സിമി നാരായണൻ ഗീത

സെൻ്റ് പോൾസ് കത്തീഡ്രലിലെ യക്ഷി

‘ഫക്ക് യൂ…’ എന്നലറിക്കൊണ്ട് കിളവൻ മുന്നിലെ കുരിശിൽ നോക്കി നടുവിരലുയർത്തിയതും തിരക്കൊഴിയാത്ത ഫ്ലിൻ്റേഴ്സ് സ്ട്രീറ്റ് സ്റ്റേഷനു മുന്നിലെ മനുഷ്യരെല്ലാം ഒരു നൊടിയിൽ ബ്രേക്കിട്ട് ഞെട്ടിത്തിരിഞ്ഞു.
ഹൊ! പിന്നങ്ങോട്ടൊരുന്തും തള്ളുമായിരുന്നു.

ഞാനും ചാൾസും സ്റ്റേഷനുമുന്നിൽ എത്തിയതേ ഉണ്ടായിരുന്നുള്ളൂ.

തിരിഞ്ഞുനോക്കിയപ്പോൾ ദാ ചാൾസിനേയും കാണാനില്ല. ചുറ്റുമുള്ള തള്ളിക്കയറ്റത്തിൽ പെട്ട് എങ്ങനെയോ പള്ളിമുറ്റത്തെത്തിയപ്പോൾ കാണുന്നത് കിളവനേതാണ്ട് വെളിച്ചപ്പാടിനെ പോലെ തുള്ളുന്നതാണ്. ചുറ്റും നോക്കീട്ടും ചാൾസിനെ കണ്ടില്ല. അപ്പോഴാണ് ആ പെണ്ണിനെയും കണ്ടില്ലല്ലോ എന്നോർത്തത്. കിളവനെ ഇങ്ങനെ തുള്ളാൻ വിട്ടിട്ട് ഈ പെണ്ണിതെങ്ങോട്ട് പോയി?

സ്റ്റേഷന് മുന്നിലുള്ള ഈ പള്ളിയോട് ചേർന്ന് സ്ഥിരമായി ഭക്ഷണം യാചിച്ചിരുന്ന കിളവനേയും പെണ്ണിനേയും ചാൾസായിരുന്നു ആദ്യം ശ്രദ്ധിച്ചത്. ഞങ്ങടെ ക്ലാസ് തുടങ്ങിയ കാലം. പതിവുപോലെ വീട്ടിലേക്കുള്ള ട്രെയിൻ കയറാൻ സ്റ്റേഷനിലേക്ക് എത്തിയതായിരുന്നു. അവിടെയുള്ള ജാപ്പനീസ് പെട്ടിക്കടയിൽ നിന്ന് വൈകുന്നേരങ്ങളിൽ വില കുറവിൽ വിറ്റഴിക്കുന്ന ചോറും തെരിയാക്കി ചിക്കനും കുഞ്ഞിയുടെ ഇഷ്ടഭക്ഷണമായതു കൊണ്ട് തരം കിട്ടുമ്പോഴൊക്കെ വാങ്ങിക്കുന്നത് ഒരു പതിവായിരുന്നു. അതിനായി ഓഡർ കൊടുത്ത് വാങ്ങാൻ കാത്തുനിൽക്കുമ്പോഴാണ് കൂടെ വായിനോക്കി നിന്ന ചാൾസ്, ‘ചേട്ടാ ദാ ലവളെ നോക്ക്’ എന്ന് വെപ്രാളപ്പെട്ട് പള്ളിക്ക് മുന്നിലേക്ക് ശ്രദ്ധ തിരിക്കുന്നത്.
അവിടെയതാ പള്ളിയുടെ തൂണും ചാരി യക്ഷിയെ പോലെ ഒരുത്തി! മുന്നോട്ടുന്തിയ മാറിൽ വെളുത്ത ടോപ്പിനുള്ളിലൂടെ തെറുത്ത് നിൽക്കുന്ന മുലക്കണ്ണുകൾ. കവച്ചുവച്ച തുടകളുടെ ഇടുക്കിൽ ഷോട്ട്സിനുള്ളിലൂടെ ഒളിഞ്ഞുനോക്കുന്ന സ്വർണ രോമങ്ങൾ…
ഉലഞ്ഞ മുടിയും തീക്കണ്ണുകളുമായി നടുവും വളച്ച് അവളുടെ ഒരു ഇരുപ്പ്.
രണ്ടാമതൊന്ന് നോക്കാതിരുന്നാൽ ആരും ഒന്നു വിമ്മിഷ്ടപ്പെട്ടു പോവും. പിന്നെ ചെക്കനെ എങ്ങനെ കുറ്റം പറയും?

മട്ടും മാതിരിയും കണ്ടിട്ട് അതവരുടെ സ്ഥിരം ഇടമാണെന്ന് ഏതാണ്ടുറപ്പായിരുന്നു. ഇത്തിരിപ്പോന്ന ഇടത്ത് വിരിച്ച ഒരു കമ്പിളിപ്പുതപ്പിന് മുന്നിൽ ‘Help us’ എന്ന ബോർഡ് വച്ചിട്ടുണ്ട്. കിളവൻ്റെ പിന്നിലായി ഒരു വലിയ സഞ്ചിയും പിന്നെ പഴകിയ രണ്ട് ഉരുണ്ട തലയിണ പോലെ മടക്കി വച്ച സ്ലീപിങ്ങ് ബാഗുകളും. പകുതി നിറച്ച ഒരു സഞ്ചി അവളുടെതായും. പാതി ഒഴിഞ്ഞ വെറും സഞ്ചിയിലേക്ക് ചുരുക്കപ്പെട്ട ജീവിതങ്ങൾ. മെൽബണിലെ തെരുവുകളിൽ ഒട്ടും അപരിചിതമല്ലാത്ത കാഴ്ച്ച.

അവളിൽ നിന്ന് കണ്ണെടുക്കാൻ പറ്റാതെ കഷ്ടപ്പെടുന്ന ചാൾസിനെ കണ്ടപ്പോൾ അഞ്ച് കൊല്ലം പിറകിലോട്ട് പോയി. മെൽബണിൽ എത്തിയ നാളുകളിൽ നീനയുടെ കയ്യും പിടിച്ച് ഹോളിവുഡ് സിനിമയിൽ അഭിനയിക്കുകയാണെന്ന മട്ടിൽ നടക്കുമ്പോൾ കണ്ണുകളെ നിയന്ത്രിക്കാൻ എത്ര കഷ്ടപ്പെട്ടിരിക്കുന്നു.

‘‘ഇവിടുത്തെ പെണ്ണുങ്ങൾക്കൊക്കെ എത്ര വലിയ മുലയും ചന്തിയുമാടി?’’ എന്ന് ചുറ്റുമുള്ള ഒരുത്തനും മനസ്സിലാവില്ലെന്ന അഹങ്കാരത്തിൽ അവളോട് പച്ച മലയാളത്തിൽ പറഞ്ഞ് ചിരിച്ചപ്പോൾ, ‘‘അതിന് നാട്ടിലുള്ള പെണ്ണുങ്ങൾക്ക് ഉള്ളതൊന്നും കാണിച്ച് നടക്കാൻ ഒക്കില്ലല്ലോ. ഇച്ചിരി എന്തേലും കൂടിയാൽ അത് നമ്മടെയേതാണ്ട് കുറ്റമാണെന്ന മട്ടിലല്ലെ ഓരോരുത്തരുടെ നോട്ടം’’ എന്നൊരു കൗണ്ടറടിച്ച് അവളാ ഹാസ്യത്തെ ചതച്ചെരിച്ച് കളഞ്ഞു.

‘‘എന്തു പറഞ്ഞാലും ആണുങ്ങൾക്ക് ഇതൊക്കെ കണ്ടാ ഒന്ന് നോക്കാനൊക്കെ തോന്നും’’ എന്ന് ചെറുത്തുനിൽക്കാനായി അന്ന് പറഞ്ഞെങ്കിലും ഇന്നിപ്പൊ വർഷങ്ങൾക്ക് ശേഷം എന്ത് തൊട, എന്ത് മൊല എന്ന അവസ്ഥയിലായെന്ന് പറഞ്ഞാ മതിയല്ലോ.

‘‘ടാ, നീ ഈ കഴുകന്മാരെ പോലെ പെണ്ണുങ്ങളെ നോക്കിയാൽ പണി കിട്ടും. ഇത് നാട് വേറെയാ’’, പെണ്ണിനെ കാർന്ന് തിന്നുന്ന അവൻ്റെ നോട്ടം കണ്ട് അവനൊരു താക്കീത് കൊടുത്തു.
‘‘പിന്നേ... ഉള്ളതൊക്കെ കാട്ടി വച്ചോണ്ടിങ്ങനെ കെടന്നാ നോക്കാതെങ്ങനാ ചേട്ടാ?"

നാട്ടിൽ നിന്ന് ഇങ്ങെത്തിയല്ലേ ഉള്ളൂ. അതിൻ്റെ ചൊരുക്ക് ചെക്കൻ തീർക്കാതിരിക്കില്ലല്ലോ.

‘‘ടേയ്, പെണ്ണുങ്ങളെ അവരുടെ അംഗ ലാവണ്യത്തിനെ അനുമോദിക്കുന്ന തരത്തിൽ ഏസ്തറ്റിക്കായി വേണം നോക്കാൻ. നീ സായിപ്പന്മാരൊക്കെ നോക്കുന്നത് കണ്ടിട്ടില്ലേ…’’, എന്ന് ഫ്രീയായി ഒരുപദേശം കൊടുത്തു.

‘‘ഒന്ന് പോയേ ചേട്ടാ, തെരുവില് കെടക്കണ ഈ സാധനത്തിനാണ് അനുമോദനം! പെണ്ണൊരു ചരക്ക് തന്നാ. കണ്ടാ ഏതാണിനും കുനിച്ച് നിർത്തി ഒന്ന് പൂശാനൊക്കെ തോന്നും’’.

സായിപ്പിൻ്റെ മര്യാദയെ തൂക്കിയെടുത്തവൻ കാട്ടിലേക്കെറിഞ്ഞതോടെ ഞാനും ഉപദേശപ്പരിപാടി അങ്ങ് നിർത്തി.

വൈകിയോടുന്ന ട്രെയിൻ ഒന്നാം പ്ലാറ്റ്ഫോമിലേക്ക് എത്താറായെന്ന അറിയിപ്പ് കേട്ടതോടെ പിന്നെ പെണ്ണിൻ്റെ നോട്ടത്തിൽ നിന്നും വിടുവിച്ച് അവനേയും ഉന്തിത്തള്ളി പ്ലാറ്റ്ഫോമിലേക്ക് നടക്കുകയായിരുന്നു. കോവിഡ് കാലം അങ്ങോട്ട് റിവേഴ്സ് അടിച്ചതല്ലേ ഉള്ളൂ. തിരക്കുള്ള ട്രെയിനിൽ കയറുമ്പോഴാണ് മനുഷ്യരുടെ ഹൃദയത്തിൽ ഒരു കടുപ്പൻ അണുബാധ ബാക്കിവച്ചാണ് പുള്ളി സ്ഥലം വിട്ടതെന്ന് മനസ്സിലാവുക. മനുഷ്യരിപ്പോഴും മാസ്കിനുള്ളിൽ ഒളിക്കുന്നു, സാമൂഹ്യഅകലം പാലിക്കാനാവാതെ അസ്വസ്ഥരാവുന്നു, ഒന്ന് തുമ്മാനാവാതെ വിമ്മിഷ്ടപ്പെടുന്നു, ഒരു ചുമ കേൾക്കുമ്പോൾ ഭയക്കുന്നു... ഓരോ ട്രെയിൻ യാത്രയും ആ കാലത്തിൻ്റെ ശേഷിപ്പായി മാറുന്നു.

കൊറോണ കയറും പൊട്ടിച്ചങ്ങ് വന്നതോടെയാണ് എൻ്റെ പണി പോയത്. നീന നഴ്സായതോണ്ട് വലിയ ഏനക്കേടില്ലാതെ ലോക്ക്ഡൗൺ കാലം തീണ്ടി. ഏജ് കെയറിലും കമ്യൂണിറ്റി സർവ്വീസസിലും ജോലി കിട്ടാൻ താരതമ്യേന എളുപ്പമായിരുന്നെങ്കിലും മനസ്സതിന് സമ്മതിച്ചിരുന്നില്ല. കണ്ടവരുടെ തീട്ടവും മൂത്രവും കോരാനും, വയ്യാത്ത മനുഷ്യർക്ക് കൂട്ടിരിക്കാനുമൊന്നും എന്നെ കിട്ടില്ലെന്നുള്ള ഗർവ്വും പിടിവാശിയുമൊക്കെ മറ്റു പല വാശികൾക്കൊപ്പം ഈ കാലം കൊണ്ടങ്ങ് ഒലിച്ച് പോയി.

‘‘ഞാനന്നേ പറഞ്ഞതാ, ഇപ്പൊ എന്തായി? ഹെൽത്തില് ഏത് കാലത്തും ജോലി ഒറപ്പാ’’ എന്നും പറഞ്ഞ് പെണ്ണുംപിള്ള നേരെ കൊണ്ടങ്ങ് ജോലി സാധ്യത കൂടുതലുള്ള കമ്മ്യൂണിറ്റി സെർവ്വീസസ് കോഴ്സിനങ്ങ് ചേർത്തു. മുതുക്കാം പ്രായത്തിൽ മനസ്സില്ലാ മനസ്സോടെയാണ് ക്ലാസ്സിൽ പോയതെങ്കിലും എന്നേക്കാളും വലിയ മുതുക്കന്മാർ കൊച്ചു പിള്ളാരുടെ ഇടയിൽ ഒരു കൂസലുമില്ലാതെ ഇരിക്കുന്നത് കണ്ടതോടെ മനമൊന്ന് കുളിർത്തു. ഭൂമിയുടെ നാനാ ഭാഗങ്ങളിൽ നിന്നും വന്ന് ചേർന്ന മനുഷ്യരാൽ തീർക്കപ്പെട്ട ആ കൊച്ചു ഭൂഗോളത്തിലേക്ക് ഞാനുമങ്ങ് ചേർന്നു. അവിടുന്നാണ് ചാൾസിനെ കാണുന്നത്. ചെറുപ്പത്തിൻ്റെ ആവേശത്തിൽ നാട്ടിൽ നിന്നും കുറ്റിയും പറിച്ച് ഇപ്പൊ എത്തിയതേ ഉള്ളു എന്ന് കണ്ടാലറിയാം. അന്ന് പിന്നാലെ കൂടിയതാണ് ചെക്കൻ.

കിളവനേയും പെണ്ണിനേയും കണ്ട് ഷോക്കടിച്ച് കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോഴാണ് ചാൾസ് അവരുടെ വിഷയം വീണ്ടും എടുത്തിടുന്നത്.

‘‘ചേട്ടാ ഇന്ന് രാവിലെ ഒരു സംഭവണ്ടായി. അവളില്ലേ, ആ യക്ഷി, എൻ്റടുത്തേക്ക് വന്ന് കാശ് ചോദിച്ചു’’.

തുറിച്ച് നോക്കി ബലാൽക്കാരം ചെയ്യുന്നതിന് അവള് ചോദിച്ച കൂലിയാണോ എന്ന് മനസ്സിലേക്ക് വന്ന ഡാർക്ക് ഹ്യൂമർ എന്തായാലും അന്നേരം ഞാനങ്ങ് വിഴുങ്ങി.

‘‘ഒരു അഞ്ച് ഡോളറ് കൊടുക്കാൻ നിന്നതാ. അപ്പൊ പോലീസ്കാര് വന്ന് അവളെ ആട്ടി ഓടിച്ചു’’, അവൻ്റെ ശബ്ദത്തിലൊരു നിരാശ.
‘‘പാവം. വിശന്നിട്ടാവും’’.
‘‘അല്ലെന്നേ, ഐസ് വാങ്ങാനാണെന്ന്. പോലീസുകാരാ പറഞ്ഞത് ഇതവൾടെ സ്ഥിരം പണിയാ, കാശ് കൊടുത്ത് പോവരുതെന്ന്’’.
‘‘എന്തായാലും നന്നായി. കാശ് പോയില്ലല്ലോ".

ഡ്രഗ്സിന് വേണ്ടിയാണെന്നറിഞ്ഞാൽ പിന്നെ പണം കൊടുക്കുന്നത് ശരിയല്ലല്ലോ.
‘‘ഉവ്വ! എങ്ങനെ അവളെ ഒന്ന് മുട്ടാം എന്ന് ആലോചിച്ചിരിക്കുവാരുന്നു. ആ മൊതലിനെ ഒന്ന് നന്നായി കുളിപ്പിച്ചെടുത്താൽ ദീപിക പദുക്കോൺ വരെ മാറി നിക്കും. ആ പോലീസുകാര് എല്ലാം കൊണ്ട് തൊലച്ച്’’.
നിരാശയുടെ ലാഞ്ചനയിൽ മേൽപ്പോട്ടും നോക്കിയിരിക്കുന്ന അവൻ്റെ മുഖത്ത് ‘‘വരട്ടെ, അവളെ ഒറ്റയ്ക്ക് കാണാൻ ഒരവസരം കിട്ടുമെന്നേ" എന്ന ആത്മഗതം വ്യക്തമായി കാണാമായിരുന്നു.

കുറച്ച് നാള് മുൻപാണ് കുഞ്ഞി വന്ന് സ്വകാര്യമായി ‘‘pappa, do you know that there is a drug named ice? My friend told it looks exactly like ice". ടീനേജിൻ്റെ പടി കടന്നിട്ടേ ഉള്ളൂ. ഇതാരാ നിന്നോട് പറഞ്ഞേ, നീയിത് എപ്പൊ കണ്ടു എന്നൊക്കെയുള്ള ചോദ്യങ്ങളായി. പിന്നെ വിശദീകരണങ്ങൾ കൊടുക്കുമ്പോൾ ഉത്തരങ്ങളുടെ അതിർവരമ്പ് എവിടെ എന്ന് അറിയാതെ കഷ്ടപ്പെടുന്നത് കണ്ടിട്ടോ എന്തോ ‘‘ഡോണ്ട് വറി ഐ ആം നോട്ട് ഗോയിങ്ങ് ടു യൂസ് ദാറ്റ്’’ എന്നൊരു സമാധാനിപ്പിക്കലും.

കുറച്ച് വർഷങ്ങളുടെ ദൂരമേ ഉള്ളൂ അവർക്കിടയിൽ. ആ വർഷങ്ങളിലെ യാത്രയിലാണ് ജീവിതം തീരുമാനിക്കപ്പെടുന്നത്. ഈയിടെയായി ചില രാത്രികളിൽ, അവൾ വന്ന് മടിയിൽ കിടന്നുറങ്ങുന്ന നേരം, അവളുടെ മാർദ്ദവമുള്ള വിരലുകൾ തലോടി ഉറക്കം പുതപ്പിട്ട് വിരിച്ച് നിശ്ചലമാക്കിയ മുഖത്തേക്ക് നോക്കിയങ്ങനിരിക്കുമ്പോൾ പെട്ടെന്ന് ഒരു മുന്നറിയിപ്പുമില്ലാതെ ദുസ്വപ്നം പോലെ പള്ളിമുറ്റത്തെ പെണ്ണ് വന്നങ്ങ് നെഞ്ചിൽ ഇടിവാൾ മിന്നലടിക്കും. പിന്നെയൊരു പകപ്പാണ്. ശേഷം നെഞ്ചിൽ തറഞ്ഞ ഭീതിയെ സാവധാനം കെട്ട് പൊട്ടിച്ചൊഴുക്കും. അവളുടെ മുടിയിഴകളിലൂടെ വിരലോടിച്ച് ചേർത്തുപിടിക്കും. സ്നേഹത്തിൻ്റെയും കരുതലിൻ്റെയും കുറവുകൊണ്ട് ഒരു വഴിതെലറ്റലുണ്ടാവില്ലെന്ന് മനസ്സിനെ പറഞ്ഞുറപ്പിക്കും.

ഒരു പെൺകൊച്ചിൻ്റെ അപ്പനാവുമ്പോഴുള്ള ആവലാതി ചെറുതല്ല. പ്രത്യേകിച്ച് വേറൊരു നാട്ടിൽ. നമ്മൾ തന്നെ നിരന്തരം മാറിക്കൊണ്ടിരിക്കാൻ നിർബന്ധിതമായ ശരിതെറ്റുകളുടെ ചതുരംഗക്കളിയിൽ, കറുപ്പോ വെളുപ്പോ എന്ന സംശയത്തിലാണ് ഓരോ നിമിഷവും. അപ്പോഴും ഒരു കള്ളിയിലുമൊതുങ്ങാതെ മുന്നോട്ട് പായുന്ന കുഞ്ഞുങ്ങളുടെ ഒപ്പം എത്താനാവാതെ കിതയ്ക്കുകയാണ്.

ഒരു ഗ്രൂപ്പ് അസൈൻമെൻ്റ് പൂർത്തിയാക്കാൻ ഹംഗ്രി ജാക്ക്സിൽ അടിഞ്ഞ് കൂടി ഇരിക്കുന്ന ഒരു ദിവസമായിരുന്നു പിന്നെ അവളെ കണ്ടത്. ചാൾസിനെ കണ്ടപ്പോൾ അവൾ വീണ്ടും വന്ന് പണമാവശ്യപ്പെട്ടു.
‘‘I am hungry. Can you give me some bucks?"
ചെമ്പിച്ച് ജട പിടിച്ച് പാറിപ്പറന്ന മുടി മുഖത്തിൻ്റെ പാതിയും മറയ്ക്കുന്നുണ്ടെങ്കിലും ആളെ കൊല്ലുന്ന അവളുടെ നോട്ടത്തിന് ഒരു മാറ്റവുമുണ്ടായിരുന്നില്ല.

‘‘shall I buy you some food?", അവൻ ചോദിച്ചു.
‘‘No. I need money"
‘‘Sorry I can't give you money"
‘‘Please’’…

നീണ്ടു പോയ സംഭാഷണത്തിലും വിലപേശലിലും അവൻ വീഴുന്നില്ലെന്ന് കണ്ടപ്പോൾ എൻ്റെ നേർക്കു വീണ നോട്ടത്തെ ഞാൻ ഭംഗിയായി അവഗണിച്ചതോടെ അവൾ പതുക്കെ സ്ഥലം വിട്ടു. ഇത്രയും വെൽഫയർ പ്രോഗ്രാമുകളുള്ള നാട്ടിൽ ഈ കൊച്ചു പെണ്ണ് എന്തിനാണിപ്പൊ ഈ കിളവൻ്റെ കൂടെ തെരുവിൽ കിടക്കുന്നതെന്ന ചിന്ത ചാൾസിനോട് ആത്മഗതമെന്നോണം പറഞ്ഞു.

‘‘അവളീ നാട്ടുകാരിയൊന്നുമല്ലെന്നേ, ആ കിളവൻ്റെ ഒപ്പമുള്ളപ്പോളുള്ള സുരക്ഷ കൊണ്ടാവും രണ്ടും അവിടെ അടിഞ്ഞുകൂടിയത്’’.

സ്റ്റേഷനിലേക്കുള്ള നടത്തത്തിനിടയിൽ മനുഷ്യൻ്റെ വിചിത്രമായ തിരഞ്ഞെടുപ്പുകളെ കുറിച്ചായിരുന്നു ഞങ്ങൾ സംസാരിച്ചത്. ഒരാളിൽ നിന്നും മറ്റൊരാളിലേക്കത് എത്ര വിഭിന്നപ്പെട്ടിരിക്കുന്നു എന്ന യാഥാർഥ്യവും. ചുറ്റും കണ്ണോടിച്ചപ്പോൾ അവരെ പോലെ എത്രയോ പേർ! ചിലരുടെ മുന്നിലൊക്കെ മനുഷ്യത്വം വിടാത്തവർ കൊടുത്ത ഭക്ഷണപ്പൊതികൾ!

‘‘എന്നാലും എൻ്റെ ചേട്ടാ, നമ്മുടെ നാട്ടിലൊക്കെ ഇത്രേം പിച്ചക്കാരുണ്ടോ? അതും ഹോംലെസ്സായ കൊച്ചു പെണ്ണുങ്ങൾ! വിശ്വസിക്കാൻ വയ്യ’’.

‘‘നമ്മുടെ നാട്ടിലാണേൽ പെണ്ണിൻ്റെ പൊടി പോലും ബാക്കി ഉണ്ടാവില്ല, ഇവിടാവുമ്പൊ കുറച്ചൊക്കെ ബാക്കി കിട്ടും. അത്ര തന്നെ".

ഒരു വികസിത നഗരമധ്യത്തിലെ തെരുവോരങ്ങളിൽ കണ്ട പ്രായഭേദമില്ലാത്ത ലിംഗഭേദമില്ലാത്ത വീടും കുടിയും ഇല്ലാത്ത ഭിക്ഷക്കാരെ കണ്ട് കണ്ണ് തള്ളിയ കാലത്തിൽനിന്ന് ഇന്നിലേക്കെത്തിയിട്ട് അധികമായിട്ടില്ലല്ലോ.

പിന്നെയങ്ങോട്ട് അവൾ ഒരു സ്ഥിരം കാഴ്ച്ചയായിരുന്നു. ചിലപ്പോൾ കിളവൻ്റെ കൂടെ ആ യക്ഷിയിരുപ്പ്. മറ്റു ചിലപ്പോൾ പലരോടായി ഭിക്ഷ യാചിക്കുന്നത്. ചാൾസിനെ കണ്ടാൽ പിന്നെ പറയണ്ട, അവൻ്റെ കയ്യും കാലും പിടിച്ച് യാചിക്കുന്നതും കിട്ടാതാവുമ്പോൾ നിരാശയോടെ മടങ്ങുന്നതും സ്ഥിരം സംഭവമായിരുന്നു.

ഈയിടെയായി ഒരുമിച്ചുള്ള നടത്തങ്ങളിൽ നിന്നും ഇടയ്ക്കവൻ മുങ്ങാറുണ്ട്. ഞാനറിയാതെ അവനവളെ കാണുന്നുണ്ടോ എന്ന സംശയം മൂത്ത് അവനോടത് ചോദിക്കണമെന്നൊക്കെ വിചാരിച്ചിരിക്കുമ്പോഴാണ് അവിചാരിതമായി രണ്ടും കൂടി കൊച്ചു വർത്താനം പറഞ്ഞ് പള്ളിയിൽ നിന്നും ഇറങ്ങിവരുന്നത് കാണുന്നത്.

‘‘ഞങ്ങൾ മാതാവിൻ്റെ അറയ്ക്കുള്ളിൽ വച്ച് ഇടയ്ക്ക് കാണാറുണ്ട്. കിളവൻ കണ്ടാൽ പ്രശ്നമാണ്. അതു കൊണ്ട് രാവിലെ അയാൾ തൂറാൻ പോവുന്ന നേരത്താ ഞങ്ങളുടെ വർത്താനം’’.

എന്നെ കണ്ടതും അവളോട് യാത്ര പറഞ്ഞ് അരികിലേക്ക് വന്നവൻ പറഞ്ഞു. ഞങ്ങൾ വീണ്ടും പള്ളിക്കകത്തേക്ക് കയറി. അൾത്താരയ്ക്ക് മുന്നിലെ ഒരു ബെഞ്ചിലേക്കായി കയറിയിരുന്ന് ഈശോയോട് കൈ കൂപി പ്രാർത്ഥിക്കുമ്പോൾ പള്ളിക്കകത്തെ നിർബന്ധിത നിശ്ശബ്ദതയിൽ ചേർന്നിരുന്നവൻ കാതിൽ അടക്കം പറഞ്ഞു.

"വിചാരിക്കും പോലല്ലെന്നേ. കിളവൻ അത്ര നീറ്റൊന്നുമല്ല ചേട്ടാ. അയാൾക്ക് ദിവസവും ഭക്ഷണത്തിനുള്ള കാശും അയാളുടെ സ്ലീപ്പിങ്ങ് ബാഗിനുള്ള വാടകയും അവൾ പിച്ചയെടുത്ത് എങ്ങനെയങ്കിലും ഒപ്പിക്കും. അതിനുപകരം അയാൾ അവൾക്ക് രണ്ട് ഗ്രാം ഐസ് കൊടുക്കും. അതാണ് അവരുടെ ഡീൽ’’.

കിളവൻ കൊള്ളാമല്ലോ. പള്ളിമുറ്റത്തെ അവരുടെ കളിയും ചിരിയും കണ്ട് നിർഭാഗ്യവശാൽ വീട് വിട്ട് ഇറങ്ങേണ്ടി വന്ന ഒരു വയസ്സനും അയാളുടെ പേരക്കുട്ടിയുമെന്നേ കരുതിയുള്ളൂ.

നോർത്ത് ഓസ്ട്രേലിയയിൽ ഡാർവിനിലാണത്രേ അവളുടെ വീട്. അച്ഛൻ്റെ ഉപദ്രവങ്ങളും മകൻ്റെ ദുർനടപ്പും സഹിക്കാനാവാതെ അമ്മ കുടുംബമുപേക്ഷിച്ച് സ്വന്തം നാടായ ഗ്രീസിലേക്ക് തിരിച്ച് പോയി. മകളോട് അയാൾക്കൊരനുകമ്പ ഉണ്ടായിരുന്നതുകൊണ്ട് ഓസ്ട്രേലിയയിൽ ജീവിക്കാനാഗ്രഹിച്ച മകളെ അയാൾ നോക്കുമെന്ന് വിശ്വസിച്ച അവർ പിന്നെ അവരെ അന്വേഷിച്ചതേയില്ല. അവർ പോയതോടെ അച്ഛൻ്റെ ഇര പിന്നെ മകളായി. അച്ഛൻ്റെ ശല്യം സഹിക്കാനാവാതെ ആയപ്പോൾ കൂട്ടുകാരിയുടെ പേഴ്സിൽ നിന്നും പണം മോഷ്ടിച്ച് ട്രെയിനിൽ കയറി രക്ഷപ്പെട്ടതാ. ഒടുവിൽ മെൽബണിലെത്തി. ഇവിടെ എത്തിപ്പെട്ടത് ഈ കിളവൻ്റെ കയ്യിൽ. ആദ്യമൊക്കെ സ്നേഹം കാണിച്ച അയാൾ പതുക്കെ ഡ്രഗ്സ് കൊടുത്ത് അവളെ വശപ്പെടുത്തി. . ഭിക്ഷയെടുപ്പിച്ചും ചില രാത്രികളിൽ അവളെ വിറ്റും പണമുണ്ടാക്കി. ഐസും ഭക്ഷണവുമല്ലാതെ ഒരു നയാ പൈസ പോലും അയാൾ അവൾക്ക് കൊടുക്കില്ലത്രേ.

വിശ്വസിക്കാനൊരാളും ഇടവും ഇല്ലാത്തതിനേക്കാൾ ഭയാനകമായി മറ്റെന്തുണ്ട് ഒരു കൗമാരക്കാരിക്ക്? ഞാനാ പെൺകുട്ടിയുടെ മനസ്സിലേക്ക് ഒരു നൊടിയിൽ ഒന്നെത്തി നോക്കി. അവിടെ ബാക്കി വന്നത് ഒരു സങ്കടക്കരച്ചില് കഴിഞ്ഞ് ‘‘I am so fortunate to have you" എന്ന് പറഞ്ഞ കുഞ്ഞിയുടെ ശബ്ദമാണ്.

കൺമുന്നിലെ ഇമ്പമുള്ള കാഴ്ച്ചയ്ക്ക് പിന്നിലും നിഴൽ പോലെ ഇരുണ്ടൊട്ടിയ നേരുകൾ!

അൾത്താരയ്ക്ക് മുകളിൽ ലോകത്തിൻ്റെ മൊത്തം ദുഃഖവും താങ്ങി കുരിശിൽ തറഞ്ഞു കിടക്കുന്ന ഈശോയേയും പിന്നിട്ട് ഞങ്ങൾ മാതാവിൻ്റെ അറയിലേക്ക് കയറി. ആ കൊച്ചുമുറിയിലെ അരണ്ട വെളിച്ചത്തിൽ ഭീമാകാരയായ മാതാവിൻ്റെ കണ്ണിലെ വറ്റാത്ത അലിവിലേക്കും നോക്കി, മുട്ടിപ്പായി നിന്ന് ഇരു കൈകളും വിരിച്ച് കണ്ണടച്ചു. അന്നേരം അകക്കണ്ണിൽ രണ്ട് പെൺകുഞ്ഞുങ്ങളുടെ മുഖങ്ങൾ നക്ഷത്രങ്ങൾ പോലെ തെളിഞ്ഞു.

പള്ളിയിലെ കൂടിക്കാഴ്ച്ചയ്ക്കുശേഷം ചാൾസിനോടിനി അവളെ പറ്റി അന്വേഷിക്കേണ്ടതില്ല എന്നായിരുന്നു തീരുമാനിച്ചിരുന്നത്. ഇടയ്ക്കവൻ മുങ്ങുന്നതും ഒരുമിച്ചവരെ കാണുന്നതും അപൂർവ്വമല്ലാതായിരുന്നു. എന്നാൽ ഒരു മഴ ദിവസം ഒരു കുടക്കീഴിൽ നിന്ന് കൊഞ്ചിക്കുഴയുന്ന അവൾക്ക് അവൻ പണം കൊടുക്കുന്നത് കണ്ടപ്പോൾ ചോദിക്കാതിരിക്കാൻ സാധിച്ചില്ല.

ചില ദിവസങ്ങളിൽ പോലീസുകാർ കാണാതെ കാശ് കൊടുക്കാറുണ്ടെന്ന് പറഞ്ഞപ്പോൾ അവനോട് അത്രകാലം കൊണ്ടുണ്ടായ അടുപ്പം കൊണ്ടോ പണത്തിന് അവളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ആവില്ലെന്ന തോന്നലിലോ എന്തോ കണക്കിന് ചീത്ത പറഞ്ഞു.

‘‘കിളവന് കൊടുക്കേണ്ട കാശ് ഒത്തില്ലെങ്കിൽ അവൾക്കയാൾ സ്ലീപ്പിങ്ങ് ബാഗ് കൊടുക്കില്ല. ഈ തണുപ്പത്ത് അവളെങ്ങനെയാ ആ വെറും നിലത്ത്..."

പിന്നെ ഞാനൊന്നും പറഞ്ഞില്ല. പള്ളിമുറ്റത്താണേലും മാലാഖമാരെയൊക്കെ പകൽ വെളിച്ചത്തിലേ കാണാനൊക്കൂ. രാത്രി റോന്തു ചുറ്റുന്നവരിലേറെയും എവിടെയും ചെകുത്താന്മാർ തന്നെയാവും.

‘‘അവളെ പറ്റിച്ച് ആ കിളവൻ അത്യാവശ്യം കാശുണ്ടാക്കിയിട്ടുണ്ട്. അയാളുടെ ബൈബിളിൻ്റെ താളുകൾക്കുള്ളിലാണാ പണം മുഴുവൻ. അതയാൾ ഭദ്രമായി ഒരിടത്ത് ഒളിപ്പിച്ച് വച്ചിരിക്കുകയാണ്’’, അവൻ പറഞ്ഞു.
‘‘എന്നാലും ഈ പണമൊക്കെ ഈ കിളവനിങ്ങനെ സൂക്ഷിച്ച് വച്ചിരിക്കുന്നത് എന്തിനാണാവോ?"

മനുഷ്യരുടെ ദൗർബല്യങ്ങളെ എത്ര വിദഗ്ധമായാണ് മനുഷ്യർ തന്നെ ഉപയോഗിക്കുന്നത്. എത്ര ക്രൂരമായാണ് അതിൽ തന്നെ അവരെ തളച്ചിടുന്നത്!

രണ്ട് മൂന്ന് ദിവസം മുൻപായിരുന്നു ലൈബ്രറിക്കു മുന്നിലെ ഈ കൂടിക്കാഴ്ച്ച. പിന്നെ ഇന്ന് പള്ളിക്കു മുന്നിൽ കിളവനുണ്ടാക്കിയ ഈ സംഭവവികാസങ്ങൾ കണ്ടപ്പോഴാണ് അവളെ കണ്ടില്ലല്ലോ എന്നോർത്തത്.
പള്ളിക്കു ചുറ്റും ഇപ്പോൾ നിറയെ ആളുകളായി. പള്ളിമുറ്റത്ത് ആ കിളവൻ്റെ ഒറ്റയാൾ പ്രകടനമാണ്! അങ്ങോട്ടുമിങ്ങോട്ടും നടന്നും ഓടിയും കയ്യിലുള്ളതെല്ലാം വലിച്ചെറിഞ്ഞും പിന്നെ ഇടയ്ക്ക് പള്ളിക്കു നേരെ നോക്കി നല്ല മുട്ടൻ തെറി പറഞ്ഞും അയാൾ അവിടെ വിലസുകയാണ്. ദേഷ്യം കൊണ്ട് കണ്ണൊക്കെ ചുവന്ന്, മുഖമൊക്കെ വലിഞ്ഞ് ഇടയ്ക്കിടെ അലറി ചുറ്റുമുള്ളവരേയും ചീത്ത വിളിക്കുന്നു. എന്നുമെപ്പോഴും ശാന്തനായി ആ മൂലയിൽ ഒതുങ്ങിയിരുന്നിരുന്ന അയാളുടെ പെട്ടെന്നുള്ള മാറ്റം കണ്ട് വണ്ടറടിച്ചിരിക്കുകയാണ് എല്ലാവരും.

ജനക്കൂട്ടത്തിനിടയിൽ ചാൾസിനെ കണ്ടു. പരിഭ്രമത്തോടെ ചുറ്റും നോട്ടം പായിച്ച് തിരയുകയാണ്. അവളെ അന്വേഷിക്കുകയായിരിക്കണം. ഇടയ്ക്ക് കിളവൻ്റെ പ്രാന്ത് കണ്ട് സഹിക്ക വെയ്യാതെ ‘‘അയാളുടെ ഒരു നാടകം’’ എന്ന് അരിശം കൊണ്ട് പുലമ്പി. കിളവൻ്റെ സമനില തെറ്റിയ ലക്ഷണമാണ്. പള്ളിക്ക് സമീപം കുറേ നാശനഷ്ടം വരുത്തുകയും അയാളോട് ചോദിക്കാൻ പോയവരെ കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തതോടെ സംഭവം ഗുരുതരമായി. വൈകാതെ സൈറൺ മുഴക്കി പോലീസ് ജീപ്പ് വന്നു. അയാൾ പോലീസുകാർക്ക് നേരെയും തട്ടിക്കയറി. അതോടെ രണ്ട് മൂന്ന് പോലീസുകാർ ചേർന്ന് അയാളെ പിടിച്ച് കെട്ടി വണ്ടിയിലിട്ട് സൈറൺ മുഴക്കി കടന്നുപോയി.

പോലീസ് വണ്ടി പോയതോടെ ജനം പിരിഞ്ഞു. ആളുകളൊഴിഞ്ഞതോടെ അവൾ കൺവെട്ടത്തൊന്നുമില്ലെന്ന് തീർച്ചയായി. അവൻ്റെ കണ്ണുകൾ അപ്പോഴും കാണാവുന്ന കാഴ്ച്ചകളിലെല്ലാം അവളെ തിരഞ്ഞുകൊണ്ടിരുന്നു.

പെട്ടെന്നാണ് അവൻ ‘ചേട്ടാ ഞാനിപ്പൊ വരാം’ എന്നും പറഞ്ഞ് പള്ളിക്കകത്തേക്ക് ഓടിയത്. മാതാവിൻ്റെ അറയിലേക്കായിരിക്കണം. കിളവനെ ഭയപ്പെട്ട് അവൾ അവിടെ എങ്ങാനും ഒളിച്ചിരിക്കുന്നുണ്ടാവുമോ എന്തോ. വൈകാതെ പള്ളിക്കുള്ളിൽ നിന്നുമവൻ പുറത്തേക്ക് വന്നു. പരിഭ്രമമെല്ലാം മാറി ശാന്തനായി നടന്നുവരുന്ന അവൻ്റെ മുഖത്ത് ചെറിയ മ്ലാനത.

സ്റ്റേഷനിൽ നിന്നും അറിയിപ്പ്.
ട്രെയിൻ ഇന്ന് കൃത്യ സമയത്ത് വരുമത്രേ. ‘വാ, പോവാം ചേട്ടാ’ എന്നും പറഞ്ഞ് അവൻ എന്നെയും കൂട്ടി സ്റ്റേഷനിലേക്ക് നടന്നു.

അവളെ അവിടെങ്ങും കണ്ടില്ലല്ലോ എന്നോർത്തെങ്കിലും അവനില്ലാത്ത ആവലാതി എനിക്കെന്തിനെന്ന തോന്നലിൽ ഞാൻ പിന്നെ അന്വേഷിക്കാനും പോയില്ല. ചോറും തെരിയാക്കി ചിക്കനും വാങ്ങി ബാഗിലിട്ട് ഞങ്ങൾ ധൃതിയിൽ പ്ലാറ്റ്ഫോമിലേക്ക് നടന്ന്, ഞങ്ങളെ കാത്തുകിടന്നിരുന്ന ട്രെയിനിലേക്ക് കയറി.

ട്രെയിനിൽ ഇന്ന് തിരക്ക് കൂടുതലാണ്. വാതിൽക്കലോട് ചേർന്ന് ഒതുക്കത്തിൽ ഒരു സ്ഥലം ഒപ്പിച്ചു. തൊട്ടടുത്ത് തന്നെ അവനുണ്ട്. ആരോടോ എന്ന പോലെ മുഖത്തേക്ക് നോക്കാൻ ധൈര്യമില്ലാത്ത പോലെ അവൻ പറഞ്ഞു.

‘അങ്ങനെ അതും കഴിഞ്ഞു. അവള് പോയി ചേട്ടാ. പാവം. എവിടെയെങ്കിലും പോയി രക്ഷപ്പെടട്ടെ’.
ഓ, അപ്പൊ അതാണ് കാര്യം. പെണ്ണ് കിളവനെ ഇട്ടിട്ട് പോയതിൻ്റെ പ്രകടനമാണ് അയാൾ അവിടെ കാണിച്ചുകൂട്ടിയത്.
‘ആ പെണ്ണ് അയാൾടെ ആരുമല്ലല്ലോ. പിന്നെന്ത് ഇത്ര തുള്ളാൻ?’
അയാളുടെ ഈ അമിത പ്രകടനത്തിൻ്റെ യുക്തി മനസിലാവാതെ ഞാൻ ചോദിച്ചു.
ചെവിയോട് ചേർന്ന് പതിഞ്ഞ സ്വരത്തിൽ അവൻ പറഞ്ഞു; ‘‘കിളവൻ്റെ ബൈബിൾ ഒളിപ്പിച്ച് വച്ച സ്ഥലം എനിക്കറിയാമായിരുന്നു. ഞാനതവൾക്ക് കാണിച്ച് കൊടുത്തിരുന്നു’’, അവൻ തുടർന്നു.
‘‘ഞാൻ ഇപ്പൊ മാതാവിൻ്റെ അറയിൽ പോയി നോക്കി. മാതാവിൻ്റെ കൈയിൽ ആ ബൈബിളില്ല’’.
ഞാനവനെ തറപ്പിച്ച് നോക്കി. ജനലിനപ്പുറത്തെ നോട്ടം പിൻവലിക്കാതെ അവൻ പറഞ്ഞു, ‘‘എന്നാലും അവൾ ഇത്ര പെട്ടെന്ന് പോവുമെന്ന് പ്രതീക്ഷിച്ചില്ല’’.

കാറൊഴിഞ്ഞ മാനമായും പെയ്യാൻ വെമ്പുന്ന കാറായും അവൻ മാറി മറിഞ്ഞു കൊണ്ടിരുന്നു.
കണ്ടു നിൽക്കുന്ന എൻ്റെ ഉള്ളിൽ ഇടിയൊച്ചയില്ലാതൊരു മിന്നൽ കത്തി.

ട്രെയിൻ ഒന്ന് കുലുങ്ങി,
പിന്നെ ആർത്തുചിരിച്ച് കിതച്ചോടി…

Comments