ചിത്രീകരണം; ദേവപ്രകാശ്

ബ്രൗൺമൺറോയുടെ വീഞ്ഞുരാത്രി

ലിലിയൻ റൊസാരിയോയെ വരയ്ക്കാൻ ശ്രമിക്കുമ്പോഴെല്ലാം അവളുടെ ചുണ്ടുകൾ, ഹാ! പരൽമീൻ പിടപ്പുള്ള ആ ചുണ്ടുകൾ, പിടി തരാതെ പിടഞ്ഞു. പഴുക്കുന്നതിന് തൊട്ടുമുമ്പുള്ള മുന്തിരിയുടെ തുടുപ്പ്. അങ്ങനെയാണ് എല്ലായ്​പ്പോഴും തോന്നിയിരുന്നത്.

ആഴത്തിലേയ്ക്ക് ചൂണ്ടയെറിഞ്ഞു കാത്തിരിക്കുന്ന ഒരാളെപ്പോലെ ചുണ്ടുകളുടെ വരമ്പുകളിൽ ഏറെ നേരം ശ്വാസമടക്കിപ്പിടിച്ചിരുന്നശേഷം പെൻസിൽ അവയുടെ വിടവിലേയ്ക്ക് വീണുപോകുന്നു. കാണുമ്പോഴെല്ലാം അവളുടെ ചിരിക്കുഴിയിലേയ്ക്ക് എന്റെ നോട്ടം വീണ്ടും വീണ്ടും തെന്നി വീഴുന്നതുപോലെ.

"നിങ്ങൾ ശരിക്കും ആർട്ടിസ്റ്റാണോ? മുഖം വരയ്ക്കുമ്പോൾ ചുണ്ടിൽ തുടങ്ങുന്ന വേറെ ആരെയും ഞാൻ കണ്ടിട്ടില്ല...’

രണ്ടാംനിലയിലെ ഒറ്റമുറിയിൽ രണ്ടാഴ്ച മുമ്പ് വാടകയ്ക്ക് താമസത്തിനുവന്ന അന്നുതന്നെ ലിലിയന്റെ ആംഗ്ലോ ഇന്ത്യൻ ഇംഗ്ലീഷ് ശ്രദ്ധിച്ചിരുന്നു.

ഒരിഞ്ചു സ്ഥലം പോലെ ബാക്കിവെയ്ക്കാതെ മുകളിലെ വീടിനെ രണ്ടു കഷ്ണങ്ങളായി മുറിച്ചെടുത്തതാണ്. ആ വീട്ടിൽ അവിവാഹിതരായ വാടകക്കാർ വരികയും പോകുകയും ചെയ്യും. ഓരോ തവണയും ഞാൻ താമസിക്കുന്ന പാതിവീടിനെ പഴഞ്ചനാക്കിക്കൊണ്ട് അതിന്റെ ചുമർ മഞ്ഞനിറം പുതുക്കിക്കൊണ്ടിരിക്കും.

എന്റേതാണെങ്കിൽ,
പത്തിലേറെ വർഷങ്ങളുടെ പഴഞ്ചൻ കൂട്.
ഒരേ നഗരം.
ഒരേ ജോലി.
ഒരേ മടുപ്പ്.

പുത്തൻവരവുകാരുടെ കാര്യങ്ങൾ കൂടി നോക്കി നടത്താനേൽപ്പിച്ചാണ് ആസ്‌ട്രേലിയയിലെ മകളുടെ കൂടെ താമസിക്കാൻ വീട്ടുടമയും ഭാര്യയും പോയത്.

അപ്പുറത്തെ നഗരത്തിൽ മഴ പെയ്യുന്നതിനാൽ മൂടാപ്പ് കെട്ടി നിന്നിരുന്ന ഒരു ശോകവൈകുന്നേരത്തിലാണ് ലിലിയൻ കയറിവന്നത്. റോഡരുകിലെ ഗുൽമോഹർ മരത്തിൽ നിന്നും പറിച്ചെടുത്തൊട്ടിച്ച പോലെ അവളുടെ മഞ്ഞയുടുപ്പിൽ ചുവപ്പുപ്പൂക്കൾ ജ്വലിച്ചുനിന്നു.

ജോബ് സെർച്ചിങ് എന്നാണ് അവൾ പറഞ്ഞിരുന്നത്.

നീളൻ ബാൽക്കണിയിലേക്ക്​ തുറന്നുകിടക്കുന്ന കിടപ്പുമുറി. അതിന്റെ തുമ്പത്ത് നിന്നുതന്നെ നീളത്തിലെടുത്ത ചെറിയ അടുക്കള. കുളിമുറിയോട് ചാരി ഒരു മരബെഞ്ചും കൊച്ചലമാരയും രണ്ട് കസേരകളും തിങ്ങിയിരിക്കുന്ന ഒരിടം. അവളുടെ ലാപ്ടോപ്പും ക്യാമറയും നീളൻകാലിൽ കുത്തിവെച്ച ലൈറ്റുകളും കണ്ടപ്പോൾ അതായിരിക്കും അവളുടെ ജോലിസ്ഥലം എന്നൂഹിച്ചു. അവിടെ അവൾ പറഞ്ഞ രീതിയിൽ ബൾബുകൾ മാറ്റിയിട്ട് കൊടുത്തു. അവൾ ആഗ്രഹിച്ച രീതിയിൽ ചുമരിൽ ഗൂഢാർത്ഥമുള്ള പല പെയിന്റിങ്ങുകൾ തൂക്കിയിട്ടുകൊടുത്തിട്ട്, അവൾ പാകപ്പെടുത്തിയ ഗ്രീൻ ടീ കുടിച്ചുകൊണ്ടിരിക്കുമ്പോളാണ് അവളത് പറഞ്ഞത്.

നഗരത്തിലെ എണ്ണം പറഞ്ഞ നഗ്നചിത്ര മോഡലുകളിൽ ഒരാളാണവൾ.
ബ്രൗൺ മൺറോ- അങ്ങനെയാണ് വരപ്പുകാർ അവളെ വിളിക്കുന്നത്.

ഒരു വർഷത്തിൽ ആറാമത്തെ തവണയാണ് വീട് മാറേണ്ടി വന്നതെന്ന് അവൾ പറഞ്ഞു. ആളുകളുടെ മുന്നിൽ തുണിയില്ലാതെ നിൽക്കേണ്ട അവളുടെ ജോലിയെ കുറിച്ച് അറിയുന്ന നിമിഷം വീട്ടുടമകളുടെ ഭാവം മാറും.

"പറഞ്ഞാൽ എല്ലാവരും പുരോഗമനക്കാർ. പക്ഷെ ന്യൂഡ് മോഡലിംഗ് എന്നു വെച്ചാൽ സെക്സ് വർക്ക് എന്ന് കരുതുന്ന വിഡ്ഢികളുടെ ലോകമാണിത്...’, ആദ്യത്തെ അന്ധാളിപ്പ് വിട്ടപ്പോൾ ഞാൻ അവളെ അങ്ങനെ പറഞ്ഞുകൊണ്ട് ആശ്വസിപ്പിച്ചു.

ഇവിടുത്തെ വീട്ടുകാർ എന്തായാലും ഈയടുത്തൊന്നും തിരികെ വരാൻ സാധ്യതയില്ല.

വിഷമമോ കോപമോ ആനന്ദമോ ആവട്ടെ, ഏത് വികാരങ്ങളിൽ പെടുമ്പോഴും ചുണ്ടുകളിൽ ഒരു ചിരിയുടെ കോൺത്തിളക്കം അവൾ കൂർപ്പിച്ചുവെച്ചു. എല്ലായ് പ്പോളും ആരോ ഉറ്റുനോക്കുന്നുണ്ടെന്ന മട്ടിലായിരുന്നു ഉടലിന്റെ ഇളക്കവും ഒതുക്കവും.

നോക്കിനിൽക്കുന്തോറും അവളൊരു ചലിക്കുന്ന ചിത്രമായി രസം പിടിപ്പിക്കുന്നുണ്ട്.

"മമ്മി ആംഗ്ലോ ഇന്ത്യനായിരുന്നു. ഇപ്പോൾ എവിടെയാണെന്നറിയില്ല. അപ്പാ കൂർഗുകാരനാണ്. ആചാരപ്രകാരം ഒരു കൊടവത്തിയെ തന്നെ കെട്ടി ജീവിക്കുന്നു...’

ആവശ്യത്തിനുമാത്രം വാക്കുകൾ ഉപയോഗിച്ചാണ് അവൾ സംസാരിച്ചത്. ഒരു തപസ്സിന്റെ ഏകാഗ്രത ആവശ്യമുള്ള ജോലി ചെയ്യുന്നതുകൊണ്ടാവാം അതെന്ന് ഞാൻ വിചാരിച്ചു.

മോഡലാവാനാണ് ഈ നഗരത്തിലെത്തിയത്. ചില പരസ്യങ്ങളിലൊക്കെ മുഖം കാണിച്ചു. റാംപ് വാക്ക് നടത്താൻ പക്ഷെ നീളക്കുറവായിരിക്കും വിലങ്ങുതടിയായതെന്ന് അവളുടെ കുട്ടിക്കാലുകളുടെ ചിത്രം കണ്ടപ്പോൾ ഞാൻ ഊഹിച്ചു.

അവളെക്കുറിച്ച് ഒരു ഇംഗ്ലീഷ് പത്രത്തിൽ വന്ന ഇന്റർവ്യൂ അവൾ കാണിച്ചു.

"എന്നെ ഞാൻ തന്നെ അഴിച്ചുവിടുന്ന മനോഹരമായ ഏർപ്പാടിലാണ് ഞാനിപ്പോൾ. ആളുകൾ എന്ത് പറയുമെന്നത് മാത്രമല്ല, എന്റെ ഉള്ളിലെ പലതരം പേടികളെ കൂടെയാണ് ഞാൻ അഴിച്ചുകളഞ്ഞത്. മുഖത്തോടുമുഖം നോക്കി നേരിട്ടാൽ ഏത് പേടികളും കീഴടങ്ങും.’

ഇപ്പോൾ അവളുടെ ആൽമണ്ട് തൊലിനിറം ഒപ്പിയെടുക്കുന്നവരിൽ വിദേശികളാണ് കൂടുതൽ എന്ന് ഞാൻ അങ്ങനെയാണ് മനസ്സിലാക്കുന്നത്.

വരച്ചിരുന്ന പഴയ കാലത്തെ കുറിച്ച് ഞാൻ അൽപ്പം നിറം പിടിപ്പിച്ച് അവളെ പറഞ്ഞുകേൾപ്പിച്ചു.

പ്രതീക്ഷിക്കാത്ത ഒരു നിമിഷത്തിൽ രണ്ടു കൈകൾ കൊണ്ട് കൂട്ടിപ്പിടിച്ചിരുന്ന പൂമ്പാറ്റനിറങ്ങളുള്ള ഗൗണിനെ അവൾ പറത്തിവിട്ടു.

ലാപ്ടോപ്പിൽ ഓൺലൈൻ സെഷൻ തുടങ്ങുകയാണ്.

കൂടുവിട്ടിറങ്ങിയ ആവേശത്തിൽ അവളുടെ നെഞ്ചിലെ രണ്ടു മുയൽക്കുഞ്ഞുങ്ങൾ തുള്ളിയത് കണ്ട് ഹൃദയം ഒരു നിമിഷം കിടുങ്ങി. ഒരു വിറയൽ ശരീരത്തെ എടുത്തുയർത്തി.

താഴേയ്ക്ക് കണ്ണുകളെ തെളിച്ചുവിടാനാവാതെ കുഴങ്ങിയപ്പോൾ ലിലിയൻ ഈ ഭാവമാറ്റം ശ്രദ്ധിക്കുമോ എന്ന് ഞാൻ ഭയന്നു.

നഗ്നസ്ത്രീകളെ ലൈവ് സെഷനിൽ വരച്ചിട്ടുണ്ടെന്ന് പറഞ്ഞത് അവൾ വിശ്വസിച്ചിട്ടില്ലെന്ന് തോന്നി. പല പുരുഷന്മാരിൽ നിന്നും അത്തരം കൊതി പുരട്ടിയ നുണകൾ അവൾ കേട്ടിട്ടുണ്ടാവും.

എന്നിട്ടും മുറിയിലിരിയ്ക്കാൻ തടവൊന്നും പറയാതിരുന്നത്, വരയിൽ താല്പര്യമുള്ള ആളാണെന്ന് പലവട്ടം പറഞ്ഞതുകൊണ്ടായിരിക്കണം. അല്ലെങ്കിൽ, ആദ്യ കാഴ്ചയിൽ തന്നെ പ്രേമത്തിൽ പെട്ടുപോയ പുരുഷന്മാരുടെ പാവത്തരം കാണുമ്പോൾ ചില സ്ത്രീകൾക്കെങ്കിലും അലിവ് തോന്നും.

വിറയലിൽ പെട്ട വിരലുകളെ ശാസിച്ചുകൊണ്ട് ഞാൻ മേശപ്പുറത്തിരുന്ന പെൻസിലും ഡയറിയും എടുത്ത് മുറിയുടെ മൂലയ്ക്ക് പോയിരുന്നു.

ലിലിയൻ അപ്പോഴേക്കും വരച്ചെടുക്കാൻ പാകത്തിൽ ഉടലിനെ കസേരയിൽ ചെരിച്ചുവെച്ചിരുന്നു. അവളുടെ ഒരു മുലയുടെ മുന്തിരിത്തുമ്പ് മാത്രം വെളിപ്പെടുത്തുന്ന രീതിയിലുള്ളൊരു പോസായിരുന്നു അത്. ദൈവം വളരെയധികം പ്രേമത്തോടെയാവണം അവളുടെ തുടകൾ ചേർത്തുവെച്ചത്. ചെറുരോമങ്ങളുടെ ഒരു ഉറുമ്പുനിര അതിനിടയിലൂടെ നൂഴ്ന്നിറങ്ങുന്നുണ്ട്. അതിന്റെ തേൻവഴികളിലൂടെ വിരലുകൾ പതുങ്ങിനീങ്ങുന്ന ഒരു ദൃശ്യം ഉള്ളിൽ തെളിഞ്ഞുവരികയും ഒരു ഞെട്ടലോടെ ഞാൻ അതിൽ നിന്ന് കുതറിമാറുകയും ചെയ്തു.

താഴെ വീണുപോയ പെൻസിൽ പെറുക്കിയെടുത്ത് കസേരയിൽ അമർന്നിരുന്നു. അവിടെ നിന്ന്​ നോക്കുമ്പോൾ കടലാസിന്റെ അതിരുകളിൽ ഒതുക്കിനിർത്താനാവാതെ കവിഞ്ഞുപോകും അവളുടെ ഉടലെന്നുതോന്നി.

ആദ്യമായൊന്നുമല്ലല്ലോ ഒരു പെണ്ണുടൽ ഉടയാടകളുടെ മറവില്ലാതെ കാണുന്നതെന്ന് മനസ്സിനോട് പരുക്കനായി.

തിരശ്ശീലയിൽ മുമ്പ് കണ്ട അശ്ലീല സിനിമകളെ ഉള്ളിൽ റീവൈൻഡ് ചെയ്ത് മനസ്സിന്റെ മുറുക്കം അൽപ്പം കുറയ്ക്കാൻ ഒരു ശ്രമം നടത്തി.

കൂടെ ജോലി ചെയ്തിരുന്ന ഒരുവളോട് നിന്നെ കാണുമ്പോൾ പശുവിനെ ഓർമ വരുന്നെന്ന് പറയാൻ തോന്നിയ നിമിഷം ഓർമ വന്നു. ടീഷർട്ടിന്റെ കൊച്ചു കള്ളിക്കകത്ത് ഒളിപ്പിച്ചുവെച്ച അവളുടെ കൊഴുപ്പുവയറിന്റെ മടക്കുകളിൽ വിരൽ തൊട്ട നിമിഷവും മനസ്സിൽ തെളിഞ്ഞു.

ആദ്യത്തെ ജോലി നഷ്ടമാവുന്നത് അങ്ങനെയാണ്.

രാത്രി ഷിഫ്റ്റ് കഴിഞ്ഞുമടങ്ങുമ്പോൾ കൂടെ മുറിയിലേയ്ക്ക് വരികയും ഓൾഡ് മോങ്കിനെ മൊത്തത്തിൽ പിഴിഞ്ഞൂറ്റി കുടിച്ചശേഷം ചതിച്ച കാമുകിയുടെ തുണിയില്ലാത്ത ചിത്രങ്ങൾ കാണാൻ നിർബന്ധിച്ച ഒരു ജൂനിയർ കൂട്ടുജോലിക്കാരനെയും അപ്പോൾ ഓർമ വന്നു. അവനെ ചതിച്ചുപോയ കാമുകിയുടെ സൂം ചെയ്ത മുലയുടെ ചെറുവട്ടത്തിൽ കുഞ്ഞുരോമങ്ങൾ തെറിച്ചുനിന്നിരുന്നത് ബോധം മറയുവോളം നോക്കിയിരുന്നിരുന്നു.

ജീവിതത്തിൽ കാമത്തെ ശമിപ്പിച്ച ഒന്നോ രണ്ടോ സ്ത്രീകളെ അപ്പോൾ തലച്ചോർ പൊക്കിപ്പിടിച്ചുകൊണ്ടുവന്ന് ഓർമിപ്പിച്ചു. അൽപം പോലും സുഖം തരാത്ത ആ നാണം കെട്ട ഓർമകൾ ചൂയിംഗം പോലെയാണ്. വായിൽ നിന്ന്​ തുപ്പിക്കളഞ്ഞാലും കാലിൽ ഒട്ടിപ്പിടിച്ചിരിക്കും.

ഒരിക്കൽ ഒരുവളെ കാണാനായി നഗരത്തിന്റെ അങ്ങേ അറ്റത്തുള്ള ഒരു കോളനിയിൽ പോവുകയുണ്ടായി. അയച്ചുതന്ന അല്പനിമിഷ വീഡിയോയിൽ അവളുടെ അഴിഞ്ഞ ഉടുപ്പിനാൽ വെളിവാക്കപ്പെട്ട നെഞ്ചിലെ ചിത്രശലഭ ടാറ്റൂ ആണ് അങ്ങനെയൊരു സാഹസത്തിന് വീണ്ടും വീണ്ടും ക്ഷണിച്ചത്. പണി തീരാതെ ഇട്ടിരുന്ന ഒരു വലിയ കെട്ടിടത്തിന്റെ രണ്ടാം നിലയിലെ മുറിയിലേയ്ക്ക് ഫോണിൽ മാത്രം മിണ്ടിപ്പരിചയമുള്ള ഒരു താടിക്കാരന്റെ കൂടെ കയറിച്ചെന്നു.

അപ്പോഴത്തെ ആവശ്യത്തിന് എന്ന മട്ടിൽ അധിക ശ്രദ്ധ കൊടുക്കാതെ ഒരുക്കിയെടുത്ത ഒരിടമായിരുന്നു അത്. ചുവപ്പുപ്പൂക്കൾ വിരിഞ്ഞു നിൽക്കുന്ന തുണി ചുളിവ് നീർത്തി വിരിച്ചിട്ട ഒരു ചെറിയ കിടക്ക മാത്രമാണ് അതിനെ മുറിയെന്ന് തോന്നിപ്പിച്ചത്. അതിലിരിക്കാൻ ഹിന്ദിയിൽ പറഞ്ഞിട്ട് അയാൾ പുറത്തുപോയപ്പോൾ കുത്തുന്ന വിയർപ്പുനാറ്റം ഒഴിഞ്ഞുപോവുകയും മുറിയ്ക്ക് ആഫ്റ്റർഷേവ് ലോഷന്റെയോ മറ്റോ മണം തിരിച്ചുകിട്ടുകയും ചെയ്തു.

അൽപ്പനേരം കഴിഞ്ഞപ്പോൾ താടിക്കാരനും അയാളുടെ പുറകിൽ അപ്പോൾ പെയിന്റടിച്ച മുഖത്തോടെ ഒരു പെണ്ണും കയറിവന്നു. ഇത്രയും ദൂരം തേടിവന്നത് നതാലി എന്ന പേരുള്ള, മുലവിടവുകൾക്കുള്ളിൽ ചിത്രശലഭമുള്ള ഒരുവളെ ആണെന്ന് പറഞ്ഞപ്പോൾ അയാളുടെ ഭാവം മാറി.

വിലകുറഞ്ഞ തിളക്കമുള്ള സാരി ധരിച്ച ആ സ്ത്രീയോട് കിടക്കയിൽ വന്നിരിക്കാൻ അയാൾ ആംഗ്യം കാണിച്ചു. പച്ചനിറത്തിൽ കുപ്പിവളകൾ അണിഞ്ഞിരുന്ന അവരുടെ കൈകളുടെ അടുത്ത നീക്കത്തെ കുറിച്ചാലോചിച്ചപ്പോൾ എന്നെ വിയർത്തു തുടങ്ങി.

അപ്പോൾ മൂന്നാലു പേർ മുറിയിലേയ്ക്ക് കയറിവന്നു. ഞാൻ എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ മുഖം മാസ്ക് കൊണ്ട് മറച്ച രണ്ടുപേർ കിടക്കയിലേയ്ക്ക് തള്ളിയിടുകയും ഷർട്ട് ഊരിയെടുക്കുകയും ചെയ്തു. ഫോൺ പിടിച്ചു വാങ്ങിച്ചു. പാൻറ് വലിച്ചൂരിയെടുത്ത് ഒരുത്തൻ പേഴ്‌സ് കൈക്കലാക്കി. ആ സ്ത്രീ തന്റെ മുഴുവൻ ഭാരവും വലിച്ചിട്ടുകൊണ്ട് ദേഹത്ത് ഇഴഞ്ഞു.

ഒരാൾ തുരുതുരെ ക്യാമറയിൽ ഞെക്കി ഫ്ലാഷുകൾ മിന്നിച്ചു.

മുമ്പ് വായിച്ചിട്ടുള്ള ഒരു ക്രൈം സ്റ്റോറിയിൽ അകപ്പെട്ടുപോയെന്ന തിരിച്ചറിവ് വന്നപ്പോളേക്കും തളർന്നിരുന്നു. അപരിചിതർ തെളിച്ച വഴിയിലൂടെ ചെന്ന് എ ടി എം കാർഡിലെ കാശെല്ലാം എടുത്തുകൊടുത്തിട്ട് മടങ്ങുമ്പോൾ ആ സ്ത്രീ ഓടിവന്നു.

ബ്ലൗസിനുള്ളിലെ വിയർപ്പിൽ നിന്ന്​ വലിച്ചെടുത്ത ചുളുങ്ങിയ ഇരുന്നൂറിന്റെ നോട്ട് കയ്യിൽ പിടിപ്പിച്ചിട്ട് തിരികെ പോയി.

പിന്നീട് ചിത്രശലഭങ്ങളെ കാണുമ്പോളെല്ലാം അമ്മയോളം പ്രായമുള്ള ആ സ്ത്രീയുടെ കനം അടിവയറ്റിൽ അമരും. പിന്നെ സ്ത്രീകളെ കുറിച്ചോർക്കുന്നതേ നിർത്തി എന്ന് വിചാരിക്കും.

എങ്കിലും, ചില ഒറ്റപ്പെട്ട ദിവസങ്ങളിൽ വീണ്ടും വൃത്തികെട്ട പുഴുവിനെ പോലെ അപകടം പിടിച്ച പ്രേമം ഇഴഞ്ഞിഴഞ്ഞുവരും. ചില ചില്ലറ നിമിഷപ്രേമങ്ങളിൽ പെട്ടതിനെ കുറിച്ചോർത്ത് ചെറിയ അഭിമാനമൊക്കെ തോന്നിയിരുന്നു.

ലിലിയനെ ഒരു കയ്യകലത്തിലെ അമൂല്യക്കാഴ്ചയായി കണ്ട നിമിഷത്തിലാണ് ഇതുവരെയുള്ളതൊന്നും പ്രേമമേ ആയിരുന്നില്ലെന്ന വെളിപാടുണ്ടായത്.

ഇതിനുമുമ്പ് യഥാർത്ഥത്തിൽ ഒരു സ്ത്രീയെയും ശരിയായ അർത്ഥത്തിൽ കണ്ടിട്ടുപോലുമില്ലെന്ന തിരിച്ചറിവ് ആ നിമിഷം ജീവിതത്തെ അപ്പാടെ വ്യർത്ഥമാക്കിയതുപോലെ എനിക്കുതോന്നി.

ലിലിയനെ നോക്കാൻ ധൈര്യപ്പെടാതെ, ശബ്ദമുണ്ടാക്കാതെ ഞാൻ മുറിയിൽ നിന്നും പുറത്തിറങ്ങി.

രിയാണ്. മനുഷ്യന്റെ വരയ്ക്കുമ്പോൾ ചുണ്ടുകളിൽ നിന്ന്​ തുടങ്ങുന്നത് പിഴവാണ്.

മുഖവട്ടം വരച്ച്, പുരികമൊരുക്കി, കണ്ണുകളെ പൊലിപ്പിച്ച്, മൂക്കിനെ കൂർപ്പിച്ച് വേണം ചുണ്ടുകളിലേയ്ക്ക് എത്താൻ.

വർത്തമാനത്തിനിടയിൽ ലിലിയൻ ഒരുവട്ടം ചുണ്ടുകളെ വായ്ക്കുള്ളിലേയ്ക്ക് എടുത്ത് പിന്നെ ചൂയിന്ഗം വീർപ്പിച്ച് പൊട്ടിക്കുന്ന കളിവഴക്കത്തോടെ "പ് പ്’ എന്നൊരൊച്ച ഉണ്ടാക്കി. നെഞ്ചിനുള്ളിൽ അതുണ്ടാക്കിയ ചെറിയ ഭൂകമ്പങ്ങളുടെ തരിപ്പ് മാറും വരെ ഞാൻ ഒച്ചയറ്റിരുന്നു.

അത്രയും പൂവിടർപ്പുള്ള ചുണ്ടുകൾ ആദ്യമായാണ് അടുത്തുനിന്ന് കാണുന്നത്.

വരയ്ക്കുന്നവർക്കായി പ്രത്യേക രീതിയിൽ ശരീരത്തെ വളച്ചുവെച്ച് മണിക്കൂറുകളോളം ഒരു പ്രതിമ കണക്കെ നിൽക്കുകയോ ഇരിക്കുകയോ ചെയ്യുമ്പോഴാണ് അവൾ അങ്ങനെ ചുണ്ടുകൾ വിടർത്തിവെയ്ക്കുന്നത്. അത് തന്നെയാണ് അവളുടെ മുഖത്തേയ്ക്ക് കണ്ണ് പാളിയ നേരത്ത് ആദ്യം കണ്ടെത്തിയതും. നോക്കി നിൽക്കുന്തോറും അതിന്റെ ആഴം പിടിച്ചുവലിക്കുന്നു.

ലിലിയനെ കണ്ണിൽപ്പെടാതിരിക്കാൻ പാതിരാവരെ നഗരം ചുറ്റിയ ശേഷം വന്നിട്ടും രസംകൊല്ലികളായ മറ്റു പണികളിലേയ്ക്ക് പിറ്റേന്നത്തെ പകലിനെ അപ്പാടെ മുക്കിക്കളഞ്ഞിട്ടും, നാശം പിടിച്ച പ്രേമത്തിന്റെ ക്ഷണം പോലെ അവളുടെ ഓർമ അടിവയറ്റിൽ ഒട്ടിപ്പിടിച്ചു.

പച്ചക്കറികൾ കൊത്തിയരിഞ്ഞിട്ട് ഇളമ്പച്ച പയറും പാൽക്കട്ടിയും ചേർത്തുണ്ടാക്കിയ രാത്രിഭക്ഷണവുമായി അവളുടെ വീടിനുമുന്നിൽ എത്തിപ്പെടുന്നത് അങ്ങനെയാണ്.

കയ്യില്ലാത്ത നീലയുടുപ്പ് ദുർബലമായ രണ്ടു വള്ളികളുടെ മാത്രം ബലത്തിൽ അവളുടെ കഴുത്തിനെ ചുറ്റിപ്പടർന്നു കിടന്നു. എന്റെ വരവ് അവളിൽ ഒട്ടും അത്ഭുതമുണ്ടാക്കിയിരുന്നില്ല. മാത്രവുമല്ല, കടയിൽ വിളിച്ചുപറഞ്ഞ്​ വരുത്തിച്ച ഭക്ഷണപ്പൊതിയെന്ന മട്ടിൽ ആ പാത്രം വാങ്ങുകയും മേശപ്പുറത്തുവെച്ച് തുറന്നുനോക്കുകയും ചെയ്തു.

അവളുടെ നോട്ടത്തോട് പോരിടാനാവാതെ വിയർക്കുന്ന, നിരുപദ്രവകാരിയെന്ന തോന്നലുണ്ടാക്കും വിധം മെലിഞ്ഞുണങ്ങിയ, അയല്പക്കത്തെ വീടിന്റെ ഏകാന്തതയിൽ പെട്ടുപോയ ഒരു നാല്പത്തഞ്ചുകാരനോട് കാണിക്കുന്ന കാരുണ്യമാണോ അതെന്നും ഞാൻ സംശയിച്ചു.

എന്തിനാണ് നിങ്ങൾ എനിക്കുവേണ്ടി ഭക്ഷണം കൊണ്ടുവന്നതെന്നോ, പങ്കിട്ടുകഴിക്കാൻ മാത്രം നമ്മൾ തമ്മിലെന്താണെന്നോ, എന്താണ് നിങ്ങളുടെ ഗൂഢ പദ്ധതി എന്നോ മറ്റോ അവൾ ചോദിച്ചാൽ പൊട്ടിത്തീർന്നുപോകുന്ന ഒരു കുമിളലോകം ആയിരുന്നു അത്.

അവൾ പക്ഷെ ആ സന്ദർഭത്തിലേയ്ക്ക് പാകപ്പെട്ടുനിന്നു.

വളരെ വർഷങ്ങൾക്കുമുമ്പ് ഒരു ആൺസുഹൃത്ത് സമ്മാനിച്ച അനേകവർഷങ്ങൾ ഫ്രഞ്ചുചരിത്രത്തിൽ അമർന്നുകിടന്നു പഴകി മുറ്റിയ വീഞ്ഞ് ഞാൻ അവളുടെ മുന്നിൽ വെച്ചു. അവൾ കൊതി പൂണ്ടെന്ന മട്ടിൽ മുന്തിരിച്ചുണ്ടുകൾ കൂർപ്പിച്ച് ചൂളം കുത്തുന്ന പോലൊരു ശബ്ദമുണ്ടാക്കി.

തൊട്ടടുത്ത് വന്നിരുന്നപ്പോൾ എന്റെ ഹൃദയം കഠിനമായൊരു പരീക്ഷണം നേരിടുന്നതിന്റെ ആധിയിൽ വേഗത്തിൽ മിടിപ്പ് തുടങ്ങി. കൊടിൽ വെച്ച് കുപ്പിയുടെ വായിലെ കോർക്ക് വലിക്കുമ്പോൾ ഭീരുക്കളായ കൈകൾ വിറച്ച് വിറച്ച് എന്നെ ആവോളം നാണം കെടുത്തി.

ലിലിയൻ ചിരിയോടെ കുപ്പി കയ്യിലെടുത്ത്, നിമിഷനേരത്തിൽ ഒറ്റക്കാൽ ഗ്ലാസിനുള്ളിലേക്ക്​ പഴച്ചാർ പകർന്നു.

ബീറ്റ്‌റൂട്ട് തുടുപ്പുള്ള വീഞ്ഞിനെ മെല്ലെയൊന്ന് ചുഴറ്റിയെടുത്ത് ഇക്കിളിപ്പെടുത്തി. മൂക്കിനോട് ചേർത്തുപിടിച്ച് മണത്തെ ഉള്ളിലേയ്ക്ക് വലിച്ചെടുത്തു. മെല്ലെ ചുണ്ടിനിടയിലേയ്ക്ക് ഒരൽപ്പം ചേർത്തുവെച്ചിട്ട് കണ്ണടച്ചു പിടിച്ചു. അവളുടെ നാവിനെ കുറിച്ചായി പെട്ടെന്ന് എന്റെ ചിന്ത. അതുവരെ ദൃശ്യമാകാത്ത അതിന്റെ ഈർപ്പം കിനിയുന്ന മൃദുത്വത്തെ കുറിച്ചോർത്തപ്പോൾ ഉടലിലൂടെ ഒരു മിന്നൽ പാറി.

അവളുടെ രുചിമുകുളങ്ങളെ മത്ത് പിടിപ്പിക്കാൻ പോകുന്ന വീഞ്ഞിന്റെ കുപ്പിയിൽ മുറുകെ പിടിച്ചുകൊണ്ട് ഞാൻ തല കുമ്പിട്ടിരുന്നു.

"നിങ്ങൾക്കീ വീഞ്ഞ് സമ്മാനിച്ച ആ കാമുകനെക്കുറിച്ച് പറയൂ...’

അവൾ കുപ്പിയിൽ നിന്ന്​ എന്റെ വിരലുകളെ വേർപ്പെടുത്തിയിട്ട്, മറ്റൊരു ഗ്ലാസിലേയ്ക്ക് അൽപ്പം ഒഴിച്ച് മുന്നിലേയ്ക്ക് നീക്കിവെച്ചു.

ഡോറിയൻ സ്പാർക്കിന്റെ ഫ്ലാറ്റിലെ പല നിറങ്ങളിൽ കത്തിപ്പൊലിയുന്ന മെഴുകുതിരികളുടെ വെട്ടത്തിൽ മുട്ടുകുത്തിയിരിക്കുമ്പോൾ ഉള്ളിൽ അന്ന് കുടിച്ചുതീർത്ത കറുപ്പുബെറി വീഞ്ഞ് നുരഞ്ഞുപൊങ്ങിക്കൊണ്ടിരുന്നു. കൈകൾ പുറകിലേക്ക് കെട്ടിക്കൊണ്ട് വായിലേക്ക് ചുവപ്പുലഹരി ഒഴിച്ചുതന്നപ്പോൾ അയാളുടെ കണ്ണുകളിൽ പ്രേമം പോലെന്തോ തിളങ്ങി. കണ്ണുകൾ കെട്ടാനായി എടുത്ത പഞ്ഞിപ്പതുപ്പുള്ള റിബ്ബൺ ചുണ്ടുകളുടെ മീതെ ഉരച്ചുകൊണ്ട് ഡോറിയൻ നോക്കിയപ്പോൾ ഉടൽ വിറ കൊണ്ടു. ചെവിയിൽ തൊട്ടുരുമ്മി പറയുന്നത്രയും രഹസ്യച്ചൂടുള്ള ഒച്ചയിൽ ഫ്രഞ്ചുപാട്ടിന്റെ ഈണം മുറിയിൽ ഒഴുകിപ്പരന്നു.

ഒരു ആത്മീയ ഗ്രൂപ്പിന്റെ സേവകനായി ഫ്രാൻസിൽ നിന്നെത്തിയ അയാളെ പബ്ബിന്റെ സ്‌മോക്കിങ് സോണിൽ വെച്ചാണ് ആദ്യം കണ്ടത്. അതിസാമർഥ്യമുള്ള കളിക്കാരനെ പോലെ പുകച്ചുരുളുകളെ വായുവിൽ ചുഴറ്റിയും പറപ്പിച്ചും അയാളെന്നെ മറ്റൊരു ലോകത്തേയ്ക്ക് കൂട്ടിക്കൊണ്ടുപോവുകയാണുണ്ടായത്.

സംസാരത്തിനിടയിൽ, അതുവരെ അറിയാത്ത ആനന്ദത്തിന്റെ ചെറിയ തരികൾ പുറപ്പെടുവിച്ചുകൊണ്ട് അയാളുടെ വിരലുകൾ ഇടയ്ക്കിടെ കൈകൾക്ക് മീതെക്കൂടെ ചില അലസസഞ്ചാരങ്ങൾ നടത്തി. ഓരോ കൂടിക്കാഴ്ചയിലും ഇതുവരെ നിങ്ങൾ കണ്ടതിലും മികവുറ്റതെന്തോ തന്റെ കൈവശമുണ്ടെന്ന ബോധ്യമുള്ള ഒരുവന്റെ അധികാരമുള്ള നോട്ടം അയാൾ കൈമാറിയിരുന്നു. അയാളുടെ ഉടുപ്പൊഴിഞ്ഞ നെഞ്ചിലെ സ്വർണരോമങ്ങൾ, അവയിലെ നനഞ്ഞ തിളക്കം. കഴുത്തോളം ക്രമമില്ലാതെ വീണുകിടക്കുന്ന ചെമ്പൻമുടിയിഴകൾ. അവറ്റകളുടെ കുഴഞ്ഞാട്ടം. കായികാദ്ധ്വാനം കൊണ്ടുറഞ്ഞു പോയ പേശികൾ. അവയുടെ മുറുക്കം.

നാക്കുനീട്ടിയിരിക്കുന്ന നായയുടെ ചിത്രമുള്ള ചെറിയ ബൗളിൽ അൽപ്പം വീഞ്ഞു പകർന്ന ശേഷം ഡോറിയൻ എന്നോട് നാലുകാലിൽ ഇരുന്നത് കുടിക്കാൻ ആംഗ്യം കാണിച്ചു. നക്കിക്കുടിക്കുന്നതിലും ആനന്ദമുണ്ടെന്ന അറിവ് ഉള്ളിൽ തരിപ്പായി പൊട്ടിച്ചിതറി.

പറഞ്ഞാൽ വിശ്വസിക്കില്ല, വിധേയപ്പെട്ടവന്റെ റോളിൽ എന്തുമാത്രം സുരക്ഷിതനാണെന്നാണ് ആ നേരങ്ങളിൽ അതിശയപ്പെട്ടത്. ചിലപ്പോൾ മറ്റൊരു മനുഷ്യന്റെ, അത് ആണോ പെണ്ണോ അവരിൽ പെടാത്തവരോ ആയിക്കൊള്ളട്ടെ, സാന്നിദ്ധ്യം മാത്രം മതി, ഊർന്നുപോകുന്ന ജീവിതത്തെ കുത്തിപ്പിടിച്ചെഴുന്നേൽപ്പിക്കാൻ.

അയാൾ കണ്ണുകൾ കെട്ടിയപ്പോൾ അടുത്തത് എന്തെന്ന ആകാംക്ഷയിൽ ഹൃദയം പടപടാന്ന് മിടിച്ചു. ജീവിതത്തെയപ്പാടെ മാറ്റിമറിക്കാവുന്ന ഭാവിയുടെ ആ ഒരൊറ്റ നിമിഷത്തിന് വേണ്ടിയാണ് ഓരോരുത്തരും ഇന്നിനെ തള്ളിനീക്കുന്നതെന്ന് എനിക്കറിയാമായിരുന്നു.

അയാളുടെ ശ്വാസം കഴുത്തിനുപുറകിൽ ചിത്രശലഭത്തെ പോലെ പറന്നുവന്നിരുന്ന് ഇക്കിളിപ്പെടുത്തി.

"അയാളെ മാത്രമേ പ്രേമിച്ചിട്ടുള്ളൂ? സ്ത്രീകളെ ഇഷ്ടമല്ലേ?’, ലിലിയൻ തൊട്ടരികിൽ വന്നിരുന്നാണ് ചോദിച്ചത്.

അപ്പോൾ കിട്ടിയ ധൈര്യത്തിൽ ഞാനവളുടെ ദേഹത്തേയ്ക്ക് മെല്ലെ കൈകളെ അഴിച്ചുവിട്ടു.

പ്രേമം തൊട്ടുകൂട്ടാൻ പോലും കിട്ടാത്ത പുരുഷന്മാരാണ് ലോകത്ത് പാതിയിലധികവും. കാണാൻ പാടില്ലാത്തിടത്തെല്ലാം കണ്ണെറിഞ്ഞും കിട്ടുന്നിടത്തെല്ലാം തൊട്ടും പിടിച്ചും അവർ സ്വന്തം ശരീരത്തിന്റെ ഇല്ലായ്മകളെ മറികടക്കാൻ ശ്രമിക്കുന്നതാണ്.

അത് വയലൻസല്ലേ എന്നവൾ ചോദിക്കില്ല. മനുഷ്യന്റെ വയലൻസിനെ കുറിച്ച് അത്ഭുതപ്പെടാൻ മാത്രം ഒന്നുമില്ലല്ലോ.

അതൊന്നുമല്ല പറയാൻ വന്നത്. ഒരിക്കൽ മാത്രം അങ്ങനെയൊരു പ്രേമം വന്നു പെട്ടു എന്നേയുള്ളൂ എന്നും സ്ത്രീകളുടെ ഉള്ളറിയാതെ മരിച്ചുപോകേണ്ടി വരുമെന്നാകുലപ്പെട്ട് നരച്ചുപോയവനാണെന്നും പറയാൻ ഞാൻ യോജിച്ച വാക്കുകൾക്ക് വേണ്ടി പ്രാർത്ഥിച്ചു.

"നിങ്ങൾക്ക് എന്റെ അപ്പായുടെ അത്രയും പ്രായം കാണും. അല്ലേ?’

വെള്ളമുടികളെ ഒളിപ്പിക്കാൻ ശ്രമിക്കാതിരുന്നതിനെക്കുറിച്ച് അപ്പോൾ ആദ്യമായി എനിക്ക് നഷ്ടബോധം തോന്നി.

പെട്ടെന്ന് അവൾ എന്റെ മടിയിൽ തലവെച്ചു.
കിടന്നുകൊണ്ട്, അവൾ കാമിച്ച ഒന്നിലേറെ പേരെ കുറിച്ച് പറയുമെന്നാണ് ഞാൻ വിചാരിച്ചത്.

വീട്ടിൽ നിന്നിറക്കി വിട്ട ശേഷം അവളെ കാണാൻ പലപ്പോഴായി വന്ന അപ്പായെ കുറിച്ചാണ് പക്ഷേ അവൾ ഓർത്തുകൊണ്ടിരുന്നത്.

പ്പായെ വരയ്ക്കാനാണെങ്കിൽ ചുറ്റിവരുന്ന രണ്ട് കൈകൾ മാത്രം മതി, അവൾ പറഞ്ഞു.

ഉറക്കത്തിന്റെ ഇരുട്ടിൽ നിന്ന്​ മദം പൊട്ടിവന്ന് ദേഹത്തെ ഇക്കിളിപ്പെടുത്തുന്ന രണ്ട് തുമ്പിക്കൈകൾ. ഒറ്റയ്ക്കിരിക്കുമ്പോൾ മുറുകെ പിടിച്ചമർത്തുന്ന വള്ളികൾ. വളരെ കുഞ്ഞായിരിക്കുമ്പോൾ ആകാശത്തേയ്ക്ക് പൊക്കിയെറിഞ്ഞു പിടിച്ചിട്ട്, കാലുകൾക്കിടയിൽ ഉമ്മ വെയ്ക്കുന്ന ആളായാണ് അപ്പായെക്കുറിച്ചുള്ള ആദ്യത്തെ ഓർമ്മ. മൂന്നോ നാലോ വയസ്സിലെ കാര്യങ്ങൾ ഒരാൾ ഇങ്ങനെ ഓർമ്മിച്ചുവെക്കുമോ എന്ന് ഞാനും അത്ഭുതപ്പെട്ടിട്ടുണ്ട്.

കൈകളുടെ രഹസ്യം അറിഞ്ഞാൽ മമ്മി മരിച്ചുപോകുമെന്ന ഭയം എനിക്കെപ്പോഴുമുണ്ടായിരുന്നു. പന്ത്രണ്ടാം വയസ്സിൽ അവിടെ ചോര പൊട്ടി പഴുക്കുമ്പോളാണ് മമ്മി അതറിയുന്നത്.

ഞാൻ ഭയന്ന പോലെ മമ്മി മരിച്ചൊന്നുമില്ല. അയാളെ കളഞ്ഞിട്ട് അവർ മറ്റൊരു നഗരത്തിലേയ്ക്ക് പോയി. അയാൾ കൂർഗിലേയ്ക്ക് തിരിച്ചുപോയി ഒരു ബന്ധുക്കാരിയെ കല്യാണം കഴിച്ചു. അയാളുടെ ചെലവിലായിരുന്നു ഞാൻ പഠിച്ചത്. ഒരാളുമായും ബന്ധം വെയ്ക്കരുതെന്നായിരുന്നു നിബന്ധന. അയാൾ കൊന്നുകളയുമോ എന്ന് പേടിച്ച് എന്റെ ചുറ്റും കൂടിയവരെയെല്ലാം ഞാൻ കൊത്തിയകറ്റുമായിരുന്നു.

കാണുമ്പോഴെല്ലാം അയാൾ മടിയിൽ വെച്ചോമനിക്കും. ഒക്ടോപസ് കൈകൾക്കുള്ളിലിരിക്കുമ്പോൾ സ്നേഹമല്ലേ, എത്ര വേദനിപ്പിച്ചാലും, അപമാനിച്ചാലും, സ്നേഹം തന്നെയല്ലേ എന്നോർത്ത് ഞാനെല്ലാം സഹിക്കാറുണ്ട്.

മറ്റ് മനുഷ്യരുമായി പാലം പണിയാനാവാതെ ഈ ലോകത്ത് ജീവിച്ചുപോകുന്നവരുണ്ട്. അവരുടെ കാര്യമാണ് പറയുന്നത്.

കോളേജിൽ പഠിക്കുമ്പോൾ ഒരിക്കൽ കൂട്ടുകാരിയുടെ മകളെന്നും പറഞ്ഞു അയാൾ കൂർഗിലേയ്ക്ക് കൊണ്ടുപോയി.

അയാളുടെ പെങ്ങളുടെ മകൻ സുബ്ബയ്യ വരച്ചുവെച്ച പോലുള്ള മൂക്കുള്ള സുന്ദരനായിരുന്നു. ആദ്യമായാണ് ഒരാൾ അലിവോടെ എന്നെ നോക്കുകയും തൊട്ടുനോക്കുകയും ചെയ്തത്.

പ്രേമമില്ലാതെ ജീവിക്കുന്ന സ്ത്രീകളെ ശ്രദ്ധിച്ചിട്ടുണ്ടോ? ഇട്ടുനടക്കുന്ന ഉടുപ്പിന്റെ അത്ര പോലും വില അവർക്ക് സ്വന്തം ശരീരത്തെക്കുറിച്ചുണ്ടായിരിക്കില്ല. ഉടുപ്പിനെക്കുറിച്ചും ഒരു ചിന്തയും കാണില്ല. അവനവന്റെ കണ്ണിൽ നിന്നു പോലും ശരീരത്തെ ഒളിപ്പിച്ചുവെയ്ക്കും. സ്നേഹമുള്ള ഒരു നോട്ടമോ തൊടലോ കൊടുക്കില്ല. സ്വന്തം മണം പോലുമറിയാതെ പച്ചക്കറിക്കൂടയിൽ കിടന്നളിഞ്ഞുപോയേനെ ഞാനും.

സുബ്ബയ്യയാണ് എന്റെ കക്ഷത്തിന് കന്യാമഴ നനഞ്ഞ മണ്ണിന്റെ മദഗന്ധമാണെന്ന് പറഞ്ഞത്. എന്റെ അടിവയറ്റിൽ സ്ഫോടനമുണ്ടാക്കുന്ന വാചകങ്ങൾ പറയാൻ അവന് മിടുക്കുണ്ടായിരുന്നു.

ഞാൻ നോക്കുമ്പോളെല്ലാം അവന്റെ മുറിച്ചുമരിലെ അതിസുന്ദരി കാറ്റിൽ പൊങ്ങിയ വെള്ളയുടുപ്പിൽ കള്ളപ്പിടുത്തം പിടിച്ചുകൊണ്ട് കണ്ണിറുക്കിച്ചിരിച്ചു കാണിച്ചു.

"മർലിൻ മൺറോയെ പോലെ മുടി വെട്ടി നോക്ക്, നിനക്ക് ചേരും’, അവൻ ചെവിയിൽ മൂക്കുരുമ്മി.

വീട്ടിലെ പെണ്ണുങ്ങൾ പന്നിയിറച്ചി പുകയിലുട്ടുണക്കിയത് പൊടിച്ച് കാന്താരിമുളകും പുളിയുമിട്ട് പന്നിനെയ്യിൽ വേവിച്ചെടുക്കുന്ന തിരക്കിൽ പെട്ടപ്പോൾ അവൻ എന്നെ കാട് കാണാൻ കൂട്ടിക്കൊണ്ടുപോയി. വെള്ളച്ചാട്ടത്തിൽ നിന്ന് നനഞ്ഞ ഉടലിനെ പാറപ്പുറത്ത് ഉണക്കാനിട്ടപ്പോഴാണ് അവനെന്നെ തുറന്നുനോക്കിയത്. നുരഞ്ഞുപൊങ്ങുന്ന വെള്ളത്തിലേയ്ക്ക് അവനെന്നെ വീണ്ടും പറഞ്ഞയച്ചു. വെള്ളിനിറമുള്ള വെള്ളച്ചാട്ടത്തെ ഉടലിൽ അണിഞ്ഞുകൊണ്ട് ഞാൻ അവന് വേണ്ടി പല രീതിയിൽ പോസ് ചെയ്തു.

തിരികെ ചെല്ലുന്നതും കാത്ത് അപ്പാ പടിക്കൽ നിന്നിരുന്നു. കാട്ടുപന്നിയെ വീഴ്‌ത്തുന്ന അയാളുടെ തോക്കിന്റെ പാത്തി സുബ്ബയ്യയുടെ തല പൊളിച്ചു.

അപ്പായുടെ കണ്ണിൽ നിന്ന്​ മാറി ജീവിക്കാൻ ഞാൻ പല നഗരങ്ങളിൽ ചേക്കേറിക്കൊണ്ടിരുന്നു. എല്ലായിടത്തും അയാളുടെ കൈകൾ നീണ്ടുവരും. അങ്ങനെയാണ് ഞാനത് മനസ്സിലാക്കിയത്.

ഞാനെത്ര അഴിച്ചുകളഞ്ഞാലും ഉടലിൽ നിന്നും വേർപ്പെട്ടുപോവാത്ത അഴുകിയ ഉടുപ്പാണ് അയാൾ.

വളുടെ വീടിനുപുറത്തെ നഗരം നിശ്ചലമായിരുന്നു.

താഴെയുള്ള പൂന്തോട്ടത്തിൽ നിന്ന്​ രാപ്പൂക്കളുടെ മണം പൊങ്ങിവന്നു. ലിലിയന്റെ പൂവിൽ നിന്നുറവ പൊട്ടിയ മണം.

ആദ്യമായി പ്രേമത്തിന്റെ ചുഴിയിൽ പെട്ടവനെ പോലെ എനിക്ക് മതിഭ്രമമുണ്ടായി. എന്റെ ചുണ്ടുകൾ ശലഭങ്ങളായി രുചിയുള്ള ജീവിതത്തെ വീണ്ടെടുക്കാൻ തുടങ്ങുകയാണ്. പ്രകാശത്തിന്റെ ഒരു നദി പോലെ അവൾ അൻപോടെ എന്റെ ജീവിതത്തെ അനുഗ്രഹിക്കുകയാണ്.

ഇനി മുതൽ ജീവിതത്തിന്റെ എല്ലാ നിരാസങ്ങളെയും മാച്ചുകളയാൻ കെൽപ്പുള്ളതാണ് ഈ നിമിഷത്തിനെന്ന് എനിക്കുറപ്പായിരുന്നു.

ഹൃദയത്തിന്റെ കുതിച്ചുയരലുകൾക്ക് വിധേയപ്പെട്ട് അവൾ കിടന്നു. ഇടയ്ക്കിടെ ജലത്തിൽ നിന്ന്​ മാന്ത്രികച്ചാട്ടങ്ങൾ ചാടി ലോകത്തെ അമ്പരപ്പിക്കുന്ന ഡോൾഫിനായി.

നീരാളിപ്പിടുത്തത്തിലേയ്ക്ക് അവളെ വീണ്ടും വീണ്ടും അമർത്തുമ്പോൾ അവൾ മന്ത്രിച്ചു, "അപ്പാ...’

എന്റെ കൈകളുടെ പിടി അയഞ്ഞു.

അവൾ പക്ഷെ ഒരു നക്ഷത്രച്ചിരി കൊണ്ട് കഴുത്തിൽ പാടുണ്ടാക്കി. മിന്നൽവേഗത്തിൽ എന്നെ വീണ്ടും ആകാശത്തേക്കുയർത്തി.

സ്വയം മതിപ്പില്ലാത്ത ചിന്തകളാണ് മനുഷ്യനെ ആനന്ദങ്ങളിൽ നിന്നും പുറത്താക്കുന്നത്. ഒന്നും ആലോചിക്കാതെ, ഒരു നൃത്തത്തിൽ പെട്ടതുപോലെ ഇഴുകിനിൽക്കുകയാണ് ചെയ്യേണ്ടതെന്ന് ഞാൻ മനസ്സിനെ ധൃതിയിൽ പറഞ്ഞുപഠിപ്പിച്ചു.

അവളിലേക്ക് പൂർണമായും ഇറങ്ങിച്ചെല്ലേണ്ട നേരമാണ്. പ്രേമപ്പെടാത്തതിന്റെ ഒറ്റവിചാരങ്ങൾ ഇനി എന്നെ മരണം വരെയും തേടിവരികയുണ്ടാവില്ല.

ഉന്മാദത്തിന്റെ മൂർച്ഛയിൽ അവൾ നിലവിളിച്ചു, "അപ്പാ...അപ്പാ...’

പൊടുന്നനെ, കടൽ കെട്ടു.
തുരങ്കത്തിൽ നിന്ന്​ പുറത്തേയ്ക്കെറിയപ്പെട്ടവനെ പോലെ ഞാൻ ഞെട്ടിയുണർന്നു.

വായിൽ മണൽ കുടുങ്ങിയതുപോലെ. എനിക്ക് കുടിച്ചതും തിന്നതും കമട്ടിക്കളയാൻ തോന്നി.

അവളിൽ നിന്ന്​ വേർപ്പെട്ടപ്പോൾ ലോകത്തിലെ ഏകാന്തതയെല്ലാം പാഞ്ഞുവന്നെന്നെ പൊതിഞ്ഞു.

അവളുടെ വീടിനുപുറത്ത് രാത്രി വിറച്ചുനിന്നു.

അൽപ്പമെങ്കിലും കാറ്റിനെ ഉള്ളിലേക്കെടുക്കാൻ പറ്റിയെങ്കിൽ എന്നോർത്ത് ഞാൻ പുറത്തേയ്ക്കിറങ്ങി.

അപ്പോൾ ഇരുട്ടിന്റെ നീളൻതോക്ക് എന്റെ ചെവിക്കുപുറകിൽ തുളച്ചുകയറി. ​▮


ആഷ് അഷിത

കവി, കഥാകൃത്ത്​, വിവർത്തക. ടൈംസ് ഓഫ് ഇന്ത്യയിൽ ഡെപ്യൂട്ടി ന്യൂസ്‌ എഡിറ്റർ. മഷ്‌റൂം ക്യാറ്റ്സ് (നോവൽ), ജെന്നിഫറും പൂച്ചക്കണ്ണുകളും (കഥ) എന്നീ പുസ്​തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments