്കനികൾ ഇല്ല.
കാണാത്ത ഇഴ ജന്തുക്കൾ ഇല്ല.
ചുറ്റും മരങ്ങളും വള്ളികളും പടർന്നു പന്തലിച്ച് നിഴൽവീണ പാർപ്പിടം ഒളിസങ്കേതം പോലെ തോന്നിച്ചു.
രാത്രിയിൽ തെളിമയില്ലാതെ മിന്നുന്ന വെളിച്ചത്തിരുന്ന് അവരുടെ കുട്ടികൾ പാഠഭാഗങ്ങൾ ഉറക്കെ വായിച്ചു.
നന്ദൻ ഇളയതിനെ തിരുത്തി മോളെ ""ബദിരൻ അല്ല ബധിരൻ''.
അവൾ അച്ഛനെ നോക്കി ചിരിച്ച്, പുസ്തകം ബാഗിൽ മടക്കി വച്ച് അടുക്കളയിലേക്ക് ഓടിപ്പോയി. നന്ദൻ മുറ്റത്തെ ഇരുട്ടിലേക്ക് നോക്കി ഒന്ന് രണ്ടാവർത്തി പറഞ്ഞു നോക്കി ബദിരൻ, ബദിരൻ.

ആ വീട്ടിൽ നാല് മനുഷ്യരല്ലാതെ രണ്ട് മൃഗങ്ങൾക്ക്കൂടി വളരെ പ്രത്യക്ഷമായി അവകാശമുണ്ട്. അത് ഒരു നായയും പിന്നെ ഒരു പൂച്ചയും ആയിരുന്നു. മൂത്ത മകൾ നായയെയും ഇളയത് പൂച്ചയെയും അതിയായി സ്‌നേഹിച്ചു. ബാക്കി വന്ന സ്‌നേഹത്തിന്റെ ഇത്തിരി തുള്ളികൾ അച്ഛനും അമ്മയും പരാതിയൊന്നുമില്ലാതെ പങ്കിട്ടെടുത്തു.

നന്ദൻ വൈകുന്നേരം ഓഫീസിൽ നിന്നിറങ്ങി ഗേറ്റിനു പുറത്തുള്ള തട്ടുകടയിൽനിന്ന് ഒരു ചായ വാങ്ങിക്കുടിച്ചു. ഈ ചായകുടി പതിവുള്ളതല്ല. എന്നാലും റോഡിലൂടെ പോകുന്ന മനുഷ്യരെ നോക്കിക്കൊണ്ട് അയാൾ ചായ മൊത്തി. സമീപത്തെ വാടയുടെ മണം മൂക്കിലേക്കടിച്ചപ്പോൾ അയാൾ ചായ നിലത്തൊഴിച്ച് ബൈക്ക് സ്റ്റാർട്ട് ചെയ്ത് വീട്ടിലേക്ക് പോയി. വഴിയിൽ കണ്ട ഒരു കടയിൽ കയറി കുട്ടികൾക്ക് രണ്ടു ചോക്ലേറ്റുകൾ മറക്കാതെ വാങ്ങി അയാൾ കീശയിൽ സൂക്ഷിച്ചു.അച്ഛാ ടിന്റുവിനും കൂടി ചോക്ലേറ്റ് വേണമായിരുന്നു നായക്കോ?അച്ഛാ മിന്നുവിനും കൂടി ചോക്ലേറ്റ് വാങ്ങാമായിരുന്നു. പൂച്ചക്കോ?

അന്ന് രാത്രി കുടുംബം മുഴുവൻ അല്ലലില്ലാതെ കിടന്നുറങ്ങി. രാത്രി മുഴുവൻ പുറത്ത് പതിയെ ഇലകൾ പൊഴിയുന്നതും നനുത്ത മഞ്ഞുറ്റുന്ന ശബ്ദവും അവരാരും കേട്ടില്ല. പക്ഷെ ദൂരെ എവിടെയോ ജീവിക്കുന്ന ഒരു കോഴിയുടെ പുലർകാലത്തെ കൂവലിൽ നന്ദൻ ഞെട്ടി. പൊടുന്നനെ ആർദ്രമായ സ്‌നേഹത്തിന്റെ ഒരു കുളിര് അയാളുടെ ശരീരത്തിൽ വന്നു പിടഞ്ഞു. നീലയും ചുവപ്പും തൂവലുകളുള്ള ആ പക്ഷിയെ അയാൾക്ക് കാണണമെന്ന് തോന്നി. കോഴി അതി സുന്ദരനായ പക്ഷിയാണ്.

നന്ദൻ ഓഫീസിലേക്ക് പോകാനൊരുങ്ങി മുറ്റത്തേക്കിറങ്ങിയതാണ്. പെട്ടെന്ന് അയാൾ യാത്ര വേണ്ടെന്ന് വെച്ച് അകത്തേക്ക് കയറി. കയ്യിലെ ബാഗ് താഴേക്കെറിഞ്ഞു സോഫയിലേക്ക് മലർന്നു കിടന്നു. വല്ലാത്തൊരു ദുശ്ശകുനമാണല്ലോ? എന്തു പറ്റി? നിർമ്മല ടീച്ചറോട് ഇനി അത് പറഞ്ഞെ മതിയാവൂ. എന്ത്? അവരോട് എന്ത് പറയാൻ?നമ്മൾ കാണുന്ന രീതിയിൽ അവരുടെ അടിവസ്ത്രം ഉണക്കാനിടരുതെന്ന്. എന്തൊരു ദുശ്ശകുനമാണ്.അങ്ങനെ നമുക്ക് ഒരാളോട് പറയാൻ സാധിക്കുമോ? അവർ അവരുടെ പറമ്പിൽ അടിവസ്ത്രമോ? മേൽവസ്ത്രമോ എന്ത് വേണമെങ്കിലും ഉണക്കാനിടട്ടെ? നിങ്ങൾക്ക് നിങ്ങളുടെ വഴി പോയാൽ പോരെ. ആരും വഴിയൊന്നും മുടക്കുന്നില്ലല്ലോ? രേവതി സാരികൊണ്ട് മുഖം തുടച്ച് അടുക്കളയിലേക്ക് നടന്നു.

നിന്നോട് പറഞ്ഞിട്ട് കാര്യമില്ല. നന്ദൻ പിറുപിറുത്തു.
അടുക്കളയിൽ കറിക്കരിഞ്ഞുകൊണ്ടിരിക്കുന്നതിനിടയിൽ രേവതി ഓർത്തു. നിർമ്മല ടീച്ചറോട് എന്ത് പറയാനാണ്. അവർ കുലീനയാണ്. സുന്ദരിയും പതിഞ്ഞ ശബ്ദത്തിൽ സംസാരിക്കുന്ന ടീച്ചറോട് ബഹുമാനം കലർന്ന ഒരടുപ്പം രേവതി സൂക്ഷിച്ചിരുന്നു. മക്കളില്ലെങ്കിലും അവരും ഭർത്താവും തികഞ്ഞ ഉള്ളടക്കത്താലും സംതൃപ്തിയോടെയുമാണ് പെരുമാറുന്നതും ജീവിക്കുന്നതും. രേവതി കത്തി താഴെ വച്ച് അടുക്കള വാതിൽ വഴി പുറത്തേക്കിറിങ്ങി വീടിന്റെ മുന്നിലേക്ക് വന്നു. വേപ്പ് മരത്തിന്റെ ചുവട്ടിൽ വന്ന് നിന്ന് നിർമ്മല ടീച്ചറുടെ പറമ്പിലേക്ക് നോക്കി. മഞ്ഞയും, നീലയും നിറമുള്ള രണ്ട് വലിയ പാന്റീസ് അയലിൽ ഉണങ്ങാനിട്ടത് രേവതി കണ്ടു. അവർ ഊറി ചിരിച്ചുകൊണ്ട് അടുക്കളയിലേക്ക് പോയി. എന്ത്തന്നെയായാലും നിർമ്മല ടീച്ചർ പ്രൗഢവും പക്വതയുമുള്ള സ്ത്രീയാണ്.
ഈ വീട്ടിലേക്ക് മാറിത്താമസിച്ചതിന്റെ രണ്ടാം ദിവസം തന്നെ ടീച്ചറും ഭർത്താവും വന്നതാണ്. ഒരു വൈകുന്നേരമായിരുന്നു. ഏറെ നേരം സംസാരിച്ചു. പല ചർച്ചകളായി സംസാരം നീണ്ടുപോയപ്പോൾ ടീച്ചർ മിക്ക വിഷയങ്ങളിലും ആധികാരികമായ തീർപ്പുകളിലും അനുമാനങ്ങളിലേക്കും എല്ലാവരെയും ചേർത്തുവച്ചു. അനായാസമായ ഒരു സ്വാധീനത്തിന്റെയും ത്രാണിയുടെയും സ്വച്ഛമായ പ്രകടനം പോലെ ടീച്ചർ നന്ദൻ പറയുന്നതും ക്ഷമയോടെ കേട്ടു.

നന്ദൻ പൊതുവേ ചർച്ചകളിൽ ആരോടും സമരസപ്പെടാത്ത സ്വഭാവമാണ്. തന്റെ വിവേചനങ്ങളിലെ പൊരുൾ മാത്രമേ അയാൾ പരിഗണിച്ചിരുന്നുള്ളൂ എന്നാണ് എല്ലാ ഭാര്യമാരെപ്പോലെ രേവതിയും കരുതിയത്. പക്ഷെ നിർമ്മല ടീച്ചറുടെ സവിശേഷവ്യക്തിത്വം നന്ദന്റെ കാമ്പ് വലിച്ചൂരുന്നത് രേവതി കണ്ടു.
പിന്നീട് പലപ്പോഴായി അവർ വീട്ടിൽ വന്നപ്പോഴൊക്കെ നന്ദനും ടീച്ചറും മാത്രമായി സംസാരം. അതിനിടയിൽപ്പെട്ട രേവതി, ടീച്ചറുടെ ഭർത്താവിനെ ആദ്യമായി കണ്ട മനുഷ്യനോടെന്നപോലെ പുഞ്ചിരിച്ചു. അയാൾ മറുപുഞ്ചിരിയിൽ ഒതുങ്ങിമാറി മിണ്ടാതിരുന്നു.""ചായ എടുക്കട്ടെ''. രേവതി അടുക്കലളയുടെ മറവിലേക്ക് പോയി.
ടീച്ചർ തുടർന്നു.

കേട്ടോ നന്ദാ. ഞാൻ പറയുന്നത് എന്താണെന്ന് വച്ചാൽ. ഇപ്പോഴത്തെ കുട്ടികളോട് പെരുമാറുമ്പോൾ നമ്മൾ വളരെ സൂക്ഷിച്ച് പെരുമാറണം. ഞങ്ങൾക്ക് കുട്ടികൾ ഇല്ലെങ്കിലും ഒരു ടീച്ചർ എന്ന നിലയിൽ ദിവസവും ഒരുപാട് കുട്ടികളോട് അടുത്ത് ഇടപഴകുന്നതല്ലേ? ചിരിച്ചുകൊണ്ട് നിർമ്മല ടീച്ചർ അടുത്തിരിക്കുന്ന അവരുടെ ഭർത്താവിന്റെ ചുമലിൽ ഒന്ന് തൊട്ടു. അയാൾ കയ്യിലുള്ള ഒരു മാഗസിനിൽ എന്തോ ചുഴിഞ്ഞു നോക്കുകയായിരുന്നു. ടീച്ചർ ഭർത്താവിന്റെ ചുമലിൽനിന്ന് കൈവലിച്ച് താഴെക്കിടന്ന സാരിയുടെ അറ്റം പിടച്ച് ഒതുക്കി. അവർ കസേരയിൽ ഒന്നുകൂടി അനങ്ങിയിരുന്നു.

സാരിയൊന്നങ്ങിയപ്പോൾ രണ്ടു മുയൽ കുഞ്ഞുങ്ങളെപ്പോലെ വെളുത്ത നിറമുള്ള ടീച്ചറുടെ കാൽപാദങ്ങൾ നന്ദന്റെ ശ്രദ്ധയിപ്പെട്ടു. മൃദുലമായ കാൽ നഖങ്ങളിലെ ചുവന്ന ക്യൂട്ടക്‌സ് തുമ്പുകൾ ആ മുറിയിലെ അരണ്ട വെളിച്ചത്തിലും മിന്നി. നന്ദന്റെ കണ്ണുപായുന്നത് ടീച്ചർ കണ്ടു. അവർ വീണ്ടും പറഞ്ഞു.

മുതിർന്നവർ എന്ന രീതിയിൽ കുട്ടികളോട് നമുക്ക് ചെയ്യാൻ പറ്റുന്ന ഒരു വലിയ കാര്യം അവരുടെ ഉള്ളിലുള്ള ആശയങ്ങളെ സ്പഷ്ടമായി പ്രകടിപ്പിക്കാനുള്ള അനുവാദം നൽകുക എന്നത് മാത്രമാണ്. അല്ലാതെ വെറുതെ കുറെ കാണാപാഠം പഠിപ്പിച്ച് എന്ത് നേടാനാണ്. അവർ സ്വയം പ്രകാശിക്കട്ടെ. നന്ദന് എന്ത് തോന്നുന്നു.
ശരിയാണ്. ടീച്ചറുടെ ദൃഢപ്രസ്താവനകൾക്ക് മറുത്തൊന്നും പറയാൻ അയാൾക്ക് തോന്നിയില്ല.

രേവതി ചായയുമായി വന്നു.
പിന്നീട് നാട്ടു ചെടികളെപ്പറ്റിയും, കാലാവസ്ഥാ മാറ്റത്തെപ്പറ്റിയും അവർ കുറച്ച് നേരംകൂടി സംസാരിച്ചു.
ഒടുവിൽ പോകാനിറങ്ങിയപ്പോൾ വീടിന്റെ ഗയിറ്റ് വരെ നന്ദനും രേവതിയും അവരോടൊപ്പം നടന്നു. ഇരുട്ടിലേക്ക് ദമ്പതിമാർ ഇറങ്ങിപോയപ്പോൾ അവടെ പരന്ന കാട്ടുമുല്ലയുടെ മണം നന്ദന്റെ മൂക്കിലേക്ക് ഇരച്ചുകയറി. രേവതിയുടെ തോളിൽ കൈ ചുറ്റിപ്പിടിച്ച് അയാൾ വീട്ടിനുള്ളിലേക്ക് കയറി വാതിലടച്ചു.ഇന്ന് ഇനി ഓഫീസിലേക്ക് പോകുന്നില്ലേ? രേവതി ചോദിച്ചു.ഇന്ന് പോകുന്നില്ല. ദുശ്ശകുനം.ഞാൻ അറിയാൻ പറ്റാഞ്ഞിട്ടു ചോദിക്കുകയാണ്. ഈ അടുത്ത് തുടങ്ങിയ അഭ്യാസങ്ങളാണല്ലോ ഈ ശകുനം നോക്കൽ. അതും അങ്ങേതോ ഒരു സ്ത്രീയുടെ ഒണങ്ങിയ പാന്റീസ്. ഈ കഥ ആരോടെങ്കിലും ഒന്ന് പറയാൻ പറ്റുമോ ദൈവമേ. മനുഷ്യൻതന്നെ നാറിപ്പോവില്ലേ?
നന്ദൻ മറുപടിയൊന്നും പറഞ്ഞില്ല.അതോ നിങ്ങൾക്ക് ഓഫീസിൽ മറ്റെന്തെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടോ? രേവതി നന്ദന്റെ അടുത്തേക്ക് വന്നിരുന്നു.
അയാളുടെ നെറ്റിയിൽ വിയർപ്പു തുള്ളികൾ പൊടിഞ്ഞു. അവൾ മെല്ലെ അയാളെ തൊട്ടു. ഓഫീസിൽ പ്രശ്‌നങ്ങളൊന്നും ഇല്ല. ഇനി നീയായി പ്രശ്‌നങ്ങൾ ഉണ്ടാക്കാതിരുന്നാ മതി. എനിക്ക് കുറച്ച് സമാധാനം തരൂ. അയാൾ പതിവിലും ശബ്ദത്തിൽ സംസാരിച്ചു. നിനക്ക് ടീച്ചറോട് പോയി കാര്യം പറയാൻ പറ്റുമോ ഇല്ലയോ?""എനിക്ക് പറ്റില്ല''. രേവതിയുടെ കണ്ണുകളിൽ നനവ് പടർന്നു. ഓടിത്തളർന്ന മൃഗത്തെപ്പോലെ അവർ കിതക്കാൻ തുടങ്ങി.
നന്ദൻ രേവതിയുടെ ചുമലിൽ കൈവച്ചു. ഞാനൊരു കാര്യം പറയെട്ടെ?""ഉം''. അവരുടെ കിതപ്പണഞ്ഞു.നമ്മൾ കല്ല്യാണം കഴിഞ്ഞ് പതിനഞ്ചു വർഷമായില്ലേ. എനിക്ക് ഏറ്റവും കൂടുതൽ ഭയം എന്താണെന്നോ? നിനക്ക് എപ്പോഴെങ്കിലും എന്നോടുള്ള വിശ്വാസം നഷ്ടപ്പെട്ട് ഒരു അപരിചതയെപ്പോലെ പെരുമാറുമോ എന്നായിരുന്നു. എടോ, ഇപ്പോൾ ജീവിതം ഒഴുക്ക് നഷ്ടപ്പെട്ട് തങ്ങി നിൽക്കുംമ്പോലെ. നീ എന്നെ പൂർണ്ണമായും വിശ്വസിക്കുന്നു എന്ന് ഒന്ന് പറയാമോ?
രേവതി നന്ദന്റെ മുഖത്ത് തുറിച്ചു നോക്കിക്കൊണ്ടിരുന്നു. പ്ലീസ് രേവതീ. ഒരിക്കലെങ്കിലും പറയാമോ?എനിക്ക് ഒന്നും മനസ്സിലാവുന്നില്ല. നിങ്ങൾ എന്തിനാണ് ഇങ്ങനെ നാടകം കളിക്കുന്നത്. എനിക്ക് നിങ്ങളെ വിശ്വാസമില്ലെങ്കിൽ ഞാൻ പണ്ടേ ഇട്ടേച്ച് പോയേനെ. ഭ്രാന്തായോ. രേവതി എഴുന്നേറ്റു നടന്നു.എങ്കിൽ നിനക്ക് ടീച്ചറോട് പോയി കാര്യം പറയാൻ പറ്റുമോ? പറ്റില്ലെന്ന് പറഞ്ഞില്ലേ?
വൈകുന്നേരം മഴ കനത്തിരുണ്ടു പെയ്തു. നനഞ്ഞു മിന്നുന്ന വൃക്ഷത്തലപ്പുകൾക്കപ്പുറം മങ്ങിയൊരാകാശക്കീറ്. എപ്പോഴൊക്കെയോ അതിനിടയിലൂടൂർന്നു വന്ന തണുത്ത കാറ്റിൽ നന്ദൻ കാല്പനികമായ ഒരു സൗഖ്യമനുഭവിച്ചു. ജീവിതത്തിന് എന്തെന്നില്ലാത്ത ഉണർവ്വിന്റെ വീര്യം. അനിയന്ത്രിതമായ ഊർജത്തള്ളലിൽ അയാൾ മഴയിൽ മുറ്റത്തേക്കിറങ്ങി വേപ്പ് മരത്തിന്റെ ചുവട്ടിലേക്ക് നടന്നു.

രേവതി അകത്ത് നിന്ന് മഴയെക്കാൾ ശബ്ദത്തിൽ വിളിച്ചു ചോദിച്ചു. നിങ്ങൾ എങ്ങോട്ടാണ് മനുഷ്യാ ഈ മഴയത്ത് പോകുന്നത്? ഒരു കുട എടുക്കരുതോ? കുട വേണ്ട. ഇപ്പൊ വരാം.
വേപ്പിൻ ചുവട്ടിൽ നിന്നുകൊണ്ട് നിർമ്മല ടീച്ചറുടെ നനഞ്ഞു കുതിർന്ന പാന്റീസ് അയാൾ വ്യക്തമായി കണ്ടു. ജീവിതത്തിൽ പാലിക്കേണ്ട എല്ലാ സ്വബോധ രൂപകല്പനകളെയും മറികടന്ന് നന്ദൻ മഴയിൽ അവിടെ കുറെ നേരം നിന്നു. ശ്വാസത്തിന്റെ പക്ഷികൾ ചിറകടിച്ചുയർന്നു. പതിയെ പ്രകൃതിയുടെ ആദ്യത്തെ ചോതനയെ തൊട്ടപ്പോൾ അയാൾ അറിയാതെ കണ്ണുകളടച്ചു. ബോധവും ജീവിതവും രണ്ടു പുഴയാണ്. പരസ്പരം ചേർത്തു വച്ചാൽ ചേരാതെ ഒഴുകുന്ന രണ്ട് കളവുകളാണവ. മഴ അയാളെ തണുപ്പിച്ചുകൊണ്ടിരുന്നു. ഇരുട്ട് പരന്നപ്പോൾ നന്ദൻ വീട്ടിലേക്ക് നടന്നു. കോലായിൽ രേവതി ഒരു തോർത്തുമായി കാത്ത് നിൽക്കുന്നുണ്ടായിരുന്നു.

അതീവ രഹസ്യമായി നമുക്കുള്ളിൽ എത്ര പേർ ജീവിക്കുന്നുണ്ടാവാം. നന്ദന് തോന്നിയിരുന്നു, ഒറ്റയാളല്ല പകരം അനേകം മനുഷ്യരുടെ ഒരു താവളമാണ് താനെന്ന്. പ്രായം കൂടുംതോറും പല ജനുസ്സിൽപ്പെട്ട മനുഷ്യർ അയാളിൽ കുടിയേറുകയും കുടിയിറങ്ങുകയും ചെയ്തിട്ടുണ്ട്. ചിലരെ വെറുത്തു. ചിലർ താനേ ഇറങ്ങിപ്പോയി. കുടുംബത്തോടൊപ്പം ജീവിക്കുന്ന പുരുഷന് ചില പരിമിതികളുണ്ട്. ഒരിക്കൽ ബാറിൽ ഇരുന്ന് ജീവിതം ആഘോഷിക്കാൻ ഉദ്‌ഘോഷിച്ച ഒരു ചെറുപ്പക്കാരനെ അമ്മ ചവിട്ടിയൊതുക്കി. മറ്റൊരിക്കൽ ഓഫീസിൽ പുതുതായി വന്ന സ്ത്രീ സുന്ദരിയാണെന്ന് പറഞ്ഞുകൊണ്ട് തല പുറത്തിട്ട കാമുകന് നേരെ ഭാര്യ തീ തുപ്പി. ഉള്ളിലെ ഓരോ മനുഷ്യനും കൊല്ലപ്പെടുമോ എന്ന് നന്ദന് ഭയം തോന്നിയിരുന്നു.

രാത്രി ഉറങ്ങുന്നതിന് മുൻപ് നന്ദന് പ്രാർഥിക്കുന്ന ശീലമുണ്ട്.""ദൈവമേ എന്നെയും എന്റെ കുടുംബത്തെയും നല്ല വഴിക്ക് നടത്തേണമേ. ജീവിതത്തിൽ എപ്പോഴും സമാധാനം നിലനിർത്തേണമേ. എന്തെങ്കിലും തെറ്റുകൾ ചെയ്‌തെങ്കിൽ പൊറുത്ത് മാപ്പാക്കണമേ. ലോകത്തിന് നന്മകൾ മാത്രം ഉണ്ടാകണമേ.''
മുടി ചീകി. നെഞ്ചിലും കഴുത്തിലും ഇത്തിരി പൗഡർ വിതറി നന്ദൻ കിടക്കയിലേക്ക് വന്ന് കിടന്നു. അടുത്ത് കിടന്ന രേവതിയോട് നന്ദൻ പറഞ്ഞു.എന്താന്നറിയില്ല, ഈയ്യിടെയായി നമ്മുടെ നിർമ്മല ടീച്ചറുടെ സ്വഭാവം എനിക്കത്ര പിടിക്കുന്നില്ല. ആകെക്കൂടി ഒരു വശപ്പെശകുള്ള സ്ത്രീയാണവർ.എനിക്കും തോന്നി. രേവതിയുടെ കണ്ണുകൾ മിന്നി.അതയോ. അപ്പൊ ഞാൻ വിചാരിച്ചത് സത്യമാണ്. അവര് നമ്മള് കാണുംമ്പോലെയുള്ള ഒരു സ്ത്രീയല്ല. ഭർത്താവാണെങ്കിൽ ഒരു മൊരടൻ. ഇതുവരെ എന്തെങ്കിലും വായ തുറന്ന് പറയുന്നത് ഞാൻ കേട്ടിട്ടില്ല. നന്ദൻ രേവതിയുടെ അടുത്തേക്ക് ഇത്തിരി നീങ്ങിക്കിടന്നു.സത്യം. അതിന് ആ സ്ത്രീ എന്തെങ്കിലും അയാളെ പറയാൻ സമ്മതിക്കേണ്ടേ. ആണുങ്ങളായാൽ ഇത്ര പാവമായിപ്പോകാൻ പാടുണ്ടോ. രേവതിയുടെ ശബ്ദമുയർന്നു. അല്ല ഞാൻ ചോദിക്കണമെന്ന് വിചാരിച്ചതാ നിങ്ങൾ മഴയത്ത് വേപ്പിൻ ചുവട്ടിൽ എന്തെടുക്കുകയായിരുന്നു?ഞാനോ? അതെ. നിങ്ങള് തന്നെ. അല്ലാണ്ട് വേറാരാണ്.അതോ - ഇത്ര നാളായിട്ടും നിനക്കറിയില്ലേ എനിക്ക് മഴ ഇഷ്ടമാണെന്ന്. എനിക്കറിയില്ലല്ലോ? നിങ്ങൾക്ക് മഴ ഇഷ്ടമാണെന്ന്. മഴ ഇഷ്ടമല്ലാത്ത മനുഷ്യരുണ്ടോ? നന്ദൻ തിരിഞ്ഞു കിടന്ന് കണ്ണുകളടച്ചു.

പിറ്റേന്ന് വൈകുന്നേരം രേവതി നിർമ്മല ടീച്ചറുടെ വീട്ടിലേക്ക് നടന്നു. പെയ്തു തോർന്ന മഴയുടെ നനവ് ചെടികളിലും പുല്ലുകളിലും ഇപ്പോഴുമുണ്ട്. വഴിയിലെ ചായയുടെ നിറമുള്ള ചെറിയ ചെറിയ വെള്ളക്കെട്ടുകൾ അവർ ചാടിക്കടന്നു. അപ്പോൾ തലയ്ക് മുകളിലൂടെ കരഞ്ഞുകൊണ്ട് നീല നിറമുള്ള ഒരു പക്ഷി പറന്നുപോയി. അസ്ത്രവേഗം നോക്കിനിൽക്കെ കാഴ്ചയിൽ നിന്നും അത് പൊടുന്നനെ അപ്രത്യക്ഷമാവുകയും ചെയ്തു. വിദൂരതയിൽ അതിന്റെ കരച്ചിലിന്റെ മുഴക്കം രേവതി അപ്പോഴും കേൾക്കുന്നുണ്ടായിരുന്നു. എന്തൊരു ദുര്യോഗമാണ്. സന്ധ്യാ സമയത്ത് നിലവിളിച്ചുകൊണ്ട് കൂട്ടം തെറ്റിയ ഒരു പറവ. രേവതിയുടെ ഉള്ളിലെവിടെയോ എന്തെന്നില്ലാത്ത വേവലാതിയുടെ ഒരു പിടയൽ. കൊളുത്തി വലിഞ്ഞു മുറുകുന്ന വ്യഥ. രേവതി മരച്ചുവട്ടിൽ കുറച്ചു നേരം നിന്നു.
നന്ദൻ എന്നോട് പറഞ്ഞു.""ടീച്ചർ വശപ്പെശകാണെന്ന്.'' ""ടീച്ചറുടെ പാന്ടീസ് ദുശ്ശകുനമാണെന്ന്.'' ""വേപ്പിൻ ചുവട്ടിലെ മഴ അനുഭൂതിയാണെന്ന്.''
രേവതിയുടെ ചിന്തകൾ വീണ്ടും ആഴങ്ങളിലേക്ക് വേരുകളാഴ്ത്തി. ഒന്നും ശരിയല്ല.""ടീച്ചർ വശപ്പെശകല്ല.''""ടീച്ചറുടെയെന്നല്ല ആരുടെയും പാന്റീസ് ദുശ്ശകുനമല്ല.''""മഴ നന്ദന് ഇഷ്ടമല്ല. മഴയുടെ മറവിൽ അനുഭൂതിയുടെ ഒരു കളവുണ്ട്.''
രേവതി ദീർഘമായി നിശ്വസിച്ചു. ഒടുവിൽ നിശ്ചിതമായ ഒരു തീർപ്പിൽ അവർ എത്തിച്ചേർന്നു.

നന്ദൻ പാവമാണ്. നൈസർഗ്ഗികമായ ആസക്തികളെ ഒളിപ്പിച്ച് വെക്കാൻ പരാജയപ്പെട്ടയാൾ. അയാൾ എല്ലാവരെയുംപോലെ ഏറ്റവും കൂടുതൽ പട പൊരുതുന്നത് അയാളുടെ തന്നെ ജന്മവാസനകളോടായിരിക്കും. രേവതിക്ക് നന്ദനോട് ദൈന്യം നിറഞ്ഞ സ്‌നേഹം തോന്നി.

കുറെ വർഷങ്ങൾക്ക് മുൻപ് ഒരേ നാട്ടുകാരായ ഒരു പെൺകുട്ടിയും ഒരാൺകുട്ടിയും പ്രണയത്തിലകപ്പെട്ടു.
ആദ്യം പരസ്പരം കണ്ണുകളിൽ മാത്രം നോക്കി കുറുകെ നടന്നുപോയ അപരിചിതരായിരുന്നു അവർ.
ഒരിക്കൽ ഇടവഴിയിൽ വച്ച് ആൺകുട്ടി ചിരിച്ചു.
അവൻ പ്രതീക്ഷിക്കാതെ അവൾ മറുചിരി ചിരിച്ച് വേഗം നടന്നു പോയി. മറ്റൊരവസരത്തിൽ അവൻ അവളോട് പറഞ്ഞു. ഈ നാട്ടിലെ ഏറ്റവും ധൈര്യമുള്ള ചെറുപ്പക്കാരനാണ് ഞാൻ. അത്‌കേട്ട് അവൾ പൊട്ടി പൊട്ടി ചിരിച്ചു. എങ്കിൽ എന്റെ കൂടെ വരൂ. അവൾ പറഞ്ഞു. പെൺകുട്ടി നടന്നു. അവൻ അവളെ അനുഗമിച്ചു. നടന്ന് നടന്ന് അവർ ഒരു കുന്നിൻ മുകളിലെത്തി. ഹരിതാഭമായ ഗ്രാമത്തിന്റെ ഉച്ചിയിൽനിന്ന് അവർ ലോകം മുഴുവൻ കണ്ടു. ദൂരെ വെള്ളിവര പോലെ ഒരു നദി സമുദ്രത്തിലേക്ക് അലിയുന്നു. ഉരുക്ക് പാളത്തിലൂടെ മെല്ലെ നീങ്ങിപ്പോകുന്ന ട്രെയിൻ. അതിന്റെ ജനലരികിൽ അവ്യക്തമായ ജീവന്റെ പൊട്ടുകൾ. അതിനും എല്ലാറ്റിനും അപ്പുറം കടൽ ജലത്തിന്റെ അറ്റത്ത് സൂര്യൻ അസ്തമിക്കുന്നു. ഇങ്ങ് കുന്നിൽ അവളുടെ മുടിയിഴകളിൽ ചുവന്ന രശ്മികൾ തീ പിടിപ്പിച്ചു. നീ അതീവ സുന്ദരിയായ പെൺകുട്ടി തന്നെ. അവൻ മെല്ലെ പറഞ്ഞു.നീ ധൈര്യവാനായ ആൺകുട്ടിയാണെന്ന് ഇപ്പോഴും ഉറപ്പാണോ?ആണെങ്കിൽ?ആണെങ്കിൽ എന്നെ ഒന്ന് മുറുകെ കെട്ടിപ്പിടിക്കൂ.
അവൻ ചുറ്റുപാടും നോക്കി. ആരുമില്ല. കടലിനു മുകളിൽ നിന്നും പറന്നു വന്ന ഒരു കുളിർ കാറ്റ് അവരെ പൊതിഞ്ഞു. അവൾ കണ്ണുകളടച്ചു നിന്നു. പിന്നെ അവനും മെല്ലെ കണ്ണുകളടച്ചു. കുറച്ച് കഴിഞ്ഞ് ഉച്ചത്തിൽ ചിരിച്ചുകൊണ്ട് അവർ കുന്നിറങ്ങി അവരവരുടെ വീട്ടിലേക്ക് പോയി.
ഇനിയുള്ള രാത്രികളിൽ നന്ദനെ പതിവിലും മുറുകെ കെട്ടിപ്പിടിച്ചുറങ്ങണമെന്ന് രേവതി തീരുമാനിച്ചു. അവരുടെ നെഞ്ചിൽ നിന്ന് ഒരു പിടപ്പ് ഞരമ്പുകളിലേക്ക് പിടഞ്ഞെഴുന്നേറ്റു പോയി.

വീട്ടു മുറ്റത്ത് നട്ട ഒരു പനിനീർ ചെടിയിൽ സുന്ദരമായ ഒരു പുഷ്പം വിടർന്നു. നന്ദനും കുടുംബവും അടുത്ത രണ്ടു മൂന്നു വൈകുന്നേരങ്ങൾ അതിന് ചുറ്റും ജീവിച്ചു. കുട്ടികൾ അതിന്റെ ഇതളുകളിൽ മൂക്ക് മുട്ടിച്ച് നന്ദനെയും രേവതിയെയും നോക്കി. അച്ഛാ ഞാനിത് പറിച്ചു മുടിയിൽ വെക്കട്ടെ?
വേണ്ടെന്ന് പറഞ്ഞത് രേവതിയാണ്.
കുട്ടികൾ നായയെയും പൂച്ചയെയും വിളിച്ച് അകത്തേക്ക് പോയി. ആ വീട്ടിലെ സാധാരണ ജീവിതത്തിന്റെ ഒച്ചയനക്കങ്ങളായിരുന്നു ഇതൊക്കെ. പക്ഷെ നന്ദൻ അവിടെ ഒന്നും മിണ്ടാതിരുന്നു. മനസ്സ് അലങ്കോലപ്പെട്ടിരിക്കയാണ്. ദുഃഖം അകാരണമാണെന്ന് അയാൾ വിശ്വസിക്കാൻ ശ്രമിച്ചു. ഉള്ളിന്റെ ഉള്ളിൽ ഏറ്റവും അവസാനത്തെ അടരിലാണ് വിഷം തീണ്ടിയത്. ദീർഘമായി നിശ്വസിച്ചു. സാധാരണ പുരുഷന് ദു:ഖിക്കാൻ ചെറിയ കാരണങ്ങളെ വേണ്ടൂ. ശാന്തമായ ഒരു സന്ധ്യ, ദൂരെ എങ്ങു നിന്നോ അവ്യക്തമായി കേൾക്കുന്ന ഒരു പഴയ ഗാനം, എപ്പോഴോ ഒരിക്കൽ മുറിവേൽപ്പിച്ച് കടന്നുപോയ സ്ത്രീയെക്കുറിച്ചുള്ള അവിചാരിതമായ ഓർമ്മ. ഇതൊന്നുന്നുമല്ലെങ്കിൽ ഗുഹ്യ രോഗം പോലെ വേദനിക്കുന്ന ആരോടും വെളിപ്പെടുത്താൻ പറ്റാത്ത അന്യ സ്ത്രീയോടുള്ള പ്രണയവും, കാമവും. നന്ദന്റെ കാലുകൾ തളർന്നിരുന്നു. വേട്ട മൃഗം കൊരവള്ളി കടിച്ച മാനിനെപ്പോലെ അയാൾ ദൂരെ എങ്ങോ നോക്കിയിരുന്നു.
ഓഫീസിൽ നിന്നിറങ്ങുമ്പോൾ നമുക്കിന്ന് അമ്പലത്തിൽ പോയാലോ എന്ന് നന്ദൻ സുധീപിനോട് ചോദിച്ചു.എന്തെങ്കിലും മനസ്സിനെ അലട്ടുന്നുണ്ടോ?ഇല്ലെടോ. വെറുതെ നമുക്ക് കുറച്ച് നേരം അവിടെയിരിക്കാം.
ചില ദിവസങ്ങളിൽ അവർ സന്ധ്യവരെ അമ്പല കുളത്തിന്റെ കരയിലിരിക്കും. ഇരുട്ടിത്തുടങ്ങുമ്പോൾ എഴുന്നേറ്റു നടക്കും. സുധീപ് വളരെ ജൂനിയർ ആണെങ്കിലും ജീവിതത്തെ ആഴത്തിൽ അറിയുന്ന ഒരാളെപ്പോലെയാണ് സംസാരിക്കുന്നതെന്ന് നന്ദൻ ഒരിക്കൽ രേവതിയോട് പറഞ്ഞിരുന്നു. അവർ മറുപടിയായി ഒന്ന് മൂളുക മാത്രം ചെയ്തു.
കുളക്കടവിൽ മൂന്ന് നാല് കുട്ടികൾ നീന്തി കുളിക്കുന്നുണ്ട്. അവർ മുങ്ങാങ്കുഴിയിടുകയും പൊങ്ങി വരികയും ചെയ്തു. കുളത്തിനപ്പുറത്തെ കാവിലെ വലിയ വൃക്ഷങ്ങളിലേക്ക് പക്ഷികൾ കൂട്ടമായി ചേക്കേറുന്നത് അവർ കണ്ടു. വെളുത്ത നിറമുള്ള അനേകം പക്ഷികൾ പച്ചിലകളുടെ ഇരുട്ടിലേക്ക് മറഞ്ഞു. കുളിക്കടവിൽ നിന്ന് കുട്ടികൾ ഈറനോടെ ഓടിപ്പോയി. അമ്പലത്തിൽ തെളിഞ്ഞ തിരിവിളക്കുകളുടെ വെളിച്ചം പ്രശാന്തമായ ജലത്തിൽ പ്രതിബിംബപ്പെട്ടു. നന്ദൻ ചെറിയ കല്ലുകൾ എടുത്ത് കുളത്തിൽക്കണ്ട വെളിച്ചത്തിലേക്ക് ഏറിയുന്നുണ്ടായിരുന്നു.വല്ലാത്ത ഒരസ്വസ്ഥത. ജീവിതത്തിന് ഒരു സുഖവുമില്ല. കുറെ നേരത്തെ മൗനത്തിന് ശേഷമാണ് നന്ദൻ പറഞ്ഞത്.എന്ത് പറ്റി? കുടുംബ പ്രശ്‌നമാണോ?
രേവതി പഴയ പോലയല്ല. ഒരു വിശ്വാസ്യത നഷ്ടപ്പെട്ട പോലയാണ് അവൾ പെരുമാറുന്നത്. നന്ദൻ കുളത്തിലേക്ക് ഒരു കല്ല് കൂടി എറിഞ്ഞു. ജലത്തിലെ വെളിച്ചം കലങ്ങി മറിഞ്ഞു.നിങ്ങൾക്ക് വെറുതെ ഓരോന്ന് തോന്നുന്നതാണ്. അങ്ങനെയൊന്നുമുണ്ടാവില്ല. സത്യമാടോ. എന്തോ ഒരു പ്രശ്‌നം ഉണ്ട്.അതെന്താ അങ്ങനെ തോന്നാൻ അവർ വല്ലതും പറഞ്ഞോ? സുധീപ് നന്ദനെ നോക്കാതെ ചോദിച്ചു.
ഈയ്യിടയായി അവൾ ഒരു പുതിയ ശീലം തുടങ്ങിയിട്ടുണ്ട്. രാത്രി കിടന്നുറങ്ങുമ്പോൾ എന്നെ വരിഞ്ഞു മുറുകി കെട്ടിപ്പിടിച്ചാണ് കിടന്നുറങ്ങുന്നത്. മുമ്പും അവൾ കെട്ടിപ്പിടിച്ച് തന്നെയാണ് ഉറങ്ങിയിരുന്നത്. പക്ഷെ ഈയ്യിടെയായി അവളുടെ കൈകൾക്ക് മുൻപില്ലാത്ത ഒരു തരം മുറുക്കം. അതിനുള്ളിൽ ഞാൻ വല്ലാതെ ശ്വാസം മുട്ടിപ്പോകുന്നു. നന്ദന്റെ കണ്ണുകൾ നനഞ്ഞ് വാക്കുകൾ മുറിഞ്ഞു. അയാൾ മറ്റൊരു കല്ലുകൂടു കുളത്തിലേക്കെറിഞ്ഞു.ചേട്ടാ, ഞാനൊരു കാര്യം പറയട്ടെ. നിങ്ങൾ ഇപ്പോൾ ആറാമത്തെ കല്ലാണ് കുളത്തിലേക്കെറിഞ്ഞത്. അതുണ്ടാക്കിയ ചെറുതിരകളിൽ തിരിവെളിച്ചം കുലുങ്ങിപ്പോകുന്നു. ▮​

Comments