ചിത്രീകരണം : ദേവപ്രകാശ്.

ഷാങ് പ്രീ സുന്ദരിയും പ്ലാസ്മാ ക്ലസ്റ്ററും

ലവുരു ചൂടാക്കി കൊഴുത്ത എണ്ണയിൽ ചുവന്ന മസാല പുരട്ടി വറുക്കുന്ന ഇറച്ചിയുടേയും അതേ പഴക്കവും കൊഴുപ്പുമുള്ള കീലിന്റേയും മണം വരുന്ന ഇടുങ്ങിയ ആ ഗലിയിലെ വലതു വശത്തെ രണ്ടാമത്തെ കെട്ടിടത്തിൽ ഒരു വാടക മുറിയുണ്ട്. പുറത്തേക്കിട്ട് നര കയറിയതും പുറം ലോകം കാണാതെ പൂത്തതുമായ വസ്ത്രങ്ങൾ, അവിടെ നിന്നും പരസ്പരം "രക്ഷിക്കോ' എന്ന് വാ തുറന്ന് തള്ളി മറിയുന്ന ചെരുപ്പുകൾ, കാലങ്ങളായി മുറിക്കകത്ത് കുടുങ്ങി നിൽക്കുന്ന ഈഷൽ മണം, ഇതൊക്കെ തന്നെ ആ മുറിയുടെ അവസ്ഥ മനസ്സിലാക്കാൻ ധാരാളം .

കണക്ക് കൂട്ടലുകൾ തെറ്റിയ ഒരു സെയിൽസ്മാൻ, വിഷയ ദാരിദ്ര്യം ബാധിച്ച ഒരെഴുത്തുകാരൻ എന്നിവരാണ് ആ മുറിയിലെ താമസക്കാർ .
അവരുടെ പേരുകൾ കേട്ട് മുഷിഞ്ഞ പേരുകളിൽ ഒന്നായത് കൊണ്ടും അക്ഷര തെറ്റിന്റെ പീഡയുളളതുകൊണ്ടും അവരെ സെയിൽസ്മാൻ എന്നും എഴുത്തുകാരൻ എന്നും തുടർന്ന് വായിക്കേണമെന്ന് അപേക്ഷ.

ആ മുറിയിലെ ഏറ്റവും വലിയ ആഡംബരം അതിലെ ജനാല തന്നെയായിരുന്നു.
തുറന്നിട്ട ജനാലയും പുറം കാഴ്ച്ചകളുമാണ് തനിക്ക് വിഷയം തരിക എന്ന ന്യായത്തിന്റെ പുറത്ത് തുണി വിരിച്ച് എഴുത്തുകാരൻ ജനലിനടുത്ത് തന്നെ കൂടി. ഇറച്ചി വറുക്കുന്ന മണം നാസാദ്വാരങ്ങൾ വഴി വയറിലേക്ക് വലിച്ചെടുത്ത്, ഒരിറ്റ് മഷിക്കായി കേഴുന്ന പുസ്തവും നെഞ്ചത്ത് വച്ചുറങ്ങുന്ന എഴുത്തുകാരനെ എത്രയോ തവണ സെയിൽസ് മാൻ ഈർഷ്യത്തോടെ നോക്കിയിട്ടുണ്ട്.

ഒരു കുടയലിൽ കാലിൽ നിന്നുമൂരിത്തെറിച്ച് ഷൂസുകൾ നിലത്തോട് കലഹം നടത്തുമ്പോഴേക്കും ഏറെ ഇരുട്ടാറായി ഫീൽഡ് വർക്ക് കഴിഞ്ഞെത്തുന്ന സെയിൽ സ്മാൻ കട്ടിലുമായി മൽപിടുത്തം നടത്തുകയായിരിക്കും.
ഇങ്ങനെ പകലു മുഴുവൻ പുറത്തേക്ക് നോക്കിയിരുന്ന് ചടച്ചുറങ്ങുന്ന എഴുത്തുകാരനും പകലിന്റെ തിരസ്‌കരണങൾ മുഴുവൻ ഏറ്റു വാങ്ങി തളർന്നുറങ്ങുന്ന സെയിൽസ്മാനും സമാന്തര സീമകളായി തുടർന്നു.

ഒഴിഞ്ഞ പേജും എത്താത്ത ടാർജെറ്റും തമ്മിൽ മൗനം തന്നെയായിരുന്നു. രജതമോഗുണങ്ങൾ തമ്മിൽ സ്വാഭാവികമായുണ്ടാവുന്ന ഒരു ഉരസലായി ഇതിനെ കാണാമെങ്കിലും അവർക്കിടയിൽ എന്തിനെന്നറിയാതെ പരസ്പരം തോന്നുന്ന ഒരു അസൂയയാണെന്നതാണ് സത്യം.

പക്ഷെ മാറ്റം എന്നത് മനുഷ്യ, സാമൂഹിക, പ്രകൃതീ സഹജമാകയാലും മാറ്റാൻ കഴിയാതെ അനിവാര്യമായ ഒന്നായതിനാലും അവരുടെ ആ കൊച്ചു മുറിയിലെ അന്തരീക്ഷത്തിനും മാറ്റമുണ്ടായി. അതിന് അങ്ങ് തെക്കേ കൊറിയയിലെ വ്യവസായ പ്രമുഖൻ സിയോച്ചുൻ എന്ന ബിസിനസ്‌കാരൻ സ്വദേശത്തെ പരിപാടി തന്നെ മതിയാക്കി പെരമ്പത്തൂരും അനന്തപുരത്തുമായി ഫാക്റ്ററി തുടങ്ങയും ... അയാളുടെ ഭാര്യ മിൻ ചോ സൂക്ക് "ഷാങ് പ്രീ' എന്നൊരു ബ്യൂട്ടി പാർലർ ഇറച്ചിയും കീലും മണക്കുന്ന ഗലിയിൽ തന്നെ തുടങ്ങേണ്ടിയും വന്നു എന്ന് മാത്രം. എന്നാൽ നമ്മൾ കരുതും പോലെ മുറിയിലെ മാറ്റത്തിന് ചാലകമായത് "ഷാങ് പ്രീയിൽ ' നിന്നും വമിക്കുന്ന കുളത്തിലെ പായല് ചീഞ്ഞ മണ്ണിന്റെ മണമോ നേരിയ ശബ്ദത്തിൽ ചിലമ്പി ചിതറുന്ന പാട്ടോ അല്ല. അവളാണ് !
അങ്ങ് വടക്ക്കിഴക്കൻ കോണിലെ അഞ്ജാതമായ ഗ്രാമത്തിൽ നിന്നും വന്ന "ഷാങ് പ്രീ ' യിലെ ബ്യൂട്ടീഷ്യൻ സുന്ദരി. അവളുടെ പേർ ചില്ലക്ഷരാദികളാൽ സുലഭമായത് കൊണ്ടും വായിലും എഴുത്തിലും വഴുക്കുമെന്നതിനാലും സർവ്വോപരി അക്ഷര തെറ്റിന്റെ പീഡയുള്ളതിനാലും അവളെ "അവൾ ' എന്നു തന്നെ അറിയേണ്ടതാണ്.

അവളുടെ വരവിന് ശേഷം സഹമുറിയൻമാർ തമ്മിൽ ഉണ്ടായ ഒരു സംഭാഷണം ഇങ്ങനെയും ഇത്ര മാത്രവും ആയിരുന്നു.

"അത് മഞ്ഞല്ല ' കാലത്തിന്റെ മഞ്ഞളിപ്പ് പടർന്ന പേജിൽ എഴുത്തുകാരൻ കുറിച്ചിട്ട ആദ്യത്തെ വാക്ക്; "മഞ്ഞ് ' അത് നോക്കി സെയിൽസ്മാൻ പുഛത്തോടെ പറഞ്ഞു. "പുകമഞ്ഞാണ്' ജനലിന് പുറത്തെ വെളുത്ത മൂടലിൽ കണ്ണ്‌നട്ടിരിക്കുന്ന എഴുത്തുകാരനോട് സെയിൽസ്മാൻ ഒരു തവണ കൂടി പറഞ്ഞു.

"എനിക്കത് മഞ്ഞാണ്, അവളുടെ നാട്ടിലെ മഞ്ഞ്' എഴുത്തുകാരന്റെ മറുപടി

അന്നേരം അവൾ ബാൽക്കണിയിൽ വരികയും ഒരു സിഗരറ്റ് കത്തിക്കയും ചെയ്തു. അതിന്റെ പുക ഭാവനയുടെ മഞ്ഞിലും, മുറിയുടെ ജനാലയിലും അരൂപിയും അലക്ഷ്യവുമായി തട്ടി തടയുമ്പോൾ സെയിൽസ്മാൻ അവളുടെ മുലകളുടെ തുടിപ്പ് നോക്കി നിൽക്കയും എഴുത്തുകാരൻ സിഗരറ്റ് മണത്തിൽ ലഹരിയുടെ അക്ഷരങ്ങൾ തിരയുകയും ആയിരുന്നു.

കാലത്തിന്റെ ഹരണ ഗുണന പട്ടികയിൽ ചെറുതും വലുതുമായ സംഖ്യകൾ മാറി മാറി വന്നു വെന്ന് വരാം. അതിന്റെ ശിഷ്ടവും ഗുണിതവുമെല്ലാം അവിശ്വസനീയമാം വിധം കൂടിയോ കുറഞ്ഞോ ഇരിക്കുന്നത് സ്വാഭാവികം മാത്രം. മുറിയിൽ മാത്രം ചടഞ്ഞ് കൂടുന്ന എഴുത്തുകാരന് അവളുമായുള്ള ബന്ധം അവളുടെ സിഗരറ്റ് ഇടവേളകളിൽ ബാൽക്കണിയിൽ നിന്നും കൊണ്ട് സമ്മാനിക്കുന്ന ഒരു ചിരിയിൽ അല്ലെങ്കിൽ സൗഹൃദപരമായ ഒരു കൈ വീശി കാണിക്കലിൽ ഒക്കെ ഒതുങ്ങി.
അതേസമയം സെയിൽസ്മാൻ അവളുമായി നേരിട്ട് സംസാരിക്കയും കൂടുതൽ അടുക്കുയും ചെയ്തു.
അതിന് ശേഷം അവർ തമ്മിൽ വിരളമായുണ്ടാകാറുള്ള ഒരു സംഭാഷണം സെയിൽ സ്മാൻ തുടങ്ങി വച്ചത് "എനിക്ക് നീ ഒരു കവിത എഴുതി തരണം' എന്ന് പറഞ്ഞു കൊണ്ടാണ്.
ജനാലക്ക് പുറത്തെ പുക മഞ്ഞിൽ നോക്കി ഇരിക്കുന്ന എഴുത്തുകാരൻ ആദ്യം അതിന് മറുപടി പറഞ്ഞില്ല. എന്നാൽ സെയിൽസ്മാന്റെ നിരന്തരമായുള്ള നിർബന്ധത്തിന്

"എന്റെ കവിത കെട്ടിരിക്കയാണ് .... പുറത്തെ മൂടൽ ശ്വസിച്ച് ശ്വസിച്ച് ... എന്റെ തലയിലും മൂടലാണ് .... കണ്ടില്ലേ ? ' എന്ന വിങ്ങലോടെ എഴുത്തുകാരൻ കാലി പേജുകൾ കാണിച്ച് കൊടുത്തു.
സെയിൽസ്മാൻ മറുത്തൊന്നും പറയാതെ തന്റെ കട്ടിലിൽ മലർന്ന് കിടന്ന് നെടു വീർപ്പിട്ടു.

"എടാ നിനക്കറിയോ ?' ... ഏറെ നേരത്തെ മൗനം സെയിൽസ്മാന് താങ്ങാൻ കഴിയാത്ത ഒന്നാണ്."അവളുടെ നാട്ടിൽ പെണ്ണുങ്ങൾ ആണ് പണിക്ക് പോവാ .... ആണ്ങ്ങൾ വീട്ടിലിരിക്കും ... എത്ര ഡെവലപ്പ് ആയ സൊസൈറ്റി അല്ലെ ?'

എന്നും പല ദൂരം ബൈക്ക് ഓടിച്ചുണ്ടായ കൈയിലെ തഴമ്പ് തടവി അത് പറയുമ്പോൾ അവന്റെ വാക്കുകളിൽ പ്രതീക്ഷ.

"അത് ശരി .. ഒന്നുകിൽ അകത്ത് അതല്ലെങ്കി പുറത്ത് ... മന്ത് ഇടത്തൂന്ന് വലത്തോട്ട് ..കൊള്ളാം നല്ല പുരോഗമനം '

എഴുത്തുകാരൻ പറഞ്ഞത് മനസ്സിലായില്ല എന്ന് മാത്രമല്ല മനസ്സിലാക്കാൻ ഒന്ന് ശ്രമിക്കാൻ പോലും ടാർഗെറ്റിന്റെ കുത്തി എണീപ്പിക്കൽ ഇല്ലാതെ, അവൾ ഏറെ പുകഴ്ത്തി കൊതി കയറ്റിയ കിയാദ് എന്ന മദ്യത്തിന്റെ ലഹരിയിൽ വെറുതെ മയങ്ങുന്നത് സ്വപ്നം കാണുന്ന സെയിൽസ്മാൻ ശ്രമിച്ചില്ല. '

പിറ്റേന്ന് സെയിൽസ്മാൻ മുറിയിലേക്ക് വന്നത് ഒരു പെട്ടിയുമായിട്ടാണ്."പ്ലാസ്മാ ക്ലസ്റ്റർ അയൺ ജനറേറ്റർ '

എന്തിതെന്ന് അന്തം വിട്ടിരിക്കുന്ന എഴുത്തുകാരനെ നോക്കി സെയിൽസ്മാൻ പറഞ്ഞു. എന്നിട്ട് പെട്ടിയിൽ നിന്നും ഒരു വെളുത്ത യന്ത്രം പുറത്തെടുത്തു.

"ഹൈഡ്രജന്റെ പോസിറ്റീവ് കണങ്ങളും ഓക്‌സിജന്റെ നെഗറ്റീവ് കണങ്ങളും പുറപ്പെടുവിക്കുന്ന ഒരു യന്ത്രമാണിത്. '

പതിയെ വാപിളർന്ന എഴുത്തുകാരൻ തന്റെ വിവരണത്തിൽ തൃപ്തനല്ലെന്ന് മനസിലാക്കിയ സെയിൽസ്മാൻ തുടർന്നു ...

"എടാ നിന്റെ മൂടൽ ഒന്നും ഇനി ഒരു പ്രശ്‌നമാവില്ല, ... ഇത് വിറ്റ് പോവത്തൊന്നുമില്ല ... നിനക്കെങ്കിലും ഉപകാരമാവട്ട് ' അവൾക്കൊരു കവിത എന്ന ഗൂഢലക്ഷ്യവും സ്വാർത്ഥതയും മറക്കാൻ സെയിൽസമാൻ അധികം കഷ്ടപെട്ടില്ല.

അന്ന് ഏറെ വൈകിയെത്തിയ സെയിൽസ്മാൻ യന്ത്രിക്കുന്ന പ്ലാസ്മാ ക്ലസ്റ്ററും അതിന്റെ പുതു കുളിരിൽ മയങ്ങുന്ന എഴുത്തുകാരനേയും കണ്ടു. അവന്റെ നെഞ്ചിലെ കടലാസിൽ അതാ ഒരു കവിത !"ഞാൻ ചിറാപൂഞ്ചിയിലെ വേനലാണ് , നീ മഴയും നിന്റെ കുളിരിൽ ഞാൻ ശയിക്കുന്നു നിരന്തരം, സസുഖം' ഇങ്ങനെ തുടങ്ങുന്ന കവിത അവസാനിക്കുന്നത് "എന്റെ പ്ലാസ്മാ .... നീയെന്നിൽ നിറയുന്ന മാത്രയിൽ തെളിയുന്നേതൊരു മൂടലും നിന്നെ പുണർന്നൊരീ മയക്കത്തിൽ നിന്നെന്നെ നീ ഉണർത്തരുതേ'

"പ്ലാസ്മ ' എന്നായിരുന്നു കവിതയുടെ തല കെട്ട്.

സെയിൽസ്മാൻ ഇരുകാതും തൊടുമാറ് ചിരിച്ചു ... "പ്ലാസ്മ ' മാറ്റി അവളുടെ പേര് ആക്കണം അത്രേയുള്ളൂ ....

അതവളെ പറ്റി എഴുതിയതല്ലെന്ന് ഞെട്ടിയെഴുന്നേറ്റ് എഴുത്തുകാരൻ പലവുരു ആവർത്തിച്ചിട്ടും സെയിൽസ്മാന്റെ കയ്യിൽ പിടയുന്ന തന്റെ കവിതയെ മോചിപ്പിക്കാൻ ആയില്ല. "സാരമില്ല ... . ഒന്ന് വായിച്ച് കേൾപ്പിക്കണം അത്രേയുള്ളു അത് കഴിഞ്ഞ് തിരിച്ച് തരാം' സെയിൽസ്മാൻ അവളുമൊത്ത് കറങ്ങാനുള്ള പദ്ധതി പറയാതെ പറഞ്ഞു. "ശരി ...' അത് വായിച്ച് കേൾപ്പിക്കുമ്പോൾ നീയിത് അവൾക്ക് കൊടുക്കണം ... "ഇനിയുളള സംഭാഷണങ്ങൾ വെറുതെയെന്നറിഞ്ഞ എഴുത്തുകാരൻ നീല കല്ല് പതിച്ച ഒരു നെക്ലേസ് തലയിണക്കടിയിൽ നിന്നും എടുത്ത് കൊടുത്തു കൊണ്ട് പറഞ്ഞു. ഇതെന്ത് ഭ്രാന്തെന്നമ്പരന്നെങ്കിലും വിവരണത്തിൽ താത്പര്യമില്ലാത്തതിനാൽ ഉടനെ തന്നെ "തീർച്ചയായും' എന്ന് സെയിൽസ്മാൻ സമ്മതിക്കുകയും ചെയ്തു.

അന്നും പിറ്റേന്നും സെയിൽസ്മാൻ മുറിയിലും അവൾ ബാൽക്കണിയിലും ഉണ്ടായില്ല. ഇടക്ക് സെയിൽസ്മാൻ വാട്‌സാപ്പിൽ അവളുമൊത്ത് അയച്ച സെൽഫിക്ക് ഒരു തമ്പ്സ് അപ്പ് സ്മൈലി ഭിക്ഷയായി കൊടുത്തു, എഴുത്തുകാരൻ.

"നിനക്ക് വിഷമം ഒന്നുമില്ലേ ?' സെയിൽസ്മാന്റ ചോദ്യം"നിന്റെ തീ അണയും .... എന്റേത് ഇനിയാണ് ആളാൻ പോകുന്നത് '
എഴുത്തുകാരന്റെ ആ മറുപടിക്ക് ഒരു തെറി പകുതി ടൈപ്പ് ചെയ്‌തെങ്കിലും അയച്ചില്ല. ഒരു "ശരി' യിൽ ആ സംഭാഷണം അവസാനിച്ചു.

ഏറെ പരിചിതമായ ആ സുഗന്ധം പിടിച്ച മൂക്കിനെ പിന്തുടർന്ന് എഴുത്തുകാരന്റെ കണ്ണുകൾ ജനാലക്ക് പുറമേ നോക്കി.

ചെമ്പിച്ച മുടി ഉണ്ട കെട്ടി, കണ്ണുകളിൽ ആലസ്യം മയങ്ങി, ബട്ടൻ ഒരെണ്ണം അഴിച്ച യൂനിഫോം ഷർട്ടിന്റെ കൈ തെറുത്തു കയറ്റി, ചുവന്ന ചുണ്ടിൽ സിഗരറ്റും കത്തിച്ച് അവൾ !

യൂനിഫോമിന്റെ ഇറുക്കലിൽ ശ്വാസം കിട്ടാൻ പുറത്തേക്ക് എത്തി നോക്കുന്ന മാറിടങ്ങൾക്കിടയിൽ സൗകര്യപൂർവ്വം ശയിക്കുന്ന നീല കല്ലുള്ള ലോക്കറ്റ് .... കഴുത്തിലും മാറിലും കേളിയുടെ ചുവപ്പ് :-

പ്ലാസ്മാ ക്ലസ്റ്റർ അയേൺ ജനറേറ്റൽ ആവേശത്തോടെ യന്ത്രിച്ചു. അവന്റെ പേജുകളെ പേന ഇണ പിരിയാതെ സംഭോഗിച്ചു .... സ്ഘലിച്ചു.
ഒരു മാഘ് ഫലാങ്ങ് ഉത്സവത്തിന്റെ താളത്തിൽ അവൻ കവിതകൾ എഴുതി കൊണ്ടേ ഇരുന്നു.
ഇതിനിടയിൽ സെയിൽസ്മാൻ വന്നതും തളർന്നുറങ്ങിയതും അവൻ അറിഞ്ഞതേയില്ല.

പിറ്റേന്ന് രാവിലെ സെയിൽസ്മാൻ ഉണർന്നത് ജനാലക്കരികിലെ ഒഴിഞ്ഞ കട്ടിലിന്റെ ഞെട്ടലിലേക്കാണ്. അതിന് മുകളിൽ നാലായി മടക്കിയ ഒരു കടലാസ്.
അതിലെഴുതിയത് മുഴുവൻ എഴുതാൻ മടിയുള്ളത് കൊണ്ടും അക്ഷരതെറ്റിന്റെ പീഡയുള്ളത് കൊണ്ടും സംഗ്രഹമായുള്ളത് താഴെ കൊടുക്കുന്നു
എഴുത്തുകാരൻ ഒരു യാത്ര പോവുകയാണ്. അവന് മൂടലിനപ്പുറം കടക്കണം, നല്ല മഞ്ഞും വെയിലും മഴയും കൊള്ളണം എന്ന തീരുമാനത്തോടൊപ്പം പ്ലാസ്മാ ക്ലസ്റ്റർ അയേൺ ജനറേറ്റർ വിൽക്കാൻ ഉളള ഒരു സെയിൽസ് സ്‌ക്രിപ്റ്റും അതിൽ ഉണ്ടായിരുന്നു ആ സ്‌ക്രിപ്റ്റിന് മഴ നനഞ്ഞ കാടിന്റെയും, മരം പെയ്യുന്ന ഇടവഴിയുടെയും, കോടയിറങ്ങുന്ന മലയുടേയും കുളിരും നേർമ്മയും .

സെയിൽസ്മാൻ തന്റെ ടാർഗെറ്റുകൾകൊപ്പം കമ്പനിയുടെ അധികാര പടവുകളും കിതച്ച് കയറി കൊണ്ടിരുന്നു. എഴുത്തുകാരൻ നിരന്തര യാത്രയിലാണ് അവന്റെ രണ്ടാമത്തെ പുസ്തകം രണ്ടു ദിവസത്തിൽ പ്രകാശനം നടത്തും. അവൾ അവളുടെ നാട്ടിൽ തിരിച്ചെത്തി, ഡർബാർ പതിച്ച് കൊടുത്ത മണ്ണിൽ കൃഷിയും ചെയ്യുന്നു. അവളുടെ ഭർത്താവ് ഉത്തമനായ മരുമോൻ ആണത്രെ കിയാദിന്റെ മത്തിൽ പോലും വീട്ട് ജോലികൾ വെടിപ്പായി ചെയ്യുന്നു. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.


അർജുൻ അടാട്ട്

കഥാകൃത്ത്. Wyatt the lone bandit ( English Novella), ഭാഗോതീടെ മുല എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments