ചിത്രീകരണം: ദേവപ്രകാശ്​

ഴിഞ്ഞേനു മുമ്പത്തെ പാതിരാ കുർബാനേടെ സമയത്ത് അടുക്കളെടെ മൂലക്ക് പാത്തുവെച്ച കള്ളപ്പോം കറീം കട്ടു തിന്നാൻ കേറി മൊസൈക്കിലെ പട്ടിമൂത്രത്തിൽ തലയടിച്ചു തെന്നി വീണേപ്പിന്നെ, ദിവസോം നാലും അഞ്ചും തവണ തിരിഞ്ഞും മറിഞ്ഞും കിടന്ന് തൂറി ഭിത്തിയേലും കട്ടിലേലും തോണ്ടി തേച്ചു വെക്കുന്ന തന്തേടെ കറുത്ത തീട്ടക്കഷങ്ങളെല്ലാം കൂടെ വടിച്ചു കൂട്ടിയിട്ടത് അമ്പത് പൈസടെ ചന്ത ക്കവറിൽ മുറുക്കി കൂട്ടിക്കെട്ടിയിട്ടും ,കൈ അര മീറ്റർ നീളത്തിലോട്ട് നീട്ടി പിടിച്ചിട്ടും പുറത്തോട്ട് തള്ളി കേറി വരുന്ന വാസന, കൈതക്കാട്ടിലേക്കുള്ള നടത്തത്തിൽ കുരിയാപ്പിയുടെ ചുണ്ടിനെ മേലോട്ട് ചുരുട്ടാനും ശ്വാസം പത്തു സെക്കൻഡ് വെച്ച് തടഞ്ഞ് പിടിച്ച് നെറ്റി ചുളിക്കാനും പ്രേരിപ്പിച്ചു.

കോളാമ്പിയും പിടിച്ച് അഞ്ചു മാസ വളർച്ചയെത്തിയ വയറിനെ മറയ്ക്കുന്ന ഒറ്റക്കളർ നൈറ്റിടെ മടി കുത്തിക്കയറ്റി പിറകെ പിടിച്ച് ലൂസിയെ കണ്ടപ്പോ, ഞായറാഴ്ച അയലോക്കത്തെ ജോസിന്റെ കശുമാവിൻ തോട്ടം കടന്നുള്ള അരക്കിലോമീറ്റർ പള്ളിപ്പോക്ക് വിട്ടാലൊന്നിച്ച് ഒള്ളരു നടത്തം തുണി കളയാനുള്ള പോക്കാണെന്ന് കുരിയാപ്പിക്കൊരു വെളിപാട് വന്നു. ഇത് പ്രത്യുതാ തങ്ങളുടെ ദാമ്പത്യത്തിന്റെ ദൈർഘ്യത്തിനും കൊളസ്‌ട്രോളിന്റെ മോചനത്തിനും കാരണമാക്കട്ടെ എന്നയാളാഗ്രഹിച്ചത് ആത്മാർഥമായിട്ടു തന്നെയായിരുന്നു.

പിന്തിരിഞ്ഞ് നോക്കി ‘ലൂസിയെ എന്നാവൂപ്പ തീട്ടമാടി, ഇത് നാറിട്ടും പാടില്ലല്ലോ'യെന്ന് കൊതുകുകടി കൊണ്ടേച്ചും പറഞ്ഞപ്പോ അവൾക്കതിലെ തീട്ടചൊവ അല്ലാതെ റോമാന്റിസിസം പിടികിട്ടിയില്ല.

അരിഷ്ടത്തിന്റെ വീര്യമോ മനുഷ്യന്റെ പ്രായമോ മറ്റോ ചേർത്തൊരു മറുപടി വേണ്ടിടത്ത് ‘തീട്ടത്തിന് ഗുണമേന്മ ഉള്ളത്, തീരെ കൊള്ളാത്തത് എന്ന വേർതിരിവ് വല്ലോം ഒണ്ടോ മനുഷനേ' എന്ന മറുചോദ്യം അയാളെ കൊണ്ട് പിന്നീടൊന്നും മിണ്ടാൻ തോന്നിപ്പിച്ചില്ല.

ചെമ്പ് പൊട്ടിച്ചു പുറത്തു ചാടാൻ കാത്തിരുന്ന മണം ലൂസിയുടെ നെറ്റിയിലെ വട്ട മറുകിലെ പൂച്ച രോമങ്ങളിൽ വരെ നേരിയ ചലനങ്ങൾ ഉണ്ടാക്കി .അപ്പൻ തുപ്പി നിറച്ച കോളാമ്പി കൈതകാട്ടിലേക്ക് കമഴ്​ത്തുമ്പോ കഫക്കട്ടകൾ ഉളുംമ്പ് നാറ്റിച്ചു വേനക്ക് സിമന്റു തറേൽ ഉണക്കാൻ ഇട്ടിരുന്ന കൊക്കോ കുരുക്കളുടെ ഓർമയെയാണ് ലൂസിയുടെ തലച്ചോറിലേക്ക് തിരികെ കൊണ്ടുവന്നത്.

സംശയ ഭാവത്തിൽ അല്പ ദൂരം വന്ന് എത്തി നോക്കിയ പൂച്ചയും ടോപ്പ് ആംഗിളിൽ കുറുകെ പറന്ന രണ്ടു കാക്കകളും കോളാമ്പിയുടെ തല വെട്ടം കണ്ടപ്പഴേ വേറെ വഴിക്ക് വിട്ടു. പിടിച്ച് വച്ച ശ്വാസം തുമ്മലായി കുരിയാപ്പിയിൽ പുനർജനിച്ചപ്പോൾ ‘പാരമ്പര്യം വെച്ച് നോക്കുവാണേൽ നിങ്ങള് ചെറുപ്പത്തിൽ തൂറിട്ടതവരുടെ കയ്യിൽ വെച്ചു കൊടുത്തിരിക്കാനെ തരമുള്ളൂ' എന്ന് കുറവിലങ്ങാട് കുടിയേറ്റക്കാരൻ മകൾ ലൂസി ഒരു പടി കേറ്റി പറഞ്ഞു.

കഷ്ട്ടി രണ്ടര ദിവസം കഴിഞ്ഞാലുള്ള നോയമ്പ്​ വീടൽ ഓർമയിൽ, കൈ കഴച്ചു നുറുക്കിക്കൂട്ടി മാനസാന്തരപ്പെടുത്തുന്ന ഇറച്ചികളാലും കൊത്തി നൂറുക്കൻ കപ്പയാലും അലംകൃതമായ വാളിനുമേലെ സ്രാഷ്ടാഗം പ്രണമിച്ചിടത്തു നിന്ന് കോരി എടുത്തു കുളിപ്പിച്ചു കുട്ടപ്പൻ ആക്കിയെടുക്കുന്ന കർത്തവ്യം നിക്ഷിപ്തമായ തലക്ക് നേരെ വാൾ ഓങ്ങണോ എന്നാലോചിക്കും മുന്നെയാണ് അരയിലെ കൈലി മുണ്ടിന്റെ മടീല് തിരുകിയ നോക്കിയയുടെ ഞെക്ക് ഒന്നേ ഒന്ന് ഫോൺ കര കര ശബ്ദത്തോടെ വിറച്ചത്. ലൂസിയെ നോക്കി തരിപ്പ് മുണ്ടിന്റെ അടീലോട്ട് കേറുന്ന മുന്നേ കോള് കട്ടായതും വീഞ്ഞിനുള്ള ദൈവ വിളി ആയിരിക്കുമെന്ന് രണ്ടുപേരുമൂഹിച്ചു. അടുത്ത ബെല്ലിനിപ്പറം വീട് കേറണമെന്നും നാറ്റമുള്ള കൈയൊന്ന് സോപ്പിട്ടെച്ചും കഴുകി റാട്ടെടടുത്തെ അയല് അലക്കി വിരിച്ച സർഫ് മണക്കുന്ന ഷർട്ട് വല്ലോം വലിച്ചെടുത്തിട്ടോണ്ട് പാപ്പയെയും പിടിച്ചു ട്രിപ്പിൾ എക്‌സ് റമ്മിന് ക്യു നില്ക്കണം എന്നുമായിരുന്നു കുരിയാപ്പിയുടെ ഹിതം.

കമ്മറ്റിടെ സ്ഥിര നിയമന പ്രകാരം നാളത്തെ മല കേറ്റത്തിന് കുരിശ് എടുത്ത് ത്യാഗം പുതുക്കേണ്ട കർത്താവ്, പ്ലാമൂട്ടിൽ പരേതനായ പൈലി മകൻ ഉണ്ട പാപ്പി (49) നാലാം പക്കവൊള്ള ലോനയുടെ കെട്ടു കല്യാണത്തിന് മുന്തിരി ഇട്ട് വാണിജ്യ അടിസ്ഥാനത്തിൽ വാറ്റുന്നെനിടെ മലമൂട്ടിലെ തെരുവ പുല്ലുകൾക്ക് ഇടെന്ന് ചട്ടീം കലോം അടക്കം എക്‌സൈസ് പൊക്കിയ ദേഷ്യം കവാസാക്കിടെ മുന്നോട്ട് ഉള്ള ഗിയറേലും റബ്ബർ ബാന്റിട്ട ആക്‌സിലേറ്ററിലും തീർത്തോണ്ട് ഇരിക്കുമ്പോ പിന്നിലിരുന്ന പാപ്പാ വെള്ളതാടിയേൽ മുറുക്കിപ്പിടിച്ച് ഈശോ മറിയം വിളിക്കുകയായിരുന്നു. കൈക്കാരനായതിന്റെ ആദ്യ മാസത്തിനുള്ളിൽ വന്ന കുരിശിന്റെ കനം കുഴിയും ഘട്ടറും ചാടി പാപ്പയിലേക്ക് പകരാൻ കുരിയാപ്പിക്ക് അധികം ത്യാഗം കഴിക്കേണ്ടി വന്നില്ല, പാപ്പയുടെ നോമ്പുകാല സഹനത്തിന്റെ കണക്കിലേക്ക് കുരിയാപ്പി വക സംഭാവന, ഒന്ന്.

മെറൂൺ പടർന്ന പണിക്കുറ്റം പറയാത്ത പുറമേന്ന്, ഉള്ളിലെത്തിയാൽ പകുതി ഭാഗം പായല് പിടിച്ചതും നനഞ്ഞു വിറച്ചു കിടക്കുന്നതുമായ പള്ളി മുറിയിലെ വീട്ടി കസേരയിൽ അച്ചൻ കാലു നീട്ടി അമർന്നിരുന്ന് ചുറ്റും കൂടിയ ഈച്ചകളെ കൊന്ന് വരിയായി വെച്ച് എണ്ണം എടുത്തുകൊണ്ടിരിക്കുമ്പഴാണ് കൈക്കാരൻ കുരിയാപ്പിയും പാപ്പയും കൂടെ നേരെ കേറി ചെന്നത്. വരുന്ന വഴിയിലെ ചെളി മൊത്തം ചവിട്ടിയ വെള്ളേം നീലേം പകുത്ത വള്ളി ചെരിപ്പ് കയറ്റു പായയിൽ ഒന്ന് ചവിട്ടി തേക്കാൻ പോലും ശ്രമിക്കാതെ നേരെ കേറിപ്പോന്ന ചട്ടുകാലൻ പാപ്പയെ അച്ഛനൊന്ന് രൂക്ഷമായിട്ട് നോക്കി, കുരിയാപ്പി വളരെ മാന്യതയോടെ പുറത്ത് ചെരുപ്പ് അഴച്ചിട്ട് കയറ്റു പായയിൽ കാലൊന്ന് ഉരച്ച് പാപ്പ ചവിട്ടി കേറ്റിയ ചെളിയെ കൂടെ കൂട്ടി ഇടവകയിലെ മുൻതലമുറ അച്ഛന്മാരുടെ മോണോക്രോം ഫോട്ടോ തൂക്കിയ ചുവരിന് കീഴെ കറുത്ത കട്ടി തുണി കൊണ്ട് മറച്ചിരിക്കുന്ന കാലുകളുള്ള പിയാനോയ്ക്കും മേശക്കും അരികിലുള്ള ചൂരൽ കസേരയിൽ അമർന്നു. കൂട്ടിയിട്ട ചെരുപ്പുകൾക്ക് ഇടയിലെ സോക്‌സിൽ നിന്നുള്ള ഗന്ധം അന്തരീക്ഷത്തിൽ മോചനമില്ലാതെ കെട്ടി കറങ്ങി നിന്നു. കാട്ടിറച്ചി മാത്രം തിന്ന് ചോര തൂറിയ കാലത്തിന്റെ അടയാളം ഇപ്പോഴും ബാക്കിയുള്ളതിനാൽ പാപ്പ കുഷിനുള്ള കസേര നോക്കി എടുത്ത് അതിൽ ഒറ്റച്ചന്തി വെച്ചിരുന്നു .വീട്ടിന്ന് പൊരുമ്പോഴുള്ള തുമ്മൽ വരുന്ന വഴി കാറ്റടിച്ചു മൂക്കളയായി പുറം ലോകം കാണാനെത്തി നോക്കിയപ്പോൾ അയാളതിനെ വലിച്ചു കേറ്റി അകത്തേക്കിട്ടു. വഴി തെറ്റി പറന്നു വന്ന് രണ്ടുപേരുടെയും മൂക്കിലും മുടിയിലുമിരുന്ന് ഈച്ചകളവർക്ക് സ്തുതി ചൊല്ലി. രണ്ട് നിമിഷത്തെ നിശബ്ദക്ക് ശേഷം മൂന്ന് ദിവസത്തെ വ്യത്യാസത്തിൽ തല പൊക്കിയ കവിളിലെ കുറ്റി രോമങ്ങളെ തലോടി അച്ഛൻ രണ്ടു പേരെയും നോക്കി മുഖത്തെ പേശികളെ ഒരേ വേഗത്തിൽ ചലിപ്പിച്ചു പറഞ്ഞു : ദൈവത്തിന് സ്തുതി ..
ദുഖവെള്ളിക്ക് മരകുരിശ് ചൊമന്ന് മലകേറി ത്യാഗം നയിക്കാൻ ഇടവകയിൽ ഒരുത്തനും ഉശിരില്ലെന്നത് കമ്പനി പറമ്പ് വെട്ടിപ്പിടിച്ചു കുരിശു നാട്ടി ഓലക്കീറിന്റെ കൂരക്ക് കീഴെ കുർബാന ചൊല്ലി ഇടവകയുണ്ടാക്കിയ കാരണവന്മാരുടേം സഭയെ രക്ഷിക്കാൻ കുരിശുമെടുത്ത് അമ്പത്തി എട്ടിൽ തെരുവിലിറങ്ങിയ പിന്മുറക്കരുടേം പിള്ളേർടെ ഞരമ്പുകളിൽ നിന്ന് ഏതാണ്ട് ഒരേ സമയം ചോര വാർന്നു പോകുന്നുവെന്ന് തോന്നലുണ്ടാക്കാൻ കാരണമായി.

കർത്താവിനേം കള്ളിനേം ഒത്തു കൊണ്ടുപോയവനെയോർത്ത് അവരപ്പോ ആർക്കോ വേണ്ടിയൊന്ന് ദണ്ണപ്പെടുക മാത്രം ചെയ്തു. എങ്കിലും സുഖപ്പെടുത്താനായി മുറിപ്പെടുത്തുന്നവനാണ് ദൈവമെന്ന കോർപറേറ്റ് നയം അച്ചൻ വീണ്ടും മനസ്സിരുത്തിയൊന്നൂടെ ഉറപ്പിക്കുകയും മദ്ബഹയെ മനസിൽ കാണുകയും ചെയ്തു. "നേർച്ചയോ നിയോഗവോ ഒക്കെ ആയിട്ടാരേലുമെന്ന് അച്ഛൻ മുഴുമിപ്പിക്കണ മുന്നേ എന്റച്ചോ രണ്ടാഴ്ച മുന്നേ ട്രെഡ് മില്ലേ കേറീം, കിടന്ന് ഓടീം കിതച്ചുമാ നമ്മൾ ഇടവകക്കാരീ ആചാരങ്ങലൊക്കെ തെറ്റിക്കാണ്ട് കൊണ്ടോവുന്നേന്ന് അറിയാല്ലോ' ..

ഇടം കണ്ണിട്ടൊള്ള അച്ഛന്റെ പക്ഷം ചേർന്ന നിക്ഷ്പക്ഷതയെ പ്രതിരോധിച്ചു കൊണ്ട് കുരിയാപ്പി പറഞ്ഞപ്പഴും പരിഹാരം തേടി രണ്ടു പേരുടെ തലച്ചോറും നാലു വഴി തിരിഞ്ഞൊരു പാനപാത്രമായി തനിക്ക് നേരെ നീണ്ടു വരുമെന്ന് കുശിനിയിൽ ഒളിച്ചു നിന്ന് തിരിച്ചറിഞ്ഞ ഇരുമ്പു മണിയിൽ വർഷങ്ങൾ തൂങ്ങിയ വലിവുകാരന്റെ പേര് കപ്യാരു പൈലി എന്നായിരുന്നു. വിഭൂതിക്കും ഓശാനക്കും തോർത്തു മുണ്ട് മടക്കി തളപ്പയാക്കി T × D തെങ്ങെന്ന് കുരുത്തോല വെട്ടി താഴെയിട്ട് നെഞ്ച ഉരച്ച കഥ തൊട്ട് പൂർവികരെ പ്രതിനിധീകരിച്ചു കപ്യാരുമാരുടെ പീഡാസഹന ചരിത്രം മൊത്തം അയാൾ അവർക്ക് മുന്നിൽ ഇറക്കി വെച്ചു. രണ്ട് വട്ടം ശ്വാസമാഞ്ഞു വലിച്ചു കാണിച്ചു ഡയഗ്‌നോസിസിനു കൂടെയൊന്നയാളവർക്ക് മുന്നിൽ നിന്നുകൊടുത്തു.

ഇനിയിപ്പോ വിളിച്ചു ചൊല്ലിയാളെ കൂട്ടാൻ സമയമില്ലാത്ത കൊണ്ട് കനമൊന്നു കുറച്ചിട്ട് ആണെങ്കിലും റോമിനും രൂപതക്കും നാമത്തിൽ താൻ തന്നെയാ മരം ചുമന്നോളാമെന്നച്ചൻ പറയാൻ സാധ്യത ഉണ്ടെന്ന് കണ്ട് പെയ്ത്തു വെള്ളം വന്ന് മൂടുന്ന മഴക്കാലത്തും മലയിറങ്ങാത്തവന്റെ തലയിലേക്ക് തന്റെ നേരെ വന്ന മുൾമുടി ഇറക്കി വെക്കാൻ പൈലിക്ക് സെക്കന്റ്കളുടെ വേഗതയെ വേണ്ടി വന്നുള്ളൂ. "വാ തൊറക്കാത്ത കൊണ്ട് ഇല്ലന്ന് ഒള്ള മറുപടി അവന്റെ നാവേന്ന് ഏതായാലും വരത്തില്ല' പൈലി ഒറ്റ മുണ്ട് ഒന്ന് കേറ്റി ഉടുത്ത് സാക്ഷ്യം പറഞ്ഞു. പക്ഷിപനി പടരുന്നതിനാൽ ആളുകൾ കോഴികളെയെല്ലാം കൊന്നൊടുക്കുന്ന കാലങ്ങളിൽ ഒന്നായിരുന്നു അത്.

ചോര പുരണ്ട തുണിക്കീറ് പോലെ ചുവപ്പ് ചാറിയ മാനത്തിന് കിഴക്ക് നക്ഷത്രമുദിക്കുന്നത് കാക്കാതെയവരു പൈലി പറഞ്ഞയാ "അവനെ' തപ്പി കാട്ടു പന്നി ഇറങ്ങുന്ന കറുകച്ചാലും തഴുതാമ കൂട്ടവും പിന്നിട്ട് ഒറ്റത്തടി പാലം ചവിട്ടി കോട ഇറങ്ങിയ മലക്ക് കരോട്ട് കേറുമ്പോൾ മൂക്ക് ചീറ്റിയ കൈ തുടക്കാനായി നല്ലൊരു 'കമ്മ്യൂണിസ്റ്റ് പച്ച മനസിൽ തേടുകയായിരുന്നു കുരിയാപ്പി. ആനചൂരടിക്കുന്നിടത്തു അഞ്ചു സെല്ലിന്റെ ടോർച്ചു വെട്ടമാട്ടി ചെളി പടർന്ന കാല് വെള്ള ചാലിൽ മുക്കുമ്പോൾ പാപ്പക്ക് കർക്കിടകത്തിൽ പെറ്റു നോവ് ഇറക്കി വെക്കാൻ വയലിരമ്പ് തേടി വരുന്ന മുഷിയെ ഒളിച്ചിരുന്ന് വാക്കത്തിക്ക് വെട്ടി പിടിക്കാൻ പോണത് ഓർമ വന്നു. പെട്ടന്നൊരു പെയ്ത്തിന്റന്ന് രാത്രി പുല്ലേലോടെ പുളഞ്ഞു പോകുന്ന മുഷിയെ കണ്ണു ചിമ്മുന്ന വേഗത്തിൽ തലക്ക് അടിച്ചു വീഴ്ത്തി കൊട്ട നിറക്കണ പോലെ.

പേരമല ഡാമിന്റെ മോളീന്ന് പെലകാലെ പന്നീടെ കൂട്ടൊള്ള മുന്നോട്ട് നീണ്ട മൂക്കും കറുത്തു മലച്ച ചുണ്ടും കൊണ്ട് കോഴിയെ പോലെ തലയുയർത്തിയയാൾ നീർത്തി ഓരിയിടാറുണ്ടെന്ന് പലരും പറഞ്ഞതവരുടെ ചെവികളേം തൊട്ടുകൂടായ്മ ഉണ്ടായിരുന്നിട്ടല്ല, നൂറാമത്തെ കുഞ്ഞാട് മോറിയ ദേശത്തിനപ്പുറം തന്നെ.
പണ്ട് കെട്ടൊറപ്പിക്കണേന് രണ്ടു മാസം മുന്നേ കാട് കാണാൻ കേറി, അടിവയറ്റിൽ ആളനക്കവുമായി തിരിച്ചു വന്ന അവന്റെ തള്ള മഴക്കാലത്ത് ഗർഭം പൊട്ടുന്ന മലക്ക് കീഴെ അപ്പൻ ഇഷ്ടദാനം കൊടുത്ത രണ്ട് ഏക്കറിൽ കുടികിടപ്പും പിന്നീട് സ്ഥിര താമസവുമാക്കിയെന്നാണ് കേൾവി. കാട് വെട്ടി കത്തിച്ച് മാടം കെട്ടി വിളയ്ക്ക് കാവലിരുന്നും കൂമ്പ് കൊറിക്കാൻ വന്നവരെ കെണി വെച്ചു പിടിച്ചു കൂട്ടിലാക്കി മെരുക്കിയെടുത്തും കാർന്നോർടെ ചില്ലിട്ട തിര നിറക്കുന്ന കള്ള കാഞ്ചിയിൽ ചൂണ്ടുവിരൽ ചലനങ്ങളാൽ പന്നിയെയും മലയണ്ണാനേയും മുക്ര ഇടീച്ചു തൊണ്ട അടപ്പിച്ചും ഇര പിടിക്കാൻ തെങ്ങേൽ അള്ളി കേറുന്ന ഉടുമ്പുകളെ കുടുക്ക് ഇട്ട് വലിച്ച് വീഴ്ത്തി നാക്ക് പറിച്ചെടുത്തു ഉണക്കി സൂക്ഷിച്ചുമവര് ലോകത്തിനു സമാന്തരമായി കവച്ചിരുന്ന് വാട്ടു കപ്പയും കാന്താരി മുളകും കൂട്ടി വീട്ടി തടി ശരീരത്തിന് കാതലു വെപ്പിച്ചു. അവനവരുടെ വയറ്റിൽ വേരുകളാഴ്ത്തിയത് വലിച്ചൂറ്റിയെടുത്തു.

നാലര വയസ്സ് വരെ മുലയിലെ മുന്തിരി ചപ്പലിൽ നിന്ന് പഞ്ഞ പെയ്ത്തിലെ കർക്കിടക തുടക്കത്തിൽ വായ് മൂടിക്കെട്ടിയ കൽഭരണിയിൽ നിറച്ച് ചെറുതേനിലിട്ട ഓല പ്രാണിയെയും വെട്ടുക്കിളിയെയും നെയ്യും കൂട്ടിയവരു മൊരിച്ചു കൊടുത്തു തുടങ്ങി. ഇയ്യൽ വരുന്ന മഴ കാക്കും കാലത്തിലേക്ക് ടപ്പികളുമായി കാത്തിരിപ്പുകളും നീണ്ടു. വേണ്ടതും വേണ്ടത്തതുമായ എല്ലാ രുചികളും അറിഞ്ഞും ചാണകം മെഴുകിയ നിലത്തു കൂടി പാമ്പുകൾക്കും പഴുതാരക്കും ഒപ്പമിഴഞ്ഞും വായിലിട്ട് ചവച്ചും മടുത്തപ്പോളവൻ എണീറ്റു. വീണു പഠിച്ചു, നടന്നു. ശീലങ്ങൾ പഠിക്കാൻ കുറ്റി അടിച്ചു നിർത്താതെ കല്ലു തിന്നാലും ദഹിക്കുന്ന പ്രായമായപ്പോൾ അവനെ മലങ്കാട്ടിലേക്ക് അഴിച്ചു വിട്ടു. എന്നാൽ അഞ്ചടിയിൽ കൂടുതൽ വളർച്ചയിലും ഇടത്തെ കാലിലെ മുടന്തിലും യാതൊരു കോംപ്രമൈസുമില്ലെന്നയാളുടെ ശരീരമുറച്ച തീരുമാനമെടുത്തിരുന്നു. നല്ല പ്രായം തികഞ്ഞപ്പോൾ അയാൾ ജന്തുക്കളെ എല്ലാം വീട്ടിലേക്ക് വിളിച്ചു കയറ്റാൻ തുടങ്ങി. തള്ള കൂട്ടിലിട്ടവയെ കയറു കെട്ടഴിച്ചും പെട്ടിയിൽ അടച്ചവയെ താഴ് തകർത്തും ഇടക്ക് വിരുന്ന് വരാൻ പറഞ്ഞ് നായാട്ടോർമകൾ മായ്ക്കും വിധം ആശിർവദിച്ചു പറഞ്ഞയച്ചു.

അതികാലെ തലയിൽ ഇരുന്നുറങ്ങുന്ന പല തരം ശലഭങ്ങൾ മേലോട്ടുള്ള പോക്കിതെന്തെന്ന് ചിറകനക്കി നോക്കുമ്പോ കൂഴപ്ലാവിന്റെ ഇരട്ട കൊമ്പെൽ കുറുകെയിട്ട പലകയിലേക്ക് സൂര്യനെ സ്റ്റാർറ്റിങ് പോയിന്റ് വെച്ചു പിടിക്കാൻ പെടച്ചു കേറുന്നയാള്‌ടെ പോക്ക് കാണാം. ഭൂമീന്ന് സുമാർ പതിഞ്ഞടി മേലെയും ഇരട്ട ചക്ക മൂത്ത് വരുന്ന കവരെടെ തൊട്ട് കീഴെം ആയിട്ടുള്ള പോയിന്റിൽ കാലു നീട്ടി ഇരിക്കുമ്പോ ലോകത്തിന്റെ മുഴുവൻ ബലവും മരത്തടിൽ ആവഹിച്ചിരിക്കുവാണെന്നയാൾക്ക് ഉള്ളിലിരുന്നാരോ പറയും. പേൻ കൊത്തിപെറുക്കാൻ പറന്നെത്തുന്ന ചെറുകുരുവികളിൽ നിന്ന് മറഞ്ഞ് രാത്രിവെട്ടം തെളിക്കാൻ ഉള്ള മിന്നാമിനുങ്ങുകളപ്പോൾ മുടിക്കുള്ളിൽ പകലറിയാതെ ഒളിച്ചിരിക്കുകയാവും. ലോകം തൊട്ട് കാട് കയറി കറങ്ങി വെയിൽ ഉറയ്ക്കുമ്പോളിറങ്ങി വന്ന് ഏണി വെച്ചു പുരപ്പുറം കടന്ന് അടുക്കളയിലോട്ട് ഇറങ്ങി കഞ്ഞിയോ പുഴുക്കോ കാലാക്കി നായാട്ടു ശല്യം കാരണം കാലു തല്ലി ഓടിച്ചിട്ട് തള്ളയുടെ വായിൽ കഞ്ഞി കോരി ഒഴുക്കുന്നൊരു പതിവ് വേറെയുമുണ്ട്. കർത്താവ് കുരിശ് എടുക്കുന്ന പോലവരെ ഓല മറ കെട്ടിയ പലക കുഴി കക്കൂസിൽ കൊണ്ടോയി ഇരുത്തി, എടുത്ത് കുളിപ്പിച്ചു കട്ടിലിൽ കൊണ്ടോട്ടി കിടത്തുമ്പോൾ അവർ അവന്റെ കവിളിൽ അമർത്തി ചുംബിക്കുമായിരുന്നു. നിശബ്ദതയിലും സ്പർശത്തിലും മാത്രം അവരെന്നും സംസാരിച്ചു. തലക്ക് കീഴെ തിന്നാനുള്ള വക കയറ്റു കട്ടിലിനു അടുത്ത് വെച്ച് അയാൾ അപ്രത്യക്ഷനാവും. രാത്രി തള്ള പണ്ടെന്നോ കൊണ്ട് വെച്ച കരി പുകഞ്ഞു കേറിയ കർത്താവിന്റെ രൂപത്തിന് മുന്നിൽ പുക ചുരുളുകൾക്ക് ഇടയിൽ റാന്തൽ വെട്ടത്തിലാവും പിന്നീടുള്ളാഗമനം.

പള്ളി മുറിക്കക്കൂസിലെ കരിങ്കല്ലിൽ ബട്ടൻസ് പൊട്ടിക്കാതെ ളോഹ കൊട്ടിക്കൊണ്ടിരുന്ന അച്ചനും സന്ധ്യ പ്രാർത്ഥനക്ക് മെഴുകുതിരി തിരി തെളിക്കാൻ പോയി, കട്ട വീഞ്ഞ് നാക്കിൽ ഉറ്റിക്കുന്ന പൈലിയുമപ്പോൾ വീട്ടിലെ പുകയില്ലാ അടുപ്പിൽ പെസഹാ അപ്പം ഉണ്ടാക്കികൊണ്ട് ഇരിക്കുന്നവനെ വാഗ്ദത്ത ഭൂമിയിലേക്ക് നയിക്കുന്ന കുരിയാപ്പിയെക്കുറിച്ചും അവരുടെ കാലുകളിൽ നക്കാൻ പോകുന്ന പീലാത്തോസ് എന്ന പട്ടിയെ കുറിച്ചും ആലോചിക്കുകയായിരുന്നു. മുപ്പത്തി മൂന്ന് വർഷം മുൻപ് കിഴക്കോട്ട് വഴി കാട്ടിയ നക്ഷത്രമപ്പോൾ മാനത്ത് മറ്റേതോ കൂട്ടരുമായി കൂടിയാലോചനകളിലായിരുന്നു.

മണ്ണിട്ട് ഉറപ്പിച്ചെനു മേലെ, കാട്ടി ചാണകം മെഴുകിയ നിലത്ത് വട്ടത്തിൽ ഇരുന്നപ്പോൾ പൈലിടെ കണക്ക് കേട്ട കുരുത്തോലയും 'അവന്റെ' പറമ്പിലെ മീൻവളം വലിച്ചു വെള്ളമാക്കിയ തേങ്ങയുടെ പാലും, അവർക്ക് മുന്നിലെ മൺ പാത്രത്തിൽ നിരന്നു, പുളിപ്പ് ഇല്ലാത്ത അപ്പം പകുത്തു നൽകി അയാൾ അവർക്ക് നല്ല അയൽക്കാരനായി .ചക്കപ്പശയിൽ കത്തി നിന്ന റാന്തലിലെ ഓറഞ്ച് വെളിച്ചം അയാളുടെ രോമം കിളിർക്കാത്ത കളിമൺ മുഖത്ത് ഓളങ്ങളുണ്ടാക്കിക്കൊണ്ടിരുന്നു. ബാലമുരളി കൃഷ്ണയുടെ ആനന്ദഭൈരവിയവിടെ പശ്ചാത്തലത്തിലും. ദുഃഖവെള്ളിയെ ഓർമിപ്പിച്ചു കൊണ്ടൊരു കൊള്ളിയാനന്നേരം കിഴക്കോട്ട് പാഞ്ഞു. നീട്ടിയുള്ള ഒരു മൂളലിന്നോ തലയാട്ടലിനോ അവർ കാത്തു നിന്നു. ദീർഘ നിശ്വാസത്തിന്റെ കൂടെ വന്നൊരു അർത്ഥമില്ലാത്ത ഒച്ചയെ സമ്മതമായി എടുത്തവർ ഓരോരുത്തരയാളെ ചുംബിച്ചപ്പോൾ ജീവിതത്തിൽ നല്ലപ്പം കേൾക്കുന്ന പല കാട്ടു ശബ്ദങ്ങളും അവരുടെ കാതുകളെ തൊട്ടു കടന്നു പോയി.

ഒറ്റ രാത്രികൊണ്ട് വെട്ടി തയ്ച്ചു ഷേപ്പ് മാറ്റിയെടുത്ത ചെമന്ന ചെങ്കുപ്പായവും മെടഞ്ഞ മുൾക്കിരീടവും കയ്യിലൊരു ഞാങ്ങണയും കറക്കി കാലത്ത് പള്ളിക്ക് ചുറ്റുമയാൾ പടയാളികൾക്കും പീലാത്തോസിനുമൊപ്പം ചുറ്റി നടന്നു. പള്ളിമണിക്ക് കീഴെ വലിപ്പം കണ്ടമ്പരന്നും പഴയ തെമ്മാടിക്കുഴിടെ ഗേറ്റിനടത്തൂന്ന് തലയിട്ട് ഉള്ളിലോട്ടും നോക്കിയും നിന്നപ്പോ അച്ഛൻ കണ്ണുരുട്ടിയ കണ്ട് ഒളിഞ്ഞു നിന്ന കപ്പ്യാരുപൈലി തല പള്ളിക്കുള്ളിലേക്ക് വലിച്ചു. തലക്കനവും തലപ്പൊക്കവും ഇല്ലാത്ത യേശുവിനെക്കണ്ട് ചട്ടയും കുണുക്കുമിട്ട അമ്മച്ചിമാർ കണ്ണിലെ മാക്രോ ലെൻസുകൊണ്ട് ചൂഴ്ന്ന് നെറ്റി ചുളിച്ചു കുശുകുശുത്തു. അൾത്താര ബാലന്മാർ താടിയില്ലാത്ത കർത്താവിനു പ്രായ പൂർത്തിയായയില്ലെന്ന് കമന്റടിച്ചു.
മണിയടി ഒച്ചക്ക് പിന്നാലെ, ആയുധം തിരുതോളിൽ ഏറ്റപ്പെട്ടു. വെയിൽ ഇളംമഞ്ഞ ചായം തേച്ച ചെങ്കുത്തായ മലക്ക് കുറുകെ വലിയൊരു സംഘം ഞൊണ്ടിക്കൊണ്ട് കുരിശേന്തിയവന് പിന്നിൽ രാജാവിനും പരിവാര വൃദ്ധങ്ങൾക്കും മറിയത്തോടുമൊപ്പം നിരന്ന് മുത്തുക്കുടയുമേന്തി മല കേറി തുടങ്ങി. അവരുടെ വെളുത്ത വസ്ത്രങ്ങൾ മൂവന്തി നേരത്തു മല ഇറങ്ങുന്ന പഞ്ഞി കെട്ടുകൾ കണക്ക് ചാഞ്ചാടി നീങ്ങി. കയ്യിലേന്തിയ ചെറു കുരിശിൽ രണ്ടായിരം വർഷം മുൻപ് കുരിശിൽ തറക്കപ്പെട്ടവനെയോർത്തുള്ള ദുഃഖത്തെ അവർ വളരെ വ്യാകുലതയാൽ മുഖത്തു എടുത്തണിഞ്ഞു. കൈലെസു കൊണ്ടു ചിലർ കണ്ണീരൊപ്പി, കാലങ്ങളായി പാപ ജീവിതം നഷ്ടപ്പെട്ട് നരകേറിയവർ ആന്തരിക സൗഖ്യങ്ങൾ ദൈവത്തിങ്കൽ അർപ്പിച്ചു. ചാരം പൂശി നാല്പത്തി ഏഴ് ദിവസം മൂക്കുകയർ ഇട്ടു വെച്ച പാപങ്ങളെ ബ്രൗൺ പേപ്പറിൽ പൊതിഞ്ഞ പ്രാർത്ഥന പുസ്തകത്തിനൊപ്പം കൈവിടാതെ വിങ്ങിപ്പൊട്ടി പാടിയപ്പോൾ അവരുടെ ശബ്ദം പ്രായഭേദമന്യേ ഒരേ വേഗത്തിലുയരുകയായിരുന്നു.

മുന്തിരി ഞാൻ നട്ടു നിങ്ങൾക്കായ്, മുന്തിരിച്ചാറൊരുക്കി വെച്ചു. എങ്കിലുമീ കയ്പ്പ് നീരല്ലേ ദാഹശാന്തിക്കെനിക്കു നൽകി.

ഒന്നാം വളവ് തിരിഞ്ഞ ഉടനെ കാടിന്റെ ശബ്ദത്തിനെ ചോദ്യം ചെയ്ത് മനുഷ്യന്റെ വിളികൾ ഉണർന്നപ്പോൾ ഉടമസ്ഥർ ഉൾക്കാട്ടിലേക്ക് പിൻവലിഞ്ഞു. ഇസ്‌പേടിലും ക്ലാവറിന്മേലും ചതുര കട്ടകൾ ആയിരങ്ങൾ മറിക്കുന്ന, മെഴുതിരി വെട്ടത്തിൽ ആളെ കൂട്ടുന്ന ചൂത് കളി കുരിശ് മലയിലന്ന് പകൽ വെട്ടം കണ്ടു. പിന്നിൽ നിന്നൊരു സംഘം പ്രാർത്ഥനയുടെ മധ്യമത്തിൽ കേട്ട ആർപ്പിന്റെ ശബ്ദം തേടി വളവ് തേടിയിറങ്ങി. തലേന്ന് റബ്ബർ കടകളിൽ നിന്ന് ചില്ലറ വെച്ചുമാറിയ പുക മണക്കുന്ന രണ്ടായിരങ്ങൾ അവരുടെ നൈലോൺ കീശയിൽ കളത്തിലോട്ട് ചാടുന്നതും കാത്ത് ഉയർന്നു നിന്നിരുന്നു. കൂടെ നിന്നാൽ ഭാഗ്യം വരുമെന്ന് കല്പന പ്രകാരം എസ്റ്റേറ്റിൽ റബർ വെട്ടുന്ന ചെറുക്കനെ വരെ പിടിച്ചു കൂടെ കൊണ്ടൊന്നവരാക്കൂടെയുണ്ടായിരുന്നു. പലയാണ്ടുകൾ മഴയും മഞ്ഞുമേറ്റ് ക്ലാവ് പിടിച്ച അനോന്യം ഛേദിച്ച ചിഹ്നത്തിന് താഴെയവർ മുട്ടുമടക്കി ചൊല്ലി

"കരുണാനിധിയായ കർത്തവേ, ഈ സ്ഥിതിയിൽ ഞാൻ അങ്ങയെ കണ്ടിരുന്നുവെങ്കിൽ എന്നെത്തന്നെ വിസ്മരിച്ചു ഞാന് അങ്ങയെ സഹായിക്കുമായിരുന്നു. എന്നാല് എന്റെ ഈ ചെറിയ സഹോദരന്മാരില് ആർക്കെങ്കിലും നിങ്ങള് സഹായം ചെയ്തപ്പോഴെല്ലാം എനിക്കുതന്നെയാണ് ചെയ്തത് എന്ന് അങ്ങ് അരുളിചെയ്തിട്ടുണ്ടല്ലോ.' അതിനാല് ചുറ്റുമുള്ളവരില് അങ്ങയെ കണ്ടുകൊണ്ട് കഴിവുള്ള വിധത്തിലെല്ലാം അവരെ സഹായിക്കുവാന് എന്നെ അനുഗ്രഹിക്കണമേ. അപ്പോള് ഞാനും ശിമയോനെപ്പോലെ അനുഗ്രഹീതനാകും, അങ്ങേ പീഡാനുഭവം എന്നിലൂടെ പൂർത്തിയാവുകയും ചെയ്യും.

കുപ്പി വെള്ളത്തിൽ തൊണ്ട നനച്ചും വിയർപ്പ് ഗ്രന്ഥിയുടെ നിർത്താതുള്ള ചുരത്തലിനെ തോർത്തു കൊണ്ട് ഒപ്പിയും ഓരോ കുരിശടിയും കുമ്പിട്ടവർ താളത്തിനൊത്ത് മുന്നോട്ട് നീങ്ങി.നാലാം സ്ഥലം കേറി ഇടവക ജനം മുട്ടു കുത്തി വന്ദിച്ച സമയം ഗണിച്ചു മുൾ മുടിയും മരക്കുരിശുമായി പടയാളിൽക്കൊപ്പം മുന്നിൽ നടന്നവനേശു കുനിഞ്ഞൊന്ന് ഇരുകാലിൽ അമർന്ന് കടിഞ്ഞാൺ വിട്ട കുതിരയെ കണക്ക് ശരവേഗം മുന്നോട്ട് കുതിച്ചു.പതിനാല് സ്ഥലങ്ങളോരൊറ്റ രേഖയായി തെളിഞ്ഞ് അതിരു മാഞ്ഞ വഴികൾവന് മുന്നിൽ നെടുകെ തുറക്കപ്പെട്ടു.

ചിമ്മി തുറന്ന കണ്ണിൽ കുരിശിന്റെ വലിപ്പം കുറഞ്ഞ് വരുന്ന തിരിച്ചറിഞ്ഞ നിമിഷം ഒറ്റക്ക് കുരിശുമേന്തിയയാൾ ശിരസ്സ് അനക്കാതെ ചെങ്കുത്തായ മലയോടി കേറുകയായിരുന്നു. കർത്താവില്ലാത്ത വഴി കുരിശിന്റെ വഴി ആകിയല്ലോ എന്ന് ബോധോദയം വന്ന ഇടയജനം നിമിഷങ്ങളുടെ നിശബ്ദതക്കുള്ളിൽ പ്രാർത്ഥന പകുതി വഴിക്കിട്ട് പലവഴി ചിതറി .

അത്രയും നേരം ഉയർന്ന പ്രാർത്ഥന ചത്തു മലച്ചു ആർപ്പുവിളിയായി ഉയർത്ത് എണീറ്റവർക്ക് ഒപ്പം പാഞ്ഞു.. ഒറ്റയാൾ പാതയിൽ മുന്നിലുള്ളയാളെ അവർ വലിച്ചു താഴെയിട്ടു മുന്നോട്ട് പിടിച്ചു. കുട്ടികൾ ചവിട്ട് എറ്റു താഴേക്ക് പതിച്ചു. വഴിതെറ്റി ഓടിയവർ കാട്ടു ചോലക്ക് അരികിലോടുള്ള വള്ളി പിടിച്ചു കേറി പുതു വഴി വെട്ടി. ഇടവിള നട്ട ഏലവും കപ്പയും വലിച്ചു പറിച്ചവർ കർത്താവിനായി കുതിച്ചു. അച്ചന്റെ അലമുറ കൂട്ടിമുട്ടലിലെ തൊഴിയിൽ പെട്ട് താഴോട്ടുള്ള പതനത്തിലെ കരച്ചിലായി പരിണമിച്ചു. മണ്ണ് തൊടാത്ത കാലുകൾ കല്ലും മുള്ളും ചവിട്ടി വിരൽ കീറി, കാര മുള്ളിൽ ദേഹം പോറി ചോര പൊട്ടി, പീലാത്തോസിന്റെ പടയാളികൾ ചവിട്ടി ഇട്ട കല്ലു പതിച്ചു പൈതങ്ങൾ താഴേക്ക് ഉരുണ്ടു മറിഞ്ഞു സ്വർഗം തൊട്ടു. രക്തത്തിന് ചൂട് പിടിച്ചവർ ദൈവത്തിങ്കൽ എത്താൻ വെമ്പി. ഹൃദയം കരക്കിട്ട ചേറുമീൻ കണക്ക് അതിവേഗം പിടച്ചു. മുൻപേ കേറുന്നവന്റെ വസ്ത്രങ്ങൾ വലിച്ചു പറിച്ചും തമ്മിൽ കൊളുത്തിയും അവർ നഗ്‌നരായി. കൂറു മുള്ളുകൾ സ്ത്രീകളുടെ സാരി പിടിച്ചൂരി, ചവിട്ടിയ വെള്ളാരം കല്ലുകൾ ആണുങ്ങളുടെ മുണ്ടുകൾ പറിച്ചെടുത്തു. ശീതകാറ്റിൽ കന്യകാ സ്ത്രീകളുടെ വെയിലുകൾ ഊരി പറന്നു, സ്വർണ തലമുടികൾ സൂര്യന്റെ ചുംബനമേറ്റു. അഴിഞ്ഞു പോയ ഉടുതുണികൾ പാമ്പ് പൊഴിചിട്ട പടം പോലെ മലഞ്ചരിവിലെ പാറകളിലും ചെടി തലപ്പുകളിലും കാണപ്പെട്ടു. അവർ നഗ്‌നരായി നിരപ്പിലെത്തുകയായിരുന്നു. തുണികളുടെ മൂടുപടം അഴിഞ്ഞു വീണിട്ടും അവർക്ക് മനുഷ്യർ ആണെന്ന തിരിച്ചറിവ് ഉണ്ടായില്ല. പല വഴിക്ക് ചിതറി മേലോട്ട് കുതിച്ചവർ തെരുവാ പുല്ലു പിടിച്ചു കേറി മലക്ക് വട്ടം വെച്ചു. നാട്ടിയ കുരിശിനെ ചാരി നിന്ന് പുക പുറത്തേക്കൂതി വിടുന്ന നാലടിയേശുവിനെ നോക്കിയവർ മനുഷ്യരെ പോലെ തുണി ഇല്ലാതെ ഒന്നു ചേർന്ന് പ്രതിവചിച്ചു മുന്നോട്ട് മന്ദം വെച്ചടി വെച്ചു.

"മരണത്തിനായ് വിധിച്ചു, കറയറ്റ ദൈവത്തിൻ കുഞ്ഞാടിനെ
നിൻ ദിവ്യ രക്തത്താൽ എൻ പാപ മാലിന്യം കഴുകേണമേ ലോക നാഥാ..'

കുരിശിന് നേരെ പറന്നിങ്ങാൻ വന്ന അരിപ്രാവിനെ കരിമന്തിയെ പിടിക്കാൻ മല കേറിവന്നൊരച്ചായൻ എയർ ഗണ്ണുകൊണ്ട് വെടി വെച്ചിട്ടതോടെ പരിശുദ്ധാത്മാവ് പരലോകം പൂണ്ടു.

വഴിവിട്ട് ഓടിയവന്റെ നാവിലേക്ക് അച്ഛൻ പൈലിയുടെ കുഴി നഖ കയ്യിൽ പിഴിഞ്ഞ് ചാറെടുത്ത കൈപ്പക്ക നീരൊഴിച്ചപ്പോൾ പാതി ചൂണ്ടിലൂടെയത് തുപ്പലിനോട് ചേർന്ന് കീഴ്‌പ്പോട്ടും പിന്നീട് മണ്ണിലേക്കുമിറങ്ങി . കിതപ്പ് മാറി ശരീരം തണുക്കാൻ നിൽക്കാതെ അയാളുടെ ഇളം കൈ മരത്തോട് ചേർത്തു കെട്ടി കയ്യിലേക്കവർ ചമ്മട്ടി അടിച്ചു കയറ്റി. ആണിപ്പഴുതിലേക്ക് കാലുകൾ വലിച്ചു നീട്ടി. തിരുനെല്ലി കാട്ടിലെ കാഞ്ചിക്ക് മുൻപുള്ള അടയാളങ്ങൾ പോലും അയാൾക്ക് അനുവദിക്കപ്പെട്ടില്ല. തിരുരക്തം അണപൊട്ടി ഒഴുകുന്ന കണ്ട് ഇടവക വൃന്ധം വാവിട്ട് നിലവിളിക്കുമ്പോൾ കുരിയാപ്പിയും പാപ്പയും മൂന്ന് ദിവസം കഴിഞ്ഞാലും ഉയർത്തെഴുന്നേൽക്കാൻ പറ്റാത്ത കല്ലറ തപ്പി പള്ളി ശവക്കോട്ടക്ക് ചുറ്റും പാഞ്ഞു നടക്കുകയായിരുന്നു.


ശ്രുതിൽ മാത്യു

കഥാകൃത്ത്​. കോട്ടയം കെ.ആർ. നാരായണൻ നാഷനൽ ഫിലിം ഇൻസ്​റ്റിറ്റ്യൂട്ട്​ വിദ്യാർഥി.

Comments