ചിത്രീകരണം : ദേവപ്രകാശ്

ആമ്പൽപ്പാടത്തെ ചങ്ങാടം

ഒന്ന്

രീരത്തിന്റെ ചുമട് താങ്ങി നീന്താൻ ശേഷിയില്ലാത്തതിനാലാണ് ജോർജ് കുട്ടി ചങ്ങാടത്തിൽ അക്കരെ കടക്കാൻ തീരുമാനിച്ചത്.
​ക്ലീറ്റസിന്റെ ചങ്ങാടമാണ്. വാഴപ്പിണ്ടിയും കമുകിൻ തടിയും പൂവരശിൻ പത്തലുമൊക്കെ കൂട്ടി വരിഞ്ഞ് കട്ടിലിന്റെ വീതിയുള്ള ചങ്ങാടം. കടത്തുകാരൻ ടോമി പത്തരയ്ക്ക് കടത്ത് പൂട്ടി പോയാൽ എടത്വായിൽ നിന്ന് വരുന്ന ക്ലീറ്റസ് അക്കരെ കടക്കാൻ ഉണ്ടാക്കിയ താൽക്കാലിക ചങ്ങാടമാണ്. 10 മണിക്ക് വേണാട്ടുകാടിലേക്ക് പോകുന്ന എ- 52 ബോട്ടിലാണ് എടത്വായിലെ ജോലി കഴിഞ്ഞ് ക്ലീറ്റസ് പുല്ലങ്ങടി വിളക്കുമരം ജെട്ടിയിൽ വന്നിങ്ങുന്നത്. മറുകരയിൽ ജെട്ടിയില്ലാഞ്ഞിട്ടല്ല. അക്കരെ ആശ്രമം ജെട്ടിയിലിറങ്ങിയാൽ അരമണിക്കൂർ ക്ലീറ്റസിന് വീട്ടിലേക്ക് നടക്കേണ്ടി വരും. ആ ആയാസകരമായ നടത്തം ഒഴിവാക്കാനാണ് ക്ലീറ്റസ് ഇക്കരെ വിളക്കുമരം ജെട്ടിയിലിറങ്ങുന്നത്. വിളക്കുമരം ജെട്ടിക്ക് നേരെ അക്കരയാണ് ക്ലീറ്റസിന്റെ വീട്. ജെട്ടിയിലിറങ്ങി ടോമിയുടെ കടത്തിൽ വീട്ടു കടവിൽ തന്നെ ക്ലീറ്റസിന് ഇറങ്ങാം. ബോട്ട് താമസിച്ചു പോയാൽ അക്കരയ്ക്കു പോകാൻ ക്ലീറ്റസ് ഉണ്ടാക്കിയ താൽക്കാലിക ചങ്ങാടമാണ് അത്.
എ- 52 ബോട്ടിൽ ക്ലീറ്റസ് ജെട്ടിയിൽ വന്നിറങ്ങാത്ത ദിവസമായിരുന്നു അത്.

അന്ന ജോർജ് കുട്ടിക്ക് മെസേജ് അയച്ചു, ""ബോട്ട് വന്നു. ക്ലീറ്റസ് അച്ചായൻ ഇല്ല. വിളിച്ചിട്ട് ഫോൺ സ്വിച്ച് ഓഫാണ്.''
ജോർജ് കുട്ടി: ""അപ്പോൾ ഇന്നിനി വരാൻ സാധ്യതയുണ്ടോ''
അന്ന:""ഇല്ല. സാധാരണ ഈ ബോട്ട് കിട്ടിയില്ലെങ്കിൽ വെളുപ്പിനെ അഞ്ചരയുടെ ചമ്പക്കുളം ബോട്ടിലേ വരൂ.''
ജോർജ് കുട്ടി അപ്പോൾ ചോദിച്ചു, ""എങ്കിൽ ഞാൻ വരട്ടെ.''
അന്ന തെല്ലു സമയം നിശബ്ദതയായി. പിന്നെ പറഞ്ഞു,""വന്നോളൂ. പക്ഷേ ഇനി ഒരിക്കലും വരരുത്. ഇന്ന് കൊണ്ട് എല്ലാം അവസാനിപ്പിക്കണം.''

ജോർജ് കുട്ടിക്ക് അത് സമ്മതമായിരുന്നു. ഒരു സെക്കന്റ് പോലും കളയാതെ ബോധം ഒരിട തെറ്റാതെ അന്നയുടെ ഓരോ തുള്ളിയും രുചിച്ചാൽ മതി. പിന്നെ അതിനി ആവർത്തിക്കാൻ തോന്നില്ല.അയാൾക്ക് ഉറപ്പാണ്.
ജോർജ് കുട്ടി പറഞ്ഞു, ""ഞാൻ വരുന്നു.''

പെട്ടെന്ന് ഒരു മഴ വന്നു വീണു. അയ്‌വേലിക്കാട് മുഴുവൻ പെരുമഴ തുടങ്ങി. തുലാം മാസമാണ്. ആറു മണിക്ക് ഒന്നു നിന്ന മഴ ജോർജ് കുട്ടിയുടെ തീരുമാനം അറിഞ്ഞതിനു ശേഷം പെയ്യാൻ ഇരിക്കുകയായിരുന്നു. പാടവരമ്പിലെ മുഴുവൻ വൈദ്യുതി പോസ്റ്റുകളിലെയും വെളിച്ചങ്ങൾ ഒരു ഇടിയിൽ കെട്ടു. മിന്നൽ ഇടയ്ക്ക് ടോർച്ച് പോലെ മിന്നിച്ച വെളിച്ചത്തിൽ ജോർജ് കുട്ടി ശീഘ്രം നടന്നു. കാലിൽ ഒരു കക്ക ഇടയ്ക്ക് കീറി. ചെളിയിൽ ചെരുപ്പ് താഴ്ന്നു. അത് വലിച്ചൂരി വിളക്കുമരം ജെട്ടിയിലെത്തി ജോർജ് കുട്ടി പമ്പയാറിൽ കാൽ കഴുകി.

അക്കരെ വരെ പെരുമഴയത്ത് തിരമാലയുടെ വെള്ളിത്തകിട് പോലെ കിടക്കുന്ന ആറിനെ ഓരോ മിന്നലിലും ജോർജ് കുട്ടി കണ്ടു. സംഹാരരുദ്രയെ പോലെയാണ് പമ്പ. ഈ ശരീരവും താങ്ങി അക്കരെ നീന്തി കടക്കാനാവില്ല, ജോർജ് കുട്ടിക്ക് മനസിലായി.

മറുകരയിൽ വെളിച്ചം മുഴുവൻ കെട്ടുപോയ പ്രദേശത്ത് അന്നയുടെ വീട്ടു തിണ്ണയിൽ മാത്രം ഒരു മെഴുകുതിരി കത്തി നിന്നു. അക്കരെ നിന്നും അയാൾ വരുന്നത് കാത്ത് ആ പെണ്ണ് കാത്തു നിൽക്കുകയായിരുന്നു.

രണ്ട്

തെല്ലു നേരത്തെ അങ്കലാപ്പിനു ശേഷം ജോർജ് കുട്ടി ക്ലീറ്റസ് ഉണ്ടാക്കിയ ചങ്ങാടം കണ്ടു. തൊട്ടപ്പുറം പെണ്ണുങ്ങൾ കുളിക്കുന്ന കുളിക്കടവിന്റെ തീരത്തെ പൂവരശിൻ മരക്കീഴെയാണ് അത് ഓളം തല്ലിക്കിടന്നത്. പെട്ടെന്ന് ആഹ്‌ളാദം നുരയ്ക്കുന്ന ഒരു ശബ്ദം മഴയെ തോൽപ്പിച്ചു തന്റെ ചെവിയെ വിശ്വസിപ്പിക്കാൻ ഉണ്ടാക്കി ജോർജ് കുട്ടി അരയറ്റം വെള്ളത്തിലിറങ്ങി അതിനരികിലെത്തി. ജലത്തിലേക്ക് താഴ്ന്ന് കിടന്ന പൂവരശിൻ കൊമ്പിൽ നിന്നും ചങ്ങാടത്തിന്റെ കെട്ടഴിച്ചു. വലിച്ച് ജെട്ടിലെത്തിച്ചു.

ജെട്ടിക്കരികിൽ വാഴപ്പിണ്ടിയുടെ വെട്ടത്തിൽ ചങ്ങാടത്തെ ഒന്നൂടെ കണ്ണു തുറന്ന് വീക്ഷിച്ചു. പിന്നെ അരയറ്റം വെള്ളത്തിൽ നിന്ന് ചങ്ങാടത്തിനു മേലേക്ക് ആയാസപ്പെട്ട് വലിഞ്ഞു കേറാൻ നോക്കി. ഒരോ ഇടിമിന്നൽ വെളിച്ചത്തിലും ജോർജ് കുട്ടി ചങ്ങാടത്തിലേക്ക് നിരങ്ങിക്കേറാൻ പ്രയാസപ്പെട്ടു. പക്ഷേ വാഴപ്പിണ്ടിയുടെ മെഴുകലിൽ തെന്നി ഓരോ വട്ടവും ജോർജ് കുട്ടി വെള്ളത്തിൽ പോയി. പല ശ്രമവും പരാജയപ്പെടുത്തിയ ആ വാഴപ്പിണ്ടി മിനിസം പക്ഷേ അയാളെ അന്നയുടെ ഉടലിനെ ഓർമിപ്പിച്ചു. അയാൾ പിന്നെയും പിന്നെയും അതിലേക്ക് കേറാൻ ശ്രമിച്ചു കൊണ്ടിരുന്നു.ഒടുവിൽ വാഴപ്പിണ്ടിയുടെ മാർദവത്തെ തോൽപിച്ച് അരികിൽ കെട്ടിയിട്ടിരുന്ന ഒരു തെങ്ങിൻ കീറിനെ മുറുകെ പിടിച്ച് ജോർജ് കുട്ടി അതിലേക്ക് കയറിയെന്നായി.

ചങ്ങാടത്തിൽ കയറിയ പാടെ പക്ഷേ ഒരറ്റം ജലത്തിലേക്ക് ചെരിഞ്ഞ് അയാൾ നദിയിലേക്ക് തന്നെ മറിഞ്ഞു. ഒരു വശം ഭാരം കെട്ട ചങ്ങാടമാണ് അതെന്ന് അയാൾക്ക് ഇരുട്ടിലും മനസിലായി. പെരുമഴയത്ത് പകുതി നദിയിൽ മുങ്ങിയ ചങ്ങാടത്തെ ഒരൊറ്റ മിന്നലിൽ അയാൾ ദർശിച്ചു. വീണ്ടും ഒരു വട്ടം കൂടി ചെരിഞ്ഞ് കേറാൻ ശ്രമിച്ചെങ്കിലും മറിഞ്ഞ് വീണ് ചങ്ങാടത്തിന്റെ താഴെ മുങ്ങിപ്പൊങ്ങാനായിരുന്നു അയാളുടെ വിധി. ആ മുങ്ങലിൽ അയാളുടെ നിറുകയിലും മൂക്കിലും വെള്ളം കയറി. അയാൾ ശ്വാസം മുട്ടി ചുമച്ചു. സമീപത്ത് മഴ മൂലം നദി ഒഴുക്കി കൊണ്ടു വന്ന ചപ്പ് ചവറുകളും ഇലപ്പടർപ്പുകളും കൂട്ടിക്കെട്ടി ചങ്ങാടം സമതലമാക്കാൻ അയാൾ നോക്കി. കിഴക്കു നിന്ന് പമ്പയാറ് ഒഴുക്കിക്കൊണ്ടു വരുന്ന ഇലപ്പടർപ്പുകളും ചെറുമരക്കൊമ്പുകളും നീന്തിയെത്തി വലിച്ചു കൊണ്ടു വന്ന് ജോർജ് കുട്ടി ചങ്ങാടത്തിന്റെ ഭാരമില്ലാ സ്ഥലത്ത് കൂട്ടിക്കെട്ടാൻ ശ്രമിച്ചു. അൽപം ഭാരം കൂടിയ ഒന്ന് വേണമായിരുന്നു അയാൾക്ക്.

കിഴക്കത്തെ ചെങ്കല്ല് കലങ്ങി രണ്ട് ഇലപ്പടർപ്പകൾ നീണ്ടു കിടക്കുന്ന ഒരു ചെറുമരം മുങ്ങിയും താഴ്ന്നും ഒഴുകി വരുന്നുണ്ടായിരുന്നു.
ദൈവം തനിക്കൊപ്പമെന്ന് ദീർഘ നിശ്വാസത്തിൽ മഴയെയും ഇരുട്ടിനെയും കൂസാതെ അയാൾ മുങ്ങി നീന്തി അതിന്റെ ചില്ലയിൽ പിടിച്ചു. എന്റെ കർത്താവേ എന്ന് കൃതജ്ഞാഭരിതനായി.അതൊരു ലക്ഷണമൊത്ത ചെറുമരമായിരുന്നു.

ജോർജ് കുട്ടി ആ മരക്കൈയിൽ ആഞ്ഞ് വലിച്ച് ചങ്ങാടത്തിലേക്കടുപ്പിച്ചു. ആ ചങ്ങാടത്തിനു ചേരുംപടി ചേരുംവണ്ണം കൃത്യമായ ആ കുറ്റിമരത്തെ ചങ്ങാടത്തിന് അടിയിൽ അയാൾ വരിഞ്ഞ് കെട്ടി. കമിഴ്ന്ന് കിടന്ന ആ ചെറുമരത്തിന് മേൽ ചങ്ങാടം നദിക്ക് മേൽ ഉയർന്ന് കിടന്നു. അയാൾ ചാടി ചങ്ങാടത്തിനു മേൽ കയറി. കൃത്യം ഇനി എങ്ങനെ കാൽ അകത്തിയാലും നിന്നാലും മറിഞ്ഞാലും നില തെറ്റി വീഴില്ല. മഴയിൽ തിരയിൽ മിന്നലിൽ നദിക്ക് കുറുകെ ജോർജ് കുട്ടി ചങ്ങാടം ഊന്നി. മധ്യത്തിലെ ആഴമെത്തിയപ്പോൾ ജലത്തെ കീറി തുഴഞ്ഞു.
അക്കരെ തൊടാമെന്നായപ്പോൾ അയാൾ നദിയിലേക്ക് ചാടി. അരയറ്റം വെള്ളത്തിൽ ചങ്ങാടത്തെ കടവത്ത് കെട്ടിയിട്ട് നനഞ്ഞ ശരീരവുമായി അന്നയുടെ മുന്നിൽ ചെന്ന് നിന്നു. മഴ കൊള്ളാതെ തന്നെ അന്ന നനഞ്ഞ് നിൽക്കുകയായിരുന്നു.

ആ നേരം മുഴുവൻ താണ്ടിയ യാതനകൾ കരച്ചിൽ പോലെ വന്ന അയാൾ അവളെ വലിച്ച് മഴയത്തേക്കിട്ടു. അന്നാ എന്നു വിളിച്ചു തീരും മുമ്പേ അവൾ അയാളുടെ ചുണ്ടുകൾ ചുണ്ടുകൾ കൊണ്ട് അടച്ചു. മഴ അവളുടെ എണ്ണ മിനുസത്തിൽ തൊടാനാവാതെ വീണുകൊണ്ടിരിക്കവേ ജോർജ് കുട്ടി അഞ്ചര ബോട്ടിനു മുന്നേ തിരിച്ചു പോകേണ്ടതാണല്ലോ എന്നാലോചിച്ച് സമയം മെനക്കെടുത്താതെ അവളുടെ ശരീരത്തിൽ ബദ്ധശ്രദ്ധനായി.

അന്നേക്ക് ഇരുപത് വർഷം മുമ്പ് ക്ലീറ്റസ് അന്നയോട് പ്രേമം പറയുകയാണ്. അതും ഒരു ചങ്ങാടത്തിന്റെ മുകളിൽ വെച്ചായിരുന്നു... ഏപ്രിൽ അവസാനം സ്‌കൂൾ അടയ്ക്കുന്ന സമയം. കണ്ടങ്കരി ദേവിവിലാസം ഹൈസ്‌ക്കൂളിൽ പത്ത് എയിലായിരുന്നു ക്ലീറ്റസും അന്നയും. പത്തിലെ അവസാന പരീക്ഷയും കഴിഞ്ഞ് കുമാരച്ചോവന്റെ കടത്തേൽ കേറി വീട്ടിലേക്ക് മടങ്ങി വരുന്നു. ഇന്നു കൂടി പറഞ്ഞില്ലേൽ അന്നയോട് പ്രേമം പറയാനാവില്ലന്ന് ക്ലീറ്റസിനറിയാം. പ്രീഡിഗ്രിക്ക് എടത്വാ സെന്റ് അലോഷ്യസ് കോളേജിൽ അവൾ പഠിക്കാൻ വരുമോന്ന് ആർക്കറിയാം.

ഏപ്രിൽ അവസാനമാണ്. പാടത്ത് കൊയ്ത്ത് കഴിഞ്ഞ് വെള്ളം കയറ്റിയിട്ടിട്ട് നാളുകളായി. പാടത്ത് വെള്ളം കാണാത്ത വണ്ണം ആമ്പൽപ്പൂക്കൾ നിറഞ്ഞു കിടക്കുന്നു. നമ്മൾക്ക് ആമ്പൽപ്പൂ പറിച്ചാലോയെന്ന് ക്ലീറ്റസ് അന്നയുടെ മുന്നിൽ തന്ത്രശാലിയായി. ക്ലാസ് തീർന്ന ഒറ്റപ്പെടലിന്റെ സങ്കടം അന്നയെ അതിന് സമ്മതിപ്പിക്കാൻ പര്യാപ്തമായിരുന്നു. അന്നേ ചങ്ങാട നിർമാണത്തിൽ വിദഗ്ധനായിരുന്ന ക്ലീറ്റസ് അവളെ അവന്റെ ചങ്ങാടത്തിൽ കയറ്റി ആയിരത്തൊമ്പത് പാടത്തിന്റെ മധ്യത്തിലേക്ക് കൊണ്ടു പോയി.

ഒന്നുമില്ല. ആമ്പൽപ്പാടത്തിന് നടുവിലെ ചങ്ങാടത്തിൽ നിന്ന് നട്ടുച്ചയിൽ അവൻ പ്രേമം പറഞ്ഞ് അവളെ അനുവാദത്തോടെ ചുംബിച്ചു. ചങ്ങാടം ബാലൻസ് തെറ്റി മറിയുമോന്ന് പേടിച്ച് അവൾ അവന്റെ ചുമലിൽ പിടിച്ച് വീഴാതെ നിന്നു. അവൻ അവസാനിപ്പിക്കുമ്പോൾ ആ വിടുതലിൽ ചങ്ങാടം മറിഞ്ഞു പോകുമെന്ന് പേടിച്ച് ബാലൻസ് തെറ്റാതിരിക്കാൻ അവളും ചുംബിച്ചു.

ആമ്പൽപ്പാടത്തെ ആ ചങ്ങാടം ഓർക്കുമ്പോൾ സങ്കടം മൂത്ത് അന്ന ജോർജ് കുട്ടിയെ ചുംബിക്കുന്നു. ചങ്ങാടമെന്ന പോൽ അവളെ മിറ്റത്ത് കിടത്തി അവളുടെ വാഴപ്പിണ്ടിമിനുപ്പിൽ ജോർജ് കുട്ടി ജല സമാനനായി. കനത്ത മഴ മിറ്റം നിറച്ചപ്പോൾ തളം കെട്ടിത്തുടങ്ങിയ ജലത്തിൽ അവൾ ചങ്ങാടം പോലെ ഒഴുകിത്തുടങ്ങി.

അഞ്ച് മണി ബോട്ടെത്തും മുമ്പ് ചങ്ങാടത്തിൽ ജോർജ് കുട്ടി മടങ്ങി. ഇക്കരെ ജലത്തിൽ മുങ്ങിക്കിടക്കന്ന പൂവരശിൻ മരക്കൊമ്പിൽ തന്നെ ചങ്ങാടം അയാൾ നേരത്തെ കിടന്ന വണ്ണം കെട്ടിയിടുകയുകയും ചെയ്തു.

മൂന്ന്

പിറ്റേന്ന് രാവിലെ വീട്ടിലെത്തി ഒന്നുറങ്ങിയെന്ന് ജോർജ് കുട്ടി വരുത്തിയതേയുള്ളൂ. നെടുമുടി എസ്‌.ഐ. ബാഹുലേയന്റെ നേതൃത്വത്തിലുള്ള സംഘമാണ് ജോർജ് കുട്ടിയെ വിളിച്ചുണർത്തിയത്. ഉറക്കച്ചടവിൽ പോലീസിനെ കണ്ട ജോർജ് കുട്ടി ഒന്ന് അന്ധാളിച്ചു. കൂടെ പഞ്ചായത്ത് മെമ്പർ ശ്രീകുമാറിനെ കണ്ടപ്പോഴാണ് ജോർജ് കുട്ടിക്ക് ഒരു സമാധാനമായത്.""നിങ്ങൾ പൊലീസ് സ്റ്റേഷൻ വരെ വരണം,'' കോൺസ്റ്റബിൾ രാജേഷ് പറഞ്ഞു.""എന്തോന്നാ സാറേ?'' ജോർജ് കുട്ടി ചോദിച്ചു""ഒന്നുമില്ലടാ'' മെമ്പർ ശ്രീകുമാർ പറഞ്ഞു.""നീ അവരുടെ കൂടെ ചെല്ല്.'' അയാൾ പറഞ്ഞു.

പൊലീസ് സ്റ്റേഷനിൽ ശ്രീകുമാറിനെ പുറത്തു നിർത്തി എസ്‌.ഐ. ബാഹുലേയൻ ജോർജ് കുട്ടിയെ അകത്തേക്ക് വിളിപ്പിച്ചു. തലേന്ന് ഉച്ചയ്ക്ക് കുട്ടമംഗലം ചിറയിൽ കൊണ്ട ചാറ്റൽ മഴ തൊണ്ടയിൽ ഘനീഭവിച്ച് വേദനയായതിനാൽ അൽപം ചൂടുവെള്ളം മേടിച്ചു വരാൻ ഒരു പൊലീസുകാരനോട് പറഞ്ഞിട്ട് ബാഹുലേയൻ ജോർജ് കുട്ടിയെ ക്വസ്റ്റ്യൻ ചെയ്യാൻ ആരംഭിച്ചു.

""നീയിന്നലെ എവിടാരുന്നു?''""വീട്ടിലാരുന്നു. അല്ലാതെ എവിടെ പോകാനാ സാറെ.''""ക്ലീറ്റസിനെ ഇന്നലെ മുതൽ കാണാനില്ലാന്ന് നീയറിഞ്ഞോ?''""അയ്യോ ഇല്ല സാറെ.'' ജോർജ് കുട്ടിക്ക് ഒരു അന്ധാളിപ്പ് വന്നു.""ഇന്നലെ ജോലിക്കു പോയിട്ട് ക്ലീറ്റസ് രാത്രി കഴിഞ്ഞിട്ടും ഇതു വരെ വന്നില്ല.'' ബാഹുലേയൻ വിശദീകരിച്ചു.

ബാഹുലേയൻ പിന്നെ ചോദിച്ചു, ""കഴിഞ്ഞ ദിവസം പള്ളാത്തുരുത്തി ഷാപ്പിൽ വെച്ച് നിങ്ങൾ വഴക്ക് കൂടിയോ?''
അയ്യോ അതൊക്കെ അപ്പോഴേ തീർന്നതല്ലേന്ന് ജോർജ് കുട്ടി നിസാരപുരുഷനായി.""എന്തായിരുന്നു വഴക്ക്?'' എസ്.ഐ. ബാഹുലേയൻ ചോദിച്ചു.""രാഷ്ട്രീയമാണ് സാറേ.''""പറ നീ. കേൾക്കട്ടെ.''

ഞാൻ ബിജെപീം ക്ലീറ്റസ് കോൺഗ്രസുകാരനുമാ. കാര്യം നാലഞ്ച് നൂറ്റാണ്ട് മുമ്പ് തോമാശ്ലീഹാ കുട്ടനാട്ടീൽ വന്ന് മാമോദീസ മുക്കി മാറ്റിയെങ്കിലും ഇപ്പോഴും അറേൽ കെടാവിളക്ക് കത്തുന്ന മാപ്പിളമഠം കുടുംബമാ ഞങ്ങടേത്. ശരീരത്തിൽ ആനാം വെള്ളം വീണാലോ എന്തിന്റേലും അറ്റം മുറിച്ചാലോ ആത്മാവിന് മാറ്റമുണ്ടാകുമോ സാറേ. ഞാൻ കോൺഗ്രസീന്ന് പോന്നപ്പോൾ എന്റെ കൂടെ എ-ഐ ഗ്രൂപ്പുകാര് ശകലം വീതം ഇങ്ങോട്ട് പോന്നു. അല്ലാതെ മറ്റൊന്നുമില്ല. അതവിടെ തീരുകയും ചെയ്തു.

ഇപ്പോഴാണേൽ ആ പ്രശ്‌നവും പരിഹരിക്കപ്പെട്ടു. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഞങ്ങളും വോട്ടിട്ടാ ഈ നിൽക്കുന്ന അവരുടെ ശ്രീകുമാർ ജയിച്ചത്. ജോർജ് കുട്ടി ചിരിച്ചു, അതല്ലേ വൈരാഗ്യമില്ലാതെ ശ്രീകുമാർ മെമ്പർ തന്നെ എന്റെ കൂടെ വന്നത്.

""എന്നിട്ട് അത് അടിയൊക്കെയായോ. ക്ലീറ്റസിനെ കൊല്ലുമെന്ന് നീ ഭീഷണിപ്പെടുത്തിയോ.'' ""ഒന്നുമില്ല സാറെ. ഒരു ഉന്തും തള്ളും. അതൊക്കെ തീർത്ത് കളളും കുടിച്ചിട്ടാ ഞങ്ങൾ പിരിഞ്ഞത്.''

തൽക്കാലം പൊയ്‌ക്കോളാൻ ബാഹുലേയൻ ജോർജ് കുട്ടിയോട് പറഞ്ഞു-""എപ്പോൾ വിളിച്ചാലും വരണം.''

പക്ഷേ ബാഹുലേയനോട് കടത്തുകാരൻ ടോമി പറഞ്ഞു കൊടുത്തിട്ടുണ്ടായിരുന്നു-""അത് രാഷ്ട്രീയമൊന്നുമല്ല സാറേ. അന്നയാണ് കാര്യം.''
അന്നയെ കള്ളവെടി വെക്കുന്ന കാര്യം പറഞ്ഞ് അക്കരെയിറക്കാൻ അവൻ ഒന്നു രണ്ട് പ്രാവശ്യം എന്റെ അടുത്ത് വന്നിട്ടുണ്ട്.

പുല്ലങ്ങടി തിരുക്കുടുംബ ദേവാലയത്തിലെ സൺഡേ ക്ലാസ്. വേദപാഠ ക്ലാസിൽ ജോർജ് കുട്ടിയ്ക്കും ക്ലീറ്റസിനും ഒരേ പേരായിരുന്നു. പത്രോസ്. അന്നയാകട്ടെ ത്രേസ്യയും. അന്നേ ജോർജ് കുട്ടിയ്ക്ക് അന്നയിൽ കണ്ണുണ്ട്. അങ്ങനെയിരിക്കെ ഒരു ക്രിസ്മസ് പകൽ സൺഡേ ക്ലാസിൽ ത്രേസ്യയുടെ മാർഗംകളിക്കും പത്രോസിന്റെ (ക്ലീറ്റസ്) തഴവള്ളം കളിക്കും ശേഷം ക്രിസ്മസ് ഫ്രണ്ടിനെ തിരഞ്ഞെടുക്കൽ. ക്രിസ്മസിന് നറുക്കിട്ട് തിരഞ്ഞെടുക്കുന്ന ഫ്രണ്ട് ജനുവരിയിലെ പള്ളിപെരുന്നാളിന് തന്റെ ഫ്രണ്ടിന് തന്നാലാവുന്ന സമ്മാനം നൽകണം.

പാരിഷ്ഹാളിലെ പൂക്കൾക്കും പിള്ളാരുടെ ചിരികൾക്കും സൺഡേ സ്‌കൂൾ സാറന്മാരുടെ രഹസ്യ പ്രേമത്തിനും ഉച്ചഭക്ഷണത്തിന് ഉലത്തുന്ന ബീഫ് മണത്തിനും നടുവിൽ വർണക്കടലാസ് ഒട്ടിച്ച വെള്ളിത്തളികയിൽ നിന്ന് കണ്ണടച്ച് ഓരോരുത്തരും അവരുടെ നറുക്കെടുത്ത് ചുരുളഴിച്ച് ഫ്രണ്ടിന്റെ പേര് വായിച്ചു. അങ്ങനെ അന്ന തന്റെ നറുക്ക് വായിക്കാൻ വർണക്കടലാസുകൾക്കും ഓട്ടോമാറ്റിക് ലൈറ്റുകൾക്കും നടുവിൽ കണ്ണടച്ച് നിൽക്കുമ്പോൾ ജോർജ് കുട്ടി സെന്റ് സെബാസ്റ്റ്യാനോസിന്റെ അൾത്താരയ്ക്ക് മുന്നിൽ മുട്ടുകുത്തി കണ്ണടച്ച് പ്രാർഥിക്കുകയാണ്. അവൻ അന്നയാൽ വിവശൻ-""അവൾ അവന്റെ പേര് വായിക്കണം.''

പ്രാർഥന കർത്താവ് കേട്ടുവെന്ന് നിസംശയം പറയാം. മൈക്കിൽ കൂടി തരളിതമായ ശബ്ദത്തിൽ അന്ന ആ പേര് വായിച്ചു- പത്രോസ്.
തുള്ളിയ മനസുമായി ഒരോട്ടമായിരുന്നു ജോർജ് കുട്ടി അൾത്താരയിൽ നിന്ന് പാരിഷ് ഹാളിലേക്ക്. പക്ഷേ അവൻ അവിടെ ഓടി എത്തുമ്പോൾ കാണുന്നത് അന്നയ്ക്കരികിലേക്ക് ലജ്ജയോടെ നടന്നടുക്കുന്ന ക്ലീറ്റസിനെയാണ്! ചുറ്റുമുള്ള കൈയടികൾക്ക് നടുവിൽ അന്ന കർത്താവ് തെരഞ്ഞെടുത്ത തന്റെ ഫ്രണ്ടിന് കേക്ക് മുറിച്ച് നൽകി. ഞാനാണ് ആ പത്രോസെന്ന അകം നൊന്ത ഒരു നിലവിളിയിൽ ജോർജ് കുട്ടി ഹാളിന് പിന്നിൽ അണവൽ തീരാതെ നിന്നു.

ദൈവത്തിന്റെ തിരഞ്ഞെടുക്കലുകൾ എത്ര അതിശയകരവും പ്രതീക്ഷിക്കാത്തതും വിചാരിക്കാത്തതുമാണെന്നുമോർത്തേന്ന് ടോമിയുടെ കടത്തിലിരുന്ന് ആ പഴയ സംഭവത്തിൽ അൽപം ബക്കാർഡി ബ്ലാക്ക് ചേർത്ത് ജോർജ് കുട്ടി ചിരിച്ചു.

""എന്നാലും ക്ലീറ്റസ് എങ്ങോട്ടാണ് പോയത്?'' നെടുമുടി പൊലീസ് ജെട്ടിയിൽ നിന്നും എ- 14 തായങ്കരി ബോട്ടിൽ കയറി ഇരുന്ന് വീട്ടിലെത്തും വരെ ജോർജ് കുട്ടി ആലോചിച്ചു കൊണ്ടിരുന്നു. പുല്ലങ്ങടിയിലേക്ക് ബോട്ട് അടുക്കവേ അയാൾ അക്കരെ വീട്ടുമുറ്റത്ത് അന്നയുണ്ടോയെന്ന് ബോട്ട് ജാലകത്തിലൂടെ നോക്കി. അവൾ അവിടെയില്ല.ആ മിറ്റത്ത് തലേ ദിവസം സ്വപ്നം പോലെ അനുഭവിച്ച സമ്മോഹനമായ ആ രസം അയാളെ ആ നേരവും അക്കരെ നിന്ന് വന്ന് മത്തു പിടിപ്പിച്ചു. ആനന്ദഭരിതമായ ഒരു ഉന്മാദം അയാളുടെ ശരീരത്തിൽ വന്നു നിറഞ്ഞു. അവിടെ നിന്നും ശരീരമൂരി നദിക്ക് മേലെ നടന്ന് അക്കരെയെത്തി അന്നയെ പുണരുന്നത് ആ നിമിഷം അയാൾ അനുഭവിച്ചു.

ജോർജ് കുട്ടി ജെട്ടിയിലിറങ്ങി.
തൊട്ടപ്പുറെ പൂവരിശിൻ കീഴെ നദിയുടെ ഓളത്തിൽ തട്ടി ചങ്ങാടം കിടക്കുന്നത് അയാൾ അപ്പോഴും കണ്ടു.

നാല്

സത്യത്തിൽ ക്ലീറ്റസിന്റെ തിരോധാനം സംബന്ധിച്ച് ജോർജ് കുട്ടിയെ സംശയിക്കാനുള്ള സാഹചര്യം ആ പുലർച്ചെ തന്നെ അവസാനിച്ചിരുന്നു.

എടത്വാ പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന ഒരു സംഭവമാണ് അതിന് കാരണമായത്. അന്ന് രാവിലെ ഏകദേശം പത്തു മണിയോടെ ഒരാൾ എടത്വാ പാലത്തിന് മേലെനിന്നും താഴെ ആറ്റിലേക്ക് ചാടിയെന്നതായിരുന്നു അത്. സെന്റ് അലോഷ്യസ് കോളേജിൽ ബി.എസ്‌സി. കെമിസ്ട്രി പ്രാക്ടിക്കൽ പരീക്ഷക്ക് പേപ്പർ നൽകി നേരത്തെയിറങ്ങിയ ഒരു കുട്ടിയാണത് കണ്ടത് (ആ കുട്ടിയും ആ ദിവസം ഒരു പ്രണയ പരാജയത്തിന്റെ സങ്കടം വിങ്ങിയാണ് പരീക്ഷ നന്നായി എഴുതാതെ നേരത്തെ ഇറങ്ങിയത്).

ചമ്പക്കുളത്തു നിന്നും വരുന്ന ബോട്ട് എടത്വായിലെത്തി കുറച്ചു സമയം കഴിഞ്ഞു കാണും. രാവിലെ മഴ ഒന്നു തോർന്നതേയുള്ളു. ഒരാൾ പാലത്തിനു നടുവിലെത്തിയ പാടെ തെല്ലു നേരം വെറുതെ അങ്ങോട്ടുമിങ്ങോട്ടുമുലാത്തി. അവിടെ നിന്ന് കാണാവുന്ന എടത്വാ പുണ്യാളച്ചന്റെ പള്ളി മേലെയുള്ള കുരിശിനെ നോക്കി നിന്നു. പിന്നെ അയാൾ കൗതുകമെന്ന വണ്ണം പാലത്തിന്റെ കൈ വരിയിൽ ഇരുന്ന് ചുറ്റുപാടും നോക്കി. പിന്നെ തിരിഞ്ഞു നിന്ന് ആറ്റിലേക്ക് ചാടി. വോളുമെട്രിക് അനാലിസിസിൽ കുമിളകൾ ഉയർന്നു വരുന്നതു പോലെ അയാൾ മുങ്ങിത്താഴ്ന്നിടത്ത് ചുഴിയും കുമിളകളും ഉയർന്ന് വരുന്നത് നോക്കി എടത്വാ കോളേജിലെ കെമിസ്ട്രി വിദ്യാർഥി നിന്നു.

അന്ന് പകൽ മുഴുവൻ പൊലീസും നാട്ടുകാരും ആറ്റിൽ മുങ്ങിത്തപ്പി. ഇടയ്‌ക്കൊന്ന് മഴ കനത്തപ്പോൾ മന്ദഗതിയായതൊഴിച്ചാൽ രക്ഷാ പ്രവർത്തനം കുറ്റം പറയാൻ മേലാത്തവിധം നടന്നു. അയാളെ കണ്ടു കിട്ടിയില്ല. സ്‌പെഷ്യൽ ബോട്ടുകളിൽ പോലീസ് ചങ്ങങ്കരി വരെ അങ്ങോട്ടുമിങ്ങോട്ടും പാഞ്ഞ് പായലും പോളയും വാരി. കക്കാ വാരുകാരെ പ്രത്യേകം വരുത്തി ആഴങ്ങളിലേക്ക് മുങ്ങാൻ പറഞ്ഞു. ചങ്ങങ്കരി തോട്ടിൽ മണ്ണു വാരുന്നവർ അന്നത്തെ പണി ഉച്ചയോടെ നിർത്തി ആറ്റിൽ മുങ്ങിപ്പോയവനെ തിരഞ്ഞു. പ്രത്യേക മുങ്ങൽ വിദഗ്ധർ തലവടിയിൽ നിന്ന് എത്തി. അപ്പോഴൊക്കെയും ആ വിദ്യാർഥി സങ്കടം വിങ്ങി കരയ്ക്കിരുന്നു. മഴ വന്നും പോയുമിരുന്നു. ഇനിയെന്താ, നേരത്തോട് നേരം കഴിയുമ്പോൾ തനിയെ പൊങ്ങിക്കോളും. പ്രായമായ ഒരാൾ അവനോട് പറഞ്ഞു.

ആറ്റിൽ മുങ്ങിയ ഒരാൾ നേരത്തോട് നേരം കഴിയുമ്പോൾ പൊങ്ങി വരുന്നത് കണ്ടിട്ടുണ്ടോ. ആദ്യം നിൽക്കുന്ന അയാളുടെ തലയാണ് നമ്മൾ കാണുക. ജലത്തിൽ കറുത്ത നിഴൽ പോലെ നമ്മൾ ഉച്ചി കാണും. അയാൾ ജലത്തിനു താഴെ ഭൂമിയിൽ തൊടാതെ നിൽക്കുന്നതു പോലെയായിരിക്കും. പിന്നെ പിന്നെ അയാളുടെ ശരീരം മലർന്ന് മേലോട്ട് മറിഞ്ഞു മറിഞ്ഞു വരും. ആദ്യം ലംബമായി നിൽക്കുന്ന ആൾ സമയം പിന്നിടുമ്പോൾ ഓരോ കോണുകൾ സൃഷ്ടിച്ച് ജലത്തിന് സമാന്തരമാവും. എന്നാലോ ജലത്തിനു താഴെ കുറച്ചു നേരം മുകളിലേക്ക് നോക്കി കിടക്കും. ഒടുവിൽ ജലത്തിന്റെ ഉപരിതലത്തിലേക്ക് കട്ടിൽ പോലെ ഉയർന്നു വരും. പിന്നെ ചങ്ങാടം പോലെ ഒഴുകാൻ തുടങ്ങും.

ആ രാത്രിയുടെ മുങ്ങിത്തപ്പൽ കഴിഞ്ഞ് നേരത്തോട് നേരം കഴിഞ്ഞതിനാൽ ശവം പൊങ്ങിയിട്ടുണ്ടാവുമെന്നും ഇനി മുങ്ങൽ വിദഗ്ധരുടെ ആവശ്യമില്ലെന്നുമുള്ള നിഗമനത്തിൽ പൊലീസ് എത്തി. ശവം ഒഴുകിപ്പോകാൻ സാധ്യതയുള്ള വഴികളിൽ തിരച്ചിൽ തുടരാനും തീരുമാനമായി. എടത്വായിൽ നിന്ന് ചങ്ങങ്കരി വഴി മാമ്പുഴക്കരിക്കും തായങ്കരിയിലെ ചെറു തോട് കടന്ന് തകഴിക്കും നേർ വിപരീതം പോയാൽ കൊല്ലത്തേക്കും ശവം പോകാം. നേർവഴിയാണ് ശവത്തിന്റെ പദ്ധതിയെങ്കിൽ ചമ്പക്കുളം വഴി കൈനകരി കടന്ന് വേമ്പനാട്ട് കായലിലെത്താം. വേണമെങ്കിൽ കായൽ കടന്ന് പടിഞ്ഞാറ് കടലിൽ ചെന്നും വീഴാം. കൈനകരി തിരിഞ്ഞു പോയാൽ കോട്ടയം റൂട്ടെടുക്കാനും സാധ്യതയുണ്ട്.

ഇതൊക്കെ സമീപപ്രദേശത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും ഉത്തരവാദിത്തബോധമുള്ള എടത്വാ പോലീസ് അറിയിച്ചു.

അന്ന് പുലർച്ചെയാണ് എടത്വാ പോലീസ് സ്റ്റേഷനിൽ നിന്ന് ആറ്റിൽ ചാടി കാണാതായ മനുഷ്യനെപ്പറ്റി നെടുമുടി പൊലീസ് സ്റ്റേഷനിൽ വിവരമെത്തിയത്. ഒരു ശവം ഒഴുകി വന്നേക്കാം. ഒന്നു തിരയണം.

സംഭവം എടത്വായിൽ ആയതിനാലും ക്ലീറ്റസ് എടത്വായിൽ ജോലിക്കു പോയതിനാലും അത് ക്ലീറ്റസ് ആണെന്ന ഊഹത്തിലാണ് കുറ്റാന്വേഷകനായ ബാഹുലേയൻ എത്തിയത്. ശവം കണ്ടു പിടിക്കാൻ അയാൾ മിന്നൽപ്പൊലീസ് സ്പീഡ് ലോഞ്ചിൽ വേമ്പനാട്ട് കായലിലേക്കും തിരിച്ച് ചമ്പക്കുളത്തേക്ക് പൊലീസിന്റെ സ്‌പെഷ്യൽ ബോട്ടും വിട്ടു. കുട്ടനാട്ടിലെ തോടും കായലും ആറും അരിച്ചു പെറുക്കിയുള്ള അന്വേഷണത്തിന് എസ്‌.ഐ. ബാഹുലേയൻ ഉത്തരവിട്ടു.

അഞ്ച്

സത്യത്തിൽ ശരീരത്തിന്റെ ഭാരം ഇല്ലാതായപ്പോൾ പെരുമഴയുടെ ആ വൈകുന്നേരം ഏഴുമണിയോടെ തന്നെ ക്ലീറ്റസ് മുകളിലേക്ക് ഉയർന്നിരുന്നു. ഇരുട്ടിലേക്കും മഴയിലേക്കും നോക്കി നദിയുടെ മേലെ ക്ലീറ്റസ് കിടന്നു.

വിവാഹം കഴിഞ്ഞ ആദ്യ ദിവസം അന്നയുമായി ക്ലീറ്റസ് ഇങ്ങനെ കിടന്നിട്ടുണ്ട്.""ആരും കേൾക്കണ്ട. വാ പുറത്തേക്ക് വാ,'' പുലർച്ചെ രണ്ടായപ്പോൾ കല്യാണവീട് നിശബ്ദമായി കുറച്ചു കഴിഞ്ഞപ്പോൾ ക്ലീറ്റസ് അന്നയെ പതിയെ വിളിച്ചു.
അപ്പുറെ അപ്പനും അമ്മച്ചിയും ഉണരാത്തവണ്ണം കാൽ താഴെ തൊടാതെ ഒഴുകിയാണ് രണ്ടു പേരും പുറത്തേക്കിറങ്ങിയത്.

നിലാവിൽ പമ്പയാറ് അനക്കമില്ലാതെ കിടന്നു. ജലം ഉറങ്ങിക്കിടക്കുവാരുന്നു. അവർ കാൽ നനച്ചപ്പോൾ ജലം ഉറക്കച്ചടവോടെ അനങ്ങി.

രണ്ടു പേരും നദിയിലേക്കിറങ്ങി. ആറ്റിൽ രണ്ടു പേരും മുങ്ങി. ചങ്ങാടം പോലെ അന്നയുടെ ശരീരത്തെ ക്ലീറ്റസ് പുഴയ്ക്കു മേലെ കിടത്തി. മറ്റൊരു ചങ്ങാടമായി അയാളും പുഴയ്ക്ക് മേലെ കിടന്നു. നിലാവിലേക്ക് നോക്കി രണ്ടു പേരും ആറിനു മേലെ പകുതി മുങ്ങിക്കിടന്നു. നിലാവിൽ ജലത്തിലെ അവളുടെ നിമ്‌നോന്നതങ്ങളിൽ ക്ലീറ്റസ് അസൂയപ്പെട്ടു. ജലത്തിലും അവളിലും അയാൾ മുങ്ങാങ്കുഴിയിട്ടു.

എട്ടുമണിയോടെ ക്ലീറ്റസിന്റെ ശരീരം ചങ്ങങ്കരിയിലെത്തി. കിഴക്കൻ വെള്ളത്തിന്റെ വരവ് പതിൽ കവിഞ്ഞ വേഗതയായതിനാൽ സ്പീഡിലായിരുന്നു ക്ലീറ്റസിന്റെ യാത്ര. നീന്തൽ താരം സെബാസ്റ്റ്യൻ സേവ്യറിന്റെ വീട് ക്ലീറ്റസ് കണ്ടു. സെബാസ്റ്റ്യൻ സേവ്യർ സ്വിമ്മിങ് സ്യൂട്ട് ധരിച്ച് മഴയത്ത് കൽക്കട്ടിൽ വന്നിരിപ്പുണ്ട്. സാഫിലും ഏഷ്യാഡിലും നീന്തി സ്വർണം കൊണ്ടു വന്നവനാണ്. ക്ലീറ്റസ് അങ്ങനെ കിടക്കെ സെബാസ്റ്റ്യൻ സേവ്യർ കൽക്കട്ടിൽ നിന്ന് ആറ്റിലേക്ക് ജലം തെറിപ്പിച്ച് ചാടി .ബട്ടർ ഫ്‌ലൈ സ്‌ട്രോക്കാണ്. സെബാസ്റ്റ്യൻ സേവ്യർ തെറിപ്പിച്ച വെള്ളം ക്ലീറ്റസിന്റെ മൂക്കിൽ പതിച്ചു.

മത്സ്യങ്ങൾ ക്ലീറ്റസിന്റെ ലിംഗത്തെ മറ്റൊരു മത്സ്യമെന്ന് തെറ്റിദ്ധരിച്ച് മുട്ടി ഉരുമ്മി. പായലുകളുടെ വഴുക്കലുകൾ അയാളുടെ കവിളിൽ തൊടാതെ തൊട്ടെന്നവണ്ണം പോയി, പോളയുടെ പൂവ് കക്ഷത്തിലേക്ക് ഉയർന്ന് പിൻവാങ്ങി. നദി തുറന്നു കിടന്ന ചുണ്ടിലെത്തി അൽപ്പാൽപം വെള്ളം ക്ലീറ്റസ് പോകുന്ന ദൂരമത്രയും ഇറ്റിച്ചു.
അങ്ങനെ പോകവേ അയാളെ കണ്ടവരുണ്ട്.

മഴയത്ത് മുപ്പല്ലിയുമായി മീൻ കുത്താൻ പോയതാണ് കേശവൻ. പേമാരി കൂടിയപ്പോൾ ആയിരത്തൊമ്പത് മോട്ടർതറയുടെ ഓലയോരത്ത് കയറിയിരുന്ന് ഒരു കരിമീനെ ലക്ഷ്യം വെക്കുകയായിരുന്നു അയാൾ. മോട്ടർതറയിൽ ആറിലേക്ക് നോക്കി മോട്ടർ പണിക്കാരൻ കുര്യാക്കോസ് ഇരിപ്പുണ്ട്. പെരുമഴ നാടിനെ മുക്കാതിരിക്കാൻ രാത്രി മുഴുവൻ മോട്ടർ നടത്തി വെള്ളം ആറ്റിലേക്ക് അടിപ്പിക്കുകയായിരുന്നു അയാളുടെ ജോലി.

ആ സമയം കരിമീനിലേക്ക് കൃത്യം കേശവന്റെ മുപ്പല്ലി ഉന്നം വെക്കവേ കുര്യാക്കോസ് ഇങ്ങനെ പറഞ്ഞു, ""കേശവൻ ചേട്ടോ, ഒരു തിമിംഗലം വരുന്നുണ്ടെന്ന് തോന്നുന്നു കേട്ടോ.'' ആ ഡയലോഗിൽ ഒരു സെക്കന്റിന്റെ ഉന്നം തെറ്റലിൽ രക്ഷപ്പെട്ടുപോയ കരിമീനെ പ്രതി കേശവന്റെ വായിൽ ഒരു തെറിവന്നു.

തൊട്ടു മുമ്പത്തെ ഒരു മിന്നലിൽ ആറ്റിൻ മധ്യത്തിലൂടെ ഒഴുകുന്ന ശവത്തെ കണ്ടാണ് കുര്യാക്കോസ് അത് പറഞ്ഞതെന്നറിഞ്ഞപ്പോൾ ഒരു സങ്കടം എവിടെ നിന്നോ വന്ന് ആ തെറിയെ നിർവീര്യമാക്കി. കുര്യാക്കോസിനൊപ്പം കേശവനും ആറിലേക്ക് നോക്കി തറയിൽ കുത്തിയിരുന്നു. അടുത്ത മിന്നലിൽ തനിക്കും ശവത്തെ കാണാമല്ലോ എന്നോർത്തായിരുന്നു അത്. താമസം വിനാ ആകാശം കീറി അടുത്ത മിന്നൽ വന്നു. മിന്നൽ വെളിച്ചത്തിൽ ഒരാൾ ഒഴുകിപ്പോകുന്നത് കുര്യാക്കോസിനൊപ്പം കേശവനും കണ്ടു. അപ്പോൾ നെഞ്ചിൽ ഒരു ഇടിവെട്ടി.""അതേടാ. ആണാണെന്നാ തോന്നുന്നത്.'' കേശവൻ പറഞ്ഞു.

""ആണാണേലും മാലയോ കുറഞ്ഞത് വാച്ചോ കാണാതിരിക്കുവോ. ഒത്തു വന്നാൽ പേഴ്‌സും കാണും.'' കുര്യാക്കോസ് പറഞ്ഞത് കേശവന് അത്ര സുഖിച്ചില്ല. അയാൾ വിമ്മിട്ടപ്പെട്ടിരിക്കെ ആറ്റിലേക്ക് കുര്യാക്കോസ് എടുത്ത് ചാടി, ""നോക്കട്ടെ വല്ലോം കിട്ടിയാൽ മുറിച്ചോണ്ട് വരും.''

കേശവൻ ദേഷ്യപ്പെട്ടു, ""ഒന്നും കിട്ടിയില്ലേൽ അണ്ടി മുറിച്ചോണ്ടു വാ നീ. അല്ല പിന്നെ ശവത്തേലും ലാഭം നോക്കുന്ന കഴുവേറി.'' തൊട്ടടുത്ത മിന്നലിൽ ശവത്തിലേക്ക് നീന്തിക്കയറുന്ന കുര്യാക്കോസിനെ കേശവൻ മോട്ടർതറയിൽ ഇരുട്ടിൽ പെരുമഴയത്ത് കുത്തിയിരുന്ന് കണ്ടു.

രണ്ടാമത് കണ്ടത് സരള എന്ന എന്ന വൃദ്ധയായ വിധവയായിരുന്നു. പ്രദേശത്തെ ചാരായ വിൽപനക്കാരിയായിരുന്നു അവർ. രാത്രിയിൽ വീടിനു മുന്നിലെ ചിറയിൽ രഹസ്യമായി ചാരായത്തിന്റെ അവസാന തുള്ളിയും വലിയ കന്നാസിലേക്ക് നീരിറക്കി കുപ്പികളിലേക്ക് പകർന്ന് അന്നത്തെ അധ്വാനത്തിനു ശേഷം കടവത്ത് കുളിക്കാനിറങ്ങിയതായിരുന്നു അവർ. സരളയുടെ ഭർത്താവ് ദാമോദരനായിരുന്നു അതിന് മുമ്പ് പട്ട എന്ന പേരിട്ട് വിളിച്ചിരുന്ന പഴയ ചാരായത്തിന്റെ വിൽപനക്കാരൻ. ലഹരിയാൽ മത്തു പിടിച്ച കാൽ നൂറ്റാണ്ട് സരളയോടൊപ്പം ജീവിച്ചിട്ടാണ് ദാമോദരൻ മരിച്ചത്. ദാമോദരന് ശേഷം ഒറ്റയ്ക്കായിപ്പോയ സരള പിന്നീട് ഭർത്താവിന്റെ പാത തുടർന്ന് ചാരായവാറ്റിലേക്ക് കടന്നു.

ചാരായത്തിന്റെ ഒരു ഗ്ലാസ് തലനീര് മോന്തിയിട്ടാണ് സരള കടവത്തേക്കിറങ്ങിയത്. ചന്നം പിന്നം മഴയത്തും കാറ്റത്തും ആ വൃദ്ധ തലപെരുത്ത ആനന്ദത്തിൽ ഭാരമില്ലാതെ കൽക്കെട്ടിന്റെ പടിയിൽ നിന്നു. കാറ്റും ഐസിന്റെ മരവിപ്പ് തുള്ളിയാക്കിയ മഴയും, അവർക്ക് കുളിര് കോരി. വാള് കീറുന്ന പോലത്തെ മിന്നലിനെയും ഇടിയെയും നോക്കി അവർ ആ ഒറ്റയ്ക്ക് നിൽപിനെ ആസ്വദിച്ചു.

കിഴക്കൻ വെള്ളം മലവെള്ളപ്പാച്ചിൽ പോലെ ഒഴുകുന്നതും മരങ്ങളും ഇലപ്പടർപ്പുകളും വാഴകളും ശീഘ്രം പായുന്നതും വട്ടം കെട്ടിക്കിടക്കുന്നതും അവർ കണ്ടു. കടവത്ത് അടിഞ്ഞു കിടന്ന വള്ളിപ്പടർപ്പുകളും ചെറുചെടികളും വെള്ളത്തിൽ ഓളമുണ്ടാക്കി അകറ്റി അവർ അവർക്ക് കുളിക്കാൻ ഒരു ചെറു വൃത്തമുണ്ടാക്കി. മുറിയുന്ന തണുപ്പിൽ ഒന്നും നോക്കാതെ മുങ്ങി.

ആ മുങ്ങി നിവരിൽ ഒന്നിടി വെട്ടി. കണ്ണു തുറക്കുമ്പോൾ പകലിനേക്കാൾ കാണാവുന്ന വെളിച്ചത്തിൽ ജലത്തിനു മേലെ മലർന്നു കിടക്കുന്ന ഒരു മനുഷ്യനെ വൃദ്ധ കണ്ടു. അടുത്ത സെക്കന്റിൽ വീണ്ടും ഇരുട്ടായതിനാൽ ഞാൻ സ്വപ്നം കണ്ടതാണോന്ന് ആവൾ മദ്യലഹരിയിൽ കാലു തെറ്റി വീഴാതെ കൽക്കെട്ടിൽ പിടിച്ച് ആശ്ചര്യപ്പെട്ടു. അടുത്ത സെക്കറിലെ വെളിച്ചത്തിൽ ആ പുരുഷ ശരീരം കണ്ടപ്പോൾ വിധവ എന്റെ ദാമോദരാ എന്ന് നിലവിളിച്ചു. ആ രാത്രി മുഴുവൻ ദാമോദരനെ വിളിച്ച് കരഞ്ഞു കൊണ്ട് അവർ ഒരു കുപ്പി ചാരായം തീർത്തു.

അത് പക്ഷേ ക്ലീറ്റസാണോന്നറിയില്ല. എസ്.ഐ. ബാഹുലേയനോട് പിറ്റേന്ന് സരള പറഞ്ഞു. ആ പുലർച്ച വരെ നീണ്ട തെരച്ചിലിനു ശേഷം ചമ്പക്കുളത്തേക്ക് പോയ പൊലീസ് സ്‌പെഷ്യൽ ബോട്ടും കായലിലേക്ക് പോയ മിന്നൽപ്പൊലീസ് സ്പീഡ് ലോഞ്ചും വെറും കൈയോടെ മടങ്ങി വന്നു.
അങ്ങനെയൊരു ശവം എവിടെയും കണ്ടില്ല.

ആറ്

മൂന്നാം ദിവസം ജോർജ് കുട്ടി വെളുപ്പിനെ അഞ്ചരയുടെ എ- 41 ബോട്ടിൽ ചമ്പക്കുളത്ത് പോകാൻ ജെട്ടിയിൽ വന്നിരിക്കുകയായിരുന്നു. ആ ബോട്ടേൽ പോകാൻ വന്ന ചിലരൊക്കെ അക്കരേലോട്ട് നോക്കി, ഒഴുകിപ്പോയ ക്ലീറ്റസിനെ പറ്റി പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. അക്കരെ നേരം വെളുത്തിട്ടില്ല. അന്ന ഉറങ്ങുകയായിരിക്കുമെന്ന് ജോർജ് കുട്ടി വിചാരിച്ചു. അവളുടെ ഉറക്കം ആലോചിക്കെ അയാളുടെ ഉള്ളിൽ പ്രേമം മത്തുപിടിച്ചു തുടങ്ങി. തൊട്ടപ്പുറെ കടവിനരികിൽ പൂവരശിൻ കൊമ്പിൽ കെട്ടിയിട്ടിരിക്കുന്ന ചങ്ങാടം അയാൾ പിന്നെയും കണ്ടു. അതിലെ വാഴപ്പിണ്ടി കണ്ടപ്പോൾ അയാൾ അന്നയെ കൂമ്പിൻതേൻ പോലെ കൊതിച്ചു.

പെരുമഴ പെയ്ത രാത്രിയുടെ പിറ്റേപ്പുലർച്ചയാണ്. പമ്പയാറ് മുഴുവൻ കിഴക്കൻ മണ്ണ് വന്ന് കലങ്ങിക്കിടക്കുകയാണ്. കമ്പുകളും ഇലകളും മരക്കൊമ്പുകളുമാണ് ആറ് നിറയെ.

ബോട്ട് വന്നടുത്ത പാടെ പെട്ടെന്ന് മെഷീൻ ഓഫായി. താഴെ എഞ്ചിനിൽ എന്തോ കുരുങ്ങിയതാണ്. ഒരു ഇലയോ വള്ളിയോ മരക്കൊമ്പോ എന്തെങ്കിലും. ബോട്ടിന്റെ സ്രാങ്ക് പീറ്ററും ലാസ്‌കർ വിനീഷും പെട്ടെന്ന് യൂണിഫോം മാറ്റി തോർത്തുടുത്തു. ഇരുവരും തുലാത്തിലെ തണുത്ത ആറിലോട്ട് മുങ്ങാങ്കുഴിയിട്ട് ബോട്ടിനടിയിലേക്ക് പോയി.

ഒന്ന് മുങ്ങി പൊങ്ങ വന്ന പാടെ കണ്ടക്ടർ ജെറിനോട് പീറ്റർ കാര്യമായിട്ടെന്തോ എഞ്ചിനിൽ ചുറ്റിയിട്ടുണ്ട് എന്ന് പറഞ്ഞു.
ശ്വാസം ആഞ്ഞ് വലിച്ച് പിന്നെയും താഴേക്ക് മുങ്ങി.

അടുത്ത മുങ്ങി എഴുന്നേൽക്കലിൽ ഒരു ഏക്കലിൽ അന്ധാളിപ്പോടെ വെള്ളം കുടിച്ചാണ് പീറ്റർ മുകളിലേക്ക് വന്നത്.""ദാ അപ്പുറെ കിടക്കുന്ന ആ ചങ്ങാടത്തിന് താഴെയെന്തോ. ഒരു ശവം പോലെ !''""ശവമോ?'' ആ ബോട്ട് മുഴുവൻ ജാഗരൂകമായി.
കണ്ടക്ടർ അപ്പോൾ, നിനക്ക് തോന്നുന്നതാവും, ബോട്ടിന്റടിയിലെ കുരുക്കൽ മാറ്റാൻ മുങ്ങിയവൻ അപ്പുറത്തെ ചങ്ങാടം കാണാൻ പോകുവല്ലേ എന്ന് പീറ്ററിനെ ഗുണദോഷിച്ചു.
പീറ്റർ ബോട്ട് വിട്ട് ചങ്ങാടത്തിനടുത്തേക്ക് മുങ്ങി. ചാടി കരയ്ക്ക് കേറി.
അതേന്ന്.
ശവം തന്നെ. ചങ്ങാടത്തിനു താഴെ ക്രോസ് കെട്ടിയിരിക്കുന്നു...

ആ സെക്കന്റിൽ കൂമ്പിൻതേൻ കയ്ച്ചു പോയ ജോർജ് കുട്ടി അയാളെ നോക്കി നിങ്ങൾ കണ്ടോ ശരിക്കും കണ്ടോ എന്ന് ചോദിച്ചു.
അപ്പോഴേക്കും ആരൊക്കെയോ ചേർന്ന് ചങ്ങാടം ആറ്റിൽ മറിച്ചിട്ടു.

ഇപ്പോൾ കാണാവുന്ന വശത്ത് ക്ലീറ്റസിന്റെ ശരീരം ആ ചങ്ങാടത്തെ ഒരുമിച്ച് ബന്ധിച്ച് ഉറപ്പുണ്ടാക്കിയ നിലയിൽ അതേൽ കെട്ടി കിടപ്പുണ്ടായിരുന്നു.
കിഴക്കൻ വെള്ളത്തിൽ കലക്കി ഒഴുകി വന്ന ഒരു ചെറുമരമായിരുന്നില്ലേ അതെന്ന് അപ്പോൾ ജോർജുകുട്ടി ഒന്നൂടെ കണ്ണ് തിരുമ്മി നോക്കി.

ഏഴ്

പിറ്റേന്ന് മഴയൊന്ന് അടങ്ങിയെങ്കിലും ഇപ്പോ പെയ്യുമെന്ന മട്ടിൽ പമ്പയാറിന്റെ മേലെ കരിമ്പടം പുതച്ച് കിടക്കുകയായിരുന്നു. പോസ്റ്റ്‌മോർട്ടം കഴിഞ്ഞ് തുന്നിക്കെട്ടിയ ക്ലീറ്റസിന്റെ ശരീരം മൊബൈൽ മോർച്ചറിയിൽ വീട്ടു തിണ്ണയിൽ കിടക്കുന്നത് കാണാൻ ജോർജ് കുട്ടി ടോമിയുടെ കടത്തിൽ അക്കരയ്ക്കിറങ്ങി. മരണം ആത്മഹത്യയെന്ന് അന്വേഷണത്തിൽ മനസിലായെങ്കിലും ജഡത്തിനോട് അപമര്യാദയോടെയും ക്രൂരമായും പെരുമാറിയ ജോർജ് കുട്ടിയെ കൊണ്ടുപോകാൻ ബാഹുലേയൻ എസ്‌.ഐയും മിന്നൽ പോലീസ് ബോട്ടിൽ വന്നിറങ്ങി. ചടങ്ങ് തീരും വരെ കാത്തിരിക്കാൻ അയാൾ തീരുമാനിച്ചു.

അടക്കിന് ദൂരേന്ന് വന്ന ബന്ധുക്കൾക്ക് ചിറയിൽ പന്തലിട്ട് അപ്പവും താറാവിറച്ചിയും വിളമ്പുന്നുണ്ടായിരുന്നു. ഒരു പകൽ മുഴുവൻ വിശന്നിരുന്ന അന്നയെ ആരോ അവിടേക്ക് കൂട്ടിക്കൊണ്ടു വന്നു, പന്തലിന്റെ മൂലയ്ക്ക് ഒറ്റയ്ക്ക് ഇറച്ചിയിൽ അപ്പം മുക്കി അവൾ രുചിക്കവേ സംസാരിക്കാൻ ഇതാണ് നല്ല സമയമെന്ന് കരുതി ജോർജ് കുട്ടി അന്നയ്ക്കരികിലേക്ക് ചെന്നു. അവൾക്കിത്തിരി അപ്പുറം കസേരയിട്ട് കുഞ്ഞോമാച്ചാ എനിക്കും ഒരപ്പം തായെന്ന് പറഞ്ഞു.

അപ്പോൾ അന്ന, ആഹാ, ജോർജ് കുട്ടി ഉണ്ടാരുന്നോയെന്ന് ഒരപരിചിതനോടെന്ന വണ്ണം ചോദിച്ചു. അപ്പോൾ ജോർജ് കുട്ടി ഒന്നൂടി അവൾക്കരികിലേക്ക് നീങ്ങിയിരുന്നു.

""പൂക്കൾ കൊണ്ട് മൂടിയ മൊബൈൽ മോർച്ചറിയിലെ ക്ലീറ്റസിനെ കണ്ടോ? ആമ്പൽപ്പാടത്തെ ചങ്ങാടം പോലെയിരിക്കുന്നു,'' അന്ന പറഞ്ഞു. ആ കാലം ഓർക്കുമ്പോൾ അവൾ പ്രണയം പൂത്ത പോലെയായി.

പെട്ടെന്ന് ജോർജ് കുട്ടി ഞാൻ അറിഞ്ഞു കൊണ്ടല്ല എന്ന് അവൾക്കരികിൽ കുശുകുശുത്തു.""ഓ അതൊന്നും സാരമില്ലന്നേ.'' അന്ന പറഞ്ഞു.""പ്രേമം നീരു വറ്റിയാൽ എല്ലാരും ശവങ്ങളാ ജീവിച്ചിരിക്കുമ്പോ തന്നെ. ഇപ്പോൾ ജോർജുകുട്ടിയെ എനിക്ക് മൊബൈൽ മോർച്ചറിയിൽ കടത്തിയിട്ടില്ലന്നേയുള്ളൂ.''

ഇതും പറഞ്ഞ് അവൾ മൊബൈൽ മോർച്ചറിക്കരികിൽ ചെന്ന് നിലത്തിരുന്നു. കൈത്തലം ആ ചില്ലുപേടകത്തിലമർത്തി മൃതദേഹത്തിന്റെ തണുപ്പനുഭവിച്ചു. ▮


ഷനോജ് ആർ. ചന്ദ്രൻ

മാധ്യമ പ്രവർത്തകൻ, കഥാകൃത്ത്, ചലച്ചിത്ര പ്രവർത്തകൻ. കേരള സംസ്ഥാന ചലച്ചിത്ര അക്കാഡമിയുടെ നിർമ്മാണ സംരംഭമായ ഒരു ബാർബറിന്റെ കഥ എന്ന ലഘുസിനിമയുടെ സംവിധായകൻ.

Comments