അബിൻ ജോസഫ്

കടുതലൻ

പുറപ്പാട്

ജീ. ക്രൈസ്റ്റ് മരക്കുരിശിൽ കൊല്ലപ്പെട്ടതിന്റെ ഇരുപത്തൊന്നാം മണിക്കൂറിൽ, പത്രോച്ചനും ബാക്കി പത്തുപേരും ചുങ്കക്കാരൻ ലേവിയുടെ കമാണ്ടർ ജീപ്പിൽ പാൽച്ചുരം കയറിത്തുടങ്ങി. ഇടിവെട്ടും കൊള്ളിയാനുമായി ഒരു പേമാരി തോർന്ന നേരമായിരുന്നു, അത്.

‘പത്രോച്ചാ, സക്കേവൂനെ ഒന്നു വിളിച്ചുനോക്ക്', ഗിയർമാറ്റത്തിൽ ഇരമ്പിക്കയറിയ ജീപ്പിന്റെ ഡ്രൈവിങ് സീറ്റിൽ മർക്കോ ഒന്നിളകിയിരുന്നു: ‘മറ്റവൻ വെല്ല ഗുണ്ടൽപ്പേട്ടിലോട്ടും കടക്കാനൊള്ള ചാൻസൊണ്ട്'.

നരച്ച കൊമ്പൻമീശ, ഇരുകവിളുകളിലേക്കും പിരിച്ചുകയറ്റിക്കൊണ്ട്, പത്രോച്ചൻ ഫോണെടുത്തു.

കൊച്ചുയോഹന്നാൻ ആശങ്കയോടെ മർക്കോയേയും പത്രോച്ചനേയും മാറിമാറി നോക്കി: ‘യൂദായെ നമ്മള് തട്ടുവോ?'.

മൊബൈൽ ചെവിയിൽവെച്ചതല്ലാതെ, പത്രോച്ചൻ മറുപടിയൊന്നും പറഞ്ഞില്ല. മർക്കോ ആശങ്കയോടെ ഉള്ളംകൈയിലേക്കു നോക്കി. യാക്കോയും പീലിയും പുറത്തേക്കു തലവെട്ടിച്ചു.

‘അവൻ നിന്റെ റഡാറിൽതന്നെ ഒണ്ടല്ലോ, അല്ലേ?', പത്രോച്ചന്റെ ശബ്ദത്തിനു വിചാരിച്ചതിലും മുഴക്കമുണ്ടെന്നു കൊച്ചുയോഹന്നാനു തോന്നി.

‘എന്റെ പിള്ളാര് അരിച്ചു പെറുക്കുന്നൊണ്ട്. അവനേത് കാനാന്തേശത്തു പോയാലും പൊക്കിയിരിക്കും. അതോർത്തു പേടിക്കണ്ട. നിങ്ങള് എവിടംവരെയായി?', സക്കേവൂ ചോദിച്ചു: ‘പേര്യയ്ക്ക് ചെക്കിങ്ങൊണ്ടാകാൻ ചാൻസൊണ്ട്. നോക്കീം കണ്ടുവല്ലേ പോരുന്നേ?'.

‘ആരെയാ സക്കേവൂ നീ പണി പഠിപ്പിക്കുന്നേ?', പത്രോച്ചൻ പുച്ഛിച്ചു. സക്കേവൂ ഫോൺ കട്ടാക്കി.

ജീപ്പ് ചുരത്തിലേക്ക് ഞാന്നു ഞാന്നു കയറി. കെഎസ്ആർടീസികൾ എതിരെ ഊർന്നൂർന്നുപോയി.

‘എന്നാലും ആശാനിട്ട് അവമ്മാര് പണിയുവെന്നു ഞാനോർത്തില്ല', യാക്കോ നിരാശപ്പെട്ടു.

‘പീലാത്തോയും ടീമുവല്ലേ, നമ്മളേങ്കൂടെ തീർക്കാഞ്ഞത് ഭാഗ്യം', മാത്തച്ചൻ പല്ലിറുമ്മി.

പത്രോച്ചൻ ഇടംകാൽ ജീപ്പിന്റെ ബോണറ്റുസൈഡിലേക്കു നീട്ടിവെച്ചു. പിന്നെ, കഷണ്ടിത്തല തടവി.

ചിത്രീകരണം: ദേവപ്രകാശ്
ചിത്രീകരണം: ദേവപ്രകാശ്

‘പണിവരുവെന്നത് കട്ടായമാരുന്നു. ആശാനോടു ഞാനതു പറഞ്ഞതുവാണ്', നെഞ്ചിലെ വെള്ളരോമങ്ങളിൽ മൂന്നെണ്ണം പറിച്ചെടുത്ത് പത്രോച്ചൻ പുറത്തേക്കു പറത്തി: ' പിന്നെ പണുതും തിരിച്ചു പണുതും നിക്കുമ്പഴല്ലിയോ ഗ്യാങ്ങിനൊരു വളർച്ചയൊക്കെ വരുന്നേ'.

‘പത്രോച്ചാ', പേടിയുള്ള ശബ്ദത്തിൽ തൊമ്മൻ സംശയിച്ചു: ‘പീലാത്തോയെ സ്‌കെച്ചിടാൻ നമ്മള് വിചാരിച്ചാ പറ്റുവോ?'.

ഉത്തമഗീതം

വീടിനു പിന്നിലെ റബ്ബർതോട്ടത്തിലൂടെ ഒരു സൈക്കിൾവെട്ടം പാഞ്ഞുവരുന്നത്, അടുക്കളയിൽനിന്ന് മഗ്ദ കണ്ടു. ഏതു വധൂരിയാ കർത്താവേന്നും വിചാരിച്ച്, അവൾ മുടി ചുറ്റിക്കെട്ടി, കിടപ്പുമുറിയിലേക്കു നടന്നു. തലയിണയ്ക്കടീന്നൊരു സൂചിക്കത്തിയെടുത്ത് എളിയിൽ ഒളിപ്പിച്ചു. കയ്യാലയീടിക്കപ്പുറം സൈക്കിൾവെട്ടം നിന്നു. മഗ്ദ ജനലിനു പിന്നിൽ പതുങ്ങി. കരിങ്കല്ലുകെട്ടിയ പടവുകളിലൂടെ ഒരു പേനാട്ടോർച്ചുവെട്ടം നടന്നുകയറി. അവൾ ഒന്നു പരിഭ്രമിച്ചു. അപ്പോൾ കതകിൽ മുട്ടുകേട്ടു.

‘ആരാ?'

‘നിന്റെ മറ്റവൻ. വാതല് തൊറക്കെടീ'.

മഗ്ദ കത്തി വലിച്ചൂരി, പിന്നിലൊതുക്കി.

‘തൊറക്കെടീ, അല്ലേ ഞാൻ വീടിനു ചുറ്റും മണ്ണെണ്ണ വീശി തീയിടും'
അവളു വിറച്ചു.

‘നിന്റെ രക്ഷകൻ ഇനി വരുകേല. ഒരുത്തനും സഹായിക്കാനും എത്തുകേല. അതുകൊണ്ട്, പൊന്നുമോള് വാതല് തൊറ'.

ഒന്നു ശങ്കിച്ചുനിന്ന ശേഷം, രണ്ടും കൽപ്പിച്ച് മഗ്ദ വാതിൽ തുറന്നു.

‘എന്നതാടീ ഒരു പമ്മല്?', തലയിൽക്കെട്ടിയിരുന്ന തോർത്തഴിച്ചു കുടഞ്ഞശേഷം, യൂദാ ചോദിച്ചു: ‘ദുഃഖം ആചരിക്കുവാന്നോ?. അതോ വല്ലവനേം വിളിച്ചു കേറ്റീട്ടൊണ്ടോ?.'

കല്ലിച്ച മുഖത്തോടെ അവൾ നിന്നു.

‘നീയൊന്നു കുളിച്ച്, ഇതൊക്കെ ഇട്ടുനിക്ക്. ഇച്ചായൻ രണ്ടെണ്ണം പെരുക്കിയേച്ചും വരാം', യൂദാ കക്ഷത്തിൽ ഇറുക്കിവെച്ചിരുന്ന ജൗളിക്കൂട് നീട്ടി.

‘എനിക്കു പറ്റുകേല'.

മഗ്ദ ജൗളി തട്ടിത്താഴെയിട്ടു. യൂദാ മുന്നോട്ടു കയറി. അവൾ കത്തി നീട്ടി. അയാൾ അരയിൽനിന്നു തോക്കെടുത്തു. മഗ്ദ വിറച്ചു. യൂദാ പെരുത്തു, ‘കുനിയാമ്പറഞ്ഞാ കുനിഞ്ഞോണം, കെടക്കാൻ പറഞ്ഞാ കെടന്നോണം', റിവോൾവറിന്റെ ഉണ്ടത്തൊള കറക്കിക്കൊണ്ട് യൂദാ ചിരിച്ചു.

‘ഇനി നിന്റെ ഒടയോനും കാര്യസ്ഥനുവൊക്കെ ഞാനാ'.

മഗ്ദയുടെ കണ്ണിൽ രണ്ടിറ്റ് നീര് കിനിഞ്ഞു.

ന്യായാധിപൻമാർ

ചണനൂല് നീട്ടി ഒറ്റക്കുഴൽ തോക്കിന്റെ ആയം ഗണിച്ചശേഷം, പെരുങ്കൊല്ലൻ യോനാ ചിരിച്ചു. പത്രോച്ചൻ വടിവളന്നു.

‘ഇതിനാത്ത് എത്ര ഉണ്ടയിടാം?', കൊച്ചുയോഹന്നാൻ കൗതുകത്തോടെ പെരുങ്കൊല്ലന്റെ കണ്ണിലേക്കു നോക്കി. മണ്ടത്തരം ചോദിക്കല്ലെന്ന ഭാവത്തിൽ പത്രോച്ചൻ മുരടനക്കി.

‘ഉണ്ട ഒറ്റയെണ്ണമേ ഇടാമ്പറ്റത്തൊള്ളൂ', പെരുങ്കൊല്ലൻ തോക്ക് കൈയിലിട്ടൊന്നു കുലുക്കി: "പക്ഷേ, അതുമതി, അവന്റെ ചങ്കു പൊളക്കാൻ'.

മർക്കോയും ലൂക്കോച്ചനും മുണ്ടുമടക്കിക്കുത്തി. മാത്തച്ചൻ, വെനീസ് സഹകരണ ബാങ്കിന്റെ ലേബലുള്ള കൈബാഗിൽനിന്നു നോട്ടുകളെണ്ണിയെടുത്ത് കൊല്ലനു കൊടുത്തു. അതുവാങ്ങി ഒന്നു മണത്തശേഷം, കൊല്ലൻ തിരികെ മാത്തച്ചന്റെ ബാഗിൽതന്നെയിട്ടു.

‘ഇപ്പണിക്ക് ഞാൻ കാശ് വാങ്ങത്തില്ല', തോക്ക് പത്രോച്ചനു നീട്ടിക്കൊണ്ട് പെരുങ്കൊല്ലൻ പറഞ്ഞു: "അവന്റെ നെഞ്ചാങ്കൂട് തകർക്കണം. പൂക്കുറ്റി പൊട്ടുന്നപോലെ കുപ്പിച്ചില്ലും വെടിമരുന്നും നെഞ്ചുമൊത്തം ചെതറണം. പിടിക്ക് പത്രോച്ചാ'.

പത്രോച്ചൻ തോക്കുവാങ്ങി. പെരുങ്കൊല്ലൻ ഉലയുടെ അരികിൽ വീണ്ടും കുത്തിയിരുന്നു.

കമാണ്ടർ ജീപ്പ് തേയിലത്തോട്ടം പിന്നിട്ടു. ആരും ഒന്നും മിണ്ടിയില്ല. ബോണറ്റിൽ ചവിട്ടിപ്പിടിച്ചിരുന്ന ഇടംകാലിനോടു ചേർത്ത് പത്രോച്ചൻ തോക്ക് കുത്തിവെച്ചു. കൊച്ചുയോഹന്നാൻ അതിന്റെ മിനുക്കൻ കറുപ്പിലേക്ക് കൗതുകത്തോടെ നോക്കി.

‘അതേ, ഈ പെരുങ്കൊല്ലൻ പറഞ്ഞത് കാര്യവാന്നോ?', തൊമ്മൻ മടിച്ചുമടിച്ചു ചോദിച്ചു: "ഈ തോക്ക് ശരിക്കും പൊട്ടുവോ?. പൊട്ടിയാത്തന്നെ, ഒറ്റവെടിക്ക് അവന്റെ പണിതീരുവോ?'.

മർക്കോ വണ്ടി നിർത്തി.

‘പീലിച്ചേട്ടായീ, വണ്ടിയെടുക്കാവോ?. എന്റെ കൈയും കാലുവെല്ലാം കഴച്ചു'.
ചെറുമയക്കത്തിലാരുന്ന പീലി ചാടിപ്പുറത്തിറങ്ങി. തോക്കിൽ പിടുത്തമിറുക്കിക്കൊണ്ട്, പത്രോച്ചൻ തിരിഞ്ഞ്, തൊമ്മനെ നോക്കി.

‘ആശാനെ കൊല്ലാന്നേരം വെറുതേവിട്ട ഒരുത്തനില്ലേ, ബെറാബാ. ആ നാറി നാലുപേരെ തട്ടിയതു പെരുങ്കൊല്ലൻ പണിത തോക്കുംകൊണ്ടാ'.

തൊമ്മൻ ഒന്ന‍നങ്ങിയിരുന്നു. കൊച്ചുയോഹന്നാൻ പേടിയോടെ വീണ്ടും തോക്കിലേക്കു നോക്കി. അപ്പോൾ പത്രോച്ചന്റെ ഫോൺ ബെല്ലടിച്ചു.

‘അതേ, പോലീസിലെ നമ്മടെ ചെല കൈക്കാര് പിള്ളേര് വിളിച്ചാരുന്നു. പീലാത്തോ എന്തോ പ്ലാൻ ചെയ്യുന്നൊണ്ട്. ഇന്റലിജൻസു വഴിയാരിക്കും ഓപ്പറേഷൻ'.

പത്രോച്ചൻ ഒന്നിരുത്തി മൂളി. പിന്നെ ഫോൺ പുറത്തേക്കു വലിച്ചെറിഞ്ഞു. അതുകണ്ട്, കൊച്ചുയോഹാൻ കീശയിൽനിന്നു ഫോണെടുത്തു. എറിയണോ, വേണ്ടയോ എന്നൊന്നു സംശയിച്ചു. അപ്പോൾ തൊമ്മനതു പിടിച്ചുവാങ്ങി ദൂരേക്കെറിഞ്ഞു.

സങ്കീർത്തനങ്ങൾ

‘എന്നെ നോക്കാൻ എനിക്കറിയാം സാറേ. വെറുതെ പേടിപ്പിക്കാതെ. പത്രോയും ബാക്കി മോഴകളുങ്കൂട്ടിയാ കൂടുന്നതല്ല, യൂദാ. അവമ്മാര് കൂടിവന്നാ എന്നാ ഒലത്തുവെന്ന് എനിക്കറിയാം', യൂദാ കോൾ കട്ടാക്കി.

ആറ്റുവക്കിലുള്ള കള്ളുഷാപ്പിന്റെ പിന്നാമ്പുറത്തെ പ്ലാമരച്ചോട്ടിലായിരുന്നു, അയാളപ്പോൾ. അധികവില കൊടുത്താൽ കള്ളിനു പകരം കുതിര റമ്മോ, കവട്ട ബ്രാണ്ടിയോ കിട്ടുന്ന ഷാപ്പീന്ന്, ചില്ലറ കൂടുതലിട്ടു വാങ്ങിയ ബക്കാർഡി നാലെണ്ണം കീറിക്കഴിഞ്ഞപ്പോഴായിരുന്നു, ഫോണടിച്ചത്.

‘പിന്നേ, പോലീസിന്റെ കൊണേടെ കൊറവുങ്കൂടെയേ ഒള്ളൂ', മൊബൈല് പോക്കറ്റിലിടുന്നതിനു മുൻപു അയാൾ കാർക്കിച്ചു തുപ്പി. വാങ്ങിയ പൈന്റുകളിൽ രണ്ടാമത്തേത് അരയിൽ തിരുകിയിട്ടുണ്ട്.

ഒരു വരയടിച്ചുകൊണ്ട്, യൂദാ മഗ്ദയെ ഓർത്തു.

അപ്പോൾ വീണ്ടും ഫോൺ വൈബ്രേറ്റ് ചെയ്തു. സിഐ മിഖായേൽ കോളിങ്.

‘എന്നേക്കാളും പേടിയാണല്ലോ സാറേ തനിക്ക്', യൂദാ പല്ലിറുമ്മി: ‘കൂടെ കൊണ്ടുനടന്നോന്റെ കുതികാലേ ചവിട്ടാവെങ്കി അതിന്റെ ബാക്കീങ്കൂടെ യൂദാ കരുതീട്ടൊണ്ട്.'

‘അതല്ല യൂദാ', സി.ഐ ശബ്ദം താഴ്ത്തി: ‘അവമ്മാര് അബ്സ്‌കോണ്ടാ. ഫോണെല്ലാം സുച്ചോഫും. ട്രെയ്സ് ചെയ്യാമ്പറ്റുന്നില്ല. അവസാനത്തെ ടവർ ലൊക്കേഷൻ മാനന്തവാടിയാ. അതുകൊണ്ട്, നീ ചുറ്റിത്തിരിയാതെ ചുരമെറങ്ങാൻ നോക്കിക്കോ'.

‘വയനാട്ടില് യൂദായ്ക്കറിയാത്ത വഴിയില്ല സാറേ. അവമ്മാരിനി സാറ്റലൈറ്റുവെച്ച് തപ്പിയാലും എന്നേക്കിട്ടുകേല'.

‘ഉം. താൻ എന്തേലും ചെയ്യ്. തടി കയ്ച്ചിലാക്കിയാ മതി'.

‘സാറ് വെല്ല വെടിയേം പൊക്കി നാല് പൂശ് പൂശീട്ട് കെടക്കാൻ നോക്ക്'.

‘നീ എനിക്കിട്ട് ഊക്കണ്ട'.

യൂദാ ഒന്നു മൂളുകമാത്രം ചെയ്തു. സിഐ ഒരു സെക്കൻറ്​ മിണ്ടിയില്ല.

‘എടാ യൂദാ', സീക്രട്ട് മെസേജിന്റെ ടോണിൽ സിഐ ചോദിച്ചു: ‘നിന്റെ ആശാനില്ലേ, അങ്ങേര് മരിച്ചാലും തിരിച്ചുവരുമെന്നൊരു കരക്കമ്പി കേട്ടു. ഒള്ളതാണോ?'.

യൂദാ പൊട്ടിച്ചിരിച്ചു. കാലിയായ പൈൻറ്​ കുപ്പി ആറ്റിലേക്കു നീട്ടിയെറിഞ്ഞു.
‘ചത്തിട്ടു തിരിച്ചുവരാൻ അയാളാര് ദൈവവോ?'.

വിലാപങ്ങൾ

യൂദാ കൊടുത്തിട്ടുപോയ ജൗളിക്കൂട് മഗ്ദ തുറന്നു.
അകം മുഴുവൻ കാണാവുന്നൊരു നൈറ്റ് ഗൗൺ (ചുവപ്പ്), പതുപതുത്ത ബ്രാ (കറുപ്പ്), സൈഡിൽ വള്ളികെട്ടുന്ന ഇന്നർ (അതും കറുപ്പ്).

മഗ്ദ അതെല്ലാം കട്ടിലിലിട്ടശേഷം, വെപ്രാളത്തോടെ ഫോണെടുത്തു. ആദ്യം പത്രോച്ചന്റെ നമ്പർ ഡയൽ ചെയ്തു. സ്വിച്ച് ഓഫ്. പിന്നെ, അന്ത്രോ തൊട്ട് കൊച്ചുയോഹന്നാൻ വരെയുള്ളവരെ മാറിമാറി വിളിച്ചു. എവിടെനിന്നും പ്രതികരണങ്ങളില്ല. എന്തു ചെയ്യണം എന്നറിയാത്തൊരു പരിഭ്രാന്തിയിൽ ഷെൽഫിൽനിന്നു സ്മിർണോഫ് (ചോക്ലേറ്റ് ഫ്ളേവർ) കുപ്പിയെടുത്ത് ഒരെണ്ണം ഡ്രൈ അടിച്ചു. പിന്നെ, തുരുതുരാ ശ്വാസം വലിച്ചുകൊണ്ട്, ഫോണെടുത്ത് ജീ. എന്നു സേവ് ചെയ്ത നമ്പറിൽ വിരൽവെച്ചു.

രക്ഷകാ എന്റെ പാപഭാരമെല്ലാം നീക്കണേ.. എന്ന പാട്ട് കോളർ ട്യൂണായി മുഴങ്ങി. മഗ്ദയ്ക്കു സങ്കടം വന്നു. അറ്റൻഡ് ചെയ്യപ്പെടാതെ, കോൾ കട്ടായിപ്പോയി.. ഓട്ടോ ജനറേറ്റഡായ ഒരു വോയ്സ് മെയിൽ തിരികെ വന്നു: സ്ത്രീയേ, എനിക്കും നിനക്കും എന്ത്? എന്റെ സമയം ഇനിയും ആയിട്ടില്ല.

നിയമാവർത്തനം

‘നടവയലീന്നു കെഴക്കു മാറിയാ ഒരു കുരിശുപള്ളി കാണും. അതിന്റെ സൈഡീക്കൂടെ ഒരു റോഡൊണ്ട്, ടാറില്ലാത്തത്. നേരെ ഒരു റബ്ബറുങ്കാലായിലെത്തും', വഴിയിൽകണ്ട ഒരുത്തന്റെ കൈയീന്നു ഫോൺവാങ്ങി വിളിച്ചപ്പോൾ സക്കേവൂ പറഞ്ഞു: "അവിടംവരെയേ വണ്ടി പോകൂ. പിന്നെ നടക്കണം. ചെങ്കുത്തായ എറക്കവാണ്. വേറേമൊരു വഴിയൊണ്ട്. പക്ഷേ, അതുവേണ്ട. സെയ്ഫല്ല'.

‘സേഫ്റ്റിയൊക്കെ ഞങ്ങളു നോയ്ക്കോളാം. താൻ പറ', പത്രോച്ചൻ ചെടിച്ചു.

‘അങ്ങെത്താൻ പറ്റുന്ന വഴിയേ സക്കേവൂ പറയൂ'.

പത്രോച്ചൻ നിർബന്ധിച്ചില്ല.

‘പിന്നേ, അവനെ പൊക്കിയാ മതി, തീർക്കണ്ട. ബാക്കി ഞാൻ പ്ലാൻ ചെയ്തിട്ടൊണ്ട്'.

‘പ്ലാനൊക്കെ എനിക്കുവൊണ്ട്'.

പത്രോച്ചൻ ഫോൺ കട്ടാക്കി. ജീപ്പ് കുതിച്ചു.

‘പത്രോച്ചാ, ഇപ്പണി വേണോ?', തൊമ്മൻ ചെറിയ വെറവലോടെ പരുങ്ങി: ‘റിസ്‌കല്ലേ?. നമ്മക്കുവെല്ല മനുഷ്യാവകാശ കമ്മീഷനിലും ഒരു കംപ്ലെയിന്റ് കൊടുത്താലോ?'.

പീലി ജീപ്പിനു സഡൻ ബ്രേക്കിട്ടു. കൊച്ചുയോഹന്നാനും അതുവരെ മിണ്ടാതിരുന്ന ബെർതലോയും ഞെട്ടി.

‘ചേറ്റുമീനും പെറുക്കിനടന്ന നിനക്ക് നേരാമ്മണ്ണം ഉണ്ണാനും ഉടുക്കാനും തന്നതാരാ?', തൊമ്മനു നേരെ തിരിഞ്ഞ്, പത്രോച്ചൻ ഒച്ചകേറ്റി: ‘നിന്റെ മോന്തായത്തിലെ മിനുമിനുപ്പ് എങ്ങനെ വന്നതാ?. കൊച്ചുകൊടവയറു ചാടിയത് ആര് തന്ന ചോറിന്റെ കൊഴുപ്പിലാ?'.

തൊമ്മൻ തല താഴ്ത്തി. പത്രോച്ചൻ മുഖം തിരിച്ചു.

‘നന്ദിവേണം, ഉണ്ട ചോറിനും കിട്ടിയ ലൈഫിനും'.

പിന്നിലെ സീറ്റിൽനിന്നുചാടിയുയർന്ന്, കൊച്ചുയോഹന്നാൻ അലറി: ‘വണ്ടിയെടുക്കെടാ. ഇന്നു തീർക്കും എല്ലാ അവനേം'.

ഉൽപ്പത്തി

കറുത്ത തുകൽ ബെൽറ്റിന്റെ ബക്കിൾഭാഗം കൈയിൽചുറ്റിയശേഷം, യൂദാ മഗ്ദയെ നോക്കി. ഡബിൾകോട്ട് കട്ടിലിൽ മുട്ടുകുത്തി നിൽക്കുകയായിരുന്നു, അവൾ. നഗ്‌ന. യൂദാ പിന്നിലേക്കു നടന്നു. അവളുടെ കൈകൾ ഓറിയോ ഹാൻഡ് കഫ്കൊണ്ട് ബന്ധിച്ചിരുന്നു. ബെൽറ്റുവീശി അവളുടെ ചന്തിയിൽ- ഇടത്തും വലത്തും- ഏഴു തവണവീതം ആഞ്ഞടിച്ചു. വായിൽ തിരുകിയ ബ്രീത്തബിൾ ബോൾ ഗ്യാഗിൽ മഗ്ദയുടെ നിലവിളി കുടുങ്ങിക്കിടന്നു.

‘മറിയേ, നീ എൻജോയ് ചെയ്യുന്നൊണ്ടോടീ?', യൂദാ ചിരിച്ചു.

അവളു ചീറി.

‘ചുമ്മാ നിന്നെ മലത്തിയിട്ടു കുത്തിക്കേറ്റിയാ എന്നതാ ഒരു രസം? ലൈഫല്ലേ, എന്നലുവൊക്കെ എന്റർടെയ്ൻമെന്റ് വേണ്ടേടീ?'.

യൂദാ പൈൻറ്​ കുപ്പി വായിലേക്ക് കമിഴ്ത്തി. വൈറ്റ് റം പൊള്ളിയിറങ്ങിയതിന്റെ മൂച്ചിൽ വീണ്ടും മഗ്ദയെ ബെൽറ്റിനടിച്ചു. അവളുടെ വെളുത്ത ചർമത്തിൽ ചുവപ്പ് തിണർത്തു. തടിച്ചുവീങ്ങിയ ചുവപ്പിൽ യൂദാ വീണ്ടും വീണ്ടും ബെൽറ്റിനടിച്ചു. തൊലി പൊട്ടി. ചോര തെറിച്ചു. മുറിവുമാപ്പിലൂടെ വൈറ്റ്‌റമ്മിന്റെ തുള്ളികൾ ഇറ്റിച്ചു. അവൾക്കു നീറി. നെറ്റിയിൽപൊടിഞ്ഞ വിയർപ്പു തുടച്ചുകൊണ്ട്, അയാൾ കസേരയിൽ ഇരുന്നു. മഗ്ദയുടെ പിൻഭാഗം വിറയ്ക്കുുണ്ടായിരുന്നു.
അപ്പോൾ യൂദായുടെ ഫോൺ ബെല്ലടിച്ചു.

‘മിസ്റ്റർ എസ്. യൂദാ, നിങ്ങൾ എത്രയുംവേഗം കോഴിക്കോട് എയർപോർട്ടിൽ എത്തണം. ഞങ്ങളുടെ ഏജന്റ് അവിടെ വെയ്റ്റ് ചെയ്യുന്നുണ്ട്'.
പീലാത്തോയുടെ ചാരനായിരുന്നു, അത്.

‘ഞാന്നെനാത്തിനു വരണം?', യൂദാ പുച്ഛിച്ചു.

‘നിങ്ങളെ തായ്​ലാൻറിലേക്കു കൊണ്ടുപോകാനാണ് ഗവൺമെൻറ്​ ഓർഡർ'.

‘എനിക്കു പാസ്പോർട്ടില്ല'.

‘സാരമില്ല. വേറൊരു ഐഡന്റിറ്റിയിലാണു നിങ്ങൾ പോവുന്നത്. പാസ്പോർട്ടും മറ്റു ഡോക്യുമെന്റ്സും റെഡിയാണ്'.

‘ഏത് ഐഡന്റിറ്റി?'.

‘ഹരൂകി മുറകാമി'.

‘അതാരാ? പേരുകേട്ടിട്ടു മലയാളിയല്ലെന്നു തോന്നുന്നല്ലോ'.

‘അല്ല, നിങ്ങളുമായി ഏറ്റവുമധികം സാദൃശ്യമുള്ള മുഖം അയാളുടേതാണ്'.

‘മുറകാമീം പറികാമീം ഒന്നുമാവാൻ എനിക്കു പറ്റത്തില്ല', യൂദാ ഫോൺ കട്ടാക്കി, ടീപ്പോയിലേക്കു വലിച്ചെറിഞ്ഞു: " അവന്റമ്മേടെ തായ്​ലാൻറ്​'.

കട്ടിലിൽ മഗ്ദ പിടഞ്ഞു. കാലുകൾ ലോക്ക് ചെയ്തിരുന്ന ചെയിൻ കിലുങ്ങി. യൂദാ കണ്ണുയർത്തി. കുപ്പിയിൽ ബാക്കിയുണ്ടായിരുതു തീർത്തു. മഗ്ദയുടെ വായിൽനിന്നു ബ്രീത്തബിൾ ബോൾ ഗ്യാഗ് ഊരിയെടുത്തു. പിന്നെ, ബാഗുതുറന്ന്, ഒരു കൈപ്പുസ്തകത്തിന്റെ മാത്രം വലിപ്പമുള്ള ബൈബിൾ പുറത്തെടുത്തു. അവൾ ഏങ്ങലടിച്ചുകരഞ്ഞു. ഉത്തമഗീതം നാലാം ഗാനത്തിലേക്കു വിരൽചൂണ്ടി. മരണവെപ്രാളംപിടിച്ച ശബ്ദത്തിൽ മഗ്ദ വായിച്ചു: ‘ഞാനുറങ്ങി; പക്ഷേ, എന്റെ ഹൃദയം ഉണർന്നിരുന്നു. അതാ, എന്റെ പ്രിയൻ വാതിലിൽ മുട്ടുന്നു'.

അപ്പോൾ അവളുടെ വജൈനയിൽ യൂദാ മൂന്നുവട്ടം സ്ലാപ്പർ മുട്ടി.

മഗ്ദ നിലവിളിച്ചു. അയാൾ വീണ്ടും ബാഗ് തുറന്നു. അതിൽനിന്ന് ഒരു സർജിക്കൽ ബ്ലേഡു പുറത്തെടുത്തു.

പിന്നെ, അതവളുടെ തുടയിലൂടെ പതിയെ ഉയർത്തി.
‘കൊറേ സുഖിച്ചതല്ലേ നീ. ഇനി മതി'.

ബ്ലേഡ് അവളുടെ കാലുകൾക്കിടയിലേക്കു കയറ്റി.
‘നിന്റെ കന്ത് ഞാനങ്ങ് മുറിച്ചുകളയുവാ'.

യൂദാ ബ്ലേഡ് അമർത്തി.
അപ്പോൾ വലിയൊരു മുഴക്കത്തോടെ വാതിൽ പൊളിഞ്ഞുവീണു.

വെളിപാട്

അകത്തേക്കു പാഞ്ഞുകയറിയ പത്രോച്ചൻ യൂദായെ തൂക്കിയെടുത്ത് ഭിത്തിയിൽ ചേർത്തു. പിന്നെ നെഞ്ചാങ്കൂടു നോക്കി ഒറ്റയിടി ഇടിച്ചു. അലറലോടെ കുനിഞ്ഞപ്പോൾ നടുമ്പുറത്ത് കൈമുട്ടുകൊണ്ടിടിച്ചു. കൊരവള്ളിക്കു കുത്തിപ്പിടിച്ച്, നെറ്റിയിൽ തലകൊണ്ടിടിച്ചു. യൂദാ കുഴഞ്ഞുവീണു, പിടഞ്ഞു.
‘പത്രോച്ചൻ പഴേ ഗുസ്തിക്കാരനാരുന്നോ', പീലിയെ തോണ്ടി തൊമ്മൻ ചോദിച്ചു: ‘എന്നാ ഒരിടിയാ. ഈ പ്രായത്തിലും എങ്ങനെ പറ്റുന്നെടാവേ'.

അന്ത്രോയും മർക്കോയും പാഞ്ഞകത്തു കയറി, യൂദായെ പുറത്തേക്കു വലിച്ചിഴച്ചു.
കൊച്ചുയോഹന്നാൻ മഗ്ദയുടെ ഹാൻഡ് കഫ് അഴിച്ചു. കാലിലെ ലോക്ക് പൊളിച്ചു. മഗ്ദ ചാടിയെഴുറ്റേ്, ബെഡ്ഷീറ്റു വലിച്ചെടുത്ത് ദേഹത്തു ചുറ്റി.

വീട്ടുമുറ്റത്ത്​ യൂദായെ മുട്ടിൽനിർത്തിയശേഷം, ഒരു കസേര വലിച്ച് പത്രോച്ചൻ മുന്നിലിരുന്നു. തൊമ്മൻ ഒറ്റക്കുഴൽതോക്ക് കൈയിൽക്കൊടുത്തു. പത്രോച്ചൻ അതിന്റെ നീളൻ കുഴലുകൊണ്ട്, യൂദായുടെ താടിയിൽതട്ടി, മുഖമുയർത്തി.
‘ഞങ്ങടെ കൈയീപ്പെടാതെ നീ എവിടെവരെ ഓടാനാടാ?', പത്രോച്ചൻ പുച്ഛിച്ചു.
യൂദാ കണ്ണുപൊക്കി. വീട്ടിൽനിന്നിറങ്ങിവന്ന കൊച്ചുയോഹന്നാനും ബാക്കിയുള്ളവരും പത്രോച്ചന്റെ പിന്നിൽ നിരന്നു.

‘നിന്നെ എങ്ങനെ തീർക്കണവെന്നാ ഞങ്ങളാലോചിക്കുന്നേ', തോക്കിൽ തലോടിക്കൊണ്ട് പത്രോച്ചൻ പറഞ്ഞു.

‘ഒറ്റവെടിക്കങ്ങ് ചാമ്പ് പത്രോച്ചാ', യാക്കോ അലറി.
‘അവന്റെ തലയടിച്ചുപൊട്ടിക്ക്', അന്ത്രോ.
' വെട്ടി പീസ് പീസാക്കി ആറ്റീക്കളയാം', പീലി.

‘കൊല്ലണോ?, കൈയും കാലും വെട്ടി കട്ടിലേലിട്ടാപ്പോരേ', തൊമ്മൻ.

‘എവനെ വെല്ല പേപ്പട്ടിക്കും ഇട്ടുകൊടുക്കാം. നൊര തുപ്പി ചാകട്ട്', ബെർത്തലോ.

വായിൽ ഊറിവന്ന ചോര, പത്രോച്ചന്റെ കാൽച്ചുവട്ടിലേക്കു തുപ്പിയശേഷം, യൂദാ തലയുയർത്തി. പിന്നെ, പതിനൊന്നുപേരെയും നോക്കി പരമപുച്ഛത്തോടെ ചിരിച്ചു.
വീടിനകത്തുനിന്നു യൂദായുടെ ഫോൺ ബെല്ലടിക്കുന്ന ശബ്ദം കേട്ടു.

പത്രോച്ചൻ എഴുന്നേറ്റ്, തോക്ക് പിന്നിലേക്കു നീട്ടി; തൊമ്മൻ അതുവാങ്ങി.
യൂദായുടെ ഫോൺബെല്ല് നിന്നു.

പത്രോച്ചൻ അരയിൽനിന്നു വളവൻ കത്തി പുറത്തെടുത്തു.

‘ഹരാകിരി', കൊച്ചുയോഹന്നാൻ വാപൊളിച്ചു.

പത്രോച്ചൻ യൂദായെ മുടിക്കു കുത്തിപ്പിടിച്ച് എഴുന്നേൽപ്പിച്ചു. പിന്നെ, കത്തി അവന്റെ പൊക്കിളിൽവെച്ചു.

അപ്പോൾ ഭൂമി കുലുങ്ങി. ഇടി മുഴങ്ങി.
മിന്നലടിച്ചു.
പാതാളങ്ങൾ തുറക്കപ്പെട്ടു.
ആകാശം പിളർന്നു.
മേഘങ്ങൾ ഊർന്നുവീണു.

ട്രെയ്നി എയ്ഞ്ചൽ ലൈവിൽ വന്നു.

സാക്സഫോണിൽ ബിജിഎമ്മിട്ടു: റ്റാ റ്റര രര റ്റര രര.. റ്റാ റ്റര രര റ്റര രര...

ജൂനിയർ എയ്ഞ്ചൽ ലൈവിൽ വന്നു.

ഡ്രംബീറ്റ് മുഴക്കി: ടട്ടട്ടേൻ ടഡ ടഡ ടേൻ.. ടട്ടട്ടേൻ ടഡ ടഡ ടേൻ.

സീനിയർ എയ്ഞ്ചലും ചീഫ് എയ്ഞ്ചലും ലൈവിലെത്തി. ബാക്ഗ്രൗണ്ട് മ്യൂസിക്കിൽ അന്തരീക്ഷം കിടുകിടാ, കിടുകിടാന്ന് കിടുങ്ങി.
പൊടുന്നനവേ, ഒരു വാൽനക്ഷത്രം പൊട്ടിത്തെറിച്ചു. അതിന്റെ തീപ്പൊരികൾക്കിടയിലൂടെ റോയൽ എൻഫീൽഡ് ബുള്ളറ്റ്, സ്ലോമോഷനിൽ കടന്നുവന്നു. മേഘങ്ങൾ വഴിമാറി. ആകാശപാളികൾ കോരിത്തരിച്ചു.
മഗ്ദയുടെ മുറ്റത്തേക്കു ബുള്ളറ്റ് ചാഞ്ഞിറങ്ങി.

കൊച്ചുയോഹന്നാൻ ആർത്തുവിളിച്ചു: ‘ആശാൻ.. ആശാൻ'.

ഹാൻഡിലിനു മുകളിലുടെ കാൽ വീശിയെടുത്ത്, ബുള്ളറ്റിൽനിന്നിറങ്ങി. ഗോൾഡൻ ഫ്രെയിമുള്ള റെയ്ബാൻ ഗ്ലാസ് ഊരി മുകളിലേക്കെറിഞ്ഞു. അതൊരു മേഘക്കൊളുത്തിൽ തൂങ്ങിയാടി. കാറ്റടിച്ചു. നീളൻമുടി പാറി. ഓരോ ചുവടിലും പൊടിപറന്നു. കരിയിലകൾ വിറച്ചുചാടി.

പത്രോച്ചൻ വളവൻ കത്തി താഴെയിട്ടു...

പതിനൊന്നുപേരും ശ്വാസമടക്കിപ്പിടിച്ചു.

യൂദാ മുന്നോട്ടുവന്ന്, മുഖാമുഖം നിന്നു.
‘നീ തിരിച്ചുവന്നല്ലേ?'.

‘വരുമെന്നു ഞാൻ പറഞ്ഞാരുന്നല്ലോ'.

‘പകരം ചോദിക്കാനായിരിക്കും?'.

‘അതിന് ഞാൻ നേരിട്ടു വരണ്ട കാര്യമില്ലല്ലോ'.

പെട്ടെന്നു യൂദാ കാലുയർത്തി നെഞ്ചിൽ ഊക്കനൊരു ചവിട്ടു ചവിട്ടി.
നിലത്തു വീണു.

യൂദാ അരയിൽനിന്നു റിവോൾവറെടുത്തു.
പതിനൊന്നുപേരും നോക്കിനിൽക്കെ, ചാടിയെഴുന്നേറ്റ്, വീണ്ടും യൂദായ്ക്കു നേരെ ചെന്നു.

യൂദാ റിവോൾവർ തിരുനെറ്റിയിലേക്കു ചൂണ്ടി.
രണ്ടുപേരും പരസ്പരം നോക്കി. കണ്ണുകൊണ്ടു ബോക്സിങ്.
യൂദായുടെ ചൂണ്ടുവിരൽ കാഞ്ചിയിലേക്കു സ്ലോ മോഷനിൽ നീങ്ങി.
പത്രോച്ചൻ സ്തംഭിച്ചുനിന്നു. കൊച്ചുയോഹന്നാൻ ചാടാനോങ്ങി.
വിരൽ കാഞ്ചിയിൽ അമർന്നു.

അപ്പോൾ, നൂറുകിലോ വെയിറ്റുള്ള ഒരടി യൂദായുടെ തലയ്ക്കുപിന്നിൽ പതിച്ചു. അയാൾ ചെരിഞ്ഞു.
പുതപ്പ് വട്ടം ചുറ്റി നിൽക്കുന്ന മഗ്ദ.

ഒന്നു കറങ്ങി, യൂദാ അവൾക്കുനേരെ തിരിഞ്ഞു. മഗ്ദയുടെ അടുത്ത അടിയിൽ റിവോൾവർ തെറിച്ചുപോയി.

യൂദാ കൈയയുർത്തി. അവൾ ബ്ലോക്ക് ചെയ്തു.
കാലുയർത്തി; അവൾ ക്രോസ് ചെയ്തു.
അവൻ മുന്നോട്ടാഞ്ഞു; അവൾ വിരൽ കോർത്ത് കണ്ണിൽകുത്തി.
അടുത്തത്, കൈ ചുരുട്ടി തൊണ്ടക്കുഴിയിലുള്ള പഞ്ച്.
അതിനടുത്തത്, കാലുയർത്തി കഴുത്തിൽ.
പിന്നെ യൂദായുടെ അടിവയറ്റിൽ മഗ്ദ മുട്ടുകാല് കേറ്റി.
ചുറ്റിയിരുന്ന പുതപ്പ് അഴിഞ്ഞുവീണു; അവളതു മൈൻഡ് ചെയ്തില്ല.

‘അവനെ തീർക്കട്ടെ'?', പത്രോച്ചൻ ചോദിച്ചു.
‘ഏയ്. ഇതു ഗാന്ധിജീടെ നാടല്ലിയോ. കൊന്നും കൊലവിളിച്ചും തീർക്കാമ്പാടില്ല'.
‘പിന്നെ?'.
‘എപ്പോൾ വേണമെങ്കിലും കൊല്ലപ്പെട്ടേക്കാം എന്നു പേടിച്ചു നിൽക്കുന്ന ഒരവസ്ഥയുണ്ടല്ലോ, അതാ ഏറ്റോം വെല്യ ശിക്ഷ'.
‘ജീവിതം', കൊച്ചുയോഹന്നാൻ പിറുപിറുത്തു.

ഫുൾ നേക്കഡായി നെഞ്ചും വിരിച്ചുനിൽക്കുന്ന മഗ്ദയുടെ കാൽച്ചുവട്ടിൽ മുട്ടുകുത്തിയ യൂദായുടെ അടുത്തേക്ക് ആശാൻ നടക്കുന്നത്, കൊച്ചുയോഹന്നാൻ കണ്ടു.

‘നീപോയി ബാക്കിയുള്ളവരോടു പറ, ഞാൻ തിരിച്ചുവന്നെന്ന്', യൂദായുടെ മുഖത്തെ ചോര ഒപ്പിയെടുത്തു: ‘മനുഷ്യരെ പിടിക്കാൻ'. ▮


അബിൻ ജോസഫ്​

കഥാകൃത്ത്, കല്യാശേരി തീസീസ് എന്ന കഥാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments