ചിത്രീകരണം : ദേവപ്രകാശ്

സൈക്കിൾ

അലീന

ട്ടാം ക്ലാസ്സിലെ വല്യവധിക്കാണ് സാധാരണ എല്ലാവരും സൈക്കിൾ വാങ്ങിക്കുന്നത്. പ്രത്യേകിച്ചും പെൺകുട്ടികൾ.

‘ഞങ്ങളിത് നാലായിരത്തഞ്ഞൂറിന് മേടിച്ചതാ. രണ്ടായിരത്തഞ്ഞൂറ് ആണേലും കുഴപ്പമില്ല. കാശിന്റെ പ്രശ്‌നമല്ല. അവധിക്കിനി ഇതൂടെ ഉണ്ടെങ്കിൽ അവള് പെരക്കാത്തൊന്നും ഇരിക്കുകേലാ.'

അമ്മുക്കുട്ടി മധുരവും പൊടിയും പാകത്തിനില്ലാത്ത കട്ടൻകാപ്പി മിണ്ടാതിരുന്നു കുടിച്ചു. എത്രയും പെട്ടെന്ന് സൈക്കിളുമായി അവിടുന്ന് പോയാ മതി. സൈക്കിൾ കൊണ്ടുപോകാൻ ആളുകൾ വരുന്നതറിഞ്ഞ് എലിസബത്ത് ഷോപ്പറും മണ്ണെണ്ണക്കുപ്പിയുമായി റേഷൻ കടയിൽ പോയി. ടാറിട്ടതും ഇടാത്തതുമായ പലതരം റോഡുകൾ അന്ന് മുമ്പത്തേതിലും ദീർഘമായി. വീടും കടകളും തമ്മിലുള്ള ദൂരം കൂടി. അഞ്ചു മിനിറ്റുകൾ അര മണിക്കൂറായി. പുറകോട്ട് ഓടിക്കോണ്ടിരുന്ന തേക്കുമരങ്ങൾ നിശ്ചലമായി.

പ്രിയപ്പെട്ട പശുവിനെ അറവുകാരന് അഴിച്ചു കൊടുത്ത അതേ നിർവ്വികാരതയോടെ എലിസബത്തിന്റെ അമ്മ സൈക്കിൾ ഷെഡ്ഡിൽ നിന്നെടുത്ത് അമ്മുക്കുട്ടിയുടെ കയ്യിലേൽപ്പിച്ചു. അവർ പോകുന്നതു വരെ എലിസബത്ത് വീട്ടിലേക്ക് വരാതെ ഇടവഴിയിൽ എവിടെയൊക്കെയോ പതുങ്ങി നിന്നു. കാണാൻ കഴിയുകേലാരുന്നെങ്കിലും പാലം വഴി ഏന്തിയും വലിഞ്ഞും സൈക്കിളുരുട്ടി അമ്മുക്കുട്ടി അച്ഛനോടും അമ്മയോടും ഒപ്പം നടക്കുന്നത് അവൾ ദൂരേന്ന് കണ്ടുപോയി. അവൾക്കപ്പോൾ തന്റെ പച്ചഹൃദയം ആ ചരലിലൂടെയിട്ട് വലിക്കുന്ന വേദന തോന്നി. സാരമില്ല. പൈസക്ക് ആവശ്യം ഉള്ളതുകൊണ്ടല്ലേ. അവധിയും തുടങ്ങി. എളേത്തുങ്ങൾ എന്നും പലഹാരത്തിന് കാറും. എല്ലാത്തിനും പൈസ വേണ്ടേ. എലിസബത്ത് അരിയും മണ്ണെണ്ണയും ചുമന്ന് വീട്ടിലേക്ക് നടന്നു.

അമ്മുക്കുട്ടി രാത്രിയാകും വരെ സൈക്കിൾ മുറ്റത്തിന്റെ ഒത്ത നടുക്ക് വലിയ സ്റ്റാൻഡിട്ടു വെച്ച് കണ്ടോണ്ടിരുന്നു. എത്ര നാൾ കൊതിച്ചാലാണ് ഒരു സൈക്കിൾ കിട്ടുന്നത് എന്ന് അറിയാമോ? പഴുത്ത തക്കാളിയുടെ നിറം അവിടെയും ഇവിടെയും ഉരഞ്ഞ് നഷ്ടപ്പെട്ടിട്ടുണ്ട്. റിബ്ബണോ സ്റ്റിക്കറോ മുത്തുകളോ അലങ്കാരമായി ഒന്നുമില്ല. എലിസബത്തിനെപ്പോലെ പരുക്കനായ ഒരു സൈക്കിൾ. ഇതിനെ തന്റേതാക്കി, തന്നേപ്പോലെയാക്കി മാറ്റി എടുക്കണം. അമ്മ അത്താഴമുണ്ണാൻ വിളിക്കുന്നതു വരെ അവളവിടിരുന്നു. ഉറക്കത്തിൽ സൈക്കിൾ സ്വപ്നം കണ്ടു. കവലയിലേക്ക് തിരിയുന്ന ചെറിയ കുന്ന് കയറിയ സൈക്കിൾ ആകാശത്തേക്ക് പറന്നു. വീടും സ്‌കൂളും ഇടവഴികളും റോഡുമെല്ലാം കയ്യിലെ രേഖകൾ പോലെ ചെറുതായി. കവല ഭൂപടത്തിലെ ഒരു പൊട്ടു മാത്രമായി.

നേരം അന്ന് നേരത്തെ വെളുത്തു. ചിക്കൻ കറിയുടെ മണം പിടിച്ച് എലിസബത്തിന്റെ എളേത്തുങ്ങൾ അതിരാവിലെ പല്ലും തേച്ച് മുഖവും കഴുകി റെഡിയായി. അവരുടെ അമ്മ ചൂടുപാറുന്ന ചിരട്ടപ്പുട്ടിന്റെ മുകളിൽ കടലക്കറി ഒഴിച്ചു.

അമ്മുക്കുട്ടി കഴിഞ്ഞ വർഷത്തെ ക്രിസ്മസ് ഡെക്കറേഷനുകൾ തപ്പിയെടുത്ത് സൈക്കിളിൽ ചാർത്തി. പല വർണങ്ങളിലെ ഉരുണ്ട ബോളുകൾ, മാലകൾ, റിബ്ബണുകൾ, നെയിൽ പോളിഷ് ചിത്രങ്ങൾ.

എലിസബത്ത് പെരക്കാത്ത് തന്നെയിരിക്കുന്നതു കണ്ട് അവളുടെ അപ്പന് വിഷമം തോന്നി.
''നമ്മക്ക് കണ്ടത്തിൽ ക്രിക്കറ്റ് കളി കാണാൻ പോയാലോ?''
അഞ്ചാം ക്ലാസുകാരി അനിയത്തി ചോദിച്ചു.
''ഞാനില്ല. നീയും അവനും പോയിട്ടു വാ.''
എലിസബത്ത് കട്ടിലിൽ കമിഴ്ന്നു കിടന്നു.
''അവന്റെ കൂട്ടുകാരൊക്കെ കാണും. പിന്നെ ഞാൻ ഒറ്റക്കാകും. നീ വാ.''
എലിസബത്ത് മടിച്ചു മടിച്ച് ഉടുപ്പൊക്കെയിട്ട് റെഡിയായി. വൈകുന്നേരത്തെ മഞ്ഞ വെളിച്ചമുണ്ട്. കണ്ടത്തിൽ അവധി ആഘോഷിക്കുന്ന കുട്ടികളുടെ തിരക്ക്.

''ഞാനീ തെങ്ങും ചോട്ടിലെങ്ങാനും ഇരുന്നോളാം. '

അപ്രത്തെ വരമ്പത്ത് സൈക്കിളിന് ചുറ്റും കൂട്ടം കൂടി നിൽക്കുന്ന അമ്മുക്കുട്ടിയെയും കൂട്ടുകാരെയും എലിസബത്ത് അസൂയയോടെ നോക്കി.
''ഏറ്റവും വൃത്തികെട്ട മനസ്സുള്ളവരാണ് സൈക്കിൾ സെക്കന്റ് ഹാൻഡ് വാങ്ങിക്കുന്നത്. അവർക്ക് കാശുണ്ടല്ലോ. കടേൽ പോയി പുത്തനൊരെണ്ണം വാങ്ങിച്ചാലെന്നാ?''
എലിസബത്ത് പല്ലിറുമ്മി.
''ആ. കാശൊണ്ടോ ഇല്ലയോ എന്നൊക്കെ ആർക്കറിയാം. അമ്മൂന്റെ കാതിലും കഴുത്തിലും കെടക്കുന്നതൊക്കെ വരവാ.''
അനിയത്തി കമ്മൽപ്പൂ പറിച്ച് മോതിരമുണ്ടാക്കാൻ തുടങ്ങി.
''നീ ഏഴാം ക്ലാസിലെത്തുമ്പോ ആ സൈക്കിൾ നിനക്ക് തരാൻ ആയിരുന്നു എന്റെ പ്ലാൻ. '
'നീ കോപ്പ് തരും. നിന്നെപ്പോലെ ഒരു കൊടുക്കാപ്പറിച്ചിയെ ഞാൻ വേറെ കണ്ടിട്ടില്ല.''
കുറേ നേരത്തേക്ക് അവർ നിശബ്ദരായി. അകലേന്ന് കുട്ടികളുടെ ചിരിയൊച്ചകൾ. തണലത്തു മാറി തേക്കെല കൊണ്ട് വീശി വീശി ഇരിക്കുന്ന അമ്മമാരുടെ വർത്തമാനങ്ങൾ.
അമ്മുക്കുട്ടി എലിസബത്തിനെ കൈ വീശി കാണിക്കുന്നു.
''അങ്ങോട്ട് പോയി നോക്കിയാലോ?''
''ഞാനില്ല.''
അനിയത്തിയുടെ മടിയിൽ നിറയെ കമ്മൽപൂക്കൾ.
എലിസബത്ത് അമ്മുവിനെ നോക്കി ചെറിയ ചമ്മലോടെ ചിരിച്ചു.
''എങ്ങനുണ്ട്?''
അമ്മുക്കുട്ടി അഭിമാനത്തോടെ ചോദിച്ചു.
''ഒരു ക്രിസ്മസ് ട്രീ പോലെയുണ്ട്.''
അമ്മുക്കുട്ടിയുടെ മുഖം വാടി.
''ദേ ഇവള് നമ്മടെ പൊന്നിയെ ക്രിസ്മസ് ട്രീ എന്ന് വിളിക്കുന്നു!''
അമ്മുക്കുട്ടിയുടെ കൂട്ടുകാർ കുടുകുടെ ചിരിച്ചു. പൊന്നിയോ? ഇത്രയും കാലമായിട്ടും എലിസബത്തിനെ പോലും ആരും സ്‌നേഹത്തോടെ ചെല്ലപ്പേരു വിളിച്ചിട്ടില്ല.
''ബ്രേക്ക് ഓക്കേ ആണോ?''
എലിസബത്ത് തൊട്ടും തലോടിയും സൈക്കിൾ പരിശോധിച്ചു.
''ബ്രേക്കോ? ആ എനിക്ക് അറിയാൻ പാടില്ല.''
''അയെന്നാ നിനക്ക് അറിയാത്തത്?''
''അയിന് എനിക്ക് സൈക്കിൾ ഓടിക്കാൻ അറിയണ്ടേ?''
വീണ്ടും കൂട്ടച്ചിരി.
''അയ്യേ!''
ഒരു കാര്യം അറിയില്ല എന്ന് പറയുന്നതിൽ ഇത്ര അഭിമാനിക്കാനും ചിരിക്കാനും എന്താണ്? അമ്മുക്കുട്ടിയെയും കൂട്ടുകാരെയും എലിസബത്തിന് മനസ്സിലാകുന്നില്ല.
''അതിലിത്ര അയ്യേ വെക്കുന്നത് എന്തിനാ? ഞാൻ പഠിക്കും. '
അമ്മുക്കുട്ടിക്ക് ദേഷ്യം വന്നു തുടങ്ങി.
''ഞാൻ പഠിപ്പിക്കാം.''
''ഓ വേണ്ട.''
''അറിയാത്തോര് ചവിട്ടിയാൽ സൈക്കിള് പോകും.''
''ഈ ഒരഞ്ഞു പറിഞ്ഞിരിക്കുന്ന സൈക്കിളോ?''
അമ്മുക്കുട്ടിയും കൂട്ടുകാരും വീണ്ടും ചിരി.
''അയ്യടാ.. എങ്കി പിന്നെ പുത്തൻ മേടിച്ചാ പോരാരുന്നോ? എന്തിനാ എന്റെ പഴേത് വന്നു കൊണ്ടുപോയത്?
എലിസബത്ത് ചിരിച്ചു. അമ്മുക്കുട്ടിയുടെ മുഖം ബീറ്റ്‌റൂട്ട് പോലെ ചുവന്നു.
''ഈ പഴഞ്ചരക്ക് വെക്കാൻ എടയില്ലാത്ത വീട്ടീന്ന് ഞങ്ങള് ഒഴിവാക്കി തന്നില്ലേ? അതും അങ്ങോട്ട് കാശ് തന്നിട്ട്?
അമ്മുക്കുട്ടിയുടെ കൂട്ടുകാർ വീണ്ടും ചിരിച്ചു പ്രോൽസാഹിപ്പിച്ചു.
''ആഹാ!''
എലിസബത്ത് അമ്മുക്കുട്ടിയെ പിന്നിലേക്ക് തള്ളി. കൂട്ടുകാർ ഓടി മാറി. എണീറ്റു വന്ന അമ്മുക്കുട്ടി എലിസബത്തിനെയും തള്ളി. രണ്ടുപേരും മുടിയിലും തൊണ്ടയിലും മാറി മാറി കയ്യമർത്തി. നെറ്റിയും മൂക്കും താടിയുമൊക്കെ എവിടെയൊക്കെയോ ചെന്നിടിച്ചു.
''അയ്യോ ഈ പിള്ളേര് എന്നാക്കെയാ ഈ കാണിക്കുന്നേ?''
തേക്കില വിശറികൾ വലിച്ചെറിഞ്ഞ് അമ്മമാർ ഇടപെട്ടു. എലിസബത്തിന്റെ അനിയത്തി ഒന്നും അറിയാത്തപോലെ വീട്ടിലേക്കോടി.

''രണ്ടിന്റേം അപ്പനും അമ്മയും വന്നിട്ട് പോയാ മതി.''
അമ്മമാർ അവരുടെ ചുറ്റിലും കൂടി നിന്നു.

""നിനക്ക് എന്നാത്തിന്റെ സോക്കേടാ? എന്റപ്പന് പുത്തൻ മേടിക്കാൻ കാശില്ലാത്തോണ്ടല്ലേ പഴേത് മേടിച്ചത്?''

അമ്മുക്കുട്ടി മൂക്കീന്നു വന്ന ചോര രണ്ടു കയ്യും കൊണ്ട് മാറി മാറി തുടച്ച് കരഞ്ഞു.

""എന്റപ്പന്റേല് കൊറേ കാശ് കൊണ്ടു കൊടുത്താല് എന്റെ സൈക്കിള് നിന്റെയാകുവോ?''
എലിസബത്ത് വായിലെ മുറിവിൽ നിന്നു ചോര തുപ്പിക്കൊണ്ടിരുന്നു.

രണ്ടു പേരും പരസ്പരം മുഖം കൊടുക്കാതെ തെങ്ങോലകൾ ആടുന്നതും പശുക്കൾ മേയുന്നതും നോക്കിയിരുന്നു. ▮


അലീന

കവി, മോഡൽ. സിൽക്ക്​ റൂട്ട്​ എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments