ചിത്രീകരണം: ദേവപ്രകാശ്

ക്ഷാരാനുരാഗസാരം

​ഒന്ന്: മൃദുകര ലയനം

‘ദേ, കണ്ടോ, കുതിരേടെ ഷെയ്​പ്പില് മേഘം.
കണ്ടോടാ, മറ്റേ സ്റ്റാമിന കൂട്ടാനൊള്ള ഗുളികേടെ പരസ്യത്തിലേപ്പോലത്തെ കുതിരയല്ലേ?'.

ആകാശത്തിന്റെ അറ്റത്തേക്കു കൈ ചൂണ്ടിക്കൊണ്ട്, സുതാര്യ ചിരിച്ചു.

‘എനിക്കു നമ്മടെ സിൽക് സ്മിതേടെ ഒരു പടമില്ലേ', ഞാനും ചിരിച്ചു:' അതിനാത്തൊരു ചെക്കനെ സിൽക് കെട്ടിപ്പിടിക്കുമ്പം കടൽതീരത്തൂടെ ഓടുന്ന കുതിരയൊണ്ട്. അതിനെയാ ഓർമ വരുന്നേ'.

‘ഏത് കമ്പിപ്പടത്തിലെ ആയാലെന്താ, സംഭവം കുതിരയല്ലേ?'.
‘അതിനിപ്പെന്താ?'.

അപ്പോൾ അവളൊന്നു മിണ്ടാതായി. പിന്നെ, എന്റെ കൈയേപ്പിടിച്ചു.
‘ആ കുതിര ഒരു വഴികാട്ടിയാ'.
‘ആരടെ വഴികാട്ടി?'.

അപ്പോഴും അവളൊന്നു മിണ്ടാതായി. പിന്നെ, എന്റെ കൈ വിടുവിച്ചു.
ഞങ്ങളു നിൽക്കുന്ന കുന്നിനുമേൽ ആകാശം വന്നുവീഴുന്നതുപോലെ എനിക്കുതോന്നി. കുതിര എവിടേക്കോ ഓടിപ്പോയിരുന്നു.

‘വെള്ളക്കുതിരയാ അത്', സുതാര്യയുടെ ശബ്ദം ഏതോ ഗുഹയിൽനിന്നാണു വരുന്നതെന്ന് എനിക്കു തോന്നി: ‘കെഴക്കൻമലേലെ എലിസബത്തിന്റെ കുതിര.'
‘എലിസബത്തോ. അതാരാ?'.

സുതാര്യ പതുക്കെ മുന്നോട്ടു നടന്ന്, രണ്ടു പാറക്കല്ലുകളുടെ മുകളിലേക്കു കയറിനിന്നു. മേഘങ്ങൾ അതിവേഗം ഓടിയോടി മറഞ്ഞു.
‘അതൊരു പഴയ കഥയാ', അവളുടെ ഒച്ചയ്ക്കു ഭയങ്കര മുഴക്കമുണ്ടായി:
‘ഒരു പ്രേമകഥ.'

അവളു നിൽക്കുന്ന പാറക്കല്ലിനപ്പുറം അഗാധമായ കൊല്ലിയാണ്. ഒറ്റയുന്തിന് അവളെ അപ്രത്യക്ഷയാക്കാൻ തോന്നി. വേണ്ട. പെടഞ്ഞ് ചാകുന്നതു കാണണം. എങ്കിലേ, ഒറ്റിയ പ്രേമത്തിന്റെ കണക്കുതീരൂ.
ഉള്ളിലെവിടോ ഉറഞ്ഞുപോയ ഒച്ച ഞാൻ തോണ്ടിയെടുത്തു.
‘എന്നാലതൊന്നു കേക്കണവല്ലോ. നീ പറ'.

സുതാര്യ തിരിഞ്ഞ് എന്നെ നോക്കി. പിന്നെ ആകാശത്തിന്റെ ഡോറു തുറന്ന്, കല്ലേൽ ചവിട്ടി താഴേക്കിറങ്ങി.
‘അതിനുമുമ്പ് വേറൊരടയാളങ്കൂടെ കാണിച്ചുതരാം'.
‘ആരടെയാ?, എലിസബത്തിന്റെ കാമുകന്റെയാ?'.

മറുപടി പറയാതെ സുതാര്യ, പടിഞ്ഞാറേ മലയിലേക്കു വിരൽചൂണ്ടി.

എന്റെ നോട്ടത്തിനപ്പുറം കറുപ്പുപിടിച്ച മേഘങ്ങൾ തിരയടിക്കുന്നതുകണ്ടു. ഞാൻ പിന്നരയിൽ ഒന്നു പരതി. ഉണ്ട്. അതുണ്ട്. അറ്റംകൂർത്ത പേനാക്കഠാരി. ഇനി പറ്റിയൊരു സമയം മതി. ഒറ്റ മിനിറ്റ്. അല്ലെങ്കിൽ മുപ്പത്- മുപ്പത്തഞ്ച് സെക്കൻറ്​.

‘അത് കടലുപോലില്ലേ?', എന്റെ ചെവിയിലേക്കു ചുണ്ടുചേർത്ത് സുതാര്യ ചോദിച്ചു: ‘സുനാമിയടിച്ച കടലുപോലെ. അല്ലെങ്കി... അല്ലെങ്കി, കൊല്ലത്തിലൊരിക്കമാത്രം വരുന്ന കാമുകിയെ കാത്തിരിക്കുന്ന ആണിന്റെ അരക്കെട്ടുപോലെ?'.

ഞാനവളെ ചേർത്തുപിടിച്ചു. പിന്നെ, തിരിച്ചു ചെവിയിൽ ചോദിച്ചു: ‘അരക്കെട്ടി മാത്രമേ പ്രേമവൊള്ളോ?.'

അവളെന്റെ കവിളത്ത് ഒരുമ്മ തന്നു.
​പിന്നെ നാടകീയമായി, രണ്ടു മലകളിലേക്കും കൈകൾവിരിച്ചു.

‘എലിസബത്തിന്റെ പ്രേമകഥയിൽ അരയും അരക്കെട്ടും തലച്ചോറും നെഞ്ചിടിപ്പും ഒക്കെയൊണ്ട്'.
‘കാമുകനാരാ?'.
‘കറുപ്പൻ', ആകാശത്തേക്കു നോക്കി, അവൾ അലറി: ‘പടിഞ്ഞാറേ കറുപ്പൻ.'

രണ്ട്: വലംകര ഛേദനം

‘പണ്ട്, എന്നുവെച്ചാ പണ്ടേക്കും പണ്ട്. വാസ്‌കോഡ ഗാമ വന്നും കഴിഞ്ഞൊള്ള കാലം. നമ്മളിപ്പം നിക്കുന്ന നടുവിലേക്കുന്നടക്കം എല്ലാം വനമാരുന്നു. ഘോരവനം. ഡീപ് ഫോറസ്റ്റ്. വനം ഒഴിഞ്ഞ് കുന്നു വന്ന സ്ഥലത്ത് കുടിലുകെട്ടി ആൾക്കാര് താമസിച്ചു. കുന്നിന്റെടേൽ വെള്ളം നിക്കുന്നെടത്ത് കണ്ടം കുത്തി നെല്ലു വെതച്ചു. ചുറ്റുമുള്ള വനത്തിലാണേ, ചന്ദനോം തേക്കും വീട്ടീം നെറയെ. അതേക്കണ്ണുവെച്ച് ഒരു സംഘം പോർച്ചുഗീസുകാര് കൊടക് മലയെറങ്ങിവന്നു. അവര് എണ്ണത്തി കൊറവാരുന്നു. ഇവിടുത്തെ നാടുവാഴീം ടീമും കൂട്ടുപൊഴേടെ കരേവെച്ച് അവരെ തടുത്തു. പൊരിഞ്ഞ പോരാരുന്നു. പോർച്ചുഗീസുകാരടെ കൈയീ കുതിരകളൊണ്ടാരുന്നു. തോക്കും വെടിക്കോപ്പുമൊണ്ടാരുന്നു. നമ്മടാൾക്കാരടെ കൈയിലാന്നേ അമ്പും വില്ലും കവുങ്ങുവാരീമൊക്കെ. പക്ഷേങ്കി എളുപ്പത്തി പൊഴ കടന്ന് ഇക്കരെയെത്താന്നൊള്ള പൂതി വെറുതെയാന്ന് പോർച്ചുഗീസുകാർക്ക് മനസിലായി. അവര് വെടി പൊട്ടിച്ചു. നമ്മള് അമ്പെയ്തു. അവര് പീരങ്കിയെറിഞ്ഞു. നമ്മള് കുന്തങ്കൊണ്ട് തിരിച്ചെറിഞ്ഞു. അക്കരേം ഇക്കരേം ശവങ്ങള് വീണു. നാടുവാഴി നേരിട്ടെറങ്ങി. അങ്ങേര് കരിവീട്ടികൊണ്ടൊള്ള വാരി നീട്ടിയെറിഞ്ഞു. അതു ചെന്നുകൊണ്ടതു പോർച്ചുഗീസുകാരടെ ക്യാപ്റ്റന്റെ വലതുകൈയേലാരുന്നു. കൈ അറ്റുവീണു. അത് ആറ്റീക്കൂടൊഴുകി ഒരു പാറക്കെട്ടേൽ തങ്ങിക്കെടന്നു. പറങ്കീടെ ചോരകൊണ്ട്, നാടുവാഴി ആറ്റിലൊരു വര വരച്ചു. അതു കടന്നിങ്ങുവന്നാ ആറിന്റെ നെറം പറങ്കീടെ ചോപ്പാകുവെന്നൊരു വെല്ലുവിളീം നടത്തി. അവര് തോൽവി സമ്മതിച്ചു. ഒരു വെള്ളക്കുതിരേനെ കപ്പംവെച്ച്, തിരിച്ച് കൊടക് മല കേറി'.

‘ദിവസങ്ങള് കഴിഞ്ഞു. പോർച്ചുഗീസുകാരെ തുരത്തിയതിന്റെ ഊറ്റത്തി നാടുവാഴിയും പടയും ഒന്നാഘോഷിച്ചു. പക്ഷേ, പറങ്കികള് അത്രയെളുപ്പം തോറ്റോടുന്ന ടൈപ്പല്ലെന്ന് പിന്നെയാ മനസിലായത്. അവര് കൊടക് മലകേറി, കാട്ടിത്തന്നെ തമ്പടിച്ചു. രണ്ടു ദൂതമ്മാരെ ശ്രീരങ്കപട്ടണത്തിനയച്ചു. അവിടെ അവരടെ ക്യാമ്പൊണ്ടാരുന്നു. രണ്ടു നെര പടയാളികളും പടക്കോപ്പുകളുമായിട്ടാ, ദൂതമ്മാര് തിരിച്ചുവന്നേ. അവരിത്തവണ നേരിട്ടുവന്ന് കോർക്കാൻ നോക്കിയില്ല. കാട്ടിലൂടെ പല പല സംഘങ്ങളായി തിരിഞ്ഞു. പൊഴേടെ ദിശ നോക്കി, നമ്മളെ വളഞ്ഞു. ഒരു രാത്രി. അതും അമാവാസി രാത്രി. കൂറ്റൻ ഒരു വില്ലേൽ തീയമ്പ് കോർത്ത് ആകാശത്തേക്കു വീട്ടു. അതൊരു സിഗ്നലാരുന്നു. പൊഴേടെ പല ഭാഗത്തൂടെ ഒളിച്ചു നീങ്ങിയ ടീമുകളെല്ലാം പൊഴ കടന്ന്, നമ്മടെ കരേക്കേറി. നാട്ടുകാര് വിചാരിച്ചത്, കാളിയോ, കുളിയനോ മറ്റോ പോക്കുവരവിന് എറങ്ങിയതാണെന്നാ. ആരും അതൊരു സർജിക്കൽ സ്ട്രൈക്കാരിക്കുവെന്നു പ്രതീക്ഷിച്ചില്ല. രാത്രിക്കു രാത്രി, നമ്മടെ കണ്ണായ കൃഷിഭൂമീം പത്തായപ്പൊരകളും പോർച്ചുഗീസുകാരടെ കൈയിലായി. നാടുവാഴീടെ തറവാടു മാത്രം ബാക്കി. അവിടൊള്ള പടയാളികളേംകൊണ്ട് ഒരു കൈ നോക്കി, അങ്ങോര്. എവടെ പിടിച്ചു നിക്കാൻ?. വീണു. നാടുവാഴീടെ വലങ്കൈ പോർച്ചുഗീസിന്റെ ക്യാപ്റ്റൻ വെട്ടിയെടുത്തു. പിന്നെ, അവരടെ കൂടെയൊണ്ടാരുന്ന വേട്ടപ്പട്ടിക്ക് തിന്നാങ്കൊടുത്തു'.

മൂന്ന്: അനശ്വര ശയനം

‘ഇവിടെ പോർച്ചുഗീസുകാര് വന്നേനെക്കുറിച്ചൊന്നും ഹിസ്റ്ററീല് ഇല്ലല്ലോടീ', ഞാൻ ഒളികണ്ണിട്ടു.

‘അതിന് നമ്മള് കാണുന്ന ഹിസ്റ്ററിയൊക്കെ ബ്രിട്ടീഷുകാര് ഒണ്ടാക്കിയതല്ലേ. പോർച്ചുഗീസുകാര് ഒണ്ടാരുന്നേന്റെ ഏറ്റോം വെല്യ തെളിവ് ഇവിടൊണ്ടാരുന്ന പള്ളിയാ. കൊറിന്ത്യമ്പള്ളി. ഇപ്പഴും പാലരിഞ്ഞാലി പോയാ, അതിന്റെ പൊട്ടും പൊടീമൊക്കെ കാണും'.

സുതാര്യ പറഞ്ഞുനിർത്തിയതും ആകാശത്തുനിന്ന് ഒരു മിന്നൽ പാഞ്ഞുവന്ന്, അവൾക്കു പിന്നിലുള്ള മരത്തിലടിച്ചു. ഒറ്റ സെക്കൻഡിൽ മരം നിന്നു കത്തി. ഞാൻ ഞെട്ടി പിന്നാക്കം ചാടി. അവള് കുലുക്കമില്ലാതെ എന്നെ നോക്കി. അപ്പോൾ ഇടി മുഴങ്ങി.

‘കറുപ്പൻ പൊറപ്പെട്ടു', സുതാര്യ ചിരിച്ചു: ‘അതിന്റെ സിഗ്നലാ, ആന കത്തുന്ന മിന്നലും കാട് കുലുക്കുന്നിടീം'.

ഞാൻ ചുറ്റും നോക്കി. നിലാവിന്റെ തെളിച്ചം ലേശം കുറഞ്ഞിട്ടുണ്ട്. മേഘങ്ങളുടെ മേത്ത് ചെറിയ കറുപ്പ് കേറുന്നു.
‘കറുപ്പൻ എവിടുന്നാ വരുന്നേ?'.
‘പടിഞ്ഞാറേ മലേടെ മോളില് ഒരു പേരാലൊണ്ട്. അതിന്റെ ഏറ്റോം പൊക്കമൊള്ള ചില്ലേല്, ഒരൊറ്റയെല ആകാശത്തോട്ടു പൊങ്ങി നിക്കും. അതേലാ കറുപ്പന്റെ താമസം'.

ഇരുട്ടിൽ ഞാനവളുടെ കണ്ണിലേക്കു നോക്കി. കഠാര വലിച്ചെടുത്ത് അവളുടെ കഴുത്തിനു കുറുകെ ഒരു നീളൻ വരവരയ്ക്കാൻ കൈ തരിച്ചു. ഊക്കിലൊരു ശ്വാസമെടുത്ത് ഞാനടങ്ങിനിന്നു.

‘കറുപ്പൻ തീയാ', സുതാര്യ പറഞ്ഞു: ‘നീറി നീറി നിക്കുന്ന തീ. കാറ്റടിച്ചാലും പേമാരി വന്നാലും കെടാത്ത തീ'.
അവളുടെ കണ്ണുകൾ ആളി.
‘അപ്പോ എലിസബത്തോ?'.
‘മേഘം', സുതാര്യയുടെ ഒച്ചയിൽ വിഷാദം കലർന്നു: ‘കെഴക്കൻ മലേടെ മോളില് നെറയെ ബൊഗെയ്ൻ വില്ലകളൊണ്ട്. വയലറ്റ് നെറത്തിൽ. പക്ഷേ, അത് എലിസബത്തിന്റെ ഉള്ളിലാ. നമ്മക്ക് കാണാനൊക്കത്തില്ല'.
‘പിന്നെങ്ങനെ മനസിലായി അവിടെ വയലറ്റ് ബൊഗേൻ വില്ലയൊണ്ടെന്ന്?'.
‘ഇന്നൊരു ദിവസം കാണാമ്പറ്റും', സുതാര്യയുടെ ഒച്ചയിൽനിന്നു വിഷാദം മാറി: ‘അരനാഴികനേരത്ത്, എലിസബത്ത് കറുപ്പനെ കാണാനിറങ്ങുന്ന നേരത്ത് '.

നാല്: ചന്ദന ഗമനം

‘ഞാമ്പറഞ്ഞ കൊറിന്ത്യമ്പള്ളിയില്ലേ. അതാ പോർച്ചുഗീസുകാര് ആദ്യവൊണ്ടാക്കിയേ. ബ്രിട്ടീഷുകാരേപ്പോലെ, വേറെ കെട്ടിടങ്ങള് പണിയുവോ, പാലംകെട്ടുവോ ഒന്നും ചെയ്തില്ല. പ്രാർഥിക്കാനൊരു പള്ളിമാത്രം വെച്ചു. പിന്നെ, നാട്ടിലെ മല്ലമ്മാരായ ആണുങ്ങളേം, മെയ്യനക്കാമ്പറ്റുന്ന പെണ്ണുങ്ങളേം തെരഞ്ഞുപിടിച്ചു. മല കേറി. ആദ്യം ചന്ദനം വെട്ടിത്തൊടങ്ങി. മല്ലമ്മാര് മരം പെടത്തി, ചൊമലീവെച്ച് അടിവാരത്ത് എത്തിക്കും. മൈസൂരീന്നു കൊണ്ടുവന്ന പതിനാല് ആനകളൊണ്ടാരുന്നു. അവറ്റേടെ പൊറത്തു വെച്ചുകെട്ടിയാ, ചന്ദനം കൊണ്ടുപോയത്. അന്നത് ഭയങ്കര കാഴ്ചയാരുന്നെന്നാ പറഞ്ഞുകേട്ട കഥ. ഏറ്റോം മുന്നില്, പോർച്ചുഗീസിന്റെ കൊടീം പിടിച്ച് ഒരു പടയാളി. പിറകെ വെള്ളക്കുതിരേടെ പൊറത്ത് ക്യാപ്റ്റൻ. പിന്നാലെ നെറേ ചന്ദനമുട്ടീം ചൊമന്ന് പതിനാല് കൊമ്പനാനകള്. പൊഴ കടന്ന്, കാട് കേറി, കൊടക് വഴി ചന്ദനം മൈസൂരെത്തി'.

‘ചന്ദനത്തിന്റെ അവസാനത്തെ കുറ്റീം തീർന്നപ്പോ അവര് തേക്കുവെട്ടി. അതും മല്ലമ്മാര് ചൊമന്ന് മലയെറക്കി. തേക്കു കൊണ്ടുപോയത് പൊഴവഴിയാരുന്നു. ചങ്ങാടം കണക്കിന് കെട്ടിവെച്ച്, ചീങ്കണ്ണിപ്പൊഴേന്ന് തൊഴഞ്ഞുതൊടങ്ങും. അതും ഒരരങ്ങ് കാഴ്ചയാരുന്നു. മുമ്പിലൊരു കെട്ടുവള്ളം. അതില് പോർച്ചുഗീസിന്റെ ക്യാപ്റ്റൻ. പൊറകില് നെരനെരപോലെ തേക്കുചങ്ങാടങ്ങള്. അതിന് ചുറ്റും കാവലിന് പട. നേരെ ഇരിട്ടീപ്പൊഴയെത്തി, അവിടുന്ന് വളപട്ടണം പൊഴ കേറി, ഒടുക്കം അഴീക്കല് ഹാർബറി ചെന്നുചാടും. അവിടുന്ന് ഉരൂനാര്ന്ന് കടത്ത്. കരവഴി ചന്ദനോം, കടലുവഴി തേക്കും പോയതോടെ നമ്മടെ മലകളൊക്കെ വെളുത്തു. അപ്പോ അവര് വീട്ടി വെട്ടാൻ വന്നു. പോർച്ചുഗീസിന്റെ ക്യാപ്റ്റനു പക്ഷേ, അപ്പഴേക്കും മലമ്പനി പിടിച്ചു. അങ്ങേര് വെറച്ചുകെടന്നു. പിന്നെ മരിച്ചു. കൊറിന്ത്യമ്പള്ളീടെ മുമ്പില് ക്യാപ്റ്റനെ അടക്കി. നമ്മടെ നാട്ടിലെ ആദ്യത്തെ കല്ലറ അതാരുന്നു. അവരടെ ലിസോപ്പോ സിറ്റീന്നു കൊണ്ടുവന്ന മാർബിളിട്ട കല്ലറ'.

‘പുതിയ ക്യാപ്റ്റൻ ഒരെഞ്ചിനീയറാരുന്നു. അയാൾക്കു പടവെട്ടാനൊന്നും വെല്യ താൽപര്യവൊണ്ടാരുന്നില്ല. നാടുവാഴിയെ മെരുക്കിയതോടെ പരമാവധി മൊതല് കൊണ്ടുപോകാനാ പോർച്ചുഗീസുകാര് അയാളെ എറക്കിയത്. പുള്ളി വന്നത് കുടുംബത്തേം കൂട്ടിയാരുന്നു. അങ്ങേരുടെ ഒറ്റമോളാരുന്നു, എലിസബത്ത്'.

‘ഇനി വെട്ടിക്കൊണ്ടു പോകാനൊള്ളത് വീട്ടിത്തടിയാണെന്നു മനസിലാക്കിയ ക്യാപ്റ്റൻ മലയായ മലയെല്ലാം കയറി. കാടായ കാടൊക്കെ തെരഞ്ഞു. ഒടുക്കം പടിഞ്ഞാറേ മല തൊരന്നാ ചന്ദനോം തേക്കും വീട്ടീം വെട്ടിയാ കിട്ടുന്നേനേക്കാളും വെല്യ മൊതല് കിട്ടുവെന്ന് അങ്ങേര് കണ്ടുപിടിച്ചു'.

‘പടിഞ്ഞാറേ മല ഒരു ഖനിയാരുന്നു. കൽക്കരീടെ ഖനി'.

അഞ്ച്: സ്വരൂപ പ്രകാശം

ത്തിയ മരത്തിൽനിന്നു ചിതറിവീണ തീപ്പൊരികളിലേക്കു ഞാൻ നോക്കി.
‘മലമൊത്തം കത്തുമോ?'.
‘ഇല്ല. ആ മരത്തിന്റെ അവസാനത്തെ എലയും വേരും വരെ കത്തും. വേറൊരു പുൽത്തലപോലും കത്തില്ല'.
സുതാര്യ ആകാശത്തേക്കു നോക്കി. മേഘങ്ങൾ അടങ്ങി. നിലാവ് പതുങ്ങി.
‘കറുപ്പന്റെ പുറപ്പാടിന്റെ അടുത്ത സിഗ്നല്...'
‘മഴ'.

പേരാലിലേടെ വലിപ്പത്തിലൊള്ള തുള്ളികള് വീണു.
‘ശിശിരത്തിലെ കൊഴിച്ചില് പോലൊണ്ട്', തുള്ളികൾക്കു വീഴാൻ കൈകൊണ്ടു കുമ്പിളിട്ട് ഞാൻ പറഞ്ഞു: ‘എന്തൊരു തണുപ്പ്'.
‘മറ്റ് മരംപോലാണോ പേരാല്. എല പൊഴിക്കുന്ന കാലം അതിനൊണ്ടോ', സുതാര്യ സംശയത്തോടെ എന്നെ നോക്കി. ഒരു മിനിറ്റ് ഞാനും സംശയിച്ചു. അപ്പോഴേക്കും ഞങ്ങൾ രണ്ടും മുഴുക്കെ നനഞ്ഞു. രോമക്കുഴികളിലൂടെ ജലം അകത്തേക്കു നൂണ്ടുകയറുന്നതുപോലെ തോന്നി. വിറവല് വന്നു. ഞാനവളെ വട്ടം പിടിച്ചു.
വേണമെങ്കിൽ കഠാരവര പിൻകഴുത്തിൽനിന്നു തുടങ്ങാം. ഇടത്തൂടെ വന്ന് വട്ടം ചുറ്റി, തിരിച്ചെത്തുന്നൊരു റെഡ് സർക്കിൾ. കഴുത്തുചുറ്റുന്നൊരു ചുരം.
‘കറുപ്പൻ മാത്രമല്ല. അയാൾടെ പ്രേമോം തീയാ', സുതാര്യ പിറുപിറുത്തു: ‘ഉരുക്കുന്ന തീ. എരിക്കുന്ന തീ.'

ഞാനവളുടെ പാതി ശ്വാസം പിടിച്ചെടുത്തു.
‘എന്റെ പ്രേമവോ?. തീയാണോ. അതോ തണുപ്പാണോ?'.
അവളപ്പോൾ എന്നെ മുറുക്കംമുറുക്കം കെട്ടിപ്പിടിച്ചു.
‘നിന്റെ പ്രേമം വേനലാ. പൊള്ളും'.

ആറ്: പരിണയ മാർഗം

‘കൽക്കരി ഖനീടെ കവാടത്തിവെച്ചാ, എലിസബത്തും കറുപ്പനും ആദ്യമായിട്ട് കണ്ടേ. കറുപ്പന്റെ ഊര് പടിഞ്ഞാറേമലേടെ താഴെയാരുന്നു. ഉൾകാട്ടില്. ഇടതടവില്ലാതെ മരങ്ങൾ ഒട്ടിനിൽക്കുന്ന കാട്. അതില് കെട്ടുന്ന ഏറുമാടത്തിലാരുന്നു, കറുപ്പനും കൂട്ടരും കുടിപാർത്തേ. ആനയും കടുവുയും പുലീമൊള്ള കാടു പക്ഷേ അവരടെ കൈപ്പിടീലാരുന്നു. കാട്ടിയേം മാനിനേം വേട്ടയാടും. ബാക്കിയിറച്ചി ഏറുമാടത്തി കെട്ടിവെക്കും. മഴക്കാലം വരമ്പം അവര് മരമിറങ്ങും. പിന്നെ, വമ്പൻ പാറക്കെട്ടിന്റെടേല്, അവര്തന്നെ പണുത ഗുഹേലാരിക്കും. അന്നൊക്കെ മൂന്നുമാസത്തിന്റെ കണക്കിലാരുന്നു, മഴേം വേനലും. പാറ തൊരന്നും മല തൊരന്നും ഗുഹയൊണ്ടാക്കാൻ കറുപ്പനും കൂട്ടരും മിടുക്കരാരുന്നു'.

‘ആ മിടുക്കു കാരണവാ, കൽക്കരി ഖനി തൊടങ്ങാൻ തീരുമാനിച്ചപ്പോ, ക്യാപ്റ്റൻ അവരെ കാടിറക്കിയത്. അന്ന് കറുപ്പനാരുന്നു, ഊര്മൂപ്പൻ. ക്യാപ്റ്റൻ അളന്നിട്ട ഭാഗത്ത് കറുപ്പനും കൂട്ടരും തുരന്നുതൊടങ്ങി. ലോകത്തിലേക്കുംവെച്ച് ഏറ്റോം അപകടം പിടിച്ച പണിയല്ലേ. എന്നിട്ടും അവർക്കത് നിസാരമാരുന്ന്. വെറും നിസാരം. ഒറ്റ വേനക്കാലംകൊണ്ട് അവര് കൽക്കരി നിക്ഷേപത്തിന്റെ വാതില് തൊറന്ന്. അന്ന്, ദേശത്തുമൊത്തം പോർച്ചുഗീസുകാര് മധുരം കൊടുത്തു. അന്നാട്ടീന്നു കൊണ്ടുവന്ന മധുരം. ഖനി കാണാൻ വന്ന വരവിലാ, കറുപ്പനും എലിസബത്തും നേർക്കുനേരെ നിന്നത്. അന്ന്, ക്യാപ്റ്റൻ അയാൾടെ തൊപ്പിയൂരി കറുപ്പന്റെ തലേ വെച്ചുകൊടുത്തു'.

‘അന്നുതന്നെയാ, എലിസബത്ത് ആദ്യമായിട്ട് വേറെ തരം മനുഷ്യരെ കണ്ടതും. പോർച്ചുഗലീന്ന് അവൾടെ ആദ്യത്തെ വരവാരുന്നത്. അപ്പന്റെ തൊപ്പിവെച്ച കറുപ്പൻ. പേര്‌ പോലെ മിനുങ്ങണ കറുപ്പൊള്ള ദേഹം. നോട്ടത്തിൽ നോട്ടം തട്ടി അവർക്കിടയിൽ ഒരു കൽക്കരിവഴി തൊറന്നു. പിന്നെ, ഖനീടെ പണി മുന്നോട്ടു പോയി. അപ്പഴും കറുപ്പനു തന്നെയാര്ന്നു മേൽനോട്ടം. എലിസബത്ത് എന്നും വരും. കറുപ്പന്റെ മെയ്ത്താളം നോക്കി നിൽക്കും. അവന്റെ ദേഹത്തോടാരുന്ന് അവൾടെ ആദ്യത്തെ പ്രേമം'.

‘മുന്തിയ വിസ്‌കിയടിച്ച് മത്തായ സമയത്ത് ക്യാപ്റ്റനൊരിക്കെ ഖനീലെറങ്ങി. കരിമ്പൊടീം മൺപൊടീം കടന്ന് അകത്തോട്ട് കേറി. പക്ഷേങ്കി അന്ന് ഖനീടെ മടക്കിടിഞ്ഞു. ക്യാപ്റ്റനും പണിക്കാരും അടീപ്പെട്ടു. പുറത്തൊള്ളോരൊക്കെ അന്ധാളിച്ചു നിന്നപ്പ, കറുപ്പനെറങ്ങി. മുന്നും പിന്നും നോക്കീല്ല. ആദ്യം മണ്ണ് നീക്കി. പിന്നെ കരി നീക്കി. ക്യാപ്റ്റനെ പൊറത്തുകൊണ്ടുവന്നു. ഒന്നോ, രണ്ടോ മിനിറ്റി കറുപ്പന്റെ കൈവഴക്കം എത്തിയകൊണ്ട് ജീവൻ ബാക്കിയായി. അന്നത്തേക്കാലമല്ലേ, എലിസബത്തിന് അതു മതിയാരുന്ന്. അവള് പ്രേമത്തിന്റെ ഖനി അന്ന് തൊറന്നു. കറുപ്പൻ അതിന്റെ ആഴംതൊട്ട്.'

ഏഴ്: പരാഗണ സൂക്തം

‘മേഘങ്ങൾ അനങ്ങുന്നതു കണ്ടോ നീ', സുതാര്യ കണ്ണുചൂണ്ടി.
‘ഉം'.
‘മെത്ത പോലില്ലേ?.'
‘പഞ്ഞിമെത്തപോലെ'.
‘അവർക്കൊള്ള മെത്തയാ.'

അപ്പോൾ കെഴക്കൻമലയുടെ അറ്റത്ത്, ആകാശത്തിന്റെ തുഞ്ചത്ത് ഒരനക്കം കേട്ടു.
സുതാര്യ വെട്ടിത്തിരിഞ്ഞു.
‘എലിസബത്ത് പുറപ്പെട്ടു'.
‘കറുപ്പനോ?'.

സുതാര്യ മിണ്ടാതെ നിന്നു. കിഴക്കുനിന്ന് മേഘങ്ങളിളകി. ഞങ്ങള് നിക്കുന്ന നടുവിലേക്കുന്ന് വിറയ്ക്കുന്നതുപോലെ എനിക്കു തോന്നി.
‘ഇന്നവരുടെ ആദ്യരാത്രിയാ', സുതാര്യ പടിഞ്ഞാറോട്ടു നോക്കി: ‘കറുപ്പൻ ആളുന്ന രാത്രി. എലിസബത്ത് തെളയ്ക്കുന്ന രാത്രി.'

പടിഞ്ഞാറേ മലയുടെ മുകളിൽ മേഘങ്ങൾ പൊട്ടിത്തെറിച്ചു. ദൂരെ, അങ്ങങ്ങ് ദൂരെ ഒരു ചുവപ്പുവെട്ടത്തിന്റെ നൂല് കണ്ടു.
‘ഈ രാത്രീല് അവരും നമ്മളും മാത്രം', ഞാനവളെ നോക്കി. മരനിഴലിൽ അവളുടെ മുഖം മറഞ്ഞു. കഠാരമുന പൊക്കിൾകുഴിയിൽ ഇറക്കാനൊത്ത നേരമാണ്. അവിടുന്നു മുകളിലോട്ട് ഒറ്റവരിപ്പാത. കഴുത്തെത്തുമ്പോൾ തീരുന്നത്. കുടലും കരളും പുറത്തുചാടുന്ന വഴിവെട്ട്. തുറന്നിട്ട വെള്ളച്ചാട്ടംപോലെ ചോരയൊഴുകും.
‘കറുപ്പനും എലിസബത്തും അടുത്തെത്തിയാൽ പിന്നങ്ങോട്ട് നോക്കല്ല്', സുതാര്യ ശബ്ദം താഴ്ത്തി.
‘അതെന്താ?'.
‘അവര് പ്രേമിക്കുന്നത് വേറാരും കാണാമ്പാടില്ല.'
‘കണ്ടാലോ?'.
‘കാണുന്നോന്റെ പ്രേമം കത്തിത്തീരും. കൽക്കരി പോലെ'.

എട്ട്: നീരദ പ്രയാണം

‘കറുപ്പന്റെ ഏറുമാടം കാണാൻ എലിസബത്തു പോയി. ഇരട്ടമരത്തിന്റെ തുഞ്ചത്താരുന്നു, അത്. അവനൊപ്പം, കാട്ടുവള്ളിപിടിച്ച് അവളും മുകളിലെത്തി. മുക്കൊമ്പൊള്ള മാനിന്റെ തലയാരുന്നു, മാടത്തിന്റെ അടയാളം. അവളതിലൊക്കെ തൊട്ടു, തലോടി. മാന്തുടയിൽനിന്നു ചീന്തി, കാട്ടുപച്ചപുരട്ടി, അവൻ എറച്ചി ചുട്ടു. അവളത് കൊതിയോടെ തിന്നു. കറുപ്പനെ ഒന്നു തൊടണമെന്നും പൂണ്ടടക്കം കെട്ടിപ്പിടിക്കണമെന്നും അവൾക്കു പൂതിതോന്നി. അന്ന് അതടക്കി. അവർ മാടമിറങ്ങി. അത് കത്തുന്ന വേനലാരുന്നു'.

‘എലിസബത്ത് ആദ്യായിട്ട് കടുവയെ കണ്ടത് കറുപ്പന്റെ കൂടെ. മരക്കൊമ്പുകൾ ചേർത്തുകെട്ടിയൊരുക്കിയ കെണിയിൽ അതുവന്നു ചാടി. ചുവപ്പിൽ സ്വർണംപൂശിയതിനുമേൽ കറുത്ത വരയുള്ള കടുവ. ചെറുപ്പം. അവള് കൗതുകത്തോടെ നോക്കി. അത് ഗർജിച്ചു. കറുപ്പൻ കൂർത്ത മുളങ്കമ്പുകൊണ്ട്, അതിന്റെ വായടച്ചു. കടുവ മെരുങ്ങി. എലിസബത്ത് മടങ്ങി'.

‘മഴക്കാലത്ത് കറുപ്പന്റെ ഗുഹയ്ക്കു പുറത്ത് എന്നും മഴയാരിക്കും. തോരാത്ത മഴ. ആലില വട്ടത്തിൽ തുള്ളികൾ. കാട്ടുചോലകൾ നിറയും. ഖനിക്കു മുന്നിൽ കൂറ്റൻ കല്ലുകൾ നിരത്തി, വെള്ളം കേറാതെ കാത്തു. അക്കാലമായപ്പഴേക്കും കറുപ്പനെ ക്യാപ്റ്റനു വിശ്വാസം പിടിച്ചിരുന്നു. കറുപ്പനൊപ്പം അവള് ഗുഹയിലെത്തി. നനഞ്ഞുനനഞ്ഞായിരുന്നു, വരക്കം. ഗുഹയിൽ കറുപ്പൻ തീകൂട്ടി. അവളുടെയുള്ളിൽ ഒരു കാട്ടുചോല കരകവിഞ്ഞു. കറുപ്പനപ്പോൾ അവളെയൊന്നു തൊടണന്നും പൂണ്ടടക്കം കെട്ടിപ്പിടിക്കണന്നും പൂതി തോന്നി. അന്ന് അതടക്കി'.

‘മഴക്കാലം കഴിഞ്ഞു. ഒരു വേനലും കടന്നു. എലിസബത്തിന്റെയുള്ളിൽ കറുപ്പൻ മറ്റൊരു ഖനി പണിതു. കറുപ്പന്റെയുള്ളിൽ എലിസബത്ത് മഴപോലെ പെയ്തു, വെയിലുപോലെ പൊള്ളി'.

ഒൻപത്: സുതാര്യ സാക്ഷ്യം

‘പോർച്ചുഗീസീന്നു വന്നോർക്ക് എലിസബത്തെന്ന് പേരുവരാൻ ചാൻസില്ലല്ലോ?', ഞാൻ ചോദിച്ചു: ‘കറുപ്പന്റെ ശരിക്കുള്ള പേരെന്താ?. '
‘ആർക്കുമറിയത്തില്ല', സുതാര്യ കെറുവിച്ചു: ‘പേരിലല്ലല്ലോ കാര്യം, പ്രേമത്തിലല്ലേ?.'

എനിക്കൊന്നും മിണ്ടാനൊണ്ടാരുന്നില്ല. ഞാനവളെ നോക്കി. അവള് കണ്ണുയർത്തി. കിഴക്കൻമേഘങ്ങളുടെ തിരയടി കനത്തു. പടിഞ്ഞാറുനിന്നുള്ള ചുവന്ന വെളിച്ചത്തിൽ സ്വർണനിറം കലർന്നു. ഒരറ്റത്തുനിന്ന് ആകാശത്തിനു തീ പിടിക്കുന്നതുപോലെ തോന്നി.

‘എന്താരിക്കും കറുപ്പനും എലിസബത്തും ഒന്നു തൊടാതിരുന്നത്?', ഞാൻ ചോദിച്ചു.
‘തൊട്ടാ...', അവള് കണ്ണടച്ചു: ‘തൊട്ടാ ഉമ്മവെക്കണ്ടേ?'.
‘വെക്കണം'.
‘വെച്ചാ... കെട്ടിപ്പിടിക്കണ്ടേ?'.
‘വേണം'.
‘കെട്ടിപ്പിടിച്ചാ... ചെയ്യണ്ടേ?'.
‘ചെയ്യണം'.

സുതാര്യ മുഖം താഴ്ത്തി. ആകാശം കിഴക്കു തൂവെള്ളയും പടിഞ്ഞാറ് തങ്കച്ചുവപ്പുമായി.
‘അവർക്കപ്പോ, ഉള്ളറിയാനാരിക്കും തോന്നിയത്', അവള് പറഞ്ഞു: ‘ഉള്ളറിഞ്ഞിട്ട് ദേഹത്തെ അറിഞ്ഞാ മതീന്ന് ഓർത്തുകാണും'.

അവളെന്റെ കൈ കോർത്തുപിടിച്ചു.
‘നമ്മളും അങ്ങനല്ലേ?'.
‘ആണോ?', ഞാൻ മുഖമുയർത്തി: ‘നമ്മളെന്തോരം അറിഞ്ഞു?'.
‘അറിഞ്ഞോണ്ടിരിക്കുവല്ലേ'.
‘എന്നേലും മൊത്തമായിട്ട്, പൊട്ടും പൊടീം പോലും ബാക്കിയില്ലാതെ അറിയാമ്പറ്റുവോ?'.

അവളൊന്നും മിണ്ടിയില്ല. എന്റെ കഴുത്തിലൂടെ കൈയിട്ട് ചേർത്തു.
‘ഞാനൊരിക്കലും നിന്നെ വഞ്ചിച്ചിട്ടില്ല. നമ്മടെ പ്രേമത്തെ പറ്റിച്ചിട്ടില്ല’, ചെവിത്തൂക്കിൽ പതിയെ കടിച്ചു: ‘ഇപ്പഴും നിനക്കെന്നെ വിശ്വാസംവന്നിട്ടില്ലേ?.’
എനിക്കപ്പോൾ വാക്കു മുട്ടി. കൈ വിടുവിച്ചു. പിന്നെ, നിന്നനിൽപ്പിൽ തലയുയർത്തി.

പടിഞ്ഞാറിനും കിഴക്കിനും ഇടയിലുള്ള ദൂരം കുറഞ്ഞുവരുന്നെന്നു തോന്നി.
ഞാൻ സുതാര്യയെ നോക്കി.

‘കറുപ്പനും എലിസബത്തും ഏത് ഭാഷേലാരിക്കും പ്രേമം പറഞ്ഞത്?'.

പത്ത്: ലോഹിത ഗാഥ

‘വേട്ടയാടിപ്പിടിച്ച മൃഗങ്ങളുടെ തോല് കറുപ്പൻ ചെത്തിവെച്ചു. കരിമ്പച്ചയിലകൾ ചേർത്തരച്ചു. മുളങ്കമ്പ് ചീന്തി. തോലിന്റെ വെളുത്തയകത്ത് അവൻ വരച്ചു. എല്ലാ വരയിലും കറുപ്പനും എലിസബത്തുമായിരുന്നു. ഓരോ വട്ടം കാണുമ്പോഴും ഓരോ ചുരുൾ അവൻ അവൾക്കു കൊടുത്തു. അവളത് വിളക്കുവെട്ടത്തിൽ കണ്ടു. അവരെ സങ്കൽപിച്ചു. ഉറങ്ങാതെ കിടന്നു'.

‘മഴക്കാലം കൊടുമ്പിരിപ്പെട്ടൊരു രാത്രീലാ, കറുപ്പൻ വരച്ച ചുരുളൊക്കെ ക്യാപ്റ്റൻ കണ്ടെത്തുന്നത്. അയാൾ എലിസബത്തിന്റെ മുറിമുഴുവൻ തേടി. അറുപത്തി നാലു ചുരുളുകൾ. അറുപത്തിനാലിലും അവർ രണ്ടു പേർ. തൊട്ടും തൊടാതെയും കൈ പിടിച്ചും കെട്ടിപ്പിടിച്ചും ഉമ്മവെച്ചും രതി ചെയ്തും, അവർ. അത്രകാലം ഒളിപ്പിച്ച പ്രേമം പിടിക്കപ്പെട്ടു.'

‘സ്ഥിരം ചെയ്തിപോലെ, എലിസബത്തിനെ മുറിയിലടച്ചു. കറുപ്പനോട് ക്യാപ്റ്റൻ മുഖം മാറ്റിയില്ല. അതൊരു കെണിയായിരുന്നു. അവൾക്ക് അസുഖമാണെന്ന് അവനോടു പറഞ്ഞു. കറുപ്പനു നൊന്തു. ആധിയായി. രാത്രി കടന്നു. പകല് കടന്നു. വേദന കനത്തു. അവളെ കാണാൻ ക്യാപ്റ്റന്റെ താവളത്തിലേക്കു ചെല്ലാൻ കറുപ്പൻ തീരുമാനമെടുത്തു. അവൾക്കുവേണ്ടി അവൻ വീണ്ടും വരച്ചു. ഒറ്റ ചുരുളിൽ അറുപത്തിനാല് വരകൾ. അറുപത്തിനാലിലും അവർ രണ്ടുപേർ. ആദ്യം കണ്ടതു മുതൽ ഇനി കാണാൻ പോകുന്നതുവരെ. കറുപ്പൻ വരച്ചത് അവന്റെ പ്രേമമാരുന്നു. അവരടെ ജീവിതോം'.

‘അന്നു രാത്രി, ക്യാപ്റ്റന്റെ താവളത്തിൽ കറുപ്പനെത്തി. അരയിൽ വള്ളികോർത്തു കെട്ടിയ ചുരുൾ. പുലിക്കു വെക്കുന്ന പൊട്ടാത്ത കെണി കറുപ്പനുവേണ്ടി ക്യാപ്റ്റൻ ഒളിച്ചുവെച്ചു. അവൻ അതിൽചെന്നുചാടി. എലിസബത്ത് അതറിഞ്ഞു. കരഞ്ഞു. നിലവിളിച്ചു. ബഹളം വെച്ചു. പക്ഷേ, അതു താവളത്തിനു പുറത്ത് ആരും കേട്ടില്ല'.

‘പുലർച്ചെ പടിഞ്ഞാറേ മലയിലേക്കു ചാക്കുകണക്കിനു കൽക്കരിയുമായി പടയാളികൾ കയറി. കൽക്കരി കൂട്ടി. നടുവിൽ കറുപ്പനെ നിർത്തി. കൂച്ചുവിലങ്ങിലും അവൻ കുതറി. ക്യാപ്റ്റൻ തീ കൊളുത്തി. പെരുവിരൽതൊട്ട് തീയാളി. എലിസബത്ത് കിടക്കാൻ പൂതികെട്ടിയ തുട, നെഞ്ച്; അവൾ അറിയാൻ കാത്ത അരക്കെട്ട്; ചുറ്റിപ്പിടിക്കാനോർത്ത കഴുത്ത്; മുറുക്കെ മുറുക്കെ ചുംബിക്കാൻ കൊതിച്ച മുഖം; എല്ലാം കത്തി. നിന്നു കത്തി. മാംസംവെന്ത മണം പടിഞ്ഞാറേമലയിറങ്ങി എലിസബത്തിന്റെ മുറിയിലെത്തി. അവൾ ക്യാപ്റ്റന്റെ വെടിക്കോപ്പ് തിരഞ്ഞെടുത്തു. കറുപ്പന്റെ അവസാനത്തെ മുടിനാരിനും തീപിടിച്ച നിമിഷം അവൾ തലച്ചോറിലേക്കു വെടിവെച്ചു. അപ്പോൾ കറുപ്പൻ എലിസബത്തിന്റെ കൈവെള്ളയോളം ചെറിയൊരു ഗോളമായി. തീഗോളം. അതു മുകളിലേക്കുയർന്നു. തീക്കൂനയ്ക്കു പിന്നിലുള്ള പേരാലിന്റെ ശിഖരങ്ങൾക്കിടയിലൂടെ ഉയർന്നു പൊങ്ങി. ക്യാപ്റ്റനും പടയാളികളും നോക്കി നിൽക്കെ, പേരാലിന്റെ ഏറ്റോം പൊക്കമുളള കൊമ്പിലെ, ഒറ്റയിലയിൽ കറുപ്പൻ ചെന്നു പതിച്ചു. പിന്നെ ഇലയിൽ അലിഞ്ഞു.'

‘കരി കത്തിത്തീർന്നിടത്ത് ക്യാപ്റ്റൻ മണ്ണുകോരിയിട്ടു. പക്ഷേ, കറുപ്പൻ ഒളിപ്പിച്ച ചുരുൾ കത്താതെ ബാക്കി കിടന്നു'.

പതിനൊന്ന്: മോഹന വീഥി

‘അന്നതു കത്തിയിരുന്നേൽ അവരെ നമ്മളൊക്കെ അറിയാതെ പോയേനെ, അല്ലേ?'
‘അത് കത്തില്ല', സുതാര്യ എന്നെ നോക്കാതെ ചിരിച്ചു: ‘അതവരുടെ പ്രേമമാരുന്നു.'
‘ശരിയാ', ഞാൻ തല കുനിച്ചു: ‘നമ്മള് മരിച്ചാലും നമ്മടെ പ്രേമം ഇവിടെത്തന്നെ കാണുമല്ലോ.'

അവളൊന്നും മിണ്ടിയില്ല.

അപ്പോൾ ആകാശത്ത് തീയാളുന്ന ശബ്ദം മുഴങ്ങി. ഞങ്ങൾ മുഖമുയർത്തി. വെള്ളമേഘവും തീനാളവും അടുത്തടുത്തുവന്നു. സുതാര്യ കാണാതെ ഞാൻ പിന്നരയിൽനിന്നു കഠാര പുറത്തെടുത്തു.

‘കറുപ്പനും എലിസബത്തും പ്രേമിക്കുന്നത് പിന്നെയാരേലും കണ്ടിട്ടൊണ്ടോ?', ഞാൻ ചോദിച്ചു: ‘ആരേലും കൽക്കരി പോലെ കത്തീട്ടൊണ്ടോ?. '
‘ഒത്തിരിപ്പേര് കണ്ടിട്ടൊണ്ട്', സുതാര്യ പറഞ്ഞു: ' കണ്ടവരൊക്കെ കത്തീട്ടുവൊണ്ട്. ഇന്നവരുടെ ആണ്ടുദിനമാ. കാത്തിരിപ്പിന്റെ ദെവസം'.

ഞാൻ ഇരുട്ടിലേക്കു കഠാര നീട്ടിയെറിഞ്ഞു. പിന്നെ, പതിയെ അടുത്തേക്കു ചെന്നു. അവളെ ചേർത്തുപിടിച്ചു.

ആകാശത്തുനിന്നു മറ്റു മേഘങ്ങൾ ഒഴിഞ്ഞു. നിലാവ് കണ്ണിറുക്കിയടച്ചു. എലിസബത്തിന്റെ വെള്ളവെളിച്ചവും കറുപ്പന്റെ തീവെട്ടവും ഞങ്ങൾക്കുമേൽ വന്നുവീണു.

‘കറുപ്പനും എലിസബത്തും പ്രേമത്തിന്റെ കാവൽകാരാ', സുതാര്യ എന്റെ മുഖത്തു മുഖമുരുമ്മി: ‘പ്രേമത്തിലാവാൻ, പ്രേമം കൈവിട്ടുപോകാതിരിക്കാൻ, എന്നും പ്രേമിച്ചോണ്ടിരിക്കാൻ ഒക്കെ അവര് കൂട്ടുനിക്കും. '
‘അവരോട് എങ്ങനാ പ്രാർഥിക്കണ്ടേ?'.

സുതാര്യ ചിരിച്ചു.

കിഴക്കുനിന്നൊരു നക്ഷത്രം അപ്പോൾ തലപൊക്കി. പിന്നത് മിന്നായംപോലെ പടിഞ്ഞാറോട്ടു പാഞ്ഞുപോയി. ഞാനന്തിച്ചുനിന്നു.

‘അതാ അവരടെ നക്ഷത്രം. എട്ടുകൈയുള്ള വാൽനക്ഷത്രം'.
‘പക്ഷേ', ഞാനവളെ വീണ്ടും ചേർത്തുപിടിച്ചു: ‘അവരടെ പ്രേമം മാത്രം നഷ്ടപ്പെട്ടുപോയല്ലോ. '
‘എന്നാരു പറഞ്ഞു?. അവരടെ പ്രേമമാണ്, പ്രേമങ്ങളുടെ പ്രേമം'.
‘അവരിന്ന് എന്തൊക്കെ ചെയ്യും?'.
‘ചുണ്ടിൽ ചുണ്ടു ചേർക്കും. നാവിൽ നാവു ചേർക്കും. പുണരും. മേഘത്തിൽ തീ പടരും. തീയിൽ മേഘം നിറയും. അവരു തമ്മിലൊന്നാകും. അരനാഴിക നേരത്തിൽ അറുപത്തിനാലു നിലകളിൽ അവര് ചെയ്യും'.

ഞാൻ ചിരിച്ചു. അപ്പോൾ ആകാശത്തുനിന്നു തീ ചിതറി. എലിസബത്തും കറുപ്പനും നേർക്കുനേർ. തൊട്ടടുത്ത്. ഭൂമിമൊത്തം അപ്പോൾ നിശ്ചലമായെന്ന് എനിക്കുതോന്നി. തീയെരിഞ്ഞു. മേഘമനങ്ങി. അവർ തമ്മിൽ ഗാഢം ചുംബിക്കാനാഞ്ഞു.
അപ്പോൾ സുതാര്യ എന്റെ മുഖം കൈയിലെടുത്ത് അവൾക്കുനേരെ തിരിച്ചു.
‘നോക്കണ്ട'.
‘നോക്കുന്നില്ല'.

ആകാശത്തുനിന്ന് ചുംബനത്തിന്റെ ശബ്ദം കേട്ടു. അങ്ങോട്ടു നോക്കാതിരിക്കാൻ ഭൂമിയൊന്നു തിരിഞ്ഞു. മലകളിൽനിന്നു കാറ്റുതിർന്നു. ഇലകൾ യുഗ്മഗാനംപാടി. ചില്ലകൾ തമ്മിലുരുമ്മി. മരങ്ങൾ വെമ്പി. മണ്ണുതരികൾ പരസ്പരം കെട്ടിപ്പിണഞ്ഞു. കറുപ്പനെയും എലിസബത്തിനെയും നോക്കാൻ എനിക്കുതോന്നി. അപ്പോൾ സുതാര്യയെന്നെ മണ്ണിലേക്കു വലിച്ചിട്ടു.

എന്റെ കണ്ണുനിറഞ്ഞു.

ചുണ്ടിൽ ചുണ്ടും നാവിൽ നാവും ചേർക്കുന്നതിനു മുൻപ് അവൾ പതുക്കെപ്പറഞ്ഞു: ‘നമക്കു പ്രാർഥിക്കാം'. ▮


അബിൻ ജോസഫ്​

കഥാകൃത്ത്, കല്യാശേരി തീസീസ് എന്ന കഥാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments