പല്ലി ചിലയ്ക്കുന്ന ശബ്ദം.
നിർത്താതെ ചിലയ്ക്കുന്നു.
തുറന്നിട്ട ജനലിലൂടെ വെയിൽ മുഴുവനായും പ്രവേശിച്ചു,
തുറന്നു കിടക്കുന്ന അയാളുടെ വായിലേക്ക് പരന്നു, പല്ലു മുഴുവനും തെളിഞ്ഞു.
ഒരു പല്ലിയുടെ പല്ലുപോലെ തോന്നിപ്പിച്ചു.
സിനിമകളിലെ ക്രൈം സീനിൽ കൊലചെയ്യപ്പെട്ട ആളു കിടക്കുന്ന ക്ളീഷേ പൊസിഷനിലാണ് അയാളും കിടക്കുന്നത്. പുറംതിരിഞ്ഞ് നഗ്‌നനായി.
രണ്ടു വിരലുകൾക്കിടയിൽ പകുതി കടിച്ച ലേയ്‌സും, കുറച്ചു നീങ്ങി രണ്ടു കുപ്പി ബിയറും. ബിയറിന്റെ കഴുത്തിൽ അച്ചാറുകൊണ്ട് ചന്ദനക്കുറി പോലെ തൊടുവിച്ചിട്ടുണ്ട്.
തൊട്ടപ്പുറത്തെ കിടക്കുന്ന എ.ടി.എം കാർഡിൽ എം .എം. മൃത്യുഞ്ജയൻ എന്നു കാണാം.
വെയിലിനു കാഠിന്യം വെയ്ക്കുന്നു.
രണ്ടു കൈകൾ കൊണ്ട് ലിംഗം പൊത്തിപിടിച്ച് അയാൾ പതിയെ എഴുന്നേറ്റു.
പല്ലു തേയ്ക്കാൻ ബാത്‌റൂമിലെ വാഷ്ബേസിനടുത്തേക്ക് ചെന്നപ്പോൾ ഇന്നലെ ഛർദ്ദിച്ചതിന്റെ അവശിഷ്ടങ്ങൾ പോകാത്തതു കൊണ്ട് വെള്ളം കെട്ടി കിടക്കുന്നു.
ഒരു പല്ലി വാല് അതിൽ പിടയുന്നുണ്ട്.
ഒരു ഈർക്കിലെടുത്ത് കുത്തി വെള്ളം കളഞ്ഞു, വാലും അതിനൊപ്പം ഒഴുകിപ്പോയി. തിരഞ്ഞുനോക്കുമ്പോൾ ക്ലോസറ്റ് സീറ്റിൽ ഒരു പല്ലി ഇരിക്കുന്നു, ഹാൻഡ് ഷവറിലെ വെള്ളം ജലപീരങ്കി പോലെ ചീറ്റിച്ചെങ്കിലും പല്ലി വിപ്ലവ നായകനെ പോലെ നെഞ്ചും വിരിച്ചുനിന്നു.
ക്ലോസെറ്റിൽ അടിച്ച് ശബ്ദമുണ്ടാക്കി, പോകുന്നില്ല.
മൃത്യുഞ്ജയൻ അടിവയറിൽ വയറിൽ തടവിക്കൊണ്ടിരുന്നു.
തന്റെ ലിംഗത്തിലേക്ക് കൗതകത്തിൽ നോക്കുന്ന ആ ജീവിയെ കാലിലെ അമേരിക്കൻ കോടിയുടെ നിറമുള്ള ചെരുപ്പൂരി ഒറ്റയടി അടിച്ചതും അത് പിടഞ്ഞു വീണു മരിച്ചു. കുളി കഴിഞ്ഞ് പുറത്തിറങ്ങി കോരിയെടുത്ത് സോപ്പുപതയിൽ മുങ്ങിക്കിടക്കുന്ന പല്ലിയെ കോരിയെടുത്ത് പുറത്തിറങ്ങി.
മുഷിഞ്ഞ തുണികൾക്കിടയിൽ ഒരു പച്ച മാക്‌സി അയാൾ കണ്ടു, ഭാര്യയുടേയാണ്.
പച്ചയെന്നു പറഞ്ഞാൽ ഓപ്പറേഷൻ തീയേറ്ററിൽ ഡോക്ടേഴ്സ് ഇടുന്ന പോലത്തെ വസ്ത്രത്തിന്റെ നിറം, വരയോ പുള്ളിയോ ഒന്നുമില്ല.
ഓപ്പറേഷൻ അയാൾക്ക് വലിയ ഇഷ്ടമാണ്, അത്തരം വീഡിയോസ് കാണുക, ഫ്രണ്ട്‌സിനു ഷെയർ ചെയ്യുക ഒരു പതിവാണ്.
ഒരു സ്ത്രീയുടെ സിസേറിയൻ വീഡിയോ കൂടെ വർക്ക് ചെയ്യുന്ന എട്ടു മാസം ഗർഭിണിയായ റാണിക്ക് അയച്ചതും അവരുടെ നെഞ്ചിടിപ്പു കൂടിയതും അതുകണ്ട്അവരുടെ ഭർത്താവും ശിശുരോഗ വിദഗ്ദ്ധനുമായ ബെന്നറ്റ് തലകറങ്ങി വീണതും അയാൾ ഓർത്തു.
അയാൾ കോരിയിലിരിക്കുന്ന പല്ലിയെ നോക്കി പറഞ്ഞു; ‘ഒരു പാട് നാളായുള്ള ആഗ്രഹമാണ്, ഒരു ശസ്ത്രക്രിയ ചെയ്യുക എന്നുള്ളത്, കോളേജിൽ ചരിത്രം പഠിച്ചതു കൊണ്ട് ഇത്തരം അവസരങ്ങളുണ്ടായില്ല. ചെറുപ്പത്തിൽ ഏറ്റവും വെറുത്തിരുന്ന ഒരു മാമന്റെ നെഞ്ചിൽ പിന്നീട് മുള്ളുപോലെ പാടുണ്ടായിരുന്നു. ഒപ്പേറഷൻ കഴിഞ്ഞതാണെന്ന് അച്ഛൻ പറഞ്ഞുതന്നു. എത്രയോ രാത്രികളിൽ ആ നെഞ്ചിൽ കല്യാണിയമ്മൂമ്മയുടെ അടയ്ക്കാക്കത്തി കുത്തിയിറക്കാനാഗ്രഹിച്ചിട്ടുണ്ട്.
പിന്നീട് കുറേനാൾ ഞാൻ മീൻ കഴിച്ചിരുന്നില്ല. മുള്ളു കാണുമ്പോൾ അയാളെ ഓർമ വരും, ഹൃദയാഘാതം വന്നാണ് പുള്ളി മരിയ്ക്കുന്നത്.’
മൃത്യുഞ്ജയൻ കോരി മേശപ്പുറത്തു വെച്ചു, മുഷിഞ്ഞ തുണികൾക്കിടയിൽ നിന്ന്പച്ച നൈറ്റിയെടുത്തണിഞ്ഞ് കണ്ണാടിയിൽ നോക്കി.
‘കൊള്ളാം! ഒരു തൊപ്പി കൂടെ വേണം'.
വേഗം മകളുടെ കളിപ്പാട്ടങ്ങൾ വെയ്ക്കുന്നിടത്തേക്കു ചെന്ന് പരതിയപ്പോൾ നെഹ്രുവിന്റെ വെള്ളത്തൊപ്പി കിട്ടി. അതും വെച്ച് ഒന്നുടെ കണ്ണാടി നോക്കി, ഉഗ്രൻ!
മേശപ്പുറത്തിരുന്ന കണ്ണട കൂടി വെച്ച് സർജറിക്ക് തയ്യാറായ ഡോക്ടറെ പോലെ നേരെ അടുക്കളയിൽ പോയി ഒരു ബ്ലെയ്ഡും, ചെറിയ കത്രികയും എടുത്തു. അലമാരി തുറന്ന് തുന്നൽ സൂചിയും നൂലും എടുത്ത് മേശപ്പുറം ലക്ഷ്യമാക്കി നടന്നു.
ഒരു പഴയ പരന്ന സ്റ്റീൽ പാത്രത്തിലേക്ക് പല്ലിയെ മറിച്ചിട്ടു,
ജനാലകളെല്ലാം അടച്ചു, കർട്ടനും ഇട്ടു.
മുറിയിൽ ചെറിയ ഇരുട്ട് നിറഞ്ഞു.
മൊബൈൽ ലൈറ്റ് ഓണാക്കി മേശപ്പുറത്തിരുന്ന ഫ്‌ളാസ്‌കിൽ ചാരി വെച്ചു. ഓപ്പറേഷൻ തിയറ്ററിൽ കിടക്കുന്നതുപോലെ പല്ലി കിടന്നു.
ഇതൊരുതരത്തിൽ പോസ്റ്റുമോർട്ടമാണ് അയാൾ സ്വയം പറഞ്ഞു.
കാളിങ് ബെൽ അടിക്കുന്ന ശബ്ദം.
മൃത്യുഞ്ജയൻ റൂമിലേക്ക് ഓടി മാക്‌സി മാറ്റി ബർമുഡയും ടീ ഷർട്ടും അണിഞ്ഞു വന്നു.
ഡോർ തുറന്നു, പോസ്റ്റുമാനാണ്.
‘പ്രവീൺ...', ഒരു കൊറിയറുണ്ട്.
പ്രവീണിനുശേഷം പറഞ്ഞത് ഒരു ജാതിവാലായിരുന്നു
‘പ്രവീണിന്റെ വീട് നാലുവീട് അപ്പുറമാണ്, പക്ഷെ അത് പ്രവീൺ സുധാകരനാണ്. ഈ വഴിയുടെ അപ്പുറം ഒരു പ്രവീൺ ഉണ്ട്. പ്രവീൺ നാരായണൻ. പക്ഷെ, അവൻ ജാതിവാല് വെയ്ക്കാൻ സാധ്യതയില്ല. അവന്റെ അമ്മ നളിനി സംവരണ സീറ്റിൽ ജയിച്ചാണ് മെമ്പറായത്, മൃത്യുഞ്ജയൻ മനസ്സിൽ പറഞ്ഞു.
എന്തായാലും നാലാമത്തെ വീടൊന്നു അന്വേഷിച്ചോളൂ.'
മൃത്യുഞ്ജയൻ ഡോറടച്ച് അകത്തേക്കു നടന്നു.
സുധകരേട്ടനും ഷാഹിദ ചേച്ചിയും പ്രണയിച്ച് വിപ്ലവ കല്യാണം കഴിച്ചവരാണ്, രണ്ടുപേരും കെ.എസ്.ഇ.ബിയിൽ ഉയർന്ന ഉദ്യോസ്ഥരും.
പ്രവീൺ കുട്ടിയായിരിക്കുമ്പോൾ വഴിയിൽ ക്രിക്കറ്റ് കളിക്കുമ്പോൾ കൂടുമായിരുന്നു. പിന്നീട് ലക്‌നൗയിലെ ഏതോ കോളേജിൽ എഞ്ചിനീയറിംഗ് പഠിക്കാൻ പോയി. സുധാകരേട്ടന്റെ ചേട്ടൻ അവിടെയായിരുന്നു. റിട്ടയറായശേഷം ബി.ജെ.പിയിൽ ചേർന്ന് പ്രവർത്തിക്കുന്നു. ഒന്നുരണ്ടു ഫേസ്ബുക് പോസ്റ്റുകളിൽ പ്രവീണിന്റെ മാറ്റം ശ്രദ്ധിച്ചിരുന്നെങ്കിലും അതൊന്നും മുഖവിലക്കെടുക്കാറില്ല, അതിനുള്ള സ്വാതന്ത്ര്യം ഭരണഘടന അയാൾക്ക് നൽകുന്നുണ്ട്. നല്ല ഒരു ചെറുപ്പക്കാരനാണ്. കാണുമ്പോൾ കുറെ സംസാരിക്കും, ചിരിക്കും, രാഷ്ട്രീയമൊന്നും പറയാറില്ലെങ്കിലും പുതിയതായി വന്ന ഈ ജാതിവാല് ഒരു സൂചനയാണ്, അടയാളപ്പെടുത്തലാണ്, വേർതിരിവാണ്.
മൃത്യുഞ്ജയൻ റൂമിലേക്ക് നടന്നു.
സർജറി വസ്ത്രങ്ങളണിഞ്ഞ് മേശ ലക്ഷ്യമാക്കി നടന്നു. പല്ലിയെ നോക്കി. ശേഷക്രിയകളോ ആചാരവെടികളോ ഒന്നും ഇല്ലാത്ത ജീവിതം. കിടക്കുന്നത് ആണാണോ പെണ്ണാണോ എന്നുപോലും അറിയില്ല, പ്രായം അറിയില്ല.
താൻ കാണുന്ന പല്ലിക്കൊക്കെ യൗവ്വനമാണ്. ഇരയെ പിടിക്കാൻ ധോണിയുടെ സ്റ്റംപിങ് സ്പീഡും, ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ലക്ഷ്യവും ആണ്.
ജാതിയില്ല, മതമില്ല, ആരുടെയൊക്കെയോ തല്ലു കിട്ടിയോ, വാതിലിൽ ഞെരിഞ്ഞമർന്നു ജീവിതം തീരുന്നു. പരേതാത്മാവിന് ഒരു പേരിടണം, മനസ്സിൽ വന്ന പേര് പ്രവീൺ... എന്നാണ് .
അങ്ങനെ പറഞ്ഞതും വിസർജ്ജ്യത്തിലുരുന്ന ഈച്ചയെ നോക്കിയപോലെ പല്ലിയുടെ മുഖമൊന്നു ചുളിഞ്ഞു.
‘ഇഷ്ടമായില്ലെങ്കിൽ പെരുമാറ്റം സ്വൽപ്പം മോഡേൺ ആക്കാം.’
ഗൗളീഷ് ', പല്ലി ചിരിച്ചു.
ഇനി നിനക്കെന്തിനാ ഈ വാലും എന്നുപറഞ്ഞ് കത്രികയെടുത്തു വാല് മുറിച്ചു മാറ്റി .
മൊബൈൽ അടിക്കുന്നു.
നോക്കുമ്പോൾ കൊച്ചുമേരി ആന്റിയാണ്.
അമ്മയുടെ കൂട്ടുകാരിയാണ്. റിട്ടയറായശേഷം ജോത്സ്യം പഠിച്ചു. ഇപ്പോൾ വീട്ടിൽ കൺസൾട്ടിങ്ങുണ്ട്. ബൈബിൾ കാണേണ്ട കൈകളിൽ പഞ്ചാംഗം കാണുമ്പോൾ തനിക്കിപ്പോഴും ഒരു കൗതുകമാണ്.
ആന്റിയുടെ ടേബിളിൽ ഒരു സ്ഫടികക്കുപ്പിയിൽ കവടിയിട്ടുവെച്ചിട്ടുണ്ട്.
തന്റെ മകളുടെ ജാതകം അമ്മ എഴുതിച്ചത് കൊച്ചുമേരിയന്റിയെ കൊണ്ടാണ്.
മൃത്യുഞ്ജയൻ മൊബൈലെടുത്തു.
‘നീ നിന്റെ ജാതകം അയച്ചില്ലലോ’, ആന്റിയുടെ ശബ്ദം മുഴങ്ങി.
‘അമ്മ കുറെ ദിവസമായി പറയുന്നു, നിനക്കിപ്പോ നല്ല സമയമല്ല, അതുകൊണ്ടാണ് ജോലി പോയത്, ജാതകം നിന്റെ അടുത്താണെന്നും പറഞ്ഞു.’
‘ഞാൻ ഒന്ന് തപ്പിയെടുത്ത് അയച്ചുതരാം ആന്റീ, കുറച്ചു പണിയിലാണ്’, ഇതും പറഞ്ഞ് ഫോൺ വെച്ചു.
രണ്ടു നേരം പള്ളിയിൽ പോകുന്ന, ഒന്ന് രണ്ടു ക്രിസ്തീയ ഭക്തി ഗാന കാസെറ്റിലൊക്കെ പാടിയ ആളാണ് ആൻറി. അങ്ങനെയിരിക്കുമ്പോഴാണ് സയ്ദ് എന്ന് പേരായ ഒരു സാറ് ആൻറിയും അമ്മയും ജോലി ചെയ്യുന്ന ബാങ്കിൽ മാനേജരായി വരുന്നത്. സയ്ദ് സാറിന്റെ ഉമ്മയുടെ ഉമ്മ ഗൗളിശാസ്ത്രം പഠിച്ചയാളാണ്. ഉച്ചഭക്ഷണ സമയത്ത് സയ്ദ് സാറ് ഉമ്മച്ചിയുടെ പ്രവചന കഥകൾ തട്ടിവിടും. ഇതൊക്ക കേട്ട് കൊച്ചുമേരി ആൻറിക്ക് ഒരാഗ്രഹം. ഇതൊന്നു മനസ്സിലാക്കണം. ഇവർ ഒരുമിച്ച് ഉമ്മച്ചിയെ കാണാൻ പോയ കഥ അമ്മ എന്നോട് പറഞ്ഞിട്ടുണ്ട് .
ഒരു ഞായറാഴ്ച മേരി ആൻറി തന്റെ അമ്മയെയും കൂട്ടുവിളിച്ച് ഉമ്മച്ചിയെ കാണാൻ പോയി. ഉമ്മച്ചിയുടെ മുറിയിൽ കിടന്നതും മേശപ്പുറത്ത് മരുന്നുകുപ്പികൾക്കൊപ്പം, വെങ്കലം കൊണ്ടുണ്ടാക്കിയ പ്രതിമ. തല പല്ലിയുടെയും ഉടൽ ഒരു മനുഷ്യന്റെയും പോലെ തോന്നിപ്പിച്ചു, മുന്നിൽ ചന്ദനത്തിരിയും കത്തിച്ചു വെച്ചിട്ടുണ്ട്. ഉമ്മച്ചി വെറ്റിലയെടുത്തു മുറുക്കി ഗൗളിശാസ്ത്രം പറയാൻ തുടങ്ങി. കൂടുതലും കഥകളായിരുന്നു. ചായ കുടിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ കൊച്ചുമേരി ആൻറിയുടെ വലതുചെവിക്കു മുകളിൽ ഒരു പല്ലി വീണു. ആൻറി ചാടിയെഴുന്നേറ്റതും ഉമ്മച്ചി ചിരിച്ചുകൊണ്ട് പറഞ്ഞു;
‘‘വളരെ നല്ല ലക്ഷണമാണ് ...കാശു കുറെ കിട്ടുന്ന മട്ടാണല്ലോ.’’
കുറെ ദിവസം കഴിഞ്ഞ് ആൻറി അമ്മയെ വിളിച്ചു.
ആൻറിയുടെ അപ്പച്ചൻ ആൻറിക്ക് വീടുപണിക്കായി 10 ലക്ഷം കൊടുത്തുവത്രെ. അതിൽ പിന്നെ ആൻറിക്ക് ഗൗളിശാസ്ത്രത്തിൽ വിശ്വാസം കൂടി. കൂടുതൽ വിശ്വസിക്കാൻ ഒരു കാരണം കൂടിയുണ്ടായി. അത് താൻ രഹസ്യമായി കേട്ടതാണ്. ഒരു ദിവസം മേരി ആൻറിയും കെട്ട്യോനും ഭോഗത്തിനുശേഷം നല്ല ഉറക്കത്തിലായിരുന്നു. അപ്പോഴാണ് ഒരു പല്ലി ആൻറിയുടെ നഗ്‌നമായ നിതംബത്തിൽ പതിക്കുന്നത് . ആൻറിയ്ക്കാകെ വെപ്രാളമായി.
പിൻഭാഗത്ത് പല്ലി വീഴുന്നത് അശുഭമാണ്, മരണം ഉണ്ടാവാം.
ഉമ്മച്ചി പറഞ്ഞിട്ടുണ്ട്; ഉമ്മച്ചി അവരുടെ പഴയ വീട്ടിൽ താമസിച്ചു കൊണ്ടിരിക്കുന്ന സമയം. ഒരു ദിവസം കുളിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ഒരു പല്ലി ഉമ്മച്ചിയുടെ ചന്തിയിൽ വീണു, ഉമ്മച്ചി പേടിച്ചു നിലവിളിച്ചു. നിലവിളി കേട്ട് മകൾ അലക്കു കല്ലിന്റെയവിടെനിന്ന് ഓടിവരുമ്പോഴാണ്, അമ്മച്ചിടെ ഭർത്താവ് റഹീംക്ക സോഫയിൽ കിടക്കുന്നതു കണ്ടത്. അറ്റാക്കായിരുന്നു.
മേരി ആൻറിയ്ക്കാകെ ടെൻഷനായി. ഉറക്കം നഷ്ടപ്പെട്ടു.
അന്ന് പുലർച്ചെ ഒരു ഫോൺ വന്നു, മേരി ആൻറിയുടെ അനിയനാണ് വിളിച്ചത്, അപ്പച്ചൻ മരിച്ചു. ഒരു ബീഡിയും കത്തിച്ചു പുറത്തേക്ക്മൂത്രമൊഴിക്കാനിറങ്ങിയതാണ്.
ആളു തന്നെ തടമെടുത്ത തെങ്ങിൻചുവട്ടിൽ മരിച്ചു കിടക്കുന്നു.
ഗൗളിശാസ്ത്രം തുടക്കമായിരുന്നു, പിന്നീട് ജ്യോതിഷത്തിൽ കമ്പം കേറി അത് പഠിക്കാനും പരിശീലിക്കാനും തുടങ്ങി.
മൃത്യുഞ്ജയൻ പല്ലിയെ നോക്കി, എംബാം ചെയ്ത നേതാക്കളുടെ ശരീരം പോലെ ശാന്തമായി ഒരു നേർത്ത മന്ദസ്മിതം തൂകി നിന്നു.
ബ്ലെയ്ഡുകൊണ്ട് ശരീരത്തിൽ അതിവിദഗ്‌നായ ഒരു സർജനെ പോലെ കീറി പിളർത്തി.
ആദ്യമായിട്ടാണ് ഒരു പല്ലിയുടെ ശരീരം പിളർത്തി കാണുന്നത്.
നേർത്ത മുള്ളുപോലത്തെ എല്ലുകളും മാംസവും. അതിലേക്ക് ഏറെ നേരം നോക്കിയിരുന്നു. അപ്പോഴാണ് ഇന്നലെ രാത്രി നടന്ന ഒരു സംഭവം ഓർത്തത്. ഉറക്കത്തിനിടയിൽ എന്തോ തന്റെ പിൻഭാഗത്ത് പതിച്ചിരുന്നു. മൊബൈൽ ലൈറ്റിൽ നോക്കുമ്പോൾ മദാലസയെ പോലെ നിൽക്കുന്ന ഒരു പല്ലി ഉടനെ തന്നെ അതിനെ ഓടിച്ചു വിട്ടു.
തനിക്കിതിലൊന്നും ഒരു വിശ്വാസമില്ല, പിന്നെ എന്തിനാ ഭയപ്പെടുന്നത്?
ജാതകം രഹസ്യമായി താൻ നോക്കിയിട്ടുണ്ട്. അതിൽ മരണം എൺപതു കഴിഞ്ഞേ ഉണ്ടാവൂ. മരണത്തെ സംശയിക്കാൻ പാടില്ല.
ഉടനെ തന്നെ മൊബൈലെടുത്ത് ഗൗളിശാസ്ത്ര ലക്ഷണങ്ങൾ തിരഞ്ഞു.
ഇടതു പിൻഭാഗത്തു വീണാൽ ജയമോ പരാജയമോ ഉണ്ടാകാം, അപ്പോൾ വലതോ?
തന്റെ വലതു നിതംബത്തിലാണ് പല്ലി ഇരുന്നിരുന്നത്. അതിനെപ്പറ്റി ഒന്നും സൂചിപ്പിച്ചു കാണാനും ഇല്ല.
ഇവിടെ കിടന്നു മരിച്ചാൽ?. എന്തായലും താൻ പോസ്റ്റുമോർട്ടം ടേബിളിലെത്തും. ഇതുപോലെ കീറി മുറിയ്ക്കപ്പെടും.
മൃത്യുഞ്ജയൻ പല്ലിയുടെ ശരീരത്തിലേക്കു തന്നെ നോക്കി.
അവിടെ കിടക്കുന്നത്അയാൾ തന്നെയാണെന്ന് തോന്നി.
തന്റെ തന്നെ പോസ്റ്റുമാർട്ടം താൻ തന്നെ ചെയ്യുന്നതുപോലെ അയാൾക്ക് തോന്നി.
അയാൾ പല്ലിയുടെ ശരീരത്തിൽ നിന്ന് ചെറിയ മാംസങ്ങൾ നീക്കാൻ തുടങ്ങി. പല്ലിയുടെ ശരീരത്തിലെ അസ്ഥികൾ തെളിഞ്ഞുതുടങ്ങി. അസ്ഥിപഞ്ജരമായി കിടക്കുന്നതു താൻ തന്നെയാണെന്ന് അയാൾക്കുതോന്നി. മൃത്യുഞ്ജയൻ അപ്പോഴേക്കും വിയർക്കാൻ തുടങ്ങിയിരുന്നു. മനസ്സ് കൈവിട്ടു പോകുന്ന പോലെ തോന്നി. കണ്ണിലേക്ക് ഇരുട്ട് കയറുന്ന പോലെ, അയാൾ തളർന്ന് കസേരയിലേക്ക് ചാഞ്ഞു.
ഉത്തരത്തിലേക്കു നോക്കി, ഒരു പല്ലി അള്ളിപ്പിടിച്ചിരിക്കുന്നു.
‘പല്ലി മാധവി'
പണ്ട് ജോലി ചെയ്ത സ്ഥാപനത്തിലെ ജോലിക്കു വന്നിരുന്ന സ്ത്രീയാണ്, അയാൾ ഓർത്തു. ആ സ്ഥാപനം തുടങ്ങിയതുമുതൽ അവർ അവിടെയുണ്ട്.
സ്ഥാപനത്തിന്റെ ഡയറക്ടറും അവിവാഹിതയുമായ റീത്താമ്മയുടെ വീട്ടിലെ സഹായി ഉണ്ണിച്ചെക്കന്റെ മകളാണ്. മാധവിയും റീത്താമ്മയും തമ്മിൽ അരുതാത്ത ബന്ധമുണ്ടെന്നും അതിന്റെ സ്വാതന്ത്ര്യത്തിലാണ് അവർ ഓഫീസ് ഭരിക്കുന്നതെന്നും ഓഫീസ് താങ്ങിനിർത്തുന്നതേ അവരാണെന്നുമുള്ള ഭാവമാണ് അവർക്കെന്നും സ്റ്റാഫുകൾ അടക്കം പറയാറുണ്ട്.
സ്റ്റാഫ് രഹസ്യമായി അവരെ പല്ലി മാധവി എന്നാണ് വിളിക്കാറ്.
എന്നാൽ അവർ ഒരു പാവം സ്ത്രീയായിരുന്നു.
അവിവാഹിതയായിരുന്നു. അവർക്ക് കല്യാണം കഴിക്കാൻ താത്പര്യം ഉണ്ടായിരുന്നില്ലെന്ന് തന്നോട് പറഞ്ഞിട്ടുമുണ്ട്. താനും അവരും തമ്മിലുള്ള ബന്ധം ശാരീരികവുമായി തുടങ്ങിയിരുന്നു. പല്ലിയെ പോലെ നാക്കുനീട്ടി ചുംബിക്കുവാൻ അവർക്കിഷ്ടമായിരുന്നു. പല്ലികളെ പോലെ ഉത്തരത്തിലിരുന്ന് ഞാനും അവരും ഭോഗിക്കുന്നത് അവർ സ്വപ്നം കണ്ടിട്ടുണ്ടത്രെ, രതിമൂർച്ഛയിൽ നിൽക്കുമ്പോൾ ഒരു മാറാലച്ചൂലിനാലടിച്ചിറക്കപ്പെടേണ്ടിവന്ന ഒരു ദുഃസ്വപ്നം.
എന്തെന്നില്ലാത്ത കാരണങ്ങളാൽ തന്നെ ഓഫിസിൽ നിന്ന്പുറത്താക്കി. വർഷങ്ങൾക്കു ശേഷം അറിഞ്ഞത്, അവർ ആ ഓഫീസിലെ ഉത്തരത്തിൽ തൂങ്ങി മരിച്ചെന്നാണ്. ചിന്തകളിൽ നിന്നുണർത്താനെന്നവണ്ണം പല്ലി ചിലച്ചു.
ഉത്തരത്തിലേക്കു തന്നെ നോക്കിനിൽക്കേ പല്ലി രൂപാന്തരപ്പെട്ട് മാധവിയായി മാറി. നഗ്‌നയായ മാധവി ഉത്തരത്തിൽ അള്ളിപ്പിടിച്ചിരിക്കുന്നു, മൃത്യുഞ്ജയൻ വിവസ്ത്രനായി ചുമരിനടുത്തേക്ക് ചെന്ന് നാക്കുനീട്ടി മാധവിയെ നോക്കി. ചുമരിലൂടെ അള്ളിപ്പിടിച്ച് മുകളിലേക്ക് കയറാൻ ശ്രമിച്ചു കൊണ്ടിരുന്നു.
നിലത്തു വീണു, അയാൾ ശ്രമിച്ചു കൊണ്ടേയിരുന്നു.
അയാൾ തളർന്നു വീണുറങ്ങി.
എന്തോ ശരീരത്തിലേക്കു പതിച്ചതായി അയാളറിഞ്ഞു.
മാധവി!
അയാൾ കാമപരവശനായി ചിരിച്ചു, അയാളുടെ നഗ്‌നശരീരത്തിൽ എന്തോ അരിച്ചു നടക്കുന്ന പോലെ.
നല്ല ഒരു രതി അനുഭവിക്കുന്ന സുഖത്തിൽ മൃത്യുഞ്ജയൻ കിടന്നു.
ശരീരത്തിൽ എന്തോ തറയ്ക്കുന്ന പോലെ അയാൾക്കുതോന്നി.
അയാൾ ബെഡ് റൂമിലേക്ക് ചെന്നു പച്ച സീറോ വാട്ട് ബൾബ് ഓണാക്കി,
കണ്ണാടി നോക്കി.
നെഞ്ചിൽ ഒരു പല്ലിയുടെ അസ്ഥികൂടം പതിഞ്ഞുകിടക്കുന്നു. ▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.