സലു അബ്ദുൽ കരീം

സ്റ്റിഗ്മാറ്റ

മാത്യുവിന് ദേഹത്തിൽ വാഴത്തണ്ടിന്റെ ഉള്ളിന്റെ ഉള്ള് നിറമുള്ള അഞ്ച് പാണ്ടുകളുണ്ട്. ജീവിതം ഏതോ വിധത്തിൽ ദേഹത്തിൽ വരഞ്ഞിട്ടതാണ് അവകളെന്ന് അവനറിയാം. ജന്മനാ കിട്ടിയ പാണ്ടിൽ വരാനിരിക്കുന്ന കാലരേഖകളുടെ കയ്യൊപ്പ് മുൻകൂട്ടി പതിപ്പിച്ചതാണെന്ന് അവന് പലപ്പോഴും തോന്നും.

ഈയിടെയായി പിതാവ് സേവ്യറിന്റെ കണ്ണുകളിൽ മാത്രം അവൻ നോക്കാറില്ല. കാരണം ആ കണ്ണുകൾക്ക് പുകയുടെ നിറമായിരുന്നു, കൃഷ്ണമണികൾക്കും മൊത്തം കണ്ണിനുള്ളും ഒരേ നിറവും വെള്ളയും. കണ്ണിൽ നിന്നും പാലൊഴുകിയാലും ഇനി അതിശയമില്ല. അത്രയ്ക്കും വെള്ള ഊറികിടക്കുന്നതുപോലെ.

അയാൾ വലിച്ചുകൂട്ടുന്ന ബീഡികളുടെ അസംഖ്യം പുക കൂട്ടുകൾ ശ്വാസകോശത്തിന്റെ കൂടും വിട്ട് കണ്ണിൽ തങ്ങിയിരിക്കുകയാണെന്ന് അവന് തോന്നി. അയാളുടെ മനസ്സും കാഴ്ചകളും ഒരേ പുക പാകതകൾ കൊണ്ട് പരന്നതായിരുന്നു. നീളം കൂടുതലുള്ള കൈകൾ, ചതുരസ്വഭാവമുള്ള മുഖം. കണ്ണ് മുഴുവനായും ഉള്ളിലേക്ക് ചുഴിഞ്ഞ്. മൂക്കിന്റെ തുമ്പ് മാത്രം ചുളുങ്ങിയത്. നെറ്റിയിൽ കറുത്ത കട്ടിപ്പ് ബാക്കിയൊക്കെ ചുവപ്പിൽ അല്പം മഞ്ഞ കൂട്ടിയ പോലുള്ളൊരു നിറം. സൂര്യന്റെ അസ്തമയത്തിന്റെ നിറം വലിച്ച് കുടിച്ചതുപോലെ. കണ്ണിലെ ഈ പുകയും, ശരീരത്തിന്റെ ഈ നിറവും ബാക്കിയുള്ളവർ ശ്രദ്ധിച്ചോ എന്നറിയില്ല. അവൻ ശ്രദ്ധിക്കാൻ തുടങ്ങിയിട്ട് അഞ്ച് ദിവസമായി, ആറാം ദിവസം അയാൾ മരിക്കുകയും ചെയ്തു.

മരിച്ചവശം അവൻ ആദ്യം ചെയ്തത് അയാളോട് തൊട്ട് ചേർന്ന് കിടന്നു. കടന്നുപോയ ജീവന്റെ പകരം ഒരു ജീവൻ പകരുന്നെങ്കിൽ പകർന്നോട്ടെ എന്ന് കരുതിക്കാണണം. അനങ്ങുന്നില്ലെന്ന് കണ്ടപ്പോൾ ചൂടാറും വരെ കെട്ടിപ്പിടിച്ചു. അവന്റെ ചൂടിൽ കിടിലം കൊണ്ടെങ്കിലും അയാൾ എണീറ്റെങ്കിൽ എന്ന് തോന്നിക്കാണണം. ഒന്നും ഉണ്ടായില്ല. ശേഷം അവൻ അയാൾ മരിച്ചെന്ന വിശേഷം ഉൾക്കൊണ്ട് എഴുന്നേറ്റു.

അവൻ നേരെ പോയത് തന്റെ പിതാവിന്റെ അലമാരയിൽനിന്ന് അഞ്ച് കുപ്പായങ്ങൾ എടുത്ത് മാറ്റിവെക്കാനാണ്. അദ്ദേഹത്തിന്റെ ജീവിത കാലയളവിൽ കൈവിട്ടുപോയ സ്വപ്നങ്ങളോ, പാപ ഭാരങ്ങളോ, പ്രണയപരാജയങ്ങളോ എന്തുമാകട്ടെ. അതിന്റെ പാടുകൾ, ചൂരുകൾ, നിറങ്ങൾ എന്നിവ ഓരോ വസ്ത്രങ്ങളായെടുത്ത് മണപ്പിച്ച് അവന്റെ ചുമലിൽ പേറാൻ ഒരുങ്ങി.

പിതാവിന്റെ വിയോഗമറിഞ്ഞുവന്ന ഫ്രാൻസിസ് അച്ഛൻ അവനെ കെട്ടിപ്പിടിച്ചനേരം അവൻ പൊട്ടിക്കരഞ്ഞതിൽ നിന്നുമാണ് എല്ലാത്തിന്റെയും തുടക്കം.

“എടാ മാത്യൂ, ഒന്നടങ്ങടാ, നിന്റെ അപ്പൻ ഒരു മൈരൻ ആയിരുന്നെന്ന് നിനക്ക് അറിയാമല്ലോ. പിന്നെ എന്തിനാ നിനക്ക് ഇത്രയും ദണ്ണം. പരിശുദ്ധ പിതാവ് യേശു ചുമന്ന കുരിശിന്റെ പാടൊന്നുമല്ലല്ലോ നിന്റെ പിതാവ് ജീവിതത്തിൽ ചെയ്ത് വെച്ചേച്ച് പോയത്. നീ ഒന്ന് എണ്ണി നോക്യേ. അടിപ്പാവാട പൊക്കിയ പെണ്ണുങ്ങളുടെ കൂട്ടക്കരച്ചിൽ നീ കേട്ടതല്ലേ, അതോ ഇല്ലന്നാണോ. നീ ഒന്നിനും പോന്നോനായോണ്ട് എനിക്ക് നിന്നോട് ഇപ്പോൾ ഇതൊക്കെ പറയാം. നിനക്ക് മുലയും തലയും തിരിച്ചറിയാനുള്ള പ്രായമൊക്കെ ആയക്ക്ണ്. മുല കുടി മാറിയ ആണുങ്ങൾ പിന്നെ മുലയിലേക്ക് നോക്കുന്നത് ആസ്വദിക്കാനാണ്. അല്ലാതെ ചുക്കാമണി നീട്ടിവലിച്ച് മടിയിൽ മുള്ളണ പ്രായത്തിലെ പോലെ ആ മാധുര്യം നുകരാനല്ലല്ലോ. നോക്കി വെള്ളമിറക്കാനല്ലേ.”

നീ അടക്ക് കഴിഞ്ഞ് രണ്ടെണ്ണം അടിക്ക്, അപ്പനെ പോലെ വെടക്കാവണോ അടക്കം വേണോ എന്ന് ആ കെട്ടിറങ്ങിയശേഷം നിനക്ക് തെളിഞ്ഞ് വരും. ഈ തൊലിഞ്ഞ കരച്ചിൽ നിർത്തടാ മാത്യൂ ആളോളെല്ലാം ചിരിക്കണത് നീ കാണുന്നില്ലേ?”

ഉയരം കൊണ്ട് തീരെ കുള്ളനായ മാത്യു, പിതാവിന്റെ ജീവന്റെ കറകൾ അട്ടിപ്പേറായി ആവാഹിച്ച് ഒരു ബീഡി വലിച്ച് ഉയരം വെച്ചു. എന്നോ ചുമ കൂടിയപ്പോ കുത്തി കെടുത്തി അപ്പൻ ജനൽ തിണ്ണയിൽ വെച്ചത് വെറുതേ കിടന്നത്. ആദ്യ പുക ശ്വാസകോശം വരവേറ്റില്ലെന്നപോലെ ഒരു ചുമയുടെ ശബ്ദം ആ പരിസരത്ത് കിടുങ്ങി. അവൻ ഒന്ന് ഇടം കണ്ണിട്ട് അപ്പനെ നോക്കി. ബീഡി കത്തിച്ചത് കണ്ടിട്ടെങ്കിലും സേവ്യർ എണീറ്റ് വരും എന്ന് അവൻ ശരിക്കും കരുതി. അപ്പൻ അടിച്ച് ബാക്കിവെച്ചു​പോയ ഒരു കുപ്പിയിലെ വാറ്റ് ചാരായം മാത്യു മതിപ്പോടെ വായിലേക്ക് കമിഴ്ത്തിയത് അപ്പനും സകലരും പിരിഞ്ഞ് പോയതിനുശേഷമാണ്. തന്നെ പിരിഞ്ഞ് പോയ അപ്പൻ തിരികെ വന്നതായി അവന് അപ്പോൾ തോന്നി. ‘ഇപ്പോൾ തിരികെ വന്നിട്ടുണ്ട്. അരികിൽ വന്നിട്ടുണ്ട്’’, അവൻ അപ്രകാരം ഉള്ളിൽ കരുതി ചിരിച്ചു.

“അപ്പന്റെ മണം’’, അവൻ മൂക്ക് വികസിപ്പിച്ച് കൊണ്ട് പറഞ്ഞു. അവന്റെ വയറ്റിൽ ഗുളു ഗുളാ അപ്പൻ വന്ന് നിറഞ്ഞു. പുറം ചൊറിഞ്ഞു​കൊണ്ട് അയാളെ ഒന്ന് കൂടെ അവൻ വയറ്റിലിട്ട് തൊട്ടിലാട്ടി. തെല്ല് നേരം കഴിഞ്ഞതും പുളിച്ച തെറി പറഞ്ഞുകൊണ്ട് അപ്പൻ അവന്റെ വായിലൂടെ പുറത്തേക്ക് ചാടി. ‘‘എന്നെ ഉറക്കിക്കിടത്തി അടിക്കുവാണല്ലേടാ കഴുവേറിക്കുണ്ടായവനെ എന്നും പറഞ്ഞ്’’.

വാള് വെച്ച് തോള് ചെരിഞ്ഞ മോഹൻലാലിനെ പോലെ അപ്പന്റെ ഒരു കുപ്പായവുമെടുത്തിട്ട് അവൻ “രാമായണക്കാറ്റേ” എന്ന പാട്ട് പാടിക്കൊണ്ട് നടന്നു. ഫ്രാൻസിസ് അച്ഛൻ പറഞ്ഞത് അക്ഷരംപ്രതി അനുസരിച്ചവനായി അവൻ അപ്പോൾ മാറി. അപ്പന്റെ അടക്കും കഴിഞ്ഞു, രണ്ടെണ്ണം അടിക്കേം ചെയ്തു. ശേഷം അപ്പനെപ്പോലെയാകാൻ തന്നെ അവൻ തീരുമാനിച്ചു.

ശരിക്കും അവൻ ചാരായമടിച്ചപ്പോൾ ഒക്കാനിച്ച് കളഞ്ഞത് അവനെ തന്നെയായിരുന്നു.
‘‘ഇനി അപ്പനായാ മതി”, അവന്റെ മനസ്സ് പറഞ്ഞു. അപ്പൻ തപസ്സിരുന്ന് വാറ്റിയത് കുടിച്ചത് കൊണ്ട് അപ്പന്റെ ചേരുവകൾ അവന്റെ ഉള്ളിൽ വന്ന് നിറഞ്ഞിട്ടുണ്ടെന്നും അവന് തോന്നി. തോന്നലല്ല ശരി തന്നെയെന്ന വിധം തന്നെയായിരുന്നു പിന്നെ ആ പാതിരാ നടപ്പ്.

ആ നടപ്പ് ചെന്ന് അവസാനിച്ചത് ചന്ദ്രനിലായിരുന്നില്ല, ചന്ദ്രന്റെ വീട്ടിൽ അയാളുടെ പെമ്പറന്നോത്തിയുടെ പുരപ്പുറത്തായിരുന്നു. ഇപ്പോൾ അവൾക്ക് ഒരു നാല്പതിന്റെ തികവ്. കണ്ണും, കാതും തോളും ആദ്യം എല്ലാവരുമൊന്ന് നോക്കും, അത്രക്ക് തലയെടുപ്പുണ്ട് ഇപ്പോളവൾക്ക്. വന്നു കയറിയത് ഏതോ ഇല്ലായ്മയുടെ വല്ലായ്മകളിൽ നിന്നാണെങ്കിലും അവൾ പിന്നെ വല്ലാത്തൊരു ഉരുപ്പടിയായി മാറിയതാണ്. മാത്യു പക്ഷേ അങ്ങനൊന്നും അവളെപ്പറ്റി പറയില്ല. എന്തോ അങ്ങനെ പറഞ്ഞൂടാത്ത ബന്ധം അവർ തമ്മിലുണ്ടെന്ന് വഴിയേ പറയാം.

തോളു ചെരിഞ്ഞ് ചീറിപ്പാഞ്ഞെത്തിയ റോക്കറ്റ് പോലെ അപ്പന്റെ മൊത്തം ചൂടോടെ അവൻ നിന്ന് പരുങ്ങി. ചന്ദ്രൻ എന്നേ മരിച്ച് ചന്ദ്രനിൽ എത്തിയിരുന്നതുകൊണ്ട് “ഏതവനാടാ മൈരേ” അവിടെയെന്ന ക്ഷണം അവന് ലഭിച്ചില്ല. പകരം ആകാശത്തെ അമ്പിളിയുടെ ഉള്ളിലിരിക്കുന്ന മുയലിന്റെ കണ്ണുകൾ മാത്യു മുകളിലേക്ക് നീട്ടിയടിച്ച ടോർച്ചിന്റെ വെട്ടത്തിൽ തിളങ്ങി.

ചന്ദ്രന്റെ ഉള്ളിൽ മുയൽ രൂപത്തിൽ താവളമടിച്ചിരിക്കുകയാണ് ചന്ദ്രൻ. മാത്യു അവന്റെ അച്ഛൻ സേവ്യറിനെ പ്രച്ഛന്നവേഷം കെട്ടുന്നത് പോലെ കാട്ടുമുയലിനെ കെണി വെച്ച് പിടിക്കാൻ നേരം പൊട്ടക്കിണറിൽ വീണ് മരിച്ചതായിരുന്നു ചന്ദ്രൻ. ഭാര്യക്ക് രതിമൂർച്ചയുടെ അണപൊട്ടാൻ തുടങ്ങുമ്പോളൊക്കെ ചന്ദ്രന് കെണിയുടെ കാര്യം ഓർമ്മ വരും.

‘‘നീ കിതപ്പൊന്നടയ്ക്ക് പൊന്നേ,” എന്നു പറഞ്ഞ് അയാൾ ജട്ടിയില്ലാതെ പുറമേക്ക് ഓടും. “ഈ മൂർച്ചയൊന്ന് തീർപ്പാക്കടാ മൈത്താണ്ടീ” എന്ന് അവൾ പറയുമെങ്കിലും. അയാളുടെ ഉള്ളിൽ തെറിച്ചു ചാടിയോടുന്ന ബീജം കണക്കെ, തെറിച്ചോടുന്ന കാട്ടു മുയലായിരുന്നു. പുഷ്പ സിനിമയിലെ “താഴത്തില്ലടാ” ഡയലോഗ് അടിച്ചുകൊണ്ട് അയാളുടെ ചുക്കാമണി അതിനും മുന്നിൽ ഓടും. കിണറ്റിൽ വീണപ്പോൾ ആദ്യം നിലം മുട്ടിയതും അത് തന്നെ.

പൊട്ടക്കിണറ്റിലെ നടുക്കെ തെളിഞ്ഞുനിന്നിരുന്ന ചന്ദ്രനിൽ ചെന്നാണ് ചന്ദ്രൻ കാലു കുത്തിയത്. കുത്തിയത് താഴാത്ത ആ മൂന്നാം കാലാണെന്ന് മാത്രം. അങ്ങനെ ചന്ദ്രന്റെ വയറ്റിൽ ആകാശത്ത് ഒരു മുയൽക്കുഞ്ഞിന്റെ രൂപത്തിൽ അയാൾ ഗർഭസ്ഥ ശിശുവിനെ പോലെ ആജീവാനന്ത കാലത്തേക്ക് തടവിലായി. രതിമൂർച്ഛ അറിഞ്ഞവനെ പോലെ അയാൾ വീണ വീഴ്ച്ചയിൽ ഒന്ന് നിരങ്ങി നിലവിളിച്ചു. വെള്ളത്തിൽ മലർന്നുകിടന്നിരുന്ന ഒന്നുമറിയാത്ത ചന്ദ്രൻ പെണ്ണായിരുന്നെന്നും അവളുടെ പേര് ചന്ദ്രമതിയായിരുന്നെന്നും ചന്ദ്രനിലെ ഗർഭകാലങ്ങളിൽ അയാൾ അറിഞ്ഞു.

കുടിച്ചുതീർത്ത ചാരായത്തിന്റെ മത്തിൽ ആടിയാടി അച്ഛന്റെ പ്രച്ഛന്നവേഷം കെട്ടി വന്നോണ്ടിരുന്ന മാത്യുവിനെ അപ്പോളാണ് ചന്ദ്രന്റെ പെണ്ണ് വീട്ടിലേക്ക് വിളിച്ചുകയറ്റിയത്. സ്ഥിരമായി തന്നെ കാണാൻ വന്നോണ്ടിരുന്ന സേവ്യർ ഇട്ടോണ്ടിരുന്ന അതേ കുപ്പായം, അതേ വാറ്റിയ ചാരായത്തിന്റെ മണം പിന്നെ അവൾ വിളിച്ച് കയറ്റാതിരിക്കുമോ. “ആ വെളിവ് കെട്ട മനുഷ്യൻ ഇനി നിലാവായി അങ്ങനെ നിൽക്കട്ടെ. എന്റെ നിലവിട്ട് നിൽക്കുന്ന മോഹങ്ങൾ തീർപ്പാക്കാതെ പോയ തെണ്ടി”- അവൾ മാത്യുവിനോടായി പറഞ്ഞു.

ചന്ദ്രന്റെ ഭാര്യ മാത്യുവിന്റെ കുപ്പായമൂരി അവനെ ഇറുക്കെ പുണർന്നു. അപ്പനെന്ന കെട്ടിറങ്ങി അവൻ വിവസ്ത്രനായ മാത്യു മാത്രമായി. ധൃതിയിൽ അവൻ പുറത്തേക്കിറങ്ങുമ്പോൾ അവൾ ദേഷ്യത്തോടെ ആ കുപ്പായം ചുരുട്ടിക്കൂട്ടി അവനെയെറിഞ്ഞു.

‘‘പോടാ സേവ്യറെ നിന്റെ സേവനം എനിക്ക് വേണ്ടടാ” എന്ന ചന്ദ്രന്റെ ഭാര്യയുടെ പിറുപിറുപ്പുകൾക്കിടയിൽ മാത്യു വീണ്ടും അപ്പൻ സേവ്യറിന്റെ കുപ്പായത്തിന്റെ രണ്ട് കുടുക്കുകൾ ഇട്ടു. അപ്പോൾ അവൻ ഒരു മകന്റെ നിഷ്കളങ്കതയോടെ അവളോട് ചിരിച്ചു. വാട്ടചാരായത്തിന്റെ മണം നിറഞ്ഞവനായി സേവ്യറിന്റെ കുതന്ത്രമുള്ള ചിരിയാൽ ആകാശത്തേക്ക് നോക്കിയപ്പോൾ മാത്യുവിന് മനസ്സിലായി, അപ്പൻ ഇനി ഒരു കുരിശായി തന്റെ കൂടെ കാണുമെന്ന്. ആ കുരിശിന്റെ പാടുകൾ വഹിക്കാൻ അവൻ തീരുമാനിച്ചു.

തിരികെ അവൻ ചന്ദ്രന്റെ ഭാര്യയുടെ അടുക്കലേക്ക് നടന്നു. കതക് ചാരി വെച്ചിരിക്കുകയായിരുന്നു തള്ളിത്തുറന്ന് നോക്കുമ്പോൾ ഏലിയാസ് അവളുമായി രമിക്കുന്നു. വൃഷണത്തിലെ രോമങ്ങൾ ഒരുപിടി പറിച്ചെടുത്ത് ഏലിയാസിന്റെ അണ്ണാക്കിലേക്കിട്ടുകൊടുത്ത് പറഞ്ഞു; “എടാ കർത്താവിന് അഞ്ച് പാടുകൾ വന്നത് കുരിശ് ചുമന്നിട്ടാ, പക്ഷേ എന്റെ കുരിശെന്നത് അപ്പന്റെ കുപ്പായമാണ്. ഇന്ന് ഈ മാത്യു ഇട്ടിരിക്കുന്നതെയ് നിന്നെയൊക്കെ അവസാനം കണ്ടുമുട്ടിയ അതേ കുപ്പായമാണ്. അതാണ് ഈ റിപീറ്റ് മോഡ്, ചന്ദ്രന്റെ പെണ്ണ് സേവ്യറിന്റെ പെണ്ണാടാ. നീ പോയി ചന്ദ്രൻ ചേട്ടൻ പിടിക്കാതെ പോയ ആ കാട്ടുമുയലിനെ അന്വേഷിക്ക്. എന്റെ അപ്പന്റെ വരുതിവിട്ട് ഒരു കാര്യവും പുറത്തേക്ക് പോവണ്ട’’, ആ പാടുകൾക്ക് ഞാൻ കാവലുണ്ട്.

അപ്പൻ മതിയാക്കിവെച്ചുപോയ കാമകേളികളുടെയും ചാരായവെറിയുടെയും കുപ്പായമായിരുന്നു അപ്പൻ മരിച്ചുപോയ ആദ്യ ദിവസം താൻ ഇട്ടിരുന്നതെന്ന് മാത്യു അന്നേരം മനസ്സിലാക്കി. പക്ഷേ താൻ മകനാണ്. ഇവിടെ മാത്രം തനിക്ക് അപ്പനാവാൻ പറ്റില്ല. എങ്ങനെ ഏച്ചു കൂട്ടിയാലും പൂർണ്ണതയുള്ള അച്ഛന്റെ ഇടനാഴിയിലേക്ക് തനിക്ക് പ്രവേശിക്കാൻ പരിധികളുണ്ട് എന്നവൻ മനസ്സിലാക്കി.

ഉടുതുണി അഴിഞ്ഞുവീണ് ഇടവഴിയിലൂടെ ഇഴഞ്ഞ് നാല് കാലിലാണ് അന്ന് മാത്യു അപ്പനായിക്കൊണ്ട് നായിയെ പോലെ മടങ്ങിയെത്തിയത്. ആ അമാവാസിദിനത്തിൽ മുകളിലെ ചന്ദ്രൻ എതോ മേഘവലയങ്ങൾക്കുള്ളിലേക്ക് പതിയെ പെട്ടു. ആ മേഘവലയം തന്റെ അപ്പനാണ്. പ്രേതാത്മാവിന്റെ കണ്ണുകൾ പോലെ ചന്ദ്രന്റെ മുയൽക്കണ്ണുകൾ കാഴ്ച കാണാൻ പറ്റാണ്ട് കോപം കൊണ്ട് അതിനുള്ളിൽ ചോരച്ച് തിളങ്ങുന്നുണ്ടാവുമെന്ന് അവന് തോന്നി.

ഒന്നാം കുപ്പായം അണിഞ്ഞു കിടക്കുമ്പോൾ മാത്യുവിന് അപ്പനായുള്ള രൂപമാറ്റങ്ങൾ ഏറെ രസിക്കുന്നതായി തോന്നി. തന്റെ വരാനിരിക്കുന്ന മാറ്റങ്ങളുടെ ദിനങ്ങളെ സ്റ്റിഗ്മാറ്റ എന്ന് അവൻ മനസ്സിൽ കുറിച്ചിട്ടു കൊണ്ട്, “ഈശോ മിശിഹാക്ക് സ്തുതിയായിരിക്കട്ടെ” എന്ന് സേവ്യറിന്റെ ഭാഷയിൽ കുരിശ് വരച്ചു. ഇപ്പോഴും എപ്പോഴും ഇനി പെടാ പാടെന്ന് അതോടൊപ്പം അവന്റെ ഉള്ളം പറഞ്ഞു.

മുന്തിരിനിറമുള്ള ആ കുപ്പായം പിഴിഞ്ഞാൽ മുന്തിരിയിട്ട് വാറ്റിയ ചാരായം കിട്ടുമെന്ന് തോന്നും, അത്രേം പുളിച്ച വാസനയായിരുന്നു അതിന്. ആ കുപ്പായമിടണമെങ്കിൽ തന്നെ ഒന്ന് ആടണം, ഇല്ലേൽ ആ കുപ്പായം കയ്യിലേക്ക് കയറാതെ അനുസരണക്കേട് കാണിക്കും, നീ സേവ്യർ അല്ലെന്ന് തെറി പറയും.

ആ കുപ്പായത്തിൽ കപ്പയുടെയും, എരിവുള്ള മീൻ കറിയുടെയും, ചാരായത്തിന്റെ ഒപ്പം തൊട്ട് നക്കിയ പലതിന്റെയും പുളിച്ച ഗന്ധം മനം പിരട്ടി അഴുകി കിടന്നു. മാത്യു മദോന്മത്തനായി ആ കുപ്പായമിടുമ്പോളെല്ലാം ആടിയാടി തന്നെ നടന്നു. അവൻ കടന്നുപോയ വഴികളില്ലെലാം ആ നാറ്റമടിച്ചവർ പുറകെ കൂടി. ലഹരി കിട്ടാൻ അതിൽ ആളുകൾ ഒന്ന് തൊട്ട് നക്കി. ഒരു ദിവസത്തിൽ അച്ഛന്റെ പല ദിവസങ്ങളുടെ ചാഞ്ചാട്ടങ്ങൾ ചീഞ്ചലമായി അയാൾ ഉള്ളിൽ ഞെക്കിത്തുറുപ്പിച്ചു. അഴുകിയ മൃതദേഹത്തിന്റെ വാസനയാകും വരെ അയാൾ വഴിയിൽ കിടന്നു.

ബോധം മറഞ്ഞ മാത്യുവിന്റെ ഉടലിനെ ഒരു ദിവസം ഒരു നായ നക്കി. നക്കിയ നായക്ക് പിന്നെ ഓരിയിട്ടപ്പോൾ സേവ്യറിന്റെ ശബ്ദം. ശരിക്കും പറഞ്ഞാൽ മാത്യുവിന് അപ്പനെ അണിഞ്ഞു നടക്കാൻ ഒരു മോഹം. അയാൾ വിശ്വസിക്കുകയാണ്, അപ്പന്റെ പുറന്തോടുകളാണ് അയാളുടെ എല്ലാ വസ്ത്രങ്ങളുമെന്ന്. കാരണം മാത്യുവിനറിയാം, അപ്പനില്ലാത്ത ലോകത്ത് തന്നെ ഇനി ആർക്കും വില കാണില്ലെന്ന്. വില വേണേൽ ആണുങ്ങൾക്ക് ഒന്നുകിൽ പൈസയുള്ള അപ്പന്റെ മോനായി ജനിക്കണം, എത്ര പിഴച്ച അപ്പനായാലും വേണ്ടില്ല, ആളുകൾ പൈസയുള്ളവരുടെ മുന്നിൽ എല്ലാം കണ്ടില്ലാ കേട്ടില്ലാ വെക്കും. ഒക്കെത്തിനും സമ്മതം മൂളും, അനീതിയെ നീതിയായി പ്രഖ്യാപിക്കും. പക്ഷേ എല്ലാ കൊള്ളരുതായ്മക്കും കൂട്ടുനിൽക്കുന്നവർ ഒന്ന് വീണാൽ കാർക്കിച്ച് തുപ്പും. പൈസയുണ്ടോ കള്ള് കുടിച്ച് വഴിയിലും കിടക്കാം, കുടുംബത്തും കിടക്കാം. വാരിയെറിയുന്ന പൈസയുടെ കനമനുസരിച്ച് കനിവോടെ ആരും കൂടെ നിൽക്കും. സേവ്യർ കഴുവേറിയായിരുന്നു, ചാരായം കുടിച്ചും ബീഡി വലിച്ചും അവനുപോലും പൂർണ്ണമായും അറിയാത്ത പലതും കൊണ്ട് വലിച്ചു നീട്ടിയ ഒരു ജീവിതമായിരുന്നു അവസാനിച്ചത്.

സേവ്യർ എല്ലാവരോടുമായി ഒരിക്കൽ പറഞ്ഞു:

“സേവ്യറിന്റെ പോലെ ചാരായം കുടിക്കടാമക്കളെ. നിങ്ങൾ വാനലോകവും കാണും അതിനപ്പുറവും കാണും. സേവ്യറിനെപ്പോലെ ബീഡി വലിക്കടാ മക്കളെ, നിങ്ങൾ മേഘമാവും വേഗമുള്ളവരാവും’’.

എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോളായിരുന്നു എട്ടും പൊട്ടും തിരിയാത്ത ഒരുവളായിരുന്ന ചന്ദ്രന്റെ ഭാര്യയായി പിന്നീട് മാറിയ മറിയത്തെ അയാൾ കാണുന്നത്. മറിയത്തിന് വയസ്സ് കുറച്ച് അധികമായിട്ടായിരുന്നു അവൾ സ്കൂളിൽ വന്നത്. മുടിക്ക് കറുപ്പിന്റെ കട്ടിയിലും ഇരട്ടിയായ കടു നിറം. കണ്ണിലെ വെള്ളയിൽ മാത്രം കലക്ക് നിറം. കൃഷ്ണ മണിയിൽ പച്ചയായ ജീവിതം. പ്രത്യേക താളത്തിലുള്ള നടത്തം. മറിയക്ക് മര്യാദക്ക് വീട്ടിൽ വിശപ്പടക്കാനുള്ള സ്രോതസ്സുകൾ ഇല്ലായിരുന്നു. ആ വിശപ്പിന്റെ അതിശയം കുത്തിക്കലങ്ങിയ കണ്ണുകളായിരുന്നു അവൾക്ക്. അതിന്റെ ഞെരിപിരിയായിരുന്നു ആ നടത്തത്തിൽ എല്ലാവരും കണ്ടതും.

ഒരു ദിവസം സേവ്യർ മൂത്രമൊഴിക്കാൻ പോയി തിരികെവരുമ്പോളാണ് ആൺകുട്ടികളുടെ മൂത്രപ്പുരയുടെ പിന്നിൽ നിന്നും ഒരു തേങ്ങൽ കേട്ടത്. മൂത്രത്തിന്റെ പുളിപ്പ് മണങ്ങൾക്കിടയിലൂടെ മറിയത്തെ തൊട്ട് ചേർന്നിരുന്നപ്പോൾ ഒരു പ്രത്യേക മണം അയാൾക്കനുഭവപ്പെട്ടു. വയറ് കാളി തീയാളിയ പോലിരിക്കുന്ന മറിയത്തെ സേവ്യർ മൂത്രപ്പുരയ്ക്ക് പിന്നിലൂടെ ചന്ദ്രൻ ചേട്ടന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. സേവ്യറിന് അയാൾ ഇടയ്ക്കിടെ ബീഡി വലിക്കാൻ കൊടുക്കുമായിരുന്നു. മൂത്രമൊഴിച്ച് തലയുയർത്തുമ്പോളൊക്കെ അവൻ പറമ്പിൽ ബീഡി വലിച്ചുകൊണ്ട് വെളിക്കിരിക്കുന്ന ചന്ദ്രനെ കാണും.

ചന്ദ്രൻ ബീഡിച്ചാരം മാതിരി ഒരു കെട്ട ചിരി സ്വന്തമായുള്ളവൻ. ഒരു പുരികം പകുതി മാത്രം. ഒരു ചെവി ചുരുണ്ടത്. മഷിയിട്ട് നോക്കിയാൽ പോലും കാണാത്ത മീശയില്ലാത്ത മുഖം. കൊല്ലിക്ക് ഇടത് ഭാഗത്ത് ഒരു മറുക്. ചുണ്ടിന്റെ നേർപകുതി അളവിൽ താഴെ താടിയിൽ ഒരു നുള്ള് രോമം. തടിച്ചിട്ടുമല്ല മെലിഞ്ഞിട്ടുമല്ല- അങ്ങനെ ഒരു കോലം.

പുകമറക്കുളിൽ വെളിക്കിരിക്കുമ്പോൾ അയാളെ അങ്ങനെ പെട്ടന്നാർക്കും കാണില്ല. മേഘത്തിനു നടുക്ക് പെട്ട പോലെ സകലരുടെ കൺവെട്ടത്തു നിന്നും ചന്ദ്രൻ വെളിക്കിരിക്കുമ്പോൾ അങ്ങനെ ഒഴിഞ്ഞുമാറും. പക്ഷേ ഇരുത്തത്തിന്റെ തുടക്കം കാണുന്ന ഒരേ ഒരാൾ സേവ്യറായിരുന്നു. അവൻ ചന്ദ്രൻചേട്ടന്റെ വരവും കാത്ത് സദാസമയം അവിടെ തിരിഞ്ഞ് കളിച്ച് നിൽക്കുന്നുണ്ടാവും.

സ്കൂളിൽ ആദ്യ ഇന്റർവെല്ലിനുള്ള കൂട്ടമണി ചന്ദ്രൻ ചേട്ടനും കൂടിയുള്ളതായിരുന്നു. ആ മണിയടി കേട്ടാലല്ലാതെ അയാൾക്ക് മുട്ട് വരില്ല. സ്കൂളിൽ പഠിച്ച കാലം തൊട്ട് സ്കൂൾ പഠനം കഴിഞ്ഞിട്ടും തൊട്ടടുക്കലുള്ള സ്കൂൾ മണിനാദം അയാൾക്കുള്ള വെളിപാടായി അങ്ങനെ നിലനിന്നു.

കാലങ്ങൾ നീങ്ങി. ആ സ്കൂളിൽ പഠിച്ച ഏതേലും ഒരാൾ ആ വെളിക്കിരിക്കലിനും വളിയിടലിന്റെ നാദങ്ങൾക്കും ദൃക്‌സാക്ഷിയും കേൾവിക്കാരനുമായി. വൈകിയെത്തിയവർ ബീഡിത്തീയുടെ പ്രകാശത്തിൽ ജ്വലിച്ചു കൊണ്ടിരിക്കുന്ന ചന്ദ്രനെ കാലാകാലങ്ങളിൽ പുകമറയ്ക്കുള്ളിൽ പെട്ടതുകൊണ്ട് കണ്ടതേയില്ല. ഒരു ദിവസം ബീഡി കുത്തിക്കെടുത്തി ചന്ദ്രൻ പുകമറയ്ക്കുള്ളിൽ നിന്ന് എഴുന്നേൽക്കുമ്പോൾ മടിച്ചുനിൽക്കാതെ സേവ്യർ അയാളുടെ മുന്നിലെത്തി. ചന്ദ്രന്റെ മുന്നിൽപെട്ട കുഞ്ഞു നക്ഷത്രത്തെ പോലെ അവനൊന്നു പരുങ്ങി.

“ന്താ വേണോ”, അയാൾ ചോദിച്ചു.

“ഹ്മ്മ്”, അവന്റെ മൂളലിന് ബദലായി കട വരെ കത്തിയെത്തിയ ബീഡിക്കുറ്റി നീട്ടി.

“കത്തിക്കാനറിയോ?”

“വേണ്ടാ, ഞാൻ തന്നെ കത്തിച്ച് തരാം”

നിരപ്പെട്ടി ഉരച്ച് അവനുനേരെ ജ്വലിക്കുന്ന തന്റെ ജീവവായു അയാൾ നീട്ടി.

“ആ വാഴക്ക് മറവിലോട്ടെങ്ങാനും നിൽക്ക് ചെക്കാ. നിന്നെ ബീഡി വലിപ്പിച്ചെന്ന തീട്ടക്കേസ് ഞാൻ ഏൽക്കുല്ല. നിനക്കുള്ള ജീവവായു നീ തന്നെ കണ്ടെത്തിയിരിക്കുന്നു എന്ന് വേണം നീ കരുതാൻ.”

പഴുത്ത് പാകമാകാൻ വെമ്പിനിൽക്കുന്ന ഒരു ഞാലിയുടെ അടിയിലോട്ട് അവൻ മാറിനിന്നു. സ്കൂൾ ബെല്ലടിക്കുമ്പോൾ പിന്നീട് മതില് ചാടി ഇടയ്ക്കിടെ ജ്വലിക്കുന്ന ചന്ദ്രന്റെ പ്രകാശ വലയത്തിന് അരികിൽ ഒന്നിച്ച് അവർ വെളിക്കിരുന്നു.

ചന്തി കഴുകാൻ അവരൊന്നിച്ച് കവുങ്ങിൻ തോട്ടത്തിലെ വെള്ളച്ചാലിൽ അമർന്നിരുന്നു. തീട്ട വളം ചെന്നടിഞ്ഞ കവുങ്ങിന്റെ തടങ്ങളിൽ നിന്നും ജൈവവളം എന്നവണ്ണം കുടിച്ചിറക്കിയ വെള്ളം കൊണ്ട് കവുങ്ങിൻ തലപ്പിൽ മൂത്ത അടയ്ക്കകൾ ആർമാദിച്ചുകൊണ്ട് നിന്നു. പൊട്ടിച്ചിറക്കിയ അടയ്ക്കകൾ കൂട്ടിയിട്ടപ്പോൾ ആരോ തൂറിനിറച്ച പോലുണ്ടായിരുന്നു. ഈച്ച മാത്രം വന്നില്ലെന്ന വ്യത്യാസമേയുള്ളൂ.

അതായിരുന്നു ചന്ദ്രൻ ചേട്ടനും സേവ്യറും തമ്മിലുള്ള അമേദ്യ ബന്ധം. തീയാളിയ മുഖം പോലുള്ള പെണ്ണിനെ കണ്ട് ചന്ദ്രൻ ചോദിച്ചു, “ഇവളെ നീ ഏത് ഗ്രഹത്തിൽ നിന്നും ഇറക്കിക്കൊണ്ട് വന്നവളാടാ’’ എന്ന്.

“വിശന്നിട്ടാ അണ്ണാ, സ്കൂളിൽ പുതിയതായി ചേർന്ന കുട്ടിയാ, പഠിക്കാൻ വേണ്ടീട്ടൊന്നുമല്ല സ്കൂളിലെ ഊട്ട് പുരയിലെ ചെറുപയറും ചോറും കിട്ടൂല്ലോ എന്ന് കരുതി വന്നതാണ്. പക്ഷേ ദാരിദ്ര്യം പിടിച്ച നമ്മടെ സ്കൂളിൽ ആണ്ടിനോ അറുതിക്കോ മാത്രം വറുതി മാറും എന്നല്ലാതെ എന്ത് കിട്ടാൻ?”

സേവ്യറിന്റെ പറച്ചിലിനു മറുപടിയായി ചന്ദ്രൻ ചോദിച്ചു, “കൊച്ചേ നീ ബീഡി വലിക്കോ. ചൂടോടെ ഒരെണ്ണം എടുക്കട്ടെ”.

“ആ മതി. വയറ്റിലോട്ട് എന്തേലും ചെന്നാൽ മതി. ഇന്നത് വേണമെന്നൊന്നുമില്ല എന്തായാലും പോകും.”

“നമ്മക്ക് പറ്റിയ ടീമാണോല്ലോടാ. വിശന്നവരെ ഊട്ടേണ്ടത് നമ്മളും കൂടെ ആസ്വദിച്ച് ഉള്ളിൽ അനുഭവിക്കുന്ന സാധനമാണ്. അല്ലാതെ കണ്ട അതും ഇതും തീറ്റിച്ചിട്ട് തീട്ടമാക്കിയിട്ടെന്താ അല്ലേ കൊച്ചേ” ചന്ദ്രൻ ചിരിച്ചു.

സേവ്യറിന് ചിരി വന്നില്ല. എന്നാലും അവൻ ചന്ദ്രന്റെ പറച്ചിലിന് ചിരിച്ചു കൊടുത്തു.

നിന്നനിൽപ്പിൽ മറിയം ഒരു കെട്ട് ബീഡി വലിച്ചു. അവൾ പറഞ്ഞു, “വയർ നിറഞ്ഞു.”
വായയിലൂടെ ഒരു മേഘപ്പാളി പുറത്തേക്ക് ചാടി. പിന്നീടവൾ സ്‌കൂളിലേക്ക് പോയില്ല. വിശപ്പടക്കിയ സമാധാനത്തിൽ ചന്ദ്രനെ പൊതിയുന്ന മേഘപാതിയായി അവിടെ താമസമാക്കി. ഒന്നിച്ച് വെളിക്കിരുന്നും ബീഡി വലിച്ചും ഞാലിയും കവുങ്ങും നോക്കിയും അടയ്ക്ക കൂട്ടി മുറുക്കാൻ തിന്നും ഞാലി പഴുത്തത് ഭക്ഷിച്ചും ഏറേ നേരം ബീഡി വലിച്ചും ജീവിതം എന്ന വടം വലിക്ക് അവർ ആർപ്പ് വിളിച്ചു.

ചന്ദ്രന്റെ വീടും ആ സ്‌കൂളും മാത്രം നിലന്നിരുന്ന കാടേറിയ ആ മലഞ്ചെരുവിലേക്ക് പിന്നെ പഠനത്തിന് കുട്ടികൾ വരവ് കുറഞ്ഞു. കൂടുതൽ മറിയത്തെ പോലെ പശിയടക്കാൻ ലക്ഷ്യം വെച്ച് പാടുപെട്ട് കയറിവരുന്ന കുട്ടികളായിരുന്നു ഉണ്ടായിരുന്നത്. സ്കൂളിന്റെ വറുതിക്കാലം അങ്ങനെ തുടരുന്നത് കൊണ്ടും. പൈസ മുടക്കി ആ സ്കൂളിനെ തീറ്റിപ്പോറ്റേണ്ടതില്ലെന്ന് സർക്കാറിനും തോന്നിക്കാണും. അധികാരികളോ ജനങ്ങളോ അങ്ങോട്ട് തീരെ തിരിഞ്ഞുനോക്കാതായി.

സേവ്യർ മാത്രം ആ പള്ളിക്കൂടം വിട്ടുപോയില്ല. അയാളെ ആരാണ് ആ നാട്ടിൽ പെറ്റിട്ട് പോയതെന്നു പോലും ആർക്കേലും അറിയുമോ എന്നറിയില്ല. മണിയുടെ കെണി ഉള്ളിൽ കുടുങ്ങി. സ്കൂളിലെ മൂത്രപ്പുരയിൽ മാത്രമേ അയാൾക്ക് മൂത്രം പോയുള്ളൂ.

വയറ് നിറഞ്ഞ് വയറ് നിറഞ്ഞ് മറിയം വലുതായി, വലിയ പെണ്ണായി. ചന്ദ്രൻ നാനാദേശങ്ങളിലൂടെ പാതിരകളിൽ ഊരു ചുറ്റാൻ പോയ ഒരു ദിവസം മറിയം ബീഡിയും കത്തിച്ച് പറമ്പിൽ വെളിക്കിരുന്നു. സേവ്യർ മണിയടിക്കാൻ ഒരാളെ പണിക്ക് വെച്ചിരുന്നു. രാത്രി 2.10 ന് ഒരു മണിയുണ്ട്. അടിച്ച മണി കേട്ട്, സ്വന്തം മണി താങ്ങി സേവ്യർ മൂത്രപുരയിൽ നിന്ന് പുറമേക്ക് നോക്കിയപ്പോൾ മറിയത്തെ കണ്ടു. അയാൾക്ക് ഒരു മണം കിട്ടി. അയാൾക്ക് വിശന്ന് തീയാളിയ മുഖമുള്ള മറിയത്തെ ഓർമ്മ വന്നു. മൂത്രം കുടഞ്ഞുകൊണ്ട് എഴുന്നേറ്റ സേവ്യർ മറിയത്തിന്റെ അടുക്കലെത്തിയപ്പോൾ അവൾ വല്ലാത്ത മൂഡിലായിരുന്നു.

അവളുടെ വിയർപ്പും മൂത്രമണവും എല്ലാം കൂടെ സേവ്യറിന് ഒരു മത്ത് കയറി. “ബീഡിയുണ്ടോ ഒന്നെടുക്കാൻ, എന്താന്നറിയില്ല എന്തോ ഒരു വിശപ്പെന്ന്’’ അയാൾ പറഞ്ഞു.

ഒരു ബീഡിയെടുത്ത് കുന്തിച്ചിരുന്ന മറിയം അത് കത്തിക്കാനൊരുങ്ങിയപ്പോൾ, “വേണ്ട ഒരു ബീഡി തന്നെ നമുക്ക് ധാരാളം’’ എന്നുപറഞ്ഞ് തന്റെ വായക്കുള്ളിലേക്ക് മറിയത്തിന്റെ ബീഡിയുടെ പുകയുന്ന തുമ്പ് അകത്താക്കി അവർ തമ്മിൽ ചുണ്ടോടുചുണ്ട് ചേർത്തു. എരിയുന്ന രണ്ട് കനൽ പോലെ ബീഡിയുടെ പുകമറക്കുള്ളിൽ കിടന്ന് അവർ പൂണ്ട് വിളയാടി.

കാർമേഘം ഉരുണ്ടുകൂടിയ പോലുള്ളൊരു വിശപ്പ് എന്തായിരുന്നു എന്ന് മറിയത്തിന് അപ്പോൾ മനസ്സിലായി. ആ വിശപ്പും കൂടങ്ങ് മാറിയപ്പോൾ സേവ്യറിനോടായി പിന്നെ മറിയത്തിന് മതിപ്പ്. ആ മതിപ്പിൽ അവളുടെ വിയർപ്പ് മൊത്തം വടിച്ചെടുത്ത്, ചന്ദ്രൻ അയാളുടെ ഇത്തിരി മൂത്രം അതിൽ ഇറ്റിച്ചു. എന്നോ അവിടെ അയാൾ വീപ്പയിൽ കുഴിച്ചിട്ടിരുന്ന മുന്തിരിയും പല പഴങ്ങളും ചേർത്ത കലത്തിലേക്ക് രഹസ്യക്കൂട്ടുകൾ ചേർത്ത്, ഉണ്ടശർക്കരയും താതിരി പൂവും ബിസ്കറ്റ് അമോണിയയും അവളുടെയും അയാളുടെയും പല്ലിന്റെ ഇടയിലുള്ള ബീഡിക്കറയും ചുരണ്ടിയെടുത്ത് ഇട്ടു. പത്തുപതിനാല് ദിവസങ്ങളോളം രാവിലെയും വൈകുന്നേരവും അവർ ഒന്നിച്ചിരുന്ന് അതിനെ ഇളക്കി. പിന്നീട് വാറ്റി തയ്യാർ ചെയ്ത അസ്സല് ചാരായം അമാവാസി ദിനങ്ങളിൽ വീട്ടിൽനിന്ന് ചന്ദ്രൻ മാറി നിന്നപ്പോളെല്ലാം സേവ്യർ ഒരു അന്യഗ്രഹ നക്ഷത്രം പോലെ മറിയത്തിന്റെ മേഘക്കീറ് പൊളിച്ച് അവളുടെ വീട്ടിൽ കേറി ഒന്നിച്ച് കുടിച്ചും അവളുടെ ഉള്ളിലെ ഓരോ കാർമേഘവിശപ്പിനെ തീറ്റിയും ഒരുനാൾ അവളുടെ വയർ ശരിക്കും വീർത്തു.

അമാവാസി അല്ലാത്ത ഒരു ദിവസം ചന്ദ്രൻ വസ്ത്രം പൊക്കി നോക്കിയിട്ട് ചോദിച്ചു, ‘‘എന്നാ വിശപ്പാടി പെഴച്ചവളെ നിനക്ക്, ഇങ്ങനെ തിന്നുകൂട്ടി വയറ് വീർപ്പിക്കാൻ?’’
അവൾ വലുതായിട്ടുവേണം കാട്ടു​മുയലിന് കെണി വെക്കൽ നിർത്തിയിട്ട്, അവളെ വെച്ച് ശരിക്കുമൊരു ബീഡി കത്തിച്ച് വലിക്കാനെന്ന ചിന്തയിലായിരുന്നു അയാൾ നടന്നിരുന്നത്.

മറിയത്തിന്റെ മാറിൽ നിറയെ നിലാവ് നിറഞ്ഞത് അവളറിഞ്ഞു. പേറടുക്കാനായപ്പോൾ 2.10 ന്റെ മണിക്കുശേഷം ഒന്ന് മൂത്രമൊഴിച്ച് സേവ്യർ അവളുടെ വയറ് കാണാൻ വന്നു. വെളിക്കിരിക്കാൻ ഒരു ബീഡി കത്തിച്ച് കുന്തിച്ചിരുന്ന സമയത്ത് മാത്യു ഒരു വാൽനക്ഷത്രത്തിന്റെ കാലും നീട്ടി പുറത്തേക്ക് വന്നു. സേവ്യർ ഒരു ബീഡി കത്തിച്ച് ചുണ്ടിൽ വെച്ച് കുഞ്ഞിനോട് പറഞ്ഞു, ‘ആഞ്ഞു വലിക്കടാ ചെക്കാ’ എന്ന്. പുകച്ചുരുളുകൾ മുലപ്പാൽ പോലെ ഉള്ളിലേക്ക് കുമിഞ്ഞുകൂടി. ശേഷം മറിയം മാറിലെ വെന്ത് തിളച്ച മേഘക്കട്ടകൾ നിലാവ് നിറച്ച് കൊതിച്ചുവെച്ചുണ്ടാക്കിയത് അവന്റെ ചുണ്ടിലേക്ക് മുലഞെട്ടിൽ നിന്ന് പിഴിഞ്ഞു കൊടുത്തു.

ഒരു ദിവസം ചന്ദ്രന് തോന്നി, മറിയം വലുതായെന്ന്. അവളൊരു കെണിയാണെന്ന് തോന്നിയ ദിവസം കാട്ടുമുയലിനു വെച്ച കെണി മറന്ന് അവളുടെ കെണിയിൽ കുടുങ്ങി. “ഇപ്പോൾ ഒരു മെനയൊക്കെ ഉണ്ടല്ലോടി” എന്ന് പറയുമ്പോൾ, പുക വെച്ച് പഴുപ്പിച്ച ഞാലിക്കുല പോലെ അവൾ ആടിയാടി നിൽക്കുന്നതായി അയാൾക്ക് തോന്നി. തൊലിയുരിഞ്ഞ് മനമറിഞ്ഞ് തുടങ്ങിയപ്പോൾ അയാൾക്കൊരു ബീഡി കത്തിക്കണം, കത്തി പിടിക്കുന്ന ബീഡിയെ മാത്രം പരിചയിച്ച അയാൾക്ക് കത്തുന്ന പെണ്ണിന്റെ രതിമൂർച്ചയുടെ തുമ്പിനെ പറ്റി ഒരു പിടിയുമില്ല. ചാറൊലിച്ച് കുതിർന്ന അയാളുടെ ഉടുമുണ്ടിനകത്തെ ബീഡി കുത്തി കെടുത്തി അയാൾ എഴുന്നേറ്റു.

കെണി വെച്ച മുയലിനെ ചെന്ന് നോക്കണം. ഇതേ പതിവ് ദിനേന തുടർന്നപ്പോൾ മറിയം ഒരു ദിവസം ഉച്ചത്തിൽ പറഞ്ഞു, “മൈരേ വിശപ്പടങ്ങുന്നില്ല, പെണ്ണിനെ തൈര് കൂട്ടി നന്നായി കഴിക്കാൻ പഠിക്കെന്ന്”.

മാത്യു വലുതായി, ചന്ദ്രൻ മതിപ്പോടെ മാത്യുവിനെ നോക്കി. ബീഡി വലിച്ച് പുകച്ച് വിടുന്ന മാത്യുവിനോട് ഒരു ദിവസം അയാൾ പറഞ്ഞു, “ഇനി നീ കെണി വെക്കാൻ കൂടി പഠിക്കണം.”

രാത്രി 2.10 ന് മൂത്രമണി മുഴങ്ങുമ്പോൾ മാത്യുവിനെ മറിയം സ്‌കൂളിലേക്ക് പറഞ്ഞയക്കും. അമാവാസി ദിനങ്ങളിൽ ചന്ദ്രനില്ലാത്ത നേരങ്ങളിൽ സേവ്യർ മാത്യുവിന് തന്റെ ചൊല്പടികളിൽ വിരാജിക്കാൻ സമയം കൊടുത്തു. വിചാരിച്ച നേരവും കഴിഞ്ഞ് മാത്യു വരാതിരിക്കുമ്പോൾ മറിയം കരുതും, അച്ഛൻ മകനെ ശരിക്കും കാണുകയാവുമെന്ന്. സേവ്യറിന് സ്കൂളിൽ കെട്ടിക്കിടക്കുന്ന പുസ്തകങ്ങൾ പഠിക്കാൻ കൊടുത്ത്, അയാൾ ഹെഡ് മാഷുടെ മുറിയിലെ അഡ്രസ് രജിസ്റ്ററിൽ ഓരോ പേരിന്റെ നേർക്കും ശരിയിട്ടുകൊണ്ട് ഇറങ്ങിനടന്നു.

സേവ്യറിന്റെ കൂടെ പഠിച്ച രേഷ്മയും, സുശീലയും ഒരുനാൾ വിശന്ന് കൊണ്ടുപോയ ജോളിയും, ത്രേസ്യയും, റുബീനയും, റിൻഷയും അങ്ങനെ സ്കൂൾ വിട്ടുപോയ പലരെയും ബീഡിയുമായി സേവ്യർ ചെന്ന് കണ്ടു. പുകയൂതി പെരുപ്പിച്ച വയറ്റിൽ മേഘങ്ങൾ ഉരുണ്ടുകൂടി. അവരുടെയെല്ലാം ജീവിതത്തിൽ സേവ്യർ ചുണ്ടിലെരിയുന്ന നക്ഷത്രമായി. രണ്ട് തീക്കനലുകളായി അവർ തമ്മിൽ തീപിടിച്ചു. തേടിപ്പിടിച്ച് ശരിയിട്ട് ചെന്നവരുടെയെല്ലാം വീടുകളിൽ അയാൾ ചാരായവും വാറ്റി. കുഞ്ഞെന്ന മത്ത് ഒരൊറ്റ മാത്യുവിൽ ഒതുക്കി.

ഒരു ദിവസം സേവ്യർ മരണപ്പെട്ടു.
സ്കൂളിന്റെ ഭരണം ഏറ്റെടുക്കാൻ ഒരു ക്രിസ്തീയ സഭ മുന്നോട്ട് വന്നു. സേവ്യർ മരിച്ചത് ശ്വാസകോശത്തിൽ തങ്ങിയ ഭാരിച്ച മേഘങ്ങളെ താങ്ങാൻ വയ്യാതെയായിരുന്നു. രതിമൂർച്ചയുടെ ഇടയ്ക്ക് കെണിയുടെ പുറകെ പോയ ചന്ദ്രൻ കിണറ്റിൽ മരിച്ച് വെള്ളത്തിലടിഞ്ഞ് ആകാശത്തിലെ ചന്ദ്രന്റെ പ്രതിബിംബത്തിന് നടുവിൽ തടവറയിലുമായി.

അതിനുശേഷമാണ് സേവ്യർ മരിച്ചത്. നിലവിളിക്കുന്ന മാത്യുവിനോട് കാര്യങ്ങളുടെ കിടപ്പ് വശങ്ങൾ അന്വേഷിച്ചറിഞ്ഞ് പഠിച്ച് പതം വന്ന അച്ഛൻ പറഞ്ഞു; “എടാ മാത്യൂ, ഒന്നടങ്ങടാ. നിന്റെ അപ്പൻ ഒരു മൈരനായിരുന്നെന്ന് നിനക്കറിയാമല്ലോ. പിന്നെ എന്തിനാ നിനക്ക് ഇത്രയും ദണ്ണം. പരിശുദ്ധ പിതാവ് യേശു ചുമന്ന കുരിശിന്റെ പാടൊന്നും അല്ലല്ലോ നിന്റെ പിതാവ് ജീവിതത്തിൽ ചെയ്ത് വെച്ചേച്ച് പോയത്.”

മാത്യു അച്ഛനോട് ചോദിച്ചു, ‘‘എന്റെ പിതാവ് സേവ്യർ വാറ്റിയ സ്പെഷ്യൽ കൂട്ട് ചാരായമുണ്ട് ഒന്നെടുക്കട്ടെ’’.
സേവ്യറിന്റെയല്ലേ മോൻ, ഓരോരുത്തരുടെയും ഉള്ളിലേക്ക് എന്ത് കയറ്റിവിടണമെന്ന് ഒന്നാകെ സേവ്യർ ഉള്ളിൽക്കയറിയിരിക്കുന്നവന് അറിയാതിരിക്കുമോ.
അച്ഛൻ ആ കെണിയിൽ വീണുവോ എന്നറിയില്ല. എന്നാലും ഒന്ന് എന്തോ വിഴുങ്ങിയത് പോലെ മൗനം പാലിച്ചു.

മാത്യു സ്കൂളിലെ ഊട്ടുപുരയിലെ അലമാരയിൽ നിന്ന് വലിയ വീപ്പ പുറത്തെടുത്തു. അതിൽ നിന്ന് രണ്ട് കുപ്പികളിലേക്കായി ചാരായം പകർന്ന് ഒരു കുപ്പി അച്ഛന്റെ നേർക്ക് നീട്ടി. അപ്പന്റെ അഞ്ച് കുപ്പായങ്ങളിൽനിന്ന് ഒരെണ്ണം എടുത്തിട്ടു. ബാക്കി നാലിലേക്കും തുറിച്ചുനോക്കി. ഞാൻ ഇതാ അപ്പനാവുന്നു അച്ചോ എന്നട്ടഹസിച്ചു. അഞ്ച് കുപ്പായങ്ങളിലെ അഞ്ച് പാപക്കറകൾ അപ്പനായിക്കൊണ്ട് അവനെ നോക്കി. ജീവിതം വരഞ്ഞിട്ട അഞ്ച് പാണ്ടുകളെയും ആ കുപ്പായങ്ങളെയും നോക്കി അവൻ വരാനിരിക്കുന്ന ജീവദശകങ്ങളെ സ്റ്റിഗ്മാറ്റയെന്ന് വിശേഷിപ്പിച്ചു.

യേശുവിനെ പറ്റിയുള്ള വിശകലനങ്ങളിൽ ഫ്രാൻസിസ് അച്ഛൻ അന്ന് രാത്രി മുഴുകി. അദ്ദേഹം ‘തിന്നുകയും കുടിക്കുകയും’ ചെയ്തു (മത്തായി 11:9 , ലൂക്കോസ് 7:34).

2.10 ന്റെ മണി മുഴങ്ങിയപ്പോൾ ഫ്രാൻസിസ് അച്ഛൻ ചാരായക്കുപ്പിയുടെ അടപ്പ് തുറന്നുപിടിച്ച് മൂത്രപ്പുരയിൽ നിന്നു. വെളിക്കിരിക്കാൻ മറിയം ഇറങ്ങിനടക്കുമ്പോൾ ഒരു ബീഡിത്തിരി അവൾക്കെതിരെ ഇരുട്ടിലൂടെ നീങ്ങി. മാത്യു അപ്പനാവാൻ പറ്റാത്ത പകുതിഭാഗത്തെപ്പറ്റി പിന്നെ തീരെ ആലോചിച്ചതേയില്ല.

(*സ്റ്റിഗ്മാറ്റ: പിതാവായ യേശു കുരിശ് ചുമന്നപ്പോഴുണ്ടായ അഞ്ച് മുറിവിന്റെ പാടുകൾ).


Summary: Stigmata, Malayalam short story written by Salu Abdul Karim published in Truecopy Webzine packet 285.


സലു അബ്ദുൽ കരീം

കഥാകൃത്ത്, നോവലിസ്റ്റ്. എഞ്ചിനീയറിംഗ് കൺസൽട്ടന്റ്. ബഞ്ജാര (യാത്രാവിവരണം), മരണപ്രാക്ക് (നോവൽ) എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments