ഒന്ന്
പരമനെസ്സൈ
ചെട്ടിഭാഗത്തുനിന്ന് ഹൈക്കോർട്ടിലേക്കുള്ള പാസഞ്ചർ ബോട്ടിൽ വച്ച് അങ്ങോരെ അന്ന് പരിചയപ്പെട്ടില്ലായിരുന്നെങ്കിൽ പട്ടാളത്തിൽ ചേർന്ന് അറുപത്തിരണ്ടിലെ ഹിന്ദി ചീനി യുദ്ധത്തിൽ വീരമൃത്യു അടയാനായിരുന്നേനെ ഭരതൻപിള്ളയമ്മാവന്റെ വിധി. ബോട്ടിന്റെ മൂലയിൽ പതുങ്ങി ഇരിക്കുകയായിരുന്ന അമ്മാവനോട് "നല്ല പൊക്കമുണ്ടല്ലാ... പട്ടാളത്തിൽ ചേരാൻ പോകുവാണാ?' എന്ന് പുള്ളിക്കാരൻ നേരിട്ട് വന്നു ചോദിക്കുകയായിരുന്നു. രാമവർമ്മ സ്‌കൂളിൽ ആ സമയത്ത് നടന്നുകൊണ്ടിരുന്ന പട്ടാളറിക്രൂട്ട്‌മെന്റിനെപ്പറ്റിയൊന്നും സത്യത്തിൽ അമ്മാവനറിയില്ലായിരുന്നു.
എസ്സൈ യൂണിഫോമിൽ മുന്നിൽ നിൽക്കുന്ന കൊമ്പൻമീശക്കാരനെ കണ്ട് അമ്മാവൻ ആദ്യമൊന്ന് പേടിച്ചു. ഇടത്തേ പോക്കറ്റിൽ മെഡലെല്ലാമുണ്ട്. അതിനു മുകളിൽ "പരമൻ' എന്ന നെയിംപ്ലേറ്റ്. ചോദ്യത്തിന്റെ താളം കേട്ടപ്പോൾ അമ്മാവന് സംശയം തോന്നിയതാണ്. പേരും കൂടി കണ്ടപ്പോൾ പേടി അടങ്ങി. പേരും സംസാരവും കൊണ്ട് ആൾക്കാരുടെ മൂലാധാരം വരെ മനസ്സിലാക്കുന്ന വിദ്യ അന്നേ കാരിപ്പള്ളിയിലെ നായൻമാർക്കറിയാം.
കാരിപ്പള്ളിയിൽ നെല്ലായിപ്പിള്ളിക്കാർ കഴിഞ്ഞാൽ ഏറ്റവും വലിയ ഭൂജന്മിയായിരുന്നു അമ്മാവന്റെ അച്ഛൻ അതായത് എന്റെ അമ്മയുടെ അച്ഛൻ പങ്കജാക്ഷൻപിള്ള. അമ്പലനടയിൽ പലചരക്കുകടയും തൊട്ടുചേർന്ന് "പൂർണ്ണേശ്വരി' ജൗളിക്കടയും.
മൂത്ത മകൻ രാമൻപിള്ളയെ അതേൽപ്പിച്ചിട്ട് പലചരക്കുകടയിൽ ക്യാഷിലിരിക്കുന്നത് മുത്തച്ഛൻ നേരിട്ടാണ്. ഇരിക്കുന്നിടത്തുനിന്ന് ജൗളിക്കടയിലേക്ക് ആരൊക്കെ പോകുന്നുണ്ടെന്ന് നോക്കിവയ്ക്കും.
ഓരോ കച്ചവടം കഴിയുമ്പോഴും വല്യമ്മാവൻ ചെന്ന് മുത്തച്ഛന് കണക്ക് കൊടുക്കണം.
തുണിക്ക് വന്നവരെക്കൊണ്ട് ഒരു ചുട്ടിതോർത്തെങ്കിലും അധികം വാങ്ങിപ്പിച്ചില്ലെങ്കിൽ എല്ലാവരുടേയും മുന്നിൽ വച്ച് "തന്തയിയില്ലാ കഴുവേർടമോനേ' എന്നുള്ള വിളി ഉറപ്പാണ്.
ചെറുപ്പം മുതലേ ചേട്ടനെ വിളിക്കുന്ന ഈ വിളിയുടെ അർത്ഥം മനസ്സിലാവാതെ അമ്മാവൻ തല പുകച്ചിട്ടുണ്ട്. ഒരിക്കൽ ചേട്ടനോട് നേരിട്ട് ചോദിച്ചു. വല്യമ്മാവൻ ചിരിച്ചുകൊണ്ട് "അതച്ഛൻ തന്നെത്തന്നെ വിളിക്കണതല്ലേടാ...' എന്നു പറഞ്ഞപ്പോൾ ആൾക്ക് സങ്കടമില്ലെന്ന് അമ്മാവന് മനസ്സിലായി.
ചേട്ടന്റെ മാത്രമല്ല ആരുടേയും സങ്കടം കാണാൻ ചെറുതിലേ അമ്മാവന് പറ്റുകയില്ലായിരുന്നുവെന്ന് അമ്മ പറയാറുണ്ട്. സങ്കടക്കാരേക്കാൾ ഒച്ചയിട്ട് കരയുന്നതു കാരണം "ഓളിക്കാരൻ' എന്നായിരുന്നു അമ്മാവനെ കളിയാക്കി വിളിച്ചിരുന്നത്. വല്യമ്മാവനും എന്റെ അമ്മയ്ക്കും ഏറ്റവും ഇളയതായിരുന്നു അമ്മാവൻ.
പഠിക്കാൻ ആളത്ര മെച്ചമൊന്നുമായിരുന്നില്ല. മലയാളത്തിന് മാത്രം മാർക്ക് കിട്ടും. ബാക്കിയെല്ലാത്തിനും കഷ്ടിയായിരുന്നു. ആറിലും ഏഴിലും ഓരോ കൊല്ലം തോൽക്കുകയും ചെയ്തു. അക്കാലത്ത് ഒന്നോ രണ്ടോ കൊല്ലം സ്‌കൂളിൽ തോൽക്കുന്നത് വലിയ കാര്യമൊന്നുമല്ലാതിരുന്നിട്ടും എട്ടാംക്ലാസ് പരീക്ഷ കഴിഞ്ഞപ്പോൾ നാളെ മുതൽ കടയിലേക്ക് വന്ന് കാര്യങ്ങളൊക്കെ നോക്കിപ്പഠിച്ചോളാൻ മുത്തച്ഛൻ ഉത്തരവിറക്കി.
"അപ്പ പലചരക്കുകട നിനക്കും ജവുളി എനിക്കും' എന്നു ചേട്ടൻ ഉറപ്പിച്ച അന്ന് രാത്രി ഒരു മുഴുത്ത തെറി സ്വപ്നത്തിൽ കേട്ട് ചെക്കൻ വലിയവായിൽ കരയാൻ തുടങ്ങി. മൂന്നു ദിവസം നിർത്താതെ കരഞ്ഞപ്പോൾ കടയിൽ പോക്ക് രണ്ട് കൊല്ലം കൂടി നീട്ടിക്കിട്ടി.
അങ്ങനെ നീട്ടിക്കിട്ടിയ രണ്ടാം കൊല്ലത്തിന്റെ അവസാനം അതായത് പത്താംതരം പാസായതിന്റെ അഞ്ചാം ദിവസമാണ് മുത്തച്ഛനറിയാതെ അമ്മ ഒരു രൂപാ കൊടുത്ത് "നിനക്ക് പതിനെട്ടു വയസ്സായില്ലേ... എർണാളത്ത് പോയി എംപ്ലോയ്‌മെന്റിൽ രജിസ്റ്റർ ചെയ്യ്'എന്ന് അമ്മാവനോട് പറഞ്ഞതും അതിനായി പോകുന്ന പോക്കിൽ പരമനെസ്സൈയെ കാണുന്നതും.
"എംപ്ലോയ്‌മെന്റിൽ പേര് ചേർക്കാൻ പോകാണ്' മറുപടി തീർന്നതും കോതാട് ജെട്ടിയെത്തി. എസ്സൈയെ കണ്ട് അതുവരെ തൊട്ടടുത്ത് പരുങ്ങിയിരിക്കുകയായിരുന്ന ഒരു പിള്ളേച്ചൻ രക്ഷപ്പെട്ട പോലെ എണീറ്റ് പോയി. പരമനെസ്സൈ അമ്മാവന്റെ അരുകിലിരുന്നു.
കോതാട് ജെട്ടിയിൽ നിന്ന് ഒരു പറ്റം ആളുകൾ ബോട്ടിൽ കയറി ബോട്ട് നിറഞ്ഞു.
അമ്മാവൻ ചുറ്റും നോക്കിയപ്പോഴാണ് ആ അത്ഭുതക്കാഴ്ച കണ്ടത്.
ബോട്ട് നിറയെ ജനമാണെങ്കിലും അമ്മാവന്റേയും പരമനെസ്സൈയുടേയും ഒരു മീറ്റർ ചുറ്റുവട്ടത്തിൽ ഒറ്റ മനുഷ്യനില്ല. അതിനപ്പുറം മനുഷ്യത്തിര തിക്കിത്തിരക്കി നിൽക്കുന്നു.
"ദിതാണ് മോനേ പോലീസ് കുപ്പായത്തിന്റ ഗുണം...' അന്തംവിട്ടിരിക്കുന്ന അമ്മാവന്റെ ചെവിയിലേക്ക് ചാഞ്ഞ് പരമനെസ്സൈ പറഞ്ഞപ്പോൾ യൂണിഫോമിൽ പുരട്ടിയിരുന്ന അത്തറിന്റെ മണമടിച്ചു. അമ്മാവന് പരമനെസ്സൈയോടും പോലീസുപണിയോടും യൂണിഫോമിനോടും ആദ്യമായിട്ട് ഇഷ്ടം തോന്നിയത് അപ്പോഴാവണം.
ബോട്ടിറങ്ങി അമ്മാവനേയും കൂട്ടി എസ്സൈ നേരേ പോയത് ഷണ്മുഖം റോഡിലെ ക്യാമ്പിലേക്കായിരുന്നു.
പോലീസിൽ ചേരാൻ തയ്യാറുള്ള പൊക്കവും ആരോഗ്യവും ഉള്ളവരെയെല്ലാം നേരിട്ടെടുക്കുന്ന കാലമാണ്. ഒരെസ്സൈ ശുപാർശയും കൂടെ ചെയ്താൽ ഒന്നും നോക്കാനുണ്ടാവില്ല. പൊക്കവും നെഞ്ചളവും എടുത്തപ്പോൾ പൊക്കത്തിൽ പാസ്സായി പക്ഷെ നെഞ്ചളവിൽ തോറ്റു. അളവെഴുതിയ കടലാസ്സെടുത്ത് സ്വന്തം കൈ കൊണ്ട് പരമനെസ്സൈ തിരുത്തിയെഴുതി പാസ്സാക്കുകയായിരുന്നു.
എല്ലാം കഴിഞ്ഞപ്പോൾ പരമനെസ്സൈ അമ്മാവനെയും കൂട്ടി ക്യാന്റീനിൽ പോയി. ചായയും പഴംപൊരിയും കഴിക്കുന്നതിനിടയിൽ അമ്മാവൻ മനസ്സ് തുറന്നു.
""സാറേ... ഞാനൊരു സത്യം പറയട്ടെ. എനിക്ക് ആൾക്കാരെ ഇടിക്കാനൊന്നും പറ്റൂല്ല... പെട്ടെന്ന് സങ്കടം വരും'' പറഞ്ഞപ്പോൾ തന്നെ കണ്ണ് നിറഞ്ഞു.
പരമനെസ്സൈ ന്യൂ റിക്രൂട്ടിനെ നോക്കി കുറച്ചുനേരം ഇരുന്നു. രണ്ട് പരിപ്പുവടക്കും കൂടി ഓർഡർ കൊടുത്തു. എന്നിട്ട് മെല്ലെ സംസാരിക്കാൻ തുടങ്ങി
""ഡാ... പോലീസെന്ന് പറഞ്ഞാ എന്താന്നാ... സർക്കാര് ശമ്പളം തരണ ഗുണ്ടയാണെന്നാണാ... അല്ല... നമ്മടെ പണി ജനങ്ങക്ക് കാവല് നിൽക്കലാണ്... ബസിലിരിക്കുമ്പ... ബോട്ടിലിരിക്കുമ്പ... എന്തിന്... ചുമ്മാ നടക്കുമ്പ... ഫുൾടൈം നമ്മട കണ്ണും കാതും ബുദ്ധീം പ്രവർത്തിക്കണം. കയ്യീ പെടാൻ തയ്യാറായി ഒര് കള്ളൻ അല്ലെങ്കി ഒര് കൊലപാതകി എവിടേങ്കിലും എണ്ടാവും. അവനെ നമ്മ തേടിക്കൊണ്ടിരിക്കണം. ഇന്നല്ലങ്കി നാളെ അവൻ വന്ന് കുടുങ്ങും... പിന്ന കുറ്റം തെളിയിക്കാൻ എപ്പഴും ഇടിക്കണോന്ന് നിന്നോടാരാണ് പറഞ്ഞത്... നെനക്ക് മാത്രം പറ്റണ ചെല വഴികളെണ്ടാവും കേസ് തെളിയിക്കാൻ... അത് നീ തന്ന കണ്ടുപിടിച്ചാ മതി...''
അമ്മാവന്റെ മനസ്സ് തെളിഞ്ഞു. തന്റെ മുന്നിലിരിക്കുന്നത് ജീവിതത്തിൽ വെളിച്ചം നിറയ്ക്കുന്ന മഹാഗുരുവാണെന്നും ഒന്നു തൊടണമെന്നും അമ്മാവന് തോന്നി. കാരിപ്പള്ളിയിലെ നായന്മാർ പൊതുവേ മറ്റു ജാതിക്കാരെ സ്വമനസ്സാലെ തൊടാറില്ല. പരമനെസ്സൈയുടെ കൈത്തണ്ടയിലേക്ക് അമ്മാവൻ സൂക്ഷിച്ച് നോക്കി. കാരിരുമ്പ് കയ്യിൽ കറുപ്പിന്റെ തിളക്കം ഓളംവെട്ടുന്നു. ഉള്ളിൽ നിന്ന് ഇരച്ചുവന്ന തോന്നലിൽ അമ്മാവൻ പരിപ്പുവട എടുക്കുന്ന കൂട്ടത്തിൽ എസ്സൈയുടെ കൈകൾ കൂട്ടിപ്പിടിച്ചു. പരമനെസ്സൈ അമ്മാവന്റെ കണ്ണൂകളിൽ നോക്കി പുഞ്ചിരിച്ച് കൈകൾ തിരിച്ചമർത്തി.
രണ്ട്
പോലീസ് ചോറ്, കൊലച്ചൊറ്...
വൈകിട്ട് ചിരിച്ചുകൊണ്ട് വീട്ടിലെത്തിയ അനിയനോട് "എന്താടാ ഇത്ര സന്തോഷം' എന്ന് അമ്മ ചോദിച്ചപ്പോൾ "ഞാൻ പോലീസീ ചേർന്ന്...'എന്നമ്മാവൻ മറുപടി പറഞ്ഞത് അല്പം ഉച്ചത്തിലായിരുന്നു. കേട്ടുനിന്ന അമ്മമ്മ പധോ പധോ എന്ന് അരിയിടിക്കുന്ന പോലെ നെഞ്ചത്ത് രണ്ടിടി ഇടിച്ചു. "എന്റെ മോന്റെ ചോറ് കൊലച്ചോറായിപ്പോയേ...' എന്നും പറഞ്ഞ് കരച്ചിലും തുടങ്ങി. ഇടിയുടെ ആഘാതത്തിൽ റൗക്കയഴിഞ്ഞതു പോയത് കണ്ട് അമ്മ മേൽമുണ്ടെടുത്ത് അമ്മമ്മയെ പുതപ്പിച്ചു കൊടുത്തു. മേൽമുണ്ടും കൂട്ടിപ്പിടിച്ചായി പിന്നീടുള്ള നിലവിളി.
മുത്തച്ഛൻ വിവരമറിഞ്ഞ് എത്തിയത് തന്നെ "തന്തയില്ലാ കഴുവേർടമോനേ...' എന്നും വിളിച്ചോണ്ടാണ്. ഇത്തവണ ഒരു പരിപാടി കൂടുതലും ഉണ്ടായിരുന്നു. വെള്ളി കെട്ടിയ ചൂരലിനുള്ള അടി. കൂടെ എടുത്താ പൊങ്ങാത്ത പച്ചത്തെറിയും. ഒരു പോലീസുകാരനെയാണ് താൻ അടിക്കുന്നത് എന്ന് മുത്തച്ഛനുണ്ടോ ഓർക്കുന്നു. ആറാമത്തെ അടി വീണുകഴിഞ്ഞപ്പോഴാണ് അമ്മാവൻ പോലും താൻ പോലീസാണല്ലോ എന്നോർത്തതും എഴാമത്തെ അടി തടുത്ത് "നിർത്തടാ മൈരേ...' എന്ന് സ്വന്തം അച്ഛന്റെ മുഖത്തുതന്നെ നോക്കിപ്പറഞ്ഞതും. അമ്മാവൻ ജീവിതത്തിൽ പറഞ്ഞ ആദ്യത്തെ തെറിയായിരുന്നു അത്.
അതിനിടയിൽ നെഞ്ചത്തടി നിർത്തി കാഴ്ചക്കാരിയായി മാറിയിരുന്ന അമ്മമ്മ അമ്മാവന്റെ അവരാതം കേട്ടതും നിന്നിടത്തേക്ക് കുത്തിയിരുന്നു. തലകറങ്ങി വീണതാവുമെന്നു കരുതി അമ്മ ഓടിയെത്തി നോക്കുമ്പോഴുണ്ട് അമ്മമ്മ നിലത്ത് കമഴ്ന്ന് കിടന്ന് ഒച്ചയുണ്ടാക്കാതെ കുമുകുമാ ചിരിക്കുന്നു. അമ്മക്കും അതുകണ്ട് ചിരി വന്നു. ചിരിച്ചാൽ മോശമാവുമല്ലോ എന്നു മനസ്സിലോർത്ത് നിൽക്കുമ്പോഴാണ് ഉറക്കെ മറ്റൊരു നിലവിളി പൊങ്ങിയത്. നോക്കുമ്പോഴുണ്ട് തെറിപ്പോലീസുകാരൻ മതിലിൽ ചാരിനിന്ന് എങ്ങലടിച്ചു കരയുകയാണ്.
എല്ലാവരും കൂടി ഓളിക്കാരനെ പിടിച്ച് ഇറയത്തിരുത്തി. നിർത്താതെ കരയുന്നത് കണ്ട് കഷ്ടം തോന്നിയ അമ്മ അനിയനെ താങ്ങിയിരുത്തി തല തടവിക്കൊടുത്തു. തെറിവിളി കേട്ട മുത്തച്ഛന് പോലും അതുകണ്ട് മനസ്സലിഞ്ഞു. വടി ഇറയിൽ വച്ച് അകത്തുപോയി വിശറി എടുത്തുകൊണ്ടുവന്ന് മുത്തച്ഛൻ വീശിക്കൊടുക്കാൻ തുടങ്ങി. കുറച്ചു നേരം വീശിക്കഴിഞ്ഞപ്പോൾ വല്യമ്മാവൻ വന്ന് വിശറി വാങ്ങി. അമ്മമ്മ മാത്രം ഇന്നേരമത്രയും കിടന്നിടത്തുതന്നെ കിടന്നു. ചിരിക്കുകയാണെന്ന് അമ്മയ്ക്കല്ലാതെ ആർക്കും മനസ്സിലായില്ല.
കുറേ നേരം കഴിഞ്ഞപ്പോൾ അമ്മാവന്റെ കരച്ചിലടങ്ങി. ആളെഴുന്നേറ്റ് അകത്ത് പോയിക്കിടന്നു. ആ സംഭവത്തോടെ മുത്തച്ഛൻ തെറി പറയുന്നത് നിർത്തി. അമ്മാവനാണെങ്കിൽ തന്റെ പോലീസ് ജീവിതത്തിന്റെ പുതിയ ഏടിലേക്ക് കടക്കുകയായിരുന്നു.
മൂന്ന്
വീട്ടിലേക്കുള്ള വരവ്
സർവീസിൽ കയറി ആദ്യത്തെ കുറേ നാളുകൾ ക്യാമ്പിൽത്തന്നെ ആയിരുന്നു. ക്യാമ്പിൽ നിന്ന് പരമനെസ്സൈയുടെ ക്വാർട്ടേഴ്‌സിലേക്കായിരുന്നു മിക്കവാറും ഒഴിവുദിവസങ്ങളിൽ അമ്മാവന്റെ പോക്ക്. എസ്സൈ അവിടെ ഒറ്റക്കായിരുന്നു. അവിടെ വച്ചാണ് അമ്മാവൻ ഇറച്ചിയും മീനുമെല്ലാം പാചകം ചെയ്യാൻ പഠിക്കുന്നത്. അക്കാലത്ത് വല്ലപ്പോഴും വീട്ടിലെത്തിയാൽ വീട്ടിലെ ഭക്ഷണത്തോട് കാണിക്കുന്ന ആർത്തി കാണുമ്പോഴേ അമ്മമ്മ നെഞ്ചത്തിടിയും നിലവിളിയും തുടങ്ങും. മുത്തച്ഛനാണേൽ പഴയ തെറിസംഭവത്തോടെ സംസാരം നിർത്തിയിരുന്നു. എങ്കിലും, ആദ്യത്തെ ശമ്പളം അമ്മാവൻ കൊണ്ടുക്കൊടുത്തപ്പോൾ വാങ്ങി രണ്ട് പ്രാവിശ്യം എണ്ണി നോക്കി. എണ്ണുമ്പോൾ മുഖം തെളിയുന്നത് കണ്ട് അമ്മാവന്റെ മനസ്സ് തെളിഞ്ഞു. എങ്കിലും ഒരൊറ്റ രൂപാ മാത്രം എടുത്ത് ശമ്പളം മൊത്തം മുത്തച്ഛൻ തിരിച്ചു കൊടുത്തപ്പോൾ അമ്മാവൻ കരഞ്ഞു. ""നിന്റെയീ കരച്ചിൽ എന്നാടാ തീരുന്നത്'' എന്ന അമ്മയുടെ ചോദ്യം കേട്ടപ്പോൾ പിന്നെയും കരഞ്ഞു.
പരമനെസ്സൈ പിന്നീട് ഒരിക്കൽകൂടി സഹായത്തിനെത്തിയത് ക്യാമ്പിൽ നിന്നുള്ള മാറ്റസമയത്തായിരുന്നു. കൂട്ടത്തിൽ സ്റ്റേഷനിലേക്കുള്ള ആദ്യത്തെ മാറ്റം അമ്മാവനായിരുന്നു. ഓർഡർ കിട്ടിയ അന്നു വൈകീട്ട് എസ്സൈയെയും നിർബന്ധിച്ച് കൂട്ടി അമ്മാവൻ വീട്ടിലെത്തി. തലയുയർത്തിപ്പിടിച്ച് യൂണിഫോമിൽ മകന്റെ കൂടെ വരുന്ന പോലീസിനെ കണ്ടപ്പോൾ കേസൊന്നും പേരിലില്ലെങ്കിലും മുത്തച്ഛന്റെ മുട്ടിനൊരു വിറയൽ വന്നു. ചാരുകസേരയിൽ നിന്ന് മെല്ലെ ആളെഴുന്നേറ്റ് നിന്നു. ഷൂ ഊരാതെ പരമനെസ്സൈ ഇറയത്ത് കയറി എതിരെ കസേരയിൽ നീണ്ടു നിവർന്നിരുന്നു.
"എന്താ പേര്?''
"പങ്കജാക്ഷൻ പിള്ള'
"പലചരക്ക് കട ആണല്ലേ? ഭരതൻ പറഞ്ഞിട്ടുണ്ട്...'
'അതെ... ജവുളിയും ഉണ്ട്...'
"ഞാൻ നായരല്ല...'
"മനസ്സിലായി...' പറഞ്ഞുകഴിഞ്ഞപ്പോൾ വേണ്ടായിരുന്നുവെന്ന് മുത്തച്ഛന് തോന്നി.
"അതെങ്ങനെ മനസ്സിലായി?'
മുത്തച്ഛൻ ഒന്നും മിണ്ടിയില്ല.
"പരമൻ സാറാണ് എനിക്ക് ജോലിയും സ്റ്റേഷനിലേക്ക് മാറ്റവും വാങ്ങിത്തന്നത്...' അമ്മാവൻ മെല്ലെ ഇടപെട്ടു.
"എടിയേ... ചായ എടുക്ക്...' ഒരു നിമിഷം ആലോചിച്ച് മുത്തച്ഛൻ അകത്തേക്ക് നോക്കി വിളിച്ചു. അമ്മാവന് സമാധാനമായി. അമ്മ ഓട്ടുലോട്ടയിൽ ചായയും പ്ലേറ്റിൽ കായവറുത്തതും കൊണ്ടുവന്നു. കായവറുത്തത് എസ്സൈ തിന്നില്ല. ചായ മാത്രം കുടിച്ച് എഴുന്നേറ്റു.
"വലിയ ഉപകാരം...' മുത്തച്ഛൻ തൊഴുതു.
ഉപചാരം സ്വീകരിച്ച് തല ഉയർത്തിപ്പിടിച്ച് പരമനെസ്സൈ നടന്നുതുടങ്ങി. അമ്മാവൻ ഓടിച്ചെന്ന് എസ്സൈയുടെ കയ്യിൽ ഒരിക്കൽ കൂടി തൊട്ടു. പരമനെസ്സൈ ചായ കുടിച്ച ആ ലോട്ട അമ്മാവനല്ലാതെ ആരും പിന്നീട് ഉപയോഗിച്ചിട്ടില്ല. അമ്മാവനാണെങ്കിൽ അതിലല്ലാതെ ചായ കുടിക്കുന്നത് ഞാൻ എന്റെ ഓർമ്മയിൽ കണ്ടിട്ടുമില്ല.
നാല്
സർവീസിലെ ആദ്യത്തെ സ്റ്റേഷൻ വർഷങ്ങൾ പാറാവിലും നൈറ്റ്ഡ്യൂട്ടിയിലും തീർന്നു. ഈ സമയത്തെല്ലാം ആർക്കും അറിയാത്ത വിഷമവൃത്തത്തിലായിരുന്നു അമ്മാവൻ. സ്റ്റേഷനിൽ പ്രതികളെ മറ്റു പോലീസുകാർ ഇടിക്കുന്നത് കണ്ടുനില്ക്കാൻ ഒട്ടും കഴിയുന്നില്ല. എങ്ങോട്ടെങ്കിലും ഓടിക്കളയാൻ തോന്നും. എങ്ങിനെ മുങ്ങാനാണ്. പോലീസായിപ്പോയില്ലേ. അതും ജൂനിയർ കോൺസ്റ്റബിൾ. കൂടെക്കയറിയവരെല്ലാം നല്ല ഇടിക്കാരായി പേരെടുത്തപ്പോൾ അമ്മാവൻ മാത്രം പുറകിലായി. മറ്റു പോലീസുകാർക്കിടയിൽ കാര്യം ചർച്ചയായി തുടങ്ങിയപ്പോഴാണ് രണ്ടും കൽപിച്ച് ഒരു ദിവസം ലോക്കപ്പിലേക്ക് കയറിയത്. ഇരുട്ടത്ത് ഒറ്റക്ക് പോകുന്ന കുട്ടികൾ ഉച്ചത്തിൽ പാട്ടുപാടുന്നതു പോലെ അമ്മാവൻ ലോക്കപ്പിൽ കിടക്കുന്നവനെ അച്ചാലും മുച്ചാലും തെറി പറയാൻ തുടങ്ങി. തെറിയെന്നു പറഞ്ഞാൽ നല്ല കല്ലുവച്ച തെറി. സംഗതി ഏറ്റു. പരിപാടി കൊള്ളാമല്ലോ എന്ന് അമ്മാവനും മറ്റുള്ളവർക്കും തോന്നി. ബാക്കിയുള്ളവരുടെ ഇടിയുടെ കൂടെ അമ്മാവന്റെ തെറി കൂടി ആയപ്പോൾ കള്ളന്മാർ കഴിഞ്ഞ ജന്മത്തിൽ നടത്തിയ കാര്യങ്ങൾ കൂടെ വിളിച്ചു പറയാൻ തുടങ്ങി.
പരമനെസ്സൈ പറഞ്ഞ ഉപദേശമായ കേസു തെളിയിക്കാൻ സ്വന്തമായി കണ്ടെത്തേണ്ട വഴിയെപ്പറ്റി അന്നത്തെ സംഭവത്തോടെ തീരുമാനമായി. അമ്മാവൻ പോലുമറിയാതെ തെറി ആയുധമായി.
ഇതെല്ലാമാണെങ്കിലും മറ്റുള്ളവരുടെ ഇടിയുടെ അകമ്പടിയില്ലാതെ സ്റ്റേഷൻ ഡ്യൂട്ടിയിൽ തനിക്ക് ഒറ്റക്കൊരു കേസിൽ കഴിവു തെളിയിക്കാൻ പറ്റുന്നില്ലല്ലോ എന്ന് അമ്മാവൻ സങ്കടപ്പെട്ടിരിക്കെയാണ് മുത്തു റാവുത്തറുടെ കേസ് വരുന്നത്.
ഇന്നത്തെപ്പോലെയല്ല. പറവൂർ പട്ടണത്തിൽ അക്കാലത്ത് രണ്ടേരണ്ട് ഗുണ്ടകളേ ഉണ്ടായിരുന്നുള്ളൂ. മയിലൻ കുമരനും മുത്തുറാവുത്തറും. കച്ചേരിപ്പടി മുതൽ പടിഞ്ഞാട്ട് ചന്തയും കഴിഞ്ഞ് പുഴക്കര വരെയായിരുന്നു മയിലന്റേയും സംഘത്തിന്റേയും കേന്ദ്രം. കളരിയും മർമ്മവും പഠിച്ച അഭ്യാസിയായിരുന്നു മയിലൻ. അമ്മൻകോവിലിൽ പണ്ടെങ്ങോ മയിലാട്ടത്തിന് തമിഴ്നാട്ടിൽ നിന്ന് വന്ന സംഘത്തിൽ വന്നതാണ്.
മയിലാട്ടം കഴിഞ്ഞ് ചന്തയിൽ കറങ്ങുന്ന കൂട്ടത്തിൽ ഉണക്കമീൻ കടയിൽ കയറി "കരുവാട് എത്തന വെല...?' എന്നു ചോദിച്ച് വിരിഞ്ഞു നിൽക്കുന്ന തമിഴനെക്കണ്ട് ഉണക്കമീൻ അമ്മിണി അന്നത്തെ കച്ചവടം നിർത്തി. തമിഴനെയൊഴിച്ച് ബാക്കിയുള്ളവരെയൊക്കെ പറഞ്ഞു വിട്ടു. അന്നവിടെ കൂടിയ തമിഴൻ കുമരൻ പിന്നീട് അമ്മിണിയെ കെട്ടി മയിലൻ കുമരനായി. ചന്തയിൽ ചുമടെടുപ്പ് തൊഴിലാക്കി. എപ്പഴോ നടന്ന ഒരു തല്ലിൽ അന്നത്തെ ഗുണ്ടാത്തലവൻ ചമ്മന്തിപോളേട്ടനെ അടിച്ചു നിലത്തിട്ട് പട്ടണത്തിലെ പ്രധാന ഗുണ്ടയായി. എപ്പോഴും കൂട്ടിന് ഇടംവലം ചന്തയിലെ എന്തിനും പോന്ന രണ്ടു മൂന്നു ചുമട്ടുകാർ ഉണ്ടാവും. എന്നിട്ടും ടൗണിന്റെ കിഴക്കൻ പ്രദേശത്ത് കാൽ കുത്താൻ ഒരിക്കലും മയിലന് കഴിഞ്ഞിട്ടില്ല. കച്ചേരിപ്പടി മുതൽ കിഴക്കോട്ട് പെരുമാല്ലൂർ വരെയുള്ള ആറുമൈൽ മുത്തുറാവുത്തറുടെ രാജ്യമായിരുന്നു.
മയിലനെപ്പോലെ അഭ്യാസി ഒന്നുമായിരുന്നില്ലെങ്കിലും ആറരയടി പൊക്കത്തിൽ പത്തുനൂറ്റിമുപ്പതു കിലോ വരുന്ന ഒരു രൂപമായിരുന്നു റാവുത്തറുടേത്. ഈ തടിയിലും ഒരു തരി കുടവയറില്ല. നാലു കെട്ടിയിട്ടുണ്ടെന്നും പത്തിരുപത് പിള്ളേരുണ്ടെന്നുമെല്ലാം നാട്ടിൽ കഥകളുണ്ട്. സത്യമാണോ അല്ലയോ എന്നെല്ലാം ആർക്കറിയാം. ഒരു കാര്യം ഉറപ്പായിരുന്നു. ഒരു പഞ്ചായത്തിന്റെ അത്രയും വരുന്ന ആ പ്രദേശത്ത് റാവുത്തർ അറിയാതെ ഒന്നും നടക്കില്ലായിരുന്നു.
സംഘത്തിലെ ആളുകൾ തമ്മിൽ ഇടയ്ക്കിടെ കശപിശ ഉണ്ടാവാറുണ്ടെങ്കിലും മയിലനും റാവുത്തറും തമ്മിൽ നേരിട്ട് ഒരിക്കലും മുട്ടിയിട്ടില്ലായിരുന്നു. ആദ്യമായി അതുണ്ടായത് കച്ചേരിപ്പറമ്പിൽ വച്ചാണ്. ഏതോ കേസിൽ വാദികളും പ്രതികളുമായെത്തിയ രണ്ടുപേരുടേയും ആളുകൾ തമ്മിൽ കച്ചേരിക്ക് പുറത്ത് കൂട്ടയടിയായി. അടിയെന്ന് പറഞ്ഞാൽ നല്ല സൊയമ്പൻ അടി. കാര്യങ്ങൾ കൈവിടുമെന്നായപ്പോൾ പിടിച്ചുമാറ്റാൻ രണ്ടുപേരും ഇടപെട്ടു. ഇവരിടപെട്ടതോടെ അടിയും നിന്നു. പക്ഷെ അതിനിടയിൽ റാവുത്തറുടെ മൂത്തമകൻ ഷാഹു മയിലനെ പിടിച്ചു തള്ളി. മയിലൻ അഭ്യാസിയല്ലെ. ആരാണെന്നൊന്നും നോക്കിയില്ല. കറങ്ങി കാലുമടക്കി ഒറ്റയടി. മുഖമടിച്ച് കിട്ടിയ ഷാഹു വീണത് റാവുത്തറുടെ കാലിലേക്കും. റാവുത്തർ മുന്നോട്ടാഞ്ഞ് മയിലനെ ചുരുട്ടിയെടുത്ത് ഒറ്റയേറ് കൊടുത്തു. ഒരു പത്തുപതിനഞ്ച് അടിയെങ്കിലും തെറിച്ചുവീണ മയിലന്റെ നടു ഒടിഞ്ഞിട്ടുണ്ടാവുമെന്നാണ് എല്ലാവരും കരുതിയത്. കളരിയഭ്യാസിക്കെന്ത് വീഴ്ച്ച. സ്പ്രിങ്ങുപോലെ മയിലൻ എണീറ്റ് നിന്നു. പിന്നെ മയിൽ പറക്കുന്നതു പോലെ കുതിച്ചുവന്ന് ഒറ്റത്തൊഴിയായിരുന്നു. അടിനാഭിക്ക് കിട്ടിയ തൊഴിയിൽ റാവുത്തർ വീണുപോയി. അപ്പോഴേക്കും പോലീസെത്തി എല്ലാവരേയും പിടിച്ചു മാറ്റി രംഗം ശാന്തമാക്കി. മയിലന്റെ സംഘം ആർപ്പുവിളിച്ചാണ് തിരിച്ചുപോയത്. താൻ വീണതോടെ സ്വന്തം ആളുകളെല്ലാം നിശബ്ദരായിപ്പോയത് റാവുത്തർക്ക് വലിയ ക്ഷീണമായിപ്പോയി.
ഇതിന് കൃത്യം മൂന്നാം ദിവസം വെളുപ്പിനെയാണ് കച്ചേരിപ്പടിക്ക് മൂന്നു കിലോമീറ്റർ കിഴക്ക്, പള്ളിത്താഴം പാലത്തിന് കീഴെ നെഞ്ച് വരെ വെള്ളത്തിലും നെഞ്ചിന് കീഴോട്ട് കരയിലുമായി കിടന്നിരുന്ന ഒരു ശവം അതിലേ പോയ കറവക്കാരൻ കണ്ടത്. വിവരമറിഞ്ഞ് ആളുകൂടി. പോലീസെത്തി വലിച്ച് കരയ്ക്കിട്ട ശവശരീരം കണ്ടപ്പോഴാണ് ജനം ശരിക്കും ഞെട്ടിപ്പോയത്. മടവാളിനുള്ള ഒറ്റവെട്ടിൽ കഴുത്തിലെ കുറുഞെരമ്പ് മുറിഞ്ഞ് കളരിയഭ്യാസി മയിലൻ മരിച്ചു കിടന്നു. വിവരമറിഞ്ഞ് മയിലന്റെ സംഘവും അമ്മിണിയും ചന്തയിൽ നിന്നെത്തി. സംഘം വന്നവഴി കയ്യിൽ കിട്ടിയവരെയെല്ലാം തല്ലാൻ തുടങ്ങി. എസ്സൈയും മറ്റു പോലീസുകാരും ചേർന്ന് എല്ലാത്തിനേയും അടിച്ചോടിച്ച് രംഗം ഒന്ന് ശാന്തമാക്കി വന്നപ്പോഴാണ് "ആ ദുഷ്ടൻ മുത്തുറാവുത്തറാണീ കൊലച്ചതി ചെയ്തത് സാറേ...' എന്ന് അമ്മിണി വെടി പൊട്ടിച്ചത്.
ഈ കേസ് എന്തുചെയ്യുമെന്ന് വാ പൊളിച്ചു നിന്ന കുര്യനെസ്സൈ അന്വേഷണത്തിനൊരു ദിശ കിട്ടിയ ആശ്വാസത്തിൽ പാലത്തിന്റെ ഒതുക്കുകല്ലിൽ ഇരുന്ന് ഭാവി പരിപാടികൾക്ക് രൂപം കൊടുത്തു. അന്നു രാത്രി റാവുത്തറുമായി ബന്ധമുള്ള എല്ലാ വീട്ടിലും പോലീസ് കയറി. ഒറ്റ ആണുങ്ങളെയും എങ്ങും കണ്ടുകിട്ടിയില്ല. എല്ലാവരും മുങ്ങിയിരുന്നു.
ഈ സമയത്താണ് നമ്മുടെ ഭരതൻപിള്ളപ്പോലീസ് രംഗത്തവതരിക്കുന്നത്. അന്ന് അമ്മാവൻ പള്ളുരുത്തി സ്റ്റേഷനിലാണ്. മയിലൻ കൊലക്കേസിന്റെ വിവരം കേട്ടപ്പോൾതന്നെ പണ്ടെങ്ങോ ഡ്യൂട്ടിക്ക് പോകുന്ന വഴി ബോട്ടിൽ വച്ച് മുത്തുറാവുത്തറുടെ ബന്ധുവാണെന്ന് പറഞ്ഞ് പരിചയപ്പെട്ട തോപ്പുംപടിക്കാരൻ ഒരു കാദറിനെ പുള്ളിക്കോർമ്മ വന്നു. ആരോടും പറയാൻ നിന്നില്ല. നേരെ തോപ്പുംപടിക്ക് വച്ചു പിടിച്ചു. മഫ്ടിയിൽ കറങ്ങി നടന്നന്വേഷിച്ചപ്പോൾ കാദറിന്റെ വിലാസം കിട്ടി. കൂടുതൽ അന്വേഷിച്ചപ്പോൾ പുതിയതായി പലരും അവിടെ എത്തിയിട്ടുണ്ടെന്നും മനസ്സിലായി.
പിറ്റേന്ന് റാവുത്തറെ പോലീസ് കാദറിന്റെ വീട്ടിൽ നിന്നു പൊക്കി. പള്ളുരുത്തി സ്റ്റേഷനിലേക്കായിരുന്നു ചോദ്യം ചെയ്യാൻ കൊണ്ടുവന്നത്. നാലു പോലീസുകാർ നിരന്നു നിന്ന് മൂന്നു ദിവസം ഇടിച്ചിട്ടും റാവുത്തർ കരിങ്കല്ല് പോലെ നിന്നു. കസബ സ്റ്റേഷനിൽ നിന്നും ഇടിക്കാരെ പ്രത്യേകം കൊണ്ടുവന്നു നോക്കി. ഒന്നും സംഭവിച്ചില്ല. ഇടി മൂക്കുമ്പോൾ "ഉം...' എന്നൊരു മൂളലല്ലാതെ ഒറ്റയക്ഷരം റാവുത്തറുടെ വായിൽനിന്ന് വീണില്ല.
അമ്മാവനെ സി.ഐ വിളിപ്പിച്ചു. എന്തെങ്കിലും ചെയ്യാൻ പറ്റുമോ എന്നു ചോദിച്ചപ്പോഴും തെറിക്കപ്പുറം ഒന്നും ചെയ്യാൻ പോകുന്നില്ലെന്ന് സി.ഐക്ക് ഉറപ്പായിരുന്നു. അമ്മാവൻ ഇത്തവണ പക്ഷെ കുറച്ച് മാറ്റിപ്പിടിച്ചു. തൊടുപുഴക്കാരൻ ഒരു രാജപ്പൻ പോലീസിനെ വിളിച്ച് പറയേണ്ട തെറികളും വിധവും പഠിപ്പിച്ച് അമ്മാവൻ മാറിനിന്നു. രാജപ്പൻ പോലീസ് ബഹുമിടുക്കനായിരുന്നു. പറഞ്ഞ ഉടനെ റാവുത്തറെ സെല്ലിന്റെ കമ്പിയിൽ ഒറ്റവിലങ്ങിൽ പൂട്ടി കൈയ്യകലത്തിനപ്പുറം നിന്നങ്ങ് പണി തുടങ്ങി. താൻ പഠിപ്പിച്ചത് കൂടാതെ കയ്യിൽ നിന്നും പലവിധത്തിൽ രാജപ്പൻ ഇടുന്നത് കണ്ട് അമ്മാവനു പോലും രോമാഞ്ചമുണ്ടായി. ഇങ്ങനെ പോയാൽ ഇവനൊരു ഗുഡ് സർവീസ് എൻട്രി കൊടുക്കേണ്ടി വരുമെന്ന് മനസ്സിൽ പറയുകയും ചെയ്തു.
രാജപ്പൻപോലീസിന്റെ പ്രകടനം കേട്ടുനിൽക്കുമ്പോഴാണ് മുഴുത്ത തെറികൾ മുഴുവൻ അമ്മമാരെ ഓർമിക്കാനുള്ളവയാണെന്ന സത്യം അമ്മാവന് മനസ്സിലായത്.
തെറിവിളി തുടങ്ങിയ സമയത്ത് റാവുത്തർക്ക് അതിഭീകരമായി കലി വന്നിരുന്നു. റാവുത്തർക്ക് കലിവന്നാൽ ചോര കണ്ടേ അടങ്ങുവെന്നാണ് ശാസ്ത്രം. കൈ കമ്പിയോടു ചേർത്ത് വിലങ്ങിലായതിനാൽ ഇത്തവണ ഒരു നിവൃത്തിയുമില്ലാത്ത അവസ്ഥയായിപ്പോയി. റാവുത്തറുടെ കണ്ണുകൾ ചുവന്നു. കയ്യിൽ വിലങ്ങു വലിഞ്ഞ് ചോരപൊടിയാൻ തുടങ്ങി. നല്ലവണ്ണം പേടി തോന്നിയെങ്കിലും രാജപ്പൻപോലീസ് നിർത്തിയില്ല.
അമ്മത്തെറി അതിഭീകരമായി പുരോഗമിച്ചു. കേട്ടുനിൽക്കെ റാവുത്തറുടെ മനസ്സിലേക്ക് ഉമ്മയും പഴയ കാലവും കടന്നുവന്നു. പിന്നീട് പറഞ്ഞ തെറികളൊന്നും അയാൾ കേട്ടില്ല. ചിന്തകൾ വർഷങ്ങൾ പുറകോട്ട് പോയി മുത്തുറാവുത്തർ ഒരു കുട്ടിയായി മാറി. സങ്കടം കൊണ്ടാവണം അയാൾ സെല്ലിന്റെ മൂലയിലേക്ക് തളർന്ന് കുത്തിയിരുന്നു.
എല്ലാം കണ്ട് അമ്മാവൻ മാറിനിൽക്കുന്നുണ്ടായിരുന്നു. എന്തായിരിക്കും റാവുത്തറുടെ ഭാവമാറ്റത്തിന് കാരണമെന്ന ചോദ്യം തന്റെ അന്വേഷണബുദ്ധിയിലിട്ട് അമ്മാവൻ കശക്കാൻ തുടങ്ങി. എല്ലാ ഗുണ്ടകളേയും പോലെ വിശപ്പു മാത്രം നിറഞ്ഞ ഒരു കാലം റാവുത്തർക്കും ഉണ്ടായിരുന്നിരിക്കാം. ക്ഷയരോഗം പോലെയുള്ള എന്തെങ്കിലും മഹാരോഗം വന്നു മരിച്ച ഉമ്മയെ പായയിൽ പൊതിഞ്ഞ് പള്ളിപ്പറമ്പിലേക്ക് ഒറ്റക്ക് ചുമന്ന ഒരു പന്ത്രണ്ട് വയസ്സുകാരനായിരിക്കാം അയാൾ. കാടുകയറിയ ചിന്തകൾ ട്രാജഡിയിലേക്ക് കടന്നപ്പോഴേക്കും അമ്മാവന്റെ കണ്ണു നിറഞ്ഞു.
അകത്തിരുന്ന് കരയുന്ന റാവുത്തറുടെ അടുത്തേക്ക് അമ്മാവൻ വെള്ളവുമായി ചെന്നു. റാവുത്തർ മുഖമുയർത്തി അമ്മാവന്റെ കണ്ണിലേക്ക് നോക്കി. ജീവിതത്തിൽ ആദ്യമായി കരയുന്ന ഒരു പോലീസിനെ റാവുത്തറും കാണുകയായിരുന്നു.
""മതി... നിർത്ത്'' എന്നു രാജപ്പൻപോലീസിനോട് പറഞ്ഞ് റാവുത്തർക്ക് അമ്മാവൻ വെള്ളം കൊടുത്തു. "
"വിശക്കുന്നുണ്ടോ?'' എന്നു ചോദിച്ചപ്പോൾ റാവുത്തർ തലയാട്ടി. ഒരു ബിരിയാണി വാങ്ങിക്കൊണ്ടുവരാൻ അമ്മാവൻ രാജപ്പൻപോലീസിനോട് പറഞ്ഞപ്പോൾ റാവുത്തർ തോണ്ടിവിളിച്ച് രണ്ട് എന്നാംഗ്യം കാട്ടി. കാര്യം മനസ്സിലായ രാജപ്പൻപോലീസ് പുറത്തേക്ക് പോയി.
കൊണ്ടുവന്ന രണ്ട് ബിരിയാണിയും തിന്നുകഴിഞ്ഞപ്പോഴേക്കും ആ വായിലൂടെ റാവുത്തറുടെ ഹൃദയത്തിലേക്ക് അമ്മാവൻ കയറിക്കഴിഞ്ഞിരുന്നു. രണ്ടുപേരും കൂടി സെല്ലിൽ വൈകീട്ട് വരെ ഇരുന്നു. പഴയ കാലം മുതൽ അന്നുവരെയുള്ള സകലതും അമ്മാവനോടയാൾ പറഞ്ഞു. പിറ്റേന്ന് അറസ്റ്റ് രേഖപ്പെടുത്തി മജിസ്‌റ്റ്രേട്ടിന്റെ മുന്നിൽ ഹാജരാക്കി റിമാന്റ് വാങ്ങുവാൻ കൊണ്ടുപോവുമ്പോഴെല്ലാം റാവുത്തർ അമ്മാവനോട് വർത്തമാനം പറഞ്ഞുകൊണ്ടിരുന്നു.
കേസ് നടന്നു. റാവുത്തറെ എട്ടുകൊല്ലത്തിന് ശിക്ഷിച്ചു. ശിക്ഷ കഴിഞ്ഞ് റാവുത്തർ നേരെ വന്നത് അമ്മാവനെ കാണാനായിരുന്നു. പരസ്പരം കണ്ട് സലാം പറഞ്ഞ് റാവുത്തർ ഗുണ്ടയായും അമ്മാവൻ പോലീസായും ജീവിതത്തിലേക്ക് തിരിച്ച് പോയി.
അഞ്ച്
കിഴക്കേ ചായ്പിലെ രഹസ്യം
ആ സമയത്ത് ഞാൻ ഏഴിലോ മറ്റോ ആണ്. മുത്തച്ഛനും അമ്മമ്മയുമെല്ലാം അപ്പോഴേക്കും മരിച്ചിരുന്നു. വല്യമ്മാവൻ തറവാടിന് കുറച്ചകലെ വീടുകെട്ടി മാറി. എഴുപത്തൊന്നിലെ യുദ്ധത്തിൽ അച്ഛൻ പോയതിനാൽ ഞങ്ങൾ തറവാട്ടിൽ തന്നെയായിരുന്നു താമസം.
മുത്തച്ഛൻ മരിക്കുന്നതിന് മുമ്പേ തന്നെ അമ്മാവന് കല്യാണം കുറേ ആലോചിച്ചതാണ്. കല്യാണം വേണ്ടെന്നും പറഞ്ഞ് ആൾ ഒറ്റ നിർബന്ധമായിരുന്നു. ആരോടും കാരണമൊന്നും പറഞ്ഞതുമില്ല.
""ഇവനെന്താടാ ഇങ്ങനെ?'' എന്ന അമ്മയുടെ ചോദ്യത്തിന്""പത്തുമുപ്പത് വയസ്സായിട്ടും മീശ വരാത്ത അവൻ കല്യാണം കഴിക്കാത്തതാ നല്ലത്'' എന്ന് വല്യമ്മാവൻ കൊള്ളിച്ചുപറഞ്ഞത് ആർക്കും മനസിലായില്ലെങ്കിലും അപ്പുറത്തിരുന്ന് അമ്മാവൻ കേട്ടു. ആ വീട്ടിൽ താനൊറ്റക്കായതു പോലെ ആദ്യമായിട്ട് അമ്മാവന് തോന്നിയത് അന്നായിരിക്കണം. എങ്കിലും ഇത്തവണ അമ്മാവൻ കരഞ്ഞൊന്നുമില്ല.
ഞങ്ങൾ കുട്ടികളോടൊന്നും അധികം സംസാരമുണ്ടായിരുന്നില്ല. സ്റ്റേഷനിൽ നിന്നു വരുമ്പോൾ വറപലഹാരം എന്തെങ്കിലും കയ്യിലുണ്ടാകും. അത് അമ്മയുടെ കയ്യിൽ കൊടുത്ത് മിക്കവാറും ദിവസങ്ങളിൽ കിഴക്കേ ചായ്പുമുറിയിൽ കയറി വാതിലടക്കും. ചില ദിവസങ്ങളിൽ വലിയ സന്തോഷത്തിലാണ് സ്റ്റേഷനിൽ നിന്ന് വരിക. അന്ന് അടുക്കളത്തിണ്ണയിൽ ഇരുന്ന് അമ്മയോട് സ്റ്റേഷനിൽ നടന്ന എല്ലാ കാര്യങ്ങളും വിശദമായി പറയും. അമ്മയാണെങ്കിൽ പകുതിയും കേൾക്കില്ല. ചുമ്മാ പണികൾക്കിടയിൽ അങ്ങനെ മൂളിക്കൊണ്ടിരിക്കും. ഞാൻ ഒന്നുമറിയാത്ത ഭാവത്തിൽ അവിടെ ചുറ്റിപ്പറ്റി നിന്ന് എല്ലാം വള്ളിപുള്ളി വിടാതെ കേൾക്കും. എനിക്ക് എന്നും അമ്മാവനോട് കടുത്ത ആരാധനയായിരുന്നു. അമ്മ യൂണിഫോം അലക്കാനിടുമ്പോൾ ഞാൻ എടുത്ത് മണത്തുനോക്കും. ഒരു പോലീസ് സ്റ്റേഷന്റെ അകം മുഴുവൻ ആ മണം സങ്കൽപ്പിച്ച് ഭാവനയിൽ കാണും. ഇടയ്ക്ക് അമ്മാവനില്ലാത്തപ്പോൾ ചായ്പ്പിൽ കയറി പുസ്തകങ്ങൾ എടുത്ത് നോക്കും. മുഴുവൻ കവിതകളായിരുന്നു. എനിക്കാണേൽ കവിതയെന്ന് പറഞ്ഞാൽ കണ്ണെടുത്താൽ കണ്ടുകൂടാ. അമ്മാവനെപ്പോലെയാവാനായി ഞാൻ പരമേശ്വരനാശാൻ നടത്തിക്കൊണ്ടിരുന്ന അക്ഷരശ്ലോകം ക്ലാസ്സിലും മറ്റും പോയി നോക്കി. ഒരു ഗുണവുമുണ്ടായില്ല.
ചായ്പ്പിൽ പ്രവേശനമുണ്ടായിരുന്നത് രവിമാഷിന് മാത്രമായിരുന്നു. മാഷും അമ്മാവനും ഒന്നാം ക്ലാസ്സ് മുതൽ ഒന്നിച്ചു പഠിച്ചവർ. ചെറുതിലേ പോലീസാവാൻ നടന്നത് രവിമാഷായിരുന്നു. അമ്മാവനായിരുന്നു റ്റീച്ചറാവാൻ ആഗ്രഹം. പക്ഷെ പോലീസാവാനിരുന്നയാൾ അമ്മ സർവീസിലിരുന്ന് മരിച്ചപ്പോൾ കിട്ടിയ വേക്കൻസിയിൽ ടി ടി സി പഠിച്ച് മാഷായി. പരമനെസ്സൈ വഴി അമ്മാവൻ പോലീസും.
മെലിഞ്ഞ് ഇരുണ്ട നിറത്തിൽ നിറഞ്ഞ താടിമീശയുള്ള രവിമാഷിന്റെ ചിരി കാണാൻ നല്ല ഭംഗിയായിരുന്നു. അമ്മാവനെപ്പോലെ മാഷിനും കല്യാണം വേണ്ടെന്ന് ഒറ്റ നിർബന്ധമായിരുന്നു. അമ്മാവന് നൈറ്റ് ഡ്യൂട്ടി ഇല്ലാത്ത ദിവസങ്ങളിൽ മാഷ് സ്‌കൂൾ വിട്ട് നേരെ ചായ്പിലെത്തും. പിന്നെ വാതിലടച്ച് രണ്ടുപേരും കൂടി ഇരിക്കും. ഞാൻ ഇടക്കെല്ലാം അതിലേ പോയി ചെവിയോർക്കുമ്പോൾ അകത്തുനിന്ന് പതിഞ്ഞ സംസാരം അല്ലെങ്കിൽ മാഷ് ഈണത്തിൽ ചൊല്ലുന്ന കവിത അതുമല്ലെങ്കിൽ നീണ്ട ഒരു നിശബ്ദത പുറത്തേക്ക് വരും. ഒരിക്കലുണ്ട് ഞാൻ ജനലിനടുത്ത് നിൽക്കുമ്പോൾ അകത്ത് അമ്മാവൻ കവിത ചൊല്ലുന്നു. "
"നല്ല ഹൈമവതഭൂവിലേറെയായ് കൊല്ലമങ്ങൊരു വിഭാതവേളയിൽ ഉല്ലസിച്ചു യുവയോഗിയേകനുൽഫുല്ല ബാലരവി പോലെ കാന്തിമാൻ'' എന്നു ചൊല്ലി ""ബാലരവി പോലെ കാന്തിമാൻ'' ''ബാലരവി പോലെ കാന്തിമാൻ''എന്ന് വീണ്ടും വീണ്ടും പറഞ്ഞ് അടക്കിച്ചിരിക്കുന്ന ശബ്ദം കേട്ട് ഞാൻ ജനലിന്റെ വിടവിലൂടെ അകത്തേക്ക് നോക്കി. അകത്ത് അമ്മാവനും രവിമാഷും കട്ടിലിൽ കിടക്കുന്നുണ്ട്. മെത്താരണയുടെ മറ കാരണം എനിക്കൊന്നും കാണാൻ പറ്റുന്നുണ്ടായിരുന്നില്ല. ഞാൻ ജനലിലൂടെ ഒളിഞ്ഞുനോക്കുന്നത് കണ്ടിട്ടാവണം അമ്മ ഒരു വടിയെടുത്ത് എന്നെ അടിച്ചോടിച്ചു. ""ഇനി മേലിൽ ചായ്പ്പിനടുത്തെങ്ങാൻ പോയാൽ കാല് ഞാൻ തല്ലിയൊടിക്കും'' എന്നൊരു ഭീഷണിയും തന്നിട്ട് അമ്മ അടുക്കളപ്പുറത്ത് പോയിരുന്ന് കരയാൻ തുടങ്ങി. അമ്മ എന്തിനാണ് ദേഷ്യപ്പെട്ടതെന്നും കരഞ്ഞതെന്നും എനിക്ക് മനസ്സിലായില്ല.
എനിക്ക് കാര്യങ്ങൾ വെളിപ്പെട്ട് വരാൻ പിന്നെയും കുറച്ച് വർഷങ്ങൾ എടുത്തു. ഞാൻ പ്രീഡിഗ്രിക്ക് ചേർന്നപ്പോഴേക്കും അമ്മാവൻ എ.എസ്.ഐ ആയി ആലുവ സ്റ്റേഷനിലേക്ക് മാറിയിരുന്നു. ആയിടക്കാണ് രവിമാഷിന്റെ അമ്മ ഒരിക്കൽ വീട്ടിൽ വന്ന് അമ്മയോട് എന്തെല്ലാമോ പറഞ്ഞ് കരഞ്ഞത്. അന്ന് വൈകീട്ട് രാമൻപിള്ളയമ്മാവൻ വീട്ടിലെത്തി അനിയനോട് ആദ്യമായി കയർത്തു. രവിമാഷിന്റെ ജീവിതം അമ്മാവനായി നശിപ്പിക്കുകയാണെന്ന് വല്യമ്മാവൻ പറഞ്ഞപ്പോൾ എനിക്കൊന്നും മനസ്സിലായില്ലെങ്കിലും കാര്യമായ എന്തോ പ്രശ്‌നമാണെന്ന് മനസ്സിലായി. അമ്മാവനാവട്ടെ ഒന്നും പറയാതെ ചേട്ടൻ പറയുന്നത് മുഴുവൻ ചിരിച്ചുകൊണ്ട് ഇരുന്ന് കേട്ടു. കുറെ കഴിഞ്ഞപ്പോൾ ""പറഞ്ഞു കഴിഞ്ഞോ? ഇനി ഞാൻ പോയ്‌ക്കോട്ടേ...?'' എന്നും ചോദിച്ച് എണീട്ട് ചായ്പ്പിലേക്ക് പോയി. വല്യമ്മാവൻ കലിയടങ്ങാതെ അമ്മയേയും കുറെ ചീത്ത വിളിച്ചു. ഞാൻ അടുക്കളപ്പുറത്ത് എല്ലാം കഴിയുന്നത് വരെ ആരും കാണാതെ ഇരിക്കുകയായിരുന്നു.
ഒന്നൊന്നര മാസം കഴിഞ്ഞപ്പോൾ രവിമാഷിന് കോതമംഗലത്തെ ഏതോ കുഗ്രാമത്തിലേക്ക് മാറ്റമായി. നെല്ലായിപ്പിള്ളിക്കാരല്ലേ വീട്ടുകാർ. സ്വാധീനമുപയോഗിച്ച് മാറ്റം വാങ്ങിയത് മാഷ് പോലും അറിഞ്ഞിട്ടുണ്ടാവില്ല. അമ്മാവനും മാഷും കൂടിയാണ് ജോയിൻ ചെയ്യാനും മറ്റും പോയത്. രവിമാഷ് പോയതിൽ പിന്നെ അമ്മാവൻ വീട്ടിൽ വരവും ചുരുങ്ങി. ആലുവയിൽ നിന്ന് നേരെ കോതമംഗലത്തിനാണ് പോക്കെന്ന് ഒരിക്കൽ വല്യമ്മാവൻ വീട്ടിലെത്തി അമ്മയോട് പറഞ്ഞു. രവിമാഷും അമ്മാവനും കൂടി കള്ളക്കടത്തോ മറ്റോ നടത്തുകയാണെന്നായിരുന്നു ഞാൻ കരുതിയിരുന്നത്. അന്നെനിക്കറിയാവുന്ന ഏറ്റവും കൂടിയ കുറ്റം കള്ളക്കടത്തായിരുന്നു.
നെല്ലായിപ്പിള്ളിക്കാർ വെറുതെയിരുന്നില്ല.
ഇരുചെവി അറിയാതെ അതിനിടയിൽ അവർ മാഷിന്റെ കല്യാണം ഉറപ്പിച്ചു. മുറപ്പെണ്ണായിരുന്നു. അതുകൊണ്ട് തന്നെ പെണ്ണുകാണലും മറ്റും ഉണ്ടായിരുന്നുമില്ല. നിശ്ചയത്തിന് ക്ഷണിക്കാൻ വീട്ടിൽ വന്നപ്പോഴാണ് എല്ലാവരും അറിയുന്നത് തന്നെ. രവിമാഷ് അറിയാതെയാണ് കാര്യങ്ങൾ തീരുമാനിച്ചതെന്നാണ് വീട്ടിൽ എല്ലാവരും കരുതിയിരുന്നത്. അമ്മാവൻ അന്ന് വൈകീട്ട് വന്നപ്പോൾ അമ്മ കാര്യം പറഞ്ഞു. മറുപടി ഒന്നും പറഞ്ഞില്ല. പിറ്റേന്ന് രാവിലെ ആദ്യ ബസിന് ആൾ കോതമംഗലത്തിന് പോയി.
അന്നുച്ചയായപ്പോഴേക്കും അമ്മാവൻ തിരിച്ചെത്തി. ജോലിക്ക് പോയിട്ടില്ല എന്ന് അമ്മക്ക് മനസ്സിലായി. ഒന്നും പറയാതെ മുറിയിൽ കയറി വാതിലടച്ച അമ്മാവനെ പോയി നോക്കിവരാൻ പറഞ്ഞ് അമ്മ എന്നെ വിട്ടു. ഞാൻ ജനലിന്റെ വിടവിലൂടെ നോക്കുമ്പോഴുണ്ട് ആൾ കട്ടിലിൽ കിടന്ന് ഏങ്ങലടിച്ച് കരയുന്നു. എനിക്കും നല്ല സങ്കടം വന്നു. ഞാനും കരഞ്ഞു.
എന്റെ കരച്ചിൽ കണ്ട് അമ്മയും കരഞ്ഞു.
രവിമാഷിന്റെ കല്യാണനിശ്ചയത്തിന്റെ ദിവസം മുഴുവൻ അമ്മാവൻ ചായ്പ്പിൽ കയറി വാതിലടച്ചിരുന്നു. ചടങ്ങു കഴിഞ്ഞതിന് പുറകേ മാഷ് അമ്മാവനെ തേടിയെത്തി. അന്നുമുഴുവൻ രണ്ടുപേരും അകത്തിരുന്നു. പതിവു പോലെ ഞാൻ ജനലിനരികിൽ ചെന്ന് ചെവി വട്ടംപിടിച്ചു. അകത്ത് അമ്മാവൻ മാത്രം സംസാരിച്ചുകൊണ്ടിരുന്നു. അന്നു രാത്രി മാഷ് ഏറെ വൈകിയാണ് വീട്ടിൽ പോയത്. പിറ്റേന്ന് എല്ലാവരും എണീക്കുന്നതിന് മുമ്പേ അമ്മാവൻ സ്റ്റേഷനിലേക്ക് പോയി. ഒരാഴ്ച തുടർച്ചയായി ഡ്യൂട്ടി ചെയ്ത അമ്മാവനെ സിഐ ഒടുവിൽ ശകാരിച്ചാണ് വീട്ടിൽ പറഞ്ഞുവിട്ടത്. മാഷ് പിന്നീടൊരിക്കലും ഈ വീട്ടിലേക്ക് വന്നില്ല.
ആറ്
തടിക്കക്കടവ് പീഢനക്കേസ്
ആയിടക്കാണ് തടിക്കക്കടവ് പീഢനക്കേസ് അമ്മാവൻ എറ്റെടുക്കുന്നത്. ഈ കേസിനെ പറ്റി അറിയാത്ത ആരും അക്കാലത്ത് ഉണ്ടാവില്ല. പത്രങ്ങളായ പത്രങ്ങളിൽ മുഴുവൻ ഈ വാർത്ത ആയിരുന്നില്ലോ. അഞ്ചാറുപേർ ചേർന്നിട്ടാണ് പതിനഞ്ച് വയസ്സുള്ള കൊച്ചിനെ ഉപദ്രവിച്ചത്. റബ്ബർ തോട്ടത്തിൽ ചത്തെന്നു കരുതി ഉപേക്ഷിക്കപ്പെട്ട അതിനെ ടാപ്പിംഗിന് വന്ന ആരോ കണ്ട് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എസ്.പി നേരിട്ടാണ് അമ്മാവന് കേസന്വേഷണത്തിന്റെ ചുമതല നൽകിയത്. അമ്മാവനാണെങ്കിൽ മനസ്സ് തകർന്നിരിക്കുന്ന സമയവും. അതിൽ നിന്ന് രക്ഷപ്പെടാനുള്ള മാർഗവുമായി ആ കേസന്വേഷണം.
അടിമുടി സീക്രട്ടായിട്ടായിരുന്നു അന്വേഷണം. മുകളിൽ നിന്ന് പല സമ്മർദ്ദങ്ങളുമുണ്ടായി. ഒന്നിലും പെടാതെ ആത്മാർത്ഥമായിട്ടാണ് അമ്മാവൻ ആ കേസന്വേഷിച്ചത്. കേസിന്റെ സമയം മുഴുവൻ ആ കൊച്ചിനും അമ്മയ്ക്കും താമസിക്കാൻ വീടെടുത്ത് മുടങ്ങാതെ വാടകയും കൊടുത്തിരുന്നത് അമ്മാവനായിരുന്നു. പഠിക്കാൻ മിടുക്കിയായിരുന്നു ആ കൊച്ച്. ഈ സംഭവത്തോടെ അതും മുടങ്ങിയിരുന്നു. തെളിവെടുപ്പിന് കൊണ്ടുപൊകുന്ന ദിവസങ്ങളിലെല്ലാം വൈകീട്ട് വീട്ടിൽ വന്നാൽ അടുക്കളപ്പുറത്ത് അമ്മ എന്തെങ്കിലും ചെയ്യുന്നതിന്റെ അരുകിൽ ചെന്ന് ഒന്നും മിണ്ടാതെ അമ്മാവൻ കുത്തിയിരിക്കും.
""സ്റ്റേഷനിൽ എന്തെങ്കിലും കുഴപ്പമുണ്ടോടാ...?'' എന്ന് അമ്മ ചോദിക്കുമ്പോൾ ഒന്നുമില്ലെന്നും പറഞ്ഞ് മുറിയിൽ കയറി വാതിലടക്കും. ഒരിക്കൽ ""ആ പെണ്ണിന്റെ സങ്കടം നീ എറ്റെടുക്കാൻ പോയാൽ ജീവിക്കാൻ പറ്റുമോ?'' എന്ന് അമ്മ ചോദിച്ചതിന് മറുപടിയായി ""എനിക്ക് വേണമെന്ന് വിചാരിച്ചാലും ഏറ്റെടുക്കാൻ പറ്റില്ലല്ലോ ചേച്ചീ...'' എന്നു പറഞ്ഞപ്പോൾ അമ്മാവന്റെ കണ്ണ് നിറഞ്ഞു. അമ്മ അങ്ങിനെ ചോദിക്കേണ്ടിയിരുന്നില്ല എന്ന് എനിക്ക് തോന്നി.
കേസന്വേഷണം കഴിഞ്ഞു. എല്ലാവരെയും അറസ്റ്റ് ചെയ്തു. കേസിൽ പഴുതില്ലാത്ത വിധം ഭംഗിയായിട്ടായിരുന്നു അമ്മാവൻ ചാർജ് ഷീറ്റും കേസ് ഡയറിയും തയ്യാറാക്കിയിരുന്നത്. ഇതും പഴയ കേസുകളും വച്ച് റിപ്പോർട്ട് പോയാൽ അമ്മാവന്റെ പേര് അടുത്ത വർഷത്തെ വിശിഷ്ടസേവനത്തിനുള്ള മെഡൽ ലിസ്റ്റിൽ കയറിപ്പറ്റുമെന്ന് വരെ ആയിടെ സ്റ്റേഷനിൽ സംസാരമുണ്ടായിരുന്നു.
അന്ന് വൈകീട്ട് അമ്മാവൻ വീട്ടിലേക്ക് വലിയ സന്തോഷത്തിലാണ് വന്നത്. കാപ്പി കുടിച്ചുകൊണ്ടിരുന്നപ്പോൾ എന്നെ വിളിച്ച് ""നിനക്കെന്താവാനാടാ ആഗ്രഹം?'' എന്ന് ചോദിച്ചു. ""പോലീസ്'' എന്നു പറഞ്ഞപ്പോൾ ""വെറും പോലീസല്ലടാ.. എസ് ഐ ആവണം'' എന്ന് പറഞ്ഞ് എന്റെ തോളത്ത് തട്ടി. അമ്മ അതു കണ്ട് ചിരിച്ച് കാപ്പിഗ്ലാസ്സ് എടുത്തുകൊണ്ട് പോയി. എനിക്ക് സന്തോഷം കൊണ്ട് ഇരിക്കപ്പൊറുതിയില്ലാതെയുമായി.
കുറ്റപത്രം സമർപ്പിച്ച് വിചാരണ തുടങ്ങിയപ്പോൾ കളിമാറി. ആ കേസിൽ അമ്മാവൻ ശ്രദ്ധിക്കാതെ പോയ ഒരു കാര്യം കേസ് വിസ്താരത്തിനെടുത്തപ്പോഴാണത് പുറത്തുവന്നത്. പെൺകുട്ടിയെ ക്രോസ്സ് വിസ്താരം ചെയ്യുന്നതിനിടയിൽ ഇടിവെട്ട് പോലെ കൊച്ച് ആണാണോ പെണ്ണാണോ എന്നൊരു ചോദ്യം പ്രതിഭാഗം വക്കീൽ എടുത്തിട്ടു. മെഡിക്കൽ റിപ്പോർട്ടിൽ കുട്ടിയുടെ ലിംഗനിർണ്ണയം സംബന്ധിച്ചുള്ള ഭാഗം എടുത്ത് കാട്ടിയായിരുന്നു ചോദ്യം. കോടതി അമ്മാവനോട് ചോദിച്ചപ്പോൾ ഒന്നും പറയാനില്ലാതെ അമ്മാവൻ കൊച്ചിന് നേരെ നോക്കി. ആ പാവം തലകുനിച്ചിരിക്കുകയായിരുന്നു. കോടതി അമ്മാവനെ ഉത്തരവാദിത്വക്കുറവിന് ശാസിച്ചു.
ഈ സംഭവത്തോടെ വിചാരണയുടെ സ്വഭാവം മാറി. പിന്നീടുള്ള വാദം മുഴുവൻ കൊച്ച് ആണോ പെണ്ണോ എന്നതിനെ ചുറ്റിപ്പറ്റിയായിരുന്നു. അതോടെ സാക്ഷികൾ ഒട്ടുമുക്കാലും മൊഴിയും മാറ്റാൻ തുടങ്ങി.
വിചാരണ തീർന്ന് വിധിവന്നപ്പോൾ എല്ലാ പ്രതികളെയും കോടതി വെറുതെവിട്ടു. സാക്ഷിമൊഴികൾ വ്യക്തമായി രേഖപ്പെടുത്തുന്നതിൽ എ.എസ്.ഐ വീഴ്ച്ച വരുത്തിയെന്ന പരാമർശവും കോടതി നടത്തി. അത് കേട്ടുനിന്ന അമ്മാവൻ മുഴുത്ത ഒരു തെറിയും പറഞ്ഞ് കോടതിയിൽ നിന്നിറങ്ങിപ്പോന്നു. ഇറങ്ങിപ്പോരുന്ന വഴിയിൽ ആ പെങ്കൊച്ചും അമ്മയും കാത്ത് നിൽപ്പുണ്ടായിരുന്നു. അവർക്ക് പോകാൻ ഒരിടമുണ്ടായിരുന്നില്ല. അമ്മാവൻ ആ കുട്ടിയുടെ മുഖത്ത് കുറച്ചു നേരം നോക്കി നിന്നു. എന്നിട്ട് ഒന്നും മിണ്ടാതെ തിരിഞ്ഞ് നടന്നുപോയി. കൂടെയുണ്ടായിരുന്ന പോലീസുകാരാണ് പിന്നീട് ഞങ്ങളോടിത് പറഞ്ഞത്.
നാലഞ്ച് മാസം കഴിഞ്ഞപ്പോൾ ഒരു ദിവസം ആലുവ പങ്കജം തീയറ്ററിന്റെ പുറകിലുള്ള ഒരു വാടകവീട്ടിൽ രാത്രി നടന്ന പോലീസ് റെയ്ഡിൽ അറസ്റ്റിലായ ലൈംഗികത്തൊഴിലാളികളെ സ്റ്റേഷനിലേക്ക് കൊണ്ടുവന്നു. അമ്മാവന് അന്ന് സ്റ്റേഷൻ നൈറ്റ് ഡ്യൂട്ടിയായിരുന്നു. മുഖം തുണി കൊണ്ട് മറച്ച് നിരന്നു നിന്നിരുന്നവരുടെ ഇടയിൽ ഒരു പെൺകുട്ടി മാത്രം മുഖം മറക്കാതെ നിൽപ്പുണ്ടായിരുന്നു.
ഏഴ്
മൈര് ജീവിതം...
രാവിലെ വീട്ടിലെത്തിയ അമ്മാവൻ നേരെ മുറിയിൽ കയറി വാതിലടച്ചു. ചായ്പ്പിന് കിഴക്കോട്ടുള്ള ജനലിനു മുകളിൽ രണ്ടഴി മാത്രമിട്ട വെന്റിലേറ്ററുണ്ട്. ഞാനന്ന് സ്റ്റഡി ലീവായതിനാൽ പുറത്തെങ്ങും പോകാതെ വീട്ടിൽ തന്നെ കുത്തിയിരിക്കുന്ന സമയമായിരുന്നു. ചെവി വട്ടം പിടിച്ച് ഞാൻ കേൾക്കുമ്പോഴുണ്ട് തെറിപ്പോലീസ് തന്റെ ആയുധം അകത്ത് ആരോടെന്നില്ലാതെ നിരന്തരം പ്രയോഗിക്കുന്നു.
അമ്മയോട് പറഞ്ഞപ്പോൾ ""നീയിനി അവിടെപ്പോയി ഇരിക്കണ്ട'' എന്ന് പറഞ്ഞു. ഞാനുണ്ടോ കേൾക്കുന്നു. അന്നുമുഴുവൻ അമ്മാവൻ അകത്ത് പറയുന്ന ഓരോ തെറിവാക്കും വെന്റിലേറ്ററിലൂടെ പുറത്തേക്ക് വരുന്നത് ആ ഇറയത്തിരുന്ന് ഞാൻ കേട്ടുകൊണ്ടിരുന്നു. കേട്ട് കേട്ട് ഞാൻ അവിടെത്തന്നെ കിടന്ന് ഉറങ്ങിപ്പോയി.
സന്ധ്യയായപ്പോഴാണ് ഉണർന്നത്. ഞാൻ ചെവി വീണ്ടും വട്ടം പിടിച്ചു. ഒന്നും കേൾക്കാതായപ്പോൾ അകത്ത് നോക്കാമെന്ന് കരുതി എഴുന്നേറ്റ സമയത്താണ് വെന്റിലേറ്ററിന്റെ അഴികൾക്കിടയിലൂടെ ഞെരുങ്ങിപ്പിടഞ്ഞ് ഒരു പക്ഷി ചിറകടിച്ച് പറന്നുപോയത്. ഞാനത് ശരിക്കും കണ്ടു.
ജനൽപ്പാളിക്കിടയിലൂടെ ഞാൻ ഉള്ളിലേക്ക് നോക്കി. എനിക്ക് സഹിക്കാൻ പറ്റാത്ത വിധം കരച്ചിൽ വന്നു. ഒച്ച കേട്ട് അമ്മ ഓടിവന്നു. എനിക്ക് കരച്ചിൽ നിർത്താനാവാതെ വന്നുകൊണ്ടിരുന്നു. എന്നെ ഒരു നിമിഷം നോക്കിനിന്നിട്ട് അമ്മയും ജനലിലൂടെ ചായ്പ്പിലേക്ക് നോക്കി. തിരിച്ചു വന്ന് എന്നോടു ചേർന്ന് തെക്കേ ആകാശത്തേക്ക് നോട്ടമുറപ്പിച്ച് ഒന്നും മിണ്ടാതെ ഇരുന്നു.
ഇൻക്വസ്റ്റിന് വന്ന പോലീസുകാർ എന്നെയും വല്യമ്മാവനേയും ഒരു ചെറിയ തുണ്ടിൽ എഴുതി വച്ചിരുന്ന വാചകം കാണിച്ചുതന്നു.
"മൈര് ജീവിതം...' രണ്ടേ രണ്ട് വാക്കുകൾ.
(ട്രൂകോപ്പി വെബ്‌സീൻ പാക്കറ്റ് 4-ൽ പ്രസിദ്ധീകരിച്ച കഥ)